കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ മുന്നേറ്റം ഉണ്ടായിരിക്കുന്നു... ശ്രീനാരായണീയരെ ഒന്നിപ്പിച്ചു നിർത്തി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷം നമ്പൂതിരി മുതൽ നായാടിയെ വരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശാല ഹിന്ദു ഐക്യം എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.... കേരള രാഷ്ട്രീയത്തിൽ അപ്രകാരമുള്ള ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ വിശദീകരണത്തിനു മുൻപുതന്നെ മറ്റു പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്...
എന്തുകൊണ്ട് ഇത്തരം ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു വഴിവെച്ചു?? കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിലുള്ള പങ്കെന്താണ്?? നിലവിലെ രാഷ്ട്രീയത്തിൽ പുതിയ പാർട്ടിക്കു സൃഷ്ട്ടിക്കാൻ കഴിയുന്ന ചലനങ്ങളും, ചേരിതിരിക്കലുകളും എന്തൊക്കെയാണ്?? പുതിയ പാർട്ടിയുടെ നേതൃത്വത്തെ എത്രത്തോളം പ്രവർത്തകരും, പൊതുജനവും അങ്ങീകരിക്കും?? വ്യക്തിനേട്ടങ്ങളെ എങ്ങനെ പൊതുജനം വിലയിരുത്തും?? ഹിന്ദുവിലെ മറ്റു ജാതീയ സംഘടനകൾ പുതിയ പാർട്ടിയെ എപ്രകാരം സമീപിക്കും?? രാഷ്ട്രീയത്തിന് അതീതമായി പുതിയ പാർട്ടിക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ എന്തൊക്കെയാണ്?? നിലവിലെ രാഷ്ട്രീയ പാർട്ടികൾ പുതിയ പാർട്ടിയെ ഏതൊക്കെ വിധത്തിൽ നേരിടാൻ സാദ്ധ്യതയുണ്ട്?? ബാഹ്യമായ ആക്രമണങ്ങളെ നേരിടുന്നതിൽ പുതിയ പാർട്ടി എത്രത്തോളം സജ്ജമാണ്?? മാധ്യമങ്ങൾ എന്തു സമീപനമാണ് പുതിയ പാർട്ടിയോട് സ്വീകരിക്കാൻ പോകുന്നത്?? ഇങ്ങനെ തുടരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതിനു ശേഷം മാത്രമാണ് പുതിയപാർട്ടിക്ക് കേരള രാഷ്ട്രീയത്തിലെ ഭാവികാല പ്രാധാന്യത്തെക്കുറിച്ച് വിലയിരുത്താൻ കഴിയുക....
ഒരു സുപ്രഭാതത്തിൽ വെറുതെ ഒരു രാഷ്ട്രീയ പാർട്ടി പൊട്ടിമുളക്കില്ല... അതിന് അനുസൃതമായ ഒരു അന്തരീക്ഷം സംജാതമായി വരേണ്ടതുണ്ട്... ഡൽഹിയിൽ ആം ആദ്മി പാർട്ടി ജനിച്ചത് അഴിമതിക്കെതിരെ ഉയർന്നു വന്ന പോതുജനവികാരത്തെയും, അണ്ണാഹസ്സാരയുടെ ജൻ ലോക്പാൽ ബില്ലുകൾക്കുവേണ്ടിയുള്ള സമരങ്ങൾ ഒരുക്കി നൽകിയ അനുകൂല അന്തരീക്ഷത്തെയും മുതലെടുത്തുകൊണ്ടാണ്... കേരളത്തിലും രാഷ്ട്രീയ SNDP മുളപോട്ടുന്നതിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്... അതിലേക്ക് സംഭാവനകൾ നൽകിയത് നിലവിലെ പ്രബല രാഷ്ട്രീയ കക്ഷികളായ കോണ്ഗ്രസ്സും, സി പി എം ഉം ആണെന്ന് നിസ്സംശയം പറയാം...
ഇടതു- വലതു കക്ഷികൾ ഹിന്ദു ഇതര ന്യൂനപക്ഷ പ്രീണനങ്ങളിൽക്കൂടി തങ്ങളുടെ വോട്ടുബാങ്കുകൾ ഉറപ്പിച്ചുനിർത്തുന്ന നയം ഇവിടെ വിജയകരമായി നടപ്പിലാക്കി വന്നിരുന്നു... ഇവിടുത്തെ ഹിന്ദു സമൂഹം,, പ്രത്യേകിച്ച് ഭൂരിപക്ഷ സമൂഹം അതിൽ തീർത്തും അസ്വസ്ഥരായിരുന്നു... പക്ഷെ അതിനെതിരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതികരിക്കുന്നതിനുള്ള ആർജ്ജവം അവർ കാട്ടിയിരുന്നുമില്ല... കാരണങ്ങൾ പലതായിരുന്നു... അസ്വസ്ഥരായ ഭൂരിപക്ഷ സമൂഹം ആയിരുന്നെങ്കിൽക്കൂടി അവർ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.. തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ അന്ധമായി പിന്തുണച്ചുകൊണ്ട് അവർ നിലകൊണ്ടു... രാഷ്ട്രീയ വീക്ഷണം ഉള്ളവരും,, ഇല്ലാത്തവരുമായ സാധാരണ വോട്ടർമാർക്ക് തങ്ങളുടെ പ്രതിഷേധത്തെ സ്വകാര്യ സംഭാഷണങ്ങൾക്ക് അപ്പുറത്തേക്ക് വികസ്സിപ്പിക്കുന്നതിനുള്ള കർമ്മശേഷിയും ഉണ്ടായിരുന്നില്ല... മറ്റൊരു കാരണമെന്നത് ഹിന്ദു ആവശ്യപ്പെടുന്ന ഏതൊരു അവകാശവും വർഗ്ഗീയതയായി ചിത്രീകരിച്ച് കടന്നാക്രമിച്ച് പരാജയപ്പെടുത്തുന്ന പൊതു അടവുനയം ഇവിടെ പ്രവർത്തനക്ഷമമാണെന്നതാണ്... ഹിന്ദു പൊതുസമൂഹം തങ്ങളുടെതായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ ഇടതു- വലതു കക്ഷികൾക്കുള്ള ന്യൂനപക്ഷ പ്രീണനകാരണങ്ങളാക്കി പരിവർത്തനപ്പെടുത്താനുള്ള പ്രാവീണ്യം ഇവിടുത്തെ രാഷ്ട്രീയകക്ഷികൾക്കുണ്ടായിരുന്നു... ഹിന്ദു പൊതുസമൂഹം മുന്നോട്ടു വെയ്ക്കുന്ന ഒരു ആവശ്യത്തെ എതിർത്തുകൊണ്ട് ക്രിസ്ത്യൻ- മുസ്ലീം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാനും അതുവഴി 'ഞങ്ങൾ നിങ്ങൾക്കുവേണ്ടി' എന്ന തോന്നൽ ജനിപ്പിച്ച് അവരെ ഒന്നിപ്പിച്ചു നിർത്തുന്നതിനും കഴിഞ്ഞു... ഒപ്പം ഹിന്ദു സമൂഹത്തിലെതന്നെ പിന്നോക്കക്കാരെ "സംവരണം" എന്ന ഒറ്റ തുരുപ്പുചീട്ടിൽ വെട്ടി ഭൂരിപക്ഷ ഹിന്ദു ഐക്യത്തിൽ നിന്നും അകറ്റി നിർത്തുന്നതിനും അവർക്ക് കഴിഞ്ഞു... കൊണ്ഗ്രെസ്സ് പാർട്ടി മുസ്ലീം ലീഗ് പോലെ പേരിൽപ്പോലും മതം പേറിനടക്കുന്ന കക്ഷിയെയും,, കേരളാ കൊണ്ഗ്രെസ്സ് എന്നാ ക്രിസ്ത്യൻ വക്ത്താക്കളെയും ഇരുചുമലുകളിലും പേറി നടന്നിരുന്നു വെങ്കിലും തങ്ങൾ ഏറ്റവും വലിയ മതെതരപാർട്ടിയെന്നു മേനി നടിക്കുന്നതിൽ വിജയിച്ചിരുന്നു... മഹാത്മാ ഗാന്ധിയുടെ മതേതര ആശയങ്ങളുടെ നേരവകാശികൾ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിച്ച് അവർ നിലപാടുകൾക്ക് ഒരു നേർത്ത മൂടുപടം ധരിപ്പിച്ചു...
