Friday, 23 December 2011

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

       തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ്‌ കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ്‌ അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ്‌ തരമായി.

        ബസ്സില്‍ മോശമില്ലാത്ത തെരക്കാണ്. സൂപ്പര്‍ ഫാസ്റ്റ് എന്നാ പേരുണ്ടെങ്കിലും അത്ര ഫാസ്റ്റ് ഒന്നുമല്ലാതെ ബസ്‌ നീങ്ങി ക്കൊണ്ടിരിക്കുന്ന്നു. വാതിലിനു നേരെ പുറകിലുള്ള  സീറ്റ്‌ ആയിരുന്നതിനാല്‍ തമ്പി അളിയന് കാര്യമായി ഒന്ന് ഉറങ്ങുന്നതിനും കഴിഞ്ഞില്ല. വല്ലാത്ത തണുത്ത കാറ്റും അടിക്കുന്നുണ്ട്. തിരുവനന്തപുരത്തു വണ്ടി എത്തുന്ന സമയവും അവിടെനിന്നും വീട്ടിലേക്കു പോകുന്നതും എല്ലാം  തമ്പി അളിയന്റെ ഉറക്കം കേടുത്തുന്നവയാണ്. അല്‍പ്പം മയങ്ങിയും, ഉണര്‍ന്നും തമ്പിയളിയന്‍ വണ്ടി ഏതാണ്ട് ആലപ്പുഴക്ക് അടുത്തുവരെ എത്തിച്ചു. ഒരു മഹാമനസ്ക്കന്റെ മുഖച്ഛായ ഉണ്ടായിരുന്ന കണ്ടെക്ടര്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തോക്കെ ബസ്‌ നിര്‍ത്തി നല്‍കുന്നുമുണ്ട്. അതില്‍ മുറുമുറുപ്പോടെ ഡ്രൈവറും ചില യാത്രക്കാരും.   

       സമാനമായ ആവശ്യവുമായി ബസ്സിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്നും ഒരു ശബ്ദം കേട്ടു.

 'ആളിറങ്ങണം'. 

അതിനിവിടേതാ സ്റ്റോപ്പ്‌?? ഒരു യാത്രക്കാരന്റെ പരിഭവം നിറഞ്ഞ ശബ്ദം!

ഓ, രാത്രി അല്ലിയോ?? കണ്ടെക്ടര്‍ വിശദീകരണം പറഞ്ഞതും ബെല്‍ അടിച്ചതും ഒരുമിച്ചു കഴിഞ്ഞു. 

ബസ്‌ നിര്‍ത്തി ഡ്രൈവര്‍ പുറകോട്ടു നോക്കിയിരുന്നു പിറുപിറുക്കാന്‍ തുടങ്ങി. ഒന്നിറങ്ങി വാടോ, മനുഷേന് ഒരറ്റം 
പറ്റാനുള്ളതാ....

ഒരു ബാഗും കയ്യില്‍ തൂക്കി സാവധാനം; തന്റെ യാത്ര ഇവിടെ വരെ അല്ലെ ഉള്ളു എന്നാ സമാധാനത്തില്‍ ഒരാള്‍ അടിവെച്ചു ഫുഡ്‌ ബോര്‍ഡ്‌ ഇറങ്ങി. 

'ഓരോരുത്തനോക്കെ വന്നോളും' എന്ന് ശപിച്ചുകൊണ്ട് ഫുഡ്‌ ബോര്‍ഡില്‍ നിന്നിരുന്ന ചങ്ങാതി ഡോര്‍ വലിച്ചടച്ചു.. 

ബസ്‌ മുന്നോട്ടു നീങ്ങി അല്‍പ്പം വേഗത എടുത്തു തുടങ്ങി........
 ഒരു ചെറുപ്പക്കാരന്‍ യാത്രക്കാരെ വകഞ്ഞു മാറ്റികൊണ്ട് മുന്‍പോട്ടു വന്നു. അടുത്തെവിടെയോ ഇറങ്ങാനുള്ള അടുത്ത കുരിശാണിതെന്നുള്ള ധാരണയില്‍ ആള്‍ക്കാര്‍ അയാളെ ശ്രദ്ദിച്ചു കൊണ്ടിരുന്നു. അയാള്‍ ഫൂട്ട് ബോര്‍ഡിലെക്കിറങ്ങി താന്‍ ചവച്ചുകൊണ്ടിരുന്ന ഖൈനി പുറത്തേക്ക് തുപ്പാന്‍ വന്നതാണ്. 

അടുത്ത നിമിഷമാണതു സംഭവിച്ചത്. 
ഡോറിലേക്ക് ശരീരമമര്‍ത്തി പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുകയും ഡോര്‍ തുറന്നു പോവുകയും ഒരുമിച്ചു കഴിഞ്ഞു. ഫൂട്ട് ബോര്‍ഡില്‍ നേരത്തെ നില ഉറപ്പിച്ചിരുന്നയാല്‍ ചെറുപ്പക്കാരനെ കടന്നു പിടിച്ചു. പിടിച്ചയാള്‍ സഹിതം പുറത്തേക്ക് മറിയാന്‍ പോകുന്നത് കണ്ടു ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റില്‍ ഇരുന്ന തമ്പി അളിയന്‍ കിട്ടിയ ഏതൊക്കെയോ കയ്യിലൊക്കെ പിടിച്ചു വലിച്ചു ഇരുവരെയും ബസ്സിനുള്ളിലാക്കി. എല്ലാം രണ്ടോ മൂന്നോ സെക്കാണ്ടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്തു.

മൂന്നു സെക്കാണ്ടുകളുടെ നിശബ്ദമായ ഇടവേളക്കു ശേഷം പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു!!

'രണ്ടിന്റെയും പണി ഇപ്പോള്‍ കഴിഞ്ഞെനേം'..

തമ്പി അളിയന്‍ അപ്പോളാണ് മനസ്സിലാക്കിയത്, രക്ഷിക്കാനുള്ള പ്രയത്നത്തില്‍ തന്റെ കണ്ണാടി ഒടിഞ്ഞിരിക്കുന്നു.  

തമ്പി അളിയന്‍ സമാധാനപൂര്‍വ്വം ഒടിഞ്ഞ കണ്ണാടി നീട്ടികൊണ്ട് ആ ചെറുപ്പക്കാരനോട് പറഞ്ഞു. സുഹൃത്തെ നിങ്ങള്‍ കാരണമാണ് എനിക്കീ നഷ്ടമുണ്ടായത്. നിങ്ങള്‍ ഇതിനു പരിഹാരമുണ്ടാക്കിത്തരണം. 

ഞാനോ? എന്തിനു? ആ ഡോര്‍ നേരെ ചൊവ്വേ അടക്കാഞ്ഞവനോട് ചോദിക്ക്....

ഡോറില്‍ നിന്നിരുന്നവന്‍ അതിനു മറുപടിപറഞ്ഞു. തന്നോടാരാ ഡോറെ വന്നു മറിയാന്‍ ആവശ്യപ്പെട്ടത്? എനിക്ക് ഇവിടെ ഡോര്‍ അടക്കലോന്നുമല്ല പണി. താന്‍ അയാള്‍ക്ക്‌ കണ്ണാടി മേടിച്ചു കൊടുക്കെടോ....

ബഹളം കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകോട്ടു തിരിഞ്ഞിരുന്നു, എന്നിട്ടെല്ലാ മറിഞ്ഞപോലെ പറഞ്ഞു. വണ്ടി പറപ്പിക്കാത്തതിനായിരുന്നല്ലോ എല്ലാര്‍ക്കും കൊഴപ്പം, ഞാന്‍ മര്യാദക്ക് ഓടിച്ചത് കൊണ്ട് എല്ലാം ചാവാതെ കെടക്കുന്നു. അല്ലെ പോയവനേം പിടിച്ചവനേം എല്ലാം കാണാമാരുന്നു. 

ഇതിനെല്ലാം ആ കണ്ടക്ടറെ പറഞ്ഞാ മതിയെല്ലോ, മുക്കിനു മുക്കിനു നിര്‍ത്താന്‍ പോയിട്ടല്ലിയോ ഇതെല്ലാ മുണ്ടായത്. ആള്‍ക്കൂട്ടത്തിലാരോ കണ്ടക്ടറോടുള്ള ദേഷ്യം തദ് അവസരത്തില്‍ തീര്‍ത്തു.

 നിങ്ങള്‍ വാതില്‍ അടക്കാഞ്ഞവരും, പുറത്തേക്ക് ചാടിയവരും തമ്മില്‍ തര്‍ക്കിച്ചിട്ടോന്നും കാര്യമില്ല, ഞാന്‍ നഷ്ടപ്പെടുന്നതെന്തിനാ, നിങ്ങളിലാരെങ്കിലും പരിഹാരമുണ്ടാക്കിത്തരണം, തമ്പി അളിയന്‍ ശക്തമായിത്തന്നെ  പറഞ്ഞു.


ഒരു കണ്ണാടിയല്ലേ, അതങ്ങുപോകട്ടെന്നെ, നഷ്ട്ടപ്പെടാത്തവന്റെ കമന്റ്‌ ബസ്സില്‍ നിന്നുമുയര്‍ന്നു....

ഞാന്‍ എന്തിനാണെന്നെ സഹിക്കുന്നത്, നിങ്ങള്‍ എന്തെങ്കിലും പറ, തമ്പി അളിയന്‍ പറയുന്നത് പോലും ശ്രദ്ദിക്കാതെ ആ ചെറുപ്പക്കാരന്‍ തന്റെ മൊബൈലില്‍ വന്ന കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. തമ്പി അളിയന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെയും അവഗണിച്ചു അയാള്‍ മിനിട്ടുകള്‍ മൊബൈല്‍ സംഭാഷണം തുടര്‍ന്നു. ഫോണ്‍ കട്ട്‌ ചെയ്തു തമ്പി അളിയനോട് തിരിഞ്ഞു കൊണ്ട്....

താന്‍ മേടിചോണ്ടേ പോകത്തോള്ളോ??
 താന്‍ കാരണം കേവലം മിനിട്ടുകള്‍ക്ക് മുന്‍പ് ജീവന്‍ അപായത്തില്‍ നിന്ന്നു അല്ലെങ്കില്‍ മാരകമായ മുറിവുകളില്‍ നിന്ന് രക്ഷപ്പെട്ട ഒരുവനില്‍ നിന്ന്നുള്ള ആ ചോദ്യം തമ്പി അളിയനെ ശരിക്കും സ്ഥബ്ദനാക്കി.

ഒരുത്തന്‍ ചാവാന്‍ പോയപ്പം ഒന്ന് സഹായിച്ചതിനാ, കണ്ണാടി ഒണ്ടാക്കി കൊടുക്കണമെന്ന്, ആ ശബ്ദം മറ്റൊരു നഷ്ടപ്പെടാത്തവന്റെയാണ്.
തനിക്കു പരാതി വല്ലതു മുണ്ടെങ്കില്‍ വണ്ടി ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിടാം, ഇതിനകത്ത് തര്‍ക്കമൊന്നും പറ്റത്തില്ല, ഉത്തരവാദിത്ത ബോധം ഉയര്‍ന്ന കണ്ടെക്ടര്‍ ആയിരുന്നു അത്.

ദേ വണ്ടി ആലപ്പുഴ എത്താറായി, താന്‍ മേടിക്കാനുള്ളതെല്ലാം അതിനു മുന്‍പ് മേടിച്ചോണം; എനിക്കിവിടെ ഇറങ്ങണ്ട്താ. പരിഹാസ പൂര്‍വമായ ചെറുപ്പക്കാരന്റെ വര്‍ത്തമാനം കേട്ട് തമ്പി അളിയന്‍ ഒന്നും മിണ്ടാതെ തന്റെ സീറ്റില്‍ ഇരുന്നു.

തന്റെ സീറ്റില്‍ കൂടെ ഉണ്ടായിരുന്ന എല്ലാറ്റിനും സാക്ഷിയായ വൃദ്ധനായ മനുഷ്യന്‍ ആശ്വാസ രൂപേണ തമ്പി അളിയനോട് പറഞ്ഞു; മോനെ പോയത് പോയി പക്ഷെ നീകാരണം രണ്ടു ജീവന്‍ രക്ഷപ്പെട്ടു. നിന്റെ ചെറിയ ഒരു പ്രവര്‍ത്തിക്കും ഒരു കണ്ണാടിക്കും തുല്യമാണ് അവര്‍ രണ്ടു പേരുടെ ജീവന്‍. അതില്‍ നിന്റെ പ്രവര്‍ത്തിയുടെ വില തരാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല, നീ ചോദിച്ച നിസ്സാരമായ ഒരു കണ്ണാടിയുടെ വില തരാന്‍ അവര്‍ തയ്യാറുമല്ല. അതിനര്‍ഥം അവര്‍ക്ക് സ്വന്തം ജീവന്റെ വിലപോലും അറിയാന്‍ വയ്യാത്തവരാണെന്നാണ്.

ഒരു വലിയ ആശ്വാസമായിരുന്നു ആ വാക്കുകള്‍ തമ്പിഅളിയന് നല്‍കിയത്. അപമാനത്തില്‍ നിന്നോ, പരാജയത്തില്‍ നിന്നോ ഒക്കെ ഉണ്ടായ ഒരു ആശ്വാസം പോലെ.

താന്‍ ചെയ്തത് ചെറിയ പ്രവര്‍ത്തി ആയിരുന്നു. രണ്ടു ജീവന്‍ എന്നാ വലിയ വില അതിനു ലഭിച്ചു എന്നു മാത്രം. ഒരു പരിചയവുമില്ലാത്ത ആ ചെറുപ്പക്കാരന് എന്നോട് കയര്‍ക്കാനും എന്നെ പരിഹസിക്കാനും ഉള്ള ശക്ത്തി ലഭിച്ചതിനു പിന്നില്‍ എന്റെ പ്രവര്‍ത്തി ഉണ്ട്. അതിനിടയില്‍പ്പെട്ട എന്റെ കണ്ണാടിയുടെ വില ഞാന്‍ ചോദിച്ചതുതന്നെ തെറ്റായിപ്പോയി. എനിക്കത് ചെയ്യാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ വീണു കിടക്കുന്ന അവരെ നോക്കി ഞാന്‍ ദൈവത്തെ പഴിച്ചേനെ. ഒരു വലിയ പ്രവര്‍ത്തി ചെറിയ രൂപത്തില്‍ ചെയ്യാനും, അതിനു ഫലവും തന്ന ദൈവത്തോട് നന്ദി പറയുകയാണ്‌ വേണ്ടത്..
തന്റെ പ്രവര്‍ത്തിയുടെ മഹത്വം ഓര്‍ത്ത്‌ അതില്‍ ആത്മാഭിമാനത്തോടെ തമ്പി അളിയന്‍ ആ ചെറുപ്പക്കാരനെ നോക്കി. ബസ്‌ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കയറാന്‍ തുടങ്ങുന്നു. ആ ചെറുപ്പക്കാരന്‍ ബസ്സിന്റെ ഫൂട്ട് ബോര്‍ഡി ലേക്ക് നടന്നിറങ്ങുന്നു. അയാളുടെ ജീവന്‍ വഴുതിപ്പോകാന്‍ തുടങ്ങിയ അതെ ഫൂട്ട് ബോര്‍ഡു.

അത്യാഹിതം സംഭവിച്ചു കഴിയുമ്പോള്‍ മാത്രം തീവ്രമായി കാണുകയും അതിനെ ഒഴിവാക്കാന്‍ സഹായിച്ചവരെ ത്രിണമായി കാണുകയും ചെയ്യുന്നവരെ ഓര്‍ത്ത്‌ തമ്പി അളിയന്‍ തന്റെ സീറ്റില്‍ ചാരി ഇരുന്ന്  മയങ്ങാന്‍ തുടങ്ങി.   



[RajeshPuliyanethu
 Advocate, Haripad]


Friday, 16 December 2011

എന്തു കൊണ്ട് ക്വോട്ടേഷന്‍ ടീമുകള്‍??

        ക്വോട്ടേഷന്‍ ടീമുകള്‍ അരങ്ങു തകര്‍ക്കുന്ന ഒരു ലോകത്തിലാണ് നമ്മുടെ ജീവിതം. എന്ത് കൊണ്ട്  ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഒരു വളക്കൂറു സംജാതമാകുന്നു എന്ന് ഏതൊരു സ്വോതന്ത്രനായ പൗരനും ചിന്തിക്കേണ്ടതാണ്. ഒരു വ്യക്ത്തിയോടും വ്യക്തിപരമായ വിരോധമില്ലാതെ, മറ്റാരെങ്കിലും നല്‍കുന്ന പണത്തിനു വേണ്ടി പല വിധത്തിലുള്ള ക്രൂരകൃത്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ്  ക്വോട്ടേഷന്‍ ടീമുകളുടെ ജോലി. ഒരു വിരോധവുമില്ലാത്ത ഒരു വ്യക്ത്തിയോട് ക്രൂരമായ ഒരൂ പ്രവര്‍ത്തിചെയ്യുന്നതിന് പിന്നില്‍ ഏതെല്ലാം വിധത്തിലുള്ള വികാരങ്ങളായിരിക്കാം നിയന്ത്രിക്കപ്പെടുന്നത്?? കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നതിനു പിന്നിലെ ആകര്‍ഷക ശക്ത്തികള്‍ എന്തെല്ലമായിരിക്കാം??

       വാടക ഗുണ്ടകള്‍, വാടക കൊലയാളികള്‍, അങ്ങനെ നാം പണ്ട് മുതലേ കേട്ടുപരിചിതമായ വാക്കുകളിലെ 'വാടക' എന്ന വാക്കിന്റെ പുതിയ പരിവേഷമാണ് 'ക്വോട്ടേഷന്‍'. അതിനൊപ്പം തന്നെ നാം കേട്ടിട്ടുണ്ട് വാടക ഗുണ്ടകളെ വളര്‍ത്തുന്നത് രാഷ്ട്രീയക്കാരും, മുതലാളിമാരും ചേര്‍ന്നാണെന്ന്. ആ സത്യങ്ങള്‍ ഇപ്പോളും നിലനില്‍ക്കുന്നു എങ്കിലും പ്രേരകങ്ങളായ മറ്റു ചില വസ്തുതകളും നിലനില്‍ക്കുന്നു. 

       തൊഴില്‍ രഹിതരായ ചില ആള്‍ക്കാര്‍ പണത്തിനായി കണ്ടെത്തിയ ഒരു മാര്‍ഗമായി ആയിരുന്നു 'ഗുണ്ട' വ്യവസായം ആരംഭിച്ചതും തളിര്‍ത്തതും. അതിനു മുതല്‍ മുടക്ക് തന്റേടവും, ശക്ത്തിയും, ബുദ്ധിയും എന്ന് വന്നത് ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു വീരപരിവേഷം നല്‍കി. സിനിമകളിലും, കഥകളിലും, നിന്നും ലഭിച്ച അധോലോക നായകന്‍മാരുടെ ഉര്‍ജ്ജം ഒരു വലിയ വിഭാഗത്തെ ഈ മേഘലയിലേക്ക് ആകര്‍ഷിച്ചു. 

       പണത്തിന്റെ അതിവിപുലമായ ഒഴുക്കാണ് ക്വോട്ടേഷന്‍ സംഘങ്ങളുടെ ബലവും, ഈ മേഘലയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നും. അല്‍പ്പം ക്രിമിനല്‍ മനസ്സുള്ള ചെറുപ്പക്കാരനെ ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, പിടിച്ചു നിര്‍ത്തുന്നതിനും പണത്തിനു കഴിഞ്ഞു. ആധുനികമൊബൈല്‍ ഫോണ്‍, വാഹനം, ഉയര്‍ന്ന വിലയുള്ള വസ്ത്രങ്ങള്‍, വിലകൂടിയ ലഹരി, തന്റെ ഗേള്‍ ഫ്രാണ്ടുമായി ചിലവഴിക്കാന്‍ കഴിയുന്ന ഉയര്‍ന്ന സാഹചര്യങ്ങള്‍, അപ്രകാരം ഭൌതികമായ സുഖ സൌകര്യങ്ങളെല്ലാം തന്നെ നിസ്സാരമായി ഒരു  ക്വോട്ടേഷന്‍ സംഘാംഗത്തിന് നേടാന്‍ കഴിഞ്ഞു. ആ സുഖലോലുപതകള്‍ അവനെ അവിടെ പിടിച്ചു നിര്‍ത്തുന്നതിനും കാരണമാകുന്നു. 

         രാഷ്ട്രീയക്കാരുടെയും, മുതലാളിമാരുടെയും, മുതലെടുപ്പും- പിന്തുണയും ഇന്നും ഈ മേഘലയെ സംപുഷ്ട്ടമാക്കുന്നു. രാഷ്ട്രീയത്തില്‍ ഗ്രൂപ്പുകളും, കച്ചവടത്തില്‍ മല്‍സ്സരങ്ങളും, പൊതുവായി ശത്രുത എന്ന വികാരവും വളര്‍ന്നതോടെ ക്വോട്ടേഷന്‍ ടീമുകള്‍ അനിവാര്യതയായി. ഒരിക്കല്‍  ക്വോട്ടേഷന്‍ ടീമുകളെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയക്കാരും, മുതലാളിമാരും തുടര്‍ന്നും അവരുടെ സേവനം ലഭ്യമാകുന്നതിനും, മുന്‍പ് ഉപയോഗപ്പെടുത്തിയിരുന്നു എന്നതിലെ രഹസ്യംപാലിക്കുന്നതിനും  ക്വോട്ടേഷന്‍ ടീമുകളെ ഒരു ബാധ്യത എന്നതുപോലെ സംരക്ഷിച്ചു. അത്  ക്വോട്ടേഷന്‍ ടീമുകളെ ശക്ത്തമാക്കുകയും, കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനു കാരണമാകുകയും ചെയ്തു. 

        ക്വോട്ടേഷന്‍ ടീമുകള്‍ എന്നത് ക്രിമിനല്‍ ഗ്രൂപ്പുകള്‍ തന്നെയാണെങ്കിലും,  മോഷണം, പിടിച്ചുപറി, തുടങ്ങിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെപ്പോലെ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാത്തതും , അവക്ഞ്ഞ യോടെ പരിഗണിക്കപ്പെടാത്തതും ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളമായി. ഒരു  ക്വോട്ടേഷന്‍ തൊഴിലാളി ഒരു വിഷയത്തില്‍ തീരുമാനം പറയുന്നത് ഭയപ്പാടോടെ എങ്കിലും ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ അന്ഗീകരിക്കപ്പെട്ടതും,  ക്വോട്ടേഷന്‍ ടീമുകളുമായി പരിചയമുള്ളവനെപ്പോലും ഭയ-ബഹുമാന ചേതനകളോടെ സുഹൃത്തുക്കള്‍ പോലും കണ്ടതും അവര്‍ക്ക് ഒരു മാനസ്സിക പ്രചോതനമായി മാറി. നാലോ അഞ്ചോ പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിലെ ഒരാള്‍  ക്വോട്ടേഷന്‍ തൊഴിലാളി ആണെന്ന് വെയ്ക്കുക!! ആകുടുംബത്തിലെ മറ്റെല്ലാവരും അയാളുടെ പ്രവര്‍ത്തിയെ എതിര്‍ക്കുന്നവരും!  ക്വോട്ടേഷന്‍ തൊഴിലാളിയെ എതിര്‍ക്കുന്ന മറ്റു അംഗങ്ങളില്‍ ഒരാള്‍ക്ക്‌ പൊതു സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്ത്തിയോട് ശണ്ട കൂടേണ്ടി വരുന്നു എന്നും വെയ്ക്കുക! അയാള്‍ തന്റെ വീട്ടില്‍ തന്നെ ഉള്ള  ക്വോട്ടേഷന്‍ തൊഴിലാളിയെപ്പറ്റി വീരതയോടെ പരാമര്‍ശിക്കുന്നത് കാണാം. ഇതിന്റെ ആവര്‍ത്തനം തന്നെ സുഹൃത്തുക്കളുമായി മേല്‍ വിഷയത്തെ ചേര്‍ത്തു വായിച്ചാലും കാണാം. 

       ഒരുവനുമേല്‍ ശാരീരികമായും, മാനസികമായും മേല്ക്കൊയിമ നേടുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മാറി  ക്വോട്ടേഷന്‍ മേഘല. തുടര്‍ച്ചയായ ഇത്തരം മേല്ക്കൊയിമാ സ്ഥാപനങ്ങള്‍ മാനസികമായ ഒരു ആകര്‍ഷണം ഈ മേഘലയിലേക്ക് ഉണ്ടാക്കി. പണത്തിനു പുറമേ ഉള്ള ഒരു വലിയ സ്വാധീനഘടകമായിരുന്നു അത്. വിദ്യാ സമ്പന്നരെപ്പോലും ഈ മേഘലയിലേക്ക് ആകര്‍ഷിക്കുന്നതിനു അത് കാരണമായി.

       ന്യായമായ ഒരു ആവശ്യത്തിന്റെ നടത്തിപ്പ് പോലും സാധ്യമല്ലാതിരിക്കുകയും, അഥവാ സാധ്യമായാല്‍ ത്തന്നെ അതിനു അനന്തമായ സമയദൈറിഖ്യം ആവശ്യമായി വരികയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഇവിടെ നിലനില്‍ക്കുന്നു. ഒരുവന് തന്റെ ന്യായത്തെയും, നീതിയെയും നിയമത്തിന്റെയോ സമൂഹത്തിന്റെയോ മുന്‍പില്‍ സ്ഥാപിക്കാന്‍ കഴിയാതെ വരുന്നതില്‍ നിന്നുണ്ടാകുന്ന അമര്‍ഷം,  അഥവാ തന്റെ ന്യായത്തിന്നു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിയമത്തിനോടോ, നിയമ സംവിധാനങ്ങളോടോ ഉണ്ടാകുന്ന അവിശ്വാസം ഇവയെല്ലാം ഒരു മനുഷ്യനെ ക്വോട്ടേഷന്‍ സംഘങ്ങളോട് അടുപ്പിക്കുന്നതിനു കാരണ മാകുന്നു. ചിലസ്ഥലങ്ങളില്‍ ചെറിയ സമൂഹങ്ങളെ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംവിധാനങ്ങളില്‍ നിന്നുള്ള അതിക്രമങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന രക്ഷാ ശക്തികളായും ക്വോട്ടേഷന്‍ സംഘങ്ങള്‍ വര്‍ത്തിക്കുന്നു. ഇത്തരം ചില ഘടകങ്ങള്‍ ക്രിമിനല്‍ സ്വഭാവമില്ലാത്തവരും, ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, ആശ്രയിക്കുന്നതിനും കാരണമാകുന്നു. അത് ക്വോട്ടേഷന്‍ സംഘങ്ങള്‍ വളരുന്നതിനും അവരുടെ സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ഉപകരണങ്ങളാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

       സാമൂഹികമായ കാരണങ്ങള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ വളരുവാന്‍ സഹായിക്കുന്നു എന്ന് കാണുമ്പോള്‍ തന്നെ, അത് സാമൂഹിക പരിതസ്ഥിതിയെ എത്രാത്തോളം ഭയാനകമാക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയ ഗുണ്ടകളുടെ വളര്‍ച്ചയേക്കാള്‍ ഭീകരമാണത്. രാഷ്ട്രീയ ഗുണ്ടകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് എപ്പോഴെങ്കിലും ജനങ്ങളുടെ മുന്‍പില്‍ വോട്ടു ചോദിച്ചു ചെല്ലേണ്ടി വരുമെന്നുള്ളതിനാല്‍ ജനങ്ങളുടെ മുന്നില്‍ ന്യായങ്ങള്‍ കണ്ടെത്താന്‍ അവര്‍ ഇടക്കെങ്കിലും ശ്രമിക്കും എന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ നിയമ സംവിധാനങ്ങളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന ക്വോട്ടേഷന്‍ സംഘങ്ങള്‍ സ്വൈരജീവിതവും, നിയമ വാഴ്ചയും ആഗ്രഹിക്കുന്നവര്‍ക്ക് ഉറക്കം കെടുത്തും. ഏതോ ഒരു ശത്രുവിന്റെ പോക്കറ്റിലെ പണമോ, ഏതോ ക്വോട്ടേഷന്‍ സംഘത്തിനു ഉണ്ടാകുന്ന ഒരു പിഴവോ ആണ് നമ്മുടെ ജീവനും, സ്വത്തും, അവയവങ്ങളുടെ ആയുസ്സും, സമാധാനവും ഒക്കെ തീരുമാനിക്കുന്നത് എന്നത്   അതിപ്രാകൃത കാലത്തെ കേട്ട് കേഴ്വിയില്‍ പോലും ഉള്ളതല്ല!! ഇതെല്ലാം ആധുനികതയുടെയും സമ്പന്നതയുടെയും ഒക്കെ ഉല്‍പ്പന്നങ്ങള്‍ ആണെന്ന്നുള്ളതാണ് ഖേദകരമായ അവസ്ഥ.

       പോലീസ്, മറ്റു നിയമപാലകര്‍, സമൂഹത്തിലെ ആരാധ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ തുടങ്ങിയവര്‍ മുന്‍കാല ഗുണ്ടാ ആക്രമണങ്ങളില്‍ നിന്നും അല്‍പ്പം രക്ഷപ്പെട്ടു നിന്നിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ അറിയാന്‍ ഇടയാവുന്നതും, അതുവഴി ഉണ്ടായേക്കാവുന്ന നിയമ നടപടികളില്‍ ഉള്ള ഭയവും ആയിരുന്നു അതിനുള്ള കാരണം. എന്നാല്‍ ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും പോലീസിന് ഉള്‍പ്പെടെ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന പരിതസ്ഥിതി സംജാതമാക്കി. ഏതു പ്രവര്‍ത്തി ചെയ്താലാണ് കൂടുതല്‍ പ്രശസ്ത്തി നേടാന്‍ കഴിയുന്നത്‌ എന്ന് ചിന്തിച്ച ക്വോട്ടേഷന്‍ സംഘങ്ങള്‍ ഏതൊരു വ്യക്ത്തിക്കെതിരെയും വാളെടുക്കാനുള്ള ശക്തിയും, ഏതു നീച പ്രവര്‍ത്തി ചെയ്യുന്നതിനുള്ള ഉത്സാഹവും കാണിച്ചു. അക്രമ പ്രവര്‍ത്തനങ്ങളുടെ എണ്ണവും, വ്യാപ്ത്തിയും, ഭീകരതയും തങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.

       ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന നിലയില്‍ എത്തിനില്‍ക്കുന്നു എന്നാ ഭയാനകനായ അവസ്ഥ നാം തിരിച്ചറിയണം. ക്വോട്ടേഷന്‍ സംഘങ്ങള്‍ തങ്ങളുടെ മേഘല വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് എത്തി നില്‍ക്കുന്നത് തീവ്രവാദ ഗ്രൂപ്പുകള്മായുള്ള ചങ്ങാത്തതിലായിരിക്കും.  ക്വോട്ടേഷന്‍ സംഘാംഗങ്ങള്‍ ആരാധനെയോടെ ആയിരിക്കും അവരെ അനുസ്സരിക്കാന്‍ തുടങ്ങുക. രാജ്യത്തിന്റെ ഏതു കോണിലും ബന്ധം സ്ഥാപിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനും ഉള്ള കുറുക്കു വഴിയായി ആയിരിക്കും ദേശ ദ്രോഹികള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ പ്രയോജനപ്പെടുത്തുക.

       നമ്മുടെ രാജ്യത്തിന്റെ യുവത്വവും അവരുടെ ഉര്‍ജ്ജവും, ബുദ്ധിയും, ചിന്തയും, അധ്വാനവും,  ആരോഗ്യവും എല്ലാം കരിഞ്ചന്തയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. നിയമത്തിന്റെ ഉരുക്ക് മുഷ്ടികള്‍ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ മാത്രമല്ല ഈ പ്രശ്നത്തിന് പരാഹാരം; മറിച്ച് ക്വോട്ടേഷന്‍ സംഘങ്ങള്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതിനു പിന്നിലെ രാഷ്ട്രീയപരമായതും, സാമൂഹികമായതും, തോഴില്‍പരമായതും, മതപരമായതും, വിദ്യാഭ്യാസ പരമായതും ആയ സമസ്ത മേഘലയെക്കുറിച്ചും സമഗ്രമായ പഠനം നടത്തി, നിയമം വേണ്ടവിധത്തില്‍ വേഗത്തില്‍ ആവശ്യക്കാരന് സഹായിയായി എത്തുന്നരീതിയില്‍ പ്രവര്‍ത്തിച്ച്‌ 'ക്വോട്ടേഷന്‍'  എന്നാ വിപത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയേ തീരു. നമ്മുടെയും, വരും തലമുറയുടെയും, ആയുസ്സെത്താതെ മരിക്കേണ്ടി വരുന്ന ക്വോട്ടേഷന്‍ സഹോദരന്മാരുടെയും രക്ഷക്കായി.............



[RajeshPuliyanethu,
 Advocate, Haripad]


     

       

       

Monday, 5 December 2011

മുല്ലപ്പെരിയാര്‍ = ഒടുങ്ങാത്ത ഭീതി!!

         മുല്ലപ്പെരിയാര്‍ -ഒരു ഒടുങ്ങാത്ത ഭീതിയായിത്തന്നെ തുടരുന്നു.1895 ല്‍ മേജര്‍ ജോണ്‍ പെന്നി cuick എന്നാ മഹാനായ മനുഷ്യ സ്നേഹി തമിഴ് നാട്ടിലെ ഊഷര ഭൂമികളെ കൃഷിയോഗ്യമാക്കുക, അതുവഴി അവിടുത്തുകാരുടെ പട്ടിണിയും കഷ്ടതകളും ഇല്ലാതാക്കുക എന്നാ സദ്‌ ഉദ്ദേശത്തോടുകൂടി നിര്‍മിച്ച ഒരു ഡാം ഇന്ന് ഒരു സംസ്ക്കാരത്തെയും, ജനതയെയും ഇല്ലാതാക്കത്തക്കരീതിയില്‍ ദുര്‍ബലമായി നില്‍ക്കുന്നു. നിര്‍മാണത്തിന്റെ കാലം തോട്ടിങ്ങോട്ടു തമിഴകത്തെയും, കേരളത്തിലെയും മക്കളെ ഒരുപോലെ സേവിക്കുക മാത്രം ചെയ്തുവന്ന ആ മഹാനിര്‍മാണം കാലത്തിനോടൊപ്പം സഞ്ചരിച്ചപ്പോള്‍ വാര്‍ധക്യം പിടിപെട്ടു. നാശമില്ലാത്തതായി ഒന്നുമില്ല എന്നാ സത്യം മാത്രമാണ് നിലവിലുള്ള ഡാമിന്റെ പുനര്‍ നിര്‍മാണത്തിന്റെ മുറവിളിക്ക് പിന്നിലുള്ളത്. ഒരിക്കലും തടയാന്‍ കഴിയാത്ത കാലത്തിന്റെ ആ സത്യം മുല്ലപ്പെരിയാരിനുമേല്‍ യാഥാര്‍ത്യമായിമാറിയാല്‍ 116 വര്‍ഷം ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്, അല്ലെങ്കില്‍ തലമുറകള്‍ക്ക് തന്നെ അന്നം നല്‍കാന്‍, നമ്മള്‍ നട്ടതിനെ എല്ലാം മുളപ്പിക്കാന്‍ മാത്രം നിലകൊണ്ട ആ വൃദ്ദന്റെ നാമം ലക്ഷക്കണക്കിന് ആളുകളുടെ കൊലയാളി എന്നാ നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. " ഒരു പ്രാവശ്യം മാത്രം ഈ ഭൂമിയില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയ നാം നമ്മുടെ സഹജീവികള്‍ക്കായി എന്തെങ്കിലും നല്ലത് ചെയ്യേണ്ട താണ് എന്നാ ഉദ്ദേശത്തോടു മാത്രമാണ് ഇത്രയും ത്യാഗം സഹിച്ചു ഞാന്‍ ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത്" എന്ന്‌ തന്റെ ഇംഗ്ളണ്ടിലുള്ള സ്വത്തുവകകള്‍ വിറ്റ് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആ വലിയ വ്യക്ത്തിത്വം എഴുതിവെച്ചതിന്, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആധുനികയുഗത്തില്‍ യാതൊരുവിലയു മില്ലാതായിപ്പോകും.

         50 വര്‍ഷം മാത്രം നിര്‍മാണ കാലത്ത് ആയുസ് നിശ്ചയിച്ചിരുന്ന ഒരു ഡാം 116 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 66 അധിക വര്‍ഷങ്ങള്‍ എന്തിനു ഡാമിനെ നിലനില്‍ക്കാന്‍ അനുവദിച്ചു? എന്തുകൊണ്ട് ഈ വിഷയത്തിന്മേല്‍ സുരക്ഷിതമായ പരിഹാരത്തിന് വേണ്ടിയുള്ള ഒരു പുറപ്പാടിനെങ്കിലും ഇത്ര സമയം അധികരിച്ചു? ആത്തരം ചോദ്യങ്ങള്‍ക്കൊന്നും തന്നെ യാതൊരു പ്രസക്ത്തിയുമില്ല. സംഭവിച്ച നല്ലതെല്ലാം ഭാഗ്യത്തിന്റെ അക്കൗണ്ടിലും മോശമായതുണ്ടായാല്‍ വിധിയുടെ ചുമലിലും വെച്ച് ആശ്വസിക്കാന്‍ നമ്മള്‍ പഠിച്ചിട്ടുന്ടെല്ലോ!!

         ഒരു രാജ്യത്തിനുള്ളില്‍ തന്നെ സ്ഥിതിചെയ്യുന്ന, രണ്ടു സംസ്ഥാനങ്ങളുടെ മാത്രം ഇടയിലുള്ള ഒരു വിഷയം , ഇത്ര അധികം മനുഷ്യ ജീവനുകള്‍ക്ക് ഭയപ്പാടുള്ള ഒന്ന്, പരിഹരിക്കപ്പെടുന്നതിനു പ്രക്ഷോഭങ്ങളും, സത്യാഗ്രഹങ്ങളും ആവശ്യമായി വരുന്നു എന്നതുതന്നെ രാജ്യത്തിന്‌ അപമാനമാണ്. രാജ്യത്തിനെ അഖണ്ടതയെ പ്പറ്റിയും, നാനാത്വത്തില്‍ ഏകത്വത്തെപ്പറ്റിയും, വാതോരാതെ പ്രകീര്‍ത്തിക്കുന്നവര്‍ ഒരു നിമിഷം ഒന്ന് ചിന്തിക്കണം. ലക്ഷക്കണക്കിനു ആളുകള്‍ ഭീതിയോടെ ഉറക്കമില്ലാതെ നിമിഷങ്ങളെ തള്ളി വിടുമ്പോള്‍ ചര്‍ച്ചകളും, രാഷ്ട്രീയ സംവാദങ്ങളുമായി, മുട്ടുന്യായങ്ങള്‍  ഉയര്‍ത്തി തന്റെതല്ലാത്ത എല്ലാ ജീവനും ത്രിണ വിലകല്‍പ്പിച്ചു നടത്തുന്ന ഈ പ്രഹസനങ്ങള്‍ ആധുനിക യുഗത്തിനെന്നല്ല, മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കണ്ടുമുട്ടുകയും അവനെ സ്നേഹിക്കാനും, അറിയാന്നും, സഹകരിക്കാനും, സഹായിക്കാനും ഒക്കെപ്പടിച്ചു തുടങ്ങിയ ആദിമ കാലത്തെ മനുഷ്യന് പോലും അപമാനകരമാണ്.

         എന്തുകൊണ്ടാണ് രാഷ്ട്രീയമായ ഒരു പരിഹാരം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിദൂരതയില്‍ നില്‍ക്കുന്നത്?? ഒരു മലയാളിയുടെ വികാരത്തെ മാറ്റിനിര്‍ത്തി സ്വതന്ത്രമായി ചിന്തിച്ചാലും മനസ്സിലാകുന്നതാണ്  അതില്‍ നിറഞ്ഞു നില്‍ക്കുന്ന തമിഴ്നാടിന്റെ മനുഷ്യത്വരാഹിത്യവും, രാഷ്ട്രീയലാക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ ആഘാതം താങ്ങാന്‍ ഇടുക്കിക്ക് ശക്ത്തിയുന്ടെന്നതാണ് തമിഴ്നാടിന്റെ പുതിയ വാദം. മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ താമസിക്കുന്ന 50 ല്‍പ്പരം കുടുംബങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ. അല്ലെങ്കില്‍ത്തന്നെ ഒന്ന് തകര്‍ന്നതിന് ശേഷമുള്ള നിര്മാനമാണോ അഭികാമ്യം??

         തമിള്‍നാട്ടില്‍ മാറിമാറി വന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടി അതില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിച്ചതാണ് മുല്ലപെരിയാര്‍ വിഷയത്തിന്റെ പരിഹാരം ലക്‌ഷ്യം കാണാത്തതിനു കാരണം. പുതിയ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്നത് ഇപ്പോള്‍ തമിള്‍ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭിമാന പ്രശ്നവും, നിലനിപ്പിന്റെ പ്രശ്നവുമാണ്. പുതിയ ഡാം എന്ന ആശയം തമിള്‍ നാട്ടുകാരന് ജലം നല്കാതിരിക്കാനുള്ള കേരളത്തിന്റെ അടവായി അവിടുത്തെ രാഷ്ട്രീയ നേതൃത്വം തമിഴനെ പറഞ്ഞു വിശ്വസിപ്പിച്ചു. മനുഷ്വത്വത്തെ മനസ്സിലാകുന്ന ഏതെങ്കിലും ഒരു തമിള്‍വാസ്സി പുതിയ ഡാമിനെ അനുകൂലിച്ചു സംസാരിച്ചാല്‍ അയാള്‍ തമിള്‍ ലോകത്ത് ഒറ്റപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നാ സ്ഥിതിവിശേഷം നിലവില്‍ വന്നു. രാഷ്ട്രീയ ലാക്കു മുന്‍ നിര്‍ത്തി മാത്രമാണ് തമിഴ്നാട്‌ ഡാം നിര്‍മാണത്തെ എതിര്‍ക്കുന്നത് എന്നാ വ്യക്ത്തമായ ബോധമുള്ള ദേശീയ പാര്‍ട്ടികളും, കേന്ദ്ര സര്‍ക്കാരും, അവരുടെ കസ്സെരകളുടെ അലങ്കാരങ്ങളായി മാത്രം പ്രതിഷ്ടിക്കപ്പെട്ട നട്ടെല്ലില്ലാത്ത, കേവലം സമസ്രിഷ്ടി സ്നേഹം പോലുമില്ലാത്ത രാഷ്ട്രീയ നപുംസകങ്ങളും  വിഷയത്തിന് പരിഹാരം കാണാന്‍ കഴിയാത്ത കേവലം രാഷ്ട്രീയ ഉച്ചിഷ്ടങ്ങളായി രാജ്യത്തിന്‌ ഭാരവും, അപമാനവുമായി അവശേഷിക്കുന്നു. മിതത്വത്തിന്റെയും, സംയമനത്തിന്റെയും, സംസ്ക്കാരത്തിന്റെയും, മര്യാദയുടെയും ഒക്കെ മറ പിടിച്ചു നിന്ന് അവര്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു കോട്ടം വരാത്ത രീതിയില്‍ എന്തൊക്കെയോ മാധ്യമങ്ങള്‍ക്ക് നേരെ തുപ്പി നാള്‍ കഴിച്ചു വരുന്നു.

         ഒരു വിഷയത്തില്‍ വ്യക്ത്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടാകാതിരിക്കുകയും, അഥവാ എന്തെങ്കിലും ബോധ്യമുള്ള ഒരു വസ്തുത രാഷ്ട്രീയ താല്പര്യത്തെ മുന്‍നിര്‍ത്താതെ വ്യക്ത്തമായി പറയാനും, നിലപാടെടുക്കുന്ന്നതിനും, ആര്‍ജ്ജവമോ, മനസ്സോ, അതിനുള്ള സാഹചര്യമോ ഇല്ലാത്തതും അഥവാ അപ്രകാരം നിലപaടെടുക്കുന്നവര്‍ക്ക് നിലനില്‍പ്പ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഈ രാജ്യത്തിന്റെ ശാപം.

         തമിള്‍ നാടിന്റെ ആവശ്യം വെള്ളമാണ്. കേരളത്തിന്റെതു കാലഹരണപ്പെട്ട ഒരു ഡാം തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അത്യാഹിതത്തെക്കുറിച്ചുള്ള ഭീതിയും. ഒരു പുതിയ ഡാം നിര്‍മിക്കുക എന്നത് കൊണ്ട് കേരളത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടും. വിതച്ചു മുളപ്പിച്ചു കൊയ്ത് എടുക്കുന്നതിനു മലയാളിക്ക് അത്ര താല്‍പ്പര്യമില്ലാത്തതിനാല്‍ വെള്ളത്തിനു വേണ്ടി നമ്മള്‍ ആരോടും തര്‍ക്കിക്കാന്‍ സാധ്യത ഇല്ല. തമിഴ് നാടിനു ലഭിക്കുന്ന വെള്ളത്തില്‍ കുറവ് വരാതിരിക്കാനുള്ള എല്ലാ ഉറപ്പും രാഷ്ട്രീയ നേതൃത്വവും, കേന്ദ്ര സര്‍ക്കാരും നല്‍കുന്നുമുണ്ട്. അതിനു വേണ്ടുന്ന പണച്ചിലവ് തമിള്‍ നാടിനു ബാധ്യത ആവുന്നുമില്ല, അങ്ങനെ എങ്കില്‍ രാഷ്ട്രീയമായ നെട്ടമാല്ലാതെ മറ്റ് എന്താണ് തമിള്‍നാടിനു മുന്പിലുള്ളത്?? അത് തിരിച്ചറിഞ്ഞു എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരോ ദേശീയ പാര്‍ട്ടികളോ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല? മുല്ലപ്പെരിയാര്‍ ഡാമിന് കാലങ്ങളെ അതിജീവിക്കാനുള്ള കരുത്തു ബാക്കിഉണ്ടെന്നു തന്നെ വിശ്വസിക്കുക!! ഡാമിന്റെ പുനര്‍നിര്‍മാണം വരെ, അല്ലെങ്കില്‍ തങ്ങളുടെ ജീവിത അവസാനം വരെ സമാധാനമായി ഒരു നിമിഷത്തെ അതിജീവിക്കാന്‍ മലയാളിക്ക് കഴിയുമോ??

        മലയാളിയുടെ ജീവന്, സ്വത്തിന്, സ്വപ്നങ്ങള്‍ക്ക്, തലമുറകളായി ഉണ്ടാക്കി എടുത്ത നേട്ടങ്ങള്‍ക്ക്‌, അവകാശങ്ങള്‍ക്ക്, മന:സമാധാനത്തിന്, സംസ്ക്കാരത്തിന്, അങ്ങനെ ഒരുപാട് വിലമതിക്കാനാവാത്ത പലതും  നാമാവശേഷമാകാന്‍ പോകുന്നു എന്ന ഭയത്തില്‍ ഒരു ജനത നെടുവീര്‍പ്പുകളോടെ ജീവിക്കുമ്പോള്‍, കേവലം ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനപ്പുറം എല്ലാറ്റിനും പരിഹാരം നിലകൊള്ളുമ്പോള്‍ അതിനെല്ലാമെതിരെ നിഷേധത്തോടെയും, അഹങ്കാരത്തോടെയും, തന്റെ രാജ്യത്തിന്റെ തന്നെ ഭാഗമായ ഒരു ഭൂപ്രദേശവും, ഭരണകൂടവും, നിലകൊള്ളുമ്പോള്‍ പ്രതിഷേധത്തിന്റെയും, ഭീതിയുടെയും, അവഗണനയില്‍ നിന്നുണ്ടായെക്കാവുന്ന നിരാശയില്‍ നിന്നും ഉയരുന്ന വികാരം നാളെ തമിഴന് നേരെ ഉള്ള ഒരു ശത്രുതാ വികാരമായി മാറിയാല്‍ അതിനെ നിയന്ത്രിക്കാന്‍ ഭരണ കൂടത്തിന്റെ തോക്കുകള്‍ക്ക് കഴിഞ്ഞെന്നു വരില്ല. നിലവിലെ സമരങ്ങള്‍ അക്രമങ്ങളിലേക്ക് തിരിയുന്നതിന്റെ സൂചനകള്‍ രാജ്യത്തിനു തന്നെ ആപത്താണ്. സംസ്ഥാനങ്ങള്‍ക്കിടയിലെ ശത്രുത മുതലെടുക്കാന്‍ വിദേശ ശക്ത്തികളും ശ്രമിച്ചെന്ന് വരാം!!  അതിനു പരിഹാരം ജീവന്‍ ചേര്‍ത്തു പിടിച്ചു സമരം ചെയ്യുന്നവനെ ലാത്തി കാട്ടി ഭയപ്പെടുത്തുന്നതല്ല, മറിച്ച് ഒരു പുതിയ ഡാം നിര്‍മിച്ചു പ്രശ്നത്തിന് പൂര്‍ണ വിരാമം ഇടുക എന്നതാണ്.

         മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ഉയര്‍ന്നു വരുന്ന വിവാദങ്ങളെല്ലാം തന്നെ രാഷ്ട്രീയ സൃഷ്ടിയും, അനാവശ്യവുമാണെന്നും, ഡാമിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മലയാളികളുടെ ഭാഗത്ത് നിന്നുതന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. തമിഴന് ഇല്ലാത്ത സ്വാതന്ത്ര്യമാണത് എന്ന് രഹസ്യമായി നമുക്ക് സന്തോഷിക്കാമെങ്കിലും, അത് നിലവിലെ ആവശ്യങ്ങളെയും, സമരത്തിന്റെ ശക്ത്തിയെയും ക്ഷയിപ്പിക്കുന്നതായിരിക്കും. ലളിതമായി ആലോചിച്ചു നോക്കു; ഡാം കാലഹരണപ്പെട്ടിരിക്കുന്നു!! പുനര്‍ നിര്‍മാണം എന്നത് അനിവാര്യമായത് തന്നെയാണ്. അത് ഇന്നോ 10 വര്‍ഷങ്ങള്‍ക്കു ശേഷമോ, കുറെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമോ ആവശ്യമുള്ളത് എന്നതാണെല്ലോ ചോദ്യം. അപകടത്തിനു മുന്‍പ് പുതിയ ഡാം എന്നതാണ് നമ്മുടെ ലളിതമായ ആവശ്യം. മനസമാധാനം എന്നതിനെ മാറ്റിനിര്‍ത്തിയാല്‍......................
അതിനുള്ള ഒരുക്കങ്ങള്‍ക്ക് തടയിടുന്നതിന് തന്റെ ചിന്താസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, കാരണ മാകാതിരിക്കാന്‍ ഓരോ മലയാളിയും ശ്രദ്ദിക്കണം. പുതിയ ഡാം നിര്‍മാണത്തെ തടയുക എന്നത് മാത്രമാണ് തമിള്‍നാടിന്റെ ആവശ്യം. നിലവിലെ ഡാം തകര്‍ന്നാല്‍ അത് തങ്ങളുടെ വലിയ ഭൂ പ്രദേശത്തെ മരുഭൂമി ആക്കിത്തീര്‍ക്കും, അടുത്ത ഒരു തലമുറ ജീവിച്ചു തീരുന്നിടത്തോളം കാലമെങ്കിലും തകര്‍ന്നിടത്തു പുതിയതൊന്നു കെട്ടി ജലം ലഭിക്കാനുള്ള സാധ്യതയും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ടും തമിള്‍നാടിന്റെ നിലപാട് അത്ഭുതം ഉളവാക്കുന്നു. അതോ ഏത് അത്യാഹിതം സംഭവിച്ചാലും അവശേഷിക്കുന്നതില്‍ നിന്നും കയ്യടി വാങ്ങാന്നുള്ള പ്രവര്‍ത്തിയുമായി മലയാളി മുന്നോട്ടു വരുമെന്നും അതുവഴി തങ്ങളുടെ അന്നത്തെ ആവശ്യം കാണാമെന്നുമുള്ള വിശ്വാസമോ??

         കേരളത്തിനു മാത്രം വിജയവും പരാജയവും ഉള്ള വിഷയമാണ് മുല്ലപ്പെരിയാര്‍. ഡാമിന്റെ നാശത്തിനു ശേഷം മാത്രമാണ് തമിള്‍ നാടിനെ വിഷയം ദോഷമായി ബാധിക്കുന്നത്. അത് വരെ പുതിയെ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്ന കര്‍മം മാത്രമാണ് അവര്‍ക്കുള്ളത്. പുതിയ ഡാമിന്റെ നിര്‍മാണം വരെ കേരളം പരാജിതരുടെ പവലിയനിലാണ്. ഡാമിന്റെ നാശത്തോടെയോ; ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത രീതിയില്‍ നാം പരാജയപ്പെട്ടു പോവുകയും ചെയ്യും.

         ഒരു നിമിഷം പോലും വിശ്രമമില്ലാത്ത,യാതൊരു അയവും വരുത്താത്ത സമര രീതിയും, സമരങ്ങല്‍ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളോ, വ്യക്ത്തികളോ മുതലെടുപ്പിന്നു ശ്രമിക്കാതെയും പരസ്പ്പരം വിമര്‍ശനങ്ങള്‍ക്ക് മുതിരാതെയും ഒറ്റക്കെട്ടായി മുന്നോട്ടു പോയാല്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ സാധിക്കൂ. ഇവിടെ വിജയം എന്നത് മുപ്പതു ലക്ഷത്തോളം വരുന്ന മനുഷ്യ ജീവന്റെ സംരക്ഷണവും, ഇക്കാലമത്രയും കൊണ്ട് നാം നേടിയതിന്റെ പരിപാലനവുമാണ്. ഒരൊറ്റ ശബ്ദത്തില്‍ മുന്നേറിയാല്‍ മാത്രം നമുക്ക് നേടാവുന്നതാണ് ആ ലക്‌ഷ്യം. ആപത്തിന് ശേഷമുള്ള വിമര്‍ശനങ്ങളും, ചെയ്യേണ്ടിയിരുന്ന കാര്യങ്ങളെ ക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമാകാതിരിക്കട്ടെ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ അവസാനം.


[RajeshPuliyanethu,
 Advocate, Haripad]