Thursday, 22 August 2024

ഹേമാ കമ്മറ്റി റിപ്പോർട്ട്,, പക്ഷം പറയാതെ ചില വർത്തമാനങ്ങൾ...

 ✍️ Adv. Rajesh Puliyanethu 

ചന്ദ്രനും നക്ഷത്രങ്ങൾക്കും എല്ലാം കാണുന്ന തിളക്കമില്ല, തിളക്കം ഉണ്ടെന്ന് നമുക്ക് തോന്നുന്നതാണ്...

തിളക്കം അന്വേഷിച്ച് ഇറങ്ങുന്നവർക്ക്, നക്ഷത്രങ്ങളുടെ തിളക്കം കണ്ണുകളെ അലോസരപ്പെടുത്തുന്നതാണ് എന്ന ചിന്തയുണ്ടാകുവാനും പാടില്ല...

ഹേമ കമ്മിറ്റി റിപ്പോർട്ട് പല തലങ്ങളിൽ ചർച്ച ആവശ്യപ്പെടുന്ന ഒന്നാണ്... ഹേമ കമ്മിറ്റി രൂപീകരിക്കപ്പെടാനുണ്ടായ സാഹചര്യം മുതൽ കമ്മറ്റിയുടെ തെളിവെടുപ്പ് നടപടികൾ, കമ്മറ്റിയുടെ കണ്ടെത്തലുകൾ, കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ, കമ്മറ്റിയുടെ കണ്ടെത്തലുകളുടെ സുതാര്യത, അന്വേഷണ വിധേയമായ തൊഴിലിടത്തിന്റെ പ്രത്യേകതകൾ, കമ്മറ്റിയുടെ റിപ്പോർട്ടിന്റെ നിയമ സാധുത, കമ്മറ്റി റിപ്പോർട്ടിന്റെ തുടർ നടപടികൾക്കുള്ള സാധ്യത, കമ്മറ്റി റിപ്പോർട്ടിന്റെ രാഷ്ട്രീയ പ്രാധാന്യം, കമ്മറ്റി റിപ്പോർട്ട് സമൂഹത്തെ എങ്ങനെ ബന്ധപ്പെടുത്തുന്നു എന്ന് തുടങ്ങി ഹേമ കമ്മിറ്റി അധ്യക്ഷക്കും അംഗങ്ങൾക്കും ഏതെങ്കിലും വിധത്തിലുള്ള നിക്ഷിപ്ത താല്പര്യമുണ്ടായിരുന്നോ എന്നു വരെ പരിശോധിച്ചാൽ മാത്രമേ ഹേമ കമ്മിറ്റി റിപ്പോർട്ട് ശരിയായ വിധത്തിൽ ചർച്ച ചെയ്യപ്പെട്ടു എന്ന് കരുതുവാൻ കഴിയുകയുള്ളൂ...

മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലും, മലയാള സിനിമാ വ്യവസായത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പലവിധത്തിലുള്ള ആക്രമങ്ങൾക്കും, ലൈംഗിക ചൂഷണങ്ങൾക്കും വിധേയമാകേണ്ടി വന്നു എന്ന വെളിപ്പെടുത്തലുകൾക്കും ശേഷമാണ് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ, തൊഴിലിടത്തിലെ ലിംഗ വേർതിരിവുകൾ, അവകാശ സംരക്ഷണങ്ങൾ, വേതന വ്യതിയാനങ്ങൾ തുടങ്ങി പലവിധ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുത്ത് ഹേമ കമ്മിറ്റി എന്ന "പഠന" കമ്മിറ്റിയെ നിയോഗിക്കുന്നത്... ഈ നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ അന്വേഷണ പ്രഹസനമാണ് "ജുഡീഷ്യൽ അന്വേഷണം" എന്നിരിക്കെ ജുഡീഷ്യൽ അന്വേഷണം എന്ന നിയമ പരിധിക്കുള്ളിൽ പോലും വരാത്ത കേവലം ഒരു "കമ്മറ്റി" യുടെ കണ്ടെത്തലുകളുടെ നിയമ സാധുത എത്രത്തോളം ഉണ്ടെന്ന് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല... പ്രസ്തുത കമ്മിറ്റിയുടെ അധ്യക്ഷ ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ആണെന്നുള്ളതും ആ കമ്മറ്റിക്ക് വേണ്ട ചിലവുകൾ വഹിച്ചത് കേരള സർക്കാർ ആണെന്നതും മാത്രമാണ് ഹേമ കമ്മിറ്റി എന്ന പഠന കമ്മിറ്റിക്ക് എന്തെങ്കിലും പ്രത്യേകത കൽപ്പിച്ചു നൽകുന്നത്... മുൻ ഹൈക്കോടതി ജഡ്ജി കമ്മിറ്റിയുടെ അധ്യക്ഷയായതും റിട്ടയേഡ് ഐഎഎസ് ഓഫീസർ ശ്രീമതി വത്സലാകുമാരിയും, സീനിയർ അഭിനയത്രി ശ്രീമതി ശാരദയും കമ്മറ്റി അംഗങ്ങളായതും നിയമപരമായ യാതൊരു പ്രത്യേകതയും ആ കമ്മിറ്റിക്ക് നൽകുന്നില്ല എന്നതാണ് വസ്തുത... ഈ കമ്മിറ്റിക്ക് ജനങ്ങളുടെ മുന്നിൽ എന്തെങ്കിലും ഒരു അംഗീകാരം ലഭിക്കുക എന്ന ഉദ്ദേശത്തിൽ മാത്രമാണ് ഉന്നത പദവികൾ വഹിച്ചു വന്നിരുന്ന വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് കമ്മിറ്റി രൂപീകരിക്കാൻ കാരണം എന്നു മാത്രമാണ് മനസ്സിലാകുന്നത്... അധികാരമൊഴിഞ്ഞ ഒരു പഞ്ചായത്ത് പ്രസിഡൻ്റും, പതിവായി സിനിമ കാണാറുള്ള ഒരു വനിതയും, ഒരു വക്കീൽ ഗുമസ്തയും ചേർന്ന് ഇപ്രകാരം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും അധികാരത്തിലും, നിയമ സാധുതയിലും തുല്യമായിരുന്നു എന്ന് കാണാം... ഉന്നത വ്യക്തികൾ ചേർന്നു രൂപീകരിക്കപ്പെട്ട കമ്മിറ്റി എന്ന മേനി പറച്ചിൽ  ഉണ്ടാകുമായിരുന്നില്ല എന്നു മാത്രം...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയതാണ് ഏറ്റവും അനുചിതമായ കാര്യം എന്നാണ് എന്റെ പക്ഷം... അങ്ങനെയൊരു അഭിപ്രായം പറയുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്... ഹേമാ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിന് പകരം ആ റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യങ്ങൾ സർക്കാർ ഗൗരവപൂർവ്വം പരിഗണിക്കുകയും പരിഹാരങ്ങൾക്ക് വേണ്ടി ചട്ടങ്ങളും, , നിയമനിർമ്മാണങ്ങളും, പരാതി പരിഹാര സംവിധാനങ്ങളും, മോണിറ്ററിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തുകയും ആയിരുന്നു വേണ്ടിയിരുന്നത്... ചുരുക്കിപ്പറഞ്ഞാൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ സംവിധാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയും ഉചിതമായ പരിഹാരങ്ങൾ സർക്കാർ ഇടപെട്ട് നടപ്പിലാക്കുകയും മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്... റിപ്പോർട്ട് ലഭിച്ച് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കുള്ളിൽ സർക്കാർ കമ്മറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് അനുസൃതമായ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെ ചെയ്തു എന്ന ചോദ്യവും പ്രസക്തമാണ്... 

