Tuesday, 23 August 2011

ഒരു പേരിലെന്തിരിക്കുന്നു??

ഒരു പേരിലെന്തിരിക്കുന്നു?? പേരിനെ നിസ്സാരമായി കാണുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരു  പേര് എന്നത് ഒരു വ്യക്ത്തിയുടെ ഐഡന്റിറ്റിയുടെ കാതലാണ്. ഒരു പേരിടീല്‍ കര്‍മ്മത്തില്‍ കൂടിയാണ് ഒരു കുഞ്ഞിനു അവന്റെതായ ഒരു വ്യക്ത്തിത്വം ജനിക്കുന്നത്. മറ്റുള്ളവര്‍ ആ കുഞ്ഞിനെ തിരിച്ചറിയാന്‍ തുടങ്ങുന്നത് ആ നാമകരണത്തിന് ശേഷമാണ്. അതുവരെ ഇന്ന ആളുടെ മകന്‍ എന്നത് മാത്രമാണ് ആ കുഞ്ഞിന്റെ ഐഡന്റിറ്റി. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് പരിഹാസകരമായതോ, നീചമായതോ, ആയ ഒരു നാമം മറ്റൊരാളെ വിളിക്കുമ്പോള്‍ തന്നില്തന്നെ ഉണ്ടാകുന്ന വികാരചലനത്തെ ഒന്നളന്നു നോക്കിയാല്‍ മതി. ഒരു പേരിന്റെ പരമപ്രധാനമായ കര്‍മം എന്നത് മറ്റുള്ളവര്‍ക്ക് വിളിക്കുക എന്നതാണ്. ആപേര് മറ്റുള്ളവര്‍ നമ്മെ ലക്ഷ്യമാക്കി ഉച്ചരിക്കുമ്പോള്‍ നമ്മിലും വിളിക്കുന്നവരിലും ഒരു വികാരത്തിന്റെ തരംഗം രൂപം കൊള്ളുനുണ്ട്. ഒരാള്‍ നമ്മെ എന്ത് വിളിച്ചാലും അത് ആപെരിന്റെ സ്ഥാനത്തേക്ക് താല്‍കാലികമായി അവരോധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതാണ്‌ അസഭ്യകരമായ ഒരു വാക്ക് നമ്മെവിളിക്കുംപോള്‍ നമ്മില്‍ ഈര്‍ഷ്യ നിറഞ്ഞ ഒരു വികാരം ജനിക്കുന്നത്. സമാനമായത് വിളിക്കുന്നവരിലും ഉണ്ടാകുന്നു.  പേര് എന്നത് ഒരു ശരീരത്തിന്റെയും, സ്വഭാവത്തിന്റെയും അങ്ങനെ ആ വ്യക്ത്തിയില്‍  ഉള്പ്പെടുന്നെടുന്ന  എല്ലാ സവിശേഷതകളുടെയും കൂടിയുള്ള 'വിളി' ആണ്. അത് മരണത്തിനു ശേഷവും നിലനില്‍ക്കുന്നു. അതായത് ഒരു ശരീരത്തെ ഉദ്ദേശിച്ചു നടത്തുന്ന നാമകരണം ശരീരത്തിന്റെ നാശത്തിനു ശേഷവും നിലനില്‍ക്കുന്നു, അല്ലെങ്കില്‍ ശരീരത്തിന്റെ നാശത്തിനു ശേഷം നിലനിക്കുന്നത് പേര് മാത്രമാണ്. ജീവിച്ചിരുന്നപ്പോള്‍ ചെയ്ത നല്ലതോ ചീത്തയോ ആയ ഏതു പ്രവര്‍ത്തിയുടെയും നിലനില്‍പ്പ്‌ അവശേഷിക്കുന്ന ആ പേരില്‍ ഊന്നി ആയിരിക്കും. 
              ഒരു വ്യക്ത്തിയെ തിരിച്ചറിയിക്കുന്ന, വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ആ 'പേര്' എന്ന ഉപകരണം ഒരു വ്യക്ത്തിക്ക് വളരെ അധികം ഉണ്ടാകുന്നതിലെ അനൗചിത്യം ഒന്ന് ചിന്തിച്ചു നോക്കു!! അത് എത്രഎണ്ണം  ഉണ്ടായാലും ഭലത്തില്‍ ഒന്നിന്റെത് മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നുകാണാം. അത് അയാളെ ശരിയായി പ്രതിനിധീകരിക്കുന്ന നാമത്തിനെ ഊന്നി മാത്രം നിലകൊള്ളുന്നതായി കാണാം. ഭഗവാന്‍ ശ്രീകൃഷ്ണന് എത്ര മറ്റു നാമങ്ങളാല്‍ വിശേഷിപ്പിച്ചാലും എല്ലാം ശ്രീകൃഷ്ണന്റെ മറ്റു നാമങ്ങള്‍ എന്നല്ലേ പറയാന്‍ കഴിയു?? ഒരാള്‍ക്ക് ഒന്നിലധികം "നാമകരണം" നടത്തുനത് അനുചിതമായ ഒന്നാണ്. രണ്ടാമതായി ഒരു പേര് അയാള്‍ക്ക് ഉണ്ടാകുന്നുവെങ്കില്‍ അത് ഉരുത്തിരിഞ്ഞു വരികയാണ് വേണ്ടത്. അത് അയാളുടെ പ്രവര്‍ത്തിയെയോ , സ്വഭാവത്തെയോ, നേട്ടങ്ങളെയോ, അയാളോടുള്ള വാല്സല്യത്തെയോ  ഒക്കെ അടിസ്ഥാനമാക്കി ആകാം. കേശി എന്ന അസുരനെ വധിച്ചതിനാലാണ് ഭഗവാന്‍ ശ്രീകൃഷ്ണന് കേശവന്‍ എന്ന മറ്റൊരു പേര് ലഭിച്ചത്. അപ്രകാരം ചില അവസരങ്ങളില്‍ ചെല്ലപ്പേര് ലഭിക്കുന്നത് അങ്ങീകാരവും ആകാം!! 
   ഒരു കുഞ്ഞു ജനിക്കുമ്പോള്‍ വീട്ടില്‍ ഒരുപേര്, നാട്ടില്‍ ഒരുപേര്, സ്കൂളില്‍ ഒരുപേര്, പള്ളിയില്‍ മറ്റൊരുപേര്, എന്നരീതിയില്‍ പല 'നാമകരണങ്ങള്‍' നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്. രണ്ടാമതായി ഒരു പേര് ഒരു കുഞ്ഞിനു വരുന്നുണ്ടെകില്‍ അത് ആ കുഞ്ഞിന്റെ പ്രിയപ്പെട്ടവര്‍ക്ക് അവനോടുള്ള വാത്സല്യത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ച് ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മറിച്ച് പല നാമകരണകര്‍മങ്ങള്‍ ചിന്തിച്ചുറച്ചു ചെയ്യുന്നത് വിരോധാഭാസകരമാണ്. 


[RajeshPuliyanethu,  
 Advocate,Haripad] 

No comments:

Post a Comment

Note: only a member of this blog may post a comment.