'മതിലുകൾ' എന്ന വാക്ക് ആർദ്രതയോടെ മലയാളി മനസ്സിൽ വരച്ചിട്ടത് ശ്രീ വൈക്കം മുഹമ്മദ് ബഷീർ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലാത്ത നാരായണിയെ തീവ്രമായി പ്രണയിക്കുന്നതു കണ്ടിട്ടായിരുന്നു...
'മതിലുകൾ' മനസ്സുകൾ കൊണ്ട് തീർത്ത് ഒറ്റക്കെട്ടായി നിന്നു പൊരുതി വിദേശ ആധിപത്യത്തിന്റെ ചെങ്കോലും, കിരീടവും കടലാഴങ്ങളിലേക്ക് ചവിട്ടി താഴ്ത്തിയ കഥ ആത്മാഭിമാനത്തിന്റെ ചൂടൻ പാരമ്പര്യമായി ഓരോ വ്യക്തിയുടേയും മനസ്സിലുമുണ്ട്....
'മതിലുകൾ' എന്ന വാക്ക് ചരിത്രത്തിൽ നിന്നും വിസ്മയത്തോടെ നമ്മൾ നോക്കിക്കണ്ടത് ചൈനാ വന്മതിലിനെയായിരുന്നു... സ്വന്തം സാമ്രാജ്യത്തെ പല വിധ ശത്രുക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിച്ചു നിർത്താൻ പല കാലഘട്ടത്തിലെ ഭരണാധികാരികൾ നിർമ്മിച്ച ആറായിരത്തിൽപ്പരം കിലോമീറ്ററുകളുടെ ദൈർഘ്യമുള്ള വിസ്മയം....
'മതിലുകൾ' പിന്നീട് സാമൂഹീക ജീവിതത്തിലെ ഇടുങ്ങിയ ചിന്താഗതികളുടെ പ്രതിഫലനമായി വീടുകൾക്കു ചുറ്റും നമ്മൾ തീർത്തു വെച്ചു... ആ മതിലുകൾക്കുള്ളിൽ നാം സുരക്ഷിതരാണെന്ന് ഊറ്റം കൊണ്ടു.... പ്രളയജലം ദന്ത ഗോപുരങ്ങളുടെ മിനാരങ്ങളെ വരെ വിഴുങ്ങിയപ്പോൾ അതിനുള്ളിൽ ജീവനുകൾക്കായി കേണവരെ രക്ഷിക്കാൻ ''മതിലുകൾക്ക് പുറത്തു നിർത്തിയിരുന്നവർക്ക്'' ഉണ്ടായിരുന്ന പ്രധാന തടസ്സവും ഇതേ മതിലുകൾത്തന്നെയായിരുന്നു....
'മതിലുകൾ' നമ്മുടെ സാമൂഹിക ജീവിതത്തെ കൂടുതൽ ഇടുക്കുകയും,, പരസ്പരം വളരെ അധികം അകറ്റുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇന്ന് സംജാതമായിരിക്കുന്നു... 'വനിതാ മതിൽ' എന്ന ചിന്ത തന്നെ അതാണ് വിളിച്ചു പറയുന്നത്.... 'നവോഥാനം' എന്ന ചായം പുരട്ടിയാൽ ഈ മതിലിലെ വിള്ളലുകൾ മറയ്ക്കാൻ കഴിയില്ല... പുരുഷന്മാരെ മാറ്റിനിർത്തിയാൽ നവോഥാനം സാധ്യമാണെന്നത് ആരുടെ വികല ചിന്തയിൽ ഉദിച്ചതാണ്!?? ഹിന്ദു സാമുദായിക സംഘടനകളിലെ സ്ത്രീകളെ അണി നിരത്തി മാത്രം എന്തുതരം നവോഥാനമാണ് സാധ്യമാകുന്നത്...
'മതിലുകൾ' ക്ഷേത്രങ്ങളുടെയും പള്ളികളുടെയും അതിർത്തികളിൽ ഉയർന്നത് ആ മതിൽക്കെട്ടിനുള്ളിൽ പാലിക്കേണ്ട ആചാരങ്ങളെയും, നിയമങ്ങളെയും ഓർമ്മപ്പെടുത്താനാണ്... പൊതു സമൂഹത്തിന് ആപത്കരമായ എന്തെങ്കിലും ആ മതിൽക്കെട്ടിനുള്ളിൽ ഉണ്ടെങ്കിൽ വാതിലുകൾ തള്ളിത്തുറന്നു ചെന്ന് വിശ്വാസികളുടെ ചിന്തയെ സ്വാധീനിച്ചു കൊണ്ട് തിരുത്തണം... മറിച്ചു് ആരാധനാലയങ്ങളുടെ മതിലുകൾ ഇടിച്ചു നിർത്തിക്കൊണ്ടാകരുത്... അത് ഒരിക്കലും നവോഥാനമല്ല... അതിനു ശ്രമിക്കുന്നവർ നവോഥാന നായകരുമല്ല....
'മതിലുകൾ' വനിതകൾക്കു വേണ്ടിയും,, ജാതി സംഘടനകൾക്ക് വേണ്ടിയും മാത്രം പരിമിതപ്പെടുത്തി നിർമ്മിക്കുമ്പോൾ അത് ഒരു പരാജത്തെ മറച്ചു വെയ്ക്കാൻ നിർമ്മിക്കുന്ന കേവലം ഒരു 'മറ' മാത്രമേ ആകുന്നുള്ളൂ... ഇന്നത്തെക്കാലം ആവശ്യപ്പെടുന്നത് ഇടുങ്ങിയ ചിന്താഗതികൾ തീർത്ത മതിലുകൾ പൊളിച്ചെറിയാനാണ്.... കൂടുതൽ മതിലുകൾ നിർമ്മിച്ച് കെട്ടുകളിലേക്ക് ചുരുങ്ങാനല്ല....
[Rajesh Puliyanethu
Advocate, Haripad]
No comments:
Post a Comment
Note: only a member of this blog may post a comment.