ഈ വസ്തുതകൾ കാലങ്ങളായി നിലനിൽക്കെ പെട്ടന്നൊരു ദിവസ്സം വിശാല ഹിന്ദുഐക്യത്തെ മുൻനിർത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി എന്താണെന്നതും ഒരു ചോദ്യമാണ്... അതിൽ പ്രധാനകാരണം ശ്രീ നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന ബിജെപി രാജ്യമൊട്ടാകെ നടത്തിയ വലിയ മുന്നേറ്റമാണ്.... അഴിമതിയിൽ മുങ്ങിനിന്ന കൊണ്ഗ്രെസ്സ് പാർട്ടിക്കെതിരെകണ്ട മുന്നേറ്റത്തിന്റെ ചലനങ്ങൾ കേരളത്തിലും ഉണ്ടെന്നതാണ്.... ഹിന്ദുവിന്റെ ആവശ്യങ്ങൾക്ക് അനുഭാവപൂർവ്വം നിലപാടുകളെടുക്കുന്ന ഒരു കേന്ദ്രഭരണത്തിനൊപ്പം നിൽക്കുന്ന ഒന്നിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലും ഉണ്ടെന്നുള്ളതിന്റെ പ്രതിധ്വനികൂടിയാണത്... കാലാകാലങ്ങളിൽ കണ്ടുവന്ന ക്രിസ്ത്യൻ- മുസ്ലീം പ്രീണന നടപടികളിൽ രോഷം കൊണ്ടുനിന്ന ഹിന്ദു സമൂഹത്തിൽ പൊതുവായി ഉണ്ടായ എതിർ വികാരപ്രകടനം കൂടിയാണ് രാഷ്ട്രീയ SNDP...
പൊടുന്നനെ ഈ രാഷ്ട്രീയമുന്നെറ്റത്തിന് മരുന്നുനിറച്ചത് സിപിഎം ആണെന്നതിൽ തർക്കം ആർക്കുമുണ്ടാകുമെന്നു കരുതുന്നില്ല.... ഹിന്ദു ഹിന്ദുവിന്റെതായും,, തങ്ങളുടെ അഭിമാനമായും കൊണ്ടുനടന്നതിലേക്ക് അഹങ്കാരപൂർവ്വവും, ധാര്ഷ്ട്യ മനോഭാവത്തുകൂടിയും സിപിഎം നടത്തിയ കടന്നുകയറ്റങ്ങൾ ഇവിടുത്തെ അഭിമാനമുള്ള ഹിന്ദു വിഭാഗത്തിന്റെ ക്ഷമയുടെ അവസ്സാനകണികയെയും നശിപ്പിച്ചു... ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള സംഘാടക പാർട്ടിയായി ഇവിടെ ഒരു ഇടതുപക്ഷ അനുഭാവിപോലും സിപിഎം നെ കാണുന്നില്ല... [[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]] ആ പാർട്ടിയിൽ വിശ്വസ്സിക്കുന്നവർ പോലും ശ്രീകൃഷ്ണ ജയന്തിപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല സിപിഎം ന് ഉള്ളതായി കരുതുന്നില്ല... പാർട്ടിയുടെ അവർ പാടി നടക്കുന്ന പ്രത്യയശാസ്ത്രത്തിൽ നിന്നുപോലും വ്യതിചലിച്ച് ഹിന്ദുവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയത് കരുതിക്കൂട്ടിയ ഒരു ആക്രമണമായെ പൊതു ഹിന്ദു സമൂഹം കണ്ടുള്ളൂ... അതിനെതിരെ നിലനിന്ന പൊതുവികാരം രാഷ്ട്രീയ SNDP ക്ക് രൂപം നൽകുന്നതിനുള്ള അനുകൂല ഘടകമായി അതിന്റെ അണിയറശിൽപ്പികൾ കരുതിയിരിക്കണം...
ശ്രീ വെള്ളാപ്പള്ളി നടേശൻ ബി ജെ പി മുൻപ് അധികാരത്തിൽ ഇരുന്നപ്പോൾത്തന്നെ ആ പാർട്ടിയോട് മൃദു സമീപനം പുലർത്തിയിരുന്നു... ശ്രീ നരേന്ദ്രമോഡിയോട് വളരെ ചെറിയരീതിയിൽ അദ്ദേഹം നടത്തിയിരുന്ന സൌഹൃദ സമീപനങ്ങളെ വളരെ രൂക്ഷമായ ഭാഷയിൽ സിപിഎം വിമർശിച്ചത് അദ്ദേഹത്തിൻറെ നിലപാടുകൾക് കൂടുതൽ ജനശ്രദ്ധയെ നേടിക്കൊടുക്കുന്നതിന് കാരണമായി... മൊഴിയും മറുമോഴിയുമായി ഇരുവരും മുന്നോട്ടു പോവുകയും അതിന് കേരളത്തിലെ രാഷ്ട്രീയ- മത- സാമുദായിക- സാമ്പത്തിക- അവസ്സരവാദ പത്ര- ദൃശ്യ മാധ്യമങ്ങൾ നിറങ്ങളും നൽകിയതോടെ ചേരിതിരിവുകൾ സ്പഷ്ട്ടമായി... ഹിന്ദുവിൽ നിന്നും ആചാര്യൻമാരെയും,, ആഘോഷങ്ങളെയും,, വിശ്വാസ്സങ്ങളെയും പറിച്ചെടുത്ത് പൊതുവഴിയിൽ വലിച്ചെറിയണമെന്ന സിപിഎം ന്റെ അജണ്ട ശ്രീനാരായണ ഗുരുദേവനിലേക്കുകൂടി വ്യാപിപ്പിച്ചപ്പോൾ ബഹുഭൂരിപക്ഷം വരുന്ന ശ്രീ നാരായണീയരാൽ നിലനിൽക്കുന്ന സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽത്തന്നെ വിള്ളലുകൾക്ക് കാരണമായി.... ഹിന്ദു പരിപാവനമായി ശ്രീകോവിലിൽ പ്രതിഷ്ട്ടിച്ചു പൂജിക്കുന്ന വിഗ്രഹങ്ങളെ പോതുവഴിയിലെ അലങ്കാരശിലകളാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന തിരിച്ചറിവ് രാഷ്ട്രീയ SNDP ക്ക് അനുകൂലമായ രംഗവേദി ഒരുക്കി....
വെള്ളാപ്പള്ളിയെ വിമർശിക്കുക എന്ന വ്യാജേന ഗുരുദേവനെ ആക്രമിച്ച് ജനമദ്ധ്യത്തിൽ അവഹേളിക്കുക എന്ന സിപിഎം നയം അവരെത്തന്നെ തിരിഞ്ഞു കൊത്തിയ അവസ്ഥയായി.... മതേതര ചിന്തയുടെ ബ്രാൻഡ് അംബാസിഡർ ആക്കി ചിത്രീകരിച്ചു;; ഈഴവ സമൂഹത്തിന്റെയും,, ഹിന്ദു സമൂഹത്തിന്റെയും ശ്രേഷ്ഠ സന്യാസി വര്യൻ എന്ന പരിപാവനപദവിയിൽ നിന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവന്ന് തെരുവിൽ പിന്നീട് ഉപേക്ഷിച്ച് അദ്ദേഹത്തിൻറെ സാമൂഹികമായ പ്രസക്തിയും,, അദ്ദേഹത്തിൻറെ പേരിലും ചിന്തയിലും ഊന്നി നിൽക്കുന്ന ഒരു സമൂഹത്തെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്.... അതുവഴി സിപി എമ്മിന്റെ പ്രധാന ശക്തിയായ ഈഴവ സമൂഹത്തിൽനിന്നും ഒറ്റശക്തിയായി ഉണ്ടായേക്കാവുന്ന വിമർശനശബ്ദങ്ങളെ എല്ലാതാക്കാമെന്ന് അവർ കരുതി... പക്ഷെ ഗുരുദേവനെ പ്രകീർത്തിച്ചു കൊണ്ട് മറുകൈയ്യാൽ അപമാനിക്കാൻ ശ്രമിച്ച സിപിഎം മറന്നുപോയ ചിലതുണ്ട്... ഗുരുദേവൻ ലോകത്തിന് സാമൂഹ്യപരിഷ്ക്കർത്താവും,, ചിന്തകനും,, ശ്രേഷ്ഠ സന്യാസി വര്യനും ആണെങ്കിൽ ശ്രീനാരായണീയർക്ക് അദ്ദേഹം ദൈവമാണ്... ശ്രീനരായണീയ ക്ഷേത്രങ്ങളിൽ ആരതിയുഴിഞ്ഞ് പൂജാകർമ്മങ്ങളൊടെയാണ് അവർ പരിപാലിക്കുന്നത്... കഴിഞ്ഞകാല ഭാരതചരിത്രത്തിലെ പല സാമൂഹിക പരിഷ്ക്കർത്താക്കൾക്കിടയിൽ ഒരുവനായി മാത്രം അദ്ദേഹത്തെ ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടാക്കുന്ന വൈകാരികമായ അവസ്ഥ സിപിഎം അവഗണിച്ചു,, സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പ്രതിഷ്ട്ടിച്ചത് ശിവലിംഗം ആയിരുന്നു... ശിവൻ ഹിന്ദു ദൈവം ആണെന്നതിൽ സിപിഎം നു തർക്കമുണ്ടോ എന്നെനിക്കറിയില്ല...!! ഈഴവശിവനെയാണ് ഞാൻ പ്രതിഷ്ട്ടിച്ചതെന്നു സധൈര്യം പറഞ്ഞ അദ്ദേഹം ഇഴവന്റെയും, ഹിന്ദുവിന്റെയും സ്വത്താണ്... അദ്ദേഹം കൊളുത്തിയ ദീപത്തിന്റെ പ്രകാശം മാത്രമാണ് ലോകത്തിന് മുഴുവൻ അവകാശപ്പെടാൻ കഴിയുന്നത്...
