പ്രവാചകനായ മുഹമ്മദ്‌നബിയുടെ തിരുകേശത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും, പല മുസ്ലിം ഗ്രന്ഥങ്ങളിലും പ്രതിബാധിച്ചിട്ടുള്ളതും, ലോകത്തിന്റെ ചില ഭാഗങ്ങളില്‍ വിശുദ്ധിയോടെ സൂക്ഷിക്കാ പ്പെട്ടിരിക്കുന്നതും നമുക്കറിയാം. തിരുകേശത്തിനെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നതും, അതിന്റെ മഹത്വത്തെ ക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതും മത വികാരത്തിന്റെ വൃണപ്പെടുത്തലും സാമൂഹിക ആരോഗ്യത്തിന് ആവശ്യമില്ലാത്തതുമാണ്. കാരണം അത് വിശ്വാസ്സത്തില്‍ അധിഷ്ടിതമാണ്. മതത്തില്‍ അധിഷ്ടിതമായ ഈശ്വര വിശ്വാസം എന്നത് അന്ധമായ വിശ്വാസ്സമാണ്. ഒന്ന് ഇപ്രകാരമായിരിക്കും എന്ന് തെളിവുകള്‍ക്കുപരിയായി വിശ്വസ്സിക്കുകയാണ് ചെയ്യുന്നത്. അതിനു തെളിവുകള്‍ അന്യെഷിച്ചു ശാസ്ത്രവുമായും, പരീക്ഷണങ്ങളുമായും ഒക്കെ കൂട്ടി ചേര്‍ത്തു ചിന്തിക്കുക എന്നത് 'വിശ്വാസം' എന്നതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അത് ഏത് മതത്തിന്റെ വിശ്വാസ്സത്തിന്റെ കാര്യത്തിലായാലും സമാനതകള്‍ ദ്രിശ്യമാകുന്നു. പക്ഷെ അത്തരം വിശ്വാസ്സങ്ങളുടെ നിലനില്‍പ്പ് അനാദികാലത്തോളമെത്തുന്ന ആ വിശ്വാസത്തിന്റെ ദ്രിഡതയാണ്.
കാന്തപുരം അബുബക്കര്‍ മുസ്സലിയാര്‍ കൊണ്ടുവന്നു പള്ളിപണിതു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കേശത്തിനെ സംബന്ധിച്ച് വിമര്‍ശകര്‍ക്ക് പല വാദങ്ങളാനുള്ളത്. അതില്‍ പ്രധാനമായത് തിരുകേശമെന്നു പരീക്ഷണത്തില്‍ കൂടി തെളിയിക്കണമെന്നതാണ്. തിരുകെശത്തെ പരീക്ഷണങ്ങളില്‍ കൂടി തിരിച്ചറിയാന്‍ മുസ്ലിം മതത്തില്‍ തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളെ അനുവര്‍ത്തിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് കത്തിച്ചാല്‍ കത്തുന്നതായിരിക്കില്ല, നിഴല്‍ ഉണ്ടാകുന്നതാവില്ല, ഈച്ച തോടുന്നതാവില്ല, എന്നീ പ്രത്യേകതകള്‍ ഉണ്ടാകുന്നവയായിരിക്കുമെന്നു അവര്‍ അവകാശപ്പെടുന്നു. ഇത്തരം പരീക്ഷണങ്ങളൊന്നും ആവശ്യമില്ലാത്തവയാണെന്നാണ് എന്റെ പക്ഷം. കാരണം ഈ പരീക്ഷണഫലങ്ങള്‍ ഇപ്രകാരമൊക്കെ ആയിരിക്കുമെന്നുള്ളതും വിശ്വാസ്സമാണ്. അത് ആ വിശ്വാസം വെച്ച് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിട്ടു കൊടുക്കുകയാണ് വേണ്ടത്. പകരം നിന്റെ വിശ്വാസം മുടി കത്തില്ല എന്നല്ലേ, ദാ കത്തിയത് കണ്ടോ?? നിന്റെ വിശ്വാസം എന്തായി?? എന്ന് ചോദിച്ചു പരിഹസിക്കുകയല്ല വേണ്ടത്. അതാണ് യഥാര്‍ഥത്തില്‍ മത വിശ്വാസ്സത്തെ വൃണപ്പെടുത്തല്‍ എന്ന് പറയുന്നത്. സൌദി അറേബ്യയില്‍ പ്രവാചകന്റെത് എന്നാ വിശ്വാസ്സത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തില്‍ നിന്നും തന്നെയാണ് ശ്രി കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ കേശഭാഗം കൊണ്ട് വന്നിരിക്കുന്നതെന്നു തെളിയിച്ചാല്‍ അത് പ്രവാചകന്റെ തിരുകേശമാണ് എന്ന് സമ്മതിച്ച് അതിനെ ആരാധിക്കാന്‍ സന്നധരായവര്‍ക്ക് അതിനുള്ള അവസ്സരം നല്‍കുകയാണ് വേണ്ടത്. സൌദി അറേബ്യയില്‍ പ്രവാച്ചകന്റെത് എന്നാ വിശ്വാസ്സത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തില്‍ നിന്നും ഒരു അംശം ഇവിടെ എത്തിക്കാന്‍ കഴിഞ്ഞതില്‍, അങ്ങനെ എങ്കില്‍ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ അഭിനന്ദനവും അര്‍ഹിക്കുന്നു.
ഇവയെല്ലാം മതപരവും, വിശ്വാസ്സപരവുമായ കാര്യങ്ങള്‍. കാന്തപുരം അബൂബക്കര്‍ മുസ്സലിയാരും, അനുയായികളും, തിരുകെശത്തെ വിഷയമാക്കി ധന സംബാതനത്തിനു ശ്രമിക്കുന്നു, അതിനു വേണ്ടിയാണ് 40 കോടി രൂപ മുടക്കി പള്ളിയും, അതിനോട് ചേര്‍ന്ന് ടൌണ്‍ ഷിപ്പും പണിയാന്‍ പോകുന്നത് എന്നൊക്കെയുള്ള ആരോപണങ്ങള്‍ ആരോപണങ്ങളായിത്തന്നെ, എല്ലാ വിഷയങ്ങളോടും അനുബന്ധിച്ച് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ പോലെ ഉയര്‍ന്ന് അവസാനിക്കും. എന്നാല്‍ ആ പ്രവര്‍ത്തനത്തിന് പിന്നില്‍ ഏതെങ്കിലും തര ത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമോ, രാജ്യതാല്പര്യത്തിനു വിരുദ്ധമായ പ്രവര്‍ത്തനമുണ്ടോ, സാമ്പത്തിക ക്രമക്കെടുണ്ടോ എന്നൊക്കെ അന്യെഷികേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കേന്ദ്രമിലിട്ടറി ഇന്റലി ജന്‍സ്സിന്റെ നേതൃത്വത്തില്‍ തന്നെ അത് നടന്നു വരുന്നത് നല്ല കാര്യമാണ്. കാരണം അതില്‍ വിരുദ്ധമായി ഒന്ന്നും കണ്ടെത്തിയില്ല എങ്കില്‍ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ക്ക് പള്ളി നിര്‍മ്മാണത്തിന് മറ്റു തടസ്സങ്ങള്‍ ഒന്ന്നും തന്നെ ഉണ്ടാകാന്‍ തരമില്ല, കാരണം പള്ളി പണിയുന്നതിനെതിരെ ഉയര്‍ന്ന് വരുന്ന മറ്റു ആക്ഷേപങ്ങളൊന്നും തന്നെ അതിനെ തടയത്തക്ക ശക്തിയുള്ളതല്ല എന്നത് തന്നെ. കേരളത്തില്‍ മുസ്ലിം പള്ളികള്‍ ഉള്ളത് പോരെ, ഈ പണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു ഉപയോഗിച്ച് കൂടെ എന്നൊക്കെ ചോദിക്കുന്നവരോട് മറ്റു മുന്‍കാല വിഷയങ്ങളില്‍ ഉയര്‍ന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് എത്ര ഉയര്‍ച്ച ഉണ്ടായി എന്ന് പരിശോധിക്കുക എന്ന് മാത്രമേ പറയേണ്ടതുള്ളു. എന്നിട്ടും സംശയം തീരാത്തവര്‍ പള്ളിപണിയാനുള്ള ആവശ്യമെന്നും, എത്തിംഖാനയിലെ ആവശ്യമെന്നും പറഞ്ഞു രണ്ടു അവസ്സരത്തിലായി ഒരേ പത്തു വ്യക്ത്തികളെ സമീപിച്ചാല്‍ മതി.
തിരുകേശവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുകേട്ട വിവാദങ്ങള്‍ കൊഴുത്തത് പിണറായി വിജയന്‍ കേശത്തെ പരാമര്‍ശിച്ചു സംസ്സാരിച്ചപ്പോളാണ്. ഏതു കേശമായാലും കത്തും എന്ന പിണറായിയുടെ പരാമര്‍ശം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ നടത്തിയ മറുപടിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മതകാര്യങ്ങളില്‍ പണ്ഡിതന്മാര്‍ മാത്രം അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മതി, രാഷ്ട്രീയക്കാര്‍ ഇട പെടണ്ടാ എന്നായിരുന്നു അത്.. ഏതു കേശമായാലും കത്തും എന്നല്ലാതെ അവിശ്വാസിയായ, അവിശ്വാസ്സി യാണെന്ന് പ്രഖ്യാപിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ത്താനത്തിലെ പ്രധാനിക്ക് പറയ്യാന്‍ കഴിയും?? ഒരു കമ്യുണിസ്റ്റ്; മതത്തിലോ, ദൈവത്തിലോ, അവതാരങ്ങളിലോ, ഒന്നും വിശ്വസ്സിക്കുന്നവനല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ 'മതം' ഇവിടെ നില നില്‍ക്കുന്നതിനാലാണ് ഒരു കമ്യുണിസ്റ്റ് മത വിശ്വാസ്സത്തിനു കുറെയൊക്കെ അനുസൃതമായി പ്രവര്‍ത്തനം നടത്തുന്നത്. പക്ഷെ ആത്യന്തികമായി ഒരു കമ്യുനിസ്ടി ന്‍റെ ലക്‌ഷ്യം മതത്തിനും, ദൈവത്തിനും അതീതമായ മാനുഷികതയാണ്. ഒരു കേശത്തെ ആരാധന വസ്തുവായി കാണ്ന്നതിനെയും, അതിനു വേണ്ടി ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന കൊടികളെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു കമ്യുനിസ്ടിനു ഇങ്ങനെ മാത്രമേ പ്രതികരിക്കാന്‍ കഴിയൂ, അല്ലെങ്കില്‍ അയാള്‍ കമ്യുണിസ്റ്റ് ചിന്താ ഗതികളില്‍ നിന്ന് മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടി വരും. ന്യൂനപക്ഷങ്ങളിലെ ന്യൂന പക്ഷത്തിന്റെ, പ്രത്യേകിച്ച് ഏതെങ്കിലും മതവിശ്വാസ്സവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉരിയാടാവ്രതം ശീല മാക്കിയ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കിടയില്‍ ഒരു അപവാദമായി ശ്രി പിണറായി വിജയന്‍. അദ്ദേഹം ശക്തനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല കരുത്തുറ്റ മനസ്സിനും ഉടമയാണെന്നു തെളിയിച്ചു.
കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ നടത്തിയ മറുപടി പത്രസമ്മേളനത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഭാഗം 'രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടണ്ടാ. അത് മതപണ്ഡിതന്മാര്‍ തീരുമാനിച്ചുകൊള്ളും' എന്നതായിരുന്നു. അതിനെ ഒരു മറുപടി എന്ന് അന്ഗീകരിക്കാം എങ്കിലും അതിന്റെ രണ്ടാം ഭാഗമായി പറഞ്ഞ "പിണറായിയുടെ പ്രസ്താവന വര്‍ഗീയതക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്നത്' ആപല്‍ക്കരവും, ഭയാനകവുമായിരുന്നു. തങ്ങളുടെ താല്‍പ്പര്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് പൊതു സമൂഹത്തിലെ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കപ്പുറം അക്രമത്തിനു കാരണമാകുമെന്നുള്ള പ്രസ്താവന കാന്തപുരം അബൂബക്കര്‍ മുസ്സളിയാരെപ്പോലെ പണ്ഡിതനായ ഒരു വ്യക്ത്തിയില്‍ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നില്ല. അദ്ദേഹത്തിനെപ്പോലെ ഉള്ളവരുടെ വാക്കുകളെ മുതലെടുത്ത്, അക്രമങ്ങള്‍ക്കുള്ള പ്രചോദനമായി വ്യാഖ്യാനിച്ച് അക്രമങ്ങള്‍ അഴിച്ചു വിടാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവര്‍ രാജ്യത്തിന് അകത്തും പുറത്തും ഉണ്ടാകാം.
മതകാര്യങ്ങള്‍ പണ്ഡിതന്‍മാര്‍ തീരുമാനിച്ചു കൊള്ളും, അതിനെക്കുറിച്ച് പാണ്ടിത്യമില്ലാത്തവര്‍ സംസ്സാരിക്കെണ്ടാതില്ല എന്ന പ്രസ്താവനയെ ഭാഗീകമായി അങ്ഗീകരിക്കാം. ഒരു ക്ഷേത്രത്തിലെയോ, പള്ളിയിലെയോ ആരാധനാക്രമത്തെക്കുറിച്ച്, ആരാധന നടത്തേണ്ട രീതിയെ ക്കുറിച്ച്, സമയത്തെക്കുറിച്ച് ഒക്കെ ഒരു രാഷ്ട്രീയ നേതാവ് അഭിപ്രായം പറഞ്ഞാല്‍ ശ്രീ കാന്തപുരത്തിന്റെ പ്രസ്താവന പൂര്‍ണമായും അന്ഗീകരിക്കാം. എന്നാല്‍ തിരുകേശവുമായി ബന്ധപ്പെട്ട വിഷയം എന്ന് പറയുന്നത് മതത്തില്‍ ഉന്നിയ സാമൂഹിക പ്രശ്നമാണ്. അതില്‍ മതത്തിന് പുറത്തുള്ള സ്വതന്ത്ര വ്യക്ത്തികള്‍ക്കും അഭിപ്രായം പറയാം. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന് പറയുന്നത് മതപണ്ഡിതന്‍ അല്ലന്നേ ഉള്ളു, മറിച്ച് സാമൂഹിക വിഷയങ്ങളിലെ പണ്ഡിതനാണ്, ആ പാണ്ടിത്യം ഉപയോഗിച്ചാണ് പൊതു പ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടു സംസാരിക്കുന്നത്. ഇവിടെ പില്‍ക്കാലത്ത് ഘോഷിക്കപ്പെട്ട പരിവര്‍ത്തനങ്ങള്‍, അത് ഏത് മതവുമായി ബന്ധപ്പെട്ടതായാലും ശരി; അവയൊന്നും മത മേലധ്യക്ഷന്മാര്‍ മുന്‍കൈ എടുത്തു നടപ്പിലാക്കിയവയല്ല. അവയെല്ലാം സ്വതന്ത്രമായ മാനുഷിക ചിന്തയുള്ള സാമൂഹിക പരിഷ് കര്‍ത്താക്കളും, പൊതു പ്രവര്‍ത്തകരും മുന്‍പോട്ടു വെച്ച ആശയങ്ങളെ പൊതു സമൂഹം മനസ്സിലായി അന്ഗീകരിച്ചതില്‍ നിന്നും ഉണ്ടായ പരിവര്ത്തനങ്ങലാണ്. അങ്ങനെ പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നവയ്ക്ക് മാത്രമേ നിലനിപ്പും ലഭിക്കുകയുള്ളൂ, പ്രത്യേകിച്ച് ഭാരതം എന്നാ ഈ ജനാധിപത്യ രാജ്യത്തില്‍!!
സ്വതന്ത്രമായ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും, ഏതോരു മതത്തിനെയും, പ്രസ്ഥാനത്തിനെയും വളര്‍ത്തുകയെ ചെയ്യു. മത പണ്ഡിതന്‍മാരുടെ മാത്രം ചിന്തക്കും, താല്പ്പര്യത്തിനും ഉള്ളില്‍ നിന്ന് ആവോളം വെളിച്ചത്തെ ആര്‍ജ്ജിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. മുസ്ലിം മതത്തിനെ തീവ്രവാദ വല്ക്കരിക്കാന്‍ ശ്രമിക്കുന്നു, അവര്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നു, തുടങ്ങിയ ആരോപണങ്ങള്‍ മുസ്ലിം ജനതയില്‍ നിന്നുതന്നെ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. സ്വതന്ത്രമായ മനസ്സോടെയും, ചിന്തയോടെയും, അഭിപ്രായങ്ങളെയും ചര്‍ച്ചകളേയും സ്വാഗതം ചെയ്തു തങ്ങളുടെ സമീപനങ്ങളെയും, താല്പര്യങ്ങളെയും, ചിന്താഗതികളെയും, പൊതു സമൂഹത്തിലേക്കു തുറന്നിടുകയാണ് ഇന്ന് മുസ്ലിം സമൂഹം ചെയ്യേണ്ടത്.
ഒരു മതത്തിനെപ്പറ്റി മറ്റൊരു മതസ്ഥര്‍ വിമര്‍ശനാത്മകമായ അഭിപ്രായം പറയുന്നതിലും യാതൊരു തെറ്റും കണ്ടെത്താന്‍ സാധിക്കില്ല എങ്കിലും അത്തരം അഭിപ്രായങ്ങളെ ആരോഗ്യകരമായരീതിയില്‍ സമീപിക്കുന്ന മനോഹരമായ അന്തരീക്ഷം ഇവിടെയില്ല എന്നാ സത്യം നാം വേദനയോടെ അന്ഗീകരിക്കണം. അത്തരത്തില്‍ ഇതര മതസ്ഥര്‍ പറയുന്ന അഭിപ്രായത്തെ ദുര്‍വ്യാഖ്യാനിച്ചു ഭിന്നിപ്പുകള്‍ സൃഷ്ട്ടിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. അവരെ പരാജയപ്പെടുത്താന്‍ വേണ്ടി മാത്രം ഇതര മതങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളോ സംഘടനകളോ തിരുകേശ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയരുത്. അതുപോലെ തന്നെ മറിച്ചും. സ്വതന്ത്രമായ ചര്‍ച്ചകള്‍, വികസ്സനവും, പ്രകാശവും കൊണ്ടുവരുമെന്ന് എല്ലാവരും ചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
[RajeshPuliyanethu,
Advocate, Haripad]