Wednesday, 10 July 2013

ഹർത്താൽ വിജയഗാഥകൾ അവസ്സാനിക്കുന്നതേ ഇല്ല......!!!


        എന്ത് സംഭവം നാട്ടിൽ അരങ്ങേറി എന്ന് കേട്ടാലും ഉടനെ ഒരു മലയാളിയുടെ നാവ് അറിയാതെ ചോദിച്ചു പോകും "നാളെ ഇനി ഹർത്താലോ മറ്റോ ആണോ"?? നമ്മുടെ നാട് ഹർത്താലുകളോട് അത്രയ്ക്ക് ബന്ധപ്പെട്ട് കിടക്കുന്നു.. പ്രാദേശികമായും, സംസ്ഥാനതലത്തിലും, ദേശീയമായും നമ്മൾ വളരെ അധികം ഹർത്താലുകൾ കാണുന്നു..

       മുൻപൊക്കെ നാട്ടിൽ ദു:ഖകരമായ ഒരു സംഭവത്തിനോട് അനുബന്ധിച്ചായിരുന്നു ഹർത്താലുകൾ എന്നായിരുന്നു പൊതുവേയുള്ള ഒരു ധാരണ.. നാട്ടിൽ ഒരു പ്രമുഖ വ്യക്തിയുടെ മരണമുണ്ടാകുക, ഒരു തീപിടുത്തമോ, നാശനഷ്ടമോ അങ്ങനെ ഉള്ള ദു:ഖകരമായ ഒന്നിന് കടകൾ ആടച്ചിട്ടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയും ദു:ഖം ആചരിക്കുക എന്നതായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.. അതിനാൽതന്നെ അക്രമം എന്നത് ഹർത്താലിന്റെ ഭാഗമായി വിരളമായിമാത്രം കണ്ടുവരുന്ന ഒന്നായിരുന്നു.. ഹർത്താലുകൾ പൊതുജനങ്ങളിൽ വെറുപ്പുളവാക്കുന്ന ഒന്നായിരുന്നില്ല എന്നും കാണാമായിരുന്നു..

       വാശിയും, ആവേശവും, പ്രതിഷേധവും, രോഷവും എല്ലാം ചേര്ന്ന കലാരൂപം 'ബന്ദ്' എന്നാ പേരിലായിരുന്നു അവതരിപ്പിക്കപ്പെട്ടിരുന്നത്.. ബന്ദിന് ആഹ്വാനം നൽകുന്നവരുടെ ശക്തി, സ്വാധീനം എന്നിവ ബന്ദിന്റെ  കാരണത്തേക്കാളേറെ അതിന്റെ വിജയത്തിൽ പ്രവർത്തിക്കുന്നതായി കാണാം.. ഹൈക്കോടതി ബന്ദ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ബന്ദ്‌ ഹർത്താലിൽ ലയിച്ച് ഹർത്താൽ മാത്രമായി. ബന്ദിന്റെ എല്ലാ ചടുലതയും അൽപ്പം പോലും കുറയാതെ ഹർത്താലിലേക്ക് ആവാഹിക്കാൻ ബന്ദ് നാടത്തിപ്പുകാർ ആത്മാർഥമായി തന്നെ ശ്രമിച്ചു..

       ഹർത്താൽ ആഹ്വാനങ്ങൾ വളരെ അധികമായപ്പോൾ ഹർത്താലുകളുടെ ആവശ്യകതയെതന്നെ ജനങ്ങൾ ചോദ്യം ചെയ്തു തുടങ്ങി.. ഒരു ഹർത്താലിൽ ബുദ്ധിമുട്ട് അനുഭവിച്ച ഒരുവൻ ഹർത്താലിനെതിരെ ചിന്തിക്കുന്നത് സ്വോഭാവികം മാത്രം.. കോടതികൾ വരെ ഹർത്താലുകൾക്ക് എതിരെ അഭിപ്രായങ്ങൾ പറയുന്ന സ്ഥിതിവിശേഷം സംജാതമായി.. ഭാരതം പോലെ ഒരു ജനാധപത്യ രാജ്യത്ത് ഹർത്താലുകൾ നിരോധിക്കുന്നതിലെ പ്രായോഗികതയും, പ്രതിഷേധിക്കുന്നതിനുള്ള അവകാശത്തിന്റെ സീമകളും എല്ലാം ചർച്ച ചെയ്യപ്പെട്ടു..

       രാജ്യത്ത് ജനതയ്ക്ക് അപ്രീയമായത് ഒന്ന് തീരുമാനിക്കാപ്പെടുകയോ, നടപ്പാവുകയോ ചെയ്‌താൽ പ്രതിഷേധിക്കുക എന്നത് ജനതയുടെ സ്വാതന്ത്രമാണ്.. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്.. ഒരു രാഷ്ട്രീയപാർട്ടി മാത്രമാണ് ആ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെങ്കിലും; അതിനെ ഒരു വിഭാഗം ജനതയുടെ എതിർപ്പായി കാണാം.. ഒരു പ്രതിഷേധപരിപാടിയുമായി മുന്നോട്ടുപോകുന്നതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയോടയെ പാടുള്ളൂ എന്നും പറയാൻ കഴിയില്ലല്ലോ??

       പ്രതിഷേധം അവകാശമായി നിർവ്വചിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് സാദ്ധ്യമായ പ്രതിഷേധമാർഗ്ഗങ്ങൾ ഏതൊക്കെ എന്നും നാം ചിന്തിക്കണം.. പ്രകടനവും, നിസ്സഹകരണവും, മുദ്രാവാക്യം വിളിയും, സത്യാഗ്രഹങ്ങളും, പ്രസ്ഥാവനായുദ്ധവും, പ്രചാരണവും ഒക്കെ സമാധാനപരമായ പ്രതിഷേധം എന്ന രീതിയിൽ പുകഴ്ത്തപ്പെടുന്നു.. പക്ഷെ അഴിമതി ഉൾപ്പടെ മനുഷ്യമനസ്സുകൾക്ക് അൽപ്പം പോലും അംഗീകരിക്കാൻ കഴിയാത്ത, പ്രസ്തുത വിഷയത്തെക്കുറിച്ച് കേൾക്കുന്നപാടെ തന്നെ രോഷം ഉയർത്തത്തക്ക ഒരു വിഷയത്തിന് നിയമ ലംഘനങ്ങൾ പോലെയുള്ള കടുത്ത സമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും.. പ്രതിഷേധം രൂക്ഷമായ രീതിയിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങളെ ഒഴിവാക്കാൻ കഴിയില്ല.. സത്യാഗ്രഹങ്ങളെക്കാൾ ഭരണകൂടങ്ങൾ അക്രമങ്ങളെ ഭയപ്പെടുന്നു എന്ന സത്യത്തെ അങ്ങീകരിക്കനം.. സത്ര്യാഗ്രഹം വിലപ്പോകണമെങ്കിൽ സത്യാഗ്രഹങ്ങളെ കടുത്ത പ്രതിഷേധമായി കണ്ട് അംഗീകരിക്കാൻ തയ്യാറുള്ള എതിർപക്ഷ മായിരിക്കണം.. അല്ലെങ്കിൽ സത്യാഗ്രഹങ്ങൾ പോലെയുള്ള സമരമാർഗ്ഗങ്ങൾക്ക് പ്രഹരശേഷി കുറയും..നിരാഹാര സത്യാഗ്രഹങ്ങൾ പോലും അവഗണിക്കപ്പെടും!! നിരാഹരവൃതം നയിക്കുന്ന വ്യക്തി മരണപ്പെടുമോ എന്ന ഭയം ഭരണകൂടത്തിനുണ്ടാകാം.. അങ്ങനെ മരണപ്പെട്ടാൽ ആ സമരം സമാധാന മാർഗ്ഗത്തിലുള്ളതായിരുന്നു എന്ന് പറയാൻ സാധിക്കുമോ?? ഭരണകൂടം അവിടെയും ഭയപ്പെടുന്നത് ആ മരണത്തിന് ശേഷം ഉയരാൻ സാധ്യതയുള്ള രക്തരൂക്ഷിത വിപ്ലവത്തെയാണ്.. ക്ലമന്റ് അറ്റ്ലിയുടെ സ്ഥാനത്ത് ചർച്ചിൽ ആയിരുന്നെങ്കിൽ ഗാന്ധിജിയുടെ സമാധാന സമരമാർഗ്ഗങ്ങൾ വിലപ്പോകുമായിരുന്നില്ല എന്ന് വിലയിരുത്തുന്ന ചരിത്രകാരന്മാരുമുണ്ട്.. മാത്രമല്ല സമാധാനമാർഗ്ഗങ്ങളിൽ കൂടിയുള്ള സമരത്തിന്റെ ശക്തിയെ കണ്ട് തിരിച്ചറിഞ്ഞ് തങ്ങളുടെ നിലപാടുകളെക്കുറിച്ച് പുനർ ചിന്തിക്കുന്ന ഭരണകൂടമോ എതിർചേരിയോ ഉണ്ടാകണമെങ്കിൽ സമരത്തിന് ആസ്പതമായ വിഷയം അന്തസ്സുള്ളതും, ആശയപരവും ആകണം.. സ്വാർഥലാക്കോടെ നടത്തുന്ന അഴിമതികൾക്കെതിരെ സമരം ചെയ്യുമ്പോൾ സമാധാനമാർഗ്ഗങ്ങൾ വിലപ്പോകാതെ വരും!! ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്ന തീപന്തങ്ങൾക്ക് അങ്ങനെയാണ് പ്രാധാന്യം ലഭിക്കുന്നത്..

       ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ; പിന്നീട് മഹത്തരമെന്ന് വാഴ്ത്തപ്പെട്ട പല വിപ്ലവങ്ങളും രക്തരൂക്ഷിത വിപ്ലവങ്ങളായിരുന്നു എന്ന് കാണാം.. കലാപത്തിനും അക്രമത്തിനും സമരവഴിയിൽ വലിയ സ്ഥാനങ്ങൾ ഉണ്ട്.. പക്ഷെ അക്രമത്തെ ആർക്കും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.. സമരത്തിലെ അക്രമങ്ങൾ പ്രോത്സ്സാഹനങ്ങൾക്കോ, മുൻ പദ്ധതികൾക്ക് അനുസൃതമായോ ഉണ്ടാവരുത്.. സ്വോഭാവികമായി പ്രസ്തുത വിഷയത്തിന്റെ തീവ്രതയ്ക്ക് അനുസൃതമായി അത് സംഭവിക്കുകയാണെങ്കിൽ ആ അക്രമം ന്യായീകരിക്കപ്പെടും..

       വർത്തമാനകാലത്ത് ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങൾ കൂടുതലായി വിമർശിക്കപ്പെടുന്നത് അവയുടെ ബാഹുല്യം കൊണ്ടാണ്.. 'എന്തിനാണ് ഇന്ന് ഈ ഹർത്താൽ' എന്ന്‌ അതിശയവും, അമർഷവും കലർന്ന രീതിയിൽ ജനങ്ങൾക്ക്‌ ചോദിക്കേണ്ടിവരുന്നു.. കാരണം ഒരു വിഷയത്തിന്റെ തീവ്രതയോ, ആ വിഷയത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ, അന്ഗീകാരമോ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ആദ്യമേ പ്രഖ്യാപിക്കുന്ന സമര മാർഗ്ഗമായി ഹർത്താൽ മാറി.. അതിന് കാരണം ഏറ്റവും എളുപ്പത്തിൽ വിജയിപ്പിക്കാവുന്ന സമരമാർഗ്ഗമായി ഹർത്താലിനെ രാഷ്ട്രീയ പാർട്ടികൾ കണ്ടതാണ്.. ഒരു മുദ്രാവാക്യം ഉയർത്തി സമരം ചെയ്യുകയും, അതിനോട് അനുബന്ധിച്ച് ഒരു ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്‌താൽ, സമരത്തിന് ആസ്പതമായ വിഷയത്തിൽ വിജയമുണ്ടായോ എന്നത് ഹർത്താൽ പ്രഖ്യാപിക്കുന്നവർക്ക് ഒരു വിഷയമേ അല്ല.. മറിച്ച് ഹർത്താൽ ദിനത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നോ, വാഹനങ്ങൾ നിറത്തിലിരങ്ങിയില്ലേ!! തുടങ്ങിയ ചോദ്യങ്ങൾ മാത്രമാണ് ഹർത്താലിന്റെ വിജയത്തിനോടുചേർന്ന് ഉയർന്നു കേൾക്കുന്നത്..

       ഹർത്താൽ വളരെ എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്നതിന് സാമൂഹികമായ കാരണങ്ങളുമുണ്ട്.. ഒരു ഹർത്താൽ ദിനത്തിൽ തന്റേതായ ഒരു കാര്യത്തിന് മുടക്കം നേരിടുന്ന ചിലരാണ് ഹർത്താലിന്റെ വിമർശകരാകുന്നത്.. അവരിൽ പലരും തന്നെ മറ്റൊരു ദിവസ്സത്തെ ഹർത്താലിനെ സ്വാഗതം ചെയ്തെന്നു വരാം.. കാരണം ഒരു ഹർത്താൽ ദിനം ഒരു വിശ്രമദിനമാണ് സമ്മാനിക്കുന്നത്.. കടകളിൽ, കമ്പനികളിൽ, ബാങ്കിൽ, സ്കൂളിൽ, വ്യവസ്സായ സ്ഥാപനങ്ങളിൽ അങ്ങനെ സമൂഹത്തിന്റെ പലമേഘലകളിൽ പ്രവര്ത്തിക്കുന്ന വളരെ വലിയ വിഭാഗം ഹർത്താലിനെ സ്വാഗതം ചെയ്യുന്നു.. ഈക്കൂട്ടർ പൊടുന്നനെ പ്രഖ്യാപിക്കുന്ന ഒരു ഹർത്താലിനെ മാത്രമേ വെറുക്കുന്നുള്ളൂ.. കാരണം ഒരു ഹർത്താൽ ആഘോഷത്തിനുള്ള തയ്യാറെടുപ്പ് അവർക്ക് ലഭിക്കാത്തതിലുള്ള പരിഭവമാണത്.. തൊഴിൽ മേഘലകളിലെ സമ്മർദ്ദത്തെ ഈ താല്പര്യത്തിനു പുറകിൽ ഒരു കാരണമായി കാണാവുന്നതാണ്.. പരിപൂർണ്ണ താൽപര്യത്തോടെ ആസ്വദിച്ച് പണി എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും പിന്നാമ്പുറ ദൃശ്യം!! മാസത്തിൽ ഒരു ദിവസ്സം അവധി അനുവദിക്കപ്പെട്ടിട്ടുള്ള ഒരു തൊഴിലാളി ആ അവധി മാസ്സത്തിന്റെ ആദ്യം തന്നെ എടുക്കുന്ന പ്രവണതയാണ് അടുത്തിടെ വളർന്നു വരുന്നത്.. കാരണം ആ മാസ്സത്തിൽ വരാൻ സാധ്യതയുള്ള ഹർത്താൽ തൊഴിലുടമ അവധിയായി കണക്കാക്കുമെന്ന് ചിന്തിച്ചാണ് അപ്രകാരം ചെയ്യുന്നത്..!!

       ഹർത്താൽ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ട്ടത്തെയാണ് വിസ്തൃതമായ രീതിയിൽ വിശകലനം ചെയ്യപ്പെട്ടത്.. ഹർത്താൽ ദിനത്തിലെ അക്രമത്തിൽ നശിപ്പിക്കപ്പെട്ട പോതുമുതലിന്റെ കണക്കുകൾ പലരും നിരത്തി.. പൊതു ജനത്തിന്റെ പണമാണ് പൊതുമുതൽ, അത് നശിപ്പിക്കുന്നത് സ്വന്തം പണം നശിപ്പിക്കുന്നതിന് തുല്യമാണെന്ന് ഉപദേശിച്ച ഒരുവനോട്; 'പൊതുവായ ആവശ്യത്തിനാണ് അവനശിപ്പിച്ചതും, അപ്പോഴും പൊതുമുതലിന് ഉപയുക്തത തന്നെയാണ് ഉണ്ടായത്' എന്ന് മറുപടി പറഞ്ഞ പൊതുപ്രവർത്തകന്റെ വാക്കുകൾ ആലോസ്സരവും ഒപ്പം ഒന്ന് ചിന്തിക്കാനുള്ള വകയും നൽകിയെന്നെ പറയാൻ കഴിയൂ..

       സാമ്പത്തിക വൈയാകരണൻമാരുടെ കൂട്ടിക്കിഴിക്കലുകളിൽ രാജ്യത്തിന്റെ ആകെ ഉൽപ്പാതനത്തിന്റെയും, വിനിമയത്തിന്റെയും തോതിൽ ഒരു ഹർത്താൽ ഉണ്ടാക്കുന്ന നഷ്ടം വലുതാണ്‌......!!`..!! പക്ഷെ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് അത് വലിയ പ്രത്യക്ഷ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുന്നില്ല എന്ന് വേണം കരുതാൻ.. പലതരം വ്യവസായ കച്ചവട സ്ഥാപനങ്ങൾക്കും ഒരു ദിവസ്സം നടക്കാത്ത കച്ചവടം അടുത്ത ദിവസ്സം ലഭിക്കും.. അപ്രകാരം പരിഹരിക്കാത്തവയും ഉണ്ടെകിലും അവ ഇടപഴകി ഹർത്താലിനെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിലേക്ക്‌ കാര്യങ്ങൾ എത്താതെ മുന്നോട്ടുപോകുന്നു..