ഇപ്രകാരം ഒരു രാഷ്ട്രീയ- സാമുദായിക- ജാതീയമായ അവസ്ഥ സംജാതമായപ്പോൾ കൊണ്ഗ്രെസ്സ് പാർട്ടി തികഞ്ഞ കൌശലത്തോടെ തങ്ങളുടെ പാടവം കാട്ടി... സിപിഎം- എസ് ൻ ഡി പി തർക്കങ്ങളിൽ ഒരു ചിത്രം തെളിയാൻ അവർ കാത്തിരുന്നു... പുതിയ രാഷ്ട്രീയ ഉദയത്തിൽ പ്രത്യക്ഷമായതും, ഉടനടി ഉണ്ടായെക്കാവുന്നതുമായ ഒരു പ്രത്യാഘാതം തങ്ങൾക്കില്ല എന്നും അവർ കണക്കുകൂട്ടുന്നു... രാഷ്ട്രീയ SNDP യുടെ ഉദയത്തിന് ക്രിസ്ത്യൻ- മുസ്ലീം പ്രീണനം കാരണമാകുന്നതിലും ശക്തമായത് ഹിന്ദുവിനെതിരെ സി പി എം നടത്തിയ ആക്രമണങ്ങളാണ്...
ഭാരതമൊട്ടാകെ അലയടിക്കുന്ന ബിജെപി തരംഗത്തിനോപ്പമാണ് രാഷ്ട്രീയ SNDP നിലകൊള്ളുന്നത് എന്ന് വിശ്വസ്സിക്കാം... കേരളത്തിൽ ഉടനടി ഉണ്ടായേക്കാവുന്ന ഒരു മുന്നേറ്റം നിലവിലെ ബിജെപി നേതൃത്വത്തെക്കൊണ്ട് സാധിക്കില്ല എന്ന ബോധ്യം പൊതുസമൂഹത്തിനും, പാർട്ടിക്കുതന്നെയുമുണ്ട്... മുന്നണി സംവിധാനത്തിന്റെ കുറവാണ് തങ്ങളുടെ മുന്നേറ്റത്തിനു തടസ്സമെന്ന് കരുതുന്ന നേതൃത്വം രാഷ്ട്രീയ SNDPക്ക് പിറവിക്കുമുന്പേ പിന്തുണ നൽകി... SNDP യെ RSS പാളയത്തിൽ കൊണ്ടുചെന്നു കെട്ടി എന്ന് എതിർ ചേരി ഉയർത്തുന്ന വിമർശനങ്ങൾ പോലെതന്നെ BJP യെ SNDPയുടെ ആലയത്തിൽ അടിമയിരുത്തി എന്ന് വിമർശിക്കുന്ന BJP പ്രവർത്തകരും ഉണ്ട്.... നിലവിലെ ഭരണ- പ്രതിപക്ഷ പാർട്ടികളിൽ മനം മടുത്ത പൊതുജനത്തിന് BJP യെ ശക്ത്തിപ്പെടുത്താൻ കഴിയുന്ന പ്രസ്ഥാനമായി രാഷ്ട്രീയ SNDP യെയും,, തങ്ങൾക്ക് ശക്തിവർധിപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായിരാഷ്ട്രീയ SNDP യെ ശ്രീനാരായണീയരും നോക്കിക്കാണുന്നു...
