Saturday, 2 November 2024

വക്കഫ് നിയമങ്ങൾ;; മാറ്റങ്ങൾ അനിവാര്യം... മുനമ്പം ജനതയോടൊപ്പം...

    

      ഭാരതം വ്യാപകമായി ചർച്ച ചെയ്യുന്നത് നിലവിലെ വക്കഫ് നിയമ ഭേതഗതികളെക്കുറിച്ചാണ്... ആവശ്യ സമരങ്ങളും അനാവശ്യ സമരങ്ങളും ഒരുപാട് കണ്ട നമ്മുടെ രാജ്യത്തെ ഏറ്റവും പ്രാധാന്യമുള്ള സമരമായി "വക്കഫ് നിയമ ഭേദഗതികൾ" ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾ മാറും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല... കാരണം വക്കഫ് നിയമ ഭേദഗതികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾ കാലത്തിന്റെ ആവശ്യമാണ്... വക്കഫ് നു നൽകിയിരിക്കുന്ന അമിതാധികാരങ്ങളും അവകാശങ്ങളും ഈ രാജ്യത്തെ പൗരന്മാരുടെ ആത്മാഭിമാനത്തിനു നേരെ ഉയരുന്ന വാളുകൾ കൂടിയാണ്... ഒരു ജനാധിപത്യ രാജ്യത്തു പ്രത്യേകിച്ച് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യത്ത് ഒരിക്കലും അനുവദിക്കാൻ കഴിയാത്ത നിയമമാണ് നിലനിൽക്കുന്ന വക്കഫ് നിയമങ്ങൾ എന്നകാര്യത്തിൽ   യാതൊരു സംശയവും ഇല്ല... വക്കഫ് നിയമത്തിലെ കാടൻ വകുപ്പുകൾ ഈ രാജ്യത്തെ ഏതൊരു പൗരന്റെ അവകാശങ്ങൾക്കുമേലും ഏതു നിമിഷവും വീശിയടിക്കാൻ സാധ്യതയുള്ളതാണെന്ന് നമ്മൾ തിരിച്ചറിഞ്ഞേ തീരൂ... 

     "വക്കഫ്" സ്വത്തുവകകളെക്കുറിച്ചാണ് സംസാരിക്കുന്നത്... വക്കഫ്ന്റെ ആരംഭത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്... യഹൂദരിൽ നിന്നും പിടിച്ചെടുത്ത കൃഷി ഭൂമികൾ ഒമർ മുഹമ്മദിനു മുന്നിൽ സമർപ്പിച്ചു... മുഹമ്മദ് ഈ സ്വത്തുവകകൾ യാത്രക്കാരായ മുസ്ലീമുകളുടെ സൗകര്യത്തിനായി വിട്ടുനൽകി... ആ സ്വത്തുവകകൾ അല്ലാഹുവിന്റെ സ്വത്തായി കണക്കാക്കപ്പെട്ടു... വക്കഫ് എന്ന സങ്കൽപ്പവും, പ്രസ്ഥാനവും അവിടെ ആരംഭിക്കപ്പെട്ടു എന്നാണ് കരുതുന്നത്... "വക്കഫ്" ന്റെ  സ്വത്തുവകകൾ അള്ളാഹുവിന്റെ സ്വത്തായാണ് കണക്കാക്കപ്പെടുന്നത്... ആ സ്വത്തു വകകൾ ഒന്നും തന്നെ മറ്റൊരു മതവിഭാഗത്തിന്റെയും ക്ഷേമത്തിനായി വിനിയോഗിക്കില്ല, വിനിയോഗിക്കാൻ കഴിയില്ല... വക്കഫ് സ്വത്തുവകകൾ പൊതു ക്ഷേമത്തിനായും വിനിയോഗിക്കപ്പെടാറുണ്ട് എന്ന് ഉയരുന്ന വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല... വക്കഫ് തികച്ചും മതാധിഷ്ഠിത ചിന്തയും,, വിനിയോഗവും മാത്രമാണ്... മതേതര രാഷ്ട്രം എന്ന് അവകാശപ്പെടുന്ന ഭാരതത്തിന്റെ മതേതര നിയമ സങ്കല്പങ്ങൾക്കുള്ള കളങ്കവും, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനവുമാണ് നിലവിലെ വക്കഫ് നിയമങ്ങൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...

