നീതിന്യായ സംവിധാനത്തില്‍ പുഴുക്കുത്തലുകളെക്കുറിച്ച് ഇന്നുപരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു. കോടതികളുടെ ഉത്തരവുകളെക്കുറിച്ചോ തീരുമാനങ്ങളെക്കുറിച്ചോ, മുന്‍പില്ലാത്തതരത്തില്‍ ചര്‍ച്ചകള്ക്കാപ്പുറം തര്‍ക്കങ്ങള്‍ ഉയര്‍ന്നു വരുന്നു. കോടതികളില്‍ ദൈവത്തെക്കാളേറെ വിശ്വസിച്ചിരുന്ന ഇവിടുത്തെ സമൂഹം ഏതു തെറ്റ് ഏതു ശരി എന്നു തിരിച്ചറിയാതെ, വിശ്വാസങ്ങളിലെ വിള്ളലില്‍ പകച്ചു നില്‍ക്കുന്നു. തങ്ങളുടെ അവസാനത്തെ അഭയ സ്ഥാനം എന്നു കണ്ടിരുന്നിടത്തു ഉണ്ടായ മൂല്യച്ചുതിയില്‍ നിരാശയോടെ നില്‍ക്കുന്ന്നു. ഇവിടെ പൊതു മധ്യത്തില്‍ നിയമവും കോടതിയും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. ആ വിചാരണക്കൊടുവില്‍ വൈവിധ്യങ്ങളായ വിധി പ്രസ്താവനകള്‍ നടത്തി എല്ലാവരും പിരിഞ്ഞു പോകുന്നു. വ്യക്ത്തിയോ, സര്‍ക്കാരോ, കോടതിയോ, ഉത്തരവുകളോ അതല്ല വ്യവസ്ഥിതി തന്നെയോ വിചാരണ ചെയ്യപ്പെട്ടതെന്ന തിരിച്ചറിവ് പോലും ലഭിക്കaത്തവനായി സാധാരണ ജനം എന്ന ശ്രോതാവ് തലതാഴ്ത്തി രംഗം വിടുന്നു. മനുഷ്യ മനസ്സിനെ പഠിച്ചു പറഞ്ഞാല്‍ ഒരു കാര്യം ഉറപ്പാണ്. ഒരിക്കല്‍ നിഷേധിക്കപ്പെട്ട ആഹാരത്തില്‍ നിന്നും ഉണ്ടാകുന്ന വേദനയോ വിദ്വേഷമോ പിന്നീട് ലഭിക്കുന്ന സമൃദ്ധമായ ഭക്ഷണത്തിനു മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ ഒരിക്കല്‍ നിഷേധിക്കാപ്പെടുന്ന നീതിയില്‍ നിന്നുണ്ടാകുന്ന മുറിവ് പിന്നീട് മറ്റൊന്നിനാലും മായ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. നീതിന്യായ സംവിധാനത്തില്‍ ജീര്‍ണത ബാധിച്ചോ എന്ന ചോദ്യത്തിന് ഉത്തരം കാണുന്നതിനു അപ്പുറം അങ്ങനെ ഒരു ചോദ്യം ഇവിടെ നിലനില്‍ക്കുന്നു എന്നതാണ് പ്രസക്തം. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ രീതിയില്‍ പുതിയ സംവിധാനങ്ങള്‍ ചമച്ച് പ്രസ്തുത ചോദ്യം തന്നെ സമൂഹത്തില്‍ നിന്നും നീക്കി നീതിന്യായ സംവിധാനത്തിലെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുകയാണ് വേണ്ടത്.
അധികാര വികെന്ത്രീകരണ സംവിധാനത്തില്‍ ജുഡിഷ്യറി എന്തുകൊണ്ട് ഒരു ചെറിയ മുന്‍തൂക്കം ആര്‍ജിച്ചിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനു കാരണങ്ങള്‍ പലതാണ്. പ്രധാനമായത്, ഒരു നിയമം നിയമ നിര്‍മാണസഭ നിര്‍മിച്ചു പുറപ്പെടുവിക്കുമ്പോള്‍ അത് നിയമ വിധേയമോ, ഭരണഘടനാ അനുസൃതാമോ ആണോ എന്ന് പരിശോധികുന്നതിനും, മറിച്ചുകണ്ടാല്‍ റദ്ദു ചെയ്യുന്നതിനും ഉള്ള അധികാരം. നിയമ നിര്‍മ്മാണ സഭകള്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനുള്ള അധികാരം, സര്‍ക്കാരിന്റെയോ, ഇതര വകുപ്പുകളിലെയോ ഏതെങ്കിലും ഒരു പ്രവര്‍ത്തനം നിയമവിധേയമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പോലും കേസിലെ കക്ഷികളായി പരിഗണിച്ചു തീരുമാനങ്ങളെടുത്തു നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അധികാരം, തങ്ങളുടെ ഉത്തരവുകള്‍ നടപ്പിലാക്കാതിരുന്നാല്‍ അതിനു പ്രത്യേക ശിക്ഷണ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം. ഇപ്രകാരമെല്ലാമുള്ള നിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ കൂടാതെ ജുഡിഷ്യറി ശക്തമായതിനുള്ള മറ്റൊരുകാരണം, ജനങ്ങള്‍ക്കിടയില്‍ ആര്‍ജിക്കാന്‍ കഴിഞ്ഞ വിശ്വാസ്യതയായിരുന്നു. ജുഡിഷ്യറി എടുക്കുന്ന തീരുമാനത്തിന് അപ്പുറമുള്ള നിലപ്പാടും, അഭിപ്രായവും ഏതു രാഷ്ട്രീയ വമ്പന്‍ എടുത്താലും അത് ജനമധ്യത്തില്‍ നിലനില്‍ക്കാതെ പോയതിനുള്ള കാരണമതായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ ജുഡിഷ്യറിക്ക് എതിര് സംസാരിക്കാത്ത അവസ്ഥയിലേക്ക് എത്തി. കൂടാതെ രാഷ്ട്രീയമായി തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഷയം ജുഡിഷ്യറിയുടെ തീരുമാനത്തിന് വിട്ട് സ്വസ്ഥരാകാനും രാഷ്ട്രീയക്കാര്‍ മുതിര്‍ന്നു. ഏതൊരു പ്രബലവ്യക്ത്തിയെയും വിചാരണ ചെയ്യുന്നത് സാധ്യമാകുന്നത് ജുഡിഷ്യറിയുടെ ഏതെങ്കിലും ഒരു സംവിധാനം ആയത് സാധാരണക്കാര്‍ക്കിടയില്‍ പരമോന്നത അധികാരമെന്നത് കോടതികള്‍ക്ക് ചാര്‍ത്തിക്കൊടുത്തു. നാടക, സിനിമ മാധ്യമങ്ങള്‍ കോടതികള്‍ക്ക് തങ്ങളുടെ ആവിഷ്കാരങ്ങളില്‍ക്കൂടി അമിത ബഹുമാനം നല്കിയതും, പത്ര ദ്രിശ്യ മാധ്യമങ്ങള്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ പോലും അമിത പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തതും കോടതികള്‍ ജനമനസ്സുകളില്‍ ശക്തമാകുന്നതിനു കാരണമായി. അങ്ങനെ നിയമം കല്‍പ്പിച്ചു നല്‍കിയതിനും അപ്പുറത്തേക്ക് ആര്‍ജിത അധികാരങ്ങളോടെ ജുഡിഷ്യറി മുന്നേറി, കോടതിയുടെ ഒരു പരാമര്‍ശം പോലും ഉന്നതങ്ങളിലെ സ്ഥാന ചലനങ്ങള്‍ക്ക് വരെ കാരണമാകുന്നത് നാം കണ്ടു.
നീതി നടപ്പിലാക്കിയാല്‍ മാത്രം പോര, കണ്ടു നില്‍ക്കുന്നവര്‍ക്ക് നീതി നടപ്പിലായതായി തോന്നുക കൂടി വേണം എന്നതാണ് പ്രമാണം. അധികാരത്തിന്റെ ഉപയോഗത്തിനപ്പുറം വിശ്വാസ്യതയുടെ ബലം വളരെ അധികം ആവശ്യമുള്ള മേഘലയാണ് ജുഡിഷ്യറി. വിശ്വാസ്യതയുടെ ആ വേരിലാണ് ഇന്നു ചീയല്‍ രോഗം പിടിപെട്ടിരിക്കുന്നത്. ഫലപ്രധമായ രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ ഈ സംവിധാനത്തിന്റെ തന്നെയും, അതുവഴി പോതുസമൂഹത്തിന്റെയും കടപുഴകലിനു അത്കാരണമാകും.
നീതിന്യായ സംവിധാനത്തിലെ നവീകരണം നിയമ വിദ്യാഭ്യാസത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്. പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ആവശ്യഗത പോലെ നിയമ വിദ്യാഭ്യാസം നല്‍കി എങ്ങനെയും കുറച്ചു അഭിഭാഷകരെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരുകളുടെയും, കോടതികളുടെയും ലക്‌ഷ്യം എന്നു തോന്നുന്നു. ഇവെനിംഗ് കോഴ്സുകളില്‍ കൂടി ബിരുദം നേടുന്നവരെ എന്‍ റോള്‍ ചെയ്യാന്‍ അനുവദിച്ചതും, രാജ്യത്ത് പലസ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന നിലവാരം കുറഞ്ഞ ലോ കോളേജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും, നിലവാരം മെച്ചപ്പെടുത്തുന്നതിനും, കാര്യക്ഷമമായതോന്നും ചെയ്യാത്തതും പ്രസ്തുത മേഘലയുടെ നിലവാരത്തെ തകര്‍ത്തു. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന വലിയ വിഭാഗം നേരിടുന്ന സാമ്പത്തികമായ ബുദ്ധിമുട്ട് നോക്കിക്കാണാന്‍ ഇടവന്നത് പ്രധിഭയുള്ള ആള്‍ക്കാര്‍ ഇവിടെക്കെത്തുന്നതിനെ തടഞ്ഞു. മികച്ച അക്കാഡമിക് റെക്കോര്‍ഡ് ഉള്ളവര്‍ നിയമരംഗം അവരുടെ തൊഴില്‍ മേഘല ആക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത അവസ്ഥയില്‍ എത്തി. എത്തിപ്പെട്ടവര്‍ ഈ മേഘല ഉപേക്ഷിച്ചു മറ്റു പ്രവര്‍ത്തന മേഘലകളില്‍ തങ്ങളുടെ ഭാവി കണ്ടു. ഈ രീതിയില്‍ നിയമരംഗത്ത് മൂല്യച്ചുതി സംഭവിക്കാതിരിക്കാന്‍ ചെറുവിരല്‍ പോലും ചലിപ്പിക്കാത്ത ഖേതകരമായ സ്ഥിതി സര്‍ക്കാരുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
കോടതികളെ നീതി കണ്ടെത്തല്‍ സ്ഥാപനങ്ങളായി ആണ് പൊതു സമൂഹം കാണുന്നത്. അങ്ങനെ വരുമ്പോള്‍ എന്താണ് നീതി?? ഒരു വ്യക്ത്തിയെയോ സ്ഥാപനത്തിനെയോ എന്തിനെയും വിചാരണ ചെയ്യേണ്ടി വരുന്ന അവസരത്തില്‍ നിയമം അനുശാസിക്കുന്ന വഴിയില്‍ കൂടി മാത്രം സഞ്ചരിച്ചു ബാഹ്യപ്രേരണകളോന്നുമില്ലാതെ, വികാരങ്ങളുടെ സ്വാധീനമൊന്നുമില്ലാതെ ഒരു തീരുമാനത്തിലെത്താന്‍ കോടതികള്‍ക്ക് കഴിയുമ്പോള്‍ വിചാരണ ചെയ്യപ്പെടുന്ന കക്ഷിക്ക് ലഭിക്കുന്നതാണ് നീതി. അതിനപ്പുറം ഏതുതരത്തിലുള്ള ബാഹ്യപ്രേരണകള്‍ക്ക് വശംവദരായി യാഥാര്‍ത്ഥ്യം ഇന്നതെന്ന മുന്‍വിധിയോടെ പ്രസ്തുത വിഷയത്തെ സമീപിക്കുമ്പോള്‍ നീതിനടത്തിപ്പ് പ്രക്രീയയുടെ അടിത്തറ ഇളകുന്നു. ഇവിടെ 'ബാഹ്യപ്രേരണ' എന്നതിന്റെ വിവിധ മുഖങ്ങള്‍ നീതി നടത്തിപ്പിലെ പോരായ്മകളുടെ അളവുകോലാകുന്നു. കോടതികള്‍ക്കുണ്ടാകുന്ന ബാഹ്യപ്രേരണകള്‍ എന്നത് പലരീതിയിലാണ്. അതില്‍ പ്രധാനമായത് നിയമം അനുശാസിക്കുന്ന രീതികളില്‍ നിന്ന് വ്യതിചലിച്ച് സത്യമായത് കണ്ടെത്താനുള്ള കോടതികളുടെ പ്രവണതയാണ്. കേള്‍ക്കുമ്പോള്‍ അത് നല്ല ഒരു രീതിയും സാമൂഹിക പ്രതിബദ്ധാ പൂരിതവുമാണെന്നു തോന്നിയാലും അത് നീതി നിഷേധമാണ്. മറ്റൊന്ന്, ജനങ്ങള്‍ക്കുള്ള കോടതിയിലെ വിശ്വാസത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പൊതു ജനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യഗ്രത പ്രകടിപ്പിക്കലാണ്. അത് പലപ്പോഴും കോടതികളുടെ അനാവശ്യ ഇടപെടല്‍ എന്ന ഖ്യാതിയില്‍ കൊണ്ട് ചെന്നെത്തിക്കുന്നു. കോടതി മുഘാന്തരം പരിഹാരം കണ്ടെത്തേണ്ട ആവശ്യമില്ലാത്ത വിഷയങ്ങളിലും ഇടപെട്ട് അപ്രായോഗികമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് സ്വയം വിലയിടിയുന്ന അവസ്ഥയില്‍ ചില അവസരങ്ങളില്‍ കോടതികള്‍ എത്താറുണ്ട്. പ്രസ്തുത വിഷയത്തെ പ്രതിബാധിക്കുന്ന രസകരമായ ഒരു കഥയുണ്ട്. അച്യുതന്‍ ഒരു ചായക്കടക്കാരനാണ്. അച്ചുതന്റെ കടയിലെ ദോശയുടെ വലിപ്പം പോരെന്നും, ദോശയുടെ വലിപ്പത്തെക്കുറിച്ച് വ്യക്ത്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരമു കോടതിയെ സമീപിക്കുന്നു. കസ് ഫയലില്‍ സ്വീകരിച്ച ജഡ്ജി ദോശക്കല്ല്, ചട്ടുകം, തവി തുടങ്ങിയ തെളിവുകളെല്ലാം വരുത്തി പരിശോധിച്ച് അവസാനം ഇരിക്കുന്നിടത്ത് ഇരുന്നുകൊണ്ട് അന്തരീക്ഷത്തില്‍ ഒരു വൃത്തം വരച്ചു. ഇനിമുതല്‍ അച്യുതന്‍ ചുടെണ്ട ദോശയുടെ വലുപ്പം അതാണ്. കോടതി വിധിയെ മാനിക്കുന്നു എന്ന് അച്യുതന്‍ പ്രഖ്യാപിച്ചു. പക്ഷെ ആള്‍ കേരള ദോശ മേകേഴ്സ് അസോസിയേഷന്‍ വിധിയെ അപലപിക്കുകയും, വിധിയുടെ നടത്തിപ്പ് അപ്രായോഗികമാണെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധിയുടെ നടത്തിപ്പിന് വ്യക്ത്തത ഉണ്ടാക്കാന്‍ വേണ്ടി സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇതു കോടതികളുടെ അവ്യക്തവും, അപ്രായോഗികവുമായ വിധികളെക്കുറിച്ചും, ഇടപെടലുകളെക്കുറിച്ചുമുള്ള ഒരു പരിഹാസ കഥയാണ്. ബാഹ്യപ്രേരണ എന്നതിന് മറ്റൊരു പ്രധാന കാരണം മാധ്യമ വിചാരണകളും, പ്രസിദ്ധീ കരണങ്ങളുമാണ്. മാധ്യമങ്ങള്‍ കോടതി വിചാരണക്ക് മുന്‍പ് നടത്തുന്ന വിചാരണകളും, വിധിപ്രസ്ഥാപനങ്ങളും കോടതികളുടെ തീരുമാനങ്ങളെ ബാധിക്കുന്നതിന് കാരണമാകുന്നു. മാധ്യമങ്ങള്‍ തങ്ങളുടെ വിചാരണക്ക് ശേഷം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ആ വിധിപ്രസ്ഥാപനത്തിന്നു പൂര്‍ണമായും എതിരായ ഒന്നാണ് നീതി എങ്കില്‍ അത് കണ്ടെത്തി നടപ്പിലാക്കാന്‍ കോടതികള്‍ക്ക് കഴിയാതെ വരുന്നു. ബാഹ്യപ്രേരണക്ക് മറ്റൊരുകാരണം, സ്തുതി പാടകരില്‍ നിന്നുള്ള സമ്മര്‍ദ്ദവും, സ്വാധീനവുമാണ്. തൊഴില്‍ കല്‍പ്പിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ എല്ലാ തൊഴിലിനുമുണ്ട്. അത്തരത്തിലുള്ള ജുഡിഷ്യല്‍ ഓഫിസര്‍മാരുടെ സവിശേഷ സാഹചര്യമാണ് സമൂഹത്തിലെ ഇടപെഴലുകളില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കുക എന്നത്. അങ്ങനെ മാറി നിന്നില്ല എങ്കില്‍ നീതി നടപ്പിലായതായി കണ്ടു നില്‍ക്കുന്നവന് തോന്നിയില്ല എന്നു വരും. അങ്ങനെ മാറി നില്‍ക്കേണ്ടി വരുമ്പോള്‍ സമൂഹവുമായുള്ള അവരുടെ ബന്ധം ചില വ്യക്ത്തികളില്‍ കൂടി മാത്രമാകുന്നു. ആ വ്യക്ത്തികളില്‍മേല്‍ ഉണ്ടാകുന്ന ആശ്രയത്വം മറിച്ച് സ്വാധീനങ്ങലായും മാറപ്പെടുന്നു. ബാഹ്യപ്രേരണ അധികാരത്തെക്കുറിച്ചുള്ള അമിത ചിന്തയില്‍ നിന്നും ജനിക്കുന്നുണ്ട്. ഏതൊരു ഉന്നതനെയും വിചാരണ ചെയ്യപ്പെടുന്നത് കോടതികള്‍ വഴിയാണ്. എത്ര ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരാള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. പക്ഷെ സമൂഹത്തിലെ മറ്റു മേഘലയില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്ന പ്രശസ്തി ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്നില്ല. തങ്ങളുടെ പദവിക്കനുസ്സരിച്ച പ്രശസ്ത്തി നേടിയടുക്കുന്നതിനു അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോടതികളുടെ വിലയിടിക്കുന്നതിനു കാരണമാകുന്നു. അത് പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം വിധി പ്രസ്ഥാനത്തിന്റെ വാര്‍ത്ത പ്രസിധീകരിക്കുന്നതിനൊപ്പം അത് പുറപ്പെടുവിച്ച ഓഫീസറുടെ പേര് പാടില്ല എന്നാ നിയമം കൊണ്ട് വരിക എന്നതാണ്. ഇതിന്റെയെല്ലാം ശേഷമാണ് പണത്തിന്റെ സ്വാധീനം. മേല്‍ പറഞ്ഞ ബാഹ്യപ്രേരണകളുടെ ആകെത്തുകയെ പൊതുജനം കൂട്ടി വായിക്കുമ്പോള്‍ അത് പണത്തിന്റെ സ്വാധീനം എന്നായിരിക്കും. അപ്രകാരം പൊതുജന മധ്യത്തില്‍ ഉയരുന്ന ഒരു ചിന്ത ജുഡിഷ്യറിയുടെ സകല അന്തസ്സിനേയും കെടുത്തുന്നതായിരിക്കും. കോടതികളിലെ എല്ലാ നടപടി ക്രമങ്ങളിലും ഏകീകൃത രീതികള്‍ അവലംബിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതിനടപടികള്‍ തുടങ്ങുന്നതിനുള്ളതുപോലെ ഉച്ചഭക്ഷണത്തിനു പിരിയുന്നതിനും അങ്ങനെ എല്ലാത്തിനും ഏകീകൃത രീതികള്‍ വേണം. ഉച്ചക്ക് 3 മണിക്ക് ശേഷവും പിരിയാതെ തുടര്‍ന്ന കോടതിക്ക് പുറത്തു നിന്ന കേസ്സിലെ കക്ഷിയുടെ കൊച്ചു കുട്ടി തന്റെ അമ്മയോട് ചോദിച്ചത് പോലെ 'അമ്മെ ജഡ്ജി മാമന് വിശക്കുംപോഴേ നമ്മളെയും കഴിക്കാന്‍ വിടത്തുള്ളോ' എന്നാ പരിഹാസ്യമായ രീതികള്‍ മാറണം.
ഒരു കോടതി എന്നാല്‍, കേസ്സുകളില്‍ തീരുമാനം കല്‍പ്പിക്കുന്ന ഒരു ഓഫിസ്സരും, കേസ്സിന്റെ നടത്തിപ്പിനെത്തുന്ന അഭ്ഭാഷകരും, അവരെസഹായിക്കാനെത്തുന്ന ഗുമസ്തന്‍മാരും, കോടതി ജീവനക്കാരും എല്ലാം കൂടിചേരുന്ന ഒരു സംവിധാനമാണ്. ആ സംവിധാനത്തിന്റെ ഒത്തൊരുമയോടെ ഉള്ള പ്രവര്‍ത്തനമാണ് കോടതികളെ കാര്യക്ഷമാമാക്കുന്നത്. ഇതില്‍ ഏതു ഭാഗത്ത് നിന്ന്നുമുള്ള പോരായ്മയുള്ള പ്രവര്‍ത്തനവും കോടതികളെ ദുര്‍ബലമാക്കുന്നതാണ്. കോടതി സംവിധാനത്തിലെ പ്രധാനിയായ 'ജഡ്ജ്' ആയിരിക്കണം അപ്രകാരം കോടതികളിലെ കാര്യക്ഷമത നിലനിര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളെ ഏകൊപിപ്പിക്കേണ്ടത്. അത് മറ്റൊന്നുമല്ല കോടതി പ്രവര്‍ത്തനത്തിലെ താളം പരിപാലിക്കുക എന്നതാണ്. അത് മുന്‍പ് പറഞ്ഞ ബാഹ്യപ്രേരണക്ക് വിധേയനാകാതെ ഒരു ഓഫിസ്സര്‍ തന്റെ രീതികളെ രൂപപ്പെടുത്തുമ്പോള്‍ മാത്രം സാധ്യ മാകുന്നതാണ്. അപ്രകാരം ഉള്ള താളം പരിപാലിക്കുന്നതിനു ഓഫിസ്സര്‍ക്ക് കഴിയണമെങ്കില്‍, കോടതിയില്‍ ഉണ്ടാകേണ്ട, ഓരോ നിമിഷത്തിലും പാലിക്കപ്പെടേണ്ട ആ താളം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ കോടതി പ്രവര്‍ത്തനത്തിന്റെ സമസ്ത്ത മേഘലകളിലും ഉള്ള തന്റെ നേരിട്ടുള്ള പ്രവര്‍ത്തി പരിചയത്തിലൂടെ സ്വായത്തമാകുന്ന അറിവില്‍കൂടി മാത്രമേ സാധ്യമാകു.. അവിടെയാണ് അഭിഭാഷകനായി പ്രവര്‍ത്തിപരിചയമില്ലാത്തവരെയും മജിസ്ട്രേട്ട് ആയി നിയമിക്കാമെന്നുള്ള സുപ്രീം കോടതിയുടെ തീരുമാനം പൊതുസമൂഹത്തില്‍ ദഹിക്കാതെ പോകുന്നത്.
നിയമമേഘലയില്‍ നഷ്ടമാകുന്ന ബാര്‍- ബെഞ്ച് ബന്ധമാണ് മൂല്യച്യുതിയുടെ മറ്റൊരു കാരണം. തങ്ങളും അടിസ്ഥാനപരമായി അഭിഭാഷകരാനെന്നും അതില്‍ നിന്നുള്ള വളര്‍ച്ചയാണ് ജുഡിഷ്യല്‍ ഓഫിസര്‍ എന്നതും പ്രസ്തുത സ്ഥാനത്തിരിക്കുന്ന പലരും മറന്നു പോകുന്നുണ്ടെന്ന് തോന്നുന്നു. കേസിലെ നടത്തിപ്പില്‍ ഭാഗപാക്കാകുക എന്നത് അഭിഭാഷകന്റെ തൊഴിലും, നിയമപരമായ അധികാര അവകാശവുമാണ്. അതിനെ ആ പ്രകാരം കാണാതെ കേസ്സില്‍ ഭാഗമാകുന്ന കക്ഷികളെക്കാള്‍ വലിയ ക്രിമിനല്‍സ് ആയി അഭിഭാഷകരെ നോക്കിക്കാണുന്ന കോടതികളു മുണ്ടെന്ന് ചില കോടതിപരാമര്‍ശങ്ങള്‍ തോന്നിപ്പിക്കുന്നു. ഹൈകോടതി ജഡ്ജി മാരും സമാരാധ്യസ്ഥാനങ്ങള്‍ വഹിക്കുന്ന പ്രമുഘരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ പ്രഹസ്സന പരിപാടികളില്‍ മാത്രമാണ് കോടതികളുടെ നിലവാരത്തെ ഉയര്‍ത്തുന്നതിനെയും, ബാര്‍- ബെഞ്ച് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെയും, അഭിഭാഷക വൃത്തിയുടെ മേന്മയെയും ഒക്കെ പ്രതിബാധിക്കുന്ന ചര്‍ച്ചകള്‍ കാണുന്നത്. പരിപാടിയുടെ തിരശീല വീഴുന്നതിനപ്പുറത്തേക്ക് ദൗര്‍ഭാഗ്യവശാല്‍ അവയ്ക്കൊന്നും ആയുസ്സ് കാണുന്നില്ല.
ഒരു കോടതി നിയന്ത്രിക്കുന്നത് ആ കോടതിയിലെ അധികാരി ആയ ഓഫീസര്‍ ആയിരിക്കും. ആയതിനാല്‍ത്തന്നെ
വ്യക്ത്തികള്‍ക്കനുസ്സരിച്ചു കോടതികളുടെ സമീപനത്തിലും, ചിന്തയിലും തീരുമാനങ്ങളിലും വ്യത്യാസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുവാന്‍ കഴിയില്ല. പക്ഷെ ഓഫീസര്‍മാര്‍ക്ക് ഉണ്ടാകുന്ന സമീപനങ്ങളിലെ വ്യത്യാസങ്ങള്‍ കേസ്സില്‍ ഭാഗമാകുന്ന കക്ഷികള്‍ക്കോ, അഭിഭാഷകര്‍ക്കോ സാരമായി ബാധിക്കാതെ നോക്കാനുള്ള ചുമതല മേല്ക്കൊടതികല്‍ക്കുണ്ട്. സമാനങ്ങളായ രണ്ടു കൊടതികളില്‍നിന്നു സമാനവിഷയത്തിന് രണ്ടു തീരുമാനങ്ങള്‍ വരുന്നത് പോതുജനത്തിനിടയില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമായേക്കാം. ഏകീകൃത രീതികള്‍ അവലംബിച്ച് നടപ്പിലാക്കുകയും, അത് നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് സൂഷ്മമായി മേല്ക്കൊടതികള്‍ നിരീക്ഷിക്കുകയും വേണം. അതിനൊപ്പം തന്നെ കോടതി നടപടികളില്‍ സുതാര്യത കൊണ്ട് വരികയും വേണം. 'തുറന്ന' കോടതി എന്ന സങ്കല്‍പ്പമാണെല്ലോ അനുവര്‍ത്തിച്ചു പോരുന്നത്. 'തുറന്നത്' എന്നതു എന്തിനു വേണ്ടിയാണ് തുറന്ന ഒരു മുറി എന്നതിലേക്ക് ചുരുക്കി നിര്‍ത്തുന്നത്?? കോടതിയിലെ എല്ലാ നടപടികളും പകര്‍ത്തി പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് നല്‍കണം. അതിനൊപ്പം തന്നെ കോടതി നടപടികള്‍ തുടര്‍ച്ചയായി പകര്‍ത്തുന്ന രീതിയില്‍ സ്ഥിരം ക്യാമറ സംവിധാനവും എല്ലാ കോടതികളിലും വേണം. ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കിയാല്‍ ജുഡിഷ്യറിയുടെ സുതാര്യതയും നിലവാരവും വര്‍ധിക്കുന്നതിനു പലരീതിയില്‍ കാരണമാകുന്നു. അത് കോടതി നടപടികള്‍ പൊതുജനത്തിന് കാണാനും മനസ്സിലാക്കുന്നതിനും കാരണമാകുന്നു. നിയമ അവബോധം സൃഷ്ടിക്കുവാന്‍ നടത്തുന്ന സെമിനാര്‍ പരിപാടികളെക്കാള്‍ ഫലപ്രദമായിരിക്കും അത്. കൂടാതെ നിയമത്തിന്റെ പേരില്‍ ജനങ്ങള്‍ ഏതെങ്കിലും കോണില്‍ നിന്ന് ചൂഷണം ചെയ്യപ്പെടുന്നത് തടയുന്നതിന് അത് ഒരു പരിധിവരെ സഹായകമാകും. അഭിഭാഷകരുടെ കോടതിയിലെ പ്രവര്‍ത്തനം പൊതുജനം കാണാന്‍ ഇടവരുന്നു എന്നതിനാല്‍ തങ്ങളുടെ അറിവും നിലവാരവും വര്ധിപ്പിന്നുന്നതിനു അവര്‍ സ്വോഭാവികമായും ശ്രമിക്കുന്നു. കോടതികളുടെ നടപടിയിലും, ഓഫീസര്‍മാര്‍ നടത്തുന്ന ആവശ്യവും അനാവശ്യവുമായ പരാമര്‍ശങ്ങളെയും ഒക്കെക്കുറിച്ച് പിന്നീടു ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ മേല്ക്കൊടതികള്‍ക്ക് അത് പരിശോധിക്കാനുള്ള അവസ്സരവും ടി ക്യാമറാ സംവിധാനങ്ങള്‍ വഴി ഉണ്ടാകുന്നു.
ഹൈകോടതികളില്‍ നിന്നും പുറപ്പെടുവിക്കുന്ന വയിരുധ്യങ്ങള്‍ നിറഞ്ഞ തീരുമാനങ്ങള്‍ നിയമവേദിയുടെ നേര്‍ ചലനത്തെ ബാധിക്കുന്നുണ്ടെന്ന് തോന്നുന്നു. നിലനില്‍ക്കുന്നതും, പിന്തുടര്‍ന്ന് വരുന്നത്മായ ഒരു സുപ്രീംകോടതി , ഹൈകോടതി തീരുമാനത്തില്‍ നിന്നുമോ, നിയമ വ്യാഖ്യാനത്തില്‍ നിന്ന്നുമോ വ്യത്യസ്തമായ ഒന്ന്; ഏതെങ്കിലും ഒരു കേസ് പരിഗണിക്കപ്പെടുമ്പോള്‍ ഉയര്‍ന്നു വരുന്ന വാദമുഘങ്ങളിലോ നിയമ വ്യഖ്യാനത്തിലോ ഉന്നി നിന്നുകൊണ്ട് മാറ്റി വ്യാഖ്യാനിച്ച്, തുടര്‍ന്ന് പിന്തുടരേണ്ട നിയമ വ്യാഖ്യാനം ഇതാണ് എന്ന് കോടതികള്‍ പ്രഖ്യാപിച്ചു പരസ്യപ്പെടുത്തുന്നതിനാലാണത്. സുപ്രീംകോടതി, ഹൈകോടതികളിലെ ഒരു തീരുമാനം- പരിഗണനാവിഷയമായ ആ ഒരു കേസ്സിന് മാത്രം ബാധകമാക്കെണ്ടതും, പിന്തുടരേണ്ടതും എന്ന് രണ്ടു വിധത്തില്‍ തീരുമാനിക്കപ്പെടണം. അതില്‍ പിന്തുടരേണ്ട തീരുമാനം ഒരിക്കലും ഒരു പരിഗണനാ വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഒരു സിംഗിള്‍ ജഡ്ജ് എടുക്കുന്നതാവരുത്. പിന്തുടരേണ്ട തീരുമാനം വ്യക്ത്തമായ മാനദന്ടങ്ങലോടെ ഒരു കൂട്ടം ജഡ്ജിമാര്‍ എടുക്കുന്നതാവണം. കീഴ് കോടതികള്‍, സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, പോലീസ് അങ്ങനെ ഏതു വിഭാഗവും പിന്തുടരേണ്ടി വരുന്ന ആ തീരുമാനം ഒരു കൂട്ടം ജഡ്ജിമാര്‍ ഒന്നായിരുന്നു എടുക്കുമ്പോള്‍ ആതിനു നിലനില്‍പ്പ്, ശക്തി, വിശ്വാസ്യത, പൊതുജന അന്ഗീകാരം എന്നിവ ഉള്ളതും, പോരായ്മകള്‍ക്ക് അതീതവും അതുവഴി വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കാത്തതും ആകുന്നു.
രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ജുഡിഷ്യറിയെ വിമര്‍ശന മനോഭാവത്തോടെ നോക്കിക്കാണാന്‍ തുടങ്ങിയത് ഒരിക്കലും രാജ്യത്തെ നിയമ വാഴ്ചയ ശക്ത്തിപ്പെടുത്തുന്ന ഒന്നാവില്ല. വിമര്‍ശനം ഒരു സംവിധാനത്തിന്റെ കാര്യക്ഷമതയെ വര്‍ധിപ്പിക്കുമെന്ന് പറയാമെങ്കിലും, നിരന്തരമായി വിമര്‍ശനത്തിനു വിധേയമാകത്തക്ക കാരണമുണ്ടാകുന്നു എന്നത് ജുഡിഷ്യറിയുടെ വിശ്വാസ്യതയെ നശിപ്പിക്കുന്നതാകും. വിമര്‍ശനത്തിനു കാരണമുണ്ടായെന്നു വരാം, പക്ഷെ വിമര്‍ശിച്ചു കൂടാ!! എന്നാ നിലപാടും വിശാലജനാധിപത്യം അനുവര്‍ത്തിച്ചു വരുന്ന നമ്മുടെ രാജ്യത്ത് വിലപ്പോകില്ല.. വിമര്‍ശനത്തിനു വഴി വെയ്ക്കാത്ത തരത്തിലുള്ള നടപടി ക്രമങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് പ്രായോഗികമായ മാര്‍ഗ്ഗം. ജുഡിഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കുന്ന രീതിയിലും സുതാര്യസംവിധാനം വേണമെന്ന് ഇന്ന് പരക്കെ ഉയര്‍ന്നു വരുന്ന ഒരു ആവശ്യമാണ്. നിയമനവും, ഭരണവും, കാര്യക്രമീകരണങ്ങളും, ശിക്ഷാനടപടികളും എല്ലാം തന്നെ ഒരു സംവിധാനത്തിന്റെ ഉള്ളില്‍ പുറം വെളിച്ചം കടക്കാത്ത വിധത്തില്‍ നടത്തികൊണ്ട് പോകുന്നതില്‍ ദുരൂഹതക്ക് സാധ്യത കൂടുതലാണ് എന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയാല്‍ അപ്രകാരം ദുരൂഹമായാണോ കാര്യങ്ങള്‍ നടക്കുന്നത് എന്ന് പഠിക്കാതെ തന്നെ അപ്രകാരമാകാന്‍ സാധ്യത ഉണ്ട് എന്ന് നിസംശയം പറയാം. അപ്രമാതിത്യം കല്പ്പിക്കപ്പെട്ടവരാണ് തങ്ങള്‍ എന്നാ സ്വയംഭാവനയുടെ സീമകള്‍ക്ക് പുറത്തേക്ക് വന്ന് വിശാലമായി വസ്തുതകളെ മനസ്സിലാക്കി കോടതികളുടെ അന്തസ്സ് പൊതുജന മധ്യത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള നടപടികളുമായി കോടതികള്‍ തന്നെ മുന്നോട്ടു വരണം. ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ പിന്നീട് നടപ്പിലാക്കേണ്ടി വരുന്നതിനേക്കാള്‍ ഉചിതം അതാണ്.
കോടതികളുടെ വിധികളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കുമുണ്ട്. വിമര്‍ശിക്കുകയോ, അഭിനന്ദിക്കുകയോ, അതിനെതിരെ ഉള്ള തന്റെ കാഴ്ചപ്പാടുകളെ വിശദീകരിക്കുകയോ ചെയ്യുമ്പോള്‍ പൗരന്‍ മാര്‍ക്കും അവരുടെ ബാധ്യതകള്‍ നിറവേറ്റാനുണ്ട്. കോടതി തങ്ങളുടെ ഔദ്യോഗികമായ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ അതില്‍ സ്വോഭാവികമായി ഉണ്ടായേക്കാവുന്ന വിമര്‍ശനാത്മകമായ ഒന്ന്, അത് പുറപ്പെടുവിച്ച ജുഡിഷ്യല്‍ ഓഫിസറെ കേന്ത്രീകരിച്ചു നടത്തുവാന്‍ പാടില്ല. അത് തനിക്കു ശരി എന്ന് തോന്നുന്നത് സ്വതന്ത്രമായും, ധൈര്യപൂര്‍വവും നടപ്പിലാക്കാനുള്ള ജുഡിഷ്യറിയുടെ ശക്തിയെ ബാധിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ മറിച്ച് ഒരു ജുഡിഷ്യല്‍ ഓഫിസര്‍ തന്റെ അധികാരത്തെ മനപൂര്‍വ്വം ദുരുപയോഗം ചെയ്യുകയോ, അഴിമതി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവിടെ ഈ സമൂഹം വിമര്‍ശിക്കേണ്ടത് അപ്രകാരം പ്രവര്‍ത്തിച്ച ജുഡിഷ്യല്‍ ഓഫിസര്‍ക്ക് എതിരായി, ആ ഓഫിസറെ മാത്രം ചൂണ്ടിക്കാട്ടി ആയിരിക്കണം. മറിച്ച് അത്തരം അവസ്സരങ്ങളില്‍ ജുഡിഷ്യല്‍ സംവിധാനങ്ങളെ ആകെ വിമര്‍ശിച്ചാല്‍ ആതിന്റെ ആഘാതം ഈ മുഴുവന്‍ സംവിധാനവും ഏറ്റു വാങ്ങേണ്ടിവരും. അതിനിടയില്‍ ഈ സംവിധാനത്തെ രക്ഷിച്ചു പിടിക്കുക എന്ന കര്‍ത്തവ്യം രാജ്യം ഏറ്റെടുത്തു നടത്തുമ്പോള്‍ ഉത്തരവാദികള്‍ രക്ഷപ്പെടുന്നതിനും കാരണമാകുന്നു.
കാര്യക്ഷമമായ നീതിന്യായ സംവിധാനമില്ലാത്ത ഒരു രാജ്യത്തെ പൗരന്‍ തികച്ചും ദുര്‍ബലന്‍ ആയിരിക്കും. തനിക്കു എതിരെ പണം കൊണ്ടോ ഭരണരംഗത്തെ സ്വാധീനം കൊണ്ടോ ഉന്നതമായി നില്‍ക്കുന്ന ഒരു ശക്തി ക്കെതിരെ തനിക്ക് അര്‍ഹമായ നീതി നേടിയെടുക്കാം എന്നആത്മ വിശ്വാസം ഒരു പൗരന് നല്‍കുന്നത് സുശക്തമായ കോടതി സംവിധാനങ്ങളില്‍ കൂടിയാണ്. ഒരു മനുഷ്യന്റെ ആത്മാഭിമാനം, രാജ്യത്തിന്റെ സുസ്ഥിരത, ക്ഷേമം, സമാധാനം അന്നിങ്ങനെ ഉള്ളതിന്റെ എല്ലാം പരിപാലനം രാജ്യത്തെ നിയമസംവിധാനത്തിന്റെ കറയറ്റ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകു. ജനങ്ങളിലേക്ക് ആ നീതിയുടെയും, ന്യായത്തിന്റെയും വിതരണം ആത്യന്തികമായി കോടതികള്‍ വഴിയാണ് സാധ്യമാകുന്നതും. ഒരു ബാഹ്യപ്രേരണയും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കോടതികളെ ബാധിക്കുന്നില്ല എന്നും, നിയമം അനുശാസ്സിക്കുന്നത് നിയമത്തിന്റെ വഴിയില്‍ മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നുമുള്ള വിശ്വാസമാണ് ജനങ്ങളില്‍ നിന്നും കോടതികള്‍ ആര്‍ജ്ജിക്കേണ്ടതും.
[RajeshPuliyanethu,
Advocate, Haripad]
No comments:
New comments are not allowed.