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനായിരുന്നു എല്ലാവർക്കും താൽപര്യം... ഈ നാട്ടിൽ ഏതുതരത്തിൽ ഉള്ള വിവാദങ്ങൾ ഉണ്ടായാലും അതിൽ ഒരു ചേരുവയായി 'ലൈംഗികത' ഉണ്ടെങ്കിൽ വിവാദം സൂപ്പർ ഹിറ്റാണ്... കാരണം നമ്മുടെ സമൂഹത്തിന് ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിന് വലിയ താല്പര്യമാണുള്ളത്... മറ്റുള്ളവന്റെ ബെഡ്റൂമിൽ പോലും ക്യാമറ വെച്ച് സ്വകാര്യത മനസ്സിലാക്കാൻ ഉത്സുകത കാണിക്കുന്ന ഒരു മാനസിക വൈകല്യത്തിന്റെ ഭാഗമാണ് ഈ താൽപര്യങ്ങൾ എന്ന് പറയാതിരിക്കാൻ കഴിയില്ല...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയത് കൊണ്ട് സമൂഹത്തിനോ, സിനിമാ മേഘലയ്ക്കോ, സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കോ എന്തു പ്രയോജനമാണ് ഉണ്ടായത്!?  മലയാള സിനിമ മേഘലയിൽ "കാസ്റ്റിംഗ് കൗച്ച്" സജീവമാണ് എന്ന് ഹേമ കമ്മറ്റി കണ്ടെത്തിയിരിക്കുകയാണ്... ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത് കൊണ്ട് സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് ഇല്ലാതാകുന്നതിന് ഏതെങ്കിലും തരത്തിൽ സഹായകരമാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്... സിനിമാ മേഘലയിൽ അവസരങ്ങൾ ലഭിക്കുന്നതിന് കാസ്റ്റിംഗ് കൗച്ചാണ് റിക്രൂട്ട്മെൻറ് മാർഗ്ഗം എന്ന് സ്ഥാപിക്കപ്പെട്ടാൽ ഇന്ന് സിനിമാ മേഘലയിൽ നിൽക്കുന്ന എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്നതിന് അത് കാരണമാകും എന്നതിൽ സംശയമില്ല... സിനിമയുടെ ഭാഗമായി നിൽക്കുന്ന സ്ത്രീകളെല്ലാം തന്നെ ഈ റിക്രൂട്ട്മെൻറ് മാർഗ്ഗം വിജയിച്ചവരാണെന്ന് വിളിച്ചു പറയുന്നതിനു തുല്യമാണത്... 

