Friday, 15 February 2019

മാധ്യമ രംഗം ഇരുപത്തി അഞ്ചു വർഷങ്ങളിലെ മാറ്റം....!!!??


'ഏഷ്യാനെറ്റ്' എന്ന ആദ്യ സ്വകാര്യ മലയാളം ചാനൽ അവരുടെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുകയാണ്... 

സ്വകാര്യ മലയാളം ചാനലുകളുടെ പ്രവർത്തനകാലം 'ഏഷ്യാനെറ്റ്' ന്റെ പിറവികാലത്തെ അടിസ്ഥാന മാനദണ്ഡമായി എടുത്തു പറഞ്ഞാൽ....

ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് 'പത്രഭാഷ' എന്നത് ഉന്നതമായ ഭാഷാപ്രയോഗത്തിന്റെ വിളിപ്പേരായിരുന്നു.... 'അച്ചടി ഭാഷ' എന്നു വിളിച്ചും അപ്രകാരമുള്ള ഭാഷാ പ്രയോഗത്തെ പൊതു സമൂഹം പ്രകീർത്തിച്ചിരുന്നു... പത്ര ഭാഷ ഒരിക്കലും സാഹിത്യത്തിന്റെ ഉന്നത പ്രദർശനം നടത്തിയിരുന്നില്ല.. എന്നാൽ അത് ലളിതവും,, മാന്യവും ആയിരുന്നു.... 'വടുവൊത്ത ഭാഷ,, ചതുര ഭാഷ' എന്നിങ്ങനെയും വിശേഷണങ്ങൾ അനവധി ഉണ്ടായിരുന്നു.... വിശേഷിപ്പിക്കുന്നവർ 'പത്ര ഭാഷ' എന്ന സംസ്കാര സമ്പന്നമായ പ്രയോഗരീതിയെക്കുറിച്ച് ബഹുമാനം സൂക്ഷിച്ചു മാത്രം ചിന്തിക്കുകയും, സംസാരിക്കുകയും ചെയ്തിരുന്നു...

ഇന്ന് ദൃശ്യ-മാധ്യമ ഭാഷക്ക് മുൻപ് പറഞ്ഞ വിധമായ മേന്മയില്ല... നാടൻ സംസാര ശൈലികൾ ദൃശ്യ മാധ്യമങ്ങൾ കടം കൊള്ളുകയും അച്ചടി മാധ്യമങ്ങൾ അതേ വഴി പിന്തുടരുകയും ചെയ്തതോടെ  ദൃശ്യ മാധ്യമ ഭാഷ അടിസ്ഥാന പത്ര ഭാഷയിൽ നിന്നും ഒരുപാട് വേറിട്ടു നിൽക്കുന്നു...അത് ഈ മേഘലയിലെ ച്യുതിയായിത്തന്നെ ചൂണ്ടിക്കാണിക്കപ്പെടണം...  പത്ര മാധ്യമ രംഗത്തെ ച്യുതിക്ക്‌ കാരണം സ്വകാര്യ വ്യക്തികൾ നടത്തുന്ന മാധ്യമ പ്രവർത്തനങ്ങൾ കാരണമാണ് എന്നും പറയുക വയ്യ... കേരളചരിത്രത്തിൽ മാത്രം നൂറ്റാണ്ടുകളായി പത്ര പ്രവർത്തനം നടത്തി വരുന്ന സ്വകാര്യ സംരംഭകർ എത്രയോ ഉണ്ട്.... രാഷ്ട്രീയ, സാംസ്കാരിക, മത, സാമുദായിക വിഷയങ്ങളിൽ അവർ പക്ഷപാതങ്ങൾ കാണിച്ചിരുന്നു എങ്കിലും അവരുടെ ഭാഷ മാന്യമായിരുന്നു... നിലപാടുകളിലെ ചായ്‌വ് പൊതുജനം തിരിച്ചറിയാതെ സൂക്ഷിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്തിയിരുന്നു... ആ ശ്രമവും പൊതുജനത്തെ വില കല്പിയ്ക്കുന്നതിന്റെ ഭാഗമായി കരുതുവാൻ കഴിയുമായിരുന്നു.. 

മുൻപ് പത്ര മാധ്യമങ്ങൾ ആക്ഷേപ ഹാസ്യത്തെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു... കാർട്ടൂണുകൾ ഉൾപ്പെടെയുള്ള ആക്ഷേപ ഹാസ്യരീതികളെ മികച്ച കലാരൂപങ്ങളായിക്കൂടി കണ്ട് ബഹുമാനിച്ചിരുന്നു.... വിമർശനം ഏറ്റു വാങ്ങുന്നവരും അതിന്റെ സൃഷ്ട്ടാവിനെ ബഹുമാനിച്ചിരുന്നു.. ആ കലയെ അംഗീകരിച്ചിരുന്നു... ആ അംഗീകാരം പൊതു സമൂഹത്തിന്റേതു കൂടി ആയിരുന്നു.... കാരണം ആ വിമർശനങ്ങൾ ഭാഷയുടെ സീമകളെ ലംഘിച്ചിരുന്നില്ല... പ്രതിപക്ഷ ബഹുമാനം എന്ന ജനാധിപത്യ മാനദണ്ഡം ലംഘിച്ചവർ തുലോം കുറവായിരുന്നു... 

മാധ്യമ സംസ്കാരത്തിലെ "സംസ്ക്കാരം" എന്ന വാക്ക് എടുത്തുമാറ്റി പ്രവർത്തിക്കുന്നവരാണ് ഇന്നത്തെ ദൃശ്യമാധ്യമ പ്രവർത്തകർ എന്ന് പറയാതെ വയ്യ... ''വാർത്ത വിൽപ്പന ചരക്ക്'' എന്ന അധഃപതിച്ച ചിന്തയിലേക്ക് എത്തിച്ചവർ ദൃശ്യമാധ്യമ പ്രവർത്തകർ ആണെന്ന് കാണേണ്ടിവരുന്നു... മുൻപ് ഒരു അധികാര സ്ഥാനത്ത് ഉള്ള ഒരുവനെ,, അല്ലെങ്കിൽ ഒരു പൊതു പ്രവർത്തകനെ,, കലാ- സാംസ്കാരിക പ്രവർത്തകരെ;; അപ്രകാരം സമൂഹം അംഗീകരിക്കുന്ന-  ബഹുമാനിക്കുന്ന പല വിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ മാധ്യമങ്ങൾ നേരിട്ടിരുന്ന ഒരു രീതി ഉണ്ടായിരുന്നു.... എത്ര വലിയ പ്രതിയോഗിയെയും നിലം പരിശാക്കുകയും ഒപ്പം പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല രസതന്ത്രം അവിടെയെല്ലാം പ്രവർത്തനത്തിൽ ഉണ്ടായിരുന്നു... 

മഹാരഥന്മാരിൽ നിന്നും തുടങ്ങി വെച്ച, രാജ്യസ്നേഹത്തിൽ വേരുറപ്പിച്ചു വളർന്ന,, ആത്മാഭിമാനത്തെ ജ്വലിപ്പിച്ചു മുന്നേറിയ പത്ര സംസ്ക്കാരം ഇവിടെ മരിച്ചു പോയി എന്നു തന്നെ പറയാം.... ഇവിടെ ഏതൊരുവനെതിരെയും ആക്രോശിക്കാൻ മാത്രം ശീലിച്ച,, തങ്ങൾ മാത്രമാണ് എന്തിന്റെയും, ഏതിന്റെയും നിർണ്ണയ ശക്തി എന്ന് അഹങ്കരിക്കുന്ന, ഒരു പത്ര സ്ഥാപനം ജോലി നൽകാൻ കാരണമായ ഒരു ഡിഗ്രിയോ, ഡിപ്ലോമയോ ലോകത്തെ മുഴുവൻ നിയന്ത്രിക്കാനും, നിർണ്ണയിക്കാനുമുള്ള അധികാര പത്രികയായി കരുതുകയും ചെയ്യുന്ന ഒരു വിഭാഗം മാധ്യമ ജീവികൾ ഈ മേഘലയുടെ എല്ലാ മഹനീയതയും നശിപ്പിച്ചു എന്നതാണ് സത്യം... സ്വന്തം രാഷ്ട്രീയത്തെയും, മതത്തേയും,, താല്പര്യങ്ങളെയും ഏറ്റവും ഉയർന്ന വിലക്ക് വിൽക്കുവാനുള്ള ഒരുവിനിമയ മേഖല മാത്രമായി പത്ര പ്രവർത്തന രംഗം അധഃ പതിച്ചു... 

സ്വന്തം മതവും,, രാഷ്ട്രീയവും പൊതുജന ശ്രദ്ധ അധികമാകർഷിക്കാത്തവിധം ഒളിച്ചു കടത്തിയിരുന്ന മനോരമയുടെയും, മാതൃഭൂമിയുടെയും പത്ര രീതികൾ തങ്ങളുടെ രാഷ്ട്രീയവും,, മതവും,, നിലപാടുകളും, വെല്ലുവിളിച്ചു കടത്തിയിരുന്ന ദേശാഭിമാനിക്കും,, ജന്മഭൂമിക്കും,, ചന്ദ്രികയ്ക്കും സമാനമായി മാറി... ഒരു വാർത്ത ""ഏത് മാധ്യമത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്"" എന്ന പ്രസക്തചോദ്യത്തിന് ഉത്തരം കണ്ടതിനു ശേഷം മാത്രം ആ വാർത്തയുടെ ആഴവും, പരപ്പും,, പ്രാധാന്യവും വിലയിരുത്തേണ്ട ഉത്തരവാദിത്വം വീക്ഷകന്‌ ഉണ്ടായി...  വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്ന വലിയ ജോലിക്കപ്പുറം 'നിലപാടുകൾ' സ്വീകരിക്കുക എന്ന അധിക ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ദൃശ്യ- പത്ര മാധ്യമ രംഗം മലീമസ്സമായി... 

 " അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്ന്" മുൻകാലങ്ങളിൽ പരിഹാസത്തോടും, ആശ്ചര്യത്തോടും ജനങ്ങൾ പറഞ്ഞിരുന്നതാണെങ്കിൽ അമ്മയെ തല്ലുന്നതിലെ ന്യായവും,, അന്യായവും പത്രക്കാർ അന്തിചർച്ച നടത്തി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു... ഈ ചർച്ചകളിൽ ലയിച്ച പ്രേക്ഷകരിൽ ഒരു വിഭാഗം "അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയും തല്ലുകൊള്ളാൻ യോഗ്യയാണ്"" എന്ന നിഗമനത്തിൽ കളം വിട്ടു... കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടെ അമ്മയെ തല്ലുന്നത് "തെറ്റ്" മാത്രമായിരുന്നു... 

സമൂഹത്തിൽ ഉയർന്നു വരുന്ന ഏതൊരു വിഷയത്തിന്റെയും പ്രാധാന്യം ഇല്ലാതാക്കുന്നത് ദൃശ്യ- പത്ര മാധ്യമങ്ങളാണ്.. സമൂഹം ഒറ്റ ശബ്ദമായി നിലകൊള്ളേണ്ട വിഷയങ്ങളെ അവർ സമൂഹം രണ്ടായി നിന്നു തർക്കിക്കേണ്ട വിഷയങ്ങളാക്കി മാറ്റുന്നു... ഈ പ്രവർത്തി സമൂഹത്തിന് തർക്കങ്ങളിലൂടെയും,, ചർച്ചകളിൽക്കൂടിയും നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള കഴിവിനെയാണ് വർദ്ധിപ്പിക്കുന്നത് എന്നവർ പ്രചരിപ്പിക്കുകയും ചെയ്യുന്നു... യഥാർഥത്തിൽ ചർച്ചകളുടെ കോലാഹലങ്ങളിൽ ഒരുപാട് താൽപ്പര്യങ്ങളെ ഇക്കൂട്ടർ ഒളിച്ചു കടത്തുന്നു... അതിർത്തിയിൽ ഭീകരർ കടന്നു കയറുമ്പോൾ പാകിസ്ഥാൻ പട്ടാളം കവറിങ് ഫയർ നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്... ഇവിടെ തങ്ങളുടെ താൽപ്പര്യങ്ങളെ ഒളിച്ചു കടത്തുന്നതിനുള്ള കവറിങ് ഫയറാണ് മാധ്യമങ്ങൾ സംഘടിപ്പിക്കുന്ന പല ചർച്ചകളും....

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടെ രാജ്യ താൽപ്പര്യങ്ങൾക്ക് എതിരായി നിൽക്കുന്ന ഒന്നും രണ്ടായി നിന്ന് ചർച്ച ചെയ്യപ്പെടുമായിരുന്നില്ല... അതിനു താല്പര്യമുണ്ടായിരുന്നവരും അതിനുള്ള ധൈര്യം കാണിച്ചിരുന്നില്ല... ഇന്ന് രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവനു വേണ്ടിയും സ്വതന്ത്ര ചർച്ചകൾ സംഘടിപ്പിക്കപ്പെടുന്നു... രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവൻ ഒറ്റപ്പെടേണ്ടവനാണെന്നുള്ള സാമൂഹ്യ ബോധത്തിനാണ് ഈ ചർച്ചകൾ തുരങ്കം വെയ്ക്കുന്നത്... അങ്ങനെ പലതും.... മുൻപു പറഞ്ഞതു പോലെ  "അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയും തല്ലുകൊള്ളാൻ യോഗ്യയാണ്" എന്ന നിഗമനത്തിൽ എത്തുന്നതു പോലെ ഒരു വിഭാഗം രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവനും അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടെന്നും അവയും സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുമുള്ള നിഗമനങ്ങളിൽ എത്തിച്ചേരുന്നു... തീർച്ചയായും ഇപ്രാകാരമുള്ള മാധ്യമ പ്രവർത്തനം രാജ്യത്തിന്റെ സുരക്ഷയേയും കെട്ടുറപ്പിനെയും ബാധിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട...രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവന് ആശയപരമായി ആളെക്കൂട്ടുന്നതിന് ഈ മാധ്യമ പ്രവർത്തനം വഴി വെയ്ക്കുന്നു... 

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് വിമർശന സ്വാതന്ത്ര്യത്തെ ഇത്രയധികം മ്ലേശ്ചമായി കൈകാര്യം ചെയ്യുന്ന ഒരു മാധ്യമ രീതി ഉണ്ടായിരുന്നില്ല... വിമർശിക്കാനും,, പരിഹസ്സിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും മാനിച്ചു കൊണ്ടു തന്നെ പറയട്ടെ... നിന്റെ സ്വാതന്ത്യം എന്റെ മൂക്കിൻ തുമ്പിൽ അവസ്സാനിക്കുന്നു എന്ന അവകാശവും കാണണം... റേറ്റിങ്ങ് കൂട്ടുവാനും,, ആൾക്കാരെ ആകർഷിക്കാനും എത്ര തരം താണ പദ പ്രയോഗങ്ങളും നടത്താൻ മാധ്യമങ്ങൾ പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങൾ മടിക്കുന്നില്ല... രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക- വിദ്യാഭ്യാസ്സ- വ്യവസ്സായ-- കലാ-- ഉദ്യോഗസ്ഥ മേഘലയിലെ;; ആരെയും,, വിമർശിക്കുന്നതിനും,, പ്രവർത്തിയിൽ പോരായ്മയെ പരിഹസിക്കുന്നതിനും അപ്പുറം താണ തരം വാക്കുകൾ കൊണ്ട് അപമാനിക്കാൻ ഒരു മാധ്യമ സ്ഥാപനത്തിന്റെ ശമ്പളം പറ്റുന്നു എന്ന വിലാസത്തിന് ആരധികാരം നല്കി?? വിമർശനത്തിനു മാത്രമാണ് ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്... പരിഹസിക്കാൻ കഴിയുന്നത് മറ്റൊരുവന്റെ പ്രവർത്തിയിലെ പോരായ്മയെയാണ്... ഒരിക്കലും മറ്റൊരുവനെയല്ല... 

