Tuesday, 28 October 2014

"കിസ്സ്‌ ഓഫ്‌ ലവ്" ഒരു സാംസ്ക്കാരിക വെല്ലുവിളി.......!!


        ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിലേക്ക് നോക്കൂ...!! ഭാരതീയ സംസ്ക്കാരത്തെയും, പ്രണയത്തെയും, നിയമത്തെയും, വ്യക്തിസ്വാതന്ത്രങ്ങളെയും പടച്ചട്ട അണിയിച്ച് അവിടെ നിർത്തിയിരിക്കുന്നു... ഏതൊരു പടയാളിയുടെ കൈയ്യിലും യുദ്ധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരേ ഒരു ആയുധമെ ഉള്ളു... അതാണ്‌ "ചുംബനം"...!! ചുംബിച്ചോ, ചുംബനത്തെ നശിപ്പിച്ചോ, ചുംബനത്തെ ഒളിപ്പിച്ചോ മേൽപ്പറഞ്ഞ പടയാളികൾക്ക് വിജയിക്കാം... അവർ ധരിച്ചിരിക്കുന്ന പടച്ചട്ട ഊരിവെച്ച് വിജയഭേരി മുഴക്കാം.... 

       പക്ഷെ മേൽപ്പറഞ്ഞ പടയാളികൾ ആയുധമെടുത്ത് യുദ്ധം ചെയ്യുന്നതിന് പകരം ചിലർ ആയുധത്തോട് യുദ്ധം ചെയ്യാൻ തുടങ്ങി... ചിലർ ആയുധത്തിന്റെ വക്ത്താക്കളായി... മറ്റുചിലർ ആയുധത്തെ എറിഞ്ഞോടിക്കാൻ വെമ്പൽ കൊണ്ടു.. എന്തിനേറെ പറയുന്നു... യുദ്ധം "ചുംബനം"എന്ന ആയുധത്തിന്റെ അസ്ഥിത്വവും, ഉപയോഗക്രമവും, വിനിമയവും, വിപണനവും, പ്രാധാന്യവും ഒക്കെയായി വിപുലീകരിക്കപ്പെട്ട് യുദ്ധഭൂമിയുടെ വിസ്തൃതിയെ വർദ്ധിപ്പിച്ചു... പ്രജകളിൽ നിന്നും സ്വയേഛയാതന്നെ പോരിനിറക്കവും ഉണ്ടായി... 

       ലോകമാകെ പോരിനിറങ്ങുമ്പോൾ എതെങ്കിലുമൊക്കെ തരത്തിൽ അതിൽ ഭാഗപാക്കാകണമല്ലോ.. പ്രസ്തുത വിഷയത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തികൊണ്ട് ഞാനും അത് ചെയ്യുന്നു.. 

        റെസ്റൊറന്റിൽ പരസ്യമായി അരങ്ങേരിവന്ന ചുംബന പ്രകടനങ്ങളും, കാമകേളികളും ഒരു ചാനൽ ഒളിക്യാമറയിൽ പകർത്തി പ്രദർശിപ്പിച്ചതിനെ തുടർന്ന് 'സദാചാരബോധം സംരക്ഷിക്കുക' എന്നാ മുദ്രാവാക്യവുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ  റെസ്റൊറനട് അടിച്ചുതകർത്തു എന്നതാണ് 'ചുംബന യുദ്ധത്തിന്റെ' മൂലകാരണം എന്ന് ഞാൻ മനസ്സിലാക്കുന്നത്... യുവമോർച്ചാ പ്രവർത്തകർ റെസ്റൊറനട് അടിച്ചു തകർത്തു എന്നതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല എന്നാണ് എന്റെ പക്ഷം... കാരണം ലൈഗീകതയുമായി ചേർന്ന വിഷയങ്ങൾക്ക്‌ സമൂഹത്തിൽ വല്ലാത്ത പ്രതികരണോർജ്ജമാണ്... അത് മുതലെടുക്കാൻ യുവജന സംഘടനകൾ മുന്നിട്ടെറങ്ങും.. എന്തുകൊണ്ട് DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ അതിന് തുനിഞ്ഞില്ല എന്നാ ചോദ്യത്തിന് 'മുൻപേ ഓടിഎത്തി അടിച്ചു തകർക്കുന്നതിൽ' വിജയിച്ചത് യുവമോർച്ചാ പ്രവർത്തകർ ആയിരുന്നു എന്നതാണ് ഉത്തരം... മറിച്ച്  DYFI യോ, യൂത്ത് കൊണ്ഗ്രെസ്സോ ഈ അവസ്സരത്തിൽ പറയുന്ന വിശദീകരണങ്ങൾക്ക് പ്രാധാന്യമില്ല... മുൻകാലങ്ങളിൽ ലൈഗീകതയുമായി ചേർന്ന വിഷയങ്ങളിൽ ഇതിലും എത്രയോ വലുതായി വ്യക്ത്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കും വിധം അവർ പ്രവർത്തിച്ചിട്ടുണ്ട്... പിന്നെ മുസ്ലീം പ്രസ്ഥാനങ്ങൾ നടത്തുന്ന പുരോഗമന പ്രസംഗങ്ങളുടെ അടിസ്ഥാനം?? 'സദാചാര പോലീസ്' എന്നാ പേരിൽ നടത്തിയ പല ക്രൂരകൃത്യങ്ങളുടെയും അന്വേഷണം അവരിലാണ് ചെന്നെത്തിയത് എന്നതാണ്...!! ഹിന്ദുത്വം മുൻപേപിടിക്കുന്ന യുവമോർച്ചയും സദാചാരപോലീസ് ചമയുന്നവരാണെന്ന് വരുത്തിതീർത്താൽ അത്രയും നേട്ടം.... 

