Friday, 17 March 2023

ഉറക്ക ദിവസത്തിന്റെ അവകാശികൾ...!!?

 ഇന്ന് മാർച്ച് 17, ലോക ഉറക്ക ദിനം...

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതിനായി 2008 മുതലാണ് മാർച്ച് 17 ലോക ഉറക്ക ദിനമായി ആചരിക്കുവാൻ തുടങ്ങിയത്... ഉറക്കത്തിന്റെ പ്രാധാന്യം ഉറക്കളച്ചിരുന്ന് ഇന്റെർനെറ്റിൽ പരതി നമ്മൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു... അത് തുടരട്ടെ...
പക്ഷെ ലോക ഉറക്ക ദിനത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാക്കി "ഉറങ്ങുന്ന" വർക്കായി ഞാൻ ഈ ദിനം സമർപ്പിക്കുന്നു...
ഭരണപരമായ ഉത്തരവാദിത്വങ്ങൾ മറന്നുറങ്ങുന്ന മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും,, പ്രതികരിക്കാനും, പ്രതിഷേധിക്കുവാനുമുള്ള ഉത്തരവാദിത്വം മറന്നുറങ്ങുന്ന പ്രതിപക്ഷത്തിനും,, നിയമ നിർവ്വഹണത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന പോലീസിനും,, ആരോഗ്യ പാലനത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന ഡോക്ടർമാർക്കും,, കിമ്പളം സ്വപ്നം കണ്ടുറങ്ങുന്ന ഉദ്യോഗസ്ഥ പ്രഭുക്കൾക്കും,, പുരസ്കാരങ്ങൾ പ്രതീക്ഷിച്ചുറങ്ങുന്ന സാംസ്കാരിക നായകർക്കും,, നീതിദേവതയുടെ വിളിച്ചുണർത്തലിനായി കൂർക്കം വലിച്ചുറങ്ങുന്ന കോടതികൾക്കും അങ്ങനെ "ഉറക്കം" യഥാർത്ഥ ഉത്തരവാദിത്വമായി കാണുന്ന എല്ലാ ഉറക്ക സ്നേഹി മഹത് വ്യക്തിത്വങ്ങൾക്കും ഈ ദിനം സമർപ്പിക്കുന്നു...
ഉണർന്നിരിക്കുന്നവർ ക്ഷമിക്കുക... ഒന്ന് ഓർക്കുകയും ചെയ്യുക... ""ഉറങ്ങുന്നവന്റെ ആയുസ്സും, ആരോഗ്യവും, സൗന്ദര്യവും വർദ്ധിക്കും,, ഉണർന്നിരിക്കുന്നവന്റെ നശിക്കും""
"""'നല്ല നാളെകൾ സ്വപ്നം കണ്ടുറങ്ങുന്നവർക്കും ഉറക്ക ദിന ആശംസകൾ"""

[Rajesh Puliyanethu
Advocate, Haripad]

No comments: