Saturday, 13 July 2013

ക്രിമിനൽ കേസ്സിൽ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനധി വട്ടപ്പൂജ്യം?? വോട്ടു ചെയ്തവൻ ശശി@ കോടതിവിധി ജനാധിപത്യത്തിന്റെ കടക്കലെ കത്തി!?


       രാഷ്ട്രീയ പ്രവർത്തകരും, ജനപ്രതിനിധികളും ക്രിമിനൽ കേസ്സുകളിൽ പ്രതികളായതും, ക്രിമിനൽ കേസ്സിലെ പ്രതികൾ ജനപ്രതിനിധികളായതും ഒരു ജനത നിർവികാരതയോടെ കണ്ടുനിന്നു.. ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന നേതാക്കന്മാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിരം കാഴ്ചയായി.. ക്രിമിനൽ കേസ്സുകളിൽ പ്രതികളായും ജനപ്രതിനിധികളായും ഒരേസമയം വിലസ്സുന്നവർ പ്രബുദ്ധ കേരളത്തിന്റെയും കാഴ്ചയായി.. കൊടും കുറ്റവാളികളും, അഴിമതിക്കാരും ചേർന്ന് രാഷ്ട്രീയത്തിലെ ഭൂരിപക്ഷത്തെ നിയന്ത്രിച്ചപ്പോൾ അസ്വസ്ഥതയോടെ ആ വാർത്തകൾ കേട്ട് നാമെല്ലാം മൂക്കത്ത് വിരൽവെച്ചു!! ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടവരിൽ പലരും വിയജമാണ് നുണഞ്ഞതെന്നത് വിരോധാഭാസം എന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാനും കഴിയില്ല..

       നിലവിലെ കണക്കുകൾ പ്രകാരം ഭാരതത്തിലാകമാനം 1460 ജനപ്രതിനിധികൾ ക്രിമിനൽ കേസ്സുകളിൽ പ്രതികളായി ഉണ്ട്.. പാർളമെൻറ് അംഗങ്ങളിൽ 162 പേരും ക്രിമിനൽ കേസ്സുകളിൽ പ്രതികളാണെന്നാണ് കണക്കുകൾ കാണിക്കുന്നത്..  ക്രിമിനൽ കേസ്സുകളിൽ പ്രതികളാകുക എന്നത് പൊതു പ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നായി ഭൂരിപക്ഷവും അംഗീകരിച്ചു കഴിഞ്ഞു എന്ന് വേണം കരുതാൻ!! അല്ലെങ്കിൽ എന്തുകൊണ്ട് കണ്ടതിനും, കേട്ടതിനും എല്ലാം സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന നമ്മുടെ നാട്ടിൽ ക്രിമിനൽ കേസ്സ് പ്രതികളായവരെ തെരഞ്ഞെടുപ്പിൽ മൽസ്സരിപ്പിക്കുന്നതു തടയണമെന്ന് ആവശ്യപ്പെടുന്ന അറിയപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങൾ ഒന്നും ഉണ്ടായില്ല??

       ജനപ്രതിനിധികൾ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആശ്ചര്യപ്പെടുകയും തോട്ടടുത്ത നിമിഷം അത് മറക്കുകയുമാണ് നാം ചെയ്യുന്നത്.. കാരണം പൊതു പ്രവർത്തനത്തിന്റെ ഭാഗമായി അവർ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെടാനുള്ള സാധ്യതയെ നാം അംഗീകരിക്കുന്നു എന്നുള്ളത് കൊണ്ടാണത്.. രാഷ്ട്രീയ പ്രവർത്തകർക്ക് വ്യവസ്ഥിതികൾക്ക് എതിരെയും, ഭരണകൂടത്തിനെതിരെയും സമരങ്ങളിൽ ഏർപ്പെടെണ്ടതായി വരുന്നു.. അത്തരം സമരങ്ങളിൽ നിയമലംഘനങ്ങൾ സ്വോഭാവികമായും വന്നു ചേരും.. പിന്നീട് ആ സമരങ്ങളുടെ വിജയത്തിൽ ആ നിയമ ലംഘനങ്ങൾ വിസ്മരിക്കപ്പെടും.. സമരവിജയത്തെ പൊതുവായി അന്ഗീകരിക്കപ്പെടുമ്പോൾ സമരമാർഗ്ഗങ്ങൾ എല്ലാം തന്നെ പ്രകീർത്തിക്കപ്പെടും.. ലോകത്ത് ദുഷിച്ച വ്യവസ്ഥിതികളെ എവിടെയെല്ലാം തൂത്തെറിഞ്ഞിട്ടുണ്ടോ അവയെല്ലാം ജനകീയ-രാഷ്ട്രീയ സമരങ്ങളിൽ കൂടിയാണ് സാധ്യമായിരിക്കുന്നത്.. നമ്മുടെ ഭാരതത്തിലും അങ്ങനെതന്നെ.. സ്വാതന്ത്രസമര ചരിത്രവും, സാമൂഹിക പരിണാമചരിത്രവും എല്ലാം പരിശോധിക്കൂ.. അവയെല്ലാം സമരങ്ങളായിരുന്നു.. തത് കാലയളവുകളിൽ നിലനിന്നിരുന്ന വ്യവസ്ഥിതികൾക്കെതിരെ ആയിരുന്നു അവയെല്ലാം.. വ്യവസ്ഥിതി എന്നത് നിലനിൽക്കുന്ന നിയമം എന്നുകൂടി അർഥമാക്കണം.. നിലനിൽക്കുന്ന നിയമത്തിന്റെതന്നെ എതിരെ പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ അവ കേസ്സുകളായി പ്രക്ഷോഭകാരിയുടെമേൽ പതിയുമെന്നതിന് സംശയം നിലനിൽക്കുമോ??

       നിലവിലുള്ള നിയമത്തിനെതിരെ സമരംചെയ്ത് മാറ്റം കൊണ്ടു വരിക എന്നത് ചിലപ്പോൾ സമൂഹത്തിന്റെ അനിവാര്യത ആയിരിക്കും.. ആ മാറ്റങ്ങൾ സമരങ്ങളിൽ കൂടി മാത്രമേ സാധ്യമായിട്ടുള്ളൂ!! മറിച്ച് കോടതി വിധികളിൽ കൂടിയല്ല.. നിലവിലെ നിയമത്തിന് അനുസൃതമായി വിധികൾ പുറപ്പെടുവിക്കാനെ കോടതികൾക്ക് കഴിയൂ.. ബ്രട്ടീഷുകാർ നമ്മെ ഭരിച്ചിരുന്ന അവസ്സരത്തിൽ ഇവിടെ സമരം ചെയ്ത ഭാരതീയർക്കെതിരെ അന്ന് നിലനിന്നിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതികൾ കുറ്റം ചാർത്തി.. ഐതീഹാസ്സികമായ സമരത്തിന്‌ ശേഷം ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ പിന്നീട് വന്ന നിയമത്തിനും, നയത്തിനും അനുസ്സരിച്ച് കോടതികൾ വിധികൾ പുറപ്പെടുവിക്കാൻ തുടങ്ങി.. കോടതികളുടെ ഭാഗം അത്രമാത്രമാണ്.. അല്ലെങ്കിൽ അത്രമാത്രമേ പാടുള്ളൂ.. നിലവിലുള്ള നിയമത്തിനെ നിർവചിക്കുന്നത് മാത്രമാണ് കൊടതികളുടെ ചുമതല.. മറിച്ച് നിയമ നിർമ്മാണമല്ല!! സാഹൂഹിക പരിഷ്കര്ത്താക്കളാകാൻ ജഡ്ജിമാർ ശ്രമിക്കുന്നത് രാജ്യത്തെ ആരാജകത്തത്തിലേക്ക് നയിക്കും!!

       ഭരണപരമായ ചുമതലകൾക്കൂടി തങ്ങൾ നിർവഹിച്ചുകൊള്ളാം, ഇവിടെ ജനങ്ങൾ വിശ്വസ്സിക്കുന്നത് തങ്ങളെ മാത്രമാണ് എന്ന് ധരിച്ച് പ്രവർത്തിക്കുന്ന ജഡ്ജിമാരാണ് ക്രിമിനൽ കേസ്സുകളിൽ ശിക്ഷിക്കപ്പെടുന്നവരോ, പോലീസ് കസ്റ്റഡിയിൽ കഴിയുന്നവർ പോലുമൊ തെരഞ്ഞെടുപ്പിൽ മൽസ്സരിക്കാൻ അയൊഗ്യരാണെന്നുളള തരത്തിലെ വികൃതമായ വിധികൾ പുറപ്പെടുവിക്കുന്നത്!! നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് ഇത്തരം വിധികൾക്ക് പ്രേരകമാകുന്നതും!! ഒറ്റക്കു ഭൂരിപക്ഷമില്ലാത്ത സർക്കാരുകൾ ഇത്തരം ജനാധിപത്യ വിരുദ്ധമായ വിധികളെ പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും അശക്തമാണ്.. രാഷ്ട്രീയ നേതാക്കൾ തന്നെ പലരും തങ്ങളുടെ അഴിമതി കേസ്സുകളിൽ കോടതികളുടെ തീരുമാനത്തിന് കാത്തുനിൽക്കേണ്ടി വരുന്നത് ജനാധിപത്യത്തെ വീണ്ടും അസ്ഥിരപ്പെടുത്തുന്നു..

       കൊടും കുറ്റവാളികളായവർ രാഷ്ട്രീയത്തിലില്ല എന്നോ അവർ രാജ്യം ഭരിച്ച് തിമിർക്കാൻ അനുവദിക്കണമെന്നൊ അല്ല എന്റെ പക്ഷം.. കോടതി നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന വിധി ക്രിമിനൽക്കെസ്സുകളിൽ പ്രതികളായവരെ ഭരണരംഗത്ത് നിന്ന് അകറ്റിനിർത്താൻ സഹായകമായിരിക്കാം.. അതിന്റെ പേരിൽ താൽക്കാലികമായി കൈയ്യടിയും നേടിയേക്കാം.. പക്ഷെ അത് ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാക്കുന്ന വിള്ളൽ വളരെ വലുതാണ്‌...........`... ലെജിസ്ലേചർ, എക്സിക്കുട്ടിവ്, ജൂഡിഷ്യറി എന്ന രീതിയിൽ ഭരണഘടന നിശ്ചയിച്ചിരിക്കുന്ന മഹത്തരമായ അധികാരവികെന്ത്രീകരണം എന്നാ ആശയം തൂത്തെറിയപ്പെടുകയും ജുഡിഷ്യൽ അധികാരങ്ങൾ പരമോന്നതമായി അവരോധിക്കപ്പെടുകയും ചെയ്യും.. രാഷ്ട്രീയമായും, ജനാധിപത്യപരമായുമുള്ള സ്വാതന്ത്രങ്ങളെ അരിഞ്ഞു തള്ളുന്ന രീതിയിലുള്ള വിധിന്യായങ്ങളാണ് അടുത്തിടെ കോടതികളിൽ നിന്നും ഉണ്ടാകുന്നത്.. പൊതുസ്ഥലങ്ങളിലെ സമ്മേളനങ്ങൾ നിരോധിച്ചതും,  ഒൻപതാം അനിച്ചെതത്തിൽപ്പെടുത്തി പാസ്സാക്കുന്ന ഒരു നിയമം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന നിയമനിർമ്മാണ സഭകൾക്ക് ഭരണഘടന അനുവദിച്ച് നൽകിയ വിശേഷാവകാശത്തിൽ പോലും കോടതികൾ കടന്നു കയറിയ കാഴ്ചയും സമീപകാലത്ത് നമ്മൾ കണ്ടു..

       കോടതികൾക്ക് അധികാരങ്ങൾ നൽകിയതും ഭരണഘടനതന്നെയാണ്.. മറ്റു ഭരണസംവിധാനങ്ങൾക്കും അധികാരം പ്രാപ്തമാകുന്നത് ഭരണഘടന അത് അനുവദിച്ചു നല്കുന്നതിനാലാണ്.. നിയമത്തെ വ്യാഖ്യാനിക്കാനും, യുക്തമെന്നു കണ്ടാൽ നിയമനിർമ്മാണസഭ പാസ്സാക്കിയ ഒരു നിയമത്തെ റദ്ദ് ചെയ്യുന്നതിനുള്ള വിശേഷധികാരത്തെയും മുൻനിർത്തിയാണ് കോടതികൾ കടന്നുകയറ്റങ്ങൾക്ക് മുതിരുന്നത്.. ദുർബലമായ സർക്കാരുകളും, മുതലെടുപ്പ് രാഷ്രീയങ്ങളും നിയമനിർമ്മാണ സഭകളുടെ അധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ വിഘാതമായി നിൽക്കുന്നു...

       പ്രസ്തുത വിധിയിൽക്കൂടി സുപ്രീം കോടതി അമിതാവേശം കാട്ടി എന്നും പറയേണ്ടി വരും... ക്രിമിനൽ കേസ്സുകളിൽ ശിക്ഷിക്കപ്പെടുന്ന ദിവസ്സം തന്നെ പാർലമെന്റ് നിയമസ്സഭാ അംഗത്വം നഷ്ടാപ്പെടും എന്നാണ് പരമോന്നത കോടതി വിധിച്ചു വെച്ചിരിക്കുന്നത്.. പോലീസ് കസ്റ്റഡിയിൽ ഉള്ള ആൾക്കാർക്കും തെരഞ്ഞെടുപ്പിൽ മൽസ്സരിക്കാൻ കഴിയില്ല എന്നാണ് വിധിയുടെ വിശദീകരണം.. പഞ്ചായത്ത് അംഗങ്ങൾക്കും വിധി ബാധകമാണോ എന്ന് പിന്നീടറിയാം..

       ഇത്തരം വിധികൾ പ്രസ്ഥാവിക്കുന്നവരുടെ മനോനില പരിശോധിക്കേണ്ടിവരും എന്ന് പറഞ്ഞാലും തെറ്റില്ല.. യാതൊരു വ്യക്തതയുമില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത, പ്രായോഗികയില്ലാത്ത ഒരു വിധിയാണ് ഇത്.. വോട്ടർ എന്ന നിർവചനതിൻ കീഴിൽ വരുന്ന ഒരാൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുള്ളൂ; പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ഒരാൾക്ക്‌ വോട്ട് ചെയ്യാൻ കഴിയില്ല.. അങ്ങനെ വരുമ്പോൾ വോട്ടർ എന്ന സ്ഥാനം നഷ്ട്ടപ്പെടുമെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ മൽസ്സരിക്കൻ കഴിയില്ല എന്നും വിധിയിൽ വിശദീകരിക്കുന്നു.. ഇവിടെ പോലീസ് കസ്റ്റഡി എന്നത് പോലീസ് നേരിട്ട് കസ്റ്റഡിയിൽ എടുക്കുന്നതാണോ അതല്ല കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കുന്ന പ്രതിയാണോ എന്ന് വ്യക്തമല്ല.. പോലീസ് നേരിട്ട് കസ്റ്റഡിയിൽ എടുക്കുന്നതും വിധിയിൽ ഉദ്ദേശിച്ചിരിക്കുന്നു എന്നേ കരുതാൻ കഴിയൂ..ചിന്തിക്കൂ.. ഒരു തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് റാലിയിൽ എന്തെങ്കിലും അക്രമങ്ങളോ മറ്റോ ഉണ്ടാകുന്നു.. അത് തെരഞ്ഞെടുപ്പിന് തലേദിവസ്സം എന്നും കരുതുക!! സ്ഥാനാർഥിയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു.. പിറ്റെദിവസ്സം നടക്കുന്ന തെരഞ്ഞെടുപ്പിൽ ആ സ്ഥാനാർഥി മൽസ്സരത്തിന് അയോഗ്യനാണോ?? ഒരു പക്ഷെ അവിടെ വിജയം സുനിശ്ചിതമായ ജനസമ്മതനായ സ്ഥാനാർഥി ആയിരിക്കും അത്.. ആ സ്ഥാനാർഥിക്ക് മൽസ്സരിക്കൻ കഴിയില്ല എന്ന് കരുതി തെരഞ്ഞെടുപ്പ് റദ്ദു ചെയ്യാനോ പുതിയ തെരഞ്ഞെടുപ്പ് നടത്താനോ കഴിയില്ല?? കാരണം നിയമപരമായ ആ സ്ഥാനാർഥിയുടെ കുറ്റം മൂലമാണ് അയാൾക്ക്‌ മൽസ്സരിക്കൻ കഴിയാതെ പോയത്.. അവിടെ പരാജയപ്പെടുന്നത് ജനാധിപത്യമാണ്.. ഒരു പക്ഷെ ആ സ്ഥാനാർഥിയുടെ വിജയം ജനങ്ങൾ കരുതി വെച്ചിരുന്ന ഒരു മറുപടി ആയിരുന്നിരിക്കാം... ഇവിടെ പോലീസ് കസ്റ്റഡിയിലേക്ക് സ്ഥാനാർഥി എത്തിച്ചേരുന്നതിനെ നിസ്സാരമായി പൊലീസ്സിന്റെ ഒത്താശയോടെ രൂപപ്പെടുത്താവുന്നതെ ഉള്ളു എന്ന് നിസ്സംശയം പറയാം.. സമാനമായ രീതിയിത്തന്നെ ചിന്തിക്കൂ.. ഒരു വ്യക്തിയുടെ സ്ഥാനാർത്തിത്വം മൽസ്സരരംഗത്തുള്ള മറ്റൊരു പ്രമുഖ നേതാവിന്റെ വിജയത്തിന് ഭീഷണി ആകുമെന്ന് കരുതുക.. പോലീസിനെ സ്വാധീനിച്ച് നിസ്സാരമായി ആ ഭീഷണിയെ മറികടക്കാൻ സ്വാധീനശക്തിയായി നിൽക്കുന്ന സ്ഥാനാർഥികഴിയും.. ഇവിടെ അഴിമതിക്ക് വശംവദരാകാത്ത, സ്വാധീനങ്ങൾക്ക് വഴിപ്പെടാത്ത കാക്കിയിട്ടദേവന്മാരാണ് പോലീസ്കാർ എന്നു കൂടി വിധിന്യായത്തിൽ എഴുതിപ്പിടിപ്പിക്കാഞ്ഞത് ആശ്വാസം നല്കുന്നു.. ജനപ്രതിനിധികൾക്ക്മേൽ പോലീസിന് പരോക്ഷമായി അധികാരം നൽകുന്നതാണ് ഈവിധി.. ജനങ്ങൾക്ക്‌ വേണ്ടി പോരാടാനുള്ള രാഷ്ട്രീയ പ്രവർത്തകരുടെ ശക്തിയെ നശിപ്പിക്കുന്നതാണ് ഈ വിധി.. ഇത് പോലീസ് രാജിലേക്കും പോലീസ് അഴിഞ്ഞാട്ടത്തിലേക്കും കൊണ്ടുചെന്നെത്തിക്കും എന്ന് ഭയക്കേണ്ടിയിരിക്കുന്നു..

       ഒരു ക്രിമിനൽ കേസ്സിൽ ശിക്ഷിക്കപ്പെടുന്ന പാർളമെൻറ്, നിയമസ്സഭാ പ്രതിനിധികൾ ശിക്ഷാ വിധി പുറത്തുവരുന്ന അതേ ദിവസ്സം തന്നെ അവരുടെ അംഗത്വം നഷ്ട്ടപ്പെടുമെന്നാണ് സുപ്രീം കോടതി പറയുന്നത്.. അപ്പീൽ കോടതി കുറ്റക്കാരനായി കാണുന്നതുവരെ തുടരാൻ അനുവാദം നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8 (4 ) വകുപ്പ് റദ്ദു ചെയ്തു കൊണ്ടാണ് കോടതി അപ്രകാരം പ്രസ്ഥാവിച്ചത്.. Moral Turpitude ന് വിഘാതമായ കുറ്റ കൃത്യങ്ങളിൽ മാത്രം വിലക്ക്ഉത്തരവ് ചുരുക്കിയിരുന്നെങ്കിൽ അൽപ്പമെങ്കിലും വിധി ന്യായീകരിക്കപ്പെട്ടെനേം.. കേവലം ഒരു മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധിപോലും ഒരു പാർളമെൻറ്- നിയമസഭാ അങ്ങത്തെ അയോഗ്യമാക്കുന്ന നിലയിലായിരിക്കുന്നു കാര്യങ്ങൾ..  ഒരു കീഴ്കോടതിയുടെ തെറ്റായ ഉത്തരവ് ഒരു ജനപ്രതിനിധിയുടെ പാർളമെൻറ്- നിയമസഭാ അംഗത്വം നഷ്ട്ടപ്പെടുത്തുവാൻ ഇടവരുന്നു.. അതുവഴി ഭൂരിപക്ഷം നഷ്ട്ടപ്പെട്ട് ഒരു ഭരണം തന്നെ നിലം പോത്തിയെക്കാം.. മേൽക്കൊടതി പ്രസ്തുത അംഗം നിരപരാധിയെന്ന് കാണുന്നു.. അങ്ങനെയെങ്കിൽ നിലം പൊത്തിയ സർക്കാരിനെ പുന: സ്ഥാപിക്കാൻ കോടതിക്ക് കഴിയുമോ?? ഇത്രക്ക് വിലയെ ഇവിടെ വോട്ടു ചെയ്യുന്ന ജനത്തിനുള്ലോ?? ആയിരക്കണക്കിന് ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ഒരു പാർളമെൻറ്- നിയമസഭാ അംഗത്തിന്റെ നിലനിൽപ്പ്‌ ഒരു മജിസ്ട്രേറ്റിന്റെ തെറ്റായ തീരുമാനത്തോളമേ ഉള്ളോ?? ഒരു രാജ്യത്തിന്റെ സർക്കാരിനെ വരെ ഒരു മജിസ്ട്രേട്ടിനു മറിച്ചിടാൻ കഴിയുമെന്നൊ?? തെറ്റായ തീരുമാനങ്ങൾ കീഴ് കോടതികൾക്ക് ഉണ്ടാവില്ലെന്ന് കരുതാൻ കഴിയില്ലെല്ലോ!!?? അങ്ങനെ എങ്കിൽ അപ്പീൽ എന്ന അനുബന്ധം നിയമത്തിൽ ചേർക്കെണ്ടതില്ലായിരുന്നല്ലോ?? 

     പൊതുജനം അഴിമതികഥകൾ കൊണ്ട് പൊറുതിമുട്ടിയതിനാൽ സുപ്രീം കോടതിയുടെ വിധി കേള്ക്കുന്ന മാത്രയിൽതന്നെ കയ്യടി ലഭിക്കുന്നതായി.. അതിനാലാണെന്ന് തോന്നുന്നു CPM ഒഴികെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നുംതന്നെ വിധിയ്ക്കെതിരെ വിമർശനവുമായി രംഗത്തു വന്ന് കാണാഞ്ഞത്.. കേന്ദ്ര സർക്കാർ വിധിയ്ക്കെതിരെ പുന: പരിശോധനാ ഹർജി നൽകില്ല; പകരം വിധിയിൽ വ്യക്തത മാത്രം ആവശ്യപ്പെടുമെന്ന് പറയുന്നു.. 

       കോടതി വിധികളെയോ, കോടതി നടപടികളെയോ വിമർശിക്കാൻ പൊതുപ്രവർത്തകർക്ക് വിലക്ക് കല്പ്പിക്കുക കൂടിയാണ് പരോക്ഷമായി ഈ വിധി ചെയ്യുന്നത്.. അപ്പീൽ കോടതികൾ തീരുമാനിക്കുന്നതുവരെ പാർളമെൻറ്- നിയമസഭാ അംഗങ്ങൾക്ക് തൽസ്ഥാനത്ത് തുടരാൻ കഴിയുന്ന അവസ്ഥ പുന:സ്ഥാപിക്കുകയാണ് വേണ്ടത്..അത് മാത്രമല്ല എല്ലാ കുറ്റക്രിത്യത്തിലും ശിക്ഷിക്കപ്പെടുന്നവരെ ഒരേ നുകത്തിൽ കെട്ടി നാടുകടത്തുന്ന തരത്തിലെ വിധിയിലെ പ്രസ്ഥാവം മാറ്റെണ്ടതാണ്.. ശിക്ഷയേയും രാഷ്ട്രീയമായി നേരിടാൻ കഴിയും എന്ന് കോടതികൾ മനസ്സിലാക്കണം.. അതിനുള്ള ഉദാഹരണമാണ് ശ്രി E M S നമ്പൂതിരി പ്പാടിനെതിരെ ഉണ്ടായ കോടതി അലക്ഷ്യക്കുറ്റം.. കീഴ്ക്കോടതി ശിക്ഷയെ അദ്ദേഹം മേൽക്കോടതിയിൽ ചോദ്യം ചെയ്തു.. നിസ്സാരമായ പിഴ ഒടുക്കി കേസ് തീർക്കാൻ മേൽക്കൊടതി നൽകിയ അവസ്സരത്തെ നിഷേധിച്ച് അദ്ദേഹം  തന്റെ നിലപാടിൽ ഉറച്ചുനിന്നു പൊരുതി.. അത് ഒരു ശിക്ഷയെ രാഷ്ട്രീയമായി നേരിടുകയായിരുന്നു എന്ന് വേണം കാണാൻ.. സമാനമായ സംഭവങ്ങൾ ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലും കാണാം..കീഴ്ക്കോടതി ശിക്ഷിച്ചപാടെതന്നെ  ശ്രി E M S നമ്പൂതിരിപ്പാടിന്റെ എല്ലാ പ്രതിനിധ്യങ്ങളും നഷ്ട്ടപ്പെട്ട് അദ്ദേഹം എല്ലാ തെരഞ്ഞെടുപ്പുകളിലും അയോഗ്യനായിരുന്നുവെങ്കിലെ പോരായ്മയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. 

       കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷവും, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഭരണ രംഗത്ത് വർദ്ധിക്കുന്നതും തടയേണ്ടത് തന്നെയാണ്.. മഹത്തായ ജനാധിപത്യ രാജ്യം എന്ന് അഭിമാനത്തോടെ പറയുന്ന ഓരോ ഭാരതീയനും ഇഷ്ട്ടപ്പെടുന്നത് തങ്ങളുടെ ജനപ്രതിനിധിയിലും, പാർലമെന്റിലും വിശ്വാസ്സവും ആശ്വാസ്സവും കണ്ടെത്തി മുന്നോട്ട് പോകുന്നതിനാണ്.. അതിന് കഴിയാതെ വരുന്നതിലെ നിരാശയാണ് അവർ കോടതികളിൽ ആശ്വാസം കണ്ടെത്താൻ കാരണമാകുന്നത്.. കൊടതികളാകട്ടെ തങ്ങളാണ് എല്ലാ ശരികളുടെയും വക്താക്കളെന്നനിലയിൽ അപ്രമാധിത്യം കൽപ്പിച്ച് കിട്ടാൻ വെമ്പൽ കൊള്ളുന്നു..  

       ഭരണസിരാകേന്ദ്രങ്ങളിൽ കൊടും കുറ്റവാളികൾ കടന്നു കൂടുന്നതിനെ തടയുക തന്നെ വേണം.. പക്ഷെ അതിനായുള്ള നടപടികൾ ജനാധിപത്യത്തിനെയും, ഭരണഘടനയും തകർക്കുന്നതാവരുത്......


[Rajesh Puliyanethu
 Advocate, Haripad]

     

No comments:

Post a Comment

Note: only a member of this blog may post a comment.