MACT ജഡ്ജിയായ റിനോ ഫ്രാൻസിസിനെ മകൻ 17 വയസ്സ് മാത്രമുള്ള ഒരുവൻ ലൈസൻസ് ഇല്ലാതെ കാർ അമിത വേഗതയിൽ ഓടിച്ച് ഒരു മനുഷ്യജീവൻ അപഹരിച്ച സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത്... ഈ വിഷയം ചർച്ച ചെയ്ത സംഭവത്തിന്റെയും, തുടർ സംഭവങ്ങളുടെയും, ഇവയെയെല്ലാം കുറിച്ചുള്ള വിശകലനങ്ങളുടെയും, പ്രതികരണങ്ങളുടെയും അവസരങ്ങളിൽ ശരികളും, തെറ്റുകളും സംഭവിച്ചിട്ടുണ്ട്... മരണപ്പെട്ടുപോയ വ്യക്തിയുടെയും കുടുംബത്തിൻ്റെയും തീരാവ്യഥയ്ക്ക് നടുവിൽ നിൽക്കുമ്പോഴും ഈ സംഭവത്തോട് ചേർന്ന് വന്ന പ്രതികരണങ്ങൾ നിയമവ്യവസ്ഥയെ ദോഷമായി ബാധിക്കുന്നതും ഒപ്പം തന്നെ പലതരം പുനർവിചിന്തനങ്ങൾക്ക് അധികാര സമൂഹത്തെ പ്രേരിപ്പിക്കുന്നതും ആണ് എന്നതിനാൽ ഒരാൾക്കും പ്രതികരണങ്ങൾ നിരത്താതിരിക്കാൻ കഴിയില്ല...
17 വയസ്സുള്ള ഒരു വ്യക്തി ലൈസൻസ് ഇല്ലാതെ കാറോടിക്കുന്നു... ഒന്നാമത്തെ കുറ്റം... ആ കാറിടിച്ച് ഒരാൾ മരണപ്പെടാൻ കാരണമാകുന്നു... ഒന്നാമത്തെ കുറ്റത്തിൻ്റെ പരിണിതഫലമായി വരുന്ന രണ്ടാമത്തെ വലിയ കുറ്റം... ഈ രണ്ടു കുറ്റങ്ങൾ ഒന്നുചേർന്നപ്പോൾ ഒരു കുടുംബത്തിന് അത് തീരാനഷ്ടത്തിന് കാരണമായി... പ്രതിയായ 17 വയസ്സുകാരൻ തീർച്ചയായും ഈ കുറ്റങ്ങൾക്ക് ശിക്ഷ അർഹിക്കുന്നു... കുറ്റങ്ങൾക്കുള്ള ശിക്ഷയും ഒപ്പം കുറ്റകൃത്യത്തിൻറെ സ്വഭാവത്തിനും അവൻറെ പ്രായത്തിനും നിയമം നൽകുന്ന പരിരക്ഷകൾക്കും ഇളവുകൾക്കും കൂടി അവൻ അർഹനാണ് എന്നുകൂടി പറയുന്നു...
അപകടത്തിന്റെ തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ പ്രതി സ്പോട്ടിൽ പിടിക്കപ്പെടുന്നു... വാഹനവും പ്രതിയും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കപ്പെടുന്നു... പോലീസ് പ്രതിക്കെതിരെ ബി എൻ എസ് 281, 106(1) പ്രകാരം കേസെടുക്കുന്നു... പോലീസിൻറെ പ്രവർത്തി തീർച്ചയായും ശരിയാണ്... വാഹനാപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ഡ്രൈവറുടെ പേരിൽ ഈ ഒരു വകുപ്പുകൾ മാത്രമാണ് സാധാരണയായി ചുമത്താറുള്ളത്.. മറിച്ച് 105 BNS ചാർജ്ജ് ചെയ്യപ്പെട്ടു കണ്ടിരിക്കുന്നത് ഒരു വാഹനാപകടത്തിൽ അനേകം ആൾക്കാർ മരണപ്പെടുന്നതിന് കാരണമായാൽ മാത്രമാണ്... എങ്കിൽ പോലും അപകടത്തിനോട് ചേർന്ന് നിൽക്കുന്ന ദിവസങ്ങളിലെ കോലാഹലങ്ങൾ എല്ലാം കഴിഞ്ഞ് ചാർജ് കോടതിയിൽ ഹാജരാക്കുമ്പോൾ 105 ബിഎൻഎസ് കുറവു ചെയ്ത് 106(1) വകുപ്പ് ചാർത്തി ഫയൽ ചെയ്യുന്നതാണ് കാണുന്നത്... കാരണം 105 ബിഎൻഎസ്സിൽ പറയുന്ന വകുപ്പിലെ ഇൻഗ്രീഡിയൻസ് തെളിയിക്കാൻ പാടാണ്... വാഹനാപകടങ്ങളിൻ മരണങ്ങൾ ഉണ്ടായാൽ പ്രതിയുടെ (Driver) Rash and negligence തെളിയിച്ചേ പറ്റൂ... Rash& negligence ന് ഒപ്പം intention കൂടി തെളിയിക്കാൻ ബുദ്ധിമുട്ടാണ്... Prosecution case അടപടല പോകുന്നതിനേക്കാൾ 106 (1) ഇട്ട് അതുമാത്രം കോടതിയിൽ തെളിയിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകുന്നതാണ് ഉചിതമായ മാർഗ്ഗം... ഈ വകുപ്പ് പ്രതിക്ക് പരമാവധി അഞ്ചുവർഷം വരെ കഠിന തടവ് നൽകാൻ പ്രാപ്തമായ വകുപ്പാണ്... 'ലഹരിക്ക് അടിമപ്പെട്ടു വാഹനം ഓടിച്ചാൽ അപകടവും മരണവും സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് തിരിച്ചറിവ് ഉണ്ടായിട്ടും വാഹനം ഓടിച്ചു' എന്ന് വ്യാഖ്യാനിക്കുന്നത് പോലെ എളുപ്പമായി 'ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് അപകടത്തിനും മരണത്തിനും കാരണമാകും എന്ന തിരിച്ചറിവ് ഉണ്ടായിട്ടും വാഹനം ഓടിച്ചു' എന്ന രീതിയിൽ, ഈ രണ്ടു ചോദ്യങ്ങളും താരതമ്യം ചെയ്യാൻ കഴിയില്ല...! ഇപ്രകാരമെല്ലാം ആലോചിച്ചാലും പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചില്ല എന്ന് തന്നെ പറയാനാണ് എനിക്ക് കഴിയുന്നത്...
പോലീസ് സ്റ്റേഷൻ സീനിൽ രണ്ടാം ഭാഗമാണ് ഏറ്റവും മോശവും ഒഴിവാക്കപ്പെടേണ്ടതും ആയി ഉണ്ടായിരുന്നത്... അത് ശ്രീമാൻ ജഡ്ജിയുടെ പോലീസ് സ്റ്റേഷനിലേക്കുള്ള രംഗപ്രവേശനം ആണ്... അദ്ദേഹം സ്റ്റേഷനിൽ വന്നത് തന്നെ തെറ്റ്... അദ്ദേഹത്തിൻറെ സ്റ്റേഷനിലേക്കുള്ള വരവിൽ ഒരുപാട് അപാകതകളും ദോഷകരമായ ബാക്കി പത്രങ്ങളും ഉണ്ട്... നിയമപരമായി മേലധികാരികളുടെ നിർദ്ദേശം ഇല്ലാതെ ഒരു ജഡ്ജി പോലീസ് സ്റ്റേഷൻ സന്ദർശിക്കേണ്ട ആവശ്യമേ ഇല്ല... സ്വന്തം ആവശ്യത്തിനുവേണ്ടി ജഡ്ജി പോലീസ് സ്റ്റേഷനിൽ വന്നു എന്നത് ആ സന്ദർശനത്തിന്റെ മോശാവസ്ഥയുടെ ആക്കം കൂട്ടുന്നു... ഒരു ജഡ്ജിയെന്നല്ല, ഒരല്പമെങ്കിലും തലയ്ക്കു വെളിവുള്ളവൻ ചെയ്യാത്ത പ്രവർത്തിയും അദ്ദേഹം അവിടെ ചെയ്തു... മരണപ്പെട്ടു പോയ ആളിന്റെ ബന്ധുക്കളോട് ജഡ്ജി എന്ന പദവിയുടെ അഹങ്കാരത്തിൽ തട്ടിക്കയറുകയും, 'എന്നെ ഉപദേശിക്കാൻ വരണ്ട' എന്ന രീതിയിലുള്ള ആക്രോശ വാക്കുകൾ പറയുകയും ചെയ്യുക... മരണപ്പെട്ടുപോയ ആളിന്റെ ബന്ധുക്കളും മക്കളും എത്രത്തോളം വികാര തീവ്രതയിൽ ആയിരിക്കും അവിടെ നിന്നിട്ടുണ്ടാവുക എന്ന് തിരിച്ചറിയാൻ കഴിവില്ലാത്ത ഒരു അധികാര പുങ്കവനാണ് ഈ ജഡ്ജി എന്ന് നിസ്സാരമായി അനുമാനിക്കാവുന്നതാണ്...
അപകടത്തിൽപ്പെട്ട ബെൻസ് കാറിൽ ഉണ്ടായിരുന്ന 'District Judge' എന്ന ബോർഡ് പോലീസ് സ്റ്റേഷനിൽ വച്ച് അഴിച്ചുമാറ്റി എന്നതാണ് മറ്റൊരു വലിയ ആരോപണം... എല്ലാ കാര്യങ്ങളിലും കുറ്റം മാത്രം പറയണം എന്ന നിർബന്ധമില്ലാത്തവരോട് ചോദിക്കുകയാണ്,, ആ ബോർഡ് അഴിച്ചുമാറ്റിയതിൽ എന്ത് തെറ്റാണുള്ളത്?? ഒരു 'District Judge' ൻ്റെ വാഹനം ഒരു കുറ്റകൃത്യത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുന്നു എന്നത് പരസ്യമായി വെളിവാക്കുന്നത് കൊണ്ട് സമൂഹത്തിന് എന്ത് ഗുണമാണുള്ളത്... 'ജഡ്ജിയുടെ വണ്ടി ആയാലും കുറ്റത്തിൽ പെട്ടാൽ ഇവിടെ കിടക്കും' എന്ന സന്ദേശത്തിനേക്കാൾ മോശമായി പ്രചരിക്കുക 'ജഡ്ജിയുടെ വണ്ടി പോലും സ്റ്റേഷനിൽ കിടപ്പുണ്ട്' എന്നത് ആയിരിക്കും... കോടതികളിലാണ് ഞങ്ങളുടെ അവസാന ആശ്രയം എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു വലിയ ജനസമൂഹം ഈ രാജ്യത്തുണ്ട്... അവർ ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഒരു ചെറിയ ഘടകമാകാൻ എങ്കിലും ആ ബോർഡ് എടുത്തു മാറ്റിയതാണ് നന്നായത് എന്നാണ് എൻറെ അഭിപ്രായം... ഉചിതമോ, അനുചിതമോ എന്ന് ചിന്തിക്കുന്നതിനപ്പുറം ഒരു കാര്യം ഉറപ്പിച്ചു പറയാം,, ആ ബോർഡ് എടുത്തു മാറ്റാൻ സഹായിച്ച പോലീസുകാർ ഒരിക്കലും ശിക്ഷാർഹരല്ല,, ആ ബോർഡ് കേസു കാര്യങ്ങളിൽ ഒരു സ്വാധീന ഘടകമേ അല്ല എന്ന വസ്തുത നിലനിൽക്കുമ്പോൾ തീർച്ചയായും...
വാഹന ഉടമയായ ജഡ്ജിക്കെതിരെഎന്തെല്ലാം നിയമ നടപടികൾ സ്വീകരിക്കാൻ കഴിയും എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്... Motor vehicle act section 180, 199 A, 199A(1), 199A(2), 199A(4) വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കഴിയും... ഈ വകുപ്പുകൾ ഒന്നും തന്നെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ അല്ല... മരണം സംഭവിച്ചതിന്റെ ക്രിമിനൽ ഉത്തരവാദിത്വം BNS വകുപ്പുകൾ പ്രകാരം വാഹന ഉടമയ്ക്കെതിരെ ഉണ്ടാകുന്നില്ല... Section 180 Of MV Act പ്രകാരം പ്രായപൂർത്തിയാകാത്തതോ നിയമപ്രകാരം വാഹനമോടിക്കാൻ യോഗ്യതയില്ലാത്തതോ ആയ വ്യക്തിയെ വാഹനം ഓടിക്കാൻ ഉടമ അനുവദിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാം.
ശിക്ഷ: പരമാവധി 3 മാസം തടവ് അല്ലെങ്കിൽ ₹5,000 പിഴ അല്ലെങ്കിൽ രണ്ടും. ഈ വകുപ്പ് പ്രകാരം തടവ് ശിക്ഷ ലഭിച്ച ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല... അല്ലെങ്കിൽ പിഴയൊടുക്കാൻ തയ്യാറാകാത്ത പ്രതി ആയിരുന്നിരിക്കണം... മറ്റ് വകുപ്പുകൾ 199A(2), 199A(4) എന്നിവയാണ്...
വാഹന ഉടമയുടെ അനുമതിയോടെ തന്നെയാണ് കുട്ടി ഈ വാഹനം ഉപയോഗിച്ചത് എന്ന് നിയമം അനുമാനിക്കുന്നു.
അതോടൊപ്പം തന്നെ ഉടമയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അത് തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നുവെന്നും തെളിയിക്കാൻ അവസരമുണ്ട്. മൂന്നുവർഷം തടവും 25000/- രൂപ പിഴയും മാത്രമാണ് ഈ വകുപ്പുകൾ തെളിയിക്കപ്പെട്ടാൽ
വാഹന ഉടമയായ ജഡ്ജിക്കെതിരെ ചുമത്താൻ കഴിയുന്ന പരമാവധി ശിക്ഷ... 199 A(4) പ്രകാരം വാഹനത്തിൻറെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ കഴിയുന്നതാണ്... ഈ വകുപ്പുകൾ പ്രകാരമുള്ള പ്രതി ഒരു ജഡ്ജി ആയതിനാൽ നടപടികൾ സ്വീകരിക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനുമതി ആവശ്യമാണ്..
ജഡ്ജിയെ അറസ്റ്റ് ചെയ്തു ജയിൽ അടക്കണം, തൂക്കിക്കൊല്ലണം, പച്ചക്ക് കത്തിക്കണം എന്നൊക്കെയാണ് ആൾക്കൂട്ടത്തിന്റെയും ആവേശ കമ്മിറ്റികളുടെയും ആവശ്യം.. പക്ഷേ നിലവിൽ അതിനൊന്നും നിയമത്തിൽ വ്യവസ്ഥകൾ ഇല്ല.. പുതിയ വ്യവസ്ഥകൾ എഴുതി ചേർത്താലും ഈ കേസിലെ പ്രതികളെ അതൊന്നും ബാധിക്കില്ല.. കാരണം Retrospective Effect ക്രിമിനൽ നിയമത്തിൽ കൊണ്ടുവരാൻ കഴിയില്ലല്ലോ?
സ്റ്റേഷനിൽ സംഭവിച്ച മറ്റൊരു പോരായ്മയായി അവതരിപ്പിക്കുന്നത് 'പ്രതിയുടെ ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല, എടുത്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യിച്ചു, എന്നതാണ്'... ആ ആരോപണമുന്നയിക്കുന്നവർ Juvenile justice act 75 വകുപ്പിൽ 18 വയസ്സിന് താഴെയുള്ള ഒരു കുറ്റവാളിക്ക് അതായത് (juvanile in conflict with low) നൽകുന്ന പരിരക്ഷ എന്താണെന്ന് പരിശോധിക്കണം... Juvenile in conflict with law എന്നതാണ് കുട്ടി കുറ്റവാളികളെ ഇന്ന് നിയമം സംബോധന ചെയ്യുന്നത്... Juvanile Delinquent എന്ന പഴയ പേരിൽ നിന്നുപോലും മാറ്റം വരുത്തി അത്രയധികം കരുതലോടെയാണ് നമ്മുടെ നിയമം കുട്ടി കുറ്റവാളികളുടെ കാര്യത്തിൽ സമീപിക്കുന്നത് എന്നുകൂടി ഈ സംഭവത്തെ ചേർത്തുവച്ച് ആലോചിക്കണം... ഈ ജുവനൈലിന്റെ ചിത്രം എടുത്ത മരണപ്പെട്ട വ്യക്തിയുടെ ബന്ധു പ്രചരിപ്പിച്ചിരുന്നെങ്കിൽ അത് ഈ പറഞ്ഞ നിയമപ്രകാരം ഒരു കുറ്റകൃത്യമാകുമായിരുന്നു... മൂന്നുവർഷം വരെ തടവ് ലഭിക്കാൻ കാരണമാകുന്ന കുറ്റമാകുന്നു അത്... ആ കുറ്റകൃത്യം സംഭവിക്കാൻ അനുവദിക്കാതെ അത് ഡിലീറ്റ് ചെയ്യിപ്പിച്ച പോലീസുകാരൻ നിയമത്തിന്റെ മുന്നിൽ അഭിനന്ദനം അർഹിക്കുന്നു... ഈ കേസിലെ പ്രതിക്ക് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുന്നു, പ്രതി released ആകുന്നു... പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലവിൽ പ്രോസിക്യൂഷൻ കൊടുത്ത ഹർജിയിൽ പ്രതിയുടെ പേരും വിലാസവും വിവരിച്ചിരിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി സെഷൻസ് ജഡ്ജി ഹർജി മടക്കിയതും ഇന്നത്തെ വാർത്തയാണ്... ഇങ്ങനെയുള്ള നിയമപരമായ ചോദ്യങ്ങളോ, തീരുമാനങ്ങളോ പ്രതിക്ക് അനുകൂലമായി ഉണ്ടായാൽ അത് നാളെ വലിയ വാർത്തയും സെൻസേഷനും സൃഷ്ടിക്കാൻ മാധ്യമ കീടങ്ങളിൽ ഒരുവനായ മൊട്ട അരുൺ ഇന്നുതന്നെ ഒരു മുഴം മുൻപേ എറിഞ്ഞു വെച്ചിട്ടുണ്ട്... ഇന്ന് രാവിലെ റിപ്പോർട്ട് ടിവിയിലെ കോഫി വിത്ത് അരുൺ എന്ന പരിപാടിയിൽ അയാൾ പറഞ്ഞതാണ് "മേൽ കോടതിയിലേക്ക് ഒക്കെ പോയാലും അവരൊക്കെ ജഡ്ജിയുടെ സുഹൃത്തുക്കളായിരിക്കും, ജുഡീഷ്യൽ അസോസിയേഷനെ കുറിച്ച് ഒക്കെ നമുക്ക് അറിവുള്ളതല്ലേ" എന്ന്... അതായത്, ഭരണഘടനാ, നിയമ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ആസൂത്രിതമായി പല അവസരങ്ങളെയും ഉപയോഗപ്പെടുത്തുന്നവർ ഇവിടെയുണ്ട്... അവസരങ്ങൾക്ക് വേണ്ടി അവർ കാത്തിരിക്കുകയാണ്... അത് അവസരങ്ങൾക്കനുസരിച്ച് വിനിയോഗിക്കാൻ അവർ സജ്ജരാണ്... മരണപ്പെട്ടുപോയ ആളിന്റെ കുടുംബത്തിനുവേണ്ടി സമരം ചെയ്യാൻ തുനിഞ്ഞിറങ്ങിയ SDPI എന്ന രാഷ്ട്രീയ കക്ഷിയെ സംശയത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയുകയുള്ളൂ... ഈ സംഭവത്തിനോട് ചേർത്തുവച്ച് കാണേണ്ട മറ്റൊരു കാഴ്ച കൂടിയാണ് ഈ രാഷ്ട്രീയ ഇടപെടൽ... സെന്റിമെന്റ്സിന്റെ ഈ അവസരത്തിൽ രാഷ്ട്രീയ ഇടപെടലിനെ ആരും വിമർശിക്കില്ല എന്നുകൂടി അവർ നോക്കി കാണുന്നുണ്ടാകണം...
കാര്യങ്ങളെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കെ പ്രതിഷേധങ്ങളും സമരങ്ങളും ശക്തി പ്രാപിക്കാൻ തുടങ്ങി... സ്ഥലം എംഎൽഎയുടെ ഉൾപ്പെടെ സമ്മർദ്ദത്തിന് വഴങ്ങിയാവണം പോലീസ് 106 (1) ന് പകരം 105 BNS കൂടിച്ചേർത്ത് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയത്... Juvenile justice act കൈകാര്യം ചെയ്യാൻ jurisdiction ഉള്ള ഓഫീസർക്ക് മുന്നിലാണ് ഹാജരാക്കുന്നത്... ആ കോടതി പ്രതിക്ക് വീണ്ടും ജാമ്യം അനുവദിച്ചു... അതിൽ എന്താണ് തെറ്റ്... 'Bail is the rule jail is an exception'... അതാണ് നിയമത്തിന്റെ അടിസ്ഥാന പ്രമാണം... ആർക്കൊക്കെ ഇടയിൽ ഈ തത്വം കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്... എന്നാലും തത്വമിതാണ്... പത്തു പേർക്ക് ഈ തത്വത്തിന്റെ ആനുകൂല്യം കിട്ടിയില്ല എന്ന് കരുതി കിട്ടിയ ഒരാൾ അനർഹൻ ആണെന്നോ,, ഈ തത്വത്തിന്റെ ആനുകൂല്യം കിട്ടാതെ പോയവരാണ് ഈ സമൂഹത്തിൽ കൂടുതൽ എന്നതിനാൽ ഇനി ആർക്കും ഈ തത്വത്തിന്റെ ആനുകൂല്യം നൽകാൻ പാടില്ലെന്നോ പറയാൻ കഴിയുമോ!???
വാർത്താ മാധ്യമങ്ങളും പൊതു ജനങ്ങളും തീർച്ചയായും മരണപ്പെട്ടുപോയ ആളിന്റെ കുടുംബത്തോടൊപ്പം ആയിരുന്നു... കാരണം അതൊരു വൈകാരിക നിലപാടാണ്... പക്ഷേ വൈകാരിക നിലപാടുകൾക്കൊപ്പം, സമാശ്വാസങ്ങളുമായി നിലകൊള്ളേണ്ടതിനുമൊപ്പം തന്നെ, നിയമത്തിന്റെ ദൃഢതയും, സുതാര്യതയും, ശക്തമായി നിലനിർത്തേണ്ട ബാധ്യത പൊതുസമൂഹത്തിനുമുണ്ട്... അതിനേക്കാൾ ഏറെയായി ഭരണവർഗ്ഗത്തിലുണ്ട്... മരണപ്പെട്ട വ്യക്തിയുടെ മകൻ പറഞ്ഞതായി അറിഞ്ഞു; "എൻറെ അച്ഛനെ കൊന്നവനെ നിയമം ശിക്ഷിച്ചില്ലെങ്കിൽ ഞാൻ അവനെ കൊലും" എന്ന്... തികച്ചും വൈകാരികമായ ഒരു വാചകമായിരുന്നു അത്... അതു പറഞ്ഞ ആ പയ്യനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല... പക്ഷേ, പൊതുസമൂഹം ആ പ്രസ്താവന ഏറ്റെടുത്ത് പ്രോത്സാഹിപ്പിക്കാൻ പാടുണ്ടോ??? അങ്ങനെയാണെങ്കിൽ നന്നായല്ലോ!?? അത്ര പോലും സാമൂഹ്യബോധം ഉള്ളവർ ഇവിടെ കുറഞ്ഞുവരുന്നോ!!!!? സാമൂഹികമായ അപചയമാണ് ഈ പിന്തുണകൾ വരച്ചുകാട്ടുന്നത്...
ഈ സംഭവത്തിലെ ഏറ്റവും മോശമായതും അത്ഭുതപ്പെടുത്തുന്നതുമായ കാര്യം സംഭവിച്ചത് ആഭ്യന്തര വകുപ്പ് മന്ത്രി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എതിരെ മാത്രമല്ല പോലീസ് കമ്മീഷണർക്കെതിരെ പോലും നടപടിയെടുത്തു എന്നതാണ്... പോലീസുകാർ എടുത്ത നടപടികളും നിയമവുമായി ചേർത്തു വെച്ചാൽ ഒരു സസ്പെൻഷൻ ഏറ്റുവാങ്ങേണ്ട എന്ത് തെറ്റാണ് ആ പോലീസുകാർ ചെയ്തത്!? വലിയ രീതിയിൽ പ്രചരിച്ച ഒരു സംഭവം... നിയമസഭ കൂടുകയാണ്... മുൻപ് പോലീസുകാർ എന്തു തെമ്മാടിത്തരം കാണിച്ചാലും സംരക്ഷിക്കുന്ന ഒരു മുൻആഭ്യന്തര വകുപ്പ് മന്ത്രി... അതിനു നേരെ എതിരാണ് ഞാനെന്നും, ഞാൻ വലിയ ജനകീയനാണെന്നും, ആർദ്രമായ മനസ്സിൻറെ ഉടമയാണ് എന്നും കാണിക്കാൻ ആണോ ശ്രീ രമേശ് ചെന്നിത്തല 'ഈ കേസിൽ പോലീസിന് വീഴ്ച പറ്റി' എന്ന പ്രസ്താവന നിയമസഭയിൽ നടത്താൻ കാരണം!?? ഭരണപക്ഷം ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് ഏറ്റുപിടിച്ചത്? കൃത്യമായ നടപടികൾ സ്വീകരിച്ച പോലീസുകാരെ ഈ ഭരണകൂടം ആൾക്കൂട്ടത്തിന്റെ കയ്യടി വാങ്ങാൻ വേണ്ടി പ്രതിസ്ഥാനത്ത് ചേർത്ത് ബലി നൽകി എന്നു മാത്രമേ പറയാൻ കഴിയൂ... ആഭ്യന്തരവകുപ്പു മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിൽ സ്ഥലം എംഎൽഎക്ക് വലിയ പങ്കുണ്ട് എന്നാണ് ഞാൻ കരുതുന്നത്... പക്ഷേ അത്തരം തെറ്റിദ്ധരിപ്പിക്കലുകൾക്ക് ഉപരിയായി വേണം ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി കാര്യങ്ങളെ മനസ്സിലാക്കാനും നിയമസഭയിൽ പ്രസ്താവന നടത്താനും... ശ്രീ വി അച്യുതാനന്ദനൊ, ശ്രീ പിണറായി വിജയനോ പോലും നിയമത്തിന്റെ യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു പ്രസ്താവന നടത്തിയിരുന്നുവെങ്കിൽ അത് ഇത്രയും വലിയ രീതിയിൽ പൊതുസമൂഹത്തിൽ സ്വാധീനം ചെലുത്തുമായിരുന്നില്ല... കാരണം അവർ ഇരുവരും നിയമ ബിരുദം നേടിയിട്ടുള്ളവരല്ല... ചെറിയ സ്കൂൾ തലം മുതൽ നിയമ വിദ്യാഭ്യാസം നൽകുന്നതാണ് പൊതു സമൂഹത്തിലെ നിയമത്തെ കുറിച്ചുള്ള ധാരണാ പിശകുകൾ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയാവുന്നിടത്തും എഴുതാവുന്നിടത്തും എല്ലാം ഞാൻ ചെയ്തിട്ടുണ്ട്... പക്ഷേ എൻറെ ആ ധാരണയെ ഞാൻ തിരുത്തുകയാണ്... നിയമ ബിരുദം തന്നെയുള്ള ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രിക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും നിയമം ഏതു രീതിയിൽ നോക്കി കാണണം എന്ന തിരിച്ചറിവില്ലാതെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കേണ്ടി വരുന്നത് നിരാശപ്പെടുത്തുന്നു... പ്രതിക്ക് കോടതി ജാമ്യം നൽകിയത് തെറ്റാണെന്ന് നിയമസഭയിൽ പ്രസ്താവിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രി ആരാണ്? അത് കേവലം ഒരു ജുഡീഷ്യൽ തീരുമാനത്തോടുള്ള വിമർശനം അല്ല മറിച്ച് ജുഡീഷ്യറിയുടെ തീരുമാനങ്ങൾക്ക് മേൽ ആഭ്യന്തരവകുപ്പ് മന്ത്രി നടത്തിയ തെറ്റായ കടന്നുകയറ്റം ആയിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല...
ജഡ്ജിയുടെ വാഹനത്തിൻറെ നമ്പർ പ്ലേറ്റുകൾ വ്യാജമാണ് എന്ന ഒരു വാർത്തയും കേൾക്കുന്നു... സത്യാവസ്ഥ അറിയില്ല... 'ഏത് ജഡ്ജിയുടെ മോൻ ആയാൽ എന്താ' എന്ന് ചോദിക്കുന്ന ആഭ്യന്തരവകുപ്പു മന്ത്രിയുള്ള നാട് അല്ലേ?? അന്വേഷിക്കൂ.. കണ്ടെത്തൂ.. കുറ്റവാളി ആണെങ്കിൽ ശിക്ഷിക്കൂ.. പക്ഷേ അതെല്ലാം വൈകാരികതയുടെ പ്രതിഫലനമായൊ, രാഷ്ട്രീയ നേട്ടത്തിന്റെ ഭാഗമായോ ആകരുത്...
MACT സെറ്റിൽമെൻ്റു കളുടെ കമ്മീഷൻ ലഭിച്ചതാണ് ജഡ്ജിയുടെ ബെൻസ് കാറിൻറെ ഫിനാൻഷ്യൽ ബാക്കപ്പ് എന്നു പറയുന്നവർ തെളിവുകളോടെ മാത്രമേ അത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ പാടുള്ളൂ... ഇതേ കരുത്തനായ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ കയ്യിൽ തന്നെയല്ലേ വിജിലൻസും..? ഹൈക്കോടതിയുടെ അനുമതി വാങ്ങി ഈ ജഡ്ജി അനധികൃത സ്വത്ത് കൈവശം വെച്ച് അനുഭവിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്താൻ പാടില്ലേ?? അവിടെയും ഊഹങ്ങൾക്കും ഗോസിപ്പുകൾക്കും അനുസൃതമായി ഒരു ജുഡീഷ്യൽ ഓഫീസറെ അവമതിക്കരുത്... കരുത്തുറ്റ നിയമവ്യവസ്ഥ ഉണ്ട് എന്നു പറയുന്നത് നിയമം സ്വാധീനങ്ങൾക്കും, പണത്തിനും, രാഷ്ട്രീയ ബന്ധങ്ങൾക്കും ഒപ്പം തന്നെ വികാരങ്ങൾക്കും അടിമപ്പെടാതെ പ്രവർത്തിക്കുന്ന നിയമസംവിധാനമാണ് എന്നാണ് അർത്ഥമാക്കുന്നതോടെയാണ്... മരണപ്പെട്ടുപോയ വ്യക്തിയുടെ കുടുംബത്തിൻറെ വൈകാരികതയല്ല നിയമ നടപടികളെ സ്വാധീനിക്കേണ്ടത്... അത് ഈ നാട്ടിലെ ജനങ്ങൾക്ക് എല്ലാം ആവശ്യമുള്ള അടിസ്ഥാന ബോധമാണ്... ഈ വൈകാരികതയെ രാഷ്ട്രീയമായി ഉപയോഗിച്ച് നിയമത്തെ ദുർബലപ്പെടുത്താൻ പാടില്ല എന്ന് ഏറ്റവും കുറഞ്ഞത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും എങ്കിലും മനസ്സിലാക്കണം... വൈകാരികതയുടെ പുക പടലങ്ങളെ മാറ്റിവെച്ച് തെളിഞ്ഞ കാഴ്ചയോടെ വീണ്ടും ജനങ്ങൾ ഇതെല്ലാം നോക്കിക്കാണും... അന്നും നിങ്ങളുടെ നിലപാടുകൾ നിയമപരമായി ശരിയായിരുന്നു/ വ്യക്തമായിരുന്നു എന്ന് പൊതുജനങ്ങൾക്ക് മുൻപിൽ കാണിച്ചു കൊടുക്കേണ്ട ബാധ്യത നിങ്ങൾക്ക് ഉണ്ട്... നിയമസഭയിലെ സബ്മിഷനിൽ ബഹുമാനപ്പെട്ട ആഭ്യന്തരവും മന്ത്രി ഏറ്റവും കൂടുതൽ emphasize ചെയ്തു കാണിക്കാൻ ആഗ്രഹിച്ചത് മരണപ്പെട്ടുപോയ ആൾ പാവപ്പെട്ടവൻ ആണെന്നും, ഇടിച്ച കാറിന്റെ കമ്പനി ബെൻസ് ആണെന്നും ആണെന്ന് തോന്നിപ്പോകുന്നു... ഇരയായവന്റെ മഹത്വമോ മഹത്വമില്ലായ്മയോ കുറ്റവാളിയുടെ പണമോ സ്വാധീനമോ മേൽക്കോയ്മയോ ഒന്നുമല്ല പരിശോധിക്കപ്പെടേണ്ടത്... പരിശോധിക്കപ്പെടേണ്ടത് "നിയമലംഘനം" എന്ന ഒറ്റ ശീക്ഷ ത്തിൻറെ കീഴിൽ എന്തൊക്കെ സംഭവിച്ചു, അതിനെതിരെ നിയമം സ്വീകരിക്കാൻ പറഞ്ഞിരിക്കുന്നത് എന്തൊക്കെ നടപടികളാണ് എന്നു മാത്രമാണ്...
നിയമം സ്വാധീനങ്ങൾക്കും വൈകാരികതകൾക്കും അതീതമായി അധികാര പുംഗവനും സാധാരണക്കാരനും ഇടയിൽ ഒരുപോലെ പ്രവർത്തിക്കണം... അധികാര പുംഗവർമാർക്ക് നിയമം തന്നെ നൽകുന്ന പരിരക്ഷകളുണ്ട്.. അതും മാനിക്കപ്പെടണം.. ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടാൽ ആ പരിരക്ഷകളെ ഒഴിവാക്കേണ്ട രീതികളും നിയമം തന്നെ പറയുന്നുണ്ട്.. അത് നിയമത്തിന്റെ വഴിയിൽ തന്നെ ഒഴിവാക്കി വിചാരണ ചെയ്ത് ശിക്ഷ വാങ്ങി കൊടുക്കണം... നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നു പറയുന്നത് ആതിനെയാണ്... പ്രായപൂർത്തിയാകാത്ത മകന് സ്വന്തം പേരിൽ രജിസ്ട്രേഷൻ ഉള്ള വാഹനം ഓടിക്കാൻ നൽകി അപകടത്തിന് കാരണമാക്കിയതിന് അദ്ദേഹം നിയമം അനുശാസിക്കുന്ന രീതിയിൽ ശിക്ഷിക്കപ്പെടും എന്നാണ് ഞാൻ കരുതുന്നത്...
ഒപ്പം തന്നെ ജുഡീഷ്യറിയും ഒരു ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്... ഒരു ജുഡീഷ്യൽ ഓഫീസറുടെ തെറ്റായ ചില സമീപനങ്ങളും പ്രവർത്തികളും മാത്രം എത്രയധികം പൊതുജനത്തെയാണ് ജുഡീഷ്യറിയെ വിമർശിക്കാനും അവിശ്വാസിയത പ്രകടിപ്പിക്കാനും കാരണമാക്കിയതെന്ന് നോക്കി കാണൂ... ജുഡീഷ്യൽ സംവിധാനങ്ങൾ കുറ്റമറ്റ നിലയിൽ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നതിനോടൊപ്പം തന്നെ ഈ സിസ്റ്റത്തിലെ പോരായ്മയിൽ പൊതുജനം അമർഷം അടക്കി ജീവിക്കുകയാണ് എന്ന് തിരിച്ചറിവ് കൂടി വേണം... ആ അമർഷത്തെ താൽക്കാലികമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ നേതാക്കന്മാർ തയ്യാറാവുക കൂടി ചെയ്യുമ്പോൾ രാജ്യത്തെ അതു വലിയ രീതിയിൽ ദോഷമായി ബാധിക്കും എന്നു കൂടി ഓർമ്മപ്പെടുത്തുന്നു...
[Rajesh Puliyanethu
Advocate, Haripad]
#Cheranellur
#HighCourt
#follower
#everyone
#Bhadra
No comments:
Post a Comment
Note: only a member of this blog may post a comment.