കേരള രാഷ്ട്രീയം തുടരെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'സാമുദായിക സംഘടനകൾക്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനവും, പങ്കാളിത്തവും' എന്നാ വിഷയം... മുഖ്യധാരാ രാഷ്ട്യീയ പ്രസ്ഥാനങ്ങളെല്ലാം തന്നെ സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല എന്ന പൊതു നിലപാട് എടുക്കുകയും എന്നാൽ ഒളിഞ്ഞു നിന്നുകൊണ്ട് അവരുടെ പിന്തുണയ്ക്കായി പിൻവാതിലിൽക്കൂടി കടന്നുചെന്ന് സാമുദായിക നേതാക്കളുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന കാഴ്ചകളും നമ്മൾ കാണുന്നു... ഇത്തരം സന്ദർശനങ്ങളെ തങ്ങളുടെ മര്യാദകളായി വ്യഖ്യാനിക്കുകയും ചെയ്യുന്നു... സാമുദായിക നേതാക്കളെ മാനിക്കുന്നതിന്റെ ഭാഗമായി ഇത്തരം സന്ദര്ശനങ്ങളെ നമുക്ക് കാണാം... അവിടെ ആ മര്യാദ തിരികെ നൽകാനുള്ള ബാദ്ധ്യത മത- സാമുദായിക നേതാക്കൾക്കുമുണ്ട്..
സമുദായത്തിന്റെ പേരിൽ സംഘടിച്ചു നിന്നുകൊണ്ട് രാഷ്ട്രീയ വിലപേശൽ എന്ന തന്ത്രം ലോകം മുഴുവൻ നിലനിൽക്കുന്നുണ്ട്.. അതിന്റെ രേഖകൾ കാലപ്പഴകം ചെന്ന ചരിത്ര പുസ്തകങ്ങളിലും നമുക്ക് കാണാം... പാശ്ചാത്യ രാജ്യങ്ങളിൽ കത്തോലിക്കാ സഭകൾ ഇടപെട്ട് ഭരണം നടത്തിയിരുന്നതും, ഇങ്ങു കേരളത്തിലെ നാട്ടുരാജ്യ ഭരണങ്ങളിൽ ബ്രാമണ- നായർ സമുദായങ്ങൾ ഇടപെട്ടിരുന്നതും ഒരേ രീതിയിലെ സാമൂഹിക ശക്തികളുടെ വിഭിന്നമായ ഇടപെടലുകൾ ആയിരുന്നു... സംസ്ക്കാരത്തിനും, ചുറ്റുപാടുകൾക്കും അനുസൃതമായി ചില വ്യത്യസ്തതകൾ കാണാമായിരുന്നു എന്നു മാത്രം.. അവിടെയെല്ലാം മതവും, സമുദായവുമാണ് സ്വാധീന ശക്തികൾ... ഭാരതത്തിന്റെ ആകമാനമായ ചരിത്രം പരിശോധിച്ചാലും ഭരണത്തിലും, ചരിത്രപരമായ പല തീരുമാനങ്ങളിലും മതവും സാമൂഹിക സംഘടനകളും വ്യക്തമായ സ്വാധീനങ്ങൾ ചെലുത്തിയിട്ടുള്ളതായി കാണാം.. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സാമുദായിക- മത സംഘടനകൾ പ്രത്യേക കൂട്ടങ്ങളായി നിന്നുകൊണ്ട് വൈദേശിക ശക്തികളെ നേരിട്ടിട്ടുണ്ട്...
സാമുദായിക- മത സംഘടനകൾ സമൂഹത്തിന് ആകമാനം ആവശ്യപ്രദമായ പൊതു ലക്ഷ്യത്തിനു വേണ്ടി പോരാടുമ്പോൽത്തന്നെ പരസ്പ്പരം കലഹിക്കുന്നതും കാണാം.. അതിനുള്ള ഉദാഹരണങ്ങളും സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്... സമൂഹത്തിൽ സ്വാധീന ഘടകങ്ങളായ സാമുദായിക- മത സംഘടനകൾ തീരുമാനങ്ങളിൽ നിർണ്ണായകമാകുമ്പോൾ അവ രാജ്യം എന്നാ വിശാല സമൂഹത്തിൽ നിന്നും ചുരുങ്ങി കേവലം സമുദായങ്ങൾ എന്നതിലേക്ക് ഒതുങ്ങുന്നു... ലോക ചരിത്രത്തിൽ സമുദായങ്ങളും മതങ്ങളും സമരങ്ങളിൽ ഏർപ്പെട്ട് നേടിയതെന്ന് നിരത്തിവേയ്ക്കുന്നതിനേക്കാൾ മഹത്തരങ്ങലാണ് സമൂഹം ഒന്നടങ്കം പോരാടി നേടിയവ.. കാരണം സാമുദായിക- മത കൂട്ടായ്മകളുടെ ആവശ്യങ്ങൾക്ക് പലപ്പോഴും രാഷ്ട്രം എന്നാ ചിന്തയോളം വിശാലതയില്ല എന്നതുതന്നെ.. സമൂഹത്തിൽ പൊതുവായി ഉണ്ടാകേണ്ട ഉന്നമനത്തിനായി ജനതയ്ക്ക് ഒറ്റക്കെട്ടായി പോരാടാൻ കഴിയാതെ, സാമുദായിക- മത ചിന്തയുടെ പിന്തുണയിലും സ്വാധീനത്തിലും മാത്രമേ സംഘടിക്കാനും പൊരുതാനും കഴിയുന്നുള്ളൂ വെങ്കിൽ നിസ്സംശയം പറയാം അത് പൊതു സമൂഹത്തിന്റെയും അതുവഴി രാജ്യത്തിന്റെയും പരിമിതിയാണെന്ന്!! സാമുദായിക- മത സംഘടനകൾ സ്വാധീന ശക്തികളായി ലോകത്ത് എത്ര സാമൂഹിക സമരങ്ങളെ നിരത്തിയാലും ശരി...
സമൂഹത്തിലെ ശക്തി കേന്ദ്രങ്ങളായി നിന്നിരുന്ന സമുദായങ്ങൾക്ക് മാത്രമായിരുന്നു ഭരണരംഗത്തും സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നത്... പിൽക്കാലത്ത് സമൂഹത്തിലെ താഴേക്കിടയിലുള്ള സമുദായങ്ങളിൽപ്പെട്ടവർ സംഘടിച്ച് പോരാട്ടങ്ങളിൽക്കൂടി സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചപ്പോൾ; മുൻപ് ഉത്തമർണ്ണ വർഗ്ഗത്തിൽപ്പെട്ടവർ എപ്രകാരം ഭരണത്തിൽ സ്വാധീനശക്ത്തിയായോ അപ്രകാരം തങ്ങൾക്കും എത്തിച്ചേരണം എന്ന ചിന്ത ലക്ഷ്യമാക്കിയാണ് പ്രവര്ത്തിച്ചത്.. അങ്ങനെ സമൂഹത്തിൽ പോരാട്ടത്തിൽക്കൂടി ശക്തി പ്രാപിച്ച വിഭാഗങ്ങളെല്ലാം തന്നെ ഭരണ സ്വാധീനമാണ് ലക്‌ഷ്യം വെച്ചത്... അപ്രകാരം വിരുദ്ധമായ താൽപ്പര്യങ്ങൾ വെച്ച് പുലർത്തുന്ന പലവിധ സാമൂഹിക സംഘടനകൾ ഇവിടെ ഉയര്ന്നു വന്നു.. കൂട്ടായി നിൽക്കുന്ന വോട്ടുകളെ ഒന്നിച്ചു വാങ്ങുന്നതിനുള്ള കച്ചവടബുദ്ധിയോടെ രാഷ്ട്രീയക്കാർ ഇത്തരം സാമുദായിക- മത സംഘടനകളുടെ മാർക്കെറ്റിംഗ് മാനേജർമാരായ സാമുദായിക- മത നേതാക്കളുടെ ഓഫീസ്സുകളിൽ കയറിയിറങ്ങി..
സമുദായ സംഘടനാ നേതാക്കളെ പ്രീണിപ്പിച്ചു കൂടെനിർത്തി അവരെക്കാണിച്ചു പാർട്ടിയിലും, മുന്നണിയിലും, എതിര്കക്ഷികൾക്കിടയിലും ആകമാനം വിലപേശൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമാണ് കേരളത്തിലും കണ്ടു വരുന്നത്.. സാമുദായിക- മത നേതാക്കൾക്ക് സ്വന്തം സമുദായത്തിലൊ പോതുജനത്തിനിടയിലോ ഉള്ള സ്വാധീനത്തെ ഇവിടെയാരും കാര്യമായി എടുക്കുന്നില്ല... അപ്രകാരമുള്ള സ്വാധീനമായിരുന്നു സാമുദായിക- മത നേതാക്കളുടെ മൂല്യമെങ്കിൽ അരയണത്തുട്ടെങ്കിലും വെച്ച് തൂക്കിയെടുക്കാൻ കഴിയുന്ന എത്ര സാമുദായിക- മത നേതാക്കളുണ്ടിവിടെ!! ?? പകരം ഇന്ന സാമുദായിക- മത പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് അതിനാൽ സാമൂഹികശക്തിയാണ് എന്ന് പ്രഖ്യാപിച്ച്, ആ സാമുദായിക- മത നേതാവിന്റെ നിലപാടിനൊപ്പം അയാൾ പ്രതിനിധീകരിക്കുന്ന വിഭാഗം മുഴുവനുണ്ടെന്നു ധരിപ്പിച്ച് വിലപേശൽ നടത്തുന്നു... അത്തരം വിലപേശൽ രാഷ്ട്രീയത്തിൽ രാഷ്ട്രത്തിന്റെ സത്വം ഇല്ലാതാവുകയാണ് ചെയ്യുന്നത്.. സാമൂഹികവും, രാഷ്ട്രീയവും, മതപരവും, വികസ്സനപരവും, സാംസ്ക്കാരികവുമായ ഉന്നമനത്തിന് വിഘാതമായി വരികയും ചെയ്യും...
കേരളത്തിലെ യുവജന സംഘടനകൾ പലതും സാമുദായിക- മത സംഘടനകൾ രാഷ്ട്രീയത്തിൽ കൈകടത്തരുതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്... പക്ഷെ അവർക്ക് സാമുദായിക- മത സംഘടകളെ അവഗണിച്ചുകൊണ്ടുള്ള പുരോഗമനപരമായ പ്രവർത്തനം സാദ്ധ്യമാകുന്നില്ല!! കാരണം സാമുദായിക- മത സംഘടനകളുമായി നിരന്തരം ചങ്ങാത്തം കൂടാനും, അവരെ പ്രീണിപ്പിച്ചു നിർത്താനും താല്പ്പര്യപ്പെടുന്ന വെറ്ററൻ നേതാക്കൾ ഈ യുവജന സംഘടനകളുടെ മാതൃ സംഘടനകളിലുണ്ട്... ഒരു യുവജന പ്രതിനിധി സാമുദായിക- മത സംഘടനകളെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചാൽ അയാൾ ഒറ്റപ്പെടലിനും പരസ്യമായ ശാസ്സനക്കും വിധേയനാകും.. തന്റെ രാഷ്ട്രീയ ഭാവിക്കും, നിലനില്പ്പിനും നിലപാടുകൾ വിഘാതമാകുമെന്ന് വന്നാൽ അയാൾ തന്റെ മുൻഗാമികളെക്കാൾ വലിയ സാമുദായിക- മത ഭക്തനും സേവകനുമാകും.. പ്രസക്തമാകുന്നത്, ഭാവിയിലും ഇതിലൊന്നും കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ്!!
വി ടി ബൽറാം MLA നടത്തിയ പ്രസ്ഥാവന വിവാദമായതെന്തുകൊണ്ടെന്നു ചിന്തിക്കൂ.. ഡീൻ കുര്യാക്കോസ് അരമനയിൽ വോട്ടഭ്യർധിക്കാൻ ചെല്ലുന്നു.. ബിഷപ്പും ഒരു പൌരൻ ആയതിനാൽ അതിൽ തെറ്റൊന്നുമില്ല... ബിഷപ്പ് ഡീനെ ശകാരിക്കുന്നു.. അരമനയിൽ ചെന്നവരോടു അഥിതി മര്യാദ കാണിക്കാഞ്ഞ ബിഷപ്പിന്റെ പെരുമാറ്റത്തിൽ വി ടി ബൽറാം ഉൾപ്പടെയുള്ള ചെറുപ്പക്കാർ രൊഷാകുലരാകുന്നു... ഫേസ് ബുക്കിൽ ബിഷപ്പിന്റെ പേരെടുത്തു പറയാതെ വി ടി നികൃഷ്ട്ട ജീവി പ്രയോഗം നടത്തുന്നു...
അടുത്ത പക്ഷം വി ടി ബൽറാമിന്റെ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു... ഡീൻ കുര്യാക്കോസ് വി ടി ബൽറാമിന്റെ പ്രതികരണം അനവസ്സരത്തിലാണെന്ന് പറഞ്ഞ് പിതാവിന്റെ കോപത്തിൽ നിന്ന് ഒഴിവായി.. ഡീനെ കുറ്റം പറയാൻ കഴിയില്ല.. അതിന്റെ പേരില് രണ്ടു വോട്ട് നഷ്ട്ടപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല അത്രമാത്രം... കേരള മുഖ്യൻ, ആഭ്യന്തരമന്ത്രി, ചീഫ് വിപ്പ്, KPCC പ്രസിഡന്റ് തുടങ്ങിയവർ ബാൽറാമിനെ ശകാരിക്കും വിധം തള്ളിപ്പറഞ്ഞ് പിതാവിനെ തണുപ്പിച്ചു... MM ഹസ്സൻ തെരഞ്ഞെടുപ്പു സമയത്ത് ഇത്തരം പരാമർശങ്ങൾ പാടില്ല എന്ന് പറഞ്ഞു... മുതിർന്ന നേതാക്കളുടെ ഇത്തരം വഴുക്കലിൽ വടികുത്തിയ പോലെയുള്ള നിലപാടുകളെയും, പ്രസ്താവനകളേയും രാഷ്ട്രീയ അനുഭവപരിചയം, രാഷ്ട്രീയ വഴക്കം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു.. ബൽറാം എന്നാണാവോ അത്തരം രാഷ്ട്രീയ വഴക്കമുള്ള, ഇരുത്തം വന്നനേതാവാകുന്നതോ എന്തോ?? എന്തായാലും ആയേ പറ്റൂ!! അല്ലെങ്കിൽ ഖദർ ഊരി വെച്ച് സോഷ്യൽ മീഡിയയിൽ മാത്രം പ്രസ്ഥാവനയും, പുരോഗമന വിപ്ലവവുമായി ജീവിക്കേണ്ടി വരും...
ബിഷപ്പിനെ ഒരു സമുദായ നേതാവായി കണ്ടത് കൊണ്ട് മാത്രമാണ് ഈ വിവാദത്തിന് കാരണം എന്നാണ് എന്റെ പക്ഷം... ഭാരതത്തിൽ ആകമാനം വോട്ടഭ്യർധിച്ചു നടക്കുന്ന ഭരണകക്ഷി സ്ഥാനാർഥി കളിൽ എത്രപേർ പൊതു ജനത്തിന്റെയും, വീട്ടമ്മമാരുടെയും ഉൾപ്പെടെയുള്ള ആൾക്കാരുടെ തെറിവിളിയും, ചൂലിനടിയും വാങ്ങുന്നുണ്ടാകും?? അപ്രകാരം ഒരു പൌരൻ ഡീനെ തെറിവിളിച്ചെന്നു കണ്ടാൽ എല്ലാം സമാധാനകരം....
രാഷ്ട്രീയത്തിന് രാജ്യത്തിന്റെ ആകമാനമായ താല്പ്പര്യമെന്നും സമുദായത്തിന് ചുരുങ്ങിയ താൽപ്പര്യങ്ങളെന്നും ഉള്ള തിരിച്ചറിവ് നാം എപ്പോഴും സൂക്ഷിക്കണം.. ഇതിനിടയിലുള്ള അതിർത്തി ശക്തമായി നിലനിർത്താൻ നാം എപ്പോഴും ശ്രദ്ധചെലുത്തണം
[Rajesh Puliyanethu
Advocate, Haripad]