സിനിമാരംഗത്ത് തങ്ങളോട് മോശമായി പെരുമാറിയ ആൾക്കാരെ കുറിച്ചും സന്ദർഭങ്ങളെ കുറിച്ചും വിവരിച്ചുകൊണ്ട് പല സ്ത്രീകളും രംഗത്തുവരുന്നുണ്ട്... അതിലൊരു ഉദാഹരണം മാത്രമാണ് ലൂസിഫർ എന്ന സിനിമയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാൻ ആദ്യം നിശ്ചയിച്ചിരുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ... 'ഒന്നു വഴങ്ങി തന്നാൽ മഞ്ജുവാര്യരുടെ മകളായാണ് വേഷം ലഭിക്കാൻ പോകുന്നത്' എന്ന് സിനിമാ മേഘലയിലെ ഒരുവൻ പ്രലോഭിപ്പിച്ചു എന്നാണ് ആ കുട്ടി പറയുന്നത്... താൻ അതിനു വഴങ്ങാതെ രക്ഷപ്പെട്ടുവെന്നും അവർ പറയുന്നു... അതിനു മറ്റൊരാന്തരാർത്ഥം കൂടിയുണ്ട്... അതേ സിനിമയിൽ മഞ്ജു വാര്യരുടെ മകളായി വേഷമിട്ടവൾ അതേ ആവശ്യത്തിന് വഴങ്ങി കൊടുത്തു എന്ന്... ആ സിനിമയിൽ മഞ്ജുവാര്യരുടെ മകളായി വേഷമിട്ട പെൺകുട്ടിയെ ഇപ്രകാരം അപമാനിതയാക്കി നിർത്തിയത് കൊണ്ട് എന്ത് പ്രയോജനം?? സ്വമനസ്സാലെയൊ, ഒരു ഓഫർ സ്വീകരിച്ചു എന്ന നിലയിലോ സ്വന്തം ശരീരം കൊണ്ട് മറ്റൊരുവനെ സന്തോഷിപ്പിച്ച് ഒരു പെൺകുട്ടി സിനിമയിൽ അവസരം വാങ്ങി എന്നു തന്നെ കരുതുക...! ആ പെൺകുട്ടിയെയും അപമാനിതയാക്കി സമൂഹത്തിനു മുന്നിൽ നിർത്തുന്നത് കൊണ്ട് എന്തു പ്രയോജനം!!?? അവിടെ ഒരു ഓഫറും ആ ഓഫറിന് ഒരു അക്സെപ്റ്റൻസും ഉള്ള സ്ഥിതിക്ക് മൂന്നാമന് എന്ത് റോളാണുള്ളത്? ബലം പ്രയോഗിച്ചോ, ഒരു ട്രാപ്പിൽ പെടുത്തിയോ, ഭീഷണിപ്പെടുത്തിയോ, ബോധം കെടുത്തിയൊ അല്ലാതെ, പെൺകുട്ടിയുടെ ഇംഗിതത്തിന് വിപരീതമല്ലാതെ നടക്കുന്ന ലൈംഗിക വേഴ്ചകൾക്ക് നിയമം എന്തു തടസ്സമാണ് പറയുന്നത്!? 376 (a) (b) തുടങ്ങിയ വകുപ്പുകൾക്കും പരാതിക്കാരി ഇല്ലാത്തതിനാൽ നിലനിൽപ്പില്ല എന്ന് കാണാം... നടൻ വിജയ് ബാബുവിനെതിരെ അല്ലാതെ ഒരു പെൺകുട്ടിയും ഒരു അന്വേഷണ ഏജൻസിക്ക് മുൻപാകെയോ അധികാര സ്ഥാനങ്ങളിലോ പരാതി നൽകിയതായി നാളിതുവരെ നമുക്കറിയില്ല... പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി നിലവിൽ പരാതികളും ഇല്ല... അതിനാൽ തന്നെ പരാതിക്കാരിയില്ലാതെ ഈ വിഷയത്തിലെ കേസുകൾ ഒന്നും മുന്നോട്ടു പോവില്ല... ഒരു കൊഗ്നിസിബിൾ ഒഫൻസിനെ കുറിച്ച് എപ്രകാരം വിവരം ലഭിച്ചാലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിയാണ് പോലീസ് നടപടിക്കുള്ള വഴിമരുന്ന്... അങ്ങനെ സിനിമ മേഘലയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ ആകമാനം ഒരു കുറ്റകൃത്യമായി കണ്ടു എഫ്ഐആർ രജിസ്റ്റർ ചെയ്താൽ തന്നെ ചൂഷണങ്ങൾക്ക് ഇരയായവർ മൊഴി തരാൻ തയ്യാറാകാതെ ആ കേസ് എങ്ങനെ മുന്നോട്ടു പോകും എന്നതാണ് പ്രായോഗിക വശത്തെ ചോദ്യം... എങ്കിലും ഈ വിഷയത്തിൽ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം എന്ന് തന്നെയാണ് എൻറെ അഭിപ്രായം... കാരണം ഒരു പെൺകുട്ടി താൻ സ്വയം മുന്നിട്ടിറങ്ങി പരാതി നൽകി മുന്നോട്ടു പോകുവാൻ മടിച്ചു നിൽക്കുകയും, എന്നാൽ വ്യക്തമായ പരാതി ഉള്ളതുമായ സാഹചര്യം ഉണ്ടെങ്കിൽ അവർക്ക് ആ എഫ് ഐ ആറി ൽ മൊഴി കൊടുക്കുന്നതിന് ഒരു അവസരം ലഭിക്കുന്നതാണ്... അങ്ങനെ ഒരു അവസരം തുറന്നു കൊടുക്കുക എന്നത് മാത്രമാകും ആ എഫ് ഐ ആർ ൻ്റെ പ്രസക്തി... ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഈ അവസരം പലർക്കും വില വേശലുകളുടെ അവസരം കൂടിയാണോ എന്ന സ്വാഭാവിക സംശയത്തിനും വേദിയുണ്ട്...