     വക്കഫ് നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സമരങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും,, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയും, മതനിരപേക്ഷതയെ സംരക്ഷിക്കാൻ വേണ്ടിയുള്ളതുമാണെന്ന് നിസ്സംശയം പറയാൻ കഴിയും... ഇവിടുത്തെ കമ്യുണിസ്റ്റുകാരും കോൺഗ്രസ്സ്കാരും പറയുന്ന ഇസ്ലാമിക വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന മതനിരപേക്ഷതയല്ല, മറിച്ച് മതത്തിന്റെ പേരിൽ വിവേചനം അനുവദിക്കാത്ത,, മതത്തിന്റെ പേരിൽ ഒരുവന്റെ സ്വത്തു സമ്പാദ്യങ്ങൾ പിടിച്ചെടുക്കാൻ അനുവദിക്കാത്ത,, മതത്തിന്റെ പേരിൽ ആധിപത്യങ്ങൾ അനുവദിക്കാത്ത, മതത്തിന്റെ പേരിൽ ക്രൂരതകളും ആട്ടിപ്പായിക്കലുകളും അനുവദിക്കാത്ത ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതക്കായുള്ള സമരം...

     വക്കഫ് നിയമങ്ങൾ ഭാരതത്തിൽ നടപ്പിലാക്കിയതിനു പിന്നിൽ പോലും ബ്രട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ഒളിച്ചിരുന്നു എന്ന് കാണാൻ കഴിയും... പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രട്ടീഷ് പ്രെവി കൗൺസിൽ (സുപ്രീം കോർട്ട്)  വക്കഫ് എന്ന സമ്പ്രദായത്തെത്തന്നെ നിശിതമായി വിമർശിച്ചിരുന്നെങ്കിലും അതിനെ നിയമപരിരക്ഷയോടെ ഭാരതത്തിൽ നടപ്പിലാക്കാനാണ് ബ്രട്ടീഷ് ഭരണകൂടം ശ്രമിച്ചത്... അതിന്റെ പിന്നിൽ മുൻപ് പറഞ്ഞതു പോലെ വിഭജന തന്ത്രം തന്നെയായിരുന്നു എന്നതു വ്യക്തമാണ്... ഒരു മതത്തിന്റെ പേരിൽ രാജ്യത്തിന്റെ സ്വത്തുവകകൾ സമാഹകരിക്കുകയും ആ സ്വത്തുവകകൾ മതത്തിന്റെ ഉള്ളിൽ മാത്രം എന്ന കർശന ഉപാധികളോടെ വിനിയോഗിക്കുകയും ചെയ്യുമ്പോൾ അത് ഇതര മതസ്ഥരിൽ അസ്വസ്ഥതകൾ സ്ഷ്ടിക്കുമെന്നും അതുവഴി രാജ്യത്തു ഹിന്ദു മുസ്‌ലിം ആസ്പധ നിലനിർത്താമെന്നും അവർ കണക്കു കൂട്ടിയിരുന്നു... എന്നാൽ മറ്റു മതസ്ഥരുടെ ചുവരിൽ കോട്ടിൽ കെട്ടി പാർക്കാൻ വക്കഫ് കമ്മറ്റിയെ അനുവദിക്കും വിധം ഒരു കാടൻ നിയമമായി അതിനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് ബ്രട്ടീഷുകാർ പോലും  കരുതിയിട്ടുണ്ടാകില്ല... അതിനു കൊണ്ഗ്രെസ്സ് സർക്കാർ തന്നെ ഭാരതത്തിൽ അധികാരത്തിൽ വരേണ്ടി വന്നു... 