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു മാധ്യമ സ്ഥാപനത്തിലെ അവതാരകൻ സർവ്വ ജനങ്ങൾക്കും നേരേ ""കോപ്പാണ്""" എന്നൊരു പദ പ്രയോഗം നടത്തില്ല... രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നിരന്തരം പ്രയാണ മന്ത്രി എന്ന് മാത്രം സംബോധന ചെയ്യില്ല... പ്രതിപക്ഷ നേതാവിനെ പൗഡർ കുട്ടപ്പൻ എന്ന് വിളിക്കില്ല... മുതിർന്ന രാഷ്ട്രീയ നേതാവിനെയും,, മുഖ്യമന്ത്രി പദം അലങ്കരിച്ചയാളെയും അച്ചുമാമ എന്ന് പറയില്ല... അങ്ങനെ നിങ്ങൾ അപമാനിക്കുന്ന ഉയർന്ന വ്യക്തിത്വങ്ങൾ എത്ര അധികം!? നിങ്ങൾ പത്ര പ്രവർത്തകർ ഈ സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും പ്രവർത്തി ദോഷങ്ങളും, പോരായ്മകളും വിളിച്ചു പറയൂ.. അപ്പോഴും നിങ്ങൾ മാന്യരാണെന്നു തെളിയിക്കൂ... നിങ്ങളുടെ പ്രതിപക്ഷ ബഹുമാനം നിറഞ്ഞ വാക്കുകളിലും പ്രവർത്തികളിലും കൂടി...!! തീയേറ്ററിൽ നാലു ടിക്കറ്റ് അധികം വിറ്റുപോകാൻ വേണ്ടി തരം താണ ഡയലോഗ് പറയുന്ന ഇക്കിളി നായകൻറെ റോളല്ല ഒരു മാധ്യമ പ്രവര്ത്തകന് സമൂഹ മധ്യത്തിൽ ഉള്ളത് എന്ന് തിരിച്ചറിയൂ....

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് "പറഞ്ഞു നാറ്റിക്കും" എന്ന ഭയപ്പാടോടെയല്ല ഒരു പത്രപ്രവർത്തകനെ പൊതു സമൂഹം നോക്കിക്കണ്ടിരുന്നു... തങ്ങളുടെ കണ്ടെത്തലുകളും നിഗമനങ്ങളും പൊതുജന മധ്യത്തിൽ തുറന്നു വെച്ചു കൊടുക്കുന്നതാണ് മാധ്യമ ധർമം... മാധ്യമങ്ങൾ തുറന്നു കാണിക്കുന്ന വസ്തുതകൾക്ക് അവയുടെ യഥാർഥ നിറം തന്നെ ആയിരിക്കണം... ഇന്ന് അവസ്ഥ മാറിയിരിക്കുന്നു... മാധ്യമങ്ങൾ അവർ താല്പര്യപ്പെടുന്നത് മാത്രമേ കാണുന്നുള്ളൂ... അവർക്കു ലഭിക്കുന്ന വാർത്തകളിലേക്കു അവർ ഇഷ്ട്ടപ്പെടുന്ന നിറങ്ങൾ കലർത്തി പൊതു സമൂഹത്തിനു മുൻപിൽ വിളമ്പുകയും ചെയ്യുന്നു... അതു മാത്രമല്ല, തങ്ങൾ അവതരിപ്പിക്കുന്ന നിറമാണ് യാഥാർത്ഥ നിറം എന്ന് മറ്റെല്ലാവരും വിശ്വസ്സിക്കണം എന്ന് വാശി പിടിക്കുന്നു... അതിനായി ആക്രോശിക്കുന്നു... ആ ആക്രോശങ്ങളിൽക്കൂടി സമൂഹത്തിന്റെ സമസ്ത മേഖലയെയും തങ്ങളുടെ കടിഞ്ഞാണിനുള്ളിലാക്കാൻ ശ്രമിക്കുന്നു.. ആ ശ്രമം ഭരണഘടനാ സ്ഥാപനങ്ങൾക്കു നേരേ വരെ തിരിയുമ്പോൾ സമൂഹം ആശങ്കപ്പെടേണ്ടതുണ്ട്...

സദസ്സിന്റെ ഏറ്റവും പുറകിൽ നിൽക്കുന്ന ആസ്വാദകന് വരെ അനുഭവയോഗ്യമാകാനാണ് നാടകങ്ങളിൽ നമ്മൾ തിരിച്ചറിയുന്ന നാടകീയത കലർത്തിയിരിക്കുന്നത് എന്ന് പറയപ്പെടുന്നു... അതുപോലെ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും മനസ്സുകളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ അൽപ്പം നാടകീയത വാർത്തകളിലും കലർത്തുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ... അതിൽ ഒരു ഏക സ്വഭാവം ഉണ്ട്... എന്നാൽ ഇന്ന് മാധ്യമങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസ്സരിച്ചു ശബ്ദത്തെ ഉയർത്തിയും താഴ്ത്തിയും പറയുന്നു... അടുത്ത കാലത്തു കേട്ട ഒരു തമാശയാണ്;; അറിവിനായി പത്രം വായിക്കുന്നു... ആരോഗ്യത്തിനായി പച്ചക്കറി കഴിക്കുന്നു.. എന്തു ചെയ്യാം രണ്ടിലും വിഷമാണ്...

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് വിമർശനത്തിനും, പരിഹാസത്തിനും യുക്തി ഉപയോഗിക്കാതെ വിമർശിക്കാനായി വിമർശിക്കുകയും, പരിഹസിക്കാനായി പരിഹസിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനം ഇവിടെ ഉണ്ടായിരുന്നില്ല... ഏതൊരു പ്രവർത്തിയിലേയോ, ആശയത്തിലെയോ മൂല്യമോ, നന്മയോ കാണാതെ വിമർശിക്കുകയും പരിഹസ്സിക്കുകയും ചെയ്യുന്ന ച്യുതി സമൂഹത്തിനെ ദോഷമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു... പത്രക്കാർ സമൂഹത്തിലേക്ക് കുത്തിവയ്ക്കുന്ന ഈ Psychotropic drugs സമൂഹത്തിലേക്ക് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു... ഇന്ന് പൊതു സമൂഹത്തിലെ ഏറിയ പങ്ക് ആൾക്കാർക്കും അപഗ്രഥിച്ചു മനസ്സിലാക്കാതെ പരിഹസിക്കാനാണ് താൽപ്പര്യം... വർത്തമാനകാലത്തിൽ മാധ്യമ പ്രവർത്തനം ചരിത്ര കാലത്തും നില നിന്നിരുന്നെങ്കിൽ നമ്മൾ മഹാന്മാർ എന്ന് വിളിച്ചിരുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാകുമായിരുന്നില്ല... ഗാന്ധിയോ,, ശ്രീ നാരായണ ഗുരുവോ, പൽപ്പുവോ, അയ്യങ്കാളിയോ,, ബുദ്ധനോ,, ശങ്കരനോ ആരും ഉണ്ടാകുമായിരുന്നില്ല... ഇവർ ആരെങ്കിലും സമൂഹത്തോട് പറഞ്ഞ ആദ്യ വാക്കിനെത്തന്നെ അന്തി ചർച്ച നടത്തി കേവലനായ ഒരു പത്ര പ്രവർത്തകന്റെ ബുദ്ധിയിലും, യുക്തിയിലും ഇട്ട് ഭേദ്യം ചെയ്തു മഥിച്ചു രണ്ടാമതൊരു വാക്കു പറയാൻ ഇവരാരും യോഗ്യരല്ല എന്ന് പ്രഖ്യാപിച്ചു പതിനഞ്ചു നിമിഷത്തെ കൊമേഴ്‌സ്യൽ ബ്രെക്കിന് കട്ട് പറഞ്ഞു എഴുനേറ്റു പോയിട്ടുണ്ടാകും...

മാധ്യമ സ്വാതന്ത്രവും, പ്രവർത്തനവും ഒരു ജനാധിപത്യ സമൂഹത്തിന് ഒഴിച്ചു കൂടാൻ കഴിയാത്തത് ആയതു കൊണ്ടാണ് മലിനമായാലും അതും പേറി നടക്കേണ്ടി വരുന്നത്.. കച്ചവട വൽക്കരിക്കപ്പെടുന്ന മാധ്യമ പ്രവർത്തനത്തെ തിരിച്ചറിയാനുള്ള ബുദ്ധി സമൂഹം ആർജ്ജിക്കണം... അപ്രകാരമുള്ള സമൂഹം കള്ള നാണയങ്ങളെ അവഗണിക്കും.. ആ അവഗണന അവരുടെ നിലനിൽപ്പിനെ ബാധിക്കും.. അത് ശരിയായ പ്രവർത്തനത്തിലേക്ക് അവരെ നയിക്കും.... ജനതക്ക് അർഹതപ്പെട്ടതേ അവർക്കു കിട്ടൂ...


[Rajesh Puliyanethu
 Advocate, Haripad]