Friday, 28 March 2014

കുറ്റകരമായ മൌനം, കണ്ണുകെട്ടി പിന്തുണ നൽകുന്ന അടിമത്വം, വളർത്തുന്ന സ്വേശ്ചാതിപത്യം,, ഒടുവിൽ പ്രസ്ഥാനത്തിന്റെ നാശം...!!


       മതത്തിനോടോ, സമുദായത്തിനോടോ, ഒരു ആശയത്തിനോടോ, രാഷ്ട്രീയ- രാഷ്ട്രീയ ഇതര പ്രസ്ഥാനത്തോടോ ഒരു കൂട്ടം മനുഷ്യർ വിശ്വാസ്യത പുലർത്തുകയൊ, പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുമ്പോളാണ് ആ സമുദായമോ, ആശയമോ, പ്രസ്ഥാനമോ എന്തുതന്നെയായാലും ശക്ത്തമാകുന്നത്.. ഈ വിധമായ ഏതൊന്നിനെയും നമുക്ക് 'പ്രസ്ഥാനം' എന്ന വാക്കുകൊണ്ട് പ്രതിനിധീകരികാം... പ്രസ്ഥാനത്തിന്റെ ശക്ത്തി എന്നത് അതിൽ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിലും, അവരുടെ വിശ്വാസ്സത്തിന്റെ ആഴത്തിലും സമർപ്പണത്തിലും കൂടി അധിഷ്ട്ടിതമാണ്.. സമീപകാലങ്ങളിൽ പ്രസ്ഥാനത്തിന്റെ പ്രമാണിമാർക്ക് ആളുകളുടെ 'എണ്ണത്തിൽ' മാത്രമായി താല്പ്പര്യം എന്ന് കാണുന്നു... വിശ്വാസ്സികൾക്കും താല്പ്പര്യം അപ്രകാരം മാത്രമായിരിക്കുന്നു.. എണ്ണത്തെ മറ്റുള്ളവരുടെ മുൻപിൽ 'ശക്ത്തിയായി' പ്രദർശിപ്പിക്കാമെങ്കിൽ പ്രതിനിധാനം ചെയ്യുന്ന ആൾക്കാരുടെ പ്രസ്ഥാനത്തോടുള്ള സമർപ്പണമാണ് അതിന്റെ ഉൾക്കരുത്തു വർദ്ധിപ്പിക്കുന്നത്!!

       'വിലപേശൽ' എവിടെയും പ്രകടമായ സ്ഥാനം വഹിക്കാൻ തുടങ്ങിയതോടെയാണ് പ്രസ്ഥാനങ്ങളുടെ താല്പ്പര്യം എണ്ണത്തിലേക്ക് ഒതുങ്ങിയത്.. ഈ വിധം എണ്ണത്തെ മാത്രം അടിസ്ഥാനമാക്കി ഒരു പ്രസ്ഥാനത്തിന്റെ ശക്ത്തി പ്രകടിപ്പിക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ 'കാമ്പ്' നഷ്ട്ടമാകുന്നു... പകരം 'കൊമ്പ്' കിളിർക്കുന്നു!! എണ്ണത്തെ പ്രകടമാക്കി ഒരു വിഭാഗം പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്... അപ്രകാരം ഉയര്ത്തിക്കാട്ടി നേട്ടങ്ങൾ കൊയുന്നവർ പ്രസ്ഥാനത്തിന്റെ ഉടമകളായി മാറുന്നു.. അവിടെ പ്രസ്ഥാനത്തിന്റെ ഉടമകളും, പ്രസ്ഥാനത്തിന്റെ വിശ്വാസ്സികളും- അണികളും എന്നീവിധം തരം തിരിവുകൾ ഉണ്ടാകുന്നു... പ്രസ്ഥാനത്തിന്റെ നേതൃത്വവും,  വിശ്വാസ്സികളും- അണികളും ഒന്നിച്ചു ചേർന്നുകൊണ്ടുള്ള 'പ്രസ്ഥാനം' എന്നാ സങ്കല്പം അസ്തമിക്കുന്നു..

       അണികളുടെ എണ്ണം കാണിച്ചു ശക്ത്തി പ്രകടനം നടത്തി വിലപേശലുകളിൽക്കൂടി നേട്ടങ്ങൾ കൊയ്യുമ്പോൾ വിശ്വാസ്സികളും- അണികളും എന്ന വിഭാഗം വിൽക്കപ്പെടുകയാണ് ചെയ്യുന്നത്.. പക്ഷെ കണ്ടു വരുന്ന കാഴ്ച; പ്രസ്ഥാനത്തിന്റെ ഉടമകൾ ചെയ്യുന്ന എന്തുതരം കൊള്ളരുതായ്കയും പ്രസ്ഥാനത്തിന്റെ അണികളായി നില്ക്കുന്നവർ ഏറ്റുവാങ്ങുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്... തങ്ങൾ ആ പ്രസ്ഥാനത്തിന്റെ ഭാഗമായതിനാൽ ഇപ്രകാരം അവയെയെല്ലാം സംരക്ഷിക്കേണ്ട ബാദ്ധ്യത തങ്ങൾക്കുണ്ട് എന്ന നിലയിലാണ് വിശ്വാസ്സികളും- അണികളും അത് ചെയ്യുന്നത്... ഈ വിധമായ കാഴ്ചകൾ 'പ്രസ്ഥാനം' എന്ന ശീർഷകത്തിൽപ്പെടുത്തി വിവരിക്കാവുന്ന എല്ലാത്തിലും കാണാവുന്നതാണ്... അത് രാഷ്ട്രീയ പാർട്ടിയോ, സാമൂഹിക സംഘടനയോ, മത സംഘടനയോ, കലാ കായിക കൂട്ടായ്മയോ, ആദ്ധ്യാത്മിക പ്രവർത്തന സംഘടനയോ, ചാരിറ്റബിൾ കൂട്ടായ്മകളോ ഏതുമാകട്ടെ... !! 

       ഉദാഹരണമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെത്തന്നെയെടുക്കൂ... ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ആദർശമോ, പൊതുനയമോ, പ്രത്യയ ശാസ്ത്രപരമായ പ്രത്യേകതയോ അങ്ങനെ എന്തെങ്കിലുമൊക്കെ സവിശേഷമായ വസ്തുതയായിയിരിക്കും ഒരുവനെ അതിലേക്ക് ആകര്ഷിക്കുന്നത്.. ആ പ്രത്യേകതകളിലാണ് ഒരുവൻ വിശ്വസ്സിക്കേണ്ടതും പിന്തുണക്കെണ്ടതും... പിന്നീട്, താൻ കണ്ട് ആകഷിക്കപ്പെട്ട പ്രത്യേകതയിൽ നിന്നും പാർട്ടി വ്യതിചലിച്ചാൽ ആ വിശ്വാസ്സി അതിനെതിരെ ശബ്ദമുയർത്തുകയും, പ്രതികരിക്കുകയും വേണം... പകരം, ഒരിക്കൽ തന്നെ ഈ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി മറ്റുള്ളവർ കണ്ടതല്ലേ, അതിനാൽ ഈ രാഷ്ട്രീയ പാർട്ടിയോ നേതാക്കളോ ചെയ്യുന്നതും പറയുന്നതും പിന്താങ്ങേണ്ടതും സമൂഹമദ്ധ്യത്തിൽ അതിനുവേണ്ടി യുദ്ധം ചെയ്യേണ്ടതും തന്റെ കർത്തവ്യമായി കാണേണ്ട ആവശ്യമില്ല...

       ഒരു പ്രസ്ഥാനത്തിൽ ഇരുൾ വീഴാതെ പോകുന്നതിന് അതിന്റെ വിശ്വാസികളിൽ നിന്നും ചോദ്യം ചെയ്യലുകൾ നേതൃത്വത്തോട് ഉയരേണ്ടതുണ്ട്... അത് അച്ചടക്ക രാഹിത്യമാകുന്നില്ല... ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് ഉയര്ത്തുന്ന പ്രത്യയ ശാസ്ത്രപരമായ ഒരു നിലപാടിനെ പിന്തുണക്കാം.. പക്ഷെ ആ നേതാവ് ഉൾപ്പെടുന്ന അഴിമതിക്കേസ്സിലോ, പീഡനക്കേസ്സിലോ, കൊലപാതകക്കേസ്സിലോ എന്തിന് അയാളെ പിന്തുണക്കണം?? അപ്രകാരം പിന്തുണച്ച് എന്തിനു പാർട്ടി ആകമാനം പ്രതിസ്ഥാനത്തു നില്ക്കണം?? പ്രഖ്യാപിത നയ വ്യതിയാനം സംഭവിക്കുകയോ, നേതാവ് സ്വാർഥലാഭത്തിനായി പ്രവർത്തിക്കുകയോ ചെയ്‌താൽ അയാളെ ഒറ്റപ്പെടുത്തുന്ന സാമൂഹിക അന്തരീക്ഷം ഉയർന്നു വന്നാൽ മാത്രം മതി, സമൂഹത്തിൽ കുറെയേറെ അന്ധകാരം ഒഴിയാൻ!!

       പ്രസ്ഥാനത്തിന്റെ ശക്ത്തിയായ അണികൾ തങ്ങളുടെ മൂല്യം തിരിച്ചറിയാതെ പോകുന്നതാണ് ഇത്തരം അന്ധമായ പിന്തുണക്കലുകൾക്ക് കാരണം... ഇത്തരം പിന്തുണക്കലുകളിൽ അണികൾ തങ്ങളുടെ മനസ്സാക്ഷിയെക്കൂടി വഞ്ചിക്കുകയാണെന്നെ പറയാൻ കഴിയൂ.. കാരണം അവർ തങ്ങളുടെ മനസ്സാക്ഷിക്ക് എതിരായാണ് ഇത്തരം അന്ധവും നിന്ദ്യവുമായ പിന്തുണ നേതൃത്വത്തിന് നൽകുന്നത്.. സ്വയം അപഹാസ്യരാകുന്നു എന്ന മാനസ്സികവശം കൂടി അതിലുണ്ട്.. അന്ധരായ, വിവേചന ബുദ്ധിയില്ലാത്ത വിശ്വാസ്സികളെ പ്രസ്ഥാന ഉടമസ്ഥർ നിന്ദയോടെ മാത്രമേ കാണൂ..!

      പ്രസ്ഥാനങ്ങളിൽ ഇരുൾ വീഴ്ത്തുന്ന ഇത്തരം പിന്തുണക്കൽ കർമ്മത്തിൽ നിന്നും പുനർ ചിന്തനത്തിന് വഴിമരുന്നിടെണ്ടതും അണികളാണ്.. നേതൃത്വത്തിൽ നിന്നും അതിനായുള്ള ഉത്ബോധനങ്ങൾ ഒരിക്കലും ഉണ്ടാകില്ല.. ഏതൊരു പ്രസ്ഥാനത്തിൽ നിന്നും!! കാരണം പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത് വരുതിയിൽ നിർത്തി സ്വന്തം താല്പ്പര്യത്തിനനുസ്സരിച്ചു വിലപേശൽ നടത്തുന്നതിനുള്ള സാദ്ധ്യത അതോടെ പ്രസ്ഥാന ഉടമകൾക്ക് നഷ്ട്ടപ്പെടും.. 

       പ്രസ്ഥാന ഉടമകൾക്ക് അണികൾ നൽകുന്ന, വിശകലം ചെയ്യാത്ത പിന്തുണയാണ് ഏതൊരു പ്രസ്ഥാനത്തിലും സ്വേശ്ചാതിപത്യത്തെ കൊണ്ടുവരുന്നത്... ഒരു പ്രസ്ഥാനത്തിന്റെ ഉടമ - ഒരു പ്രസ്ഥാനത്തിന്റെ അണികൾ എന്ന നിലയിൽ വ്യക്ത്തമായ വെർതിരിവിന് അത് കാരണമാകുന്നു.. - ഒരുതരം അടിയോൻ ഉടയോൻ ബന്ധം-..! വിശകലം ചെയ്യാതെ ലഭിക്കുന്ന പിന്തുണ ഒരു അവകാശമായും, അണികൾ അപ്രകാരം തന്നെയാണ് പെരുമാറേണ്ടത് എന്ന നിലയിലുള്ള നിലപാടുകൾ പ്രസ്ഥാന ഉടമകളും സ്വീകരിക്കുന്ന ഒരു പൊതു പ്രവർത്തന ശൈലി രൂപീകൃതമാകുന്നു... നമ്മുടെ രാജ്യത്ത് നിലവിലുള്ള പ്രസ്ഥാനങ്ങളിൽ ഭൂരിപക്ഷത്തിനും അപ്രകാരം ജനാധിപത്യ സ്വഭാവം നഷ്ട്ടപ്പെട്ട് സ്വേശ്ചാദിപത്യമുഖം വന്നു കഴിഞ്ഞു...   

       രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രം ഊന്നിയല്ല ഇത്തരം കാഴ്ചപ്പാടുകൾ നിലനിൽക്കുന്നത്... ഒന്നിലധികം ആൾക്കാർ അംഗങ്ങളായി വരുന്ന എല്ലാ പ്രസ്ഥാനങ്ങളിലും ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നു... വിശകലം ചെയ്യാത്ത പിന്തുണ തങ്ങൾ കണ്ണടച്ച് ഇരുട്ടാക്കി പിന്തുണ നല്കുന്ന പ്രസ്ഥാനത്തെ നശിപ്പിക്കുന്നു എന്നുകൂടി കാണേണ്ടതുണ്ട്... വിമർശനങ്ങൾക്ക് വിധേയമാകാതെ സ്വേശ്ചാദിപത്യ സ്വഭാവം കൈവരുന്ന പ്രസ്ഥാനം പിന്നീട് പൊതു സമൂഹത്തിനു പുൻപിൽ ചോദ്യചിഹ്ന്നമാകുന്നു... വിശ്വാസ്സിക്ക് ചോദ്യങ്ങൾ ഉയർത്തി പ്രസ്ഥാനത്തെ തിരുത്താൻ സാധിക്കുമായിരുന്നെങ്കിൽ, പൊതു സമൂഹം ആ ചോദ്യം കുറ്റപ്പെടുത്തലായി ഉയർത്തുമ്പോൾ അത് പ്രസ്ഥാനത്തിന്റെ നാശത്തിലേക്കെ നയിക്കൂ!! തന്റെ നേതാവിന്റെ ഇക്കിളിക്കഥകളിലെ കുളിരുപോലും സ്വന്തം സിരകളിലേക്ക് ആവാഹിച്ച് കൊൾമയിൽ കൊള്ളുന്ന 'രസികൻ' സംസ്ക്കാരം നിലനിൽക്കുന്നിടത്തോളം കാലം പ്രസ്ഥാനങ്ങളിലെ ജനാധിപത്യപരമായ വിമർശനങ്ങൾ വിദൂരതയിൽത്തന്നെ ആയിരിക്കും!!


[Rajesh Puliyanethu
 Advocate, Haripad]