      'പരസ്യമായ ചുംബനം' എന്ന വിഷയത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അത്രയും ചുരുക്കിമാത്രമേ കാണേണ്ടതുള്ളൂ... സാമുദായികപരമായും, സാംസ്ക്കാരികമായും ഉയർത്തുന്ന ചോദ്യങ്ങൾ കുടുംബബന്ധങ്ങളുമായി ചേർത്തു വായിക്കുമ്പൊളാണ് ഈ വിഷയം ചർച്ചക്കുള്ള അർഹത നേടുന്നത്... നിയമം പോലും രണ്ടാമത്തെ വിഷയമായി വിലയിരുത്തിയാൽ മതി.. വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായും!!   

         വിഷയം 'പരസ്യമായ ചുംബനം' എന്നത് ആയതിനാലാണ് വ്യക്തി സ്വാതന്ത്ര്യത്തെ മൂന്നാമതായി കണ്ടാൽ മതി എന്ന് പറയാൻ കാരണം.. 'സ്വകാര്യതയിലെ ചുംബനം' ആയിരുന്നു വിഷയമെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തെ ഒന്നാമതായിത്തന്നെ കാണേണ്ടി വന്നെനേം... അവിടെ രണ്ടു വ്യക്ത്തികളുടെ താല്പ്പര്യവും സമ്മതവും എന്നതിലുപരി മറ്റൊന്നുംതന്നെ മാനദണടമാക്കേണ്ടതായി ഉണ്ടെന്ന് തോന്നുന്നില്ല... ഉണ്ടെങ്കിൽത്തന്നെ തീർച്ചയായും പോതുജനത്തിനില്ല... അവരിരുവർക്കല്ലാതെ....... 

       ലൈംഗീകമായ സ്വന്തം സ്വാതന്ത്ര്യങ്ങളെയും, അവകാശങ്ങളെയും സ്വകാര്യതയിൽ നിന്നും പുറത്തുകൊണ്ടുവന്ന് ആസ്വദിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തിൽ കൂടി വരുന്നതായി കാണുന്നു... എന്താണ് അതിന്റെ പ്രേരകശക്ത്തി എന്ന് മനസ്സിലാകുന്നതെ ഇല്ല... തങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് ഒരു സാക്ഷിയോ, പ്രേക്ഷകനോ ഉണ്ടാകണമെന്നും അത് തങ്ങളുടെ അവകാശമാണെന്നും ധരിക്കുന്നത് എന്തുകൊണ്ടാണ്... വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് കൂടുതൽ ഉയർന്ന ശബ്ദ്ദം കേൾക്കുന്ന കാലമായതുകൊണ്ട് ഒരു സാക്ഷിയും തങ്ങളുടെ അവകാശമെന്ന് വാദിക്കുന്നവർ ഉണ്ടാകാം.. അവരോടായും പറയുന്നു... നിങ്ങളുടെ ലൈംഗീക ചേഷ്ട്ടകൾക്ക് സാക്ഷിയാകുന്നതിന് പൊതുസമൂഹത്തിന് താല്പ്പര്യമില്ല... തല്പ്പരനായ ഒരുവനെ കണ്ടെത്തി സാക്ഷിയാക്കിക്കൊള്ളുക... അതും നിങ്ങളുടെ അടച്ചിട്ട മുറിയിൽ..... 

