Friday, 3 November 2017

മദ്യപാനി......



     ഉണർന്നെഴുനേറ്റപ്പോഴാണ് സ്ഥലകാലബോധം ഉണ്ടായത്...i

     അയാൾ ചുറ്റും നോക്കി...!
അതെ,, തന്റെ മുറി തന്നെ....

   തലേ ദിവസരാത്രി സംഭവങ്ങൾ തീരേ വ്യക്തമല്ലാത്തതിനാൽ അല്പം സംഭ്രമത്തോടും, ജാള്യതയോടും അയാൾ എഴുന്നേറ്റു....

    ചുറ്റുവട്ട കാഴ്ചകൾ ഒന്നു വീക്ഷിച്ച് രണ്ടും കല്പിച്ച് അയാൾ വിളിച്ചു....

    മീരേ,, ചായ എടുക്കടീ....

    പത്തു മിനിറ്റ് സമയം പോലും വേണ്ടി വന്നില്ല,, മീര ചായയുമായെത്തി....

    സഹദേവൻ തന്റെ ഭാര്യയെ അടിമുടി ഒന്നു നോക്കി....

    അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു.... കവിളിലെ തിണിപ്പ്... ഈശ്വരാ,, അത് ഞാൻ ദേഷ്യത്തിൽ.... ഞങ്ങളുടെ പ്രണയകാലങ്ങളിൽ എത്രയോ ആർദ്രതയോടെ അവളുടെ കവിളുകളിൽ ഞാൻ തലോടിയിട്ടുണ്ട്... അയാൾ
കുറ്റബോധം കൊണ്ട് സ്വയം ഇല്ലാതാകുന്നതായി തോന്നി....

     മീരേ,, നിന്നെ ഞാൻ... തലേ ദിവസത്തെ ഓർമ്മകൾ ചില്ലു വെളിച്ചം വീശി അയാളിലേക്കെത്തിത്തുടങ്ങി....

    സാരമില്ലേട്ടാ,,, മോടെ ഫീസിന്നു കെട്ടണം.. അല്ലങ്കിൽ അവളെ ക്ലാസ്സിൽ നിന്നിറക്കിവിടും... എന്തോ പറയാൻ വേണ്ടി അത്രയും പറഞ്ഞ് വേദന അമർത്തി അവൾ മുറിയിൽ നിന്നിറങ്ങിപ്പോയി....

    കുറ്റബോധത്താൽ യാന്ത്രികമായി പ്രഭാത ചര്യകൾ പൂർത്തിയാക്കി അയാൾ ഇറങ്ങി... തന്റെ കടയിൽ ജോലിക്കാരും,, കസ്റ്റമേഴ്സ്സും വരുമ്പോഴും അയാൾ അസ്വസ്ഥനായിരുന്നു....

    മദ്യപാനം തന്റെ സമ്പത്തിനേയും,, കുടുംബ ജീവിതത്തിനേയും,, സൽപ്പേരിനേയും ബാധിക്കുന്നതോർത്ത് അയാൾ വിവശനായി...

     മദ്യപാനം എന്ന ദു:ശീലത്തെ ഓർത്ത് അയാൾ വേദനിച്ചു... തന്റെ ജീവിത വളർച്ചയെ ഒരു പത്തു വർഷമെങ്കിലും ഈ ദു:ശീലം പിന്നോട്ട് നടത്തിയിട്ടുണ്ട്.... എന്തെങ്കിലും രോഗം പിടിപെട്ടാലോ,, സഹായിക്കാൻ പോലും ആരും ഉണ്ടാകില്ല... സമ്മർദ്ദം നെഞ്ചു പൊട്ടിക്കുന്ന അവസ്ഥയിലെത്തിയപ്പോൾ അയാൾ ഒരു ദൃഢപ്രതിജ്ഞ എടുത്തു....

    ''ഇനി ഒരിക്കലും മദ്യപിക്കുകയേ ഇല്ല..''

     കടയിൽ കസ്റ്റമേഴ്സ് വന്നു പോകുമ്പോഴും സഹദേവൻ ചിന്തിച്ചു കൊണ്ടിരുന്നത് തനിക്ക് മദ്യപാന സ്വഭാവം കൊണ്ട് സംഭവിച്ച ദൂഷ്യങ്ങളെക്കുറിച്ചായിരുന്നു... ഈ അവസ്സരത്തിലെങ്കിലും അതിൽ നിന്നും മോചിതനായതിലും,, മദ്യപാനം ഉപേക്ഷിക്കാൻ എടുത്ത തീരുമാനത്തിലും അയാൾക്ക് ആത്മാഭിമാനം തോന്നി...

    അയാൾ ഫോൺ എടുത്ത് ഭാര്യയെ വിളിച്ചു... എടീ,, ഞാൻ വൈകിട്ട് നേരത്തേവരും... നമുക്കൊരു സിനിമക്ക് പോകാം... ഞാൻ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്... നിനക്ക് സന്തോഷമാകും... വന്നിട്ടു പറയാം...

    സമയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... വൈകുന്തോറും മദ്യത്തെ ശരീരവും,, മനസ്സും ആകർഷിച്ചു തുടങ്ങിയിരുന്നു... ''ഞാൻ വേണ്ടാന്നു വെച്ചാൽ വേണ്ടാ...,, സഹദേവൻ ഒരു തീരുമാനമെടുത്താൽ എടുത്തതാ'' അയാൾ തന്റെ മനസ്സിനെത്തന്നെ വെല്ലുവിളിച്ചു...

    സഹദേവൻ നേരത്തേ കടയിൽ നിന്നിറങ്ങി കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു... തന്റെ പതിവു സ്ഥലമായ അനാമികാ ബാറിന്റെ മുൻപിൽ എത്തിയപ്പോൾ വണ്ടി നിർത്തി അയാൾ ബാറിലേക്ക് നോക്കിയിരുന്നു.... മനസ്സിൽ ശരി തെറ്റുകളുടെ ലോകമഹായുദ്ധം നടക്കുകയാണ്... ഒടുവിൽ സമാധാനത്തിന്റെ ദൂതുമായി ഒരു ചിന്ത ഉള്ളിൽ പിറന്നു...

   ഇന്നു കൂടി അടിക്കാം...

     അയാൾ കാർ പാർക്ക് ചെയ്ത് ബാറിലേക്ക് കടന്നു... ചിന്തകൾ ന്യായീകരണത്തിന്റെ ചെറിയ പൊട്ടുകൾ തിരയുകയായിരുന്നു... ഇത്രയും നാൾ ഉണ്ടായിരുന്ന ശീലമല്ലെ!? ഒരു ദിവസം നിർത്താൻ വേണ്ടിയും അടിക്കണ്ടേ...??

    കൗണ്ടറിൽ ചെന്നു നിന്ന് അയാൾ വിളിച്ചു പറഞ്ഞു... 'രാമൂ,, രണ്ട്  Ninety, ഒരു സോസാ...'

   തീരുമാനവും,, പ്രവർത്തിയും സന്ധിക്കാത്ത ഒരു മനുഷ്യന്റെ ദിവസം അവിടെ അവസാനിച്ചു... പകരം ഒരു മദ്യപാനിയുടെ ദിവസം ആരംഭിച്ചു....

[Rajesh Puliyanethu
 Advocate, Haripad]

Saturday, 24 June 2017

ആദിവാസിയാകണമെങ്കിൽ ചില യോഗ്യതകളുണ്ട്........!!??


ആദിവാസിയാകണമെങ്കിൽ ചില യോഗ്യതകളുണ്ട്... 
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::!!??

1] തീർച്ചയായും കറുത്ത നിറം വേണം...

2] ആണായാലും പെണ്ണായാലും മുടി ചീകി വെയ്ക്കാൻ പാടില്ല 

3] പൗഡർ, ചാന്ദ്, ചന്ദനം തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല... ഉപയോഗിച്ചാൽത്തന്നെ,, നഗരവാസ്സികൾക്കു ചിരി ഉയർത്തും വിധം വാരിയും വലിച്ചും മറ്റും ആയിരിക്കണം.....

4] തൊലി വെളുത്തതും, പൗഡറിട്ടതും ആയ ഏതൊരുവനെ കണ്ടാലും "തമ്പ്രാ" എന്ന് തന്നെ വിളിക്കണം..

5] റേഡിയോ ഉൾപ്പെടെയുള്ള എന്ത് ഇലക്ട്രോണിക് ഉപകരണം കണ്ടാലും അത്ഭുതത്തോടെ കണ്ടു നിൽക്കണം... കഴിയുമെങ്കിൽ നഗരവാസ്സികൾക്കു ചിരി ഉയർത്തും വിധം എന്തെങ്കിലും കോപ്രായം ഇവയൊക്കെ കണ്ടപാടെ ചെയ്യണം...

6] സ്ത്രീകളുടെ വസ്ത്രധാരണം തീർച്ചയായും കീറ തുണികളുടെ സംയോജനം ആയിരിക്കണം... ആണുങ്ങൾക്ക് വസ്ത്രത്തിന്റെ ആവശ്യമേ ഇല്ല.. ഉണ്ടെങ്കിൽത്തന്നെ, അരക്കു ചുറ്റും മാത്രം...........

7] കള്ളു കുടിക്കണം,, തങ്ങളുടെ സ്വന്തമായ ദൈവത്തിനേയും കുടുപ്പിക്കണം... അവന്റെ ദൈവശില്പങ്ങൾക്ക് ഒരിക്കലും സുന്ദര രൂപങ്ങൾ ഉണ്ടാകാൻ പാടില്ല...

8] ഇംഗ്ളീഷിലെ യാതൊരു വാക്കും അവൻ തിരിച്ചറിയാൻ പാടില്ല.... ഇംഗ്ളീഷ് ആദിവാസ്സി പറയുന്നത് നഗരവാസ്സികൾക്കു ചിരി ഉയർത്തും വിധം ആയിരിക്കണം..

9] കുറച്ചു നാട്ടുവൈദ്യം അറിഞ്ഞിരിക്കണം... എന്തൊക്കെ രോഗം പിടിപെട്ടാലും രോഗശാന്തി ആ നാട്ടു വൈദ്യത്തിൽ മാത്രം അധിഷ്ഠിത മായിരിക്കണം...  നാട്ടിലെ രോഗിക്ക് എപ്പോഴെങ്കിലും ആവശ്യം വന്നാൽ കാട്ടിലെ ഡോക്ടർ ചികിൽസിച്ചു ഭേദമാക്കുകയും വേണം.....

10] നാട്ടിലെ നിയമങ്ങൾ അറിയരുത്... കാട്ടിലെ നിയമങ്ങൾ നടപ്പിലാക്കുകയുമരുത്...  നാട്ടധികാരി ഇടക്ക് വന്ന് നാട്ടു നിയമം നടപ്പിലാക്കുകയും ചെയ്യും.... അതെനെ എതിർക്കരുത്..!!! അതിനെ ബഹുമാനപൂർവ്വം അംഗീകരിക്കണം...

11] ആയുധമായി; അമ്പും വില്ലും, കുന്തം, കത്തി എന്നിവ മാത്രമേ ഉപയോഗിക്കാവൂ... അതിനപ്പുറമുള്ള ആയുധങ്ങൾ നഗരവാസികൾക്ക് മാത്രം സ്വന്തമായതാണ്.. 

12] ഭക്ഷണമായി കായും, കിഴങ്ങും മാത്രം... നോൺ വെജിറ്റേറിയൻ ആയവർക്ക് ഏതു ജീവിയേയും പിടിച്ചു ചുട്ടു തിന്നാം.. ചുട്ടു മാത്രം.... പക്ഷെ പിടിക്കുന്ന മൃഗത്തിന്റെ പരിരക്ഷ നാട്ടു നിയമങ്ങൾ നിഷ്ക്കർഷിക്കുന്നത് അനുസ്സരിച്ചു നിങ്ങളും ഉത്തര വാദികളാണ്.. ശിക്ഷയും കിട്ടും...

13] നാട്ടിലെ ഏമാന്മാർക്ക് തേൻ- സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ തന്റെ സന്തോഷമെന്നപോലെ സമർപ്പിക്കണം...  കാഴ്ച്ച വെച്ചുകഴിഞ്ഞു പത്തു ചെവിട് പിന്നോട്ട് നിന്നൊന്നു തൊഴുതാൽ അത്രയും നന്ന്...

14] ഇടക്കിടക്കു കാട്ടു ദൈവത്തിനു കള്ളും ബലിയും നൽകണം... കൂട്ടത്തിൽ നൃത്തവും പാട്ടും വേണം.. അതുകാണാൻ നഗരവാസ്സികൾ വരും.. അവരെ താണു തൊഴുതു സ്വീകരിക്കണം..  ഒരിക്കലും നൃത്തം ചെയ്യുന്ന സ്ത്രീകൾ ഒരു മീറ്റർ തുണിയിൽ കൂടുതൽ ശരീരത്തിൽ മറക്കാൻ പാടില്ല....


  എങ്ങനെ ഒക്കെ ചിലതല്ലാതെ കാളവണ്ടി പോലും ആദിവാസികളുടെ ചമയങ്ങളിൽ അംഗീകരിച്ചിട്ടില്ല.... പിന്നാ ഇപ്പോൾ ജാനുവിന് കാറ്,, അതും എറ്റിയോസ്... ഏഴെട്ടു ലക്ഷം വെലവരുന്നത്...!!  ജാനു ആദിവാസിയുമല്ല,, എറ്റിയോസ് ആദിവാസ്സി വാഹനവുമല്ല..... കമ്യുണിസ്റ്റുകളും- കോൺഗ്രെസ്സുകളും ജീവിച്ചിരിക്കെ ഒരു ആദിവാസിയെക്കൊണ്ടും കാറു മേടിപ്പിക്കില്ല... 

അതിപ്പം ഞങ്ങൾ കോൺഗ്രെസ്സുകാര് ഇന്ദിരാ ദേവിയെപ്പിടിച്ചും ആണയിടാമു......



അതിപ്പം ഞങ്ങൾ കമ്യുണിസ്റ്റുകാര് കാറൽ മാക്സു മുത്തപ്പനെ പിടിച്ചും ആണയിടാമു..............

[Rajesh Puliyanethu
 Advocate, Haripad]

Monday, 12 June 2017

കൗശലക്കാരനായ ബെനിയയും,, അമിത് ഷായും..... !!

ബി ജെ പി യുടെ ദേശീയ അദ്ധ്യക്ഷൻ ശ്രീ അമിത് ഷാ ഭാരതത്തന്റെ രാഷ്ട്ര പിതാവിനെ "കൗശലക്കാരനായ ബനിയ" എന്നു പറഞ്ഞു അധിക്ഷേപിച്ചു എന്നതാണ് കഴിഞ്ഞ രണ്ടു ദിവസ്സത്തെ പ്രധാന ചർച്ച...

ആദ്യമായി ഒരു വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്... ആരാണ് ഭാരതത്തിന്റെ രാഷ്ട്രപിതാവ്?? ഈ ചോദ്യം കഴിഞ്ഞ രണ്ടാം യു പി എ സർക്കാറിന് മുൻപിൽ എത്തി.... അവിടെ കോൺഗ്രസ്സ് നയിക്കുന്ന കേന്ദ്ര സർക്കാർ അർത്ഥശങ്കക്ക് ഇടയില്ലാതെ പറഞ്ഞു 'മഹാത്മാ ഗാന്ധിയെ ഔദ്യോകികമായി രാഷ്ട്ര പിതാവായി അംഗീകരിക്കാൻ കഴിയില്ല',, എന്ന്...!! കേന്ദ്ര മന്ത്രി സഭയുടെ ആ തീരുമാനം പത്ര പ്രവർത്തകർക്കു മുൻപാകെ വിശദീകരിച്ചത് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ ചിദംബരവും ആയിരുന്നു.......

അതേ മഹാത്മാ ഗാന്ധിയെ  "കൗശലക്കാരനായ ബനിയ" എന്നു വിളിച്ചു ജാതീയമായി അധിക്ഷേപിച്ചു എന്നതാണ് ചിലരുടെ ആക്ഷേപം..! ഇതു കേൾക്കുമ്പോൾ ഉയരുന്ന ചില സ്വോഭാവിക സംശയങ്ങൾ ഉണ്ട്.... ആദ്യത്തെ ചോദ്യം...?? ജാതീയമായി ഒരാളെ അധിക്ഷേപിക്കുന്നത് എങ്ങനെ?? ആരെയൊക്കെ ജാതീയമായി  അധിക്ഷേപിക്കാൻ കഴിയും?? അധഃകൃത വിഭാഗമായി പൊതുസമൂഹം കരുതുന്ന ഷെഡ്യൂൾഡ് കാസ്റ്റ് & ഷെഡ്യൂൾഡ് ട്രൈബ് എന്നീ വിഭാഗങ്ങളെ മാത്രമല്ലെ ജാതീയമായി പറഞ്ഞു അധിക്ഷേപിക്കാൻ കഴിയൂ?? കേരളത്തിലെ അവസ്ഥ പ്രാകാരം ഒന്ന് വിശകലനം ചെയ്‌താൽ,, "എടാ പന്ന പുലയാ" എന്ന് വിളിച്ചാൽ ഹരിജൻ അട്രോസിറ്റീസ്നിയമം പ്രകാരം മോശമാണ്,, അത് ജാതീയമായ ആക്ഷേപമാണ്... എന്നാൽ,, "എടാ പന്ന ബ്രാഹ്മണാ,, എടാ പന്ന നായരേ"",, എന്നു വിളിച്ചാൽ അത് ജാതീയമായ ആക്ഷേപമല്ല,, മറിച്ചു വേണമെങ്കിൽ വ്യക്തിയെ ""പന്ന"" എന്ന വാക്കുകൊണ്ട് അപമാനിച്ചു എന്ന് മാത്രം പറയാം... അവിടെ ചേർന്ന് വരുന്ന ജാതിപ്പേര് അപമാനിക്കലല്ല...

ഗാന്ധിജി 'ബനിയ' എന്ന സമൂഹക്കാരനാണെന്നും;;  "കൗശലക്കാരനായ ബനിയ" എന്ന് അദ്ദേഹത്തെ സംബോധന ചെയ്തത് ജാതീയമായ അധിക്ഷേപമാണെന്നുമാണ് വിമർശകരുടെ വാദം..!! ഒന്നാമതായി 'ബനിയ' എന്നത് അധഃകൃത വിഭാഗമല്ലെന്നു മനസ്സിലാക്കണം.... "എഡോ, കള്ള മേനോനെ"" എന്ന് ഒരാളെ സംബോധന ചെയ്‌താൽ അതിൽ "മേനോൻ" എന്ന ഭാഗം സൈലന്റ് ആവുകയാണ്.. കാരണം 'മേനോൻ' എന്ന വിളിക്ക് യാതൊരു പ്രാധാന്യവുമില്ല... ഒരു വിളിപ്പേര് എന്നതിനപ്പുറം... എന്നാൽ എടാ "കള്ള പുലയാ" എന്നു വിളിച്ചാൽ അതിൽ ജാതീയമായ ആക്ഷേപമുണ്ട്... കാരണം 'പുലയൻ' എന്ന ജാതിയെയും,, ആ വിളിയെയും സമൂഹവും, നിയമവും 'അധ: കൃതമായാണ്' ഇന്നും കാണുന്നതെന്ന ശോചനീയമായ അവസ്ഥ..! 

ബനിയ എന്ന വിഭാഗം അടിസ്ഥാനപരമായി കച്ചവടക്കാരാണ്.... അതിനു മുപരി പണം പലിശക്കുകൊടുക്കുന്ന വിഭാഗമാണ്.... ജാതീയമായ ചിന്തകൾ സാമൂഹിക വിഷയമായി കാണുന്നതുപോലെ ജാതികളിലെ ചില ചിന്തകളെയും സാമൂഹികമായികാണുകയും അംഗീകരിക്കുകയും വേണം... "മാപ്പിള [ക്രിസ്ത്യൻ] കമന്നു വീണാൽ കാൽ പണവുമായെ പോങ്ങു"...!! ഇതൊരു നാട്ടു വർത്തമാനമാണ്... മാപ്പിളയുടെ കുശാഗ്രമായ ബുദ്ധിയെയാണ് അവിടെ പ്രതിബാധിക്കുന്നത്... ആ പ്രയോഗത്തെ അപമാനമായി ഒരു നസ്രാണിയും കണ്ടതായി എനിക്ക് അറിവില്ല... മറിച്ചു് തനിക്കുള്ള  അംഗീകാരമായി കണ്ട് ഒന്ന് ഞെളിയുന്നതാണ് കണ്ടിട്ടുള്ളത്....

ഇതുപോലെയാണ് ബനിയാ വിഭാഗം.. അവരെ ചതുവർണ്യ ജാതിവ്യവസ്ഥയിൽ തരം തിരിച്ചു പറഞ്ഞാൽ തന്നെ ശൂദ്രനല്ല... മറിച്ചു വൈശ്യനാണ്... വൈശ്യൻ അധഃകൃതനല്ല... അങ്ങനെ എങ്കിൽ "നമ്പൂതിരിച്ചാ,  എന്നോ, പിള്ളേച്ചാ, എന്നോ, മാപ്പളെ എന്നോ വിളിക്കുന്നത് അപകീർത്തികരം ആയേനേം... ജാതീയമായ വേർതിരിവുകൾ പോലെതന്നെ അപകീർത്തിപ്പെടുത്തുന്നതിനും വേർതിരിവുകളുണ്ട്... ഏതൊരു ജാതീയമായ പേര് എടുത്തു പറയുന്നത് അപമാനകരമാകുന്നില്ല... മറിച്ചു കേവല സംബോധന മാത്രമേ ആകുന്നുള്ളു... ""എഡോ മാപ്പളെ"" ഈ വിളി എത്രയോ സിനിമകളിൽ നാം കേട്ടിട്ടുണ്ട്... അത് അപമാനകരമാണെന്നു പറഞ്ഞു ഒരു മാപ്പളയും കോലാഹല മുണ്ടാക്കിയതായി നമുക്കറിവില്ല.....

താൻ ജനിച്ച ജാതി ഏതായാലും അത് സ്രേഷ്ടമായത് എന്ന് കരുതുകയും അപ്രകാരം ചിന്തിക്കുകയും ചെയ്യുന്ന ഒരു ചിന്താധാര വളർത്തിയെടുക്കുകയുമാണ് വേണ്ടത്.. എന്നാൽ അധഃകൃതമെന്ന് പുരാതന ജാതി വാഴ്ചക്കാർ പറഞ്ഞു സ്ഥാപിച്ചതിനെയെല്ലാം അതുപോലെ പിന്തുടരുകയാണ് ഈ കാലത്തും എല്ലാവരും ചെയ്യുന്നത്... മുൻപ് കീഴാളനായി കണ്ടവനെ ഇന്ന് പോളീഷ് ചെയ്തു 'ഹരിജൻ' എന്ന് വിളിക്കുന്നു... മണ്ണിൽ കുഴി കുത്തി അതിന്മേൽ ഇലവെച്ചു നൽകിയിരുന്ന കഞ്ഞി അന്ന് അവനു നൽകിയ ഔദാര്യമായിരുന്നു.. ഇന്ന് അതേ കഞ്ഞിക്കുപകരം സംവരണം നൽകുന്നു... രണ്ടും നൽകുന്നത് 'നീ അധഃകൃതൻ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടു തന്നെ... സമൂഹ വ്യവസ്ഥിതിയിൽ എല്ലാവരും 'സമന്മാർ' എന്ന ചിന്ത വളർന്നു വികസിക്കാത്തവരാണ് കേവലം ജാതീയമായ വാക്കും വിളിയും ഉയർത്തിക്കാട്ടി പ്രക്ഷോഭങ്ങൾ നയിക്കുന്നത്...

സുപ്രീം കോടതിയും, പൊതു സമൂഹവും തള്ളിക്കളഞ്ഞ ''' ആർ സ്സ് സ്സ് ഗാന്ധി ഘാതകൻ"" എന്ന ദുഷ്: പ്രചാരണത്തെ മറ്റൊരു പാത്രത്തിൽ വിളമ്പാനാണ്  "കൗശലക്കാരനായ ബനിയ" എന്ന് ഒരു സംസാര വേളയിൽ അമിത് ഷാ നടത്തിയ പ്രയോഗത്തെ എടുത്തു വിളമ്പുന്നവർ ശ്രമിക്കുന്നത്.... ഗാന്ധിയെ രാഷ്ട്ര പിതാവായി അംഗീകരിക്കാത്ത കോൺഗ്രസ്സും, ഗാന്ധി ആരാധിച്ച പശുവിനെ നടുറോഡിൽ അറുത്ത കോൺഗ്രസ്സും,, ഗാന്ധി നേടിത്തന്ന സ്വാതന്ത്ര്യത്തെ കരിദിനമായി കൊണ്ടാട്ടിയ കമ്യുണിസ്റ്റും ഇന്ന് ഗാന്ധിക്കുവേണ്ടി വിലപിക്കുന്നത് ഒരു നല്ല കാഴ്ചയാണ്... ഇന്നത്തെ വിമർശകർക്ക് അവരുടെ  അസ്തിത്വങ്ങൾക്ക് നിലനിൽപ്പില്ലായിരുന്നു എന്ന് വിളിച്ചു പറയുന്ന നല്ല കാഴ്ച...

[Rajesh Puliyanethu
 Advocate, Haripad]

Wednesday, 7 June 2017

ശ്രീ യച്ചൂരിയെ മർദ്ദിച്ചെന്നവാർത്ത....!!!

     യെച്ചൂരിയെ ഹനുമാൻ സേനക്കാർ എ കെ ജി സെന്ററിൽ കയറി മർദ്ദിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയിൽ ഏറ്റവും കൂടുതൽ ആഹ്ലാദം കണ്ടെത്തുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് സിപിഎം കാരാണെന്ന് തോന്നുന്നു... യെച്ചൂരിക്ക് രണ്ടുകിട്ടുന്നത് കാത്തിരിക്കുകയായിരുന്നു അവർ ഫ് ബി യിൽ പോസ്റ്റിടാൻ എന്നാണു തോന്നുന്നത്...  രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി നേരിടുന്ന സി പി എം രീതി ആര് കടമെടുത്താലും അപലപിക്കപ്പെടേണ്ടതാണ്... അത് ഹനുമാൻ സേനയായാലും, മറ്റാരായാലും.... പക്ഷെ സംഘപരിവാറും ഹനുമാൻ സേനയും തമ്മിലുള്ള ബന്ധമെന്താണെന്ന് ഇവർ പറയുന്നത് മനസ്സിലാകുന്നില്ല.....

     നാലാംതരം സീരിയൽ കഥകളെപ്പോലും നാണിപ്പിക്കുന്ന തിരക്കഥയാണ് കേൾക്കുന്നത്... പഴയകാല സിനിമകളിലും, പിന്നീട് സീരിയലുകളിലും വന്ന ചില ചീപ്പ് നമ്പറുകളുണ്ട്.... നായികയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ നായകൻ ഇടി കൊള്ളുക,, നായികയെ കൂലിക്കാരെക്കൊണ്ട് ആക്രമിപ്പിച്ചു നായകൻ രക്ഷിക്കുക അങ്ങനെ പലതും.... ഇന്ന് ഇതൊക്കെ കാണുമ്പോളേ ആള്ക്കാര് ചീത്തപറയാൻ തുടങ്ങും...  കാരണം അതൊക്കെ പഴയ പഴയ കാലത്തെ നമ്പറുകളാണ്.... എന്നാൽ കാലത്തിന് ഒരുപാടു പിറകിൽ സഞ്ചരിക്കുന്ന സി പി എമ്മിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ കഴിയൂ.. 

     എ കെ ജി സെന്റർ എന്നാൽ ആർക്കും കയറിച്ചെല്ലാൻ കഴിയുന്ന പൊതു സ്ഥലമാണോ?? അവിടെ ഹനുമാൻ സേനാങ്ങങ്ങൾ എന്ന് വിളിച്ചു പറഞ്ഞു  കൊണ്ട് ചെല്ലുന്നവരെ നേരെ സെക്രട്ടറിയുടെ അടുത്തേക്കാണോ വിടുന്നത്?? തിരക്കഥ എഴുതുമ്പോൾ അതിനും വേണ്ടേ ഒരു വിശ്വാസ്യത?? അതോ ബാഹുബലി ഹിറ്റായി നിൽക്കുന്ന കാലമായതിനാൽ കംപ്ലീറ്റ് ഫ്രിക്ഷൻ ആയിക്കോട്ടെ എന്ന് കരുതിയോ?? രാജ്യസഭാ സീറ്റിനു കൊതിപൂണ്ടു നടക്കുന്ന യെച്ചൂരിക്ക് ഏറ്റവും നല്ല രീതിയിൽ ഇമ്പ്രസ്സീവ് ആകാനുള്ള വഴിതന്നെയാണ് തെരഞ്ഞെടുത്തത് എന്നതിൽ സംശയമില്ല.... സ്വന്തം പാർട്ടിയിലും, കനിയേണ്ട കോൺഗ്രസിലും യെച്ചൂരിക്ക് ഇമേജ് ആയി.... എന്ത് നാണക്കേട് സഹിച്ചായാലും എം. പി ആകുന്നതല്ലേ കാര്യം?? 

     ആശയത്തെ ആശയം കൊണ്ട് നേരിടാൻ യാതൊരു വശവുമിയല്ലാത്ത സി പി എമ്മിന്റെ  പ്രതികരണങ്ങൾ തമാശ ഉയർത്തുന്നു... ആക്രമണം നിലനിൽപ്പിന്റെ പ്രധാന ഉപാധിയാക്കിയവർ നിലനിൽപ്പിനായി മറ്റുള്ളവരെ ആക്രമിക്കുന്നു... നിലനിൽപ്പിനായി തന്നെത്തന്നേയും ആക്രമിക്കുന്നു.... അത്രയുമേ യെച്ചൂരിയെ ആക്രമിച്ച വിഷയത്തെ മനസ്സിലാക്കാൻ കഴിയുന്നുള്ളൂ... ടി പി യുടെ ഘാതകരുടെ വണ്ടിയിൽ അറബി സൂക്തങ്ങൾ എഴുതി വെച്ച പ്രസ്ഥാനമാണ്... ഇതിലും വലിയ നാടകം കളിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചാൽ എന്താ തെറ്റ്??? 

[Rajesh Puliyanethu
 Advocate, Haripad] 

Monday, 5 June 2017

""മരം"" എന്റെ ജീവന്റെ കാവൽ!!

ഒരു മരം നട്ടു ഞാൻ ഭൂമിക്കു കുടയായ്,,
ഒരു മരം നട്ടു ഞാൻ നാളേക്കു തണലായ്‌.... 

ഒരു മരം നട്ടു ഞാൻ കിളികൾക്കു പാർക്കാൻ,,
ഒരു മരം നട്ടു ഞാൻ പ്രണയത്തിന് നിഴലായ്....  

ഒരു മരം നട്ടു ഞാൻ അമ്മതൻ സ്നേഹമായ്,,
ഒരു മരം നട്ടു ഞാൻ മകനുള്ള വഴിയായ്....

ഒരു മരം നട്ടു ഞാൻ ജീവന്റെ ജീവനായ്,,
ഒരു മരം നട്ടു ഞാൻ പ്രാണന്റെ നേരിനായ്...

ഒരു മരം നട്ടു ഞാൻ വിരഹത്തിനു കൂട്ടായ്,,
ഒരു മരം നട്ടു ഞാൻ ഏകാന്ത ബലിയായ്...

ഒരു മരം നട്ടു ഞാൻ എൻ നോവു കേൾക്കാൻ,,
ഒരു മരം നട്ടു ഞാൻ എൻ നോവു തീർക്കാൻ.....

     പ്രകൃതി ഇല്ലെങ്കിൽ ജീവനും, ജീവിതങ്ങളും ഇല്ല.... മരങ്ങൾ ഇല്ലെങ്കിൽ പ്രകൃതിയുമില്ല....  നമ്മൾ നമുക്കൊരു ഭവനം നിർമ്മിക്കാൻ ഒരു മരം വെട്ടുമ്പോൾ ഇന്നേക്കും നാളേക്കും എത്തറെത്രയോ ജീവജാലങ്ങളുടെ ഭവനമാണ് ഇല്ലാതാക്കുന്നതെന്ന് ഓർക്കുന്നുണ്ടോ...!? ഓർത്താൽത്തന്നെ നമ്മൾ നമ്മുടെ സ്വാർത്ഥ താൽപര്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാറുണ്ടോ!??  ഈ പ്രകൃതി സംരക്ഷണ ദിനത്തിലെങ്കിലും നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം... 

"എന്റെ ഭവനം നിർമ്മിക്കാൻ വേണ്ടി ഒരു മരം നിലംപൊത്തില്ല" എന്ന്.... 

     ആധുനിക സംവിധാനങ്ങൾ ഒരുപാട് വന്നിട്ടും നാമെന്തിന് മരത്തിൽ തീർത്ത ജനൽപ്പടികൾക്കും,, വാതിൽപ്പടികൾക്കും വേണ്ടി വാശി പിടിക്കുന്നു?? 

     മരത്തെ മൃതമാക്കി മിനുക്കി വെയ്ക്കുന്നതിലും എത്രയോ ഭംഗിയാണ് മരം ഒരു തണലായ്‌ വിളങ്ങി നിൽക്കുന്നത്??

     ഓരോ ദിനങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്....  നമ്മൾ സ്വീകരിക്കേണ്ട തിരുത്തലുകളുടെ ഓർമ്മപ്പെടുത്തലുകൾ.....! 

 [Rajesh Puliyanethu
 Advocate, Haripad] 

Monday, 22 May 2017

ലിംഗശ്ചേതം,, ഒരു ശിക്ഷയോ ??


     കേരളം കഴിഞ്ഞ കുറെ മണിക്കൂറുകൾ ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്ത വിഷയം സന്യാസിയായ ഒരുവൻ ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്തയാണ്...  ആ പീഡന ശ്രമത്തിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ട രീതിയായാണ് പൊതു സമൂഹത്തിന് ചർച്ച ചെയ്യാൻ തോന്നിയതും,, ഇഷ്ട്ടപ്പെട്ടതും...! തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ഒരുവന്റെ ലിംഗം ഛേദിച്ചു് ഒരു പെൺകുട്ടി രക്ഷപ്പെടുന്നു... ആ പെൺകുട്ടിയെ കൈയ്യടിക്കുകയും പിന്തുണക്കുകയും ചെയ്യാതെ മറ്റെന്താണ് പൊതു സമൂഹത്തിനു ചെയ്യാൻ കഴിയുന്നത്... നാമെല്ലാവരും ആ പെൺകുട്ടിയെ പിന്തുണച്ചു.... 

     കേരളത്തിന്റെ പൊതു സമൂഹം എന്തുകൊണ്ട് ആ പെൺകുട്ടിയെ പിന്തുണച്ചു എന്നതാണ് ചിന്തനീയമായ കാര്യം... കാരണം സുവ്യക്തമാണ്.. നാം കേട്ട വിലാപങ്ങളെല്ലാം പീഡനത്തിന് ഇരയായ പെൺകുട്ടികളുടേതാണ്... അതിനെ പ്രതിരോധിച്ചു രക്ഷപെട്ട ഒരു പെൺകുട്ടിയെ ഹൃദയം തുറന്നു നമ്മൾ പിന്തുണച്ചു.. "നീ സർവ്വ ധൈര്യവും സംഭരിച്ചു നിന്നെ ആക്രമിക്കാൻ വരുന്നവനെ നേരിട്ടോളൂ.... ഞങ്ങളുണ്ട് കൂടെ...."  എന്ന സന്ദേശമായിരുന്നു നമ്മൾ അവർക്കു നൽകിയത്.... ആ സന്ദേശം നൽകാൻ പൊതു സമൂഹത്തിനു പ്രേരകമായത് നമ്മുടെ നാട്ടിൽ കേട്ട ഒരുപാട് പെൺകുട്ടികളുടെതോപ്പം ഡൽഹിയിലെ പെൺകുട്ടിയുടെയും,, സൗമ്യയുടെയും  ഒക്കെ തേങ്ങലുകളായിരുന്നു... 

     നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ഉൾപ്പടെ പല പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും ഇതേ കാഴ്ചപ്പാടോടുതന്നെയാവണം ആ പെൺകുട്ടിക്ക് പിന്തുണ നൽകിയത്... പക്ഷെ കൂടുതൽ വാർത്തകൾ പ്രസ്തുത സംഭവത്തെക്കുറിച്ചു പുറത്തുവരുമ്പോൾ ചില സംശയങ്ങൾ ഉയരുന്നത് സ്വാഭാവികം മാത്രം..

     എന്തിനാണ് ആ പെൺകുട്ടി ആ വ്യക്തിയുടെ ലിംഗം ഛേദിച്ചത്??? അതായിരുന്നു ഒന്നാമത്തെ ചോദ്യം.... ഉത്തരം;  തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ആ വ്യക്തിയുടെ ലിംഗം ഛേദിച്ചു് അവൾ രക്ഷപ്പെട്ടു...  പൊതു സമൂഹം കൈയ്യടിച്ചു....

     അപ്പോഴാണ് അടുത്ത ചോദ്യം ഉയരുന്നത്... ??  ആ വ്യക്തി ആദ്യമായാണോ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്??
     
     അല്ല,, അയാൾ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി പീഡിപ്പിക്കുന്നുണ്ട്.....!! അവിടെയാണ് പൊതു സമൂഹത്തിന്റെ ആദ്യ സംശയം ഉയരുന്നത്....

 ചോദ്യം വീണ്ടും ഉയർന്നു.... അത് ആർക്കൊക്കെ അറിയാമായിരുന്നു??? മാതാവിനും മറ്റു ചിലർക്കും അറിയാമായിരുന്നു...  

ചോദ്യം: ഇപ്പോൾ ഈ പെൺകുട്ടിക്ക് എത്ര വയസ്സുണ്ട്??  ഉത്തരം: 22  കഴിഞ്ഞ വയസ്സ്... ചില പത്രമാധ്യമങ്ങൾ 23 കഴിഞ്ഞ വയസ്സ് എന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്... ( ആ ഒരു വയസ്സ്‌ കേസ്സിൽ നിർണ്ണായകമാണ്))

ആദ്യം കേട്ട വാർത്തയിൽ നിന്നും  ഉയർന്ന ചിന്തയിൽ നിന്നും അൽപ്പം വ്യത്യസ്ഥമായും,, നമ്മുടെ നാട്ടിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളിലെ നിസ്സഹായാവസ്ഥയിൽ നിന്നും  തോന്നുന്ന വികാരത്തിൽനിന്നും അൽപ്പം അകന്നു നിന്നുകൊണ്ടും ഈ  വിഷയത്തെ നോക്കിക്കാണേണ്ടതായിട്ടുണ്ട്.... 

നമ്മൾ കേട്ട വാർത്തയിൽ നിന്നും പിറകോട്ട് സഞ്ചരിക്കേണ്ടി വരും.... നമ്മൾ കേട്ട വാർത്ത; "പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ ലിംഗം അറുത്തു പീഡന ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു  എന്നതാണ്".... ആ വാർത്തയെ അടിസ്ഥാനമാക്കി മാത്രമാണ് നമ്മൾ കൈയ്യടിച്ചത്... "ഒരുവന്റെ പീഡന ശ്രമത്തെ പെൺകുട്ടി അപ്രകാരം പ്രതിരോധിച്ചു".. നല്ല കാര്യം..  പക്ഷെ  ഒന്ന് ചിന്തിക്കൂ.... ' അഞ്ചു വർഷമായി  ആ പെൺകുട്ടി പീഡനത്തിന് ഇരയാവുകയാണ്... ഈ പെൺകുട്ടി ഒരു തരത്തിലെ ബന്ധനത്തിൽ ആണെന്ന് യാതൊരു കേസ്സുമില്ല... മറിച്ചു് ബിരുദ വിദ്യാർത്ഥി ആണെന്നാണ് പ്രോസിക്യൂഷൻ വിവരണം.....

പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച അവ്യക്തതകൾ നിൽക്കട്ടെ... അത് വരും കാലത്ത് സൂഷ്മമായി കോടതികൾ പരിശോധിക്കട്ടെ.... പക്ഷെ ഇതേ മനുഷ്യനിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷം പീഡനം എറ്റു വാങ്ങിയ പെൺകുട്ടിക്ക് ഈ അവസ്സരത്തിൽ മാത്രം എന്തുകൊണ്ട് ഈ രീതിയിൽ പ്രതികരിക്കാൻ തോന്നി എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം.... കാരണം നിയമത്തിന്റെ മുൻപിൽ വളരെ വിലയുള്ള ഒരു ചോദ്യമാണത്.... കാരണം ഇത്രയും നാൾ   പെൺകുട്ടി സ്വന്തം സമ്മതത്തോടെയാണ് ഈ മനുഷ്യനെ ശാരീരിക ബന്ധത്തിന് അനുവദിച്ചിരുന്നത് എന്ന്  ഡിഫെൻസ് ഭാഗത്തിന് തെളിയിക്കാൻ പറ്റിയാൽ അവശഷിക്കുന്ന ചോദ്യം പെൺകുട്ടിയുടെ പ്രായത്തെ ക്കുറിച്ചു മാത്രമായിരിക്കും..... ആ പ്രായം തുലാസ്സിൽ  ആടുകയാണ്... ഈ പ്രതി പെൺകുട്ടിയുമായി ആദ്യമായും, ശേഷവും  ലൈംഗികമായി ബന്ധപ്പെട്ടത് പ്രായപൂർത്തിയായതിനു ശേഷമാണ് എന്ന് തെളിഞ്ഞാൽ എന്താകും ഈ കേസിന്റെ ഭാവി??

ഇത്രയും നാളും നീളുന്ന പീഡനത്തിനു ശേഷം ഇരയിൽനിന്നും ഉണ്ടായ ഇപ്രകാരമായ പ്രതികരണത്തെ ഒരു 'സെൽഫ് ഡിഫൻസ്' ആയോ 'ആക്ട് ഓൺ സഡൻ പ്രൊവൊക്കേഷൻ' ആയോ കോടതികൾക്ക് കാണാൻ കഴിയില്ല.... കാരണം  ഒന്നാമതായി ഈ ഡിഫൻസുകൾ സംശയത്തിന്റെ അൽപ്പലേശ്യമെന്യേ  തെളിയിക്കപ്പെടേണ്ടതാണ്... ഒന്നാമത്തെ ഡിഫിൻസ് ആയ സെല്ഫ് പ്രൊട്ടക്ഷൻ നോക്കൂ... അത് ആ പേൺകുട്ടിക്കനുകൂലമായി നിലനിൽക്കില്ല....  കാരണം  അത് തന്റെ അഭിമാനത്തിനെതിരെ ഒരുവൻ ഉയർത്തിയ വെല്ലുവിളിക്കെതിരെ പെൺകുട്ടി ഒരു നിമിഷം കൊണ്ട് പ്രതികരിച്ചതല്ല.... മറിച്ചു്  വർഷങ്ങളായി തുടരുന്ന ഒരു സംഭവത്തനോടുള്ള പ്രതികരണമാണ്.... അതിനെ 'സെൽഫ് ഡിഫൻസ്' ആയോ,, ആക്ട് ഓൺ സഡൻ പ്രൊവൊക്കേഷൻ ആയോ നിയമത്തിന് കാണാൻ കഴിയില്ല.. മറിച്ചു് പ്രതികാര പ്രവർത്തനമായി മാത്രമേ കാണാൻ കഴിയൂ......   ലളിതമായി പറഞ്ഞാൽ തന്നെ ഇത്രനാളും പീഡിപ്പിച്ചവന്റെ ലിംഗം തന്നെ അറുത്തുമാറ്റണമെന്ന ആലോചിച്ചുറച്ചുള്ള പ്രവർത്തി.... അത് നിയമത്തിന്റെ മുൻപിൽ കുറ്റം മാത്രമാണെന്ന് ഏതു പ്രതികരണ തൊഴിലാളിക്കാണ് അറിയാത്തത്??

മുൻപ് സുപ്രീം കോടതി ചില കേസ്സുകളിൽ നടത്തിയനിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.... ഒരുവൻ തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ അവന്റെ ആക്രമണത്തെ ചെറുക്കാൻ എടുക്കുന്ന സമയം മാത്രമേ സെൽഫ് ഡിഫൻസ് ആയി എടുക്കാൻ പാടുള്ളൂ എന്നതാണ്... നമ്മെ ആക്രമിച്ചവനെ പിന്തുടർന്ന് ആക്രമിച്ചാൽ അത്  സെൽഫ് ഡിഫൻസ് അല്ല.... പിന്നീടൊരു ദിവസ്സം കരുതിയിരുന്നു തദ്ദവസ്സരത്തിൽ പ്രതികരിക്കുന്നതും  സെൽഫ് ഡിഫൻസ് അല്ല.. സെൽഫ്‌ ഡിഫൻസ് അവസ്സരത്തിൽ പോലും തന്നോട് ഏൽപ്പിക്കാൻ എതിരാളി ഉദ്ദേശിക്കുന്ന ഇഞ്ചുറിക്കൊപ്പമായി [Injury] അത്രമാതമേ സെല്ഫ് ഡിഫൻസ്ഉപയോഗിക്കാൻ പാടുള്ളൂ...  തല്ലാൻ വരുന്നവനെ കൊന്നു പ്രതിരോധിക്കാൻ നമുക്ക് നിയമം സ്വാതന്ത്ര്യം തരുന്നില്ല എന്ന് സാരം...

അതുപോലെതന്നെയാണ് സഡൻ പ്രൊവൊക്കേഷൻ എന്ന നിയമത്തിലെ പ്രതിരോധവും...!! സഡൺ പ്രൊവൊക്കേഷനിൽ ചെയ്യുന്ന ഒരു കുറ്റകരമായ പ്രവർത്തിയിലെ ന്യായീകരണം... ഒരു കേസ് ഉദാഹരണമായി പറയാം... 

"ഒരുവൻ Named A ജോലിക്കു പോയതിനു ശേഷം തിരികെ വീട്ടി ലെത്തിയപ്പോൾ അയാളുടെ ഭാര്യ(B)  മറ്റൊരുവനുമായി (C) ലൈംഗിക വേഴചയിൽ  ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.... Mr. A  കാത്തിരുന്നു....  Mr C പുറത്തുവന്നപ്പോൾ അയാളെ വെട്ടി കൊലപ്പെടുത്തി... കോടതി നിരീക്ഷിച്ചത് ഈ ക്രൈമിൽ സഡൺ പ്രൊവൊക്കേഷൻ നിലനിൽക്കില്ല എന്നാണ്... കാരണം പ്രതി സംഭവം മനസ്സിലാക്കിയതിനുശഷം എടുത്ത സമയമാണ്.... അത്രയും സമയം എടുത്തുകഴിഞ്ഞാൽ അതിനെ പ്ലാനിങ് ആയെ കാണാൻ കഴിയൂ... മറിച്ചു് സഡൺ പ്രൊവൊക്കേഷൻ ആയി കാണാൻ കഴിയില്ല..

ഇവിടെ ലിംഗഛേദം നടത്തിയ പെൺകുട്ടിക്കുമേൽ നിയമത്തിന്റെ വാൾ നീളില്ല എന്ന് എങ്ങനെ പറയാൻ കഴിയും.... അതോ നിയമസ്ഥിരത ഇല്ലാത്ത,, നാട്ടിലെ, അപ്പോൾ കേൾക്കുന്ന മുദ്രാവാക്യങ്ങൾക്കനുസ്സരിച്ചു പ്രവർത്തിക്കുന്ന ദുർബലമായ നിയമമാണോ ഇവിടെയുള്ളത്!?? 

കാലമിത്രയായിട്ടും എന്തുകൊണ്ട് പെൺകുട്ടി അധികാരസ്ഥാനങ്ങളെ സമീപിച്ചില്ല എന്ന ശ്രീ ശശി തരൂർ ചോദിച്ച ചോദ്യം പ്രസക്തമാണ്.... ആ ചോദ്യം എന്തുകൊണ്ട് രാഷ്ട്രീയ സമൂഹം ചോദിക്കുന്നില്ല എന്നത് സംശയാസ്പദമാണ്...  സമൂഹത്തിൽ  സ്ത്രീ  പീഡനത്തിനെതിരെ ഒരു വലിയ ജനവികാരം നിലനിൽക്കുന്നുണ്ട്... തന്റെ ശബ്ദം അതിനെതിരെ ആയിപ്പോകുമോ എന്ന അഭയമാണ് പലരെയും നിശ്ശബ്ദരാക്കുന്നത് .....  

ഈ അവസ്സരത്തിൽ ലിംഗശ്ചേതം നടത്തിയപെൺകുട്ടിയെ പുകഴ്ത്തിക്കൊണ്ടുള്ള നടപടികൾ രാഷ്ട്രീയ- സാമൂഹിക മേഘലകളിൽ ഉള്ളവർ നിർത്തണം... തന്റെ മകളെ ബലാൽസംഗം ചെയ്തു കൊന്ന പ്രതികളെ വെടിവെച്ചുകൊന്ന മുൻകാല പ്രതിയെ വെറുതെവിട്ടത് അദ്ദേഹത്തിൻറെ പ്രവർത്തിയെ ന്യായീകരിച്ചല്ല,, മറിച്ചു് തെളിവുകളുടെ അഭാവത്തിലാണ്.... 

""തനിക്കെതിരെയുള്ള ഒരു ആക്രമണത്തെ ചെറുക്കുവാൻ ഒരു കൃത്യം ചെയ്യുന്നതും,,  തനിക്കെതിരെ നടന്ന ഒരു കൃത്യത്തിനെതിരെ ഒരു നിയമ വിരുദ്ധമായ കൃത്യം  ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ നിയമത്തിന്റെയും സമൂഹത്തിന്റെയും മുൻപിൽ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം"" 

സ്ത്രീക്കെതിരെയുള്ള ആക്രമണങ്ങളെ ഏതുവിധേനയും ചെറുക്കണം എന്ന ബോധത്തിൽ നിന്നും ഉയർന്ന വികാരമാകാം, യാഥാർഥ്യങ്ങളെ വിലയിരുത്താതെ, ലിംഗ ഛേദം നടത്തിയ പെൺകുട്ടിയെ പിന്തുണച്ച പൊതുസമൂഹത്തിനുണ്ടായത്....!!

"സ്വയരക്ഷ" എന്ന നിയമത്തിലെ പരിരക്ഷ നിലനിൽക്കില്ല എന്നറിഞ്ഞിട്ടുപോലും ഇവിടെ എല്ലാവരും പെൺകുട്ടിക്ക് പിന്തുണയുമായാണ് നിൽക്കുന്നത്... ലിംഗശ്ചേദത്തിനു വിധേയനായ നിലവിലെ പ്രതി മുൻകാലങ്ങളിൽ പ്രായപൂർത്തിയായ പെൺകുട്ടിയുമായി അവളുടെ സമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതെന്നു തെളിയിക്കാൻ കഴിഞ്ഞാൽ ലിംഗം ഛേദിച്ച കേസ്സിൽ പെൺകുട്ടി  അഴിയെണ്ണും.... അന്ന് കോടതികളുടെമേൽ കുതിര കയറിയിട്ട് യാതൊരു കാര്യവുമില്ല... വിശകലനം നടത്തിയും, അപഗ്രഥിച്ചും നമ്മൾ കാര്യങ്ങളെ മനസ്സിലാക്കുക... ഭരണകർത്താക്കൾ  പൊതുജനവികാരത്തിനൊപ്പമെന്നവണ്ണം നിന്നുകൊണ്ട് യാഥാർഥ്യത്തെയും നിയമത്തെയും മറക്കരുത്..... 

നിയമം കയ്യിലെടുക്കാൻ ആരെയും പ്രേരിപ്പിക്കരുത്.... നാട്ടിൽ നിലനിൽക്കുന്ന താൽക്കാലികമായ ഒരു ട്രെനഡിനനുസൃതമാണ് സ്ഥിരമായ നിയമ വ്യവസ്ഥിതി എന്ന് ആരെയും തെറ്റിദ്ധരിപ്പിക്കരുത്.... കുറ്റവാളിലകൾ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും വേണം 

[Rajesh Puliyanethu
 Advocate, Haripad] 

Saturday, 8 April 2017

മുഷ്ക്കു ഭരണകൂടം,, ജനതയുടെ പരാജയം...!!


     മഹിജയുടെ സമരത്തിനു പിൻതുണയുമായെത്തിയ ഷാജഹാനും, ഷാജർ ഖാനും ഒപ്പം സമരവുമായി യാതൊരു ബന്ധവുമില്ലാത്ത, വെറും കാഴ്ചക്കാരനായ ഹിമവൽ ഭദ്രാനന്ദയും ജയിലിൽക്കിടക്കുന്നത് നാടിന്റെ രാഷ്ട്രീയ- സാമൂഹിക- ഭരണ- നിയമ രംഗത്തെ പരാജയമാണ് വിളിച്ചു പറയുന്നത്...
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ശ്രമിക്കേണ്ടി വരുന്നത് ഭരണകൂട പരാജയം...!
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ഭരണകൂടം മുതിരാനുള്ള ധൈര്യം കാണിക്കുന്നത് പൊതുസമൂഹത്തിന്റെ പരാജയം...! പ്രത്യേകിച്ച് ഭാരതം പോലെ ഒരു സമ്പൂർണ്ണ ജനാധിപത്യ രാജ്യത്ത്...!
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ക്രിയാത്മകമായി പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിന് കഴിയാതെ വരുന്നത് രാഷ്ട്രീയ പരാജയം..!
     
     രാഷ്ട്രീയ എതിരാളികളെ അധികാര ബലം കൊണ്ട് നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ അതിനു പിൻതുണ എന്നപോലെ പ്രവർത്തിച്ച് തങ്ങളുടെ വിവേചനാധികാരം വേണ്ട വിധം വിനിയോഗിക്കാൻ കഴിവൊ, മനസ്സൊ ഇല്ലാതെ പോലീസ്സിന്റയും, പ്രോസിക്യൂഷന്റയും പപ്പറ്റുകളായി നിന്നുകൊണ്ട് ജയിൽ നിറക്കൽ ഏജൻസികളായി വർത്തിക്കുന്ന ജുഡീഷ്യൽ ഓഫീസർമാർ ജുഡീഷ്യൽ പരാജയം...!
     
     പരാജിതരായ പൊതു സമൂഹമായി കഴിഞ്ഞുപോയാൽ മതിയൊ എന്നു തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്... പ്രതികരിക്കൂ,, പ്രതികരിക്കൂ,, പ്രതികരിക്കൂ.....

[Rajesh Puliyanethu
 Advocate, Haripad] 

Sunday, 2 April 2017

ആധുനികം,, പുരാതനം.....


     മനുഷ്യൻ ആധുനിക കാലത്ത് മാത്രം ജീവിക്കുന്നവനാണ്... പുരാതന കാലത്ത് ഒരുവനും ജീവിച്ചിട്ടില്ല... പൂർവ്വകാലത്തു ജീവിച്ചവർ എല്ലാം മരിച്ചവരാണ്... ജീവിത സൗകര്യങ്ങൾ മാറ്റി നിർമ്മിച്ചതു മാത്രമാണ് പുരാതവും, ആധുനികവും എന്ന വേർതിരിവിന് അടിസ്ഥാനം... തനിക്ക് സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുള്ള ഒന്നിനെതിരെ ഉയർത്തുന്ന പ്രതിരോധ മാർഗ്ഗമാണ് പലപ്പോഴും '' ഈ നൂറ്റാണ്ടിലാണോ ഇതൊക്കെ?'' എന്ന ചോദ്യം...! പക്ഷെ ചിന്താഗതികൾക്കും,, വിശ്വാസങ്ങൾക്കും,, ആശയങ്ങൾക്കും,, പ്രതിഭാസ്സങ്ങൾക്കും,, അനുഭവങ്ങൾക്കും എല്ലാക്കാലത്തും സമാനതകളുണ്ട്..!! ഇതിനെല്ലാം തന്നെ എല്ലാക്കാലവും വിരുദ്ധ ചേരികളുമുണ്ട്... 

''ആധുനികമെന്നും പുരാതനമെന്നും നിർവ്വചിക്കപ്പെടുന്ന വിരുദ്ധ സമീപനങ്ങളുടെ തനിയാവർത്തനമാണ് കാലാകാലങ്ങളിൽ സംഭവിക്കുന്നത്...''  

 [Rajesh Puliyanethu
  Advocate, Haripad]

Wednesday, 29 March 2017

ലൈംഗീക ഇര സ്ത്രീയോ,, പുരുഷനൊ??


     സ്ത്രീ - പുരുഷ ലൈംഗീക വിഷയങ്ങളിൽ പൊതു സമൂഹം കാട്ടുന്ന അമിത താല്പര്യമാണ് യഥാർഥ അശ്ലീലത...

     ലൈംഗീക വിഷയങ്ങൾക്ക് ഇത്രയധികം വിനിമയമൂല്യമുണ്ടാകുന്നത് സമൂഹത്തിന്റെ മൂല്യച്യുതിയാണ് വെളിവാക്കുന്നത് ...

ലൈംഗീക വിഷയങ്ങൾ ഇത്രയധികം താല്പര്യത്തോടെ ചർച്ച ചെയ്യുന്നവർ ലൈംഗിക പാപ്പരത്തം അനുഭവിക്കുന്ന മനോരോഗികളാണ്... മറ്റൊരുവന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നവന്റെ മനസ്സിന്റെ പകർപ്പു തന്നെയാണിതും....!!

ലൈംഗീകതയുമായി ബന്ധപ്പെട്ട ഏതൊന്നും എന്തുകൊണ്ടാണ് പൊതുസമൂഹത്തിന് ഇത്രയധികം ഉത്തേജനം ശ്രൃഷ്ടിക്കുന്നത്...?? പൊതു സമൂഹത്തിന്റെ ഈ അനാവശ്യ താല്പര്യമാണ് ലൈംഗികതയെ ഒരു സ്വകാര്യ വികാരം എന്നതിനപ്പുറത്ത് സമൂഹത്തിൽ വിനിമയം ചെയ്യാൻ പലരേയും പ്രേരിപ്പിക്കുന്നത്....!?

ലൈംഗികത എതിർലിംഗത്തിന്റെ ഇച്ഛക്ക് വിപരീതമായി നടക്കുന്ന അവസ്സരത്തിൽ മാത്രമാണ് നിയമത്തിനും പൊതു സമൂഹത്തിനും അതിൽ ഇടപെടാൻ അർഹത ഉണ്ടാകുന്നത്...

ലൈംഗീകചൂഷണമാണ് അപരാധം... എതൃകക്ഷി സ്ത്രീ ആയാലും പുരുഷനായാലും...!

[Rajesh Puliyanethu
 Advocate, Haripad]

Monday, 20 March 2017

അതിരപ്പള്ളിയുടെ ആസന്ന മൃതി..!!

     
     മരണാസ്സന്നയായി കിടക്കുന്ന ഒരു പ്രിയ ബന്ധുവിനെ കാണാനും അല്പനേരം അടുത്തിരിക്കാനും പോകുന്നതുപോലെ നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം... നമ്മുടെ മനസ്സിന്റെ വിങ്ങലും, തേങ്ങലുമായി അവളെ അല്പനേരം നോക്കി നിൽക്കാം... ഈ യൗവ്വനം വിട്ടൊഴിയാത്ത പ്രായത്തിൽ സംഭവിച്ച ദുർഗ്ഗതിയെ ഓർത്ത് വിലപിക്കാം... നിസ്സഹായതയോടെ നമ്മെ നോക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും നമുക്ക് നോട്ടം പറിച്ചു മാറ്റാം... തിരിഞ്ഞു നടക്കുമ്പോൾ സഹായത്തിനായി അവൾ നടത്തുന്ന പിൻ വിളികൾ കേട്ടില്ലെന്നും നടിക്കാം... ഒടുവിൽ അവളുടെ ദൃഷ്ടിയുടെ സീമകൾക്കപ്പുറമെത്തി നമ്മുടെ നിസ്സഹായതകളെ ഏറ്റു പറഞ്ഞ് ഒരു നെടുവീർപ്പിടാം. തിരികെ നമ്മുടെ ചുട്ടുപഴുത്ത കോൺക്രീറ്റ് കെട്ടിടങ്ങളിലെത്താം... കാട്ടാള ഭരണാധികാരികൾക്കെതിരെ ഒറ്റക്കിരുന്നു സംസ്സാരിക്കാം... ഉറങ്ങാം.... വീണ്ടുമുണരാം... മൂന്നാം ദിവസ്സം ഉയർത്തെഴുനേൽക്കാത്ത അതിരപ്പള്ളിയെ ഓർത്ത് കവിതകളെഴുതാം....

വരൂ,, നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം.......

[Rajesh Puliyanethu
 Advocate, Haripad]