     ഖിലാഫത് പ്രസ്ഥാനങ്ങൾക്ക് കാരണമായ തുർക്കിയിലോ, ഇൻഡോനേഷ്യ, ഇറാൻ, ലിബിയ തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളിലോ പ്രാബല്യത്തിൽ ഇല്ലാത്ത വക്കഫ് നിയമങ്ങൾ 1923 ൽ ആയിരുന്നു ബ്രട്ടിഷുകാർ ഭാരതത്തിൽ നടപ്പിലാക്കിയത്... വക്കഫ് ബോർഡ് പ്രാബല്യത്തിൽവന്ന കാലം മുതൽ സ്വത്ത് ആർജ്ജിക്കുന്നതിനു മാത്രമുള്ള ഒരു സംഘടനയായി അത് മാറിയിരുന്നു... വക്കഫിലേക്കു സ്വത്തു ചേർക്കുന്നതിൽ മുഹമ്മദീയരും ഇരകളാക്കപ്പെട്ടിരുന്നു എന്ന സത്യം ആരും അറിയാത്തതല്ല... രാജ്യത്താകമാനം നിലനിന്നിരുന്നതും, നിലനിൽക്കുന്നതുമായ ലക്ഷത്തിൽ പരം കേസ്സുകളിൽ വക്കഫ് ബോർഡിന്റെ എതിർകക്ഷികൾ മുഹമ്മദീയരാണെന്നതാണ് സത്യം... വക്കഫ് ബോർഡ് നു എതിരെ പരസ്യമായി രംഗത്തു വരുന്നവരിലും, വക്കഫ് ബോർഡ് ഒരു അഴിമതിക്കൂട്ടമാണെന്നു വിളിച്ചു പറയുന്നവരിലും വലിയ വിഭാഗം മുസ്ലീമുകളുണ്ട്... രാജ്യത്ത് അനേകായിരം സ്ഥാപനങ്ങൾക്ക് ഉടമകളായ ഷിയാ വിഭാഗക്കാരായ AISSE എന്ന കൂട്ടായ്മ വക്കഫ് നിയമങ്ങളിലെ പൊളിച്ചെഴുത്ത് പരസ്യമായി ആവശ്യപ്പെടുന്നു എന്ന സത്യവും മനഃ പൂർവ്വം വിസ്മരിക്കപ്പെടുന്നു...

     1995 ൽ നരസിംഹ റാവു നേതൃത്വം കൊടുത്ത കൊണ്ഗ്രെസ്സ് സർക്കാരാണ്  ഭാരതത്തിന്റെ ഭരണഘടനയ്ക്കും,, ഒരു വ്യക്തിയുടെയോ, സമൂഹത്തിന്റെയോ സ്വാഭാവിക നീതിക്കും  ഘടകവിരുദ്ധമായി വക്കഫ് നിയമങ്ങൾ പുനർ നിർവചിക്കുന്നത്...  നിയമങ്ങൾ പരിഷ്കരിക്കുക എന്നതാണ് സാധാരണ സർക്കാരുകൾ അനുവർത്തിക്കുന്ന നയം... പക്ഷെ ഒരു നിയമം എങ്ങനെ അപരിഷ്‌കൃതമാക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 1995 ൽ പാസ്സാക്കിയ വക്കഫ് അമെൻഡ്മെണ്ടുകൾ... 1995 ൽ നടപ്പിലാക്കിയ അമെൻഡ്മെണ്ടുകൾക്കെതിരെ കാലമിത്രയുമായിട്ടും രാജ്യമാകമാനം വ്യാപിക്കും വിധമായ പ്രതിഷേധ പരിപാടികൾ എന്തുകൊണ്ടുണ്ടായില്ല എന്നത് അത്ഭുതത്തോടൊപ്പം മാത്രം ചോദിക്കാൻ കഴിയുന്ന ചോദ്യമാണ്... ജനങ്ങളിൽ നിന്നും സമർഥമായി മറച്ചുവെച്ചുകൊണ്ട് ചൂഷണം നടത്താൻ അവർക്കു കഴിഞ്ഞിരുന്നു എന്ന് കാണണം... നരേന്ദ്രമോഡി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ന്യായമായ  നിയമപരിഷ്‌ക്കാരങ്ങൾക്ക് തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്നവർ അവർക്കു വേണ്ട ഒത്താശകൾ ചെയ്തിരുന്നതായും മനസ്സിലാക്കാം... 

      വക്കഫ് നിയമങ്ങളിൽ 1995 കോണ്ടുവന്ന  അമെൻഡ്മെന്റ് വക്കഫ് ബോർഡിനെ ഏതുവിധേനയും സ്വത്ത് ആർജ്ജിക്കാൻ ഒത്താശ ചെയ്യുക എന്ന ഉദ്ദേശത്തിൽ ഉള്ളതായിരുന്നു... വക്കഫ് ആക്ടിലെ sec 40 ഉം അനുബന്ധ വകുപ്പുകളും അതിനവരെ പ്രാപ്തമാക്കുന്നതായിരുന്നു... 1995 അമെൻഡ്മെന്റ് പരമാവധി ഭാരതഭൂമി വക്കഫ് ബോർഡിന്റെ അധീനതയിലാക്കുക എന്ന ഗൂഢ ഉദ്ദേശത്തിൽ കൊണ്ടുവന്നതാണെന്ന് നിശ്ശേഷം പറയാൻ കഴിയും... 

     വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്ന ഏതൊരു ഭൂമിക്കുമേലും വഖഫ് ബോർഡന് ഉടമസ്ഥാവകാശം നേടിയെടുക്കാൻ കഴിയും എന്നതാണ്  1995 അമെൻഡ്മെന്റ് വഴി ചേർക്കപ്പെട്ട പ്രധാന വകുപ്പ്... വഖഫ് ബോർഡ് അപ്രകാരം ഒരു അവകാശം ഒരു ഭൂമിക്കുമേൽ ഉയർത്തിയാൽ ആ ഭൂമി വക്കഫിലേക്ക് മുതൽ ചേർത്തുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കണം... നിലവിലെ ഭൂവുടമയ്‌ക്കോ, അവകാശക്കാരനോ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അഥവാ വക്കഫ് ബോർഡിന് അവകാശമില്ല എന്ന് തർക്കമുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് നിലവിലെ ഭൂവുടമയാണ്... അവകാശമുണ്ടെന്ന് വക്കഫ് ബോർഡ് തെളിയിക്കുകയല്ല വേണ്ടത് എന്നകാര്യം നമ്മൾ ശ്രദ്ധിക്കണം.... മാത്രമല്ല  നിലവിലെ ഭൂവുടമയ്ക്ക് തർക്കങ്ങൾ ഉണ്ടെങ്കിൽ ആ തർക്കങ്ങൾ വക്കഫ് ട്രിബുണലിൽ ബോധിപ്പിക്കണം... രാജ്യത്തെ സിവിൽ കോടതികളിൽ കേസ്സുകൾ കൊടുക്കുന്നതിനോ, കോടതികൾക്ക് കേസ്സുകൾ കേൾക്കുന്നതിനോ അധികാരമില്ല... വക്കഫ് ട്രിബുണലിൽ നിന്നും നിലവിലെ ഭൂവുടമയ്ക്ക് അനുകൂലമായ ഉത്തരവ് പ്രതീക്ഷിക്കാനേ തരമില്ല... കാരണമെന്തെന്നാൽ വക്കഫ് നിയമങ്ങൾ നിലവിൽ എല്ലാത്തരത്തിലും വക്കഫ് ബോർഡ് ഉന്നയിക്കുന്ന അവകാശങ്ങൾക്ക് അനുകൂലമായാണ് എഴുതി വെച്ചിരിക്കുന്നത്... മാത്രമല്ല ഒരു ഭൂമിക്കോ സ്വത്തിന്മേലോ വക്കഫ് ന് അവകാശം ഉന്നയിക്കാൻ യാതൊരു ലിമിറ്റേഷൻ നിയമങ്ങളും അവരെ തടയുന്നില്ല എന്ന്കൂടി കാണണം... അതായത് ഗുരുവായൂർ ക്ഷേത്രത്തിനുമേലൊ, പദ്മനാഭ ക്ഷേത്രത്തിനുമേലൊ, വേളാങ്കണ്ണി പള്ളിക്കുമേലോ, ഇന്ന് വക്കഫ് ബോർഡ് അവകാശം ഉന്നയിച്ചില്ല എന്ന് കരുതി നാളെ ഉന്നയിച്ചുകൂടെന്നില്ല... ഉന്നയിച്ചാൽ അത് നിലവിലെ നിയമപ്രകാരം സാധൂകരിക്കപ്പെടും... പദ്മനാഭ ക്ഷേത്രത്തിനോ, വേളാങ്കണ്ണി പള്ളിക്കോ മാത്രം ബാധകമായതല്ല; രാജ്യത്തെ ഏതൊരു ഭൂമിക്കുമേലും ഇന്നോ, നാളെയോ, അമ്പതോ നൂറോ വര്ഷങ്ങൾക്കു ശേഷമോ അവകാശമുന്നയിക്കാൻ നിലവിലെ നിയമം വക്കഫിനെ പ്രാപ്തമാക്കുന്നു... നിലവിലെ ഭൂവുടമ നിയമം നിർദ്ദേശിക്കുന്ന എല്ലാ രേഖകളും കൈവശമുള്ള ആളാണെങ്കിലും,, അനേകം വർഷങ്ങൾ ആ ഭൂമി കൈവശം വെച്ചിരിക്കുന്ന ആളാണെങ്കിലും,, ആ ഭൂമിയിൽ വളരെ അധികം സമ്പത്ത് മുടക്കിയിട്ടുണ്ടെങ്കിലും ഒന്നുംതന്നെ വക്കഫ് ബോർഡിന്റെ അവകാശവാദത്തിന് തടസ്സമായി നിലനിൽക്കില്ല... എത്ര മനോഹരമായാണല്ലേ കൊണ്ഗ്രെസ്സ് സർക്കാർ ഭാരതഭൂമി കൈക്കലാക്കാൻ വക്കഫ് ബോർഡിനെ സഹായിച്ചിരിക്കുന്നത് എന്ന് നോക്കൂ!! ഏറ്റവും രസകരമായ കാര്യമിതല്ല;; നിങ്ങൾ ഈ രാജ്യത്തെ നൂറ് ആൾക്കാരോട് ഭാരതം എന്ന ജനാധിപത്യ- മതേതര രാജ്യത്ത് ഇതുപോലെ ഒരു നിയമം നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞു നോക്കൂ... എഴുപത്തി അഞ്ചു പേരും അത് വിശ്വസ്സിക്കില്ല... മുസ്ലീമുകളോടോ, കോൺഗ്രസിനോടോ വിരോധമുള്ളവർ പറഞ്ഞു പരത്തുന്ന കള്ളമാണെന്നേ അവർ കരുതൂ... കാരണം മറ്റൊന്നുമല്ല,, ഇത്രയധികം മഹത്തരമായ ഭരണഘടനയുള്ള ഒരു മഹാരാജ്യത്ത് ഇതുപോലൊരു നിയമം നിലനിൽക്കുന്നു എന്ന് വിശ്വസിക്കാൻ പോലും ഇവിടുത്തെ മനുഷ്യർക്ക് കഴിയുന്നില്ല എന്നതാണ് സത്യം... 

     വക്കഫ് ബോർഡിന് ഉന്നയിക്കാൻ കഴിയുന്ന കാരണങ്ങൾ അതിലേറെ വിചിത്രമാണ്... ഏതെങ്കിലും മുകൾ രാജാക്കന്മാർ കൈവശം വെച്ചിരുന്നെന്നോ, വക്കഫിനു നൽകാൻ ചരിത്രാതീത കാലത്തോ മറ്റോ ആരെങ്കിലും ആലോചിച്ചിരുന്നെന്നോ, ഏതെങ്കിലും ഇസ്ളാമിക ചരിത്രകാരന്മാരോ മറ്റോ ഒരു ഭൂമിയിൽ യാത്രക്കിടെ വിശ്രമിച്ചിരുന്നെന്നോ, നിസ്കരിച്ചിരുന്നെന്നോ എന്തെങ്കിലും ഒരു കാരണം ഉന്നയിച്ചാൽ മതി... കാരണത്തിന്റെ കോളത്തിൽ എന്തെങ്കിലും ഒന്നെഴുതിയാൽ മതി... സിനിമാ പാട്ട് എഴുതി വെച്ചാലും ഭൂമി വക്കഫിന് എന്നതാണ് നിലവിലെ നിയമം പറയുന്നത്‌... ബാംഗ്ളൂരിലെ ഈദ് ഗാഹ് മൈതാനത്തിനുമേലും, മുൻസിപ്പൽ കെട്ടിടത്തിനുമേലും വക്കഫ് അവകാശം ഉന്നയിച്ചിരിക്കുന്നത് അവിടെ നിസ്‌ക്കരിച്ചിരുന്നു എന്ന പേരിലാണ്... സൂററ്റിലെ ഭൂമിക്കുമേൽ അവകാശം ഉന്നയിച്ചിരിക്കുന്നത് മുഗൾ ഭരണകാലത്ത് അവിടെ ഹജ്ജ് തീർഥാടകർ നിസ്കരിച്ചു എന്ന പേരിലാണ്...  മുഗൾ ഭരണകാലത്ത് അവിടെ ഹജ്ജ് തീർഥാടകർ നിസ്കരിച്ചിരുന്നെങ്കിൽ ഭൂമി വക്കഫിന്റെതാകുമോ എന്ന സംശയം ഉന്നയിക്കാൻ വരട്ടെ;; അപ്രകാരം നിസ്കരിച്ചിരുന്നു എന്ന് തെളിയിക്കേണ്ട ആവശ്യമില്ല എന്ന കാര്യം അതിനു മുൻപ് മനസിലാക്കൂ... അതാണ് അവകാശം ഉന്നയിക്കാൻ എന്തെങ്കിലും ഒരു കാരണം തന്നെ ധാരാളം എന്ന് പറയാൻ കാരണം... 

     വക്കഫിന്റെ അധീനതയിൽ നിലവിൽ എട്ടര ലക്ഷം മുതൽ പന്ത്രണ്ടു ലക്ഷം ഏക്കർ ഭൂമി വരെ ഉണ്ടെന്നാണ് പറയപ്പെടുന്നത്... സായുധസേനയ്ക്കും, ഇന്ത്യൻ റയിൽവേക്കും തൊട്ടു പിന്നിലായി ഭൂമി കൈവശം വെയ്ക്കുന്നവരായി വക്കഫ് അധികാരികൾ മാറിയിരിക്കുന്നു എന്ന് കാണാം... ഒരു വിശ്വസ്സി സ്വമനസ്സാലെ അല്ലാഹുവിനു സമർപ്പിക്കുന്നതാണ് 'വക്കഫ് സ്വത്ത്' എന്നതിന്റെ അടിസ്ഥാന പ്രമാണം... അപ്രകാരം വിശ്വാസ്സികൾ സമർപ്പിച്ചതാണ് ഇപ്പറയുന്ന എട്ടര ലക്ഷം മുതൽ പന്ത്രണ്ടു ലക്ഷം ഏക്കർ ഭൂമി  എന്നാണോ ഇവിടുത്തെ ജനങ്ങളോട്  പറയുന്നത്!!?? പറഞ്ഞോളൂ, പക്ഷെ വിശ്വസ്സിക്കണം എന്ന് ശാഠ്യം പിടിക്കരുതെന്നു മാത്രം... രാജ്യത്തു നിലനിക്കുന്ന വക്കഫ് കരിനിയമങ്ങലുടെ പിൻബലത്തിൽ നേടിയെടുത്തതാണ് ഒരു ചെറിയ സംസ്ഥാനത്തോളം വലിപ്പം വരുന്ന ഇത്രയധികം ഭൂമി എന്നത് അല്പം പ്രയാസ്സത്തോടെയെങ്കിലും വിശ്വസ്സിച്ചേ പറ്റൂ...

     ഇത്രയും നാൾ വക്കഫ് കിരാത നിയമങ്ങളുടെ പിൻബലത്തിൽ എത്രയധികം ഒഴിപ്പിക്കലുകളും, പിടിച്ചെടുക്കലുകളും നടത്തിയെങ്കിലും അതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിരുന്നില്ല എന്നതും ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമായ കാര്യമല്ല... കുടിയിറക്കപ്പെട്ടവന്റെ നിസ്സഹായാവസ്ഥയും, കണ്ണീരും, വിലാപവും കേൾക്കാൻ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം കണ്ണു വെച്ച് പ്രവർത്തിക്കുന്ന ഇവിടുത്തെ രാഷ്ടീയ കക്ഷികൾക്ക് താല്പര്യമില്ലായിരുന്നു എന്ന് മനസ്സിലാക്കണം... മധ്യപ്രദേശിലെ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഭൂമിമേൽ വക്കഫ് ബോർഡ് അവകാശം ഉന്നയിച്ചതും ഹൈക്കോടതി വക്കഫ് ബോർഡിന്റെ അവകാശം നിരാകരിച്ചതുമാണ് വക്കഫ് ബോർഡിനുവേണ്ടി രാഷ്ട്രീയ മുന്നണികൾ തീർത്ത പ്രതിരോധത്തെയും പത്ര- ദൃശ്യ മാധ്യമങ്ങൾ നിശ്ശബ്ദതകൊണ്ട് നൽകിയ പിന്തുണയേയും ഭേദിച്ച് പുറത്തു വരുന്നതിന് കാരണമായിട്ടുള്ളത്... തമിഴ് നാട്ടിൽ ആയിരത്തി അഞ്ഞൂറില്പരം വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം ഉൾപ്പെടെ ഒരു ഗ്രാമത്തിന്മേൽ വക്കഫ് ബോർഡ് അവകാശം ഉന്നയിച്ചതും,, ദ്വാരകയിലെ രണ്ടു ദ്വീപുകൾക്ക് മേലും, വിപ്രോ, മൈക്രോസോഫ്ട് കെട്ടിടങ്ങൾ നിൽക്കുന്ന ഭൂമിക്കുമേലും, ITC ഹോട്ടലിനുമേലും എന്ന് തുടങ്ങി ഇന്ത്യൻ പാർളമെൻറ്റിനുമേൽവരെ വക്കഫ് ബോർഡ് അവകാശം ഉന്നയിച്ചതോടുകൂടി കിരാത വക്കഫ് നിയമങ്ങൾക്ക് എതിരെ ജനവികാരം എരിഞ്ഞു തുടങ്ങിയിരിക്കുന്നു... ഇന്ത്യൻ പാർളമെൻറ്റിനുമേൽ വക്കഫ് ബോർഡ് ഉന്നയിച്ച അവകാശത്തിനുമേൽ എന്താണ് ഇവിടുത്തെ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം എന്നറിയാൻ പൊതുജനത്തിന് താല്പര്യമുണ്ട്... ടിപ്പു സുൽത്താൻ്റെ കുതിര ചാണകമിട്ടിടം എന്ന് പറഞ്ഞു വക്കഫ് ബോർഡ് അവകാശം ഉന്നയിച്ചാലും അതവർക്ക് കൊടുക്കണം എന്ന് നിയമം എഴുതി വെച്ചവർ പാർലമെന്റു കെട്ടിടവും സ്ഥലവും വക്കഫിനു കൊടുത്തേക്കൂ,, എം പി മാർ മരത്തണലിൽ ഇരിക്കട്ടെ എന്ന് പറഞ്ഞാലും അതിശയപ്പെടാനില്ല...  

     നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന NDA സർക്കാർ വക്കഫ് നിയമങ്ങളിൽ ഏകദേശം നാല്പതോളം മാറ്റങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്... അതിൽ ഒരു മാറ്റം വക്കഫ് ബോർഡിൽ അംഗങ്ങളിൽ രണ്ടുപേർ സ്ത്രീകൾ ആയിരിക്കണമെന്നതാണ്... ഈ മാറ്റത്തെ പ്രതിപക്ഷ അംഗങ്ങൾ എതിർക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം... എതിർക്കുന്നുവെങ്കിൽ സ്ത്രീകൾ അധികാരസ്ഥാനങ്ങളിലേക്ക് വരുന്നതിനുള്ള നിങ്ങളുടെ നിലപാടുകൂടി വ്യക്തമാക്കണം... സ്ത്രീകളെ അധികാരമേല്പിച്ചിടം ഗുണം പിടിച്ചിട്ടില്ല എന്ന താലിബാൻ തിയറിയാണോ നിങ്ങൾ പിന്തുടരുന്നതെന്നും പറയണം... വനിതാമതിൽ കെട്ടി സ്ത്രീ ശാക്തീകരണം കൊണ്ടുവന്ന മുസ്ളീം സ്ത്രീകൾ നിങ്ങളുടെ ശാക്തീകരണത്തിന്റെ അതിർ വരമ്പുകൂടി വെളിവാക്കണം...  

     വക്കഫ് ബോർഡ് ഒരു ഭൂമിക്കുമേൽ അവകാശം ഉന്നയിച്ചാൽ ഭൂവുടമയ്ക്ക് തൻ്റെ തർക്കങ്ങളുമായി ജില്ലാ കളക്ടറെ സമീപിക്കാം... ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ ഏതു കക്ഷിക്കും കോടതിയെ സമീപിക്കാം... നിയമവാഴ്ചയും, സ്വാഭാവിക നീതിയും ഉറപ്പുവരുത്തുന്ന ഒരു മാറ്റമായിരിക്കും ഇതെന്നാണ് എന്റെ പക്ഷം... 

     വക്കഫ് ബോർഡിൽ ഒരു ജുഡീഷ്യൽ ഓഫീസറെ ഉൾക്കൊള്ളിക്കാൻ 2024 ലെ അമെൻഡ്മെന്റ് വ്യവസ്ഥ ചെയ്യുന്നു... 

     ഒരു വ്യക്തി ഏറ്റവും കുറഞ്ഞത് അഞ്ചു വർഷം മുസ്ളീം ആയി ജീവിച്ചാൽ മാത്രമേ വക്കഫിന് സ്വത്ത് കൈമാറാൻ എലിജിബിൾ ആകുന്നുള്ളു എന്ന്  2024 ലെ അമെൻഡ്മെന്റ് വ്യവസ്ഥ ചെയ്യുന്നു... 

     2024 ലെ അമെൻഡ്മെന്റ് വ്യവസ്ഥ ചെയ്യുന്നു ഈ പ്രധാന മാറ്റങ്ങളെ  എന്തുകൊണ്ട് എതിർക്കുന്നു എന്ന് ജനസമക്ഷം വിശദീകരിക്കാൻ പ്രതിപക്ഷം നന്നേ വിഷമിക്കും എന്നാണ് തോന്നുന്നത്...

     കാലങ്ങളായി ഈ മാഹാരാജ്യത്തിന്റെ പല കോണുകളിൽ വക്കഫ് കരിനിയമങ്ങൾ കാരണം കണ്ണീരുവീണ നിരാശ്രയരായ ജനങ്ങളുടെ അതേ വിലാപശബ്ദം ഇന്ന് നമ്മുടെ കേരളത്തിലും ഉയർന്നു കേൾക്കുന്നുണ്ട്... വൈപ്പിൻ മുനമ്പത്ത്...!! മുനമ്പം ജനതയ്ക്ക് അവരുടെ ഭൂമി പണയപ്പെടുത്തിയോ, വിൽപ്പന നടത്തിയോ ഒരു വിവാഹത്തിനോ, ചികിത്സക്കോ പണം കണ്ടെത്താൻ കഴിയുന്നില്ല... ഭൂമി ഈട് നല്കി ഒരു വിദ്യാഭ്യാസ്സ ലോൺ എടുത്ത് കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്നില്ല... ഇന്നുവരെ സ്വന്തമായിരുന്ന കിടപ്പാടം നാളെ സ്വന്തമായി ഉണ്ടാകുമോ എന്ന് പറയാൻ കഴിയുന്നില്ല... ഈ നാട്ടിലെ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ എത്ര പേർ മുനമ്പം ജനതയോടോപ്പമുണ്ട്?? മുനമ്പം ജനതയുടെ കണ്ണുനീർ എന്തുകൊണ്ട് നിങ്ങളെ പൊള്ളിക്കുന്നില്ലാ?? മുനമ്പം ജനത ഇത്രനാളും കഴിഞ്ഞു വന്ന മണ്ണിന്മേൽ വക്കഫ് അവകാശം ഉന്നയിക്കുന്നതും, അവരെ കുടിയിറക്കാൻ ശ്രമിക്കുന്നതും ശരിയല്ല എന്ന് സോദര ചിന്തയിൽ പറയാൻ തയ്യാറുള്ള എത്ര മുസ്ളീം മതസ്ഥരുണ്ടിവിടെ??  മരടിലെ അനധികൃത നിർമ്മാണങ്ങളായ ഫ്‌ളാറ്റുകൾ പൊളിച്ചു കളയണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ ""നിങ്ങൾ ഇവിടെ നിന്നും ഇറങ്ങേണ്ടി വരില്ല,, ഞങ്ങളുണ്ട് കൂടെ"" എന്ന് പറഞ്ഞു പിന്തുണ നൽകിയതു പോലെ മുനമ്പം ജനതയ്ക്കു പിന്തുണ നല്കാൻ ഏതു കമ്യുണിസ്റ്റ്‌ നേതാവുണ്ടിവിടെ??? 

     രാഷ്ട്രീയ/ മത താല്പര്യങ്ങൾക്ക് അതീതമായി ഒരു മനുഷ്യന് ലഭിക്കേണ്ട സ്വാഭാവിക നീതിക്കും,, മനുഷ്യത്വത്തിനും വിലകല്പിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ വക്കഫ് കിരാത നിയമത്തിൻ്റെ ദോഷം പേറുന്ന മുനമ്പം ജനതക്കൊപ്പമുണ്ട്... മുനമ്പം ജനത രാജ്യത്തിന്റെ പലഭാഗങ്ങളിൽ മുൻപ് കണ്ണീർ വാർത്ത ഒരു പാട് ജനങ്ങളുടെ ഈ നാളിന്റെ പ്രതീകങ്ങളാണ്...

     വഖഫ് കരി നിയമങ്ങളിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കേണ്ടത് ജനങ്ങളോട്ഭ പ്രതിബദ്ധതയുള്ള രണകൂടത്തിന്റെ ഉത്തരവാദിത്വമാണ്... വക്കഫ് നിയമങ്ങൾ ഉടൻ പൊളിച്ചെഴുതും എന്ന് നമുക്ക് പ്രത്യാശിക്കാം...

[Rajesh Puliyanethu 

 Advocate, Haripad]