Friday, 28 March 2014

കുറ്റകരമായ മൌനം, കണ്ണുകെട്ടി പിന്തുണ നൽകുന്ന അടിമത്വം, വളർത്തുന്ന സ്വേശ്ചാതിപത്യം,, ഒടുവിൽ പ്രസ്ഥാനത്തിന്റെ നാശം...!!


       മതത്തിനോടോ, സമുദായത്തിനോടോ, ഒരു ആശയത്തിനോടോ, രാഷ്ട്രീയ- രാഷ്ട്രീയ ഇതര പ്രസ്ഥാനത്തോടോ ഒരു കൂട്ടം മനുഷ്യർ വിശ്വാസ്യത പുലർത്തുകയൊ, പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുമ്പോളാണ് ആ സമുദായമോ, ആശയമോ, പ്രസ്ഥാനമോ എന്തുതന്നെയായാലും ശക്ത്തമാകുന്നത്.. ഈ വിധമായ ഏതൊന്നിനെയും നമുക്ക് 'പ്രസ്ഥാനം' എന്ന വാക്കുകൊണ്ട് പ്രതിനിധീകരികാം... പ്രസ്ഥാനത്തിന്റെ ശക്ത്തി എന്നത് അതിൽ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിലും, അവരുടെ വിശ്വാസ്സത്തിന്റെ ആഴത്തിലും സമർപ്പണത്തിലും കൂടി അധിഷ്ട്ടിതമാണ്.. സമീപകാലങ്ങളിൽ പ്രസ്ഥാനത്തിന്റെ പ്രമാണിമാർക്ക് ആളുകളുടെ 'എണ്ണത്തിൽ' മാത്രമായി താല്പ്പര്യം എന്ന് കാണുന്നു... വിശ്വാസ്സികൾക്കും താല്പ്പര്യം അപ്രകാരം മാത്രമായിരിക്കുന്നു.. എണ്ണത്തെ മറ്റുള്ളവരുടെ മുൻപിൽ 'ശക്ത്തിയായി' പ്രദർശിപ്പിക്കാമെങ്കിൽ പ്രതിനിധാനം ചെയ്യുന്ന ആൾക്കാരുടെ പ്രസ്ഥാനത്തോടുള്ള സമർപ്പണമാണ് അതിന്റെ ഉൾക്കരുത്തു വർദ്ധിപ്പിക്കുന്നത്!!

       'വിലപേശൽ' എവിടെയും പ്രകടമായ സ്ഥാനം വഹിക്കാൻ തുടങ്ങിയതോടെയാണ് പ്രസ്ഥാനങ്ങളുടെ താല്പ്പര്യം എണ്ണത്തിലേക്ക് ഒതുങ്ങിയത്.. ഈ വിധം എണ്ണത്തെ മാത്രം അടിസ്ഥാനമാക്കി ഒരു പ്രസ്ഥാനത്തിന്റെ ശക്ത്തി പ്രകടിപ്പിക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ 'കാമ്പ്' നഷ്ട്ടമാകുന്നു... പകരം 'കൊമ്പ്' കിളിർക്കുന്നു!! എണ്ണത്തെ പ്രകടമാക്കി ഒരു വിഭാഗം പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്... അപ്രകാരം ഉയര്ത്തിക്കാട്ടി നേട്ടങ്ങൾ കൊയുന്നവർ പ്രസ്ഥാനത്തിന്റെ ഉടമകളായി മാറുന്നു.. അവിടെ പ്രസ്ഥാനത്തിന്റെ ഉടമകളും, പ്രസ്ഥാനത്തിന്റെ വിശ്വാസ്സികളും- അണികളും എന്നീവിധം തരം തിരിവുകൾ ഉണ്ടാകുന്നു... പ്രസ്ഥാനത്തിന്റെ നേതൃത്വവും,  വിശ്വാസ്സികളും- അണികളും ഒന്നിച്ചു ചേർന്നുകൊണ്ടുള്ള 'പ്രസ്ഥാനം' എന്നാ സങ്കല്പം അസ്തമിക്കുന്നു..

       അണികളുടെ എണ്ണം കാണിച്ചു ശക്ത്തി പ്രകടനം നടത്തി വിലപേശലുകളിൽക്കൂടി നേട്ടങ്ങൾ കൊയ്യുമ്പോൾ വിശ്വാസ്സികളും- അണികളും എന്ന വിഭാഗം വിൽക്കപ്പെടുകയാണ് ചെയ്യുന്നത്.. പക്ഷെ കണ്ടു വരുന്ന കാഴ്ച; പ്രസ്ഥാനത്തിന്റെ ഉടമകൾ ചെയ്യുന്ന എന്തുതരം കൊള്ളരുതായ്കയും പ്രസ്ഥാനത്തിന്റെ അണികളായി നില്ക്കുന്നവർ ഏറ്റുവാങ്ങുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്... തങ്ങൾ ആ പ്രസ്ഥാനത്തിന്റെ ഭാഗമായതിനാൽ ഇപ്രകാരം അവയെയെല്ലാം സംരക്ഷിക്കേണ്ട ബാദ്ധ്യത തങ്ങൾക്കുണ്ട് എന്ന നിലയിലാണ് വിശ്വാസ്സികളും- അണികളും അത് ചെയ്യുന്നത്... ഈ വിധമായ കാഴ്ചകൾ 'പ്രസ്ഥാനം' എന്ന ശീർഷകത്തിൽപ്പെടുത്തി വിവരിക്കാവുന്ന എല്ലാത്തിലും കാണാവുന്നതാണ്... അത് രാഷ്ട്രീയ പാർട്ടിയോ, സാമൂഹിക സംഘടനയോ, മത സംഘടനയോ, കലാ കായിക കൂട്ടായ്മയോ, ആദ്ധ്യാത്മിക പ്രവർത്തന സംഘടനയോ, ചാരിറ്റബിൾ കൂട്ടായ്മകളോ ഏതുമാകട്ടെ... !! 

       ഉദാഹരണമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെത്തന്നെയെടുക്കൂ... ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ആദർശമോ, പൊതുനയമോ, പ്രത്യയ ശാസ്ത്രപരമായ പ്രത്യേകതയോ അങ്ങനെ എന്തെങ്കിലുമൊക്കെ സവിശേഷമായ വസ്തുതയായിയിരിക്കും ഒരുവനെ അതിലേക്ക് ആകര്ഷിക്കുന്നത്.. ആ പ്രത്യേകതകളിലാണ് ഒരുവൻ വിശ്വസ്സിക്കേണ്ടതും പിന്തുണക്കെണ്ടതും... പിന്നീട്, താൻ കണ്ട് ആകഷിക്കപ്പെട്ട പ്രത്യേകതയിൽ നിന്നും പാർട്ടി വ്യതിചലിച്ചാൽ ആ വിശ്വാസ്സി അതിനെതിരെ ശബ്ദമുയർത്തുകയും, പ്രതികരിക്കുകയും വേണം... പകരം, ഒരിക്കൽ തന്നെ ഈ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി മറ്റുള്ളവർ കണ്ടതല്ലേ, അതിനാൽ ഈ രാഷ്ട്രീയ പാർട്ടിയോ നേതാക്കളോ ചെയ്യുന്നതും പറയുന്നതും പിന്താങ്ങേണ്ടതും സമൂഹമദ്ധ്യത്തിൽ അതിനുവേണ്ടി യുദ്ധം ചെയ്യേണ്ടതും തന്റെ കർത്തവ്യമായി കാണേണ്ട ആവശ്യമില്ല...

       ഒരു പ്രസ്ഥാനത്തിൽ ഇരുൾ വീഴാതെ പോകുന്നതിന് അതിന്റെ വിശ്വാസികളിൽ നിന്നും ചോദ്യം ചെയ്യലുകൾ നേതൃത്വത്തോട് ഉയരേണ്ടതുണ്ട്... അത് അച്ചടക്ക രാഹിത്യമാകുന്നില്ല... ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് ഉയര്ത്തുന്ന പ്രത്യയ ശാസ്ത്രപരമായ ഒരു നിലപാടിനെ പിന്തുണക്കാം.. പക്ഷെ ആ നേതാവ് ഉൾപ്പെടുന്ന അഴിമതിക്കേസ്സിലോ, പീഡനക്കേസ്സിലോ, കൊലപാതകക്കേസ്സിലോ എന്തിന് അയാളെ പിന്തുണക്കണം?? അപ്രകാരം പിന്തുണച്ച് എന്തിനു പാർട്ടി ആകമാനം പ്രതിസ്ഥാനത്തു നില്ക്കണം?? പ്രഖ്യാപിത നയ വ്യതിയാനം സംഭവിക്കുകയോ, നേതാവ് സ്വാർഥലാഭത്തിനായി പ്രവർത്തിക്കുകയോ ചെയ്‌താൽ അയാളെ ഒറ്റപ്പെടുത്തുന്ന സാമൂഹിക അന്തരീക്ഷം ഉയർന്നു വന്നാൽ മാത്രം മതി, സമൂഹത്തിൽ കുറെയേറെ അന്ധകാരം ഒഴിയാൻ!!

       പ്രസ്ഥാനത്തിന്റെ ശക്ത്തിയായ അണികൾ തങ്ങളുടെ മൂല്യം തിരിച്ചറിയാതെ പോകുന്നതാണ് ഇത്തരം അന്ധമായ പിന്തുണക്കലുകൾക്ക് കാരണം... ഇത്തരം പിന്തുണക്കലുകളിൽ അണികൾ തങ്ങളുടെ മനസ്സാക്ഷിയെക്കൂടി വഞ്ചിക്കുകയാണെന്നെ പറയാൻ കഴിയൂ.. കാരണം അവർ തങ്ങളുടെ മനസ്സാക്ഷിക്ക് എതിരായാണ് ഇത്തരം അന്ധവും നിന്ദ്യവുമായ പിന്തുണ നേതൃത്വത്തിന് നൽകുന്നത്.. സ്വയം അപഹാസ്യരാകുന്നു എന്ന മാനസ്സികവശം കൂടി അതിലുണ്ട്.. അന്ധരായ, വിവേചന ബുദ്ധിയില്ലാത്ത വിശ്വാസ്സികളെ പ്രസ്ഥാന ഉടമസ്ഥർ നിന്ദയോടെ മാത്രമേ കാണൂ..!

      പ്രസ്ഥാനങ്ങളിൽ ഇരുൾ വീഴ്ത്തുന്ന ഇത്തരം പിന്തുണക്കൽ കർമ്മത്തിൽ നിന്നും പുനർ ചിന്തനത്തിന് വഴിമരുന്നിടെണ്ടതും അണികളാണ്.. നേതൃത്വത്തിൽ നിന്നും അതിനായുള്ള ഉത്ബോധനങ്ങൾ ഒരിക്കലും ഉണ്ടാകില്ല.. ഏതൊരു പ്രസ്ഥാനത്തിൽ നിന്നും!! കാരണം പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത് വരുതിയിൽ നിർത്തി സ്വന്തം താല്പ്പര്യത്തിനനുസ്സരിച്ചു വിലപേശൽ നടത്തുന്നതിനുള്ള സാദ്ധ്യത അതോടെ പ്രസ്ഥാന ഉടമകൾക്ക് നഷ്ട്ടപ്പെടും.. 

       പ്രസ്ഥാന ഉടമകൾക്ക് അണികൾ നൽകുന്ന, വിശകലം ചെയ്യാത്ത പിന്തുണയാണ് ഏതൊരു പ്രസ്ഥാനത്തിലും സ്വേശ്ചാതിപത്യത്തെ കൊണ്ടുവരുന്നത്... ഒരു പ്രസ്ഥാനത്തിന്റെ ഉടമ - ഒരു പ്രസ്ഥാനത്തിന്റെ അണികൾ എന്ന നിലയിൽ വ്യക്ത്തമായ വെർതിരിവിന് അത് കാരണമാകുന്നു.. - ഒരുതരം അടിയോൻ ഉടയോൻ ബന്ധം-..! വിശകലം ചെയ്യാതെ ലഭിക്കുന്ന പിന്തുണ ഒരു അവകാശമായും, അണികൾ അപ്രകാരം തന്നെയാണ് പെരുമാറേണ്ടത് എന്ന നിലയിലുള്ള നിലപാടുകൾ പ്രസ്ഥാന ഉടമകളും സ്വീകരിക്കുന്ന ഒരു പൊതു പ്രവർത്തന ശൈലി രൂപീകൃതമാകുന്നു... നമ്മുടെ രാജ്യത്ത് നിലവിലുള്ള പ്രസ്ഥാനങ്ങളിൽ ഭൂരിപക്ഷത്തിനും അപ്രകാരം ജനാധിപത്യ സ്വഭാവം നഷ്ട്ടപ്പെട്ട് സ്വേശ്ചാദിപത്യമുഖം വന്നു കഴിഞ്ഞു...   

       രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രം ഊന്നിയല്ല ഇത്തരം കാഴ്ചപ്പാടുകൾ നിലനിൽക്കുന്നത്... ഒന്നിലധികം ആൾക്കാർ അംഗങ്ങളായി വരുന്ന എല്ലാ പ്രസ്ഥാനങ്ങളിലും ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നു... വിശകലം ചെയ്യാത്ത പിന്തുണ തങ്ങൾ കണ്ണടച്ച് ഇരുട്ടാക്കി പിന്തുണ നല്കുന്ന പ്രസ്ഥാനത്തെ നശിപ്പിക്കുന്നു എന്നുകൂടി കാണേണ്ടതുണ്ട്... വിമർശനങ്ങൾക്ക് വിധേയമാകാതെ സ്വേശ്ചാദിപത്യ സ്വഭാവം കൈവരുന്ന പ്രസ്ഥാനം പിന്നീട് പൊതു സമൂഹത്തിനു പുൻപിൽ ചോദ്യചിഹ്ന്നമാകുന്നു... വിശ്വാസ്സിക്ക് ചോദ്യങ്ങൾ ഉയർത്തി പ്രസ്ഥാനത്തെ തിരുത്താൻ സാധിക്കുമായിരുന്നെങ്കിൽ, പൊതു സമൂഹം ആ ചോദ്യം കുറ്റപ്പെടുത്തലായി ഉയർത്തുമ്പോൾ അത് പ്രസ്ഥാനത്തിന്റെ നാശത്തിലേക്കെ നയിക്കൂ!! തന്റെ നേതാവിന്റെ ഇക്കിളിക്കഥകളിലെ കുളിരുപോലും സ്വന്തം സിരകളിലേക്ക് ആവാഹിച്ച് കൊൾമയിൽ കൊള്ളുന്ന 'രസികൻ' സംസ്ക്കാരം നിലനിൽക്കുന്നിടത്തോളം കാലം പ്രസ്ഥാനങ്ങളിലെ ജനാധിപത്യപരമായ വിമർശനങ്ങൾ വിദൂരതയിൽത്തന്നെ ആയിരിക്കും!!


[Rajesh Puliyanethu
 Advocate, Haripad]

Monday, 24 March 2014

സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ നിലപാട് മാറ്റം തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിക്ക് ഗുണകരമോ?? ഇടതു- വലതു രാഷ്ട്രീയ കാലാവസ്ഥകൾ മാറിമറിഞ്ഞ്!!


       കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികൾക്ക് മേൽക്കൈയോടെതന്നെയാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതെന്ന് ആരും സമ്മതിക്കും... കരള സംസ്ഥാന സര്ക്കാരുകളുടെ അഴിമതി കഥകൾ, സരിതയും UDF നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധ കഥകൾ, മുഖ്യമന്തി- സലിം രാജ് ആത്മബന്ധം, പോലീസ് അതിക്രമങ്ങൾ, അമിതമായ വിലക്കയറ്റം, കോണ്ഗ്രസ്സ് പാർട്ടിയിലെ നിങ്യമായ ഗ്രൂപ്പ് പടലപ്പിണക്കങ്ങൾ,  ആരെയും ലജ്ജിപ്പിക്കുന്ന ന്യൂനപക്ഷ പ്രീണനം അങ്ങനെ പോകുന്നു കൊണ്ഗ്രെസ്സ് സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതിനുള്ള കാരണങ്ങൾ... കൊണ്ഗ്രെസ്സ് പ്രവർത്തകർ  'UDF ഇത്തവണ പച്ച തൊടില്ല' എന്ന അടക്കം പറച്ചിലും, പൊതുവായി പുലഭ്യം പറച്ചിലും കേള്ക്കാൻ തുടങ്ങി...

    സമരങ്ങളിൽ  ലഭിച്ച പരാജയങ്ങളെല്ലാം വിജയങ്ങളായി പ്രഖ്യാപിച്ച്     കമ്യുണിസ്റ്റ് മാർസിസ്റ്റ് പാർട്ടികളും ഭരണ പക്ഷത്തിന്റെ യോജിച്ച എതിർപക്ഷമായി... എങ്കിലും ഭരണ പക്ഷത്തിന്റെ കെടുകാര്യസ്ഥതയിലും, അഴിമതിയിലും പ്രതിപക്ഷത്തിന്റെ പരാജയങ്ങളെ അധികമാരും ശ്രദ്ധിച്ചില്ല... വീണുകിട്ടിയ വിജയം പോലെ ലാവലിൽ കേസ്സിൽ സഖാവ് പിണറായി വിജയനെ കുറ്റവിമുക്തനുമായി പ്രഖ്യാപിച്ചു... കേരളത്തിലെ മുഴുവൻ പാർളമെൻറ് സീറ്റുകളിലും വിജയം ആഘോഷിക്കാൻ ഇടതുപക്ഷം കച്ചമുറുക്കിത്തന്നെയിരുന്നു... കേന്ദ്രത്തിൽ എത്ര MP മാരെ കൊണ്ഗ്രസ്സിനു സംഭാവന ചെയ്യാൻ കഴിയുമെന്നു ഇടതുപക്ഷ നേതാക്കന്മാർ അരണ്ട വെളിച്ചത്തിലിരുന്നു ചർച്ചയും നടത്തി... ഭാവിയിൽ ലംഘിക്കാനുള്ള പൊതുമിനിമം പരിപാടികൾക്ക് വരെ അവർ രൂപം നൽകി.. അപ്പോഴും ടി പി ചന്ദ്രശേഖരന്റെ രക്തക്കറ സിപിഎം ന്റെ മേൽ നിന്നും മാഞ്ഞു പോയിരുന്നില്ല...

       സിപിഎം ന് അനുകൂലമായി നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷത്തിൽ വിള്ളൽ വരുത്തിയത് പ്രധാനമായും ടി പി ചന്ദ്രശേഖരന്റെ കൊലപാതകികൾക്കെതിരെ വന്ന കോടതി വിധിയോടെയാണ്!! കൊടിസുനി അടക്കമുള്ളവർക്ക് നല്കിയ രാഷ്ട്രീയ- നിയമ പരിരക്ഷ, അപ്പീൽ നൽകുമെന്ന് സിപിഎം നേതാക്കൾ നടത്തിയ പരസ്യ പ്രസ്ഥാവനകൾ, വിധിക്കുശേഷവും ടി പി ക്കുനേരെ നടത്തിയ ആക്രോശങ്ങൾ, ഭർത്താവിന്റെ ഘാതകരെ ശിക്ഷികണമെന്ന് ആവശ്യപ്പെട്ട് ഒരു വിധവ നടത്തിയ സമരങ്ങൾക്ക് നേരേ പാര്ട്ടി നടത്തിയ പരിഹാസ്സങ്ങൾ, [[കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!]] ഇതിനെല്ലാം പുറമേ സിപിഎം ൻറെ മാനസ്സപുത്രന്മാരും വീര സഖാക്കളുമായ കൊടിസ്സുനി, മനോജ്‌ തുടങ്ങിയ കോടതി ശിക്ഷിച്ചു ജയിലിലടച്ച ക്രിമിനലുകളുടെ ശരീരം നുള്ളിനോവിച്ചതിൽ വിറപൂണ്ടു പോളിറ്റ് ബ്യൂറോ അംഗം വരെ പറന്നെത്തി നടത്തിയ പ്രകടനങ്ങൾ... സിപിഎം നേതാക്കൾക്കെതിരെയുള്ള ധാർഷ്ട്യം, മുതലാളിത്തപ്രേമം തുടങ്ങിയ പതിവ് ആരോപണങ്ങൾ UDF ഭരണത്തിലെ കൊള്ളരുതായ്മയിൽ മുങ്ങിത്തുടങ്ങിയിരുന്നെങ്കിലും ഇവയൊന്നും പൊതുസമൂഹത്തിന് ദഹിക്കത്തക്കതായിരുന്നില്ല.. നമോ വിചാർ മഞ്ചുകാരെ രക്തഹാര മണിയിച്ചു സ്വീകരിക്കുക, CMP യെ കൂടെ ചേർക്കാൻ തീരുമാനിക്കുക എന്നിവ കൂടി ആയപ്പോഴേക്കും സിപിഎം രക്തസാക്ഷികളെക്കൂടി വഞ്ചിചൂ എന്ന പൊതുസംസ്സാരം രൂപപ്പെട്ടു... 

       പാർട്ടിയിൽ ഒരു വിരുദ്ധ ശബ്ദമായി നിന്നിരുന്ന വി സ്സ് മാത്രമായിരുന്നു ഇത്തരം സിപിഎം തീരുമാനങ്ങളിൽ സിപിഎം നോട് ആഭിമുഖ്യമുണ്ടായിരുന്ന പൊതുസമൂഹത്തിന്റെ ആശ്വാസ്സം.. വി സ്സ്നു പിന്തുണ നൽകിക്കൊണ്ടായിരുന്നു, കമ്യുണിസ്റ്റ് പ്രസ്ഥാനം എടുക്കേണ്ട നിലപാട് എന്ത് എന്നത് ആ വിഭാഗക്കാർ പ്രകടിപ്പിച്ചിരുന്നത്.. ആ പിന്തുണ സിപിഎം നു പൊതുവായ രാഷ്ട്രീയ പിന്തുണയായും വോട്ടായും പരിണമിച്ചിട്ടുണ്ട്.. കഴിഞ്ഞ നിയമസ്സഭാതെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലത്തിലും മത്സ്സരിച്ച സ്ഥാനാർഥി സഖാവ് വി. സ്സ് അച്ചുതാനന്ദൻ  ആയിരുന്നുവെന്നു പത്രക്കാർ പറഞ്ഞതും അതിനെ ശരിവെയ്ക്കുന്ന തരത്തിൽ കേരളത്തിലുടനീളം ഇടതുപക്ഷ സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡുകളിൽ വി സ്സ് അച്ചുതാനന്ദന്റെ പടം സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു... തെരഞ്ഞെടുപ്പു ഫലത്തിൽ ഇടത് അനുകൂല പ്രതിഫലനവും വി സ്സ് ഇഫ്ഫെക്റ്റിനുണ്ടായി...

       ന്യൂ ജെനെറേഷൻ കമ്മ്യുണിസ്റ്റുകൾക്ക് മാത്രമായിരുന്നു സഖാവ് വി. സ്സ് അച്ചുതാനന്ദൻറെ നിലപാടുകൾ ആലോസ്സരത സൃഷ്ട്ടിച്ചിരുന്നിരുന്നതെങ്കിൽ അദ്ദേഹത്തിൻറെ നിലപാടുകൾ പൊതുവെ പാർട്ടിക്ക് ഗുണകരമായിരുന്നു.. കമ്മ്യുണിസ്റ്റുപാര്ട്ടിയുടെ അടിസ്ഥാനതത്വങ്ങളെ ഇഷ്ട്ടപ്പെട്ടിരുന്നവർ സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ നിലപാടുകളെ പിന്താങ്ങുകയും അതുവഴി പാർട്ടിക്ക് പിന്തുണയാകുകയും ചെയ്തിട്ടുണ്ട്.. പ്രത്യേകിച്ചു പൊതു പ്രവർത്തന രംഗത്തില്ലാത്ത നിഷ്പക്ഷമതികളും, പാർട്ടി അനുഭാവികളും..!! അത്തരം ജനവിഭാവങ്ങൽക്കിടയിൽ സഖാവ് വി. സ്സ് അച്ചുതാനന്ദന്റെ മലക്കം മറിച്ചിൽ നിലപാടുകൾ അസ്സഹിഷ്ണുത സൃഷ്ട്ടിക്കുകയും അതുവഴി ബാലറ്റ് പേപ്പറിൽ ഇടതുപക്ഷ വിരുദ്ധ വോട്ടായി പരിണമിക്കാനും ഇടയുണ്ട്... സഖാവ് വി സ് അച്യുതാനന്ദൻ... ആധുനിക കാലത്തെ പീറ്റർ അപ്പോസ്തലൻ !!

       ഭരണപക്ഷത്തിന്റെ നെറികേടുകളെ മാത്രം മനസ്സിൽ വെച്ച് പോളിംഗ് ബൂത്തിലേക്ക് വോട്ടർമാരെ അയക്കാത്ത ഇടതുപക്ഷ നിലപാടുകൾക്ക് നന്ദി പറയേണ്ടതുണ്ട്.. സ്ഥാനാർഥി നിർണ്ണയത്തിലും വിമർശനങ്ങൾ ഇരു മുന്നണികളിൽ നിന്നും ഉയരുന്നു.. എന്തായാലും പ്രവചനത്തിന് അതീതമായ ഒരു തെരഞ്ഞെടുപ്പു ഗെയിം മലയാളികൾക്ക് ഒരുക്കിത്തന്ന ഇരു ചേരികൾക്കും നല്ല നമസ്ക്കാരം തന്നെ പറയണം... കേരളത്തിൽ നടകുന്നത് ഇടതു- വലതു സൌഹൃദ മൽസ്സരങ്ങളാണെന്നും വടക്കോട്ട്‌ വിമാനം കയറുമ്പോൾ എല്ലാം ഒന്നായി മാറുമെന്ന് അറിയാമെങ്കിലും കേരളക്കര ഒന്നാകെ പോളിംഗ് ബൂത്തിൽ പോവുകയും വഴിപാടെന്നപോലെ വോട്ടു ചെയ്യുകയും ചെയ്യും... അതുവരെ തെരഞ്ഞെടുപ്പിന്റെ ആവേശത്തിരമാലകൾ ഉയർന്നുതന്നെ നിൽക്കട്ടെ...


[Rajesh Puliyanethu
 Advocate, Haripad]

Saturday, 22 March 2014

സഖാവ് വി സ് അച്യുതാനന്ദൻ... ആധുനിക കാലത്തെ പീറ്റർ അപ്പോസ്തലൻ !!


       കമ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും നയവ്യതിയാനങ്ങൾക്കും ഒരു അപവാദമായി കേരള രാഷ്ട്രീയം കണ്ടിരുന്ന വ്യക്തിയാണ് സഖാവ് വി സ് അച്യുതാനന്ദൻ.. പാര്ട്ടിക്ക് പോലും എതിരെ  നിന്നുകൊണ്ട് നീതിക്കുവേണ്ടിയും , അഴിമതിക്കെതിരെയും പോരുതുന്ന വ്യക്തിത്വം.. പാർട്ടിയിൽ നിന്നു തന്നെ അച്ചടക്ക നടപടികൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടും ധീരമായ നിലപാടുകളിൽക്കൂടി മുൻപോട്ടു പോകുന്ന, പ്രായം തളർത്താത്ത വിപ്ലവകാരി.. അന്ന്യം നിന്നു നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന  മുതലാളിത്തവിരുദ്ധ കമ്യുണിസ്സത്തിന്റെ വക്ത്താവ്.. അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പേടിസ്വപ്നം...   CPM ന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേഒരാൾ... അങ്ങനെ പോകുന്നു  സഖാവ് വി സ് അച്യുതാനന്ദന് ഇതര കമ്യുണിസ്റ്റുകളിൽ നിന്ന് ഉന്നതമായി ജനങ്ങള് നൽകിയ സ്ഥാനത്തിന്റെ കാരണങ്ങൾ....

        സഖാവ് വി സ് അച്യുതാനന്ദനിൽ ജനങ്ങള് അര്പ്പിച്ച വിശ്വാസ്സത്തിനു കാരണം  അദ്ദേഹം കമ്യുണിസ്സത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു എന്നു കണ്ടാണ്... അദ്ദേഹത്തിൻറെ നിലപാടുകൾ പൊതു ജനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നു എന്ന് കണ്ടാണ്‌ മാധ്യമങ്ങൾ അവയ്ക്ക് വലിയ   പ്രാധാന്യവും നൽകിയത്... അഴിമതിക്കെതിരെയും, സ്ത്രീ പീഡനങ്ങൾക്കെതിരെയും പൊതുജനം ഒരു കമ്യുണിസ്റ്റിൽ നിന്നും പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിൽ നിന്നും ഉണ്ടായി എന്നതാണ് ഇതിനൊക്കെ കാരണം.. പാർട്ടിക്കുള്ളിൽത്തന്നെ കമ്യുണിസ്സത്തിൽ വിശ്വസ്സിക്കുന്ന ഒരു വിഭാഗം  സഖാവ് വി സ് അച്യുതാനന്ദനോടൊപ്പം നിൽക്കാൻ കാരണവും അതുതന്നെ... കേരള CPM ൽ ഓൾഡ്‌ ജനറേഷൻ കമ്യുണിസ്സവും ന്യൂ നറേഷൻ കമ്യുണിസ്സവും പ്രകടമാകുന്നതിന് കാരണമായതും ഇതൊക്കെത്തന്നെ... ന്യൂ നറേഷൻ കമ്യുണിസ്റ്റുകൾ കരുത്തന്മാർ ആയിരുന്നിട്ടുതന്നെ സഖാവ് വി സ് അച്യുതാനന്ദൻറെ നിലപാടുകൾ ആർക്കും തമസ്ക്കരിക്കാൻ കഴിയാത്തവയായി... 

       സഖാവ് പിണറായി വിജയനും അനുചരന്മാരും നയിച്ചുവരുന്ന ന്യൂ നറേഷൻ കമ്യുണിസ്റ്റുകളുടെ പലനിലപാടുകൾക്കെതിരെ വി സ് എടുത്ത നിലപാടുകൾക്കും  പൊതുജനപിന്തുണ ലഭിച്ചു..  സഖാവ് പിണറായി വിജയനെ വ്യക്തിപരമായി ബാധിക്കാനിടയുണ്ടായിരുന്ന ലാവലിൻ കേസ്സിൽ പോലും വി സ് എതിർ നിലപാടെടുത്തു.. തന്റെ ശത്രുവിന്റെ വലിപ്പം തന്റെ വലിപ്പത്തെയും വർദ്ധിപ്പിക്കുമെന്ന് പറയുന്നതു ശരിവെയ്ക്കും വിധം വി സ് തന്റെ ശത്രുക്കളെക്കാൾ കരുത്തനായി ജനമനസ്സുകളിൽ നിലകൊണ്ടു... സഖാവ് പിണറായി വിജയൻ, ജയരായത്രയം, ബാലകൃഷ്ണ പിള്ള, കുഞ്ഞാലിക്കുട്ടി, സാൻറിയാഗോ മാർട്ടിൻ, ഫാരിസ് അബൂബേക്കർ, ഫയാസ് അങ്ങനെ തുടരുകയായിരുന്നെല്ലോ വി സ് ന്റെ കരുത്തരായ ശത്രുനിര!! 

       പാർട്ടിയിൽ ഒറ്റയാൾ പോരാട്ടങ്ങൾ നടത്തി വരവേ പാർട്ടിയെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കിയ വി സ് നിലപാടുകൾ ലാവലിൽ കേസ്സ്, ടി. പി ചന്ദ്രശേഖരൻ വധം എന്നിവ അനുഭന്ധിച്ചുള്ളവയായിരുന്നു.. ലാവലിൽ കേസ്സിൽ ശിക്ഷിക്കപ്പെട്ട് പിണറായി പ്രതാപത്തിന് അറുതി വന്നുകൊള്ളും എന്ന് വി സ് കരുതിയിട്ടുണ്ടാകണം... കാരണം ലാവലിൻ കേസ്സിൽനിന്ന് പിണറായിയെ കുറ്റവിമുക്തനാക്കിയപ്പോൾ മുതലുള്ള അദ്ദേഹത്തിൻറെ കീഴടങ്ങൽ നയം അതാണ്‌ സൂചിപ്പിക്കുന്നത്... എന്തായാലും വി സ് ന്യൂ നറേഷൻ കമ്യുണിസ്റ്റുകൾക്ക് കീഴടങ്ങി എന്ന്; വി സ് ൻറെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാൽ 'അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും'...

       ലാവലിൻ കേസ്സ് ജനമനസ്സുകളിൽ പലതിലോന്നായ ഒരു അഴിമതിക്കേസ് മാത്രമായിരുന്നുവെങ്കിൽ ടി. പി ചന്ദ്രശേഖരൻ വധം ജീവൻ തുടിക്കുന്ന ഏതൊരു മനസ്സിന്റെയും വൈകാരിക ഭാവമായിരുന്നു...  പലതിലോന്നായ ഒരു അഴിമതിക്കേസ് എന്നതുപോലെ, പലതിലോന്നായ ഒരു രാഷ്ട്രീയ കൊലപാതകക്കേസ്സ് എന്ന് മാത്രം അതിനെ കാണാൻ കഴിയുമായിരുന്നില്ല...  സഖാവ് വി സ് അച്യുതാനന്ദനും ആ വൈകാരിക ഭാവത്തോടെതന്നെ ടി. പി ചന്ദ്രശേഖരൻ വധത്തെ കണ്ടിരുന്നു വെന്നാണ് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നത്.. ലാവലിൻ കേസ്സിൽ കണ്ടിരുന്ന രാഷ്ട്രീയ ലാക്കായിരുന്നു ടി പി വധത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് ഇപ്പോഴും കരുതുക വയ്യ.. ടി. പി ചന്ദ്രശേഖരൻ എന്ന മനുഷ്യനോട് മനസ്സിൽ സ്നേഹം സൂക്ഷിച്ചുകൊണ്ടുതന്നെ സ്വന്തം നിലനിൽപ്പിനായി അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവന്നെ ഞാൻ കരുതുന്നുള്ളൂ... 

        സഖാവ് വി സ് അച്യുതാനന്ദന്റെ ഈ അവസ്ഥ കാണുമ്പോൾ ഒരു ബൈബിൾ കഥയാണ്‌ ഓർമ്മ വരുന്നത്...

       അവസ്സാന അത്താഴവേളയിൽ പീറ്റർ യേശുവിനോടു പറഞ്ഞു.. ' പ്രഭോ, അങ്ങയോടൊപ്പം തടവറയിലെക്കോ, മരണത്തിലേക്കോ വരുവാൻ ഞാൻ സന്നദ്ധനാണ്'.. യേശു അതുകേട്ട് മറുപടിനൽകി: ' പീറ്റർ ഞാൻ നിന്നോടു പറയുന്നു കോഴി രണ്ടുതവണ കൂവുന്നതിനു മുൻപ് നീ മൂന്നുതവണ എന്നെ തള്ളിപ്പറയും'... അത്താഴത്തിനു ശേഷം യേശു പൂന്തോട്ടത്തിലിരുന്നു പ്രാർഥിച്ചു.. പീറ്റർ ഉറങ്ങി.. അന്നു രാത്രി യൂദാസ് മുപ്പതു വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്തു... അവർ ദൈവപുത്രനെ അടിച്ചവശനാക്കി ബന്ധനസ്ഥനാക്കി പുരോഹിതന്റെ മുൻപിൽ കൊണ്ടുചെന്നു... പീറ്റർ തളർന്നു പോയി.. തൊഴില്കാർ തീകൂട്ടി തണുപ്പകറ്റുന്നിടത്ത് അയാളും പോയിരുന്നു തീകാഞ്ഞു... ഒരു തൊഴില്കാരത്തി അദ്ദേഹത്തെ കണ്ടിട്ട് പറയുകയുണ്ടായി. 'ഈ മനുഷ്യനും യേശുവിനൊപ്പം ഉണ്ടായിരുന്നു'.. പീറ്ററേയും ശിക്ഷിക്കേണ്ടതാണ് എന്നാണവൾ ഉദ്ദേശിച്ചത്... തൊഴില്കാർ സംശയത്തോടെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: 'എനിക്ക് യേശുവിനെ അറിഞ്ഞുകൂടാ'. കുറച്ചു കഴിഞ്ഞപ്പോൾ, പീറ്ററെ യേശുശിഷ്യൻ എന്ന് മനസ്സിലാക്കിയ ഒരുത്തൻ പറഞ്ഞു: 'നീയും അവനോടു കൂടി ഉണ്ടായിരുന്നു'. പീറ്റർ അതും നിഷേധിച്ചു.. മൂന്നാമത്തെ തവണ മറ്റൊരുവൻ ചോദിച്ചു: 'നീ അവനോടൊപ്പം പൂന്തോട്ടത്തിൽ ഉണ്ടായിരുന്നില്ലേ?' പീറ്റർ അതും നിഷേധിച്ചു... ഇതിനു ശേഷം കോഴി കൂവുന്നത് കേൾക്കാമായിരുന്നു!! യേശു തന്നോടു പറഞ്ഞത് പീറ്റർ ഓർത്തു.. അദ്ദേഹം അവിടെ നിന്നും മാറിനിന്ന് വിലപിച്ചു... നിശബ്ദതയിൽ നിന്ന് വിലപിച്ച അദ്ദേഹത്തിൻറെ വിലാപം ആർക്കും കേൾക്കുവാൻ കഴിയുമായിരുന്നില്ല...   

       ലാവലിൻ കേസ്സിലെ വി സ് ന്റെ നിലപാടുമാറ്റങ്ങളെ കേവലം രാഷ്ട്രീയ നിലപാടുകളായി കാണാം.. പക്ഷെ ഒരു മനുഷ്യന്റെ, അതും വി സ് നു വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നവന്റെ നിഷ്ട്ടൂര കൊലപാതകത്തിനോട് കൂടിയുള്ള നിലപാട് മാറ്റി, ന്യൂ നറേഷൻ കമ്യുണിസ്സത്തിന് അദ്ദേഹം കീഴ്പ്പെട്ടത്‌ അപലപനീയമാണ് എന്നതിനപ്പുറം അദ്ദേഹത്തിൻറെ നിലപാടുകൾക്ക്  പിന്തുണ നല്കി പാര്ട്ടിക്കകത്തും പുറത്തും നിന്നവരോടുള്ള ചതിയുമായിപ്പോയി... ചന്ദ്രശേഖരന്റെ വിധവയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം നല്കിയ പിന്തുണ എവിടെപ്പോയി?? കഴിഞ്ഞ ദിവസ്സങ്ങളിൽ സഖാവ് വി സ് അച്യുതാനന്ദൻ കൈക്കൊണ്ട കീഴടങ്ങൽ നടപടികൾ അദ്ദേഹത്തെ ഒരു വെറും രാഷ്ട്രീയക്കാരൻ എന്ന നിലയിലേക്ക് തരം താഴ്ത്തി... പോളിറ്റ് ബ്യൂറോയിൽ നിന്നും തരം താഴ്ത്തിയപ്പോഴും ജനഹൃദയങ്ങളിൽ അദ്ദേഹം ജ്വലിച്ചുതന്നെ നിന്നിരുന്നു... പക്ഷെ കീഴടങ്ങലിൽക്കൂടി അദ്ദേഹം നേടാനോ നിലനിർത്താനോ പോകുന്ന സ്ഥാനമാനങ്ങൾക്ക്‌ ജനമനസ്സുകളിലെ സ്ഥാനത്തോളം വിലയുണ്ടാകില്ല...

       പീറ്റർ കർത്താവിനെ തള്ളിപ്പറഞ്ഞത് കാരാഗ്രഹ വാസ്സത്തിൽ നിന്നോ, മരണത്തിൽ നിന്നോ രക്ഷപ്പെടുന്നതിനായിരുന്നെങ്കിൽ  സഖാവ് വി സ് അച്യുതാനന്ദൻ ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങൾ നേടാനോ സംരക്ഷിക്കാനോ വേണ്ടിയാണ്... അങ്ങനെയെങ്കിൽ പീറ്റർ കർത്താവിനെ തള്ളിപ്പറഞ്ഞതിലും വലിയ തെറ്റാണ് സഖാവ് വി സ് അച്യുതാനന്ദൻ ചെയ്തിരിക്കുന്നത്.. ടി പി ചന്ദ്രശേഖരന്റെ മരണത്തിൽ അദ്ദേഹം കണ്ണുനീർ പൊഴിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസ്സരിച്ചുള്ള മുതലെടുപ്പിനല്ലായിരുന്നു വെങ്കിൽ അദ്ദേഹം തീർച്ചയായും അതിൽ ദു:ഖിക്കുന്നുണ്ടാകും... പീറ്റർ ചെയ്തത് പോലെ നിശബ്ദതയിലെങ്കിലും വിലപിക്കാനുള്ള മനസ്സുണ്ടായാൽ മനുഷ്യത്വം നശിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താം..... സ്വയമെങ്കിലും....!!

കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!



[Rajesh Puliyanethu
 Advocate, Haripad]


  

Thursday, 20 March 2014

വി. ടി ബെൽറാമും, ഇടയന്മാരും, കുഞ്ഞാടുകളും ഏതോ നികൃഷ്ട ജീവിയും!!



       കേരള രാഷ്ട്രീയം തുടരെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'സാമുദായിക സംഘടനകൾക്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനവും, പങ്കാളിത്തവും' എന്നാ വിഷയം... മുഖ്യധാരാ രാഷ്ട്യീയ പ്രസ്ഥാനങ്ങളെല്ലാം തന്നെ സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല എന്ന പൊതു നിലപാട് എടുക്കുകയും എന്നാൽ ഒളിഞ്ഞു നിന്നുകൊണ്ട് അവരുടെ പിന്തുണയ്ക്കായി  പിൻവാതിലിൽക്കൂടി കടന്നുചെന്ന് സാമുദായിക നേതാക്കളുടെ കാൽതൊട്ട്‌ അനുഗ്രഹം വാങ്ങുന്ന കാഴ്ചകളും നമ്മൾ കാണുന്നു...  ഇത്തരം സന്ദർശനങ്ങളെ തങ്ങളുടെ മര്യാദകളായി വ്യഖ്യാനിക്കുകയും ചെയ്യുന്നു... സാമുദായിക നേതാക്കളെ മാനിക്കുന്നതിന്റെ ഭാഗമായി ഇത്തരം സന്ദര്ശനങ്ങളെ നമുക്ക് കാണാം... അവിടെ ആ മര്യാദ തിരികെ നൽകാനുള്ള ബാദ്ധ്യത മത- സാമുദായിക നേതാക്കൾക്കുമുണ്ട്..

       സമുദായത്തിന്റെ പേരിൽ സംഘടിച്ചു നിന്നുകൊണ്ട് രാഷ്ട്രീയ വിലപേശൽ എന്ന തന്ത്രം ലോകം മുഴുവൻ നിലനിൽക്കുന്നുണ്ട്.. അതിന്റെ രേഖകൾ കാലപ്പഴകം ചെന്ന ചരിത്ര പുസ്തകങ്ങളിലും നമുക്ക് കാണാം... പാശ്ചാത്യ രാജ്യങ്ങളിൽ കത്തോലിക്കാ സഭകൾ ഇടപെട്ട് ഭരണം നടത്തിയിരുന്നതും, ഇങ്ങു കേരളത്തിലെ നാട്ടുരാജ്യ ഭരണങ്ങളിൽ ബ്രാമണ- നായർ സമുദായങ്ങൾ ഇടപെട്ടിരുന്നതും ഒരേ രീതിയിലെ സാമൂഹിക ശക്തികളുടെ വിഭിന്നമായ ഇടപെടലുകൾ ആയിരുന്നു... സംസ്ക്കാരത്തിനും, ചുറ്റുപാടുകൾക്കും അനുസൃതമായി ചില വ്യത്യസ്തതകൾ കാണാമായിരുന്നു എന്നു മാത്രം.. അവിടെയെല്ലാം മതവും, സമുദായവുമാണ് സ്വാധീന ശക്തികൾ... ഭാരതത്തിന്റെ ആകമാനമായ ചരിത്രം പരിശോധിച്ചാലും ഭരണത്തിലും, ചരിത്രപരമായ പല തീരുമാനങ്ങളിലും മതവും സാമൂഹിക സംഘടനകളും വ്യക്തമായ സ്വാധീനങ്ങൾ ചെലുത്തിയിട്ടുള്ളതായി കാണാം.. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സാമുദായിക- മത സംഘടനകൾ പ്രത്യേക കൂട്ടങ്ങളായി നിന്നുകൊണ്ട് വൈദേശിക ശക്തികളെ നേരിട്ടിട്ടുണ്ട്...

       സാമുദായിക- മത സംഘടനകൾ സമൂഹത്തിന് ആകമാനം ആവശ്യപ്രദമായ പൊതു ലക്ഷ്യത്തിനു വേണ്ടി പോരാടുമ്പോൽത്തന്നെ പരസ്പ്പരം കലഹിക്കുന്നതും കാണാം.. അതിനുള്ള ഉദാഹരണങ്ങളും സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്... സമൂഹത്തിൽ സ്വാധീന ഘടകങ്ങളായ സാമുദായിക- മത സംഘടനകൾ തീരുമാനങ്ങളിൽ നിർണ്ണായകമാകുമ്പോൾ അവ രാജ്യം എന്നാ വിശാല സമൂഹത്തിൽ നിന്നും ചുരുങ്ങി കേവലം സമുദായങ്ങൾ എന്നതിലേക്ക് ഒതുങ്ങുന്നു... ലോക ചരിത്രത്തിൽ സമുദായങ്ങളും മതങ്ങളും സമരങ്ങളിൽ ഏർപ്പെട്ട് നേടിയതെന്ന് നിരത്തിവേയ്ക്കുന്നതിനേക്കാൾ മഹത്തരങ്ങലാണ് സമൂഹം ഒന്നടങ്കം പോരാടി നേടിയവ.. കാരണം സാമുദായിക- മത കൂട്ടായ്മകളുടെ ആവശ്യങ്ങൾക്ക് പലപ്പോഴും രാഷ്ട്രം എന്നാ ചിന്തയോളം വിശാലതയില്ല എന്നതുതന്നെ.. സമൂഹത്തിൽ പൊതുവായി ഉണ്ടാകേണ്ട ഉന്നമനത്തിനായി ജനതയ്ക്ക് ഒറ്റക്കെട്ടായി പോരാടാൻ കഴിയാതെ, സാമുദായിക- മത ചിന്തയുടെ പിന്തുണയിലും സ്വാധീനത്തിലും മാത്രമേ സംഘടിക്കാനും പൊരുതാനും കഴിയുന്നുള്ളൂ വെങ്കിൽ നിസ്സംശയം പറയാം അത് പൊതു സമൂഹത്തിന്റെയും അതുവഴി രാജ്യത്തിന്റെയും പരിമിതിയാണെന്ന്!! സാമുദായിക- മത സംഘടനകൾ സ്വാധീന ശക്തികളായി ലോകത്ത് എത്ര സാമൂഹിക സമരങ്ങളെ നിരത്തിയാലും ശരി...

       സമൂഹത്തിലെ ശക്തി കേന്ദ്രങ്ങളായി നിന്നിരുന്ന സമുദായങ്ങൾക്ക് മാത്രമായിരുന്നു ഭരണരംഗത്തും സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നത്... പിൽക്കാലത്ത് സമൂഹത്തിലെ താഴേക്കിടയിലുള്ള സമുദായങ്ങളിൽപ്പെട്ടവർ സംഘടിച്ച് പോരാട്ടങ്ങളിൽക്കൂടി സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചപ്പോൾ; മുൻപ് ഉത്തമർണ്ണ വർഗ്ഗത്തിൽപ്പെട്ടവർ എപ്രകാരം ഭരണത്തിൽ സ്വാധീനശക്ത്തിയായോ അപ്രകാരം തങ്ങൾക്കും എത്തിച്ചേരണം എന്ന ചിന്ത ലക്ഷ്യമാക്കിയാണ് പ്രവര്ത്തിച്ചത്.. അങ്ങനെ സമൂഹത്തിൽ പോരാട്ടത്തിൽക്കൂടി ശക്തി പ്രാപിച്ച വിഭാഗങ്ങളെല്ലാം തന്നെ ഭരണ സ്വാധീനമാണ് ലക്‌ഷ്യം വെച്ചത്... അപ്രകാരം വിരുദ്ധമായ താൽപ്പര്യങ്ങൾ വെച്ച് പുലർത്തുന്ന പലവിധ സാമൂഹിക സംഘടനകൾ ഇവിടെ ഉയര്ന്നു വന്നു.. കൂട്ടായി നിൽക്കുന്ന വോട്ടുകളെ ഒന്നിച്ചു വാങ്ങുന്നതിനുള്ള കച്ചവടബുദ്ധിയോടെ രാഷ്ട്രീയക്കാർ ഇത്തരം സാമുദായിക- മത സംഘടനകളുടെ മാർക്കെറ്റിംഗ് മാനേജർമാരായ സാമുദായിക- മത നേതാക്കളുടെ ഓഫീസ്സുകളിൽ കയറിയിറങ്ങി..    

       സമുദായ സംഘടനാ നേതാക്കളെ പ്രീണിപ്പിച്ചു കൂടെനിർത്തി അവരെക്കാണിച്ചു പാർട്ടിയിലും, മുന്നണിയിലും, എതിര്കക്ഷികൾക്കിടയിലും ആകമാനം വിലപേശൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണ് കേരളത്തിലും കണ്ടു വരുന്നത്.. സാമുദായിക- മത നേതാക്കൾക്ക് സ്വന്തം സമുദായത്തിലൊ പോതുജനത്തിനിടയിലോ ഉള്ള സ്വാധീനത്തെ ഇവിടെയാരും കാര്യമായി എടുക്കുന്നില്ല... അപ്രകാരമുള്ള സ്വാധീനമായിരുന്നു സാമുദായിക- മത നേതാക്കളുടെ മൂല്യമെങ്കിൽ അരയണത്തുട്ടെങ്കിലും വെച്ച് തൂക്കിയെടുക്കാൻ കഴിയുന്ന എത്ര സാമുദായിക- മത നേതാക്കളുണ്ടിവിടെ!! ?? പകരം ഇന്ന സാമുദായിക- മത പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് അതിനാൽ സാമൂഹികശക്തിയാണ് എന്ന് പ്രഖ്യാപിച്ച്, ആ സാമുദായിക- മത നേതാവിന്റെ നിലപാടിനൊപ്പം അയാൾ പ്രതിനിധീകരിക്കുന്ന വിഭാഗം മുഴുവനുണ്ടെന്നു ധരിപ്പിച്ച് വിലപേശൽ നടത്തുന്നു... അത്തരം വിലപേശൽ രാഷ്ട്രീയത്തിൽ രാഷ്ട്രത്തിന്റെ സത്വം ഇല്ലാതാവുകയാണ് ചെയ്യുന്നത്.. സാമൂഹികവും, രാഷ്ട്രീയവും, മതപരവും, വികസ്സനപരവും, സാംസ്ക്കാരികവുമായ ഉന്നമനത്തിന് വിഘാതമായി വരികയും ചെയ്യും...

       കേരളത്തിലെ യുവജന സംഘടനകൾ പലതും സാമുദായിക- മത സംഘടനകൾ രാഷ്ട്രീയത്തിൽ കൈകടത്തരുതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്... പക്ഷെ അവർക്ക് സാമുദായിക- മത സംഘടകളെ അവഗണിച്ചുകൊണ്ടുള്ള പുരോഗമനപരമായ പ്രവർത്തനം സാദ്ധ്യമാകുന്നില്ല!! കാരണം സാമുദായിക- മത സംഘടനകളുമായി നിരന്തരം ചങ്ങാത്തം കൂടാനും, അവരെ പ്രീണിപ്പിച്ചു നിർത്താനും താല്പ്പര്യപ്പെടുന്ന വെറ്ററൻ നേതാക്കൾ ഈ യുവജന സംഘടനകളുടെ മാതൃ സംഘടനകളിലുണ്ട്... ഒരു യുവജന പ്രതിനിധി സാമുദായിക- മത സംഘടനകളെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചാൽ അയാൾ ഒറ്റപ്പെടലിനും പരസ്യമായ ശാസ്സനക്കും വിധേയനാകും.. തന്റെ രാഷ്ട്രീയ ഭാവിക്കും, നിലനില്പ്പിനും നിലപാടുകൾ വിഘാതമാകുമെന്ന് വന്നാൽ അയാൾ തന്റെ മുൻഗാമികളെക്കാൾ വലിയ സാമുദായിക- മത ഭക്തനും സേവകനുമാകും.. പ്രസക്തമാകുന്നത്, ഭാവിയിലും ഇതിലൊന്നും കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ്!!

       വി ടി ബൽറാം MLA നടത്തിയ പ്രസ്ഥാവന വിവാദമായതെന്തുകൊണ്ടെന്നു ചിന്തിക്കൂ.. ഡീൻ കുര്യാക്കോസ് അരമനയിൽ വോട്ടഭ്യർധിക്കാൻ ചെല്ലുന്നു.. ബിഷപ്പും ഒരു പൌരൻ ആയതിനാൽ അതിൽ തെറ്റൊന്നുമില്ല... ബിഷപ്പ് ഡീനെ ശകാരിക്കുന്നു.. അരമനയിൽ ചെന്നവരോടു അഥിതി മര്യാദ കാണിക്കാഞ്ഞ ബിഷപ്പിന്റെ പെരുമാറ്റത്തിൽ വി ടി ബൽറാം ഉൾപ്പടെയുള്ള ചെറുപ്പക്കാർ രൊഷാകുലരാകുന്നു... ഫേസ് ബുക്കിൽ ബിഷപ്പിന്റെ പേരെടുത്തു പറയാതെ വി ടി നികൃഷ്ട്ട ജീവി പ്രയോഗം നടത്തുന്നു...

       അടുത്ത പക്ഷം  വി ടി ബൽറാമിന്റെ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു... ഡീൻ കുര്യാക്കോസ് വി ടി ബൽറാമിന്റെ പ്രതികരണം അനവസ്സരത്തിലാണെന്ന് പറഞ്ഞ് പിതാവിന്റെ കോപത്തിൽ നിന്ന് ഒഴിവായി.. ഡീനെ കുറ്റം പറയാൻ കഴിയില്ല.. അതിന്റെ പേരില് രണ്ടു വോട്ട് നഷ്ട്ടപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല അത്രമാത്രം... കേരള മുഖ്യൻ, ആഭ്യന്തരമന്ത്രി, ചീഫ് വിപ്പ്, KPCC പ്രസിഡന്റ്‌ തുടങ്ങിയവർ ബാൽറാമിനെ ശകാരിക്കും വിധം തള്ളിപ്പറഞ്ഞ് പിതാവിനെ തണുപ്പിച്ചു... MM ഹസ്സൻ തെരഞ്ഞെടുപ്പു സമയത്ത് ഇത്തരം പരാമർശങ്ങൾ പാടില്ല എന്ന് പറഞ്ഞു... മുതിർന്ന നേതാക്കളുടെ ഇത്തരം വഴുക്കലിൽ വടികുത്തിയ പോലെയുള്ള നിലപാടുകളെയും, പ്രസ്താവനകളേയും രാഷ്ട്രീയ അനുഭവപരിചയം, രാഷ്ട്രീയ വഴക്കം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു.. ബൽറാം എന്നാണാവോ അത്തരം രാഷ്ട്രീയ വഴക്കമുള്ള, ഇരുത്തം വന്നനേതാവാകുന്നതോ എന്തോ?? എന്തായാലും ആയേ പറ്റൂ!! അല്ലെങ്കിൽ ഖദർ ഊരി വെച്ച് സോഷ്യൽ മീഡിയയിൽ മാത്രം പ്രസ്ഥാവനയും, പുരോഗമന വിപ്ലവവുമായി ജീവിക്കേണ്ടി വരും...

       ബിഷപ്പിനെ ഒരു സമുദായ നേതാവായി കണ്ടത് കൊണ്ട് മാത്രമാണ് ഈ വിവാദത്തിന് കാരണം എന്നാണ് എന്റെ പക്ഷം... ഭാരതത്തിൽ ആകമാനം വോട്ടഭ്യർധിച്ചു നടക്കുന്ന ഭരണകക്ഷി സ്ഥാനാർഥി കളിൽ എത്രപേർ പൊതു ജനത്തിന്റെയും, വീട്ടമ്മമാരുടെയും ഉൾപ്പെടെയുള്ള ആൾക്കാരുടെ തെറിവിളിയും, ചൂലിനടിയും വാങ്ങുന്നുണ്ടാകും?? അപ്രകാരം ഒരു പൌരൻ ഡീനെ തെറിവിളിച്ചെന്നു കണ്ടാൽ എല്ലാം സമാധാനകരം....

       രാഷ്ട്രീയത്തിന് രാജ്യത്തിന്റെ ആകമാനമായ താല്പ്പര്യമെന്നും സമുദായത്തിന് ചുരുങ്ങിയ താൽപ്പര്യങ്ങളെന്നും ഉള്ള തിരിച്ചറിവ് നാം എപ്പോഴും സൂക്ഷിക്കണം.. ഇതിനിടയിലുള്ള അതിർത്തി ശക്തമായി നിലനിർത്താൻ നാം എപ്പോഴും ശ്രദ്ധചെലുത്തണം

[Rajesh Puliyanethu
 Advocate, Haripad]



Sunday, 23 February 2014

മാതാ അമൃതാനന്ദമയീ മഠം എന്റെ കാഴ്ചപ്പാടുകളിൽ; മനസാക്ഷിയുടെ കണ്ണുകെട്ടിയ ആൾക്കൂട്ടത്തിന്റെ കേദാരം!!


       സാമൂഹികമായ വിഷയങ്ങളെക്കുറിച്ച് അറിയുന്നതിനും അതിനെക്കുറിച്ച്‌ സംസാരിക്കുന്നതിനും ഏതൊരുവനും ഉള്ളതു പോലെ ഉത്സുകത എനിക്കുമുണ്ട്.. മുൻപൊക്കെ എനിക്കുചുറ്റും നടക്കുന്ന സംഭവവികാസ്സങ്ങളെക്കുറിച്ച് അടുത്തു പരിചയമുള്ള എതെങ്കിലുമൊക്കെ ആൾക്കാരുമായി യാദ്രിശ്ചികമായി സംസ്സാരിച്ചു പോവുകയായിരുന്നു പതിവ്.. സോഷ്യൽ മീഡിയയുടെ വരവോടെ കുറച്ചു കൂടുതൽ സുഹൃത്തുക്കളുമായി സംസ്സാരിക്കാനുള്ള അവസ്സരമുണ്ടായി.. മറ്റുപല വിഷയങ്ങളും രണ്ടാമനായി നിന്നാണ് സംസ്സാരിക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ പ്രസ്തുതവിഷയത്തെക്കുറിച്ച് നേരിൽ കാണുകയും, അറിയുകയും, വിലയിരുത്തുകയും ചെയ്യുന്ന ഒരുവനായാണ്‌ എനിക്ക് നിൽക്കാൻ കഴിയുന്നത്‌.. മറ്റൊന്നിനുകൂടി ഞാൻ അടിവരയിടുന്നു; ആശ്രമത്തിനെതിരെ ഗയിൽ എന്ന ഗായത്രി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വെളിച്ചത്തിലല്ല ഞാൻ സംസാരിക്കുന്നത്..

       മാതാ അമൃതാനന്ദമയി ആശ്രമത്തിൽ 29 വർഷങ്ങൾക്കു മുൻപാണ് ആദ്യമായി ഞാൻ പോകുന്നത്.. അതായത് 6 വയസ്സ് പ്രായമുള്ളപ്പോൾ.. എന്റെ വീട്ടിൽ നിന്നുതന്നെയായിരുന്നു ഞാൻ അവിടെ എത്തുന്നതിനുള്ള പ്രേരകശക്തി.. എന്റെ വീട്ടിലെ തന്നെ മറ്റു പല അംഗങ്ങളെയും ആശ്രമത്തിലെ സന്ദർശകരാക്കിയ സ്വാധീനശക്തിയും അതേ വ്യക്തിതന്നെ ആയിരുന്നു.. ഞാൻ വ്യക്തമായി ഓർക്കുന്നു; എന്റെ കുടുംബത്തിലെയും, നാട്ടിലെയും ഭൂരിപക്ഷം ആൾക്കാരും അക്കാലത്ത് ആശ്രമത്തിന് എതിരായി മാത്രം സംസ്സാരിക്കുന്നവർ ആയിരുന്നു.. ശരിയായത് പറഞ്ഞാൽ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ ആയിരുന്നു..

       ഒരു അമ്പലത്തിൽ പോകുന്നത് പോലെയും, ഒരു യാത്രയുടെ ആനന്ദവും, വള്ളത്തിലെ യാത്രയും ഒക്കെയായിരുന്നു ആശ്രമ ദർശനങ്ങളിലെ എന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ.. അമ്മ ദൈവം തന്നെയാണെന്ന് എന്നോടോപ്പമുണ്ടായിരുന്നവർ പറഞ്ഞു തന്നു.. അമ്പലത്തിലുള്ളതും ദൈവം തന്നെയെന്നു പഠിപ്പിച്ചവർ തന്നെയായിരുന്നു അതും!! ദൈവീക സങ്കൽപ്പങ്ങളെക്കുറിച്ചെന്നല്ല യാതൊന്നിനെപ്പറ്റിയും സ്വന്തമായ ചിന്താഗതി രൂപംകൊള്ളാൻ സാദ്ധ്യതയില്ലാത്ത ആപ്രായത്തിൽ അമ്പലത്തിൽ ചെന്ന് അനുഷ്ട്ടിക്കെണ്ടതെന്ന് പഠിച്ചിരുന്നത് പോലെ ആശ്രമത്തിൽ ചെന്ന് അനുവർത്തിക്കേണ്ടതെന്ന ശീലങ്ങളും ഞാൻ സ്വോഭാവികമായും പഠിച്ചു..

       ഒരു ആശ്രമഅന്തരീക്ഷത്തിലേക്ക്തന്നെയായിരുന്നു അന്ന് ഞാൻ പോയിരുന്നത്.. ഒരു കുടിൽ ആയിരുന്നു ആശ്രമത്തിന്റെ പ്രധാനഭാഗം.. അവിടെയായിരുന്നു അമ്മ എല്ലാവർക്കും ദർശനം നൽകിയിരുന്നത്.. മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിന് ശേഷമോന്നുമല്ല അന്ന് അമ്മയുടെ ദർശനം ലഭിക്കുക.. ആ കുടിലിൽ ഉൾക്കൊള്ളുന്ന ആൾക്കാർ മാത്രമേ ഉണ്ടാകൂ.. അമ്മ ഒരു കട്ടിൽ പോലെയുള്ള ഒന്നിന്റെ മുകളിൽ ഇന്ന് ദർശനം നൽകാൻ ഇരിക്കുന്നതുപോലെ ഇരിക്കുന്നു..  കോലാഹലങ്ങളോ ബിസ്സിനസ്സ് തിരക്കുകളോ ഒന്നുമില്ലാത്ത ഒരു തികഞ്ഞ ആശ്രമം.. വർഷങ്ങൾ ഇത്ര കടന്നു പോയിട്ടും ആശ്രമത്തിൽ അന്നുണ്ടായിരുന്ന ശാന്തതയുടെയും, സമാധാനത്തിന്റെയും എല്ലാത്തരത്തിലും ശുദ്ധതയുള്ള വായുവിന്റെ കുളിർമയും എന്നിലെന്നല്ല, അക്കാലത്ത് ആശ്രമത്തിൽ പോയിട്ടുള്ള ഏതൊരുവനിലും ഓർമ്മയിലെ സുഗന്ധമായി അവശേഷിക്കും.. ആശ്രമത്തിന്റെ പ്രധാനഭാഗമായി പിന്നീടുള്ളത് ഒരു കളരിയാണ്.. അവിടെയാണ് അമ്മ പൂജ കഴിക്കുമായിരുന്നത് എന്നാണ് ഞാൻ ഓർക്കുന്നത്.. അമ്മയെ ഒരു ദൈവമായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ആൾക്കാർ പോലും ആ ആശ്രമ അന്തരീക്ഷത്തിൽ ചെന്നിരുന്നെങ്കിൽ നന്മ മാത്രമേ കാണുമായിരുന്നുള്ളൂ..  അമ്മയും അമ്മയെ അനുസ്സരിക്കുന്ന ശിഷ്യ ഗണങ്ങളും.. അമ്മയെ ദൈവമായും, അമ്മയായും, ഗുരുവായും ഒക്കെക്കാണുന്ന ശിഷ്യഗണങ്ങൾ.. അവരെ സ്നേഹിച്ചും നയിച്ചും നിൽക്കുന്ന അമ്മയും.. അവിടെ മറ്റുള്ളവരിൽ ദർശിതമായിരുന്നത് സമർപ്പണം മാത്രമായിരുന്നുവെന്ന് നിസ്സംശയം പറയാം.. നാളെ ലോകം വെട്ടിപ്പിടിക്കാമെന്ന കിനാവ്‌ കണ്ടല്ലെല്ലോ അക്കാലത്ത് സുധാമണി എന്ന മുക്കുവസ്ത്രീയുടെകൂടെ ശിഷ്യന്മാർ എത്തിയത്??

       കാലങ്ങൾ മുൻപോട്ടുപോകുന്തോറും ആശ്രമവും വളരുന്നത്‌ കാണാൻ കഴിഞ്ഞു.. ഒരു ആശ്രമത്തിന്റെ ഔന്നത്യത്തിലേക്ക് അമൃതാനന്ദമയി ആശ്രമം വളര്ന്നു എന്ന് എനിക്ക് അഭിപ്രായമില്ല... പക്ഷെ ആശ്രമം വളര്ന്നു എന്ന് തന്നെ പറയേണ്ടി വരും.. കെട്ടിടങ്ങൾ കൊണ്ട്, ശിഷ്യന്മാരുടെ എണ്ണം കൊണ്ട്, പുതിയ വ്യവസ്സായ സംരംഭങ്ങൾ കൊണ്ട്, പ്രശസ്തികൊണ്ട്, സ്വാധീനം കൊണ്ട്, രാജ്യം വിട്ടും മുന്നേറുന്ന ആശ്രമ സൃംഘല കൊണ്ട്, സുഖ സൌകര്യങ്ങൾ കൊണ്ട് അങ്ങനെ പലവിധത്തിലും ആശ്രമം വളര്ച്ചനേടി... അക്കാലത്ത് ഒരു ചെറിയ ഇടവേളക്ക് ശേഷം ആശ്രമത്തിലെത്തിയ ഞാൻ ആശ്രമത്തിൽ ഒരു ബഹുനില കെട്ടിടം ഉയർന്നു നിൽക്കുന്നത് കണ്ടു.. മുകളിൽ ഗീതോപദേശം നിർമ്മിച്ചു വെച്ചിരിക്കുന്ന ഒരു വലിയ കെട്ടിടം... എന്റെ അറിവ് ശരിയാണെങ്കിൽ ആശ്രമത്തിന്റെ ആദ്യത്തെ വലിയ കെട്ടിടം.. ആ കെട്ടിടത്തെക്കുറിച്ച് പറയാൻ കാരണം; ആശ്രമത്തിന്റെ സ്വഭാവം, സമീപനം ഇതെല്ലാം മാറുകയായിരുന്നു.. അക്ഷരാർഥത്തിൽ ആശ്രമത്തിന്റെ  മുഖം തന്നെ മാറുകയായിരുന്നു.. ആശ്രമത്തിന്റെ ഭൌതിക വൽക്കരണത്തിന്റെ വിളംബരമായാണ് ആ കെട്ടിടത്തെ ഞാൻ കാണുന്നത്.. ആ മാറ്റത്തിനൊപ്പം രസകരമായ മറ്റൊരു കാഴ്ചയും കണ്ടു!! മുൻപ് ഞാൻ കണ്ട;; ആശ്രമത്തെക്കുറിച്ച് പരിഹസ്സിച്ചും നിന്ദിച്ചും മാത്രം സംസ്സാരിച്ചിരുന്നവർ ആശ്രമത്തിന്റെ സ്വന്തക്കാരായി അവരോധിതരാകുന്നതാണ്.. ആശ്രമത്തിന്റെ ബാല്യ- ശൈശവ കാലത്ത് അമ്മ ഹരിപ്പാട് പെരാത്ത് വീട്ടിൽ സന്ദർശനവും ഒപ്പം പൊതുജനത്തിന് ദർശനവും നൽകിയ പരിപാടിയോട് ചേർത്ത് അമ്മയെ പരസ്യമായി പുലഭ്യം പറഞ്ഞവർ പിന്നീട് ആശ്രമത്തിലെ മുഖ്യകാര്യക്കാരായി നിൽക്കുന്ന കാഴ്ചയും എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.. ഒപ്പം ലാളിത്യം പെരുമാറ്റത്തിൽ ചാലിച്ച് ഉപയോഗിച്ചിരുന്ന അമൃതാ ശിഷ്യന്മാരിൽ ഭൂരിപക്ഷത്തിനും കൈവന്ന പ്രത്യക്ഷമായ ദാര്ഷ്ട്യഭാവവും...

       ദൈവത്തിൽ വിശ്വസ്സിക്കുകയും ആൾ ദൈവങ്ങളെക്കുറിച്ച് നിന്ദിക്കുക, പരിഹസ്സിക്കുക എന്നതല്ലാത്ത കാഴ്ചപ്പാടുകൾ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ..http://rajeshpuliyanethu.blogspot.in/2012/10/blog-post.html ... പക്ഷെ ആശ്രമത്തിന്റെ വ്യവസ്സായ ആത്മീയതാ ഫോർമുലയോട് കടുത്ത എതിർപ്പും ഞാൻ പ്രകടിപ്പിക്കുന്നു.. ആശ്രമത്തിലെ വിശ്വാസി എന്ന ലേബൽ വളരെ ചെറിയ പ്രായത്തിലേ വീണു പോയതിനാൽ 'എന്തുകൊണ്ട് നിങ്ങൾ ഒരു അമൃതാനന്ദമയി വിശ്വാസ്സിയായി' എന്ന ചോദ്യം പലരും ഉയർത്തിയിട്ടുണ്ട്.. ആ ചോദ്യത്തിന് ഉത്തരം എന്റെ പക്കൽത്തന്നെയില്ല, വിശ്വാസ്സിയാണെന്ന് എന്നെത്തന്നെ വിശ്വസ്സിപ്പിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല! അതിനാൽ ആശ്രമത്തെ ന്യായീകരിക്കുകയും, എന്റെ വിശ്വാസ്സത്തെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു തർക്കങ്ങളിലും ഞാൻ പങ്കാളിയായിട്ടില്ല!! ആരോടും തന്നെ...

       ആശ്രമത്തിന്റെ വ്യവസ്സായചാരുതകളെക്കുറിച്ചും ആത്മീയതയെ മുന്നിൽനിർത്തി നടത്തുന്ന പണസമ്പാദനത്തിനെക്കുറിച്ചും പൊതു സമൂഹത്തിന്റെ അറിവും കാഴ്ച്ചപ്പാടും മാത്രമേ എനിക്കും പങ്കുവേയ്ക്കാനായി ഉള്ളൂ.. ആശ്രമത്തെ ഏതു രീതിയിൽ വിമർശിച്ചാലും ആശ്രമം നടത്തുന്ന സേവന പ്രവർത്തനങ്ങളെ മറയാക്കി ന്യായീകരിക്കാനാണ് ആശ്രമ ഭക്തർ ശ്രമിക്കുന്നത്.. ആശ്രമത്തിന്റെ സേവന പ്രവർത്തനങ്ങൾ ഞാൻ എങ്ങനെ കാണുന്നു എന്നത് കേവലം വാക്കുകളിൽ വിശദീകരിക്കാവുന്നതെ ഉള്ളൂ.. ഒരു പത്തു വർഷക്കാലം പുറകോട്ടു പോകൂ.. ഒരു സാംസങ്ങ് മൊബൈൽ ഫോണിന് 6000/- രൂപക്ക് മുകളിലേക്കായിരുന്നു കുറഞ്ഞ വില.. ഇവിടെ റിലയൻസ് കമ്പനി 500/- രൂപക്ക് ആ ഫോണുകൾ നൽകി.. തുണിവാങ്ങിയാൽ, സ്വർണ്ണം വാങ്ങിയാൽ, വീട്ടുസാധനങ്ങൾ വാങ്ങിയാൽ ഒക്കെ ഫോണുകൾ സൗജന്യമായും നൽകി.. തിരുവോണത്തിന് ഒരു രൂപക്കും ഫോണുകൾ നൽകി... എന്റെ ചോദ്യമിതാണ്... റിലയൻസ് കമ്പനി 6000/- രൂപയ്ക്കു മുകളിൽ നടപ്പുവിലയുണ്ടായിരുന്ന ഫോണുകൾ ഒരു രൂപക്കും അഞ്ഞൂറ് രൂപക്കും നൽകിയത് ചാരിറ്റിയായി ആരെങ്കിലും കാണുന്നുണ്ടോ എന്നതാണ്?? റിലയൻസിന്റെ ആ പ്രവർത്തിയെ വ്യവസ്സായതന്ത്രമായി കണ്ട ഇവിടുത്തെ പൊതുജനത്തിന് എന്തുകൊണ്ട് അമൃതാ ആശ്രമം നടത്തുന്ന ചാരിറ്റി പ്രവർത്തനത്തെ അവർക്കനുയൊജ്യമായ കച്ചവട തന്ത്രമായി കാണുന്നില്ല എന്നതാണ്??

      സുനാമിയിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് വീടുവെച്ച് നൽകുക, പെൻഷൻ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയെല്ലാം തന്നെ ആശ്രമത്തിന്റെ ആത്മീയ വ്യാപാരത്തിന് ആവശ്യമായ advertisement ഫണ്ടിൽ നിന്നുമാണ് പൊകുന്നതെന്നെ കാണാൻ കഴിയൂ.. ആശ്രമം കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസ്സ- ആതുര സേവന രംഗങ്ങളെക്കുറിച്ച് സാമാന്യബുദ്ധിയോടെ ആലോചിക്കുന്ന ആർക്കെങ്കിലും അവിടെ മാന്യനായ ഒരു വ്യവസ്സായിയുടെ മനൊഭാവമെങ്കിലും കണ്ടെത്താൻ സാധിക്കുമോ?? അമൃതാ വിദ്യാഭ്യാസ്സ സ്ഥാപനങ്ങളിൽ ഉന്നതമായ മെഡിക്കൽ കോളെജിലേക്ക് തന്നെ ഒന്ന് ശ്രദ്ധിക്കൂ... സർക്കാരുകളുടെ നിയമങ്ങളോ കോടതി വിധികളോ ഒന്നും അവിടെ ബാധകമല്ല.. കാരണം അത് ഡീംഡു് യുണിവേര്സിറ്റിയാണ്... രണ്ടു സ്വാശ്രയ മെഡിക്കൽ കോളേജു് ഒരു സർക്കാർ മെഡിക്കൽ കോളേജിന് തുല്യം എന്ന സർക്കാൻ നയമോന്നും അവർക്ക് ബാധകമല്ല... അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അവരൊക്കെത്തന്നെ!! deemed to be a University എന്നതിനൊപ്പം deemed to be a Government  എന്നുകൂടി ആശ്രമം ധരിക്കുന്നുണ്ടെന്നുതോന്നുന്നു...

       ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാപ്പിട്ടെഷൻ ഫീ വാങ്ങുന്ന മെഡിക്കൽ കോളേജു് അമൃതയാണ്.. നിലനിൽക്കുന്ന സീറ്റുകളിലേക്ക് മാനേജ്‌മന്റ്‌ ഒരു തുക നിശ്ചയിക്കുന്നു.. സീറ്റുകളെക്കാൾ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ മുൻപ് നിശ്ചയിച്ച തുകക്ക് മുകളിൽ ആ സീറ്റിന് ലേലമാണ് നടക്കുക.. അതായത് ഒരു മെഡിക്കൽ സീറ്റിന് ഒരു കോടി നിശ്ചയിക്കുന്നു എന്ന് കരുതുക.. 25 സീറ്റുകൾ നിലനിൽക്കുന്നു.. ഒരു കോടി നൽകാൻ തയ്യാറായി 50 പേർ നിൽക്കുന്നു.. എങ്കിൽപ്പിന്നെ ആ 50 പേർ 25 സീറ്റുകൾക്കായി ലേലം വിളിക്കുകയാണ്‌.. പണം ചാക്കിൽ കെട്ടിവെച്ച് ജീവിക്കുന്നവർക്ക് മാത്രം പ്രാപ്യമായ ഈ വിദ്യാഭ്യാസ്സ വിനോദത്തിൽ എവിടെയാണ് ചാരിറ്റി?? ഇങ്ങനെ ഓരോ വർഷവും നടക്കുന്ന വിദ്യാ വില്പ്പനയിൽനിന്നും സ്വൊരൂപിക്കുന്ന പണത്തിന്റെ അഞ്ചു ശതമാനം പെൻഷൻ പദ്ധതിക്കും, വീടുവെച്ചു നല്കാനും മറ്റുമായി ചെലവഴിച്ചാലും അമ്മ ഭക്തർ പാടി നടക്കും ആശ്രമത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റി!!

       എന്റെ കാഴ്ചപ്പാട് എന്തിനെയും പണവുമായി മാത്രം ബന്ധപ്പെടുത്തിയാണ് മഠം ചിന്തിക്കുന്നത് എന്നാണ്.. ആശ്രമത്തിൽ എത്തുന്ന അനേകം ഭക്തർ തന്നെയാണ് ആശ്രമത്തിന്റെ നിലനിൽപ്പിന് ആധാരം.. ഒരു ആശ്രമത്തിൽ വന്നെത്തി അവിടുത്തെ പ്രധാന ഗുരുവിനെ വിശ്വാസ്സപൂർവ്വം ദർശനം നടത്തി മടങ്ങുന്നവരിൽ നിന്നും നിസ്സാരമായി നല്കുന്ന ഭക്ഷണത്തിന് പണം ഈടാക്കുന്ന ഭാരതത്തിലെ ഒരേ ഒരു ആശ്രമം മാതാ അമൃതാനന്ദമയീ മഠം ആയിരിക്കും.. നിസ്സാരമായ ഭക്ഷണം എന്ന് ഭക്ഷണത്തെ നിസ്സാര വല്ക്കരിച്ചതല്ല... ചോറ്, സാമ്പാർ അല്ലെങ്കിൽ അതുപോലെ ഒരു കറി, ഒരു അച്ചാർ, പുളിശ്ശേരി ഉണ്ടെങ്കിൽ ഉണ്ട്... ഇത്രയും നൽകി പത്തു രൂപയാണ് ആശ്രമം ഇന്ന് ഈടാക്കുന്നത്.. ഇത്രയും ഭക്ഷണം നല്കി 10 രൂപ ഈടാക്കേണ്ട എന്ത് ഗതികേടാണ് ആശ്രമത്തിനുള്ളത്?? ഞാൻ ഈ വിഷയം സന്ദർഭവശാൽ ഒരു അമ്മ ഭക്തനോട്‌ ചോദിച്ചപ്പോൾ കിട്ടിയ മറുപടി എന്നത്
"കാശു വാങ്ങിയില്ലെങ്കിൽപ്പിന്നെ ചുറ്റുവട്ടത്തുള്ള ഒരെണ്ണം ചോറ് വെക്കത്തില്ല, ഇങ്ങു പോന്നോളും" എന്നാണ്!! ഇതിൽ എവിടെയാണ് ചാരിറ്റി?? ഞാൻ മനസ്സിലാക്കുന്നത് ഏറ്റവും കുറഞ്ഞത്‌ 3 രൂപയെങ്കിലും ആ ചോറ് കച്ചവടത്തിൽ ആശ്രമം ലാഭം നെടുന്നുണ്ടെന്നാണ്.. 35000 കോടി രൂപ ആസ്തിയുണ്ടെന്ന് പറയപ്പെടുന്ന ആശ്രമം എന്തിലും കച്ചവടം പഠിച്ചുപോയി; അത്ര മാത്രം അതിൽ കണ്ടാൽ മതി!! 1500/- കോടി രൂപ സമര്പ്പണങ്ങളായി മാത്രം വാര്ഷിക വരുമാനം നേടുന്ന ഒരു സ്ഥാപനത്തിന്റെ ഒരു നിസ്സാരവിഷയത്തിലെ നിങ്യമായ സമീപനം..

       പണം അമ്മയിലൂടെ കണ്ടെത്തുക എന്ന ആശ്രമത്തിന്റെ പഴയകാല രീതി ഇപ്പോഴും തുടര്ന്നു വരുന്നു.. മുൻപ് അമ്മ ഒരു ഇടം സന്ദർശിക്കണമെങ്കിൽ അതിനു ആശ്രമം നിശ്ചയിക്കുന്ന തുക കാണിക്കയായി നൽകണം..  പിന്നെ അമ്മയുടെ ഭക്തരായി എത്തുന്നവർ നൽകുന്ന സമർപ്പണങ്ങൾ.. വിദ്യാഭ്യാസം, ആതുര സേവനം, ഫ്ലാറ്റ് കച്ചവടം തുടങ്ങിയ ബിസ്സിനസ്സുകളിലേക്ക് ഇറങ്ങുന്നതിനു മുൻപ് അത്മീയതമാത്രം വിൽപ്പനച്ചരക്കായി ഉണ്ടായിരുന്ന കാലത്തെ വരുമാന ശ്രോതാസ്സുകളായിരുന്നു ഇവയൊക്കെ.. ഏതൊക്കെ മാർഗ്ഗത്തിൽ ആശ്രമത്തിൽ പണം വന്നാലും അതെല്ലാം പരോക്ഷമായി അമ്മയിലൂടെ എത്തുന്ന പണമാണ്.. എന്നാൽ ഇന്നും അമ്മയിലൂടെ പ്രത്യക്ഷമായി പണം കണ്ടെത്തുന്ന മാർഗ്ഗങ്ങളുണ്ട്... അതിൽ ഒരു ഉദാഹരണമാണ് ഭക്തർ അമ്മക്ക് വഴിപാട് പോലെ ചെയ്യുന്ന ഒരു തരം അലങ്കാരപൂജ... അതിന്റെ രീതികൾ; അമ്മയെ ആകെമാനം അലങ്കരിക്കുന്നതാണ്... അലങ്കാരത്തിന്‌ ഉപയോഗിക്കുന്നത് സ്വർണ്ണമാണ്.. ഭക്തന്റെ ഇഷ്ട്ടത്തിനനുസ്സരിച്ച് ആഭരണങ്ങൾ ഇട്ട് അലങ്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവനില്ല!! പ്രതീകാത്മകമായി അലങ്കാരവസ്തുക്കൾ ഉപയോഗിച്ച് ആത്മനിർവൃതി അടയുന്നതിനുള്ള സ്വാതന്ത്ര്യവും ഭക്തനില്ല... ആഭരണങ്ങളുടെ തൂക്കം, വലിപ്പം, ക്യാരറ്റ് മേന്മ, എണ്ണം ഇവയെല്ലാം ഇതു നടത്തുന്ന ഭക്ത്തന് ആശ്രമത്തിൽ നിന്നും നല്കും, ഭക്തർ അത് വാങ്ങി സമർപ്പിക്കണം... അല്ലെങ്കിൽ അവയുടെ മാർക്കറ്റുവില ആശ്രമത്തിൽ അടച്ചാൽ അവിടെ നിന്നും ആഭരണങ്ങൾ നൽകും... മാലകൾ, കിരീടം, പാദസരം, ഒഡ്യാണം അങ്ങനെ തുടരുന്ന ആഭരണങ്ങൾ വാങ്ങി ഈ ചടങ്ങ് പൂർത്തിയാക്കുംപോഴേക്കും അഞ്ചു ലക്ഷത്തിൽ കുറയാത്ത ഒരു തുക ആശ്രമത്തിന്റെ ഖജനാവിന് സ്വന്തം...

       ഭക്തി പല തരത്തിൽ വിനിമയിക്കപ്പെടുമ്പോൾ ഏതുതരം സമർപ്പണങ്ങൾക്കും ആളുകൾ ഉണ്ടാകും...  ചിലർക്ക് ഈപ്രകാരമുള്ള സമർപ്പണങ്ങൾ മറ്റുള്ളവരുടെ മുൻപിലെ ജാഡ പ്രദർശനമാർഗ്ഗങ്ങളാണ്... ആരുടെ കാലിൽ വീണാൽ തന്റെ സൌഭാഗ്യങ്ങളെ നിലനിർത്താമെന്ന അങ്കലാപ്പാണ് ചിലർക്ക്... ഏതുതരത്തിലായാലും മൂന്നാമതൊരു വ്യക്തിക്ക് അതിന്മേൽ ചോദ്യങ്ങൾക്ക് അവകാശമില്ല... പക്ഷെ എന്റെ സംശയം ഇത്തരം വ്യാപാരങ്ങളിൽ എവിടെയാണ് ഭക്തി?? എവിടെയാണ് ആത്മീയത?? എവിടെയാണ് ചാരിറ്റി?? ഇങ്ങനെ പണം മുടക്കി ആശ്രമത്തെ പരിപോഷിപ്പിക്കുന്ന സുന്ദരവിഡ്ഢികൾ ആപണം ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിനോ, ഒരു കുട്ടിയുടെ വിദ്യാഭ്യാസ്സത്തിനൊ ചെലവഴിച്ചിരുന്നെങ്കിൽ തലമുറകൾക്ക് നിലനിൽക്കുന്ന പുണ്യം അവർക്ക് ലഭിച്ചേനേം!! അത്രയെങ്കിലും മനോവികാസ്സവും, ബുദ്ധിവികാസ്സവും, ആത്മീയ ചൈതന്യവും മനുഷ്യർക്ക്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാനേ കഴിയൂ...

       അമൃതാ മെഡിക്കൽ കോളേജിനെക്കുറിച്ചു പറയാൻ കാരണം അത് അമൃതാ ഇൻസ്റ്റിറ്റുട്ടുകളിൽ പ്രധാനമായതു കൊണ്ടാണ്... മറ്റുള്ളവയുടെ പ്രവർത്തന ശൈലിയും മാനദണഡവും നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളു... അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഇത്രയും ഭീമമായ തലവരിപ്പണവും, ഫീസും വാങ്ങുമ്പോൾ അവർക്ക് എന്തെങ്കിലും അതിന്മേൽ ന്യായീകരണം വിശദീകരിക്കാനുണ്ടോ എന്നുകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്.. ആശ്രമം പൊതുജനത്തിന്റെ അത്തരം ചോദ്യങ്ങളെ ശ്രദ്ധിക്കാറേ ഇല്ല!! പൊതുജനം വേറെ, രാഷ്ട്രം വേറെ, രാഷ്ട്രീയം വേറെ, നിയമം വേറെ ആശ്രമം വേറെ... ഇവിടെ ഉയരുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയേണ്ട ബാദ്ധ്യത തങ്ങൾക്കില്ല എന്ന മട്ടാണവർക്ക്!! ഇതെല്ലാം പണമുള്ള ചിലരുടെ വിഷയങ്ങൾ... പോതുജനത്തിനെന്താ?? എന്ന ഭാവം... എന്നാലും താൻ അമ്മയുടെ ഭക്തനാണ് അതിനാൽ ആശ്രമത്തിനെതിരെ ഉയരുന്ന ഏതു ചോദ്യത്തിനും ഉത്തരം പാറയേണ്ട ബാദ്ധ്യത തനിക്കുണ്ട് എന്ന് വിശ്വസ്സിക്കുന്ന  അമ്മയുടെ വോളെൻറ്ററി ഭക്തന്മാർ ചില ഉത്തരങ്ങൾ കണ്ടെത്തുന്നുണ്ട്.. അതിൽ ഞാൻ കേട്ട ഒന്ന് ' ആശ്രമത്തിന് ഇത്രയും വലിയ ആശുപത്രിയും, മെഡിക്കൽ കോളേജും നടത്തിക്കൊണ്ടു പോകുന്നതിന് പണം ആവശ്യമല്ലേ?? പണത്തിനു പണം തന്നെ വേണ്ടേ?? എന്നതാണ്... ആശുപത്രിയുടെ സൌജന്യ ചികിത്സലഭിക്കുന്നവരുടെ കണക്കുകളൊന്നും എനിക്കറിയില്ല.. പക്ഷെ ഒരു പരിചയക്കാരനു വേണ്ടി ആശുപത്രിയിൽ നിന്നും സഹായ ചികിൽസ്സക്കു ശ്രമിച്ച അനുഭവം എനിക്കുണ്ട്.. ഹൃദയത്തിൽ സുഷിരം എന്ന രോഗമായിരുന്നു അയാൾക്ക്‌... അമൃതയിലെ സഹായത്തിനു വേണ്ടി കാത്തുനിന്നാൽ മരിച്ചു മണ്ണായാലും അത് ലഭിക്കില്ല എന്ന തിരിച്ചറിവാകാം, അയാൾ ആ ശ്രമം ഉപേക്ഷിച്ച് പുട്ടപ്പർത്തിയിലെക്കു പോവുകയും സൌജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തി തിരിച്ചു വരികയും ചെയ്തു..
പിന്നെ കോടികൾ തലവരിപ്പണം സ്വീകരിക്കുന്നതിലെ ന്യായീകരണം!!            
     
       മെഡിക്കൽ വിദ്യാഭ്യാസം നടത്തിക്കൊണ്ടു പോകുന്നതിനു പണം വേണം.. അതിനാൽ കിട്ടാവുന്ന ഉയർന്നതുക വാങ്ങുന്നു....... അങ്ങീകരിക്കാം!!

       ആശ്രമത്തിന് സേവനപ്രവർത്തനങ്ങൾക്ക് പണം വേണം.. അതിനാൽ കിട്ടാവുന്ന ഉയർന്നതുക വാങ്ങുന്നു....... അങ്ങീകരിക്കാം!!

       ആശുപത്രിയിലേക്ക് അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് പണം വേണം... അതിനാൽ കിട്ടാവുന്ന ഉയർന്നതുക വാങ്ങുന്നു....... അങ്ങീകരിക്കാം!!

       ഇങ്ങനെ പോകുന്ന കിട്ടാവുന്നതിന്റെ അങ്ങേയറ്റത്തെ തുക തലവരിപ്പണമായി പിരിക്കുന്നതിലെ ന്യായീകരണങ്ങൾ നമുക്ക് അംഗീകരിച്ചു നൽകാം... പക്ഷെ മറ്റൊരു ചോദ്യം ചോദിച്ചു കൊള്ളട്ടെ?? ഈ കോടികൾ വരുന്ന തലവരിപ്പണം കള്ളപ്പണമായി വാങ്ങുന്നതിലെ ന്യായീകരണം എന്താണ്?? ലേലത്തിൽക്കൂടി നേടുന്ന മെഡിക്കൽ അഡ്മിഷനുകളുടെ കോടികൾ വരുന്ന തുകയിൽ എത്ര ശതമാനം ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ വാങ്ങുന്നു?? അങ്ങനെ നിയമവിരുദ്ധമായി പണമിടപാടു നടത്തുന്ന ക്രിമിനൽ സ്ഥാപനം കൂടിയാണ് അമൃതാ സ്ഥാപനങ്ങൾ എന്ന് നാം മനസ്സിലാക്കണം.. ഇതൊക്കെ തെളിയിക്കാൻ പക്ഷപാത രഹിതമായ അന്യെഷണങ്ങൾക്കു മാത്രമേ കഴിയൂ... കാരണം പണം നല്കിയവൻ പരാതിക്കാരനാകുകയില്ല!! പണം വാങ്ങിയ ആശ്രമം കള്ളപ്പണം തങ്ങൾ വാങ്ങി എന്ന് സമ്മതിക്കുകയുമില്ല... പണത്തിന്റെ മഹാസാഗരത്തിലേക്ക് ചെറു അരുവികൾ പോലെ എത്തിച്ചേരുന്ന ഈ പണമൊന്നും ഒരു അന്യെഷണത്തിൽക്കൂടി പോലും വേർതിരിച്ചെടുക്കുക എന്നത് സാധ്യമെന്നും ഞാൻ കരുതുന്നില്ല...

       ആശ്രമത്തിന്റെ സേവനം എന്നത് തങ്ങളെത്തന്നെയാണെന്നും, ഇടക്ക് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് മറ്റു പൊതുജനസേവന രംഗത്ത്  പ്രത്യക്ഷപ്പെടുന്നത്  എന്നുമാണ് എന്റെ പക്ഷം.. ആശ്രമം ചെയ്യുന്ന സേവനങ്ങളെ ക്കുറിച്ച് ആരും വിസ്മരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആശ്രമം കൊട്ടിഘോഷിക്കുന്ന സേവനങ്ങളെ മാത്രം നോക്കിക്കണ്ടാണെന്നാണ്‌ മനസ്സിലാകുന്നത്‌.. പിന്നാമ്പുറങ്ങളെ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകില്ല... അല്ലെങ്കിൽ ഇലെക്ഷൻഅടുത്ത സമയത്ത് ഹിന്ദുക്കളെ വെറുപ്പിക്കെണ്ടാ എന്ന് കരുതിക്കാണാം... ഇതൊന്നുമല്ലെങ്കിൽ ആശ്രമം രഹസ്യമായി വിലിയവലിയ സേവനങ്ങൾ ചെയ്യുന്നുണ്ടാകാം... അതിനെപ്പറ്റി അദ്ദേഹത്തിനു മാത്രം അറിവുമുണ്ടാകാം..

       ആശ്രമത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ അവിടെ നിൽക്കട്ടെ.. ചാരിറ്റി ആശ്രമത്തിന്റെ രണ്ടാം ഭാഗമാണ്.. ഒന്നാം ഭാഗമായി കരുതപ്പെടുന്നത്, ഒരു ദൈവത്തിന്റെ അല്ലെങ്കിൽ അവതാരത്തിന്റെ, അല്ലെങ്കിൽ ഒരു ഗുരുവിന്റെ നേതൃത്വത്തിലുള്ള ആത്മീയ പരിപോഷണമാണ്... സേവന പ്രവർത്തനങ്ങൾ ആത്മീയതയിൽ അടിസ്ഥാനപ്പെടുത്തി ചെയ്യുന്നതാണ്... ആത്മാവിന്റെ ദീപത്തെ കൂടുതൽ ഉദ്ദീപിതമാക്കുന്ന രീീതിയിൽ വാക്കും, ചിന്തയും, പ്രവർത്തിയും, പ്രാർഥനയും, സാധനയും, ജീവിത ചര്യയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തി... അത് ഭൌതിക സുഖങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന ഒരു ചര്യയായാണ് പൊതുവെ ധരിക്കുന്നത്.. ആശ്രമത്തിൻറെ ഭൂമി എത്ര ആഴത്തിലും പരപ്പിലും കുഴിച്ചാലും ആത്മീയതയുടെ ഒരു തരി മണ്ണുപോലും കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല..

       ആത്മീയത ഭാരതത്തിന്റെ സംഭാവനയായാണ് നാം ഉത്ഘോഷിക്കുന്നത്... ആത്മീയത ലോകം അറിഞ്ഞത് ഭാരതത്തിലെ ഋഷി വര്യന്മാരിൽ നിന്നുമാണ്.. അവർ ലോകത്തിന് ആത്മീയത കാണിച്ചു കൊടുത്തത് പരിത്യാഗത്തിൽക്കൂടിയാണ്.. ഭൌതിക ആസക്തികളെ ത്യജിച്ചുകൊണ്ട്, ചിന്തകളെ നിയന്ത്രിച്ചുകൊണ്ട്, ലാളിത്യവും സമഭാവനയും, പ്രദർശിപ്പിച്ചുകൊണ്ട്‌, ഈശ്വരനെ ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യേണ്ടതെങ്ങനെ എന്ന് പഠിപ്പിച്ചു കൊണ്ട്, സദ്‌ ഭാവനാ രചനകൾ നടത്തിക്കൊണ്ട്, ജീവിത ചര്യകളെ ക്രമീകരിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചു കൊണ്ട്, വികാരങ്ങളെ അനുനയിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ നിര്ദ്ദേശിച്ചു കൊണ്ട്, തങ്ങളുടെ അറിവ് ലോകോപകാരപ്രദമായ രീതിയിൽ പകർന്നു നൽകിക്കൊണ്ട്, അങ്ങനെ മഹത്വപൂർണ്ണമായ പലവിധ രീതിയിലാണ് ഭാരതത്തിലെ ആചാര്യന്മാർ ആദ്ധ്യാത്മികത എന്തെന്ന് ലോകത്തിനു കാണിച്ചു കൊടുത്തത്... ഇതിൽ പരമ പ്രധാനമായത് ലാളിത്യവും, പരിത്യാഗവുമാണ്... കാരണം ആത്മീയതയുടെ മാർഗ്ഗത്തിൽ ഏതൊരുവനും അനുഷ്ട്ടിക്കാൻ കഴിയുന്നത്‌ ഇതു രണ്ടുമാണ്... അമൃതാ ആശ്രമം എന്താണ് ആത്മീയതക്ക് സംഭാവനയായി നൽകുന്നത്??

       അമ്മയും അമ്മയുടെ പ്രധാന ശിഷ്യ വൃന്ദവും, അതിലേക്ക് ചുരുക്കിനിരത്തി ശ്രദ്ധിക്കൂ... മറ്റു അമൃതാ ആശ്രമ പ്രവർത്തകരെ ഒഴിവാക്കാം... ആത്മീയതക്ക് അവരാരും പരിപൂർണ്ണമായും സമർപ്പിതരല്ലെന്നു കരുതാം... അമ്മയും ശിഷ്യരുമോ?? വിവാഹം കഴിച്ചു പരസ്യമായി കുടുംബ ജീവിതം നയിക്കുന്നില്ല എന്നതിനപ്പുറം പരിത്യാഗത്തിന്റെ ഏത് അണുവിനെയാണ്‌ അവിടെ കണ്ടെത്താൻ കഴിയുക?? നമുക്ക് പുറത്തുനിന്നു കാണാൻ കഴിയുന്ന ആഡംബരത്തിന്റെ ഉദാഹരണങ്ങൾ എത്ര യെത്ര?? സഞ്ചരിക്കാൻ കോടികൾ വില വരുന്ന വാഹനങ്ങൾ... ഭാരതത്തിലെ തന്നെ ആദ്യ പതിനഞ്ചു സ്ഥാനത്തിനുള്ളിൽ  നിൽക്കാൻ കഴിയുന്ന സമ്പന്നത... ചാർട്ടേട്‌ വിമാനത്തിൽ അടിക്കടി വിദേശ യാത്രകൾ... നടന്നു പോകുന്ന വഴികളിൽ പോലും ശീതീകരണ സംവിധാനങ്ങൾ... അലോപ്പതിയിലും, ആയുർവേദത്തിലുമായി മൾട്ടിസപെഷ്യാലിറ്റി ഹോസ്പ്പിറ്റലുകൾ, ആശ്രമത്തിന്റെ വക എന്റർറ്റൈൻമെന്റ് ചാനൽ, പലവിധ വിദ്യാഭ്യാസ്സ സ്ഥാപനങ്ങളുടെ ഉടമസ്ഥത.... ശതകൊടികളുടെ ബാങ്ക് നിക്ഷേപം... സമൂഹത്തിന്റെ പലതുറകളിലും സ്വാധീനം, അമൃതാ ഹോസ്പ്പിറ്റലിൽ സമരം ചെയ്തവരെ തല്ലി ഒടിച്ച സംഭവം കൂട്ടി വായിച്ചാൽ കരുത്തുറ്റ ഗുണ്ടാബലം... ആജ്നാനുവർത്തികൾ... അങ്ങനെ പോകുന്നു അത്... ഇതിൽ എവിടെയാണ് ആത്മീയത?? ആത്മീയ പ്രവർത്തനങ്ങൾ എന്നാൽ ആശ്രമത്തിൽ നടക്കുന്ന ഭജനയും, അമ്മയും ശിഷ്യന്മാരും നടത്തുന്ന 'അമ്മ' മൂല്യവർദ്ധിത പ്രഭാഷണങ്ങളുമാണൊ?? ആത്മീയ ആചാര്യന്മാർ നടത്തുന്നതിലെ ഏറ്റവും ശുഷ്ക്കമായ പ്രഭാഷണങ്ങളാണ് അമൃതാ ആശ്രമത്തിലെതെന്ന്‌ മനസ്സിലാക്കാൻ ആത്മീയതയുടെ ഉത്തുംഗംഗങ്ങളിൽ വിരാചിക്കുന്നവരാകേണ്ടാ.. ആരും വെറുതെ അതൊന്നു കേട്ടാൽ മാത്രം മതി...

       നിലവിൽ ആശ്രമത്തിനെതിരെ ഉയര്ന്നു വന്നിരിക്കുന്ന ആരോപണങ്ങളിലേക്ക് കൂടി നമുക്കൊന്ന് ശ്രദ്ധിക്കാം... ആശ്രമത്തിന്റെ ആദ്യകാലങ്ങൾ മുതൽ അമ്മയുടെ സന്തത സഹചാരിയായിരുന്ന ഒരുവൾ ആശ്രമത്തിൽ നിന്നും പിരിഞ്ഞു പോയി 15 വർഷങ്ങൾക്കു ശേഷം ആശ്രമത്തിൽ തനിക്കുണ്ടായ ലൈംഗീക പീഡനം ഉൾപ്പടെയുള്ള തിക്താനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകത്തിൽക്കൂടി വെളിപ്പെടുത്തുന്നു... ആ പുസ്തകത്തിന്റെ ആധികാരികതെയെക്കുറിച്ച് നമുക്ക് ഒന്നും പറയാൻ കഴിയില്ല... പുസ്തകത്തെ വിശ്വാസ്സത്തിലോ അവിശ്വാസ്സത്തിലോ എടുക്കാൻ കഴിയില്ല... പുസ്തകത്തെ തെളിവായും എടുക്കാൻ കഴിയില്ല... പക്ഷെ ഗായത്രി ഭാരതത്തിൽ എത്തി ഇവിടെ പോലീസിനു മുൻപിൽ മൊഴി കൊടുക്കാൻ തയ്യാറായാൽ കാര്യങ്ങളുടെ ഗതി തന്നെ മാറും... അവിടെ അമൃതാ ഭക്തർ പറയുന്നത് പോലെ കേസ്സ് കൊടുക്കുന്നതിലെ കാലതാമസ്സം ഒരു നിയമതടസ്സമാകില്ല.. പക്ഷെ അമ്മക്കെതിരെ നിയമം നടപ്പിലായതായി പൊതുജനത്തിന് തോന്നില്ല... 'നിയമം നടപ്പിലായാൽ മാത്രം പോര, അപ്രകാരം പൊതുജനത്തിന് തോന്നലുണ്ടാകുകകൂടി വേണം' എന്ന ജൂറിസ്പ്രുഡെൻസ് ആശ്രമകാര്യത്തിൽ നടപ്പിലാകാനേ പോകുന്നില്ല... കാരണം പേര് വിവരങ്ങൾ അറിയില്ലെങ്കിലും ആശ്രമത്തിൽ സ്ഥിരമായി ഹൈക്കോടതി ജെഡ്ജിമാർ കയറിയിറങ്ങുന്നതും, അമ്മയുടെ കാലിൽ വീഴുന്നതും പൊതുജനം കാണുന്നുണ്ട്...

       ഒരു കാലത്ത് ഗായത്രി എന്നാൽ ആശ്രമത്തിലെ പ്രധാനിയായിരുന്നു... ആശ്രമം തന്നെ ഗായത്രിയെ വളരെ ഉയർത്തിക്കാണിച്ചിരുന്നു... എണ്‍പത് കാലഘട്ടങ്ങളിൽ ഇറങ്ങിയ ആശ്രമത്തിന്റെ പുസ്തകങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുന്നതാണ്... ആശ്രമത്തിൽ ഗായത്രി എത്താൻ കാരണമായ അവരുടെ മുജ്ജന്മ മേന്മകളെക്കുറിച്ചും പ്രകീർത്തിച്ചിട്ടുണ്ട്... അമ്മയുടെ വലംകൈയും ആശ്രമത്തിലെ രണ്ടാം സ്ഥാനക്കാരിയുമായിരുന്നു ഒരു കാലത്ത് അവർ.. പക്ഷെ ഇന്ന് ആശ്രമത്തിൽ ഗായത്രി ഇല്ല.. ഗായത്രിയുടെ സ്ഥാനത്ത് മറ്റു ചിലർ... ആ മറ്റു ചിലർ ഗായത്രിയുടെ പുസ്തകത്തിലെ പ്രതികളും... ഏത് അധികാര വടം വലിയുടെ ഭാഗമായാണോ, പങ്കിട്ടെടുപ്പിലെ കെറുവാണോ ഗായത്രി ആശ്രമത്തിനു പുറത്തായതിനു കാരണമെന്ന്അവ്യക്തമാണ്... മാതൃവാണിയുടെ പഴയ രൂപമായ അമൃതവാഹിനിയിൽ ഉൾപ്പടെ ആശ്രമം പ്രകീർത്തിച്ച, ജന്മജന്മാന്തരങ്ങളുടെ പുണ്യത്തിൻറെ കരുതലുമായി എത്തിയ ഗായത്രി എന്തുകൊണ്ട് ആശ്രമം വിട്ടു എന്ന് ഈ അവസ്സരത്തിലെങ്കിലും വിശദീകരിക്കുവാനുള്ള ധാർമ്മികമായ ഉത്തരവാദിത്വം ആശ്രമത്തിനുണ്ട്... അതോ ആശ്രമത്തിലെത്തിയപ്പോൾ ജന്മജന്മാന്തരങ്ങളിൽ ആർജ്ജിച്ച പുണ്യം അവർക്ക് കൈമോശം വന്നോ??

       ഗായത്രിയുടെ പുസ്തകത്തെ ആധികാരികമായി എടുക്കാൻ കഴിയില്ലെങ്കിലും ആശ്രമത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പും, സംശയവും ജനിപ്പിക്കുന്നതിന് ആ പുസ്തകത്തിനു കഴിഞ്ഞു... ജനങ്ങൾ ഒരു പുസ്തകത്തെ ആധാരമാക്കി ആശ്രമത്തിനെതിരെ ചിന്തിക്കാൻ കാരണമായത്‌ ആശ്രമത്തെക്കുറിച്ച് ജനങ്ങളിൽ ആഴത്തിലുള്ള സദ്‌ വിശ്വാസ്സങ്ങൾ ഇല്ലാത്തതാണ്.. മുൻപ് പറഞ്ഞ വിധത്തിലുള്ള കപട ആത്മീയതയും, ഉച്ചിഷ്ട്ട സേവനസംസ്ക്കാരവും, ടെലിവിഷൻ, മാധ്യമ, ഫ്ലെക്സ് പരസ്യ സമ്പ്രദായവുമുള്ള ആശ്രമത്തിൽ ഗായത്രി പറഞ്ഞ രീതിയിലും സംഭവിക്കാം എന്ന് അവർ കരുതുന്നു...

       നമ്മുടെ നാട് നിയമ ലംഘനങ്ങളും, കപടതകളും ഒക്കെകൊണ്ട് സമൃദ്ധമാണ്... അതൊക്കെ നാടിനെയും നാട്ടാരെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുമുണ്ട്.. പക്ഷെ അതിൽ ഒന്നായി അമൃതാ ആശ്രമത്തിലെ കപട ആധ്യാത്മികതയെ കണ്ട് നിസ്സാര വല്ക്കരിക്കാൻ കഴിയില്ല... കാരണം ഭാരതത്തിന്റെ സനാതന ധർമ്മത്തെക്കുറിച്ച്‌, ആദ്ധ്യാത്മിക ചിന്തയെക്കുറിച്ച്, പൈതൃകത്തെക്കുരിച്ച്, ഉപനിഷത്തുക്കളെക്കുറിച്ച്, വേദങ്ങളെക്കുറിച്ച്, ഇതിഹാസ്സങ്ങളെക്കുറിച്ച്, ഭഗവത് ഗീതയെക്കുറിച്ച്; ഒക്കെ ലോകത്താകമാനം പഠനങ്ങളും, ചർച്ചകളും സദാ നടന്നു വരികയാണ്... ലോകത്തെവിടെ ഭാരതീയ സംസ്കൃതിയെക്കുറിച്ച് പഠനം നടന്നിട്ടുണ്ടെങ്കിലും, പഠനം നടക്കുന്തോറും ഉറച്ചു മിനുക്കിക്കൊണ്ടിരിക്കുന്ന സ്വർണ്ണം പോലെ അതിന്റെ ശോഭ വർദ്ധിച്ചു കണ്ടിട്ടേ ഉള്ളൂ... അതിനു കാരണം ഭാരത ആത്മീയത, ഉത്ഭവം അജ്ഞാതമായി ശ്രീകൃഷ്ണനിൽക്കൂടി സഞ്ചരിച്ച് ശ്രീരാമകൃഷ്ണ പരമഹംസ്സരിലും, വിവേകാനന്ദസ്വാമിയിലും, രമണ മഹർഷിയിലും, ശങ്കരാചാര്യരിലും, ചട്ടമ്പിസ്വാമിയിലും അതുപോലെ പല സ്രേഷ്ട്ട യോഗി വര്യരിലും കൂടി സ്പുടം ചെയ്ത് ലോകത്തിനു സംഭാവന ചെയ്തതിനാലാണ്... ഭാവികാലത്ത് പഠനൊൽസ്സുകരായ ഒരു തലമുറ ഭാരത ആത്മീയതയെക്കുറിച്ച് പഠിക്കാൻ തയ്യാറായാൽ അവരുടെ പഠനവിഷയത്തിൽ അമൃതാ ആശ്രമവും വന്നുചേരും... അങ്ങനെയെങ്കിൽ ഇത്ര ശുഷ്ക്കമായ ആധ്യാത്മിക ചിന്തയായിരുന്നൊ ഭാരതത്തിന്റെത് എന്ന് അവർ സംശയിച്ചു പോകും... സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഭാരതീയ ചിന്താധാരക്കു തന്നെ അത് തുരംഗമാകും! സംശയമില്ല... അമൃതാ ആശ്രമത്തെ വിമർശിക്കുന്നവർ ഭാരത ആത്മീയസപര്യക്കുതന്നെ വിഘാതം സൃഷ്ട്ടിക്കുന്നവരാണെന്നു വാദിക്കുന്നവർ ഇപ്രകാരം കൂടി ചിന്തിക്കുന്നത് നന്ന്...

       അമൃതാ ആശ്രമത്തിനു എതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരൊധിക്കുക എന്നത് ന്യായാന്യായങ്ങൾക്ക് അപ്പുറം തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്... ഹിന്ദുവിനെ സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണത് എന്നാണ് അവർ നൽകുന്ന പ്രചാരണം... അമൃതാ ആശ്രമത്തിലാണോ ഹിന്ദുത്വത്തെ ആവാഹിച്ചു സൂക്ഷിച്ചിരിക്കുന്നത്?? അതോ ഹിന്ദുത്വത്തിന്റെ അച്ചുതണ്ട് അമൃതാ ആശ്രമത്തിലാണോ ഊന്നി നിൽക്കുന്നത്... അമൃതാ ആശ്രമത്തിനു പരിക്കേറ്റാൽ ആ അച്ചുതണ്ടോടിഞ്ഞു ഹിന്ദുക്കൾ ആകമാനം കൂപ്പുകുത്തുമൊ?? ഹിന്ദുവിന്റെയും, ഹിന്ദുവിന്റെ സംസ്ക്കാരത്തിന്റെയും, ഭാരതീയ ആത്മീയ ചരിത്രത്തിന്റെയും മറവിൽ ആരെങ്കിലും മുതലെടുപ്പുനടത്തിയാൽ അതിനെ കണ്ടെത്തി പൊതുജനമദ്ധ്യത്തിൽ വിചാരണക്ക് കൊണ്ടുവരികയാണ് ഒരു യഥാർഥ ഹിന്ദു ചെയ്യേണ്ടത്... അത്തരം കാപട്യങ്ങൾ ഹിന്ദുവിന്റെതല്ല എന്ന് തള്ളിപ്പറയുകയാണ് ചെയ്യേണ്ടത്... അവിടെയാണ് ഹിന്ദുമതം സംരക്ഷിക്കപ്പെടുന്നത്... മറിച്ച് ഒരു പോയ്‌മുഖത്തിനു പിന്നിൽ ഹിന്ദുത്വം  ഒളിച്ചാൽ നാളെ ആ പൊയ്മുഖം ലോകം മാറ്റി നോക്കുമ്പോൾ മറഞ്ഞിരിക്കുന്ന ഹിന്ദുത്വത്തിനെയെ ലോകം കാണൂ... ആ പൊയ്മുഖത്തിനു പിന്നിൽ അത്രയും കാലം ഹിന്ദുവും ഹിന്ദുത്വവും മറഞ്ഞിരിക്കുകയായിരുന്നെന്ന് ലോകം തെറ്റിധരിക്കാനും ഇടവരും..

       ഒരിക്കൽ തന്നെ ആശ്രമത്തിന്റെ അനുയായിയായി മറ്റുള്ളവർ  കണ്ടുപോയി, അതിനാൽ ഏതു വിഷയത്തിലും ആശ്രമത്തെ പിന്താങ്ങിയെ പറ്റൂ എന്ന് കരുതുന്നവരും ഉണ്ട്... ഇന്ന് രാഷ്ട്രീയ പാർട്ടികളോടും സംഘടനകളോടും അപ്രകാരമുള്ള മനോഭാവം വെച്ച് പുലർത്തുന്നവരുണ്ട്...  താൻ പ്രതിനിധീകരിക്കുന്ന ഒന്നിൽ എന്ത് കൊള്ളരുതാഴിക നടന്നാലും പിന്തുണക്കുക... അതിനുവേണ്ടി മറ്റുള്ളവരോട്‌ മല്ലടിക്കുക... പല പ്രസ്ഥാനങ്ങളും ഇരുളടഞ്ഞു പൊകുന്നതിന്റെയും സ്വേശ്ചാധിപത്യവൽകൃത മാകുന്നതിന്റെയും പിന്നീട് നശിക്കുന്നതിന്റെയും ഒരു പ്രധാന കാരണമാണത്‌..അവിടെ അനുയായികൾ ചെയ്യുന്നത് സ്വന്തം മനസ്സാക്ഷിയുടെ കണ്ണുകെട്ടിയുള്ള അടിമവേലയും...

       ആശ്രമത്തിനെതിരെയുള്ള ആരോപണങ്ങളെ ചിലർ പ്രതിരോധിക്കുന്നത് മറ്റു മത സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള സമാനമായ സംഭവങ്ങളെ ഉയർത്തിക്കാട്ടിയാണ്... അവർ എന്താണ് ഉദ്ദേശിക്കുന്നതെന്നും, എന്തുതരം വാദമുഖമാണ് അവർ ഉയർത്തുന്നതെന്നും മനസ്സിലാകുന്നതെ ഇല്ല!! അവർ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്?? മതസ്ഥാപനങ്ങളിൽ എല്ലാം ഇങ്ങനെയാണ് നടക്കുന്നത്, അമൃതയോടു മാത്രം എന്താ ചൊദിക്കാനെന്നൊ?? അമൃതയിൽ ആരോപണത്തിന് അനുസൃതമായ രീതിയിൽ പലതും നടക്കുന്നു എന്ന് അവർ സമ്മതിക്കുകയാണോ?? അതോ മതപരമായ ഒരു വേർതിരിവ് മാത്രമാണോ അവരുടെ ലക്‌ഷ്യം?? അവരുടെ പ്രവർത്തിയിൽ അവർക്ക് പ്രയോജനകരമായ ഒരു സംസ്സാരം രൂപപ്പെടുത്തി എടുത്തേക്കാം " ഒരു ഹിന്ദു സ്ഥാപനമായതുകൊണ്ടാ ഇത്ര കോലാഹലം, ക്രിസ്ത്യന്റെയൊ, മുസ്ലീമിന്റെയോ ആയിരുന്നെങ്കിൽ ആരും ഒരക്ഷരം മിണ്ടില്ലായിരുന്നു" എന്നതാണത്.. പക്ഷെ മത ന്യൂന പക്ഷങ്ങൾക്ക്‌ ലഭിക്കാറുള്ള ആ പതിവ് ആനുകൂല്യം ഗായത്രി വിഷയത്തിൽ ആശ്രമത്തിന് രാഷ്ട്രീയ- സാംസ്ക്കാരിക- വാർത്താ നേതൃത്വങ്ങളിൽ നിന്ന് കിട്ടി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...

       ഭക്തിയിലെയും, ആത്മീയതയിലെയും, സേവനപ്രവർത്തനങ്ങളിലെയും ധാർമ്മികതയെ മാറ്റിവെച്ചു ചിന്തിച്ചാൽ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ പിറന്ന് ലോകത്തോളം വളർന്ന വ്യക്തിത്വമാണ് അമ്മ... മാന്യമായ വിമർശകരും അമ്മയെ വിമർശിക്കുന്നത് 'അമ്മ' എന്ന് സംബോധന ചെയ്തു കൊണ്ടാണ്... കുമാരി സുധാമണി എന്നോ കുമാരി അമൃതാ എന്നുപൊലുമൊ സംബോധന ചെയ്യാൻ ആരും തയ്യാറാകുന്നില്ല... അത് തീർച്ചയായും സമൂഹത്തിൽ നേടിയ വലിയ സ്ഥാനത്തിന്റെ തെളിവാണ്... സമാധാനത്തിനുള്ള നോബൽ സമ്മാനം മലയാളക്കരയിലേക്ക് അമ്മയിലൂടെ ഉടനെ വന്നെത്തുമെന്നും പറയപ്പെടുന്നു.. സേവനരംഗത്ത് പുതിയ മുഖവുമായി അമ്മ അവതരിച്ചാൽ തീർച്ചയായും സ്വാഗതം ചെയ്യപ്പെടുക തന്നെ ചെയ്യും.....   

     

[Rajesh Puliyanethu
 Advocate, Haripad]

Sunday, 16 February 2014

ആം ആദ്മി പാർട്ടി; ഒരു രാഷ്ട്രീയ പൊറാട്ട് നാടക കമ്പനി !! രാഷ്ട്രീയ അരാജകത്വത്തിന്റെ മൊത്തവ്യാപാരികൾ....


       ഭാരതത്ത്ന്റെ രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതിയായി പിറവികൊണ്ട പാർട്ടി യായിരുന്നു ആം ആദ്മി പാർട്ടി.. http://rajeshpuliyanethu.blogspot.in/2014/01/blog-post.html.. ഭരണപക്ഷത്തിന്റെ അഴിമതികളിലും, കെടുകാര്യസ്ഥതയിലും, സ്വജനപക്ഷപാതത്തിലും മനം മടുത്ത ഒരു ജനത അഴിമതിക്കെതിരെ മുദ്രാവാക്യവും പ്രചരണങ്ങളുമായി രംഗത്തുവന്ന ആം ആദ്മി പാർട്ടിയോട് ആഭിമുഖ്യം കാട്ടി.. മുഖ്യധാരാരാഷ്ട്രീയപ്പാര്ട്ടികൾക്ക് അതൊരു താക്കീതും, ഇരുത്തി ചിന്തിക്കാൻ അവസ്സരവും നൽകുന്നതായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.. പക്ഷെ ആം ആദ്മി പാർട്ടി മുന്നോട്ടു വെയ്ക്കുന്ന കാര്യങ്ങളിലെ പ്രായോഗികതയും, അവർക്കില്ല എന്ന് പൊതുജനം കരുതിയിരുന്ന രാഷ്ട്രീയ കാപട്യ സ്വൊഭാവവും എത്രത്തോളമെന്ന് ചിന്തിക്കേണ്ട സമയം വന്നെത്തിയിരിക്കുന്നു.. ആം ആദ്മി പാർട്ടി ഒരു വിജയമായി മുന്നേറിയാൽ,, അത് അഴിമതിയെ എതിർത്തുകൊണ്ടുള്ള ജനങ്ങളുടെ താക്കീതാകുമെന്നും മറിച്ച് ആം ആദ്മി പാർട്ടി ഒരു പരാജയമായാൽ അഴിമതിക്കെതിരെയോ, രാഷ്ട്രീയ കൊള്ളരുതാഴികകൾക്കെതിരെയോ ഭാവിയിലുണ്ടാകാനുള്ള ജന മുന്നെറ്റങ്ങളുടെ സാദ്ധ്യതകളെത്തന്നെ നശിപ്പിക്കുമെന്നും നാം കണ്ടിരുന്നു.. അതുവഴി അത് ജനാധിപത്യത്തിന്റെ തന്നെ ശക്ത്തിക്ഷയത്തിന് കാരണമാകുമെന്നും നാം തിരിച്ചറിഞ്ഞിരുന്നു..

       ആം ആദ്മി പാർട്ടി രാഷ്ട്രീയ അരാജകത്വത്തിന് കാരണമാകുമെന്ന് അവർ ഉദയം കൊണ്ട അവസ്സരത്തിൽതന്നെ പ്രവചനങ്ങളും ഉണ്ടായതാണ്.. പക്ഷെ അത് പ്രവചനത്തിന് മുതിരാതെ കാലത്തിനു വിട്ടുനൽകുക മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നു.. തങ്ങളുടെ പ്രകടനം സ്വന്തം വാക്കുകൾക്ക് അനുസൃതമായി കാട്ടിക്കൊടുക്കുക എന്നത് അവരുടെ ഉത്തരവാദിത്വം ആയിരുന്നു..

       അഴിമതിയിൽ മുങ്ങിക്കുളിച്ചുനിന്ന രാജ്യത്ത് അഴിമതി തന്നെ ആയുധമാക്കി ആം ആദ്മി പാർട്ടി രംഗത്തുവന്നു.. അണ്ണാ ഹസ്സാരയുടെ തോളിൽ ചവിട്ടിനിന്ന് ഉത്തരത്തിലെ കഴുക്കോൽ ഊരുന്ന രാഷ്ട്രീയ തന്ത്രം പ്രയോഗിച്ച കേജ്രിവാൾ അതിൽ വിജയിക്കുക തന്നെ ചെയ്തു.. അഴിമതി വിരുദ്ധത എന്ന മുദ്രാവാക്യത്താൽ മുഖരിതമായിരുന്ന അന്തരീക്ഷത്തിൽ അണ്ണാ ഹസ്സാരെ ചൂണ്ടിക്കാട്ടിയ കെജ്രിവാൽ വിരുദ്ധ ശബ്ദങ്ങൾ അധികമാരും കേട്ടില്ല..

       നാൽപ്പത്തിഒൻപതു ദിവസ്സത്തെ ഭരണകോലാഹലങ്ങൾക്കൊടുവിൽ ആം ആദ്മി പാർട്ടി സർക്കാർ ഡൽഹിയിൽ രാജി വെച്ചിരിക്കുകയാണ്.. അഴിമതിക്കെതിരെയും, രാഷ്ട്രീയ പൊറാട്ടു നാടകങ്ങൾക്കെതിരേയും പ്രവർത്തിക്കുന്നു എന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന പാർട്ടി തങ്ങളെ വിശ്വസ്സിക്കുകയും, പ്രതീക്ഷ അർപ്പിക്കുകയും ചെയ്തവരെ ഒന്നാകെ വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരും... എന്തിനാണ് കേജ്രിവാൾ രാജിവെച്ചത് എന്ന്അന്യേഷിക്കുന്നവർക്ക് സുവ്യക്തമായി അത് മനസ്സിലാക്കാനും കഴിയും.. ആം ആദ്മി പാർട്ടി അനുഭാവികൾ അത് മനസ്സിലാക്കുന്നു എന്നുതന്നെയാണ് ഞാൻ കരുതുന്നത്.. പക്ഷെ ഒരു ബാധ്യതപൊലെ അവർ കേജ്രിവാളിനു സ്തുതിപാടൽ തുടരുന്നു...   

       ജനലൊക്പാൽ ബിൽ പാസ്സാക്കാൻ കഴിയാതെവന്നു അതിനാൽ രാജി വെയ്ക്കുന്നു എന്നതായിരുന്നു കേജ്രിവാളിന്റെ വിശദീകരണം.. ഒരു ബിൽ പാസ്സാക്കുന്നതിനുള്ള നിയമവശങ്ങൾ പോലും ശ്രദ്ധിക്കാതെ ഒരു ബില് അവതരിപ്പിക്കുക.. അതിനു പരാജയം ക്ഷണിച്ചു വരുത്തി ഏറ്റു വാങ്ങുക.. ആ സംഭവത്തെ മുൻനിർത്തി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ പ്രതിക്കൂട്ടിലാക്കി രാജിവെയ്ക്കുക.. പൊതുജനത്തിനു മുൻപിൽ അഴിമതി വിരുദ്ധ പോരാളിയായി അധികാരം പോലും വലിച്ചെറിഞ്ഞ വീരനായ ത്യാഗിയായി നിന്ന് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുക.. തമിഴിലോ, തെലിങ്കിലൊ പോലും ഈ തിരക്കഥ അവതരിപ്പിച്ച് സിനിമ നിർമ്മിച്ചാൽ എട്ടു നിലയിൽത്തന്നെ പൊട്ടിപ്പോകും..

       ലേഫ്ടനെന്റ്റ്‌ ഗവെർണ്ണറുടെ അനുവാദം വാങ്ങാതെ ഒരു ഫിനാൻസ് ബിൽ അവതരിപ്പിച്ചതോ, ആ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാത്തതൊ, സാഭാങ്ങങ്ങൾക്കു ബില്ലിന്റെ പകര്പ്പ് നൽകാത്തതൊ; അങ്ങനെ തുടരുന്ന ഭരണഘടനാപരമായ നിർദ്ദേശങ്ങളെ പാലിക്കപ്പെടാത്തതോന്നും ബിൽ പരാജയപ്പെട്ടതിനു കാരണമായി കേജ്രിവാൾ സമ്മതിക്കുന്നില്ല.. പാർളമെന്ററി കാര്യങ്ങളിൽ തനിക്കു പരിചയക്കുറവുണ്ടെന്നു മാത്രമാണ് അതിനുള്ള അദ്ദേഹത്തിൻറെ വിശദീകരണം.. ഒരു മുഖ്യമന്ത്രി മാത്രമാണോ ഒരു ബിൽ അവതരിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്..?? ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെങ്കിലും ബിൽ അവതരിപ്പിക്കുന്നതിലെ ചട്ടങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചില്ല എന്നാണോ നമ്മൾ വിശ്വസ്സിക്കേണ്ടത്?? തനിക്ക് നിയമം അറിയില്ല എന്ന് കുമ്പസ്സരിക്കുന്ന കേജ്രിവാൾ എന്തുകൊണ്ട് ബിൽ അവതരിപ്പിക്കുന്നതിലെ ചട്ടങ്ങളും, നിയമങ്ങളും മനസ്സിലാക്കാൻ മുതിർന്നില്ല?? അത്രയ്ക്ക് ലാഘവബുദ്ധിയോടെയാണോ ആം ആദ്മി മന്ത്രിസഭ അവർത്തന്നെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജനലോക്പാൽ ബില്ലിനെ സമീപിച്ചത്?? ബിൽ പാസ്സകുന്നതിന്ആം ആദ്മി പാർട്ടി താല്പ്പര്യപ്പെട്ടിരുന്നു എങ്കിൽ ചട്ടങ്ങൾ പാലിച്ചുതന്നെ അവർ ബിൽ അവതരിപ്പിക്കുമായിരുന്നു.. പിന്നീടും ജനലോക്പാൽ ബിൽ പരാജയപ്പെട്ടിരുന്നെങ്കിൽ ചട്ടങ്ങൾ പാലിക്കാതെ അവതരിപ്പിക്കാത്തതിനാലാണ് ബിൽ പാസ്സാകാതെ പോയതെന്ന കുറ്റപ്പെടുത്തലിന് പ്രതിപക്ഷത്തിന് അവസ്സരവും ഉണ്ടാകുമായിരുന്നില്ല.. അതിനർഥം ചട്ടങ്ങൾ പാലിച്ച് ജനലോക്പാൽ ബിൽ അവതരിപ്പിച്ചിരുന്നെങ്കിൽ അത് പാസ്സാകുമായിരുന്നെന്നും അതിന് ആം ആദ്മി പാർട്ടി താൽപ്പര്യപ്പെട്ടിരുന്നില്ല എന്നുമാണ്!!

       ഒരു ബിൽ അവതരിപ്പിക്കാൻ പോലും അറിവില്ലാത്ത മുഖ്യമന്ത്രി എന്ന ഖ്യാതിയും കേജ്രിവാൾ സ്വന്തമാക്കിയിരിക്കുകയാണ്.. ബിൽ പരാജയപ്പെടുന്ന രീതിയിൽ അവതരിപ്പിച്ച് കെജ്രിവാൾ ഭരണഘടനയെയും അധിക്ഷേപിച്ചിരിക്കുകയാണ്.. ഒരു ബിൽ നിയമപ്രകാരം അവതരിപ്പിക്കാൻ തയ്യാറാകാത്തവർ പിന്നെ എന്ത് കാര്യത്തിലാണ് നിയമവും, ചട്ടവും പാലിക്കാൻ തയ്യാറാകുന്നത്??

       അഴിമതിയിലും, കോർപ്പറേറ്റ് പ്രേമത്തിലും എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നാണെന്നും താൻ മാത്രമാണ് അഴിമതിക്കെതിരെ പൊരുതുന്ന ഒരേ ഒരു ഇന്ത്യൻ എന്നുമുള്ള പ്രതീതി ഉയർത്തി മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ആം ആദ്മി പാർട്ടിയുടെ നേതാവായ കേജ്രിവാളിന്റെ ലക്ഷ്യം.. നിയമ സഭയിലെ തന്റെ സ്ഥിതി മെച്ചപ്പെടുത്താമെന്നും, പാർലമെന്റിൽ കുറച്ചു ചൂലുകാരെ കയറ്റിവിടാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നുണ്ടെന്നു വേണം മനസ്സിലാക്കാൻ.. ഇങ്ങനെയൊക്കെ രാഷ്ട്രീയ കുടിലതകൾ പ്രദർശിപ്പിക്കുന്ന ഒരു പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് ശുചീകരണം കൊണ്ടുവരുമെന്നാണ് നാം കരുതേണ്ടത്?? എന്ത് പ്രത്യേകതയാണ് ഭാരതത്തിലെ അഴിമതി ഒഴികെ മറ്റൊരു വിഷയങ്ങളിലും ഇടപെടൽ നടത്താൻ താല്പ്പര്യം കാട്ടാത്ത ആം ആദ്മി പാർട്ടിക്ക് അവകാശപ്പെടാനുള്ളത്??

       രാഷ്ട്രീയ പരവും, സാമൂഹികപരവും, മതപരവും, സാമ്പത്തികപരവും, സമീപനപരവും; അങ്ങനെ പലവിധ വർത്തമാനസംഭവവികാസ്സങ്ങളെ ആധാരമാക്കി ആശയങ്ങളും മുന്നേറ്റങ്ങളും രൂപം കൊള്ളും.. പ്രത്യേകിച്ച് ഭാരതം പോലെ വിശാല ജനാധിപത്യമുള്ള ഒരു രാജ്യത്ത് അത്തരം മുന്നെറ്റ ങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്.. പ്രസ്തുത കാലയളവിൽ ഉയർന്നുവരുന്ന വിഷയത്തിൽ നിന്നുള്ള ജനശ്രദ്ധഅകലുന്നതോടെ അത്തരം വിഷയങ്ങളെ ആധാരമാക്കി ഉയര്ന്നു വരുന്ന പ്രസ്ഥാനങ്ങളുടെ പ്രാധാന്യവും നശിക്കുന്നതായാണ് കാണുന്നത്.. ജനങ്ങളുടെ ആകമാനമായ വിഷയങ്ങളിൽ ശ്രദ്ധചെലുത്തുന്ന പ്രസ്ഥാനങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ.. ആം ആദ്മി പാർട്ടി ഉയർത്തുന്ന കേവല വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ വ്യതിചലിക്കുന്നതൊടെ ആ പാർട്ടിയുടെ പ്രാധാന്യവും നശിക്കും.. അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങളെ സംരക്ഷിക്കാനുള്ള ആർജ്ജവം അവർക്കില്ലെന്നുകൂടിവന്നാൽ ആ പ്രക്രീയയുടെ വേഗവും കൂടും..


[Rajesh Puliyanethu
 Advocate, Haripad]     

Thursday, 6 February 2014

കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!


    CPM വിമതനും, RMP എന്ന CPM വിമത പാർട്ടിയുടെ നേതാവുമായ ടി. പി ചന്ദ്രശേഖരൻ 2012 മെയ്‌ മാസം 4 ആം തീയതി അതിക്രൂരമായി നടുറോഡിൽ കൊലചെയ്യപ്പെട്ടു... 51 വെട്ടുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌... ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മട്ടിൽ അപ്പോൾത്തന്നെ പൊതുജനം CPM നു കുറ്റപത്രം ചാർത്തി നൽകി..

       T .P ചന്ദ്രശേഖരനെ കൊന്നത് CPM തന്നെയെന്ന് പൊതുജനം കരുതിയത്തിന് കാരണങ്ങൾ പലതായിരുന്നു... അതിൽ പ്രധാനമായത് T . P ക്ക് വ്യക്തി വിരോധികൾ ഉള്ളതായി ആർക്കും അറിയില്ലായിരുന്നു എന്നതാണ്.. ഒരുവലിയ പ്രദേശം അദ്ദേഹത്തെ പിന്തുണച്ചിരുന്നത് മാത്രമേ ഏവർക്കും അറിയുമായിരുന്നുള്ളൂ.. എന്നാൽ CPM ന്റെ അടിത്തറഇളക്കുന്ന രീതിയിൽ  T .P ചന്ദ്രശേഖരൻ നടത്തി വന്നിരുന്ന പ്രവർത്തനങ്ങളിൽ CPM ന് ഉണ്ടായിരുന്ന വൈരാഗ്യം കൊച്ചു കുട്ടികൾക്കുപോലും തിരിച്ചറിവുണ്ടായിരുന്നതും!! CPM എന്ന പാർട്ടി പ്രതിയോഗിയെ കൊന്നു എന്ന വാർത്ത ആരിലും അത്ഭുതം ജനിപ്പിച്ചതുമില്ല..

       അന്വേഷണം മുൻപോട്ടു പോയപ്പോൾ CPM ന്റെ കൊലപാതകത്തിലെ പങ്ക് ചാരം മാറി കനൽ തെളിയുന്നതുപോലെ വ്യക്തമായി വന്നു.. CPM ന്റെ പാർട്ടി ഓഫീസ്സുകളിൽ പ്രതികൾക്ക് അഭയം നൽകിയത്, CPM പ്രതികൾക്ക് വാഹനം ഏർപ്പാടാക്കിയത്, CPM പ്രതികളെ ഒളിവിൽ പോകാൻ അനുവദിച്ചത്, ഇതിനെല്ലാം പുറമേ കുഞ്ഞനന്തൻ, മോഹനൻ, ട്രൌസ്സർ മനോജ്‌ എന്നീ വീരസഖാക്കൾ പ്രതിപ്പട്ടികയിൽപ്പെട്ടത്, CPM നേതാക്കൾ പരസ്യമായി പ്രതികളെസംരക്ഷിക്കാൻ രംഗത്ത് വന്നത്,    T .P ചന്ദ്രശേഖരന്റെ ചിതകെട്ടടങ്ങിയതിനു ശേഷവും കലിയടങ്ങാതെ  CPM ന്റെ സംസ്ഥാന സെക്രട്ടറി T .P ചന്ദ്രശേഖരനെ കുലംകുത്തി എന്ന് അലറിവിളിച്ചത്‌.. അങ്ങനെ      T .P ചന്ദ്രശേഖരൻറെ കൊലപാതകത്തിൽ CPM ന്റെ പങ്കുബോദ്ധ്യപ്പെടുന്ന തെളിവുകൾ പൊതുജനങ്ങൾക്ക് മുൻപിൽ പലതുണ്ടായിരുന്നു..    T .P ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തങ്ങൾക്കുപങ്കില്ലെന്നും രാഷ്ട്രീയവിരോധികളുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ മാത്രമാണ് CPM പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും  CPM നേതാക്കൾ പത്രസമ്മേളനങ്ങൾ വിളിച്ചുകൂട്ടി പറഞ്ഞു.. തങ്ങളുടെ പ്രസ്ഥാവനയെ പൊതുജനം വിശ്വാസ്സത്തിലെടുക്കുന്നതിലേക്ക് 'കുറ്റം തെളിയിക്കപ്പെട്ടവരാരും പാര്ട്ടിയിലുണ്ടാകില്ലെന്ന' സത്യപ്രഖ്യാപനവും നടത്തി..  തദ് അവസ്സരത്തിൽത്തന്നെ കൊടിസുനി അടക്കമുള്ള പാർട്ടിപ്പടയാളികൾക്ക് രാഷ്ട്രീയപരവും, നിയമപരവുമായ പിന്തുണ നൽകുന്നതിന് പാർട്ടി അതീവ ശ്രദ്ധകാട്ടി..

       കൊലയാളികൾ സഞ്ചരിച്ച വാഹനത്തിൽ അറബി സൂക്ത്തങ്ങൽ എഴുതി വെച്ച് അന്യെഷണഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും, ഡമ്മി പ്രതികളെ നല്കി കേസ്സിൽ നിന്ന് രക്ഷപ്പെടാമെന്നുമുള്ള പാർട്ടി ഉദ്ദേശം പാളിപ്പോയെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്.. മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്ന  CPM കൊലയാളി വാഹനത്തിൽ അറബിക് സൂക്തങ്ങൾ എഴുതിവെച്ച് മുസ്ലീം സമുദായത്തെ പ്രതിസ്ഥാനത്തുനിർത്താൻ നടത്തിയ ശ്രമം മ്ലെശ്ചം എന്നതിനപ്പുറം സമൂഹത്തിന് ഒന്നടങ്കം ആപത്ക്കരവുമായിരുന്നു...

       CPM ന്റെ അനുഭാവികളായ പ്രഗൽഭഅഭിഭാഷകർത്തന്നെ പ്രതികൾക്കായി കോടതിയിലെത്തി..  CPMന്റെ നേതൃത്വത്തിൽ കേസ്സ് നടത്തിപ്പിലേക്ക് ഫണ്ട് സ്വരൂപണവും നടത്തി.. അപ്പോഴും  T .P ചന്ദ്രശേഖരൻറെ കൊലപാതകത്തിൽ CPM ന് പങ്കുണ്ടെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് നേതാക്കൾ കിട്ടിയ അവസ്സരത്തിലെല്ലാം പറഞ്ഞു.. നൂറോളം പ്രതികൾ ഉണ്ടായിരുന്നത് ചുരുങ്ങി കൊലയാളിസംഘത്തേയും, കുഞ്ഞനന്ദനെയും കുറ്റക്കാരായി കണ്ട് കോടതി വിധി പറഞ്ഞു... മോഹനൻ കുറ്റവിമുക്തനായി എന്നത് മാത്രമായിരുന്നു അവിടെ CPM ന്റെ പിടിവള്ളി..

       കോടതി കുറ്റക്കാരായി കണ്ടവരെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ  CPM തയ്യാറായില്ല എന്ന് മാത്രമല്ല അവരെ പിന്തുണച്ചുകൊണ്ട് പ്രസ്ഥാവന ഇറക്കാനും തയ്യാറായി.. പാര്ട്ടി എത്ര പ്രതിരൊധത്തിലായാലും, പൊതുജനമദ്ധ്യത്തിൽ എത്ര ചോദ്യം ചെയ്യപ്പെട്ടാലും  T .P ചന്ദ്രശേഖരൻ എന്ന മഹാമാരണത്തിനെ ഒഴിവാക്കാൻ കഴിഞ്ഞതാണ് പാർട്ടിക്ക് വലിയകാര്യമെന്നും, അതിന് സഹായിച്ചവരാണ് പാർട്ടിക്ക് ഒന്നാമതായവരെന്നും പ്രഖ്യാപിക്കുന്നതുപൊലെയായി പാർട്ടിയുടെ പ്രവർത്തനരീതി..

       ഒരു രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളെ പ്രസ്തുത പാര്ട്ടി സംരക്ഷിക്കും എന്നത് നടപ്പ് രാഷ്ട്രീയം എന്ന് കരുതാം... അല്ലെങ്കിൽ നാളെ രാഷ്ട്രീയ വൈരികളെ കൊല്ലാൻ നേതാക്കന്മാർ തന്നെ ഇരുട്ടിന്റെ മറപിടിച്ച് വാരിക്കുന്തവുമായി കാത്തിരിക്കേണ്ടി വരും.. പക്ഷെ കൊലയാളി സംഘത്തിന് മർദ്ദനമേറ്റെന്ന വാർത്തകേട്ട് ഓടികൂടിയ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കന്മ്മാർ  CPM എന്ന പാർട്ടിയെ ജനമദ്ധ്യത്തിൽ നാണംകെടുത്തി എന്നുവേണം കരുതാൻ.. കൃഷ്ണമേനോൻ, AKG, EMS, EK നായനാർ തുടങ്ങി നീളുന്ന ആദർശധീരരായ നേതാക്കളുടെയും, ചോരകൊടുത്തു പ്രസ്ഥാനത്തെ വളർത്തിയ രക്തസാക്ഷികളുടെയും, വിയർപ്പുനൽകിയ തൊഴിലാളി വർഗ്ഗത്തിന്റെയും എല്ലാം അഭിമാനം ഒരുകൂട്ടം കൊലയാളികൾക്കുമുൻപിൽ ഹോമിച്ചു കളഞ്ഞു എന്നെ കാണാൻ കഴിയൂ.. മറ്റൊന്നുകൂടി ഏതൊരുവനും ചിന്തിച്ചു പോകും; ഇത്രയും മഹാനായ  CPM ശത്രു ആയിരുന്നോ  T .P ചന്ദ്രശേഖരൻ??

        പത്രസമ്മേളനം വിളിച്ചു ചേർത്തു പറയുന്നില്ല അല്ലെങ്കിൽ കോടതി മുൻപാകെ  T .P വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല എന്നതൊഴിച്ചാൽ പരസ്യമായി  CPM തങ്ങളുടെ സമീപനങ്ങളിൽക്കൂടി ജനങ്ങൽക്കുമുൻപിൽ ആ ഉത്തരവാദിത്വം ഏറ്റെടുത്തുകഴിഞ്ഞു.. കൊടിസ്സുനിയും സംഘവും നിയമത്തിന് മുൻപിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു.. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നുള്ള ഡിഫെൻസ്സിന്റെയും സാദ്ധ്യത അവസ്സാനിച്ചു.. ഇപ്പോഴും ജനങ്ങളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് CPM നേതാക്കൾ തങ്ങളുടെ വിധേയത്വവും, കടപ്പാടും പ്രകടിപ്പിച്ചുകൊണ്ട് കൊലയാളി സംഘത്തിനു പുറകെ നാണം കേട്ട് നടക്കുന്നു.. ഇത്രയുമൊക്കെ ആണെങ്കിലും  CPM നേതാക്കൾ പറയുന്നതുപോലെ; തങ്ങൾക്ക്  T .P വധത്തിൽ പങ്കില്ല എന്നത് ജനങ്ങൾ അതേപടിതന്നെ വിശ്വസിച്ചുകൊള്ളണം!! അല്ലെങ്കിൽ ജയരാജാൻ സഖാക്കൻന്മാരെ പോലെയുള്ള ഉന്നത സഖാക്കന്മാർക്കും, അവരിൽനിന്നും വിപ്ലവധാർഷ്ട്യം ആവാഹിച്ചു പ്രവർത്തിക്കുന്ന അഭിനവജയരാജൻ സഖാക്കൻന്മാർക്കും അരിശം വരും.. ഇത്രയുമൊക്കെ കാണുമ്പോൾ ചിന്തിച്ചുപോകുന്ന ഒന്നുണ്ട്;   CPM നേതാക്കൾ കേരളജനതയെ നോക്കി 'പ്രബുദ്ധർ' എന്ന് വിളിച്ചത് പരിഹസ്സിച്ചായിരുന്നോ എന്ന്!! പിന്നെ ആശ്വാസ്സം തോന്നുന്നത് ഇവിടെ പ്രബുധത കൊണ്ടുവന്നത് അവരാണെന്ന്കൂടി പറഞ്ഞു കേൾക്കുമ്പോളാണ്!!

        T.Pചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടു എന്നത് CPM അന്ഗീകരിക്കുന്നുണ്ടെന്നു തോന്നുന്നു..  T .P  51 വെട്ടുകളുള്ള ഒരു ശരീരം വഴിയിലുപേക്ഷിച്ച് മാറിനിന്ന് എതിർകക്ഷികളുമായി ചേർന്ന് CPM നെതിരെ പ്രവർത്തിക്കുകയാണെന്നും അതിന്റെ ഭാഗമായി രമയെ സമരത്തിനയച്ചതുമാണെന്നുള്ള നിലപാട് CPM എടുക്കാഞ്ഞത് കാര്യമായി.. അല്ലെങ്കിൽ ആ നിലപാടും കേരള ജനത വിശ്വസ്സിക്കണമെന്നുള്ള ശാഠയം അവർ കാണിച്ചേനേം!! ആ നിലപാടുകളെ ന്യായീകരിച്ചു കൊണ്ടുള്ള വായ്പ്പാട്ടുകൾ നമ്മൾ കേൾക്കേണ്ടിയും വന്നെനേം...

       T.Pചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടു; കൊലയാളി സംഘത്തിന് ശിക്ഷയും ലഭിച്ചു.. പക്ഷെ കൊലയാളി സംഘത്തിന് എന്തായിരുന്നു നിഷ്ട്ടൂരമായി T.Pചന്ദ്രശേഖരനെ കൊലപ്പെടുത്താനുണ്ടായിരുന്ന വിരോധം?? അതിനു പിന്നിൽ പ്രവർത്തിച്ചവരാര്?? വളരെ നിസ്സാരവും സാമാന്യവുമായ ഒരു ചോദ്യമല്ലേ അത്?? അതിന് കാര്യക്ഷമമായ ഒരു അന്വേഷണം വരുന്നതിനെ വിറളി പൂണ്ട്  CPM എതിർക്കുന്നതെന്തിന്?? നിസ്സാരമായ ഈ ചോദ്യത്തിനല്ലേ  CPM ആദ്യം ഉത്തരം പറയേണ്ടത്??  CPM നേതാക്കളുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിന് അവർ ഭയചെകിതരാകുന്നു?? സിപിഎം നേതാക്കളെ മന: പൂർവ്വം കേസ്സിൽ കുടുക്കാനുള്ള കേരള സർക്കാരിന്റെ തന്ത്രമാണ് CBI അന്യെഷണമെങ്കിൽ കേരള സര്ക്കാരിന്റെ സ്വന്തം പോലീസ്സിനെക്കൊണ്ട് അത് സാധ്യമാകുമായിരുന്നതിന്റെ അത്രയും അനായാസ്സത CBI യെ ക്കൊണ്ട് ഉണ്ടാകുമോ?? പിന്നെ നാട്ടിലെ കോടതികളും കള്ളം, പോലീസും കള്ളം, CBI യും കള്ളം; സത്യമെന്നത് സിപിഎം നേതാക്കൾ പറയുന്നത് മാത്രം.. അതും യുക്തികൊണ്ട് ചോദ്യം ചെയ്യാതെ അംഗീകരിച്ചുകൊള്ളണമെന്നത്??

       സിപിഎം നേതൃത്വത്തിന് ടി പി വധത്തിൽ പങ്കില്ലയെന്ന് പിണറായിയും അനുവർത്തികളും ഇടക്കിടെ പറയുന്നതിന് അപ്പുറം ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്ന രീതിയിൽ അത് തെളിയിക്കപ്പെടേണ്ടേ?? അതിന് യഥാർഥ ഗൂഡാലൊചകരെ പൊതുജനമദ്ധ്യത്തിലും നിയമത്തിനു മുന്നിലും കൊണ്ട് വരുന്നതിലൂടെ മാത്രമല്ലേ സാദ്ധ്യമാകൂ?? പാർട്ടിക്ക് പുറത്ത് അങ്ങനെ ആരെയും കണ്ടെത്താൻ സാധിക്കില്ലെന്ന ഉറപ്പാണോ CBI അന്യെഷണത്തെ നേതാക്കൾ എതിർക്കാൻ കാരണമെന്ന് പ്രത്യയ ശാസ്ത്ര ബോധമില്ലാത്ത കേരളത്തിലെ സാധാരണക്കാരൻ ചോദിച്ചാൽ അവരെ പരിഹസ്സിക്കുന്ന താണോ ഉചിതമായ മറുപടി??

       കേരളത്തിലെ പൊതുജനത്തിന്  T.Pചന്ദ്രശേഖരൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ, നടുറോഡിൽ വെട്ടേറ്റു വീണവൻ, രാഷ്ട്രീയ വൈരത്തിന്റെ ഇര അങ്ങനെ ഒക്കെ മാത്രം കാണേണ്ട ബാദ്ധ്യതയെ ഉള്ളൂ.. രാഷ്ട്രീയനയ വ്യതിയാനങ്ങളുടെയും, കൂട്ടുകെട്ടുകളുടെയും ഒക്കെ അടിസ്ഥാനത്തിൽ ടി. പി യെ മറക്കുകയോ, അവഗണിക്കുകയോ ആകാം!! പക്ഷെ ടി. പി ഒരു കുടുംബത്തിനുണ്ടാക്കിയ വിടവുണ്ട്‌.. ഒരു മകന്റെയും, ഭർത്താവിന്റെയും, അച്ഛന്റെയും സ്ഥാനത്തിനുണ്ടാക്കിയ വിടവ്.. ടി. പി യുടെ മരണം കൊണ്ട് നേടിയവർക്കോ, മരണത്തിൽ നിന്നു നെടിയവർക്കോ ആ വിടവ് നികത്താനാകില്ല.. എങ്കിലും അദ്ദേഹത്തിൻറെ ജീവനെടുക്കാൻ ഉത്തരവ് നൽകിയവർ ആരെന്നു തിരിച്ചറിയാനും, അവർ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുമുള്ള അവകാശം ആ കുടുംബത്തിനില്ലെ ??

       തന്റെ ഭർത്താവിന്റെ കൊലപാതകത്തിന് കാരണമായവരെ  പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് രമ നിരാഹാര സമരം ആരംഭിച്ചത്.. സമരം വിജയം കാണുമോ, സമരം എങ്ങനെ അവസ്സാനിക്കും എന്നതൊന്നും പ്രസക്തമല്ല.. സമരത്തിന്റെ കാരണവും ആവശ്യവും മാത്രമാണ് പ്രാധാന്യം അർഹിക്കുന്നത്.. ഇന്നത്തെ അന്തരീക്ഷത്തിൽ സമരം സിപിഎം നു എതിരാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.. സിപിഎം നേതാക്കൾത്തന്നെ അങ്ങനെ പറയുന്നു.. അതിനർഥം ടി പി വധത്തിലെ സിപിഎം പങ്കുജനങ്ങൾ ഉറപ്പിക്കുന്നു, പാർട്ടി അത് സമ്മതിക്കുന്നു എന്നാണ്..

       രമയുടെ സമരപന്തലിൽ U D F നേതാക്കൾ വന്നു എന്നതാണ് സിപിഎം കുറ്റമായി കണ്ടത്.. രാഷ്ട്രീയ പരമായി സിപിഎം നു എതിരാണെന്ന് സിപിഎം തന്നെ സമ്മതിക്കുന്ന ഒരു സമരത്തിനു  U D F നേതാക്കൾ പിന്തുണയുമായി വരുന്നതിൽ എന്ത് അതിശയമാണുള്ളത്?? തന്റെ സമര പന്തലിലേക്ക് പിന്തുണയുമായി എത്തുന്നവരെ വിലക്കേണ്ട ബാദ്ധ്യത എന്താണ് രമക്കുള്ളത്?? ഇത്തരം മുട്ട് ന്യായങ്ങൾ നിരത്തി ജനങ്ങളുടെമുന്നിൽ സ്വയം ന്യായീകരിക്കാനും, സമരം പരാജയപ്പെടുത്താനുമാണ് സിപിഎം ശ്രമിക്കുന്നത്.. പാർട്ടിയുടെ സമീപകാല നയപരിപാടിയായ ഇരുട്ടുകൊണ്ട് ഓട്ടഅടക്കലിന്റെ പുതിയ രൂപം.. അത്ര തന്നെ..

       സിപിഎം ന്റെ നേതൃത്വത്തിൽ നടന്ന കൊലപാതകം എന്ന്   T.Pചന്ദ്രശേഖരന്റെ കൊലപാതകത്തെ വിശേഷിപ്പിക്കുമ്പോൾ അത് പാര്ട്ടിയുടെ ആകെ നയപരിപാടിയായോ, സമസ്ഥ പ്രവർത്തകരും അംഗീകരിച്ച പരിപാടിയെന്നോ ആരും ആരോപിക്കുന്നില്ല.. സിപിഎംലെ കരുത്തരായ ആരൊക്കെയോ ചേർന്ന് നടത്തിയ ഒന്ന്.. അത്രമാത്രം.. അതിൻറെ പേരില് പാര്ട്ടി ആകമാനം പ്രതിരൊധത്തിലാകുകയും ചെയ്തു.. അങ്ങനെയെങ്കിൽ തങ്ങളുടെ പാര്ട്ടിയെ പ്രതിരോധത്തിലാവാൻ കാരണക്കാരായവരെ എന്തുകൊണ്ട് അണികൾ ചോദ്യം ചെയ്യുന്നില്ല?? അവിടെ കേടർ പാർട്ടിയെന്ന http://rajeshpuliyanethu.blogspot.in/2012/09/blog-post.html ലക്ഷ്മണരേഖയാണോ അവര്ക്ക് തടസ്സം?? ഒരു ചെറിയ കൂട്ടം ആലോചിച്ചു നടപ്പിലാക്കിയ കുറ്റ കൃത്യത്തിന്റെ ഉത്തരവാദിത്വം മുഴുവൻ പാര്ട്ടി ഏറ്റെടുക്കേണ്ടി വന്നത് സിപിഎം ൽ നഷ്ട്ടപ്പെട്ട ജനാധിപത്യസ്വഭാവമാണെന്ന് കാണേണ്ടിവരും..

       രമ ഒരു വിധവയാണെന്നും, അവരുടെ സമരം ഭർത്താവിനെ വെട്ടിക്കൊന്നവരെ ശിക്ഷിക്കണമെന്നുള്ള ന്യായമായ ആവശ്യത്തെ മുൻനിർത്തിയാണെന്നും കാണാതെ അസഭ്യമായ രീതിയിൽ വിമർശിക്കുന്നവരുണ്ട്.. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ളതുകൊണ്ട് സമരം ചെയ്യുന്നതിനുള്ള ആര്ജ്ജവം അവർ കാട്ടുന്നു.. അവർ ഒരു സ്ത്രീ അല്ലേ?? അവരുടെ ആവശ്യത്തെ മാനിച്ച് ധാർമ്മികമായ പിന്തുണ നൽകേണ്ട ബാദ്ധ്യത പൊതു സമൂഹത്തിനില്ലേ?? അതോ പീഡനക്കേസ്സുകളിലേക്ക് മാത്രമായി പിന്തുണയെ കരുതി നിർത്തിയിരിക്കുകയാണോ??

      രമയുടെ സമരത്തിന് മനുഷ്യ മനസ്സാക്ഷിയുടെ മുൻപിൽ ന്യായീകരണമുണ്ട്.   എത്ര കരുത്ത് ഉള്ളവര്ക്കെതിരെ ആണെങ്കിലും അത് വിജയം കാണേണ്ടത് പൊതു സമൂഹത്തിന്റെ ഒന്നായ ആവശ്യമാണ്‌..


[Rajesh Puliyanethu
 Advocate, Haripad]

Sunday, 2 February 2014

"ദ്രിശ്യം" ജിത്തു ജൊസെഫിന്റെ റിവേർസ് വ്യൂ;; കോംപ്ലിക്കെറ്റഡു് ക്രൈം സ്റ്റോറി + ഫാമിലി !!!


       ദൃശ്യം എന്ന സിനിമ മലയാളത്തിൽ തരംഗം തന്നെ സൃഷ്ട്ടിച്ചിരിക്കുന്നു.. രണ്ടു മാസ്സത്തൊളമായി ഒരു സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നത് തന്നെ സിനിമാലോകത്തിന് സന്തോഷകരമായ വാർത്തയാണ്.. ശ്രദ്ധിക്കപ്പെടുന്ന ഒന്നിനെക്കുറിച്ച് ചർച്ചകൾ  ഉരുത്തിരിഞ്ഞു വരുന്നതും  സ്വോഭാവികമാണ്... ദൃശ്യം സിനിമയും അപ്രകാരം ചർച്ചകൾക്ക് വഴിവെച്ചു... ഒരു വർഷം പുറത്തിറങ്ങുന്ന 145 ഓളം മലയാള സിനിമകളിൽ ദൃശ്യം ചർച്ചചെയ്യപ്പെട്ടതും അതിൽ പ്രേക്ഷകർ കണ്ട പ്രത്യേകത കൊണ്ടാണ്.. 'കളിമണ്ണ്‍' എന്ന സിനിമപോലെ ഒരു വൃത്തികെട്ട വിഷയത്തിൽ ഊന്നിയല്ല ദൃശ്യം ചർച്ച ചെയ്യപ്പെടുന്നത് എന്നും നാം കാണണം... ഒരു സിനിമ പ്രദർശനവിജയം നേടിയതിന് ശേഷം ആൾക്കാർ ആ സിമിമയെക്കുറിച്ച് ചർച്ചചെയ്യുന്ന സുന്ദരമായ കാഴ്ചയാണ് 'ദ്രിശ്യ'ത്തിൽ നാം കണ്ടത്.. മറിച്ച് പ്രദർശനത്തിന് എത്തുന്നതിന് മുൻപ് ഏതുവിധേനയും വിവാദങ്ങൾ സംഘടിപ്പിച്ച് ആ പബ്ലിസ്സിറ്റിയിൽ സിനിമ ഓടിക്കാൻ ശ്രമിക്കുന്ന വിലകുറഞ്ഞ വിപണന തന്ത്രമല്ല...

       'ദൃശ്യം' സിനിമക്ക് പ്രധാനമായും മൂന്നു ദ്രിശ്യകോണുകൾ ഉള്ളതായി കാണാം.. ഒന്നാമത്തേത് ജിത്തു ജൊസഫ് എന്നാ സംവിധായകന്റെ മികവ്, രണ്ടാമതായി മോഹൻലാൽ എന്നാ പ്രതിഭാധനനായ നടന്റെ സാനിദ്ധ്യം, മൂന്നാമതായി കഥയ്ക്ക് ലഭിച്ച സ്വീകാര്യത...

       ഡിറ്റക്റ്റിവ്, മമ്മി& മി, മൈ ബോസ്സ്, മെമ്മറീസ് തുടങ്ങിയ പ്രേക്ഷകർ നിരാകരിക്കാത്ത സിനിമകളുടെ സംവിധായകനാണ് ജിത്തു ജോസഫ്‌.. ഇതിൽ   ഡിറ്റക്റ്റിവ്,  മെമ്മറീസ് എന്നിവ അപസർപ്പക സിനിമകളും, മമ്മി& മി, മൈ ബോസ്സ്എന്നിവ കൊമേഴ്സിയൽ എന്റർടയ്നറുകൾ എന്ന് വിളിക്കാവുന്ന കുടുംബ ചിത്രങ്ങളും ആയിരുന്നു... ഇവയെല്ലാം തന്നെ ഭേദപ്പെട്ട വിജയങ്ങളുമായി മടങ്ങിയപ്പോൾ ഒരു കുടുംബ ചിത്രത്തിന് അപസർപ്പക ഭാവം നൽകി അവതരിപ്പിച്ച   'ദൃശ്യം' എന്ന ഉദ്യമം ഇരട്ടി മധുരം തന്നെ സമ്മാനിച്ചു..

       ജിത്തു ജൊസ്സഫിന്റെ കുറ്റാന്യേഷണ സിനിമകളിൽക്കൂടി ഒന്ന് സഞ്ചരിച്ചു നോക്കൂ... അവയെല്ലാം തന്നെ അങ്ങേയറ്റം സങ്കീർണ്ണതകൾ നിറഞ്ഞവയാണ്... ഒരു സാധാരണ പ്രേക്ഷകന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാൻ പോലും കഴിയാത്ത സങ്കീർണ്ണത അവയിൽ നിറഞ്ഞിരിക്കുന്നു.. ഒരു സാധാരണ കുറ്റവാളിയും കുറ്റാന്യെഷകനും അവയിലൊന്നും തന്നെയില്ല... അസാമാന്യ ബുദ്ധിവൈഭവമുള്ള ഒരു കുറ്റവാളിയും ആ കുറ്റവാളിയുടെ എല്ലാ ബുദ്ധി സാമർഥ്യത്തെയും  ഉള്ളംകൈയ്യിൽ കൊണ്ട് നടക്കുന്ന ഒരു കുറ്റാന്യെഷകനും!! ഈ രണ്ടു പ്രതിക്രീയാ സ്വോഭാവങ്ങളുടെയും പാത്രസൃഷ്ടി 'കഥാകൃത്ത്‌' എന്ന ഏക വ്യക്തി ചെയ്യുന്നതിനാൽ മാത്രം ഇവയെ സമന്യയിപ്പിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചു പോകുന്ന അവസ്ഥ... അല്ലെങ്കിൽ പഴയ ഷെർലക്ഹോംസ് കഥകളുടെ ഒരു കടുത്ത ആരാധകന്റെ 'രസികൻ' മനോഭാവത്തിൽ നിന്നും ഉയരുന്ന സൃഷ്ടികൾ.. മുൻകാലങ്ങളിൽ ബാലചന്ദ്രമേനോന്റെ ആരാധകർ 'തലയിൽ കെട്ടും കെട്ടി കുട വയറും വികസിപ്പിച്ച് നടന്നിരുന്നതുപോലെ' എന്നും പറയാം...

       'ദ്രിശ്യ'ത്തിൽ ബുദ്ധി കൂർമ്മതയുള്ള കുറ്റവാളിയുടെയും, നായകന്റെയും റോള് പ്രതിനായക സ്വഭാവം അശേഷമില്ലാതെ നായകൻതന്നെ അവതരിപ്പിച്ചപ്പോൾ സിനിമക്ക് മറ്റൊരു മുഖം കൈവന്നു.. അതുതന്നെയാണ് സിനിമയെ വ്യത്യസ്തമാക്കിയതും... ജിത്തു ജൊസ്സഫിന്റെ മറ്റു കുറ്റാന്യേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി;; സങ്കീർണ്ണമായി കുറ്റകൃത്യം ചെയ്യുന്ന കുറ്റവാളിയുടെ പരിവേഷം പ്രേക്ഷകപിന്തുണയോടെതന്നെ നായകനെ ഏൽപ്പിച്ചു.. കുറ്റവാളിയെക്കാൾ ഉന്നതമായി ചിന്തിക്കുന്ന അന്യേഷണഉദ്യോഗസ്ഥന്റെ ജോലി കുറ്റകൃത്യത്തിൽ നിന്നും തന്നെയും കുടുംബത്തെയും രക്ഷിക്കുന്ന നായകൻതന്നെ ഏറ്റെടുക്കുന്നു.. . നായകൻറെ ബുദ്ധിക്ക് അപ്പുറം വളരാത്ത അന്യേഷണ ഉദ്യോഗസ്ഥരെ സിനിമയിൽ വില്ലൻ പരിവേഷം നല്കി നിർത്തുന്നതിലും ജിത്തു ജോസെഫ് വിജയിച്ചു.. അതാണ് ജിത്തു ജൊസെഫിന്റെ ' റിവേർസ് വ്യൂ' എന്ന് ഞാൻ പറയാൻ കാരണം..

       മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ സാനിധ്യത്തിനും, താരപ്രഭയ്ക്കും, പതിവുപോലെയുള്ള മികച്ച പെർഫൊമെൻസ്സിനും അപ്പുറം 'ദൃശ്യം' എന്ന സിനിമയിൽ പ്രത്യേകമായി ഒന്നും ഉണ്ടായില്ല എന്ന പക്ഷക്കാരനാണ് ഞാൻ.. മോഹൻലാൽ ഒരു സിനിമ അഭിനയിച്ച് നശിപ്പിച്ചു എന്ന വിമർശനം കേട്ട അനുഭവം ആർക്കും ഉണ്ടാകാൻ സാദ്ധ്യത ഇല്ല... മോഹൻലാൽ കഥയും, തിരക്കഥയും, സന്ദർഭങ്ങളും മോശമായ സിനിമകളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് വിമർശനങ്ങൾ ഉയർന്നു കേട്ടിട്ടുള്ളത്.. മോഹൻലാൽ മുൻപ് അഭിനയിച്ചിട്ടുള്ളതിന് സമാനമായ കുടുംബ പശ്ചാത്തലമുള്ള ഒരു സിനിമ എന്നതിനപ്പുറം മോഹൻലാലിനു അഭിനയപ്രധിഭ പ്രകടിപ്പിക്കത്തക്കതോന്നും ദ്രിശ്യത്തിലുണ്ടായിരുന്നില്ല.. മോഹൻലാലിന്റെ പതിവ് അനായാസ്സ അഭിനയശൈലി സിനിമക്ക് മുതൽക്കൂട്ടായി എന്ന് മാത്രം...

       പ്രത്യേകിച്ച് എടുത്തുപറയത്തക്ക ഗാനങ്ങളൊന്നും ഇല്ലാത്ത സിനിമ എന്ന് വേണം ദ്രിശ്യത്തെ കാണാൻ.. ദ്രിശ്യത്തിൽ ചർച്ചചെയ്യപ്പെട്ടത് അതിന്റെ കഥയാണ്‌..   'ദ്രിശ്യ'ത്തിന്റെ കഥ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് ADGP സെൻ കുമാർ തന്നെ പ്രസ്ഥാവിക്കുകയുണ്ടായി... സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്ന് മറ്റൊരു ADGP സന്ധ്യ മറുപടി നൽകിയതും നാം കണ്ടു.. സിനിമ സമൂഹത്തിൽ ചലനങ്ങൾ സൃഷ്ട്ടിക്കാൻ തക്ക കെൽപ്പുള്ള മാധ്യമം തന്നെയാണ്.. എന്നാൽ സിനിമ കണ്ട് ആരും ഒന്നും പ്രവർത്തിക്കുന്നില്ലതാനും..

       സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന നായകൻ " താൻ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും, ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും" പ്രസ്ഥാവികുന്നതിന്റെ തൊട്ടടുത്ത ദിവസ്സം തന്നെ നിയമത്തെ ഭയക്കേണ്ട പ്രവർത്തികളുടെ ഭാഗമാകേണ്ടി വരുന്നത്;; 'ഓരോ മനുഷ്യനും തൊട്ടടുത്ത നിമിഷത്തിൽ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്ന സാഹചര്യമുണ്ടായേക്കാം' എന്ന ഓർമ്മപ്പെടുത്തൽ നൽകുകയാണോ? എന്ന് തോന്നിപ്പോകുന്നു...

       പരീക്ഷണങ്ങളാണ് പുതുമകളെ കൊണ്ടുവരുന്നത്..   'ദ്രിശ്യം' എന്ന സിനിമയിൽ ജിത്തു ജോസെഫ് പുതിയ ഒരു പരീക്ഷണത്തിന് തയ്യാറായി.. തീർച്ചയായും അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.. ആ പരീക്ഷണത്തെ പ്രേക്ഷകർ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ആ ചിത്രത്തിൻറെ വിജയം... പുതിയ പരീക്ഷണങ്ങൾ പുതിയ ദ്രിശ്യാനുഭവങ്ങളും വിജയങ്ങളും മലയാള സിനിമയിൽ കൊണ്ടുവരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം...

[Rajesh Puliyanethu
 Advocate, Haripad]


Another film review.. http://rajeshpuliyanethu.blogspot.in/2012/07/blog-post.html


മനുഷ്യാവകാശം കുറ്റവാളികളുടെ മാത്രം ജന്മാവകാശം!!


     

       തീവ്രവാദികളുടെയും, കുറ്റവാളികളുടെയും മനുഷ്യാവകാശത്തിനായി മുറവിളി കൂട്ടുന്നവർ "കുറ്റവാളി" എന്നാ വാക്കുതന്നെ പ്രയോഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ശഠിച്ചെക്കാം!! കാരണം 'കുറ്റവാളി' എന്ന വാക്കിലെ 'വാളി' എന്ന പ്രയോഗത്തിന് അശ്ലീലച്ചുവയുണ്ടെന്നും ആ പ്രയോഗം കുറ്റം ചെയ്തവർക്കൊപ്പം ചേർത്ത് അവരെ 'കുറ്റവാളി' എന്ന് വിളിച്ചാൽ അത് കുറ്റം ചെയ്തവന് കടുത്ത മാനഹാനിക്കും അതുവഴി മനുഷ്യാവകാശ ധ്വംസ്സനത്തിനും കാരണമാകുമെന്ന് കണക്കാക്കി ഒഴിവാക്കണമെന്നായിരിക്കും അവർ വാദിക്കുന്നത്...  




[Rajesh Puliyanethu
 Advocate, Haripad]







Friday, 24 January 2014

രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!!


       മമ്മീ, മമ്മീ .....

       എന്താ മോനേ ??

       മമ്മീ; ഞാൻ ഇന്ന് അങ്കിളമ്മാരടെ ദർബാരിനു പോവാതെ കൂട്ടുകാരടെകൂടെ കറങ്ങാൻ പൊക്കോട്ടെ....

       വേണ്ട മോനേ, നീ ദർബാരിനു പോയാമതി...

       മമ്മീ; അങ്കിളമ്മാരു പറയുന്നതൊക്കെ എനിച്ചു ഭയങ്കര ബോറാ... ഞാൻ കൂട്ടുകാരുടെ കൂടെ കളിച്ചാൻ പോവ്വാ...

       എന്താ മോനേ നീ ഇങ്ങനെ!!?? നെനക്ക് അച്ഛനെപ്പോലേം, അമ്മൂമ്മേപ്പോലേം, വല്യപ്പൂപ്പനെപ്പോലേം ഒക്കെ വലിയ രാജാവാകണ്ടേ...

       എനിച്ച് രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ....

       എന്നാപ്പിന്നെ മോൻ ഫ്രിഡ്ജിന്ന് ഒരു ഐസ് ക്രീം എടുത്തു കഴിച്ചിട്ട് ദർബാരിനു പോ...

       എന്നാ ശരി മാമ്മീ...

       പിന്നെ മോനേ, നീ ഐസ് ക്രീം മുഴുവൻ കഴിച്ചു വാകഴുകി തോടച്ചിട്ടെ ദർബ്ബാരിനു പോകാവൂ.. അല്ലെങ്കിൽ അങ്ങേ ദര്ബ്ബാറിലെ മാമന്മാര് പറേം; എന്റെ മോൻ കൊച്ചു കുഞ്ഞാ, മോനെക്കൊണ്ടു രാജാവാകാൻ കൊള്ളത്തില്ലെന്ന്...

       അതൊക്കെ അത്രേ ഒള്ളമ്മേ....

       പിന്നെ മോനേ നീ ദർബ്ബാരിൽ ചെന്ന് വലിയ ഗൌരവക്കാരനായി ഇരിക്കണം, കേട്ടോ.... പിന്നെ പണ്ഡിറ്റ്‌ അങ്കിള് ഇന്നലെ പറഞ്ഞു തന്നതല്ലാതെ വേറൊന്നും എന്റെമൊൻ പറയരുത് കേട്ടോ; മമ്മീടെ പൊന്നല്ലെ!! പിന്നെ പണ്ഡിറ്റ് അങ്കിൾ പറഞ്ഞു തന്നതെല്ലാം മോന്റെ സ്വന്തമായിട്ടെ പറയാവൂ...

       അതൊക്കെ ഞാൻ ഏറ്റു മമ്മീ.. പിന്നൊരു കാര്യം

       എന്താ മോനേ??

       അത്, അത്...

       എന്തായാലും പറഞ്ഞോ യുവ രാജാ..

       അത് ഞാൻ ഫ്രിഡ്ജിന്ന് ഒന്നല്ല; രണ്ട് ഐസ്ക്രീം എടുക്കും..

       ഓ! ശരി ശരി യുവരാജാ; നിന്നെക്കൊണ്ട് ഞാൻ തോറ്റു....

       മമ്മി എന്താ എന്നെ യുവരാജാന്ന് വിളിക്കുന്നത്‌??

       അത് മോനെ; നെനക്ക് രാജാവാകാനോള്ളതാണെന്നുള്ള തോന്നല് വളരാനാ.. പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്ന ഐഡിയയാ....

       ക്ഹ; ആവിളി എനിച്ചിഷ്ട്ട്ടപ്പെട്ടു മമ്മി.... ഞാൻ ഇനി മമ്മിയെ മമ്മി റാണിന്നെ വിളിക്കൂ.....

       ഒന്നു പോടാ; നിൻറെ ഒരു കാര്യം...

       കുറച്ചു സമയത്തിനകം ദർബാർ ആരംഭിച്ചു... മഹാരാജാവ് എന്തെങ്കിലും പറയും എന്ന് എല്ലാവരും കരുതി... പക്ഷെ അദ്ദേഹം ഒന്നും മിണ്ടിയില്ല.. എന്തെങ്കിലും ഒന്നു മിണ്ടിയിരുന്നെങ്കിലെന്ന് പലരും ആശിച്ചു..  അദ്ദേഹം പറയുന്നതെന്താണെന്ന് കേട്ട് നാട്ടിൽ പാട്ടാക്കാൻ നിന്ന പാണന്മാരും നിരാശരായി... ഗതികെട്ട് സൈന്യാധിപൻ മഹാരാജാവിന്റെ അടുത്തുചെന്നു പറഞ്ഞു.... അവിടുന്നെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ??

       മഹാരാജാവ് കൈചൂണ്ടി അകലേക്ക്‌ കാട്ടി മൌനം തുടർന്നു... എല്ലാവർക്കും കാര്യം മനസ്സിലായത്‌ പോലെ; ആരും അദ്ദേഹത്തെ പിന്നീട് നിർബന്ധിച്ചില്ല...

       പലരും പലതും പറഞ്ഞു.. യുവരാജാവ് അതൊന്നും ശ്രദ്ദിക്കുന്നില്ല... തനിക്ക് പറയാനുള്ളത് പണ്ഡിറ്റ്‌ അങ്കിൾ എഴുതിത്തന്നിട്ടുണ്ട്... എന്തായാലും അത് പറയാനുള്ള സമയമായില്ലാ....

     അപ്പോഴാണ് കിണർ കുഴിച്ച് വെള്ളവും ചെളിയുമേടുക്കുന്നവകുപ്പിലെ മന്ത്രിക്കെതിരെ അഴിമതി ആരോപണമുണ്ടായത്...

      അതിന് എന്നെമാത്രം പറയണ്ടാ... മഹാരാജാവിനും അതിൽ പങ്കോണ്ടെന്നു മുണ്ട് ആരോപണം... ചെളി വകുപ്പ് മന്ത്രി തിരിച്ചടിച്ചു... അതോടെ ആ ആരോപണം അവസ്സാനിച്ചു...

       പിന്നീട് ഉയർന്നുവന്ന ആരോപണം അടുപ്പിലെരിക്കാനുള്ള വിറകിന്റെ വില വർധനവായിരുന്നു.. വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അവകാശം വിറകുവെട്ടുകാർക്കുതന്നെ നൽകികൊണ്ടുള്ള ദർബാർ തീരുമാനത്തെ പലരും വിമർശിച്ചു... വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അധികാരം മഹാരാജാവിന്റെ ദർബാർ തന്നെ ഏറ്റെടുക്കണമെന്ന് അഭിപ്രായം ഉയർന്നുവന്നു...

       വിറകിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾകേട്ട് സഹികെട്ട മഹാരാജാവ് വാതുറന്നു; അദ്ദേഹം ഗർജ്ജിച്ചു...  വെറകിന്റെ വെല എനിയും കൂട്ടും... പണം കായ്ക്കുന്ന മരമൊന്നും വെട്ടിയല്ലല്ലൊ തീയെരിക്കുന്നത്!! പിന്നെന്താ?? എൻറെ അത്രയും കണക്ക് പഠിച്ചവരോന്നും ഇവിടില്ല; കേട്ടല്ലോ!! പിന്നെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാൻ വെളുത്തരാജ്യത്തെ കറുത്ത രാജാവിനോട് കൂടി ആലോചിച്ചാ ചെയ്യുന്നേ... വലിയറാണിക്കും അതുതന്നാ താൽപ്പര്യം!!

       കാര്യങ്ങൾ ഇത്രയുമായപ്പോൾ പണ്ഡിറ്റ്‌ജി യുവരാജാവിനെ നോക്കി; അവസ്സരമായി എന്ന് മുന്നറിയിപ്പ് നൽകുന്നവിധം കണ്ണിറുക്കി..

       മനസ്സിലായി എന്ന ഭാവത്തിൽ യുവരാജാവ് എഴുനേറ്റു... ദർബാർ നിശബ്ദമായി..... അദ്ദേഹം തുടങ്ങി!! അഴിമതി ഞാൻ വെച്ചുപൊറുപ്പിക്കില്ല... ഈ ദർബ്ബാറിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല.... പിന്നെ വെറകിന്റെ കാര്യം;; വെറകിന്റെ വില കൊറക്കണം!! അല്ലെങ്കിൽ ഞാൻ നേരിട്ടിറങ്ങി മരംവെട്ടിക്കീറി വെറകാക്കി ഈ രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെയും വീട്ടിൽ കൊണ്ടുചെന്നുകൊടുക്കും....

       ഗംഭീരമായി എന്ന നിലയിൽ പണ്ഡിറ്റ്‌ജി കണ്ണിറുക്കി... കൂടുതൽ പറഞ്ഞ് കൊളമാക്കണ്ട എന്ന അടയാളം കൂടിയാണിതെന്നു മനസ്സിലാക്കിയ യുവരാജാ തന്റെ ഇരിപ്പിടത്തിലേക്ക് ഒരോറ്റയിരുപ്പ് വെച്ചുകൊടുത്തു... ഈ ബോറ് പരിപാടികൾ ഇപ്പോഴെങ്ങും അവസ്സാനിക്കില്ലെ!? എന്ന മട്ടിൽ അദ്ദേഹം ഇരിപ്പിടത്തിൽ ഞെളിപിരി കൊണ്ടു...

       ദർബ്ബാരു കഴിഞ്ഞു... പാണന്മാർ ആവേശത്തോടെ പറഞ്ഞു നടന്നു... യുവരാജാവ് അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു... അഴിമതിയിൽ മനം മടുത്ത അദ്ദേഹം ഇരിപ്പിടത്തിൽപ്പോലും അസ്വസ്ഥനായിരുന്നു!! വിറകിന്റെ വിലവർധനവിലെ എതിർപ്പും അദ്ദേഹം പ്രകടമാക്കി!!
     
        യുവരാജാവിന്റെ കീഴിലെ യുവജനസമിതി നാട്ടിൽ ഉൽസ്സവമാക്കി; ഇതാണ് അടുത്ത മഹാരാജാ!! ജനങ്ങൾക്ക്‌ വേണ്ടി മഹാരാജാവിനെപ്പോലും എതിർത്തുനിന്ന വീരയോദ്ധാവ്... യുവരാജാ മഹാരാജാവാകുന്നതിലെ തങ്ങളുടെ പുളകം അവർ നാട്ടിലും വിതറി....

       മമ്മീ, മമ്മിറാണീ.....

       എന്താ യുവരാജ് ??

       എനിക്കീപ്പണി വയ്യ; എന്തൊരു ബോറാ... പണ്ഡിറ്റ് അങ്കിള് പറഞ്ഞു തന്നില്ലാരുന്നെങ്കിൽ; ഞാനാകെ ചമ്മിപ്പോയേനേം... മമ്മി ഒടപ്പെറന്നോളെ പ്പിടിച്ച് രാജ്ഞിയാക്ക്; അല്ലെ അളിയനോട് പറ...

       അതൊന്നും വേണ്ടാ,, എന്റെ മോൻതന്നെ രാജാവായാൽ മതി.. അളിയനായാൽ ശരിയാവത്തില്ല... അവന് ആക്രാന്തം കൂടുതലാ.. ഒറ്റയടിക്ക് നാടു മുഴുവനും അങ്ങ് വിഴുങ്ങണം...  പൊന്മുട്ടയിടുന്ന താറാവിനെ റോസ്റ്റ് ചെയ്തടിക്കാനാ അവനു താൽപ്പര്യം... പിന്നെ മൊറ അനുസ്സരിച്ച് ഇതെന്റെ പൊന്നുമോന്റെ രാജ്യമല്ലേ??

       മമ്മിയെന്താ രാജ്ഞി ആകാതെ നമ്മടെ കണക്കപ്പിള്ളയങ്കിളിനെ രാജാവാക്കിയെ??

       ഓ! മമ്മയെ അച്ഛൻ അങ്ങേരാജ്യത്തൂന്ന് കെട്ടിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞ് പലർക്കും മുറുമുറുപ്പ്... എന്റെ മോനെ നാളെ രാജാവാക്കാൻ വേണ്ടിയാ മമ്മി മാറിനിന്ന് കണക്കപ്പിള്ളയെ രാജാവാക്കിയത്...

       എനിച്ചും രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ മമ്മി; പക്ഷേ എനിച്ചതിനോള്ള ബുദ്ധി ഒന്നുമില്ലെന്നാ എല്ലാവരും പറയുന്നത്... ആൾക്കാരൊക്കെ എന്നെ കാണുമ്പോൾ മാറിനിന്നു ചിരിക്കുവാ.... ഒരു ദിവസ്സം ഞാൻ കുളത്തിന്റെ കരയിൽ നിന്നപ്പോൾ കൊറേ ആള്ക്കാര് കൊളത്തീന്നു താമരയും പറിച്ചോണ്ട് കേറിപോകുന്നത്‌ കണ്ടു... അവരെന്നെ നോക്കി കൊറേ കളിയാക്കി... ഞാൻ രാജാവാകാൻ ഉടുപ്പും തൈച്ചിരിക്കുവാന്ന് അതിലോരുത്തൻ പറഞ്ഞു... അവരുടെ ദാദ ഒരു താടിക്കാരൻ എന്നെ ഗോദായിൽ മലർത്തിയടിച്ച് അടുത്ത രാജാവാകുമെന്നും പറഞ്ഞു.. ഈനാടെന്താടാ നിന്റെ അച്ഛന്റെ വകയാണോന്നും ഒരാള് ചോദിച്ചു... ഈ രാജ്യം ശരിക്കും എൻറെ അച്ഛന്റെ അല്ലേ മമ്മാ??

       പിന്നല്ലാതെ.... ഇതു നിന്റെ വല്യപ്പൂപ്പന്റെ രാജ്യമായിരുന്നു,, പിന്നെ നിന്റെ അമ്മൂമ്മേടെയായി,, പിന്നെ നിന്റെ അച്ഛന്റെയായി,, പിന്നെ നിന്റെ അമ്മേടെയായി, അമ്മ കണക്കപ്പിള്ള അങ്കിളിനെ രാജാവാക്കി,, അടുത്തതെന്റെ മോനാ രാജാവാകണ്ടത്...

       അമ്മ പറഞ്ഞതാ ശരി; ആ താമരക്കച്ചവടക്കാർക്ക് ഒന്നുമറിയില്ല... ഞാൻ രാജാവാകട്ടെ; അവരെയെല്ലാം ചൂലിനടിക്കും...

       ഡാ,, നീ മേലാൽ ചൂലെന്ന വാക്കുപോലും പറഞ്ഞു പോയേക്കരുത്‌... ഇവിടെ നാട്ടുകാര് ചൂലെടുക്കുന്നത് നമുക്കുവേണ്ടിയാണെന്നാ പല പാണന്മാരും പറയുന്നത്...

       മമ്മീ എന്നെ മിടുക്കനാണെന്ന് പറേപ്പിക്കാനെന്താ ഒരു വഴി?? നമ്മുടെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതരുന്ന ഐഡിയ ഒന്നും ഏശുന്നില്ല... മമ്മി എനിക്ക് ഐഡിയ പറഞ്ഞു തരാൻ വേറെ ബുദ്ധിഉള്ള ആരേലും കൂടി വെച്ചുതരണം...

      ശരിമോനെ... പക്ഷെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്നതെന്താ പാളിപ്പോയത്??

       ഒന്നും പറയണ്ടാ മമ്മീ; പണ്ഡിറ്റ്‌ അങ്കിള് പറഞ്ഞു ഞാൻ ജനകീയനാകണമെന്ന്... ഞാൻ അതിനെന്തെല്ലാം ചെയ്തു!! രഥത്തിൽ പോയപ്പോൾ കണ്ട ചായക്കടയിൽ ചാടിക്കയറി... കെട്ടിടം പണി നടക്കുന്നവരുടെ കൂടെ കല്ലു ചുമക്കാൻ പോയി... പപ്പടം ചുട്ടു വെച്ചിരിക്കുന്നത് കണ്ടപ്പം അവിടെച്ചാടിക്കേരി നാലെണ്ണം തിന്നു... പാടത്ത് പണിക്കുവരുന്ന ചിരുതേടെ വീട്ടിപ്പോയി പഴങ്കഞ്ഞി കുടിച്ചു;; അത് ചിരുതക്ക് പാടത്തുനിന്നു വന്നിട്ട് കഴിക്കാൻ വെച്ചിരുന്ന കഞ്ഞിയാരുന്നു; അത് ഞാനെടുത്തു കുടിച്ചു ചിരുത പട്ടിണിയായിപ്പോയി എന്ന് പലരും പറഞ്ഞു കളിയാക്കി... ഞാൻ കാണിച്ചുകൂട്ടിയതെല്ലാം പൊളിഞ്ഞു... മണ്ടനാണെന്നുള്ള പേരും കിട്ടി..  അതാ മമ്മിയോടു പറഞ്ഞത് ബുദ്ധിയുള്ള ഒരാളെ ഐഡിയ പറഞ്ഞുതരാൻ നിയമിക്കാൻ..

       യുവരാജ്.. പണ്ഡിറ്റ്‌ അങ്കിൾ നീ ജനകീയനാകണമെന്നല്ലേ പറഞ്ഞുള്ളൂ... അതിനൊള്ള വഴികൾ നീയല്ലേ കണ്ടു പിടിച്ചത്... നിനക്ക് തീറ്റിയുമായി ബന്ധപ്പെട്ട് ജനകീയനാകാനേ അറിയത്തോള്ളോ??

       എന്റെ സമയദൊഷമാ മമ്മേ... അല്ലേപ്പിന്നെ ഞാൻ നമ്മുടെ നാട്ടുരാജ്യത്ത് പോയപ്പോൾ അവിടുത്തെ ഭടന്മാരുടെ രഥത്തിന്റെ മുകളിൽകയറി എന്നും പറഞ്ഞ് എന്തൊരു പുകിലാരുന്നു...  ഞാൻ യുവജനസമിതിയുടെ ആവേശമാണെന്ന് കാണിക്കാൻ ചെയ്തതാ.. അതും ചീറ്റിപ്പോയി.. അതാ പറഞ്ഞേ എനിക്ക് സമയദോഷമാണെന്ന്...

       സത്യമാ,, എന്റെമോന് സമയദോഷവുമുണ്ട്..നിന്റെ പേരിട്ടു നൂലുകെട്ടിയപ്പോൾ മുതൽ ഒരു 'രാഹു' നിന്റെ ഒപ്പമുണ്ട്..

       പിന്നെ വേറൊരു കാര്യം മമ്മക്കു പറയാനുള്ളത്;; കുറച്ചുകൂടി അന്തസ്സുള്ള നമ്പരുകൾ എന്റെ മോൻതന്നെ കണ്ടു പിടിക്കണം...

       മമ്മ കണ്ടോ,, ഞാൻ കലക്കും... എന്റെ അടുത്ത നമ്പരിൽ നാട്ടുകാരെല്ലാം വീഴും... ഞാൻ തന്നെ രാജാവായാൽ മതിയെന്ന് അവരൊന്നിച്ചു പറയും...

       എന്റെമോൻ മിടുക്കനല്ലേ; മമ്മിക്കറിയാം മോൻ എല്ലാരേം വീഴ്ത്തുമെന്ന്... മോൻ മമ്മയോട് പറ;; എന്ത് നമ്പരാ മോൻ അടുത്തതായി എറക്കാൻ പോകുന്നേ??

       അതെനിച്ചും അറിയത്തില്ല മമ്മി... മമ്മി എനിച്ച്‌ രണ്ട് ഐസ് ക്രീം താ... ഞാൻ കഴിച്ചിട്ട് കേടന്നോറങ്ങിട്ട് നാളെ പുതിയ ഐഡിയ കണ്ടു പിടിക്കാം..

       ശരി മോനെ; മോൻ പോയിക്കിടന്നുറങ്ങിക്കൊ... നാളെ പറയണേ മോനെ..

       ഓക്കേ മമ്മി...............




{യുവരാജാവിന്റെ നമ്പരുകൾ അവസ്സാനിക്കുന്നതേ ഇല്ല... പുതിയ പുതിയ നമ്പരുകളുമായി അദ്ദേഹം നമ്മെ എന്നും ചിരിപ്പിച്ചു കൊണ്ടു തന്നെയിരിക്കും.
അടുത്ത നമ്പരിനായി നമുക്ക് കാത്തിരിക്കാം}


[[ ഈ വരികൾക്കിടയിൽ ജീവിച്ചിരിക്കുന്നതോ, മരിച്ചു പോയതോ, തലയിലുള്ളതോ, വാലിലുള്ളതോ, ഒളിഞ്ഞു നിൽക്കുന്നതോ, തെളിഞ്ഞു നിൽക്കുന്നതോ സ്വോദേശിയോ, വിദേശിയോ, രാജാവോ, പ്രജയൊ ആയ ആരൊടെങ്കിലും സാദ്രിശ്യമോ, സമാനതയോ തോന്നുന്നുവെങ്കിൽ അത് യാദ്രിശ്ചികം എന്ന് ഞാൻ പറയുന്നില്ല... നിങ്ങൾക്ക്ഉണ്ടാകുന്ന 'സമാനത' യുടെ തോന്നൽ എന്റെ ലക്ഷ്യമാണ് ]]


[Rajesh Puliyanethu
 Advocate, Haripad]