Sunday, 10 February 2013

ബസന്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ വിനിമയ ഉപാധിയായി ജനമധ്യത്തില്‍!!!`!!



   ഏകദേശം ഒന്നര പതിറ്റാണ്ടിന് അപ്പുറം സൂര്യനെല്ലി പെണ്‍വാണിഭകേസ്സ് സജീവമായ കാലഘട്ടമാണിത്.. കഴിഞ്ഞ ഈ ഒന്നര പതിറ്റാണ്ടില്‍ കൂടുതല്‍ വരുന്ന കാലത്ത് ആ പെണ്‍കുട്ടിയെ ഓര്‍ക്കുകയോ, അവള്‍ക്കു വണ്ടി സംസാരിക്കുകയോ, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ അവളെ കൊണ്ടുവന്നു നിര്‍ത്തി ജീവിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്ത എത്ര രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്‍ന്മാരുമുണ്ട്? ഇന്ന്, ഈ മുറവിളികള്‍ ആ പെണ്‍കുട്ടിക്കുവേണ്ടി ഉയരുന്നതും ഈ കൂവി വിളിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളോ നേതാക്കന്‍മാരോ സ്വയം ആ പെണ്‍കുട്ടിയെ സഹായിക്കണം എന്നോ അവള്‍ക്ക് നീതി നേടി ക്കൊടുക്കണമെന്നോ ഉള്ള നിലപാടെടുത്തു മുന്‍പോട്ടു വന്നതാണോ?? ഒന്നുമല്ല! സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് റദ്ദുചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നപശ്ചാത്തലത്തില്‍ സാധ്യതയുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ ആരായലുകാളാണ് ഈ കേള്‍ക്കുന്ന ശബ്ദകോലാഹലങ്ങളില്‍ അധികവും!! അങ്ങനെ ഒരു സുപ്രീം കോടതി നിലപാട് ഈ നൂറ്റാണ്ടില്‍ തന്നെ പുറത്തു വരുന്നതിന് ഡല്‍ഹിയില്‍ ഒരുപെണ്‍കുട്ടിയുടെ രക്ത്തം മാനത്തില്‍ കലര്‍ന്ന് തെരുവില്‍ ഒഴുകേണ്ടി വന്നു!! അതും ഇവിടെ കണ്ടില്ലെന്ന് നടിക്കപ്പെട്ടെനേം; പക്ഷെ രാഷ്ട്രീയ കുറുക്കന്‍മാരുടെ പിന്തുണ ഇല്ലാതെ സംഘടിച്ച ഒരുകൂട്ടം ജനങ്ങള്‍ ആ വികാരത്തിന്‍റെ തീഷ്ണത രാജ്യമാകെ പടര്‍ത്തുന്നതില്‍ വിജയിച്ചതിന്റെ പരിണിത ഫലം കൂടിയായി അത്..

   സൂര്യനെല്ലി കേസ്സില്‍ ഹൈകോടതി വിധി റദ്ദു ചെയ്തുള്ള സുപ്രീം കോടതി വിധിയും ഒരു ദിവസ്സത്തെ മാധ്യമ ചര്‍ച്ചക്ക് അപ്പുറം പ്രാധാന്യം നേടുമായിരുന്നു എന്നുതോന്നുന്നില്ല; പി. ജെ കുര്യന്‍ എന്നാ രാഷ്ട്രീയ വ്യക്തിത്വം അതില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍!!`!! പി. ജെ കുര്യനുമായി ചേര്‍ന്ന് വരുമ്പോള്‍ ലഭിക്കുന്ന പലവിധമായ രാഷ്ര്ടീയ മുതലെടുപ്പുകളും സമവായ രൂപീകരണങ്ങളുമാണ് ഇവിടെ പലരുടെയും ലക്ഷ്യം എന്ന് വ്യക്തം.. സ്വന്തം മകളുടെയോ, സഹോദരിയുടെയോ ഭാഗത്ത് നിര്‍ത്തി സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു രാഷ്ട്രീയേതര സമൂഹം മാത്രമാണ് ആ പെണ്‍കുട്ടിക്കുണ്ടായ ദുരന്തജീവിതത്തെ ഓര്‍ത്ത്‌ ആത്മാര്‍ഥമായി വേദനിക്കുന്നത്.. മറിച്ച് ക്യാമറക്ക് മുന്‍പില്‍ തങ്ങളുടെ സ്വോഭാവിക അഭിനയപാടവം തെളിയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിഭകള്‍ക്കല്ല..