       സമരമാർഗ്ഗങ്ങളിൽ ഹർത്താലുകൾ ഒഴിവാക്കപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല!! വലിയ പ്രതിഷേധാത്മകമായ ഒരു വിഷയം അരങ്ങേരിയാൽ  'ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ' എന്ന് ഒരു സാധാരണക്കാരൻ ചോദിക്കുന്നത് അത് ഒരു ഹർത്താലിനുള്ള ആഹ്വാനമായി കണ്ടാൽ തെറ്റാവില്ല.. ഒരു ഹർത്താലിന് ആഹ്വാനം നടത്തുമ്പോൾ ആ ആഹ്വാനത്തെ ജനങ്ങൾ ന്യായയുക്തമെന്നു വിലയിരുത്തുമോ എന്ന് ചിന്തിക്കാനുള്ള വകതിരിവ് ആ ആഹ്വാനം നടത്തുന്നവർക്കുണ്ടായാൽ ഹർത്താൽ അംഗീകാരമുള്ള, പ്രഹര ശേഷിയുള്ള സമരമാർഗ്ഗമായി തുടരും...

   
[Rajesh Puliyanethu
 Advocate, Haripad]

Monday, 8 July 2013

സോളാറിന്റെ നാൾവഴിയെ പൊള്ളുന്ന കേരള രാഷ്ട്രീയം!!


         ബിജു രാധാകൃഷ്ണൻ, സരിത നായർ, ഷാലു മേനോൻ, ജോപ്പാൻ, ജിക്കുമൊൻ.. അങ്ങനെ തുടരുന്നു കേരള ജനതയെ ആലോസരപ്പെടുത്തിക്കോ  ണ്ടിരിക്കുന്ന പേരുകൾ. . ഒപ്പം ഒരു മുഖ്യ ഭരണാധികാരിയും, ആഭ്യന്തര മന്ത്രിയും.. അവരുടെ അകത്തും പുറത്തുമായി നിലകൊള്ളുന്ന സേവകരും.. ഇവയെല്ലാം ആഘോഷമാക്കി തീർത്ത്; കിട്ടിയ എല്ലിൻ കഷ്ണം പരമാവധി നക്കി വെടിപ്പാക്കുന്ന പ്രതിപക്ഷവും, മൌനത്തോടെയും അൽപ്പസംസ്സാരത്തിലൂടെയും പ്രസ്തുത സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന മുന്നണി നേതാക്കളും, ഗ്രൂപ്പ് നേതാക്കളും.. അങ്ങനെ ഒരു രാഷ്ട്രീയ കാർണിവൽ സമയമാണ് കേരളത്തിന്.. ഇവിടെ കേരള ജനത ആലോസ്സരപ്പെടുന്നത് പ്രധാനമായും TV ഓണ്‍ ചെയ്യുമ്പോളാണ് എന്നതാണ് സത്യം.. ഹോ, 'ഈ TV ഓണ്‍ ചെയ്‌താൽ മുഴുവൻ ഇവളുമാരേം എഴുന്നള്ളിച്ചോണ്ട് ഓരോ അവന്മാര് പോയത് മാത്രമേ കാണാനോള്ളല്ലോ'  എന്ന് അരാഷ്ട്രീയ വാദികളായ വീട്ടമ്മമാർ പിറുപിറുക്കുന്നു..

       സരിതാനായരും, ബിജു രാധാകൃഷ്ണനും, ശാലുമേനോനും ഒക്കെ കൂടി എപ്രകാരമാണ് തട്ടിപ്പുകൾ നടത്തിയത്, അവർ ആരെയൊക്കെയാണ് തട്ടിപ്പിന്  ഇരയാക്കിയത്, അവർ ഏതു തരത്തിലുള്ള കുറ്റ കൃത്യമാണ് ചെയ്തത്, അതുവഴി ഖജനാവിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളോടുള്ള ബഹുഭൂരിപക്ഷം മലയാളിയുടെയും മറുപടി അവ്യക്തമാണ്.. കാരണം യാഥാർഥ്യം എന്തെന്നോ, ഒരു വിഷയത്തെ അപഗ്രഥിച്ച് പഠിപ്പിക്കുന്നതിനോ ഇവിടെ രാഷ്രീയ പാർട്ടികളോ, സംഘടനകളോ, മാധ്യമങ്ങളോ ആരും തന്നെ ശ്രമിക്കുന്നില്ല.. അത് പ്രസ്തുത വിഷയത്തിലായാലും മറ്റേതൊരു വിഷയത്തിലായാലും സ്ഥിതി അങ്ങനെതന്നെ!! ഒരു വിവാദം സൃഷ്ടിച്ച് അതിൽനിന്നും തങ്ങൾക്കുള്ള നേട്ടത്തിൽ മാത്രമാണ് എല്ലാവരുടെയും കണ്ണ്.. അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം, ഭരണപക്ഷത്തിന് ആരോപണവിധേയന് മേൽ ചെലുത്താൻ കഴിയുന്ന സമ്മർദ്ദ മാർഗ്ഗ്ഗം, ഘടക കക്ഷികൾക്ക് വിലപേശൽ മാർഗ്ഗം, മാധ്യമങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും, തങ്ങളുടെ ചായ്‌വ്കൾക്കും അനുകൂല നിലപാടെടുത്തു അതുവഴി തങ്ങളുടെ കൂറ് ഒന്നുകൂടി വ്യക്തമാക്കാനുള്ള അവസ്സരം, കൂടുതൽ ചടുലമായി അവതരിപ്പിച്ച് തങ്ങളുടെ റേറ്റിംങ്ങും അതുവഴി ബിസ്സിനസ്സും വർധിപ്പിക്കാനുള്ള അവസ്സരം; അങ്ങനെ പോകുന്നു വിവാദത്തിന്റെ വിളവെടുപ്പുകൾ!! ഏതു വഴിയിൽ മുതലെടുപ്പ് നടന്നാലും അത് സാധ്യമാകുന്നത് തങ്ങൾക്കു അനുകൂലമായ രീതിയിൽ ഇവിടുത്തെ ജനതയെ കൊണ്ട് ചിന്തിപ്പിച്ചും, സംസ്സാരിപ്പിച്ചും, പ്രവർത്തിപ്പിച്ചുമാണ്‌ എന്ന സത്യം മറന്നു പോകരുത്.. കേരളജനതയെക്കൊണ്ട് തങ്ങൾക്കു വേണ്ടരീതിയിൽ ചിന്തിക്കാനും, സംസ്സാരിപ്പിക്കാനും, പ്രവർത്തിപ്പിക്കാനും നിസ്സാരമായി പലർക്കും സാധ്യമാകുന്നു എന്നത് പ്രബുദ്ധരെന്നു സ്വയം പ്രശംസ്സ നടത്തി നാൾ കഴിക്കുന്ന മലയാളിക്ക് അപമാനമാണ്.. മലയാളിയുടെ ബുദ്ധി ആർക്കും കോയിൻ ഇട്ട് ഉപയോഗിക്കാൻ കഴിയുന്ന ടെലിഫോണ്‍ ബൂത്ത്‌ പോലെ ആയിരിക്കുന്നത് ചിന്താച്യുതിയാണ്!!

       ബിജു രാധാകൃഷ്ണനും സംഘവും ചെയ്ത കുറ്റകൃത്യവും, അതിന്റെ രാഷ്ട്രീയ മാനങ്ങളും, സാമൂഹിക പ്രസക്തിയും എല്ലാം ചർച്ചചെയ്യപ്പെടെണ്ടതുണ്ട്.. ബിജു രാധാകൃഷ്ണൻ ഒരു തട്ടിപ്പ് വഞ്ചനാ കേസ്സിലെ കുറ്റവാളിയാണ്.. ഭാര്യയെ കൊന്നകുറ്റം അവിടെ നിൽക്കട്ടെ; കാരണം ആ കൊലപാതകക്കുറ്റമല്ല ഇന്നത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം.. കരളത്തിൽ വർഷങ്ങൾതോറും നടക്കുന്ന ആയിരത്തൊളമെത്തുന്ന കൊലപാതകങ്ങളിൽ ഒന്നത് എന്നുകരുതാം.. പോലീസ് കുറ്റം തെളിയിക്കട്ടെ, കോടതി ശിക്ഷിക്കട്ടെ! പക്ഷെ സോളാർ തട്ടിപ്പിൽ തട്ടിപ്പ് നടത്തിയ വഴിയും നേടിയ പണവും എല്ലാം അംഗീകരിച്ചാലും കുറ്റകൃത്യം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406, 420.. തുടങ്ങിയ ശ്രേണിയിലെ കുറ്റക്രിത്യങ്ങളാണവ.. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ തന്നെയെങ്കിലും കോമ്പൌണ്ടബിൾ ഒഫെൻസ്സുകൾ ആണവ.. ഇത്രയും വമ്പന്മാർ ഉൾപ്പെട്ടകേസ്സെന്ന നിലക്ക് അവ പിന്നീട് ഒത്തുതീരാൻ സാദ്ധ്യത ഉണ്ടോ എന്ന്കൂടി ഒരു ചോദ്യത്തിന്റെ കാരണമില്ല.. അപ്പോൾ ഇവരാരും തന്നെ അന്തിമമായി ശിക്ഷിക്കപ്പെടില്ല എന്നത് ഏറെക്കുറെ ഉറപ്പിക്കാം.. വമ്പന്മാരുടെ സ്വാധീനം ഉപയോഗിച്ചില്ല എന്നുതന്നെ വെയ്ക്കുക.. എന്നാലും പരാതിക്കാരുടെ നഷ്ട്ടം പണം ആയതിനാലും, അത് പണം കൊണ്ടുതന്നെ വീട്ടാൻ കഴിയുമെന്നതിനാലും കോടതിക്ക് പുറത്തുപോലും ഈ കേസ്സുകൾ ഒത്തു തീരുമെന്ന് കരുതാം.. ഖജനാവിന് നഷ്ട്ടം വരുത്താത്ത ഒരുകെസ്സിൽ പ്രതികൾക്കെതിരെ നിലപാടെടുക്കേണ്ട ആവശ്യം കേസ്സ് വിചാരണക്ക് എത്തുന്ന കാലത്ത് ഇവിടെ അധികാരത്തിലിരിക്കുന്ന സർക്കാരിനും ഉണ്ടാകുന്നില്ല... മാത്രമല്ല പണം നല്കി വഞ്ചിതരായവരുടെ പിന്നാമ്പുറകഥകളും ആരും അറിയുന്നില്ല.. പുറത്തു വരുന്ന കഥകളിലെ തുകകൾ തന്നെയാണോ യാഥാർധ്യമെന്നു ആരുകണ്ടു?? അഥവാ അതിൽ കൂടുതലോ കുറവോ എന്നിരിക്കട്ടെ.. പോലീസിൽ ഇപ്പോൾ പറയുന്ന തുകക്ക് മാത്രമേ കോടതിയിൽ നിന്നും പരിഹാരം ലഭിക്കൂ.. മറച്ചുവച്ച മറ്റു കോടികൾ കേസ്സ് നടത്തിയാലും കിട്ടില്ല എന്ന് വ്യക്തം.. അപ്പോഴും പിന്നീട് കേസ്സ് ഒത്തുതീർന്നു പ്രതികൾ പുറത്തു വരാനുള്ള സാധ്യതകൾ ഏറുന്നു..

       കേരളത്തിലെ മജിസ്ട്രേട്ട് കോടതികളിൽ ഒരു വർഷം ഫയൽ ചെയ്യപ്പെടുന്ന 420, 406 IPC ശ്രേണിയിലെ കേസുകളുടെ എണ്ണമെടുത്താൽ അത് പലശതം വരും എന്ന് കാണാൻ സാധിക്കും.. അവയിലെല്ലാം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ വഞ്ചിതരാകുന്നു.. നഷ്ടം വഞ്ചിതരായവർക്ക് മാത്രം.. സമൂഹത്തിൽ നടക്കുന്ന ഏതൊരു ക്രിമിനൽ കുറ്റത്തോടും ഉള്ളതിനപ്പുറം ഒരു താൽപ്പര്യവും ആർക്കും അതിനോടോന്നുമില്ല.. സാങ്കേതികമായി സമാനതകൾ പുലർത്തുന്ന സോളാർ കേസ്സിനോടു മാത്രം എന്താണ് മാധ്യമങ്ങൾക്കും, പ്രതിപക്ഷത്തിനും, പൊതുജനത്തിനും ഇത്ര താൽപര്യം??

       കേരളത്തിന്റെ മുഖ്യമന്ത്രിക്കും, അഭ്യന്തരവകുപ്പു മന്ത്രിക്കും ഭരണപക്ഷത്തിനും പ്രസ്തുത തട്ടിപ്പിൽ ഉള്ള പങ്ക്.. അതായിരുന്നു രാഷ്ട്രീയമായി ഈ വിഷയത്തിന് ലഭിച്ച പ്രാധാന്യം.. അതിലുപരി പ്രസ്തുത വിഷയത്തെക്കുറിച്ച് ഉണ്ടായ ഉത്സുകത എന്നത് ഇതിൽ ഉണ്ടായ രണ്ടു സ്ത്രീകളുടെ സാനിദ്ധ്യമാണ്!! ബിജു രാധാകൃഷ്ണനും, ആരോപണവിധേയരായ രാഷ്ട്രീയ പ്രവർത്തകരും എല്ലാം സരിതയുമായും, ശാലു മേനോനോടും ഒത്ത്‌ കാമകേളികളിൽ മുഴുകുന്നത് മനോമണണ്ടലത്തിൽ കണ്ട മലയാളി ഇക്കിളിയോടെ സോളാർ വിഷയത്തെ ചിന്താമണ്ഡലത്തിൽ നിന്നും അടർത്തിമാറ്റാതെ നിലനിർത്തി.. നാടിന്റെ മനസ്സ് നല്ലതുപോലെ തിരിച്ചറിഞ്ഞ മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും വിഷയം ചൂടും എരിവും ഒട്ടും ചോരാതെ വിളമ്പിക്കൊണ്ടേയിരുന്നു.. ഏതൊരുവിഷയത്തിന്റെയും ഉത്തേജന ഔഷധമായി സ്ത്രീയും ലൈഗീകതയും സമൂഹത്തിൽ നിലനിൽക്കുന്നതിന്റെ അവസ്സാനത്തെ ഉദാഹരണമായി സോളാർ വിഷയം..

       മുഖ്യ മന്ത്രിയുടെ സേവകരെ പ്രതികൾ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നു.. വളരെ അധികം സമയം സംസ്സാരിക്കുന്നു.. മുഖ്യ പ്രതി മുഖ്യ മന്ത്രിയുമായി അടച്ചിട്ട മുറിയിൽ ഒരുമണിക്കൂർ സമയം സംസ്സാരിക്കുന്നു.. അഭ്യന്തരമന്ത്രി രണ്ടാം പ്രതിയും നടിയുമായവളുടെ വീട് പാല് കാച്ച് ചടങ്ങിൽ പങ്കെടുക്കുന്നു.. പ്രതികൾക്കൊപ്പം സമാന കുറ്റകൃത്യത്തിൽ മുഖ്യമന്ത്രിയെയും, ആഭ്യന്തര മന്ത്രിയെയും കൂട്ടി വായിക്കാൻ പ്രതിപക്ഷത്തിന് മറ്റെന്ത് തെളിവുവേണം??!

       മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ്ഫിൽപ്പെട്ടവർ പ്രതികളുമായി ഫോണിൽ സംസ്സരിച്ചതോ, മുഖ്യമന്ത്രിയെ അവർ നേരിൽ കണ്ടതോ ഒന്നും മുഖ്യ മന്ത്രിയെ കുറ്റ കൃത്യത്തിന്റെ ഭാഗപാക്കാക്കാൻ പോരത്തക്ക തെളിവുകളല്ല.. ഒരു പൊതു പ്രവർത്തകനും സന്ദർശ്ശകരെ ഒഴിവാക്കൽ സാധ്യമല്ല.. സന്ദർശകന്റെ ഭൂതകാലം മുഴുവൻ പരിശോധിച്ച് സന്ദർശനം അനുവദിക്കാനും കഴിയില്ല.. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളെല്ലാം തന്നെ കഴമ്പില്ലാത്തവയെന്നു കാണണം.. ബിജു രാധാകൃഷ്ണൻ കുറച്ചു ദിവസ്സങ്ങൾക്ക് മുൻപ് വരെ പ്രസിദ്ധ ക്രിമിനൽ ആയിരുന്നില്ലല്ലോ? മുഖ്യ മന്ത്രിയെ സന്ദർശിച്ചത് ദാവൂദ് ഇബ്രഹിം ആയിരുന്നെങ്കിൽ ആ സന്ദർശനം മാത്രം തെറ്റായതോന്നാകുമായിരുന്നു..

       തിരുവഞ്ചൂർ രാധാകൃഷ്ണൻ ശാലു മേനോന്റെ വീട് പാല് കാച്ചൽ ചടങ്ങിനെക്കുറിച്ച് നല്കിയ ആദ്യവിശദീകരണം തന്നെ പാളി.. ബുദ്ധിപരമായ ഒരു കള്ളം പോലും അദ്ദേഹത്തിന് പറയാൻ കഴിഞ്ഞില്ല എന്നതാണ് കഷ്ട്ടം.. ഒരു പോക്കറ്റടിക്കാരൻ പിടിക്കപ്പെടുന്നപാടെ പറയുന്ന ചില കള്ളങ്ങളുടെ നിലവാരമേ അവയ്ക്കുണ്ടായിരുന്നുള്ളൂ.. പിന്നീട് ചെകിടത്തു വീഴുന്ന അടിക്ക് പിന്നാലെ വരുന്ന വെളിപ്പെടുത്തലുകൾ പോലെയായി ശാലുവുമായി ചേർന്ന ഫോട്ടോകൾ പുറത്ത് വന്നു കഴിഞ്ഞുണ്ടായ വിശദീകരണങ്ങൾ...

