Wednesday, 4 July 2018

'കുമ്പസ്സാരം' രഹസ്യമോ, പരസ്യമോ!??


''ചെയ്ത തെറ്റുകൾ പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ് നീ പാപമോചിതനാവുക'' എന്ന ബൈബിൾ ആശയം മാത്രമാണ് കുമ്പസ്സാരത്തിനു പിന്നിൽ ഉള്ളത്.... തെറ്റുകൾ ഏറ്റു പറയേണ്ടത് ആരോടാണെന്ന് പറഞ്ഞില്ല.. മഹത്വപരമായി തന്റെ തെറ്റിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവനോടാണ് ഏറ്റു പറയേണ്ടത്... മറ്റാരോടുമല്ല...! അവൻ ക്ഷമിക്കുമ്പോളാണ് പാപിക്ക് പാപമോചനം ഉണ്ടാകുന്നത്... പിന്നീട് തെറ്റുകൾ ഏറ്റു പറയേണ്ടത് ദൈവത്തോടാണ്... അവിടേയും തന്റെ പാപത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവൻ ക്ഷമിക്കാതെ ദൈവം മാത്രം ക്ഷമിച്ചിട്ട് എന്തു കാര്യം..?? പാപത്തിന്റെ ദോഷം അനുഭവിക്കപ്പെട്ടവൻ ക്ഷമിക്കാതെ ഏറ്റുപറച്ചിലിൽ മനമലിഞ്ഞ് പാപിയെ പാപമുക്തനാക്കാൻ ദൈവത്തിനും അവകാശമില്ല എന്നതാണ് എന്റെ പക്ഷം....

'നിന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ച് പാപമുക്തനാവുക' എന്ന ആശയത്തിൽ വിശ്വാസിക്കും, ദൈവത്തിനും ഇടയിൽ ബോധപൂർവ്വം കടന്നു കൂടിയ വിഭാഗമാണ് പുരോഹിതർ... അവർ സ്വയം ദൈവത്തിന്റെ പ്രതിപുരുഷൻമാരും, ദൈവത്തിനും വിശ്വാസിക്കും ഇടയിൽ വർത്തിക്കുന്നവരുമായി... എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിത വിഭാഗത്തിന്റെ വ്യാഖ്യാനം ഇപ്രകാരം തന്നെ... കുമ്പസ്സാരം വിഷയമാകുമ്പോൾ പാപിക്കും ദൈവത്തിനും ഇടയിലുള്ളവൻ എന്ന് വായിക്കേണ്ടി വരുമെന്നു മാത്രം...

പുരോഹിത വിഭാഗം എന്നും ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ വളരെ അധികം നേട്ടങ്ങൾ അനുഭവിച്ചവരാണ്... ചരിത്രത്തിൽ പുരോഹിത വിഭാഗം രാജാക്കന്മാരെപ്പോലും ചൊൽപ്പടിയിൽ നിർത്തിയിരുന്നതായി കാണാം... അവിടെയാണ് പുരാതന കാലം മുതൽ കുമ്പസ്സാരത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയം നമ്മൾ കാണേണ്ടത്... അവിടെയെല്ലാം രാജാവും,, രാജാവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും വിശ്വാസ്സികൾ ആയിരിക്കും... അതിനാൽത്തന്നെ ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കൂ മുൻപിൽ അവർ കുമ്പസ്സരിക്കും... രാജാവിന്റെ പാപങ്ങളുടെ ഭാണ്ഡം ചുമക്കുന്ന വൈദികന് രാജാവിനു മേലുണ്ടാകുന്ന സ്വാധീനം എത്ര വലുതായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ... അങ്ങനെ രാജാവിനു മേൽപ്പോലും മാനസ്സികമായ മേൽക്കോയ്മയും,, ആജ്ഞാശക്തിയും നേടാൻ കുമ്പസ്സാരം എന്ന കർമ്മം കൊണ്ട് പുരോഹിത വൃന്ദത്തിനു കഴിഞ്ഞിട്ടുണ്ട്...

കുമ്പസ്സാര രഹസ്യം പുറത്തു പറയാൻ പാടില്ല എന്നത് സഭാ നിയമം മാത്രമാണ്...!? വൈദികനോട് കുമ്പസ്സരിക്കണം എന്ന് ബൈബിളിൽ നിഷ്കർഷിക്കാത്ത അവസ്ഥയിൽ അതിന്റെ രഹസ്യം കാക്കുന്ന രീതിയും ബൈബിളിൽ വിശദീകരിക്കാനുള്ള സാദ്ധ്യത കുറവാണ്... എന്തായാലും ഇന്ത്യൻ നിയമം കുമ്പസ്സാര രഹസ്യം എന്ന സങ്കല്പത്തിന് യാതൊരു പരിരക്ഷയും നൽകുന്നില്ല... കുറ്റകരമായ ഒന്ന് വൈദികൻ കുമ്പസ്സാര കർമ്മത്തിൽക്കൂടി അറിഞ്ഞാൽ അദ്ദേഹം അത് പോലീസ്സിൽ അറിയിക്കാൻ ബാദ്ധ്യസ്ഥനാണ്... ഒരുവൻ സ്കൂൾ ബസ്സിൽ ബോംബു വെച്ചിട്ട് വന്ന് കുമ്പസ്സരിച്ചാൽ കമ്പസ്സാര രഹസ്യമെന്നു പറഞ്ഞ് വൈദികൻ നിശബ്ദനാവുകയല്ല, മറിച്ച് പോലീസ്സിൽ അറിയിച്ച് ബോംബു പൊട്ടുന്നത് തടയുകയാണ് വേണ്ടതെന്ന് സാരം...

കുമ്പസ്സാര രഹസ്യത്തെ ബ്ലാക്ക് മെയിലിംഗ് ഉപാധിയാക്കി ചൂഷണം ചെയ്ത കഥ പുറത്തു വന്നതാണ് 'കുമ്പസ്സാരം' കേരള സമൂഹത്തിൽ ചർച്ചക്ക് കാരണമായത്... അത് ലൈംഗീക ചൂഷണമായതിനാലാണ് ചർച്ചകൾക്ക് ചൂടേറിയും... മറ്റെന്തെല്ലാം ചൂഷണങ്ങൾ വൈദികർ കഴിഞ്ഞ കാലങ്ങളിൽ കുമ്പസ്സാര രഹസ്യത്തെ ഉപയോഗിച്ച് നടത്തിയിട്ടുണ്ടാകാം എന്ന് പറയാൻ കർത്താവു പോലും അശക്തനായിരിക്കും..

ഒരുവന്റെ മനസ്സിലെ സംഘർഷങ്ങളെ കുറക്കാൻ ഏറ്റു പറച്ചിലുകൾക്ക് കഴിയും.. അപ്രകാരം സൈക്കോളജിക്കലായ ഒരു മേന്മ കുമ്പസ്സാരത്തിനുണ്ട്... പക്ഷെ വൈദികനു മേൽ വിശ്വാസ്സിയുടെ സംശയത്തിന്റെ നിഴൽ വീണ സ്ഥിതിക്ക് അപ്രകാരം ഒരു മേന്മയും മേലിൽ കുമ്പസ്സാരത്തിനു കല്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...

വിശ്വാസ്സം എന്ന തടാകത്തിന്റെ നടുവിൽ നിന്നുകൊണ്ട് ചിന്തിക്കേണ്ട വിഷയമായതിനാൽ 'കുമ്പസാരം' പടിയടച്ചു പുറത്താക്കാൻ കഴിയുന്ന ഒന്നാണെന്ന് കരുതുക വയ്യ... പക്ഷെ കുമ്പസ്സാരത്തിലെ പഴുതുകൾ തുടർന്നും വൈദീകർ ഉപയോഗിക്കാൻ സാദ്ധ്യത ഉള്ളതിനാൽ ആ പഴുതുകൾ ഇല്ലാതാക്കാനുള്ള ബാധ്യതയും സഭകൾക്കുണ്ട്... കാരണം തുടർച്ചയായ കുമ്പസ്സാര ദുരുപയോഗ കഥകൾ സഭകൾക്കും അപമാനമാണ്....

ദുരുപയോഗം ചെയ്യാൻ കഴിയാത്ത രീതിയിൽ എങ്ങനെ കുമ്പസ്സാരം നടത്താം എന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ.... 'ദുരുപയോഗം ചെയ്യാൻ മടിയില്ലാത്തവൻ' എന്ന് സംശയമുള്ളവന് മുൻപിൽ എന്തിനു കുമ്പസ്സരിക്കാൻ നിൽക്കണം എന്നത് മറ്റൊരു ചോദ്യം..! എന്നാലും പലവിധമായ അഭിപ്രായങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ട്.... അഭിപ്രായങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വിനോദം എന്നു കാണുന്ന സമൂഹത്തിലെ ഒരുവൻ എന്ന നിലയിൽ ഞാനും ഒരു അഭിപ്രായം പറയാം.... "" കുമ്പസ്സരിക്കുന്നവന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയുള്ള കുമ്പസ്സാര രീതി കൊണ്ടുവരിക""..... അത് എത്രത്തോളം പ്രയോഗികമാണെന്ന് കുമ്പസാരിച്ചിട്ടില്ലാത്ത എനിക്കറിയില്ല.... എന്നാലും ഒരഭിപ്രായം എന്റെ വകയും ആകട്ടെ എന്ന് കരുതി....

വിശ്വാസ്സങ്ങളും ആചാരങ്ങളും വിശ്വാസ്സിയെത്തന്നെ ഇല്ലാതാക്കുന്ന പല അനുഭവങ്ങൾ നമ്മൾ കാണുന്നു... ഒരു വിശ്വസ്സിക്കുപോലും ദുരനുഭവം ഉണ്ടാകാത്ത മതം എന്ന് മേനി പറയാൻ ഒരു മതത്തിനും ആകില്ല... ""അവനവനെ അവനവൻ തന്നെ കാക്കുകയും കരുതുകയും ചെയ്യുക"" എന്നതാണ് ഏറ്റവും നല്ല മുദ്രാവാക്യം.... എപ്പോഴും സ്തുതിയായിരിക്കട്ടെ......   

[Rajesh Puliyanethu
Advocate, Haripad]

Monday, 18 June 2018

ജാതിക്കോളം....!!????


     സ്വന്തം കുലം,, മതം,, സമുദായം,, കുടുംബം,, മാതൃ- പിതൃ മഹത്വം,, രാജ്യം ഇങ്ങനെയുള്ള പലതും സ്വന്തം സ്വാധീനത്തിന് അപ്പുറമായി ലഭിച്ചതാണ്... അതിനാൽത്തന്നെ ഇപ്പറഞ്ഞതൊക്കെ ഈശ്വരീയം എന്ന നിലയിൽ സ്വീകരിക്കപ്പെടുന്നു... ബഹുമാനിക്കുന്നു... മറ്റേതൊരു സഹജീവിക്കും ഇതൊക്കെ ലഭിച്ചതിനേയും ഈശ്വരീയമായിത്തന്നെ ഞാൻ കാണുന്നു.. അഭിനവ പുരോഗമന സിംഹങ്ങൾ ചൊടിക്കേണ്ടതില്ല.. സ്വയം നിയന്ത്രണത്തിൽ സംഭവിക്കാതിരുന്നതിനെ ഈശ്വരീയം എന്ന് സംബോധന ചെയ്തു എന്നു മാത്രം കണ്ടാൽ മതി..  അതിനാൽ എന്റെ കൂടെപ്പിറന്ന എല്ലാ ലോക ജീവികളുടേയും ഈ വിധ കല്പനകളെ ഞാൻ ബഹുമാനപൂർവ്വം തന്നെ കാണുന്നു... ഒരുവനും മറ്റൊരുവനെക്കാൾ ഉന്നതനോ മ്ലേച്ചനോ അല്ല... ജന്മകാരണങ്ങൾ കൊണ്ട്..!! മറിച്ച് മ്ലേച്ഛനാകുന്നുവെങ്കിൽ സ്വന്തം ചിന്തകളിലേയും,, അഭിപ്രായങ്ങളിലേയും,, നിലപാടുകളിലേയും അപാകതകൾ കൊണ്ട് മാത്രം...

     ആമുഖമായി ഇത്രയും പറയുവാൻ കാരണം അടുത്ത കാലത്ത് സമൂഹത്തിൽ നടക്കുന്ന ജാതിക്കോള ചർച്ചകളെ കണ്ടു കൊണ്ടാണ്.. സ്വന്തം ജാതി രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കാതെ വിട്ടാൽ താൻ ഏതോ വലിയ വിപ്ലവത്തിന്റെ ഭാഗപാക്കായി എന്നാണ് ഒരു കൂട്ടരുടെ ചിന്ത... ഒന്നു നിസ്സംശയം പറയാം... ഇക്കൂട്ടർ ആ കോളത്തിനു നൽകുന്ന പ്രാധാന്യം ഏറെയാണെന്ന്.... ജീവിച്ചിരിക്കെ ഒരു ശരീരാവയവം ദാനം ചെയ്ത പ്രാധാന്യത്തിലാണ് ജാതിക്കോളം പൂരിപ്പിക്കാതെ വിട്ടു എന്നു പറയുന്നത്.... പലപ്പോഴും സ്വന്തമല്ല,, സന്തതികളുടെ ജാതിക്കോളത്തെ പൂരിപ്പിക്കാതെ വിട്ടാണ് ഇവർ വിപ്ലവ ജീവികളാകുന്നത്...

     മതേതരത്വത്തെ പ്രാവർത്തികമാക്കുന്നത് മതത്തെ ഉപേക്ഷിച്ചു കൊണ്ടല്ല... അത് പ്രായോഗീകവുമല്ല... മറിച്ച് പരസ്പരം മതങ്ങൾ തമ്മിൽ ബഹുമാനിച്ചുകൊണ്ടാണ്... മറ്റൊരുവന്റെ മതത്തിലേക്ക് കുറ്റകരമായ കടന്നുകയറ്റങ്ങൾ ചെയ്യാതിരിക്കുക... തന്റെ വിശ്വാസങ്ങളും, രീതികളും മറ്റു മതസ്ഥനും അനുഷ്ഠിക്കണം എന്ന പിടിവാശി കാണിക്കാതിരിക്കുക... മറ്റുള്ളവരെല്ലാം തെറ്റെന്നും ഞാൻ മാത്രമാണ് അല്ലെങ്കിൽ എന്റെ മതം മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കാതെയുള്ള ജീവിതചര്യ ശീലിക്കുക.. ഇത്രയുമൊക്കെ മാത്രം ചെയ്യാനുള്ള മനോനില സമൂഹത്തിൽ വളർത്തിയെടുക്കാൻ സാധിച്ചാൽ മതം ഉയർത്തുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്നാണ് എന്റെ പക്ഷം... അതിനു പകരം മതത്തെ എന്തോ മോശമായ ഒന്നായി ചിത്രീകരിക്കുകയും എന്നാൽ എന്തും മതത്തിന്റെ കണ്ണടയിൽക്കൂടി മാത്രം നോക്കി മനസ്സിലാക്കുകയും ചെയ്യുന്ന നിലവിലെ വഞ്ചന നിറഞ്ഞ സമീപനം ഉപേക്ഷിക്കുകയുമാണ് വേണ്ടത്..

     അച്ഛനേയും, അമ്മയേയും അറിഞ്ഞു ജനിക്കുന്ന എല്ലാ പൈതങ്ങൾക്കും മതവും, ജാതിയുമുണ്ട്... എങ്കിൽ അത് അന്തസ്സോടെ പറയുന്നതിന് എന്തിനാണ് മടി കാട്ടുന്നത്... പിതാവ് തൊഴിൽ കൊണ്ട് തെങ്ങു കയറ്റക്കാരനാണ് എന്ന് പറയുന്നതിന് വിമുഖക കാട്ടുന്ന മകനോട് എനിക്ക് യാതൊരു ബഹുമാനവും തോന്നുന്നില്ല.. എങ്കിൽപ്പിന്നെ കുലം പറയുന്നതിനു വിമുഖത കാട്ടുന്നതെന്തിന്!??

     മത- ജാതീയ വ്യവസ്ഥിതിയിലെ അന്തരം ഒഴിവാക്കുകയാണ് പ്രായോഗീകമായ കാര്യം.. മറിച്ച് ജാതിയേയും, മതത്തിനേയും അവഗണിക്കുന്ന ഒന്നും നിലനിൽക്കില്ല.. കാരണം ജാതിക്കും, മതത്തിനും അത്രമേൽ സ്വാധീനം സമൂഹമധ്യത്തിലുണ്ട്... പക്ഷെ സ്വന്തം കുലത്തെക്കുറിച്ച് മനസ്സിൽ നിലനിൽക്കുന്ന അവമതിപ്പിനെ ഒഴിവാക്കണമെന്നു മാത്രം.. അങ്ങനെ വന്നാൽ ഉന്നത കുലജാതർ എന്ന് ധരിക്കുന്ന വിഭാഗം ഇല്ലാതാകും... കാരണം ഉന്നത കുലജാതി എന്നു പറയുന്നത് സ്വന്തം സങ്കൽപ്പം മാത്രമാകും.. എല്ലാ വിഭാഗവും തന്റെ കുലം ശ്രേഷ്ഠമെന്നു കരുതിയാൽ ആര് ആരെയാണ് ഉന്നതൻ എന്ന് അംഗീകരിക്കേണ്ടത്??

    ജാതിക്കോളം പൂരിപ്പിക്കാൻ വിമുഖത കാട്ടുന്നവർ സന്തതിയോട് അവകാശലംഘനം കാട്ടുന്നു എന്നും പറയേണ്ടി വരും.. കാരണം, ഒരു കുട്ടി ജനിക്കുന്നതിനൊപ്പം അവനവകാശപ്പെട്ട എല്ലാത്തിനുമൊപ്പമാണ് അവന്റെ ജാതിയും മതവും.. ഇതു രണ്ടും അവന്റെ മാതാപിതാക്കൾ സമ്പാതിച്ച് അവന് നൽകിയതല്ല... മാതാപിതാക്കൾക്കു പോലും അവരുടെ ഇംഗിതത്തിനന്നുസ്സരിച്ച് ലഭിച്ചതല്ല.. അങ്ങനെയിരിക്കെ തിരിച്ചറിവില്ലാത്ത കുഞ്ഞിന് ഇതൊക്കെ നിരസ്സിക്കുന്നതിന് എന്തവകാശമാണ് മാതാപിതാക്കൾക്കുള്ളത്.. അവൻ വളർന്ന് വലുതായി സ്വയം ചിന്ത ഉറക്കുന്ന അവസ്സരത്തിൽ സ്വീകരിക്കുന്നതും, ഉപേക്ഷിക്കുന്നതുമാണ് ന്യായം....

     ജാതിക്കോളം പൂരിപ്പിക്കാതെ വിടുന്നതിന് എന്തോ വലിയ പ്രാധാന്യം കാട്ടുന്നത് മിശ്രവിവാഹിതരാണെന്ന് തോന്നുന്നു... അത് ന്യായവുമാണ്.. കാരണം തങ്ങളുടെ കുട്ടിക്ക് നിശ്ചിതമായ ഒന്ന് എഴുതുക ഇക്കൂട്ടരെ സംബദ്ധിച്ചടത്തോളം അസംഭവ്യമാണ്... അതിനാൽത്തന്നെ ജാതിക്കോളകത്തെ നികത്താതെ ആ കോളത്തിനെത്തന്നെ പഴിക്കുകയാണ് അക്കൂട്ടർക്ക് അഭിഗാമ്യം... അവർ തങ്ങൾ നടത്തിയ മിശ്രവിവാഹത്തിന്റെ സാമൂഹിക മേന്മയെക്കുറിച്ചും ഒപ്പം വാചാലരാകും.. ഇതിനെല്ലാം ഒടുക്കം നമുക്കു തോന്നിപ്പോകും ഇവർ വിവാഹം കഴിച്ചതു തന്നെ മിശ്രവിവാഹത്തിന്റെ ബ്രാന്റമ്പാസ്സിഡർമാരായി സമൂഹത്തിൽ പുതു സന്ദേശം നൽകാനായിരുന്നു എന്ന്.. പക്ഷെ നമ്മളെല്ലാവരും ആ വിവാഹത്തെ പിൻതുണച്ചത് അവരുടെ പ്രണയത്തെ മാത്രം വിലകൽപ്പിച്ചും.... അവിടേയും ആരാണ് സുതാര്യ ചിന്തക്ക് ഉടമസ്ഥർ എന്ന ചോദ്യം അവശേഷിക്കുന്നു...

      സമൂഹത്തിൽ നിന്നും ഒരു ചിന്ത ഒഴിവാക്കപ്പെടണമെങ്കിൽ ആ ചിന്തയെക്കുറിച്ചുള്ള നിരന്തര സംവാദം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്... അങ്ങനെയെങ്കിലും ജാതിക്കോളം പൂരിപ്പിക്കാതെ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുന്നവർ പ്രസ്തുത വിഷയത്തെ ചർച്ചകളിൽക്കൂടി സമൂഹത്തിൽ സജീവമായി നിർത്തി ജാതിയെ ഒരു വലിയ സംഭവമാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്... ഒപ്പം സ്വയം വിപ്ലവകാരിയാകാൻ ചെലവു കുറഞ്ഞ ഒരു പ്രയത്നവും...

     ജാതിയും മതവും അവഗണിക്കപ്പെടുന്നവയായാൽ മാത്രമേ അത് ചിന്തയിലെ വിഷയങ്ങൾ ആകാതിരിക്കുകയുള്ളു... മന:പൂർവ്മായ അവഗണനയല്ല,, മറിച്ച് സ്വോഭാവികമായ ഒഴിവാക്കലാണ് സമൂഹത്തിൽ ജാതി ചിന്തകൾ ഒഴിവാക്കാൻ നല്ലത്... 'രോഗത്തെ ഇല്ലാതാക്കാൻ മരുന്ന് നല്കാൻ വന്നവൻ വിഷം വിതരണം ചെയ്തു പോയി' എന്നു പറയുന്നതു പോലെയാണ് ചില പുരോഗമന പ്രവർത്തകർ... 

     സർവ്വജാതി മനുഷ്യരും ഉയർന്ന ജീവിത നിലവാരം പുലർത്തിയാൽ അവിടെ തീരുന്നതേ ഉള്ളൂ ജാതീയ ചിന്ത... അതിനാൽത്തന്നെ നമ്മൾ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കൂകയും പ്രവർത്തിക്കുകയും ചെയ്ത് ഒന്നായ സമൂഹത്തിനെ നിർമ്മിക്കാൻ ശ്രമിക്കുക... ജീവിത നിലവാരം സമസ്ഥ ജനതക്കും ഉന്നതമാവുക എന്നതാണ് പ്രധാനം

[Rajesh Puliyanethu 
Advocate, Haripad]

Thursday, 17 May 2018

ക്ഷേത്രദർശനത്തിന് മേൽവസ്ത്രം വേണ്ടയോ?? കാരണമെന്ത് !?????


     ക്ഷേത്ര ദർശനത്തിനു പുരുഷന്മാർ മേൽവസ്ത്രം ഉപേക്ഷിക്കണം എന്നതാണ് കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും നിയമം... കേരളത്തിലേതെന്ന് വ്യക്തമാക്കിത്തന്നെ പറയണം... കാരണം കേരളത്തിനു പുറത്ത് പല മഹാക്ഷേത്രങ്ങളിലും ഈ നിഷ്കർഷ കണ്ടിട്ടില്ല!!?... കേരളത്തിലെതന്നെ പല ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരു നിയമം നില നിൽക്കുന്നില്ല എന്നിരിക്കെ എന്തിനാണ് കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ മാത്രം ഇങ്ങനെ ഒരു നിയമം നിലനിൽക്കുന്നു??

     ഭാരതത്തിൽ ആകമാനം ക്ഷേത്രങ്ങളെ കണക്കാക്കിയാൽ ഇരുപതു ശതമാനത്തിൽ താഴെ മാത്രം ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ഒരു നിയമമാണിത്... അതിന്റെ കാരണം വിശ്വാസ്സപ്രമാണങ്ങളെ അടിസ്ഥാനമാക്കിപ്പോലും ന്യായീകരിക്കാൻ ഈ നിയമത്തെ പിന്തുണക്കുന്നവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം...!! അതിനെക്കുറിച്ചു എനിക്ക് മനസ്സിലാക്കാൻ സാധിച്ച ചില വിശദീകരണങ്ങളിൽ ഊന്നിയാണ് ഈ എഴുത്ത്... വിമർശനാസ്പദമായിത്തന്നെ....

     ക്ഷേത്രത്തിൽ മേൽവസ്ത്രം അഴിക്കണം എന്നുപറയുന്നതിലെ അൽപ്പമെങ്കിലും ലോജിക്കലായിട്ടും, അംഗീകരിക്കാൻ തോന്നിയതുമായ വിശദീകരണം ഇതൊന്ന് മാത്രമാണ്... പണ്ടുകാലത്ത് മേൽവസ്ത്രമായി പുരുഷന്മാർ ധരിച്ചിരുന്നത് കൂട്ടി തൈച്ചിട്ടില്ലാത്ത തരം വസ്ത്രങ്ങൾ ആയിരുന്നു... അതായത് മേൽമുണ്ട്,, ഷാൾ ഇനത്തിൽപ്പെടുന്ന വസ്ത്രങ്ങൾ.. നമ്മൾ ഏതൊരു ബഹുമാന്യ ദേഹത്തെ കാണുമ്പോളും ഈ മേൽവസ്ത്രം അഴിച്ചു അരയിൽ കെട്ടുന്ന ഒരു പരമ്പരാഗത രീതി ഉണ്ടായിരുന്നു... അത് ബഹുമാനത്തിന്റെ ഒരു പ്രകടനം ആയിരുന്നു... എപ്പോഴും ബഹുമാനത്തെയും, സ്നേഹത്തെയും പ്രകടിപ്പിച്ചു മനസ്സിലാക്കിക്കണമെന്നാണല്ലോ!!!? കാരണം പ്രകടിപ്പിക്കാതെ ഈ വികാരങ്ങൾ ആർക്കും മനസ്സിലാക്കാൻ കഴിയില്ല എന്നതു കൊണ്ടാകാം... ഇന്ന് പിതാവിനെയോ, ഗുരുക്കൻമാരേയോ കാണുമ്പോൾ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്നതുപോലെ തന്നെ.. അതൊരു പരമ്പരാഗതമായ ബഹുമാന പ്രദർശനം ആയതിനാലാണ് ആ പ്രവർത്തിയിൽ ആത്മസംപൃപ്തി മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്ന ശിഷ്യനും, അതുകാണുന്ന ഗുരുവിനും ഒരുപോലെ ഉണ്ടായത്.... അപ്രകാരം ഉന്നത ബഹുമാനം അർഹിക്കുന്ന ക്ഷേത്ര വിഗ്രഹത്തിനു മുൻപിലും നമ്മൾ മേൽവസ്ത്രം അഴിച്ചും,, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടും ബഹുമാനം പ്രദർശിപ്പിക്കുന്നു.... കാര്യങ്ങൾ ഇതുവരെ യുക്തി ഭദ്രമാണ്...

     പക്ഷെ മേൽമുണ്ട് ധരിച്ചു വരുന്ന ഒരാൾ മേൽമുണ്ട് അഴിച്ചു അരയിൽ ക്കെട്ടി ബഹുമാനം പ്രകരിപ്പിക്കുന്ന അവസ്ഥ ഷർട്ടുകൾ ധരിക്കുന്നവന്റെ മുൻപിൽ പ്രായോഗികമല്ല... അതാണ് "കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന കാലത്തെ ആചാരം" എന്ന് ആദ്യമേ പറഞ്ഞത്... മുണ്ടിന്റെ മടക്ക് അഴിച്ചിട്ടു ബഹുമാനം പ്രകടിപ്പിക്കുന്ന സമ്പ്രദായത്തിനു മുൻപിൽ പാന്റിട്ടു നിൽക്കുന്നവന് അത് പ്രായോഗികമല്ല... അതിനാൽ പാൻറ് ധരിക്കുന്നവനും, ഉടുപ്പു ധരിക്കുന്നവനും ക്ഷേത്രത്തിൽ പ്രവേശിക്കാൻ യോഗ്യനല്ല എന്ന് പറയുന്ന ന്യായ വാദത്തിനോടും,, മുൻപ് കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നവൻ അനുവർത്തിച്ചു വന്നിരുന്ന അതേ രീതികൾ ആധുനീക വസ്ത്രങ്ങൾ ധരിക്കുന്നവർ അനുവർത്തിക്കണം എന്നതിലെ സാങ്കേതികത്വവും ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്നാൽ ബഹുമാന പ്രകടനങ്ങൾ ദൈവത്തിന്റെ മുൻപിൽ എന്തിന് എന്ന വാദത്തെയും അംഗീകരിക്കാൻ കഴിയില്ല;; കാരണം സ്വന്തം അധ്യാപകന്റെ മുൻപിൽ മുണ്ടു മടക്കിക്കുത്തി നിന്നു സംസാരിക്കുന്ന ശിഷ്യന്റെ മനോനിലയിലെ പ്രകടമാകാതെ നിലനിൽക്കുന്ന കുറ്റ ചിന്ത ഇവിടെയും ബാധകമാണ്... അപ്രകാരം ഉള്ളിൽ സൂക്ഷിക്കുന്ന, മനസാക്ഷി അംഗീകരിക്കാത്ത ഒരു പ്രവർത്തി താൻ ബഹുമാനിക്കുന്ന ഒരു വിഗ്രഹത്തിനു മുൻപിലും ബാധകമാണ്... വിശ്വാസത്തിൽ അധിഷ്ഠിതമായ ഈശ്വരചിന്തയിൽ അതിനു പ്രാധാന്യം കൂടുതലുമാണ്...

     എന്നാൽ മേൽവസ്ത്രം അഴിച്ചു അരയിൽക്കെട്ടിയും,, മുണ്ടിന്റെ മടക്കഴിച്ചിട്ടു ബഹുമാന പ്രദർശനം ചെയ്യുന്ന പരമ്പരാഗത ആശയത്തിലേക്ക്  ആധുനിക വസ്ത്രങ്ങളായ ഷർട്ടോ, പാന്റോ ധരിക്കുന്നവരെ ഉൾക്കൊള്ളിക്കരുതെന്നു  മാത്രമാണ് അപേക്ഷ..കാരണം അത് പ്രായോഗികമല്ല ... അതിൽ വലിയ ഒരു തമാശയും അടങ്ങിയിരിക്കുന്നു... മുൻകാല അടിസ്ഥാന പ്രമാണത്തിലെ മേൽമുണ്ട് ധരിച്ചുവരുന്ന ഇക്കാലത്തെ അഭിനവ പ്രമാണിമാർ മേൽ നേരിയത് അഴിച്ചു അരയിൽക്കെട്ടുന്നത് കാണാനേയില്ല.... അവർ ""ഭഗവാനെ അങ്ങയെക്കാണാൻ ഞാൻ എന്ന വലിയ ഒരു പുള്ളി വന്നിരിക്കുന്നു"" എന്നനിലയിലാണ് തിരുനടയിൽ പെരുമാറിക്കാണുന്നത്.... അടിസ്ഥാന സങ്കൽപ്പത്തെ അഭിനവ യാഥാർഥ്യം കളിയാക്കി ചിരിക്കുന്ന അവസ്ഥ....!!?

     മേൽവസ്ത്രം അഴിച്ചു മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന് പറയുന്നതിന് കാരണഭൂതമായി മറ്റൊരു കാരണവും കേട്ടിട്ടുണ്ട്.... അതായത് ക്ഷേത്രത്തിൽ പ്രവേശിക്കുന്നവന് പൂണൂൽ ഉണ്ടോ എന്ന് തിരിച്ചറിയാനാണ് എങ്ങനെ ഒരു രീതി അവലംബിച്ചത് എന്ന്!?....  അങ്ങനെ ഒരു കാരണത്തിലാണ് ഈ നിയമം വന്നതെങ്കിൽ അതിന് ഈ കാലത്ത് നിലനില്പില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷെ അന്വേഷിച്ചിറങ്ങിയാൽ ഇപ്പറയുന്ന അടിസ്ഥാന കാരണം പോലും നിലനില്പില്ലാത്തതാണെന്ന് പറയേണ്ടിവരും... കാരണം അബ്രാഹ്മണർക്കു ക്ഷേത്ര പ്രവേശനം പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല... പ്രക്ഷോഭങ്ങൾക്കൊടുവിൽ അബ്രാഹ്മണ പ്രവേശനം സാദ്ധ്യമായപ്പോൾ പിന്നെയെന്താണ് പൂണൂൽ പരിശോധനക്ക് പ്രാധാന്യം നൽകുന്നത്??

     ഷർട്ട് അഴിച്ചു മാറ്റി ക്ഷേത്ര പ്രവേശനം നടത്തണം എന്ന് നിഷ്കർഷിക്കുന്നവരിൽ ഒരു വിഭാഗം മുൻപോട്ടു വെയ്ക്കുന്ന കാരണം കുറച്ചു ദൈവീകമാണ്... അതായത് ക്ഷേത്ര അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദൈവീക ചൈതന്യത്തെ ശരീരവുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിന് മേൽവസ്ത്രം തടസ്സമാണെന്നാണ് വാദം...! ഈ വാദഗതിയിലെ സാങ്കേതികത്വം പരിശോധിക്കാതെ തന്നെ ഈ വാദത്തെ തള്ളിക്കളയാവുന്നതാണ്... കാരണം ദൈവീക ചൈതന്യത്തെ ഒരു വസ്ത്രത്തിന്റെ ഇഴകൾ തടുത്തുനിർത്തുന്നു എന്ന് പറയുന്നതുതന്നെ അബദ്ധജടിലമാണ്... 

     കാര്യകാരണങ്ങൾ ദൈവീക- ക്ഷേത്ര ചിന്തകളെ അടിസ്ഥാനമാക്കി വിവരിക്കാൻ പോലും കഴിയാത്ത ഒരു ആചാരം നിലനിർത്തുന്നതിന് എന്തിനു ശഠിക്കണം എന്നതാണ് ചോദ്യം...  കാരണം ഈ ഒരു ആചാരം അനുഷ്ഠിക്കണം എന്ന വാശി ഒരുപാട് ആൾക്കാരെ ക്ഷേത്ര അകത്തളങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിന് കാരണമാകുന്നുണ്ട്... ഒരു ഷർട്ട് അഴിക്കാൻ മടിയുള്ളവൻ അകന്നു പോകട്ടെ എന്ന് ചിന്തിക്കുന്നതും ശരിയല്ല... കാരണം ഈ സമാജത്തിൽ പരമാവധി ആൾക്കാരെ ചേർത്തു നിർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്... അടിസ്ഥാന രഹിതമായ ഒരു ആചാരം പലരെയും ക്ഷേത്ര മതിൽക്കെട്ടിനു പുറത്തു നിർത്തുന്നതിനു കാരണമാകുന്നെങ്കിൽ അത് ഒഴിവാക്കേണ്ടതു തന്നെയാണ്....

     ക്ഷേത്രം എന്നത് ഒരു കൂട്ടം ആചാരങ്ങളുടെയും, നിയമങ്ങളുടെയും, വിശ്വാസങ്ങളുടെയും ആകെത്തുകയാണെന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രവേശിക്കാൻ തയ്യാറാകുന്നവൻ അവയെല്ലാം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഉള്ള വാദഗതിയെ നൂറുശതമാനം അംഗീകരിക്കണം... അതിനാൽത്തന്നെ ക്ഷേത്രത്തിൽ ഷർട്ടു ധരിച്ചു കയറുക എന്ന മാറ്റം കൊണ്ടുവരേണ്ടത് ഒരു മുഷ്ക്കു പ്രകടനത്തിൽക്കൂടി ആകാൻ പാടില്ല... മറിച്ചു് ഒരു സ്വാതന്ത്രത്തിന്റെ അനുവാദനത്തിൽക്കൂടി ആയിരിക്കണം... ഷർട്ടു ധരിച്ചു പ്രവേശിക്കാൻ താല്പര്യപ്പെടുന്നവനെ അപ്രകാരവും, മറിച്ചു താല്പര്യപ്പെടുന്നവനെ അങ്ങനെയും അനുവദിക്കണം... മുൻപോട്ട് ഒരു ദീർഘകാലം 'ഷർട്ട് അഴിച്ചു മാത്രം ക്ഷേത്ര പ്രവേശനം' എന്ന ആചാരം നിലനിൽക്കില്ല എന്നും നമ്മൾ മനസ്സിലാക്കണം...

     നവീന ചിന്താ രീതികൾ ആചാരങ്ങളിലേക്കു കൊണ്ടുവരുന്നതിനെയും, നടപ്പിലാക്കുന്നതിനെയും പിന്തിരിഞ്ഞു നിന്നു നേരിടുകയോ. സ്വീകരിക്കുകയോ ചെയ്യുന്ന സ്വഭാവം ഹിന്ദുവിനില്ല... ഹിന്ദു മതത്തിലേക്ക്  നവീന ആശയങ്ങളെ കൊണ്ടുവരുമ്പോൾ അത് നടപ്പിലാക്കുന്നതിന് ഒരു കൂട്ടരെ പിന്തിരിപ്പിക്കുന്നത്;; 'മറ്റു മതങ്ങളിൽ ഒന്നും തന്നെ ഇപ്രകാരമുള്ള ചിന്തകൾ നടപ്പിലാക്കാൻ ആരും ശ്രമിക്കുന്നില്ലല്ലോ, പിന്നെ നമ്മൾ മാത്രം എന്തിന്!?' എന്ന ചോദ്യമാണ്... അതിനുത്തരം അതാണ് ഹിന്ദു മതം എന്ന് മാത്രമാണ്... ഈ മതത്തിൽ ഇത്രയധികം വെളിച്ചം കടന്നു കൂടിയത് ഈ തുറന്ന ചിന്താഗതിയാണെന്നും പറയേണ്ടിവരും...

     തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.. സനാതനഃ ധർമ്മത്തെ സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുക 

[Rajesh Puliyanethu
 Advocate, Haripad]


Friday, 16 March 2018

'ത്രിപുര' തെരഞ്ഞെടുപ്പ് ഫലം,, മോഡി വിരുദ്ധ ക്യാമ്പിന്റെ കൈയ്യിൽ തീപ്പന്തം....!!??


     ത്രിപുരയിലും ബി ജെ പി വിജയക്കോടി പാറിച്ചിരിക്കുന്നു.... 'കമ്യുണിസ്റ്റ് കോട്ട' എന്ന് കമ്യുണിസ്റ്റുകൾ തന്നെ വീമ്പിളക്കിയിരുന്ന ഭാരതത്തിലെ രണ്ടാമത്തെ സംസ്ഥാനവും അവർക്കു കൈവിട്ടു പോയിരിക്കുന്നു... ഇനിയുമുള്ളത് കേരളം മാത്രം... ഇത്രയും യാഥാർത്യമാണ്... നഷ്ടപ്പെട്ടത് അക്കമിട്ടു പറയുന്നതും നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ടെന്നു പറയുന്നതും യാഥാർഥ്യമാണ്... കാരണം അവിടുത്തെ സാദ്ധ്യതയും യാഥാർഥ്യമാണ് .. കേരളത്തിലെ ചെറു ഘടകങ്ങളിൽ അധികാരം നിലനിർത്താൻ സിപിഎം നു കഴിയുന്നത്  സംസ്ഥാന ഭരണത്തിലെ നിർണ്ണായക കക്ഷിയായി നിൽക്കുന്നതുകൊണ്ടാണ്... ഭരണ രംഗത്തുനിന്നും പുറത്തു പോവുകയും അവിടേക്ക് ബിജെപി എത്തുകയും ചെയ്താൽ താഴെക്കിടയിലുള്ള പ്രവർത്തകരിൽ പോലും ചോർച്ച ഉണ്ടാകുമെന്ന് സിപിഎം തിരിച്ചറിയുന്നുണ്ടാകും.. അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ഭാഗമായിരിക്കുന്നതിനാലും,, സംഘടനാ പരമായ ചട്ടക്കൂട്ടിന്റെ ഉള്ളിൽ നിൽക്കുന്നതിനാലുമാണ് കേരളത്തിൽ അണികളിൽ നിന്നും വലിയ ഒരു ചോർച്ച പാർട്ടിക്ക് ഇപ്പോഴും ഉണ്ടാകാത്തത്... പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിലും,, മത പ്രീണന നയങ്ങളിലും,, ഹിന്ദു വിരുദ്ധ തത്വങ്ങളിലും, ഇസ്ലാമിക തീവ്രവാദികളോടുള്ള മൃദു സമീപനത്തിലും, ചൈനയും, പാകിസ്ഥാനും പോലെയുള്ള വിദേശരാജ്യങ്ങളോടുള്ള വിധേയത്വത്തിന്റെ പേരിലും പാർട്ടിയെ അനുകൂലിച്ചു പരസ്യമായി നിൽക്കുന്ന വലിയ വിഭാഗത്തിന് അമർഷം  ഉണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട... പക്ഷെ മുൻപ് പറഞ്ഞ ആനുകൂല്യങ്ങളുടെയും സംരക്ഷണത്തിന്റെയും ഒപ്പം ഭയത്തിന്റെയും പേരിൽ പരസ്യപ്രതികരണത്തിന് അണികളിൽ പലരും  തയ്യാറാകുന്നില്ല എന്നുവേണം കാണാൻ....

     ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന കോൺഗ്രസ്സിന്റെയും രാഷ്ട്രീയസ്ഥിതി വളരെ ദയനീയമാണ്... അമിതമായ മത പ്രീണന നയങ്ങളും,, അഴിമതിയുമാണ് കോൺഗ്രസ്സിനെ തളർത്തിയത്.. ഒപ്പം ഒരു നേതാവായി കഴമ്പുള്ള ആരേയും ഉയർത്തിക്കാട്ടാനില്ലാത്ത ദൈന്യതയും... നെഹ്‌റു കുടുംബത്തിന്റെ അപ്രമാദിത്യത്തിൽ നിന്നും പാർട്ടി പുറത്തു വന്നാൽ ശിഥിലമായിപ്പോകുമെന്ന ഭയം....! മറുവശത്ത് രാഹുൽ ഗാന്ധിയെ അംഗീകരിച്ചു നിന്നാൽ ഉമിത്തീയിൽ ദഹിക്കുന്നതുപോലെ നീറി ഇല്ലാതാകുന്ന അവസ്ഥ... നരേന്ദ്ര മോദിയും, അമിത്ഷായും അഴിച്ചു വിട്ട യാഗാശ്വത്തെ പിടിച്ചു കെട്ടാൻ ഈ രണ്ടു കൂട്ടരും അശക്തമാണെന്ന് സമ്മതിച്ചേ പറ്റൂ.. ഒപ്പം ഒരു ഭരണകാലം അവസ്സാനിപ്പിച്ചു ജനഹിതം തിരയാൻ സമയമെത്തുമ്പോൾ പോലും ബിജെപി എതിർകോട്ടകൾ കീഴടക്കുന്ന കാഴ്ച...  രാഷ്ട്രീയ ആക്രമണങ്ങൾക്കോ;; എന്തിന് പ്രതിരോധത്തിനോ പോലും ശക്തിയില്ലാത്ത പ്രതിപക്ഷം... മുൻ യുപിഎ സർക്കാരിലെ ധനമന്ത്രിയുടെ മകൻതന്നെ ജയിലിൽ... മുന്നിൽ നിന്നു നയിക്കേണ്ട രാഹുൽ ഒളിവിൽ.... പൊതു ജനത്തിനു മുൻപിൽ ഇന്നൊരു നേതാവേ ഉള്ളൂ... അതാണ് നരേന്ദ്രമോദി... നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനു ശേഷം ഇവിടെ രണ്ടുതരം രാഷ്ട്രീയം രൂപം കൊണ്ടിരുന്നു.. അത് 'മോഡി അനുകൂല രാഷ്ട്രീയം,, മോഡി വിരുദ്ധ രാഷ്ട്രീയം' എന്നിങ്ങനെ ആയിരുന്നുവെങ്കിൽ, മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പ് ഇന്ന് ഏറെക്കുറെ ശൂന്യമാണ്... ഉള്ളവർ തളർവാദരോഗം പിടിപെട്ട് കിടപ്പിലാണ്.. മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പിൽ സജീവമാകാൻ കച്ചമുറുക്കി അവാർഡുകൾ തിരിച്ചു നൽകിയ സാംസ്ക്കാരിക നായകർ (നക്കികൾ) നഷ്ടത്തിലാണ്... അവർക്കുള്ള ആശ്വാസ്സം അവാർഡു പണം കീശയിൽ വെച്ച് ഫലകം കൊടുത്തതാണ്... അവർക്ക് ഫലകമേ നഷ്ടമായുള്ളൂ... പണം കീശ യിൽത്തന്നെയുണ്ട്.....

     ഭരണം എനിക്കും, നിനക്കും അല്ലെങ്കിൽ നമ്മുടെ കുറുമുന്നണികൾക്ക് എന്ന് കരുതി ജീവിച്ച  ഇടതു- വലതന്മാർ  ഭരണ പ്രതിപക്ഷമെന്ന വ്യത്യാസ്സം കൂടാതെ ഒന്നിക്കാൻ ശ്രമിക്കുന്ന ഏറ്റവും തമാശ നിറഞ്ഞ രാഷ്ട്രീയത്തിനും നമ്മൾ ജനങ്ങൾ സാക്ഷികളായി.... സ്വാതന്ത്യ്രത്തിനു ശേഷമിത്രനാളും ഞങ്ങൾ പറഞ്ഞ രാഷ്ട്രീയവും, പ്രചരിപ്പിച്ച ചിന്തകളിലും ഒരു കഴമ്പുമില്ലായിരുന്നു എന്നും ഇന്ന് ലഭിക്കുന്ന അധികാരത്തിനു വേണ്ടി മാറ്റിവെയ്ക്കാനും, പൊളിച്ചു കളയാനും മാത്രം ദൃഢതയുള്ള ചില ആശയങ്ങളും, പ്രത്യയ ശാസ്ത്രങ്ങളും മാത്രമായിരുന്നു തങ്ങളുടെ  പക്കലുണ്ടായിരുന്നതെന്നും ഇക്കൂട്ടർ തുറന്നു സമ്മതിക്കുന്നു... ഇടതു വലതന്മാർ അന്യോന്യം ഊന്നുവടികളാകാൻ ക്ഷണിക്കുന്നു... അപ്പുറക്കാഴ്ചയിൽ സ്വയം നിൽക്കാൻ കഴിവില്ല എന്ന തിരിച്ചറിവിൽ അവർതന്നെ അപ്രകാരമുള്ള ബാന്ധവ ആലോചനകൾ ഉപേക്ഷിക്കുന്നു.... ഭാരതം ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും, അതിനൊപ്പം ഏറ്റവും കരുത്തനായ ഭരണാധികാരിയുടെയും കരങ്ങളിലാണ്...

     തെരഞ്ഞെടുപ്പു പരാജയങ്ങൾ ഇടതു വലതന്മാരെ അസ്വസ്ഥമാക്കുന്നത് സ്വാഭാവികം മാത്രം.. പക്ഷെ അതിനെ അതിജീവിക്കാൻ ഇക്കൂട്ടർക്ക് ചെയ്യുവാൻ കഴിയുന്നത് രാജ്യത്തിന് വിപത്തായി ഭവിക്കുന്നവയായിരിക്കും എന്നതാണ് ആശങ്കക്ക് കാരണം... രണ്ടായിരത്തി പത്തൊൻപതിൽ   നടക്കാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷനിൽ ശ്രീ നരേന്ദ്രമോദിയെയും, ബിജെപി യേയും മോശമായി ചിത്രീകരിക്കാൻ അവർ പുറത്തെടുക്കുക കലാപത്തിന്റെയും, സംഘര്ഷത്തിന്റെയും ഒപ്പം വിദേശ വിധ്വംസക ശക്തികളുടെ പിന്തുണയുടെയും വഴികളായിരിക്കും....  പാക്കിസ്ഥാനിൽ പോയി നിന്നു കൊണ്ട് ഇന്ത്യൻ പ്രധാന മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കന്മാരുള്ള പാർട്ടിയാണ് കൊണ്ഗ്രെസ്സ്... ജന്മം കൊണ്ടുതന്നെ വിദേശീയവും,, ഇപ്പോഴും ചൈനാ സൂക്തങ്ങൾ പാടി അഭിമാനം കൊണ്ട് നടക്കുകയും, ചൈനയിൽ അഭിമാനിക്കുകയും ചെയ്യുന്ന ഇടതു പക്ഷം മറ്റൊരു വശത്ത്...!! ഇക്കൂട്ടരൊക്കെ സ്വന്തം നേട്ടത്തിനു വേണ്ടി ഏതു നെറികേടും കാട്ടാൻ മടിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കി കരുതിയിരിക്കണം.... പാർലമെന്റ് ആക്രമിച്ചവനേയും,, മഹാനഗരത്തിൽ ബോംബുകൾ പൊട്ടിച്ചവനേയും നാലുവോട്ടിനായി ആരാധിക്കുന്ന ഇക്കൂട്ടർക്ക് ഹിന്ദുവും, മുസ്ലീമും മറ്റെല്ലാ വിഭാഗവും വോട്ടിനുള്ള യന്ത്രങ്ങൾ മാത്രം... അവരെ കലാപങ്ങളിലേക്ക് നയിക്കുന്നതിൽ മടിയോ, ഹൃദയ വേദനയോ ഇവർക്കാർക്കും ഉണ്ടാകുമെന്ന് കരുതുക വയ്യ....

     ത്രിപുരയിലെ പരാജയത്തോറ്റു കൂടി ഇടതു- വലതന്മാർ രാഷ്ട്രീയമായി പൂർണ്ണമായും തളർന്നു... ബിജെപി അധികാരത്തിൽ വന്നിത്ര നാളും അവർ പറഞ്ഞു പ്രചരിപ്പിച്ച മോഡി വിരുദ്ധ രാഷ്ട്രീയം ഇവിടെ വിലപ്പോകുന്നതേ ഇല്ല.... മോദിയുടെ കോട്ടും, കൂണും, യാത്രയും, ഭാര്യയും തുടങ്ങി ഇക്കൂട്ടർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു ജനങ്ങളുടെ പരിഹാസം ആവോളം കേട്ടു... നോട്ടു നിരോധനവും, ബാങ്കും തുടങ്ങിയ വിഷയങ്ങളും ജനങ്ങളിൽ വിരോധം സൃഷ്ട്ടിക്കാൻ കാരണമാകുന്നില്ല... അവസ്സാനം വന്ന GST തങ്ങളെ തുണക്കു മെന്നും അതിന്റെ തിരിച്ചടി മോദിക്ക് ഗുജറാത്തിൽ നിന്നു തന്നെ ലഭിക്കുമെന്നു പറഞ്ഞു ഉണ്ണാ വൃതമിരുന്നവർക്ക് നാരങ്ങാ നീരു കുടിക്കേണ്ടി വന്നു.. സ്വന്തം തട്ടകത്തിലെ എഴുത്തുകാരെയും, പത്രക്കാരെയും ഉപയോഗിച്ചു നടത്തിയ 'ഫാസിസ്റ്' പ്രചാരണ തന്ത്രം പൂർണ്ണമായും വടികുത്തിപ്പിരിഞ്ഞു...  സ്വന്തം രാഷ്ട്രീയവും, ആദർശങ്ങളും, പ്രത്യയ ശാസ്ത്രവും എടുത്തു വിളമ്പിയാൽ ജനം അടുത്ത ഇലക്ഷൻ കഴിഞ്ഞാലും ചിരി നിർത്തില്ല എന്ന അവസ്ഥ.... ഇത്രയും രാഷ്ട്രീയമായ അവസ്ഥയിൽ ദൈന്യത അനുഭവിക്കുമ്പോൾ ഒരു കൈത്താങ്ങാകാൻ ഇക്കൂട്ടർക്ക് പഴയ തൊഴന്മാരായ ഇസ്‌ലാമിക തീവ്രവാദികളും, മാവോയിസ്റ്റുകളും, ചൈനയും, പാകിസ്ഥാനും ഒക്കെയേ ഉള്ളൂ... പരാജയത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന ഇടതു- വലതന്മാരും, അനുചരന്മാരും ഇല്ലം ചുട്ടാലും വേണ്ടില്ല,, എലിയെ കൊന്നാൽ മതി എന്ന നിലയിലേക്ക് എത്തുമ്പോൾ ഭാരതം എന്ന മാഹാരാജ്യമാകുന്ന കൂരക്കുള്ളിൽ കഴിയുന്ന സാധാരണ പൗരന്മാരായ നമ്മളെപ്പോലെയുള്ളവർ അതിന്റെ ചൂടേൽക്കേണ്ടി വരും.....

     രാജ്യത്തു പശു രാഷ്ട്രീയം ഇളക്കിവിട്ട് സമൂഹത്തിൽ രണ്ടു ചേരി സൃഷ്ട്ടിച്ചു സംഘർഷങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചവരാണ് മോഡി വിരുദ്ധ രാഷ്ട്രീയ വിഭാഗം... അത് ഏറെക്കുറെ പരാജയപ്പെട്ടുവെങ്കിലും ചിലയിടങ്ങളിൽ ചെറിയ ചില മുറിവുകൾ സൃഷ്ട്ടിക്കുന്നതിൽ ഇക്കൂട്ടർ വിജയിച്ചിട്ടുണ്ട്.... അതെന്തൊക്കെയായാലും ശ്രീ നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താൻ ഇക്കൂട്ടർ കണ്ടെത്തിയിരിക്കുന്ന വഴി വിഘടനത്തിന്റേതാണെന്നു നമ്മൾ മനസ്സിലാക്കണം... രാജ്യത്ത് പരമാവധി വിദ്വെഷവും അതുവഴി സംഘർഷവും നിറച്ചു അതിന്റെ ഉത്തരവാദിത്വം ശ്രീ മോദിയുടെ മേൽ കെട്ടിവെച്ചു്  അദ്ദേഹത്തെ പരാജയപ്പെടുത്താനാകും എന്നാണിവർ തുടക്കം മുതൽ കണക്കു കൂട്ടിയിരുന്നത്...

     ലോങ്ങ് മാർച്ചു് എന്ന പേരിൽ പാവപ്പെട്ട കർഷക തൊഴിലാളികളെ പൊരിവെയിലത്ത് കിലോമീറ്ററുകൾ നടത്തിച്ചതാണ് അതിലെ അവസ്സാനത്തോടെ ശ്രമം... ഒരു സംഘർഷത്തെ സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന മോഡി വിരുദ്ധ ചേരി അവിടെ പരാജയപ്പെട്ടെങ്കിലും സംഘർഷം ഉറപ്പു വരുത്തുന്ന രീതിയിൽ കരുക്കൾ നീക്കാൻ അവർ സമീപ ഭാവിയിൽത്തന്നെശ്രമിക്കും... ചന്ദ്ര ബാബു നായിഡു വിന്റെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യവുമായുള്ള മുന്നണി ബഹിഷ്‌കരണം ഇതോക്കെയായി ചേർത്തു വായിക്കണം... രാജ്യത്തു മറ്റൊരു കലാപം ഉയർത്തി വിടുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെയും കാണണം... വളരെ അടുത്ത കാലത്തു തന്നെ വിഭജനത്തിന്റെ പേരിൽ സംഘർഷം നടന്ന ഒരു ഭൂമിയിൽ വീണ്ടും കലാപം ഉയർത്തി വിടാൻ എളുപ്പമാണ് എന്നവർ കണക്കു കൂട്ടുന്നു... വാജ്‌പേയ് സർക്കാരിൽ നിന്നും അവസ്സാനകാലം ഇറങ്ങി ഓടിയ ചന്ദ്ര ബാബു മുന്നണിയേക്കാൻ സ്വന്തം നിലനിലനിൽപ്പിനെ പോറ്റുന്നവനാണ് എന്ന് തെളിയിച്ചതാണ്... എന്ത് വാഗ്ദാനങ്ങളിലാണ് ചന്ദ്രബാബു കാൽ വഴുതി വീണതെന്ന് ഭാവികാല രാഷ്ട്രീയം നമുക്കു പറഞ്ഞു തരും....

     പരാജയം ഉറപ്പു വരുമ്പോൾ സ്വയം പൊട്ടിച്ചിതറിയാലും മറ്റുള്ളവർക്ക് പരമാവധി നാശനഷ്ടം ഉണ്ടാക്കണമെന്നു കരുതുന്ന ചാവേറുകളുടെ മനസ്സാണ് ഇന്ന് മോഡി വിരുദ്ധ ക്യാമ്പിനുള്ളത്... ആ മനോഭാവത്തോടെ കഴിയുന്ന കൂട്ടരെ നാം ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം... അവരുടെ വാക്കിലും പ്രവർത്തിയിലും ഒളിഞ്ഞിരിക്കുന്ന വിദ്വെഷം പകർത്തുന്ന അണുക്കളെ നാം തിരിച്ചറിയണം... അവർ കത്തിച്ചു പിടിച്ച തീപ്പന്തങ്ങൾ സ്വന്തബന്ധങ്ങൾ പോലും നോക്കാതെ സമൂഹത്തിലേക്ക്  വലിച്ചെറിയാൻ സാദ്ധ്യതയുണ്ട്.....!!

[Rajesh Puliyanethu
 Advocate, Haripad]  

Monday, 5 February 2018

ഈശ്വരൻ എന്ന സത്യവും,, ദൈവം എന്ന ശക്തിയും ഒപ്പം ഞാനും നീയും....!!??

   ശീർഷകത്തിൽ പറയുന്ന വിഷയത്തെക്കുറിച്ചു് ചില സംസാരങ്ങൾ ആണ് ഉദ്ദേശിക്കുന്നത്.... ആയതിനാൽത്തന്നെ ഒരു പ്രഭാഷണ രൂപത്തിൽ അത് അവതരിപ്പിക്കുന്നതാണ് ഉചിതം എന്ന് ഞാൻ കരുതുന്നു...

   ആദിമൂലം ശിവക്ഷേത്രമാണ് വേദി... അവിടെ മധ്യവയസ്സു കടന്നിട്ടില്ലാത്ത ഒരു സ്വാമിയാണ് പ്രഭാഷകൻ... അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയമാണ് ശീർഷകത്തിൽ പറഞ്ഞിരിക്കുന്നത്... ദീപാരാധന കഴിഞ്ഞ നേരം... അത്രകണ്ട് നിബിഢമായിരുന്നില്ല സദസ്സ്....  സ്വാമി പ്രഭാഷണ വേദിയിൽ ഉപവിഷ്ടനായി.... ആദ്യമായിത്തന്നെ ശ്രീ മഹാദേവനെ സ്തുതിച്ചു കൊണ്ട് ഒരു ശ്ലോകം ആലപിച്ചു.... ആലാപനത്തിനു ശേഷം അദ്ദേഹം ഇരുകൈകളും മുകളിലേക്കുയർത്തി തൊഴുതു പിടിച്ചു... അദ്ദേഹം ഉറക്കെപറഞ്ഞു...

   ""ഈശ്വരൻ എന്ന സത്യത്തെ ഞാൻ വണങ്ങുന്നു...""

   സ്വാമിയുടെ പ്രഭാഷണത്തിലെ ആദ്യ വാചകമായിരുന്നു അത്.....

   'ഈശ്വരൻ' എന്നത് സത്യമല്ലേ?? ഞാൻ പറഞ്ഞതിനോട് അർക്കെങ്കിലും എതിരഭിപ്രായമുണ്ടോ?? സദസ്സിനോടായി സ്വാമി ആരാഞ്ഞു... സദസ്സിൽ നിന്നും യാതൊരു മറുപടിയും വന്നില്ല....

   ഞാൻ ഉറപ്പിച്ചു പറയുന്നു 'ഈശ്വരൻ' സത്യം തന്നെയെന്ന്...

   സത്യം തന്നെ എന്ന് ഉറപ്പിച്ചു പറയുന്നതിനെ എങ്ങനെ തെളിയിക്കും?? ശരിയല്ലേ??

   ഒരു വിഷയത്തെക്കുറിച്ച്ഉറപ്പിച്ചൊന്നു പറയുമ്പോൾ അത് സത്യമാണെന്നു തെളിയിക്കാനോ,, അല്ലെങ്കിൽ എന്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞു എന്ന് വിശദീകരിക്കാനോ ഉള്ള ഒരു ബാദ്ധ്യത എനിക്കുണ്ട്... എന്റെ ധാരണകളെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് നിങ്ങളുടെ യുക്തിസ്വാതന്ത്യം... ഞാൻ പറയുന്നത് ശരിയല്ലേ??

   തൻറെ ഓരോ പ്രസ്ഥാവനകൾക്കിടയിലും സദസ്സിൽ നിന്നും അഭിപ്രായങ്ങൾ അദ്ദേഹം ആരാഞ്ഞ് കൊണ്ടിരുന്നു... പ്രതികരണങ്ങൾക്ക് ആരും തയ്യാറായിരുന്നില്ല... സ്വാമി തന്റെ വാക്കുകൾ തുടർന്നു...

   നിത്യവും ക്ഷേത്രത്തിൽ വന്നു പോകുന്ന അനേകം ആൾക്കാരുണ്ട്.... അവരാരും തന്നെ ഈശ്വരനെ കാണുന്നില്ല... ആരോടെങ്കിലുമൊക്കെ ചോദിച്ചാലോ;; ചിലർ പറയും ഭഗവാൻ ഒരു അനുഭവമാണ് എന്ന്... മറ്റു ചിലർ പറയും ഭഗവാൻ എന്റെ കൂടെത്തന്നെയുണ്ട് എന്ന്... എന്നെ നടത്തിക്കുന്നതു തന്നെ ഭഗവാനാ എന്ന് മറ്റു ചിലർ.... ഞാൻ ഒരു ഈശ്വരവിശ്വാസിയാണെന്ന് തുറന്നു സമ്മതിക്കുന്നത് തന്റെ ആധുനികതക്ക് കോട്ടമാകുമോ എന്ന് തോന്നലുള്ള ചിലർ പറയും 'എനിക്കങ്ങനൊന്നുമില്ല,, പക്ഷെ എന്തോ ഒരു ശക്തിയുണ്ട്...' അതാണല്ലോ.... എന്ന് പറഞ്ഞു നിർത്തും..

   ഏതാണെന്നാ ഇക്കൂട്ടർ പറയുന്നത്... ഞാൻ ഉറപ്പിച്ചു പറയുന്നു,, ബഹുഭൂരിപക്ഷവും സ്വന്തമായി ദൃഢതയുള്ള ധാരണകളില്ലാതെയാണ് ആരാധനാലയങ്ങളിൽ എത്തുന്നത് എന്ന്.... അല്ലെങ്കിൽ ഈശ്വര ചിന്തകൾ വെച്ച് പുലർത്തുന്നത് ... ഒരു ഉദാഹരണം പറയാം.... ദിവസ്സവും രണ്ടു നേരം അമ്പലത്തിൽ വന്നു കുളിച്ചു തൊഴുത് ഭഗവത് കീർത്തനങ്ങൾ ജപിച്ചു മാത്രം കാലം കഴിക്കുന്ന ഒരുവൻ.... ഒരു ദിവസ്സം അയാൾ മരുന്നു വാങ്ങാനായി സാധാരണ ഒരു മെഡിക്കൽ സ്റ്റോറിൽ കയറി... പതിവായി കാരുണ്യ മെഡിക്കൽസ്സിൽ നിന്നും മരുന്നു വാങ്ങുന്ന ആളായിരുന്നു അദ്ദേഹം.... മരുന്നു വിലയിൽ ഭീമമായ കൂടുതൽ.... അദ്ദേഹം കടക്കാരനുമായി വഴക്കായി... ഏറ്റവുമൊടുവിൽ അദ്ദേഹം പറഞ്ഞു
""ഈശ്വരൻ എന്നൊരു ശക്തി ഉണ്ടെങ്കിൽ നീ ഇതിന്റെ ഒക്കെ കണക്കു പറയേണ്ടി വരുമെടാ"" എന്ന്...

   നമ്മുടെ ഇവിടുത്തെ പ്രസക്തമായ ഭാഗം അദ്ദേഹത്തിൻറെ അവസ്സാന വാചകമാണ്... ""ഈശ്വരൻ എന്നൊരു ശക്തി ഉണ്ടെങ്കിൽ"".... അതാണ്.... ദിവസ്സവും രണ്ടു നേരം അമ്പലത്തിൽ വന്നു കുളിച്ചു തൊഴുത് ഭഗവത് കീർത്തനങ്ങൾ മാത്രം ജപിച്ചു കാലം കഴിക്കുന്ന ഒരുവനും ഒരു വിഷയം വരുമ്പോൾ ഈശ്വരൻ എന്ന ശക്തി ഉണ്ടോ എന്നത് ഒരു സംശയമാണ്...

   അതാണ് സ്ഥിതിവിശേഷം... ഈശ്വര ചിന്തകളിൽ സ്വന്തമായി ദൃഢതയുള്ള ധാരണകളില്ല എന്നു മാത്രമല്ല,, ബഹു ഭൂരിപക്ഷവും സംശയത്തിലാണ് എല്ലാം നോക്കിക്കാണുന്നത്.... പക്ഷെ ഞാൻ മുൻപ് പറഞ്ഞ വാക്കുകൾ ആവർത്തിക്കുന്നു...

    ''ഈശ്വരൻ' സത്യം തന്നെയാണ്"

   'സത്യം' അനുഭവമാണ്.... സത്യത്തെ തൊട്ടറിയാൻ കഴിയില്ല... പക്ഷെ സത്യത്തെ അനുഭവിച്ചറിയാൻ കഴിയും... അനുഭവം രണ്ടുതരത്തിലുണ്ട്... മൊറ്റൊരുപാട് കാര്യങ്ങളിലേതെന്നതുപോലെ ഭൗതികവും,, ആത്മീയവും... അതിൽ ഭൗതീകം എന്നത് അധികം വ്യാഖ്യാനങ്ങളില്ലാതെ മനസ്സിലാക്കാവുന്നതാണ്.. കാരണം അത് യാഥാർഥ്യമായി നമ്മുടെ
ഇന്ദ്രീയങ്ങളാൽ തിരിച്ചറിയുന്നവയാണ്... പക്ഷെ 'ആത്മീയം' വളരെ വ്യത്യസ്ഥമാണ്.... കാരണം ഒരുവന്റെ ചിന്തയുടെ ഇന്ദ്രീയങ്ങളാലാണ് ആത്മീയമായ അനുഭവങ്ങൾ ഉണ്ടാകുന്നത്... അത് ഒരുവനിൽ മാത്രം പ്രക്ഷേളിതമാകുന്നതാണ്... അത്തരം ആത്മീയ അനുഭവങ്ങൾ മറ്റൊരുവനുമായി പങ്കുവെക്കുക എന്നത് എല്ലാവരേക്കൊണ്ടും സാദ്ധ്യമായ കാര്യമല്ല... അങ്ങനെ തന്റെ ആത്മീയ അനുഭവങ്ങളെയും മറ്റുള്ളവരിലേക്ക് അനുഭവവേദ്യമാക്കാൻ കഴിയുന്നവരെയായാണ് ലോകം 'മഹത്തുക്കൾ' എന്ന് വിളിച്ചിരുന്നത്....

   'മഹത്തുക്കൾ' എന്ന ശീർഷകത്തിൽ ഞാൻ പറഞ്ഞത് സ്വന്തം ആത്മീയ അനുഭവത്തെ മറ്റൊരുവനുകൂടി അനുഭവവേദ്യമാക്കാൻ കഴിയുന്നവനെയാണ്.... അവിടെ സ്വന്തം ആത്മീയ അനുഭവം എന്ന് പറയുന്നത് ഒരു സ്വകാര്യത ആണെന്ന് കൂടി മനസ്സിലാക്കണം... സ്വകാര്യ അനുഭവത്തെയാണ് മറ്റൊരുവന് പകർന്നു കൊടുക്കാൻ ഒരു മഹത് വ്യക്തിക്ക്കഴിഞ്ഞത്... അവിടെ അദ്ദേഹത്തെ മഹത്വമുള്ളവനാക്കിയത് തന്റെ ആത്മീയമായ അനുഭവത്തെ അതായത് തന്റെ സ്വകാര്യമെന്നു വിശേഷിപ്പിക്കാവുന്ന ആന്തരീകമായ ഒരു അനുഭവത്തെ മറ്റൊരുവനിലേക്ക് അനുഭവയോഗ്യമാക്കാൻ കഴിഞ്ഞ കഴിവാണ്... മറിച്ചു് മഹത് വ്യക്തിക്കുണ്ടായ ആത്മീയമായ അനുഭവം എന്തായിരുന്നു എന്നതുകൊണ്ടല്ല.... അനുഭവത്തിന്റെ മേന്മയോ ച്യുതിയോ അവിടെ ഒരു വിശകലന വിഷയമല്ല....

   ഞാൻ മുൻപ് പറഞ്ഞ ''സത്യം" എന്ന വസ്തുതക്കും ഇതുപോലെത്തന്നെ ആത്മീയവും ഭൗതീകവും ആയ അനുഭവങ്ങളുണ്ട്... ഒരു സംഭവം നമ്മളിലേക്ക് എത്തുമ്പോൾ നമുക്ക് സ്വതന്ത്രമായ ചിന്തയുടെ അടിസ്ഥാനത്തിൽ 'ശരി' എന്ന തോന്നൽ ഉളവാക്കുകയും അതുവഴി നമ്മുടെ ചിന്തയിൽ നിന്നും അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോൾ അത് "സത്യം" എന്ന തോന്നൽ നമ്മളിൽ ഉണ്ടാക്കുന്നു...  അംഗീകാരമാണ് "സത്യം" എന്ന വസ്തുതയുടെ ആത്മീയമായ അംഗീകാരം... അംഗീകാരത്തെ നമ്മുടെ ഭൗതീകമായ ഇന്ദ്രീയങ്ങൾ കൊണ്ട് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ബോദ്ധ്യമാണ് സത്യത്തിന്റെ ഭൗതീകമായ അനുഭവം... പക്ഷെ ""ഈശ്വരൻ"" എന്ന വിഷയത്തിൽ സത്യത്തിന്റെ ഭൗതീകമായ അനുഭവത്തിന് പ്രാധാന്യം തുലോം കുറവാണ്.... മറിച്ചു് സത്യത്തിന്റെ ആത്മീയമായ അംഗീകാരത്തിന്റെ ആകെത്തുകയാണ് ""ഈശ്വരൻ"" എന്ന വസ്തുത...!!

   നമ്മൾ അംഗീകരിക്കുന്ന ഒരു 'സത്യം' ഏതൊക്കെ വീക്ഷണ കോണുകളിൽക്കൂടി നോക്കിയാലും സത്യമായിത്തന്നെ തോന്നണം... ആത്മീയമായും, ഭൗതീകമായും, ശാസ്ത്ര പരമായും ചിന്തിക്കുമ്പോൾ സമാനതകളും നമ്മുടെ ചിന്തയിൽ സാധൂകരിക്കപ്പെടുന്നവയും ആയിരിക്കണം.... അതിന് തികച്ചും ആവശ്യമുള്ളത് ""സ്വതന്ത്രമായ ചിന്തയാണ്""... സ്വതന്ത്രമായ ചിന്ത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "മുൻപ് നമ്മളിൽ ഉണ്ടായിരുന്ന ധാരണകൾ പുതിയ ഒരു ചിന്തക്ക് തടസ്സമായി ഉണ്ടാകാതിരിക്കുക എന്നതാണ്... പുതിയതായ വിഷയത്തെ വിഷയത്തിന്റെ നീതിശാസ്ത്രത്തിൽക്കൂടി മാത്രം വിശകലനം ചെയ്യുക... അതൊരു പുതിയ വീക്ഷണത്തിൽ എത്തിയതിനു ശേഷം നമ്മുടെ മുൻകാല ധാരണകളുമായി വിശകലനം ചെയ്യുക... പുതിയ വിഷയങ്ങൾ ചിന്തയുടെ ഒഴിഞ്ഞ പാത്രങ്ങളിൽ നിറയട്ടെ.... അതിനു ശേഷം മാത്രം നിറഞ്ഞ പാത്രങ്ങൾ എടുത്തളന്നു നോക്കൂ... നമ്മുടെ ആത്മാവിലേക്ക് വ്യക്തത നിറക്കാൻ അതിനു സാധിക്കും...

   ഈ സത്യത്തിന്റെ ആത്മീയവും ഭൗതീകവും ആയ വശങ്ങളെ എപ്രകാരം തിരിച്ചറിയണം,, ഉൾക്കൊള്ളണം,, അംഗീകരിക്കണം എന്ന് ഒരു ചെറിയ ഉദാഹരണത്തോടെ വിശദമാക്കാം....   പറയുന്നത് തികച്ചും സയൻസ് ആണ്.. അതായത് ശാസ്ത്രം.... ""ഒരു വസ്തു ഒരു നേർ രേഖയിൽക്കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭൗതീക ഘടനയിലോ, സാഹചര്യത്തിലോ മാറ്റം വരുത്താതെ ,, ഒരു നിമിഷത്തിന്റെ നൂറിലൊരംശമോ,, എന്തിന് ഒരു നിമിഷത്തിന്റെ കോടാനുകോടി അംശത്തിൽ ഒരു സമയത്തേക്കോ നിശ്ചലാവസ്ഥയിൽ എത്താതെ  വസ്തുവിന് അതിന്റെ നേർ വിപരീത ദിശയിലേക്ക് സഞ്ചരിക്കാൻ കഴിയില്ല"... ഇത് സത്യമാണ്,, പരമാർഥമാണ്.... ഇതിനു വിപരീതമായി എത്ര ചെറിയ സമയമെങ്കിലും നിശ്ചലാവസ്ഥയിൽ എത്തിക്കാതെ വസ്തുവിനെ എതിർ ദിശയിൽ ചലിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ല.... അത് ശ്രീ മഹാദേവനോ,, കൃഷ്ണനോ,, ക്രിസ്തുവിനോ,, ന്യൂട്ടോണോ,, ഐൻസ്റ്റീനോ,, ഹിറ്റ്ലർക്കൊ,, ട്രമ്പിനോ,, ആർക്കും സാധ്യമല്ല....  "" സാധ്യമല്ല എന്ന സത്യമായ അവസ്ഥയുണ്ടല്ലോ,, അതാണ് ഈശ്വരൻ""" ഉദാഹരണത്തിൽ പറഞ്ഞ സത്യത്തെ മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയുന്നതാണ് സത്യത്തിന്റെ ആത്മീയമായ അനുഭവം... ഉദാഹരണത്തെ പരീക്ഷിച്ചു നോക്കി മനസ്സിലാക്കുന്നത് സത്യത്തിന്റെ ഭൗതീകമായ അനുഭവം... നാം മുൻപ് പഠിച്ചു വെച്ചിരിക്കുന്നത്;; "ഈശ്വരൻ എന്തും സാധ്യമാക്കുന്ന ശക്തി" എന്നതിനെ മാറ്റി നിർത്തി ഉദാഹരണത്തിലെ സത്യം അംഗീകരിക്കുന്നത് സ്വതന്ത്രമായ ചിന്താഗതി....   സത്യമാണ് "ഈശ്വരൻ" എന്നിരിക്കെ ഈശ്വരനെ അംഗീകരിക്കാതെ പോകുന്നതിന് എന്ത് യുക്തി ഭദ്രതയാണുള്ളത്??? അതിനാലാണ് ഞാൻ  "" നിരീശ്വര വാദികൾ"" എന്ന വിഭാഗത്തെ അംഗീകരിക്കാൻ തയ്യാറാകാത്തത്.... എന്റെ കാഴ്ചപ്പാടിൽ അവർ ""സത്യത്തെ അംഗീകരിക്കാത്തവർ "" ആണ്...!!??  ഒരു ഉദാഹരണത്തിന്റെ സഹായത്താൽ ഈശ്വരനെ പ്രകടമാക്കാൻ ശ്രമിച്ചപ്പോൾ ഇവിടെ "ഏറ്റവും ഒരു ചെറിയ സമയത്തേക്കെങ്കിലും നിശ്ചലാവസ്ഥയിൽ എത്താതെ എതിർ ദിശയിലേക്ക് സഞ്ചരിക്കാൻ 'കഴിയാതെ' വന്നതിലെ 'അസാധ്യത' എന്ന സത്യമായിരുന്നു ഈശ്വരൻ എങ്കിൽ മറ്റു പല ഉദാഹരണങ്ങളിലെയും അചഞ്ചലമായ "സാധ്യമാക്കൽ" ആണ് ഈശ്വരൻ....  അത് യുക്തിയെ ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ മുൻപിൽ കാണുന്ന പല വിഷയങ്ങളിലേയും 'സാധ്യമാകുന്ന സത്യത്തെയും' 'സാധ്യമാകാതിരിക്കുന്ന സത്യത്തെയും' വേർതിരിച്ച് ഉൾക്കൊള്ളുന്നതാണ് ഉചിതം...

   ഞാൻ ഇവിടെ ഉദാഹരണ സഹിതം വിവരിച്ച "ഈശ്വരൻ" സത്യമാണ്... സത്യത്തെ അംഗീകരിക്കുന്ന യുക്തി അംഗീകരിക്കപ്പെട്ടാൽ 'നിരീശ്വര വാദം' യുക്തി വാദത്തിന് എതിരാകും.... അവിടെ "നിരീശ്വര വാദം" തന്നെ അടിസ്ഥാന രഹിതവും അപ്രത്യക്ഷവുമാകും...  ഈശ്വര ചിന്തക്ക് ക്ഷേത്രങ്ങളുടെയോ, പള്ളിയുടെയോ ആരാധനയുടെയോ, ആവശ്യമില്ല... ആരാധിച്ചതുകൊണ്ട് ഗുണമോ, ദോഷമോ ഇല്ല... എന്തിന് ഈശ്വരനെ അംഗീകരിച്ചത് കൊണ്ടോ അംഗീകരിക്കാതിരുന്നതു കൊണ്ടോ ഗുണമോ, ദോഷമോ ഇല്ല... സത്യത്തിന് നിർ- ഗുണാവസ്ഥയായാണുള്ളത്...  ഇവിടം പ്രളയം വന്നില്ലാതായാലും സത്യം നിലനിൽക്കും.. "ഈശ്വരൻ" നിലനിൽക്കും.... എല്ലാവർക്കും തുല്യ അനുഭവമായ  "ഈശ്വരൻ" ഇതാണ്... സത്യത്തിനു വിധേയമായി മാത്രമേ എല്ലാ ചരാചരങ്ങൽക്കും പ്രവർത്തിക്കാൻ സാധിക്കൂ... സത്യമാണ് "ഈശ്വരൻ"..  പരമ സത്യത്തെ വേണമെങ്കിൽ ബഹുമാനിക്കാം...അമൂർത്തമായ സത്യത്തെ അംഗീകരിക്കാം,, അതും പരിപൂർണ്ണമായും നമ്മുടെ സ്വാതന്ത്ര്യ മാണ്.... നാം അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം അതായത് ഈശ്വരൻ നിലനിൽക്കും...

   നാം ശക്തി സ്വരൂപങ്ങളായി കാണുന്ന ദൈവങ്ങൾ പോലും "ഈശ്വരന്" വിധേയമായാണ് പ്രവർത്തിക്കുന്നത്...!!??


   നിങ്ങളിൽ പലർക്കും ഇപ്പോൾ ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ടായി അല്ലേ?? സ്വാമി എന്താ ഇങ്ങനൊക്കെ പറയുന്നത്?? ഈശ്വരന് അനുസൃതമായാണ് ദൈവങ്ങൾ പ്രവർത്തിക്കുന്നതെന്നോ?? അപ്പോൾ ഈശ്വരനും ദൈവവും ഒന്നല്ലേ?? നിങ്ങളിൽ പലരിലും സംശയം ഉണ്ടായിട്ടുണ്ട്, എനിക്കറിയാം.. ഞാൻ ഇതുവരെ പറഞ്ഞതിന്റെ സാരാംശം ഉൾക്കൊണ്ടവർക്ക് അത്ര കൺഫ്യൂഷൻ ഉണ്ടായിരിക്കാനും വഴിയില്ല... ശരിയല്ലേ?? എന്തുമാകട്ടെ,, ആരാണ് ദൈവം?? ഒന്നുമാത്രം നിങ്ങളുടെ ചിന്തയിൽ നിലനിർത്താനും,, പ്രഭാഷണം തുടർന്നും കേൾക്കുന്നതിനുമായി ഞാൻ പറയാം.....

   ""ഈശ്വരനും, ദൈവവും രണ്ടും രണ്ടാണ്""....!!??

   ശാസ്ത്രത്തിന്റെ ചില കണ്ടെത്തലുകളെ കടമെടുത്തുകൊണ്ടു ചില നിർവചനങ്ങൾക്കു ശ്രമിക്കാം... നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഒരു ചോദ്യം ഉയരുന്നുണ്ട് എന്ന് എനിക്കറിയാം... സ്വാമി ഇവിടെ ദൈവ കാര്യങ്ങളും,, ഈശ്വര കാര്യങ്ങളും ഒക്കെ പറയാൻ വന്നിട്ട് ഇതെന്തിനാ ശാസ്ത്രത്തെകുറിച്ചൊക്കെ പറയാൻ നടക്കുന്നത് എന്ന്?? ശരിയല്ലേ?? അതെന്തായാലും നമുക്ക് ശാസ്ത്രത്തെ ആശ്രയിച്ചേ മതിയാകൂ... പലരുടെയും ധാരണയിൽ ശാസ്ത്രമെന്നാൽ കോട്ടിട്ട കുറേ ആൾക്കാർ വലിയ സൗകര്യങ്ങളുള്ള പരീക്ഷണശാലകളിയിൽ നടത്തുന്ന പരീക്ഷണങ്ങളും അതിന്റെ അനുബന്ധ കാര്യങ്ങളുമാണെന്നാണ്... അതുമാത്രമല്ല,, ശാസ്ത്രം എന്നാൽ ഇലക്ട്രോണിക്സും,, വൈദ്യവും,, ബഹിരാകാശവും ഒക്കെയായി ചിലർ പരിമിതപ്പെടുത്തി ചിന്തിക്കുന്നു.. എന്ന് കരുതി എല്ലാവരുടെയും ധാരണ അങ്ങനെ ആണെന്നും ഞാൻ പറയുന്നില്ല കേട്ടോ.... പക്ഷെ എന്റെ കാഴ്ചപ്പാടിൽ  "ഒരു വിഷയത്തെ അല്ലെങ്കിൽ സമസ്യയെ ഏറ്റവും അധികം യുക്തിക്കു നിരക്കുന്ന വിധത്തിൽ അപഗ്രഥിക്കുന്നതിന് അല്ലെങ്കിൽ വിശകലനം ചെയ്യുന്നതിന് നടത്തുന്ന ശ്രമമാണ് ശാസ്ത്രം,, ക്രമമായ ചിന്തയിൽക്കൂടി യുക്തി അനുവദിക്കുന്ന രീതിയിൽ ഒരു വിഷയത്തെ വിശദീകരിക്കാൻ കഴിയുന്നതും ശാസ്ത്രമാണ്.. അവിടെ ശാസ്ത്രത്തിന്റെ പരീക്ഷണശാല എന്നത് നമ്മുടെ ബോധവും, ചിന്തയും മാത്രമാണ്".. എന്തിന് ശാസ്ത്രം പരീക്ഷണ ശാലയിൽ തെളിയിക്കുന്നത് പോലും ശാസ്ത്രം പ്രസ്ഥുത വിഷയത്തെക്കുറിച്ചു നൽകുന്ന വിശദീകരണത്തിന്റെ കേവലം ഒരു ഭാഗം മാത്രമാണ്... ഏറിയ ഭാഗം പൂർത്തീകരിക്കുന്നത് ചിന്തകൊണ്ടാണ്... പഠന വിഷയത്തിന്റെ കാമ്പിനെ മനസ്സിലാക്കുന്നതിനും, വിശദീകരിക്കുന്നതിനും മനുഷ്യന്റെ യുക്തി അനുവദിച്ചു നൽകണമെന്ന ശാഠ്യം ശാസ്ത്രം കാണിക്കുന്നു... എന്നു കരുതി ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ പരമാർഥങ്ങളാണെന്ന് അർഥമില്ല...! ഒരിക്കൽ ശാസ്ത്രം നൽകിയ വിശദീകരണങ്ങളിൽ നിന്നും പരിണാമമോ,, പരിവർത്തനമോ,, എന്തിന് പൊളിച്ചെഴുത്തോ വരേയോ പിന്നീട് അതേ ശാസ്ത്രം തന്നെ വരുത്തിയിട്ടുണ്ട്.... മാറിവരുന്ന ചിന്തകൾ,, അനുബന്ധമായ ഏതെങ്കിലും കണ്ടെത്തലുകൾ ശാസ്ത്രത്തിന്റെ പ്രസ്തുത വിഷയവുമായി ചേർത്തു വായിക്കുമ്പോളുള്ള പൊരുത്തക്കേട്,, പുതിയ യന്ത്ര സൗകര്യങ്ങളുടെ കണ്ടു പിടുത്തം ഇവയൊക്കെ ശാസ്ത്രം ഒരു വിഷയത്തിൽ ഒരിക്കൽ നൽകിയ വിശദീകരണത്തെ മാറ്റി വിശദീകരിക്കാൻ കാരണമാകും.. ഒരിക്കൽ ശാസ്ത്രം നല്ലതെന്നു പറഞ്ഞതിനെ പിന്നീട് മോശമെന്ന് ശാസ്ത്രത്തിനു തന്നെ ചിലപ്പോൾ പറയേണ്ടി വരും.. അത്തരം അനുഭവങ്ങൾ പോയകാലങ്ങളിൽ നമ്മൾ കണ്ടിട്ടുമുണ്ട്....

   നമ്മുടെ ചർച്ച എന്തായാലും ശാസ്ത്രത്തെ മോശമാക്കി ചിത്രീകരിക്കാനല്ല... മറിച്ച് ശാസ്ത്രം എത്തിനിൽക്കുന്ന ചില നിഗമനങ്ങളെ അംഗീകരിച്ചു കൊണ്ട് നമ്മുടെ സമസ്യക്ക് ചില വ്യക്തതയും, വിശദീകരണവും തേടുകയാണ് ചെയ്യുന്നത്....

നാം ഇന്ന് കാണുന്ന പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചു് "ഇതാണ് ശരിയായത്" എന്ന് അടിവരയിട്ടു പറയാൻ ആർക്കും സാധിച്ചിട്ടില്ല...! അഥവാ അങ്ങനെ ഒരു വിശദീകരണവുമായി ആരെങ്കിലും എത്തിയായാലും അതിനെതിരെ മറ്റു നൂറു വാദഗതികൾ ഉയരും.... കാരണം പല സഹസ്ര കോടി വർഷങ്ങൾക്കു മുൻപാണ് പ്രതിഭാസങ്ങൾ നടന്നിരിക്കുന്നത്... ഇന്ന് വിഷയങ്ങളിൽ നടക്കുന്നത് കുറച്ചു പഠനങ്ങളും,, അതിലേറെ പഠനങ്ങളെ മുൻനിർത്തിയുള്ള ചിന്തയുമാണ്.... അതിൽ ശാസ്ത്രം എത്തി നിൽക്കുന്ന ഒരു നിഗമനമുണ്ട്.... "" പ്രപഞ്ചത്തിൽ ഉണ്ടായ ഒരു മഹാ വിസ്ഫോടനത്തിന്റെ പരിണിത ഫലമാണ് ഭൂമി ഉൾപ്പെടുന്ന സൗരയൂഥവും,, മറ്റനേകം സൗരയൂഥങ്ങളും രൂപം കൊള്ളാൻ കാരണമായത്" എന്ന്..!! നമ്മുടെ വിഷയത്തിന്റെ സാധൂകരണത്തിന് ഏറ്റവും അനുയോജ്യമായും, സ്വീകാര്യമായും തോന്നിയത് ഇതേ വിസ്ഫോടന തത്വമാണ്... അവിടെ ശാസ്ത്രത്തിന്റെ നിഗമനവും നമ്മുടെ വിശദീകരണങ്ങളും താതാത്മ്മ്യം പ്രാപിക്കുന്നു എന്ന് ഞാൻ വിശ്വസ്സിക്കുന്നു....

   എന്റെ വിശദീകരണങ്ങളിൽ "" സൃഷ്ടി"" എന്നതിനെ ഞാൻ പരിപൂർണ്ണമായും തള്ളിക്കളയുന്നു... പകരം "രൂപം കൊള്ളൽ"" പകരമായി ഉപയോഗിക്കുന്നു... ആരും പ്രപഞ്ചത്തെ സൃഷ്ടിച്ചതായി കരുതുകയേ വയ്യ... കാരണം പ്രപഞ്ചത്തിന്റെ സൃഷ്ടിക്കു മുൻപത്തെ അവസ്ഥ ശൂന്യതയാണ്... പ്രപഞ്ചം എന്ന  ഒരു വാക്ക് ഞാൻ പ്രയോഗിച്ചുവെന്നേ ഉള്ളൂ.. ഇവിടെ സൂര്യനും,, ഗ്രഹങ്ങളും,, നക്ഷത്രങ്ങളും,, ,മറ്റനേകം സൂര്യന്മാരും, മറ്റനേകം ചന്ദ്രന്മാരും എല്ലാം ചേരുന്ന നമ്മുടെ സങ്കൽപ്പത്തിലെ പ്രപഞ്ചത്തെ ഉദ്ദേശിച്ചു പറഞ്ഞതാണ്... യാഥാർത്ഥത്തിൽ ഇതൊന്നും ഇല്ലാത്ത അവസ്ഥ ശൂന്യതയാണ്.. ശൂന്യതയിലും പ്രപഞ്ചമുണ്ട്.... ശൂന്യതയും പ്രപഞ്ചമാണ്... ശൂന്യതയെ ആരെങ്കിലും സൃഷ്ടിക്കേണ്ട ആവശ്യമുണ്ടെന്നു കരുതുകവയ്യ....

   "സൃഷ്ടി" എന്ന സങ്കൽപ്പത്തെ മാറ്റി നിർത്തി "രൂപം കൊള്ളൽ" എന്ന സങ്കൽപ്പത്തിലേക്ക് എത്താനും കാരണങ്ങളുണ്ട്... സൃഷ്ടി എന്നതിൽ സമാനതകൾ ദൃശ്യമാകേണ്ടതുണ്ട്... പക്ഷെ പ്രപഞ്ചത്തിൽ ഒന്നുപോലെ മറ്റൊന്നുമില്ല എന്നതാണ് സത്യം... വ്യത്യസ്തത വിരൽ ചൂണ്ടുന്നത് ഒരു പൊട്ടിത്തെറിയുടെ ചിന്നിച്ചിതറലാണ്... പ്രപഞ്ചത്തിന്റെ ശൂന്യതയിൽ ഉറഞ്ഞു കൂടിയ അതിഭയങ്കരമായ ഊർജ്ജ രൂപത്തിന്റെ വിസ്ഫോടനവും വിസ്ഫോടനത്തിൽ വേർപെട്ട ഊർജ്ജ രൂപങ്ങളുടെ പരിവർത്തനവും,, പരിണാമവുമാണ് ഇന്ന് പ്രപഞ്ചത്തിൽ കാണുന്ന സർവ്വതും എന്ന് പറയേണ്ടി വരും...

   ഇനി ഞാൻ പറയാൻ ഉദ്ദേശിക്കുന്നതെന്തെന്നു പറഞ്ഞതിനു ശേഷം അതിന്റെ വിശദീകരണങ്ങളിലേക്ക് പോകാം.... ഞാൻ മുൻപ് പറഞ്ഞ പൊട്ടിത്തെറിയിൽ നിന്നും ഛിന്നഭിന്നമായ ഉർജ്ജരൂപങ്ങളാണ് ദൈവങ്ങളുടെയും ഉല്പത്തിക്ക് അടിസ്ഥാനം എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്... ദൈവം എന്നത് ഒറ്റ ഒരു ശക്തി മാത്രം എന്ന് കരുതാനും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല.... കാരണം ഒരു പൊട്ടിത്തെറിയുടെ അനന്തരഫലം ചിന്നിച്ചിതറലാണ്.. ചിന്നിച്ചിതറൽ കാരണമാകുന്നത് അനേകം കണങ്ങളുടെ രൂപീകരണമാണ്.... അനേകം കണങ്ങളിൽ ഒന്നിന് ഒന്നൊട് വ്യത്യസ്തതയും, ശക്തിയിലും, ദൃഢതയിലും, വ്യത്യാസവും സംഭവിച്ചിരിക്കും... അപ്രകാരം ചിന്നിചിതറലിന്റെ ഫലമായി രൂപംകൊണ്ട ഉയർന്ന ശക്തി ചൈതന്യങ്ങളെയാണ് നമ്മൾ "ദൈവം" എന്ന് വിളിക്കുന്നത്... അതേ ദൈവങ്ങൾ രൂപം കൊള്ളാൻ കാരണമായ വിസ്ഫോടനത്തിന്റെ മൂല ഊർജ്ജ സ്വരൂപങ്ങളുടെ തന്നെ ഭാഗമാണ് പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവജാലങ്ങൾ ഉൾപ്പടെയുള്ള ശക്തി സ്വരൂപങ്ങൾ എന്ന് മനസ്സിലാക്കണം... അതിൽപ്പെടുന്നവരാണ് ഞാനും എന്നെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോരോരുത്തരും, എന്നെ കേൾക്കാതെ ഇരിക്കുന്ന അനേകകോടി ജനങ്ങളും,, ജീവിച്ചിരിക്കുന്നതും, മരിച്ചു പോയതുമായ എല്ലാ ജീവജാലങ്ങളും,, നാം ദൈവീക ശക്തി സ്വരൂപങ്ങളായി വിശ്വസ്സിക്കുന്ന ശിവനും,, കാളിയും,, കൃഷ്ണനും,, ക്രിസ്തുവും,, മാടനും,, മറുതയും എന്നു വേണ്ടാ നമ്മൾ പേരിട്ടു വിളിക്കുന്നതും അതിനു കഴിയാത്തതുമായ മറ്റ നേകകോടി ശക്തി ചൈതന്യങ്ങളും....!!! ഇതെല്ലാം ഒരു ഊർജ്ജ വിസ്ഫോടനത്തിന്റെ അനന്തരഫലമായി രൂപം കൊണ്ടതാണെന്ന് പറയാം... തത്വത്തിന്റെ അടിസ്ഥാനത്തിലാണ് 'നാമെല്ലാം ഒരേ ബ്രഹ്മത്തിന്റെ ഭാഗമാണെന്ന്' നമ്മുടെ ഋഷീശ്വരന്മാർ പറഞ്ഞു വെയ്ക്കാൻ കാരണം... ഇപ്പോൾ നിങ്ങൾക്ക് ഞാൻ ഉദ്ദേശിച്ച 'ഈശ്വരനും',, ദൈവവും തമ്മിലുള്ള വ്യത്യാസ്സം മനസ്സിലായിക്കാണും എന്ന് ഞാൻ കരുതുന്നു... ഞാൻ മുൻപ് നേർരേഖയിൽ ചലിക്കുന്ന ഒരു വസ്തുവിന്റെ ഉദാഹരണത്തോടെ ദൈവത്തെ വിശദീകരിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ?? ഊർജ്ജവിസ്ഫോടനത്തിനു മുൻപും നേർരേഖയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ഭൗതീക ഘടനയിലോ, സാഹചര്യത്തിലോ മാറ്റം വരുത്താതെ ,, ഒരു നിമിഷത്തിന്റെ നൂറിലൊരംശമോ,, എന്തിന് ഒരു നിമിഷത്തിന്റെ കോടാനുകോടി അംശത്തിൽ ഒരു സമയത്തേക്കോ നിശ്ചലാവസ്ഥയിൽ എത്താതെ  വസ്തുവിന് അതിന്റെ നേർ വിപരീത ദിശയിലേക്ക് സഞ്ചരിക്കാൻ കഴിയില്ല"... സത്യം അല്ലെങ്കിൽ ഈശ്വരൻ എന്ന തത്വം അപ്പോഴുമുണ്ട്....
ഞാൻ മുൻപ് പറഞ്ഞ ശക്തി ചൈതന്യത്തെയാണ് ചിലർ "ആത്മാവ്" എന്ന പേരിട്ടു വിളിച്ചത്....

   "സൃഷ്ടി" എന്ന സങ്കൽപ്പത്തെ തള്ളിക്കളഞ്ഞു കൊണ്ട് "രൂപം കൊള്ളൽ" എന്ന സങ്കൽപ്പത്തെ സ്വീകരിക്കണം എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു... അങ്ങനെ ഞാൻ പറയാനുള്ളതിനു കാരണം "സൃഷ്ടി" എന്ന സങ്കൽപ്പത്തിന് തന്നെ ഒരു നൈതികമായ കുറവുണ്ട്.... അതിൽ പരമപ്രധാനമായത് സൃഷ്ടിയിലെ വൈരുധ്യങ്ങളാണ്... നമ്മുടെ സങ്കൽപ്പത്തിലെ നീതിമാനായ ദൈവം 'സൃഷ്ടിനടത്തിയിരുന്നെങ്കിൽ വൈരുദ്ധ്യങ്ങൾ സാദ്ധ്യമായിരുന്നില്ല എന്നാണ് എന്റെ പക്ഷം.... കാരണം വൈരുദ്ധ്യങ്ങൾ നിറഞ്ഞ സൃഷ്ടി തന്നെ അനീതിയാണ്... സൃഷ്ടിയിൽ പ്രകടമാകേണ്ടത് സമാനതയാണ്... പ്രപഞ്ചത്തിൽ കാണാൻ കഴിയാത്തതും സമാനതയാണ്... ഒരേ ഗർഭപാത്രത്തിൽ ഒന്നിച്ചുകിടന്നു വളർന്നു ജനിക്കുന്ന കുട്ടികളിൽ പോലും കാണുന്നത് വൈരുദ്ധ്യമാണ്... കേവലം കാഴ്ചയിൽ അവർക്കുണ്ടാകുന്ന സമാനതകൾ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാം സമാനതകൾ പുലർത്താത്തവയായിരിക്കും... കാഴ്ചപ്പാടുകൾ,, ചിന്തകൾ,, താൽപ്പര്യങ്ങൾ,, നിലപാടുകൾ,, അനുഭവങ്ങൾ അങ്ങനെ എല്ലാം.... സൂഷ്മമായി പരിശോധിച്ചാൽ സമാനമെന്ന് നമ്മൾ കരുതിയ രൂപ ത്തിൽപ്പോലും വ്യത്യസ്തതകൾ അനേകമായിരിക്കും.... അവിടെയെല്ലാം ഒരു പൊട്ടിത്തെറിയിൽ നിന്നും രൂപം കൊണ്ട വ്യത്യസ്തകകൾ ആണ് നമുക്ക് ദൃശ്യമാകുന്നത്....

   സൃഷ്ടിയിലെ അനീതി ഒന്നിനു മറ്റൊന്നിനോടുള്ള വ്യത്യസ്തതയാണെന്നു പറഞ്ഞു... വ്യത്യസ്തതയോടൊപ്പം അനുഭവവും ജീവജാലങ്ങളിൽ വ്യത്യസ്തമായതാണ് സൃഷ്ടിയെ കൂടുതൽ അനീതികരമാക്കുന്നത് എന്നാണ് എന്റെ പക്ഷം... ദൈവത്തിന്റെ രണ്ടു സൃഷ്ട്ടികളാണ് കുതിരയും മനുഷ്യനും.... മനുഷ്യനെ ചുമന്നുകൊണ്ട് ഓടാനുള്ള വിധി കുതിരക്കും,, അതിന്റെ പുറത്തു സവാരി ചെയ്യാനുള്ള വിധി മനുഷ്യനും നൽകിയതിലൂടെ നീതി പങ്കുവെച്ച ദൈവം പക്ഷഭേദം കാട്ടി എന്നല്ലേ മനസ്സിലാക്കേണ്ടത്?? പക്ഷെ നമ്മൾ മനസ്സിൽ കാണുന്ന നീതിമാനായ ദൈവത്തിന് അനീതി കാട്ടാൻ കഴിയുമോ?? ഒരിക്കലുമില്ല.... അപ്പോൾ എന്തുകൊണ്ട് ഇപ്രകാരം സംഭവിച്ചു?? സംശയത്തിന് ഒരിക്കൽ ഒരാൾ എന്നോട് ഒരു മറുപടി പറഞ്ഞു..... "" ഓരോ വ്യത്യസ്ഥ അനുഭവങ്ങൾ സമ്മാനിക്കുന്നത് അവന്റെ കർമ്മഫലങ്ങളാണത്രെ!!??" ശരി,, വാദഗതിയെയും നമുക്ക് മാനിക്കാം.... പക്ഷെ അവിടെ ചില ചോദ്യങ്ങൾ ഉയർത്താതെ നിവർത്തിയില്ല.... ഒരുവൻ കർമ്മങ്ങൾ ചെയ്യുന്നത് എന്തിന്റെ പ്രേരണയിലാണ്?? അതിനു കിട്ടിയ ഉത്തരം "അവന്റെ ആത്മാവിൻന്റെ മഹത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവൻ കർമ്മങ്ങൾ ചെയുന്നത്.." അതായത് ആതാമാവിന്റെനിയന്ത്രണത്തിൽ ആണ് കർമ്മങ്ങൾ ചെയ്യുന്നു, അതായത് ആത്മാവിന്റെ മഹത്വമാണത്രെ ചിന്തയെയും, പ്രവര്ത്തിയേയും സ്വാധീനിക്കുന്നത്... കർമ്മങ്ങളുടെ മേന്മയും, ച്യുതിയും കർമ്മഫലങ്ങളെ നിശ്ചയിക്കുന്നു... കർമ്മ ഫലങ്ങൾ അനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു.... അങ്ങനെയെങ്കിൽ ദൈവം ആദ്യമായി സൃഷ്ടി നടത്തിയ അവസ്സരത്തിൽ,, അതായത് ഒരു സൃഷ്ടിക്ക് കർമ്മം ചെയ്യാൻ അവസ്സരം ലഭിക്കുന്നതിനും മുൻപ് തന്റെ കർമ്മ ഫലത്തിന് ദോഷം ഉണ്ടാകുന്ന ഒരു കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലെ ഒരു സൃഷ്ടി എന്തിന് ദൈവം നടത്തി?? വിവിധങ്ങളായ ആത്മ ചൈതന്യങ്ങളെ സൃഷ്ടിച്ചു വിരുദ്ധങ്ങളായ കർമ്മങ്ങളും,, കർമ്മഫലങ്ങളും എന്തിനു വിധിച്ചു?? അങ്ങനെ വരുമ്പോൾ "സൃഷ്ടി" എന്ന സങ്കല്പം തന്നെ ദൈവത്തെ മോശക്കാരനായി ചിത്രീകരിക്കാനുള്ളതാണെന്ന് തോന്നിപ്പോകും.... അവിടെ ഒരു വിസ്ഫോടനത്തിൻറെ ചിന്നി ചിതറലായി രൂപം കൊണ്ടതെന്ന് ഇന്നത്തെ പ്രപഞ്ച  പ്രതിഭാസ്സങ്ങളെ ഒന്ന് ആലോചിച്ചു നോക്കൂ... അതിൽ പ്രപഞ്ചത്തിലെ ഒന്നിനൊന്നോടുള്ള വ്യത്യസ്ഥതയുടെ എല്ലാ ന്യായീകരണങ്ങളും അടങ്ങിയിരിക്കുന്നു... സൃഷ്ടിയേക്കാൾ യുക്തിഭദ്രമായതും വിസ്ഫോടനത്തിന്റെ ഫലമായി സംഭവിച്ച രൂപംകൊള്ളലിനാണെന്നതാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്....

   പൊട്ടിത്തെറിയുടെ പരണിതഫലമായ ചിന്നിച്ചിതറലുകളാണ് എല്ലാ ശക്തി ചൈതന്യങ്ങളുടെയും ഉത്ഭവത്തിനുകാരണം എന്നിരിക്കെ അതിലെ സ്വോഭാവികത മാത്രമാണ് "വ്യത്യസ്സ്തത"... ശരിയല്ലേ?? ഞാൻ പറയുന്നത് നിങ്ങള്ക്ക് മനസ്സിലാകുന്നുണ്ടല്ലോ, അല്ലെ?? ആരും ഒരു ചോദ്യവും ഉന്നയിക്കുന്നില്ല... അതാണ് ഞാൻ ഇങ്ങനെ നിങ്ങളോടായി ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത്.. ശരി,, വ്യത്യസ്തത സംഭവിക്കുന്നത് ഒരു നിസ്സാര ഉദാഹരണം കൊണ്ട് പറയാം.... ഒരു ഇഷ്ടിക,, ചിലയിടങ്ങളിൽ ചുടു കട്ട എന്ന് പറയുന്ന സാധനം.... നിങ്ങൾ അതിൽ ഒരെണ്ണമെടുത്ത് കൃത്യമായ അളവുകളിൽ മുറിച്ചു വെയ്ക്കുക.. അളവുകൾക്ക് ഏതെങ്കിലും ഒക്കെ കാര്യത്തിൽ സമാനതകൾ ഉണ്ടാകും..... എന്നാൽ ചുടുകട്ടക്ക് ഉള്ളിൽ നിന്നും രൂപം കൊള്ളുന്ന ഒരു അതി സമ്മർദ്ദത്തിൽ ഇഷ്ടിക പൊട്ടിത്തെറിക്കുന്നു എന്ന് ചിന്തിക്കുക... വെറുതേ ഒന്ന് ചിന്തിക്കുക... പൊട്ടിത്തെറിയിൽ രൂപം കൊള്ളുന്നതെന്തും ഒന്നിനൊന്നോട് സാമ്യം ഇല്ലാത്തവ ആയിരിക്കും.... അവിടെ ചുടുകട്ട മുറിച്ചു വെച്ച കർമ്മത്തിൽ സൃഷ്ടി ഉണ്ട്... രണ്ടാമത്തേതിൽ ഇല്ല... ഏതാ രണ്ടാമത്തെ കർമ്മം...ക്‍.. അതേ... വിസ്ഫോടനം.... ഒന്നാമത്തേതിൽ സൃഷ്ടി ഉള്ളതിനാൽ സൃഷ്ട്ടാവ് ആവശ്യമാണ്.... രണ്ടാമത്തേതിൽ സൃഷ്ടിയല്ല...
വിസ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ രൂപം കൊള്ളലാണ്.... രൂപം കൊള്ളലിലാണ് വ്യത്യസ്തത ഉണ്ടായത്.... പ്രപഞ്ചത്തിലെ യാഥാർഥ്യം വ്യത്യസ്തതയാണ്... അപ്പോൾ നമുക്ക് രണ്ടാമത്തെ ചിന്തയെ അല്ലേ അംഗീകരിക്കാൻ കഴിയൂ...!!?? അതല്ലേ യുക്തി ഭദ്രത നൽകുന്നത്??  നിങ്ങൾക്ക് വേഗത്തിൽ ഉൾക്കൊള്ളുന്നതിനാണ് ഞാൻ ഒരു ഉദാഹരണം പറഞ്ഞത്.... ഞാൻ പറഞ്ഞ അടിസ്ഥാന വിഷയത്തെ ഒരു ഇഷ്ടിക പൊട്ടിത്തെറിക്കുന്ന കഥയുടെ ലാഘവത്തിൽ നിങ്ങൾ എടുക്കുകയും ചെയ്യരുത്... മനസ്സിലായില്ലേ??? നിങ്ങളുടെ ചിന്തയുടെ ഒരു ചാല് എന്റെ വഴിയിലേക്ക് വെട്ടി വെയ്ക്കാൻ വേണ്ടി മാത്രം പറഞ്ഞ ഒരു ഉദാഹരണം എന്ന് കണ്ടാൽ മതി.....

   എന്റെ ഉദാഹരണത്തിൽ വിസ്ഫോടനത്തിനു വിധേയമായത് ചുടുകട്ട ആണെങ്കിൽ പ്രപഞ്ചത്തിൽ അത് സംഭവിച്ചത് ഊർജ്ജജ്ജത്തിലാണ്.... അതിനാൽത്തന്നെ ഊർജ്ജത്തിന്റെ വിവിധ അവസ്ഥകളും,, രൂപങ്ങളുമായി 'ഉൽപ്പന്നങ്ങൾ'...!! അതിൽ വിസ്ഫോടനത്തിന്റെ സ്വോഭാവികതയായ "വ്യത്യാസങ്ങൾ" രൂപം കൊണ്ട ശക്തി ചൈതന്യങ്ങളിൽ  ഉണ്ടായപ്പോൾ വ്യത്യസ്തങ്ങളായ ശക്തി ചൈതന്യങ്ങളും അവയുടെ വ്യത്യസ്തങ്ങളായ പ്രകൃതങ്ങളും പ്രപഞ്ചത്തിന്റെ സ്വൊഭാവമായി... നിങ്ങൾക്ക് ഞാൻ പറയുന്നത് ഉൾക്കൊള്ളാൻ കഴിയുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്... എൻ്റെ ധാരണകളെ തിരുത്താൻ കഴിയുന്ന ഒന്ന് സദസ്സിൽ നിന്നും ഉണ്ടായാൽ ഞാൻ സ്വാഗതം ചെയ്യുന്നു... ധാരണകളുമായിത്തന്നെ ജീവിച്ചു മരിക്കണമെന്നൊന്നും എനിക്കില്ല... പകരം എന്റെ ചിന്തയെ കൺവിൻസ് ചെയ്യാൻ കഴിയുന്ന ഒന്ന് നിങ്ങൾ അവതരിപ്പിച്ചാൽ അത് പിന്തുടരാനും പ്രചരിപ്പിക്കാനും ഞാൻ റെഡി.... സ്വാമി സദസ്സിനെ ഉണർത്തി നിർത്താനും തന്റെ സംസാരങ്ങൾക്കിടയിൽ ശ്രദ്ധ പുലർത്തുന്നുണ്ട്...

   വിസ്ഫോടന ഫലമായി ഉണ്ടാകുന്ന വ്യത്യസ്ത ശക്തി ചൈതന്യങ്ങൾ പ്രപഞ്ചത്തിൽ ശക്തി വ്യത്യാസങ്ങളെയും നിർണ്ണയിച്ചു... ചില ഉയർന്ന ശക്തി ചൈതന്യത്തിന്റെ രൂപം കൊള്ളൽ സാദ്ധ്യമായതുപോലെ ചെറിയശക്തി ചൈതന്യങ്ങളുടെ രൂപം കൊള്ളലും സാദ്ധ്യമായി... ഉയർന്ന ശക്തി ചൈതന്യങ്ങളുടെയും അവിടുന്നു താഴോട്ട് ശക്തി ചൈതന്യം വ്യത്യാസ്സപ്പെടുന്നതിനനുസ്സരിച്ചു ശക്തി ചൈതന്യങ്ങളുടെ പ്രഹര ശേഷിയും,, നിർമ്മാണ,, നശീകരണ,, ക്രമീകരണ-പുനഃ ക്രമീകരണ ശേഷികളും വ്യത്യാസ്സപ്പെടും... നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഞാൻ ഒന്നു വിശദീകരിക്കാം... ഞാൻ ഇപ്പോൾ നിൽക്കുന്നത് മഹാദേവ ക്ഷേത്രത്തിലായാണ്.... അതിനാൽ പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന ശക്തി ചൈതന്യമായി ഞാൻ മഹാദേവനെ നിങ്ങളുടെ മുൻപിൽ ഉദാഹരിക്കുന്നു... അതിനും മുകളിലുള്ള ശക്തി ചൈതന്യം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,, അത് നമ്മുടെ വിഷയത്തിൽ പ്രസക്തമല്ല... പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ശക്തി ചൈതന്യമായി ഒരു കൊതുകിനെ ഉദാഹരിക്കുന്നു.... കൊതുകിലും ചെറിയ ശക്തി ചൈതന്യം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ... അതും നമ്മുടെ വിഷയത്തിൽ പ്രസക്തമല്ല.... പക്ഷെ രണ്ടു ശക്തി ചൈതന്യങ്ങളും ഒരേ ക്രമത്തിലെ വിവിധ രൂപങ്ങളാണെന്നു കാണണം... രണ്ടു ശക്തി ചൈതന്യങ്ങളും അതിനിടയിൽ വരുന്ന എല്ലാ ശക്തി ചൈതന്യങ്ങളും,, സർവ്വ ചരാചരങ്ങളും ഒരേ ഊർജ്ജത്തിന്റെ വിവിധ ഭാവങ്ങളായി രൂപം കൊണ്ടാതാണെന്നു മനസ്സിലാക്കണം... ഇതേ മഹാദേവന്റെയും,, കൊതുകിന്റെയും ഇടയിലെ അന്തരം ശക്തി വ്യത്യാസമാണ്... മറിച്ചു് സൃഷ്ടിയും സൃഷ്ട്ടാവും തമ്മിലെ അന്തരമല്ല... സർവ്വതിനേയും ഒരു വിസ്ഫോടനത്തിന്റെ തന്നെ വിവിധ ഉല്പന്നങ്ങളായികാണുവാനുള്ള യുക്തി ചിന്തയും കൂടിയാണ് ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്....

   ശക്തി ചൈതന്യം പ്രപഞ്ചത്തിലെ സകലതിലും നിലനിൽക്കുന്നു... ഞാൻ മുൻപ് ഉദാഹരണത്തിൽ പറഞ്ഞ ചുടു കട്ടയിലും വരെ അതുണ്ട് എന്ന് പറയേണ്ടി വരും... അത് പോട്ടെ.... നമുക്ക് കൂടുതൽ 'ഉന്നതി' കൈവരിക്കാൻ നാം എന്തു ചെയ്യണം എന്നാണ് നിങ്ങൾക്ക് എന്റെ പ്രഭാഷണം ഇത്രയും കേട്ടതിൽ നിന്നും മനസ്സിലായത്?? അങ്ങനെ ചോദിച്ചാൽ "ഉന്നതി" എന്ന വാക്കിനൊരു വ്യക്തത വരുത്തണം; അല്ലേ?? ശരി, അത് ഞാൻ നിങ്ങൾക്ക് വിട്ടു തരികയാണ്.... നിങ്ങൾ എന്താണ് 'ഉന്നതി' എന്ന് കരുതുന്നുവോ, അതാണ് 'ഉന്നതി'.... അപ്പോൾ പിന്നെ ഉന്നതിയുടെ വിശദീകരണം ആവശ്യ മാകുന്നില്ലല്ലോ? ചിലർ സാമ്പത്തികമായ ഉന്നതിയെ ഉന്നതിയായി കാണുന്നു... ചിലർ പഠിത്തം,, ചിലർ കുടുംബത്തിലെ മേന്മ,, ചിലർ ആഴത്തിൽ ചിന്തിക്കാനുള്ള കഴിവ്,, ചിലർ കലാ രംഗത്തെ ഉയർച്ച,, ചിലർക്ക് ആഹ്ളാദ- വിനോദങ്ങൾ അങ്ങനെപലതാണ്... ഭൗതീകമായ ഇത്തരം ഉന്നതികളെ ഒഴിച്ച് നിർത്തി ആത്മീയമായ ചിന്തകളിൽ മുഴുകി ജീവിക്കാൻ കഴിയുന്നതാണ്  'ഉന്നതി' എന്ന് കരുതുന്നവരും ഉണ്ട്... ഏതു മായിക്കോട്ടെ, നിങ്ങൾ 'ഉന്നതി' എന്ന് കരുതുന്നത് ലഭ്യമാകാൻ എന്ത് നേടണമെന്നാണ് നിങ്ങൾ കരുതുന്നത് എന്നാണ് എന്റെ ചോദ്യം?? നമ്മുടെ എല്ലാ വ്യത്യാസങ്ങളുടെയും അടിസ്ഥാനം ശക്തി ചൈതന്യത്തിലെ വ്യത്യാസ്സമാണെന്നിരിക്കെ,, കുതിരപ്പുറത്തു കയറാൻ മനുഷ്യനും,, മനുഷ്യനെ ചുമക്കാനുള്ള കർമ്മം കുതിരക്കും ലാഭച്ചതിനു പിന്നിലെ രഹസ്യം ശക്തി ചൈതന്യത്തിലെ വ്യത്യാസ്സമാണെന്നിരിക്കെ നമുക്ക് 'ഉന്നതി' ലഭിക്കാൻ നാം എന്ത് ചെയ്യണം...?? പറയൂ.... അതേ.. നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കണം... നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ കഴിയുന്തോറും നമ്മിലേക്ക്‌ 'ഉന്നതി' വന്നു ചേർന്നുകൊണ്ടിരിക്കും....

   ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നത് എങ്ങനെയാണ്?? അതിനെന്താണ് ചെയ്യേണ്ടത്?? നമ്മൾ പണ്ടു മുതലേ ഗുരുക്കന്മാരിൽ നിന്നും,, ആചാര്യൻ മാരിൽ നിന്നും ഒക്കെ കേൾക്കുന്ന ഒന്നുണ്ട്... പുണ്യ കർമ്മങ്ങൾ നമ്മിലെ ചൈതന്യത്തെ വർധിപ്പിക്കും എന്ന്.... സ്വോഭാവികമായ ഒരു ചോദ്യം അതിനുള്ളിൽത്തന്നെയുണ്ട്...  എന്താ അത്?? എന്താ പുണ്യ കർമ്മങ്ങൾ?? ശരിയല്ലേ?? പുണ്യ കർമ്മങ്ങൾക്ക് അങ്ങനെ എഴുതി തയ്യാറാക്കിയ നിയമാവലി ഒന്നും ഇല്ല....ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ കഴിയുന്ന ഏതൊന്നിനേയുമാണ് പുണ്യ കർമ്മങ്ങൾ,, സദ് കർമ്മങ്ങൾ എന്നൊക്കെപറയുന്നത്.... ചില പ്രവർത്തികൾ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നതായും , അതുവഴി സ്വന്തമായി അനുഭവവേദ്യമായ ഉന്നതിയേയും തിരിച്ചറിഞ്ഞു അപ്രകാരം അനേക നാളിലെ തിരിച്ചറിവാണ് മാനവരാശി ചില കർമ്മങ്ങളെ പുണ്യകർമ്മങ്ങൾ എന്ന ശീർഷകത്തിൽ നിരത്തിയത്.... കർമ്മങ്ങൾ സദ് കർമ്മങ്ങൾ എന്ന ശീർഷകത്തിൻ കീഴിൽ വരാൻ കാരണം കർമ്മങ്ങൾ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ സഹായിച്ചതിനാലാണ് എന്നതാണ് ചുരുക്കം...

   ശക്തി ചൈതന്യത്തിന്റെ വർദ്ധനവിനായുള്ള പ്രവർത്തികളെ പ്രപഞ്ചത്തിലെ എല്ലാ ശക്തി ചൈതന്യങ്ങളും ഇഷ്ട്ടപ്പെടുന്നു എന്ന് കാണണം... അതിനായുള്ള വ്യായാമങ്ങൾ എത്രത്തോളം നിറവേറ്റപ്പെടുന്നു എന്നത് മറ്റൊരു ചോദ്യം... ശക്തി ചൈതന്യത്തെ സ്വന്തം കർമ്മം കൊണ്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ ഏതൊരുവനും ഏറ്റവും ഉന്നതമായ ശക്തിയോളം എത്താൻ കഴിയും എന്ന് നമ്മൾ അംഗീകരിക്കണം... ഞാൻ മുൻപ് പറഞ്ഞില്ലേ,, ഏറ്റവും വലിയ ശക്തി ചൈതന്യമായി മഹാദേവനെ കാണാമെന്ന്.... ഒരുവൻ തന്റെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിച്ചാൽ അവന് മഹാദേവനോളം ശക്തിമാനാകാൻ തടസ്സമൊന്നുമില്ലെന്ന് തത്വത്തിലെങ്കിലും അംഗീകരിക്കാൻ നാം തയ്യാറാകണം.... ഒരു ഉദാഹരണത്തിൽക്കൂടി വിശദീകരിച്ചാൽ;; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് എവറസ്റ്റ്.... അത് കീഴടക്കുക ദുഷ്ക്കരമെങ്കിലും അതിന്റെ നെറുകയിൽ എത്തിയ മനുഷ്യരുണ്ട്.... അതിന്റെ പത്തിരട്ടി ഉയരമുള്ള ഒരു പർവതത്തെ ഒന്ന് ആലോചിക്കൂ... ഒരു എവറസ്റ്റിനെ കീഴടക്കാൻ കഴിഞ്ഞവന്റെ പത്തിരട്ടി ക്ഷമത ഉള്ളവന് പത്തിരട്ടി വലുപ്പമുള്ള പർവ്വതം കീഴടക്കാൻ കഴിയുമെന്ന് നാം തത്വത്തിലെങ്കിലും അംഗീകരിക്കണം... അതിലെ പ്രായോഗീകതകൾ അംഗീകാരത്തിന് തടസ്സമല്ല എന്നും കാണണം.... അത് പോലെ തന്നെയാണ് ഒരുവൻ തന്റെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിച്ചാൽ അവന് മഹാദേവനോളം ശക്തിമാനാകാൻ തടസ്സമൊന്നുമില്ലെന്ന് തത്വത്തിലെങ്കിലും അംഗീകരിക്കാൻ നാം തയ്യാറാകണം എന്ന് പറഞ്ഞത്... അവിടേയും പ്രായോഗീകതയെക്കുറിച്ചുള്ള ചിന്ത വിധമായ അംഗീകാരത്തിന് തടസ്സമേ അല്ല... ഇവിടെ ഒരു ചെറിയ യുക്തിയുടെ വിഷയം പറയാം.... ഈശ്വരനെ എപ്രകാരം മനസ്സിലാക്കണം എന്ന് ഞാൻ പറഞ്ഞ ഉദാഹരണത്തിൽ  ""ഒരു വസ്തു ഒരു നേർ രേഖയിൽക്കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭൗതീക ഘടനയിലോ, സാഹചര്യത്തിലോ മാറ്റം വരുത്താതെ ,, ഒരു നിമിഷത്തിന്റെ നൂറിലൊരംശമോ,, എന്തിന് ഒരു നിമിഷത്തിന്റെ കോടാനുകോടി അംശത്തിൽ ഒരു സമയത്തേക്കോ നിശ്ചലാവസ്ഥയിൽ എത്താതെ  വസ്തുവിന് അതിന്റെ നേർ വിപരീത ദിശയിലേക്ക് സഞ്ചരിക്കാൻ കഴിയില്ല"...  എന്ന് പറഞ്ഞതിലെ അസംഭവ്യതയെയും,, ഒരു എവറസ്റ്റിന്റെ കീഴടക്കാൻ കഴിഞ്ഞവന്റെ പത്തിരട്ടി ക്ഷമത ഉള്ളവന് പത്തിരട്ടി വലുപ്പമുള്ള പർവ്വതം കീഴടക്കാൻ കഴിയുമെന്ന് പറഞ്ഞതിലെ സംഭവ്യത്തെയും അംഗീകരിക്കാനുള്ള യുക്തി നമുക്കുണ്ടാകണം...

   സ്വന്തം ശക്തി ചൈതന്യത്തെ ഉയർത്താൻ ഉതകുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ ചില വ്യായാമങ്ങളാണ് ആരാധനയും,, ഉപാസനയും,, പ്രാർഥനയും,, ധ്യാനവും,, ദാനവും,, തന്ത്ര- മന്ത്രാദികളും,, സദ്- കർമ്മ ആചരണവും എല്ലാം.... സ്വന്തം ശക്തി ചൈതന്യം വർദ്ധിപ്പിക്കാൻ ഉതകുന്ന വ്യായാമ ക്രമങ്ങൾക്ക് അംഗീകാരവും,, സാധാരണക്കാരിൽ പ്രചാരണവും ലഭിക്കുന്നതിനാണ് ഇവയെല്ലാം ചിട്ടപ്പെടുത്തുകയും,, അനുഷ്ഠിക്കപ്പെടേണ്ടവ എന്ന മേൽ ശബ്ദത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്... സ്വന്തം ശക്തി ചൈതന്യം വർദ്ധിപ്പിക്കാൻ ഉതകുന്ന പ്രവർത്തികൾ ക്രൊദ്ധീകരിച്ചു നിർദ്ദേശിച്ചവയിലെ സമാനതകൾ ഉള്ള കൂട്ടങ്ങൾ ഒത്തുചേർന്നാണ് 'മതങ്ങൾ' രൂപീകൃതമായതെന്ന് നമുക്ക് നിസ്സംശയം പറയാം....

   ഇനിയുമാണ് സമസ്യയിലെ പുരോഗമന ആശയങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതെന്ന ആക്ഷേപം വാങ്ങാൻ സാദ്ധ്യത ഉള്ള മേഘല... അതുകൊണ്ടു തന്നെ ഞാൻ പ്രഭാഷണത്തിനു തുടക്കത്തിൽ പറഞ്ഞ ഒരു കാര്യം ആവർത്തിക്കുന്നു... നിങ്ങൾ കേൾക്കുന്നതിനെ നിങ്ങൾ അംഗീകരിക്കുന്നത് യുക്തിക്ക് അനുസൃതം ആയിരിക്കണം... പക്ഷെ നിങ്ങളുടെ യുക്തിയെ ഭരിക്കുന്നതിന് ഒരിക്കലും നിങ്ങൾ മുൻകാലത്ത് മനസ്സിൽ ഉണ്ടാക്കി വെച്ച ധാരണകൾ ആകരുത്... നിങ്ങൾ സ്വതന്ത്ര മനസ്സോടെ വിഷയങ്ങളെ സമീപിക്കൂ... അതിനു ശേഷം മുൻകാല ധാരണകളോടും,, അറിവിനോടും ചേർത്തു വായിച്ചു നോക്കൂ... വീണ്ടും വീണ്ടും ആലോചിച്ചാലും യുക്തിയെ വെല്ലുവിളിക്കാത്ത ഒരു ചിന്ത നിങ്ങളിൽ രൂപം കൊള്ളും.....

   പിന്നെ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു സ്വഭാവചര്യ ചിലർക്കുണ്ട്....

   എന്താണത് എന്നല്ലേ??

   അവർ സ്വന്തം യുക്തിക്ക് അനുസൃതമായി ഒരു തത്വം രൂപീകരിക്കുന്നു... തത്വം എന്തുമായി ബന്ധപ്പെട്ടാണോ രൂപീകരിച്ചത് തത്വത്തിനനുസൃതമായി മാത്രമേ പ്രസ്ഥുത വിഷയം സംഭവിക്കൂ അല്ലെങ്കിൽ പ്രവർത്തിക്കൂ എന്ന് ഉറച്ചു വിശ്വസ്സിക്കുന്നു... അത് മാത്രമല്ല തത്വത്തിനനുസൃതമായി മാത്രമേ പ്രവർത്തിക്കാവൂ അല്ലെങ്കിൽ സംഭവിക്കാവൂ എന്ന് വാശി പിടിക്കുകയും ചെയ്യുന്നു...  തന്റെ തത്വത്തിനനുസ്സരിച്ചു പ്രവർത്തിക്കാതിരുന്നതെല്ലാം 'തെറ്റ്' എന്നുവരെ പറയുന്നു... അവിടെ യാഥാർഥ്യത്തെ കാണാൻ തയ്യാറാകാതെ അവർ തങ്ങൾ ചമച്ച തത്വത്തെ മുറുകെപ്പിടിക്കുന്നു... ഒരു സംഭവം,, അല്ലെങ്കിൽ നമ്മൾ നേരിട്ടു മനസ്സിലാക്കുന്ന ഒന്ന് എന്തുകൊണ്ട് അത് അപ്രകാരമായി എന്ന് ചിന്തിച്ചു യാഥാർഥ്യത്തെ ഉൾക്കൊണ്ട്  യാഥാർഥ്യത്തിന്റെ പ്രവർത്തനചര്യ മനസ്സിലാക്കി ക്രൊധീകരിക്കുന്നതാകണം തത്വം.... അല്ലാതെ തത്വം ആദ്യം നിർമ്മിച്ച് ഇതിനനുസൃതമായാണ് പ്രസ്ഥുത വിഷയത്തിന്റെ എല്ലാം എന്ന് ധരിക്കരുത്... ഒന്നിന്റെ തത്വത്തെ നാം രൂപപ്പെടുത്തുന്നത് ചിന്തയിൽ നിന്നുമാണ്.... അത് ഭാവനക്ക് തുല്യമാണെന്ന് കൂടി കാണാവുന്നതാണ്.... സംഭവിക്കുന്ന യാഥാർഥ്യത്തെ അവഗണിക്കുന്ന തത്വത്തിന് എന്തു നിലനിൽപ്പാണുള്ളത്?? അതിനാൽ ഞാൻ വീണ്ടും വീണ്ടും നിങ്ങളോടു പറയുന്നു സ്വതന്ത്രമായ മനസ്സോടെ കാര്യങ്ങളെ സമീപിക്കൂ... വിഷയങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കൂ......

   നമ്മൾ മുൻപ് സംസ്സാരിച്ചുകൊണ്ടിരുന്ന വിഷയത്തിലേക്ക് നമുക്ക് തിരിച്ചു വരാം... പ്രപഞ്ചത്തിലെ സർവ്വതും ഓരോ ശക്തി ചൈതന്യമാണെന്നും,, അതിലെ വ്യത്യാസങ്ങൾ മാത്രമാണ് വ്യത്യസ്തതക്ക് കാരണം എന്നും നാം പറഞ്ഞു കഴിഞ്ഞതാണ്.... നമുക്ക് 'ഉന്നതി' കൈവരിക്കാൻ ശക്തി ചൈതന്യത്തെ പരിഭോഷിപ്പിക്കുകയാണ് വഴി എന്നും നമ്മൾ പറഞ്ഞു... അതിനുള്ള ഏറ്റവും നല്ല ഒരു വഴിയായി നമ്മുടെ പൂർവ്വികർ ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നത് പ്രാർത്ഥനയുടെയും, ധ്യാനത്തിന്റെയും,, യോഗയുടെയും,,  മന്ത്ര- തന്ത്രാദികളുടെയും,, ചില ചിട്ടകളുടെയും ഒക്കെ രൂപത്തിലാണ്... ഇവ പല ലക്ഷ്യ ബോധത്തോടെ നിരീക്ഷിച്ചും,, അപഗ്രഥിച്ചും,, പഠിച്ചും,, അനുഷ്ഠിച്ചും രൂപപ്പെടുത്തിയിട്ടുള്ളതാണ്... ഇത്തരം പ്രവർത്തികൾ അനുഷ്ഠിക്കുക വഴി നമ്മുടെ സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുകയും ഒപ്പം നമ്മൾ ദൈവങ്ങൾ എന്ന് വിളിക്കുന്ന ഉയർന്ന ശക്തി ചൈതന്യങ്ങളെ നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നു.... അങ്ങനെ ഒരു പ്രത്യേക ശക്തി ചൈതന്യത്തെ നമ്മുടെ ശക്തി ചൈന്യവുമായി ചേർത്തുനിർത്തി മുൻപ് പറഞ്ഞ വ്യായാമങ്ങൾ അനുഷ്ഠിക്കുമ്പോൾ ആണ് വ്യക്തി ഉപാസകൻ എന്ന നിലയിൽ മാറുന്നത്... അവിടെ നാം ചേർത്തു നിർത്തുന്ന ഉയർന്ന ശക്തി ചൈതന്യത്തെ ദേവത എന്നും പറയുന്നു....

   അവിടെ നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ രണ്ടു വിധത്തിലാണ് ഉപാസന സഹായിക്കുന്നത്... ഒന്ന് നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നതിനായുള്ള വ്യായാമങ്ങൾ നമ്മെ സഹായിക്കുന്നു... ഒപ്പം നാം ഉപാസിക്കുന്ന ദേവതയുടെ സഹായവും നമ്മിലേക്ക്വന്നു ചേരുന്നു.... നാം അനുഷ്ഠിക്കുന്ന എല്ലാ വിധ സൽക്കർമ്മങ്ങളും ഇതുപോലെ നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു... ശക്തി ചൈതന്യത്തെ വർദ്ധിപിപ്പിക്കാൻ സഹായിക്കുന്ന കർമ്മങ്ങളെ ഒന്നായി വിളിക്കുന്നതാണല്ലോ സദ് കർമ്മങ്ങൾ എന്ന്... അത് നമ്മൾ പ്രഭാഷണത്തിന്റെ ആദ്യ പകുതിയിൽത്തന്നെ പറഞ്ഞതാണ്... നിങ്ങൾ അത് ഓർക്കുന്നുണ്ടെന്നും, ഉൾക്കൊള്ളുന്നുണ്ടെന്നും ഞാൻ കരുതുന്നു....

   'ദൈവങ്ങൾ' എന്ന വാക്കിന് ആത്മീയമായ ഒരർഥത്തെക്കാൾ ഭൗതീകമായ ഒരർഥമാണ് കൂടുതൽ അനുയോജ്യം എന്നാണ് എൻ്റെ പക്ഷം... 'ദൈവം' എന്ന വാക്കിനെ ''സഹായിക്കാൻ കഴിയുന്നവൻ" എന്ന അന്തരാർഥത്തിലാണ് എല്ലാവരും ബഹുമാനിക്കുകയും, പൂജിക്കുകയും ഒക്കെ ചെയ്യുന്നത്... ഞാൻ ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുന്ന ഒന്നാണ് 'ദൈവങ്ങളെ ആരുംതന്നെ ഒരു ഉദ്ദേശ ലക്ഷ്യം മുൻനിർത്തി അല്ലാതെ ചിന്തിക്കുന്നുപോലും ഇല്ല' എന്നത്... നമ്മുടെ ഏതെങ്കിലും ഒരു ആവശ്യം നിവർത്തിച്ചു തരാൻ ശേഷിയുള്ളവൻ എന്ന വിശ്വാസ്സം ഇല്ലായിരുന്നുവെങ്കിൽ ആരെങ്കിലും ദൈവത്തെ മൈൻഡ് ചെയ്യുമായിരുന്നോ എന്നാണ് എൻ്റെ ചോദ്യം... ഇങ്ങനെ ഒരു ചോദ്യം അൽപ്പം ഉറക്കെ ചോദിച്ചു പോയാൽ അപ്പോൾ എത്തും ചില ആത്മീയ വാദികൾ....!? അവർ പറയും ഞങ്ങൾ ഞങ്ങളുടെ ആത്മീയമായ ഉന്നതിക്ക് വേണ്ടിയാണ് ദൈവത്തോട് പ്രാർഥിക്കുന്നത്..... അറ്റ കൈക്ക് അടുത്ത ഡയലോഗും പറഞ്ഞു കളയും.... ഞങ്ങളുടെ ലക്ഷ്യം മോക്ഷമാണ് എന്ന്.... ആത്മീയ ഉന്നതിക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്ന വ്യായാമത്തെയാണ് സ്വന്തം ശക്തി ചൈതന്യത്തെ ഉയർത്തുന്ന പ്രക്രീയ എന്ന് നാം മുൻപിനാലെ പറഞ്ഞത്.... പിന്നെ മോക്ഷം,,, അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പോലും ആർക്കും വ്യക്തമായ ധാരണ ഇല്ല.... എന്തായാലും ഇപ്പറഞ്ഞതൊക്കെ സാധിച്ചു തരാൻ കഴിവുണ്ടെന്നുള്ള വിശ്വാസ്സത്തിലാണല്ലോ ആത്മീയ വാദികളും ദൈവത്തെ ഭജിക്കുന്നത്... ലളിതമായി ഒന്നു ചിന്തിച്ചു നോക്കൂ... "പ്രാർത്ഥന" എന്ന വാക്കു തന്നെ ഏതോ ഒരു അപേക്ഷ അതിവിനയത്തോടെ അവതരിപ്പിക്കുന്നതിനെയല്ലേ സൂചിപ്പിക്കു ന്നത്....?? അപേക്ഷയിൽ നിവർത്തിക്കേണ്ട എന്തെങ്കിലും ഒന്നുണ്ടാകും; അല്ലേ?? അല്ലെങ്കിൽ അപേക്ഷ എന്നതിന് പ്രസക്തി ഇല്ലല്ലോ?? സഹായിക്കാൻ കഴിയുന്നവൻ തന്നെയാണ് ദൈവം... മറ്റുപല സഹജീവജാലങ്ങൾക്കും മുൻപിൽ നമുക്കും ദൈവങ്ങളാകാൻ കഴിയും... ചില അവസ്സരങ്ങളിൽ...!! അവസ്സരങ്ങളിൽ സഹജീവജാലത്തെ സഹായിക്കാൻ നമുക്ക് മാത്രമേ കഴിയുമായിരിക്കുകയുള്ളു.... സമയം സ്വയം ദൈവമാകാനുള്ള അവസ്സരത്തെ പാഴാക്കാതിരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്...

   ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള വ്യായാമങ്ങളിൽ ഏർപ്പെടാൻ എല്ലാ ശക്തി ചൈതന്യങ്ങളും സന്നദ്ധരാണ്... ഞാൻ മുൻപ് പറഞ്ഞ സങ്കൽപ്പത്തിൽ ശ്രീ മഹാദേവനെ ഏറ്റവും ഉന്നതമായ ശക്തി ചൈതന്യമായി കണക്കാക്കുവാൻ പറഞ്ഞു.... നിങ്ങൾ മഹാദേവനെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് ഏതു രൂപത്തിലാണ്?? മഹാ യോഗിയാണ് അദ്ദേഹം... അല്ലേ?? മഹാദേവൻ ധ്യാനവും,, തപസ്സും നിരന്തരം അനുഷ്ഠിച്ചു വരുന്നു... ഏറ്റവും ഉയർന്ന ശക്തി ചൈതന്യമായ മഹാദേവൻ എന്തിനാണ് ധ്യാന- യോഗാദി കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്..!!??  സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാനുള്ള വ്യായാമങ്ങളിൽ ശ്രീ മഹാദേവൻ പോലും ഏർപ്പെട്ടിരിക്കുന്നു എന്ന് വേണം നമ്മൾ കാണേണ്ടത്... കാരണം ശക്തി ചൈതന്യത്തെ ഉയർത്താൻ കഴിയുന്നതിന് പരിധികളില്ല.... മഹാദേവൻ നടത്തുന്ന തപസ്സ്സും,, നമ്മൾ നടത്തുന്ന തപസ്സും ഉപാസനയും അടിസ്ഥാനപരമായി ഒന്നാണെന്ന് പറയേണ്ടിവരും..! ശക്തി ചൈതന്യത്തെ ഉയർത്താൻ കഴിയുന്നതിൻറെ പരിധി നിർണ്ണയിക്കുന്നതും,, പ്രപഞ്ചത്തിലെ ശൂന്യതക്ക് അഗ്രം കണ്ടെത്താൻ ശ്രമിക്കുന്നത് മൂഢത്വമാണ്... കാരണം ഇതു രണ്ടും അനന്തമാണ്.. അനന്തതയുടെ അർത്ഥമറിയുന്നവർ അതിനു ശ്രമിക്കില്ല...

   പ്രപഞ്ചത്തിലെ എല്ലാ ശക്തി ചൈതന്യങ്ങളിലും പലപ്പോഴും ഉൾക്കൊണ്ടിരിക്കുന്നത് ഏകമാനങ്ങളായ സ്വഭാവസവിശേഷതകൾ അല്ല... പല വിധമായ സ്വഭാവ സവിശേഷതകൾ ഒന്നിച്ചു ചേരുന്നതാകാം ഒരു ശക്തി ചൈതന്യം.... ഇപ്രകാരം പ്രകടമാകുന്ന സ്വഭാവങ്ങളെ നമുക്ക് 'കലകൾ' എന്ന് വിളിക്കാം... ഒരു ശക്തി ചൈതന്യത്തിൽ അന്തർലീനമായിരിക്കുന്ന കലകളുടെ വ്യത്യാസമാണ് ശക്തി ചൈതന്യത്തിന്റെ ആകെ സ്വഭാവത്തിൽ വ്യത്യസ്തതകൾ പ്രകടിപ്പിക്കുന്നത്... അത് മനുഷ്യരിലേക്ക് ചേർത്തു ചിന്തിക്കുമ്പോൾ ഒരു വ്യക്തിയുടെ നേട്ടങ്ങളും,, കോട്ടങ്ങളും,, അനുഭവങ്ങളും എല്ലാം കലകളുടെ സ്വാധീനത്തിൽ ഉണ്ടാകുന്നതാണെന്ന് മനസ്സിലാക്കണം... വിദ്യാഭ്യാസം,, ധനം,, വികാരങ്ങൾ,, ആരോഗ്യം അങ്ങനെ തുടങ്ങി നമ്മുടെ സമസ്തവും കലകളുടെ സ്വാധീനത്തിലും,, ബലത്തിലും നിർണ്ണയിക്കപ്പെടുന്നു... ഇതിൽ ഏതൊക്കെ കലകളാണോ ഒരുവനിൽ ഉയർന്ന ഉർജ്ജത്തിൽ നിൽക്കുന്നത്, കലകൾ നൽകുന്ന ഫലങ്ങൾ അവനിൽ പ്രകടമായികാണും...

   സദ് കർമ്മങ്ങൾ എല്ലാം തന്നെ നമ്മിലെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുമെങ്കിലും നമ്മിലെ ഒരു പ്രത്യേക 'കല' കൂടുതൽ ശക്തിപ്പെടുത്തണം എന്ന ഉദ്ദേശത്തിൽ ആണെങ്കിൽ 'ഉപാസനകൾ' ഫലം ചെയ്യും... കാരണം ഓരോ ദേവതകളിലും ഉൾക്കൊള്ളുന്ന ശക്തി ചൈതന്യം വ്യത്യാസ്സപ്പെട്ടിരിക്കുന്നു.... അതിൽ നമുക്ക് ആവശ്യമുള്ള 'കല' കൂടുതലായി നമ്മുടെ ശക്തി ചൈതന്യത്തിലേക്ക് പകർന്നുതരാൻ കഴിയുന്ന ശക്തി ചൈതന്യത്തെയാണ് അവിടെ ദേവതയായി നമ്മൾ സ്വീകരിക്കേണ്ടത്... ഹിന്ദു മതം അതിന് പല വിധത്തിൽ വിശദീകരണങ്ങൾ നൽകുന്നുണ്ട്.... നമ്മുടെ ആചാര്യന്മാർ ഓരോ കലയുടെയും സ്വാധീനം ഏറ്റവും കൂടിയ ശക്തി ചൈതന്യങ്ങളെ തിരിച്ചറിഞ്ഞു ഓരോ വസ്തുതകളുടെയും അധിപനായി നിശ്ചയിച്ചിട്ടുണ്ട്.... അപ്രകാരം ശക്തി ചൈതന്യങ്ങളെ ഓരോ വസ്തുതകളുടെയും അധിപനായി നിശ്ചയിച്ചത് നമ്മുടെ ആചാര്യന്മാരാണ്... അവർ അപ്രകാരം നിശ്ചയിച്ചത് പ്രത്യേക വസ്തുതയുടെ "കല" കൂടുതലുള്ളതായി തിരിച്ചറിഞ്ഞ ശക്തി ചൈതന്യത്തെയാണ്... വിദ്യക്ക് അധിപയായി സരസ്വതി ദേവിയെ നിശ്ചയിച്ചു...നമ്മുടെ ആചാര്യന്മാർ നമ്മിൽ വിദ്യ പ്രദാനം ചെയ്യുന്ന കലയെ പരിപോഷിപ്പിക്കത്തക്കവിധത്തിലുള്ള കലകളെ പ്രദാനം ചെയ്യുന്ന ശക്തി ചൈതന്യമായ ഒരു ശക്തി ചൈതന്യത്തെ കണ്ടെത്തി സരസ്വതി ദേവി എന്ന് നാമകരണം ചെയ്യുകയാണ് ഉണ്ടായത്... അതുപോലെ തന്നെ നമ്മുടെ ശക്തി ചൈതന്യത്തിൽ ഉൾക്കൊള്ളുന്ന,, നാം തിരിച്ചറിയുന്നതും, അല്ലാത്തതുമായ എല്ലാ കലകളിലും ഉന്നതി പ്രദാനം ചെയ്യാൻ കഴിയുന്ന ശക്തി ചൈതന്യത്തെ ദേവതയായി കണ്ട് ഉപാസിക്കാവുന്നതാണ്... അവിടെ ഉപാസകന്റെ ഉദ്ദേശവും,, ഉപാസകൻ തെരഞ്ഞെടുക്കുന്ന ശക്തി ചൈതന്യവും ശരിയായ രീതിയിൽ ആകുമ്പോൾ ഫലപ്രാപ്തി എളുപ്പമാകുന്നു.... നമ്മുടെ ആരാധനയിലും,, ഉപാസനയിലും നിറഞ്ഞു നിൽക്കുന്ന ശക്തി ചൈതന്യത്തിന്റെ സ്വഭാവ പ്രത്യേകതകൾ നമ്മുടെ ആകമായ സ്വഭാവത്തിലും,, പ്രകൃതത്തിലും,, താല്പര്യങ്ങളിലും,, അനുഭവങ്ങളിലും പ്രതിഫലിച്ചു നിൽക്കും... ഒരു കൂട്ടം ആൾക്കാർ ഒരു ശക്തി ചൈതന്യത്തെ ആ കൂട്ടത്തിന്റെ ഏക ദേവതയായി ആരാധിക്കാനും,, ഉപാസിക്കാനും തയ്യാറാകുന്നു എന്ന് കരുതുക... തീർച്ചയായും ആ ശക്തി ചൈതന്യത്തിന്റെ പ്രത്യേകതകൾ അക്കൂട്ടർ ആകമാനമായി പ്രകടിപ്പിക്കും... സ്വയം വഹിക്കുന്ന ശക്തി ചൈതന്യത്തിന്റെയും, അതുൾക്കൊള്ളുന്ന കലകളുടെയും, ഉപാസ്സനയുടെ വ്യത്യസ്ഥ ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ചില വ്യത്യസ്തതകൾ ഒഴിച്ച് നിർത്തിയാൽ ഏറിയ കൂറും ഇക്കൂട്ടർ സമാനതകൾ പ്രകടിപ്പിക്കും....

   ഇവിടെ 'ഫലപ്രാപ്തി' എന്ന് പറയുന്നത്ഒരു ഉദ്ദേശത്തോടെ ഉപാസകൻ ഒരു ശക്തി ചൈതന്യത്തെ പ്രാസാദിപ്പിക്കുന്ന രീതിയിലെ ചര്യകളിൽ ഏർപ്പെടുമ്പോൾ അവന് ലഭിക്കുന്ന ഉദ്ദേശ സാക്ഷാത്കാരണമാണ്... ഉയർന്ന ശക്തി ചൈതന്യത്തെ, അല്ലങ്കിൽ ദേവതയെ, അല്ലെങ്കിൽ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള വേലയാണ് ഉപാസന... നമ്മൾ ഇപ്പോൾ ചർച്ച ചെയ്തു വരുന്നത് ഇവയെല്ലാം 'മനുഷ്യനിൽ എപ്രകാരം' എന്ന വിഷയത്തിലേക്ക് ചുരുങ്ങി നിന്നുകൊണ്ടാണ്... ഇവിടെ ചില ചോദ്യങ്ങൾക്ക് സാധ്യത ഉണ്ട്.... ''പ്രീതിപ്പെടുത്തുക'' എന്ന പ്രയോഗം ദൈവങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ എന്നും വിമർശന വിഷയമാണ്.... ഒരുവൻ ചെയ്യുന്ന പ്രവർത്തിക്കു പ്രതിഫലമായി എങ്ങനെയാണ് ദൈവങ്ങൾക്ക് 'പ്രീതിപ്പെടാൻ' കഴിയുന്നത്..!?? വശം വ്യക്തമാക്കാൻ ഞാൻ വേറൊരു ഉദാഹരണം പറയാം.... ദൈവങ്ങൾ കാണിക്ക സമർപ്പണങ്ങളിൽ പ്രീതിപ്പെടുന്നു എന്ന് പറയുന്നു... പ്രീതിപ്പെടുന്നോ, ഇല്ലയോ എന്നത് വിട്ടേക്കൂ.... പക്ഷെ വിമർശകർ ചോദിക്കാറുണ്ട്; ദൈവം കൈക്കൂലി വാങ്ങി പ്രീതിപ്പെടുന്ന ആളാണോ എന്ന്?? അതിലെ അന്തരാർത്ഥം 'പ്രീതിപ്പെടുക', 'കോപിക്കുക', 'പ്രകോപിതയാവുക', അങ്ങനെ തുടരുന്ന മാനുഷികമായ വികാരങ്ങൾ ഉള്ളവരാണോ ദൈവങ്ങൾ??  അവിടെ നമ്മൾ ചില അടിസ്ഥാന വിശ്വാസ്സങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് ആലോചിക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.... നാം മുൻപ് പറഞ്ഞ നമ്മിൽ ഉൾക്കൊള്ളുന്ന ശക്തി ചൈതന്യവും വിസ്ഫോടനത്തിന്റെ ബലമായി വേർതിരിഞ്ഞു രൂപം കൊണ്ടതാണ്... ശക്തി ചൈതന്യത്തിയിൽ ഉൾക്കൊണ്ടിരിക്കുന്ന പല വിധമായ കലകളാണ് നമ്മുടെ സർവ്വതിനും അടിസ്ഥാനം... അതിൽ സകലവിധമായ കഴിവുകളും, വികാരങ്ങളും  ഉൾക്കൊണ്ടിരിക്കുന്നു... അങ്ങനെ എങ്കിൽ കലകളെല്ലാം അതിന്റെ ഉയർന്ന ഊർജ്ജരൂപത്തിൽത്തന്നെ നമ്മൾ ദൈവങ്ങൾ എന്ന് വിളിക്കുന്ന ഉയർന്ന ശക്തി ചൈതന്യത്തിലും ഉണ്ടാകും എന്ന് ചിന്തിക്കുന്നതല്ലേ യുക്തി ഭദ്രത?? കോപം, കാമം, മൽസ്സരം, അനുരാഗം, ശത്രുത, അസ്സൂയ, പ്രേമം തുടങ്ങി നമ്മൾ തിരിച്ചറിയുന്ന വികാരങ്ങളെക്കുറിച്ചു ഒരു വേള ചിന്തിച്ചു നോക്കൂ... ഇവയെല്ലാം എല്ലാ മനുഷ്യരിലും ഉണ്ട്... അളവുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും... അതുണ്ടാകണമല്ലോ? ശരിയല്ലേ?? വികാരങ്ങൾ എല്ലാവർക്കും അറിയാം... വികാരങ്ങൾ ഇല്ലാത്തവന് വികാരങ്ങളെ തിരിച്ചറിയാനേ കഴിയില്ല... പക്ഷെ എല്ലാവർക്കും മനുഷ്യ സഹജമായ വികാരങ്ങളിൽ ഏതൊന്നിന്റെ നാമം കേട്ടാലും വികാരത്തെ തിരിച്ചറിയുന്നു... അത് കലകൾ എല്ലാവരിലും ഉള്ളതിനാലാണ്... അത് നമ്മുടെ ശക്തി ചൈതന്യത്തിൽ ഉൾക്കൊണ്ടിരിക്കുന്നതുപോലെ ദേവതകളിലും ഉയർന്ന ചൈതന്യത്തിൽത്തന്നെ ഉണ്ടാകും...! വികാരങ്ങളും,, കഴിവുകളും എല്ലാം നാമോരോരുത്തരിലും ഉള്ളതിനാൽ നാം തിരിച്ചറിയുന്നു എന്നതിന്റെ മറുവശമാണ് നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത വികാരങ്ങളും,, കഴിവുകളും എന്താണെന്ന് മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല എന്നതും... നാം ദേവതകൾ എന്ന് വിളിച്ച ഉയർന്ന ശക്തി ചൈതന്യങ്ങൾ നാം തിരിച്ചറിയാത്ത കലകളുടെ ഗുണങ്ങളെയും വഹിക്കുന്നുണ്ട്.... അതിനെയാണ് നമ്മൾ സാധാരണ ഭാഷയിൽ 'ശക്തി' എന്ന് പറയുന്നത്.... മനുഷ്യരിൽത്തന്നെ ശക്തി ചൈതന്യത്തിലെ മൂല്യ വ്യത്യാസങ്ങൾക്കനുസ്സരിച്ചു വലിയ അന്തരങ്ങൾ ദൃശ്യമാകുന്നില്ലേ?? മനുഷ്യനെ ചുമക്കുന്ന കുതിരയും,, കുതിരയുടെ പുറത്തു വിരാചിക്കുന്ന മനുഷ്യനും ഒരേ ശക്തി ചൈതന്യത്തിന്റെ ഉൽപ്പന്നങ്ങൾ ആയിട്ടും രണ്ട് അനുഭവങ്ങൾക്ക് കാരണം മനുഷ്യനിലെ ശക്തി ചൈതന്യത്തിൽ ഉൾക്കൊള്ളുന്ന അത്രയും ഇനം കലകൾ കുതിരയിൽ ഇല്ലാത്തതിനാലാണ്... മനുഷ്യനേക്കാളും വളരെ വളരെ  ഉയർന്ന ശക്തി ചൈതന്യത്തെ വഹിക്കുന്ന ദേവതകൾക്ക് കൂടുതൽ കലകളുടെ സ്വായത്തത കൂടി ഉണ്ടെന്നു ചിന്തിക്കുന്നതാണ് ശരി... 



   ശക്തി വ്യത്യായാസങ്ങൾ മാത്രമാണ് ജയ പരാജയങ്ങളെ നിശ്ചയിക്കുന്നത്. ദേവീ ദേവന്മാർ ദുഷ്ട നിഗ്രഹം നടത്തുന്നതായാണ് പുരാണകഥകൾ പറയുന്നത്.... ഉയർന്ന ഒരു ശക്തി ചൈതന്യം തന്നിലും കുറഞ്ഞ മറ്റൊരു ശക്തി ചൈതന്യത്തിനു മേലുള്ള വിജയമാണത്.... അല്ലാതെ ഒരു സൃഷ്ട്ടാവ് തന്റെ ഒരു സൃഷ്ടിയുടെ നിഗ്രഹം നടത്തുകയല്ല ചെയ്യുന്നത്.... അവിടെ ക്രൂരമുഖമുള്ള ഒരു ശക്തി ചൈതന്യം ശിഥിലമാകുന്നതിനാൽ ദുഷ്ട നിഗ്രഹം നടക്കുന്നു എന്ന് പറയുന്നു.... എന്തുകൊണ്ട് ശക്തി ചൈതന്യത്തിൽ സ്ഥിരമായി ദുഷ്ട പക്ഷത്തിനു മാത്രം ക്ഷയം സംഭവിക്കുന്നു എന്നു  ചോദിച്ചാലും ഉത്തരം ലളിതമാണ്... സ്വന്തം ശക്തി ചൈതന്യത്തെ ക്ഷയിപ്പിക്കുന്ന പ്രവർത്തികളെ ദുഷ്ട്ട പ്രവർത്തികളെന്നും അത് ചെയ്യുന്നവരെ ദുഷ്ടന്മാർ എന്നുമല്ലേ വിളിക്കുന്നത്?? അപ്പോൾ സ്വൊഭാവികമായും സ്വന്തം ശക്തി ചൈതന്യ ക്ഷയിപ്പിക്കുന്ന പ്രവർത്തികളെ ചെയ്യുന്നവർ ക്ഷയിക്കലിനും,, സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്ന പ്രവർത്തികളെ ചെയ്യുന്നവർ വർദ്ധനവിനും കാരണക്കാരാകും.... ഈ തത്വമാണ് പുരാണ കഥകളിൽ ബഹുഭൂരിപക്ഷവും സമർഥിക്കാൻ ശ്രമിക്കുന്നത്.... 




   സാധാരണ സദസ്സിൽ നിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട്.... ഒരു ദൈവത്തെയും വിളിക്കാത്തവന് ജീവിക്കാൻ പറ്റില്ലേ!?? നമുക്ക് ചുറ്റും തന്നെ ഒരു ദൈവത്തെയും വിളിക്കാതെ സുഖിച്ചു നടക്കുന്നവര് എത്രയോ ഉണ്ട്?? അവർക്കൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ?? ചിലർ എല്ലാ സമയവും ഈശ്വര ഭജനവുമായി 

നടക്കാറുണ്ട്... അവർക്കില്ലാത്ത പൊല്ലാപ്പുകളുമില്ല ...!!??? ഈ ചോദ്യം കേൾക്കുമ്പോൾ എനിക്ക് മനസ്സിലാകാറുണ്ട് ഞാൻ പറഞ്ഞത് ആർക്കും കാര്യമായി മനസ്സിലായില്ല അല്ലെങ്കിൽ അംഗീകരിക്കുന്നില്ല.... ഇവിടെ അങ്ങനെ ഒരു ചോദ്യം കേൾക്കാതിരുന്നത്,, ഞാൻ പറഞ്ഞത് നിങ്ങൾ മനസ്സിലാക്കി,, അംഗീകരിക്കുന്നു എന്നൊക്കെയാണെന്ന് ഞാൻ കരുതുകയാണ്... നിങ്ങൾ ചോദിച്ചില്ല എങ്കിലും ഞാൻ പറയാം... നമ്മൾ പറഞ്ഞില്ലേ,, ഓരോരുത്തരിലും അന്തർലീനമായിരിക്കുന്ന ശക്തി ചൈതന്യത്തെപ്പറ്റി? ആ ശക്തി ചൈതന്യം നല്ല അനുഭവങ്ങളെ ഉൾക്കൊള്ളുന്ന കലകൾ ഉയർന്ന ഉർജ്ജത്തിൽ നിൽക്കുന്നു വെങ്കിൽ നമ്മൾ നോക്കിക്കാണുന്ന നല്ലതെന്ന അനുഭവങ്ങൾ അക്കൂട്ടർ പ്രകടമാക്കുന്നു... കാലങ്ങൾ കൊണ്ട് മറുപുറമായ ഒരു ച്യുതി ശക്തി ചൈതന്യത്തിന് സംഭവിച്ചില്ലെങ്കിൽ അത് നിലനിൽക്കും... സദാ ഈശ്വര ഭജനംകൊണ്ട് നാം ഉദ്ദേശിച്ച ഫലം ഉണ്ടാകണമെന്നില്ല... കാരണം അവർ ആഗ്രഹിക്കുന്ന ഉന്നതി പ്രദാനം ചെയ്യുന്ന കലകൾ ഉർജ്ജമത്താകുന്ന വിധത്തിൽ അവരുടെ ശക്തി ചൈതന്യത്തെ ഉയർത്താൻ അയാളുടെ ഭജനം പര്യാക്തമാകുന്നില്ല എന്നതാണർത്ഥം....  നമ്മുടെ എപ്പോഴും ഉള്ള പ്രവർത്തികൾ അത് ചിന്ത ഉൾപ്പെടെയാണ് ഞാൻ പറയുന്നത്... നമ്മുടെ ശക്തി ചൈതന്യത്തെ സ്വാധീനിച്ചു കൊണ്ടിരിക്കും... പ്രവർത്തിയുടെ മൂല്യ വ്യത്യാസങ്ങൾ മനുഷ്യരുടെ സകലമായ കാര്യങ്ങളിലും ചെറുതും വലുതുമായ വ്യത്യാസങ്ങൾക്ക് കാരണമാകുന്നു... അവിടെ നമ്മൾ അടിവരയിട്ടു പറയേണ്ട ഒരു കാര്യമുണ്ട്... പ്രവർത്തിയാണ് അനുഭവങ്ങൾക്ക് കാരണം.... 



   'പ്രവർത്തിയാണ് അനുഭവങ്ങൾക്ക് കാരണം'.... ഇങ്ങനെ ഒരു പ്രസ്ഥാവന കേട്ടാൽ ആദ്യം ചൊടിക്കുന്നത് വിധി വിശ്വാസികളാണ്... അവർ പറയും;; 'എല്ലാം നിശ്ചയിക്കപ്പെട്ടതാ...!! അതിനപ്പുറമോ,, ഇപ്പുറമോ ഒന്നും സംഭവിക്കില്ല'.... അവര് പറയുന്നത് കുറേയൊക്കെ ശരിയാ... 'അതിനപ്പുറമോ,, ഇപ്പുറമോ ഒന്നും സംഭവിക്കില്ല'. എന്ന സ്റ്റേറ്റ്മെന്റ് ശരിയാണ്... പക്ഷേ അതിനൊപ്പം ഒരു കൂട്ടിച്ചേര്ക്കല് കൂടി നടത്തണം... '"സംഭവിച്ചതിന് അതിനപ്പുറമോ,, ഇപ്പുറമോ ഒന്നും സംഭവിക്കില്ല'" ഒരു കാര്യം സംഭവിച്ചു പോയാൽ പിന്നെ അതിനപ്പുറമോ ഇപ്പുറമോ ഇല്ല... ഒറ്റവാചകത്തിൽ പറഞ്ഞാൽ "എന്തു സംഭവിക്കുന്നോ അതാണ് വിധി"...! നമ്മൾ പൊടുന്നനെ ഉണ്ടാകുന്ന അവിശ്വസ്സനീയമോ,, ആശ്ചര്യകരമോ,, സന്തോഷകരമോ,, ദുഃഖകരമോ ഒക്കെയായ സംഭവങ്ങളെ,, നമ്മുടെ വികാരവുമായി ചേർത്തുവെച്ചു ചിന്തിക്കുന്നതാണ് വിധിയെ  'എല്ലാം നിശ്ചയിക്കപ്പെട്ടതാണ്' എന്ന നിരൂപണത്തിൽ കൊണ്ടുചെന്നെത്തിക്കുന്നത്.... മേൽപ്പറഞ്ഞ വികാരങ്ങളിൽ ഏതെങ്കിലുമൊക്കെ വളരെ ഉയർന്ന അളവിൽ ആ സംഭവങ്ങളിൽ  നമ്മളിൽ ഉണ്ടാവുകയും ചെയ്യും.... 




    "എന്തു സംഭവിക്കുന്നോ അതാണ് വിധി"...! എന്ന് പറയുന്നതിന് യുക്തി ഭദ്രത കൂടുതലാണ്... അവസ്സാന ബിന്ദുവിലെ ആ സംഭവിക്കലോ, സംഭവിക്കാതിരിക്കലോ ആണ് 'വിധി'... ആ വാക്കു കേൾക്കുമ്പോൾ മനസ്സിൽ പറഞ്ഞു വെച്ചിരിക്കുന്ന വിധിയുടെ നിർവചനം പുറത്തെടുക്കാതിരുന്നാൽ മതി.... സംഭവിക്കുന്നതും, സംഭവിക്കാതിരിക്കുന്നതും വിധിയാണ്... അവിടെ സംഭവിക്കാതിരുന്നതിനെ ഒരു സംഭവമായി കാണണം... "വിധി" ഇപ്രകാരം മാത്രം നിർവചിച്ചാൽ യുക്തി വാദികൾ അതിനെ എതിർക്കില്ല എന്ന് ഞാൻ കരുതുന്നു.... 




   'അവസ്സാന ബിന്ദുവിലെ ആ സംഭവിക്കലോ, സംഭവിക്കാതിരിക്കലോ ആണ് വിധി'... എന്നു പറഞ്ഞാൽ മാത്രം വിധിയുടെ വിശകലനം ആകുന്നില്ല... ആ സംഭവത്തിനു കാരണഭൂതമായത് എന്തൊക്കെ എന്നും നമ്മൾ ചിന്തിക്കണ്ടേ?? നമ്മൾ മുൻപ് പറഞ്ഞതൊക്കെ അംഗീകരിക്കുന്നവർക്ക് ഉത്തരം നിസ്സാരമാണ്... ഒരുവന്റെ ശക്തി ചൈതന്യത്തിന്റെ മൂല്യ വ്യത്യാസങ്ങളും, കലകളുടെ സ്വാധീനവും വിധിയെ നിർണ്ണയിക്കുന്നു.... അതായിരിക്കും അടിസ്ഥാനപരമായ ആ 'ആൾ'.... നമ്മുടെ പ്രവർത്തികൾ,, വാക്കുകൾ,, ചിന്തകൾ,, ഉപാസനകൾ,, പ്രാർത്ഥനകൾ,, യോഗ,, സാധന അങ്ങനെ ഉള്ളതെന്തും എന്തും നമ്മുടെ ശക്തി ചൈതന്യത്തെ നിരന്തരം സ്വാധീനിച്ചു കൊണ്ടിരിക്കും... അതാണ് ഞാൻ മുൻപ് പറഞ്ഞത് "പ്രവർത്തിയാണ് വിധിയെ നിശ്ചയിക്കുന്നത്" എന്ന്... മനസ്സിലായില്ലേ?? ഇപ്പറഞ്ഞതെന്തും പ്രവർത്തികളുടെ ഗണത്തിലാണ്... അപ്പോൾ പ്രവർത്തി നമ്മുടെ ശക്തി ചൈതന്യത്തെയും അതുവഴി വിധിയേയും സ്വാധീനിക്കും എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.... 




   ശക്തി ചൈതന്യത്തിന്റെ അനുഭവമാണ് വിധി എന്ന് പറയുമ്പോൾ ശക്തി ചൈതന്യത്തിന് വളരേ സ്വാധീനം സംഭവിക്കത്തക്ക മറ്റൊരു കാരണം നമ്മൾ കാണാതെ പോകരുത്... നമ്മൾ ദേവത,, ദൈവങ്ങൾ,, തുടങ്ങി മുൻപ് പറഞ്ഞ ശക്തി ചൈതന്യങ്ങളിൽ നിന്നും ഉണ്ടാകുന്ന അനുകൂലമോ,, പ്രതികൂലമോ ആയ ഊർജ്ജപകർച്ച.... നമ്മുടെ ചില കർമ്മങ്ങൾ അത് നാം മുൻപ് പറഞ്ഞ ഉയർന്ന ശക്തി ചൈതന്യങ്ങൾ ആയ ദൈവീക ശക്തികളുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നവയാണ്.. ചിലവ ച്യുതിക്ക്‌ കാരണമാകുന്നതും.. അതിൽ രണ്ടായാലും  അന്യോന്യ വിനിമയം [Reciprocate] ചെയ്യുന്ന ഒരു സ്വാധീനം നമ്മുടെ ശക്തി ചൈതന്യത്തിലും ഉണ്ടാകുന്നു...  അത് നമ്മുടെ ശക്തി ചൈതന്യത്തിൽ എപ്രകാരം പ്രവർത്തിക്കുന്നുവോ അത് നമ്മുടെ വിധിയെ നിർണ്ണയിക്കുന്നു... 




ഇതിൽ ഏതൊക്കെ കാരണങ്ങളുടെ സ്വാധീനത്തിൽ ശക്തിചൈതന്യം പ്രവർത്തിച്ചാലും അതിലെ അവസ്സാനത്തെ ബിന്ദുവായി സംഭവിക്കുന്നതോ,, സംഭവിക്കാതിരിക്കുന്നതോ ആണ് 'വിധി'...   




   ഇത്രയും പറഞ്ഞ സ്ഥിതിക്ക് ക്ഷേത്രങ്ങളെയും,, ആരാധനാലയങ്ങളെയും കുറിച്ചു രണ്ടു വാക്കു പറയാതെ നിർത്തുന്നത് ശരിയല്ല... എന്താണ് ക്ഷേത്രം?? 




   ക്ഷേത്രം എന്ന വാക്കുതന്നെ ആരാധനയുടെ ഭാഗമെന്നാണ് സൂചിപ്പിക്കുന്നത്... നാം മുൻപ് ദൈവീക ശക്തികൾ എന്ന് വിളിച്ച ഉയർന്ന ശക്തി ചൈതന്യങ്ങളുടെ ഒരു പ്രഭാവ കേന്ദ്രമായാണ് ക്ഷേത്രങ്ങളെ കാണേണ്ടത്... ആ ഉയർന്ന ശക്തി ചൈതന്യങ്ങൾ ശിലയിലേക്കോ, മരത്തിലേക്കോ, അനുയോജ്യമായ മറ്റേതെങ്കിലും വസ്തുവിലേക്കോ കേന്ദ്രീകരിച്ച്‌ കേന്ദ്രീകൃതമായ വസ്തുവിന് ജീവൻ ലഭിച്ച- താണ് വിഗ്രഹം....... അവിടെ കേന്ദ്രീകരിക്കുന്ന ശക്തി ചൈതന്യങ്ങളുടെ ശക്തി ചൈതന്യം വര്ദ്ധിപ്പിക്കുന്നതിന് കാരണമായ കർമ്മങ്ങൾ അനുഷ്ഠിച്ചു അന്യോന്യ വിനിമയത്തിൽക്കൂടി ആർജ്ജിക്കുന്ന ശക്തി ചൈതന്യം നമ്മിലെ ശക്തി ചൈതന്യത്തെയും, കലകളെയും ഊർജ്ജിതമാക്കി ഉന്നതി കൈവരിക്കാൻപ്രയത്‌നിക്കാവുന്ന ഇടം എന്നും ക്ഷേത്രത്തെപ്പറയാം... ഏതു ശക്തി ചൈതന്യമാണോ അവിടെ ഊർജ്ജമായി നിൽക്കുന്നത് ആ ശക്തി ചൈതന്യത്തെയാണ് ആരാധിക്കുന്നത്. അതാണ് അവിടുത്തെ ദൈവം...ആ ദൈവത്തിൽ വർധിച്ചു നിൽക്കുന്ന കലകളെ തിരിച്ചറിഞ്ഞു നമ്മുടെ പൂർവീകർ പല പേരുകളിട്ടു തരം തിരിക്കുകയും ചെയ്തിരിക്കുന്നു... ആ ദൈവത്തിന്റെ ശക്തി ചൈതന്യത്തെ സ്വാധീനിക്കുന്നതിന് അനുഷ്ഠിക്കേണ്ട രീതികളാണ് ''ക്ഷേത്രവിധി''... 




   ക്ഷേത്രം എന്ന് പറയുന്നതു തന്നെ ഒരു നിയമാവലിയാണ്... അവിടെ ചെല്ലുന്നവർക്കു മാത്രമേ ആ നിയമാവലി പാലിക്കാനുള്ള ബാദ്ധ്യത ഉള്ളൂ... പക്ഷെ അവിടെ ചെല്ലുന്നവർക്ക് അതിനുള്ള ബാദ്ധ്യത ഉണ്ട് താനും... അവിടെ ചെല്ലുന്നത് ചെല്ലുന്നവന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനാണ്... അതിനാൽ രാജാവിനോടുള്ളതുപോലെ ഒരു ഭക്തി പ്രകടിപ്പിച്ചുകൊണ്ട് ക്ഷേത്രങ്ങളിൽ പോകണം... പരസ്പരം ബന്ധങ്ങൾ നിർമ്മിച്ചാൽ മാത്രമേ മനുഷൃരിലോ, ദൈവങ്ങളിലോ ഉള്ള ശക്തി ചൈതന്യങ്ങൾ പരസ്പരം അന്യോന്യ വിനിമയം നടത്താൻ സാധിക്കൂ... വെളിച്ചമുള്ളിടത്ത് ഇരുളിനെ നിലനിർത്താൻ ഒരു ദൈവത്തിനും കഴിയില്ല... ''ഈശ്വരൻ" എന്ന് നാം മുൻപ് വിശദീകരിച്ച ഇത്തരം അലംഘനീയ നിയമങ്ങൾക്ക് വിധേയമാണ് എല്ലാ ഉന്നത ശക്തി ചൈതന്യങ്ങളും അല്ലെങ്കിൽ ദൈവങ്ങളും... "മോക്ഷം" എന്നാൽ ഇതിലൊക്കെ ചെറിയ വിശദീകരണം ആവശ്യമുള്ളതും...!!?? നമ്മുടെ ഉപാസനയിലെ ശക്തിചൈതന്യവുമായി നടത്തുന്ന അന്യോന്യ വിനിമയത്തിന്റെ അന്ത്യത്തിൽ ഈ വിനിമയം നിശ്ചലാവസ്ഥയിൽ എത്തുന്നു... ഉപാസകന് തന്റെ ദേവതയിൽ നിന്നോ തിരിച്ചോ ഒന്നും തന്നെ വിനിമയം ചെയ്യാനില്ലാത്ത തുല്യമായ അവസ്ഥ എത്തിച്ചേരുന്ന അവസ്ഥയാണത്... അത് ഉപാസകൻ സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നതുവഴി എത്തിച്ചേരുന്ന അവസ്ഥയാണ്... ആ അവസ്ഥയെ ലക്ഷ്യമാക്കുന്നവർക്ക് അതാണ് ദൈവീക ഉപാസനയുടെ കാരണം... മോക്ഷത്തെ ലക്ഷ്യമാക്കി നിർത്തി നടത്തുന്ന ദൈവീക ഉപാസനകളാണ് ഏറ്റവും ശ്രെഷ്ഠം എന്നാണ് ആത്മീയ ചിന്തകർ എന്ന് അവകാശപ്പെടുന്നവർ പറയുന്നത്... അതിനെക്കുറിച്ചൊന്നും തർക്കങ്ങൾ ഞാൻ ഉയർത്തുന്നില്ല... കാരണം ലക്ഷ്യവും, അതിലേക്കുള്ള പ്രവർത്തിയും വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.... 




   ഇനിയും ഒരുപാട് ഈ വിഷയങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നില്ല... നമുക്ക് പരസ്പ്പരം സംസാരിക്കാൻ ഇനിയും അവസ്സരങ്ങൾ ഉണ്ടാകട്ടെ.... ഈ വേദിയിൽ ഇനിയും പരിപാടികൾ നടത്തേണ്ടതുണ്ട്... നമുക്ക് തൽക്കാലത്തേക്ക് വിട പറയാം... ഈ ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ ശക്തി ചൈതന്യം നിങ്ങളിൽ നല്ല അനുഭവങ്ങൾക്കായി പകരാൻ ഇടവരട്ടെ എന്ന് ആശംസ്സിച്ചു കൊണ്ട്...




   നമസ്ക്കാരം 





[Rajesh Puliyanethu

                    Advocate, Haripad] @ Puliyan