ഹേമ കമ്മിറ്റി രൂപീകരിച്ചത് തന്നെ സിനിമാ രംഗത്തെ സ്ത്രീകളുടെ അനുഭവിക്കുന്ന പലവിധമായ ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്... തങ്ങളുടെ മൊഴികൾ ഒരിക്കലും പുറത്തു വരില്ല എന്ന ഉറപ്പിൻമേലാണ് പല പെൺകുട്ടികളും മൊഴി കൊടുക്കുന്നതിന് തയ്യാറായിട്ടുള്ളത്... ഹേമാ കമ്മറ്റിയുടെ പ്രൊസീഡിങ്സ് തന്നെ ശ്രദ്ധിക്കുക... മൊഴികൾ എല്ലാം  ഇൻ ക്യാമറ പ്രൊസീഡിങ്സ്ൽ കൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ... അതർത്ഥമാക്കുന്നത് തന്നെ ഈ മൊഴികൾക്ക് രഹസ്യ സ്വഭാവം ആവശ്യമുണ്ടെന്നും ആ മൊഴികൾ കമ്മറ്റിയും സർക്കാരിലെ ഉത്തരവാദിത്തപ്പെട്ടവരും മാത്രം അറിയേണ്ടവയാണ് എന്നുമാണ്... കമ്മറ്റിയുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഏതൊക്കെ വ്യക്തികൾക്കെതിരെ നടപടിയെടുത്തു എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല... കാരണം ഹേമ കമ്മിറ്റി കുറ്റകൃത്യം കണ്ടുപിടിക്കുന്നതിനുള്ള ഒരു അന്വേഷണ ഏജൻസി അല്ല... ഹേമ കമ്മിറ്റിക്ക് മുൻപാകെ സ്ത്രീകൾ മൊഴികൾ കൊടുത്തിട്ടുള്ളത് ആരെയും ശിക്ഷിക്കാൻ വേണ്ടിയായിരുന്നില്ല... സിനിമാ മേഘലയിലെ നിലവിലെ അവസ്ഥ, സിനിമാ മേഘലയിൽ വരുത്തേണ്ട മാറ്റങ്ങൾ, പുതിയതായി കൊണ്ടുവരേണ്ട സൗകര്യങ്ങൾ, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെ കുറിച്ച് സർക്കാരിന് അറിവ് നൽകുക എന്നതായിരുന്നു കമ്മിറ്റിയുടെ ഉത്തരവാദിത്വം എന്ന് നമ്മൾ മനസ്സിലാക്കണം... സത്യത്തിൽ കമ്മറ്റിയുടെ രഹസ്യ സ്വഭാവത്തെ വിശ്വസിച്ച് മൊഴി നൽകിയ വനിതകളോട് കാണിച്ച വഞ്ചനയായിരുന്നു കമ്മറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച നടപടി എന്ന് പറയേണ്ടിവരും...

മലയാളസിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ചും, ലൈംഗിക ചൂഷണവും എല്ലാം ചർച്ച ചെയ്യപ്പെടുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയില്ല... മലയാള സിനിമ ഇൻഡസ്ട്രിയിലെ മാത്രം ഒരു അവസ്ഥയാണോ വിവരിക്കപ്പെട്ടതെല്ലാം?? മലയാള സിനിമയിൽ തന്നെ അടുത്ത കാലത്ത് ഉണ്ടായതാണോ ഈ വക ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള അവസര വിതരണങ്ങളും എല്ലാം?? മലയാള സിനിമയിൽ മാത്രമാണോ പവർ മാഫിയ നിലനിൽക്കുന്നത്?? മലയാള സിനിമ മാത്രമാണോ ലോബികൾ നിലനിൽക്കുന്നത്?? മലയാള സിനിമയിൽ മാത്രമാണോ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നിലനിൽക്കുന്നത്?? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി പദവിയിൽ ഇരിക്കെത്തന്നെ രഞ്ജൻ ഗോഗോയ് ലൈംഗിക ആരോപണത്തിന് വിധേയനായ ചരിത്രം ഈ രാജ്യത്തിന് ഉണ്ടെന്ന് മറക്കരുത്... അമേരിക്കൻ പ്രസിഡൻറ് ആയിരിക്കെ ബിൽ ക്ലിൻ്റെൺ ലൈംഗിക ആരോപണത്തിന് വിധേയമായ ചരിത്രം ഈ ലോകത്തിനുമുണ്ടെന്ന് നമ്മൾ ഓർക്കണം... പിച്ചക്കാരൻ ആയാലും സുപ്രീം കോടതി ജഡ്ജി ആയാലും അമേരിക്കൻ പ്രസിഡണ്ട് ആയാലും ഒരു പോലെ ഉൾപ്പെട്ടിട്ടുള്ളത് ലൈംഗിക ആരോപണങ്ങളിൽ ആയിരിക്കും... രാഷ്ട്രീയത്തിലും, ക്രിക്കറ്റിലും, ഫുട്ബോളിലും, വ്യവസായ രംഗത്തും, മറ്റ് കലാരംഗത്തും എല്ലാം നിലനിൽക്കുന്ന പവർ പൊളിറ്റിക്സും, ഗ്രൂപ്പ് പ്രവർത്തനങ്ങളും, ലോബിയിഗും മലയാള സിനിമയിലെ മാത്രം പ്രത്യേകതയായി അവതരിപ്പിക്കപ്പെടുന്നതിലും നിക്ഷിപ്തതാത്പര്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരും... അവിടെയും എന്തു കൊണ്ട് ലോക സിനിമാ മേഘലയിൽ ലൈംഗികത ഒരു പ്രധാന വിനിമയ ഉപാധിയാകുന്നു എന്നും അപ്രകാരം വിനിയോഗിക്കപ്പെടുന്നതിനെ തടയാൻ കഴിയാതെ പോകുന്നു എന്നും ചിന്തിക്കേണ്ടതാണ്...