   സൂര്യനെല്ലി സംഭവത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍; ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ മുപ്പത്തിഅഞ്ചോളം ആള്‍ക്കാര്‍ ചേര്‍ന്ന് ലൈഗീകമായി ചൂഷണം ചെയ്യുന്നു.. തന്നെ ലൈഗീകമായി ഉപയോഗിച്ച ഖദര്‍ ധാരിയായ വ്യക്തിയെ പിന്നീട് പത്രത്തില്‍ കണ്ടപെണ്‍കുട്ടി അത് പി. ജെ കുര്യന്‍ ആണെന്ന് തിരിച്ചറിഞ്ഞ് വെളിപ്പെടുത്തുന്നു.. സിബി മാത്യുസ്സിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പി. ജെ കുര്യനെ കേസ്സില്‍ ഉള്‍പ്പെടുത്തുന്നതിനൊ, തിരിച്ചറിയല്‍ പരേടിന് വിധേയനാക്കുന്നതിനോ തയ്യാറായില്ല!! തുടര്‍ന്നു പെണ്‍കുട്ടി നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ കുര്യനെതിരെയുള്ള തുടര്‍ നടപടികള്‍ മേല്‍ക്കൊടതികള്‍ തടഞ്ഞു.. ബാക്കി മുപ്പത്തി അഞ്ചോളം പ്രതികളെ വിചാരണ കോടതി ശിക്ഷിക്കുകയും അപ്പീലില്‍ ഹൈക്കോടതി അവരെ വെറുതെവിടുകയും ചെയ്തു.. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള തീരുമാനം റദ്ദാക്കുകയും, പ്രതികളോട് ജാമ്യത്തിനായി ഹൈക്കോടതിയെതന്നെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.. കേസ്സിലെ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു..

   ഇന്നു വി. എസ്. അച്ചുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുര്യന്‍റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.. മഹിളാ സംഘടനകളും, യുവജന സംഘടനകളും രോഷത്താല്‍ പൊട്ടിത്തെറിക്കുന്നു.. ഇവര്‍ക്കൊക്കെ ഇപ്പോള്‍ ഈ രോഷം എവിടുന്നു ജനിച്ചു എന്നതാണ് ചോദ്യം??  കുര്യന് അനുകൂലമായും പ്രതികൂലമായും നിലകൊള്ളുന്ന തെളിവുകള്‍ പോലെതന്നെ ദുരൂഹമാണ് ഈ സംഘടനകളുടെയും നിലപാട്.. സുപ്രീം കോടതിയുടെ വിധിവരട്ടെ എന്നുകരുതി കഴിഞ്ഞ ഒന്നര ദശകം തങ്ങളുടെ വികാരത്തെ ഇവര്‍ അടക്കി നിര്‍ത്തിയിരിക്കുകയായിരുന്നോ?? ഇത്ര അധികം രോഷം പ്രകടിപ്പിക്കുന്ന ഇടതു പക്ഷത്തിന് തങ്ങള്‍ ഭരിച്ച അഞ്ചു വര്‍ഷക്കാലം കുര്യനെതിരെ തുടര്‍ അന്യെഷണത്തിനു എന്ത് തടസ്സമുണ്ടായിരുന്നതായാണ് ചൂണ്ടിക്കാട്ടാനുള്ളത്?? രാഷ്ട്രീയമായ മുതലെടുപ്പിന് പ്രസ്തുത വിഷയം ഉപയോഗിക്കത്തക്ക അനുകൂലമായ സാഹചര്യം ലഭിച്ചില്ല എന്നതല്ലേ ഒറ്റ വാക്കിലുള്ള വിശദീകരണം!!

   കുര്യന് എതിരെയുള്ള സ്വകാര്യ ഹര്ജ്ജിയിലെ നടപടികള്‍ ഒരു പ്രത്യേക കേസ്സായി പരിഗണിച്ചാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്‌...`.. സൂര്യനെല്ലി കേസ്സിലെ മറ്റു പ്രതികളോടോപ്പം പരിഗണിക്കുക ആയിരുന്നില്ല എന്ന് സാരം.. ഇപ്പോള്‍ ഹൈക്കോടതി സൂര്യനെല്ലി പ്രതികളെ വെറുതെ വിട്ട തീരുമാനം റദ്ദാക്കിയ സുപ്രീം കോടതിവിധി അങ്ങീകരിക്കുന്നതുപോലെ തന്നെ കുര്യനെ കുറ്റ വിമുക്തനാക്കിയ നടപടിയും അങ്ങീകരിക്കുന്നതിനുള്ള നിയമപരമായ ബാദ്ധ്യത പൊതു സമൂഹത്തിനുണ്ട്..

   സൂര്യനെല്ലി സ്ത്രീ പീഡന കേസ്സില്‍ കുറ്റവാളിയായ ഒരാള്‍ പോലും രക്ഷപ്പെടരുതെന്നത് കേരളം ഒന്നാകെ ആവശ്യപ്പെടുന്ന ഒന്നാണ്.. അതോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് നിരപരാധിയായവര്‍ ശിക്ഷിക്കപ്പെടരുതെന്നതും, ഇവിടുത്തെ സാമൂഹിക നിയമ വ്യവസ്ഥകള്‍ ദുര്‍ബലമാകരുത് എന്നതും.. നിരപരാധിയായ ഒരാള്‍ ക്രൂശിക്കപ്പെട്ടാല്‍ അത് സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരതക്ക് തുല്യം തന്നെയാണ് എന്ന് വിസ്മരിക്കുന്നതും നന്നല്ല...

   ഒരു രാഷ്ട്രീയ നേതാവിന് എതിരെ ഉണ്ടാകുന്ന സാധ്യമായ മുതലെടുപ്പുകള്‍ എല്ലാം നടത്തുക എന്നതും, മുറവിളികളില്‍ക്കൂടി പുനരന്യേഷണമോ, തുടര്‍ അന്യെഷണമോ പുന: പരിശോധനായോ അങ്ങനെ ഏതു സര്‍ക്കാര്‍ തീരുമാനമോ നേടി എടുക്കുന്നതും ജനാധിപത്യ സംവിധാനത്തിലെ സ്വോഭാവികതകള്‍ എന്ന് കരുതി അവഗണിക്കാം.. പക്ഷെ കഴിഞ്ഞ ദിവസ്സം ജസ്റ്റിസ്‌ ബസന്ത് നടത്തിയതെന്നപേരില്‍ പുറത്തുവിട്ട സംഭാഷണ ശകലങ്ങളും, അതിനെ തുടര്‍ന്ന് കേരളത്തില്‍ അരങ്ങേറിയ കോലാഹലങ്ങളും പ്രബുദ്ധ കേരളത്തെ പിറകോട്ട് നയിച്ചു എന്ന് പറയേണ്ടി വരും..  ജസ്റ്റിസ്‌ ബസന്ത് ഈ കേസ്സില്‍ തന്‍റെ എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിച്ചതെന്നും, അദ്ദേഹം എന്താണ് പിന്നീട് പറഞ്ഞതെന്നും, ആ വാക്കുകള്‍ എപ്രകാരം പുറത്തുവന്നു എന്നും, ആ വാക്കുകളുടെ പ്രാധാന്യമെന്തെന്നും, രാഷ്ട്രീയ- സാമൂഹിക കേരളം അതിനെ എങ്ങനെ വിക്രിതമാക്കിയെന്നും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്..

   സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു കൊണ്ടുള്ള പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചിലെ ഒരു ജഡ്ജി ആയിരുന്നു ജസ്റ്റിസ്‌ ബസന്ത്.. തികച്ചും സ്വതന്ത്രമായ മനസ്സോടെ വേണം ഒരു ന്യായാധിപന്‍ ഒരു കേസ്സിനെ സമീപിക്കുവാന്‍..`.. ഒരു സ്ത്രീ പീഡനക്കേസ്സില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം കുറ്റവാളികള്‍ തന്നെയാണ് എന്നാ സാമൂഹിക-രാഷ്ട്രീയ- മാധ്യമ നിലപാട് കോടതികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.. കോടതിയുടെ മുന്‍പില്‍ എത്തുന്ന തെളിവുകള്‍ പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അലയോളികളില്‍ സ്വാധീനിക്കപ്പെടാതെ വിധി എഴുതുക എന്നതാണ് ഒരു ന്യായാധിപന്റെ കര്‍ത്തവ്യം.. അവിടെ തന്‍റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ധീരമായ നിലപാടെടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു എന്ന് വേണം വിലയിരുത്തേണ്ടത്.. കാരണം സാമൂഹത്തില്‍ വിവാദം നിലനില്‍ക്കുന്ന ഒരു കേസ്സില്‍ ശിക്ഷിക്കുകയാണെങ്കില്‍ മാത്രമേ ജഡ്ജി കൈയ്യടി വാങ്ങുകയുള്ളു.. പ്രതിയെ വെറുതെവിട്ടാല്‍ അതുണ്ടാകുന്നില്ല.. വെറുതെവിടുന്ന തീരുമാനം കേള്‍ക്കാന്‍ സമൂഹം ഇഷ്ട്ടപ്പെടുന്നില്ല.. കാരണം മാധ്യമ വിചാരണയില്‍ക്കൂടി പ്രസ്തുത പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിച്ച് പലവിധ ശിക്ഷകളും വിധിച്ച് കഴിഞ്ഞതിന് ശേഷമാണ് കോടതി വിചാരണ എന്നതിനാലാണത്.. ഒരു ജഡ്ജി വിവാദപരമായ കേസ്സിലെയോ, പ്രമുഖര്‍ ഉള്‍പ്പെട്ട കേസ്സിലെയോ പ്രതിക്ക് അനുകൂലമായ തീരുമാനമെടുത്താല്‍ ഏതെങ്കിലും ഒരു കൊണി ല്‍നിന്നെങ്കിലും അഴുമതി ആരോപണവും ജഡ്ജിക്ക് എതിരെ ഉണ്ടാകും.. ഇത്തരം സാമൂഹിക അന്തരീക്ഷം ന്യായയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കോടതികളുടെ ശക്തിയെ നശിപ്പിക്കും.. രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നാ നിലയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുന്ന വിലകുറഞ്ഞ സ്ഥാപനമായി കോടതികള്‍ അധപ്പതിക്കും!!

   സൂര്യനെല്ലി കേസ്സിലെ പെണ്‍കുട്ടി അനുമതി നല്‍കിയതിനാലാണ് പ്രതികള്‍ അവളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതിനാല്‍ ബലാല്‍സംഗം എന്ന പ്രോസിക്യുഷന്‍ ആരോപണം നിലനില്‍ക്കുകയില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍..`.. ഒരു സ്ത്രീയുടെ സമ്മതത്തോടെ പുരുഷന്‍ ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അവിടെ ബലാല്‍സംഗം എന്നാ ആരോപണം നില്‍ക്കില്ല.. പക്ഷെ ആ പെണ്‍കുട്ടി പതിനാറ് വയസ്സില്‍ താഴെയാണെങ്കില്‍ അവളുടെ സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയാലും പുരുഷന്‍ റേപ് കേസ്സില്‍ ശിക്ഷിക്കപ്പെടും.. ഇവിടെ ഹൈക്കോടതി എടുത്ത തീരുമാനം തെറ്റാണെന്ന് തന്നെ കരുതുക.. പെണ്‍കുട്ടി ശാരീരിക ബന്ധത്തിന് 35 പേര്‍ക്ക് അനുമതി നല്‍കിയതായാണ് കാണുന്നതെന്ന് ഹൈക്കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നതല്ലേ?? ഒരു പെണ്‍കുട്ടി 35 ആള്‍ക്കാര്‍ക്ക് തന്നോട് ശാരീരിക ബന്ധം പുലര്‍ത്താന്‍ അനുമതി നല്‍കിയെന്നകണ്ടെത്തല്‍ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി എന്ന് കണ്ടെത്തുന്നതിന് തുല്യമല്ലേ?? അങ്ങനെ എങ്കില്‍ എന്തുകൊണ്ട് ഇന്ന് കാണുച്ചു കൂട്ടുന്ന കോലാഹലങ്ങള്‍ ആ വിധി പുറത്തു വന്നപ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ഉണ്ടായില്ല??

   ജസ്റ്റിസ്‌ ബസന്ത് തന്‍റെ വിധിന്യായത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒരു സ്വൊകാര്യ സംഭാഷണത്തില്‍ എടുത്തുപറഞ്ഞത്‌ ഒളിക്യാമറ വെച്ച് പകര്‍ത്തി ടെലിക്കാസ്റ്റ് ചെയ്യേണ്ടിവന്നോ പ്രബുദ്ധകേരളത്തിന് മുന്‍പ് ആ വിധിയില്‍ എന്തായിരുന്നു കണ്ടെത്തിയിരുന്നത് എന്ന് മനസ്സിലാക്കാന്‍?? അതൊന്നുമല്ല കാര്യം.. സ്ത്രീ പീഡന കഥകളുമായി ബന്ധപ്പെട്ട ഏതൊരു വിവാദവും സമൂഹത്തെ വല്ലാതെ ഇക്കിളിപ്പെടുത്തുന്നു.. ആ വികാരത്തെ രാഷ്ട്രീയ- സാംസ്ക്കാരിക നേതാക്കള്‍ മുതലെടുക്കുകയും ചെയ്യുന്നു.. അതാണിവിടെ കണ്ടു വരുന്നത്.. ഒരു സ്വൊകാര്യ സംഭാഷണം പോലും ഒളിക്യാമാരയില്‍ പകര്‍ത്തി ടെലിക്കാസ്റ്റ്ചെയ്ത് വിവാദം സൃഷ്ട്ടിച്ചു റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന മാധ്യമ സംസ്ക്കാരം അവക്ജയോടെ തള്ളിക്കളയാന്‍ കെല്‍പ്പുള്ള ഒരു സാംസ്ക്കാരിക നായകന്‍ പോലുമില്ലാത്ത ശൂന്യതയും കേരളം കണ്ടു..

   വിവാദത്തിന്‍റെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്നതിന് ജസ്റ്റിസ്‌ ബസന്തിന് എതിരെ അപകീര്‍ത്തിപ്പെടുത്തലിനു കേസ്സ് കൊടുക്കുമെന്നുവരെ ചില മഹിളാസംഘടനകള്‍ പറഞ്ഞുകേട്ടു.. ഒരു സ്വൊകാര്യ സംഭാഷണം എങ്ങനെ അപകീര്‍ത്തിപരമാകും?? ഒരു പരസ്യ പ്രസ്ഥാവനയോ, പബ്ലിക്കിന് നേരെ ഒരു വ്യക്തിയെപ്പറ്റി അപകീര്‍ത്തി പരമായി പറയുന്നതോ, പ്രവര്‍ത്തിക്കുന്നതോ  മാത്രമേ 'Defamation' എന്ന നിലയില്‍ പരിഗണിക്കപ്പെടുകയുള്ളു എന്ന സാമാന്യബോധം പോലും അവര്‍ക്കില്ലെ??

   പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും എത്ര പ്രാവശ്യം ഈ സമൂഹ മധ്യത്തില്‍ അപമാനിച്ചു?? ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവളെ എത്ര മുതലെടുത്തു?? ഇവിടെ ആരും മുതലെടുപ്പിനപ്പുറമുള്ള ഒരു താല്‍പ്പര്യവും ആ പെണ്‍കുട്ടിയോട് കാട്ടുന്നില്ല എന്നതാണ് സത്യം!!

   സ്ത്രീ ഒരു ലൈഗീക ചൂഷക വസ്തുവാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഇവിടുത്തെ സമൂഹം തന്നെയാണ്.. സ്ത്രീയുടെ മാനം കാക്കാനെന്നപേരില്‍ അമിത പ്രാധാന്യത്തോടെ പീഡന വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നത് കൂടുതല്‍ സ്ത്രീകള്‍ അപമാനിതരാകാന്‍ കാരണമാവുകയെ ഉള്ളു.. സമൂഹത്തില്‍ ഒരുവനെ അപമാനിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്ത്രീ പീഡനം ആരോപിക്കുകയാണെന്ന് വന്നിരിക്കുന്നു.. വീണുകിട്ടുന്ന എല്ലാ സ്ത്രീ വിഷയങ്ങളും പരമാവധി മുതലെടുപ്പിന് ഉപയോഗിക്കാതെ വസ്തുതകള്‍ വേര്‍തിരിച്ച് സമൂഹമധ്യത്തില്‍ വിവരിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കള്‍ കാട്ടണം...

 

[Rajesh Puliyanethu
 Advocate, Haripad]  


No comments: