Friday, 16 March 2018

'ത്രിപുര' തെരഞ്ഞെടുപ്പ് ഫലം,, മോഡി വിരുദ്ധ ക്യാമ്പിന്റെ കൈയ്യിൽ തീപ്പന്തം....!!??


     ത്രിപുരയിലും ബി ജെ പി വിജയക്കോടി പാറിച്ചിരിക്കുന്നു.... 'കമ്യുണിസ്റ്റ് കോട്ട' എന്ന് കമ്യുണിസ്റ്റുകൾ തന്നെ വീമ്പിളക്കിയിരുന്ന ഭാരതത്തിലെ രണ്ടാമത്തെ സംസ്ഥാനവും അവർക്കു കൈവിട്ടു പോയിരിക്കുന്നു... ഇനിയുമുള്ളത് കേരളം മാത്രം... ഇത്രയും യാഥാർത്യമാണ്... നഷ്ടപ്പെട്ടത് അക്കമിട്ടു പറയുന്നതും നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ടെന്നു പറയുന്നതും യാഥാർഥ്യമാണ്... കാരണം അവിടുത്തെ സാദ്ധ്യതയും യാഥാർഥ്യമാണ് .. കേരളത്തിലെ ചെറു ഘടകങ്ങളിൽ അധികാരം നിലനിർത്താൻ സിപിഎം നു കഴിയുന്നത്  സംസ്ഥാന ഭരണത്തിലെ നിർണ്ണായക കക്ഷിയായി നിൽക്കുന്നതുകൊണ്ടാണ്... ഭരണ രംഗത്തുനിന്നും പുറത്തു പോവുകയും അവിടേക്ക് ബിജെപി എത്തുകയും ചെയ്താൽ താഴെക്കിടയിലുള്ള പ്രവർത്തകരിൽ പോലും ചോർച്ച ഉണ്ടാകുമെന്ന് സിപിഎം തിരിച്ചറിയുന്നുണ്ടാകും.. അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ഭാഗമായിരിക്കുന്നതിനാലും,, സംഘടനാ പരമായ ചട്ടക്കൂട്ടിന്റെ ഉള്ളിൽ നിൽക്കുന്നതിനാലുമാണ് കേരളത്തിൽ അണികളിൽ നിന്നും വലിയ ഒരു ചോർച്ച പാർട്ടിക്ക് ഇപ്പോഴും ഉണ്ടാകാത്തത്... പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിലും,, മത പ്രീണന നയങ്ങളിലും,, ഹിന്ദു വിരുദ്ധ തത്വങ്ങളിലും, ഇസ്ലാമിക തീവ്രവാദികളോടുള്ള മൃദു സമീപനത്തിലും, ചൈനയും, പാകിസ്ഥാനും പോലെയുള്ള വിദേശരാജ്യങ്ങളോടുള്ള വിധേയത്വത്തിന്റെ പേരിലും പാർട്ടിയെ അനുകൂലിച്ചു പരസ്യമായി നിൽക്കുന്ന വലിയ വിഭാഗത്തിന് അമർഷം  ഉണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട... പക്ഷെ മുൻപ് പറഞ്ഞ ആനുകൂല്യങ്ങളുടെയും സംരക്ഷണത്തിന്റെയും ഒപ്പം ഭയത്തിന്റെയും പേരിൽ പരസ്യപ്രതികരണത്തിന് അണികളിൽ പലരും  തയ്യാറാകുന്നില്ല എന്നുവേണം കാണാൻ....

     ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന കോൺഗ്രസ്സിന്റെയും രാഷ്ട്രീയസ്ഥിതി വളരെ ദയനീയമാണ്... അമിതമായ മത പ്രീണന നയങ്ങളും,, അഴിമതിയുമാണ് കോൺഗ്രസ്സിനെ തളർത്തിയത്.. ഒപ്പം ഒരു നേതാവായി കഴമ്പുള്ള ആരേയും ഉയർത്തിക്കാട്ടാനില്ലാത്ത ദൈന്യതയും... നെഹ്‌റു കുടുംബത്തിന്റെ അപ്രമാദിത്യത്തിൽ നിന്നും പാർട്ടി പുറത്തു വന്നാൽ ശിഥിലമായിപ്പോകുമെന്ന ഭയം....! മറുവശത്ത് രാഹുൽ ഗാന്ധിയെ അംഗീകരിച്ചു നിന്നാൽ ഉമിത്തീയിൽ ദഹിക്കുന്നതുപോലെ നീറി ഇല്ലാതാകുന്ന അവസ്ഥ... നരേന്ദ്ര മോദിയും, അമിത്ഷായും അഴിച്ചു വിട്ട യാഗാശ്വത്തെ പിടിച്ചു കെട്ടാൻ ഈ രണ്ടു കൂട്ടരും അശക്തമാണെന്ന് സമ്മതിച്ചേ പറ്റൂ.. ഒപ്പം ഒരു ഭരണകാലം അവസ്സാനിപ്പിച്ചു ജനഹിതം തിരയാൻ സമയമെത്തുമ്പോൾ പോലും ബിജെപി എതിർകോട്ടകൾ കീഴടക്കുന്ന കാഴ്ച...  രാഷ്ട്രീയ ആക്രമണങ്ങൾക്കോ;; എന്തിന് പ്രതിരോധത്തിനോ പോലും ശക്തിയില്ലാത്ത പ്രതിപക്ഷം... മുൻ യുപിഎ സർക്കാരിലെ ധനമന്ത്രിയുടെ മകൻതന്നെ ജയിലിൽ... മുന്നിൽ നിന്നു നയിക്കേണ്ട രാഹുൽ ഒളിവിൽ.... പൊതു ജനത്തിനു മുൻപിൽ ഇന്നൊരു നേതാവേ ഉള്ളൂ... അതാണ് നരേന്ദ്രമോദി... നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനു ശേഷം ഇവിടെ രണ്ടുതരം രാഷ്ട്രീയം രൂപം കൊണ്ടിരുന്നു.. അത് 'മോഡി അനുകൂല രാഷ്ട്രീയം,, മോഡി വിരുദ്ധ രാഷ്ട്രീയം' എന്നിങ്ങനെ ആയിരുന്നുവെങ്കിൽ, മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പ് ഇന്ന് ഏറെക്കുറെ ശൂന്യമാണ്... ഉള്ളവർ തളർവാദരോഗം പിടിപെട്ട് കിടപ്പിലാണ്.. മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പിൽ സജീവമാകാൻ കച്ചമുറുക്കി അവാർഡുകൾ തിരിച്ചു നൽകിയ സാംസ്ക്കാരിക നായകർ (നക്കികൾ) നഷ്ടത്തിലാണ്... അവർക്കുള്ള ആശ്വാസ്സം അവാർഡു പണം കീശയിൽ വെച്ച് ഫലകം കൊടുത്തതാണ്... അവർക്ക് ഫലകമേ നഷ്ടമായുള്ളൂ... പണം കീശ യിൽത്തന്നെയുണ്ട്.....

     ഭരണം എനിക്കും, നിനക്കും അല്ലെങ്കിൽ നമ്മുടെ കുറുമുന്നണികൾക്ക് എന്ന് കരുതി ജീവിച്ച  ഇടതു- വലതന്മാർ  ഭരണ പ്രതിപക്ഷമെന്ന വ്യത്യാസ്സം കൂടാതെ ഒന്നിക്കാൻ ശ്രമിക്കുന്ന ഏറ്റവും തമാശ നിറഞ്ഞ രാഷ്ട്രീയത്തിനും നമ്മൾ ജനങ്ങൾ സാക്ഷികളായി.... സ്വാതന്ത്യ്രത്തിനു ശേഷമിത്രനാളും ഞങ്ങൾ പറഞ്ഞ രാഷ്ട്രീയവും, പ്രചരിപ്പിച്ച ചിന്തകളിലും ഒരു കഴമ്പുമില്ലായിരുന്നു എന്നും ഇന്ന് ലഭിക്കുന്ന അധികാരത്തിനു വേണ്ടി മാറ്റിവെയ്ക്കാനും, പൊളിച്ചു കളയാനും മാത്രം ദൃഢതയുള്ള ചില ആശയങ്ങളും, പ്രത്യയ ശാസ്ത്രങ്ങളും മാത്രമായിരുന്നു തങ്ങളുടെ  പക്കലുണ്ടായിരുന്നതെന്നും ഇക്കൂട്ടർ തുറന്നു സമ്മതിക്കുന്നു... ഇടതു വലതന്മാർ അന്യോന്യം ഊന്നുവടികളാകാൻ ക്ഷണിക്കുന്നു... അപ്പുറക്കാഴ്ചയിൽ സ്വയം നിൽക്കാൻ കഴിവില്ല എന്ന തിരിച്ചറിവിൽ അവർതന്നെ അപ്രകാരമുള്ള ബാന്ധവ ആലോചനകൾ ഉപേക്ഷിക്കുന്നു.... ഭാരതം ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും, അതിനൊപ്പം ഏറ്റവും കരുത്തനായ ഭരണാധികാരിയുടെയും കരങ്ങളിലാണ്...

     തെരഞ്ഞെടുപ്പു പരാജയങ്ങൾ ഇടതു വലതന്മാരെ അസ്വസ്ഥമാക്കുന്നത് സ്വാഭാവികം മാത്രം.. പക്ഷെ അതിനെ അതിജീവിക്കാൻ ഇക്കൂട്ടർക്ക് ചെയ്യുവാൻ കഴിയുന്നത് രാജ്യത്തിന് വിപത്തായി ഭവിക്കുന്നവയായിരിക്കും എന്നതാണ് ആശങ്കക്ക് കാരണം... രണ്ടായിരത്തി പത്തൊൻപതിൽ   നടക്കാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷനിൽ ശ്രീ നരേന്ദ്രമോദിയെയും, ബിജെപി യേയും മോശമായി ചിത്രീകരിക്കാൻ അവർ പുറത്തെടുക്കുക കലാപത്തിന്റെയും, സംഘര്ഷത്തിന്റെയും ഒപ്പം വിദേശ വിധ്വംസക ശക്തികളുടെ പിന്തുണയുടെയും വഴികളായിരിക്കും....  പാക്കിസ്ഥാനിൽ പോയി നിന്നു കൊണ്ട് ഇന്ത്യൻ പ്രധാന മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കന്മാരുള്ള പാർട്ടിയാണ് കൊണ്ഗ്രെസ്സ്... ജന്മം കൊണ്ടുതന്നെ വിദേശീയവും,, ഇപ്പോഴും ചൈനാ സൂക്തങ്ങൾ പാടി അഭിമാനം കൊണ്ട് നടക്കുകയും, ചൈനയിൽ അഭിമാനിക്കുകയും ചെയ്യുന്ന ഇടതു പക്ഷം മറ്റൊരു വശത്ത്...!! ഇക്കൂട്ടരൊക്കെ സ്വന്തം നേട്ടത്തിനു വേണ്ടി ഏതു നെറികേടും കാട്ടാൻ മടിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കി കരുതിയിരിക്കണം.... പാർലമെന്റ് ആക്രമിച്ചവനേയും,, മഹാനഗരത്തിൽ ബോംബുകൾ പൊട്ടിച്ചവനേയും നാലുവോട്ടിനായി ആരാധിക്കുന്ന ഇക്കൂട്ടർക്ക് ഹിന്ദുവും, മുസ്ലീമും മറ്റെല്ലാ വിഭാഗവും വോട്ടിനുള്ള യന്ത്രങ്ങൾ മാത്രം... അവരെ കലാപങ്ങളിലേക്ക് നയിക്കുന്നതിൽ മടിയോ, ഹൃദയ വേദനയോ ഇവർക്കാർക്കും ഉണ്ടാകുമെന്ന് കരുതുക വയ്യ....

     ത്രിപുരയിലെ പരാജയത്തോറ്റു കൂടി ഇടതു- വലതന്മാർ രാഷ്ട്രീയമായി പൂർണ്ണമായും തളർന്നു... ബിജെപി അധികാരത്തിൽ വന്നിത്ര നാളും അവർ പറഞ്ഞു പ്രചരിപ്പിച്ച മോഡി വിരുദ്ധ രാഷ്ട്രീയം ഇവിടെ വിലപ്പോകുന്നതേ ഇല്ല.... മോദിയുടെ കോട്ടും, കൂണും, യാത്രയും, ഭാര്യയും തുടങ്ങി ഇക്കൂട്ടർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു ജനങ്ങളുടെ പരിഹാസം ആവോളം കേട്ടു... നോട്ടു നിരോധനവും, ബാങ്കും തുടങ്ങിയ വിഷയങ്ങളും ജനങ്ങളിൽ വിരോധം സൃഷ്ട്ടിക്കാൻ കാരണമാകുന്നില്ല... അവസ്സാനം വന്ന GST തങ്ങളെ തുണക്കു മെന്നും അതിന്റെ തിരിച്ചടി മോദിക്ക് ഗുജറാത്തിൽ നിന്നു തന്നെ ലഭിക്കുമെന്നു പറഞ്ഞു ഉണ്ണാ വൃതമിരുന്നവർക്ക് നാരങ്ങാ നീരു കുടിക്കേണ്ടി വന്നു.. സ്വന്തം തട്ടകത്തിലെ എഴുത്തുകാരെയും, പത്രക്കാരെയും ഉപയോഗിച്ചു നടത്തിയ 'ഫാസിസ്റ്' പ്രചാരണ തന്ത്രം പൂർണ്ണമായും വടികുത്തിപ്പിരിഞ്ഞു...  സ്വന്തം രാഷ്ട്രീയവും, ആദർശങ്ങളും, പ്രത്യയ ശാസ്ത്രവും എടുത്തു വിളമ്പിയാൽ ജനം അടുത്ത ഇലക്ഷൻ കഴിഞ്ഞാലും ചിരി നിർത്തില്ല എന്ന അവസ്ഥ.... ഇത്രയും രാഷ്ട്രീയമായ അവസ്ഥയിൽ ദൈന്യത അനുഭവിക്കുമ്പോൾ ഒരു കൈത്താങ്ങാകാൻ ഇക്കൂട്ടർക്ക് പഴയ തൊഴന്മാരായ ഇസ്‌ലാമിക തീവ്രവാദികളും, മാവോയിസ്റ്റുകളും, ചൈനയും, പാകിസ്ഥാനും ഒക്കെയേ ഉള്ളൂ... പരാജയത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന ഇടതു- വലതന്മാരും, അനുചരന്മാരും ഇല്ലം ചുട്ടാലും വേണ്ടില്ല,, എലിയെ കൊന്നാൽ മതി എന്ന നിലയിലേക്ക് എത്തുമ്പോൾ ഭാരതം എന്ന മാഹാരാജ്യമാകുന്ന കൂരക്കുള്ളിൽ കഴിയുന്ന സാധാരണ പൗരന്മാരായ നമ്മളെപ്പോലെയുള്ളവർ അതിന്റെ ചൂടേൽക്കേണ്ടി വരും.....

     രാജ്യത്തു പശു രാഷ്ട്രീയം ഇളക്കിവിട്ട് സമൂഹത്തിൽ രണ്ടു ചേരി സൃഷ്ട്ടിച്ചു സംഘർഷങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചവരാണ് മോഡി വിരുദ്ധ രാഷ്ട്രീയ വിഭാഗം... അത് ഏറെക്കുറെ പരാജയപ്പെട്ടുവെങ്കിലും ചിലയിടങ്ങളിൽ ചെറിയ ചില മുറിവുകൾ സൃഷ്ട്ടിക്കുന്നതിൽ ഇക്കൂട്ടർ വിജയിച്ചിട്ടുണ്ട്.... അതെന്തൊക്കെയായാലും ശ്രീ നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താൻ ഇക്കൂട്ടർ കണ്ടെത്തിയിരിക്കുന്ന വഴി വിഘടനത്തിന്റേതാണെന്നു നമ്മൾ മനസ്സിലാക്കണം... രാജ്യത്ത് പരമാവധി വിദ്വെഷവും അതുവഴി സംഘർഷവും നിറച്ചു അതിന്റെ ഉത്തരവാദിത്വം ശ്രീ മോദിയുടെ മേൽ കെട്ടിവെച്ചു്  അദ്ദേഹത്തെ പരാജയപ്പെടുത്താനാകും എന്നാണിവർ തുടക്കം മുതൽ കണക്കു കൂട്ടിയിരുന്നത്...

     ലോങ്ങ് മാർച്ചു് എന്ന പേരിൽ പാവപ്പെട്ട കർഷക തൊഴിലാളികളെ പൊരിവെയിലത്ത് കിലോമീറ്ററുകൾ നടത്തിച്ചതാണ് അതിലെ അവസ്സാനത്തോടെ ശ്രമം... ഒരു സംഘർഷത്തെ സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന മോഡി വിരുദ്ധ ചേരി അവിടെ പരാജയപ്പെട്ടെങ്കിലും സംഘർഷം ഉറപ്പു വരുത്തുന്ന രീതിയിൽ കരുക്കൾ നീക്കാൻ അവർ സമീപ ഭാവിയിൽത്തന്നെശ്രമിക്കും... ചന്ദ്ര ബാബു നായിഡു വിന്റെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യവുമായുള്ള മുന്നണി ബഹിഷ്‌കരണം ഇതോക്കെയായി ചേർത്തു വായിക്കണം... രാജ്യത്തു മറ്റൊരു കലാപം ഉയർത്തി വിടുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെയും കാണണം... വളരെ അടുത്ത കാലത്തു തന്നെ വിഭജനത്തിന്റെ പേരിൽ സംഘർഷം നടന്ന ഒരു ഭൂമിയിൽ വീണ്ടും കലാപം ഉയർത്തി വിടാൻ എളുപ്പമാണ് എന്നവർ കണക്കു കൂട്ടുന്നു... വാജ്‌പേയ് സർക്കാരിൽ നിന്നും അവസ്സാനകാലം ഇറങ്ങി ഓടിയ ചന്ദ്ര ബാബു മുന്നണിയേക്കാൻ സ്വന്തം നിലനിലനിൽപ്പിനെ പോറ്റുന്നവനാണ് എന്ന് തെളിയിച്ചതാണ്... എന്ത് വാഗ്ദാനങ്ങളിലാണ് ചന്ദ്രബാബു കാൽ വഴുതി വീണതെന്ന് ഭാവികാല രാഷ്ട്രീയം നമുക്കു പറഞ്ഞു തരും....

     പരാജയം ഉറപ്പു വരുമ്പോൾ സ്വയം പൊട്ടിച്ചിതറിയാലും മറ്റുള്ളവർക്ക് പരമാവധി നാശനഷ്ടം ഉണ്ടാക്കണമെന്നു കരുതുന്ന ചാവേറുകളുടെ മനസ്സാണ് ഇന്ന് മോഡി വിരുദ്ധ ക്യാമ്പിനുള്ളത്... ആ മനോഭാവത്തോടെ കഴിയുന്ന കൂട്ടരെ നാം ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം... അവരുടെ വാക്കിലും പ്രവർത്തിയിലും ഒളിഞ്ഞിരിക്കുന്ന വിദ്വെഷം പകർത്തുന്ന അണുക്കളെ നാം തിരിച്ചറിയണം... അവർ കത്തിച്ചു പിടിച്ച തീപ്പന്തങ്ങൾ സ്വന്തബന്ധങ്ങൾ പോലും നോക്കാതെ സമൂഹത്തിലേക്ക്  വലിച്ചെറിയാൻ സാദ്ധ്യതയുണ്ട്.....!!

[Rajesh Puliyanethu
 Advocate, Haripad]