Tuesday, 5 September 2023

സനാതന ധർമ്മ ഉന്മൂലനം,, തുടക്കം ചരിത്രാതീതം...

 ✍️ Adv Rajesh Puliyanethu...

ആദ്യമവർ ഋഷി വര്യന്മാരെ തള്ളിപ്പറഞ്ഞു... പിന്നീടവർ സ്മൃതികളെ വളച്ചൊടിച്ചു.... കൂടാതെ സമൃതികളെ കൂട്ടുപിടിച്ചു കൊണ്ട് ധർമ്മത്തെ വികലമാക്കി അവതരിപ്പിച്ചു... ശേഷം അവർ ഹിന്ദു മതത്തെ വിഘടിപ്പിച്ചു... കലഹിച്ച ഹിന്ദു വിഭാഗങ്ങളെ പ്രലോഭിപ്പിച്ച് അടർത്തിമാറ്റി തങ്ങളുടെ ചാവേറുകളാക്കി... അവർ ഭാരത സംസ്കാരത്തെ പുശ്ചിച്ചു തള്ളി... അവർ രാജ്യ സ്നേഹത്തെ പരിഹസ്സിച്ചു... അവർ ആചാരങ്ങളെ അപമാനിച്ചു... പുരാണങ്ങളേയും ഇതിഹാസങ്ങളേയും കെട്ടുകഥകൾ എന്ന് ചിത്രീകരിച്ച് അപ്രസക്തമാക്കാൻ ശ്രമിച്ചു... ആരാധനാ മൂർത്തികൾ മിത്തുകളാണെന്ന് വിളിച്ചു പറഞ്ഞു... ഇതിനെല്ലാമൊപ്പം കിട്ടിയ അവസരങ്ങളിലെല്ലാം അവർ ഹിന്ദു ധർമ്മം പേറുന്നവരെ വംശഹത്യ ചെയ്തുകൊണ്ടേയിരുന്നു... അവസാനം ഭാരതത്തിന്റെ ചൈതന്യമായ ""സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നും"' അവർ പറഞ്ഞു...

മാനായും മാരീചനായും വന്നവൻ ഒറ്റക്കായിരുന്നില്ല... ശക്തരായ രാക്ഷസ്സ രാജാക്കന്മാരുടെ പിൻതുണയും, അഭിലാഷവും, ശക്തിയും ഒപ്പം മായാവിദ്യകളുടെ കരവടക്കവും അവർക്കുണ്ടായിരുന്നു...

വർത്തമാനകാല മാരിചന്മാർക്ക് ലക്ഷ്യം ഭാരതമാണ്... ഭാരതത്തെ തകർക്കാനും, സ്വന്തം  ഭരണക്രമത്തിനുള്ളിലാക്കാനും തടസ്സം ഭാരതത്തിന്റെ ആത്മാവും ചൈതന്യവുമായ "സനാതന ധർമ്മമാണ്" എന്ന തിരിച്ചറിവ് ഭാരത പുത്രന്മാരേക്കാളേറെ ഒറ്റുകാർക്കും വിഘടന വാദികൾക്കുമുണ്ട്...

അവർക്കൊപ്പം ഇന്നും ഹിന്ദു മതത്തിൽ നിന്നും അടർത്തിയെടുത്ത നാലാം കിട ചാവേറുകൾ അനേകമുണ്ട്...

ആ വിധം നമ്മൾ തിരിച്ചറിഞ്ഞ അവസാനത്തെ ചാവേറാണ് ഉദയനിധി സ്റ്റാലിൻ...

""സ്റ്റാലിന്റെ"" അനുചരന്മാർ ഒന്നു മനസ്സിലാക്കണം...

""വെളിച്ചമുള്ളടത്തോളം കാലം സനാതന ധർമ്മം നിലനിൽക്കും"...

Saturday, 2 September 2023

ഭരണ പാർട്ടിയെ വിമർശിക്കാൻ...

 ✍️ Adv Rajesh Puliyanethu 

കേരള ഭരണത്തെയൊ ഭരണ പാർട്ടിയേയോ വിമർശിക്കണമെങ്കിൽ കുറഞ്ഞത് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം??

1) സ്വന്തം പേരിലൊ ഭാര്യ, മക്കൾ തുടങ്ങിയ അടുത്ത ബന്ധത്തിലുള്ളവരുടെ പേരിലൊ ഒരു തുണ്ട് ഭൂമി പോലും ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ ഉണ്ടാകാൻ പാടില്ല... ((നിങ്ങൾ ആ ഭൂമിയിൽ ഒരു തെങ്ങിൽ തൈ വെയ്ക്കാനെടുത്ത കുഴി വരെ നിങ്ങളെ കുറ്റക്കാരനാക്കാൻ സാദ്ധ്യതയുണ്ട്...))

2)) കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ നിങ്ങൾ യാതൊരു കച്ചവട മൊ വ്യവസായമൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ ആക്രി വിറ്റ വെള്ളക്കുപ്പികൾ വരെ കണക്കു ചോദിച്ചു കൊണ്ട് നിങ്ങളുടെ പിറകെ വരും))

3)) നിങ്ങൾ ജീവിത കാലത്ത് ഒരു സ്ത്രീയുമായും സംസാരിച്ചിരിക്കാനൊ ആശയവിനിമയം നടത്തിയിട്ടുണ്ടാകാനൊ, സമീപത്ത് പോയിട്ടുണ്ടാകാനോ പാടില്ല... ((നിങ്ങൾ നായകനായ പൈങ്കിളി കഥകൾ വെട്ടുകിളികൾ ആഘോഷിക്കുന്നത് കാണേണ്ടിവരും))

4)) നിങ്ങൾ നിലവിൽ ഒരു ഉദ്യോഗസ്ഥനോ, കച്ചവടക്കാരനൊ, കലാകാരനൊ ഒന്നുമാകാൻ പാടില്ല... ((അവയെല്ലാം വെച്ചു പൂട്ടി വീട്ടിലിരിക്കാൻ മാനസീകമായി തയ്യാറാണെങ്കിൽ കുഴപ്പമില്ല))

5)) നിങ്ങൾ ഒരിക്കലും നല്ല വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാവുകയൊ, നല്ല ഭക്ഷണം കഴിച്ചിട്ടുണ്ടാവുകയൊ ചെയ്തിരിക്കാൻ പാടില്ല... ഉണ്ടെങ്കിൽ തന്നെ അതിന്റെ ഒരു ഫോട്ടോ പോലും ഉണ്ടാകാൻ പാടില്ല... ((ഉണ്ടെങ്കിൽ നിങ്ങൾ പാവപ്പെട്ടവന്റെ പാർട്ടിനെതിരെ സംസാരിക്കാൻ യോഗ്യനല്ലാതാകുന്ന ഒരു ആർഭാടക്കാരൻ ആകുന്നതാണ്))

6)) നിങ്ങൾ ഒരിക്കലും ഒരു ക്ഷേത്രനടയിൽ പോവുകയൊ, തൊഴുകയൊ, നമസ്കരിക്കുകയൊ, വഴിപാടുകൾ നടത്തുകയൊ ചെയ്തിട്ടുണ്ടാകാൻ പാടില്ല... ((നിങ്ങൾ അന്ധവിശ്വാസിയും, പുരോഗമന വിരുദ്ധനും, പ്രാകൃതനും, ശാസ്ത്ര വിരുദ്ധനുമായി ചിത്രീകരിക്കപ്പെടും))

7)) നിങ്ങൾ ഒരിക്കൽ പോലും ഗുരുക്കന്മാരേയൊ, ആചാര്യന്മാരേയോ വണങ്ങുകയാ, പാദം തൊട്ടു തൊഴുകയൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ നട്ടെല്ലില്ലാത്തവനും നാറിയും പാദസേവകനുമായി മാറുന്നതായിരിക്കും))

8)) നിങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻ കാല തീരുമാനങ്ങളെ വിമർശിച്ചിട്ടുണ്ടാകണം... നിങ്ങൾക്ക് കേന്ദ്ര തീരുമാനങ്ങളോട് മതിപ്പായിരുന്നോ എന്ന നിങ്ങളുടെ സ്വതന്ത്ര നിലപാടുകൾക്ക് യാതൊരു പ്രാധാന്യവുമില്ല... ((അല്ലെങ്കിൽ നിങ്ങൾ ഫാസിസ്റ്റും വർഗ്ഗീയ വാദിയും ആയി മാറുന്നതാണ്...))

9)) നിങ്ങൾ യോഗി ആദിത്യനാഥിന്റെയും UP യിലെ സംഭവവികാസങ്ങളുടേയും നിരന്തര വിമർശകൻ ആയിരുന്നിരിക്കണം... ((അല്ലെങ്കിൽ നിങ്ങൾ ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ യോഗ്യനല്ലാതാകുന്നതാണ്))

10)) പ്രളയ കാലവും, കോവിഡ് കാലവും അതിജീവിച്ചത് പിണറായിയുടെ പ്രത്യേക വൈഭവവും ഏക്ഷനും കൊണ്ടാണെന്ന് നിങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റിട്ടിട്ടുണ്ടാകണം... ((അല്ലെങ്കിൽ നിങ്ങൾ സംസ്ഥാന ദ്രേഹിയായി വാഴ്ത്തപ്പെടുന്നതാണ്))

നിങ്ങൾ ഇത്രയും ഇത്രത്തോളം വരുന്ന മറ്റു നൂറു നിബന്ധനകളും പൂർത്തീകരിച്ചിട്ടുള്ളവനും, അല്പം പോലും മരണഭയമില്ലാത്തവനും ആണെങ്കിൽ ""ധൈര്യപൂർവ്വം" കേരള സർക്കാരിന്റെ പോരായ്മകളെ വിമർശിച്ചു കൊള്ളുക...

Saturday, 1 July 2023

ഏകീകൃത സിവിൽ നിയമങ്ങൾ [Uniform Civil Code] കാണാത്തതും കാണേണ്ടതും....

     ഭാരതം വലുതായി ചർച്ചചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഏകീകൃത സിവിൽ നിയമങ്ങൾ... സ്വാതന്ത്രാനന്തര ഭാരതം ആദ്യം ചർച്ച ചെയ്തു തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ'... സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെ നിർമ്മാണ ഘട്ടം മുതൽ കഴിഞ്ഞ എഴുപത്തി അഞ്ചു വർഷങ്ങളിലും രാജ്യം ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്... ആ  ചർച്ചകൾ നടന്നിരുന്നത് പലപ്പോഴും ഏകീകൃത സിവിൽ നിയമങ്ങളെ ക്കുറിച്ചു ചർച്ചകൾ നടത്തണം എന്ന മനഃപ്പൂർവ്വമായ  തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല... മറിച്ചു കാലികമായ സംഭവങ്ങൾ ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിനോട് ആവശ്യപ്പെടുകയായിരുന്നു... മതപരമായും,, രാഷ്ട്രീയപരമായും,, സാമൂഹീകപരമായും,, നിയമപരമായും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നു തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന വിഷയം എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല... 

     'ഏകീകൃത സിവിൽ നിയമങ്ങൾ' നടപ്പിലാകുന്നതിലൂടെ എന്താണ് വിഭാവനം ചെയ്യുന്നതെന്ന് നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ് പല കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്... ഏകീകൃത സിവിൽ നിയമങ്ങൾ എന്ന ചിന്ത തന്നെ സമൂഹത്തിനു മുൻപിലേക്ക് ആധികാരികമായി അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്...  രാജ്യത്തിന്റെ ശോഭനമായ ഭാവിയെ നോക്കിക്കണ്ടുകൊണ്ടും രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, ഭരണപരം, നീതി, നിയമം, സുരക്ഷിതത്വം, സമാധാനം എന്നിവയെ എല്ലാം മുൻനിർത്തിയും ഭരണഘടനാ ശില്പികൾ തന്നെയാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ [Directive Principles] ((ആർട്ടിക്കിൾ 36 മുതൽ 51 വരെ)) ഉൾക്കൊള്ളിച്ചിരിക്കുന്നതും നിർദ്ദേശക തത്വങ്ങളുടെ 44 ആം അനുഛേദത്തിൽ ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കേണ്ടവയാണ് എന്ന അർത്ഥത്തിൽ പ്രതിബാധിച്ചിരിക്കുന്നതും... ഇത്രയും സുവ്യക്തവും, കർക്കശവുമായി മതസ്വാതന്ത്ര്യവും, മൗലീക അവകാശങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങളും, സമത്വവും, തുല്യതയും, ജനാധിപത്യവും, നീതിയും ഉറപ്പുവരുത്തുന്ന, ലോകത്തെതന്നെ മഹത്തരമായ ഭരണഘടനകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയിൽ, നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 44 മാത്രം പിഴവായിപ്പോയി എന്ന് കാണാനും കഴിയില്ലല്ലോ...!!?

     'ഏകീകൃത സിവിൽ നിയമങ്ങൾ' മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും അതിനു രാഷ്ട്രീയമാനങ്ങളും ഏറെയാണ്... ഭാരതത്തിന്റെ ഭരണഘടന ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി  ഉൾപ്പെടുത്തിയ പല നിർദ്ദേശക തത്വങ്ങളിൽ കേവലം ഒന്ന് മാത്രമല്ല ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ 'ഏകീകൃത സിവിൽ നിയമങ്ങൾ'... ഹിന്ദുത്വത്തെ മുൻനിർത്തി പ്രവർത്തനം നടത്തുന്ന ബി ജെ പി യെ നയിക്കുന്ന നരേന്ദ്ര മോഡി ഭരിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ ഇസ്‌ളാമിക ജനവിഭാഗത്തോട് നടത്തുന്ന വെല്ലുവിളിയായാണ് ബി ജെ പി യുടെ രാഷ്ട്രീയ എതിരാളികൾ 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയത്തെ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്... "ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ" എന്ന് എടുത്തു പറയേണ്ട അവസ്ഥാവിശേഷം നില നിൽക്കുന്നു എന്നതാണ് സത്യം... കാരണം ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ കൊണ്ഗ്രെസ്സ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രത്യക്ഷമായി എതിരല്ലായിരുന്നു എന്നും ഇടതു പക്ഷ പാർട്ടികൾ ശക്തമായി ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നവർ ആയിരുന്നു എന്നും കാണാം... ഇന്ന് പ്രതിപക്ഷ ചേരി ഒന്നടങ്കം ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ എതിർക്കുന്നുണ്ടെങ്കിൽ അതിനു കാരണം ബി ജെ പി സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന തിരിച്ചറിവ് തന്നെയാണ്... പക്ഷെ ആപത്കരമായി അവസ്ഥ എന്നത്, പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമായി മോഡി സർക്കാരിനെതിരെ ഏകീകൃത സിവിൽ നിയമങ്ങളെ ഉപയോഗിക്കുന്നത് രാജ്യത്ത് മതപരമായ ചേരിതിരിവും, വിദ്വെഷവും പരത്തിക്കൊണ്ടാണ് എന്നതാണ്... രാജ്യത്തെ പല ഇസ്ളാമിക സംഘടനകളും 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയം ഉദിച്ചപ്പോൾത്തന്നെ അതിനെ എതിർക്കുന്നവരാണ്... ശരീയത്ത് നിയമങ്ങൾ മാത്രമാണ് ലോകത്തിനു അഭികാമ്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണത്... എന്ത് തന്നെ ആയാലും അത് അവരുടെ നിലപാടാണ്... ആ നിലപാടുകൾ മാനിക്കപ്പെടേണ്ടതുണ്ടോ എന്നത് മറ്റൊരു ചോദ്യമായി പരിഗണിക്കപ്പെടാം... എന്നാൽ മുൻപ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന സി പി എം നെ പോലെയുള്ള കക്ഷികളുടെ രാഷ്ട്രീയ അസ്തിത്വമില്ലായ്മയാണ് ഈ വിഷയത്തിൽ ഏറെ പ്രകടമാകുന്നത്... നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി യെ മുസ്ളീം വോട്ടുകൾ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ട് നേരിടാൻ കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം മാത്രമാണ് പ്രതിപക്ഷനിര നടത്തുന്നത്... അതേ നാണയത്തിൻ്റെ മറുപുറമാണ് ഹിന്ദുത്വ അജണ്ടയെ മുറുകെപ്പിടിക്കുന്ന ബി ജെ പി നേട്ടമായി കാണുന്നത്... 'ഏകീകൃത സിവിൽ നിയമങ്ങൾ' അവതരിപ്പിക്കുക വഴി ഹിന്ദു സമൂഹത്തിന് നേട്ടം ഉണ്ടാക്കുന്ന ഒന്ന് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രതീതി വളർത്തുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുകയും ചെയ്യുക  എന്നതാണ് ബി ജെ പി യുടെയും രാഷ്ട്രീയ അജണ്ട...  രാഷ്ട്രീയമായി മതത്തെ ഉപയോഗിച്ചുകൊണ്ട് പരസ്പരം മുതലെടുക്കാനുള്ള ഭരണ പ്രതിപക്ഷങ്ങളുടെ ഒരു ഗോദാ തയ്യാറാക്കലാണ് ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാൻ മുതിരുന്നതിൽക്കൂടി സംജാതമാകുന്ന രാഷ്ട്രീയ അവസ്ഥ... വളരെ നിസ്സാരമായ ഒരു രാഷ്ട്രീയ സമസ്യയുടെ ഉത്തരം കണ്ടെത്തുന്ന വലിയ വിജയി ആരായിരിക്കുമെന്നത് മാത്രമാണ് രാഷ്ട്രീയപരമായി നോക്കിക്കാണാനുള്ളത്..

     സാമൂഹീകമായി ചിന്തിച്ചാൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പ്രധാന അപാകത എന്ന് പറയുന്നത്, പ്രസ്തുത നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ആയ വലിയ വിഭാഗം ഈ നിയമത്തെ ശരിയായി മനസ്സിലാക്കുന്നില്ല എന്നതാണ്... നിയമത്തെ ശരിയായി പഠിച്ചവർ തങ്ങളുടെ രാഷ്ട്രീയ- മത താല്പര്യങ്ങൾക്കനുസൃതമായി പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൈപ്പറ്റാൻ ശ്രമിക്കുന്നുമുണ്ട്... സമീപകാലത്ത് പൗരത്വ നിയമത്തിൻ്റെ അവതരണ വേളയിലും നമ്മൾ ഇതേ അവസ്ഥ കണ്ടു... പൗരത്വ നിയമം അവതരിപ്പിക്കപ്പെടുന്നതോടെ മുസ്ളീം മത  വിഭാഗക്കാരെ മുഴുവൻ നാടുകടത്തും എന്ന് തെറ്റിദ്ധരിച്ചു നിയമത്തെ അനുകൂലിച്ചവരുമുണ്ട്,, തങ്ങൾ നാടുകടത്തപ്പെടുവാൻ പോവുകയാണെന്ന് തെറ്റിദ്ധരിച്ചു നിയമത്തെ എതിർത്തവരുമുണ്ട്... ഏകീകൃത സിവിൽ നിയമങ്ങൾ വിഷയത്തിലെന്നപോലെതന്നെ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കും ഉതകും വിധം പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്... പ്രാഥമിക വിദ്യാഭ്യാസകാലഘട്ടത്തിൽ ഒരിക്കലും നിയമത്തെക്കുറിച്ചും, നിയമത്തിൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കാൽ അക്ഷരം പഠിപ്പിക്കില്ലെന്ന ഭരണ കർത്താക്കളുടെ പിടിവാശിയുടെ ദുർഫലമാണ് പൗരൻ നിയമങ്ങളെ ശരിയായി മനസ്സിലാക്കാൻ ക്ഷമത ഇല്ലാത്തവനാകുന്നതിനും നിസ്സാരമായി തെറ്റിദ്ധരിപ്പിക്കാൻ ഇര ആകുന്നതിനും കാരണം... രാഷ്ട്രീയ പ്രഭുക്കളുടെ വഴി വിശാലമാക്കാൻ പൗരന്റെ ഈവിധമായ നിയമ നിരക്ഷത അനിവാര്യമാണെന്നത്‌ തമസ്ക്കരിക്കുന്ന ഒരു സത്യമായി അവശേഷിക്കുകയും ചെയ്യുന്നു...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഏതൊക്കെ മേഘലയിൽ എന്ന് തിരിച്ചറിയുന്നത് പ്രസ്തുത നിയമത്തിൻ്റെ നിയമപരമായ ചോദ്യങ്ങളുടെ  ഉത്തരമാണ്... "വ്യക്തി നിയമങ്ങൾ" ഒഴികെ നിയമത്തിൻ്റെ മറ്റു സമസ്തമേഘലകളിലും ഏകീകൃത സ്വഭാവം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്... 'വ്യക്തി നിയമങ്ങൾ' നില നിൽക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... വ്യക്തി നിയമങ്ങൾ പ്രവർത്തിക്കുന്നത്, വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സ്വത്തവകാശം, കുട്ടികളുടെ കസ്റ്റഡി അവകാശം, മെയിന്റനൻസ് തുടങ്ങിയ മേഘലകളിലാണ്... ക്രിമിനൽ നിയമങ്ങളും മറ്റെല്ലാ നിയമങ്ങളും എല്ലാ പൗരന്മാർക്കിടയിലും ഏകീകൃത സ്വഭാവം പുലർത്തുമ്പോൾ എന്തുകൊണ്ട് വ്യക്തിനിയമങ്ങളും ഏകീകരിച്ചുകൊണ്ട് ഏകരാജ്യം ഏകനിയമം എന്ന തത്വം നടപ്പിലാക്കിക്കൂടാ എന്ന ന്യായമായ ചോദ്യമാണ് ഭരണഘടനാ ശില്പികൾ മുതൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ ഇന്ന് പിന്തുണക്കുന്നവർ വരെ ചോദിക്കുന്നത്... ഭാരതം ഒരു മതേതര രാജ്യമാണെന്ന് പ്രീആമ്പിൾ മുതൽ ഉറപ്പിക്കുന്ന ഒരു ഭരണഘടനയാൽ നയിക്കപ്പെടുന്ന ഒരു രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് നിയമം തന്നെ സാധൂകരിച്ചു നൽകുന്നു എന്നത് ഭാരതത്തിൻ്റെ മതേതര മുഖത്തിന്റെ ശോഭകെടുത്തുന്നു എന്നതാണ് എൻ്റെ നിഗമനം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗങ്ങൾക്കെതിരെയുള്ള ഒരു നീക്കമായല്ല, മറിച്ച്‌ നിലവിൽ നിലനിൽക്കുന്ന എല്ലാ വ്യക്തിനിയമങ്ങളിലെയും പരാധീനതകൾ പരിഹരിച്ച്‌ കാലോചിതമായ പുരോഗമനങ്ങൾ കൊണ്ടുവന്ന് പരിഷ്‌കരിച്ച്‌, മത ചിന്തകൾക്കതീതമായി നിയമം മാത്രം ചർച്ചചെയ്യുന്ന ഏകീകൃത സ്വഭാവം ഉണ്ടാക്കണം... 

     കാലോചിതമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമായി വരുമ്പോൾ ബഹു ഭാര്യാത്വം, സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ വിവേചനം തുടങ്ങിയ പ്രാകൃത വ്യവസ്ഥകൾ ഒഴിവാക്കേണ്ടി വരും... അത് നിലവിലെ ഏത് വ്യക്തി നിയമങ്ങളിലാണോ നിലനിൽക്കുന്നത് അവിടെ നിന്നും ഒഴിവാക്കപ്പെടണം... നിലവിൽ ഈ വിധമായ; ആധുനിക സമൂഹത്തിന് ചേർന്നുപോകാത്ത ഇത്തരം രീതികൾ ഇസ്‌ലാം വ്യക്തി നിയമങ്ങളിലാണ് ഉൾക്കൊണ്ടിരിക്കുന്നത്... ആ വ്യവസ്ഥകൾ ഒഴിവാക്കപ്പെടുമ്പോൾ അത് പരിഷ്ക്കരണമായാണ് വായിക്കേണ്ടത്... ഒരിക്കലും കടന്നു കയറ്റമായല്ല... 

     ബഹു ഭാര്യാത്വവും, പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീകളോടുള്ള അവഗണനയും ഹിന്ദു വ്യക്തി നിയമങ്ങളിലും നിലനിന്നിരുന്നു... പക്ഷെ 1955 ൽ നിലവിൽ വന്ന ഭേദഗതിയിലൂടെ കാലാനുസൃതമായ പരിഷ്കരണങ്ങൾ ഹിന്ദു വ്യക്തി നിയമങ്ങളിൽ കൊണ്ടുവരാൻ സാധിച്ചു... ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ബാധകമായ ബുദ്ധാ, ജയിൻസ്, സിക്ക്സ് എന്നിവരുടെ വ്യക്തി നിയമങ്ങളും അതുവഴി കാലോചിതമായി പരിഷ്കരിക്കപ്പെട്ടു... അതിനും പുറമെ 2018 ൽ വീണ്ടും ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടു... കുഷ്ഠം പോലെയുള്ള രോഗങ്ങൾ വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടു... ഹിന്ദു ദത്തവകാശം, മെയ്ന്റനൻസ് നിയമങ്ങളും പരിഷ്‌ക്കരിക്കപ്പെട്ടു... ഒരിക്കലും മാറ്റപ്പെടാൻ കഴിയാത്ത ദൈവീകമായ നിയമങ്ങളാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇസ്ളാം വിഭാഗത്തെപ്പോലെ തങ്ങളുടെ വ്യക്തി നിയമങ്ങൾ ഉപനിഷത്തുക്കളിൽ നിന്നും ഉൾക്കൊണ്ടാണ് അതിനാൽ ഭേദഗതി സാധ്യമല്ല എന്ന് കടും പിടുത്തം നടത്താതിരുന്നതാണ് ഹിന്ദുവിന്റെ മേന്മ എന്ന് കാണാം... ഏകീകൃത സിവിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഗോവൻ സിവിൾ കോഡ് ഉം സ്വോഭാവീകമായും അസ്ഥിരപ്പെടും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നോ, തങ്ങളുടെ പോർട്ടുഗീസ് സ്മരണകളെ തകർക്കുന്നതാണെന്നോ ഗോവാക്കാർ വിമർശനം ഉന്നയിക്കാതിരുന്നത് അവരുടെ പുരോഗമന ചിന്താരീതിയായി വിലയിരുത്തപ്പെടും... 

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ആർട്ടിക്കിൾ 25 ന്റെ violation ആണെന്ന നിലയിൽ വാദിക്കുന്നവരെയും കണ്ടു... എന്താണ് ആർട്ടിക്കിൾ 25 പറയുന്നത്? മനഃസാക്ഷിക്കനുസ്സരിച്ചു തൻ്റെ മതത്തെ പ്രചരിപ്പിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, അനുവർത്തിക്കുന്നതിനും ഉള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു... ഇത്രമാത്രമാണ് ആർട്ടിക്കിൾ 25 പറയുന്നതും ഉറപ്പുവരുത്തുന്നതും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വഴി ഭരണഘടന ആർട്ടിക്കിൾ 25 ൽക്കൂടി നൽകുന്ന ഏത് സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്!!??? മതപരമായ ഒരു ചടങ്ങിനെയും ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി ഇല്ലാതാകുന്നില്ല എന്നതാണ് വാസ്തവം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി, പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അഭികാമ്യമല്ലാത്ത പ്രാക്ടീസുകൾ ഏതൊക്കെ വ്യക്തി നിയമങ്ങളിൽ നിൽക്കുന്നുണ്ടോ അവയെ കാലാനുസൃതവുമായി പുനഃ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്... അവയ്ക്കൊന്നും തന്നെ മതപരമായ ആചാരങ്ങളുമായി [Religious Practices] യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം...

     ഹിന്ദു  നിയമങ്ങളും, മുസ്ളീം, ക്രിസ്ത്യൻ, പാഴ്‌സി വ്യക്തിനിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചു ഏകീകൃത സ്വഭാവത്തോടെ എല്ലാവര്ക്കും ബാധകമായ ഒരു സിവിൽ നിയമം കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്... അവിടെ മുസ്ലീമിന് മാത്രം എന്തുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം തങ്ങൾക്കെതിരെയുള്ള ആക്രമണമായി തോന്നുന്നത്?? കോടതി നിർദ്ദേശങ്ങളിൽക്കൂടിയും ഇസ്ളാമിലെ പ്രാകൃത - സ്ത്രീവിരുദ്ധ രീതികൾക്ക് മുൻപും ചിലമാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?? അതിൻ്റെ ഉദാഹരണമല്ലേ "മുത്താഹ്‌ മാര്യേജ്"?? "Marriage For Enjoyment" എന്നായിരുന്നു ആ വിവാഹത്തിന്റെ സങ്കല്പം തന്നെ.. പഴയ കാലങ്ങളിൽ മലബാറിൽ നടന്നിരുന്ന "അറബി കല്യാണങ്ങൾ " മുത്താഹ്‌ മാര്യേജ് ന്റെ വെളിച്ചത്തിൽ നടന്നിരുന്നവയാണ്...  മുത്താഹ്‌ മാര്യേജ് കാലയളവിൽ സ്ത്രീയെ ലൈംഗീകമായി ആസ്വദിച്ചശേഷം പുരുഷൻ ഉപേക്ഷിച്ചു പോകുന്നു... തുടർന്ന് ആ സ്ത്രീക്ക് ജീവനാംശം നൽകുന്നതിനോ, ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ സംരക്ഷിക്കുന്നതിനോ പുരുഷൻ ബാധ്യസ്ഥൻ ആയിരുന്നില്ല... ഇസ്‌ളാമിക വ്യക്തി നിയമം [സുന്നി] ഈ സമ്പ്രദായത്തിന് സാധുത നൽകിയിരുന്നു... ഈ സമ്പ്രദായം സ്ത്രീ വിരുദ്ധമല്ല എന്ന് തോന്നുന്നത് ആർക്കൊക്കെയാണ്?? ഈ സമ്പ്രദായത്തിന്റെ നിയമ സാധുത നഷ്ട്ടപ്പെട്ടതുകൊണ്ട് ഇസ്ളാമിന് എന്ത് നഷ്ട്ടമാണുണ്ടായത്?? മൂന്ന് വിവാഹം കഴിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന എത്ര ഇസ്‌ലാം മത വിശ്വാസ്സികൾ ഇന്നുണ്ട്?? തൻ്റെ ഭർത്താവ് മറ്റു രണ്ടുപേരുടെകൂടി ഭർത്താവായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര സ്ത്രീകളുണ്ട്?? തന്റെ മകൾ ഒരുവന്റെ മൂന്നാമത്തെ ബീവിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര വാപ്പമാരുണ്ട്? വിവാഹമോചനം അനിവാര്യമായി വന്നാൽ തൻ്റെ സംരക്ഷണം ബന്ധുക്കളുടെയും, വക്കഫ് ബോർഡിന്റെയും മാത്രം ഉത്തരവാദിത്വമായി ചുരുങ്ങണം എന്ന് ആഗ്രഹിക്കുന്ന എത്ര മുസ്‌ലിം സ്ത്രീകളുണ്ട്?? തൻ്റെ മകളുടെ സ്ഥിതി അപ്രകാരമായിരിക്കണം എന്ന് കരുതുന്ന എത്ര പിതാക്കന്മാരുണ്ട്?? തൻ്റെ മകളെ മൂന്നുതവണ വിളിച്ചുപറഞ്ഞു വിവാഹബന്ധത്തിൽ നിന്നും വിടുതൽ ചെയ്യിക്കുകയും തുടർന്ന് പുരുഷന് അവൾക്ക് ജീവനാംശം പോലും നല്കാൻ ബാദ്ധ്യസ്ഥനല്ലാതെ അവൾ നിസ്സഹായാവസ്ഥയിൽ എത്താൻ ഏതു പെൺകുട്ടിയോ അവളുടെ പിതാവോ പ്രിയപ്പെട്ടവരോ ആണ് ഇഷ്ടപ്പെടുന്നത്?? Illegitimate ആയി ജനിച്ചുപോയി എന്ന കാരണത്താൽ ഒരു കുട്ടി തൻ്റെ മുൻഗാമികളുടെ സ്വത്തിൽ യാതൊരു അവകാശവും ഇല്ലാതാകുന്നവനാകുന്നതിലെ നീതി എന്താണ്?? പിതാവിൻെറ സ്വത്തിൽ മകനുള്ളതിന്റെ പാതി അവകാശത്തിനു പോലും മകൾക്ക് അവകാശമില്ലാത്ത അവസ്ഥയെ എങ്ങനെ ന്യായീകരിക്കപ്പെടും?? തൻ്റെ സ്വത്തിൽ പിതാവിനോ, മാതാവിനോ, മകനോ, മക്കൾക്കോ അപ്പുറം ബന്ധു ജനങ്ങളുടെ നീണ്ട നിര അവകാശികളാകുന്നതിനെ എത്ര ഇസ്ളാം വിഭാഗക്കാർ ഇഷ്ട്ടപ്പെടുന്നുണ്ട്?? അനേകം ഇസ്‌ലാമിക ദമ്പതികൾ 'സ്പെഷ്യൽ മാര്യേജ് ആക്ട്' പ്രകാരം വീണ്ടും വിവാഹം നടത്തുന്ന നിരന്തരമായ കാഴ്ച മുസ്ളീം പിന്തുടർച്ചാനിയമങ്ങളിലെ സമുദായത്തിനുള്ളിൽ നിന്നുതന്നെയുള്ള അപ്രീയമാണ് വെളിവാക്കുന്നത്... സംഭവിക്കേണ്ടിയിരുന്നത് ഇസ്ളാം വിഭാഗത്തിൽ നിന്നുതന്നെ ആത്മാഭിമാനമുള്ള സ്ത്രീകളും, വ്യക്തിത്വങ്ങളും  മുന്നോട്ടുവന്ന് വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കണമെന്നും, ഏകീകരിക്കപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്... എന്നാൽ അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല മതത്തിന്റെ പേരിൽ സർവാധീശത്വവും തങ്ങളിലായിരിക്കണം എന്ന് ആവശ്യപ്പെടുന്ന മത - രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പിടിയിലേക്ക് വീണ്ടും വീണ്ടും അവർ നിശബ്ദരായി ഒതുങ്ങി ഇരുന്നു കൊടുക്കുന്ന കാഴ്ച്ച അത്ഭുതം ഉളവാക്കുന്നു... ഇപ്രകാരമുള്ള ഒരുപാട് സ്വാഭാവീക നീതിയുടെ നഗ്നമായ ലംഘനങ്ങൾ വ്യക്തി നിയമങ്ങൾ എന്ന പേരിൽ വെച്ച് പുലർത്തുന്നു എങ്കിൽ അവയെല്ലാം തൂത്തറിയാൻ നമ്മൾ എഴുപത്തി അഞ്ചു വര്ഷം വൈകി എന്നാണ് കാണേണ്ടത്... വ്യക്തി നിയമങ്ങളുടെ അടിമച്ചങ്ങലയിൽ കോർത്തുവലിക്കാൻ വെമ്പിനിൽക്കുന്ന മത- രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് ലക്‌ഷ്യം സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്... ഇക്കൂട്ടർക്ക് സമൂഹത്തിന്റെ ഉന്നമനമോ രാഷ്ട്രത്തിന്റെ പുരോഗതിയൊ ഒന്നും തന്നെ ഒരു വിഷയമേ അല്ല... 

     രാഷ്ട്രീയമായ നിലനിൽപ്പ് മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്ന് കോൺഗ്രസ് ഒരിക്കൽ തെളിയിച്ചതാണ്... സെക്ഷൻ 125 CrPC എല്ലാവർക്കും ബാധകമാണെന്ന നിലയിൽ 1985 ൽ ഷാഹ് ബാനോ കേസ്സിൽ സുപ്രീം കോടതി മുസ്ളീം ഡിവോഴ്സ്ഡ് വനിതയായ  ഷാഹ് ബാനോവിന് ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവായതിനെ കൊണ്ഗ്രെസ്സ് നേരിട്ടത് എങ്ങനെയായിരുന്നു എന്ന് നമ്മൾ കണ്ടതാണ്... കോടതി വിധിയെ മറികടക്കാൻ വേണ്ടി നിയമനിർമ്മാണം തന്നെ നടത്തി,  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം ജീവനാംശത്തിന് അർഹതയില്ല എന്ന മത നിയമത്തെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു കൊടുത്തു...  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം മൂന്നുമാസ്സം മാത്രം ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹത ഉള്ളൂ എന്നും അതിനു ശേഷം ബന്ധുക്കളോ അതല്ല വക്കഫ് ബോർഡോ സംരക്ഷണം നൽകണം എന്നും നിയമത്തിൽ വിവക്ഷിച്ചു... അന്ന് മുസ്ളീം വോട്ടുബാങ്ക് മാത്രം മുൻനിർത്തി രാജീവ് ഗാന്ധി അങ്ങനെ ഒരു നിയമ നിർമ്മാണം നടത്തി കോടതി വിധിയെ അസ്ഥിരപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മുസ്ളീം വനിതകളുടെ സംരക്ഷണത്തിലേക്ക് നടത്തുന്ന വലിയ ഒരു ചുവട് വെയ്പ്പ് ആകുമായിരുന്നു ആ വിധി... കോടതി വിധിയെ നിയമനിർമ്മാണം കൊണ്ട് മറികടന്നതുവഴി എന്ത് ഉന്നമനമാണ് മുസ്ളീം വനിതകൾക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് കൊണ്ഗ്രെസ്സ് എന്ത് ഉത്തരം പറയും...?? തങ്ങൾക്ക് മുസ്ളീം മതപ്രഭുക്കന്മാരെ പ്രീണിപ്പിച്ചു വോട്ടുനേടി അധികാരം നിലനിർത്തണം എന്നതിനപ്പുറം കാതലായ ഒരു വിശദീകരണവും കോൺഗ്രസിന് തരാനുണ്ടാകില്ല എന്നതാണ് വസ്തുത... നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾക്കിപ്പുറം ചില കോടതി വിധികളുടെ അടിസ്ഥാനത്തിൽ അല്പ്പം നിലാവെളിച്ചം കടന്നു കൂടിയതല്ലാതെ ജനപ്രതിനിധി സഭകൾ എന്ത് പുരോഗമനപരമായ നിയമനിർമ്മാണമാണ്‌ മുസ്‌ളീം വനിതകൾക്കായി നടത്തിയിട്ടുള്ളത്?? ഒരു സമൂഹത്തിലെ വനിതകളോട് ആകമായി ചെയ്ത ചതിക്ക് മാപ്പു പറയുന്നതിന് പകരം അതേ മതനിയമങ്ങൾക്കുള്ളിൽ ഒരു സമുദായത്തിലെ സ്ത്രീകളെ ആകമാനം തളച്ചിടാനാണ് കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും ഇന്നും ശ്രമിക്കുന്നത്...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ Marriage, Adoption, Succession എന്നതിനപ്പുറവും മറ്റു ചില കാര്യങ്ങളിൽക്കൂടി സമഗ്രമായ മാറ്റങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്... അതിൽ ഒരു ഉദാഹരണമാണ് PROHIBITED DEGREE OF RELATIONSHIP... [വിവാഹം കഴിക്കുന്നതിന് നിയമപരമായ വിലക്കുകളുള്ള ബന്ധങ്ങൾ] സഹോദരൻ സഹോദരിയെ, സഹോദരന്റെ മകളെ, ഗ്രാൻഡ് മകളെ, മാതാവിന്റെ സഹോദരങ്ങളുടെ മക്കളെ, പിതാവിന്റെ സഹോദരങ്ങളുടെ മക്കളെ, അനന്തരവളെ, അങ്ങനെ അടുത്ത രക്ത ബന്ധത്തിൽ ഉള്ള ആൾക്കാരുമായുള്ള വിവാഹം നിലവിലെ വ്യക്തി നിയമങ്ങൾ തന്നെ അനുവദിക്കുന്നില്ല... എന്നാൽ CUSTOM നിലനിൽക്കുന്നുണ്ടെങ്കിൽ സാധുത നല്കുന്നുമുണ്ട്... ഉദാഹരണമായി പറഞ്ഞാൽ  സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിലുള്ള വിവാഹം  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... എന്നാൽ കേരളത്തിൽ മുറപ്പെണ്ണ് സമ്പ്രദായം നിലനിക്കുന്നതിനാൽ നിയമപരമായി തെറ്റാകുന്നില്ല... അതുപോലെതന്നെ സഹോദരിയുടെ മകൾ  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... പക്ഷെ തമിഴ് നാട്ടിലെ CUSTOM അനുസരിച്ചു 'മുറൈ മാമൻ' സമ്പ്രദായം നിലനിൽക്കുന്നതിനാൽ അവിടെ  PROHIBITED DEGREE OF RELATIONSHIP അടിസ്ഥാനത്തിൽ വിവാഹം തടയപ്പെടുന്നില്ല... ക്രിസ്ത്യൻ വ്യക്തി നിയമത്തിൽ PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന യാതൊരു വിവാഹവും അനുവദിക്കുന്നില്ല...  ഇത്തരം കാര്യങ്ങളിൽ ഏകീകൃത സിവിൽ നിയമങ്ങൾ എപ്രകാരമാണ് ഏകീകൃത സ്വഭാവം കൊണ്ട് വരുന്നത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്... ഏകീകൃതമായി PROHIBITED DEGREE OF RELATIONSHIP ന് നിയമനിർമ്മാണം നടത്തിയാൽ CUSTOM അനുവദിക്കാൻ കഴിയാതെ വരും... CUSTOM അനുസരിച്ചു ഇളവുകൾ അനുവദിച്ചാൽ നിയമത്തിന് ഏകീകൃത സ്വഭാവം ഇല്ലാതെവരും... PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന വിവാഹങ്ങൾക്കെല്ലാം നിയമ പ്രാബല്യം ഇല്ല എന്ന് വന്നാൽ ആ ഒരു ഭാഗം നടപ്പിലാക്കുന്നതിന് കുറഞ്ഞത് പത്തുവർഷത്തെ കാലതാമസം എങ്കിലും അനുവദിക്കേണ്ടിവരും... വിവാഹം നിശ്ചയിച്ചവരും, പ്രണയബന്ധത്തിൽ തുടരുന്നവരും ഏകീകൃത സിവിൽ നിയമങ്ങൾ നിലവിൽ വന്നതിനാൽ പിന്മാറാൻ നിർദ്ദേശിക്കാൻ കഴിയില്ലല്ലോ? നിയമം  PROHIBITED DEGREE OF RELATIONSHIP ഉള്ളിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചേതീരൂ എന്ന് നിർബന്ധിക്കാത്തിടത്തോളം കാലം ഈ വിലക്ക് കർശനമായി പാലിക്കുന്ന മതവിഭാഗങ്ങൾക്ക് അതൊരു വിഷയവും ആകുന്നില്ല...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ മതപരമായ ആചാരങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല എന്ന് തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്... ഉദാഹരണത്തിന് വിവാഹത്തിന്റെ നിയമപരമായ വശങ്ങളാണ് നിയമം സംസാരിക്കുന്നത്... മറിച്ചു വിവാഹത്തിന്റെ ആചാരങ്ങളെ അല്ല... ഉദാഹരണത്തിന് മുസ്ളീം വിവാഹത്തിൽ "മഹർ" നൽകുന്നതിനെ നിയമം എതിർക്കില്ല... താലികെട്ടിയോ, മിന്നു കെട്ടിയോ, മറ്റേതെങ്കിലും നിലനിൽക്കുന്ന CUSTOM മുഖേനയോ SOLAMNIZE ചെയ്യുന്ന മതാചാര വിവാഹങ്ങളിലേക്ക് ഏകീകൃത സിവിൽ നിയമങ്ങൾ കൈകടത്താനേ പോകുന്നില്ല... പക്ഷേ ഈ വിധമായ RELIGIOUS CUSTOM അനുവർത്തിക്കാത്ത വിവാഹങ്ങൾക്കും നിയമ പ്രാബല്യം ഉണ്ടായെന്നു വരാം... മഹർ നൽകിയുള്ള വിവാഹത്തെ ഏകീകൃത സിവിൽ നിയമങ്ങൾ എതിർക്കില്ല പക്ഷെ മഹർ നല്കാതെയുള്ള വിവാഹത്തിനും നിയമപ്രാബല്യം ഉണ്ടായെന്നു വരാം...  

     ഒരു രാജ്യം ഒരൊറ്റ നിയമം എന്നത് രാജ്യത്തിന്റെ ശോഭയെ വര്ധിപ്പിക്കുകയേ ഉള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... മതം വിശ്വാസ്സങ്ങൾക്കും, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വേണ്ടിയുള്ളതാണ്... മതം ഒരിക്കലും നിയമത്തിലേക്കും ഭരണ നിർവഹണത്തിലേക്കും കടന്നുവരരുത്... മതം നിയമ പ്രാബല്യമുള്ള ഒന്നിന്റെയും സ്വാധീനശക്തി ആകാൻ പാടില്ല... ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ബഹുമാനിച്ചുകൊണ്ട്ഏകീകൃത സിവിൽ നിയമങ്ങളെ സർവാത്മനാ നമുക്ക് സ്വാഗതം ചെയ്യാം...

[Rajesh Puliyanethu

 Advocate, Haripad]

Sunday, 30 April 2023

അരിക്കൊമ്പൻ എന്ന വർത്തമാനകാല ഹിന്ദു...

     എത്ര കരുത്തനും അംഗബലവും ഉള്ളവനെങ്കിലും സ്വന്തമിടത്തു നിന്നും ബാഹ്യ ശക്തികളാൽ എങ്ങനെ പുറത്താക്കപ്പെടും എന്നതിന്റെ നേർചിത്രമാണ് "അരിക്കൊമ്പൻ" നൽകുന്നത്... 

     ഈ നാട്ടിലെ  "ഹിന്ദു സമൂഹം" അരിക്കൊമ്പന്റെ അനുഭവം കണ്ടു പഠിക്കുന്നത് നല്ലതാണ്...

     അതിന് അനിവാര്യം വേണ്ട ചില ചേരുവകൾക്കൂടിയുണ്ട്...

അവയിൽ

1)) നിരന്തരം കുറ്റാരോപിതനാക്കി നിലനിർത്തുക.... ((ഫാസിസം എന്ന പേര് നിരന്തരം ആവർത്തിച്ചു കൊണ്ടവർ അത് ചെയ്യുന്നു...))

2)) അധികാരത്തിന്റെ വാറോല... ((അരിക്കൊമ്പനെതിരെ കോടതി വിധിപോലെ രാഷ്ട്രീയ പ്രീണനത്തോടെ അവരത് നേടിക്കൊണ്ടിരിക്കുന്നു.))

3)) മയക്കു വെടി... ((കപടമായ "മതേതരത്വം" പുലമ്പിക്കൊണ്ട് രാഷ്ട്രീയ/ സാംസ്കാരിക നേതൃത്വങ്ങളുടെ സഹായത്തോടെ സമൂഹത്തെ ഒന്നടങ്കം അവർ മയക്കു വെടി വെച്ചു കൊണ്ടിരിക്കുന്നു))

4)) കുങ്കിയാനകൾ... ((സ്വന്തം സമൂഹത്തിൽ നിന്നും വർഗ്ഗത്തിൽ നിന്നും തന്നെ ബാഹ്യശക്തികൾ മെരുക്കി മയപ്പെടുത്തി ഉപയോഗിക്കുന്ന ഏറ്റവും അപകടകാരികളായ ശത്രുക്കൾ...

5)) സമ്പത്ത്... ((അനേക കാലത്തെ ഹവാല/ രാഷ്രീയ അഴിമതികളിൽക്കൂടി അവർ ആവശ്യത്തിലധികം നേടിക്കഴിഞ്ഞിരിക്കുന്നു...

6)) സംവിധാനങ്ങൾ... ((സമ്പത്തും അധികാരവും ഉണ്ടെങ്കിൽ പിന്നെ സംവിധാനങ്ങൾ താനേ വന്നുചേരും))

7)) നിന്റെ ദൈന്യതയെക്കുറിച്ച് കഥകളും, കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എഴുതാനും നിന്നെ കുറ്റപ്പെടുത്താനും, നീ ചാകേണ്ടവനാണെന്നു വരെ പറയാനും കാഴ്ചക്കാരുടെ നീണ്ട നിര തന്നെയുണ്ടാകും... ((മാധ്യമങ്ങളെപ്പോലെ))

സ്വന്തം ആവാസങ്ങളിൽ നിന്നും നിന്നെ പുറന്തള്ളുന്നവർക്ക് നീ ജീവിക്കുന്നോ മരിക്കുന്നോ എന്നത് വിഷയമല്ല... പക്ഷെ മരണം വരെ നീ അവർ ബാഹ്യശക്തികൾ ഘടിപ്പിച്ച റേഡിയോ കോളറിന്റെ നിരീക്ഷണത്തിലായിരിക്കും...

ഈ ആക്രമണങ്ങൾ നിനക്കെതിരെ തുടങ്ങി വെയ്ക്കാൻ നിന്റെ കൈയ്യിലെ ഒരു പിടി അരി തന്നെ ധാരാളം...

[Rajesh Puliyanethu

 Advocate, Haripad]

Saturday, 25 March 2023

രാഹുൽ ജി യുടെ കുറ്റവും, ശിക്ഷയും, അയോഗ്യതയും...

      രാഹുൽ ഗാന്ധിയെ സൂററ്റ് കോടതി രണ്ടു വർഷം തടവിന് ശിക്ഷിക്കുകയും അതിനെ തുടർന്ന് രാഹുൽജിയുടെ പാർളമെൻറ് അംഗത്വം നഷ്ടമായതുമാണ് ഈ ദിവസ്സങ്ങളിയിലെ പ്രധാന ചർച്ചാവിഷയം... രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള വിഷയമായതിനാൽ  മുതലെടുപ്പുകൾക്കും വളരെയധികം സാധ്യതയുണ്ട്... രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ വളം തങ്ങളുടെ വളർച്ചക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നല്ലതുപോലെ ആലോചിക്കുന്നുമുണ്ട്...  പ്രത്യേകിച്ച് മോഡി സർക്കാരിനെതിരെ എങ്ങനെ വിനിയോഗിക്കാം എന്നതാണ് പ്രതിപക്ഷ ചേരിയുടെ ചിന്ത... കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ കാണാൻ കഴിയാതിരുന്ന പ്രതിപക്ഷ ഐക്യം രാഹുൽജി യുടെ അയോഗ്യതാ വിഷയത്തിൽ കാണാൻ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്... 

     ബിജെപി യുടെ ഫാസിസ്റ്റ് ഭരണരീതികളുടെ പ്രതിഫലനമാണ് രാഹുൽ വിഷയത്തിൽ കാണാൻ കഴിയുന്നതെന്നും, രാഹുൽജി ഫാസിസ്‌റ്റ് ഭരണകൂടത്തിന്റെ ഇരയാണെന്നും പ്രതിപക്ഷ ചേരി പ്രചരിപ്പിക്കുന്നു... ആയതിനാൽ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ കക്ഷികളും, രാഷ്ട്രീയ വിശ്വാസ്സങ്ങൾക്കതീതമായി ഫാസിസ്റ്റ് മോഡിക്കെതിരെ അണിനിരക്കണം എന്നതാണ് പ്രചാരണാഹ്വാനം...  വാദപ്രതിവാദങ്ങളും, ന്യായീകരണങ്ങളും കൊഴുക്കുമ്പോൾ രാഹുലിന്റെ കേസ്സിന്റെ ശരിയായ വശങ്ങളെ നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ടതാണ്...

     കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനോട് അനുബന്ധിച്ചു 2019 ൽ രാഹുൽ ഗാന്ധി കർണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരം... എന്തായിരുന്നു ആ പരാമർശം?? 

     ""Nirav Modi, Lalit Modi, Narendra Modi... how come they all have "MODI" as common surname?? How come all the thieves have "MODI" as the common surname?? നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി ഇവർക്കെല്ലാം പൊതുവായി എങ്ങനെയാണ് "മോഡി" എന്ന സർ നെയിം ഉണ്ടായത്?? എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??  

     ഈ പരാമർശത്തിലെ ആദ്യവരികൾ അപകീർത്തികരമാകും എന്ന് തോന്നുന്നില്ല... ഒരു പ്രതിപക്ഷ നേതാവ് പൊതു പണം അപഹരിച്ചു കൊണ്ടു പോയ രണ്ടു വ്യക്തികളുടെ പേരുകൾ വിമർശനാത്മകമായി ഉന്നയിക്കുന്നു... ഒപ്പം ഭരണാധിപനായ നരേന്ദ്ര മോദിയും അഴിമതിക്കാരനാണെന്നു ആരോപിക്കുന്നു... ഒരു ഭരണാധികാരി അഴിമതിക്കാരനാണെന്ന് ആരോപണം ഉന്നയിക്കുന്നതിൽ തെറ്റൊന്നുമില്ല... ആ ഭരണാധികാരിക്കും ആ സമയത്തെ പ്രസക്തരായ രണ്ടു അഴിമതിക്കാർക്കും  "മോഡി" എന്ന സർ നെയിം തന്നെയാണ് എന്ന അർഥത്തിൽ സംസാരിക്കുന്നു... തികഞ്ഞ ഒരു രാഷ്ട്രീയ പ്രസംഗം എന്നതിനപ്പുറം ഒന്നും തന്നെ അതിലില്ല.. പക്ഷെ പ്രസംഗത്തിൽ അടുത്തതായി പറയുന്നത് 'അപകീർത്തിപരമായ' എന്ന ശീർഷകത്തിൽ പെടുത്താൻ കഴിയുന്നതാണ്... രണ്ടാം പാദം ഇപ്രകാരമാണ്...

     ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??""

     ആ പ്രസ്താവനയാണ് "മോഡി" എന്ന വിഭാഗക്കാരെല്ലാം Aggrieved ആകുന്നത്... നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി എന്നീ മോദിമാരെല്ലാം കള്ളന്മാരാണെന്നു പറഞ്ഞിരുന്നെങ്കിൽ മുഴുവൻ "മോഡി" വിഭാഗവും Aggrieved ആകുമായിരുന്നില്ല... അഥവാ അപകീർത്തിപരമായ എന്തെകിലും ആ പ്രസ്താവനയിൽ ഉണ്ടായിരുന്നെങ്കിൽ ഈ മൂന്നു മോഡിമാരിൽ ആർക്കെങ്കിലും മാത്രമേ കേസ്സു കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ...  പക്ഷെ രാഹുൽ നടത്തിയ പ്രസ്താവന ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??"" എന്നാണ് ... അവിടെ ധ്വനിക്കുന്നത് "മോഡി" വിഭാഗക്കാർ എല്ലാം കള്ളന്മാർ ആണെന്നും കള്ളന്മാർക്കെല്ലാമാണ്  "മോഡി"  എന്ന സർ നെയിം ഉള്ളത് എന്ന രീതിയിലുമാണ്... അതുകൊണ്ടാണ് "മോഡി" വിഭാഗക്കാരും മോഡി എന്ന സർ നെയിം ഉള്ളവരും Aggrieved ആകുന്നതും പൂർണേഷ് മോദിക്ക് Locus Standi (കേസ്സ് കൊടുക്കാനുള്ള അവകാശം) ഉണ്ടാകുന്നതും... 

     രാഷ്ട്രീയമായി പ്രാധാന്യമുള്ളപ്പോൾത്തന്നെ ഈ കേസ്സ് നിയമത്തിന്റെ മുൻപിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള നിയമ പോരാട്ടമായിരുന്നു... ശ്രീ നരേന്ദ്രമോദിക്ക് ഈ കേസ്സുമായുള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല... നരേന്ദ്രമോദി പ്രധാനമന്ത്രി ആയതു കൊണ്ടും ബിജെപി യുടെ നേതാവായതു കൊണ്ടും മറ്റൊരാൾക്കു കേസ്സു കൊടുക്കാനുള്ള അവകാശത്തിലേക്ക് കടന്നു കയറാൻ കഴിയില്ല... ഇവിടെ ഒരു ബിജെപി MLA ആയ പൂർണേഷ് മോഡി കേസ്സു കൊടുത്തതിനാലാണല്ലോ നരേന്ദ്രമോദിയുമായി ഈ കേസിനെ ബന്ധപ്പെടുത്തുന്നത്... യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത, പേരിന്റെ അഗ്രത്ത് ഒരു "മോഡി" ഉള്ളവനും കേസ്സു കൊടുക്കാൻ കഴിയുമായിരുന്നില്ലേ?? ആ കേസിൽ ഇതേ വിധി ഉണ്ടായിരുന്നെങ്കിലും ബിജെപി യും നരേന്ദ്രമോദിയും ഉത്തരം പറയേണ്ടി വരുമായിരുന്നോ??  തന്റെ സമൂഹത്തിനു ആകമാനം രാഹുലിന്റെ പ്രസ്താവന അപമാനകാരമായി എന്ന് ആരോപിക്കുന്നതിനോടൊപ്പം തന്നെ പൂർണേഷ് മോഡി,,  "മോഡി" എന്ന വിഭാഗത്തിന്റെ ഭാഗമായ ഒരു  വ്യക്തി എന്ന നിലയിലാണ് കേസ്സു കൊടുത്തിരിക്കുന്നത്.. ആ കേസിൽ ഭരണകൂടത്തിന് യാതൊരു റോളും ഇല്ല എന്ന് മനസ്സിലാക്കാൻ ആഴത്തിലുള്ള നിയമ പരിജ്ഞാനം അവശ്യമുണ്ടെന്നു തോന്നുന്നില്ല... ശ്രദ്ധേയമായ കാര്യം "നരേന്ദ്ര മോഡി" എന്ന ഭരണകർത്താവിൻ്റെ പേര് ചേർത്ത് ""കള്ളന്മാർ"" എന്ന് പ്രയോഗിച്ചതിനല്ല കേസും, ശിക്ഷയും ഉണ്ടായിരിക്കുന്നത് എന്നതാണ്... ശിക്ഷ ഉണ്ടായിരിക്കുന്നത് ""മോഡി"" വിഭാഗത്തെ ആകമാനമായി അപമാനിക്കും വിധം ""കള്ളന്മാർ"" എന്ന് വിളിച്ചതിനാണ്...

     മറ്റെല്ലാം പരാജയപ്പെടുമ്പോൾ ആരോപിക്കാൻ കഴിയുന്നത്,, ബിജെപി യുടെയും , നരേന്ദ്രമോദിയുടെയും സ്വാധീനത്തിനു വഴങ്ങി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി രാഹുലിനെ ശിക്ഷിച്ചു എന്നതാണ്...  അവിടെയും ചില വിശദീകരണങ്ങൾ ആവശ്യമാണ്...  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെതിരെ നിലവിൽ അഴിമതി ആരോപണങ്ങളോ, ബിജെപി ബന്ധങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല...  രാഹുൽ അപകീർത്തിപരമായി നടത്തി എന്ന് ആരോപിക്കുന്ന പ്രസ്താവന അപ്രകാരം നടത്തിയിട്ടില്ല എന്ന തർക്കവും കോൺഗ്രസ്സിനില്ല... ആ പ്രസ്താവന അപകീർത്തികരമാണോ എന്നത് മാത്രമാണ് ചോദ്യം... ആ ചോദ്യത്തിന് ഉത്തരം കോമ്പിറ്റെന്റ് ആയ കോടതി കണ്ടെത്തി... "ആ പ്രസ്താവന അപകീർത്തികരമാണെന്നും,, ശിക്ഷാർഹമാണെന്നും കണ്ടെത്തുകയും ശിക്ഷവിധിക്കുകയും ചെയ്തിരിക്കുന്നു... അവിടെ വിചാരണയും വിധിയും പൂർണ്ണമായിരിക്കുന്നു... ഇനിയും സാദ്ധ്യമായത് അപ്പീൽ മാത്രമാണ്...  രാഹുലിന് ശരിയായ രീതിയിൽ വിചാരണയെ നേരിടാൻ അവസ്സരം ലഭിച്ചില്ല എന്ന ആരോപണവും കോൺഗ്രസ്സിനോ കോൺഗ്രസിനൊപ്പം കൂവി വിളികൾ നടത്തുന്നവർക്കോ ഇല്ല ... അങ്ങനെയെങ്കിൽ രാഹുലിന് ഫെയർ ട്രയൽ ലഭിച്ചില്ല എന്നോ കോടതി പക്ഷപാതകരമായിരുന്നെന്നോ പറയുവാൻ കഴിയില്ല... മാത്രമല്ല രാഹുൽ വളരെയധികം ലാഘവ ബുദ്ധിയോടെയാണ് കേസ്സുകാര്യങ്ങളെ സാമീപിച്ചിരുന്നത് എന്ന് നിസ്സംശയം പറയുവാൻ കഴിയും... ഈ കേസ്സിന്റെ നിലനിൽപ്പ് ചോദ്യം ചെയ്‌തുകൊണ്ടോ, കേസ്സ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടോ എന്തുകൊണ്ട് രാഹുൽ ഹൈ കോടതിയെ സമീപിച്ചില്ല??  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പക്ഷപാതി ആണെന്ന് വിചാരണ വേളയിൽ തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് ആ വിവരം മേൽ കോടതികളെ ധരിപ്പിച്ചുകൊണ്ട് മറ്റൊരു കോടതിയിൽ വിചാരണ നടത്തുന്നതിന് അപേക്ഷനൽകിയില്ല!?? ഇതൊന്നും ചെയ്യാതെ വിധി എതിരായപ്പോൾ അതെങ്ങനെ പരമാവധി രാഷ്ട്രീയമായി മുതലെടുക്കാം എന്ന് മാത്രമാണ് രാഹുലും, കോൺഗ്രസ്സും, പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതെന്ന് നിസ്സംശയം പറയുവാൻ കഴിയും....

     രാഹുൽ പക്ഷക്കാർ പറയുന്ന മറ്റൊരു ആരോപണം കർണ്ണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസ്താവനക്ക്‌ എതിരെ ഗുജറാത്തിലെ സൂറത്ത് കോടതി കേസ്സെടുക്കുന്നത് എങ്ങനെയാണ് എന്നതാണ്...  മനു ആഭിഷേക് സിംഗ്‌വി,, കപിൽ സിബിൽ തുടങ്ങിൽ നിയമ പണ്ഡിതർ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചു കണ്ടില്ല.. പക്ഷെ ആ വിധം  ഒരു തർക്കവും കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്...  മറ്റു ക്രിമിനൽ കുറ്റങ്ങളുടെ ജൂറിസ്ഡിക്ഷനിൽ [JURISDICTION] നിന്ന് വ്യത്യസ്തമായാണ് DEFAMATION കേസ്സുകളിൽ അത് പ്രവർത്തിക്കുന്നത്... പൊതുവെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സംഭവം നടന്ന സ്ഥലം [PLACE OF OCCURRENCE] അടിസ്ഥാനമാക്കിയാണ് വിചാരണ കോടതിയുടെ അധികാര പരിധി  [JURISDICTION]  നിശ്ചയിക്കുന്നത്,, (മറ്റ് ചില മാനദണ്ഡങ്ങളും ഉണ്ടെങ്കിലും...) എന്നാൽ അപകീർത്തികരം [DEFAMATION] കേസുകളിൽ നടന്ന സ്ഥലം [PLACE OF OCCURRENCE] നു ഒപ്പം തന്നെ അപകീർത്തി സംഭവിക്കപ്പെട്ട സ്ഥലത്തെ കോടതിക്കും അധികാര പരിധി  [JURISDICTION] ഉണ്ടായിരിക്കുന്നതാണ്...  ഉദാഹരണത്തിന് 'A' എന്ന സമുദായം ആലപ്പുഴ മാത്രമാണ് ഉള്ളത്... ഒരു പ്രശസ്തനായ ഒരു വ്യക്തി 'X' മദ്രാസ്സിൽ നിന്നുകൊണ്ട് 'A' എന്ന സാമുദായിക വിഭാഗത്തെപ്പറ്റി അപകീർത്തിപരമായി പ്രസ്താവനകൾ നടത്തുന്നു... ആ പ്രസ്താവന രാജ്യത്തുള്ള എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു... മദ്രാസ്സിൽ 'A' എന്ന സമുദായത്തിൽപ്പെട്ട ആരും തന്നെയില്ല... പക്ഷെ മാധ്യമങ്ങൾ 'X' ന്റെ പ്രസ്ഥാവന ആലപ്പുഴയിലും പ്രചരിപ്പിച്ചു... 'A' എന്ന വിഭാഗത്തിന് അപകീർത്തി സംഭവിച്ചത് ആലപ്പുഴയിലാണ്... അതിനാൽ 'A' വിഭാഗത്തിൽപ്പെട്ട ആർക്കും ആലപ്പുഴയിലെ COMPETENT കോടതിയിൽ കേസ്സു ഫയൽ ചെയ്യാവുന്നതാണ്... 'A' എന്ന വിഭാഗം പഞ്ചാബിലെ ഒരു പ്രത്യേക സ്ഥലത്ത് അധികമായി വസിക്കുന്നു എന്ന് കരുതുക... മാധ്യങ്ങൾ 'X' ന്റെ 'A' ക്ക് എതിരെയുള്ള അപകീർത്തികരമായ പ്രസ്ഥാവന അവിടെയും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ 'A' വിഭാഗത്തിന് പഞ്ചാബിൽ 'A' വിഭാഗം താമസിക്കുന്ന സ്ഥലത്തെ COMPETENT കോടതിയിൽ കേസ്സു കൊടുക്കാവുന്നതാണ്... ഏത് കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നത് പരാതിക്കാരന്റെ തെരഞ്ഞെടുക്കലാണ്... രാഹുൽ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അധികാരപരിധി ശരിയല്ലായിരുന്നെങ്കിൽ ആ ഒരു കാരണം മാത്രം ഉന്നയിച്ച് മേൽ കോടതിയെ സമീപിച്ചിരുന്നെങ്കിൽ ഈ കേസിന്റെ എല്ലാ നടപടി ക്രമങ്ങളും QUASH ചെയ്തു പോകുമായിരുന്നു... ഈ തർക്കവും ശിക്ഷ വിധിച്ചതിനു ശേഷം മാത്രം ഉയർത്തുന്നതാണെന്നു വ്യക്തമാണ്...

     ഈ കേസുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്;; രാഹുൽ "മോഡി" എന്ന വിഭാഗത്തെക്കുറിച്ച് ഒരു പ്രസംഗത്തിനിടയിൽ ഒരു പരാമർശം നടത്തുന്നു... ആ പരാമർശം തങ്ങൾക്ക് അപകീർത്തികരമാണെന്ന് ആരോപിച്ചു കൊണ്ട് പൂർണ്ണേഷ് മോഡി എന്ന വ്യക്തി കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു... കേസിൽ രാഹുലിന് ശരിയായ വിചാരണ ലഭിക്കുന്നു... വിചാരണയിൽ അപാകത കേസ് നടക്കുന്ന അവസ്സരത്തിൽ രാഹുൽ ഉന്നയിക്കുന്നതേയില്ല... വിചാരണാ വേളയിൽ ജുഡീഷ്യൽ ഓഫീസർക്കെതിരേയും രാഹുൽ യാതൊരു അപാകതയും ഉന്നയിക്കുന്നില്ല... വിചാരണക്കൊടുവിൽ കോടതി രാഹുൽ കുറ്റക്കാരനാണെന്ന് വിധിക്കുന്നു... ഇതു വരെ എന്താണ് തെറ്റായി ആരോപിക്കാനുള്ളത്?? വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ ഉന്നത കോടതികളെ സമീപിക്കുക എന്ന നിയമപരമായ വഴികളല്ലേ രാഹുൽ സ്വീകരിക്കേണ്ടത്?? പകരം പ്രതിപക്ഷ കക്ഷികളെ കൂട്ടു പിടിച്ച് ഇന്നു നടത്തുന്ന പേക്കൂത്തുകൾ നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാൻ തരമില്ല...

     വിചാരണാ കോടതി രണ്ടു വർഷം ശിക്ഷിച്ചതാണ് മറ്റൊരു പോരായ്മയായി പറയുന്നത്... IPC 499,, 500,, 504 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കാണ് രാഹുലിനെ ശിക്ഷിച്ചിരിക്കുന്നത്... ഈ വകുപ്പുകൾ ഒരോന്നിനും പരമാവധി രണ്ടു വർഷം സാധാരണ തടവ് വിധിക്കാവുന്നതാണ്... കോടതി എല്ലാ വകുപ്പുകൾക്കും കൂടി ചേർത്ത് രണ്ടു വർഷം സാധാരണ തടവ് വിധിച്ചു... ഒരാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ആ കുറ്റകൃത്യത്തിന് നിയമം അനുശ്ശാസ്സിക്കുന്ന ശിക്ഷ നൽകാൻ വിചാരണ കോടതിക്ക് അധികാരമുണ്ട്... ശിക്ഷയിൽ ഇളവ് ആവശ്യമുണ്ടെങ്കിൽ ആ ആവശ്യം മേൽ കോടതിയിൽ ഉന്നയിക്കുക എന്നതല്ലേ ഈ രാജ്യത്തെ ഏതൊരു പൗരനും സാദ്ധ്യമായത്?? ഈ വിഷയത്തിൽ രാഹുലിന് മാത്രമായി നിയമം എപ്രകാരം വളച്ചൊടിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്??? രാഷ്ട്രീയമായി മോഡിയെ നേരിടാൻ കരുത്തില്ലാത്ത പ്രതിപക്ഷത്തെ മുള്ളു മുരിക്ക് മൂർഖൻ പാമ്പ് എല്ലാം ഒന്നിച്ചു നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിയമ വ്യവസ്ഥയെപ്പോലും തകർത്തെറിഞ്ഞ് തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതാണ് കണ്ടുവരുന്നത്... 

     രാഹുൽജിയുടെ പാർളമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയാണ് മറ്റൊരു വിമർശന വിഷയം... നടപടിയിലെ വേഗത തന്നെ ഞെട്ടിച്ചു എന്നായിരുന്നു ശ്രീ ശശി തരൂരിന്റെ പ്രസ്ഥാവന... ശശി തരൂരിനെപ്പോലെ ഒരു സ്കോളർ പോലും യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല എന്ന നാട്യത്തോടെ പ്രസ്ഥാവനകൾ നടത്തുന്നത് പൊതുജനങ്ങളെയാണ് അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നത്... ക്രിമിനൽക്കുറ്റത്തിന് രണ്ടു വർഷമൊ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ ഒരു പാർളമെന്റ് അംഗത്തിന് വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെടുമെന്നതാണ് ഈ മണ്ണിന്റെ നിയമം... എല്ലാ അംഗങ്ങൾക്കും ബാധകമായ നിയമത്തിൽ നിന്നും എന്ത് ഇളവാണ് രാഹുൽ ആവശ്യപ്പെടുന്നത്!!?? ഇപ്പോൾ പാർളമെന്റ് നടന്നു വരികയാണ്... വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെട്ട ഒരു വ്യക്തിയെ എങ്ങനെയാണ് പാർളമെന്റ് നടപടികളിൽ പങ്കെടുപ്പിക്കാൻ കഴിയുക!?? ഒരു മിനിട്ട് സമയം പാർളമെന്റ് നടപടികളിൽ രാഹുലിനെ പങ്കെടുപ്പിച്ചാൽ പോലും അതൊരു വലിയ നിയമ ലംഘനമാകുന്നതാണ്... ആയതിനാൽ ത്തന്നെ രാഹുലിനെ അയോഗ്യനാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുക എന്നത് സ്പീക്കർ സ്വികരിക്കേണ്ട നിയമപരമായി അനിവാര്യമായ നടപടി ആയിരുന്നു... നിയമപരമായ എല്ലാ വ്യവസ്ഥിതികളിൽ നിന്നും രാഹുലിന് പരിരക്ഷ ആവശ്യപ്പെടുന്നവരോട് ഒന്നു പറയാം;; നിങ്ങളുടെ വാഴ്ത്തുപാട്ടുകളിൽ പോലും പറയുന്നത് രാഹുലിന്റെ മുത്തച്ഛൻ ശ്രീ മോത്തിലാൽ ഇന്ത്യാ രാജ്യം വിലക്ക് വാങ്ങാമെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞു എന്നേ ഉള്ളൂ;; വാങ്ങിയെന്നില്ലായിരുന്നു;;; എന്ന് മാത്രമാണ്...

     ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും, ഇവിടെ നിയമം എല്ലാവർക്കും ഒന്നു പോലെയാണ് എന്നും ഫാസിസം അനുവദിക്കില്ല എന്നും കൂവി വിളിച്ച് തെരുവിലിറങ്ങുന്നവരാണ് രാഹുലിന് നിയമം ബാധകമല്ല എന്ന് പരോഷമായി ആഹ്വാനം ചെയ്തു കൊണ്ട് പ്രത്യക്ഷ സമരത്തിനു മുതിരുന്നത്... വിഷയത്തെ ശരിയായ രീതിയിൽ അപഗ്രഥിച്ചു മനസ്സിലാക്കാൻ കഴിയുന്നതാണ് കഴിവുറ്റ ജനതയുടെ ലക്ഷണം.. രാഹുലിന് ശിക്ഷയും, വിധിയും മരവിപ്പിച്ചു കൊണ്ട് ഉത്തരവ് ലഭിക്കുമെന്നതും എം പി സ്ഥാനം തിരികെ ലഭിക്കുമെന്നതും എല്ലാവർക്കും ഉറപ്പാണ്... അങ്ങനെ തിരികെ വരുമ്പോൾ അന്നും ഫാസിസത്തിനെതിരെ വിജയിച്ചു വന്നവന്റെ ജയഭേരി മുഴുകാൻ കഴിയണം... അത്ര തന്നെ... നിയമ നടപടികളെ എങ്ങനെ പരിപൂർണ്ണമായും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാം എന്ന വരച്ചുകാട്ടലാണ് രാഹുലിന്റെ ശിക്ഷാ വിഷയത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്...  പരാജയം ശിരസ്സാ വഹിച്ച ഒരു കൂട്ടത്തിന് വീണു കിട്ടിയ ഒരു തുടം പെട്രോളാണ് രാഹുൽ കേസ്... ആ പെട്രോളു പയോഗിച്ച് രാജ്യം കത്തിക്കാൻ അവർ ശ്രമിക്കുന്നു... അത്ര തന്നെ...


വാൽക്കഷ്ണം:: ഇത്രയധികം അഴിമതി ആരോപണങ്ങൾക്ക് വിധേയനായ രാഹുൽജി ഒരു അപകീർത്തി കേസ്സിൽ ജയിലിൽ പോകുന്നത് ഒരൽപം പോലും സന്തോഷം തരുന്ന ഒന്നല്ല... അദ്ദേഹം 'ഈ' കേസിൽ കുറ്റ വിമോചിതനാകണം എന്ന് ആഗ്രഹിക്കുന്നു... 


[Rajesh Puliyanethu

 Advocate, Haripad]

Friday, 17 March 2023

ഉറക്ക ദിവസത്തിന്റെ അവകാശികൾ...!!?

 ഇന്ന് മാർച്ച് 17, ലോക ഉറക്ക ദിനം...

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതിനായി 2008 മുതലാണ് മാർച്ച് 17 ലോക ഉറക്ക ദിനമായി ആചരിക്കുവാൻ തുടങ്ങിയത്... ഉറക്കത്തിന്റെ പ്രാധാന്യം ഉറക്കളച്ചിരുന്ന് ഇന്റെർനെറ്റിൽ പരതി നമ്മൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു... അത് തുടരട്ടെ...
പക്ഷെ ലോക ഉറക്ക ദിനത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാക്കി "ഉറങ്ങുന്ന" വർക്കായി ഞാൻ ഈ ദിനം സമർപ്പിക്കുന്നു...
ഭരണപരമായ ഉത്തരവാദിത്വങ്ങൾ മറന്നുറങ്ങുന്ന മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും,, പ്രതികരിക്കാനും, പ്രതിഷേധിക്കുവാനുമുള്ള ഉത്തരവാദിത്വം മറന്നുറങ്ങുന്ന പ്രതിപക്ഷത്തിനും,, നിയമ നിർവ്വഹണത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന പോലീസിനും,, ആരോഗ്യ പാലനത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന ഡോക്ടർമാർക്കും,, കിമ്പളം സ്വപ്നം കണ്ടുറങ്ങുന്ന ഉദ്യോഗസ്ഥ പ്രഭുക്കൾക്കും,, പുരസ്കാരങ്ങൾ പ്രതീക്ഷിച്ചുറങ്ങുന്ന സാംസ്കാരിക നായകർക്കും,, നീതിദേവതയുടെ വിളിച്ചുണർത്തലിനായി കൂർക്കം വലിച്ചുറങ്ങുന്ന കോടതികൾക്കും അങ്ങനെ "ഉറക്കം" യഥാർത്ഥ ഉത്തരവാദിത്വമായി കാണുന്ന എല്ലാ ഉറക്ക സ്നേഹി മഹത് വ്യക്തിത്വങ്ങൾക്കും ഈ ദിനം സമർപ്പിക്കുന്നു...
ഉണർന്നിരിക്കുന്നവർ ക്ഷമിക്കുക... ഒന്ന് ഓർക്കുകയും ചെയ്യുക... ""ഉറങ്ങുന്നവന്റെ ആയുസ്സും, ആരോഗ്യവും, സൗന്ദര്യവും വർദ്ധിക്കും,, ഉണർന്നിരിക്കുന്നവന്റെ നശിക്കും""
"""'നല്ല നാളെകൾ സ്വപ്നം കണ്ടുറങ്ങുന്നവർക്കും ഉറക്ക ദിന ആശംസകൾ"""

[Rajesh Puliyanethu
Advocate, Haripad]

Sunday, 29 January 2023

ഗാന്ധി സമൃതിയിലെ മാറ്റം...

      ഗാന്ധിയുടെ സമാധി ദിനങ്ങൾ മുൻകാലങ്ങളിൽ ആചരിച്ചു വന്നിരുന്നത് ഓർക്കുന്നു... ഗാന്ധി ചിത്രത്തിൽ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച്,, പുഷ്പാർച്ചന നടത്തി;; കൂടുതലും ശുഭ്ര വസ്ത്രധാരികളായും,, ഗാന്ധിതൊപ്പിയുമണിഞ്ഞും ആൾക്കാർ  അച്ചടക്കത്തോടെ രഘുപതി രാഘവ രാജാറാം തുടങ്ങിയ പ്രാർത്ഥനാ ഗീതങ്ങളോടെ സമയം ചെലവഴിക്കുന്നു... ചിലർ ഗാന്ധിയുടെ ത്യാഗവും,, സഹനവും,, അഹിംസയും ഇടപഴകിയ ജീവിതത്തെക്കുറിച്ചും,, ഗാന്ധിസത്തിന് ലോകത്തുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു... കൂടുതൽ ആൾക്കാരും ഉപവാസത്തിൽ ആയിരിക്കും... അഹിംസയുടെ പ്രചാരകനായിരുന്ന ഗാന്ധിയുടെ സമാധിദിനത്തിന് അനുയോജ്യമായ രീതിയിലായിരുന്നു എല്ലാം ചിട്ടപ്പെടുത്തിയിരുന്നത്...


     പക്ഷെ സമീപകാലങ്ങളിൽ കണ്ടുവരുന്ന ഗാന്ധി സമാധി ദിവസങ്ങളിൽ ചോരയിൽ കുതിർന്ന ഗാന്ധിക്കാണ് പ്രാധാന്യം നൽകുന്നത്... വടി പിടിച്ചു നടന്നു പോകുന്ന ഗാന്ധി ചിത്രത്തേക്കാൾ വില്പന മൂല്യം ചോര പുരണ്ട ഗാന്ധി ചിത്രത്തിനുണ്ടെന്ന ധാരണാ മാറ്റമാണ് ഒരു ഗാന്ധിയും, ചുറ്റിനും ഗോഡ്സേമാരും എന്ന എന്ന നിലയിൽ ഗാന്ധി സങ്കല്പങ്ങൾ വികലമായി പോകുന്നത്... വെടി വെച്ചിടുന്നവനും, ചോരക്കു വില പറയുന്നവനും തമ്മിൽ അന്തരം കാണാൻ കഴിയില്ലല്ലോ?? 


     ഗാന്ധി സമാധി ദിവസങ്ങളിൽ ഇന്ന് ഗാന്ധിക്ക് യാതൊരു പ്രധാന്യവും കൽപ്പിക്കപ്പെടുന്നില്ല... പ്രാധാനം കൽപിക്കപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയത്തിനു മാത്രമാണ്... ഗോഡ്സെയെ    "സ്വന്തം" രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ആരുമില്ല... എന്നാൽ ഗോഡ്സെ "നിന്റെ" രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് സമർത്ഥിക്കാൻ മത്സരമാണ്... ഗോഡ്സെക്ക്  വിനിമയ മൂല്യം കൂട്ടുകയാണവർ ചെയ്യുന്നത്... അവിടെ ഗാന്ധിയുടെ രാഷ്ട്രീയം വിസ്മൃതിയിൽ പോവുകയും ഗോഡ്സെ ഭാരത രാഷ്ട്രിയ ഭൂമികയിൽ തെളിയുകയുമാണെന്ന് എന്തുകൊണ്ടൊ ചിലർ മറന്നു പോകുന്നു... ഗാന്ധിജിയുടെ ചോരക്കും ഗോഡ്സെയുടെ രാഷ്ട്രീയത്തിനും കൂടുതൽ ഉച്ചത്തിൽ വില വിളിച്ചു പറയാനുള്ള അവസ്സരങ്ങൾ മാത്രമായി ഗാന്ധി സമാധി ദിനങ്ങൾ വിനിയോഗിക്കപ്പെടുന്നതിലെ വേദന മാത്രം പങ്കുവെച്ചു കൊള്ളുന്നു...


     "ഗോസ്സെയാൽ കൊല്ലപ്പെട്ടവൻ" എന്ന പ്രാധാന്യമല്ല ഗാന്ധിക്കുള്ളതെന്നെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത്... ഹേ റാം മന്ത്രധ്വനികളോടെ ജീവൻ വെടിയുമ്പോൾ;; അദ്ദേഹം അവസാന നിമിഷം വരെ ഈ ലോകത്തിന് കാണിച്ചു കൊടുത്ത തത്വാധിഷ്ടിത ജീവിതവും,, ആശയങ്ങളുമുണ്ട്... അതാണ് സ്മരിക്കപ്പെടേണ്ടത്...


ഗാന്ധി സ്മൃതികൾക്കു മുൻപിൽ കൂപ്പ കൈ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

[Rajesh Puliyanethu

 Advocate, Haripad]