       'പരസ്യമായ ചുംബനമാണ്' ഡൌണ്‍ ടൌണ്‍ റെസ്റൊറന്റിൽ നടന്നതെന്നും അതാണ്‌ സംഘർഷങ്ങൾക്ക് അടിസ്ഥാനമായത് എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്... ചർച്ചകൾ അവിടെന്നിന്നും ആരംഭിച്ച് ഇപ്പോൾ 'ചുംബനം' എന്ന വിഷയത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.. "പരസ്യമായ" എന്ന അതിപ്രാധാന്യം അർഹിക്കുന്ന കൂട്ടിച്ചേർക്കൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു... അത് ദിശാബോധമില്ലാത്ത ചർച്ചകൾക്ക് കാരണമാകുമെന്നെ പറയാനുള്ളൂ...  ഇന്ന് 'ചുംബനത്തിന്റെ' അർഥവ്യാപ്തിയും തലങ്ങളും അന്യേഷിച്ചു പലരും യാത്ര പോകുന്നു... മാതാവിന്റെ ചുംബനം, സഹോദരന്റെ ചുംബനം, സുഹൃത്തിന്റെ ചുംബനം എന്നിങ്ങനെയൊക്കെ ചുംബനത്തെ വികേന്ദ്രീകരിച്ചു ചർച്ചകൾ നടക്കുന്നത് കാണുന്നു... "പരസ്യമായി കാമ ചുവയുള്ള ചുംബനം" മാത്രമാണ് പാടില്ലാത്തത്... 'കാമ ചുവയുള്ള ചുംബനം' പരസ്യമാകേണ്ട ആവശ്യമില്ല, അത് രഹസ്യമായാണെങ്കിൽ യാതൊരു ചർച്ചക്കും കാരണമല്ല... മറ്റേതൊരു ചുംബനത്തിനും  രഹസ്യമോ, പരസ്യമോ എന്ന ചോദ്യത്തിന് കാരണവുമില്ല!!

        ഡൌണ്‍ ടൌണ്‍ റെസ്റൊറനട്‌ അടിച്ചു തകർക്കാനുള്ള അവസ്സരം ലഭിച്ചത് യുവമോർച്ചാ പ്രവർത്തകർക്ക് ആയതിനാലും, യുവമോർച്ച ഹിന്ദുത്വത്തെ മുൻപേപിടിക്കുന്നവർ ആയതിനാലും ചർച്ചകൾ ഹിന്ദുപുരാണങ്ങളിലേക്ക് വരെ നീണ്ടിട്ടുണ്ട്... ഇന്ന് പലരും നടത്തുന്ന ഗവേഷണവിഷയം എന്നത് ഭഗവാൻ ശ്രീകൃഷ്ണൻ എത്ര ഗോപികമാരെ ചുംബിച്ചിരുന്നു, എത്ര ഗോപികമാർ തിരികെ ചുംബിച്ചിരുന്നു, കൃഷ്ണൻ രാധയെ ചുംബിച്ചപ്പോൾ എത്രപേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു, അതിൽ ആണെത്ര- പെണ്ണെത്ര, കാഴ്ചക്കാരുടെ മുന്നിൽ നിന്ന് ചുംബിക്കുന്നതിന് ഭഗവാൻ ശ്രീകൃഷ്ണൻ എന്തെങ്കിലും വിമുഖത പ്രകടിപ്പിചിരുന്നോ, തുടങ്ങിയ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ്... പരമശിവൻ, ബ്രഹ്മാവ്‌, ദേവേന്ദ്രൻ, മുരുകൻ, അയ്യപ്പൻ തുടങ്ങിയവരുടെ ചുംബനചരിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു...

       പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മറൈൻ ഡ്രൈവിൽ ചുംബനൊൽസ്സവം സംഘടിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നു... ചുംബനത്തിന്റെ ബ്രാൻഡ്‌ അംബാസഡർമാരായ ചില സിനിമാ പ്രവർത്തകാരാണത്രേ അതിന്റെ സംഘാടകർ... ചുംബിക്കാനുള്ള ഉപകരണം പങ്കെടുക്കുന്നവർ കൊണ്ടുചെല്ലെണ്ടതുണ്ടോ, സംഘാടകർ വിതരണം ചെയ്യുമോ എന്നത് വ്യക്തമല്ല... എന്റെ ചോദ്യം ഇതൊന്നുമല്ല;   ' പരസ്യമായി ചുംബിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയാണ്' ടി ചുംബന സമരപരിപാടി സംഘടിപ്പിക്കുന്നത്... "എന്നായിരുന്നു പരസ്യമായി ചുംബിക്കുക എന്നത് നമ്മുടെ നാട്ടിൽ ഒരു അവകാശമായി നിലനിന്നിരുന്നത്"  സംരക്ഷിക്കാൻ?? ഈ വിഷയത്തിൽ സർക്കാർ നിലപാട് നിർണ്ണായകവും, ഭാവിയിലേക്ക് പ്രാധാന്യമുള്ളതും ആയിരിക്കും...

       പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട്, 'നിങ്ങൾ നിങ്ങളുടെ സഹോദരിയെ ചുംബിക്കാൻ അയക്കുമോ' എന്ന് ചോദിക്കുന്നവരെ സോഷ്യൽ മീഡിയയിൽ കണ്ടു... 'സഹോദരിയുടെ ചുംബനതാല്പ്പര്യം സഹൊദരന്റെ കൈകളിലല്ല', എന്ന് തിരിച്ചടിക്കുന്നവരെയും കണ്ടു... പക്ഷെ പരസ്യമായി ചുംബിക്കുന്നതിനെ അനുകൂലിക്കുന്നവരോട് പ്രസക്തമായ മറ്റൊരു ചോദ്യമുണ്ട്... നിങ്ങൾ സുഹൃത്തുക്കളുമായി ഒരു റെസ്റൊറന്റിലേക്ക് ചായ കുടിക്കാൻ പോവുകയാണെന്ന് കരുതുക... നിങ്ങളുടെ സഹോദരി ആ റെസ്റൊറനടിൽ ഒരുവനുമായി ചുംബനത്തിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടാൽ നിങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാവുകയില്ലേ?? അതവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം എന്നുകണ്ട് അവഗണിക്കുമോ?? നിങ്ങൾക്ക് അപരിചിതനായ ഒരുവനുമായി അവൾ ചായകുടിച്ചിരിക്കുന്നത് കണ്ടാൽപ്പോലും നിങ്ങളുടെ മാനസ്സികനിലയെ അത് അസ്വസ്ഥമാക്കും എന്നതാണ് സത്യം... 

        വ്യക്തി സ്വാതന്ത്ര്യത്തെ മറപിടിച്ച് ഒരുപറ്റം 'വാള്ഗാരിറ്റി' യിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്.. അത് അവകാശമാണെന്ന് ഉയർത്തിപ്പറഞ്ഞ്‌ ഇവിടുത്തെ മനുഷ്യരെ മോശമായ പ്രവർത്തിയിലേക്ക് നയിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകരും...!! ഒരു കാര്യം ഓർക്കണം, സമൂഹത്തിൽ വ്യാപിച്ച 'വാള്ഗാരിറ്റി' യുടെ ഉത്തമ ഉദാഹരണമായിരുന്നു ഒരു പ്രസ്സവം ചിത്രീകരിച്ച് തീയെറ്ററുകളിൽ പ്രദർശിപ്പിച്ചത്... അതിന് കൈയ്യടിച്ചവരാണ് ഇവിടുത്തെ സിനിമാക്കാർ... 'ഉൽസ്സവം നന്നാകണമെന്ന് കരുതുന്ന ആനകളാണ് അവരെന്ന് കരുതുകയെ വയ്യ'... 

       സ്ദാചാരത്തെക്കുറിച്ച് പറഞ്ഞുപറഞ്ഞ് 'സദാചാരം' എന്നത് മോശപ്പെട്ട പ്രതിച്ചായ ഉള്ള വാക്കായിമാറിയോ എന്ന് ഞാൻ സംശയിക്കുന്നു...  പ്രതിച്ചായ നഷ്ട്ടപ്പെടുന്നതിന് മുൻപുള്ള 'സദാചാരം' എന്ന വാക്ക് എല്ലാവർക്കും ഓർമമയുണ്ടല്ലോ!! അതിന്റെ അർഥശുദ്ധി 'പരസ്യമായി' നഷ്ട്ടപ്പെടാതെ നോക്കുന്നതിനുള്ള ബാദ്ധ്യത നമ്മൾക്കേവർക്കും ഉണ്ട്... നിശ്ചയം..

[മറൈൻ ഡ്രൈവിൽ അരങ്ങേറാൻ പോകുന്ന 'ചുംബനൊൽസ്സവം' തടയുവാനും, പരാജയപ്പെടുത്തുവാനും കഴിവിനൊത്ത് പ്രയത്നിക്കുകയും, അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക]

          
[Rajesh Puliyanethu
 Advocate, Haripad]

Sunday, 26 October 2014

"പ്രതികരണം" അവസ്സരോചിതമായി.... അല്ലെങ്കിൽ ജലരേഖ..!!


         കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് എറണാകുളം കോടതിയിൽ പോകേണ്ടിയിരുന്നു... രാവിലെ ഏഴു മണിയോടെ ഞാൻ ഹരിപ്പാട് ബസ്സ്‌ സ്റ്റാൻഡിൽ എത്തി.. അധികം താമസിയാതെ തന്നെ എനിക്ക് ഒരു തൃശൂർ സൂപ്പർ ഫാസ്റ്റ് ബസ്സ്‌ കിട്ടി... ഹരിപ്പാട്ട് ആ ബസ്സിൽ നിന്നും രണ്ടോ മൂന്നോ ആൾക്കാരെ ഇറങ്ങാൻ ഉണ്ടായിരുന്നുള്ളൂ... അതിൽ ഒന്ന് ഇരുപത്തിഅഞ്ച് വയസ്സിൽ മാത്രം താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു...

       ബസ്സിൽ കയറിയപ്പോൾ തന്നെ അതിൽ എന്തോ തർക്കം നടക്കുന്നു എന്ന് എനിക്ക് മനസ്സിലായി... ബസ്സ്‌ ഒരു കിലോമീറ്റർ പിന്നിടുന്നതിനു മുൻപുതന്നെ കാര്യം മനസ്സിലായി... ഞാൻ കണ്ട, ബസ്സിൽനിന്നും ഹരിപ്പാട് ഇറങ്ങിയ പെണ്‍കുട്ടി കായംകുളത്തുനിന്നും ബസ്സിൽ കയറിയതാണ്... അവൾക് ഒരു ഇന്റർവ്യൂവിനായി തിരുവനന്തപുരത്തേക്ക് പോകേണ്ടതായിരുന്നു... തെറ്റിദ്ധരിച്ച്‌ ടി ബസ്സിൽ കയറിയതാണ്.. ബസ്സ്‌ കായംകുളം ബുസ്സ്സ്ടാണ്ടിൽ നിന്നും ഇറങ്ങി തെക്കോട്ട്‌ തിരിഞ്ഞു നാഷണൽ ഹൈവേയിലേക്ക് കയറി വടക്കോട്ട്‌ ഓടി തുടങ്ങിയപ്പോളാണ് ആ പെണ്‍കുട്ടിക്ക് തെറ്റ് മനസ്സിലായത്‌... അവൾ ആ നിമിഷം മുതൽ കണ്ടക്റ്ററോട് ബസ്സ്‌ നിർത്തിനൽകാൻ ആവശ്യപ്പെടുകയാണ്... "സൂപ്പർ ഫാസ്റ്റ് ബസ്സ്‌ ആണ്, തോന്നിയടത്തോന്നും നിർത്താൻ കഴിയില്ല" എന്നതായിരുന്നത്രേ അയാളുടെ മറുപടി...

       സൂപ്പർ ഫാസ്റ്റ് ബസ്സിനു നിർത്താൻ കഴിയുന്ന ഹരിപ്പാട് വരെ ബസ്സ്‌ എത്തിക്കഴിഞ്ഞപ്പോൾ യാത്രക്കാരിൽ നിന്നും കണ്ടക്റ്ററോട് ഉയരുന്ന പ്രതിഷേധമാണ് ഞാൻ കേട്ടത്.. അപ്പോഴേക്കും ബസ്സ്‌ 12 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു... ഒരു പെണ്‍കുട്ടിയോട് കണ്ടക്റ്റർ കാണിച്ച അക്രമത്തിനോട് പ്രതികരിച്ചു തുടങ്ങാൻ അതിലുള്ളവർ ബസ്സ്‌  12 കിലോമീറ്റർ സഞ്ചരിക്കുന്ന കാലതാമസ്സം ഉണ്ടാക്കി.. അതിനു ശേഷം അതിലുള്ളവർ കണ്ടക്റ്ററോട് അസഭ്യവർഷം തന്നെ നടത്തുന്നത് കേൾക്കാമായിരുന്നു.. " താൻ ഉറങ്ങിപ്പോയതിനാലാണ്, അല്ലെങ്കിൽ കണ്ടക്റ്റർ കായംകുളത്തുവെച്ചുതന്നെ വിവരമരിഞ്ഞെനെം" എന്ന് പറയുന്ന ഒരു സുഹൃത്തിനെയും ഞാൻ ആ ബസ്സിൽ കണ്ടു... " ഫോണിൽ വിളിച്ചു പരാതി പറഞ്ഞാലുണ്ടല്ലോ,, ബസ്സ്‌ എറണാകുളം എത്തുമ്പോഴേക്കും തന്റെ പണികാണില്ല" എന്ന് ഭീഷണി മുഴക്കിയ സുഹൃത്തിനെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്... പിന്നീട് ഞാൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു.. ' അയാളെ പെറ്റിട്ട പാടെതന്നെ ഇവിടുന്നു കൊണ്ടുപോയി, അന്ന് രാവിലെ വിമാനത്താവളത്തിൽ ഇറങ്ങി ഈ ബസ്സിൽ കയറിയതാകണം!'...  കാരണം നമ്മുടെ നാടിനെക്കുറിച്ച് അയാൾക്ക്‌ ഒന്നുമറിയില്ല... കണ്ടക്റ്റർ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നെങ്കിൽപ്പോലും കണ്ടക്റ്റരുടെ മതവും, ജാതിയും, പാർട്ടിയും, യുണിയനും, അനുഭാവവും ഒക്കെ പരിശോധിച്ചേ നടപടി ഉണ്ടാകൂ എന്നറിയാതെ,, പാവം ആ യാത്രക്കാരന്റെ രോഷപ്രകടനം....

       കായംകുളം സ്റ്റാൻഡിൽ നിന്നും ബസ്സ്‌ ഇറങ്ങിയപ്പോൾത്തന്നെ ആ കണ്ടക്റ്റർക്ക് ബസ്സ്‌ നിർത്തി നൽകി ആ പെണ്‍കുട്ടിയെ സഹായിക്കാമായിരുന്നു... ഒരുതരം "സാഡിസ്സം" ഉള്ളവനാണ് ആ കണ്ടക്റ്റർ എന്ന് വ്യക്തം... തന്റെ അധികാരം പ്രയോഗിക്കുവാൻ അവസ്സരം വരുന്ന വേളകളിലെല്ലാം ഇത്തരം  "സാഡിസ്സം" നിറഞ്ഞ തീരുമാനങ്ങൾ പുരത്തുവരുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്... സർക്കാർ ഉദ്യോഗസ്ഥരിൽ, പോലീസ്സിൽ, ജഡീഷ്യരിയിൽ, ജനപ്രതിനിധികളിൽ അങ്ങനെ നീളുന്നു ആ നിര.. അത് സ്വഭാവത്തിലും വ്യക്ത്തിത്വത്തിലും അധിഷ്ട്ടിതമാണ്... ആ സ്വഭാവസവിശേഷത ഉള്ളവൻ ഏത് അധികാരമാണോ കയ്യാളുന്നത്, ഏത് പ്രവർത്തിയാണോ ചെയ്യേണ്ടി വരുന്നത്,, അവിടം മലിനമാക്കുന്നു...

       പ്രതികരിക്കാൻ മനസ്സുള്ളവർ ഉണ്ടെങ്കിലും അത് ആവശ്യസമയത്ത് നടത്താത്തതിനാൽ 'ഇര' യ്ക്ക് അതിന്റെ പ്രയോജനം ഉണ്ടാകാതെ പോകുന്ന സ്ഥിതി വിശേഷവും ഈ സംഭവത്തിൽ നമുക്ക് കാണാം... ഈ സംഭവം ഒരു സുഹൃത്തിനോട് ഞാൻ പറയുകയുണ്ടായി... അയാൾ പറഞ്ഞു.. "ഇതിനൊക്കെ മരുന്ന് നല്ല തല്ലാണ്,, ഒരുവന് കിട്ടിയ തല്ലിന്റെ വാർത്തയാണ് മറ്റ് ആയിരം പേരെ നീചപ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കുന്നത് എന്ന്!!"...... നിയമപരമായി നിലനിൽക്കില്ലെങ്കിലും സാമൂഹികമായി "തല്ലിന്" പ്രാധാന്യമുണ്ടെന്ന് ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ തോന്നിപ്പോകും..

       നമ്മുടെ നിത്യ ജീവിതത്തിൽ ഇത്തരം അനേകം സംഭവങ്ങൾക്ക് നമ്മൾ സാക്ഷികൾ ആകേണ്ടിവരും... ഉചിതമായ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞാൽ അത് മറ്റൊരുവന് സഹായവും, നമ്മുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ പൂർത്തീകാരണവും ആകും....


[Rajesh Puliyanethu
 Advocate, Haripad]       

Wednesday, 1 October 2014

ആയുധപൂജ ചെയ്യൂ!! നവരാത്രി പൂർണ്ണതക്ക്.........