       ഇതെല്ലാം കൂട്ടിവായിച്ചപ്പോൾ സ്വോഭാവികമായും ഏതൊരുവനിലും ഉയരുന്ന സംശയത്തെ മുതലെടുത്ത്‌ പ്രതിപക്ഷം സഭാസ്തംപനവും, സാമൂഹിക സ്തംപനവും ആരഭിച്ചു.. പണം നഷ്ട്ടപ്പെട്ടവനോടുള്ള വേദനയോ, സഹതാപമോ, അവനു നീതി നേടിക്കൊടുക്കണമെന്ന ഉത്തരവാദിത്വബോധമോ ഒന്നുമല്ല പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം എന്നതും വ്യക്തം.. മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് എന്നത് മാത്രമാണെന്ന് കാണാം..

       പ്രതിപക്ഷം ജുഡീഷ്യൽ അന്യെഷണവും, മുഖ്യമന്ത്രിയുടെ രാജിയും മാത്രമാണ് പ്രശ്നപരിഹാരത്തിന് ആകെ മാർഗ്ഗം എന്നാ നിലയിലാണ്.. എന്തിനാണ് അവർ അങ്ങനെ ഒരു ആവശ്യത്തിൽ മുറുകെപ്പിടിച്ചു നിൽക്കാൻ കാരണം? എന്താണ് അതിന്റെ ആവശ്യകത?? ഇവയെല്ലാം പ്രസക്തമായ ചോദ്യങ്ങളാണ്..

       ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ശഠിക്കുന്നത്; പ്രതിപക്ഷം ഇന്ത്യൻ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.. തങ്ങൾ സത്യം പുറത്തു വരാൻ ഏറ്റവും പ്രായോഗികമായ മാർഗ്ഗം നിർദ്ദേശിക്കുന്നു എന്നും അതിനായി പോരാടുന്നു എന്നും തോന്നൽ ജനിപ്പിക്കാൻ മാത്രം ഉള്ള ഒരു ശ്രമം.. അതിൽ ആത്മാര്‍ഥത തീരെ ഇല്ല എന്നുതന്നെ വേണം കരുതാൻ.. ഒരു ജുഡീഷ്യൽ കമ്മീഷന്റെ Terms of Reference നിർദ്ദേശിക്കുന്നത് സർക്കാരാണ്.. ജുഡീഷ്യൽ അന്യേഷണ കമ്മീഷന് കുറ്റക്കാരൻ എന്ന് കാണുന്നവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള അധികാരമില്ല.. എന്തിന്; സർക്കാരിന്റെ ലക്ഷങ്ങൾ മുടക്കി റിട്ടയർ ചെയ്ത ഒരു ജഡ്ജിക്ക് പണി ഉണ്ടാക്കുന്നതിന്റെ അവസ്സാനം ഉള്ള കണ്ടെത്തലുകളെയോ, നിർദ്ദേശങ്ങളെയോ അനഗീകരിക്കേണ്ട ബാധ്യത പോലും സർക്കാരിനില്ല!! പിന്നെ എന്തിന് വേണ്ടി ജുഡീഷ്യൽ അന്യേഷണം?? ഒന്നുങ്കിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ബോധപൂർവ്വമുള്ള പ്രവർത്തനം!! അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം നേരിടുന്ന മന്ത്രിമാർ ഉൾപ്പെടുന്ന സർക്കാർ രാജിവെയ്ക്കണ മുറവിളി ഉയർത്തി വീണ്ടും തെരുവിലേക്കിറങ്ങാനുള്ള അവസ്സരം സൃഷ്ടിക്കുക..

       തെളിവുകൾ അവ്യക്തമായി മാത്രമാണ് ഉമ്മൻചാണ്ടിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത്.. അങ്ങനെ ഉള്ള അവസ്സരത്തിൽ ഒരു മുഖ്യമന്ത്രി പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ രാജി വെയ്ക്കെണ്ടതുണ്ടോ?? നാളെ അദ്ദേഹം നിരപരാധി ആണെന്ന് കണ്ടാൽ പോയ സ്ഥാനം ആര് തിരികെ നല്കും?? അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിനേൽക്കുന്ന മങ്ങൽ ആര് നിവർത്തിച്ചു നല്കും?? ആ നഷ്ടത്തിന് ഇന്ന് കൂകി വിളിക്കുന്നവർക്ക് എന്ത് ചേതം?? അങ്ങനെ ചിന്തിച്ചാൽ നീതിയുടെ ഒരു ചോദ്യവും അവിടെ അവശേഷിക്കുന്നു!! 

       സോളാർ വിഷയത്തിൽ ഏറ്റവും ഉചിതമായത് CBI അന്വേഷണം തന്നെയാണ്.. സർക്കാർ അതിന് മുതിരുന്നത് പ്രശംസ്സ അർഹിക്കുന്നു.. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു കേസ്സിൽ സർക്കാരിന്റെ സ്വന്തം പോലീസ് അന്യെഷിക്കാതിരിക്കുക... CBI ക്ക് വിശ്വാസ്യത കുറവാണെങ്കിൽ ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിശ്വാസ്യത ഉള്ള അന്യേഷണ ഏജൻസി അതാണെന്ന് മനസ്സിലാക്കണം.. പുതിയ വിശ്വാസ്യത ഉള്ള ഏജൻസി രൂപീകരിച്ച് സോളാർ അന്വേഷണം സാധ്യമല്ലെല്ലൊ!! ഭാരതത്തിലെ ലക്ഷം കോടികളുടെ അഴുമതി കേസ്സുകളുടെ അന്യെഷണത്തിനും നാം വിശ്വാസ്സമർപ്പിച്ചിരിക്കുന്നത് ഇതേ CBI യെ തന്നെയാണ്..

       കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന ഉത്തരവാദിത്വം നിറവേറ്റുക എന്നതിനപ്പുറം; കണ്ടുനിൽക്കുന്ന നിഷ്പക്ഷമതിയിൽ ആലോസ്സരങ്ങൾ ജനിപ്പിക്കുന്ന രാഷ്ട്രീയഅന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് നിസ്സംശയം പറയാം.. ജനങ്ങൾക്ക്‌ ഗുണമോ, അവരുടെ ക്ഷേമത്തിന് ഉതകുന്നതോ ഒന്നും സോളാറിന്റെ ഒരു പുറത്തും കാണുവാൻ കഴിയില്ല.. ഒരു വലിയ വിഭാഗം ജനതക്കും യാതൊരു താൽപര്യവുമില്ലാത്ത വിഷയം മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും അവർക്ക്മേൽ അടിച്ചേൽപ്പിക്കുകയാണെന്നും പറയേണ്ടിവരും.. രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും അവരുടെ ഊർജ്ജം 'മുതലെടുപ്പുകൾ' എന്നതിന് ഉപരിയായി വിനിയോഗിക്കാനും ശ്രമിക്കണം.. അതിലുപരിയായി ഏതൊരു വിഷയത്തെയും അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള കെൽപ്പ് ഓരോ വ്യക്തിക്കും ഉണ്ടാക്കുക എന്ന ഉത്തരവാദിത്വവും അവർ നിർവഹിക്കണം


[Rajesh Puliyanethu
 Advocate, Haripad]

       

Thursday, 4 July 2013

കല്യാണദിനം


കല്യാണദിനം, ഇന്നു നിന്റെ കല്യാണദിനം

പെണ്ണേ, നിൻ ജീവിതം ചേർത്തു മുറുക്കുന്ന

നാട്ടുഭാഷയിലെ കെട്ടുദിനം...

         പടിയിറങ്ങുന്നു, നീനിന്റെ വീടിന്റെ പടിയിറങ്ങുന്നു
   
         പിന്നിൽ അടയുന്ന പടിപ്പുടവാതിലിൻ ദീനമാം രോദനം

         നിന്റെ കർണ്ണം മുറിക്കുമോ??

ബാല്യ കൗമാരംകാത്ത വീട്ടിലേക്കൊരു യാത്ര-

തറവാടിൻ ശാപമായ് മാറിടുന്നു

         നിന്റെ സന്ദർശനങ്ങൾ ഒരു കാകന്റെ ചുണ്ടിൽ
 
         പാട്ടുണര്ത്തുന്നു

ആടയാഭരണങ്ങൾ നിന്റ മേനി മുറുക്കുന്നു

കാർകൂന്തളത്തെ നീ പൂവാൽ മറയ്ക്കുന്നു

         ഗുരുഭൂത വൃന്ദങ്ങൾ വെറ്റില നാമ്പിനാൽ

         നെറുകയിൽ തോട്ടുനിൻ മംഗളം ചൊല്ലുന്നു

പടിയിറങ്ങുന്നു! നീ നിന്റെ ഒന്നാം ജന്മത്തിൻ പടിയിറങ്ങുന്നു

പടി കയറി നീ നിന്റെ ജീവിതം തിരയുന്നു

         അച്ഛന്റെ ശ്വാസവും അമ്മതൻ തേങ്ങലും

         ചേർന്നൊരു പന്തലിൽ കയറി നീ നിൽക്കുന്നു

അന്യനാം പുരുഷന്റെ കാൽ തൊട്ടു വന്ദിച്ചു

ജീവിതം യാചിച്ചു കൈ നീട്ടി നിൽക്കുന്നു

         അഗ്നിയും ദേവനും സാക്ഷിയായ് നിൽക്കുന്നു

         താലിക്കയർ നിന്റെ കണ്ഠം മുറുക്കുന്നു

തകിലിന്റെ താളത്തിൽ മാനം മറയ്ക്കുന്നു  നീ -

കാന്തന്റെ കൈകളിൽ മോതിരം ചാർത്തുന്നു

         അച്ഛൻ; കൈ പിടിച്ചേൽപ്പിച്ചു പിന്നിലേക്കിറങ്ങുന്നു

         മനുവിന്റെ വാക്കുകൾ സത്യമായ് മാറുന്നു

സദ്യവട്ടം നിന്റെ മുന്നിൽ നിരക്കുന്നു

ആദ്യമായ് അന്നത്തെ പങ്കുവെച്ചീടുന്നു

         സ്വപ്‌നങ്ങൾ തുഴയുന്നോരലങ്കാര നൌകയിൽ നീ-

         തോഴന്റെ വീട്ടിലേക്കാനയിച്ചീടുന്നു

പിന്നിൽ വിളിക്കുന്നതമ്മതൻ രോദനം, പടിയിറങ്ങുന്നോരോമനപുത്രിതൻ

വിരഹത്താലുയരുന്ന മൗനമാം രോദനം...

         വലതുകാൽ വെച്ചു നീ നാഥ ഗ്രിഹത്തിന്റെ

         പടിവാതിൽ ചവിട്ടി കടന്നിടുന്നു

പുതുതായി എത്തുന്ന ബന്ധു വൃന്ദങ്ങളിൽ

തങ്കത്തിൻ തൂക്കമളന്നിടുമ്പോൾ

         നിറമുള്ള ലോഹത്തെ ഒരുതട്ടിൽ വെച്ചുനീ

         മറുതട്ടിൽ ജീവിതം തൂക്കിടുന്നു

ചക്രവാളത്തിങ്കൽ സൂര്യൻ മറയുന്നു

മണിയറ വാതിൽ മലർക്കെ തുറക്കുന്നു

         പാദസ്വരങ്ങളെ കാതോർത്ത് നിൽക്കുന്ന

         കാന്തന്റെ മുന്നിൽ നീ നാണിച്ചു നിൽക്കുന്നു

പ്രേമത്തിൻ ശീതമാം ആദ്യാനുഭൂതിയിൽ

ഇണതന്റെ മാറിൽ അമർന്നിടുന്നു

         ഇത്ര നാളും കാത്ത കന്യകാ പാശത്തിൽ

         കാമത്തിൻ വിരലുകൾ കാർക്കിച്ചു തുപ്പുന്നു

ആർദ്രമാം രാത്രിതൻ അന്ത്യയാമങ്ങളിൽ

ജീവന്റെ ബീജം വിതച്ചിടുന്നു

         കീറിമുറിച്ചോരു നിമിഷത്തിൻ വേദന

         അറിയാതെ നീ തളർന്നുറങ്ങിടുന്നു

കല്യാണ രാത്രിതൻ പൂർണചന്ദ്രൻ

മേഘങ്ങൾക്കുള്ളിൽ മറഞ്ഞിടുന്നു...............



[Rajesh Puliyanethu
 Advocate, Haripad]

       



Saturday, 11 May 2013

'മാതൃ' ദിന ആശംസ്സകള്‍....................



       വളരെ ചെറിയ ഒരു കുഞ്ഞായി ഇരുന്നപ്പോള്‍ ഉള്ളതെങ്കിലും മനസ്സില്‍ മായാതെ കിടക്കുന്ന ഒരു ഓര്‍മ്മചിത്രമുണ്ട്. എന്‍റെ അമ്മ നിവര്‍ത്തിവെച്ച കാലുകളില്‍ എന്നെ കിടത്തിയിരുന്നത്. അന്ന് എന്‍റെ കാലുകള്‍ക്ക് അമ്മയുടെ പാദങ്ങളോളമേത്തത്തക്ക നീളമുണ്ടായിരുന്നില്ല. പിന്നീട് അമ്മയുടെ പാദങ്ങളുടെ അപ്പുറത്തെക്കുള്ള വളര്‍ച്ച മനസ്സിന് സംഘര്‍ഷവും, ചുവരുകള്‍ക്ക് ഭാരവുമാണ് എനിക്ക് സമ്മാനിച്ചത്‌!!!!!..

       എല്ലാ അമ്മമാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ മാതൃദിന ആശംസ്സകള്‍....


[Rajesh Puliyanethu,
 Advocate, Haripad]


Sunday, 28 April 2013

ഇന്ത്യൻ പൊളിറ്റിക്സ്സിലെ നരേന്ദ്രമോഡി ഇഫക്റ്റ്!!



   ഭാരതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഏതു നേതാവിനെക്കുറിച്ചാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം; നരേന്ദ്ര മോഡി എന്ന്!! ആദ്യ കാലങ്ങളിൽ ഗുജറാത്ത് കലാപവും അതിനോട് ചേർന്ന് നടന്ന മനുഷ്യക്കുരുതികളുമാണ് മോഡി എന്നാ പേരിനോട് ചേർന്ന് നിന്നിരുന്നതെങ്കിൽ ഇന്ന് 'മോഡി മോഡൽ' വികസ്സനം അല്ലെങ്കിൽ സമാന അർഥം സ്പുരിക്കുന്ന 'ഗുജറാത്ത് മോഡൽ' വികസ്സനം എന്നതാണ് നരേന്ദ്ര മോഡി എന്ന പേരിനൊപ്പം ചേർന്നിരിക്കുന്നത്.. അല്ലെങ്കിൽ അടുത്ത പർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം റെഡ് ഫോർട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ ഭാരത പതാക ഉയർത്തുന്നകരങ്ങൾ അദ്ദേഹത്തിന്റേത് ആകുമോ എന്നാ ആകാംഷയും, പ്രതീക്ഷയും!! അങ്ങനെ വർഗ്ഗീയ കലാപങ്ങൾക്ക് ചുക്കാൻ പിടിച്ചവൻ എന്ന പേരുദോഷത്തിൽ നിന്നും മോഡി ഏറെക്കുറെ മോചിതനായിരിക്കുന്നു എന്നുതന്നെവേണം കരുതാൻ!! കുറെ പ്രതീക്ഷാ നിർഭരമായ ചിന്തകളുമായി ചേർന്നു നിന്നാണ് മോഡിയുടെ പേര് കേൾക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു..

   മോഡിയുടെ അത്തരത്തിലുള്ള ഒരു ഇമേജുമാറ്റമാണ് മറ്റുരാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അസ്വസ്ഥരാക്കുന്നത്.. വർഗ്ഗീയവാദി എന്നാ  തടങ്കലിൽ മോഡിയെ ഇനി എത്രനാൾക്കൂടി പാർപ്പിക്കാൻ കഴിയും എന്നാ കാര്യത്തിൽ അവർ സംശയാലുക്കളാണ്.. മറ്റൊരു കാര്യമായ ആരോപണവും മോഡിക്കെതിരെ ഉയർത്തിക്കാട്ടുവാൻ അവർക്ക് ലഭിക്കുന്നുമില്ല.. അഴിമതി ആരോപണം ഉൾപ്പടെ ഒന്നും.. അതിനാൽ മോഡി എന്ന് കേൾക്കുമ്പോളൊക്കെ വർഗ്ഗീയ വാദി എന്നാ മൂർച്ചയറ്റ ആയുധം തന്നെ എടുത്തു വീശിക്കോണ്ടി രിക്കുകയാണ് കോണ്‍ഗ്രസ്സും, ഇടത്തു പക്ഷവും ഉൾപ്പെട്ട രാഷ്ര്ടീയ പാർട്ടികളെല്ലാം തന്നെ.. അതുതന്നെയാണ് മോഡി കേരളസന്ദർശനം നടത്തുന്നുവെന്ന് കേട്ടറിഞ്ഞപ്പോൾ തന്നെ ഇടതു- വലത് ഭേതമെന്യെ നയങ്കരണ പ്പൊടി ദേഹത്ത് വീണവന്റെ ചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്..

   മോഡിയുടെ വർഗ്ഗീയമുഖത്തെ അപഗ്രഥിച്ചു മനസ്സിലാക്കി; രാഷ്ട്രീയ പരമായി നേരിടുന്നതിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ പരാജയമാണ്.. മോഡി വർഗ്ഗീയ വാദിയെങ്കിൽ അതിനെ രാഷ്രീയമായി നേരിടാനും, ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെങ്കിൽ നിയമപരമായി നേരിടാനും അതുവഴി ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയണം.. പക്ഷെ ഇതിനു രണ്ടിനും കഴിയാതെ മോഡി വിരുദ്ധത കവല പ്രസംഗങ്ങളിൽ മാത്രം സാധ്യമായ ഒന്നായി മറ്റു രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് തോന്നുന്നു!!

   മോഡി ജനസ്രദ്ദആകർഷിച്ചത് വർഗ്ഗീയവാദി എന്നാ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെങ്കിലും; ജനപിന്തുണയും, ജനങ്ങളുടെ പ്രതീക്ഷയും ആർജ്ജിച്ചത് നാട്ടിൽ വികസ്സനം സാദ്ധ്യമാക്കാൻ പര്യാപ്തനായ നേതാവ് എന്നാ നിലയിലാണ്.. ആ നൈപുണ്യം തിരിച്ചറിഞ്ഞ് ഇടതു പക്ഷത്തുനിന്നും, വലതു പക്ഷത്തുനിന്നും പലനേതാക്കളും മോഡിയെ പല വേദികളിലും പ്രകീർത്തിക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടു.. ഉന്നത നേതൃത്വങ്ങളുടെ ഇടപെടലുകളെ തുടർന്നു തിരുത്തിയോ വളച്ചോടിച്ചോ പിന്നീടവർത്തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും!! പക്ഷെ ലോകം മുഴുവൻ പ്രകീർത്തിക്കുന്ന ഗുജറാത്തിന്റെ വികസ്സനമാർഗ്ഗങ്ങളിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല എന്ന് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മഞ്ചാണ്ടി അസ്സന്നിദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞു.. തന്നെകൊണ്ട് നടക്കുന്നതെ പഠിക്കാനും പ്രാവർത്തികമാക്കാനും കഴിയൂ; എന്നെ നമ്മുടെ മുഖ്യൻ പറയൂ... പത്താം തരത്തിൽ തോറ്റവനോട് അയലത്തെക്കുട്ടി മെഡിസ്സിനു പോയി എന്ന് പറഞ്ഞ് ശകാരിച്ചിട്ട് കാര്യമുണ്ടോ??

   രാഷ്ട്രീയപരമായ സംസ്ക്കാരവും, ഭരണ ഘടനയുടെ മഹത്വവും എല്ലാം മറന്നാണ് മോഡി വിരോധം ഇവിടെ രാഷ്ട്രീയ പാർട്ടികൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.. മോഡിയോട് സംസ്സാരിച്ചതിന് ഒരു മന്ത്രിയോട് വിശദീകരണം തേടുന്ന പരിതാപകരമായ പ്രകടന രാഷ്ട്രീയത്തിലേക്ക് വരെ കാര്യങ്ങൾ വന്നെത്തി..  ഒരു കാര്യം ഉറപ്പാണ്; പാകിസ്ഥാനിൽ നിന്നുള്ള മന്ത്രിയായിരുന്നെങ്കിൽ പോലും മോഡിയോടുള്ള അത്രയും അയിത്തം ഇവിടുത്തെ കോണ്‍ഗ്രസ്‌----------------------~ കമ്യുണിസ്റ്റ് നേതാക്കൾക്ക് ഉണ്ടാകുമായിരുന്നില്ല.. മോഡി ഭാരതത്തിലെ ഒരു സംസ്ഥാനത്തെ മുഖ്യ മന്ത്രിയാണ്.. തികച്ചും ജനാധിപത്യ പ്രക്രിയയിൽ കൂടിയാണ് മോഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.. അങ്ങനെ വരുമ്പോൾ ഇവിടുത്തെ രാഷ്രീയ പ്രവർത്തകർ ഗുജറാത്തിലെ ജനതയെക്കൂടിയാണ് അപമാനിച്ചിരിക്കുന്നത്.. നാളെ ഒരു പക്ഷെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിൽ മോഡി അവരോധിതനായാൽ കേരളത്തിലെ ഒരു മന്ത്രിയും അദ്ദേഹവുമായി കൂടികാഴ്ച നടത്തുകയോ ആശയവിനിമയം നടത്തുകയോ ചെയ്യില്ലേ..

   ന്യൂനപക്ഷ പ്രീണനം എന്ന വിലകുറഞ്ഞതും അപകടകരവുമായ ആയുധമാണ് ഇടത്- വലത്പാർട്ടികൾ മോഡി വിഷയത്തിൽ ഉപയോഗിച്ചത്.. മോഡിയെ വിമർശിച്ചു വോട്ടു ബാങ്കുകൾ ഉറപ്പിച്ചു നിർത്താൻ അവർ മൽസ്സരിക്കുന്നു.. ഇടത് പക്ഷം മോഡി ശിവഗിരിയിൽ എത്തുന്നതിനെ വിമർശിച്ചാണ് അങ്ങനെ ഒരു അവസ്സരത്തെ മുതലെടുത്തത്.. മതാതിഷ്ട്ടിത ആത്മീയത എന്നാ പുതിയ പ്രബന്ധവും പിണറായി വിജയൻ അവതരിപ്പിച്ചു കണ്ടു.. ഇതിൽ മതവുമായും ആത്മീയതയുമായും കമ്യുണിസ്റ്റ്കാരന്റെ പ്രത്യയശാസ്ത്രത്തിനുള്ള ബന്ധം മാത്രം വിശദീകരിച്ചു കണ്ടില്ല!!

   മറ്റേതൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ചിരുന്നെങ്കിലും മോഡി എത്തിയ അത്രയും വാർത്താ പ്രാധാന്യം നേടുമായിരുന്നില്ല.. ശിവഗിരിയിലെ സന്യാസി സമൂഹത്തിന്റെ പരിപൂർണ്ണമായ സ്വാതന്ത്ര്യമായിരുന്നു അവിടുത്തെ കാര്യപരിപാടികളിൽ ആരെയൊക്കെ പങ്കെടുപ്പിക്കനമെന്നുള്ളത്.. താലിബാൻ നേതാവ് മുല്ല ഉമർ പങ്കെടുത്തതു പോലെയാണ് ഇവിടെ പലരും പ്രചരിപ്പിക്കാൻ നോക്കിയത്.. പക്ഷെ മോഡിയുടെ സന്ദർശനം മാർസിസ്റ്റ് പാർട്ടിയെ വേറിപിടിപ്പിച്ചതിൽ നിന്നുണ്ടായ ജൽപ്പനങ്ങൾ മാത്രമാണ് അവർ പ്രകടിപ്പിച്ചതെന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞു.. BJP എന്നാ രാഷ്ട്രീയ കക്ഷിക്ക് ലഭിക്കുന്നതിലും ഉയർന്ന സ്വീകാര്യതയാണ് മോഡി എന്ന വ്യക്തിത്വത്തിന് ലഭിച്ചത്... നാടിനുഗുണമുണ്ടാക്കുന്ന മോഡിയെയും, നാടു മുടിക്കുന്ന ഇവിടുത്തെ നേതാക്കളെയും തുലനം ചെയ്ത പൊതുജനം ആദരവോടെ മോഡിയെ കണ്ടപ്പോൾ സ്വോഭാവികമായും ഉയർന്ന ആസൂയ എന്നവികാരവും ഇവിടുത്തെ നേതാക്കളെ നിയന്ത്രിക്കുന്നുണ്ടെന്നുവേണം കരുതാൻ..

   അഴുക്കുകളെ കാലം കഴുകിവെളുപ്പിച്ച് ശുദ്ദനാക്കി പിന്നീട് പുണ്യാളന്റെ പരിവേഷവും നൽകി ജനമദ്ധ്യത്തിൽ നിർത്തി ആർപ്പുവിളികൾക്കു പാത്രീഭൂതരാക്കുന്നതാണ് നാം എല്ലാ കാലങ്ങളിലും കാണുന്നത്.. ചരിത്രത്തിൽ അത്തരം പ്രതിഭാസങ്ങൾ അനേകമുണ്ട്.. ഒരുവൻ തെറ്റുകാരനെങ്കിൽ അവനെ പിന്നീട് വെള്ളപൂശി സംരക്ഷിക്കണമെന്ന പക്ഷക്കാരനല്ല ഞാൻ.. നേരിടേണ്ടത്  രാഷ്ട്രീയവും, നിയമപരവുമായ പോരാട്ടങ്ങളിലൂടെ ആവണം.. മറിച്ച് അന്തസ്സുകെട്ട പെരുമാറ്റങ്ങളിലൂടെയല്ല ഒരു ആശയത്തെയോ, പ്രസ്ഥാനത്തെയോ നേരിടേണ്ടത്.. വിരുദ്ധ അഭിപ്രായങ്ങൾ, സമീപനങ്ങൾ എന്നിവ വിവിധങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, മുന്നണികൾക്കും രൂപം നൽകും.. രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾ കൊണ്ട് മാന്യായി നേരിട്ടില്ല എങ്കിൽ അത് എതിരാളിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനമനസ്സുകളിൽ ഒരു സ്ഥാനം നൽകാൻ കാരണമാവുകയും ചെയ്യും..


[Rajesh Puliyanethu
 Advocate, Haripad]

 


Saturday, 27 April 2013

സ്ത്രീ പീഡനങ്ങളില്‍ പോപ്പിക്കുടയുടെ നിർണ്ണായക സ്വാധീനം !!



    തമ്പി അളിയന്‍ ആ ദിവസ്സം പതിവിലും അല്‍പ്പം നേരത്തെ ഒരുങ്ങി ഇറങ്ങി.. കോളേജിലേക്ക് പോകുന്നതിനു അത്രയും നേരത്തെ പോകേണ്ട ആവശ്യമില്ല. എങ്കിലും ഇന്ന് ചില തീരുമാനങ്ങളോടെയാണ് തമ്പി അളിയന്‍റെ പുറപ്പാട്!! തന്‍റെ പ്രണയിനിയോട് തന്‍റെ മനസ്സ് തുറന്ന് കാട്ടുവാനുള്ള തീരുമാനവുമായാണ് തമ്പി ഇറങ്ങിയിരിക്കുന്നത്. അത് കേവലം ഒരു ചടങ്ങ് മാത്രമാണെന്ന് തമ്പിക്ക് നന്നായി അറിയാം. കാരണം തന്‍റെ ഇഷ്ടം അവളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസ്സരിച്ചു പ്രതികരിച്ചിട്ടുമുണ്ട്. എങ്കിലും കണ്ണുകളില്‍ നോക്കി അത് പറയുന്നതിന്‍റെയും, അവള്‍ അത് അങ്ങീകരിക്കുന്നതിന്റെയും ഒക്കെ ത്രില്ലില്‍ ആണ് തമ്പി.

   പതിവ് ബസ്സിന് പോകാതെ അല്‍പ്പം നേരത്തെ; അതായത് മിനി കോളേജില്‍ എത്തുന്നതിനും മുന്‍പേ അവിടെ എത്തുക എന്നതായിരുന്നു  തമ്പി അളിയന്‍റെ ലക്ഷ്യം.ധ്രിതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങി ഗേറ്റ് കടക്കവേ പിന്നില്‍ നിന്നും ഒരു വിളി.

കൊളേജിലെക്കാണോ തമ്പി??

ക്ഹ, അതേ

വളരെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ കാണുന്നതും, തന്‍റെ വീടുമായി വളരെ അടുപ്പം സൂക്ഷിക്കുന്നതുമായ റപായി ചേട്ടനായിരുന്നു അത്.

തമ്പിക്കുഞ്ഞേ, നല്ല മഴയ്ക്ക് കോളുണ്ടല്ലോ, നടന്നാണോ പോകുന്നേ??

അതെ റപ്പായി ചേട്ടാ, ബൈക്ക് വര്‍ക്ക് ഷോപ്പിലാ, ....................  മഴ പെയ്യുമോ??

സംശയമെന്താ കുഞ്ഞേ, കുഞ്ഞ് ബസ്സ്‌ സ്റ്റാണ്ടില്‍ എത്തുന്നതിന് മുന്‍പ് പെയ്യും..

എന്നാ ഞാനൊരു കുട എടുത്തിട്ടു വരട്ടെ,

ശരി കുഞ്ഞേ അതാ നല്ലത്,

അത്രയും പറഞ്ഞ് തമ്പി തിരികെ വീട്ടിലേക്കും, റപ്പായി തന്‍റെ വഴിക്കും പിരിഞ്ഞു.

കുടയുമെടുത്ത് തമ്പി ധൃതിയില്‍ തമ്പി ബസ്സ്‌ സ്ടാണ്ടിലേക്ക് ഓടി .

   വിചാരിച്ചതിലും നേരത്തെ തമ്പി സ്ടാണ്ടില്‍ എത്തി. താന്‍ വിചാരിച്ച വണ്ടിയും പോയിട്ടില്ല. തമ്പി അല്‍പ്പം റിലാക്സ് ആയി ബസ്‌ സ്റ്റാന്റില്‍ നില്‍ക്കുകയാണ്. തിരക്കുകളില്‍ നിന്ന് ആശ്വാസമെത്തിയപ്പോള്‍ തമ്പിയുടെ മനസ്സില്‍ സ്വോഭാവികമായ ചില ആധികള്‍ ഉയര്‍ന്നു.

   ഒരു നല്ലകാര്യത്തിന് ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്ന് വിളി കേട്ടു. നനഞ്ഞാലും വേണ്ടില്ലാരുന്നു, കുട എടുക്കാൻ തിരികെ കേറണ്ടാരുന്നു. മിനി തന്നെ ഇഷ്ടമല്ല എന്നോമറ്റോ പറയുമോ? അതിന്റെ ദു: സൂചനയാണോ ഇറങ്ങിയിട്ട് കയറേണ്ടി വന്നത്?? അതോ തന്നോടുള്ളത് സഹോദരനോടുള്ള സ്നേഹമാണെന്നോ മറ്റോ പറഞ്ഞു കളയുമോ?? മനസ്സിൽ പലവിധ വ്യാപാരങ്ങൾ നടക്കവേ ഒരു വിദ്യുത് തരംഗം പാദങ്ങളിൽ നിന്ന് തുടങ്ങി ശിരസ്സിൽ അവസാനിച്ചത് പോലെ അയാൾക്ക്‌ അനുഭവപ്പെട്ടു. താൻ കാത്തുനിന്നവൾ തന്റെ അരികിലേക്ക് നടന്നടുത്തു വരുന്ന കാഴ്ച അയാൾ ഇമ വെട്ടാതെ നോക്കിനിന്നു. അവൾക്കു മുൻപേ കോളേജിൽ എത്തണമെന്ന് കരുതിയതാണ്. ക്ഹ, ഇനി അവൾക്കൊപ്പം തന്നെയാകാം. ബസ്സ്‌ സ്റ്റൊപ്പിലെക്കെത്തി തമ്പിയുടെ മുഖത്തേക്ക് പ്രേമപൂർവ്വം ഒന്നു നോക്കി പുഞ്ചിരി തൂകി അവൾ ബസ്സ്‌ സ്റ്റൊപ്പിലെ ഷെഡി ലേക്ക് നീങ്ങി നിന്നു.

   തമ്പി മനസ്സിൽ ആശ്വാസം കണ്ടു. അവളുടെ പുഞ്ചിരി എന്തായാലും സഹോദരനോടുള്ളതല്ല.. തന്നെ ആവൾക്ക് ഇഷ്ട്ടം തന്നെയാണ്. പരസ്സ്പ്പരം ഏതാനും പ്രാവശ്യം കൂടി നോട്ടങ്ങളെ പായിച്ച് അവർ നിൽക്കവെ ആളുകൾ റോഡിലേക്ക് ഇറങ്ങിനിൽക്കുവാൻ തുടങ്ങി. കോളേജിലേക്ക് പോകുന്നതിനുള്ള കാളിന്ദി ബസ്സ് വരുന്നുണ്ട്. ബസ്സിൽ നല്ല തിരക്കാണ്.

   ബസ്സിൽ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അതിനു പുറമെയാണ് തമ്പിയുടെ സ്റ്റോപ്പിൽ നിന്നും കയറാനുള്ള പത്തു പതിനഞ്ചു പേർ!! ആരും തന്നെ ആ ബസ്സിൽ കയറണ്ട, അടുത്തത് വരട്ടെ; എന്നു കരുതി മാറി നിൽക്കാൻ തയ്യാറല്ല.

   കൊറച്ചുപേര് മാറി നില്ല്, അടുത്ത വണ്ടിക്കു വാ..... ബസ്സിലെ കിളിയുടെ നിർദ്ദേശമായിരുന്നു അത്..

   അതെന്താ, ഈ സ്റ്റോപ്പിൽ വിദ്യാർഥികൾ കൂടുതലായതു കൊണ്ടാണോ? എല്ലാരേം കേറ്റിക്കൊണ്ട് പോയാമതി. . അല്ലാതെ ഈ ശകടം ഇവിടുന്നു പോകുന്നതൊന്നു കാണണം...

   ഒരു വിദ്യാര്ഥി നേതാവിന്റെ വകയായിരുന്നു കിളിക്കുള്ള മറുപടി..

   കിളിയെ നിശബ്ദനാക്കാൻ അത് ധാരാളമായിരുന്നു.. ബസ്സിന്റെ മുകളിൽ ആളെ കയറ്റിക്കൊണ്ട് പോകാനും കിളി റഡി!!

   മിനി ബസ്സിന്റെ മുൻ വാതിലിൽ കൂടി കയറി എന്ന് ഉറപ്പു വരുത്തി അവസാനആളായി തമ്പി പിറകു വാതിലിൽ കൂടി ബസ്സിലേക്ക് കയറി..

   ബസ്സ്‌ മുന്നോട്ട് നീങ്ങിത്തുടങ്ങി.. തമ്പി അളിയൻ വളരെ കഷ്ട്ടപ്പെട്ട് ബസ്സിന്റെ ഫുട്ട് ബോർഡിൽ നിന്നും മുകളിലേക്ക് കയറുകയാണ്.. പലരും അതിനിടയിൽ പുറുപുറുക്കുന്നത് തമ്പി അളിയൻ കേൾക്കുന്നുണ്ട്..

   എങ്ങോട്ടാടാ തെരക്കിന്റെ എടയിൽ തള്ളിക്കേറ്റിക്കൊണ്ടു പോകുന്നത്??

   ഒരു അമ്മാവൻ പിറു പിറുപ്പിനിടയിൽ വ്യക്തമായി തന്നെ ചോദിച്ചു...

   പക്ഷെ അതൊന്നും തമ്പി അളിയൻ ശ്രദ്ദിക്കുന്നതെ ഇല്ല....  എങ്ങനെയും മിനിയെ കാണത്തക്കവിധത്തിൽ ഒരിടം കിട്ടണം അത്രയുമേ അയാൾക്കുണ്ടായിരുന്നുള്ളൂ...

   ബസ്സിന്റെ പിൻ വാതിലിൽ നിന്നും അൽപ്പം മുന്നിലേക്ക് നീങ്ങി നിൽക്കാൻ തമ്പിക്ക് ഒരിടം തരമായി. അപ്പോഴേക്കും കണ്ടക്ട്ടർ ടിക്കറ്റുമായി തിരക്കിൽ നിന്നും അവതരിച്ചു..

   കൊറച്ച് മുന്നോട്ട് നീങ്ങി നില്ല്, സ്ഥലം കേടക്കുന്നത് കാണരുതോ?? തമ്പി ഉൾപ്പടെ ഉള്ളവരെ കുറേക്കൂടി മുൻപിലേക്ക് അയാൾ അടുപ്പിച്ച് നിർത്തി..

   തമ്പിയുടെ തൊട്ടു മുൻപിലായി തിരക്കിൽ ചേർന്ന് ഒരു മുപ്പതു വയസ്സിനു മുകളിൽ പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു നിന്നിരുന്നത്.. തമ്പിയുടെ മുഖത്തിന്‌ തൊട്ടു താഴെ മാത്രമേ അവർക്ക് ഉയരം ഉണ്ടായിരുന്നുള്ളു എന്നതിനാൽ മിനിയുമായി കണ്ണുകൾ കൊണ്ട് കടാക്ഷങ്ങൾ കൈമാറുന്നതിന് അവർ ഒരു തടസ്സമേ ആയിരുന്നില്ല!!

   ചക്കരക്കവലയിൽ ബസ്സ്‌ നിർത്തിയെടുത്തപ്പോഴേക്കും ബസ്സിലെ യാത്രക്കാർക്ക് അക്ഷരാർഥത്തിൽ ശ്വാസം പോലും വിടാൻ കഴിയാത്തത്ര തെരക്കായി കഴിഞ്ഞിരുന്നു.. തെരക്കിനിടയിലും പരസ്പ്പരം നോട്ടങ്ങളിൽക്കൂടി ഉല്ലാസ്സം കണ്ടെത്തിക്കൊണ്ടിരുന്ന രണ്ട് മനസ്സുകൾ ആ ബസ്സിൽ ഉണ്ടായിരുന്നു..

   പെട്ടന്ന് ബസ്സ്‌ അൽപ്പം ശക്തിയായി ഒന്ന് ബ്രേക്ക്‌ ചെയ്തു. മിനിയെ ഇമ വെട്ടാതെ നോക്കി കൊണ്ടിരുന്ന തമ്പിയുടെ മുഖം മുന്നിൽ നിന്ന മുപ്പതു വയസ്സുകാരിയുടെ തോളിനു മുകളിൽ കൂടി അവരുടെ മുഖത്തിന്‌ സമാനമായി ഒരു നിമിഷം എത്തി..

   തമ്പി അളിയനെ തിരിഞ്ഞു ഒന്നു നോക്കിയ മുപ്പതു വയസ്സുകാരിയോട് ഒരു "ചെറിയ sorry" എന്നാ രീതിയിൽ തമ്പി ശരീര ഭാഷ്യം പ്രകടിപ്പിച്ചു..

   ബസ്സ്‌ വീണ്ടും യാത്ര തുടരുകയാണ്.. തമ്പി ചുറ്റു പാടുകളിൽ അത്രകണ്ട് ബോധവാനല്ല.. മിനിയോട്‌ പറയേണ്ട വാക്കുകളെക്കുറിച്ചും, അതിൽ ഉൾക്കൊള്ളേണ്ട സാഹിത്യത്തെക്കുറിച്ചുമൊക്കെയുള്ള വർക്ക് ഷോപ്പ് അയാളുടെ മനസ്സിൽ നടക്കുകയാണ്..  അതിനിടയിൽ തമ്പിയുടെ മുന്നിൽ നിന്ന മുപ്പതുകാരി തമ്പിയെ രൂക്ഷമായി ഒന്നു നോക്കി.. തമ്പി അത് കാര്യമാക്കാതെ അതേനിലയിൽത്തന്നെ നിന്നു..

   തിരക്കേറിയ കാളിന്ദി ബസ്സ്‌ റോഡിന്റെ താളങ്ങൾക്കും, ചെറു കുഴികൾക്കും അനുസ്സരിച്ച് ചാഞ്ചാടുംപോഴെല്ലാം മുപ്പതുകാരി തമ്പി അളിയനെ തിരിഞ്ഞു നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു..  അവരുടെ നോട്ടം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി തമ്പി അളിയന്റെ മുഖത്തു നിന്ന് ആരംഭിച്ച് ഉടലിൽ താഴേക്കുസഞ്ചരിച്ചു കൊണ്ടിരുന്നു..

   തമ്പി അളിയൻ ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്.. ബസ്സിലെ തിരക്ക് കാരണം അവിടെനിന്നും മാറാനും തമ്പിക്ക് കഴിയുന്നില്ല. .  മുപ്പതുകാരിയുടെ ചേഷ്ട്ടകൾ തമ്പിയിലും അൽപ്പം ആശങ്കകൾ ജനിപ്പിക്കുകയും ചെയ്യുന്നു.. അനർഥമായതെന്തോ സംഭവിക്കുന്നതു പോലെ ഒന്ന് മനസ്സിൽ കടന്നു കൂടിയപ്പോഴേക്കും...... .... ????

   നീ എന്തവാടാ എന്നെക്കുറിച്ച് വിചാരിച്ചത്?? നിന്റെ വീട്ടിലുമില്ലെടാ അമ്മയും പെങ്ങളും ?? മുപ്പതുകാരി ആക്രോശിച്ചുകൊണ്ട് തമ്പിക്ക് നേരെ തിരിഞ്ഞു!!

   അതിന് ഞാൻ...... തമ്പി അളിയൻ ആകെ പരിഭ്രമത്തോടെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു...

   ഞാൻ ഒന്നും ചെയ്തില്ലല്ലോ??

   ബസ്സിൽ ഇതിൽ കൂടുതൽ എന്തോ ചെയ്യാനാടാ?? തെള്ളിഅങ്ങു കേറ്റുവല്ലാ  രുന്നോ?? അലവലാതി.. മുപ്പതുകാരി കോപം കൊണ്ട് വിറക്കുകയായിരുന്നു..

   അവൻ തെരക്കിനെടെക്കൂടെ കഷ്ടപ്പെട്ടാ അങ്ങു വന്നെ, എന്നിട്ടാ പണി....

   ബസ്സിന്റെ പിന്നിൽ നിന്നും കമന്റുകൾ ഉയർന്നു വരാൻ തുടങ്ങിയിരുന്നു ..

   തമ്പി അതിനിടയിൽ പരിഭ്രമത്തോടെ മിനിയെ ഒന്ന് നോക്കി..

   എല്ലാം നോക്കികണ്ട അവളുടെ മുഖം കോപവും വെറുപ്പും കൊണ്ട് ചുവക്കുന്നത് അയാൾ മനസ്സിലാക്കി...

 അവനോടോന്നും പറയണ്ട ഭാഷ ഇതൊന്നുമല്ല.. സ്ത്രീ സുരക്ഷ സ്വയം ഏറ്റെടുത്ത സതാചാര പ്രവർത്തകന്റെ ശബ്ദമായിരുന്നു അത്..

 അയാള് അത് പറഞ്ഞു തീർന്നില്ല, അതിനു മുൻപേ.......  പ്ടെ...

   തമ്പിയുടെ മുഖത്ത് ആഞ്ഞൊരടി വീണിരുന്നു!!

   തുടർന്നുള്ള നിമിഷങ്ങൾ ദയനീയം എന്ന് മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളു.. തമ്പിയുടെ ചുറ്റും കൂടി നിനനിരുന്നവരെല്ലാം തമ്പിയുടെ ശരീരത്തിന്റെ മാർദ്ദവം പരീക്ഷിച്ചറിഞ്ഞിരുന്നു ...

   വണ്ടി നിർത്തെടാ, ഇവനെ പോലീസ്സിൽ കൊടുക്കണം...

   തുടർന്നു പോലീസ്സിൽ തമ്പിയെ ഏൽപ്പിക്കുന്നതിനുള്ള ചർച്ചകളായിരുന്നു ബസ്സിലെ പുരുഷാരം നടത്തിയത്.. അതിന്റെ അന്തിമ തീരുമാനമെന്നവണ്ണം ഒരു സദാചാരപോലീസ് ഇൻസ്പെക്ടർ ആളുകൾക്കിടയിൽ നിന്നു പറഞ്ഞു...

   ഈ സ്ത്രീ പോലീസ് സ്റ്റേഷൻ കേറി നടക്കണ്ടാ എന്ന് മാത്രം കരുതി നിന്നെ പോലീസ്സിൽ കോടുക്കുന്നില്ല; തന്റെ ആവേശവും കർത്തവ്യവും ഒരിക്കൽക്കൂടി പ്രദർശിപ്പിച്ചുകൊണ്ട് ഡയലോഗിന്റെ അവസ്സാനം വീണു; തമ്പിയുടെ ചെകിട്ടത്തുതന്നെ ഒരടി... 

   അവനെ ചവിട്ടി പുറത്തേക്കിട്, ഈവണ്ടീൽ കൊണ്ടുപോകാൻ പറ്റത്തില്ല..

   ആളുകൾ നിർത്തിയ വണ്ടിയിൽനിന്ന് പുറത്തേക്കിറങ്ങി തമ്പിയെ കോളറിനു പിടിച്ച് പുറത്തേക്ക് തള്ളി...

   ഒരു ചെറുപ്പക്കാരനാ, അവന്റെ അഹങ്കാരം കണ്ടില്ലിയോ? ? ഒന്നിലും ഇടപെടാതെ നിൽക്കുന്ന മാന്യദേഹങ്ങൾ അങ്ങനെ അഭിപ്രായപ്പെടുന്നുമുണ്ടായിരുന്നു.. 

   ഏറിന്റെ ആഘാതത്തിൽ രണ്ടു പ്രാവശ്യം ഭൂമിയിൽ വീണുരുണ്ട തമ്പി അളിയൻ മെല്ലെ എഴുനേറ്റ് മണ്ണിൽത്തന്നെ തല കുമ്പിട്ടിരുന്നു.. അപ്പോഴേക്കും കാളിന്ദി അവിടുന്നും അകന്നിരുന്നു; യാത്രക്കാരുടെ ദൃഷ്ടി ഒഴികെ......

   തമ്പി കരഞ്ഞു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു.. തന്റെ നാട്ടിൽ, വീട്ടിൽ, കോളേജിൽ ഒക്കെ ഇതറിയുമ്പോൾ?? മിനി തന്നെ എന്നെങ്കിലും വിശ്വസിക്കുമോ?? തന്നെ വിശ്വസിക്കുന്നവർ വിശ്വസ്സിക്കുമെന്നല്ലാതെ തന്റെ നിരപരാധിത്വം ഒരിക്കലും തെളിയിക്കാൻ കഴിയില്ലെന്ന് അയാൾക്ക് ബോദ്ധ്യമുണ്ടായിരുന്നു!! ആത്മഹത്യ എന്നതല്ലാതെ മറ്റൊന്നും അയാളുടെ ചിന്തയിലേക്ക് വന്നതേ ഇല്ല......

   തമ്പി അവിടെ നിന്നും മെല്ലെ എഴുനേറ്റു... തന്റെ ജീവിതം തകർത്ത വില്ലനെ ഇതിനിടയിൽ തമ്പി മനസ്സിലാക്കിയിരുന്നു.. രോഷത്തോടെയും സങ്കടത്തോടെയും അയാൾ തന്റെ ജീൻസ്സിന്റെ പോക്കറ്റിലേക്ക് കൈ കടത്തി; കിട്ടിയസാധനത്തെ ഒരു നിമിഷം നോക്കി നിലത്തെക്കെരിഞ്ഞു!!!!!

ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട "POPY"



[Rajesh Puliyanethu
 Advocate, Haripad]

 

   

Sunday, 10 February 2013

ബസന്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ വിനിമയ ഉപാധിയായി ജനമധ്യത്തില്‍!!!`!!



   ഏകദേശം ഒന്നര പതിറ്റാണ്ടിന് അപ്പുറം സൂര്യനെല്ലി പെണ്‍വാണിഭകേസ്സ് സജീവമായ കാലഘട്ടമാണിത്.. കഴിഞ്ഞ ഈ ഒന്നര പതിറ്റാണ്ടില്‍ കൂടുതല്‍ വരുന്ന കാലത്ത് ആ പെണ്‍കുട്ടിയെ ഓര്‍ക്കുകയോ, അവള്‍ക്കു വണ്ടി സംസാരിക്കുകയോ, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ അവളെ കൊണ്ടുവന്നു നിര്‍ത്തി ജീവിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്ത എത്ര രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്‍ന്മാരുമുണ്ട്? ഇന്ന്, ഈ മുറവിളികള്‍ ആ പെണ്‍കുട്ടിക്കുവേണ്ടി ഉയരുന്നതും ഈ കൂവി വിളിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളോ നേതാക്കന്‍മാരോ സ്വയം ആ പെണ്‍കുട്ടിയെ സഹായിക്കണം എന്നോ അവള്‍ക്ക് നീതി നേടി ക്കൊടുക്കണമെന്നോ ഉള്ള നിലപാടെടുത്തു മുന്‍പോട്ടു വന്നതാണോ?? ഒന്നുമല്ല! സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് റദ്ദുചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നപശ്ചാത്തലത്തില്‍ സാധ്യതയുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ ആരായലുകാളാണ് ഈ കേള്‍ക്കുന്ന ശബ്ദകോലാഹലങ്ങളില്‍ അധികവും!! അങ്ങനെ ഒരു സുപ്രീം കോടതി നിലപാട് ഈ നൂറ്റാണ്ടില്‍ തന്നെ പുറത്തു വരുന്നതിന് ഡല്‍ഹിയില്‍ ഒരുപെണ്‍കുട്ടിയുടെ രക്ത്തം മാനത്തില്‍ കലര്‍ന്ന് തെരുവില്‍ ഒഴുകേണ്ടി വന്നു!! അതും ഇവിടെ കണ്ടില്ലെന്ന് നടിക്കപ്പെട്ടെനേം; പക്ഷെ രാഷ്ട്രീയ കുറുക്കന്‍മാരുടെ പിന്തുണ ഇല്ലാതെ സംഘടിച്ച ഒരുകൂട്ടം ജനങ്ങള്‍ ആ വികാരത്തിന്‍റെ തീഷ്ണത രാജ്യമാകെ പടര്‍ത്തുന്നതില്‍ വിജയിച്ചതിന്റെ പരിണിത ഫലം കൂടിയായി അത്..

   സൂര്യനെല്ലി കേസ്സില്‍ ഹൈകോടതി വിധി റദ്ദു ചെയ്തുള്ള സുപ്രീം കോടതി വിധിയും ഒരു ദിവസ്സത്തെ മാധ്യമ ചര്‍ച്ചക്ക് അപ്പുറം പ്രാധാന്യം നേടുമായിരുന്നു എന്നുതോന്നുന്നില്ല; പി. ജെ കുര്യന്‍ എന്നാ രാഷ്ട്രീയ വ്യക്തിത്വം അതില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍!!`!! പി. ജെ കുര്യനുമായി ചേര്‍ന്ന് വരുമ്പോള്‍ ലഭിക്കുന്ന പലവിധമായ രാഷ്ര്ടീയ മുതലെടുപ്പുകളും സമവായ രൂപീകരണങ്ങളുമാണ് ഇവിടെ പലരുടെയും ലക്ഷ്യം എന്ന് വ്യക്തം.. സ്വന്തം മകളുടെയോ, സഹോദരിയുടെയോ ഭാഗത്ത് നിര്‍ത്തി സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു രാഷ്ട്രീയേതര സമൂഹം മാത്രമാണ് ആ പെണ്‍കുട്ടിക്കുണ്ടായ ദുരന്തജീവിതത്തെ ഓര്‍ത്ത്‌ ആത്മാര്‍ഥമായി വേദനിക്കുന്നത്.. മറിച്ച് ക്യാമറക്ക് മുന്‍പില്‍ തങ്ങളുടെ സ്വോഭാവിക അഭിനയപാടവം തെളിയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിഭകള്‍ക്കല്ല..

   സൂര്യനെല്ലി സംഭവത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍; ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ മുപ്പത്തിഅഞ്ചോളം ആള്‍ക്കാര്‍ ചേര്‍ന്ന് ലൈഗീകമായി ചൂഷണം ചെയ്യുന്നു.. തന്നെ ലൈഗീകമായി ഉപയോഗിച്ച ഖദര്‍ ധാരിയായ വ്യക്തിയെ പിന്നീട് പത്രത്തില്‍ കണ്ടപെണ്‍കുട്ടി അത് പി. ജെ കുര്യന്‍ ആണെന്ന് തിരിച്ചറിഞ്ഞ് വെളിപ്പെടുത്തുന്നു.. സിബി മാത്യുസ്സിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പി. ജെ കുര്യനെ കേസ്സില്‍ ഉള്‍പ്പെടുത്തുന്നതിനൊ, തിരിച്ചറിയല്‍ പരേടിന് വിധേയനാക്കുന്നതിനോ തയ്യാറായില്ല!! തുടര്‍ന്നു പെണ്‍കുട്ടി നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ കുര്യനെതിരെയുള്ള തുടര്‍ നടപടികള്‍ മേല്‍ക്കൊടതികള്‍ തടഞ്ഞു.. ബാക്കി മുപ്പത്തി അഞ്ചോളം പ്രതികളെ വിചാരണ കോടതി ശിക്ഷിക്കുകയും അപ്പീലില്‍ ഹൈക്കോടതി അവരെ വെറുതെവിടുകയും ചെയ്തു.. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള തീരുമാനം റദ്ദാക്കുകയും, പ്രതികളോട് ജാമ്യത്തിനായി ഹൈക്കോടതിയെതന്നെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.. കേസ്സിലെ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു..

   ഇന്നു വി. എസ്. അച്ചുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുര്യന്‍റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.. മഹിളാ സംഘടനകളും, യുവജന സംഘടനകളും രോഷത്താല്‍ പൊട്ടിത്തെറിക്കുന്നു.. ഇവര്‍ക്കൊക്കെ ഇപ്പോള്‍ ഈ രോഷം എവിടുന്നു ജനിച്ചു എന്നതാണ് ചോദ്യം??  കുര്യന് അനുകൂലമായും പ്രതികൂലമായും നിലകൊള്ളുന്ന തെളിവുകള്‍ പോലെതന്നെ ദുരൂഹമാണ് ഈ സംഘടനകളുടെയും നിലപാട്.. സുപ്രീം കോടതിയുടെ വിധിവരട്ടെ എന്നുകരുതി കഴിഞ്ഞ ഒന്നര ദശകം തങ്ങളുടെ വികാരത്തെ ഇവര്‍ അടക്കി നിര്‍ത്തിയിരിക്കുകയായിരുന്നോ?? ഇത്ര അധികം രോഷം പ്രകടിപ്പിക്കുന്ന ഇടതു പക്ഷത്തിന് തങ്ങള്‍ ഭരിച്ച അഞ്ചു വര്‍ഷക്കാലം കുര്യനെതിരെ തുടര്‍ അന്യെഷണത്തിനു എന്ത് തടസ്സമുണ്ടായിരുന്നതായാണ് ചൂണ്ടിക്കാട്ടാനുള്ളത്?? രാഷ്ട്രീയമായ മുതലെടുപ്പിന് പ്രസ്തുത വിഷയം ഉപയോഗിക്കത്തക്ക അനുകൂലമായ സാഹചര്യം ലഭിച്ചില്ല എന്നതല്ലേ ഒറ്റ വാക്കിലുള്ള വിശദീകരണം!!

   കുര്യന് എതിരെയുള്ള സ്വകാര്യ ഹര്ജ്ജിയിലെ നടപടികള്‍ ഒരു പ്രത്യേക കേസ്സായി പരിഗണിച്ചാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്‌...`.. സൂര്യനെല്ലി കേസ്സിലെ മറ്റു പ്രതികളോടോപ്പം പരിഗണിക്കുക ആയിരുന്നില്ല എന്ന് സാരം.. ഇപ്പോള്‍ ഹൈക്കോടതി സൂര്യനെല്ലി പ്രതികളെ വെറുതെ വിട്ട തീരുമാനം റദ്ദാക്കിയ സുപ്രീം കോടതിവിധി അങ്ങീകരിക്കുന്നതുപോലെ തന്നെ കുര്യനെ കുറ്റ വിമുക്തനാക്കിയ നടപടിയും അങ്ങീകരിക്കുന്നതിനുള്ള നിയമപരമായ ബാദ്ധ്യത പൊതു സമൂഹത്തിനുണ്ട്..

   സൂര്യനെല്ലി സ്ത്രീ പീഡന കേസ്സില്‍ കുറ്റവാളിയായ ഒരാള്‍ പോലും രക്ഷപ്പെടരുതെന്നത് കേരളം ഒന്നാകെ ആവശ്യപ്പെടുന്ന ഒന്നാണ്.. അതോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് നിരപരാധിയായവര്‍ ശിക്ഷിക്കപ്പെടരുതെന്നതും, ഇവിടുത്തെ സാമൂഹിക നിയമ വ്യവസ്ഥകള്‍ ദുര്‍ബലമാകരുത് എന്നതും.. നിരപരാധിയായ ഒരാള്‍ ക്രൂശിക്കപ്പെട്ടാല്‍ അത് സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരതക്ക് തുല്യം തന്നെയാണ് എന്ന് വിസ്മരിക്കുന്നതും നന്നല്ല...

   ഒരു രാഷ്ട്രീയ നേതാവിന് എതിരെ ഉണ്ടാകുന്ന സാധ്യമായ മുതലെടുപ്പുകള്‍ എല്ലാം നടത്തുക എന്നതും, മുറവിളികളില്‍ക്കൂടി പുനരന്യേഷണമോ, തുടര്‍ അന്യെഷണമോ പുന: പരിശോധനായോ അങ്ങനെ ഏതു സര്‍ക്കാര്‍ തീരുമാനമോ നേടി എടുക്കുന്നതും ജനാധിപത്യ സംവിധാനത്തിലെ സ്വോഭാവികതകള്‍ എന്ന് കരുതി അവഗണിക്കാം.. പക്ഷെ കഴിഞ്ഞ ദിവസ്സം ജസ്റ്റിസ്‌ ബസന്ത് നടത്തിയതെന്നപേരില്‍ പുറത്തുവിട്ട സംഭാഷണ ശകലങ്ങളും, അതിനെ തുടര്‍ന്ന് കേരളത്തില്‍ അരങ്ങേറിയ കോലാഹലങ്ങളും പ്രബുദ്ധ കേരളത്തെ പിറകോട്ട് നയിച്ചു എന്ന് പറയേണ്ടി വരും..  ജസ്റ്റിസ്‌ ബസന്ത് ഈ കേസ്സില്‍ തന്‍റെ എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിച്ചതെന്നും, അദ്ദേഹം എന്താണ് പിന്നീട് പറഞ്ഞതെന്നും, ആ വാക്കുകള്‍ എപ്രകാരം പുറത്തുവന്നു എന്നും, ആ വാക്കുകളുടെ പ്രാധാന്യമെന്തെന്നും, രാഷ്ട്രീയ- സാമൂഹിക കേരളം അതിനെ എങ്ങനെ വിക്രിതമാക്കിയെന്നും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്..

   സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു കൊണ്ടുള്ള പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചിലെ ഒരു ജഡ്ജി ആയിരുന്നു ജസ്റ്റിസ്‌ ബസന്ത്.. തികച്ചും സ്വതന്ത്രമായ മനസ്സോടെ വേണം ഒരു ന്യായാധിപന്‍ ഒരു കേസ്സിനെ സമീപിക്കുവാന്‍..`.. ഒരു സ്ത്രീ പീഡനക്കേസ്സില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം കുറ്റവാളികള്‍ തന്നെയാണ് എന്നാ സാമൂഹിക-രാഷ്ട്രീയ- മാധ്യമ നിലപാട് കോടതികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.. കോടതിയുടെ മുന്‍പില്‍ എത്തുന്ന തെളിവുകള്‍ പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അലയോളികളില്‍ സ്വാധീനിക്കപ്പെടാതെ വിധി എഴുതുക എന്നതാണ് ഒരു ന്യായാധിപന്റെ കര്‍ത്തവ്യം.. അവിടെ തന്‍റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ധീരമായ നിലപാടെടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു എന്ന് വേണം വിലയിരുത്തേണ്ടത്.. കാരണം സാമൂഹത്തില്‍ വിവാദം നിലനില്‍ക്കുന്ന ഒരു കേസ്സില്‍ ശിക്ഷിക്കുകയാണെങ്കില്‍ മാത്രമേ ജഡ്ജി കൈയ്യടി വാങ്ങുകയുള്ളു.. പ്രതിയെ വെറുതെവിട്ടാല്‍ അതുണ്ടാകുന്നില്ല.. വെറുതെവിടുന്ന തീരുമാനം കേള്‍ക്കാന്‍ സമൂഹം ഇഷ്ട്ടപ്പെടുന്നില്ല.. കാരണം മാധ്യമ വിചാരണയില്‍ക്കൂടി പ്രസ്തുത പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിച്ച് പലവിധ ശിക്ഷകളും വിധിച്ച് കഴിഞ്ഞതിന് ശേഷമാണ് കോടതി വിചാരണ എന്നതിനാലാണത്.. ഒരു ജഡ്ജി വിവാദപരമായ കേസ്സിലെയോ, പ്രമുഖര്‍ ഉള്‍പ്പെട്ട കേസ്സിലെയോ പ്രതിക്ക് അനുകൂലമായ തീരുമാനമെടുത്താല്‍ ഏതെങ്കിലും ഒരു കൊണി ല്‍നിന്നെങ്കിലും അഴുമതി ആരോപണവും ജഡ്ജിക്ക് എതിരെ ഉണ്ടാകും.. ഇത്തരം സാമൂഹിക അന്തരീക്ഷം ന്യായയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കോടതികളുടെ ശക്തിയെ നശിപ്പിക്കും.. രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നാ നിലയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുന്ന വിലകുറഞ്ഞ സ്ഥാപനമായി കോടതികള്‍ അധപ്പതിക്കും!!

   സൂര്യനെല്ലി കേസ്സിലെ പെണ്‍കുട്ടി അനുമതി നല്‍കിയതിനാലാണ് പ്രതികള്‍ അവളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതിനാല്‍ ബലാല്‍സംഗം എന്ന പ്രോസിക്യുഷന്‍ ആരോപണം നിലനില്‍ക്കുകയില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍..`.. ഒരു സ്ത്രീയുടെ സമ്മതത്തോടെ പുരുഷന്‍ ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അവിടെ ബലാല്‍സംഗം എന്നാ ആരോപണം നില്‍ക്കില്ല.. പക്ഷെ ആ പെണ്‍കുട്ടി പതിനാറ് വയസ്സില്‍ താഴെയാണെങ്കില്‍ അവളുടെ സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയാലും പുരുഷന്‍ റേപ് കേസ്സില്‍ ശിക്ഷിക്കപ്പെടും.. ഇവിടെ ഹൈക്കോടതി എടുത്ത തീരുമാനം തെറ്റാണെന്ന് തന്നെ കരുതുക.. പെണ്‍കുട്ടി ശാരീരിക ബന്ധത്തിന് 35 പേര്‍ക്ക് അനുമതി നല്‍കിയതായാണ് കാണുന്നതെന്ന് ഹൈക്കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നതല്ലേ?? ഒരു പെണ്‍കുട്ടി 35 ആള്‍ക്കാര്‍ക്ക് തന്നോട് ശാരീരിക ബന്ധം പുലര്‍ത്താന്‍ അനുമതി നല്‍കിയെന്നകണ്ടെത്തല്‍ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി എന്ന് കണ്ടെത്തുന്നതിന് തുല്യമല്ലേ?? അങ്ങനെ എങ്കില്‍ എന്തുകൊണ്ട് ഇന്ന് കാണുച്ചു കൂട്ടുന്ന കോലാഹലങ്ങള്‍ ആ വിധി പുറത്തു വന്നപ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ഉണ്ടായില്ല??

   ജസ്റ്റിസ്‌ ബസന്ത് തന്‍റെ വിധിന്യായത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒരു സ്വൊകാര്യ സംഭാഷണത്തില്‍ എടുത്തുപറഞ്ഞത്‌ ഒളിക്യാമറ വെച്ച് പകര്‍ത്തി ടെലിക്കാസ്റ്റ് ചെയ്യേണ്ടിവന്നോ പ്രബുദ്ധകേരളത്തിന് മുന്‍പ് ആ വിധിയില്‍ എന്തായിരുന്നു കണ്ടെത്തിയിരുന്നത് എന്ന് മനസ്സിലാക്കാന്‍?? അതൊന്നുമല്ല കാര്യം.. സ്ത്രീ പീഡന കഥകളുമായി ബന്ധപ്പെട്ട ഏതൊരു വിവാദവും സമൂഹത്തെ വല്ലാതെ ഇക്കിളിപ്പെടുത്തുന്നു.. ആ വികാരത്തെ രാഷ്ട്രീയ- സാംസ്ക്കാരിക നേതാക്കള്‍ മുതലെടുക്കുകയും ചെയ്യുന്നു.. അതാണിവിടെ കണ്ടു വരുന്നത്.. ഒരു സ്വൊകാര്യ സംഭാഷണം പോലും ഒളിക്യാമാരയില്‍ പകര്‍ത്തി ടെലിക്കാസ്റ്റ്ചെയ്ത് വിവാദം സൃഷ്ട്ടിച്ചു റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന മാധ്യമ സംസ്ക്കാരം അവക്ജയോടെ തള്ളിക്കളയാന്‍ കെല്‍പ്പുള്ള ഒരു സാംസ്ക്കാരിക നായകന്‍ പോലുമില്ലാത്ത ശൂന്യതയും കേരളം കണ്ടു..

   വിവാദത്തിന്‍റെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്നതിന് ജസ്റ്റിസ്‌ ബസന്തിന് എതിരെ അപകീര്‍ത്തിപ്പെടുത്തലിനു കേസ്സ് കൊടുക്കുമെന്നുവരെ ചില മഹിളാസംഘടനകള്‍ പറഞ്ഞുകേട്ടു.. ഒരു സ്വൊകാര്യ സംഭാഷണം എങ്ങനെ അപകീര്‍ത്തിപരമാകും?? ഒരു പരസ്യ പ്രസ്ഥാവനയോ, പബ്ലിക്കിന് നേരെ ഒരു വ്യക്തിയെപ്പറ്റി അപകീര്‍ത്തി പരമായി പറയുന്നതോ, പ്രവര്‍ത്തിക്കുന്നതോ  മാത്രമേ 'Defamation' എന്ന നിലയില്‍ പരിഗണിക്കപ്പെടുകയുള്ളു എന്ന സാമാന്യബോധം പോലും അവര്‍ക്കില്ലെ??

   പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും എത്ര പ്രാവശ്യം ഈ സമൂഹ മധ്യത്തില്‍ അപമാനിച്ചു?? ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവളെ എത്ര മുതലെടുത്തു?? ഇവിടെ ആരും മുതലെടുപ്പിനപ്പുറമുള്ള ഒരു താല്‍പ്പര്യവും ആ പെണ്‍കുട്ടിയോട് കാട്ടുന്നില്ല എന്നതാണ് സത്യം!!

   സ്ത്രീ ഒരു ലൈഗീക ചൂഷക വസ്തുവാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഇവിടുത്തെ സമൂഹം തന്നെയാണ്.. സ്ത്രീയുടെ മാനം കാക്കാനെന്നപേരില്‍ അമിത പ്രാധാന്യത്തോടെ പീഡന വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നത് കൂടുതല്‍ സ്ത്രീകള്‍ അപമാനിതരാകാന്‍ കാരണമാവുകയെ ഉള്ളു.. സമൂഹത്തില്‍ ഒരുവനെ അപമാനിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്ത്രീ പീഡനം ആരോപിക്കുകയാണെന്ന് വന്നിരിക്കുന്നു.. വീണുകിട്ടുന്ന എല്ലാ സ്ത്രീ വിഷയങ്ങളും പരമാവധി മുതലെടുപ്പിന് ഉപയോഗിക്കാതെ വസ്തുതകള്‍ വേര്‍തിരിച്ച് സമൂഹമധ്യത്തില്‍ വിവരിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കള്‍ കാട്ടണം...

