ഡാ, ഡാ തമ്പി നീ എഴുനേറ്റുവാടാ??
തമ്പി അളിയന്‍റെ ഒരു ദിവസ്സം ആരംഭിക്കുകയാണ്. തമ്പിയുടെ സുഹൃത്തായ രാജു തമ്പിക്കൊരുകോളുമായി രാവിലെ വന്ന് വിളിക്കുകയാണ്..`..
ഡാ ഒരു നല്ല കോളുണ്ട്..!`!! നീ ഇങ്ങനെ മൂടി പുതച്ചു കെടന്നോ..
എന്തവാടാ രാവിലെ? തമ്പി പുതപ്പ് വലിച്ചു മാറ്റി കൈലി വലിച്ചുടുത്ത്കൊണ്ട് എഴുനേറ്റ് വാതില്‍ തുറന്നു. എന്താടാ രാവിലെ കെടന്ന് കാറുന്നത്??
ഡാ, ഒരു കൊളോണ്ട്, ഒരല്‍പം തരികിട കാണിച്ചാ ഇച്ചിരി കാശിങ്ങു പോരും! തമ്പി അളിയന്‍റെ വീട്ടിലോട്ടു കയറി കൊണ്ടുതന്നെ രാജു കാര്യം അവതരിപ്പിച്ചു.
നീ കാര്യം പറ..
ഡാ, നമ്മുടെ ലൈബ്രറി മൈതാനത്ത് ഒരു വലിയ ടീമിനെ എന്തോ പ്രദര്‍ശനം വരുന്നു. വലിയ എന്തോ കാര്യമാ, അവിടെ നമ്മളൊന്ന് കളിച്ചാ പ്രയോജനമുണ്ട്!
അതിന് നമ്മക്കെന്തോ തേങ്ങാ കിട്ടുമെന്നാ നീ പറയുന്നത്?? വല്ലവരും വന്ന് എന്തോ വേണേ ഒണ്ടാക്കിയേച്ചു പോട്ട്, മനുഷ്യന്‍റെ ഒറക്കോം കളഞ്ഞു....
തമ്പി പറഞ്ഞു നിര്‍ത്തിയിടത്ത് തന്നെ രാജു തുടങ്ങി...
കൊളോണ്ടല്ലോ, അതല്ലേ ഞാന്‍ കൊച്ചു വെളുപ്പിനെതന്നെ ഇങ്ങു പൊന്നെ.
തമ്പി, അവര് സാധനങ്ങള്‍ ഒക്കെ കൊണ്ട് വന്നിറക്കി തുടങ്ങി. കൊറേ സാധനങ്ങള്‍ ആയിക്കഴിയുമ്പോള്‍ വായനശാലയുടെ സ്ഥലത്ത് നടത്തത്തില്ല എന്ന് പറഞ്ഞ് നമുക്ക് തടയണം.
തടഞ്ഞിട്ട്??
എടാ വിഡ്ഢി, തടഞ്ഞു കഴിഞ്ഞാല്‍ അവര് തീര്‍ച്ചയായും ഒത്തുതീര്‍പ്പിന് വരും. അവിടെയാ നമുക്കുള്ള ചീ ചീ ഇരിക്കുന്നത്! മനസ്സിലായോ?
നെനക്ക് ബുദ്ധി ഉണ്ടല്ലോടാ, പക്ഷെ എന്ത് പറഞ്ഞ് തടയും??
നീയല്ലിയോ വായന ശാലയുടെ കൊണാണ്ടര്! അവിടെ നടത്തത്തില്ല എന്നങ്ങു പറയണം. തടയാന്‍ പ്രത്യേകിച്ച് കാരണം വല്ലോം വേണോ?? നീ പഴയ കമ്യുണിസ്റ്റ് അല്ലിയോ??
അത് ശരിയാ, നമ്മള്‍ നേരത്തെ അവിടെ വല്ലോം നടത്താനിരുന്നതാ എന്ന് പറയാം. വേണ്ടിവന്നാ കേസ്സിനുപോയും തടയും എന്ന് പറയാം. തമ്പി അളിയനും രാജുവിന്‍റെ ആശയം കത്തിത്തുടങ്ങി.
ഞാന്‍ വൈകിട്ടത്തെക്ക് കൊറച്ചാളെക്കൂട്ടി അങ്ങോട്ടു വരാം, നീയും കാണണം . എങ്ങനേം കൊറേ കാശോണ്ടാക്കിയാ മതിയാരുന്നു..
തമ്പിയില്‍ കാര്യത്തിന്‍റെ ആവേശം കത്തി കയറി, ഒന്നെഴുനേറ്റു നിന്ന് മൂരി നിവര്‍ത്തി അകത്തേക്ക് തിരിഞ്ഞ് അയാള്‍ വിളിച്ചു പറഞ്ഞു. മീരേ ചായ...
എടുത്തു വെച്ചിരുന്നത് പോലെ മീര രണ്ടു കപ്പ് ചായയുമായി എത്തി,
രാജു ചേട്ടാ`, അമ്പിളിയോട് എന്നെ ഒന്ന് വിളിക്കാന്‍ പറയണേ, ഞാന്‍ വിളിച്ചിട്ട് കിട്ടുന്നില്ല, അത്രയും പറഞ്ഞ് അവള്‍ അകത്തേക്ക് പോയി.
രാജു, നിനക്കെല്ലാം അറിയാമെല്ലോ! എങ്ങനെയും പണം ഉണ്ടാക്കിയെ പറ്റു! ഇവളെങ്ങനെ കഴിഞ്ഞിരുന്നതാ, ഇവളേം കുഞ്ഞിനേം അതുപോലെ പോറ്റാന്‍ പറ്റത്തില്ലേ ഇവനെന്തിനാ ഇതിനെ കേട്ടിയതെന്നൊക്കെ അടക്കത്തി പലരും ചോദിക്കുന്നോണ്ട്, എന്നെ കേക്കെ ആരും ഒന്നും പറയത്തില്ലന്നെ ഉള്ളു.
അതൊക്കെ മാറുമെടാ, മീര എന്താ പറയുന്നത്??
അവള്‍ക്ക് വലിയ സന്തോഷമാ, ഞാന്‍ ആദ്യം പരിചയപ്പെട്ട കാലത്തേതു പോലെ തന്നെ ഇപ്പോഴും, ഒരുമാറ്റവുമില്ല. അതാ കൂടുതല്‍ സങ്കടം. ഹാ! അതൊക്കെ പോട്ടെ, നീ വൈകിട്ട് വായനശാലയുടെ അങ്ങോട്ട് വാ.....
തല്ക്കാലം ഒന്ന് പിടിച്ചു നില്‍ക്കാനുള്ള തോന്ന് വന്നു ചേര്‍ന്നതിന്റെ സന്തോഷത്തില്‍ തമ്പി കാര്യങ്ങള്‍ ഉഷാറാക്കി....
നേരം വൈകി, വായനശാല മൈതാനത്ത് തമ്പി അളിയനും സംഘവും ഒപ്പം രാജുവും വട്ടമിട്ട് നില്‍ക്കുന്നുണ്ട്. മുദ്രാവാക്യം വിളിയുമായി ഒരു പരസ്യമായ തടയല്‍ പരിപാടി തല്ക്കാലം അവര്‍ക്കില്ല. കാരണം ഒതുക്കത്തില്‍ ഉള്ള കച്ചവടമാണ് നേരത്തെ രാജു പറഞ്ഞ ' ചീ ചീ' ക്ക് നല്ലത്.
കുറേ വണ്ടികളില്‍ എന്തൊക്കെയോ വലിയ സാധനങ്ങള്‍ കൊണ്ടുവന്നിറക്കു ന്നുണ്ട്, കാര്യപരിപാടികള്‍ക്ക് പ്രത്യേകിച്ച് നീക്കമോന്നുമില്ല. എന്നെകൊണ്ട് നിങ്ങള്‍ക്കൊന്നും വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് സമയം മാത്രം മുന്നോട്ടു പോയി.
തമ്പി; ചെറിയ കളിയൊന്നുമല്ല, സാധനങ്ങള്‍ ഒക്കെ കൊണ്ടുവന്ന് തട്ടുന്നത് കണ്ടിട്ട് കാശുമുടക്ക് ഏറെഉള്ള മട്ടാ, അപ്പൊ അതിനൊപ്പം പിടിപാടും എല്ലാം അവര്‍ക്ക് കാണും! കളി നമ്മടെ കയ്യിനിക്കുവോ തമ്പി?? രാജു സംശയത്തിന്‍റെ വാതിലും തുറന്നിട്ടു.
പിന്നെ എന്തോ ആണെന്ന് വിചാരിച്ചാ ചാടി ഇറങ്ങിയത്?? നമ്മളെ ഇവിടെ കാണുമ്പോളെ അവര് വിളിച്ചു വല്ലതും തരുമെന്ന് വിചാരിച്ചോ? തമ്പി ഇതിനെ റങ്ങിയിട്ടുണ്ടെങ്കില്‍ കൊണ്ടേവരൂ!! അല്ലെങ്കില്‍ ഇതെല്ലാം തീവെച്ച് കളഞ്ഞാലും ഞാന്‍ പിടിച്ചെടത്തുവെച്ച് ഞാന്‍ അറക്കും...
പറഞ്ഞു തീരുന്നതിന് മുന്‍പ് തന്നെ രാജു ഇടപെട്ടു, ഡാ ഒരു വലിയകാറിങ്ങോട്ട് വരുന്നുണ്ട്. അകലേക്ക് നോട്ടത്തെ ഉടക്കി നിര്‍ത്തി അയാള്‍ പറഞ്ഞു
വായനശാല കെട്ടിടത്തിലിരുന്നുകൊണ്ട് മൈതാനത്തെ ചലനങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന തമ്പിയുടെയും രാജുവിന്റെയും അടുത്തേക്ക് രാമു എന്നാ ഒരു സഹയാത്രികനായ തമ്പി അനുയായി അല്‍പ്പം തിടുക്കത്തില്‍ വന്ന്..
തമ്പി അണ്ണാ, പരിപാടിയുടെ മെയിന്‍ ആള്‍ക്കാര്‍ വന്നിട്ടുണ്ട്. വല്ലോം പോയി പറയാനുണ്ടെങ്കില്‍ ഇപ്പഴേ പറയണം..
അത് കേട്ടപാടെ തന്നെ തമ്പി താന്‍ ഇരുന്നിരുന്ന ഡെസ്ക്കിന് മുകളില്‍ നിന്നിറങ്ങി ആരോടും ഒന്നും മിണ്ടാതെ നേരെ നടന്നു; രാജുവും തമ്പി അളിയനെ അനുഗമിച്ചു.
തമ്പി നേരെ മൈതാനത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള കൂടാരത്തിലേക്ക് പോയി. അവിടെ ഒരു മാനേജര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തമ്പിയും, രാജുവും കൂടി അയാളുടെ മുറിയിലേക്ക് കയറി. തമ്പി സ്വയം പരിചയപ്പെടുത്തി.
ഞാന്‍ രാജന്‍ തമ്പി. ഈ മൈതാനം ഉള്‍പ്പെടെയുള്ള സ്ഥലം ഞങ്ങളുടെ വായനശാലയുടെ വകയാണ്. ഞാന്‍ അതിന്‍റെ സെക്രട്ടറിയാണ്. കൂടാതെ ഇവിടുത്തെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനുമാണ്.
മാനേജര്‍ ഉപചാരപൂര്‍വ്വം അവരോട് ഇരിക്കാന്‍ പറഞ്ഞു. ഇരുന്ന നിമിഷം തന്നെ തമ്പി സംസ്സാരിച്ചു തുടങ്ങി.
ഞങ്ങള്‍ വന്നകാര്യം പറയാം, വായനശാലയുടെ സ്ഥലത്ത് പ്രദര്‍ശനമോ മറ്റു പരിപാടികളോ ഒന്നും ഞങ്ങള്‍ അനുവദിക്കില്ല. വായനശാലയുടെ ഭാരവാഹികളോടോന്നും തന്നെ ആലോചിക്കാതെ ഉള്ള ഈ പരിപാടികള്‍ ഒരു കാരണവശാലും ഇവിടെ നടക്കില്ല. മൈതാനത്ത് ഇറക്കിവെച്ചിട്ടുള്ള സാധനസാമഗ്രികള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്തു തരികയും വേണം.
കാഴ്ചയില്‍ തന്നെ ഒരു മാന്യന്റെയും, വിനയാന്വിതന്റെയും ലക്ഷണങ്ങള്‍ തോന്നിക്കുന്ന മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വ്യക്തി തന്‍റെ സര്‍ഗ്ഗസ്വഭാവം കൈവിടാതെ തന്നെ മറുപടി നല്‍കി.
ചുമതലപ്പെട്ട ആള്‍ക്കാരോട് ആലോചിക്കേണ്ട എന്ന് കരുതിയല്ല, വായന ശാലയുടെ ഭൂമി ആണെന്ന് അറിഞ്ഞിട്ടുമല്ല, പഞ്ചായത്തില്‍ നിന്ന് അനുമതി കിട്ടി; ഞങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കി. അത്രേ ഉള്ളു. പരിഹരിക്കാവുന്ന കാര്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത്രയും കാര്യങ്ങള്‍ മുന്നോട്ടു പോയിട്ട് ഇനി മുടക്കം പറഞ്ഞാല്‍......., ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നു...
മാത്രമല്ല ഇവിടെ ഞങ്ങള്‍ പ്രദര്‍ശനം ഒന്നുമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ഒരു മാസ്സം നീണ്ടു നില്‍ക്കുന്ന ഒരു മെഡിക്കല്‍ ക്യാമ്പ് ആണ്. ഏതു രോഗം കൊണ്ട് ബുദ്ധി മുട്ടുന്നവര്‍ക്കും പരിപൂര്‍ണ്ണമായും സൗജന്യമായ തുടര്‍ ചികല്‍സ്സ; അതെത്ര ചെലവേറിയതാണെങ്കിലും!! അങ്ങനെ ഒരു കാര്യത്തിന് നിങ്ങള്‍ ചെറുപ്പക്കാര്‍ എതിര് നില്‍ക്കെരുതെന്നാണ് എന്‍റെ അപേക്ഷ. ആയിരങ്ങള്‍ക്ക് പ്രയോജനമുണ്ടാകുന്ന കാര്യമാണത്.
അല്‍പ്പം പരുഷസ്വഭാവം പ്രകടിപ്പിച്ചു കൊണ്ട് തമ്പി മറുപടി നല്‍കി. നല്ല കാര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാ ഞങ്ങള്‍ എന്നാ പതിവ് പല്ലവി വേണ്ട.. ഇവിടെ ഒരു പുഷ്പഫല പ്രദര്‍ശനം നടത്താന്‍ നേരത്തെ ഞങ്ങള്‍ അധ്വാനം തുടങ്ങിയതാ. അത് കഴിഞ്ഞ് ഇതു നോക്കാം. പിന്നെ വായനശാലയുടെ ഭൂമിക്ക് പഞ്ചായത്ത് അനുമതി നല്‍കിയതെങ്ങനെ എന്നും എനിക്കറിയണം..
ഇത്രയും പറഞ്ഞുകൊണ്ട് തമ്പി തിരിഞ്ഞു നടന്നു. മൂന്നാലടി മുന്നേറിയപ്പോള്‍ പുറകില്‍ നിന്നും, ഇത് ചന്ദ്ര മൗലാശ്രമത്തിന്‍റെ ഒരു സംരംഭമാണ്.
ഒന്നു നിന്നുതിരിഞ്ഞു കൊണ്ട് തമ്പി മറുപടി പറഞ്ഞു തിരിഞ്ഞു നടന്നു.
ആശ്രമങ്ങളെ ഞങ്ങള്‍ക്ക് മതിപ്പുമില്ല, ഭയവുമില്ല!!
തമ്പി അളിയനും, രാജുവും തങ്ങളുടെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും കാര്യപരിപാടികള്‍ പലതും ചര്‍ച്ച ചെയ്തതിനു ശേഷം തമ്പിയുടെ വീട്ടില്‍ കൂടിയിരിക്കുകയാണ്.
സംഗതി ചന്ദ്രമൗലാശ്രമത്തിന്‍റെതാണെന്ന് എനിക്കറിയത്തില്ലാരുന്നു തമ്പി!
ഇതിപ്പം മെഡിക്കല്‍ ക്യാമ്പ് എന്നോക്കെപ്പറയുംപോള്‍, ഒരുപാട് പിന്തുണ കിട്ടും. പണി പാളുവോടാ??
ഒരുപണീം പാളത്തില്ല; എടാ ഒരു ആശ്രമത്തിന്‍റെ പരിപാടി എന്നുപറഞ്ഞ് പാര്‍ട്ടിക്ക് നമ്മളെ തള്ളിക്കളയാന്‍ പറ്റുമോ? ഈ അശ്രമത്തിനെതിരെതന്നെ പാര്‍ട്ടി എത്ര പ്രസ്താവനകള്‍ ഇറക്കിയിട്ടോണ്ട്? അതുമാത്രമല്ല ഇതുപോലൊരു ആശ്രമം ജനങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ഒരു പരിപാടി നടത്തി വിജയിപ്പിച്ചാല്‍ അതിന്‍റെ ഗുണം ഒരുതരത്തിലും നമ്മുടെ പാര്‍ട്ടിക്ക് കിട്ടത്തുമില്ല!! മറിച്ചു ദോഷമാണ് താനും.
അതൊക്കെ ശരിയാ, പക്ഷെ പ്രത്യക്ഷമായി പാര്‍ട്ടി നമ്മളെ സപ്പോര്‍ട്ട് ചെയ്യുമെന്നെനിക്ക് തോന്നുന്നില്ല..
പ്രത്യക്ഷമായിട്ടോന്നും വേണ്ടാ, എല്ലാം പാര്‍ട്ടി പ്രത്യക്ഷമായി നിന്നാണോ ചെയ്യുന്നത്? എതിര് നില്‍ക്കാതിരുന്നാമതി...
എതിര് നില്‍ക്കാനോട്ടുപറ്റത്തുമില്ല!!
തികഞ്ഞ ആത്മവിശ്വാസ്സത്തോടെ തന്നെ തമ്പി അളിയന് തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു.
പിറ്റേ ദിവസ്സം രാവിലെ തമ്പി അളിയന്‍ ചായയും കുടിച്ച്കൊണ്ട് പത്രവും വായിച്ച് വീടിന്‍റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. വീടിന്‍റെ പടി കടന്ന് അകത്തേക്ക് വരുന്നയാളില്‍ കണ്ണുംനട്ട് തമ്പി ഇരുന്നിടതുതന്നെ ഇരുന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍......`...
എന്താടാ ശിവന്‍കുട്ടി?? തങ്ങളുടെ പാര്‍ട്ടി ആഫീസ്സിലെ കീശ്മാതിയോട് തമ്പി ആരാഞ്ഞു...
തമ്പി അണ്ണനെ കാണണമെന്ന് സെക്രട്ടറി പറഞ്ഞു. വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു.
എന്താടാ കാര്യം?
ആ !!
ക്ഹ, ഞാന്‍ വന്നോളാം, നീ പൊക്കോ.
അണ്ണാ, 10 മണിക്ക് മുന്നെതന്നെ വരണം...
ക്ഹ, നീ പൊക്കോ........
തമ്പി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി പത്തുമണിക്കുതന്നെ പാര്‍ട്ടി ഓഫീസില്‍ എത്തി. പാര്‍ട്ടി സെക്രെട്ടറി ചന്ദ്രന്‍ സഖാവിനെ കൂടാതെ ഉണ്ടായിരുന്ന മറ്റു ചില ഭാരവാഹികള്‍ ഉള്‍പ്പെടെ പത്തു പന്ത്രണ്ട് പേര്‍ അവിടെ കണ്ടു.
തമ്പി കയറിചെന്നപ്പോള്‍തന്നെ അവര്‍ എന്തോ ഗൌരവമായ ചര്‍ച്ചയിലായിരുന്നു.
തമ്പി അളിയന്‍ കടന്നു ചെന്നപാടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം അയാളായി.
ചന്ദ്രന്‍ സഖാവ് തന്നെ ചോദ്യം ഉന്നയിച്ചുകൊണ്ട് തുടങ്ങി..
തമ്പി, ഇന്നലെ എന്തായിരുന്നു വായനശാലയില്‍ പ്രശ്നം??
വായനശാലയില്‍ പ്രശ്നം ഒന്നുമുണ്ടായില്ല, പിന്നെ നമ്മുടെ വായനശാലയുടെ സ്ഥലത്ത് ചെലര് എന്തോപരിപാടി നടത്താന്‍ കൊറേ സാധനങ്ങള്‍ കൊണ്ടെറക്കി, അത് ഞാന്‍ തടഞ്ഞു. അതെല്ലാം എടുത്തു മാറ്റണമെന്നും പറഞ്ഞു. അത്രേ ഉള്ളു.
താനാരാടോ അതൊക്കെപ്പറയാനും തടയാനുമൊക്കെ?? തമ്പിയുമായി വിഭാഗീയമായ വിരോധം സൂക്ഷിക്കുന്ന നേതാവിന്‍റെ വകയായിരുന്നു ആചോദ്യം.
വായനശാലയുടെ വകയാണ് സ്ഥലം. ഞാനാണ് വായനശാലയുടെ സെക്രട്ടറി. ആ നിലയില്‍ തടഞ്ഞു. അതിലെന്താ കുഴപ്പം??
അവിടാരും ഒന്നും തടയാനൊന്നും പോകുന്നില്ല, സെക്രട്ടറിയുമില്ല, വായനക്കാരുമില്ല. കേട്ടല്ലോ..
എന്തുകൊണ്ട് ഇല്ല?? അതുമാത്രമല്ല നിങ്ങളാരാ ഇങ്ങനെ തീരുമാനമൊക്കെ പറയാന്‍? വിഭാഗീയത വിഷയത്തെ വിഴുങ്ങാന്‍ പോകുന്നനിലയിലെക്കെത്തി.
അപ്പോഴേക്കും ചന്ദ്രന്‍ സഖാവ് ഇടപെട്ടു സംസ്സാരിച്ചു. ഗംഗാധരന്‍ പറഞ്ഞത് തന്നെയാ പാര്‍ട്ടിയുടെ നിലപാട്. തമ്പി ഇനി ആ കാര്യത്തില്‍ ഇടപെടേണ്ട!!
തന്‍റെ എതിര്‍ ചേരിയിലെ വീര സഖാക്കള്‍ ഒന്നടങ്കം തന്നെ എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നത് കണ്ട് തമ്പി അളിയന് തന്‍റെ നിയന്ത്രണം വിട്ടുപോയി. അയാള്‍ തീര്‍ത്തും ചടുലമായി സംസാരിച്ചു തുടങ്ങി!
പാര്‍ട്ടിയുടെ കണ്ണില്‍ എന്ത് തെറ്റാ ഞാന്‍ ചെയ്തത്?? എന്നുമുതലാ പാര്‍ട്ടി ആശ്രമങ്ങളുടെ പിന്തുണക്കാരായത്?? ഇതേ ആശ്രമത്തിനെതിരെ ഔദ്യോകികമായിത്തന്നെ പാര്‍ട്ടി എത്ര പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്?? പിന്നെ പാര്‍ട്ടിയുടെ വളര്‍ച്ചക്കും ഗുണം ചെയ്യുന്നതോന്നുമല്ലല്ലോ, അവരിവിടെ വന്നു പരിപാടി നടത്തിയെച്ചു പോയാ നമുക്ക് ക്ഷീണമേ ഉണ്ടാകൂ. പിന്നെ പാര്‍ട്ടിയുടെ പിന്തുണ ഇല്ലെങ്കിലും വായനശാലയുടെ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ തടയും.
തമ്പി അങ്ങനെ ചെയ്‌താല്‍ അതിനെ ഗുരുതരമായ അച്ചടക്കലംഘനമായി കാണേണ്ടി വരും. നടപടിയും ഉണ്ടാകും. തമ്പിയുടെ ഭാഗത്ത് യാതൊരു നീതിയുമില്ല. ശാസനയുടെ ആ സ്വരം പാര്‍ട്ടി സെക്രെട്ടറിയുടെതായിരുന്നു.
ചന്ദ്രന്‍ സഖാവ് തമ്പിയെ ഒരുപാട് ഭയപ്പെടുത്തരുത്. പാര്‍ട്ടി തീരുമാനമെന്ന് പറഞ്ഞ് പലതും ഞാന്‍ ചെയ്തിട്ടുണ്ട്. അന്നൊന്നും അതിലെ നീതിയും ന്യായവും ഞാന്‍ തെരക്കിയിട്ടില്ല. നീതിയും ന്യായവും ഒക്കെ നോക്കിയാ ആ ജോലികളോക്കെ നിങ്ങളെന്നെ ഏല്‍പ്പിച്ചതെന്നെനിക്കറിയത്തില്ലാരുന്നു. എന്നെക്കൊണ്ടാരും ഭാണ്ഡം അഴിപ്പിക്കരുത്!! അത്രയും പറഞ്ഞുകൊണ്ട് തമ്പി നിന്നിടത്തുനിന്നു തിരിഞ്ഞു. നടന്നു തുടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടി പറയാന്‍ അയാള്‍ മറന്നില്ല
തമ്പി ഇറങ്ങിത്തിരിച്ചതുമായിത്തന്നെ മുന്നോട്ടു പോകും...
തമ്പി മുറി വിട്ടു പുറത്തു വരുന്നതും കാത്ത് അക്ഷമരായി രാജുവും സംഘവും കാത്തു നില്‍പ്പുണ്ടായിരുന്നു.
തന്നെ അനുഗമിച്ചു അക്ഷമരായി കൂടെ നടന്ന രാജുവിനോടും മറ്റുമായി തമ്പി ഗൌരവത്തോടെ പറഞ്ഞു... നമുക്കിന്നുതന്നെ വിജയന്‍ മാസ്റ്ററെ കാണണം. തമ്പി അളിയന്‍ ഉള്‍പ്പെടുന്ന; യഥാര്‍ഥ- യാഥാസ്ഥിതിക കമ്യുണിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന വിഭാഗീക ഗ്രൂപ്പിന്‍റെ നേതാവാണദ്ദേഹം!! തമ്പി അളിയന്‍റെ പാര്‍ട്ടിയിലെ രക്ഷകനും, തമ്പിയുടെ നേതാവും അദ്ദേഹമാണ്.