       ഒൻപതു ദിവസ്സത്തെ പൂജാ സപര്യക്ക് പര്യവസ്സാനമായി മാഹാനവമിയും വിജയ ദശമിയും എത്തിചേർന്നിരിക്കുന്നു... ശ്രീ പാർവ്വതിയെയും, ദുർഗ്ഗയെയും, സാരസ്വതിയെയും ആരാധിച്ച് വിദ്യയുടെ പൂർണ്ണതക്കായി ഭാരതമാകമാനം വൃതമെടുക്കുന്നു.. വിദ്യയുടെ പൂർണ്ണതക്കായി അനുഷ്ട്ടിക്കുന്ന ഈ വൃതത്തിന് മനുഷ്യന്റെ ആത്മതേജസ്സിനെ ഉയർത്തുക എന്ന ഫലപ്രാപ്ത്തികൂടി പറയുന്നു... അതിന് നിഷ്ക്കർഷികപ്പെട്ടിരിക്കുന്ന പ്രാർഥനാചര്യയാണ് മഹാനവമി ദിനത്തിലെ ആയുധപൂജ അഥവാ ശസ്ത്രപൂജ... ഭാരതമാകമാനം ശസ്ത്രപൂജ മഹാനവമി ദിനത്തിൽ നടന്നു വരുന്നുവെങ്കിലും കേരളത്തിൽ അത്ര വ്യാപകമായി കാണുന്നില്ല... അതിനാൽ ഹിന്ദു ഐക്യവേദി ശസ്ത്രപൂജയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, ശസ്ത്രപൂജ നടത്തിന്നതിന് എല്ലാ വിശ്വാസ്സികളെയും പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു...

       ഒരുവനിൽ അന്തർലീന മായിരിക്കുന്ന ആത്മവിശ്വാസ്സം, ആത്മധൈര്യം, ആത്മബോധം എന്നിവയെ ഉത്ദീപിപ്പിക്കുക എന്നതാണ് ശസ്ത്ര പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്...

       'ശസ്ത്രം'  മനുഷ്യന്റെ നിലനില്പ്പിന്റെയും, വളർച്ചയുടെയും, നേട്ടങ്ങളുടെയും,  ആത്മവിശ്വാസ്സത്തിന്റേയും, ആത്മധൈര്യത്തിന്റേയും, ആത്മബോധത്തിന്റേയും, സുരക്ഷിതത്വത്തിന്റെയും മാത്രമല്ല, കാലത്തിന്റെയും വിവരണം നൽകുന്നു...

       മനുഷ്യൻ സാമൂഹികമായും, ആധുനികമായും വളർന്നു തുടങ്ങിയ കഥ പോലും നമ്മൾ പറഞ്ഞു തുടങ്ങിയത് ശസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്.. അന്ന് പുരാതന മനുഷ്യൻ കല്ലുകളെയായിരുന്നു ആയുധങ്ങളാക്കിയിരുന്നത്.. അങ്ങനെ ചരിത്രാതീത കാലത്ത് അതായത് ശിലായുഗത്തിൽ ശിലകളെ ആയുധമാക്കിക്കൊണ്ട് മനുഷ്യൻ ആരംഭിച്ച പുരോഗമനത്തിന്റെയും, കീഴടക്കലുകളുടെയും തുടർച്ചയാണ് ആധുനികതയുടെ ഇന്നത്തെ ലോകത്തേക്ക് അവനെ കൊണ്ടു ചെന്നെത്തിച്ചത്... അന്ന് അവൻ കീഴടക്കിയത് തനിക്കെതിരെ നിന്ന പ്രകൃതിയിലെ പ്രതിബന്ധങ്ങളെ ആയിരുന്നു... ഇതേ ആയുധം തന്നെ അവന് ഭക്ഷണവും നൽകി.. കൈയ്യിൽ ആയുധമേന്തിയ മനുഷ്യൻ പ്രവർത്തന സജ്ജതയുടെ പര്യായമായി... കൈയ്യിലെ ആയുധം അവനെ എത്രത്തോളം പ്രാപ്തനാക്കുന്നു എന്നത് മനസ്സിലാക്കുന്നതിന് 'നിരായുധനായ ഒരുവൻ' എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി...

       ഈ ഭൂമിയിൽ ഏതൊരു മൃഗത്തെയും പോലെ നഗ്നനായി, ഒന്നും ഇല്ലാതെയാണ് മനുഷ്യനും പിറവി കൊണ്ടത്‌... അവിടെ മനുഷ്യനെ അജയ്യനാക്കിയത് അവൻ കണ്ടെത്തിയ വിവിധങ്ങളായ ആയുധങ്ങളാണ്... മനുഷ്യന് ഇന്നത്തെ നേട്ടങ്ങളെല്ലാം സമ്മാനിച്ചത്‌ നിസ്സംശയം അവൻ കയ്യിലേന്തിയ ആയുധങ്ങളാണെന്ന് പറയാം!!  