 

[Rajesh Puliyanethu
 Advocate, Haripad]  


Friday, 25 January 2013

മത വികാരം വൃണപ്പെടുന്നു എന്ന് തീരുമാനിക്കുന്നതാര്?? തീരുമാനിക്കപ്പെടുന്നതെങ്ങനെ??



   ചെറിയ ചെറിയ സംഭവങ്ങളോടു പോലും ചേര്‍ത്തുവെച്ച് നമ്മള്‍ കേള്‍ക്കുന്ന ഒന്നാണത്.. 'മതവികാരം വൃണപ്പെട്ടിരിക്കുന്നു'. എങ്കില്‍ പിന്നെ അതിന്റെ തൊട്ടടുത്ത കര്‍മ്മം അനുഷ്ടിക്കേണ്ടതെന്താണ്?? തെരുവിലേക്കിറങ്ങുക, കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുക.. കഴിയുന്നത്ര ആള്‍ക്കാരെ ഉപദ്രവിക്കുക, മുറിവേല്‍പ്പിക്കുക, ബുദ്ധിമുട്ടിക്കുക.. വൃണപ്പെട്ട വികാരത്തില്‍ ലേപനം പോലെ ആരുടെയെങ്കിലും ഒക്കെ രക്തം പുരട്ടുക.. എത്രത്തോളം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുവോ ഏല്‍ക്കേണ്ടി വന്ന മത മുറിവിന്‍റെ ആഴം അത്രയുമുണ്ടായിരുന്നു വെന്ന് പൊതു സമൂഹത്തിന് കാട്ടിനല്‍കാം.. സത്യത്തില്‍ മതവികാരം വൃണപ്പെടുന്നത് എങ്ങനെയാണ്, അത് ഒരു വ്യക്തിയില്‍ പ്രതിഫലിക്കുന്നത് എങ്ങനെയാണ്?? അത് തിരിച്ചറിയുന്നത്‌ എങ്ങനെയാണ്??

   മതവികാരം വൃണപ്പെടുന്ന അവസ്ഥയെ ഇല്ല എന്ന് പറയാന്‍ കഴിയില്ല.. പക്ഷെ ഇന്ന് ലോകത്താകമാനം മതവികാരം വൃണപ്പെടുന്നു എന്നാ വികാരം നശിച്ചിരിക്കുന്നതായും മതവികാരത്തെ തീപിടിപ്പിക്കുന്നു എന്നത് പകരമായി ആവിഷ്ക്കരിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്‌...`.. അതില്‍ മതവികാരം വൃണപ്പെടുക എന്നത് തന്നില്‍ തന്നെ ഉയരുന്നതും മതവികാരത്തെ തീ പിടിപ്പിക്കുക എന്നത് ബാഹ്യസ്വാധീനത്താല്‍ ഉണ്ടാകുന്നതുമായ വികാരങ്ങളാണ്.. തന്‍റെ ഉറച്ച വിശ്വാസ്സത്തെ, പുരാണ- ഇതിഹാസ്സ കഥാപാത്രങ്ങളെ, ആരാധാന മൂര്‍ത്തികളെ അങ്ങനെ ഒക്കെയുള്ള മനസ്സില്‍ തട്ടിയ വിശ്വാസ്സങ്ങളെ അധിക്ഷേപിക്കുകയും തകര്‍ത്തെരിയുകയും  ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വിശ്വാസ്സങ്ങളില്‍ മനസ്സര്‍പ്പിച്ചു നില്‍ക്കുന്ന ഒരു വ്യക്തിക്ക് ബാഹ്യ സ്വാധീനങ്ങള്‍ ഒന്നുമില്ലാതെ മനസ്സില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വോഭാവികമായ വിലാപമാണ്‌ മതവികാരം വൃണപ്പെടുക എന്ന് പറയുന്നത്..

   ഇന്ന് ഏറ്റവും ആപത്കരമായി കാണുന്നത് 'മതവികാരം  വൃണപ്പെട്ടിരിക്കുന്നു' എന്ന് പ്രഖ്യാപിക്കുന്നതാണ്.  ഒരു സംഭവത്തിനോട് അനുബന്ധമായി ഒരു കൂട്ടര്‍ ഇതു മതവികാരത്തെ  വൃണപ്പെടുത്തുന്നതാണ് എന്ന് പ്രഖ്യാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.. ഒരുവന്‍റെ മനസ്സില്‍ നിന്നും സ്വോഭാവികമായി ഉയര്‍ന്നു വരുന്ന ഒരു വികാരം ഇവിടെ കാണാനില്ല.. തീര്‍ച്ചയായും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി മുതലെടുപ്പിന് വേണ്ടി മാത്രമാണ് ഒരുകൂട്ടര്‍ അത്തരം പ്രഖ്യാപനങ്ങള്‍ നടത്തി ഒരു കൂട്ടം ആള്‍ക്കാരെ തെരുവിലിറക്കുന്നത്!! തങ്ങളുടെ മതത്തിന്‍റെ ശക്ത്തി പ്രകടനങ്ങള്‍ക്കും, സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള വിലപേശലിന് ഇത്തരം ശക്തി പ്രകടനത്തെ ഉപയോഗിക്കാന്‍ വേണ്ടിയുമാണ് തന്ത്രപരമായി ഈ കൂട്ടര്‍ അത് ചെയ്യുന്നത്.. 

   ചില മതങ്ങള്‍ തങ്ങള്‍ 'സെന്‍സിറ്റിവ്' ആണെന്ന് സ്വയം പ്രഖ്യാപിച്ച് നിസ്സാര കാര്യങ്ങള്‍ക്ക് പോലും മതവികാരം  വൃണപ്പെട്ടതായി പറഞ്ഞ് തെരുവിലിറങ്ങുന്നത്‌ നാം കാണുന്നുണ്ട്.. അതില്‍ കൂടുതലും ന്യൂനപക്ഷ സമുദായങ്ങളാണെന്നതും ശ്രദ്ദേയമാണ്..  ഭൂരിപക്ഷ സമുദായക്കാര്‍ മതവികാരം  വൃണപ്പെട്ടതായി പറഞ്ഞ് തെരുവിലിറങ്ങുന്നതിലും കൂടുതല്‍ രാഷ്ട്രീയ പിന്തുണ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നത് സ്പഷ്ട്ടം.. പക്ഷെ അവിടെ സംഭവിക്കുന്ന സാമൂഹിക അധപ്പതനം എന്നത്; ന്യൂന പക്ഷമതങ്ങള്‍ക്കെതിരെ പൊതു വിമര്‍ശനങ്ങള്‍ കുറയുമെന്നതും അതുവഴി ആ മതങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോവുകയും നടപ്പിലാകാതെ പോവുകയും ചെയ്യുമെന്നുള്ളതാണ്.. അത് അത്തരം ന്യൂനപക്ഷ മതങ്ങളെ പിന്നോട്ട് നയിക്കുന്നതിനും, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചാനിരക്കിനെ സാരമായി ബാധിക്കുകയും ചെയ്യും.. ഒരു ഇരുളടഞ്ഞ ചുറ്റുപാടില്‍ എന്നും തന്‍റെ മതസ്ഥരെ നിര്‍ത്തണമെന്നും തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിസ്സാരമായി ചൂഷണം ചെയ്യത്തക്ക വിധത്തില്‍ അവരെ ഒരുക്കി നിര്‍ത്തണമെന്നുമുള്ള ചില മേലാളന്‍മാരുടെ ചിന്തിച്ചുറച്ച തീരുമാനങ്ങളുടെ നടപ്പിലാക്കലുകളാണ് ഇവയെല്ലാം.. അറിഞ്ഞു കൊണ്ടുതന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ബോധപൂര്‍വ്വമായുള്ള വിധ്വംസ്സക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും, മാധ്യമങ്ങള്‍ പ്രചാരവും നല്‍കുന്നു..

   ലോകം മുഴുവന്‍ മതത്തിന്‍റെ പേരിലുള്ള പലതരത്തിലുള്ള മുതലെടുപ്പുകളും സംഘര്‍ഷങ്ങളും നടന്നു വരുന്നതിനാല്‍ ഇതെല്ലാം ഒരു ആഗോള പ്രതിഭാസ്സ മായി കാണാനാണ് പലരും ആഗ്രഹിക്കുന്നത്.. മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞ് പലതരത്തില്‍ നടത്തുന്ന മുതലെടുപ്പുകള്‍ക്ക് അതാതു മതങ്ങളില്‍ നിന്ന് മാത്രമേ പരിഹാരം ഉദിക്കൂ!! ഒരു സംഭവത്തോട് അനുബന്ധിച്ച് ' മതവികാരം വൃണപ്പെട്ടിരിക്കുന്നു' എന്ന യുദ്ധആഹ്വാനത്തിനുള്ള കാഹളം ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ആ മതസ്ഥര്‍ തന്നെ ഒന്നു ചിന്തിക്കുക; തന്‍റെ മനസ്സില്‍ മുറിവുണ്ടാക്കുവാനുള്ള എന്തെങ്കിലും സംഭവിച്ചോ?? തന്നെയും തന്‍റെ മതത്തിനെയും മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണോ എന്ന്.. അതിന് ശേഷം മാത്രം പ്രതികരിക്കുക.. അപ്രകാരവും; തന്‍റെ പ്രവര്‍ത്തി ഇതരമതസ്ഥന്റെ വികാരത്തെ വൃണപ്പെടുത്താന്‍ സാധ്യത ഉണ്ടോ എന്നുകൂടി ചിന്തിക്കുന്ന സ്വതന്ത്ര ചിന്താഗതിയുള്ള പൌരന്മാരാകുക.. നാം ഒരിക്കലും ചൂഷണത്തിന് വിധേയരാകാതിരിക്കാന്‍ ശ്രദ്ദിക്കുക....!!!


[Rajesh Puliyanethu
 Advocate, Haripad]



Thursday, 24 January 2013

സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയും, അകത്തളവും.......


   സ്ത്രീ പീഡനങ്ങള്‍ ഭാരതം എന്ന മഹാരാജ്യത്ത് ഒരു പുതുമയുള്ള വാര്‍ത്തയെ അല്ല!! രാജ്യത്ത് ആകമാനം അത് സംഭവിക്കുന്നതിന്റെ കണക്കെടുത്താല്‍ മിനിട്ടുകളില്‍ സംഭവിക്കുന്ന ഒന്ന്!! പൊതുജനശ്രദ്ദയും, പ്രതികരണവും, ഇരക്ക് നീതിയും ലഭിക്കുന്നത് പല സഹസ്രങ്ങളില്‍ ഒന്നിനു മാത്രം! അതും പ്രസ്തുത സംഭവം കൊണ്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മുതലെടുപ്പുകള്‍ സാധ്യമാകുമ്പോള്‍; അല്ലെങ്കില്‍ മാധ്യമങ്ങള്‍ " ഈ സംഭവം വിവാദമായിരിക്കുന്നു" എന്ന മുന്നറിയിപ്പോടെ നമ്മെ അറിയിക്കുമ്പോള്‍!!`! ഒരു സ്ത്രീയില്‍ നിന്നും ശാരീരികമായമായ സുഖം ബലമായി നേടിയെടുക്കാന്‍ ഒരു പുരുഷന്‍ തീരുമാനിക്കുന്നത് എന്ത് കൊണ്ടാണ്??  അത്തരം ഒരു തീരുമാനത്തിന്‍റെ ഇരയാകാതെ ഏതൊരു സ്ത്രീയെയും സംരക്ഷിച്ചു നിര്‍ത്തുന്നതിന് സമൂഹത്തിനും, നിയമത്തിനും, സര്‍ക്കാരുകള്‍ക്കും ഒരുപോലെ ബാധ്യത ഉണ്ട്..  ആ ബാധ്യത നിറവേറ്റുന്നതിന് വേണ്ടി ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തെ ഉള്‍ക്കൊണ്ട് വെറിപൂണ്ട് ഒരു സമൂഹത്തിന് തെരുവിലിറങ്ങാം.. പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാതെ; തങ്ങളും സ്ത്രീ ശാക്തീകരണത്തിനും, സ്ത്രീ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്നു എന്നപ്രതീതി ഉളവാക്കും വിധം നിയമനിര്‍മ്മാണങ്ങള്‍ നടത്താനോ, പ്രവര്‍ത്തിക്കാനോ സര്‍ക്കാരുകള്‍ ശ്രമിക്കരുത്..

   ഒരു പുരുഷന്‍ അക്രമ സ്വഭാവത്തോടെ ഒരു സ്ത്രീയില്‍ നിന്നും രതി ആസ്വതിക്കാന്‍ മുതിരുന്നതിന് പിന്നിലെ ചെതോവികാരമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ആ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്നാമതായി കണ്ടെത്തിയ കാരണം സ്ത്രീ തന്നെ പുരുഷനെ കാമവെറി കൊള്ളിക്കും വിധം പെരുമാറുന്നുഎന്നതായിരുന്നു.. പ്രധാനമായും അല്‍പ വസ്ത്രധാരണത്തിലൂടെയാണ് സ്ത്രീ ആ കൃത്യം നിര്‍വഹിക്കുന്നതെന്നും ഒരു കൂട്ടര്‍ പറഞ്ഞു വെച്ചു.. സ്ത്രീയുടെ അല്‍പ്പ വസ്ത്ര ധാരണാ രീതി ലൈംഗീക കുറ്റകൃത്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നുന്നുണ്ടോ??

   പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും തമ്മില്‍ യാതൊരു പരസ്പ്പര പ്രതിഫലവും കൂടാതെയും പ്രദര്‍ശന സ്വഭാവം കൂടാതെയും, പരസ്പ്പര താല്‍പ്പര്യപ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അനുവദിക്കുന്ന നിയമവും സമൂഹവുമാണ് നമ്മുടേത്‌..`.. ആ കാഴ്ച്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന രീതിയില്‍ നിയമങ്ങളും, പൊതുജനനിലപാടുകളും  നിലകൊള്ളുന്ന കാഴ്ചയാണ് പോയകാലത്ത് നമ്മള്‍ കണ്ടത്.. ലോകം മുഴുവന്‍ അത്തരം കാഴ്ചപ്പാടുകളിലേക്ക് വളരുന്നതും നമ്മള്‍ കണ്ടു.. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ അനിവാര്യതയാണ് തീര്‍ച്ചയായും അത്തരം അനുമതികള്‍ എന്നത് വ്യക്തം.. അവിടെ ഏറ്റവും കാതലായ വസ്തുത എന്നത് പരസ്പ്പര സമ്മതവും താല്‍പ്പര്യവും എന്നതാണ്.. നിയമവും, സാമൂഹികവും വിഷയങ്ങ ളാകുമ്പോള്‍ പ്രതിഫലത്തെയും, പ്രദര്‍ശനത്തെയും തടയുന്നു എന്ന് മാത്രം..

   വ്യക്തി സ്വാതന്ത്യവും, സ്ത്രീയുടെ സമ്മതവും കൂട്ടിവായിച്ച് വേണം വസ്ത്ര ധാരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍...`.. ഏതു തരത്തിലുള്ള വസ്ത്രം താന്‍ ധരിക്കണമെന്നത് അവളുടെ മാത്രം സ്വാതന്ത്ര്യമാണ്. നിയമം കല്‍പ്പിക്കുന്ന അതിര്‍വരമ്പിനുള്ളില്‍ എത്ര പ്രദര്‍ശനവും അവള്‍ക്കാകാം.. അതില്‍ കാഴ്ചക്കാരന് പരിമിതികള്‍ മാത്രമേ ഉള്ളു.. ഒരു സ്ത്രീ എത്രത്തോളം തന്‍റെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നോ, അത്രത്തോളം ശരീര ഭാഗങ്ങള്‍ മറ്റുള്ളവന് കാണുന്നതിനുള്ള അനുമതി നല്‍കല്‍ കൂടിയാണത്.. ആസ്വാദ്യകരമെങ്കില്‍ അത്രത്തോളം കണ്ട് ആസ്വദിക്കുന്ന അവകാശം മാത്രമേ രണ്ടാമതോരുവനുള്ളു.. 'കണ്ടു മാത്രം ആസ്വദിക്കുന്നതിന്'.... അതിനപ്പുറത്തെക്കുള്ള ഏതൊരു അതിക്രമ പ്രവര്‍ത്തിക്കും അല്‍പ വസ്ത്ര ധാരണത്തെ പഴിചാരി ന്യായം കണ്ടെത്താന്‍ സാധിക്കില്ല..

   ഒരു ബലാല്‍സംഗത്തില്‍ കൂടി കാമസംതൃപ്തി തേടുന്നതിനെ കാമവെറി എന്ന് വിശേഷിപ്പിക്കുന്നതിലും ഒരു ലൈഗിക കൃത്യത്തില്‍ അവസാനിക്കുന്ന  മനോവെറി എന്ന് വിശേഷിപ്പിക്കുന്നതാകും ഉത്തമം.. കാമാസക്തിയുടെ പൂര്‍ത്തീകരണം ഒരു ബലാത്സംഗത്തില്‍ കൂടി നടക്കുന്നു എന്ന് കരുതാന്‍ വയ്യ..  മനസ്സില്‍ ഉദ്ദേശിച്ച് ഉറപ്പിച്ച് ചെയ്യുന്ന ഏതൊരു കുറ്റകൃത്യം പോലെ മാത്രമേ ഉള്ളു ഇതും! അതിന് വികാരഉദ്ദീപനത്തിന്റെ കാര്യമായ സ്വാധീനം ഇല്ല എന്നു വേണം കരുതാന്‍..`.. മറിച്ച് ചിന്തയുടെ സ്വാധീനം മാത്രമേ ഉള്ളു.. ആ  ചിന്ത എന്നത് വളരെ ചെറിയ പ്രായം മുതല്‍; ഏറ്റവും അടുത്ത ചില ബന്ധങ്ങളില്‍ ഒഴിച്ചുള്ള മറ്റെല്ലാ സ്ത്രീകളെയും ശാരീരിക സൌകുമാര്യത്തിന്‍റെയും, രതിയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്തതും വിവരിച്ചും വളര്‍ന്നുവരുന്ന സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും ഉയര്‍ന്ന് വരുന്നതാണ്..  അക്രമചിന്തയും വന്യസ്വഭാവവും കൂടി നില്‍ക്കുന്ന ചില പുരുഷന്മാര്‍ അക്രമ ലൈഗികതയിലേക്ക് അതിനെ കൊണ്ട്ചെന്നെത്തിക്കുന്നു എന്ന് മാത്രം..  സ്വന്തം മകളില്‍ കാമ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കാടത്തത്തിലേക്ക് വരെ ആ സാമൂഹിക അന്തരീക്ഷം വളരുന്നു എന്നതാണ് ക്രൂരമായ വസ്തുത..

    സ്ത്രീയും മുന്‍പ് പറഞ്ഞ പൊതു സാമൂഹിക രീതിയില്‍ തന്നെ പുരുഷനെ വിലയിരുത്തി വരുന്നുണ്ടെന്നു വേണം കരുതാന്‍..`.. പക്ഷെ അത് അത്ര കണ്ട് വലിയ സാമൂഹിക വിപത്തായി ഉയര്‍ന്നു വരാത്തത്; അത് സാര്‍വത്രികമല്ല എന്നതിനാലാണ്. കൂടാതെ ഒരു ബലപ്രയോഗത്തില്‍ കൂടി പുരുഷനെ കീഴ്പ്പെടുത്താന്‍ സ്ത്രീക്ക് കഴിയാത്തതും ശക്തി കൊണ്ട് കീഴ്പ്പെടുത്തിയാലും ലൈഗീക ബന്ധത്തിലേക്ക് ബലപ്രയോഗത്തില്‍ കൂടി പുരുഷനെ എത്തിക്കാന്‍ കഴിയാത്ത ശാരീരികമായ സവിശേഷതയുമാണ് സ്ത്രീ ബലാത്സംഗ കേസ്സുകളില്‍ പ്രതിയാകാതിരിക്കാന്‍ കാരണം.. മറിച്ച് സമാനമായി ചിന്തിക്കുന്നവര്‍ സ്ത്രീയിലും പുരുഷന്മാരിലെന്നപോലെ തന്നെ ഉണ്ട്..

   സാമൂഹികമായ സ്ത്രീ പുരുഷ ഭേതമില്ലാത്ത ഒരു ചിന്താ സ്വോഭാവത്തിന്റെ  ക്രിമിനല്‍ ആവിഷ്ക്കാരമാണ് ബലാല്‍സംഗങ്ങളായി നാം കാണുന്നത്.. അതില്‍ സ്ത്രീയെ പ്രതി സ്ഥാനത്ത് കാണാത്തത് അവര്‍ക്ക് ആ കുറ്റക്രിത്യം നടപ്പിലാക്കാനുള്ള കഴിവുകേടുകൊണ്ടും.. അതുകൊണ്ട് തന്നെ ഇരയുടെ സ്ഥാനത്ത് നാം എല്ലായെപ്പോഴും സ്ത്രീയെ മാത്രം കാണുന്നു.. അതിനാല്‍ പുരുഷന് വേണ്ടി മാത്രമുള്ള മരുന്നുകള്‍ നിര്‍മ്മിക്കാനാണ് പൊതുസമൂഹവും, സര്‍ക്കാരും ശ്രമിക്കുന്നത്.. മറിച്ച് അടിസ്ഥാനപരമായി  സമൂഹത്തില്‍ നിലനില്‍ക്കുന്ന ചിന്തയിലെ വൈകല്യത്തെ ഫലപ്രദമായി ചികില്‍സ്സിക്കുന്നതിനുള്ളതോന്നും ഇവിടെ ഉയര്‍ന്നു വരുന്നില്ല..

   പുരുഷനെ ലൈഗിക അതിക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പല ഉപായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് ശിക്ഷ കടുത്തതാക്കുകന്നതാണ് അതില്‍ പ്രധാനമായത്.. ഒന്നു ചിന്തിക്കൂ. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്ന കുറ്റ കൃത്യത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കുന്ന നിയമങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ മുതിരുന്ന വേളയില്‍ ഒരുവന്‍ " ഇതു പിടിക്കപ്പെട്ടാലും 10 വര്‍ഷം തടവ് കിട്ടുമെന്നല്ലെ ഉള്ളു" എന്ന് നിസ്സാരമായിചിന്തിച്ച് ആ കുറ്റകൃത്യം ചെയ്യുന്നില്ല.. നിലവിലുള്ള നിയമപ്രകാരം പിഴ ഒടുക്കി കുറ്റവാളികള്‍ രക്ഷപ്പെടുന്നു എന്നാ നിലയിലാണ് പലരും സംസ്സാരിക്കുന്നത്.. ബലാത്സംഗ കേസുകളിലെ കുറ്റവാളികള്‍ എത്ര കഠിനമായും ശിക്ഷിക്കപ്പെടുന്നത് ഉചിതം തന്നെയാണ്. പക്ഷെ കെമിക്കല്‍ ഷ ണ്‍ഡീകരണം പോലെയുള്ള ശിക്ഷകള്‍ക്ക് നിയമ സാധുത നല്‍കിയാല്‍; സ്ത്രീ പീഡനങ്ങളെ മറയാക്കി ചൂഷണം നടത്താന്‍ തല്‍പ്പരരായ കുറ്റവാളികളായ സ്ത്രീകള്‍ക്ക് അവരുടെ ബര്‍ഗൈനിംഗ് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്നതിനപ്പുറം സ്ത്രീ പീഡനങ്ങളുടെ തോത് ക്രിയാത്മകമായി കുറക്കാന്‍ ഉതകും എന്ന് തോന്നുന്നില്ല..

      സ്ത്രീ പീഡനങ്ങള്‍ കുറയ്ക്കുന്നതിന് പുരുഷന്‍റെ ലൈഗീക ത്രിഷ്ണക്ക് നിയമം അനുവദിച്ച് കൊണ്ടുതന്നെ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് എന്ന് നിര്‍ദ്ദേശിക്കുന്നവരുണ്ട്. നിയമം അനുവദിക്കുന്ന വേശ്യാലയങ്ങള്‍ സ്ത്രീ പീഡനങ്ങളുടെ അളവ് കുറക്കാന്‍ സഹായകമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.. പക്ഷെ സമൂഹത്തിലെ പുരുഷന്മാരുടെ ലൈഗീക ആസക്ത്തിയുടെ പൂരണത്തിനായി ഒരു സംഘം സ്ത്രീകളെ ഒരുക്കിനിര്‍ത്തുക എന്നപ്രവര്‍ത്തിക്ക് ഒരുപാട് മാന്യതക്കുറവുകളുണ്ട്. മാത്രമല്ല അപ്രകാരം നിയമ പരിരക്ഷ വേശ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ അവിടേക്ക് സ്ത്രീകള്‍ എത്തപ്പെടുന്ന രീതി ക്രൂരവും, അധാര്‍മ്മികവും ആയിരിക്കും.. പരിഷ്കൃത ജനത എന്ന് സ്വയം പുകഴ്ത്തി പാടി നടക്കുന്ന നമുക്ക് അത് ഭൂഷണവുമല്ല..

   സ്ത്രീ  പുരുഷനെയോ, പുരുഷന്‍ സ്ത്രീയെയോ പ്രഥമമായി വിലയിരുത്തുന്നത് രൂപ സൌകുമാര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കണ്ടുവരുന്നു.. അതില്‍ നിന്നും ഒരു പടികൂടി കടന്ന് ലൈഗീകമായ ആസ്വാദനത്തിന്റെ വിലയിരുത്തലായി മാറുന്നു.. ആ ആസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ ഒരു വ്യക്തി തേടി തുടങ്ങുന്നതോടെയാണ് ഒരു കുറ്റകൃത്യം ജനിക്കാനുള്ള സാധ്യത ആരംഭിക്കുന്നത്.. തന്‍റെ ആഗ്രഹം മാന്യമായി ആവശ്യപ്പെടുന്നതോ, തന്നിലേക്ക് എതിര്‍ വ്യക്തിയെ ആകര്‍ഷിക്കുന്നത് വരെയോ കാര്യങ്ങള്‍ വിക്രിതമല്ല.. പക്ഷെ എതിര്‍ വ്യക്തിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി തന്‍റെ താല്പ്പര്യപൂര്‍ത്തീകരണത്തിന് ശ്രമിക്കുമ്പോളാണ് കാടത്തവും കുറ്റകൃത്യവും ഒന്നായി ഒരു 'താല്‍പ്പര്യം' മാറുന്നത്.. അതിലേക്ക് മുതിരരുത് എന്ന് മാത്രമാണ് സമൂഹത്തില്‍ പ്രചരിപ്പിക്കെണ്ടതും, ബോധവല്‍ക്കരണം നടത്തേണ്ടതും!! സ്വതന്ത്രമായി പരസ്പ്പര താല്‍പ്പര്യത്തോടെ ശരീരസുഖം പങ്കിടുവാന്‍ ആഗ്രഹിക്കുന്നവരെ വേട്ടയാടാനും പിന്തുടരാനും പാപ്പരാസ്സി മനസ്ഥിതിയോടെ മുതിരരുതെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം.. അങ്ങനെ ലൈഗീക വിഷയങ്ങളിലെ സമൂഹത്തിന്‍റെ അമിത ത്രിഷ്ണക്ക് പല മാര്‍ഗ്ഗങ്ങളില്‍ കൂടി അറുതി വരുത്തണം.. ലൈഗീക വിഷയങ്ങളെ സമൂഹം അവഗണിക്കാന്‍ പഠിക്കണം.. എങ്കില്‍ മാത്രമേ കരുതിക്കൂട്ടിയുള്ള ലൈഗീക അപകീര്‍ത്തികരമായ പ്രവര്‍ത്തികള്‍ അവസ്സാനിക്കുകയും യഥാര്‍ഥ കുറ്റവാളികള്‍ മാത്രം നിയമത്തിന് മുന്നില്‍ എത്തുകയും ചെയ്യുകയുള്ളൂ..

   ലൈഗീകമായ കുറ്റകൃത്യങ്ങള്‍ ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്‍റെ എല്ലാ ഭാഗത്തും അരങ്ങേറുന്ന ഒന്നാണത്.. കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കുറ്റകൃത്യം.. അതില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ബോധവല്‍ക്കരണം ക്രിയാത്മകമായി ചെയ്യണം.. 'പരസ്പര താല്‍പ്പര്യം ഒരു ലൈഗീക ബന്ധത്തിന് ഉണ്ടായിരിക്കണം' എന്ന ഒരൊറ്റ മുദ്രാ വാക്യത്തില്‍ മാത്രം ഊന്നി പ്രചരണങ്ങള്‍ നടത്തണം.. മറിച്ച് ലൈഗീകമായതെല്ലാം തെറ്റാണെന്ന് പ്രചരിപ്പിച്ച് തന്‍റെ പുണ്യാളന്‍ രൂപം അതുവഴി സമൂഹത്തിന് മുന്‍പില്‍ വരച്ചു കാട്ടി, സാമൂഹികതയും, ആത്മീയതയും, സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും കൂട്ടിക്കുഴച്ച് ലക്ഷ്യബോധമില്ലാത്ത പ്രചരണങ്ങള്‍ നടത്തി അവ്യക്തമായ ചിത്രങ്ങള്‍ സമൂഹത്തില്‍ സൃഷ്ട്ടിക്കുമ്പോള്‍ അവയെല്ലാം മാലിന്യങ്ങളായി മാത്രം നിക്ഷേപിക്കപ്പെടുന്നു.. ശുഭകരമായ ചലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടാതെ പോകുന്നു.. 

   ഇവിടെ ഉയരുന്ന ഒരു രൊദനമാണ് സ്ത്രീ വില്‍പ്പനച്ചരക്കാകുന്നു, ഉപഭാഗ വസ്തു ആയിമാത്രം അധപ്പതിക്കുന്നു എന്നൊക്കെ.. എന്തുകൊണ്ടാണ് സ്ത്രീ അപ്രകാരം ചിത്രീകരിക്കപ്പെടുന്നത്?? എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്‌?? സ്ത്രീയും പുരുഷനുമായി ചേര്‍ന്നുള്ള കഥകള്‍ക്ക് സമൂഹം കാട്ടുന്ന അമിത പ്രാധാന്യമാണ് അതിനു കാരണം.. സ്ത്രീയുടെ ശരീരത്തെ മുതലെടുപ്പിന് ഉതകുന്ന ഒന്നാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് തന്‍റെ വിലാപം എന്നപേരില്‍ ഈ ആള്‍ക്കൂട്ടങ്ങള്‍ ചെയ്യുന്നത്.. ഒരു ക്രൂരവ്യക്തിയാല്‍ ഒരു പെണ്ണ് ഒരുപ്രാവശ്യമായിരിക്കും പീഡി പ്പിക്കപ്പെടുന്നത്. പക്ഷെ അവളുടെ കണ്ണീരോപ്പാനെന്ന വ്യാജേന കൂടെ കൂടുന്നവര്‍ സമൂഹമദ്ധ്യത്തില്‍ അവളെ ഒരായിരം പ്രാവശ്യം അപമാനിക്കും!! അതും പല വര്‍ഷങ്ങള്‍......`.. അതിനുള്ള ഉദാഹരണങ്ങള്‍ക്ക് പോയകാലകേരള രാഷ്ട്രീയത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി..

   സമൂഹത്തിലെ സമഗ്രമായ മാറ്റത്തെപ്രതീക്ഷിച്ച് ഇവിടെ ഒരു സ്ത്രീക്കും ആശ്വസിക്കാന്‍ കഴിയില്ല.. സ്ത്രീ പീഡനങ്ങള്‍ ഇല്ലാത്ത ഒരു സുന്ദരഭൂമിയൊന്നും ഇവിടെ ഉണ്ടാകാന്‍ പോകുന്നില്ല.. ഇവിടെ ഫലവത്താകുന്നത് സ്ത്രീ നടത്തുന്ന സ്വയം പ്രതിരോധ മാത്രമാണ്.. ഒരു ഇരയാകാതെ എങ്ങനെ കടന്ന് പോകാം എന്ന് ചിന്തിച്ച് അവള്തന്നെ രൂപപ്പെടുത്തുന്ന ഒരു പ്രവര്‍ത്തന ചര്യക്ക്‌ മാത്രമേ അവളെ രക്ഷിക്കാന്‍ കഴിയൂ.. ചെളിയില്‍ കൂടി നടക്കുമ്പോള്‍ തെന്നിവീഴാതെ നടക്കുന്നവര്‍  ശ്രദ്ദിക്കുക.. വ്യക്തി സ്വാതന്ത്ര്യങ്ങളെ വേദനയോടെ മറന്നു കൊണ്ടാണെങ്കിലും വീഴ്ചകള്‍ക്ക് പാത്രീഭവിക്കാതിരിക്കുവാന്‍ ശ്രദ്ദിക്കുക.. ഏതൊരു സ്ത്രീക്കും ഏതു സമയത്തും, ഏതൊരിടത്തുകൂടിയും ഭയാശങ്കകളില്ലാതെ കടന്നു പോകാന്‍ കഴിയുന്ന കാലം സ്വപ്നത്തില്‍ മാത്രം അവശേഷിക്കുന്നിടത്തോളം കാലം അതിന് മാത്രമേ കഴിയൂ......



[Rajesh Puliyanethu
 Advocate, Haripad]

 
    

Friday, 28 December 2012

സച്ചിന്‍റെ വിടവാങ്ങല്‍!!!!`!!




   സച്ചിന്‍ടെണ്ടുല്‍ക്കര്‍ എന്നാ വിസ്മയ പ്രതിഭ ഏകദിന ക്രിക്കറ്റില്‍ നിന്നും അരങ്ങൊഴിഞ്ഞു.. എന്നെങ്കിലും അത് സംഭവിക്കുമെന്ന് അറിയാമായിരുന്നു എങ്കിലും പെട്ടന്നൊരു ദിവസ്സം അത് കേട്ടപ്പോള്‍ ഞെട്ടിക്കുന്ന ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് പോലെയാണ് തോന്നിയത്.. പ്രിയപ്പെട്ട ആരുടെയെങ്കിലും വേര്പാട് വാര്‍ത്തയോ, വലിയ ഒരു അപകട വാര്‍ത്തയോ മറ്റോ പെട്ടന്ന് കേള്‍ക്കേണ്ടി വരുമ്പോള്‍ തോന്നുന്ന ഒരു തരം അസുഖകരമായ വികാരം...

   ദിവസ്സങ്ങള്‍ പലത് പിന്നിട്ടിട്ടും ആ വാര്‍ത്ത ഉണ്ടാക്കിയ അസ്വസ്ഥത വിട്ടു മാറുന്നില്ല എന്നതാണ് സത്യം.....




[Rajesh Puliyanethu
 Advocate, Haripad]
--