വിജയന്‍ മാസ്റ്ററെ കാണുന്നതിന് തമ്പി അന്നു തന്നെ സമയം കണ്ടെത്തി. തനിക്കെതിരെ എതിര്‍ ഗ്രൂപ്പുകളില്‍ ഉരുത്തിരിഞ്ഞ വിഭാഗീയതയുടെ നിറമുള്ള പരാമര്‍ശങ്ങളെയും നിലപാടുകളെയും കുറിച്ച് തമ്പി മാസ്റ്റര്‍ക്ക് വിവരിച്ചു കൊടുത്തു. ഇവിടെ പരാജയപ്പെട്ടാല്‍ അത് നമ്മുടെ ചേരിക്കും, പാര്‍ട്ടിക്കും ഉണ്ടാക്കുന്ന ക്ഷീണത്തെക്കുരിച്ചും, എതിര്‍ വിഭാഗം ഉണ്ടാക്കാന്‍ സാധ്യതയുള്ള മേല്‍ക്കൈയ്യെക്കുറിച്ചും ഒക്കെ തമ്പി പരാമര്‍ശിച്ചു. എല്ലാത്തിനും ഉപരി ഗങ്ങാധരന്റെയും, ചന്ദ്രന്‍ സഖാവിന്റെയുമൊക്കെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകളെയും തമ്പി വിവരിച്ചു.
എല്ലാം വിശദമായി കേട്ട് വിജയന്‍ മാസ്റ്റര്‍ തമ്പിയോടായി ചോദിച്ചു. ഇവിടെ നീ ഇത്രയും കടുംപിടുത്തം പിടിക്കാന്‍ കാരണമെന്താ??
വായനശാലാ മൈതാനത്ത് അങ്ങനെ ഒരു പരിപാടി നടത്തുന്നതിനെക്കുറിച്ച് ഞങ്ങളോടോന്നും ആരും ആലോചിച്ചില്ല. എന്തും ആകുമെന്ന അഹങ്കാരത്തിലാ അവരതിന് തുടങ്ങിയത്. പിന്നെ ചന്ദ്രമൌലാശ്രമത്തിനോടു പാര്‍ട്ടി എന്നും വിരുദ്ധനിലപാടാണ് എടുത്തിട്ടുള്ളത് എന്നതുകൊണ്ട് തുറന്ന് എതിര്‍ക്കുന്നതിന് ആലോചിക്കേണ്ടി വന്നില്ല.
കാര്യങ്ങളുടെ വിശദീകരണത്തിന് ഒരു നിമിഷത്തെ ഇടവേളനല്‍കി തമ്പി പറഞ്ഞു ..
ഇനി ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല മാസ്റ്റെര്‍...`. അഭിമാനപ്രശ്നമാണ്. കൂടാതെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചില പ്രദര്‍ശനങ്ങള്‍ ഒക്കെ അവിടെ നടത്താനുള്ള ഒരുക്കങ്ങളും തുടങ്ങി..
ഈ പറഞ്ഞതിലോക്കെ വലുതല്ലേ തമ്പി ഒരു മെഡിക്കല്‍ ക്യാമ്പ്? അതും സൌജന്യമായി! എത്ര ആള്‍ക്കാര്‍ക്ക് അതിന്‍റെ ഗുണം കിട്ടും! നമ്മളതിനെ എതിര്‍ക്കുന്നത് ശരിയാണോ? തന്റെ മനസ്സിലെ അസ്വസ്ഥതകള്‍ വെളിവാക്കി വിജയന്‍ മാസ്റ്റര്‍ അത്രയും പറഞ്ഞ് ഒരു അര്‍ഥവിരാമമിട്ട് തുടര്‍ന്നു....
തമ്പി ഇപ്പോപൊയ്ക്കോളൂ, നാളെ വൈകിട്ട് എന്നെ വന്ന്‍ കാണൂ....
രാജുവും തമ്പി അളിയനും വീണ്ടും വായനശാലയില്‍ സമ്മേളിച്ചു..
മൈതാനത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വല്ലാത്ത വേഗത കൈവന്നിരിക്കുന്നതായി തമ്പി അളിയന് തോന്നി. അവിടെ ഉയര്‍ന്ന ഓരോ കല്‍കെട്ടുകളും തന്‍റെ ആത്മാഭിമാനത്തിന് മീതേ പണിതുയര്‍ത്തുന്നവയാണെന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. തന്‍റെ ശവകുടീരത്തിന് മീതെയാണ് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കൊണ്ട് മൂടുന്നതെന്ന് അയാള്‍ കരുതി.
ആത്മഗതം പോലെ തമ്പി പറഞ്ഞു; നാളെ വൈകിട്ട് വിജയന്‍ മാസ്റ്ററുടെ തീരുമാനം വരുന്നതുവരെ നമുക്കു വിശ്രമം.
വായനശാലാ കെട്ടിടത്തിന്‍റെ ജനാലയില്‍ കൂടി മൈതാനത്തെ പ്രവര്‍ത്തനനങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്ന തമ്പിയുടെ പിന്നില്‍ നിന്നും രാജു വിന്‍റെ ചോദ്യം.
തമ്പി, വിജയന്‍ മാസ്റ്ററുടെ തീരുമാനം നമുക്കെതിരാണെങ്കില്‍ എന്താ പരിപാടി??
ഇനി നീ മുന്‍പ് പറഞ്ഞത് പോലെയുള്ള ഒത്തുതീര്‍പ്പുകളോന്നുമില്ല! ഇനി ഇത് നമ്മുടെ അഭിമാനപ്രശ്നമാണ്. എങ്ങനെയും പരിപാടി തടഞ്ഞേ മതിയാകൂ.
അതത്ര എളുപ്പമാണോ തമ്പി?? ഓരോ ദിവസ്സങ്ങള്‍ മുന്‍പോട്ടു പോകുന്തോറും ചന്ദ്രമൌലാശ്രമത്തിന്‍റെ പണം മുടക്കും കൂടിവരും. സ്റ്റേറ്റ് ലെവലിലുള്ള ഒരു പ്രശ്നമായിരുന്നെങ്കില്‍ വല്ലതും നടന്നേനെ. ഇതിപ്പോ ഇത്രേം മുന്‍പോട്ടു പോയിട്ട് തടയാന്‍ കഴിയുമോ! അതുമാത്രമല്ല, വിജയന്‍ മാസ്റ്ററുടെ നിലപാടും നമുക്ക് വിശ്വസ്സിക്ക വയ്യ.
എന്തായാലും നാളെ വിജയന്‍ മാസ്റ്ററെ കാണട്ടെ, ഞാന്‍ എന്തായാലും ചിലത് തീരുമാനിച്ചിട്ടുണ്ട്. അത് നാളെ മാസ്റ്ററെ കണ്ടതിനുശേഷം പറയാം!!
വിജയന്‍ മാസ്റ്ററെ കാണുന്നതിനുള്ള ഇടവേള പാഴാക്കിക്കളയുന്നതിന് തമ്പി തയ്യാറല്ലായിരുന്നു. പിറ്റേദിവസ്സം രാവിലെതന്നെ തമ്പി തന്‍റെ സുഹൃത്ത് കൂടിയായ അഡ്വക്കേറ്റ് സുരേഷിന്‍റെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ സുരേഷിനോട് ഒരുപാട് വിശദീകരണങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. തമ്പി അളിയന്‍റെ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവന്‍ എന്നാ വിശ്വാസ്സവും അടുപ്പവും തമ്പിക്ക് സുരേഷിനോടുണ്ടായിരുന്നു. ഒരു നിയമ വിദക്തന്റെ കാഴ്ചപ്പാടില്‍ സുരേഷ് കാര്യങ്ങള്‍ വിവരിച്ചു.
തമ്പി, ഒരു സ്റ്റേ കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണ്. വായനശാലയുടെ സ്ഥലമെന്നത് കൊണ്ട് മാത്രം പോരാ. അതിന്‍റെ ഓണര്‍ ഷിപ്പ് തെളിയിക്കലും; സമയമെടുക്കും. പിന്നെ ഒരു മെഡിക്കല്‍ ക്യാമ്പിന് തടസ്സമായി കോടതികളൊന്നും തരില്ല. പേരും പേരുദോഷവും ഒക്കെ നോക്കിയേ കോടതികളും ഇന്ന് ഓരോന്ന് ചെയ്യൂ. അതുകൊണ്ട് എനിക്ക് ഉറപ്പു പറഞ്ഞ് ഈ കേസ് എടുക്കാന്‍ കഴിയില്ല തമ്പി!!
കാര്യങ്ങള്‍ വിശദീകരിച്ച് തമ്പിയോടോപ്പം വീടിന്‍റെ ഗേറ്റ് വരെ സുരേഷ് തമ്പിയെ അനുഗമിച്ചു. ഗേറ്റില്‍ വെച്ച് തമ്പിയോട് അല്‍പ്പം മടിയോടു കൂടി സുരേഷ് പറഞ്ഞു.
തമ്പി, നിന്നോടുള്ള അടുപ്പം കൊണ്ട് പറയുവാ; നിനക്കൊന്നും തോന്നരുത്. നീ ഇതില്‍ നിന്നും പിന്മാറുന്നതാണ് നല്ലത്.
അതെന്താടാ നീ അങ്ങനെ പറഞ്ഞത്?? തമ്പി അല്‍പ്പം ഉദ്വേഗത്തോടെ തിരക്കി.
ഞാന്‍ പറഞ്ഞതായി നീ ഭാവിക്കരുത്. നീ വിചാരിക്കുന്നതിനപ്പുറം ഈ വിഷയത്തില്‍ ഒരുക്കങ്ങള്‍ നടന്നു കഴിഞ്ഞു.. ചര്‍ച്ചകളും.. അതും നീ ഇതില്‍ ഇടപെട്ടതിനു ശേഷം!
നീ പറഞ്ഞു വരുന്നത്??
അതെ തമ്പി, നമ്മുടെ ഒരു കേന്ദ്ര കമ്മറ്റി അംഗം ഈപ്പറയുന്ന ചന്ദ്രമൌലാശ്രമത്തിന്റെ സ്വന്തമാളാ.. എന്നുവെച്ചാല്‍ അവിടുത്തെ ഗുരുജിയുടെ ഒരു കടുത്ത ഭക്തന്‍....`.. ഗുരുജി വിളിച്ച് ആവശ്യപ്പെടുക പോലും വേണ്ട; അതിനു മുന്‍പേ വേണ്ടതെല്ലാം അയാള്‍ അറിഞ്ഞു ചെയ്യും. നീ ക്യാമ്പ് നടക്കുന്നിടത്ത് ചെന്ന് പ്രശ്നമുണ്ടാക്കിയ നിമിഷം തന്നെ അവിടുന്ന് കാള്‍ പോയി. നിമിഷ നേരം കൊണ്ട് വേണ്ട കെട്ടുകളെല്ലാം കെട്ടി. നീ വരാന്‍ സാധ്യത ഉണ്ടെന്ന് കണ്ട് എനിക്കുപോലും അറിയിപ്പുകിട്ടി എന്ന് പറയുമ്പോള്‍ നീ ആലോചിച്ചോളൂ!! നിനക്ക് പാര്‍ട്ടിയിലെ ഒരങ്ങത്തിന്റെ പിന്തുണ പോലും ലഭിക്കില്ല!
എല്ലാം കേട്ടുനിന്ന് കുറച്ചു നിമിഷങ്ങളിലെ നിശബ്ദദക്ക് ശേഷം തമ്പി സുരേഷിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.
തമ്പി വൈകിട്ട് വളരെ അച്ചടക്കത്തോടെ വിജയന്‍ മാസ്റ്ററെ ചെന്നു കണ്ടു. വിജയന്‍ മാസ്റ്ററുടെ മുന്‍ സംസാരത്തിലെ പിന്തുണക്കുറവും, സുരേഷ് പറഞ്ഞതും കൂട്ടി വായിച്ചപ്പോള്‍ തമ്പിക്ക് പ്രതീക്ഷ തീരേ ഉണ്ടായിരുന്നില്ല എങ്കിലും......
തമ്പീ; നിന്‍റെ നിലപാട് ഈ വിഷയത്തില്‍ ഒട്ടും ശരിയല്ല. ഈ മെഡിക്കല്‍ ക്യാമ്പ് തടയുന്നത് കൊണ്ട് പാര്‍ട്ടിക്കോ നാട്ടുകാര്‍ക്കോ ആര്‍ക്കും ഒരു പ്രയോജനവുമില്ല. പിന്നെ ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ വന്നവരെക്കൂടി പാര്‍ട്ടി ഓടിച്ചു വിട്ടു എന്ന്‍ പറേപ്പിക്കാം, ഇതുമായി മുന്നോട്ടു പോയാല്‍ പണ്ട് പാമ്പിനെ കൊന്ന് വിപ്ലവം കൊണ്ട് വന്നതു പോലിരിക്കും.
അതുകൊണ്ട് നീ ഇതില്‍ നിന്ന് പിന്തിരിയുക.. അത്രയുമേ എനിക്ക് പറയാനുള്ളൂ..
അങ്ങനെ ഒരു മറുപടിക്ക് ഒരു സാധ്യത മനസ്സില്‍ കണ്ടിരുന്നെങ്കിലും, വിജയന്‍ മാസ്റ്റര്‍ അത് നേരിട്ട് പറഞ്ഞപ്പോള്‍ തമ്പിക്ക് തന്‍റെ ശക്തിയെല്ലാം ചോര്‍ന്നു പോകുന്നപോലെ തോന്നി. മനസ്സില്‍ വാശിയും, വിഷമവും, വൈരാഗ്യവും എല്ലാം നിറഞ്ഞവനായി തമ്പി വായനശാലയിലെത്തി..
രാജുവും മറ്റ് ചില സുഹൃത്തുക്കളും അവിടെ സന്നിഹിതരായിരുന്നു. ചര്‍ച്ചാ വിഷയം ചന്ദ്രമൌലാശ്രമത്തിന്‍റെ വലുപ്പവും, സ്വാധീനവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, അവിടുത്തെ ഗുരുജിയുടെ മഹത്വവും; അതങ്ങനെ നീണ്ടു..
വിഷയങ്ങള്‍ ആ വഴിക്ക് നീണ്ടപ്പോള്‍ തമ്പിക്ക് തന്‍റെ നിയന്ത്രണത്തിന്റെ ചരടിന്റെ ബലം കുറയുന്നതായി തോന്നി. അയാള്‍ സൌമ്യത കൈവരിച്ച് പറഞ്ഞു. നിങ്ങള്‍ ക്യാമ്പ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയൂ.. ആശ്രമത്തിന്റെ വലിപ്പം പറഞ്ഞു കൊണ്ടിരിക്കാതെ.
തമ്പിയോട് അത്ര അടുപ്പം സൂക്ഷിക്കാത്ത ബിനു എന്നാ ചെറുപ്പക്കാരനില്‍നിന്നും അതിനുള്ള മറുപടി വന്നു.. അതിനാര് ഇനിയും ക്യാമ്പ് തടയാന്‍ പോകുന്നു. തനിക്കു വേണെങ്കില്‍ ഒറ്റയ്ക്ക് പോയി തടയ്!! പാര്ട്ടിം ആള്‍ക്കാരും ഒന്നും ഉണ്ടാവത്തില്ലെന്നു ചന്ദ്രന്‍ സഖാവ് പറഞ്ഞില്ലിയോ?? ഞങ്ങള് പോകുവാ, വരിനെടാ.... ബിനു അവിടെ ഇരുന്നിരുന്നവരെ തമ്പി അളിയന് എതിരു നില്‍ക്കുക എന്ന ആഹ്വാനത്തിന്റെ ധ്വനിയോട് കൂടി വിളിച്ച് എഴുനേറ്റു നടന്നു. വരാല്‍ മീനോപ്പം വാര്‍പ്പിന്‍ കുഞ്ഞുങ്ങള്‍ എന്ന് തോന്നിക്കും വിധം ബിനുവിനോപ്പം രാജുവോഴികെ എല്ലാവരും കളം വിട്ടു..
രാജു വിഷമത്തോടെ തമ്പിയുടെ അരികിലെത്തി.. തമ്പി, നിന്നെ ഈ വിഷമസ്ഥിതിയില്‍ എത്തിച്ചത് ഞാനാ. എന്തെങ്കിലും പ്രയോജനമുണ്ടാകുന്ന താണെന്ന് കരുതിയാ നിന്നെ ചൂടക്കിയത്. ഇത്രയും പ്രശ്നങ്ങളും, എതിര്‍പ്പുകളും ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. നിശബ്ദനായി നിന്ന തമ്പിയോട് രാജു തുടര്‍ന്ന് പറഞ്ഞു. തമ്പീ, നീയും ഇതിവിടം കൊണ്ടങ്ങ് അവസ്സനിപ്പിച്ചേര്; അതാ നല്ലത്.
അത്രയും നേരത്തെ നിശബ്ദതയെ പോട്ടിത്തെറിപ്പിക്കുന്ന രീതിയില്‍ തമ്പിആക്രോശിച്ചു.. അതിനു തമ്പി മരിക്കണം!! ഒരു രാത്രി ഇരുട്ടി വെളുക്കാന്‍ ക്യാമ്പ്കാരെ ഞാന്‍ അനുവദിക്കില്ല.
നിനക്കെന്തു ചെയ്യാന്‍ കഴിയും തമ്പി, ആരോണ്ടു നിന്റെ കൂടെ??
എന്‍റെ കൂടെ ആരും വേണ്ടാ, നിനക്കെന്‍റെ കൂടെ നില്‍ക്കാന്‍ പറ്റുമോ??
എനിക്കും പരസ്യമായി നില്‍ക്കാന്‍ തടസ്സങ്ങളുണ്ട് തമ്പീ, മുന്‍പ് എന്തിനും നിന്‍റെ കൂടെ പരസ്യമായി ഇറങ്ങിത്തിരിക്കാന്‍ കഴിയുമായിരുന്നു. കാരണം അന്ന് നമ്മളെ രണ്ടുപേരെയും സംരക്ഷിച്ചു നിര്‍ത്തുന്ന 'പാര്‍ട്ടി' എന്നാ ഘടകമുണ്ടായിരുന്നു. ഇന്നതില്ല. നീ ഒറ്റപ്പെട്ടു നില്‍ക്കുകയാണെന്ന ബോധം നിനക്ക് ഉണ്ടാകണം. എനിക്കും പാര്‍ട്ടിയെ ധിക്കരിച്ച് ഒന്നിനുമാകില്ല!!
ഇത്രയും പറയുമ്പോഴും തമ്പിയോടുള്ള സ്നേഹവും സൗഹൃതവും രാജുവില്‍നിന്നും വിട്ടകലുന്നില്ല.. അയാള്‍ തുടര്‍ന്നു പറഞ്ഞു.
രഹസ്യമായുള്ള എന്ത് സഹായത്തിനും ഞാന്‍ ഉണ്ടാകും. അതിന് നീ എന്നെ ഒന്ന് വിളിക്കുകയെ വേണ്ടു..
എനിക്കുവേണ്ടി നില്‍ക്കാന്‍ ഞാന്‍ ആരെയും പ്രതിസന്ധിയിലാക്കില്ല. പക്ഷെ എനിക്ക് നിന്‍റെ ഒരു സഹായം വേണ്ടി വരും.
അപ്പോള്‍ നിനക്ക് പിന്തിരിയാന്‍ ഉദ്ദേശമില്ലേ തമ്പി??
ഇല്ല, ഒന്നുങ്കില്‍ ഞാന്‍ ഇതില്‍ നിന്നും ഉദ്ദേശിച്ച പണമുണ്ടാക്കും. അല്ലെങ്കില്‍ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ, ഒരു രാത്രി ഇരുട്ടിവെളുപ്പിക്കാന്‍ അവരെ ഞാന്‍ അനുവദിക്കില്ല. ഇതില്‍ രണ്ടിലൊന്ന് നേടിയില്ലെങ്കില്‍ അത് പരാജയമാണ്. തമ്പി അതിന് നില്‍ക്കില്ല..
ദിവസ്സങ്ങള്‍ രണ്ട് മൂന്നു മുന്‍പോട്ടു പോയി. മെഡിക്കല്‍ ക്യാമ്പിന്റെ ഉത്ഘാടനദിവസ്സം വന്നെത്തി. രാവിലെ തന്നെ രാജു തമ്പിയുടെ വീട്ടിലെത്തി. തമ്പീ, നീ അറിഞ്ഞില്ലേ ഇന്നാണ് ക്യാമ്പിന്റെ ഉത്ഘാടനം..
ക്ഹ, ആരാ ഉല്‍ഘാടനം??
ഗുരുജി വരുന്നുണ്ട്. ഗുരുജി തന്നാ ഉത്ഘാടനം..
അല്‍പ്പനിമിഷങ്ങളിലെ ചിന്തക്ക് ശേഷം..
രാജൂ, എനിക്ക് ഇന്ന് വൈകിട്ട് നിന്‍റെ ഒരു സഹായം ആവശ്യമുണ്ട്.
നീ വൈകിട്ട് വായനശാലയിലേക്ക് വരണം, രാത്രി കൃത്യം പത്ത് മണിക്ക്..
രാത്രി പത്തു മണി എത്തി. രാജു തമ്പിയെ കാത്തു വായനശാലയുടെ കെട്ടിടത്തിന്‍റെ മറയത്തില്‍ നില്‍ക്കുന്നു. കെട്ടിടം തുറന്ന് അകത്ത് കടക്കരുതെന്ന് തമ്പിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.
ഇരുട്ടിന്‍റെ മറപിടിച്ച് തമ്പിയും എത്തി.
എന്താ നിന്‍റെ പരിപാടി?? നീ താമസ്സിച്ചപ്പോള്‍ നീ ഇതില്‍ നിന്നും പിന്തിരിഞ്ഞു കാണണേ എന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍....!`!
നീ പോടാ, എന്നെ ക്യാമ്പിന്റെ ഉള്ളില്‍ കടക്കാന്‍ മാത്രം നീ സഹായിച്ചാല്‍ മതി. അതിന് ഒരാളുടെ സഹായം കൂടിയെ തീരൂ. അതാ നിന്നെ വിളിച്ചത്.
നിന്‍റെ കയ്യില്‍ ഇതെന്താ തമ്പി?? ഭയത്താല്‍ അല്‍പ്പം വിറങ്കലിച്ച ശബ്ദത്തില്‍ രാജു ചോദിച്ചു..
ചോദ്യത്തിനൊരു മറുപടിക്കായിരുന്നില്ല തമ്പി തയ്യാറായത്, അയാള്‍ പറഞ്ഞു; രാജു, ഈ രാത്രി ഇനി ഇവിടെ എന്തു സംഭവിച്ചാലും എല്ലാം സ്വോഭാവികമായി ഉണ്ടായത് മാത്രം. നിനക്കൊന്നും അറിയില്ല. നിനക്കറിയാന്‍ പാടില്ലാത്ത കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞ് നിന്‍റെ ഉത്തരവാദിത്വം കൂട്ടണോ??
തമ്പി കൂടുതലായി തന്‍റെ കാര്യ പരിപാടികള്‍ വിശദീകരിക്കാന്‍ തയ്യാറല്ല എന്ന് മാത്രം രാജുവിന് മനസ്സിലായി. കൂടുതലൊരു ചോദ്യങ്ങള്‍ക്കും മുതിരാതെ അയാള്‍ തമ്പിയെ അനുസ്സരിച്ചു. രാജുവിന്‍റെ സഹായത്തോടെ തമ്പി ക്യാമ്പിന്റെ അധികമാരും ശ്രദ്ധിക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത ഒരു കൊണിലായി കയറിപ്പറ്റി. തന്‍റെ കയ്യില്‍ ഒളിപ്പിച്ച പെട്രോള്‍ കാനും, ആത്മരക്ഷാര്‍ഥം കൈയ്യില്‍ കരുതിയ കടാരയും ഒന്നുകൂടി സുരക്ഷിതമായി അയാള്‍ ഒതുക്കി വെച്ചു.
തന്‍റെ പ്രവര്‍ത്തിയിലെ ന്യായ-അന്യായങ്ങളോ ആപത്തോ, ഭയമോ ഒന്നുമല്ല തമ്പിയെ സ്വാധീനിക്കുന്നത്. മറിച്ച് തനിക്ക് ഉണ്ടാകാവുന്ന അപമാനം, അതില്‍ നിന്നുയരുന്ന വാശി; അതെല്ലാമായിരുന്നു! ഒരു വലിയ തുക സ്വപ്നം കണ്ടത് വൃഥാവിലായതിന്റെ അരിശമായിരിക്കാം ഈ വികാരങ്ങളെ ജനിപ്പിക്കുകയും, വളര്‍ത്തുകയും ചെയ്തത്!!
തനിക്ക് നേടാന്‍ ആയില്ല എങ്കില്‍ എല്ലാം നശിപ്പിക്കുക എന്ന ക്രിമിനല്‍ മനസ്സുതന്നെയായിരുന്നു തമ്പിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പില്‍ ഉണ്ടാക്കുന്ന ഒരു തീ പിടുത്തം സ്വോഭാവികമായ ഒന്നായി ധരിക്കപ്പെടുമെന്നും അങ്ങനെ താന്‍ പിടിക്കപ്പെടാതെ വരുമെന്നും, ക്യാമ്പ് പൊളിക്കുക എന്ന തന്‍റെ ലക്‌ഷ്യം നടപ്പിലാകുകയും ചെയ്യും; അങ്ങനെ നീണ്ടു അയാളുടെ ചിന്തകള്‍.!`!!
ക്യാമ്പ് കത്തി നശിച്ചത് നിയമത്തിന്‍റെ മുന്‍പില്‍ പിടിക്കപ്പെടാതെ വരണം എന്ന് മാത്രമേ തമ്പിക്കുണ്ടായിരുന്നുള്ളൂ. മറിച്ച് ക്യാമ്പ് നശിപ്പിച്ചത് താനാണെന്ന് പുറംലോകം അറിയരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നില്ല. കാരണം തന്നെ എതിര്‍ത്താല്‍ ഒന്നും നടക്കില്ല എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ കൂടി അയാള്‍ ആഗ്രഹിക്കുന്നു.
ക്യാമ്പിലെ വൈദ്യ സംബന്ധമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് തമ്പി തിരഞ്ഞു കൊണ്ടിരുന്നത്. അവിടെ പട്രോള്‍ ഒഴിച്ച് തീ വെയ്ക്കുക എന്നതാണ് അയാളുടെ തീരുമാനം. അങ്ങനെ എങ്കില്‍ തീ പിടുത്തത്തില്‍ നിന്നും ഒരു പുനര്‍ നിര്‍മ്മാണം അവര്‍ക്ക് സാധ്യമാകില്ല എന്നയാള്‍ കണക്കുകൂട്ടി.
തമ്പി നില്‍ക്കുന്നതിനു അല്‍പ്പം ദൂരെയായി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു. തമ്പി ഇരുട്ടില്‍ നിന്ന് അവരെ വീക്ഷിക്കുന്നതിനാല്‍ അവരാരും തമ്പിയെ കണ്ടിരുന്നില്ല.
ധൈര്യശാലി എങ്കിലും തമ്പി അളിയന്‍റെ രക്തഓട്ടത്തെ ഖരീഭവിപ്പിക്കുന്ന ഒന്ന് അയാളുടെ മുന്‍പില്‍..`!! ഇരുട്ടില്‍ നിന്ന് രൂപം കൊണ്ടതുപോലെ ഒന്ന്. പാദം വരെ മറഞ്ഞു കിടക്കുന്ന വലിയ കറുത്ത ഗൌണ്‍..`. ഭയത്തില്‍ നിന്നും ശക്തിയെ അടര്‍ത്തിയെടുത്തു അയാള്‍ ആ രൂപത്തിന്‍റെ മുഖത്തെക്ക് നോക്കി. അരണ്ട വെളിച്ചത്തില്‍ തലയ്ക്കു മീതെ പുതച്ച ഷാളിനുതാഴെ തീനാളങ്ങള്‍ ആളുന്നതുപോലെ നീണ്ട മുടി പാറിക്കളിക്കുന്നു. അതിനു താഴെ വളരെ ആഴത്തില്‍ കാണുന്ന തീഷ്ണമായ രണ്ടു കണ്ണുകള്‍...`.. കണ്ണുകളില്‍നിന്ന് ദൃഷ്ടി സമൃദ്ധമായ ദീക്ഷയില്‍ എത്തുന്നതിനു മുന്‍പുതന്നെ തമ്പി അറിയാതെ പറഞ്ഞുപോയി.
'ഗുരുജി'
ആ വാക്കിനെ മുഴുവിപ്പിക്കാന്‍ കഴിഞ്ഞു എന്ന് പറയാന്‍ കഴിയില്ല!! അതിനു മുന്‍പുതന്നെ; പറ് ടെ, ആ... അമ്മേ,,, തമ്പി അളിയന്‍റെ തലയ്ക്കു പിന്‍പിലായി ഖനമുള്ള എന്തൊകൊണ്ട് ആരുടെതെന്ന് അറിയാത്ത ഒരൊറ്റയടി...
തമ്പി ബോധരഹിതനായി നിലത്തു വീണു...
തമ്പി അളിയന്‍ ഉണരുന്നത് മറ്റൊരു ലോകത്തെക്കായിരുന്നു. അതി വിശാലമായ ഒരു മുറി. ആ മുറിക്കു പുറത്തേക്ക് തുറക്കുന്ന അനവധി ജനാലകള്‍..`.. ആ ജനാലകളെല്ലാം തന്നെ വലിയ കര്‍ട്ടനുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുറിക്കുള്ളില്‍ സുഖകരമായ തണുപ്പ്. മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സുഗന്ധം ഒരു ചെറു ആലസ്യത്തിലേക്ക് കൊണ്ടു പോകുന്നതായി അയാള്‍ക്ക് തോന്നി.
അരണ്ട വെളിച്ചത്തിനിടയില്‍ മുറിക്കുള്ളിലാകെ കണ്ണുകളയച്ചു പരതുന്നതിനിടയില്‍ സിംഹാസന തുല്യമായ ഒരിരിപ്പിടത്തില്‍ ഉപവിഷ്ടനായിരുന്ന ആള്‍ രൂപം കണ്ട് തമ്പി അര്‍ത്ഥ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു.
ഗുരുജി, തമ്പി അറിയാതെ മന്ത്രിച്ചു പോയി..
തമ്പി കിടന്നിടത്തു നിന്നും എഴുനേറ്റു. സ്ലേറ്റു പൊട്ടിച്ച സ്കൂള്‍ കുട്ടി ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് പോകുന്ന പോലെ അയാള്‍ വലിഞ്ഞു നടന്ന് ഗുരുജി യുടെ ഇരിപ്പിടത്തിനു മുന്നിലെത്തി. ഗുരുജിയുടെ മുന്നില്‍ മുട്ടില്‍ നിന്നുകൊണ്ട് തൊഴു കൈകളോടെ അയാള്‍ കേഴാന്‍ തുടങ്ങി.
ഗുരുജീ, എന്നോട് ക്ഷമിക്കണം. എന്നെ വിട്ടയക്കണം!! ധീര വിപ്ലവകാരി ഒരു കൊച്ചു കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങി..
നീ എന്തിനാണ് ഇവിടെ വന്നതെന്ന് എനിക്കറിയാം തമ്പീ, നിന്നെ ശിക്ഷിക്കുക എന്നത് എന്‍റെ ഉദ്ദേശവുമല്ല! നീ സമാധാനപ്പെട്ടുകോള്‍ക.
വാര്‍ദ്ധക്യം ബാധിച്ചവനെങ്കിലും തീഷ്ണമായ രൂപലക്ഷണങ്ങളുള്ള ഗുരുജിയില്‍ നിന്നും കേട്ട വാക്കുകള്‍ തമ്പിയിലെ ഭയത്തിന്‍റെ വേലിയേറ്റത്തിനു അല്‍പ്പം അയവു നല്‍കി. .
അടുത്തു വരൂ കുട്ടീ, ഗുരുജിയുടെ സൗമ്യത നിറഞ്ഞ ആ വിളി തമ്പിയില്‍ അത്ഭുതവും കുളിര്‍മ്മയും നിറച്ചു. അയാള്‍ മുട്ടിന്മേല്‍ ഉയര്‍ന്നുതന്നെ സാവധാനം ഗുരുജിയുടെ സമീപത്തേക്ക് അടുത്തു നിന്നു.
സത്യമായി പറയൂ തമ്പി, നീ എന്തിനാണ് ഇതെല്ലാം നശിപ്പിക്കാന്‍ തയ്യാറായത്?
ക്യാമ്പ് തടയാന്‍ ഞാന്‍ മുന്നിട്ടിറങ്ങി. ആരും പിന്തുണച്ചില്ല. അത് വാശിയായി. പിന്നെ എല്ലാം നശിപ്പിക്കണമെന്നായി. അങ്ങനെയാണ് ഗുരുജീ ഞാന്‍ ഇവിടെ എത്തിയത്.
അത് പൂര്‍ണ്ണമായും സത്യമല്ലല്ലൊ തമ്പി. അതൊക്കെ നീ ഇറങ്ങിത്തിരിച്ചു കഴിഞ്ഞുള്ള കാര്യം. നിന്നെ അതിനു പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു??
ക്യാമ്പ് നടത്തുന്നവരുമായി കശപിശ ഉണ്ടാക്കിയാല്‍ അവര്‍ പണം തന്ന് കാര്യങ്ങള്‍ തീര്‍ക്കുമെന്ന് ഞാന്‍ കരുതി..
അത് സത്യം. അപ്പോള്‍ പണത്തിനു വേണ്ടിയാണ് നീ ഇതെല്ലാം ചെയ്യാന്‍ തുനിഞ്ഞത്.
അതെ ഗുരുജീ; എനിക്ക് പണം കൂടിയേ തീരൂ. പണത്തിനായി ഒരുപാട് കഷ്ട്ടപ്പെടുന്നവനാണ് ഞാന്‍..`..
നിനക്കെന്തിനാണു പണം? ?
പണവുമായി ചേര്‍ത്തുവെയ്ക്കാവുന്ന തന്‍റെ ആവശ്യങ്ങള്‍ തിരയിളകി വരുന്നതുപോലെ മനസ്സില്‍ നിറഞ്ഞുകൊണ്ടിരുന്നു. .
എന്‍റെയും എന്‍റെ ഭാര്യയുടെയും വീട്ടുകാരെ മുഴുവന്‍ എതിര്‍ത്താണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. ഒരുപാട് കോലാഹലങ്ങളുമുണ്ടായി.. ഇപ്പോള്‍ തികച്ചും ഒറ്റപ്പെട്ട ജീവിതമാണ് ഞങ്ങളുടേത്.. ഒരല്‍പം ഇടറിച്ചയോടെ ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു പറഞ്ഞു..
എനിക്ക് പണം ഉണ്ടാക്കിയെ പറ്റൂ ഗുരുജീ..
പണം നിന്‍റെ പ്രശ്നങ്ങളെ എല്ലാം തീര്‍ക്കുമെന്ന് നിനക്കുറപ്പുണ്ടോ തമ്പീ..
എനിക്ക് പണം കൊണ്ട് തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു ഗുരുജീ
ശരി, അങ്ങനെ എങ്കില്‍ നിനക്ക് ആവശ്യമുള്ളത്ര പണം ഞാന്‍ തരാം. എന്‍റെ ഒപ്പം വരൂ..
ഗുരുജീ തന്‍റെ ഇരുപ്പിടത്തില്‍ നിന്നും ഇറങ്ങി നടന്നു. എന്തൊക്കെയാണ് നടക്കു ന്നതെന്ന ആശ്ചര്യത്തോടെ തമ്പിയും അനുഗമിച്ചു.
ഗുരുജി മറ്റൊരു വിശാലമായ മുറിയിലേക്ക് കയറി. തമ്പിയും അവിടേക്ക് കയറിക്കഴിഞ്ഞപ്പോള്‍ വാതിലുകള്‍ താനേ അടഞ്ഞു. തമ്പിയില്‍ സംശയങ്ങള്‍ക്കൊപ്പം ഭയവും വളരുന്നുണ്ടായിരുന്നു.
വലിയ മുറിയില്‍ നിന്നും ഒരു ഇടനാഴിയില്‍ കൂടി അല്‍പ്പം നടന്ന് ഒരു ചെറിയ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ സൂക്ഷിച്ചിരുന്ന ഒരു വലിയ പെട്ടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഗുരുജി പറഞ്ഞു. . അത് നിനക്കുള്ളതാണ്..
അല്‍പ്പം മടിയോടെ നിന്ന തമ്പിയോട് ഒരു ആജ്‌ഞാസ്വരത്തില്‍ ഗിരുജി പെട്ടിയിലേക്ക് ചൂണ്ടിക്കൊണ്ട് ഒന്ന് മൂളി..
ഗുരുജിയെ നേരിട്ട് കണ്ടനിമിഷം മുതല്‍ അദ്ദേഹത്തെ ഒരു വിനീത വിധേയനായി അനുസ്സരിക്കാന്‍ മാത്രമേ തമ്പിക്ക് കഴിയുന്നുണ്ടായിരുന്നുള്ളൂ!
തമ്പി ആ പെട്ടി ചെന്നെടുത്തു.
ഇനി നിനക്ക് പോകാം. പണത്തെ നിനക്കോ പണത്തിന് നിന്നെയോ പരാജയപ്പെടുത്തി ജീവിക്കാം. പണവുമായി ഒരു യുദ്ധത്തിനുള്ള അവസ്സരം ഞാന്‍ നിനക്ക് തരുന്നു.
തമ്പി വീട്ടിലെത്തി! ആദ്യമൊന്നും മീരയോടും തമ്പി തനിക്കുണ്ടായ അനുഭവങ്ങളെ വെളിപ്പെടുത്തിയിരുന്നില്ല.. തമ്പിയിലെ പണത്തിന്‍റെ അതിപ്രസ്സരം മീരയെ മാത്രമല്ല നാട്ടില്‍ മുഴുവന്‍ തമ്പി എന്ന ധനികനെ തിരിച്ചറിയിച്ചു നല്‍കി..
തമ്പിയിലെ മനുഷ്യന്‍ ധനികന്‍ എന്ന വ്യക്തിത്വത്തിന് വഴിമാറി. തമ്പിയുടെ ചെറിയ വീടിന്‍റെ സ്ഥാനത്ത് ഒരു മണിമാളിക ഉയര്‍ന്നു കഴിഞ്ഞു. ആഡംബര കാറുകള്‍, സേവകര്‍, അനുയായികള്‍, സ്തുതി പാടകര്‍ അങ്ങനെ നീളുന്നു അ തിന്റെ ഭൌതിക മാറ്റത്തിന്‍റെ അലങ്കാരങ്ങള്‍..`..
പണം എന്നത് മാത്രമാണ് ജീവിതത്തില്‍ നേടാനുള്ള ഒന്നേ ഒന്ന് എന്നും മറ്റെന്തുള്ളതെല്ലാം പണം നേടിത്തരുന്നതുമാണെന്നതായി തമ്പി അളിയന്‍റെ കാഴ്ച്ചപ്പാട്..
തമ്പി തൊട്ടതെല്ലാം പൊന്നായി എന്ന് പറഞ്ഞാല്‍ മതിയെല്ലോ. .തന്‍റെ രാഷ്ട്രീയ എതിരാളികളെ എല്ലാം പണം കൊണ്ട് അയാള്‍ ചൊല്‍പ്പടിയില്‍ നിര്‍ത്തി.. സംഘടനാ പരമായ സ്ഥാനമാനങ്ങള്‍ പണം നല്‍കി വാങ്ങി.. സാമൂഹിക സാമുദായിക സ്ഥാനമാനങ്ങള്‍ തമ്പിയുടെ കാല്‍ക്കല്‍ കുമിഞ്ഞുകൂടി..
തമ്പിയുടെ കുഞ്ഞിന്‍റെ പിറന്നാള്‍ ദിനആഘോഷങ്ങള്‍ നടക്കുകയാണ്. നാടു മുഴുവന്‍ അന്ന് തമ്പിയുടെ വീടിന് മുന്‍പിലെ വലിയ പന്തലില്‍ ഒത്തുകൂടിയിരിക്കുകയാണ്.. ക്ഷണപത്രികയില്‍ വ്യക്തമായി ഒന്നെഴുതാന്‍ അയാള്‍ മറന്നില്ല.. ' സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല'.
ഏകദേശം ഉച്ച സമയത്തോട് അടുത്തുകാണും; രാജു തന്‍റെ കുടുംബസമേതം തമ്പിയുടെ വീട്ടിലെത്തി. രാജുവിന്‍റെ കയ്യില്‍കരുതിയിരുന്ന തുണിക്കടയുടെ കവര്‍ തമ്പി ശ്രദ്ദിച്ചിരുന്നു. മീര ബഹുമാനവും സന്തോഷവും പ്രകടിപ്പിച്ച് ആ ഉപഹാരം വാങ്ങി.. തമ്പി മീരയെ വിളിച്ച് രാജുവിന്‍റെ പ്രേസന്ട് എന്താണെന്ന് ആരാഞ്ഞറിഞ്ഞു.. അത് അഞ്ഞൂറ് രൂപ വില വരുന്ന ഒരു കുഞ്ഞുടുപ്പുആയിരുന്നു വെന്ന് അയാള്‍ മനസ്സിലാക്കി.
അന്നേദിവസ്സം വൈകിട്ട് രാജു എന്തോ ആവശ്യത്തിനായി തമ്പിയെ കാണാന്‍ തമ്പിയുടെ വീട്ടിലെത്തി.. രാജു വന്നവിഷയം പറഞ്ഞു തീര്‍ന്ന അവസ്സരത്തില്‍ തന്നെ തമ്പി തന്‍റെ മനസ്സിലെ കരട് പുറത്തെടുത്തു. തമ്പി അഞ്ഞൂറ് രൂപ രാജുവിന് നേരേ നീട്ടിക്കൊണ്ട് പറഞ്ഞു.. സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നതല്ലെന്ന് പ്രത്യേകം എഴുതിയിരുന്നതല്ലേ!! രാജുവിന് കാര്യം മനസ്സിലായി.. അപമാനവും, വിഷമവും കലര്‍ന്ന സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു.. മിനിമോള്‍ക്ക് പിറന്നാളായതുകൊണ്ട് ഒരു സമ്മാനം, എന്‍റെ ഒരു സന്തോഷം. ഞാന്‍ അത്രേമേ കരുതിയുള്ളു.. നീ ഇതു തിരിച്ചു തന്നെന്നെ അപമാനിക്കരുത് തമ്പീ..
തമ്പിക്ക് ആരുടെയും ഒരു ഔദാര്യത്തിന്റെയും ആവശ്യമില്ല. നീ ഇത് വാങ്ങ്..
എന്നുകരുതി നിനക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോടു ചോദിക്കാനും മടിക്കേണ്ട..
'നീ എന്നെ അപമാനിക്കുകയാണ് തമ്പീ'; അത്രയും പറഞ്ഞ് രാജു ആ പണവും വാങ്ങി അവിടെനിന്നിറങ്ങി..
അന്ന് രാത്രി തമ്പിയുടെ ഉറക്കത്തില്‍ ഒരു ദര്‍ശനമുണ്ടായി.. സാക്ഷാല്‍ ഗുരുജി ആയിരുന്നു അത്.
തമ്പീ, നിനക്ക് പണത്തിനോടു യുദ്ധം ചെയ്യാന്‍ ഒരവസ്സരം തരാമെന്ന് ഞാന്‍ പറഞ്ഞു. ആ യുദ്ധം മുന്നേറുമ്പോള്‍ ആരാണ് പരാജയപ്പെടുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ?
എന്താണ് ഗുരുജീ അങ്ങനെ ചോദിക്കുന്നത്. ഞാന്‍ ഏറ്റവും നല്ലവന്റെ ജീവിതമല്ലേ നയിക്കുന്നത്?
നീ പണത്തിനോടു പലവട്ടം തോല്‍ക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ നീ അതൊന്നും തിരിച്ചറിയുന്നതെ ഇല്ല. ഇന്നു നിന്‍റെ കുഞ്ഞിന്‍റെ പിറന്നാള്‍ ചടങ്ങിന് വിളിച്ചവരെ മുഴുവന്‍ നീ അപമാനിച്ചു.. 'സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല' എന്ന് ക്ഷണപത്രികയില്‍ എഴുതിയാണ് നീ അത് ചെയ്തത്. അതിനെല്ലാം അപ്പുറത്ത് നീ രാജുവിനെ അപമാനിച്ചു. നിന്നോടും നിന്‍റെ കുഞ്ഞിനോടുമുള്ള സ്നേഹം കൊണ്ട് അവന്‍ കൊണ്ടുവന്ന വസ്ത്രത്തിന്‍റെ പണം നല്‍കിയാണ് നീ അവനെ അപമാനിച്ചത്.. ഇതിലെയൊക്കെ ശരി തെറ്റുകളെ വേര്‍തിരിക്കാനുള്ള ബുദ്ധിയെങ്കിലും നിന്നില്‍ അവശേഷിക്കുന്നുണ്ടോ?
ഗുരുജി എന്നെ കുറ്റപ്പെടുത്തരുത്. ഞാന്‍ എന്തു തെറ്റ് ചെയ്തെന്നാണ് അങ്ങ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.. രാജുവിന് എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കാമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പണം കൊടുത്തത്; അതിലെന്താ തെറ്റ്? സമ്മാനമൊന്നും വേണ്ടായെന്ന് പറഞ്ഞിരുന്നതല്ലേ? പിന്നെ എനിക്കിപ്പോള്‍ മറ്റൊരാളുടെ ഔദാര്യത്തിന്റെ ആവശ്യമില്ലല്ലോ!
ഔദാര്യവും, സമ്മാനവും തിരിച്ചറിയാനുള്ള വിവേകം നിന്നില്‍ നശിച്ചിരിക്കുന്നു. പണം നേടുന്നതോടെ എല്ലാവരെക്കൊണ്ടുമുള്ള എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കപ്പെട്ടു എന്നു കരുതുന്ന അധമ മനുഷ്യരുടെ ഗണത്തിലാണ് നീയും. പണം നേടുന്നതോടെ പണത്തിന്‍റെ ആവശ്യങ്ങള്‍ മാത്രമേ നിവര്‍ത്തിക്കപ്പെടുന്നുള്ളൂ.. മറ്റനേകം ആവശ്യങ്ങള്‍ ബാക്കി തന്നെയാണ്.. അത് പലതും മറ്റു വ്യക്തികളെ കൊണ്ടുള്ളതായിരിക്കും.. നിന്‍റെ പണത്തിന് മൂല്യം കല്‍പ്പിക്കാത്തവരില്‍ നിന്നും നിനക്ക് നേടേണ്ടതോന്നും നേടാന്‍ നിനക്ക് കഴിയില്ല.. പണം ഒരു മരീചിക മാത്രമാണ്. ആ പച്ചപ്പില്‍ കയറി നിന്ന് ആശ്വാസം നേടാന്‍ കഴിയും. പക്ഷെ അത് നിനക്ക് തലയ്ക്കു മീതേ കുളിര്‍മ്മ നല്‍കുന്ന തണലാണെന്നു കരുതരുത്.
പണമല്ലെങ്കില്‍ എന്താണ് ഗുരുജീ.. പണമില്ലെങ്കില്‍ ഒന്നും നേടാന്‍ കഴിയില്ല.. പണം നേടാന്‍ കഴിയുന്നത് തന്നെയാണ് ഒരുവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.
നീ പണം നെടിയതെങ്ങനെ എന്നും നീ മറന്നു പോകരുത്..
അങ്ങയുടെ കരുണയാണ് എന്‍റെ നേട്ടങ്ങള്‍ക്ക് പിന്നില്‍..`.. പക്ഷെ അതിലേക്കു നയിച്ചതിനു പിന്നില്‍ എന്‍റെ ധൈര്യം എന്ന വസ്തുതയുമുണ്ടായിരുന്നു..
സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന് എഴുതിയതിലെ അപാകത തിരിച്ചറിയാന്‍ കഴിയാത്തവനോട് ഉപദേശിക്കുക എന്നത് ഒരു വൃഥാ വ്യായാമമാണ്.. തമ്പീ നിന്‍റെ ചിന്തകള്‍ കൊണ്ടുതന്നെ നിന്നെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുക..അതിനുള്ള സമയമെത്തി!!
ഗുരുജിയുടെ ദര്‍ശനം മറഞ്ഞിടത്തുനിന്നും തമ്പി ഉണര്‍ന്നെഴുനെറ്റു. അയാള്‍ തന്‍റെ പ്രവര്‍ത്തികളെയും, ഗുരുജിയുടെ പരാമര്‍ശങ്ങളെയും ഒന്ന് തുലനം ചെയ്ത് ചിന്തിച്ചു.. താന്‍ എത്ര ശരിയായി നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന ആത്മ പ്രശംസ്സയോടെ വീണ്ടും നിദ്രാ ദേവിയെ ആലിംഗനം ചെയ്തു..
തമ്പി പിറ്റേ ദിവസ്സം തന്‍റെ കടും കട്ട പരിപാടികളുമായി വ്യാപൃതനായി നില്‍ക്കുകയാണ്.. പെട്ടന്ന് തമ്പിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.. പരിചയമില്ലാത്ത നമ്പരാണ്.. ആരാണ് വിളിച്ചു ശല്യം ചെയ്യുന്നതെന്ന ഈര്‍ഷ്യ ഭാവത്തില്‍ തമ്പി ഫോണെടുത്തു പറഞ്ഞു..
ഹലോ...
ഫോണിന്‍റെ അങ്ങേതലക്കല്‍ നിന്നും ഗൗരവമേറിയ ശബ്ദം..
രാജന്‍ തമ്പിയല്ലേ,
അതേ,
അല്‍പ്പം പെഷ്യന്‍സ്ഓടെ കേള്‍ക്കണം.. നിങ്ങളുടെ കുട്ടി ഉള്‍പ്പെടെ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു.. നിങ്ങള്‍ എത്രയും പെട്ടന്ന് റാവുത്തര്‍ മെമ്മോറിയല്‍ ഹോസ്പ്പിറ്റലിലേക്ക് വരണം.. അല്‍പ്പം സീരിയസ് ആണ്..
തമ്പി അളിയന് സപ്തനാഡികളും തളരുന്നതായി തോന്നി.. അല്‍പ്പനിമിഷങ്ങള്‍ക്കകം പ്രക്ഞ വീണ്ടെടുത്ത അയാള്‍ അലറിവിളിച്ചു കൊണ്ട് വീടിനുള്ളിലേക്ക് ഓടി..
മീരാ, മീരാ
നിമിഷനേരങ്ങല്‍ക്കകം തമ്പിയും, മീരയും ചില സഹായികളും ആശുപത്രിയില്‍ എത്തി.
തമ്പി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രാജുവും വിവരമറിഞ്ഞ് അവിടെ എത്തിയിരുന്നു. രാജുവിനെ കണ്ടമാത്രയില്‍ തന്നെ തമ്പി പൊട്ടിക്കരഞ്ഞു പോയി..
ഡാ, എന്‍റെ കുഞ്ഞ്...
ഒന്നുമില്ല തമ്പി; മിനിമോള്‍ക്ക് ഒന്നുമില്ല. വാ നമുക്ക് ഡോക്ടറെ കാണാം..
തമ്പിയെ കണ്ടമാത്രയില്‍ തന്നെ ഡോക്ടര്‍ക്ക് ആളെയും, എല്ലാം മനസ്സിലായി. കൂടുതല്‍ പരിചയപ്പെടുത്തലിന്റെയോ വിശദീകരണങ്ങളുടെയോ ആവശ്യമുണ്ടായില്ല..
തമ്പീ, കാര്യങ്ങള്‍ മറച്ചുവെച്ചിട്ട് കാര്യമില്ലല്ലോ.. കുട്ടിയുടെ നില അല്‍പ്പം സീരിയസ് ആണ്.. ഞങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ഇന്റെര്‍ണല്‍ ഇഞ്ചുറി വളരെ അധികമാണ്..
ഞാന്‍ എത്ര പണം മുടക്കാനും തയ്യാറാണ്, എന്‍റെ കുഞ്ഞു രക്ഷപെടണം.
പണമൊക്കെ രണ്ടാമത്തെ കാര്യമല്ലേ തമ്പീ, ഇപ്പോള്‍ ഈശ്വരാനുഗ്രഹമാണ് ആവശ്യം.. പ്രാര്‍ഥിക്കുക!! പിന്നെ; വളരെ അടിയന്തിരമായി AB-ve ബ്ലഡ് ആവശ്യമുണ്ട്..
എന്‍റെ ഭാര്യയുടെ AB-ve ആണ്.. തമ്പി നേരെ മീരയുടെ അടുത്തേക്കോടി.. മീരയെ രക്തപരിശോധനകള്‍ക്കായി ലബോറട്ടരിയിലേക്ക് കൊണ്ടുപോയി..
ഉദ്വേഗവും, ഭീതിയും, നിസ്സഹായതയും നിറഞ്ഞ നിമിഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.. ഓരോ നിമിഷങ്ങളും നെഞ്ചില്‍ വാരികുന്തങ്ങള്‍ തറച്ചാണ് കടന്നു പോകുന്നതെന്ന് തമ്പിക്ക് തോന്നി..
കുറച്ചു സമയങ്ങള്‍ക്ക് ശേഷം ഒരു സിസ്റ്റര്‍ തമ്പിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു. . സാറിനെ ഡോക്ടര്‍ക്ക് കാണണമെന്ന് പറഞ്ഞു.
തമ്പി ശരവേഗതയില്‍ ഡോക്ടറുടെ അടുത്തെത്തി.. വളരെ ദൈന്യത നിറഞ്ഞ മുഖത്തോടെ ഡോക്ടര്‍ തമ്പിയെ സ്വീകരിച്ചു..
തമ്പീ, ഇത്രയും ദുഖകരമായ അവസ്ഥയില്‍ ഇതുകൂടി പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്, പക്ഷെ അടിയന്തരമായി തന്നെ അത് നിങ്ങളെ അറിയിച്ചേ പറ്റു.. അതാണ് വിളിപ്പിച്ചത്.. ഡോക്ടര്‍ മുഘവുരയോടെ അവതരിപ്പിച്ചു തുടങ്ങി..
എന്തായാലും പറയൂ ഡോക്ടര്‍, എന്‍റെ കുഞ്ഞിന്.... അല്‍പ്പം വിതുമ്പലോടെ തമ്പി നിര്‍ത്തി..
അതാണ് തമ്പി ഞാന്‍ അല്‍പ്പം മുഘവുരയോടെ പറഞ്ഞു തുടങ്ങിയത്.. മോടെ കാര്യമല്ല; മീരയുടെ ബ്ലഡ് റിസള്‍ട്ട് മോശമാണ്.. രക്തത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ വളരെ വളരെ അബ്നോര്‍മലാണ്, കൂടുതല്‍ പരിശോധനകള്‍ വേണം.. എന്നാലും ലുക്കീമിയ ആണെന്ന് ഏതാണ്ട് ഇപ്പഴേ ഉറപ്പിക്കാം..
തമ്പിയെ അറിയിക്കുക എന്ന തന്‍റെ ചുമതല ഡോക്ടര്‍ ചുരുങ്ങിയ വാക്കുകളില്‍ നിവഹിച്ചു..
താന്‍ എന്താണ് കേള്‍ക്കുന്നത് എന്നുപോലും വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്തവിധം തമ്പിയുടെ പ്രജ്ഞ ആകെ നശിച്ചു പോയിരുന്നു. ഡോക്ടറോട് എന്തൊക്കെയോ ഭ്രാന്തനെപ്പോലെ ചോദിച്ച് അയാള്‍ പുറത്തേക്ക് വന്നു..
രാജു എവിടെനിന്നൊക്കെയോ ആള്‍ക്കാരെ സംഘടിപ്പിച്ച് മിനിമോള്‍ക്ക് വേണ്ട AB -ve ഗ്രൂപ്പ് ബ്ലഡ് എത്തിച്ചു കൊടുത്തു.. ആശുപത്രിയിലെ മറ്റെല്ലാആവശ്യങ്ങളുടെയും ചുമതല രാജു ഏറ്റെടുത്തു നടത്തുന്നു.. തമ്പി ഒരു ജീവച്ഛവം പോലെ ഒരു മുറിയില്‍ കിടക്കുന്നു.. ദുഖവും, നിരാശയും, നിസ്സഹായതയും നിറഞ്ഞ നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്കും, ദിവസ്സങ്ങള്‍ക്കും, ആഴ്ചകള്‍ക്കും വഴിമാറികൊണ്ടിരുന്നു..
മീരയുടെയും, മകളുടെയും ആരോഗ്യനില ദിനം പ്രതി വഷളായി കൊണ്ടിരുന്നു.. തമ്പി എന്ത് ചെയ്യണമെന്നറിയാതെ ആശുപത്രിയിലെ മുറിയില്‍ ഒറ്റക്കിരിക്കുകയാണ്. ശരീരത്തിന്റെയും, മനസ്സിന്‍റെയും ക്ഷീണത്തിന്റെ അപാരതയായിരിക്കാം അയാള്‍ മെല്ലെ ഒരു ചെറുമയക്കത്തിലേക്ക് വഴുതിവീണു..
തമ്പീ......., തന്നെ ഉള്ളില്‍നിന്ന് ആരോ വിളിച്ചതായി തമ്പിക്ക് തോന്നി! അത് മറ്റാരുമായിരുന്നില്ല.. ഗുരുജി തമ്പിയുടെ സ്വപ്നത്തില്‍ ഒരു ദര്‍ശനമായി എത്തിയതായിരുന്നു..
ഗുരുജീ എന്‍റെ എല്ലാം നശിച്ചു ഗുരുജീ... എന്‍റെ മോള്, എന്‍റെ മീര എല്ലാം എനിക്ക് നഷ്ടമാകാന്‍ പോകുന്നു.. എനിക്കിനി ആരുമില്ല ഗുരുജീ.. എന്നെ രക്ഷിക്കണം ഗുരുജീ..
നിനക്ക് ആവശ്യമുണ്ടായിരുന്നത് ഇപ്പോഴും നിന്‍റെ കൈവശമില്ലേ? പണം!!
എന്‍റെ മീരയും കുഞ്ഞുമില്ലാതെ എനിക്കെന്തിനാ ഗുരുജീ പണം??
തമ്പീ നീ ചിന്തിക്കൂ, ആരുടെയും ഔദാര്യം ആവശ്യമില്ലാത്തവനല്ലേ നീ, മറ്റുള്ളവരുടെ ഏതെല്ലാം ഔദാര്യം വാങ്ങുന്നതില്‍ നിന്നും അത് നിന്നെ സംരക്ഷിച്ചു??
ഗുരുജീ...
നിന്‍റെ അപകടത്തില്‍പ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചവരുടെ ഔദാര്യം നീ സ്വീകരിച്ചില്ലേ?? നിന്നെ വിവരം അറിയിച്ചവരുടെ, ആശുപത്രിയിലേക്ക് കൊണ്ടു പോയ ഡ്രൈവറുടെ, നിന്നെ ആശ്വസ്സിപ്പിച്ചവരുടെ, അതിലെല്ലാം കൂടുതലായി രാജുവിന്‍റെ?? എല്ലാ സഹായങ്ങളും നീ സ്വീകരിച്ചില്ലേ?? ഇതില്‍ പലരും നിനക്ക് ഔദാര്യം ചെയ്തു തരുന്നു എന്ന് കരുതിത്തന്നെയാണ് അവ ചെയ്തു തന്നത്.. മറ്റു ചിലര്‍ അവരുടെ ജോലി ചെയ്തപ്പോള്‍ അവ നിനക്കുള്ള ഔദാര്യങ്ങളായി വന്നു ഭവിച്ചു.. ഇവ ഒന്നും നിനക്ക് നിന്‍റെ പണം കൊണ്ട് വീടാന്‍ കഴിയില്ല.. നീ വില കല്‌പ്പിക്കുന്ന നിന്‍റെ പണം സ്വീകരിക്കാനോ, വില കല്‌പ്പിക്കാനൊ അവര്‍ തയ്യാറായില്ലെങ്കില്‍ മരണശേഷവും അവരുടെ ഒക്കെ ഔദാര്യം പറ്റിയവനായി നീ തുടരും.. അതാണ് തമ്പീ ജീവിതം.. ഭിക്ഷകള്‍ വാങ്ങിയും കൊടുത്തും കൂടിയാണ് ഇവിടുത്തെ ജീവിതം..
നീ അഹങ്കരിച്ച നിന്‍റെ പണത്തിന് നിന്‍റെ ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കത്തക്ക ശക്തി ഉണ്ടെന്നുനീ കരുതുന്നുണ്ടോ തമ്പീ??
തമ്പി നമ്രശിരസ്ക്കനായി ഗുരുജീയുടെ വാക്കുകളെ ശ്രവിച്ചു കൊണ്ടിരുന്നു..അവസ്സാനം വിങ്ങിപ്പൊട്ടി അയാള്‍ ഗുരുജിയുടെ കാല്‍ക്കലേക്ക് വീണു..
എന്നെ രക്ഷിക്കണം ഗുരുജീ, എന്‍റെ തെറ്റുകളെല്ലാം ക്ഷമിക്കണം.. എന്‍റെ മീരേം കുഞ്ഞിനേം രക്ഷിക്കണം.. അതിനൊരു വഴി ഉപദേശിച്ചു തരൂ ഗുരുജീ, എന്നെ രക്ഷിക്കണേ ഗുരുജീ..
പണത്തിന് പണത്തിന്‍റെ ആവശ്യത്തെ നിറവേറ്റാന്‍ മാത്രമേ കഴിയൂ തമ്പി, പണം കൊണ്ട് സാധിക്കാവുന്ന ചിലവ; മറ്റനേകം പണത്തിന്‍റെ വൃത്തത്തിനുള്ളില്‍ അകപ്പെട്ടു നില്‍ക്കുന്നതിലും അപ്പുറമാണ്.. നിന്‍റെ ആവശ്യങ്ങളെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത പണത്തെ ദൈവത്തില്‍ സമര്‍പ്പിച്ച് ഉപേക്ഷിക്കൂ.... ഒരുപക്ഷെ നിനക്ക് നിന്‍റെ കുടുംബത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കും... എന്തു പറയുന്നു തമ്പീ; തീരുമാനം പൂര്‍ണ്ണമായും നിന്റെതാണ്!!!
കുറച്ചു നിമിഷങ്ങള്‍ അമ്പരപ്പോടെ ഗുരുജിയുടെ വാക്കുകളെ കേട്ടിരുന്നതിനു ശേഷം തമ്പി പറഞ്ഞു!!
ഞാന്‍ എല്ലാം ഉപേക്ഷിക്കാം ഗുരുജീ എനിക്കെന്‍റെ മീരയും കുഞ്ഞുമാണ് വലുത്; അവരെ രക്ഷിക്കണം ഗുരുജീ...
നിന്‍റെ സമ്പത്തുകള്‍ ഉപേക്ഷിക്കുക വഴി നിന്‍റെ കുടുംബത്തെ രക്ഷിക്കാനൊരു സാധ്യത എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.. അങ്ങനെ ഒരു സാദ്ധ്യതയും നിന്‍റെ കുടുംബത്തെ സ്നേഹിക്കുന്നുവെങ്കില്‍ നീ പാഴാക്കില്ല; എല്ലാം നിന്‍റെ തീരുമാനം.. അത്രയും പറഞ്ഞ് ഗുരുജീ തമ്പിയുടെ സ്വപ്നത്തില്‍നിന്നും മറഞ്ഞു..
തമ്പി സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. കസേരയില്‍ നിന്ന് എഴുനേറ്റ് ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങൊട്ടുമിങ്ങൊട്ടും നടന്നു..
ശരിയാണ്, ഗുരുജി പറഞ്ഞത് ശരിയാണ്, എന്‍റെ പണം ഉപേക്ഷിച്ചാല്‍ എനിക്കെന്‍റെ മീരേം മോളേം രക്ഷിക്കാം. അല്ലെത്തന്നെ അവരില്ലാതെ ഇതൊക്കെ എനിക്കെന്തിനാ, വേണ്ട.................. വേണ്ട ............... എനിക്കൊന്നും വേണ്ടാ........... അയാള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി...
ഒന്ന് സ്വോബോധത്തിലേക്ക് തിരിച്ചു വന്നതെന്ന പോലെ; രഘു , രഘു.........
തന്‍റെ മാനേജര്‍ രഘുവിനെ അയാള്‍ വിളിച്ചു...
രഘു വന്ന മാത്രയില്‍ തന്നെ....
എന്‍റെ എല്ലാ സ്ഥാപനങ്ങളുടെയും ബാദ്ധ്യതകള്‍, ലോണുകള്‍ എല്ലാം തീര്‍ക്കുക.. ക്ഷേത്രങ്ങള്‍, അനാഥാലയങ്ങള്‍, ചികില്‍സ്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ അങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കുക. . എല്ലാ തൊഴിലാളികള്‍ക്കും പണം നല്‍കുക.. ഞാന്‍ പറഞ്ഞ പോലെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കായി എന്‍റെ എല്ലാ സ്വത്തുക്കളും വീതിച്ചു നല്‍കുക!! ആശുപത്രിയില്‍ തെരക്കി ഇവിടുത്തെ ചികില്‍സ്സക്കുള്ള പണം മാത്രം എന്‍റെ അക്കൗണ്ടില്‍ സൂക്ഷിക്കുക..
സര്‍, ഇതൊക്കെ......... പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ രഘുവിനെ തമ്പി തടഞ്ഞു...
പറഞ്ഞത് ചെയ്യുക.. ഇതെല്ലാം വരുന്ന മൂന്നു ദിവസ്സത്തിനകം പൂര്‍ത്തിയായിരിക്കണം.........
തമ്പി ഗുരുജി പറഞ്ഞ സാധ്യത വിനിയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.. കര്‍ക്കശക്കാരനും, കുശാഗ്രസ്വഭാവക്കാരനുമായ തമ്പി എന്ന കച്ചവടക്കാരന്‍ ഒരു നിമിഷം കൊണ്ട് തന്‍റെ എല്ലാ സ്വത്തുവകകളോടും വിട പറയാന്‍ തയ്യാറായി...
തമ്പി പറഞ്ഞ മൂന്നാം ദിവസ്സമെത്തി, എല്ലാം തന്നില്‍ നിന്നൊഴിഞ്ഞു കൊണ്ടുള്ള പ്രമാണങ്ങളില്‍ കൈയൊപ്പ് വെയ്ക്കേണ്ട ദിവസ്സമാണ്...`.. രാവിലെ തന്നെ തമ്പി അതിനുള്ള തയ്യാറെടുപ്പിലാണ്.. അയാളുടെ ചങ്കല്‌പ്പം പിടയുന്നുണ്ടായിരുന്നു.. നേരെ തമ്പി ICU വിലേക്ക് പോയി.. ആദ്യം മീരയെ കണ്ടു.. പിന്നീട് മിനിമോളെ കാണുവാന്‍ വേണ്ടി പോയി.. മകളെ അടുത്തിരുന്നു കാണുവാന്‍ അയാള്‍ക്ക് ICU വിലെ പെരുമാറ്റചട്ടങ്ങള്‍ വിലക്കായി നിന്നു.. വളരെ ശാന്തയായി ഉറങ്ങുന്നപോലെ അവള്‍ അങ്ങനെ കിടക്കുന്നു.. പുറമേ തമ്പി അളിയന് കാണാന്‍ കഴിയുന്നത് അവളുടെ നെറ്റിയിലെ ഒരു മുറിവിന്റെ പാടു മാത്രം..
തമ്പി അളിയന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസ്സരിച്ച് രഘു എല്ലാം തയ്യാറാക്കിയിരുന്നു.. തമ്പി കാറില്‍ തന്‍റെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നു.. ഇന്നു തന്‍റെ എല്ലാ ആര്‍ഭാടങ്ങളില്‍ നിന്നുമുള്ള പടിയിറക്കതിന്റെ ദിവസ്സം.. അന്ഗീകാരങ്ങളില്‍ നിന്ന്, ആദരവുകളില്‍ നിന്ന്...... ഇനി തനിക്കിതു പോലെ ഒന്നുകൂടി കെട്ടിപ്പൊക്കാന്‍ സാധിക്കുമോ?? തമ്പിയുടെ മനസ്സ് അയാളോട് ചോദിച്ചു.. ഇനിയും സമയമുണ്ട്.. ഒന്നും നഷ്ടപ്പെടുത്താതിരിക്കാന്‍......`.....അല്ലെങ്കില്‍ തന്നെ ഗുരുജി സ്വപ്നത്തില്‍ എന്തോ പറയുന്നതു പോലെ തോന്നിയതിനു തന്‍റെ സമ്പത്ത് മുഴുവനും ഉപേക്ഷിക്കുക എന്ന് വെച്ചാല്‍...`......
ഗുരുജി അല്ലെങ്കില്‍ തന്നെ സ്വപ്നത്തില്‍ പറഞ്ഞതെന്താണ്? എല്ലാം തന്‍റെ തീരുമാനമാണ്...
പക്ഷെ മീരയും മോളും, അവര്‍ രക്ഷപ്പെട്ടില്ലെങ്കിലോ അവര്‍ക്ക് എന്തെക്കിലും സംഭവിച്ചാല്‍; ഇല്ല, എനിക്കൊന്നും വേണ്ടാ; എനിക്കവരെ മതി......
അവരില്ലാതെ, അയ്യോ....
അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അറിയാതെ വിലപിച്ച് പോയി...
തമ്പി ഓഫീസിലെത്തി.. തന്നെ കാത്തുനിന്ന വലിയ ഒരു സംഖ്യ ആള്‍ക്കാരുടെ നടുവില്‍ക്കൂടി തമ്പി മുന്നോട്ടു നടന്നു.. അവരില്‍ ആര്‍ക്കും തന്നെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തത ഉണ്ടായിരുന്നില്ല.. തമ്പി വളരെ തിടുക്കത്തിലായിരുന്നു..
തമ്പി രഘു കാണിച്ചു കൊടുത്തിടത്തെല്ലാം കയ്യൊപ്പ് പതിച്ചു.. തന്‍റെ അഹങ്കാരങ്ങളില്‍ നിന്നുകൂടി പടിയിറങ്ങിക്കൊണ്ട് തമ്പി ചെറുതായൊന്ന് വിതുമ്പി..
തമ്പി ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് കസ്സെരയില്‍ നിന്നും എഴുനേറ്റു. തല്‍സ്സമയം തന്നെ അയാളുടെ ഫോണ്‍ ശബ്ദിച്ചു.. ആശുപത്രിയില്‍ നിന്നാണ്.. മറുതലക്കല്‍ നിന്നും രാജുവാണ്.. തമ്പീ നീ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തണം.. ഒട്ടും വൈകരുത്..
എന്തു പറ്റിയെടാ അവിടെ??
അതൊക്കെ വന്നിട്ട് പറയാം നീ പെട്ടന്നിങ്ങോട്ടു വാാാാ....
തമ്പി പാഞ്ഞ് ആശുപത്രിയിലെത്തി....ICU വിനോട് ചേര്‍ന്ന് തൊട്ടടുത്തുള്ള മുറിയുടെ വാതില്‍ക്കല്‍ മറ്റു രോഗികളുടെ ബന്ധുക്കളുടെത് ഉള്‍പ്പെടുന്ന ഒരു വലിയ ആള്‍ക്കൂട്ടം കാണുന്നു. തമ്പി എത്തിയ പാടെ തന്നെ അവരുടെ ഇടയില്‍ നിന്നും വിതുമ്പികൊണ്ട് കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒരാള്‍ തമ്പിക്ക് നേരെ നടന്നടുത്തു.. രാജു..
തമ്പിയുടെ അടുത്തെത്തുന്നതിനു മുന്‍പുതന്നെ അയാള്‍ പൊട്ടിക്കരഞ്ഞു പോയി.. വിലപിച്ചു കൊണ്ട് അയാള്‍ പറഞ്ഞു...
രണ്ടുപേരും പോയെടാ...
തമ്പി വിലപിച്ചു കൊണ്ട് നേരെ .ICU വിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് ഓടി...അവിടെ രണ്ടു ശവ ശരീരങ്ങള്‍ വെള്ള തുണിയില്‍ പുതപ്പിച്ച് കിടത്തിയിരിക്കുന്നത് അയാള്‍ നിര്‍ന്നിമേഷനായി നോക്കിനിന്നു...
തമ്പിക്ക് ഒന്നുറക്കെ കരയുന്നതിനുള്ള ബോധം പോലും ഉണ്ടായിരുന്നില്ല.. തന്‍റെ ബോധത്തിന്‍റെയും, വികാരത്തിന്റെയും മുഖത്ത് രണ്ടു വെളുത്ത തുണികള്‍ വലിചിട്ടതായി അയാള്‍ക്ക് തോന്നി...
മുഖത്തു തട്ടി ഉണര്‍ത്തിയത് പോലെ തമ്പി ചിന്തയിലേക്ക് ഉണര്‍ന്നു.. അയാള്‍ വിലപിക്കാന്‍ തുടങ്ങി... എല്ലാം പോയി എന്‍റെ എല്ലാം പോയി, ഞാന്‍..............`......... അയ്യോ ..................... എന്‍റെ മീര ..................എന്‍റെ മിനിക്കുട്ടി...............എല്ലാം പോയി .......അയ്യോ, ആ ...............ആ
ആ വിലാപത്തിനോടുവില്‍ തമ്പി എന്തോ ധൈര്യം ആര്‍ജ്ജിച്ചത് പോലെ നിവര്‍ന്നു നിന്നു......
വേണ്ടാ എനിക്കിനി ജീവിക്കണ്ടാ, എനിക്ക് ജീവിക്കണ്ടാ... അയാള്‍ അവിടെ നിന്നും തിരിഞ്ഞു അതിവേഗതയില്‍ ഓടി.....
തമ്പീ, അവിടെനില്‍ക്ക്; രാജു അലറി വിളിച്ചു കൊണ്ട് തമ്പിയുടെ പിറകെ ഓടി....
തമ്പി സ്റ്റെപ്പുകള്‍ കീഴടക്കി കുതിക്കുകയാണ്, രാജുവിന് അയാളോടൊപ്പം എത്താന്‍ കഴിയുന്നില്ല.. തമ്പി ആശുപത്രിയുടെ ടെറസ്സിനു മുകളിലെത്തി...
തമ്പീ, തമ്പീ അരുത്, ചാടരുത്, ചാടരുത് തമ്പീ....... ക്ഹ, ക്ഹാ....അയ്യോ........
തമ്പി ആ വലിയ കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടി.....
തമ്പി താഴെ പൊട്ടു പോലെ കാണുന്ന ചെറിയ വാഹനങ്ങള്‍, മനുഷ്യര്‍;; അവരിലേക്ക് പഞ്ഞടുക്കുകയാണ്... അയാളുടെ ഉള്ളില്‍ ഭയത്തിന്‍റെ അഗ്നി കാളുകയാണ്....
കേവലം ആറോ ഏഴോ നിമിഷങ്ങള്‍, കണ്ണിനു തൊട്ടുതാഴെ ഭൂമി.....
അമ്മേ.......ആാാാാാാ..............
തമ്പീ, തമ്പീ എഴുനെല്‍ക്കൂ, ക്ഹും എഴുനെല്‍ക്കൂ......
തന്‍റെ മുഖത്തു ശക്തിയായി വീണ വെള്ളത്തില്‍ കണ്‍ചിമ്മി അയാള്‍ ഉണരുകയാണ്... കണ്‍മുന്‍പില്‍ അവ്യക്ത്തമായ അരണ്ട വെളിച്ചത്തില്‍ ചില രൂപങ്ങള്‍...`.........
നേതൃഭാവത്തില്‍ മുന്നില്‍ നില്‍ക്കുന്ന രൂപത്തെ കണ്ട് അയാള്‍ കണ്ണുകള്‍ അതിവേഗം ചിമ്മിത്തുറന്നു....
ഗുരുജീ, അയാള്‍ വിളിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ കാല്‍ക്കലേക്ക് വീണു...
എനിക്കെല്ലാം പോയി ഗുരുജീ, എനിക്കെല്ലാം പോയി അയാള്‍ ഗുരുജിയുടെ പാദങ്ങളില്‍ വീണു കരഞ്ഞു കൊണ്ടേ ഇരുന്നു...
എഴുനേല്‍ക്കൂ തമ്പീ; ഗുരു വാത്സല്യ സ്വരത്തില്‍ തമ്പിയെ വിളിച്ചു...
തമ്പി മെല്ലെ എഴുനേറ്റു. അയാള്‍ക്ക് വല്ലാതെ തല വേദനിക്കുന്നുണ്ടായിരുന്നു.. അയാള്‍ തലയില്‍ മെല്ലെ തടവി.. തന്‍റെ തലയില്‍ ഉണ്ടായിരുന്ന 'കെട്ട്' അയാളില്‍ അത്ഭുതം കൂറി..
ഗുരുജി അടുത്തു ചെന്ന് തമ്പി അളിയന്‍റെ തോളില്‍ കൈകള്‍ വെച്ച് അയാളെ ഒപ്പം നടത്തി......
ഗുരുജി ശാന്തതയോടെ കൈകള്‍ ഒരു ദിശയിലേക്കു ചൂണ്ടിക്കൊണ്ട് തമ്പിയോട് ചോദിച്ചു; നീ അറിയുമോ ഇവരെ ഒക്കെ??
തമ്പിയുടെ കണ്ണുകള്‍ അത്ഭുതവും, സന്തോഷവും കൊണ്ട് തിളങ്ങി.... മീര; തൊട്ടടുത് അവളുടെ കൈ പിടിച്ച് തന്‍റെ മകളും.......
തമ്പി തന്‍റെ മകളുടെ മുഖത്തേക്ക് നോക്കി, അവളുടെ നെറ്റിക്ക് ഒരു വലിയ മുറിവ് പാട്.....
സൂക്ഷിച്ച് ആ മുറിവ് പാടിലേക്ക് നോക്കുന്ന തമ്പിയോട് ഗുരുജി പറഞ്ഞു...
കണ്ണുകളടച്ചു തുറന്നു നോക്കൂ തമ്പീ......
തമ്പി ആ മുറിവ് പാടുകള്‍ അവിടെ കണ്ടില്ല...
അത്ഭുതത്തോടെ ഗുരുജിയെ നോക്കിയാ തമ്പിയോടു അദ്ദേഹം പറഞ്ഞു....
ഇവരെ ഒക്കെ ഞാന്‍ ഞാന്‍ വിളിപ്പിച്ചതാണ്...
വളരെ വിനയാന്വിതനായി നാഡികളില്‍ രക്തഓട്ടം നിലച്ചവനായി നിന്ന തമ്പി ഗുരുജിയോട് ചോദിച്ചു......
എന്തിനായിരുന്നു ഗുരുജീ ഇതൊക്കെ??
ഇത് എന്‍റെ വക നിനക്കുള്ള ശിക്ഷയും, ഉപദേശവുമായിരുന്നു........!!!! എന്ത് ക്രൂരത കാട്ടിയും, എന്തും നശിപ്പിച്ചും നിന്‍റെ വാശിയും ഭാഗവും നേടണമെന്നുള്ള ചിന്തക്കും പ്രവര്‍ത്തിക്കുമുള്ള ശിക്ഷ...
ഉപദേശം; അത് നീ തന്നെ കണ്ടെത്തികോള്‍ക!!!
എനിക്കെല്ലാം മനസ്സിലായി ഗുരുജീ.... എല്ലാം ഞാന്‍ അംഗീകരിക്കുന്നു.......എനിക്ക് മാപ്പുതരണം, എന്നോടു പൊറുക്കണം....
നിന്‍റെ മനസ്സ് ഞാന്‍ അറിയുന്നു തമ്പീ, നീ പൊയ്ക്കൊള്‍ക...... നിനക്ക് നല്ലത് വരട്ടെ.....
മീരക്കോ, മറ്റാര്‍ക്കും തന്നെയോ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.... തമ്പി അവരെ ഗാഡമായി വീണ്ടും വീണ്ടും ആശ്ലേഷിച്ചു... തന്‍റെ മകളെ എടുത്തുകൊണ്ട്, മീരയെ തന്നോട് ചേര്‍ത്തടിപ്പിച്ചുകൊണ്ട് അയാള്‍ അവിടെ നിന്നും നടന്നു നീങ്ങി...
[Rajesh Puliyanethu
Advocate, Haripad]