Tuesday, 20 October 2015

കാലഗണികം,, ജീവിതം..........!!!

'കാലം' അതിവേഗത്തിൽ മുൻപിൽക്കൂടി കടന്നുപോകുമ്പോൾ കണ്ടുനിൽക്കുന്നവൻറെമേൽ ധൂളികൾ നിറഞ്ഞ ഒരു കാറ്റടിക്കും.... ആ കാറ്റാണ് 'ജീവിതം'... ആ കാറ്റിന്റെ ശക്തി വ്യത്യാസ്സങ്ങൾക്കനുസ്സരിച്ച് കണ്ടുനിൽക്കുന്നവന് കുളിരനുഭവപ്പെടാം,, ആടിയുലയാം,, ചിലപ്പോൾ കടപുഴകി വീഴുകയുമാകാം.... 

 

[Rajesh Puliyanethu
 Advocate, Haripad]  

Monday, 19 October 2015

"പത്തേമാരി " ഒരു കവിതപോലെ മനോഹരമായ സിനിമ .............


       "പത്തേമാരി" എന്ന മമ്മൂട്ടി ചിത്രം കണ്ടു... അതിമനോഹരമായ ഒരു ചലച്ചിത്ര ആവിഷ്ക്കാരം എന്ന് എടുത്തുതന്നെ പറയണം... വളരെ നല്ല അഭിപ്രായം കേട്ടതിനുശേഷമാണ് സിനിമ കാണാൻ പോയത് എങ്കിലും അടുത്തകാല മമ്മൂട്ടി ചിത്രങ്ങളുടെ ഒരു നിലവാരം വെച്ച്;; പത്തേമാരി എന്ന പേരൊക്കെ വെറും ഡെക്കറേഷൻ ആണെന്നാ കരുതിയത്‌... പ്രതീക്ഷിച്ചത് ഒരു കൊച്ചുവള്ളമാണ്,, ഏറിയാൽ ഒരു ബോട്ട്........ പക്ഷെ സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലായി, ഒരു പത്തേമാരി മാത്രമല്ല,, പ്രക്ഷുബ്ദമായ കടൽക്കൂടി ആ സിനിമയിക്കൂടി ചിത്രീകരിച്ചിരിക്കുന്നു എന്ന്... 

       മുപ്പതല്ല അമ്പതു സിനിമകൾ പരാജയപ്പെട്ടാലും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി താരശോഭ ഒട്ടും മായാതെ എന്തുകൊണ്ടു നിലനിൽക്കുന്നു എന്നതിന്റെ ഉത്തരം കൂടിയാണ് ഈ സിനിമയിലെ പ്രകടനം...

       മലയാളത്തിൽ കഥയ്ക്കും, അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും ഒരു മൂല്യച്യുതിയും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഈ സിനിമ...

       വീണ്ടും നല്ല സിനിമകൾക്കായി നമുക്ക് കാത്തിരിക്കാം .................

[Rajesh Puliyanethu
 Advocate, Haripad]  

Thursday, 15 October 2015

വെള്ളാപ്പള്ളി രാഷ്ട്രീയം Vs കേരള രാഷ്ട്രീയം .....


       കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ മുന്നേറ്റം ഉണ്ടായിരിക്കുന്നു... ശ്രീനാരായണീയരെ ഒന്നിപ്പിച്ചു നിർത്തി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷം നമ്പൂതിരി മുതൽ നായാടിയെ വരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശാല ഹിന്ദു ഐക്യം എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.... കേരള രാഷ്ട്രീയത്തിൽ അപ്രകാരമുള്ള ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ വിശദീകരണത്തിനു മുൻപുതന്നെ മറ്റു പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്...

       എന്തുകൊണ്ട് ഇത്തരം ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു വഴിവെച്ചു?? കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിലുള്ള പങ്കെന്താണ്?? നിലവിലെ രാഷ്ട്രീയത്തിൽ പുതിയ പാർട്ടിക്കു സൃഷ്ട്ടിക്കാൻ കഴിയുന്ന ചലനങ്ങളും, ചേരിതിരിക്കലുകളും എന്തൊക്കെയാണ്?? പുതിയ പാർട്ടിയുടെ നേതൃത്വത്തെ എത്രത്തോളം പ്രവർത്തകരും, പൊതുജനവും അങ്ങീകരിക്കും?? വ്യക്തിനേട്ടങ്ങളെ എങ്ങനെ പൊതുജനം വിലയിരുത്തും?? ഹിന്ദുവിലെ മറ്റു ജാതീയ സംഘടനകൾ പുതിയ പാർട്ടിയെ എപ്രകാരം സമീപിക്കും?? രാഷ്ട്രീയത്തിന് അതീതമായി പുതിയ പാർട്ടിക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ എന്തൊക്കെയാണ്?? നിലവിലെ രാഷ്ട്രീയ പാർട്ടികൾ പുതിയ പാർട്ടിയെ ഏതൊക്കെ വിധത്തിൽ നേരിടാൻ സാദ്ധ്യതയുണ്ട്?? ബാഹ്യമായ ആക്രമണങ്ങളെ നേരിടുന്നതിൽ പുതിയ പാർട്ടി എത്രത്തോളം സജ്ജമാണ്?? മാധ്യമങ്ങൾ എന്തു സമീപനമാണ് പുതിയ പാർട്ടിയോട് സ്വീകരിക്കാൻ പോകുന്നത്?? ഇങ്ങനെ തുടരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതിനു ശേഷം മാത്രമാണ് പുതിയപാർട്ടിക്ക് കേരള രാഷ്ട്രീയത്തിലെ ഭാവികാല പ്രാധാന്യത്തെക്കുറിച്ച് വിലയിരുത്താൻ കഴിയുക....

       ഒരു സുപ്രഭാതത്തിൽ വെറുതെ ഒരു രാഷ്ട്രീയ പാർട്ടി പൊട്ടിമുളക്കില്ല... അതിന് അനുസൃതമായ ഒരു അന്തരീക്ഷം സംജാതമായി വരേണ്ടതുണ്ട്... ഡൽഹിയിൽ ആം ആദ്മി പാർട്ടി ജനിച്ചത്‌ അഴിമതിക്കെതിരെ ഉയർന്നു വന്ന പോതുജനവികാരത്തെയും, അണ്ണാഹസ്സാരയുടെ ജൻ ലോക്പാൽ ബില്ലുകൾക്കുവേണ്ടിയുള്ള സമരങ്ങൾ ഒരുക്കി നൽകിയ അനുകൂല അന്തരീക്ഷത്തെയും മുതലെടുത്തുകൊണ്ടാണ്... കേരളത്തിലും രാഷ്ട്രീയ SNDP മുളപോട്ടുന്നതിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്... അതിലേക്ക് സംഭാവനകൾ നൽകിയത് നിലവിലെ പ്രബല രാഷ്ട്രീയ കക്ഷികളായ കോണ്ഗ്രസ്സും, സി പി എം ഉം ആണെന്ന് നിസ്സംശയം പറയാം...

       ഇടതു- വലതു കക്ഷികൾ ഹിന്ദു ഇതര ന്യൂനപക്ഷ പ്രീണനങ്ങളിൽക്കൂടി  തങ്ങളുടെ വോട്ടുബാങ്കുകൾ ഉറപ്പിച്ചുനിർത്തുന്ന നയം ഇവിടെ വിജയകരമായി നടപ്പിലാക്കി വന്നിരുന്നു... ഇവിടുത്തെ ഹിന്ദു സമൂഹം,, പ്രത്യേകിച്ച് ഭൂരിപക്ഷ സമൂഹം അതിൽ തീർത്തും അസ്വസ്ഥരായിരുന്നു... പക്ഷെ അതിനെതിരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതികരിക്കുന്നതിനുള്ള ആർജ്ജവം അവർ കാട്ടിയിരുന്നുമില്ല... കാരണങ്ങൾ പലതായിരുന്നു... അസ്വസ്ഥരായ ഭൂരിപക്ഷ സമൂഹം ആയിരുന്നെങ്കിൽക്കൂടി അവർ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.. തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ അന്ധമായി പിന്തുണച്ചുകൊണ്ട് അവർ നിലകൊണ്ടു... രാഷ്ട്രീയ വീക്ഷണം ഉള്ളവരും,, ഇല്ലാത്തവരുമായ സാധാരണ വോട്ടർമാർക്ക് തങ്ങളുടെ പ്രതിഷേധത്തെ സ്വകാര്യ സംഭാഷണങ്ങൾക്ക് അപ്പുറത്തേക്ക് വികസ്സിപ്പിക്കുന്നതിനുള്ള കർമ്മശേഷിയും ഉണ്ടായിരുന്നില്ല... മറ്റൊരു കാരണമെന്നത് ഹിന്ദു ആവശ്യപ്പെടുന്ന ഏതൊരു അവകാശവും വർഗ്ഗീയതയായി ചിത്രീകരിച്ച് കടന്നാക്രമിച്ച് പരാജയപ്പെടുത്തുന്ന പൊതു അടവുനയം ഇവിടെ പ്രവർത്തനക്ഷമമാണെന്നതാണ്... ഹിന്ദു പൊതുസമൂഹം തങ്ങളുടെതായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ ഇടതു- വലതു കക്ഷികൾക്കുള്ള ന്യൂനപക്ഷ പ്രീണനകാരണങ്ങളാക്കി പരിവർത്തനപ്പെടുത്താനുള്ള പ്രാവീണ്യം ഇവിടുത്തെ രാഷ്ട്രീയകക്ഷികൾക്കുണ്ടായിരുന്നു... ഹിന്ദു പൊതുസമൂഹം മുന്നോട്ടു വെയ്ക്കുന്ന ഒരു ആവശ്യത്തെ എതിർത്തുകൊണ്ട് ക്രിസ്ത്യൻ- മുസ്ലീം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാനും അതുവഴി 'ഞങ്ങൾ നിങ്ങൾക്കുവേണ്ടി' എന്ന തോന്നൽ ജനിപ്പിച്ച് അവരെ ഒന്നിപ്പിച്ചു നിർത്തുന്നതിനും കഴിഞ്ഞു... ഒപ്പം ഹിന്ദു സമൂഹത്തിലെതന്നെ പിന്നോക്കക്കാരെ "സംവരണം" എന്ന ഒറ്റ തുരുപ്പുചീട്ടിൽ വെട്ടി ഭൂരിപക്ഷ ഹിന്ദു ഐക്യത്തിൽ നിന്നും അകറ്റി നിർത്തുന്നതിനും അവർക്ക് കഴിഞ്ഞു... കൊണ്ഗ്രെസ്സ് പാർട്ടി മുസ്ലീം ലീഗ് പോലെ പേരിൽപ്പോലും മതം പേറിനടക്കുന്ന കക്ഷിയെയും,, കേരളാ കൊണ്ഗ്രെസ്സ് എന്നാ ക്രിസ്ത്യൻ വക്ത്താക്കളെയും ഇരുചുമലുകളിലും പേറി നടന്നിരുന്നു വെങ്കിലും തങ്ങൾ ഏറ്റവും വലിയ മതെതരപാർട്ടിയെന്നു മേനി നടിക്കുന്നതിൽ വിജയിച്ചിരുന്നു... മഹാത്മാ ഗാന്ധിയുടെ മതേതര ആശയങ്ങളുടെ നേരവകാശികൾ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിച്ച് അവർ നിലപാടുകൾക്ക് ഒരു നേർത്ത മൂടുപടം ധരിപ്പിച്ചു...

       ഈ വസ്തുതകൾ കാലങ്ങളായി നിലനിൽക്കെ പെട്ടന്നൊരു ദിവസ്സം വിശാല ഹിന്ദുഐക്യത്തെ മുൻനിർത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി എന്താണെന്നതും ഒരു ചോദ്യമാണ്... അതിൽ പ്രധാനകാരണം ശ്രീ നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന ബിജെപി രാജ്യമൊട്ടാകെ നടത്തിയ വലിയ മുന്നേറ്റമാണ്.... അഴിമതിയിൽ മുങ്ങിനിന്ന കൊണ്ഗ്രെസ്സ് പാർട്ടിക്കെതിരെകണ്ട  മുന്നേറ്റത്തിന്റെ ചലനങ്ങൾ കേരളത്തിലും ഉണ്ടെന്നതാണ്.... ഹിന്ദുവിന്റെ ആവശ്യങ്ങൾക്ക് അനുഭാവപൂർവ്വം നിലപാടുകളെടുക്കുന്ന ഒരു കേന്ദ്രഭരണത്തിനൊപ്പം നിൽക്കുന്ന ഒന്നിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലും ഉണ്ടെന്നുള്ളതിന്റെ പ്രതിധ്വനികൂടിയാണത്... കാലാകാലങ്ങളിൽ കണ്ടുവന്ന  ക്രിസ്ത്യൻ- മുസ്ലീം പ്രീണന നടപടികളിൽ രോഷം കൊണ്ടുനിന്ന ഹിന്ദു സമൂഹത്തിൽ പൊതുവായി ഉണ്ടായ എതിർ വികാരപ്രകടനം കൂടിയാണ് രാഷ്ട്രീയ SNDP...

       പൊടുന്നനെ ഈ രാഷ്ട്രീയമുന്നെറ്റത്തിന് മരുന്നുനിറച്ചത് സിപിഎം ആണെന്നതിൽ തർക്കം ആർക്കുമുണ്ടാകുമെന്നു കരുതുന്നില്ല.... ഹിന്ദു ഹിന്ദുവിന്റെതായും,, തങ്ങളുടെ അഭിമാനമായും കൊണ്ടുനടന്നതിലേക്ക് അഹങ്കാരപൂർവ്വവും, ധാര്ഷ്ട്യ മനോഭാവത്തുകൂടിയും സിപിഎം നടത്തിയ കടന്നുകയറ്റങ്ങൾ ഇവിടുത്തെ അഭിമാനമുള്ള ഹിന്ദു വിഭാഗത്തിന്റെ ക്ഷമയുടെ അവസ്സാനകണികയെയും നശിപ്പിച്ചു... ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള സംഘാടക പാർട്ടിയായി ഇവിടെ ഒരു ഇടതുപക്ഷ അനുഭാവിപോലും സിപിഎം നെ കാണുന്നില്ല... [[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]] ആ പാർട്ടിയിൽ വിശ്വസ്സിക്കുന്നവർ പോലും ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല സിപിഎം ന് ഉള്ളതായി കരുതുന്നില്ല... പാർട്ടിയുടെ അവർ പാടി നടക്കുന്ന പ്രത്യയശാസ്ത്രത്തിൽ നിന്നുപോലും വ്യതിചലിച്ച് ഹിന്ദുവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയത്‌ കരുതിക്കൂട്ടിയ ഒരു ആക്രമണമായെ പൊതു ഹിന്ദു സമൂഹം കണ്ടുള്ളൂ... അതിനെതിരെ നിലനിന്ന പൊതുവികാരം രാഷ്ട്രീയ SNDP ക്ക് രൂപം നൽകുന്നതിനുള്ള അനുകൂല ഘടകമായി അതിന്റെ അണിയറശിൽപ്പികൾ കരുതിയിരിക്കണം...

       ശ്രീ വെള്ളാപ്പള്ളി നടേശൻ ബി ജെ പി മുൻപ് അധികാരത്തിൽ ഇരുന്നപ്പോൾത്തന്നെ ആ പാർട്ടിയോട് മൃദു സമീപനം പുലർത്തിയിരുന്നു... ശ്രീ നരേന്ദ്രമോഡിയോട് വളരെ ചെറിയരീതിയിൽ അദ്ദേഹം നടത്തിയിരുന്ന സൌഹൃദ സമീപനങ്ങളെ വളരെ രൂക്ഷമായ ഭാഷയിൽ സിപിഎം വിമർശിച്ചത് അദ്ദേഹത്തിൻറെ നിലപാടുകൾക് കൂടുതൽ ജനശ്രദ്ധയെ നേടിക്കൊടുക്കുന്നതിന് കാരണമായി... മൊഴിയും മറുമോഴിയുമായി ഇരുവരും മുന്നോട്ടു പോവുകയും അതിന് കേരളത്തിലെ രാഷ്ട്രീയ- മത- സാമുദായിക- സാമ്പത്തിക- അവസ്സരവാദ പത്ര- ദൃശ്യ മാധ്യമങ്ങൾ നിറങ്ങളും നൽകിയതോടെ ചേരിതിരിവുകൾ സ്പഷ്ട്ടമായി... ഹിന്ദുവിൽ നിന്നും ആചാര്യൻമാരെയും,, ആഘോഷങ്ങളെയും,, വിശ്വാസ്സങ്ങളെയും പറിച്ചെടുത്ത് പൊതുവഴിയിൽ വലിച്ചെറിയണമെന്ന സിപിഎം ന്റെ അജണ്ട ശ്രീനാരായണ ഗുരുദേവനിലേക്കുകൂടി വ്യാപിപ്പിച്ചപ്പോൾ ബഹുഭൂരിപക്ഷം വരുന്ന ശ്രീ നാരായണീയരാൽ നിലനിൽക്കുന്ന സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽത്തന്നെ വിള്ളലുകൾക്ക് കാരണമായി.... ഹിന്ദു പരിപാവനമായി ശ്രീകോവിലിൽ പ്രതിഷ്ട്ടിച്ചു പൂജിക്കുന്ന വിഗ്രഹങ്ങളെ പോതുവഴിയിലെ അലങ്കാരശിലകളാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന തിരിച്ചറിവ് രാഷ്ട്രീയ SNDP ക്ക് അനുകൂലമായ രംഗവേദി ഒരുക്കി.... 

       വെള്ളാപ്പള്ളിയെ വിമർശിക്കുക എന്ന വ്യാജേന ഗുരുദേവനെ ആക്രമിച്ച് ജനമദ്ധ്യത്തിൽ അവഹേളിക്കുക എന്ന സിപിഎം നയം അവരെത്തന്നെ തിരിഞ്ഞു കൊത്തിയ അവസ്ഥയായി.... മതേതര ചിന്തയുടെ ബ്രാൻഡ്‌ അംബാസിഡർ ആക്കി ചിത്രീകരിച്ചു;; ഈഴവ സമൂഹത്തിന്റെയും,, ഹിന്ദു സമൂഹത്തിന്റെയും ശ്രേഷ്ഠ സന്യാസി വര്യൻ എന്ന പരിപാവനപദവിയിൽ നിന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവന്ന് തെരുവിൽ പിന്നീട് ഉപേക്ഷിച്ച് അദ്ദേഹത്തിൻറെ സാമൂഹികമായ പ്രസക്തിയും,, അദ്ദേഹത്തിൻറെ പേരിലും ചിന്തയിലും ഊന്നി നിൽക്കുന്ന ഒരു സമൂഹത്തെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്‌.... അതുവഴി സിപി എമ്മിന്റെ പ്രധാന ശക്തിയായ ഈഴവ സമൂഹത്തിൽനിന്നും ഒറ്റശക്തിയായി ഉണ്ടായേക്കാവുന്ന വിമർശനശബ്ദങ്ങളെ എല്ലാതാക്കാമെന്ന് അവർ കരുതി... പക്ഷെ ഗുരുദേവനെ പ്രകീർത്തിച്ചു കൊണ്ട് മറുകൈയ്യാൽ അപമാനിക്കാൻ ശ്രമിച്ച സിപിഎം മറന്നുപോയ ചിലതുണ്ട്... ഗുരുദേവൻ ലോകത്തിന് സാമൂഹ്യപരിഷ്ക്കർത്താവും,, ചിന്തകനും,, ശ്രേഷ്ഠ സന്യാസി വര്യനും ആണെങ്കിൽ ശ്രീനാരായണീയർക്ക് അദ്ദേഹം ദൈവമാണ്... ശ്രീനരായണീയ ക്ഷേത്രങ്ങളിൽ ആരതിയുഴിഞ്ഞ് പൂജാകർമ്മങ്ങളൊടെയാണ് അവർ പരിപാലിക്കുന്നത്... കഴിഞ്ഞകാല ഭാരതചരിത്രത്തിലെ പല സാമൂഹിക പരിഷ്ക്കർത്താക്കൾക്കിടയിൽ ഒരുവനായി മാത്രം അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടാക്കുന്ന വൈകാരികമായ അവസ്ഥ സിപിഎം അവഗണിച്ചു,, സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പ്രതിഷ്ട്ടിച്ചത് ശിവലിംഗം ആയിരുന്നു... ശിവൻ ഹിന്ദു ദൈവം ആണെന്നതിൽ സിപിഎം നു തർക്കമുണ്ടോ എന്നെനിക്കറിയില്ല...!! ഈഴവശിവനെയാണ് ഞാൻ പ്രതിഷ്ട്ടിച്ചതെന്നു സധൈര്യം പറഞ്ഞ അദ്ദേഹം ഇഴവന്റെയും, ഹിന്ദുവിന്റെയും സ്വത്താണ്... അദ്ദേഹം കൊളുത്തിയ ദീപത്തിന്റെ പ്രകാശം മാത്രമാണ് ലോകത്തിന് മുഴുവൻ അവകാശപ്പെടാൻ കഴിയുന്നത്‌...

       ഇപ്രകാരം ഒരു രാഷ്ട്രീയ- സാമുദായിക- ജാതീയമായ അവസ്ഥ സംജാതമായപ്പോൾ കൊണ്ഗ്രെസ്സ് പാർട്ടി തികഞ്ഞ കൌശലത്തോടെ തങ്ങളുടെ പാടവം കാട്ടി... സിപിഎം- എസ് ൻ ഡി പി തർക്കങ്ങളിൽ ഒരു ചിത്രം തെളിയാൻ അവർ കാത്തിരുന്നു... പുതിയ രാഷ്ട്രീയ ഉദയത്തിൽ പ്രത്യക്ഷമായതും, ഉടനടി ഉണ്ടായെക്കാവുന്നതുമായ ഒരു പ്രത്യാഘാതം തങ്ങൾക്കില്ല എന്നും അവർ കണക്കുകൂട്ടുന്നു... രാഷ്ട്രീയ SNDP യുടെ ഉദയത്തിന് ക്രിസ്ത്യൻ- മുസ്ലീം പ്രീണനം കാരണമാകുന്നതിലും ശക്തമായത്‌ ഹിന്ദുവിനെതിരെ സി പി എം നടത്തിയ ആക്രമണങ്ങളാണ്... 

        ഭാരതമൊട്ടാകെ അലയടിക്കുന്ന ബിജെപി തരംഗത്തിനോപ്പമാണ് രാഷ്ട്രീയ SNDP നിലകൊള്ളുന്നത് എന്ന് വിശ്വസ്സിക്കാം... കേരളത്തിൽ ഉടനടി ഉണ്ടായേക്കാവുന്ന ഒരു മുന്നേറ്റം നിലവിലെ ബിജെപി നേതൃത്വത്തെക്കൊണ്ട് സാധിക്കില്ല എന്ന ബോധ്യം പൊതുസമൂഹത്തിനും, പാർട്ടിക്കുതന്നെയുമുണ്ട്... മുന്നണി സംവിധാനത്തിന്റെ കുറവാണ് തങ്ങളുടെ മുന്നേറ്റത്തിനു തടസ്സമെന്ന് കരുതുന്ന നേതൃത്വം രാഷ്ട്രീയ SNDPക്ക് പിറവിക്കുമുന്പേ പിന്തുണ നൽകി... SNDP യെ RSS പാളയത്തിൽ കൊണ്ടുചെന്നു കെട്ടി എന്ന് എതിർ ചേരി ഉയർത്തുന്ന വിമർശനങ്ങൾ പോലെതന്നെ BJP യെ SNDPയുടെ ആലയത്തിൽ അടിമയിരുത്തി എന്ന് വിമർശിക്കുന്ന BJP പ്രവർത്തകരും ഉണ്ട്.... നിലവിലെ ഭരണ- പ്രതിപക്ഷ പാർട്ടികളിൽ മനം മടുത്ത പൊതുജനത്തിന് BJP യെ ശക്ത്തിപ്പെടുത്താൻ കഴിയുന്ന പ്രസ്ഥാനമായി രാഷ്ട്രീയ SNDP യെയും,, തങ്ങൾക്ക് ശക്തിവർധിപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായിരാഷ്ട്രീയ SNDP യെ ശ്രീനാരായണീയരും നോക്കിക്കാണുന്നു... 

       ഇതര ഹിന്ദു പ്രസ്ഥാനങ്ങളുടെ പിന്തുണ എന്നത് രാഷ്ട്രീയ SNDP ക്ക് നിർണ്ണായകമാണ്.. ഒരു ചെറിയ ഘടക കക്ഷിയായി ഏതെങ്കിലും മുന്നണിയിൽ നിൽക്കുക എന്ന ചെറിയ ലക്ഷ്യത്തിലാണ് അവരെങ്കിൽ അത് അത്രകണ്ട് പ്രസക്തവുമല്ല.... വിശാല ഹിന്ദു ഐക്യം ഒരു നടക്കാത്ത മനോഹര സ്വപ്നമാകാനാണ് സാദ്ധ്യത ഏറെയും!! സവർണ്ണ വിഭാഗത്തെ SNDP യുടെ നേതൃത്വത്തിൻ കീഴിലേക്ക് കൊണ്ടുവരിക ശ്രമകരമാണ്... ജാതീയ സംവരണത്തെ മാറ്റിനിർത്തി സാമ്പത്തികസംവരണം ആവശ്യപ്പെടുന്ന സവർണ്ണ വിഭാഗങ്ങളുടെയും,, ജാതീയ സംവരണം നിലനിർത്തണമെന്ന് പറയുന്ന നിലവിലെ സംവരണ വിഭാഗങ്ങളുടെയും വിയോജിപ്പുകളെ അതിജീവിച്ച് അവരെ രാഷ്ട്രീയമായി ഒന്നിപ്പിച്ചുനിർത്തുക എന്നത് കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്നതിനു സമമാണ്... 

       ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാൽ തങ്ങൾക്ക് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ നഷ്ട്ടങ്ങളെ നിലവിലെ ഇരുമുന്നണികളും ഭയക്കുന്നുണ്ടെന്ന് വേണം കരുതാൻ... അതിനായി രാഷ്ട്രീയമായും, അല്ലാതെയും രാഷ്ട്രീയ SNDPയെ അവർ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു.... BJP യുടെ ഒരു ശക്തമായ ഘടകകക്ഷിയായി രാഷ്ട്രീയ SNDP മാറുമോ എന്നും അതുവഴി BJP ക്ക് കേരളത്തിൽ ശക്തമായ വേരോട്ടം ഉണ്ടാകുമോ എന്നും അവർ ഭയക്കുന്നു... അതല്ല രാഷ്ട്രീയ SNDP ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി വളർന്നാൽ ഇരുമുന്നണികളോടും വിലപേശത്തക്ക ശക്ത്തി അവർക്കുണ്ടാകുമോ എന്നും അവർ ആശങ്കപ്പെടുന്നു.... അതിനാൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തെ തകർക്കാൻ അവർ കൈ കോർത്തിരിക്കുകയാണെന്നു വേണം കരുതാൻ.... ഒത്തുതീർപ്പ് സമരങ്ങളിൽക്കൂടി നല്ല ബന്ധം സൂക്ഷിക്കുന്ന ഇവിടുത്തെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിന് അധികം ബുദ്ധിമുട്ടെണ്ടിയും വന്നില്ല... 

       രാഷ്ട്രീയപരമായി ഇല്ലാതാക്കുന്നതിന് പകരം ഫാസിസ്റ്റ് സമീപനത്തിൽക്കൂടി രാഷ്ട്രീയ SNDP യെ ഇല്ലാതാക്കാൻ ഇടതു- വലതു പക്ഷങ്ങൾ തീരുമാനിച്ചതിന്റെ പ്രതിഭലനമാണ് അടുത്തായി കണ്ട ചില ആരോപണങ്ങൾ... സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണത്തിൽ ഇടതു- വലതന്മാരുടെ ദുഃഖകടൽ ഇപ്പോഴാണ് അണപോട്ടിയത്..! ഇത്രയും നാൾ വെള്ളാപ്പള്ളിക്കെതിരെ എന്തുകൊണ്ട് ഇപ്രകാരം ഒരു കൊലപാതകക്കുറ്റം ആരോപിച്ചുകൊണ്ട്‌ ഇവർ രംഗത്തുവന്നില്ല?? ഇത്രയും നാൾ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിയെ തിരിച്ചറിയാമായിരുന്നുവെങ്കിൽ പൊതിജനസമക്ഷം എന്തുകൊണ്ട് അവർ അത് മറച്ചുവെച്ചു?? കേരളത്തിൽ നടന്ന ഏതൊക്കെ കൊലപാതകങ്ങളുടെയും,, കുറ്റക്രിത്യങ്ങളുടെയും നിജസ്ഥിതി ഇവർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറച്ചു വച്ചിട്ടുണ്ട്?? ഇവിടെ ജനങ്ങൾക്ക് മുൻപിൽ ഉത്തരവാദിത്വം നിർവഹിക്കാതെ വലിയതെറ്റു ചെയ്തത് ഇടതു- വലതന്മാരല്ലെ?? ചേളന്നൂർ മൌലപിയുടെ മരണരഹസ്യവും ഇടതു-വലതന്മാർക്ക് അറിയാമോ?? ആരെ ബ്ലാക്ക്‌ മെയിൽ ചെയ്യാനുള്ള വസ്തുവായാണ് അത് സൂക്ഷിച്ചിരിക്കുന്നത് എന്നു കൂടി ഈ അവസ്സരത്തിൽ വെളിപ്പെടുത്താനുള്ള മാന്യത ഇക്കൂട്ടർ കാട്ടണം....    

       ഇടതു- വലതന്മാർ ഒന്നിച്ചുനിന്നുകൊണ്ട് രാഷ്ട്രീയ SNDP യെ ഇല്ലായ്മചെയ്യാൻ തീരുമാനിച്ചതോടെ മാധ്യമങ്ങളുടെ പിന്തുണയും പുതിയപാർട്ടിക്ക് ഉണ്ടാകുമെന്ന് കരുതാൻ കഴിയില്ല... ഇവിടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് പൊതുജനം മനസ്സിലാക്കുന്നുണ്ടെങ്കിലും ദ്രിശ്യ- പത്ര മാധ്യമങ്ങൾ നടത്തുന്ന പ്രചാരവേല സമൂഹത്തിൽ  ചെലുത്തുന്ന സ്വാധീനം ചെറുതാണെന്ന് കരുതാൻ കഴിയില്ല... വെള്ളാപ്പള്ളിയുടെയും,, തുഷാറിന്റെയും പുറകെ അവർ ക്യാമറയും തൂക്കി ഇറങ്ങിക്കഴിഞ്ഞു.... വെള്ളാപ്പള്ളിയുടെ മുൻകാല വൈരികൾക്കൂടി എതിർചേരിയിൽ അവസ്സരത്തെ പ്രയോജനപ്പെടുത്തി അണിനിരക്കുമ്പോൾ രാഷ്ട്രീയ SNDPയുടെ പ്രവർത്തനം ദുഷ്ക്കരമാകും... 

       മാറ്റത്തിന് കേരളജനത കാത്തിരിക്കുകയാണ്... ജാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഒരു മുന്നേറ്റത്തെ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ പരിഹസ്സിക്കുകയും,, വിമർശിക്കുകയും ചെയ്യുന്നുണ്ട്... അതെസ്സമയംതന്നെ പ്രമുഘ രാഷ്ട്രീയ കക്ഷികൾ എല്ലാം  ജാതി പറഞ്ഞു കൊണ്ട് പിറക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളോട് രാജ്യത്തിന്റെ പലഭാഗങ്ങളിലായി ബാന്ധവം ഉറപ്പിച്ചിട്ടുമുണ്ട്... കേരളജനതയെ ഇപ്പോഴും അതേ ജാതി- മത രാഷ്ട്രീയത്തിന്റെ അയിത്തം പറഞ്ഞു വിശ്വസ്സിപ്പിച്ച്,, പ്രബുധതയുടെ പൊന്നാടയുമണിയിച്ച് നിർജ്ജീവമാക്കി നിർത്തുന്നതിനു കഴിയുന്നുമുണ്ട് എന്നതാണ് അത്ഭുതകരം....  

       വിളക്കിൻറെ വിശുദ്ധിയെ ഹറാമായി കാണുന്നവനും,, അപ്രകാരം കാണുന്നവന്റെ പ്രീതിക്കായി അതേ വിളക്കിന്റെ മകുടം തച്ചുടക്കുന്നതിന് കൂടവും ഓങ്ങി നിൽക്കുന്ന രാഷ്ട്രീയ വിടുവേലക്കാർക്കും രാഷ്ട്രീയ SNDP ഒരു മുന്നറിയിപ്പാകട്ടെ എന്ന് ആഗ്രഹിക്കുന്നു..... 

[Rajesh Puliyanethu
 Advocate, Haripad]

Sunday, 13 September 2015

മൂന്നാറിൽ കണ്ട ജനകീയ സമരം....


       "സമരസ്സപ്പെടാൻ കഴിയാത്ത എന്തിനോടും കാട്ടുന്ന പ്രതിഷേധമാണ് സമരം" 

.... പക്ഷെ വർത്തമാനകാല സമരങ്ങളെല്ലാം ആഹ്വാന സമരങ്ങളാണ്... ഒരു തീരുമാനമോ പ്രവർത്തിയൊ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്തതാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം അതിനെതിരെ സമരം ചെയ്യണമെന്നുള്ള ആഹ്വാനപ്രകാരം സമരം ചെയ്യുന്നു... അവിടെ സമരത്തിനു കാരണമായ വസ്തുതയുടെ തീഷ്ണത സമരക്കാരിൽ പലപ്പോഴും എത്തുന്നില്ല... അവിടെ രാഷ്ട്രീയമോ മറ്റേതെങ്കിലുമൊ തരത്തിലുള്ള നേട്ടത്തെ മുൻനിർത്തിയാണ് സമരം നടക്കുന്നത്.... മറിച്ച് സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനോടുള്ള ആത്മാർത്ഥമായ സമരമല്ല.... അത്തരം സമരങ്ങളിൽ സമരത്തിന് മുൻപ് തങ്ങൾ ലക്ഷ്യം വെച്ചിരുന്നതിലും മികച്ചനേട്ടം സമരത്തിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും ഉണ്ടായാൽ ഇന്നത്തെ അവസ്സരവാദി രാഷ്ട്രീയ നേതൃത്വങ്ങൾ അതിനു തയ്യാറാകും...!

സമീപകാലങ്ങളിൽ കണ്ട പലസമരങ്ങളുടെയും പരാജയകാരണം അതാണ്... സമരം ചെയ്തവർ തങ്ങൾ നേതൃത്വങ്ങളിൽ നിന്നും കേട്ട ആഹ്വാനത്തെ അനുസ്സരിച്ചു മാത്രം ചെയ്ത സമരങ്ങളായിരുന്നു അവ... സമരതീരുമാനങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യതിചലനം അവരെ ബാധിക്കുന്നതേ ഇല്ല... 

       മൂന്നാർ സമരവും, വളപ്പിൽശാല മാലിന്യപ്രശ്ന സമരവും വ്യത്യസ്ഥമാകുന്നത് അവിടെയാണ്... അവിടെ സമരം ചെയ്യുന്ന ഓരോ വ്യക്തിയുടെയും സ്വന്തം ആവശ്യമായിരുന്നു സമരകാരണം... രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും കൂലി സമരക്കാരെ ഇറക്കി ആയിരുന്നില്ല ഈ സമരങ്ങൾ നടന്നത്... അതിനാൽ മികച്ച കൂലിവാഗ്ദാനം ലഭിച്ചിടത്തേക്ക് അവർക്ക് പോകാനും കഴിയുമായിരുന്നില്ല... ബംഗാളികളെ പണിക്കുവിട്ട് കൂലിയിൽ നിന്നും കമ്മിഷൻ പറ്റാൻ എത്തുന്ന ഏജന്റുമാരെപ്പോലെ സമരഭൂമിയിലെത്തിയ നേതാകളെ ആട്ടിപ്പായിക്കാനുള്ള ആർജ്ജവവും, ബുദ്ധിയും സമരക്കാർ കാട്ടുകയും ചെയ്തു... ഈ ജനകീയ സമരങ്ങളുടെ വിജയം സംഭവിക്കുകയും ചെയ്തു...

       പൊതുജനങ്ങൾക്കും രാഷ്ട്രീയനേതൃത്വങ്ങൾക്കും ഉള്ള ചൂണ്ടുപലകയാണ് ഈ സമരങ്ങൾ... രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായമില്ലാതെ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന പാഠം പൊതുജനത്തിനും, തങ്ങളുടെ സഹായമില്ലാതെതന്നെ ഒരു സമരം വിജയിപ്പിക്കാൻ പൊതുജനത്തിനു ത്രാണി ഉണ്ടെന്നുള്ള പാഠം രാഷ്ട്രീയ നേതൃത്വത്തിനും ഉള്ളതാതാണ്.... 

       പൊതുജനങ്ങൾ അനുഭവിക്കുന്ന ഒരുവിഷമതയെ മുൻപേകണ്ടു പരിഹാരം കാണുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ കടമ... പൊതുജനങ്ങൾ നിലനിൽപ്പിനായി ചെയ്യുന്ന സമരങ്ങളുടെ വിജയത്തിന്റെ അവകാശം ഏറ്റെടുക്കാൻ മാത്രമുള്ള രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലെ മാലിന്യം മാത്രമാണ്...

[Rajesh Puliyanethu
 Advocate, Haripad]   

രാജനെ ഭയക്കാൻ വധം..........!!!


       ജനകീയമായ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, കൂട്ടായ്മകളെയും ലോകംകണ്ട ഏറ്റവും വലിയ സേശ്ചാധിപത്യ ഭരണകൂടങ്ങൾ വരെ ഭയന്നിരുന്നതായി ചരിത്രം പറയുന്നു.... തങ്ങൾക്ക് ജനകീയ പ്രതിഷേധങ്ങളോടുള്ള ഭയത്തിനപ്പുറം ഒരു ഭയം പൊതുജനങ്ങളിൽ തങ്ങളോടു സൃഷ്ട്ടിക്കുക എന്നാ ഉദ്ദേശത്തിലാണ് അവർ ക്രൂരമായ വധശിക്ഷകൾ തങ്ങളുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാക്കിയത്.....

       ജനാധിപത്യപ്രക്രീയകളിൽക്കൂടി അധികാരത്തിലെത്തിയ ഭരണകൂടങ്ങൾക്ക് തങ്ങളുടെ ജനങ്ങളിൽ മുൻപ് സൂചിപ്പിച്ച പ്രകാരമുള്ള ഒരു ഭയം നിലനിർത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം വധശിക്ഷയെ അനുകൂലിക്കുന്ന ജനാധിപത്യ ഭരണകൂടങ്ങൾ അതിപ്രാധാന്യത്തോടെ കേൾക്കേണ്ടതാണ്.....                          


[Rajesh Puliyanethu
 Advocate, Haripad]

Wednesday, 2 September 2015

സിനിമ ജയിച്ചു,, മനുഷ്യൻ തോറ്റു.... !!!


       കലാരൂപങ്ങൾക്ക്‌ സാമൂഹിക ജീവിതത്തിൽ ചെലുത്തുവാൻ കഴിയുന്ന സ്വാധീനത്തെ ആരും ചെറുതായി കണ്ടിട്ടില്ല... വിമർശനവും, പരിഹാസ്സവും, ഓർമ്മപ്പെടുത്തലും, ഉപദേശവും എല്ലാം സമൂഹത്തിലേക്കു വാരി വിതറുന്നതിൽ 'കല' എപ്പോഴും ഉൽസ്സുകമാണ്... ഒരു സന്ദേശം ഏതെങ്കിലും ആവിഷ്ക്കാരത്തിൽക്കൂടി സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുക എന്നത് സ്വാതന്ത്ര്യ സമര കാലത്തുപോലും വിജയിച്ച മാർഗ്ഗമാണ്.... ഒരു കലാരൂപത്തിൽ കൂടി സമൂഹ മദ്ധ്യത്തിൽ അവതരിപ്പിക്കപ്പെടുന്ന നല്ലതോ ചീത്തയോ ഒന്ന് അപ്പാടെ സമൂഹം സ്വീകരിക്കുമെന്നും ആ കലാരൂപത്തിന്റെ അവതരണത്തിന് ശേഷം സ്പഷ്ട്ടമായ ഒരുമാറ്റം പൊടുന്നനെ സൃഷ്ട്ടിക്കാൻ കഴിയുമെന്നും ആരും വിശ്വസ്സിക്കുന്നില്ല ... പ്രസ്തുത വിഷയത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കൽ സാദ്ധ്യമാവുകയും ചെയ്യുന്നു... 

       പൊതുജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമായ കലാരൂപമെന്ന നിലയിൽ സിനിമകൾക്കുള്ള സ്വാധീനശക്ത്തി വലുതാണ്.... സിനിമകൾ മറ്റു കലാരൂപങ്ങളുമായി  താരതമ്യം ചെയ്യുമ്പോൾ ഉദാത്തമായത് എന്നല്ല, മറിച്ച് കൂടുതൽ ജനങ്ങൾക്കിടയിൽ സ്വാധീനം സൃഷ്ട്ടിക്കാൻ കഴിയുന്നത് എന്ന് വേണം കാണാൻ... ഒരു  ശരാശരി മലയാളി എത്ര കഥകളി അവതരണങ്ങൾ കണ്ടിട്ടുണ്ടാകും എന്നും അയാൾ എത്ര സിനിമകൾ കണ്ടിട്ടുണ്ടാകും എന്നും ഒരു കണക്കെടുപ്പു നടത്തിയാൽ ആ വസ്തുത നിസ്സാരമായി മനസ്സിലാക്കാം... 

       സിനിമയിലെ കലാകാരന്മാരോട്‌ മറ്റു കലാകാരന്മാരോട്‌ ഉള്ളതിലും കൂടുതൽ ആരാധന പൊതുസമൂഹം വെച്ചുപുലർത്തുന്നു... അതുകൊണ്ടുതന്നെ സിനിമയിൽക്കൂടി അവതരിപ്പിക്കപ്പെടുന്ന ഒരു ആശയത്തിനപ്പുറം സിനിമയിലെ കലാകാരന്മാരുടെ, പ്രത്യേകിച്ച് അഭിനേതാക്കളുടെ ചെഷ്ട്ടകൾ ആസ്വാദകരിൽ സ്വാധീനം ചെലുത്തുന്നു.... സിനിമ മുൻപോട്ടു വയ്ക്കുന്ന നല്ലതോ ചീത്തയോ ആയ സന്ദേശത്തെ ഉൾക്കൊള്ളുവാനോ പ്രാവർത്തികമാക്കാനോ വിമുഖത കാട്ടിയാലും വേഷവിധാനമോ, സംഭാഷണമോ പോലെയുള്ള ശൈലികളെ പൊടുന്നനെ അനുകരിക്കാനുള്ള വ്യഗ്രത സമൂഹം കാട്ടുന്നു... 

       സമീപ കാലത്ത് വളരെയധികം വിജയിച്ച ഒരു സിനിമയാണ് 'പ്രേമം'.. പ്രേമത്തിലെ വേഷവിധാനവും, ശൈലിയും പലരും അനുകരിച്ചതിനെ വിമർശിച്ചുകൊണ്ട് പല പ്രമുഘരും രംഗത്തുവന്നു... അതിൽ പലർക്കും പുതുതലമുരയുടെ സിനിമകൾക്ക്‌ ലഭിക്കുന്ന സ്വീകര്യാതയിൽ ഉണ്ടായ അജീർണ്ണം ബാധയാണ്... ന്യൂ ജെനറേഷൻ സിനിമകളെ വിമർശിച്ചു സംസ്സാരിച്ചാൽ മാത്രമേ താൻ വിവരമുള്ളവനായി ഗണിക്കപ്പെടുകയുള്ളൂ എന്ന ധാരണാ പിശകിൽ വിമർശനത്തിന് ആളുകൂടി !! തീയേറ്ററിൽ ഇരുന്നു ബോറടിച്ചു നട്ടം തിരിഞ്ഞാലും 'ആർട്ട്‌ ഫിലിം' എന്ന് നേരത്തെ പേര് സമ്പാദിച്ച ഒരു സിനിമ,, "കൊള്ളാമായിരുന്നു, പക്ഷെ അൽപ്പം സ്ലോയാ" എന്ന് മാത്രം അഭിപ്രായപ്രകടനം നടത്തുന്ന മനോവിചാരനില ന്യൂ ജെനറേഷൻ സിനിമകളെ വിമർശിക്കുന്ന നാണയത്തിന്റെ മറുപുറമാണ്!!

       ഒരു സിനിമയിലെ വേഷവിധാനം അനുകരണീയമായി മറ്റുള്ളവർക്ക് തോന്നിയെങ്കിൽ അത് ആ കോസ്റ്റ്യും ഡിസൈനറുടെ വിജയമാണ്... പ്രേമം സിനിമയ്ക്ക് ശേഷം വന്ന ഓണത്തിന് കാമ്പസുകൾ ആഘോഷിക്കാൻ തെരഞ്ഞെടുത്തത് ആ സിനിമയിലെ ശൈലി ആണെങ്കിൽ ആ സിനിമയുടെ വിജയമാണത്... ഒരു സിനിമയിലെ കഥാപാത്രം മദ്യപിച്ചു ക്ലാസ്സിൽ എത്തിയത് കണ്ട് ഇവിടുത്തെ യുവതലമുറ അതിനു മുതിരുന്നു എന്നു പറയുന്നതുതന്നെ ശുദ്ധഅസംബന്ധമാണ്... മാത്രമല്ല ഇവിടുത്തെ യുവജനതയെ കടുത്തരീതിയിൽ അപമാനിക്കുക കൂടിയാണത്... പ്രേമം സിനിമക്ക് ശേഷം ഒരു വിദ്യാർഥി കലാലയത്തിൽ മദ്യപിച്ച് എത്തിയതായി കണ്ടിട്ടുണ്ടെങ്കിൽ ആ സിനിമയുടെ റിലീസ്സിനു മുൻപ് അവൻ മദ്യപിച്ചെത്തിയത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്ന് കണ്ടാൽ മതി... ഒരു കൊമെഴ്സ്സിയൽ സിനിമയിലെ നായകൻറെ ചെയ്തികളാണ് ഇവിടുത്തെ യുവത്വത്തിന് ദിശാബോധം നൽകുന്നതെന്ന് പറഞ്ഞ് അപമാനിച്ചിട്ടും അതിനെ പ്രതിരോധിക്കാൻ ഒരു വിദ്യാർഥി- യുവജന സംഘടനയും തയ്യാറായില്ല എന്നത് അതിലേറെ അപമാനം... 

       സിനിമ എന്ന ആവിഷ്ക്കാരം എല്ലായപ്പോഴും സമൂഹത്തിലേക്ക് നന്മയുടെ സന്ദേശങ്ങളെ മാത്രം വിതറിക്കോണ്ടിരിക്കണം എന്ന വാശി എന്തിനാണ്?? മറ്റ് ആവിഷ്ക്കാരങ്ങളോടോന്നും അപ്രകാരം ഒരു നിബന്ധന വെയ്ക്കുന്നതായി കാണുന്നില്ലല്ലോ?? പ്രശസ്ത സാഹിത്യകാരനായ ശ്രീ പെരുമ്പടവത്തിന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന പുസ്തകം മദ്യപാനിയും, ചൂതാട്ടക്കാരനുമായ ദസ്തയവസ്ക്കിയെയാണ് അവതരിപ്പിച്ചത്... ആ പുസ്തകം വായിച്ച് ആരും ദസ്തയവസ്ക്കിയെ അനുകരിച്ചതായി കേട്ടിട്ടില്ല... അപ്രകാരം ഒരു ആരോപണവും ഉയർന്നില്ല... 

       സമൂഹത്തിന്റെ പലമേഘലകളിൽ നിന്നും പ്രേമം സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു കേട്ടു... അതിൽ ഒരു പ്രമുഖൻ ബഹു: കേരള ഡി. ജി. പി ആയിരുന്നു... സിനിമകളാണ് സമൂഹത്തിന്റെ ഗതിവികതികളെ നിയന്ത്രിക്കുന്നതെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്‌ അദ്ദേഹമെന്ന് തോന്നുന്നു... ദൃശ്യം സിനിമയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് പറഞ്ഞ് രംഗത്തു വന്ന ആളാണ്‌ അദ്ദേഹം... സീരിയലുകൾ കൊണ്ട് മലീമസ്സമായ ഈ സമൂഹത്തിലേക്ക് സിനിമകൾ സുഗന്ധം പരത്തിയിട്ട് എന്താണാവോ പ്രയോജനം എന്നും ചിന്തിച്ചു പോകും....

       കലാരൂപങ്ങളിലെ ആവിഷ്ക്കാരങ്ങളെ അപ്രകാരംതന്നെ കാണാനും വിലയിരുത്താനുമുള്ള വിവേകം പൊതുസമൂഹം കാട്ടണം... ഒരു സിനിമയുടെ കൊസ്റ്റുമു് ഒരു ആഘോഷത്തിന്റെ ഭാഗമാക്കിയാൽ എന്താണ് തെറ്റ്?? അപ്രകാരം ഒരു വേഷവിധാനത്തെ അനുകരിച്ചു എന്ന് കരുതി ആ കഥാപാത്രത്തിന്റെ മുഴുവൻ പ്രകൃതവും അനുകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് എന്തിനാണ്?? ഒരു സിനിമ ഒരു ചെറിയ കാലഘട്ടംകൊണ്ട് പ്രദർശന വിജയം നേടി മടങ്ങും... എന്നാൽ അതിനോട് ചേർത്തുവെച്ച് ഒരു തലമുറയെ പരിഹസ്സിച്ചാൽ ആ അപമാനം എന്നും നിലനിൽക്കും... അത് സിനിമയെ വിജയിപ്പിച്ച് മനുഷ്യനെ തോല്പ്പിക്കുന്നതുപോലെയാകും!!   

[['പ്രേമം' ഒരു നല്ല സിനിമയാണ്...........]]

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 28 July 2015

ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം വിടവാങ്ങി, ആദരാഞ്ജലികൾ.....


       എ പി ജെ അബ്ദുൾ കലാം ഈ ലോകം വിട്ടു പോയിരിക്കുന്നു... അദ്ദേഹം കൊളുത്തിവെച്ച ദീപം മാത്രം നമുക്ക് വഴികാട്ടിയായി ബാക്കി... ആശങ്ങൾ കൊണ്ടും, ജീവിതരീതികൊണ്ടും, ബുദ്ധിശക്തി കൊണ്ടും, പദവികൾ കൊണ്ടും, അറിവുകൊണ്ടും, അങ്ങീകാരങ്ങൾ കൊണ്ടും, ഇത്രയധികം മനുഷ്യ മനസ്സുകളെ കീഴ്പ്പെടുത്തിയ മറ്റൊരു വ്യക്തിത്വം സമീപകാല ലോകച്ചരിത്രത്തിലെങ്ങും തന്നെ ഉണ്ടാകില്ല... അദ്ദേഹത്തിൻറെ മഹത്വം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരുവനും അറിയാതെ മനസ്സിൽ വരുന്ന ഒരു അനുശോദന വിലാപമുണ്ട്... ഒരു അത്ഭുതമായി അദ്ദേഹത്തെ നോക്കിക്കാണുന്ന ദശകൊടികളിൽ ഒരുവനായ ഞാനും മനസ്സിന്റെ ആ വിലാപമാണ്‌ എടുത്തു കുറിക്കാൻ ശ്രമിക്കുന്നത്...

       അദ്ദേഹത്തിൻറെ മഹത്വത്തെക്കുറിച്ചും, പ്രതിഭയെക്കുറിച്ചും ആരും അനുശോദന പ്രസ്സങ്ങങ്ങളിൽ അധികം എടുത്തുപറഞ്ഞു കേട്ടില്ല... കാരണം അദ്ദേഹത്തോടുള്ള അനാദരവൊന്നുമല്ല; മറിച്ച് അദ്ദേഹത്തിൻറെ മഹത്വവും, പ്രതിഭയും ഈ ലോകത്ത് ആരെയാണ് പറഞ്ഞ് മനസ്സിലാക്കെണ്ടതായിട്ടുള്ളത് എന്നതു കൊണ്ടാണ്... ലോകത്തെ യുണിവേര്സ്സിറ്റികളെല്ലാം മത്സ്സരിച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റുകൾ നൽകിയത്... കാരണം അവിടെ അന്തസ്സും, അഭിമാനവും, യശസ്സും ഉയർന്നത് യുണിവേര്സ്സിറ്റികൾക്കാണ്... 

       ഇത്രയും വിനയാന്വിതനായ,, ലളിതമായി സംസ്സാരിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്ത മറ്റൊരു ബഹുമുഖ പ്രതിഭയെ ആർക്കെങ്കിലും പരിചയമുണ്ടോ?? ലോകത്തിന് പുതിയ ചിന്താശേഷിയും, ആശയങ്ങളും പകർന്നുതന്ന തികഞ്ഞ സമാധാനകാംഷിയായ ആ മഹാൻ തന്നെയാണ് നമ്മുടെ മിസ്സൈൽമാൻ എന്നും , പൊക്രാനിലെ അണുപരീക്ഷണത്തിന്റെ അമരക്കാരൻ എന്നും നമ്മുടെ ബഹിരാകാശ സ്വപ്നങ്ങളെ അഗ്നിചിറകിലേറ്റി പറത്തിയതെന്നും അറിയുമ്പോൾ വരാനിരിക്കുന്ന ഒരു തലമുറ തീർച്ചയായും അത്ഭുതം കൂറും... പക്ഷെ രാജ്യത്തിന്റെ സുരക്ഷിതത്വവും, സമാധാനവും നിലനിർത്തുന്നതിന് 'ആവനാഴിനിറയെ അസ്ത്രങ്ങൾ കൂടി ആവശ്യമാണെന്ന്' തിരിച്ചറിവുള്ള ഒരു രാഷ്ട്രതന്ത്രക്ഞൻ കൂടിയായിരുന്നു അദ്ദേഹം... 

       എപ്പോഴും അതിവിശിഷ്ട്ട വ്യക്തികൾക്കൊപ്പം പോലീസ്സും, പരിവാരങ്ങളും, സുരക്ഷാസന്നാഹങ്ങളും ഉണ്ടാകും... ശ്രീ അബ്ദുൾ കലാമിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്;; ഇദ്ദേഹത്തിനെന്തിനാ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി എന്ന്.... കാരണം മറ്റൊന്നുമല്ല, എത്ര കൊടും തീവ്രവാദിക്കു പോലും അദ്ദേഹത്തിനു നേരെ തോക്കുചൂണ്ടാനുള്ള മനോനില ഉണ്ടാകുമെന്ന് എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല..!! മറിച്ച് ആരെങ്കിലും അദ്ദേഹത്തെ ശത്രു ഭാവത്തിൽ കാണുന്നുണ്ടെങ്കിൽ നിസ്സംശയം പറയാം;; കാശ്മീർ മുതൽ കന്യാകുമാരി വരെ ഒറ്റ അഗ്നിയിൽ ദഹിക്കുന്നത് ആഗ്രഹിക്കുന്ന ദേശദ്രോഹി ആയിരിക്കുമത്... 

       ഒരു ജീവിതം എത്രത്തോളം മഹത്തരമായി ജീവിച്ചുതീർക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം... സ്വയം ഏറ്റവും ഉർജ്ജസ്വലനായി ജീവിച്ചു.. തന്റെ ഉർജ്ജം രാജ്യപുരോഗതിക്ക് വിനിയോഗിക്കുകയും, മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു... തന്റെ ജീവിതത്തിലെ മുഴുവൻ ശ്വാസ്സത്തിലും നന്മ സൂക്ഷിച്ചതിന്റെ പ്രതിഫലം ഈശ്വരൻ നൽകിയതാവാം;; കർമ്മ നിരതനായി നിന്നുകൊണ്ടുള്ള അനായാസ്സേന മരണം!! 

       ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാമിന് പകരംവെയ്ക്കാൻ ഇനി മറ്റൊന്ന് ഉണ്ടാകുമെന്ന് കരുതുകയേ വയ്യ... കാലം കൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കി നിൽക്കുന്നതിനു മാത്രമേ നമുക്കു കഴിയൂ... അദ്ദേഹം കണ്ട സ്വപ്‌നങ്ങൾ നിറവേറ്റാൻ നമ്മുടെ രാജ്യത്തിനാകട്ടെ... അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.......


[Rajesh Puliyanethu
 Advocate, Haripad]  

Wednesday, 24 June 2015

'പ്രേമം' ഒരു നല്ല സിനിമയാണ്...........


       "പ്രമം" സിനിമ കണ്ടു...  കണ്ടുകൊണ്ടിരിക്കുന്ന അത്രയും സമയം രസ്സിപ്പിക്കാൻ കഴിവുള്ള വളരെ നല്ല സിനിമ... നിവിൻ പൊളിക്കും സുഹൃത്തുക്കൾക്കും ഒപ്പം ശ്രദ്ധേയമായ പ്രകടനമാണ് പുതുമുഖ നായികമാർ കാഴ്ച്ച വെച്ചിരിക്കുന്നത്‌... പ്രത്യേകിച്ച് 'മലർ' എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച നടി... അവളുടെ സൌന്ദര്യത്തിന് ചിത്രത്തിന് വളരെയേറെ പ്രണയഭാവത്തെ സമ്മാനിക്കാൻ കഴിഞ്ഞു എന്ന് തോന്നുന്നു.... 

       പ്രേമം എന്നാ സിനിമ 'പ്രണയ' ത്തിൽ നിന്നും ഒരുപാട് ദൂരെയാണ് നിൽക്കുന്നത്... 'പ്രണയത്തിന്റെ' ചിത്രീകരണത്തെ പ്രേമം എന്നാ സിനിമയിലൂടെ കാണാൻ ആഗ്രഹിച്ച് തീയേറ്ററിൽ എത്തിയവരെ തൃപ്തിപ്പെടുത്തുന്നതിന് ചിത്രത്തിന് കഴിഞ്ഞോ എന്നത് സംശയമാണ്... ''ഒരു കൂട്ടം ഉല്ലാസ്സവാൻമാരായ ചെറുപ്പക്കാരുടെ കഥ ടീൻ ഏജ് മുതൽ പറഞ്ഞു തുടങ്ങുന്ന ഒരു സിനിമ'' എന്ന വിശദീകരണമാണ് ചിത്രം അർഹിക്കുന്നത്... പ്രേമവും അവിടെ സംഭവങ്ങളായി കടന്നു പോകുന്നു... സംഭവങ്ങളായി കടന്നു പോകുന്നു എന്ന പ്രയോഗത്തെക്കാൾ;; 'തമാശയായി' കടന്നു പോകുന്നു എന്നതാണ് ശരി.... പ്രണയത്തിന്റെ വരച്ചുകാട്ടലാണ് ''പ്രേമം'' എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടാത്തിടത്തോളം വിമർശനങ്ങൾക്ക് കാരണമില്ല....

       'മലർ' കടുത്ത ഹാങ്ങ്‌ ഓവർ ശ്രിഷ്ട്ടിക്കുന്നു, ഹോണ്ട് ചെയ്യുന്നു എന്നൊക്കെ അഭിപ്രായപ്പെട്ടവരും ഉണ്ട്... അവർക്ക് ആ സിനിമ കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ കഴിഞ്ഞു എന്ന് മാത്രം പറയുന്നു... മനസ്സിൽ പ്രണയത്തിന്റെ ആർദ്രത കുറവായിരിക്കുന്നതിനാലാകാം, അത്രയും ആസ്വാദനതലത്തിലേക്ക് എത്തിപ്പെടാൻ എനിക്ക് കഴിയാതെ പോയത്.... 

       നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുകയും വൻവിജയങ്ങൾ നേടുകയും ചെയ്യുന്നത് ആഹ്ലാദകരമായ വാർത്തയാണ്.... 'പ്രേമം' ഏതൊക്കെ തരത്തിൽ വിശകലം ചെയ്താലും ഒരു നല്ല സിനിമയാണ്... കാണാത്തവർ കാണുക..... 


[Rajesh Puliyanethu
 Advocate, Haripad] 

Friday, 5 June 2015

സമ്പന്നതയിലേക്കുള്ള യാത്രയുടെ തുടക്കമാകണം ദാരിദ്യം!!!!

        
       കുറച്ചു ദിവസ്സങ്ങൽക്കു മുൻപ് ഒരു യാത്രയിൽ കണ്ട കാഴ്ചയാണ് ഈ എഴുത്തിന് കാരണമായത്‌..സമകാലീന സാമൂഹിക ചിന്താഗതിയെ ബന്ധപ്പെടുത്തുന്നത് എന്ന് എടുത്തു പറയേണ്ടുന്ന ഒന്ന്.. 


       ഹരിപ്പാട്‌ നിന്നും കായംകുളം- കൃഷ്ണപുരം- പാവുമ്പ വഴി ഒരു യാത്ര ആവശ്യമായി വന്നു... സ്ഥലത്തിന്റെ പ്രാധാന്യമല്ല പ്രസക്തം... മറിച്ച് ഞാൻ അവിടെ കണ്ട ഒരു കാഴ്ചയാണ്... പാവുമ്പ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി പ്രധാന റോഡിലെ പാലം തകർന്നു കിടക്കുന്നു... പാലത്തിനു വളരെ താഴെയായി പുഴയിലെ ജലനിരപ്പിന് അൽപ്പം മാത്രം ഉയരത്തിൽ  ഗ്രാവൽ നിറച്ച് സമാന്തരമായി മറ്റൊരു വഴി രൂപപ്പെടുത്തിയിരിക്കുന്നു...



       ഞാൻ വാഹനത്തിൽ അവിടെ എത്തുമ്പോൾ ഏകദേശം പത്തു വാഹനങ്ങൾക്ക് പിന്നിലായാണ് സ്ഥാനം ലഭിച്ചത്.. രാവിലെ ഉണ്ടായ മഴയിൽ പാലത്തിനു സമാന്തരമായി ഉണ്ടാക്കിയിരിക്കുന്ന ഗ്രാവൽ പാതയിൽ മെരുക്കാൻ കഴിയാത്ത വഴുക്കൽ രൂപപ്പെട്ടിരിക്കുന്നു... സാധാരണ വാഹനങ്ങൾക്ക് ആ വഴുക്കലിനെ തരണം ചെയ്ത് അക്കരെ എത്തുക അസാദ്ധ്യമായിരുന്നു... വഴുക്കലിലേക്ക് വാഹനമിറക്കി ചക്രങ്ങൾ മാത്രം കറക്കി പരാജയപ്പെട്ട് തിരികെ Q വിൽ സ്ഥാനം പിടിച്ചിരിക്കുന്നവരാണ് മുൻനിരയിലെ രണ്ടു വാഹനങ്ങൾ.... 



       ഈ വാഹനനിരയിൽ മുൻപിൽ നിന്നും നാലാമതായി നിന്നിരുന്നത് ടൊയോട്ട ലാൻഡ്‌ ക്രുയിസ്സർ ഇനത്തിൽപ്പെട്ട ഒരു വാഹനമായിരുന്നു... പരാജിതർ തിരികെ കയറി നിൽക്കുന്നത് താൽക്കാലിക പാതയുടെ മുഖമടഞ്ഞ് ആയിരുന്നു... ആ ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരൻ വാഹനത്തിൽ നിന്നിറങ്ങി വാഹനനിരയിൽ മുന്പിലേക്കുചെന്ന്, മുൻപിൽ നിൽക്കുന്ന മാരുതിക്കാർ യാത്രികനോട് വാഹനം അല്പ്പം ഒതുക്കിത്തരണമെന്ന് ആവശ്യപ്പെട്ടു... പക്ഷെ വാഹനക്കാരൻ ആ അപേക്ഷ കേട്ടഭാവം പോലും നടിച്ചില്ല... ഏതാനും മിനിട്ടുകൾക്ക് ശേഷം അയാൾ തന്റെ അപേക്ഷ ആവർത്തിച്ചു... തികഞ്ഞ അസ്വസ്ഥഭാവവും, രോഷവും പ്രകടിപ്പിച്ചുകൊണ്ട് മാരുതിയിലെ ഡ്രൈവർ "ഇവിടെ നടക്കുന്നതൊന്നും തനിക്ക് കാണാൻ വയ്യേ" എന്ന് ചോദിച്ചു... നിങ്ങൾ ഒരല്പ്പം ഒതുക്കിത്തന്നാൽ മതി; ഞാൻ പൊയ്ക്കോളാം... എന്ന മട്ടായി ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരന്... പക്ഷെ കേട്ട ഭാവം നടിക്കുന്നതിനോ, അനുഭാവ സമീപനം സ്വീകരിക്കുന്നതിനൊ മാരുതി യാത്രക്കാരൻ തയ്യാറായില്ല... അത്ഭുതകരവും, നിന്ദ്യവുമായ അവസ്ഥ എന്നത്;; ആ നിരയിൽ നിന്ന യാത്രക്കാരെല്ലാം തന്നെ മാരുതി യാത്രക്കാരനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്നാണ്...



       എന്താണ് ആ മാരുതി ഉടമ ചിന്തിക്കുന്നത്..?? തനിക്ക് സാദ്ധ്യമാകാത്ത ഒരു സൌകര്യം മറ്റാർക്കും ലഭിക്കരുതെന്ന മനോഭാവമോ?? താരതമ്യേന വില കുറഞ്ഞ തന്റെ വാഹനത്തിന് കഴിയാത്തത് വിലകൂടിയ മറ്റൊരു വാഹനത്തിന്റെ ഉടമക്ക് കഴിയരുത്‌ എന്നതോ?? താൻ പ്രയത്നിച്ചു പരാജയപ്പെട്ടിടത്ത് മറ്റൊരുവാൻ വിജയം നേടുന്നതിലുള്ള അപഹർഷതയോ?? വളരെയേറെ വില കൂടിയ ഒരു വാഹനത്തിന്റെ ഉടമയോടുള്ള അസൂയയോ?? 



       ആ മാരുതി ഉടമയെ പിന്തുണച്ചവരുടെ മാനസ്സികനില എന്തായിരിക്കും?? ഒരു പരാജിതന്റെ മാനസ്സിക അവസ്ഥയോന്നും അവർക്കില്ല... സമ്പത്തും സൌകര്യവും ഉള്ളവനോട് സമൂഹം ആകമാനം വളർത്തിക്കൊണ്ടുവന്ന നിലപാടിന്റെ ബ്രഹിസ്സ്പ്പുരണമാണ് അവിടെ സംഭവിച്ചത്... സമൂഹത്തിൽ അത്തരം നിലപാടുകൾ തങ്ങളുടെ നേട്ടങ്ങൾക്കുവേണ്ടി രാഷ്ട്രീയ കക്ഷികൾ സൃഷ്ട്ടിച്ചു വളർത്തിയതാണെന്നു കൂടി ചേർത്തു പറയേണ്ടി വരും.. നിസ്സംശയം പറയാം; ആ ടൊയോട്ട ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരൻ ഒരു വിദേശി ആയിരുന്നെങ്കിൽ തീർച്ചയായും ആ മാരുതി യാത്രക്കാരാൻ വഴിമാറി നല്കിയേനേം..!! ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭാരതീയരായ സമ്പന്നരോടു മാത്രം വിദ്വേഷവും വിരോധവും പുലർത്താനാണ് ഇവിടുത്തെ സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌... വിദേശികളോട് അല്ല!! അപ്രകാരം വളർത്തിക്കൊണ്ടുവന്ന സാമൂഹികനിലയെ വേണ്ടതുപോലെ രാഷ്ട്രീയ കക്ഷികൾ ഉപയോഗിക്കുന്നു എന്നുള്ളതാണ് വസ്തുത... ജനമനസ്സിൽ വളർന്നു നിൽക്കുന്ന മാനസ്സിക നിലക്ക് അനുസൃതമായി വിഷയങ്ങളെ അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നതുകൊണ്ട് തങ്ങളുടെ നിലപാടുകൾക്ക് അന്ധമായ പൊതുജനപിന്തുണ ആർജ്ജിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നു...



       മുൻപ് വിവരിച്ച സംഭവം നിസ്സാരമെങ്കിലും, അതിനു പിന്നിലുള്ള മാനസ്സിക നിലയ്ക്ക് രാഷ്ട്രീയവും സാമൂഹീകവുമായ സ്വാധീനങ്ങളുണ്ട്... ചൂഷണം ചെയ്യുന്നവനെയും- ചെയ്യപ്പെടുന്നവനെയും, ജന്മിയും- അടിയാനെയും,  മുതലാളിയെയും- തൊഴിലാളിയും ഒക്കെ ചൂണ്ടിക്കാട്ടി സമ്പത്ത് ആർജ്ജിച്ചവൻ പാപിയാണ് എന്ന് പരക്കെ ചിന്തിക്കാൻ പഠിപ്പിച്ച്, തങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഏതൊരുവനു നേരെയും വാളെടുക്കാൻ തയ്യാറായ ഒരു ജനതയെ സജ്ജമാക്കി നിർത്തുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകാലങ്ങളിൽ ശ്രമിച്ചിട്ടുള്ളത്... മുതലാളിത്തത്തിന്റെ ലേബൽ പതിച്ചുകിട്ടിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സമ്പന്നതയെ പരസ്യമായി പിന്തുണയ്ക്കുന്നതിന് സാധ്യമല്ലാതെ വന്നു... അവർക്ക് വസ്തുതകളെ തരംതിരിച്ച് ചിന്തിപ്പിക്കുന്നതിനുള്ള ശേഷി പൊതുജനത്തിന് പകർന്നു നൽകുന്നതിനുള്ള ശേഷിയും ധൈര്യവും ഇല്ലാതെ പോയി... സമ്പത്ത് ആർജ്ജിച്ചവൻ പാപിയും ഹീനനും അല്ലെന്നും, സമ്പത്ത് ആർജ്ജിച്ച മാർഗ്ഗത്തിൽ ഹീനമായത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നും,, സമ്പത്തിന്റെ മറവിൽ രാജ്യതാൽപ്പര്യത്തിന് എതിരായോ, നിയമ വിരുദ്ധമായോ, എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും, തങ്ങൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടോ എന്നും പരിശോധിക്കാനുള്ള സൂഷ്മമായ ബുദ്ധിയാണ് തങ്ങൾക്ക് ഉണ്ടാകേണ്ടതെന്നുമുള്ള തിരിച്ചറിവ് ഇവിടെ പലർക്കും ലഭികാതെ പോയി... സമ്പത്ത് ആർജ്ജിക്കാൻ പഠിപ്പിക്കാതെയും, അതിനുള്ള വഴികൾ ഉപദേശിക്കാതെയും, ഇവിടുത്തെ സാധാരണക്കാരനെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ച വിവിധങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടാനുള്ള ആയുധങ്ങളാക്കി ഇവിടുത്തെ ദരിദ്രവിഭാഗത്തെ സജ്ജരാക്കി നിർത്തി... സമ്പത്ത് തങ്ങൾക്കും ആർജ്ജിക്കാനുള്ളതാണെന്ന വിജ്ഞാനം നൽകാതെ സമ്പന്നരെ ശത്രു ചേരിയിൽ നിരന്തരം ചൂണ്ടിക്കാട്ടി നൽകിക്കൊണ്ടിരുന്നു... ഇല്ലായ്മയെ മുതലെടുത്ത്‌ നേട്ടങ്ങൾ കൊയ്യാൻ രാഷ്ട്രീയ പാർട്ടികൾ കണ്ട അടവായിരുന്നു അതെന്ന് ഇവിടുത്തെ ജനത തിരിച്ചറിയാതെയും പോയി...   



       സമ്പന്നത ആർജ്ജിക്കാൻ വിദ്യാഭ്യാസ്സവും, ബുദ്ധിയും, പ്രായോഗിക ജ്ഞാനവും, ധൈര്യവും ഒക്കെക്കൊണ്ട്‌ സാധിക്കുമെന്നല്ല,, മറിച്ച് സമ്പന്നരെ നിരന്തരം പരാജയപ്പെടുത്തണമെന്നാണ് ഇവിടുത്തെ പ്രസ്ഥാനങ്ങൾ ബോധവൽക്കരിച്ചത്... സമ്പത്ത് ആർജ്ജിക്കാൻ ആവശ്യമായ ഉപകരണങ്ങളായ വിദ്യാഭ്യാസ്സവും, ബുദ്ധിയും, പ്രായോഗിക ജ്ഞാനവും, ധൈര്യവും പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് അവർ മന:പൂർവ്വം വിമുഖതയും കാട്ടി... അപ്രകാരം കെട്ടിപ്പൊക്കിയ മാനസ്സിക അവസ്ഥയിൽ നിൽക്കുന്നവരാണ് തന്റെ വാഹനം കടന്നു പോകാത്ത വഴിയിൽക്കൂടി; സാധ്യമാണെങ്കിലും ഒരു വിലകൂടിയ വാഹനം കടന്നു പോകണ്ട എന്ന് ശഠിക്കുന്നത്... അത് സമൂഹത്തിൽ ശക്തമായി വ്യാപിച്ചിരിക്കുന്നതിനാലാണ് വഴികൊടുക്കാൻ തയ്യാറാകാത്ത മാരുതി യാത്രക്കാരന് പിന്തുണ ലഭിച്ചത്... 


      സമ്പന്നതയുടെ പ്രതീകങ്ങൾ എന്ന് ലേബൽ പതിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട എന്തിനെല്ലാം നമ്മൾ വിലങ്ങായി നിന്നു!? ദരിദ്ര വിഭാഗത്തെ സമ്പന്നതയിലേക്ക് നടന്നടുക്കാൻ അനുവദിക്കാതെ 'ദരിദ്രർ' എന്ന തൂണിൽ സ്ഥിരമായി ബന്ധിച്ചതാര്??  ഒരു വിദേശ വ്യവസ്സായിയോട് ഇല്ലാത്ത വിരോധം എന്തിന് ഒരു ഭാരത വ്യവസ്സായിയോട് വെച്ചുപുലർത്തുന്നു?? അപ്രകാരം ഒരു ചിന്ത നമ്മളിൽ കുത്തിനിറയ്ക്കുന്നവരുടെ ഉദ്ദേശശുദ്ധി എന്ത്?? 


       മുതലാളി അവന്റെ ലാഭം തൊഴിലാളികൾക്ക് ഇടയിൽ വിതരണം ചെയ്യുന്നതിലെ "മൂലധന" ശാസ്ത്രപ്രകാരം ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... ചൂഷണത്തിന്റെയോ, തൊഴിൽ സൌകാര്യങ്ങളുടെയോ പേരിൽ ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... തൊഴിൽ അവകാശങ്ങളുടെ പേരിൽ  ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... പകരം അന്ധമായ ഒരു ശത്രുത പൊതുജനങ്ങൾക്കിടയിൽ സമ്പന്ന വർഗ്ഗത്തിനോടു നിലനിർത്തി, ആ വികാരത്തിന്റെ അടിസ്ഥാനത്തിലുള്ള മുതലെടുപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്... അതിന്റെ ലാഭം അളന്നു കൊണ്ടു പോകാൻ അവകാശികളുമുണ്ട്...


       സമ്പന്നത ആരുടെയും കുത്തകയല്ല.......
 നീ ദാരിദ്രനാണെന്നും, സമ്പന്നൻ നിന്റെ ശത്രു ആണെന്നും പറയുന്നവനോട് 'ഞാൻ ഇന്നു ദാരിദ്രനാണെന്നും, സമ്പന്നത എന്റെ ലക്ഷ്യമാണെന്നും പറയാനുള്ള തിരിച്ചറിവ് നമുക്ക് വേണം... സമ്പന്നനെ നശിപ്പിക്കാനല്ല എന്നെയും സമ്പന്നനാക്കാൻ നീ സഹായിക്കുകയാണ് വേണ്ടതെന്ന് പറയാനുള്ള ആർജ്ജവവും നമുക്കുണ്ടാകണം... വർഗ്ഗ സമരങ്ങൾ ദരിദ്ര വർഗ്ഗങ്ങളെ സംരക്ഷിക്കാനാണെന്ന് പറയപ്പെടുന്നു..  ദരിദ്ര വർഗ്ഗങ്ങളെ എന്നും ദരിദ്ര വർഗ്ഗങ്ങളായിത്തന്നെ സംരക്ഷിക്കാനാകരുത്... രാജ്യത്ത് ഒറ്റവർഗ്ഗം മതി എന്ന് ശഠിക്കുന്നവർ ആ വർഗ്ഗമായി ദരിദ്രവർഗ്ഗത്തെ തെരഞ്ഞെടുക്കരുത്.... അന്ധമായ വിരോധത്തിലും നല്ലത് ആർജ്ജിക്കാനുള്ള ആവേശമാണ്....

[Rajesh Puliyanethu
 Advocate, Haripad]  



[[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]]




Saturday, 2 May 2015

പൂന്താനവും ഒരു പേരല്ലേ??


      "പൂന്താനം"  ഈ നാമം മലയാളിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.. കൃഷ്ണഭക്ത്തനായ പൂന്തനത്തിനെ അല്ലാതെ മറ്റൊരുവനെ ആ നാമത്തിൽ പരിചയപ്പെട്ട അനുഭവവും നമുക്കാർക്കുംതന്നെ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... കേഴ്‌വിയിൽ അപാകതകൾ ഒന്നും തോന്നിക്കാത്ത ആ നാമം എന്തുണ്ട് മറ്റാരും അനുകരിച്ചില്ലാ?? 

     പരമസാത്വികനായ കറകളഞ്ഞ കൃഷ്ണ ഭക്തനായാണ് അദ്ദേഹത്തെ നമുക്ക് പരിചയം... നന്മ മാത്രം കൈമുതലായ വ്യക്തിത്വം.... പക്ഷെ എന്തുണ്ട് ആ പേര് മറ്റു മനുഷ്യർക്കിടയിലേക്ക് ആവർത്തിക്കപ്പെടാതെ പോയത്!? 

     കാരണം മറ്റൊന്നുമല്ല; പൂന്താനത്തിന്റെ ഭക്തി പൊതുജനം ആവശ്യപ്പെടുന്നതിലും അപ്പുറത്താണ് എന്നുള്ളത് കൊണ്ടാണ്....!! 

     പൂന്താനത്തോളം ഉള്ള ഭക്ത്തിയെ ഉള്ളിന്റെ ഉളളിൽ പരിഹാസ്സത്തോടെയാണ് മറ്റുള്ളവർ കാണുന്നത്....! അതാണ്‌ കാരണം... 

     ഹിന്ദുക്കളുടെ പൊതുവായ ഒരു   മാനസികനില ചർച്ച ചെയ്യുന്നതിനായി പൂന്താനത്തിന്റെ "പേര്" ഉപയോഗിച്ചുവന്നെ ഉള്ളൂ... 

     ഹിന്ദുക്കൾക്ക് മതത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള ഭക്തിയിലും വിശ്വാസ്സത്തിലും നാണവും, ലജ്ജയുമാണ്... എത്ര ഭക്തി വിശ്വാസ്സങ്ങൾ പറയുന്ന ഹിന്ദുവിന്റെ മനസ്സിലും ഭക്തിയും വിശ്വാസ്സവും പരിഹാസ്സകാരണങ്ങളാണ്.... ഒന്നുറക്കെ നാമം ജപിക്കാനും, ഒരു ചന്ദനക്കുറി തൊട്ട്‌ ജോലിസ്ഥലത്ത് പോകാനും അവന്‌ നാണമാണ്.... പത്താം ക്ലാസ് വരെ തികച്ചു പഠിച്ചവൻ ആണെങ്കിൽ പറയുകയും വേണ്ട.... ഈ നാണം എന്നത് ഹിന്ദുവിന്റെ മനോനിലയുടെ ബ്രഹിസ്പുരണ്‍മാണ്.. അതുതന്നെയാണ് ഹിന്ദുവിന്റെ പരാജയകാരണവും... 

     മറ്റേതൊരു മതവിശ്വാസിയും തങ്ങളുടെ മത ചിഹ്ന്നങ്ങളെ അന്തസ്സിന്റെയും, അഭിമാനത്തിന്റെയും പ്രതീകങ്ങളായി കൊണ്ടു നടക്കുമ്പോൾ ഹിന്ദു തന്റേതെല്ലാം നാണത്തോടെ മറച്ചു പിടിക്കുന്നു... 

     അത് അത്മാഭിമാനത്തിലും, വിശ്വാസ്സത്തിലും ഉള്ള ഹിന്ദുവിന്റെ ച്യുതിയാണ് വെളിവാക്കുന്നത്... തന്റെതായതെല്ലാം നഷ്ട്ടപ്പെട്ടു പോവുകയും, താൻ അപമാനിക്കപ്പെടുകയും ചെയ്തിട്ടും ഹിന്ദു ഒന്നായിനിന്നു പ്രതികരിക്കാൻ തയ്യാറാകുന്നില്ല... കാരണം മുൻപു പറഞ്ഞ വിധമായ നാണമാണ്... സ്വന്തം പിതാവിനെയും, ഗ്റിഹത്തെയും മറ്റൊരുവന് മുൻപിൽ ചൂണ്ടിക്കാണിക്കുംപോൾ ഒരുവന് ലജ്ജ തോന്നുന്നുവെങ്കിൽ മ്ലെശ്ചമായ ആ വികാരമാണ് ഹിന്ദുവിന്റെ നാണവും... അത് വെടിയും വരെ ഹിന്ദു ബലഹീനനായി തുടരും..... 

(Rajesh Puliyanethu 
 Advocate, Haripad)