ഇതര ഹിന്ദു പ്രസ്ഥാനങ്ങളുടെ പിന്തുണ എന്നത് രാഷ്ട്രീയ SNDP ക്ക് നിർണ്ണായകമാണ്.. ഒരു ചെറിയ ഘടക കക്ഷിയായി ഏതെങ്കിലും മുന്നണിയിൽ നിൽക്കുക എന്ന ചെറിയ ലക്ഷ്യത്തിലാണ് അവരെങ്കിൽ അത് അത്രകണ്ട് പ്രസക്തവുമല്ല.... വിശാല ഹിന്ദു ഐക്യം ഒരു നടക്കാത്ത മനോഹര സ്വപ്നമാകാനാണ് സാദ്ധ്യത ഏറെയും!! സവർണ്ണ വിഭാഗത്തെ SNDP യുടെ നേതൃത്വത്തിൻ കീഴിലേക്ക് കൊണ്ടുവരിക ശ്രമകരമാണ്... ജാതീയ സംവരണത്തെ മാറ്റിനിർത്തി സാമ്പത്തികസംവരണം ആവശ്യപ്പെടുന്ന സവർണ്ണ വിഭാഗങ്ങളുടെയും,, ജാതീയ സംവരണം നിലനിർത്തണമെന്ന് പറയുന്ന നിലവിലെ സംവരണ വിഭാഗങ്ങളുടെയും വിയോജിപ്പുകളെ അതിജീവിച്ച് അവരെ രാഷ്ട്രീയമായി ഒന്നിപ്പിച്ചുനിർത്തുക എന്നത് കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്നതിനു സമമാണ്...
ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാൽ തങ്ങൾക്ക് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ നഷ്ട്ടങ്ങളെ നിലവിലെ ഇരുമുന്നണികളും ഭയക്കുന്നുണ്ടെന്ന് വേണം കരുതാൻ... അതിനായി രാഷ്ട്രീയമായും, അല്ലാതെയും രാഷ്ട്രീയ SNDPയെ അവർ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു.... BJP യുടെ ഒരു ശക്തമായ ഘടകകക്ഷിയായി രാഷ്ട്രീയ SNDP മാറുമോ എന്നും അതുവഴി BJP ക്ക് കേരളത്തിൽ ശക്തമായ വേരോട്ടം ഉണ്ടാകുമോ എന്നും അവർ ഭയക്കുന്നു... അതല്ല രാഷ്ട്രീയ SNDP ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി വളർന്നാൽ ഇരുമുന്നണികളോടും വിലപേശത്തക്ക ശക്ത്തി അവർക്കുണ്ടാകുമോ എന്നും അവർ ആശങ്കപ്പെടുന്നു.... അതിനാൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തെ തകർക്കാൻ അവർ കൈ കോർത്തിരിക്കുകയാണെന്നു വേണം കരുതാൻ.... ഒത്തുതീർപ്പ് സമരങ്ങളിൽക്കൂടി നല്ല ബന്ധം സൂക്ഷിക്കുന്ന ഇവിടുത്തെ ഭരണ- പ്രതിപക്ഷ പാർട്ടികൾക്ക് അതിന് അധികം ബുദ്ധിമുട്ടെണ്ടിയും വന്നില്ല...
രാഷ്ട്രീയപരമായി ഇല്ലാതാക്കുന്നതിന് പകരം ഫാസിസ്റ്റ് സമീപനത്തിൽക്കൂടി രാഷ്ട്രീയ SNDP യെ ഇല്ലാതാക്കാൻ ഇടതു- വലതു പക്ഷങ്ങൾ തീരുമാനിച്ചതിന്റെ പ്രതിഭലനമാണ് അടുത്തായി കണ്ട ചില ആരോപണങ്ങൾ... സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണത്തിൽ ഇടതു- വലതന്മാരുടെ ദുഃഖകടൽ ഇപ്പോഴാണ് അണപോട്ടിയത്..! ഇത്രയും നാൾ വെള്ളാപ്പള്ളിക്കെതിരെ എന്തുകൊണ്ട് ഇപ്രകാരം ഒരു കൊലപാതകക്കുറ്റം ആരോപിച്ചുകൊണ്ട് ഇവർ രംഗത്തുവന്നില്ല?? ഇത്രയും നാൾ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിയെ തിരിച്ചറിയാമായിരുന്നുവെങ്കിൽ പൊതിജനസമക്ഷം എന്തുകൊണ്ട് അവർ അത് മറച്ചുവെച്ചു?? കേരളത്തിൽ നടന്ന ഏതൊക്കെ കൊലപാതകങ്ങളുടെയും,, കുറ്റക്രിത്യങ്ങളുടെയും നിജസ്ഥിതി ഇവർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറച്ചു വച്ചിട്ടുണ്ട്?? ഇവിടെ ജനങ്ങൾക്ക് മുൻപിൽ ഉത്തരവാദിത്വം നിർവഹിക്കാതെ വലിയതെറ്റു ചെയ്തത് ഇടതു- വലതന്മാരല്ലെ?? ചേളന്നൂർ മൌലപിയുടെ മരണരഹസ്യവും ഇടതു-വലതന്മാർക്ക് അറിയാമോ?? ആരെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള വസ്തുവായാണ് അത് സൂക്ഷിച്ചിരിക്കുന്നത് എന്നു കൂടി ഈ അവസ്സരത്തിൽ വെളിപ്പെടുത്താനുള്ള മാന്യത ഇക്കൂട്ടർ കാട്ടണം....
ഇടതു- വലതന്മാർ ഒന്നിച്ചുനിന്നുകൊണ്ട് രാഷ്ട്രീയ SNDP യെ ഇല്ലായ്മചെയ്യാൻ തീരുമാനിച്ചതോടെ മാധ്യമങ്ങളുടെ പിന്തുണയും പുതിയപാർട്ടിക്ക് ഉണ്ടാകുമെന്ന് കരുതാൻ കഴിയില്ല... ഇവിടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് പൊതുജനം മനസ്സിലാക്കുന്നുണ്ടെങ്കിലും ദ്രിശ്യ- പത്ര മാധ്യമങ്ങൾ നടത്തുന്ന പ്രചാരവേല സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതാണെന്ന് കരുതാൻ കഴിയില്ല... വെള്ളാപ്പള്ളിയുടെയും,, തുഷാറിന്റെയും പുറകെ അവർ ക്യാമറയും തൂക്കി ഇറങ്ങിക്കഴിഞ്ഞു.... വെള്ളാപ്പള്ളിയുടെ മുൻകാല വൈരികൾക്കൂടി എതിർചേരിയിൽ അവസ്സരത്തെ പ്രയോജനപ്പെടുത്തി അണിനിരക്കുമ്പോൾ രാഷ്ട്രീയ SNDPയുടെ പ്രവർത്തനം ദുഷ്ക്കരമാകും...
മാറ്റത്തിന് കേരളജനത കാത്തിരിക്കുകയാണ്... ജാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഒരു മുന്നേറ്റത്തെ ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ പരിഹസ്സിക്കുകയും,, വിമർശിക്കുകയും ചെയ്യുന്നുണ്ട്... അതെസ്സമയംതന്നെ പ്രമുഘ രാഷ്ട്രീയ കക്ഷികൾ എല്ലാം ജാതി പറഞ്ഞു കൊണ്ട് പിറക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളോട് രാജ്യത്തിന്റെ പലഭാഗങ്ങളിലായി ബാന്ധവം ഉറപ്പിച്ചിട്ടുമുണ്ട്... കേരളജനതയെ ഇപ്പോഴും അതേ ജാതി- മത രാഷ്ട്രീയത്തിന്റെ അയിത്തം പറഞ്ഞു വിശ്വസ്സിപ്പിച്ച്,, പ്രബുധതയുടെ പൊന്നാടയുമണിയിച്ച് നിർജ്ജീവമാക്കി നിർത്തുന്നതിനു കഴിയുന്നുമുണ്ട് എന്നതാണ് അത്ഭുതകരം....
വിളക്കിൻറെ വിശുദ്ധിയെ ഹറാമായി കാണുന്നവനും,, അപ്രകാരം കാണുന്നവന്റെ പ്രീതിക്കായി അതേ വിളക്കിന്റെ മകുടം തച്ചുടക്കുന്നതിന് കൂടവും ഓങ്ങി നിൽക്കുന്ന രാഷ്ട്രീയ വിടുവേലക്കാർക്കും രാഷ്ട്രീയ SNDP ഒരു മുന്നറിയിപ്പാകട്ടെ എന്ന് ആഗ്രഹിക്കുന്നു.....
[Rajesh Puliyanethu
Advocate, Haripad]