       പ്രകൃതിയെയും, ജീവജാലങ്ങളെയും നേരിട്ട് വിജയം കൊയ്ത മനുഷ്യൻ ആധുനികതയിലേക്ക് ചുവടുകൾ വെച്ചു.. അവിടെ അവൻ നേരിട്ടത് മറ്റൊരു മനുഷ്യനെത്തന്നെയായിരുന്നു... അവിടെയും വിജയേഷുവിന് തന്റെ ആയുധങ്ങളോട് തീർച്ചയായും നന്ദി പറയാനുണ്ടായിരുന്നു... രാജ്യങ്ങൾക്ക് പോലും നിലനിൽപ്പ്‌ ആയുധങ്ങളുടെ ശേഖരത്തിൻറെ കണക്കുകളുടെ അടിസ്ഥാനത്തിലായി മാറി.. കൌടില്യൻ തന്റെ അർഥ ശാസ്ത്രത്തിൽ ഇങ്ങനെ പറയുന്നു..' രാജ്യത്ത് സമാധാനം ഉണ്ടാകണമെങ്കിൽ സമ്പത്തോ, നല്ല ഭരണാധികാരിയോ മാത്രം പോരാ!! ആവനാഴി നിറയെ അസ്ത്രങ്ങളും ഉണ്ടാകണം' എന്ന്.. രാജ്യ സമാധാനത്തെപ്പോലും ആയുധങ്ങൾ സ്വാധീനിക്കുന്നു എന്ന വൈരുധ്യത നിറഞ്ഞ ഒരു ശാസ്ത്രമാണ് ആ വരികളിൽക്കൂടി അദ്ദേഹം അവതരിപ്പിച്ചത്...   ഭാരതം അണുവായുധ ശക്തിയായപ്പോൾ ഭാരതജനതയുടെ സമാധാനവും സുരക്ഷിതത്വവും വർദ്ധിക്കുകയാണ് ഉണ്ടായത് എന്നത് ചാണക്യ തത്വത്തിന്റെ സമീപകാല ഉദാഹരണം മാത്രം..


       ശസ്ത്രത്തിന് അങ്ങനെ വിപുലമായ മാനങ്ങളാണ് ഉള്ളത്... 'ഒരുവന് തന്റെ തൊഴിൽ കൃത്യമായി ചെയ്യാൻ അറിഞ്ഞാൽ അയാൾ വിദ്യാസമ്പന്നനാണ്' എന്ന് മഹാത്മാ ഗാന്ധി തന്റെ സത്യാന്യേഷണ പരീക്ഷണങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ 'ഇതൊന്നിനെയും തന്റെ ഉപയുക്തതക്ക് അനുസൃതമായി ഉപയോഗിക്കാൻ ഒരുവന് കഴിയുന്നു വെങ്കിൽ അവൻ ശസ്ത്രവിദ്യ സ്വായത്വമാക്കിയവനാണ്.. അവന്റെ കൈയ്യിലുള്ളത് ശസ്ത്രമാണ്, അവൻ ശസ്ത്രധാരിയാണ്... ആ ശസ്ത്രമാണ് പൂജിക്കപ്പെടേണ്ടത്..

       മനുഷ്യന്റെ വളർച്ചക്കും, വികാസ്സതിനും, നിലനില്പ്പിനും അനിവാര്യമായ 'ശസ്ത്രം' തെറ്റായ ഉപയോഗത്താൽ നാശവും വിതയ്ക്കുന്നു.. ശസ്ത്രത്തിന്റെ ശരിയായ ഉപയോഗത്തിനുള്ള ഈശ്വര കടാക്ഷമാണ് നാം മഹാനവമി ദിവസ്സത്തെ ദുർഗ്ഗാ പൂജയിൽക്കൂടി ഉദ്ദേശിക്കുന്നത്.. ഭാരതത്തിന്റെ സംസ്ക്കാരത്തിന്റെയും, പൈതൃകത്തിന്റെയും, വിശ്വാസ്സങ്ങളുടെയും പുനരവതരണം കൂടിയാണ് ശസ്ത്രപൂജയിൽക്കൂടി സംഭവിക്കുന്നത്‌...

       നാം എല്ലാവരും തന്നെ മഹാനവമി ദിനത്തിൽ ശസ്ത്ര പൂജ നടത്തണമെന്നും, കഴിയുന്നത്ര ആൾക്കാരെ ശസ്ത്രപൂജയുടെ പ്രാധാന്യം പറഞ്ഞുകൊടുത്ത് ശസ്ത്ര പൂജക്ക്‌ പ്രേരിപ്പിക്കണമെന്നും അഭ്യർഥിച്ചു കൊള്ളുന്നു..

      എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസ്സകൾ.... 

(ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് പരമാവധി ആൾക്കാരിൽ ഈ സന്ദേശം എത്തിക്കണമെന്ന് താൽപ്പര്യപ്പെടുന്നു)

         
[Rajesh Puliyanethu
 Advocate, Haripad]