Saturday, 4 January 2014

ൠഷി-- രാജ് --സിങ്ങ് MEGA STAR OF THE SEASON !!



       ഒരിക്കൽ കാലൻ തമ്പി അളിയന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, എന്നിട്ട് പറഞ്ഞു; തമ്പി, നിന്റെ കാലം അവസ്സാനിച്ചിരിക്കുന്നു.. തമ്പി കാലന്റെ കാൽക്കൽ വീണു കരഞ്ഞു.. കാലാ എന്നെ കൊണ്ട് പോകരുത്.. എനിക്ക് ഭാര്യയും കുഞ്ഞു പിള്ളാരുമേ ഉള്ളു... അവര്ക്ക് ജീവിക്കാൻ യാതൊരു ചുറ്റുപാടുമില്ലാ... എത്ര കരഞ്ഞു പറഞ്ഞിട്ടും കാലൻ തമ്പിയുടെ പ്രാരഥന കേട്ടില്ല.. പകരം  ഒരിളവ്‌ നൽകാമെന്ന് പറഞ്ഞു... 'ഏതു വിധത്തിൽ മരിക്കണമെന്ന് നിനക്ക് തെരഞ്ഞെടുക്കാം'... അതായിരുന്നു കാലന്റെ വക ഇളവ്‌.. തമ്പി ഇപ്രകാരം പറഞ്ഞു.. പ്രിയപ്പെട്ട കാലാ; എന്നെ ഏതുവിധത്തിലും അങ്ങ് കൊന്നേ തീരു എന്നുണ്ടെങ്കിൽ KSRTC ബസ്സ്‌ ഒഴികെയുള്ള മറ്റേതെങ്കിലും ഒരു വണ്ടിയിടിച്ചു ഞാൻ മരിച്ചോട്ടെ!!

       കാലൻ അത്ഭുതത്തോടെ ചോദിച്ചു; അതെന്താ തമ്പി നീ ഒരു വാഹന അപകട മരണം തെരഞ്ഞെടുക്കാൻ കാരണം?? അതിൽനിന്ന് KSRTC യെ ഒഴിവാക്കാനും??

       തമ്പി മറുപടി പറഞ്ഞു; കാലാ, എന്റെ കുടുംബത്തിന് ഞാൻ മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിക്കാൻ യാതൊരു മാര്ഗ്ഗങ്ങളുമില്ല.. വാഹനമിടിച്ച് ഞാൻ മരിച്ചാൽ അവർക്ക് ഇൻഷുറൻസ് തുകയെങ്കിലും കിട്ടും.. പിന്നെ ഞാൻ വാഹനമെന്നു പറയുകയും ചെയ്തു അങ്ങ് KSRTC ബസ്സിന്റെ രൂപത്തിൽ വരികയും ചെയ്‌താൽ എന്റെ കുടുംബം കേസ്സ് പറഞ്ഞു ഉള്ളതിലും ദാരിദ്ര്യത്തിൽ എത്തിപ്പെടുകയെ ഉള്ളു!! അവര്ക്ക് നയാപൈസ്സ കിട്ടാനും പോകുന്നില്ല.. കാരണം റോഡിലോടുന്ന KSRTC ബസ്സുകൾക്കൊന്നും ഇൻഷുറൻസ് ഇല്ല........

       റോഡിൽ ഓടുന്ന  KSRTC ബസ്സുകളുടെ ഈ സ്ഥിതി അറിയുന്നവനാണ് ഇപ്പോഴത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ ഹൃഷിരാജ് സിങ്ങ് എന്ന് തോന്നുന്നു.. കേരളത്തിൽ ഓടുന്ന 3000 ൽ പരം ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലാ എന്ന  ഞെട്ടിക്കുന്ന വിവരമാണ് നാം മനസ്സിലാക്കുന്നത്.. ലോ ഫ്ലോർ ബസ്സുകൾക്ക് മാത്രമാണത്രേ  KSRTC ഇൻഷുറൻസ് എടുക്കാറുള്ളത്.. ഇൻഷുറൻസ് ഇല്ലാത്ത  KSRTC ബസ്സുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം  ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയിരിക്കുന്നു.. അതിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്നുള്ളത് കണ്ടു തന്നെ അറിയണം... കാരണം കടത്തിന്റെ വീലുകളിൽ ഓടുന്ന KSRTC യുടെ മേൽ ഒരു നിശ്ചിത ദിവസ്സത്തിനകം കോടികളുടെ ഇൻഷുറൻസ് തീർക്കാനുള്ള ബാധ്യത കെട്ടിവെച്ചാൽ KSRTC പൂർണ്ണമായും കട്ടപ്പുറത്താകും.. സർക്കാർ തന്നെ ഇടപെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം മരവിപ്പിക്കാനാണ് സാദ്ധ്യത..

       റോഡ്‌ നിയമങ്ങളിൽ നിന്നും യാതൊരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത KSRTC എന്ത് പരിരക്ഷയുടെ പേരിലാണ് ഇൻഷുറൻസ് ഇല്ലാതെ ബസ്സ്‌ നിരത്തിലിറക്കുന്നതെന്ന് എന്ന് മനസ്സിലാകുന്നില്ല.. സര്ക്കാര് ഗുണ്ടായിസ്സത്തിനെ ഭാഗം എന്ന് മാത്രമേ അതിനെ കാണാൻ കഴിയൂ.. ഫലമോ KSRTC ബസ്സ്‌ ഉള്പ്പെട്ട അപകടങ്ങളിൽപ്പെടുന്നവർക്ക് യാതൊരു വിധ നഷ്ടപരിഹാരവും ലഭിക്കാതെ വരുന്നു.. നഷ്ടപരിഹാരമായി അനുവദിക്കപ്പെടുന്ന തുക KSRTC സ്വന്തം ഫണ്ടിൽ നിന്നും നല്കേണ്ടി വരുന്നു.. നിത്യ ചെലവിനു കൈനീട്ടി നടക്കുന്ന നമ്മുടെ ട്രാൻസ്പോർട്ട് കോർപറേഷൻ എത്രത്തോളം നഷ്ട പരിഹാരം നൽകാനാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ!!

       അങ്ങനെ സര്ക്കാരിനെ വരെ വെട്ടിലാക്കുന്ന തീരുമാനങ്ങൾ സ്വന്തം അധികാരം ഉപയോഗിച്ച് നടപ്പിലാക്കാൻ തയ്യാറുള്ള ഒരു ഓഫീസർ ആയാണ്   ൠഷി-- രാജ് --സിങ്ങി നെ പൊതുജനം കാണുന്നത്.. ട്രാൻസ്പോർട്ട് നിയമങ്ങൾ മുഖം നോക്കാതെ നടപ്പിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനായും, പകർപ്പവകാശ നിയമത്തെ പ്രയോഗിച്ച് വീഡിയോ കാസ്സെറ്റ്‌ കടകളിൽ അധികാരത്തിന്റെ ഉഗ്രഭാവം കാണിച്ചും, മൂന്നാറിലെ ഇടിച്ചു നിരത്തലുകളിൽ എലിയെ കൊല്ലുന്ന പൂച്ചയായും; അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ചർച്ചകളിൽ അദ്ദേഹം കടന്നുകൂടിയിട്ട് കുറച്ചധികം കാലമായിരിക്കുന്നു... അഴിമതിയിൽ നിന്നും കേടുകാര്യസ്തതയിൽ നിന്നും അൽപമെങ്കിലും വേറിട്ട്‌ നിൽക്കുന്നവരെ വംശനാശം സംഭവിക്കുന്ന അപൂര്വ്വ ജീവിയായി അത്ഭുതത്തോടെ കാണുന്ന പൊതുജനത്തിന് അവരോടു ആരാധനും ജനിക്കുന്നത് സ്വോഭാവികം.. ആ ആരാധന ഫാൻ അസ്സോസ്സിയെഷനുകളായും, സ്ലെക്സ് ബോർഡു കളായും ഉയർന്നതിൽ തെല്ലും അസ്വോഭാഗികതയില്ല!!

       വിമർശനങ്ങളെ മുഖം നോക്കാതെ നേരിടാനും, സ്വന്തം അധികാരം വിനിയോഗിക്കാനും കഴിവുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം എന്ന് നമുക്ക് കാണാൻ കഴിയുന്നു.. അതുവഴി അദ്ദേഹത്തിൻറെ പേരിലെ 'രാജ്' അദ്ദേഹം അന്വര്ഥമാക്കുന്നു...

       രാജസ്ഥാനിലെ ലളിതമായ സാഹചര്യങ്ങൾ ഉള്ള കുടുംബത്തിൽ നിന്നും എത്തി കഠിനാദ്വാന൦ കൊണ്ട് ഉന്നതങ്ങളിൽ എത്തിയ വ്യക്തിയായാണ് അദ്ദേഹത്തെ മനസ്സിലാകുന്നത്‌.. ഇന്നും ചിട്ടയായ ജീവിതവും ലളിതമായ ശൈലിയും പിന്തുടരുന്ന; ലക്ഷ്യ ബോധവും, ചുമതലാ ബോധവുമുള്ള; സ്വാധീനങ്ങളിൽ വഴങ്ങാത്ത, അഴിമതി ലവലേശമില്ലാത്ത ഉദ്യോഗസ്ഥനായും അദ്ദേഹം ജനമനസ്സുകളിൽ അംഗീകാരം നേടുന്നു.. മറിച്ചൊരു മുഖം പൊതുജനത്തിന് ദൃശ്യമാകാത്തടത്തോളം കാലം അദ്ദേഹ൦ ആ സ്വോഭാവ മഹിമകളുടെ ബഹുമാനം അർഹിക്കുന്നു.. തന്റെ പേരിലെ 'ൠഷി' അർഥപൂർണ്ണം തന്നെ എന്ന് അദ്ദേഹം അടിവരയിടുന്നു...

       അധികാരവിനിയോഗം കയ്യടി വാങ്ങിത്തുടങ്ങിയാൽ ഭരണാധികാരികളും, ഉദ്യോഗസ്ഥരും, ന്യായാധിപരും എല്ലാം അതിനൊപ്പം തന്നെ വിമർശനങ്ങൾക്കും പാത്രീഭൂതരാകുന്ന കാഴ്ചകൾ നമ്മൾ പല അവസ്സരങ്ങളിൽ കണ്ടിട്ടുണ്ട്.. അത് പല രീതികളിലാണ് സംഭവിക്കുന്നത്‌.. അതിലൊന്ന്; ജനങ്ങൾക്ക്‌ നല്കിയ പ്രതീക്ഷയോളം പ്രസ്തുത വ്യക്തിയുടെ പ്രവർത്തനം പിൽക്കാലങ്ങളിൽ ഉണ്ടാകാതിരിക്കുക, കൈക്കൂലിക്കും സ്വാധീനങ്ങൾക്കും വശംവദനാകുക തുടങ്ങിയവയാണ്.. അത്പോലെ തന്നെ ജനങ്ങളിൽ നിരാശസൃഷ്ട്ടിക്കുന്നതും തികഞ്ഞ പോരായ്മയുമാണ് ഒരു അധികാരി തന്റെ അധികാരങ്ങളെ അമിതമായി വിനിയോഗിക്കുക എന്നത്.. തന്റെ നിലപാടുകൾ പ്രകീർത്തിക്കപ്പെടുന്നു എന്ന് തോന്നിത്തുടങ്ങിയാൽപ്പിന്നെ താൻ ചെയ്യുന്നതെല്ലാം ശരി ആയിരിക്കുമെന്നും, തന്റെ പ്രവർത്തനങ്ങൾ എല്ലാം അന്ഗീകരിക്കപ്പെടുമെന്നുമുള്ള അമിത വിശ്വാസ്സവും അതിനു പുറകിലുണ്ട്.. ഒരിക്കൽ ശ്രദ്ധിക്കപ്പെട്ട അധികാരി തനിക്കുമേലുണ്ടായ ആ ജനശ്രദ്ധ നിലനിൽക്കുവാൻ ചെയ്തുകൂട്ടുന്ന പ്രവർത്തികളാണ് അധികാരത്തിന്റെ അമിതവിനിയൊഗമായി നമ്മൾ ശ്രദ്ധിക്കുന്നത് എന്നും പറയപ്പെടുന്നു.. തന്റെ പ്രവർത്തികൾ അംഗീകാരം നേടുമ്പോൾ മറ്റ് ഭരണ മെഘലകളോടും അധികാരികളോടും തോന്നുന്ന പുശ്ചവും ഇത്തരം പ്രവർത്തികളിൽ നിന്നും വായിച്ചെടുക്കുന്നവരുണ്ട്.. ഏതു വിധേനയായാലും അധികാരത്തിന്റെ അമിത പ്രയോഗം അധികാരദുർവിനിയോഗത്തിന് സമമാണ്.. ഇത്തരം വിമർശനങ്ങൾക്ക് എന്നും പാത്രമായ ഉദ്യോഗസ്ഥനാണ്    ൠഷി-- രാജ് --സിങ്ങ്!!

       വളരെ അടുത്തായി അദ്ദേഹം നടത്തിയ ഒരു പ്രഖ്യാപനം നോക്കൂ.. സിനിമയിൽ ഹെൽമെറ്റ്‌ വെയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതായി ചിത്രീകരിച്ചാൽ നടപടി ഉണ്ടാകുമെന്നായിരുന്നു അത്!! അതിന് അദ്ദേഹം പറയുന്ന കാരണം ഹെല്മെറ്റില്ലാതെ യാത്ര ചെയ്യുന്നതായി സിനിമയിൽ കണ്ടാൽ പൊതുജനത്തിന് അത് തെറ്റായ സന്ദെശമാകുമെന്നാണ്.. അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലും അപ്രകാരം വിലക്കുകൾ നിലനിൽക്കുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.. സായിപ്പിന്റെ വിലക്കുകൾ ഇവിടെ പകർത്തി നടപ്പിലാക്കിക്കൊള്ളണമെന്നില്ലല്ലോ?? അതുകൊണ്ട് ആ ന്യായം അവിടെ നിൽക്കട്ടെ.. മദ്യപാനവും, പുകവലിയും സിനിമയിൽ നിബന്ധനകളോടെ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന ന്യായം മനസ്സിലാക്കാം.. കാരണം അത് ആസക്തികൾ സൃഷ്ടിക്കുന്ന പ്രവർത്തികളാണ്.. ആസക്തി ജനിപ്പിക്കുന്ന ഒന്നിനെ സമൂഹദ്രിഷ്ടിയിൽനിന്നും കഴിയുന്നത്ര ഒഴിവാക്കി നിര്ത്തുക എന്നതാണ് അതിന്റെ പിന്നിൽ.. മദ്യത്തിന്റെയും, സിഗർട്ടുകളുടെയും പരസ്യങ്ങളും നിരോധിക്കാനുള്ള കാരണവും അതാണ്‌.. ഒരു മദ്യാസക്തിയുള്ള വ്യക്തിക്ക് മദ്യക്കുപ്പിപോലും കാണുന്നത് അവനിൽ ആസക്തി ഉണര്ത്തുമെന്നത്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.. അതുപോലെ ഒരു അവസ്ഥ ഹെൽമെറ്റ്‌ ധരിക്കാതെ ഒരു നടനെ സ്‌ക്രീനിൽ കണ്ടാൽ ഉണ്ടാകുമെന്ന് ചിന്തിക്കാൻ കഴിയുമോ?? ഹെൽമെറ്റുധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക എന്നത് നിയമം അനുവദിക്കാത്തതിനാൽ മാത്രം അത് കുറ്റകരമായ ഒരു പ്രവർത്തിയാണ്.. അത്രമാത്രം.. ആസക്തി ജനകമായി അതിൽ എന്താണുള്ളത്?? 

       ഒരു സിനിമ എന്നത് ഒരു ആവിഷ്ക്കാരമാണ്.. അതിനെ ഒരു സുവിശേഷവേദിയായി പുന: സംഘടിപ്പിക്കണം എന്ന് പറയുന്നത് പോലെയായി    ൠഷി-- രാജ് --സിങ്ങിന്റെ നടപടി.. സിനിമയിൽ സഹൂഹത്തിലെ തെറ്റായതോന്നും ചിത്രീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിലെ വിഡ്ഢിത്തം ഒന്ന് ചിന്തിച്ചു നോക്കൂ.. അങ്ങനെയെങ്കിൽ സിനിമയിൽ നിന്നും അധോലോകനായകന്മാർ അപ്രത്യക്ഷമാകണം!! അഴിമതിക്കാർ അപ്രത്യക്ഷമാകണം!! പിമ്പുകൾ അപ്രത്യക്ഷമാകണം!! എതിരാളിയെ അടിച്ചു വീഴ്ത്തുന്ന നായകൻ  അപ്രത്യക്ഷമാകണം!! മദ്യപിച്ചു നടക്കുകയും, വാഹനമോടിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ അപ്രത്യക്ഷമാകണം!! അങ്ങനെ സിനിമയിൽ നിന്നും ക്രിമിനൽ സ്വഭാവമുള്ള എല്ലാവരും അപ്രത്യക്ഷമാകണം!! കാരണം ഹെൽമെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനമോടിക്കുക എന്ന നിയമം അനുവദിക്കാത്ത ഒന്ന് സിനിമയിൽ കാണുന്നത് അനുകരണീയമായി പൊതുജനം കണ്ടാൽ നിയമമനുവദിക്കാത്ത എല്ലാ കാര്യങ്ങളും സിനിമയിൽനിന്നും ഒഴിവാക്കണം.. അങ്ങനെയെങ്കിൽ ബൈബിൾ പോലും സിനിമയാക്കാൻ കഴിയില്ല.. യൂദാസിന്റെ ചതി പൊതുജനം അനുകരണീയമായി കണ്ടാലോ!!!???

       സിനിമാപോലെയുള്ള മാദ്ധ്യമങ്ങൾ ഒരുസന്ദെശത്തെ നൽകിയാൽ നന്ന്.. അത്രമാത്രം.. സമൂഹത്തിൽ വെള്ളരിപ്രാവിനെ പറപ്പിക്കാനുള്ള വിക്ഷേപണത്തറകളായി കലാരൂപങ്ങളെല്ലാം മാറണം എന്ന ശാഠയം അനാവശ്യമാണ്..

       ഹെൽമെറ്റ്‌ ഇല്ലാതെ യാത്ര ചെയ്ത്  അത് ഒരു അപകടത്തിൽ ചെന്ന് കലാശിക്കുന്നതായും, ഹെൽമെറ്റ്‌ ഇല്ലാത്തതിനാൽ ദുരന്ത വ്യാപ്തി കൂട്ടുന്നതായുമുള്ള  ഒരു സദ്‌- സന്ദേശം സിനിമയിൽ കൂടി നല്കണമെന്ന് കരുതുക.. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവനുസ്സരിച്ച് ഹെൽമെറ്റ്‌ ഇല്ലാത്ത യാത്ര തന്നെ ചിത്രീകരികുന്നത് തന്നെ കുറ്റകരമാവുകയാണ്.. പിന്നെ എങ്ങനെയാണ് അതിനുശേഷമുള്ള അപകടത്തിന്റെ ഭീകരതയും ഹെൽമെറ്റിൻറെ പ്രാധാന്യവും വെളിവാക്കുന്ന ഒരു സന്ദേശം സമൂഹത്തിനു നല്കുന്നത്?? ഇത്തരം പ്രായോഗികബുദ്ധി പ്രയോഗിക്കാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്  ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഇമേജിന് കൊട്ടമേ ഉണ്ടാക്കൂ.. അദ്ദേഹത്തിൻറെ പേരിലെ 'സിങ്ങ്' സർദാർ സിങ്ങ് ആണെന്ന് തെറ്റി ധരിക്കാനും ഇടവരുത്തും..

       അധികാരം ജനോപകാരപ്രദമായും കർശനമായും നടപ്പിലാക്കുന്ന ഭരണാധികാരികൾ എന്നും ജനങ്ങൾക്ക്‌ പ്രിയപ്പെട്ടവരും, ആരാധനാപാത്രങ്ങളുമാണ്.. തന്റെ അധികാരത്തെ ബുദ്ധിപൂർവ്വം വിനിയോഗിക്കാതെ അമിതപ്രയോഗങ്ങൾക്ക് മുതിർന്നാൽ അവരുടെ നല്ല പ്രവർതതനങ്ങൾ മറന്ന് പില്ക്കാലത്തെ പ്രധാനപരിഹാസ്സ കഥാപാത്രങ്ങളും അവർത്തന്നെ ആയിത്തീരും...


[Rajesh Puliyanethu
 Advocate, Haripad]  



No comments: