കേരളത്തിന്റെ മെഗാസ്റ്റാർ കർഷകന്റെ റോളിൽ എന്നാണ് കുറച്ചു ദിവസ്സം മുൻപ് നമ്മൾ കണ്ട വാർത്ത.. കാർഷിക വൃത്തിയോട് നടൻ കാണിക്കുന്ന താൽപ്പര്യത്തെയും, അതിന് തുനിഞ്ഞെറങ്ങാൻ കാട്ടിയ മനസ്സിനെയും മാധ്യമങ്ങൾ പുകഴ്ത്തുന്നതും നമ്മൾ കേട്ടു.. സോളാറിന് വേണ്ടി തങ്ങളുടെ മുഴുവൻ സമയവും ഡെഡിക്കേറ്റ് ചെയ്തിരുന്ന ദ്രിശ്യ മാധ്യമങ്ങൾ മമ്മൂട്ടിയുടെ കാർഷിക സംരംഭത്തിന് സമയം മാറ്റിവെയ്ക്കാനുള്ള മനസ്സും കാട്ടി.. ലാഭേച്ച കൂടാതെ താൻ ചെയ്യുന്ന കാർഷിക സംരംഭത്തെയും, തന്റെ കാർഷിക പാരമ്പര്യത്തെയുംകുറിച്ച് മാധ്യമ പ്രസ്സംഗം നടത്തി മെഗസ്റ്റാരും തത് അവസ്സരം പ്രയോജനപ്പെടുത്തി..
നാട്ടിൽ അരങ്ങേറുന്ന പലവിധ നാടകങ്ങളിൽ ഒന്നായി ഇതിനെയും ജനങ്ങൾ കണ്ടു തള്ളി.. നാലു ഞാറു നട്ടു മടങ്ങി മെഗാസ്റ്റാർ.. ആ ഞാറിന്റെ വിത്തുവിതച്ചതും 'മെഗാ' അല്ല.. ഇനിയുള്ള ഞാറുകൾ നടുന്നതും 'മെഗാ' അല്ല.. കളപറിക്കുന്നതും, കീടത്തെ ആട്ടുന്നതും, കൊയ്യുന്നതും, തൂറ്റുന്നതും ഒന്നും 'മെഗാ' അല്ല.. തന്റെ കൃഷിയിൽ നിന്നുള്ള ലാഭത്തെക്കുറിച്ച് 'മെഗാ' ബോധാവാനുമല്ല.. അതിനാൽത്തന്നെ കൃഷിയിറക്കൽ മാമാങ്കത്തോടെ കൃഷിയിറക്കൽ നാടകവും കാർഷികഅവബോധനകോലാഹലങ്ങൾക്കും തിരശീല വീണു എന്ന് കരുതിയതാണ്..
മിന്നലിനു ശേഷം വരുന്ന ഇടി പോലെ വിവാദങ്ങൾക്ക് ഒരു ദിവസ്സത്തെതാമസ്സമുണ്ടായി എന്ന് തോന്നുന്നു.. വിവാദ-വിപ്ലവ ഉൽസ്സുകികൾക്ക് രണ്ട് കാര്യങ്ങളിലാണ് അദ്ദേഹത്തോട് ആലോസരത തോന്നിയത്.. ഒന്ന് കൂളിംഗ് ഗ്ലാസ് ധരിച്ച് കൃഷി ചെയ്യാനെത്തിയത്.. രണ്ടാമത്തത് അൽപ്പം കൂടി ഗൌരവമേറിയതായിരുന്നു.. ഒരു കർഷകനെക്കൊണ്ട് അദ്ദേഹം കാൽ കഴുകിച്ചു എന്നതായിരുന്നു അത് .. മാധ്യമങ്ങളും സോഷ്യൽ മീഡിയയും അതീവ പ്രാധാന്യത്തോടെയും, തീഷ്ണമായും, വികാരപരാമായും പ്രസ്തുത വിഷയത്തെ അവതരിപ്പിച്ചു..
വികാരത്തിനും, തീഷ്ണതയ്ക്കും വശംവതരാകാതെ ഒരു വിഷയത്തെ സൂഷ്മമായി അപഗ്രഥിച്ചു മനസ്സിലാക്കി പ്രതികരിക്കാൻ പലരും ശ്രമിക്കുന്നില്ല അല്ലെങ്കിൽ അതിന് താൽപ്പര്യപ്പെടുന്നില്ല!! അതിനു ശ്രമിച്ചാൽ ഒരു വിവാദത്തിന്റെ ആസ്വാദ്യത തനിക്കു നഷ്ടപ്പെടുമോ എന്ന് അക്കൂട്ടർ ഭയക്കുന്നു എന്ന് തോന്നിപ്പോകും.. മമൂട്ടിയുമായി ബന്ധപ്പെട്ട വിവാദത്തെത്തന്നെ നോക്കൂ.. ഒരു വിവാദമാകത്തക്ക എന്ത് ഘടകമാണ് അതിലുള്ളത്??
ഒരു മെഗാസ്റ്റാർ കൃഷിയിൽ താല്പ്പര്യം കാട്ടുന്നു എന്നതായിരുന്നു മമ്മൂട്ടി കൃഷിയിറക്കുന്നതിലെ വാർത്താ പ്രാധാന്യം.. അല്ലെങ്കിൽ ഒരു കാർഷിക രാജ്യമായ ഭാരതത്തിൽ ഒരുവൻ നാലു ഞാറു നടുന്നതിൽ എന്തു വാർത്തയാണുള്ളത്.. അപ്പോൾ മെഗാസ്റ്റാർ കൃഷിയിറക്കുന്നതായിത്തന്നെ നമ്മളും അതിനെക്കാണണം.. അദ്ദേഹം കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചു എന്നത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം എന്നതിന് അപ്പുറം ചിന്തിച്ചാലും തെറ്റായി ഒന്നും കാണാൻ കഴിയില്ല.. പ്രത്യേകിച്ച് 'ജാഡ' അലങ്കാരമായും ആഭരണമായും കൊണ്ടു നടക്കുന്ന- അപ്രകാരം ജനങ്ങൾ മനസ്സിലാക്കുന്ന മമ്മൂട്ടി എന്ന നടൻ.. കർഷകന്റെ വേഷം കെട്ടിയാൽ അതുപോലെയാവണം എന്ന് ഒരു വിഭാഗം പറഞ്ഞു കണ്ടു.. ഒന്ന് ചിന്തിച്ചു നോക്കൂ... മമ്മൂട്ടി കൃഷി ചെയ്യാൻ പോകുന്നു എന്നതുകൊണ്ട്; തലയിൽ ഒരു ഓലത്തോപ്പിയും ചൂടി, ഒറ്റ തോർത്തും ഉടുത്ത് എത്തിയിരുന്നെങ്കിൽ!! ജനം ചുറ്റും കൂടിനിന്ന് കൂവി വെളുപ്പിച്ചുണ്ടായിരുന്നിരിക്കും!!
കൂളിംഗ് ഗ്ലാസ് വിഷയം ഒരു തമാശ ആയിരുന്നെങ്കിൽ സാംസ്ക്കാരികമായും സാമൂഹികപരമായും വളരെ ഗൌരവമേറിയ വിഷയമായിരുന്നു രണ്ടാമത്തേത്.. തന്റെ കാലിലെ ചെളി മെഗാസ്റ്റാർ ഒരു കർഷകനെകൊണ്ട് കഴുകിച്ചു എന്നതായിരുന്നു അത്.. പക്ഷെ വികാര തീഷ്ണതയോടെ ആ വിഷയം ചർച്ചചെയ്തതിൽ എത്ര പേർ ആ സംഭവത്തിന്റെ വീഡിയോ കാണുന്നതിനുള്ള ക്ഷമ കാണിച്ചു എന്നതാണ് എന്റെ ചോദ്യം..? നടനെ പ്രതിസ്ഥാനത്ത്നിർത്തി വിവരിച്ച ദൃശ്യമാധ്യമങ്ങൾ പ്രസ്തുത വീഡിയോയും പ്രദർശിപ്പിക്കാൻ തയ്യാറായത് കൗതുക മുണർത്തുന്നതായി..
നടൻ കാറിൽ വന്നിറങ്ങുന്നത് മുതൽ അദ്ദേഹത്തെ അനുഗമിക്കുന്നതായി നമുക്ക് കാണാൻ കഴിയുന്ന വ്യക്തിയാണ് ചടങ്ങിന്റെ പര്യവസ്സാനത്തിൽ കാൽ കഴുകുന്ന സ്റ്റാറിന്റെ കാലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്നത്.. തുടക്കം മുതൽ ഒരു സേവകന്റെ ശരീരഭാഷ പ്രകടിപ്പിക്കുന്ന ടി യാൻ നടന്റെ ആശ്രിതനോ, ആരാധകനോ ആകാം.. ശ്രദ്ദേയമായ കാര്യം നടൻ കുളത്തിൽ ഇറങ്ങി കാൽ കഴുകുന്ന അവസ്സരത്തിൽ അദ്ദേഹം തന്റെ കാൽ കഴുകുന്നതിനോ, എന്തെങ്കിലും സഹായം ചെയ്യുന്നതിനോ ആഗ്യഭാഷയിൽ പോലും ആരോടും തന്നെ ആവശ്യപ്പെടുന്നില്ല എന്നതാണ്.. തന്റെ കാലിലേക്ക് മറ്റൊരുവൻ വെള്ളം ഒഴിക്കുന്നത് നടൻ ശ്രദ്ദിക്കുന്നതായിപ്പോലും കാണുന്നില്ല..
കാര്യങ്ങൾ ഇത്രയും സുവ്യക്തമായിരിക്കെ എന്തിനാണ് ഒരു വിവാദം?? ഇവിടെ വിവാദങ്ങൾക്കെല്ലാം പിന്നിൽ താല്പര്യങ്ങൾ നിലനിൽക്കുന്നതായി കാണുന്നു.. മാധ്യമങ്ങൾക്ക്, വ്യക്തികൾക്ക്, പാർട്ടികൾക്ക്, ആരാധകർക്ക്, അങ്ങനെ ഓരോരുത്തരുടെയും വീക്ഷണകോണുകളിൽ നിന്ന് നോക്കുമ്പോൾ അവരവർക്ക് ലഭിക്കുന്ന ചെറുതോ വലുതോ ആയ നേട്ടങ്ങളാണ് എല്ലാത്തിനും അടിസ്ഥാനം.. അത് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന പരിക്കുകളെക്കുറിച്ച് ആരും ചിന്തിക്കുന്നതേ ഇല്ല..
സഹൂഹികമായ മറ്റൊരു വിഷയം കൂടി പ്രസ്തുത വിഷയത്തിൽ കലർന്നിരികുന്നു.. സാമ്പത്തികമായും, സാമൂഹിക നിലയിലും ഒക്കെ ഉന്നതനിലയിൽ നില്ക്കുന്ന ഒരാളുടെ കാൽ കഴുകാൻ തയ്യാറായി നിൽക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്.. ദാരിദ്രമോ, നിലനില്പ്പിന്റെ വ്യാകുലതയോ, അമിത ആരാധനയോ ഒക്കെ ആകാം അപ്രകാരമുള്ള ഒരു പ്രവർത്തിയിലേക്ക് ഒരുവനെ നയിക്കുന്നത്.. എന്തിന്റെ പേരിലായാലും അത്തരം വികാരങ്ങളിൽ നിന്നും സമൂഹം ഉയരേണ്ടതുണ്ട്.. അത്തരം അടിമത്വത്തിന്റെ സ്പർശമുള്ള പ്രവർത്തികളിൽ നിന്നും ഓരോരുത്തനും അകന്നു നിൽക്കണമെന്നും സ്വാഭിമാനത്തോടെ ജീവിക്കണമെന്നും നാം നമ്മുടെ സമൂഹത്തെയാണ് പഠിപ്പിക്കേണ്ടത്.. അതിനാവശ്യമായ ജീവിത ഘടകങ്ങൾ സർക്കാരുകൾ ഉറപ്പുവരുത്തുകയും വേണം..
എന്തിനും ഏതിന്നും വിവാദം സൃഷ്ട്ടിക്കുന്നവർ നമ്മെ ഓരോരുത്തരെയും ഉപയോഗപ്പെടുത്തിയാണ് ലക്ഷ്യം നിറവേറ്റുന്നത്.. മറ്റുള്ളവർ പറയുന്നതിനെ അതുപോലെ ഉൾക്കൊള്ളാതെ സ്വതന്ത്രമായ ബുദ്ധിയോടെ വിഷയത്തെ അപഗ്രഥിച്ചു മനസ്സിലാക്കാൻ നാമോരുരുത്തരും ശ്രമിക്കുക എന്നത് ചൂഷണത്തിൽ നിന്ന് രക്ഷനേടുവാനുള്ള ഒരു മാർഗ്ഗം കൂടിയാണ്...
[Rajesh Puliyanethu
Advocate, Haripad]