Sunday, 28 April 2013

ഇന്ത്യൻ പൊളിറ്റിക്സ്സിലെ നരേന്ദ്രമോഡി ഇഫക്റ്റ്!!



   ഭാരതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഏതു നേതാവിനെക്കുറിച്ചാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം; നരേന്ദ്ര മോഡി എന്ന്!! ആദ്യ കാലങ്ങളിൽ ഗുജറാത്ത് കലാപവും അതിനോട് ചേർന്ന് നടന്ന മനുഷ്യക്കുരുതികളുമാണ് മോഡി എന്നാ പേരിനോട് ചേർന്ന് നിന്നിരുന്നതെങ്കിൽ ഇന്ന് 'മോഡി മോഡൽ' വികസ്സനം അല്ലെങ്കിൽ സമാന അർഥം സ്പുരിക്കുന്ന 'ഗുജറാത്ത് മോഡൽ' വികസ്സനം എന്നതാണ് നരേന്ദ്ര മോഡി എന്ന പേരിനൊപ്പം ചേർന്നിരിക്കുന്നത്.. അല്ലെങ്കിൽ അടുത്ത പർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം റെഡ് ഫോർട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ ഭാരത പതാക ഉയർത്തുന്നകരങ്ങൾ അദ്ദേഹത്തിന്റേത് ആകുമോ എന്നാ ആകാംഷയും, പ്രതീക്ഷയും!! അങ്ങനെ വർഗ്ഗീയ കലാപങ്ങൾക്ക് ചുക്കാൻ പിടിച്ചവൻ എന്ന പേരുദോഷത്തിൽ നിന്നും മോഡി ഏറെക്കുറെ മോചിതനായിരിക്കുന്നു എന്നുതന്നെവേണം കരുതാൻ!! കുറെ പ്രതീക്ഷാ നിർഭരമായ ചിന്തകളുമായി ചേർന്നു നിന്നാണ് മോഡിയുടെ പേര് കേൾക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു..

   മോഡിയുടെ അത്തരത്തിലുള്ള ഒരു ഇമേജുമാറ്റമാണ് മറ്റുരാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അസ്വസ്ഥരാക്കുന്നത്.. വർഗ്ഗീയവാദി എന്നാ  തടങ്കലിൽ മോഡിയെ ഇനി എത്രനാൾക്കൂടി പാർപ്പിക്കാൻ കഴിയും എന്നാ കാര്യത്തിൽ അവർ സംശയാലുക്കളാണ്.. മറ്റൊരു കാര്യമായ ആരോപണവും മോഡിക്കെതിരെ ഉയർത്തിക്കാട്ടുവാൻ അവർക്ക് ലഭിക്കുന്നുമില്ല.. അഴിമതി ആരോപണം ഉൾപ്പടെ ഒന്നും.. അതിനാൽ മോഡി എന്ന് കേൾക്കുമ്പോളൊക്കെ വർഗ്ഗീയ വാദി എന്നാ മൂർച്ചയറ്റ ആയുധം തന്നെ എടുത്തു വീശിക്കോണ്ടി രിക്കുകയാണ് കോണ്‍ഗ്രസ്സും, ഇടത്തു പക്ഷവും ഉൾപ്പെട്ട രാഷ്ര്ടീയ പാർട്ടികളെല്ലാം തന്നെ.. അതുതന്നെയാണ് മോഡി കേരളസന്ദർശനം നടത്തുന്നുവെന്ന് കേട്ടറിഞ്ഞപ്പോൾ തന്നെ ഇടതു- വലത് ഭേതമെന്യെ നയങ്കരണ പ്പൊടി ദേഹത്ത് വീണവന്റെ ചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്..

   മോഡിയുടെ വർഗ്ഗീയമുഖത്തെ അപഗ്രഥിച്ചു മനസ്സിലാക്കി; രാഷ്ട്രീയ പരമായി നേരിടുന്നതിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ പരാജയമാണ്.. മോഡി വർഗ്ഗീയ വാദിയെങ്കിൽ അതിനെ രാഷ്രീയമായി നേരിടാനും, ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെങ്കിൽ നിയമപരമായി നേരിടാനും അതുവഴി ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയണം.. പക്ഷെ ഇതിനു രണ്ടിനും കഴിയാതെ മോഡി വിരുദ്ധത കവല പ്രസംഗങ്ങളിൽ മാത്രം സാധ്യമായ ഒന്നായി മറ്റു രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് തോന്നുന്നു!!

   മോഡി ജനസ്രദ്ദആകർഷിച്ചത് വർഗ്ഗീയവാദി എന്നാ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെങ്കിലും; ജനപിന്തുണയും, ജനങ്ങളുടെ പ്രതീക്ഷയും ആർജ്ജിച്ചത് നാട്ടിൽ വികസ്സനം സാദ്ധ്യമാക്കാൻ പര്യാപ്തനായ നേതാവ് എന്നാ നിലയിലാണ്.. ആ നൈപുണ്യം തിരിച്ചറിഞ്ഞ് ഇടതു പക്ഷത്തുനിന്നും, വലതു പക്ഷത്തുനിന്നും പലനേതാക്കളും മോഡിയെ പല വേദികളിലും പ്രകീർത്തിക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടു.. ഉന്നത നേതൃത്വങ്ങളുടെ ഇടപെടലുകളെ തുടർന്നു തിരുത്തിയോ വളച്ചോടിച്ചോ പിന്നീടവർത്തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും!! പക്ഷെ ലോകം മുഴുവൻ പ്രകീർത്തിക്കുന്ന ഗുജറാത്തിന്റെ വികസ്സനമാർഗ്ഗങ്ങളിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല എന്ന് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മഞ്ചാണ്ടി അസ്സന്നിദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞു.. തന്നെകൊണ്ട് നടക്കുന്നതെ പഠിക്കാനും പ്രാവർത്തികമാക്കാനും കഴിയൂ; എന്നെ നമ്മുടെ മുഖ്യൻ പറയൂ... പത്താം തരത്തിൽ തോറ്റവനോട് അയലത്തെക്കുട്ടി മെഡിസ്സിനു പോയി എന്ന് പറഞ്ഞ് ശകാരിച്ചിട്ട് കാര്യമുണ്ടോ??

   രാഷ്ട്രീയപരമായ സംസ്ക്കാരവും, ഭരണ ഘടനയുടെ മഹത്വവും എല്ലാം മറന്നാണ് മോഡി വിരോധം ഇവിടെ രാഷ്ട്രീയ പാർട്ടികൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.. മോഡിയോട് സംസ്സാരിച്ചതിന് ഒരു മന്ത്രിയോട് വിശദീകരണം തേടുന്ന പരിതാപകരമായ പ്രകടന രാഷ്ട്രീയത്തിലേക്ക് വരെ കാര്യങ്ങൾ വന്നെത്തി..  ഒരു കാര്യം ഉറപ്പാണ്; പാകിസ്ഥാനിൽ നിന്നുള്ള മന്ത്രിയായിരുന്നെങ്കിൽ പോലും മോഡിയോടുള്ള അത്രയും അയിത്തം ഇവിടുത്തെ കോണ്‍ഗ്രസ്‌----------------------~ കമ്യുണിസ്റ്റ് നേതാക്കൾക്ക് ഉണ്ടാകുമായിരുന്നില്ല.. മോഡി ഭാരതത്തിലെ ഒരു സംസ്ഥാനത്തെ മുഖ്യ മന്ത്രിയാണ്.. തികച്ചും ജനാധിപത്യ പ്രക്രിയയിൽ കൂടിയാണ് മോഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.. അങ്ങനെ വരുമ്പോൾ ഇവിടുത്തെ രാഷ്രീയ പ്രവർത്തകർ ഗുജറാത്തിലെ ജനതയെക്കൂടിയാണ് അപമാനിച്ചിരിക്കുന്നത്.. നാളെ ഒരു പക്ഷെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിൽ മോഡി അവരോധിതനായാൽ കേരളത്തിലെ ഒരു മന്ത്രിയും അദ്ദേഹവുമായി കൂടികാഴ്ച നടത്തുകയോ ആശയവിനിമയം നടത്തുകയോ ചെയ്യില്ലേ..

   ന്യൂനപക്ഷ പ്രീണനം എന്ന വിലകുറഞ്ഞതും അപകടകരവുമായ ആയുധമാണ് ഇടത്- വലത്പാർട്ടികൾ മോഡി വിഷയത്തിൽ ഉപയോഗിച്ചത്.. മോഡിയെ വിമർശിച്ചു വോട്ടു ബാങ്കുകൾ ഉറപ്പിച്ചു നിർത്താൻ അവർ മൽസ്സരിക്കുന്നു.. ഇടത് പക്ഷം മോഡി ശിവഗിരിയിൽ എത്തുന്നതിനെ വിമർശിച്ചാണ് അങ്ങനെ ഒരു അവസ്സരത്തെ മുതലെടുത്തത്.. മതാതിഷ്ട്ടിത ആത്മീയത എന്നാ പുതിയ പ്രബന്ധവും പിണറായി വിജയൻ അവതരിപ്പിച്ചു കണ്ടു.. ഇതിൽ മതവുമായും ആത്മീയതയുമായും കമ്യുണിസ്റ്റ്കാരന്റെ പ്രത്യയശാസ്ത്രത്തിനുള്ള ബന്ധം മാത്രം വിശദീകരിച്ചു കണ്ടില്ല!!

   മറ്റേതൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ചിരുന്നെങ്കിലും മോഡി എത്തിയ അത്രയും വാർത്താ പ്രാധാന്യം നേടുമായിരുന്നില്ല.. ശിവഗിരിയിലെ സന്യാസി സമൂഹത്തിന്റെ പരിപൂർണ്ണമായ സ്വാതന്ത്ര്യമായിരുന്നു അവിടുത്തെ കാര്യപരിപാടികളിൽ ആരെയൊക്കെ പങ്കെടുപ്പിക്കനമെന്നുള്ളത്.. താലിബാൻ നേതാവ് മുല്ല ഉമർ പങ്കെടുത്തതു പോലെയാണ് ഇവിടെ പലരും പ്രചരിപ്പിക്കാൻ നോക്കിയത്.. പക്ഷെ മോഡിയുടെ സന്ദർശനം മാർസിസ്റ്റ് പാർട്ടിയെ വേറിപിടിപ്പിച്ചതിൽ നിന്നുണ്ടായ ജൽപ്പനങ്ങൾ മാത്രമാണ് അവർ പ്രകടിപ്പിച്ചതെന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞു.. BJP എന്നാ രാഷ്ട്രീയ കക്ഷിക്ക് ലഭിക്കുന്നതിലും ഉയർന്ന സ്വീകാര്യതയാണ് മോഡി എന്ന വ്യക്തിത്വത്തിന് ലഭിച്ചത്... നാടിനുഗുണമുണ്ടാക്കുന്ന മോഡിയെയും, നാടു മുടിക്കുന്ന ഇവിടുത്തെ നേതാക്കളെയും തുലനം ചെയ്ത പൊതുജനം ആദരവോടെ മോഡിയെ കണ്ടപ്പോൾ സ്വോഭാവികമായും ഉയർന്ന ആസൂയ എന്നവികാരവും ഇവിടുത്തെ നേതാക്കളെ നിയന്ത്രിക്കുന്നുണ്ടെന്നുവേണം കരുതാൻ..

   അഴുക്കുകളെ കാലം കഴുകിവെളുപ്പിച്ച് ശുദ്ദനാക്കി പിന്നീട് പുണ്യാളന്റെ പരിവേഷവും നൽകി ജനമദ്ധ്യത്തിൽ നിർത്തി ആർപ്പുവിളികൾക്കു പാത്രീഭൂതരാക്കുന്നതാണ് നാം എല്ലാ കാലങ്ങളിലും കാണുന്നത്.. ചരിത്രത്തിൽ അത്തരം പ്രതിഭാസങ്ങൾ അനേകമുണ്ട്.. ഒരുവൻ തെറ്റുകാരനെങ്കിൽ അവനെ പിന്നീട് വെള്ളപൂശി സംരക്ഷിക്കണമെന്ന പക്ഷക്കാരനല്ല ഞാൻ.. നേരിടേണ്ടത്  രാഷ്ട്രീയവും, നിയമപരവുമായ പോരാട്ടങ്ങളിലൂടെ ആവണം.. മറിച്ച് അന്തസ്സുകെട്ട പെരുമാറ്റങ്ങളിലൂടെയല്ല ഒരു ആശയത്തെയോ, പ്രസ്ഥാനത്തെയോ നേരിടേണ്ടത്.. വിരുദ്ധ അഭിപ്രായങ്ങൾ, സമീപനങ്ങൾ എന്നിവ വിവിധങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, മുന്നണികൾക്കും രൂപം നൽകും.. രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾ കൊണ്ട് മാന്യായി നേരിട്ടില്ല എങ്കിൽ അത് എതിരാളിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനമനസ്സുകളിൽ ഒരു സ്ഥാനം നൽകാൻ കാരണമാവുകയും ചെയ്യും..


[Rajesh Puliyanethu
 Advocate, Haripad]

 


No comments: