Saturday, 25 March 2023

രാഹുൽ ജി യുടെ കുറ്റവും, ശിക്ഷയും, അയോഗ്യതയും...

      രാഹുൽ ഗാന്ധിയെ സൂററ്റ് കോടതി രണ്ടു വർഷം തടവിന് ശിക്ഷിക്കുകയും അതിനെ തുടർന്ന് രാഹുൽജിയുടെ പാർളമെൻറ് അംഗത്വം നഷ്ടമായതുമാണ് ഈ ദിവസ്സങ്ങളിയിലെ പ്രധാന ചർച്ചാവിഷയം... രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള വിഷയമായതിനാൽ  മുതലെടുപ്പുകൾക്കും വളരെയധികം സാധ്യതയുണ്ട്... രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ വളം തങ്ങളുടെ വളർച്ചക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നല്ലതുപോലെ ആലോചിക്കുന്നുമുണ്ട്...  പ്രത്യേകിച്ച് മോഡി സർക്കാരിനെതിരെ എങ്ങനെ വിനിയോഗിക്കാം എന്നതാണ് പ്രതിപക്ഷ ചേരിയുടെ ചിന്ത... കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ കാണാൻ കഴിയാതിരുന്ന പ്രതിപക്ഷ ഐക്യം രാഹുൽജി യുടെ അയോഗ്യതാ വിഷയത്തിൽ കാണാൻ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്... 

     ബിജെപി യുടെ ഫാസിസ്റ്റ് ഭരണരീതികളുടെ പ്രതിഫലനമാണ് രാഹുൽ വിഷയത്തിൽ കാണാൻ കഴിയുന്നതെന്നും, രാഹുൽജി ഫാസിസ്‌റ്റ് ഭരണകൂടത്തിന്റെ ഇരയാണെന്നും പ്രതിപക്ഷ ചേരി പ്രചരിപ്പിക്കുന്നു... ആയതിനാൽ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ കക്ഷികളും, രാഷ്ട്രീയ വിശ്വാസ്സങ്ങൾക്കതീതമായി ഫാസിസ്റ്റ് മോഡിക്കെതിരെ അണിനിരക്കണം എന്നതാണ് പ്രചാരണാഹ്വാനം...  വാദപ്രതിവാദങ്ങളും, ന്യായീകരണങ്ങളും കൊഴുക്കുമ്പോൾ രാഹുലിന്റെ കേസ്സിന്റെ ശരിയായ വശങ്ങളെ നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ടതാണ്...

     കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനോട് അനുബന്ധിച്ചു 2019 ൽ രാഹുൽ ഗാന്ധി കർണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരം... എന്തായിരുന്നു ആ പരാമർശം?? 

     ""Nirav Modi, Lalit Modi, Narendra Modi... how come they all have "MODI" as common surname?? How come all the thieves have "MODI" as the common surname?? നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി ഇവർക്കെല്ലാം പൊതുവായി എങ്ങനെയാണ് "മോഡി" എന്ന സർ നെയിം ഉണ്ടായത്?? എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??  

     ഈ പരാമർശത്തിലെ ആദ്യവരികൾ അപകീർത്തികരമാകും എന്ന് തോന്നുന്നില്ല... ഒരു പ്രതിപക്ഷ നേതാവ് പൊതു പണം അപഹരിച്ചു കൊണ്ടു പോയ രണ്ടു വ്യക്തികളുടെ പേരുകൾ വിമർശനാത്മകമായി ഉന്നയിക്കുന്നു... ഒപ്പം ഭരണാധിപനായ നരേന്ദ്ര മോദിയും അഴിമതിക്കാരനാണെന്നു ആരോപിക്കുന്നു... ഒരു ഭരണാധികാരി അഴിമതിക്കാരനാണെന്ന് ആരോപണം ഉന്നയിക്കുന്നതിൽ തെറ്റൊന്നുമില്ല... ആ ഭരണാധികാരിക്കും ആ സമയത്തെ പ്രസക്തരായ രണ്ടു അഴിമതിക്കാർക്കും  "മോഡി" എന്ന സർ നെയിം തന്നെയാണ് എന്ന അർഥത്തിൽ സംസാരിക്കുന്നു... തികഞ്ഞ ഒരു രാഷ്ട്രീയ പ്രസംഗം എന്നതിനപ്പുറം ഒന്നും തന്നെ അതിലില്ല.. പക്ഷെ പ്രസംഗത്തിൽ അടുത്തതായി പറയുന്നത് 'അപകീർത്തിപരമായ' എന്ന ശീർഷകത്തിൽ പെടുത്താൻ കഴിയുന്നതാണ്... രണ്ടാം പാദം ഇപ്രകാരമാണ്...

     ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??""

     ആ പ്രസ്താവനയാണ് "മോഡി" എന്ന വിഭാഗക്കാരെല്ലാം Aggrieved ആകുന്നത്... നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി എന്നീ മോദിമാരെല്ലാം കള്ളന്മാരാണെന്നു പറഞ്ഞിരുന്നെങ്കിൽ മുഴുവൻ "മോഡി" വിഭാഗവും Aggrieved ആകുമായിരുന്നില്ല... അഥവാ അപകീർത്തിപരമായ എന്തെകിലും ആ പ്രസ്താവനയിൽ ഉണ്ടായിരുന്നെങ്കിൽ ഈ മൂന്നു മോഡിമാരിൽ ആർക്കെങ്കിലും മാത്രമേ കേസ്സു കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ...  പക്ഷെ രാഹുൽ നടത്തിയ പ്രസ്താവന ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??"" എന്നാണ് ... അവിടെ ധ്വനിക്കുന്നത് "മോഡി" വിഭാഗക്കാർ എല്ലാം കള്ളന്മാർ ആണെന്നും കള്ളന്മാർക്കെല്ലാമാണ്  "മോഡി"  എന്ന സർ നെയിം ഉള്ളത് എന്ന രീതിയിലുമാണ്... അതുകൊണ്ടാണ് "മോഡി" വിഭാഗക്കാരും മോഡി എന്ന സർ നെയിം ഉള്ളവരും Aggrieved ആകുന്നതും പൂർണേഷ് മോദിക്ക് Locus Standi (കേസ്സ് കൊടുക്കാനുള്ള അവകാശം) ഉണ്ടാകുന്നതും... 

     രാഷ്ട്രീയമായി പ്രാധാന്യമുള്ളപ്പോൾത്തന്നെ ഈ കേസ്സ് നിയമത്തിന്റെ മുൻപിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള നിയമ പോരാട്ടമായിരുന്നു... ശ്രീ നരേന്ദ്രമോദിക്ക് ഈ കേസ്സുമായുള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല... നരേന്ദ്രമോദി പ്രധാനമന്ത്രി ആയതു കൊണ്ടും ബിജെപി യുടെ നേതാവായതു കൊണ്ടും മറ്റൊരാൾക്കു കേസ്സു കൊടുക്കാനുള്ള അവകാശത്തിലേക്ക് കടന്നു കയറാൻ കഴിയില്ല... ഇവിടെ ഒരു ബിജെപി MLA ആയ പൂർണേഷ് മോഡി കേസ്സു കൊടുത്തതിനാലാണല്ലോ നരേന്ദ്രമോദിയുമായി ഈ കേസിനെ ബന്ധപ്പെടുത്തുന്നത്... യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത, പേരിന്റെ അഗ്രത്ത് ഒരു "മോഡി" ഉള്ളവനും കേസ്സു കൊടുക്കാൻ കഴിയുമായിരുന്നില്ലേ?? ആ കേസിൽ ഇതേ വിധി ഉണ്ടായിരുന്നെങ്കിലും ബിജെപി യും നരേന്ദ്രമോദിയും ഉത്തരം പറയേണ്ടി വരുമായിരുന്നോ??  തന്റെ സമൂഹത്തിനു ആകമാനം രാഹുലിന്റെ പ്രസ്താവന അപമാനകാരമായി എന്ന് ആരോപിക്കുന്നതിനോടൊപ്പം തന്നെ പൂർണേഷ് മോഡി,,  "മോഡി" എന്ന വിഭാഗത്തിന്റെ ഭാഗമായ ഒരു  വ്യക്തി എന്ന നിലയിലാണ് കേസ്സു കൊടുത്തിരിക്കുന്നത്.. ആ കേസിൽ ഭരണകൂടത്തിന് യാതൊരു റോളും ഇല്ല എന്ന് മനസ്സിലാക്കാൻ ആഴത്തിലുള്ള നിയമ പരിജ്ഞാനം അവശ്യമുണ്ടെന്നു തോന്നുന്നില്ല... ശ്രദ്ധേയമായ കാര്യം "നരേന്ദ്ര മോഡി" എന്ന ഭരണകർത്താവിൻ്റെ പേര് ചേർത്ത് ""കള്ളന്മാർ"" എന്ന് പ്രയോഗിച്ചതിനല്ല കേസും, ശിക്ഷയും ഉണ്ടായിരിക്കുന്നത് എന്നതാണ്... ശിക്ഷ ഉണ്ടായിരിക്കുന്നത് ""മോഡി"" വിഭാഗത്തെ ആകമാനമായി അപമാനിക്കും വിധം ""കള്ളന്മാർ"" എന്ന് വിളിച്ചതിനാണ്...

     മറ്റെല്ലാം പരാജയപ്പെടുമ്പോൾ ആരോപിക്കാൻ കഴിയുന്നത്,, ബിജെപി യുടെയും , നരേന്ദ്രമോദിയുടെയും സ്വാധീനത്തിനു വഴങ്ങി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി രാഹുലിനെ ശിക്ഷിച്ചു എന്നതാണ്...  അവിടെയും ചില വിശദീകരണങ്ങൾ ആവശ്യമാണ്...  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെതിരെ നിലവിൽ അഴിമതി ആരോപണങ്ങളോ, ബിജെപി ബന്ധങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല...  രാഹുൽ അപകീർത്തിപരമായി നടത്തി എന്ന് ആരോപിക്കുന്ന പ്രസ്താവന അപ്രകാരം നടത്തിയിട്ടില്ല എന്ന തർക്കവും കോൺഗ്രസ്സിനില്ല... ആ പ്രസ്താവന അപകീർത്തികരമാണോ എന്നത് മാത്രമാണ് ചോദ്യം... ആ ചോദ്യത്തിന് ഉത്തരം കോമ്പിറ്റെന്റ് ആയ കോടതി കണ്ടെത്തി... "ആ പ്രസ്താവന അപകീർത്തികരമാണെന്നും,, ശിക്ഷാർഹമാണെന്നും കണ്ടെത്തുകയും ശിക്ഷവിധിക്കുകയും ചെയ്തിരിക്കുന്നു... അവിടെ വിചാരണയും വിധിയും പൂർണ്ണമായിരിക്കുന്നു... ഇനിയും സാദ്ധ്യമായത് അപ്പീൽ മാത്രമാണ്...  രാഹുലിന് ശരിയായ രീതിയിൽ വിചാരണയെ നേരിടാൻ അവസ്സരം ലഭിച്ചില്ല എന്ന ആരോപണവും കോൺഗ്രസ്സിനോ കോൺഗ്രസിനൊപ്പം കൂവി വിളികൾ നടത്തുന്നവർക്കോ ഇല്ല ... അങ്ങനെയെങ്കിൽ രാഹുലിന് ഫെയർ ട്രയൽ ലഭിച്ചില്ല എന്നോ കോടതി പക്ഷപാതകരമായിരുന്നെന്നോ പറയുവാൻ കഴിയില്ല... മാത്രമല്ല രാഹുൽ വളരെയധികം ലാഘവ ബുദ്ധിയോടെയാണ് കേസ്സുകാര്യങ്ങളെ സാമീപിച്ചിരുന്നത് എന്ന് നിസ്സംശയം പറയുവാൻ കഴിയും... ഈ കേസ്സിന്റെ നിലനിൽപ്പ് ചോദ്യം ചെയ്‌തുകൊണ്ടോ, കേസ്സ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടോ എന്തുകൊണ്ട് രാഹുൽ ഹൈ കോടതിയെ സമീപിച്ചില്ല??  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പക്ഷപാതി ആണെന്ന് വിചാരണ വേളയിൽ തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് ആ വിവരം മേൽ കോടതികളെ ധരിപ്പിച്ചുകൊണ്ട് മറ്റൊരു കോടതിയിൽ വിചാരണ നടത്തുന്നതിന് അപേക്ഷനൽകിയില്ല!?? ഇതൊന്നും ചെയ്യാതെ വിധി എതിരായപ്പോൾ അതെങ്ങനെ പരമാവധി രാഷ്ട്രീയമായി മുതലെടുക്കാം എന്ന് മാത്രമാണ് രാഹുലും, കോൺഗ്രസ്സും, പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതെന്ന് നിസ്സംശയം പറയുവാൻ കഴിയും....

     രാഹുൽ പക്ഷക്കാർ പറയുന്ന മറ്റൊരു ആരോപണം കർണ്ണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസ്താവനക്ക്‌ എതിരെ ഗുജറാത്തിലെ സൂറത്ത് കോടതി കേസ്സെടുക്കുന്നത് എങ്ങനെയാണ് എന്നതാണ്...  മനു ആഭിഷേക് സിംഗ്‌വി,, കപിൽ സിബിൽ തുടങ്ങിൽ നിയമ പണ്ഡിതർ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചു കണ്ടില്ല.. പക്ഷെ ആ വിധം  ഒരു തർക്കവും കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്...  മറ്റു ക്രിമിനൽ കുറ്റങ്ങളുടെ ജൂറിസ്ഡിക്ഷനിൽ [JURISDICTION] നിന്ന് വ്യത്യസ്തമായാണ് DEFAMATION കേസ്സുകളിൽ അത് പ്രവർത്തിക്കുന്നത്... പൊതുവെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സംഭവം നടന്ന സ്ഥലം [PLACE OF OCCURRENCE] അടിസ്ഥാനമാക്കിയാണ് വിചാരണ കോടതിയുടെ അധികാര പരിധി  [JURISDICTION]  നിശ്ചയിക്കുന്നത്,, (മറ്റ് ചില മാനദണ്ഡങ്ങളും ഉണ്ടെങ്കിലും...) എന്നാൽ അപകീർത്തികരം [DEFAMATION] കേസുകളിൽ നടന്ന സ്ഥലം [PLACE OF OCCURRENCE] നു ഒപ്പം തന്നെ അപകീർത്തി സംഭവിക്കപ്പെട്ട സ്ഥലത്തെ കോടതിക്കും അധികാര പരിധി  [JURISDICTION] ഉണ്ടായിരിക്കുന്നതാണ്...  ഉദാഹരണത്തിന് 'A' എന്ന സമുദായം ആലപ്പുഴ മാത്രമാണ് ഉള്ളത്... ഒരു പ്രശസ്തനായ ഒരു വ്യക്തി 'X' മദ്രാസ്സിൽ നിന്നുകൊണ്ട് 'A' എന്ന സാമുദായിക വിഭാഗത്തെപ്പറ്റി അപകീർത്തിപരമായി പ്രസ്താവനകൾ നടത്തുന്നു... ആ പ്രസ്താവന രാജ്യത്തുള്ള എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു... മദ്രാസ്സിൽ 'A' എന്ന സമുദായത്തിൽപ്പെട്ട ആരും തന്നെയില്ല... പക്ഷെ മാധ്യമങ്ങൾ 'X' ന്റെ പ്രസ്ഥാവന ആലപ്പുഴയിലും പ്രചരിപ്പിച്ചു... 'A' എന്ന വിഭാഗത്തിന് അപകീർത്തി സംഭവിച്ചത് ആലപ്പുഴയിലാണ്... അതിനാൽ 'A' വിഭാഗത്തിൽപ്പെട്ട ആർക്കും ആലപ്പുഴയിലെ COMPETENT കോടതിയിൽ കേസ്സു ഫയൽ ചെയ്യാവുന്നതാണ്... 'A' എന്ന വിഭാഗം പഞ്ചാബിലെ ഒരു പ്രത്യേക സ്ഥലത്ത് അധികമായി വസിക്കുന്നു എന്ന് കരുതുക... മാധ്യങ്ങൾ 'X' ന്റെ 'A' ക്ക് എതിരെയുള്ള അപകീർത്തികരമായ പ്രസ്ഥാവന അവിടെയും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ 'A' വിഭാഗത്തിന് പഞ്ചാബിൽ 'A' വിഭാഗം താമസിക്കുന്ന സ്ഥലത്തെ COMPETENT കോടതിയിൽ കേസ്സു കൊടുക്കാവുന്നതാണ്... ഏത് കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നത് പരാതിക്കാരന്റെ തെരഞ്ഞെടുക്കലാണ്... രാഹുൽ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അധികാരപരിധി ശരിയല്ലായിരുന്നെങ്കിൽ ആ ഒരു കാരണം മാത്രം ഉന്നയിച്ച് മേൽ കോടതിയെ സമീപിച്ചിരുന്നെങ്കിൽ ഈ കേസിന്റെ എല്ലാ നടപടി ക്രമങ്ങളും QUASH ചെയ്തു പോകുമായിരുന്നു... ഈ തർക്കവും ശിക്ഷ വിധിച്ചതിനു ശേഷം മാത്രം ഉയർത്തുന്നതാണെന്നു വ്യക്തമാണ്...

     ഈ കേസുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്;; രാഹുൽ "മോഡി" എന്ന വിഭാഗത്തെക്കുറിച്ച് ഒരു പ്രസംഗത്തിനിടയിൽ ഒരു പരാമർശം നടത്തുന്നു... ആ പരാമർശം തങ്ങൾക്ക് അപകീർത്തികരമാണെന്ന് ആരോപിച്ചു കൊണ്ട് പൂർണ്ണേഷ് മോഡി എന്ന വ്യക്തി കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു... കേസിൽ രാഹുലിന് ശരിയായ വിചാരണ ലഭിക്കുന്നു... വിചാരണയിൽ അപാകത കേസ് നടക്കുന്ന അവസ്സരത്തിൽ രാഹുൽ ഉന്നയിക്കുന്നതേയില്ല... വിചാരണാ വേളയിൽ ജുഡീഷ്യൽ ഓഫീസർക്കെതിരേയും രാഹുൽ യാതൊരു അപാകതയും ഉന്നയിക്കുന്നില്ല... വിചാരണക്കൊടുവിൽ കോടതി രാഹുൽ കുറ്റക്കാരനാണെന്ന് വിധിക്കുന്നു... ഇതു വരെ എന്താണ് തെറ്റായി ആരോപിക്കാനുള്ളത്?? വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ ഉന്നത കോടതികളെ സമീപിക്കുക എന്ന നിയമപരമായ വഴികളല്ലേ രാഹുൽ സ്വീകരിക്കേണ്ടത്?? പകരം പ്രതിപക്ഷ കക്ഷികളെ കൂട്ടു പിടിച്ച് ഇന്നു നടത്തുന്ന പേക്കൂത്തുകൾ നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാൻ തരമില്ല...

     വിചാരണാ കോടതി രണ്ടു വർഷം ശിക്ഷിച്ചതാണ് മറ്റൊരു പോരായ്മയായി പറയുന്നത്... IPC 499,, 500,, 504 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കാണ് രാഹുലിനെ ശിക്ഷിച്ചിരിക്കുന്നത്... ഈ വകുപ്പുകൾ ഒരോന്നിനും പരമാവധി രണ്ടു വർഷം സാധാരണ തടവ് വിധിക്കാവുന്നതാണ്... കോടതി എല്ലാ വകുപ്പുകൾക്കും കൂടി ചേർത്ത് രണ്ടു വർഷം സാധാരണ തടവ് വിധിച്ചു... ഒരാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ആ കുറ്റകൃത്യത്തിന് നിയമം അനുശ്ശാസ്സിക്കുന്ന ശിക്ഷ നൽകാൻ വിചാരണ കോടതിക്ക് അധികാരമുണ്ട്... ശിക്ഷയിൽ ഇളവ് ആവശ്യമുണ്ടെങ്കിൽ ആ ആവശ്യം മേൽ കോടതിയിൽ ഉന്നയിക്കുക എന്നതല്ലേ ഈ രാജ്യത്തെ ഏതൊരു പൗരനും സാദ്ധ്യമായത്?? ഈ വിഷയത്തിൽ രാഹുലിന് മാത്രമായി നിയമം എപ്രകാരം വളച്ചൊടിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്??? രാഷ്ട്രീയമായി മോഡിയെ നേരിടാൻ കരുത്തില്ലാത്ത പ്രതിപക്ഷത്തെ മുള്ളു മുരിക്ക് മൂർഖൻ പാമ്പ് എല്ലാം ഒന്നിച്ചു നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിയമ വ്യവസ്ഥയെപ്പോലും തകർത്തെറിഞ്ഞ് തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതാണ് കണ്ടുവരുന്നത്... 

     രാഹുൽജിയുടെ പാർളമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയാണ് മറ്റൊരു വിമർശന വിഷയം... നടപടിയിലെ വേഗത തന്നെ ഞെട്ടിച്ചു എന്നായിരുന്നു ശ്രീ ശശി തരൂരിന്റെ പ്രസ്ഥാവന... ശശി തരൂരിനെപ്പോലെ ഒരു സ്കോളർ പോലും യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല എന്ന നാട്യത്തോടെ പ്രസ്ഥാവനകൾ നടത്തുന്നത് പൊതുജനങ്ങളെയാണ് അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നത്... ക്രിമിനൽക്കുറ്റത്തിന് രണ്ടു വർഷമൊ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ ഒരു പാർളമെന്റ് അംഗത്തിന് വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെടുമെന്നതാണ് ഈ മണ്ണിന്റെ നിയമം... എല്ലാ അംഗങ്ങൾക്കും ബാധകമായ നിയമത്തിൽ നിന്നും എന്ത് ഇളവാണ് രാഹുൽ ആവശ്യപ്പെടുന്നത്!!?? ഇപ്പോൾ പാർളമെന്റ് നടന്നു വരികയാണ്... വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെട്ട ഒരു വ്യക്തിയെ എങ്ങനെയാണ് പാർളമെന്റ് നടപടികളിൽ പങ്കെടുപ്പിക്കാൻ കഴിയുക!?? ഒരു മിനിട്ട് സമയം പാർളമെന്റ് നടപടികളിൽ രാഹുലിനെ പങ്കെടുപ്പിച്ചാൽ പോലും അതൊരു വലിയ നിയമ ലംഘനമാകുന്നതാണ്... ആയതിനാൽ ത്തന്നെ രാഹുലിനെ അയോഗ്യനാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുക എന്നത് സ്പീക്കർ സ്വികരിക്കേണ്ട നിയമപരമായി അനിവാര്യമായ നടപടി ആയിരുന്നു... നിയമപരമായ എല്ലാ വ്യവസ്ഥിതികളിൽ നിന്നും രാഹുലിന് പരിരക്ഷ ആവശ്യപ്പെടുന്നവരോട് ഒന്നു പറയാം;; നിങ്ങളുടെ വാഴ്ത്തുപാട്ടുകളിൽ പോലും പറയുന്നത് രാഹുലിന്റെ മുത്തച്ഛൻ ശ്രീ മോത്തിലാൽ ഇന്ത്യാ രാജ്യം വിലക്ക് വാങ്ങാമെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞു എന്നേ ഉള്ളൂ;; വാങ്ങിയെന്നില്ലായിരുന്നു;;; എന്ന് മാത്രമാണ്...

     ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും, ഇവിടെ നിയമം എല്ലാവർക്കും ഒന്നു പോലെയാണ് എന്നും ഫാസിസം അനുവദിക്കില്ല എന്നും കൂവി വിളിച്ച് തെരുവിലിറങ്ങുന്നവരാണ് രാഹുലിന് നിയമം ബാധകമല്ല എന്ന് പരോഷമായി ആഹ്വാനം ചെയ്തു കൊണ്ട് പ്രത്യക്ഷ സമരത്തിനു മുതിരുന്നത്... വിഷയത്തെ ശരിയായ രീതിയിൽ അപഗ്രഥിച്ചു മനസ്സിലാക്കാൻ കഴിയുന്നതാണ് കഴിവുറ്റ ജനതയുടെ ലക്ഷണം.. രാഹുലിന് ശിക്ഷയും, വിധിയും മരവിപ്പിച്ചു കൊണ്ട് ഉത്തരവ് ലഭിക്കുമെന്നതും എം പി സ്ഥാനം തിരികെ ലഭിക്കുമെന്നതും എല്ലാവർക്കും ഉറപ്പാണ്... അങ്ങനെ തിരികെ വരുമ്പോൾ അന്നും ഫാസിസത്തിനെതിരെ വിജയിച്ചു വന്നവന്റെ ജയഭേരി മുഴുകാൻ കഴിയണം... അത്ര തന്നെ... നിയമ നടപടികളെ എങ്ങനെ പരിപൂർണ്ണമായും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാം എന്ന വരച്ചുകാട്ടലാണ് രാഹുലിന്റെ ശിക്ഷാ വിഷയത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്...  പരാജയം ശിരസ്സാ വഹിച്ച ഒരു കൂട്ടത്തിന് വീണു കിട്ടിയ ഒരു തുടം പെട്രോളാണ് രാഹുൽ കേസ്... ആ പെട്രോളു പയോഗിച്ച് രാജ്യം കത്തിക്കാൻ അവർ ശ്രമിക്കുന്നു... അത്ര തന്നെ...


വാൽക്കഷ്ണം:: ഇത്രയധികം അഴിമതി ആരോപണങ്ങൾക്ക് വിധേയനായ രാഹുൽജി ഒരു അപകീർത്തി കേസ്സിൽ ജയിലിൽ പോകുന്നത് ഒരൽപം പോലും സന്തോഷം തരുന്ന ഒന്നല്ല... അദ്ദേഹം 'ഈ' കേസിൽ കുറ്റ വിമോചിതനാകണം എന്ന് ആഗ്രഹിക്കുന്നു... 


[Rajesh Puliyanethu

 Advocate, Haripad]

No comments: