Sunday, 30 September 2012

'കൂടംകുളം' ആധുനികതയുടെ മാലിന്യ നിക്ഷേപം!!

       വ്യവസായ വല്‍ക്കരണത്തിന്റെയും, ആധുനിക വല്‍ക്കരണത്തിന്റെയും വേഗതക്ക് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന ഉര്‍ജ്ജം 'അണു' വിലാണ്. ഭാരതത്തിന്‌ അണുവോര്‍ജ്ജമില്ലാതെ ഒന്ന് മൂരിനിവര്‍ക്കാന്‍ പോലും കഴിയില്ലെന്നാണ് UPA സര്‍ക്കാരിന്‍റെ വാദം. ജല വൈദ്യുതപദ്ധതികളും, താപ  വൈദ്യുത പദ്ധതികളും കടന്ന് രാജ്യം  അണുവോര്‍ജ്ജപദ്ധതികളില്‍ എത്തി നില്‍ക്കുന്നത് പുരോഗതി എന്നുതന്നെ വീക്ഷിക്കപ്പെടണം. പക്ഷെ അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ഭീതി ഒരു ജനതയുടെ ഉറക്കം കെടുത്തിയിട്ട്‌ വളരെ നാളുകള്‍ പിന്നിട്ടിരിക്കുന്നു.

       ഇവിടെ ഒരുപറ്റം ആള്‍ക്കാര്‍ സമരം ചെയ്യുന്നത് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയോ രാഷ്ട്രീയ ആവശ്യത്തോടെയോ ആണെന്ന് വിശ്വസിക്കുക വയ്യ! തങ്ങളുടെ സ്വൈര്യ ജീവിതത്തിനും, സന്തതി പരമ്പരക്കും, ജീവനും, സ്വത്തിനും, ഒക്കെ നേരെ ഉയരാവുന്ന ഭാവിയിലെ അണുവികിരണത്തോടുള്ള  ഭീതിയുടെ രോദനമാണത്. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആ വിലാപം കേള്‍ക്കുന്നില്ല എന്നതിന് കാരണം മനുഷ്യന്‍റെ ജീവനും സമാധാനത്തിനും അപ്പുറം വളര്‍ന്ന വികസ്സനം എന്ന ഭീകരതയും, സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വാര്‍ഥതയുടെ ആഴവുമാണ്. അവിടെയാണ് വി. എസ്. അച്യുതാനന്ദന്‍ എന്നാ നേതാവ് അഭിനന്ദനം അര്‍ഹിക്കുന്നതും. ഒറ്റപ്പെട്ട ഒരു ജനസമൂഹം ഭയചികിതരായി നിലവിളിക്കുമ്പോള്‍ ഐക്യ ദാര്ട്യം പ്രക്യാപിക്കാന്‍ അദ്ദേഹം കാണിച്ച മനസ്സ്!! ഒരു ജനനേതാവില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരരംഗത്ത് മുന്നിട്ടിറങ്ങുക എന്നത്. റഷ്യയില്‍ നിന്നുള്ള റിയാക്ടര്‍ ആയതിനാലാവാം പ്രകാശ് കാരാട്ടിനും കൂട്ടാളികള്‍ക്കും ആണവ  നിലയത്തോട് ഒരു പ്രത്യക്ഷ വിരോധം ഇല്ലാതെ പോയത്. അമേരിക്കയില്‍ നിന്നുള്ള റിയാക്ടര്‍ അല്ലാത്തതിനാല്‍ മുതലാളിത്തത്തിന്‍റെ അണുവികിരണം ഭയക്കേണ്ടല്ലോ!!

       കൂടം കുളത്തെ ജനങ്ങള്‍ നടത്തുന്നത് അവകാശ~ വര്‍ഗ്ഗ സമരമല്ല. അവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുത്താനുള്ളതുമല്ല. മറിച്ച് അതെല്ലാം ഭയചികിതരായ ഒരുകൂട്ടം ആള്‍ക്കാരുടെ നിലവിളിയാണ്. ആ ഭയം ദൂരീകരിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. പകരം നിലവിളിക്കുനവന്റെ വായില്‍ തോക്കിന്‍ കുഴല്‍ കടത്തി, നിര്‍ദ്ദയം കാഞ്ചിവലിച്ച് സായിപ്പിന്‍റെ പുഞ്ചിരിയുടെ മുന്നില്‍ റാന്‍ മൂളി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെയും തമിഴ്നാട്‌ സര്‍ക്കാരിന്‍റെയും നയം വരും കാല തലമുറ പുശ്ചത്തോടെ വായിക്കുന്ന ചരിത്രത്തിലെ ഏടുകള്‍ ആയിരിക്കും. അധികാരത്തിലും, പണത്തിലും ഉന്നിയ നിലനില്‍പ്പിനായി നാടിനെ ഒറ്റുകൊടുത്ത പഴയ നാട്ടുരാജാക്കന്‍മാരെക്കുറിച്ച് വായിക്കുമ്പോള്‍ ഉണ്ടാവുന്ന നെറ്റി ചുളിച്ചില്‍ ആകും സോണിയ- മന്‍മോഹന്‍ നാടു വാഴ്ച്ചാകാലത്തെക്കുറിച്ച് അറിയുന്ന ഭാവി തലമുറക്ക്‌ ഉണ്ടാകുന്നത്.

       ഒരു ആണവറിയാക്ടര്‍ സ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളില്‍  പലതും കൂടം കുളത്ത് പാലിക്കപ്പെട്ടിട്ടില്ല എന്ന വാര്‍ത്തകള്‍ തദ്ദേശ വാസ്സികളില്‍ ഭയത്തെവര്‍ദ്ധിപ്പിക്കുന്നു. അവിടെ കേന്ദ്ര സര്‍ക്കാരുകള്‍ പറയുന്ന, സുരക്ഷാ മാനദന്ടങ്ങള്‍ പാലിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പിനെ വിശ്വസ്സിക്കാമെന്നുതന്നെയിരിക്കട്ടെ, വളരെ അടുത്ത കാലത്തു കണ്ട ഫുക്കുഷിമ ദുരന്തം നൊക്കൂ!! എല്ലാ സുരക്ഷാ മാനദാന്ടങ്ങളും പാലിക്കപ്പെട്ടിരുന്ന അവിടെയും ഒരു ദുരന്തത്തെ ഒഴിവാക്കുവാനോ, അതിന്‍റെ അപായവ്യാപ്ത്തിയില്‍ നിന്ന് രക്ഷപ്പെടുന്നതിനോ കഴിഞ്ഞില്ല. ഓര്‍ക്കണം, ഭാരതത്തിനെക്കാള്‍ സാങ്കേതിക വിദ്യയിലും, സമ്പന്നതയിലും മുന്നില്‍ നില്‍ക്കുന്ന ജപ്പാനില്‍ പോലും!!

       ഒരു പ്രകൃതി ദുരന്തത്തിന്‍റെ ഭാഗമായാണ് ജപ്പാനില്‍ അപകടം സംഭവിച്ചതെന്ന വാദത്തിനും നിലനില്‍പ്പില്ല, എന്തെന്നാല്‍ ജപ്പാനില്‍ സംഭവിച്ചതിന് കേവലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുനാമി തിരമാലകള്‍ വിനാശം വിതച്ചത് കേരളാ തമിഴ്നാട്‌ തീരപ്രദേശങ്ങളില്‍ ആയിരുന്നു. ഒരിക്കലും അപകടം സംഭവിക്കില്ല എന്ന് റഷ്യ ആണയിടുമ്പോള്‍, ഒരു ദുരന്ത മുണ്ടായാല്‍ നഷ്ട പരിഹാരമായി നല്‍കേണ്ടുന്ന പരമാവധി തുക 1500 കോടിയായി നിചപ്പെടുത്തണമെന്ന് അവര്‍ ശഠിക്കുന്നതെന്തിന്??

       ഒരു അണു വികിരണം ഉണ്ടായാല്‍ അതിന്‍റെ തീവ്രതയില്‍നിന്നും ലോകം രക്ഷപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ തന്നെ എടുക്കും. ഫുക്കുഷിമയില്‍ ആണവ ചോര്ച്ചക്ക് ശേഷം ചിത്രശലഭങ്ങളില്‍ പോലും ഉണ്ടായ മാറ്റം. ആ വിളറിച്ച, കൂടം കുളത്തെ ജനത തങ്ങളുടെ കുഞ്ഞുങ്ങളില്‍ കണ്ടു ഭയക്കുന്നുവെങ്കില്‍ അവരെ ആ ആശ്വസ്സിപ്പിക്കുന്നതാണ് കേവലം മനിഷ്യത്വം. മറിച്ച് പരിഹസ്സിക്കുന്നതല്ല.

       ഫുക്കുഷിമ ദുരന്തത്തോടെ ലോകരാജ്യങ്ങള്‍  അണുവോര്‍ജ്ജത്തെ ആശ്രയിക്കുന്നതിനെപ്പറ്റി ഇരുത്തി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ ആണവനിലയങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ അതിനുള്ള ഉദാഹരണമാണ്. ഹിരോഷിമ- നാഗസ്സാക്കിയില്‍ യുദ്ധവിജയത്തിന് വേണ്ടി  അണുബോംബുകള്‍ വര്‍ഷിച്ചത് ചരിത്രം; വരുംകാല യുദ്ധങ്ങളില്‍ സമാനമായ നാശം വിതക്കുന്നതിന് ആ രാജ്യത്ത് നിലനില്‍ക്കുന്ന ആണവ നിലയങ്ങളെ ആക്രമിക്കുന്നതിനാവും ശത്രു രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

       രാജ്യത്തെ നിര്‍മ്മാണങ്ങളെയും, പുരോഗതിയും എന്തിന് ജനങ്ങളെ മുഴുവനെയും അപകടത്തിന്‍റെ മുന്‍പില്‍ നിര്‍ത്തി ഇന്നത്തെ ഉര്‍ജ്ജാവശ്യത്തിന്റെ ഒരു ചെറിയ ഭാഗത്തിന് മാത്രം നിവര്‍ത്തി കാണുന്ന ആണവ പദ്ധതികളോട് ലോകം മുഖം തിരിച്ചു തുടങ്ങിയിരിക്കുന്നു. സമ്പന്നരാജ്യങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിച്ചു തുടങ്ങിയ ഉച്ചിഷ്ട്മാണ് ആണവ പദ്ധതികള്‍....!!!!!!!!, അതിനെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അമൃതുപോലെ വിളമ്പുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

       വികസ്സനം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനതയുടെയും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയാണ്‌., .മറിച്ച് ഒരു കൂട്ടത്തിനെ ബലി നല്‍കി മറ്റൊരു കൂട്ടം നേടുന്ന സുഖമല്ല. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാജ്യത്തിന്‍റെ നേട്ടങ്ങള്‍ തുല്യമായി പങ്കുവെയ്ക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്തുന്നതിനുള്ള ചുമതല സര്‍ക്കാരുകള്‍ക്കുണ്ട്.

       പതിനയ്യായിരം കോടി രൂപ മുടക്കിപ്പോയതു കൊണ്ട് പദ്ധതിയുമായി മുന്‍പോട്ടു പോയെതീരു എന്നത് ദുര്‍ബലമായ വാദമാണ്. മനുഷ്യജീവനും അവന്‍റെ സമാധാനത്തിനും പകരം വെയ്ക്കാന്‍ ആധുനികതയുടെ മാലിന്യമായ ആണവ പദ്ധതികള്‍ക്കാവില്ല.  അണുവോര്‍ജ്ജം കണ്ടുപിടിക്ക പ്പെട്ടത് മുതലിങ്ങോട്ട്‌ വിലയിരുത്തിയാല്‍ ലോകം അതില്‍നിന്നു നേടിയതിലും  വളരെ അധികം നഷ്ട്ടപ്പെടുത്തിയതായി കാണാം!!

കൂടംകുളത്ത് സമരം ചെയ്യുന്നവര്‍ക്ക് എല്ലാ വിജയാശംസ്സകളും നേരുന്നു 


     
[Rajesh Puliyanethu,
 Advocate, Haripad]

Monday, 24 September 2012

" പക്വത" മനസ്സിന്റെ അവസ്ഥ!!


       പക്വമായ 'തീരുമാനവും പ്രവര്‍ത്തിയും' എന്നത് പല അര്‍ഥ തലത്തില്‍ പ്രയോഗിക്കപ്പെടുന്നതായി നമുക്ക് കാണാം. പലപ്പോഴും, താന്‍ മനസ്സില്‍ കാണുന്ന തരത്തില്‍ രണ്ടാമത്തെയാല്‍ പ്രവര്‍ത്തിക്കുന്നതിനെയാണ് ആ അഭിപ്രായ പ്രകടനം നടത്തുന്ന ആദ്യത്തെയാള്‍ മറ്റെയാള്‍ 'പക്വമായി പെരുമാറി' എന്ന് പറയുന്നതിനു അടിസ്ഥാനം. ഇവിടെ പലപ്പോഴും പക്വത എന്നതിന്റെ നിര്‍വചനം ആ അഭിപ്രായ പ്രകടനം നടത്തുന്ന വ്യക്ത്തിയുടെ മനസ്സിലെ സങ്കല്‍പ്പങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടാകുന്നത്.

       'പക്വത' എന്നത് കൃത്യമായി നിര്‍വചിക്കത്തക്ക ഒന്നാണോ, മറിച്ച് അവസ്സരങ്ങള്‍ക്ക് അനുസ്സരിച്ച് വ്യതിയാനപ്പെടുത്തി വിശദീകരിക്കേണ്ട ഒന്നാണോ എന്നുകൂടി ചിന്തിക്കണം. പലപ്പോഴും അവസ്സരങ്ങള്‍ക്ക് അനുസൃതമായി വ്യതിയാനപ്പെടുത്തി; പലര്‍ക്കിടയില്‍ അംഗീകാരം നേടുന്ന വാക്കോ പ്രവര്‍ത്തിയോ നിര്‍വച്ചനങ്ങള്‍ക്ക് അപ്പുറമായി വിശദീകരിക്ക പ്പെടുകയാണ് 'പക്വത' എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ നാം കാണുന്നത്. പക്വത എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ തന്റെ വാക്കും പ്രവര്‍ത്തിയും നിലകൊള്ളണം എന്നാ വാശിയുള്ളവര്‍ക്ക് തന്‍റെ പലവിധ സ്വാതന്ത്യങ്ങളെയും ബലി നല്‍കേണ്ടി വരും എന്നതും സത്യം. പ്രധാനമായി പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം!!

       പക്വത എന്നത് വാക്കിലും പ്രാര്‍ത്തിയിലും ഉള്ള പക്വതയാണ് പൊതുവേ ഉദ്ദേശിക്കുന്നത്. അത് നിര്‍വച്ചനങ്ങള്‍ക്കപ്പുറം ധാരണകള്‍ ആയി നില കൊള്ളുന്നു. മൃതുത്വം നിറഞ്ഞ സംസാരം  പ്രവര്‍ത്തി, പ്രകോപിത നാവാതെയുള്ള സംസാരം  പ്രവര്‍ത്തി, ക്ഷമയോടെയുള്ള  സംസാരം  പ്രവര്‍ത്തി, എന്നിങ്ങനെ പലവിധത്തിലുള്ള മിതത്വങ്ങലാണ് പലപ്പോഴും പക്വതയുടെ വ്യഖ്യാനം. എത്രത്തോളം സഹിച്ചാലും സമാധാനം പരിപാലിക്കുന്നവന്‍ പക്വമതി എന്നും നിര്‍വച്ചിക്കുന്നവരുണ്ട്. ബുദ്ധിപൂര്‍വ്വമുള്ള  സംസാരവും പ്രവര്‍ത്തിയും, പക്വതയുടെ കീഴില്‍ പൊതുവായി കണക്കിലെടുക്കുന്നില്ല എന്നതും ശ്രദ്ദേയമാണ്.

       ഏതുവിധത്തിലും, തന്‍റെ നിലപാടിനെനെയും നിലപാടിനനുസ്സരിച്ചുള്ള പ്രവര്‍ത്തിയും, പ്രതികരണവും അടക്കിനിര്‍ത്തി പ്രകോപനം എന്നതിനെ പരിപൂര്‍ണ്ണമായും അകറ്റിനിര്‍ത്തി ഒരു ശീതീകരണിയില്‍ കൂടി കടത്തിവിട്ട് പുറത്തെക്കെടുത്താല്‍ സമൂഹത്തിലെ വലിയ വിഭാഗത്തിനു മുന്‍പില്‍ പക്വമതി എന്ന പരിവേഷം ലഭിക്കും. മനസ്സിന്റെ മരവിപ്പിനെ പക്വതയായി പലരും കാണുന്നു. പ്രതികരണശേഷിയുള്ള ഒരു വ്യക്ത്തിക്ക് പക്വമതി എന്ന പേര് അധികകാലം നിലനിര്‍ത്തുക ശ്രമകരമായ കാര്യമാണ്. എന്തെന്നാല്‍ പ്രതികരിച്ച വിഷയമോ, പ്രതികരിക്കേണ്ടിവന്ന സാഹചര്യമോ, പ്രസ്തുത വിഷയത്തിലെ ന്യായമോ ഒന്നുമല്ല; സമൂഹത്തിനു മുന്‍പില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു എന്നത് മാത്രം അപക്വത എന്നാ പേര് ചാര്‍ത്തി നല്‍കും.

       ഒരു വാക്കോ പ്രവര്‍ത്തിയോ വരുംകാലജീവിതാനുഭവങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ദിമുട്ടു ഉണ്ടാക്കുന്നതായാല്‍ ആ വാക്കും പ്രവര്‍ത്തിയും അപക്വം എന്ന് കാണപ്പെടും. പക്ഷെ ഭാവിയിലെ തിക്താനുഭവങ്ങളെപ്പറ്റി മനസ്സിലാക്കി, ചിന്തിച്ചുറച്ച്, വികാരത്തിന്‍റെ മൂര്‍ച്ചയില്‍ നിന്നുണ്ടാവാത്ത, തന്‍റെ വ്യക്ത്തിത്ത സംരക്ഷണത്തിനു അനിവാര്യമെന്ന് തോന്നി ഇന്ന് നടത്തുന്ന വാക്കോ പ്രവര്‍ത്തിയോ അപക്വം എന്നതില്‍  വരില്ല എന്നതാണ് എന്‍റെ പക്ഷം. 

       മനസ്സിന്റെ അല്ലെങ്കില്‍ ചിന്തയുടെ കൂര്‍ത്ത അഗ്രങ്ങളെ കാലവും, അനുഭവങ്ങളും കൊണ്ട് ഉരച്ച് ഇല്ലാതാക്കി തന്റെയോ, മറ്റുള്ളവന്റെയോ, വേദനയ്ക്ക് കാരണമാകാന്‍ കഴിയാത്ത രീതിയില്‍ രൂപാന്തരം പ്രാപിക്കുമ്പോള്‍ മനസ്സ് 'പക്വത' കൈവരിച്ചു എന്ന് പറയാം.


[Rajesh Puliyanethu,
 Advocate, Haripad]

Saturday, 15 September 2012

കേഡര്‍ പാര്‍ട്ടികള്‍ക്ക് എന്ത് ചുമതല ??

'കേഡര്‍ പാര്‍ട്ടികള്‍' എന്നാ തലക്കെട്ടിലും, ആ തലക്കെട്ടിനെയും മേല്‍വിലാസ ത്തെയും ഇതരപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ത്തമായ ഒരു പ്രിവിലേജ്‌ ആയി  കൊണ്ട് നടക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ പല പാര്‍ട്ടികളെ കൊണ്ട് സമൃദ്ധവും സമ്പന്നവുമാണ് നമ്മുടെ രാജ്യം.  തന്റേതു ഒരു കേഡര്‍ പാര്‍ട്ടി ആണെന്നുള്ളത്‌ ഔന്നിത്യത്തില്‍ പറയുന്ന പ്രവര്‍ത്തകരും നേതാക്കളും ഉണ്ട്. ഒരു അച്ചടക്കത്തിന്റെ വിളിപ്പേരായി ആയി മാത്രം 'കേഡര്‍' എന്നാ പദത്തെ കണ്ടാല്‍ അത് നല്ലകാര്യം. പക്ഷെ കേഡര്‍ പാര്‍ട്ടി എന്ന ശീര്‍ഷകത്തിനടിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളില്‍ പൊതു സ്വോഭാവങ്ങള്‍ കണ്ടു വരുന്നുണ്ട്. അത് കമ്യുണിസ്റ്റ് പാര്ട്ടിയിലായാലും, RSS, പോപ്പുലര്‍ ഫ്രെണ്ട് എന്നിവയില്‍ തുടര്‍ന്ന് മാവോയിസുകളിലും; കുറേക്കൂടി കേഡര്‍ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളില്‍ ആയാലും ശരി, സമാനതകള്‍ പ്രകടിപ്പിക്കുന്നു.

       കേഡര്‍ പാര്‍ട്ടികളില്‍ കാണുന്ന അച്ചടക്കം, ഒരു രാജ്യത്തിന്റെ സൈനിക യുണിറ്റ്‌കളില്‍ കാണുന്ന അച്ചടക്കത്തോടു സമാനമായി പ്രദര്‍ശിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. അത് CPI (M) ന്റെ യുവജന സംഘടനയായ DYFI ലോ RSS ലോ മുന്‍പ് പറഞ്ഞ ഏതിലുമാകട്ടെ, ഒരു സംഘടനാ സൈന്യത്തിനാണ് ഇവരെല്ലാം ശ്രമിക്കുന്നത്. അതിനുള്ള തെളിവുകളാണ് ഇവരെല്ലാം ഒരു പ്രത്യേക വേഷം സൈനിക വേഷത്തിന് സമാനമായി അണിയാന്‍ ശ്രമിക്കുന്നത്. അതില്‍ സൈന്യത്തിന് സമാനമായി തൊപ്പി, ബെല്‍റ്റ്‌, ചിഹ്നങ്ങള്‍ എന്നിവ ധരിച്ച് ഒരു അധികാരിയുടെ ഉത്തരവിന്‍ കീഴില്‍ മാര്‍ച്ച് ചെയ്തു പോകുന്നത്. ഇതു അച്ചടക്കത്തിന്റെ പരി ച്ചെദമാണെന്ന് വിവക്ഷിക്കുന്നവരുണ്ടാകാം. പക്ഷെ  അച്ചടക്ക  പ്രദര്‍ശനത്തിനുപരി തങ്ങളുടെ കായികമായ പ്രഹരശേഷിയുടെ പ്രദര്‍ശനത്തിനാണ് ഈ കൂട്ടര്‍ ശ്രമിക്കുന്നത്. അതിനോടൊപ്പം തന്നെ ചേര്‍ത്തു വെച്ച് വായിക്കാവുന്നതാണ് ഇത്തരം കേഡര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കായിക -ആയോധന പരിശീലനങ്ങളും. ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ കായിക ആയോധന പരിശീലനങ്ങള്‍ നടക്കുന്നില്ല എന്ന് തര്‍ക്കിക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാലും അതിശയ പ്പെടാനില്ലാത്ത അന്ധത ഇന്ന്‍ സമൂഹത്തിലുണ്ട്.

       ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന സൈനികബല പ്രദര്‍ശനം എതിര്‍ പാര്‍ട്ടികളില്‍ ഭയവും, അരിശവും തങ്ങളുടെ  പ്രഹരശേഷിയെ  വര്ധിപ്പിക്കുന്നതിലെക്കുള്ള ഉല്‍ഖണ്ഡയുമാണ്‌ ജനിപ്പിക്കുന്നത്. അത് അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും, മൂല്യങ്ങളുടെ ബലികഴിക്കലിനും കാരണമാകുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ കായിക ശാക്തീകരണത്തിന് വേണ്ടിയുള്ള ഇത്തരം ഒത്തുതീര്‍പ്പുകള്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നും അവരെ പിന്നോട്ട് നയിക്കുന്നു.

       എന്തിനും പോന്ന ഒരു സേനയെ പാര്‍ടി പ്രവര്‍ത്തനത്തിന്റെയും, പാര്‍ട്ടിയുടെയും ഭാഗമായി എപ്പൊഴും സുസജ്ജമാക്കി നിര്‍ത്താന്‍ കഴിയുന്നതാണ് ഇത്തരം കായിക പാര്‍ട്ടികള്‍ക്ക് ഒരുസന്നിധഘട്ടത്തില്‍ കായികമായി ആള്‍ക്കാരെ നേരിടാന്‍ കഴിയുന്നതിനു പ്രാപ്തരാക്കുന്നത്‌.., അത് തുടര്‍ അക്രമങ്ങള്‍ക്കും നാട്ടില്‍ അരാചകത്വത്തിനും മാത്രമേ  വഴി വെയ്ക്കുകയുള്ളു.

       കേഡര്‍ പാര്‍ട്ടികള്‍ എന്നാ പേരില്‍ നടക്കുന്ന കായികബല പരീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈ നാട്ടിലെ യുവത്വത്തിനെയാണ്. സൈദ്ധാ ധികമായോ, ആശയപരമായോ, സാമൂഹികപരമായൊ, വിദ്യാഭ്യാസ പരമായോ, ഒന്നും വളര്‍ന്നു വരാന്‍ അനുവദിക്കാതെ കേവലം കായികബലത്തില്‍ മാത്രം ഉന്നിയാണ് രാഷ്രീയ പ്രവര്‍ത്തനമെന്ന്‍ ഇത്തരക്കാര്‍ ഇവിടുത്തെ തലമുറയെ ബാല്യം മുതല്‍ പഠിപ്പിക്കുന്നു. അതിജീവനത്തിന്റെ ഭാരം ചുമലില്‍ ഏറ്റി തുടങ്ങുമ്പോള്‍, കയ്യില്‍ കഠാരമാത്രം കൂട്ടായി കാണുന്ന അവസ്ഥ സംജാതമാകുന്നു. മുന്‍പ് കേഡര്‍ ലീഡറായി നിന്ന് പില്‍ക്കാലത്ത് സ്വാധീന ശക്ത്തിയായി സമൂഹത്തില്‍കണ്ട ഒരു വ്യക്തി പില്‍ക്കാലത്ത് പതിനായിരങ്ങളുടെ ഭാവി തുലക്കുന്നു.  യുവത്വം എന്നത് ഏറ്റവും നല്ല ശാരീരിക അവസ്ഥയുള്ള മനുഷ്യായുസ്സിലെ കാലഘട്ടം എന്ന് മാത്രം അധപ്പതിക്കുന്നു.

       നിയമ വ്യവസ്ഥക്കോ, സാഹൂഹിക സമാധാന അന്തരീക്ഷത്തിനോ കോട്ടം വരുത്താതെ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ എന്ന് ഏതെങ്കിലും കേഡര്‍ പാര്‍ട്ടി അവകാശപ്പെടുകയും അപ്രകാരം  പ്രവര്‍ത്തിക്കുകയും ചെയ്യുന്നുമുണ്ട് എങ്കില്‍ പോലും കേഡര്‍ പാര്‍ട്ടിപ്രവര്‍ത്തന രീതി സമൂഹത്തിനു ആപത്താണ്. ഒരു സൈനിക അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് പാര്‍ട്ടി പ്രവര്‍തത്തനം നടത്തി വന്നതില്‍ നിന്നും ഉണ്ടാകുന്ന വിമത സ്വഭാവവും, തീവ്രവാത ചിന്തയും നിയമവ്യവസ്ഥക്കും, രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനും ദോഷം ചെയ്യത്തക്ക പ്രഖ്യാഭിത തീവ്രവാദ ഗ്രൂപ്പുകളാവുന്നതാണ് നാം കാണുന്നത്. സാമൂഹിക അസമത്വം, ചൂഷണം, എന്നിങ്ങനെ ന്യായീകരണങ്ങള്‍ പലതുണ്ടെങ്കിലും കാമ്യുണിസ്റ്റു പ്രസ്ഥാനങ്ങളിലെ തീവ്രനിലപാടുകളുടെ ക്രോദ്ധീകരണമാണ് ഇന്നു  ഭാരതത്തില്‍ കാണുന്ന മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നും മറക്കുവാന്‍ കഴിയില്ല.    

       അങ്ങീകൃത പാര്‍ട്ടികള്‍ കേഡര്‍ സൈനിക ഗ്രൂപ്പുകളെ പരസ്യമായി പരിപാലിക്കുന്നത് ഏറ്റവും കൂടുതല്‍ സഹായകകരമായി മാറുന്നത് മത തീവ്രവാത ഗ്രൂപ്പുകള്‍ക്കാണ്. CPI (M ) ഓ RSS ഓ, അതുപോലെ ഉള്ള ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തുന്ന മറ്റ് പ്രമുഘാ സംഘടനകളോ കേഡര്‍ സ്വഭാവമുള്ള സംഘാനകള്‍ എന്നലെബലില്‍ പരേടുകളും, കായിക ആയോധന പരിശീലനങ്ങളും, നടത്തുമ്പോള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുക എന്നലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ഇവിടെ പ്രവര്‍ത്തിക്കുന്ന മത തീവ്രവാദികള്‍ക്ക് അതൊരു മറയാകുന്നു. അവര്‍ക്ക് ഒരു രാഷ്ട്രീയ പരിവേഷം കൂടി ബോധപൂര്‍വം നല്‍കുമ്പോള്‍ അവരുടെ പരേടുകളെയും, ആയോധന പരിശീലനങ്ങളെയും തടയാന്‍ കഴിയാതെ വരുന്നു. അഥവാ അത്തരം പ്രവര്‍ത്തനത്തെ തടയാന്‍ മുന്നോട്ടു വരുന്ന ഭരണകൂടത്തിനെതിരെ, മതന്യുനപക്ഷങ്ങളോടുള്ള വിരോധത്തിലുള്ള പ്രവര്‍ത്തനം എന്ന് പ്രചരിപ്പിച്ച്  കൂടുതല്‍ ഭിന്നിപ്പുകളും, കലാപങ്ങളും സൃഷ്ടിക്കുന്നതിനും അവര്‍ക്ക് സാധിക്കുന്നു.

       രാജ്യത്ത് മത തീവ്രവാത ചുവയുള്ള പ്രവര്‍ത്തനങ്ങള്‍ പലയിത്തു നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സംഘടനയാണ് NDF. ഈ പാര്‍ട്ടി നടത്തി വന്ന ഫ്രീഡം പരെടുകളെ നോക്കൂ!! എന്തില്‍ നിന്നുമുള്ള ഫ്രീഡത്തിനാണ് ഇവര്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാകാം, സര്‍ക്കാര്‍ ഇത്തരം പരെടുകളെ നിരോധിക്കാന്‍ തയ്യാറായത്. പക്ഷെ ഒരു ഭരണകൂടത്തെ ചോദ്യം ചെയ്തു അവര്‍ കോടതികളിലേക്ക് നീങ്ങിയപ്പോള്‍, ഇത്തരം സൈനിക സമാന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവകാശമായി അവര്‍ ചിന്തിക്കാനും സ്ഥാപിക്കാനും ശ്രമിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍....//!8*...............~ ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ 'കേഡര്‍' എന്നാ ശീര്‍ഷകത്തില്‍ പ്രവര്‍ത്തനം നിലനിന്നു വന്നതാണ് അതിനു കാരണം!!

       ആയോധനകലകളും, ശാരീരിക ക്ഷമതാ പരിശീലനങ്ങളും നടത്തുന്നതിന്, നിബന്ധനകള്‍ക്ക് അപ്പുറം വിലക്കുകള്‍ നിലനില്‍ക്കാത്ത നമ്മുടെ രാജ്യത്ത് അവയുടെ പരിശീലനങ്ങള്‍ക്ക് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ നിറം നല്‍കുന്നതെന്തിന്?? രാഷ്ര്ടത്തിന്‍റെയും, ജനങ്ങളുടെയും ഉന്നമനമാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യമെങ്കില്‍ അതിനു വിശാലവും, പുരോഗമന പരവുമായ ചിന്തയെ വളര്‍ത്തുകയല്ലേ വേണ്ടത്?  മറിച്ച് രാഷ്ര്ടീയലാക്കോടെ വളര്‍ത്തി എടുക്കുന്ന കൂലി പട്ടാളങ്ങലാണോ ആവശ്യം??

       രാജ്യത്തിന്റെ അന്തസ്സും, ശക്ത്തിയും, വീര്യവും, വിളിച്ചോതുന്നതിനു എവിടെ സുസ്സജ്ജമായ സൈനിക സംവിധാനങ്ങളുണ്ട്. അവര്‍ ശക്ത്തി പ്രകടനങ്ങള്‍ നടത്തുമ്പോള്‍ മാത്രമാണ് അത് രാജ്യത്തിന്റെ ശക്ത്തിയായി തോന്നുന്നത്. സ്വകാര്യ വ്യക്ത്തികളോ, സംഘടനകളോ അതിനു സമാനമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് അസ്വസ്ഥതകളാണ് സൃഷ്ട്ടിക്കുന്നത്. രാജ്യ സേവനത്തിന്റെ തരിമ്പുപോലും പ്രതിഫലിക്കാത്ത സംഘടനാ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ ആരും മുതിരരുത്. മറിച്ച് രാജ്യസേവനത്തെ മുന്‍ നിര്‍ത്തിയുള്ള NCC, NSS, തുടങ്ങിയവയില്‍ തന്റെ കായിക സേവനം നടത്തണം.

       സ്വന്തമായി ഒരു സൈനിക സംവിധാനത്തെ ഈ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ, സൈനിക സമാനമായ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന്‍റെ  മറവില്‍ 'കേഡര്‍' എന്നാ ശീര്‍ഷകത്തില്‍ അവതരിപ്പിക്കുന്നത്‌ ജനാധിപത്യ സംഘടനകള്‍ക്ക് ഭൂഷണമല്ല. ജനാധിപത്യ രാഷ്ട്രീയ സംഘടനകള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം പിന്മാറി, അത്തരം പ്രവര്‍ത്തനം നടത്തുന്ന മറ്റു സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും, സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുകയും വേണം.




[RajeshPuliyanethu
Advocate, Haripad]