മറ്റെല്ലാ തൊഴിൽ മേഘലയും പോലെ തന്നെയല്ലേ സിനിമാ മേഘലയും, ഇവിടെ മാത്രം എന്താണ് ലൈംഗികതയ്ക്ക് ഇത്ര അതിപ്രസരം കാണുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്... ഒന്നാമതായി സിനിമാ മേഘല ഒഴികെ മറ്റു മേഘലകളിൽ ലൈംഗിക ചൂഷണം ഇല്ല എന്ന വാദം അംഗീകരിക്കാൻ കഴിയില്ല... ഒപ്പം തന്നെ സിനിമ മേഘലയിൽ അത് വളരെയധികം ആണെന്നും സമ്മതിക്കേണ്ടി വരും... അത് അപ്രകാരമാകാനുള്ള കാരണം ആ തൊഴിൽ മേഘലയുടെ സവിശേഷതയാണ്... മറ്റു തൊഴിൽ മേഘലകളിൽ അവസരങ്ങൾ ലഭിക്കുന്നത് ഏറെക്കുറെ വിദ്യാഭ്യാസ യോഗ്യതയുടെയൊ, മറ്റ് ടെക്നിക്കൽ സ്കില്ലുകളുടേയോ അടിസ്ഥാനത്തിലാണ്... സിനിമ ഇതര തൊഴിൽ മേഘലകളിൽ അവസരം ലഭിക്കുന്നതിനുള്ള മാനദണ്ഡം ബാഹ്യ സൗന്ദര്യമൊ, ശരീരവടിവൊ ഒന്നുമല്ല... എന്നാൽ സിനിമയിൽ ലൈംഗികതയുമായി ചേർന്ന് നിൽക്കുന്ന ഈ വിശേഷങ്ങൾ എല്ലാം പ്രാധാന്യമുള്ളതാണ്... സിനിമ ഇതര തൊഴിൽ മേഘലയിലെ ഒരു തൊഴിൽ ദാദാവിന് തൻറെ സഹപ്രവർത്തകയോടോ , കീഴ് ജീവനക്കാരിയോടോ തന്റെ ലൈംഗിക ആവശ്യം ഉന്നയിക്കുന്നതിനേക്കാൾ സ്വാതന്ത്ര്യമുണ്ട് ഒരു നടന് പാടിയും, ആടിയും, കെട്ടിപ്പിടിച്ചും, പ്രണയം അഭിനയിച്ചും തൊഴിൽപരമായി തന്നെ കൂടുതൽ ബോഡി കോൺടാക്ടിൽ അഭിനയിക്കുന്ന തന്റെ സഹപ്രവർത്തിയായ നടിയോട് തൻറെ ലൈംഗിക ആവശ്യം ഉന്നയിക്കാൻ എന്ന് കാണാം... അതു മാത്രമല്ല, സിനിമ ഒരു ചെറിയ കൂട്ടം ആൾക്കാരുടെ സൃഷ്ടിയാണ്... കഥയും, തിരക്കഥയും ഒരു സംവിധായകനും, പണം മുടക്കാൻ ഒരു പ്രൊഡ്യൂസറും ചേർന്നാൽ സിനിമയാഥാർത്ഥ്യത്തിന്റെ വഴിക്കെത്തി എന്നു പറയാം... പിന്നീട് നടീനടന്മാരും, അണിയറ പ്രവർത്തകരും അവരുടെ തിരഞ്ഞെടുക്കലാണ്... അതിനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം അവർക്കുണ്ട്... ഒരു നടി ഇക്കൂട്ടരുടെ ലൈംഗിക താൽപര്യങ്ങൾക്ക് വശപ്പെടാതെ നിൽക്കുന്നതു കൊണ്ട് തിരസ്കരിക്കപ്പെട്ടാലും സിനിമ/ കഥ ഉദ്ദേശിക്കുന്ന വേഷത്തിന് നന്നല്ല എന്ന് പറഞ്ഞാകും അവൾ പുറത്താക്കപ്പെടുക... ഒരു സിനിമ നിർമാണത്തിലെ പ്രമുഖർക്ക് അവരിൽ അന്തർലീനമായ മുൻപ് പറഞ്ഞ സ്വാതന്ത്ര്യത്തെ വിനിയോഗിക്കപ്പെടാൻ കഴിയുന്നിടത്തോളം കാലം ഈ രീതിയിൽ നടിമാർ പുറത്താക്കപ്പെടും... അതേ പ്രമുഖരുടെ ഇംഗിതങ്ങൾക്ക് വഴങ്ങി അവസരങ്ങൾ സൃഷ്ടിക്കാൻ തയ്യാറുള്ള സ്ത്രീകൾ അനേകം ഉള്ളപ്പോൾ എതിർപ്പ് പ്രകടിപ്പിക്കുന്നവർ സിനിമ എന്ന മേഘലയെ തന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോകേണ്ടിവരും... ഇവിടെ തുടർച്ചയായ പരാതികളുമായി അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾ എത്താത്തിടത്തോളം കാലം ഈ വക പെരുമാറ്റങ്ങൾ മലയാള സിനിമയിൽ നിന്നെന്നല്ല ലോക സിനിമയിൽ നിന്നു തന്നെ മാറ്റപ്പെടില്ല...

സിനിമാ മേഘലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ത്രീകൾ അതേ മേഘലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാരുമായി ലൈംഗിക ആസ്വാദനം നടത്തുന്നതിനെയെല്ലാം ലൈംഗിക ചൂഷണമായി കാണാൻ കഴിയില്ല... പുരുഷന്മാർ ആവശ്യപ്പെടുന്ന അതേ ലൈംഗിക ആസ്വാദനം ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുമുണ്ട്... തൻറെ കൂടെ ഏതു നായകൻ അഭിനയിക്കണം എന്ന് സജസ്റ്റ് ചെയ്യാൻ തക്കതായ പ്രാധാന്യമുള്ള അഭിനയത്രികളും സിനിമാ ലോകത്തുണ്ട്... ആ അഭിനയത്രി അതേ നായകനോട് ഒന്നിച്ച് ലൈംഗിക ആസ്വാദനം നടത്തിയാൽ ആ നടി ഒരു നടനെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് നമ്മൾ പറയുമോ?? ഒരു നടിക്ക് ലൈംഗികമായി കൂടി അടുപ്പമുള്ള ഒരു നായക നടനൊ, സംവിധായകനോ, പ്രൊഡ്യൂസറൊ ഉണ്ടെങ്കിൽ അവർക്കിടയിൽ അടുപ്പവും ബന്ധവും സൗഹൃദവും കൂടുതലായി ഉണ്ടായിട്ടുണ്ടാകും... അങ്ങനെയുള്ള ഒരാൾ ഒരു സിനിമ ചെയ്താൽ സ്വാഭാവികമായും ഒരു കഥാപാത്രത്തിന് വേണ്ടി ആദ്യം ചിന്തിക്കുക താനുമായി എല്ലാവിധത്തിലും അടുപ്പവും സൗഹൃദവും ഉള്ള ആ നടിയെ ആയിരിക്കും... അപ്രകാരം ആ നടിക്ക് ലഭിക്കുന്ന അവസരത്തെ ലൈംഗിക ചൂഷണം എന്ന ഗണത്തിൽപ്പെടുത്താൻ കഴിയുമോ!? 

സിനിമ മേഘലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയമിച്ച കമ്മിറ്റിയുടെ അധ്യക്ഷയായി ജസ്റ്റിസ് ഹേമയെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമായിരുന്നോ എന്ന സംശയവും ഉയർത്തേണ്ടതാണ്... ഇപ്രകാരം ഒരു പഠന റിപ്പോർട്ട് തയ്യാറാക്കുവാൻ ചുമതലപ്പെടുത്തുന്ന മേധാവിയുടെ ട്രാക്ക് റെക്കോർഡ് കൂടി പരിശോധിക്കപ്പെടേണ്ടതാണ് എന്നതാണ് എൻറെ പക്ഷം... ജസ്റ്റിസ് ഹേമ എന്നും ഒരു പുരുഷ വിരുദ്ധ ചേരിയിലെ അംഗമെന്ന് തോന്നിക്കും വിധം പ്രവർത്തിച്ചിരുന്ന വനിതയാണ്... കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ തന്നെ പുരുഷ ജഡ്ജിമാരോട് അവർ നടത്തിയിരുന്ന പരസ്യ കലഹങ്ങൾ പലതും കോടതിയുടെ മതിൽക്കെട്ടുകൾക്ക് പുറത്തേക്ക് പോലും സഞ്ചരിച്ചിരുന്നു എന്നത് ഈ അവസരത്തിൽ ഓർത്തു വിടേണ്ടതാണ്... നായക നടനും, സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിക്കും ഒരേ പ്രതിഫലം നൽകണം എന്നു തുടങ്ങിയ അപ്രയോഗികമായ കമ്മിറ്റി നിർദ്ദേശങ്ങൾ എൻറെ ആരോപണത്തെ ശരിവെക്കുന്നു... 

സിനിമയിലെ മേലാളന്മാരുടെ ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങാത്ത വനിതാ പ്രവർത്തകർക്ക് ശുചിമുറികൾ അനുവദിക്കുന്നില്ല, നല്ല ഭക്ഷണം നൽകുന്നില്ല, അവർ മന:പ്പൂർവമായ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നു, അവർക്ക് വേതനം ലഭിക്കുന്നില്ല, അവരെ അശ്ലീല ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ കൊണ്ട് അപമാനിക്കുന്നു തുടങ്ങിയ മറ്റു കണ്ടത്തലുകളും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നു... സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ഈ വിധമായ പീഡനങ്ങൾ അനുഭവിക്കുന്നു എന്ന് കമ്മിറ്റി കണ്ടെത്തി സർക്കാരിനെ അറിയിച്ചിട്ടും കഴിഞ്ഞ അഞ്ചുവർഷമായി ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാതെ കമ്മറ്റി റിപ്പോർട്ടിന്മേൽ അടയിരുന്ന കേരള സർക്കാർ അതേ പീഡകർക്കൊപ്പം കുറ്റക്കാരാണ്... കമ്മറ്റി റിപ്പോർട്ടിൻ്റെ അറ്റവും മൂലയും പുറത്തുവിട്ട് സമൂഹത്തിൽ പലയിടങ്ങളിലായി ഇക്കിളി ചർച്ചകൾക്ക് വഴിവെച്ച് നിശബ്ദമായി തുടരാനാണ് സർക്കാരിൻറെ ഉദ്ദേശം എന്നാണ് തോന്നുന്നത്... 

സർക്കാരിന് നിശബ്ദതയെ വിമർശിക്കുന്നതിനോടൊപ്പം തന്നെ സിനിമാ വിഷയങ്ങളിൽ ഇടപെടുന്നതിനുള്ള സർക്കാറിന്റെ പരിമിതികളെയും മനസ്സിലാക്കണം... പണം മുടക്കുന്നവന്റെ സ്വാതന്ത്ര്യത്തിൻ്റെയും,, സംവിധായകന്റെയും, കഥാ/തിരക്കഥാകൃത്തിന്റെയും ഇന്റലക്ച്വൽ പ്രോപ്പർട്ടിയാണ് സിനിമയെന്നുമുള്ള അവകാശത്തിന്റെയും മറവിൽ നിന്നു കൊണ്ടാണ് സിനിമാ മേഖലയിലെ "പ്രമുഖർ" കാസ്റ്റിങ്ങിന് പിന്നിലെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് മുതിരുന്നത്... ചൂഷണങ്ങൾക്കോ, അപമാനങ്ങൾക്കോ വിധേയാകുന്ന ഒരു സ്ത്രീ അധികാരസ്ഥാനങ്ങൾക്ക് മുന്നിൽ ശരിയായ വിധത്തിൽ പരാതികൾക്ക് മുതിരാതിരിക്കുന്നത് ഭീഷണികൾ കാരണം മാത്രമാണ് എന്നും വിശ്വസിക്കുക ബുദ്ധിമുട്ടാണ്... ഭീഷണികൾ മൂലം പരാതികൾക്ക് മുതിരുന്നില്ല എന്നു പറയുന്നവർ പരോക്ഷമായി പറയുന്നത് ഇവിടുത്തെ സർക്കാരിലും, പോലീസ്/ കോടതി നിയമ സംവിധാനങ്ങളും അവർക്ക് വിശ്വാസമില്ല എന്നു കൂടിയാണ്... ഈ മഹാരാജ്യത്തെ മറ്റ് എല്ലാ സ്ത്രീകളും സുരക്ഷിതരായി കഴിയുന്നത് ഇതേ സർക്കാർ, പോലീസ്/കോടതി നിയമ സംവിധാനങ്ങളുടെ പരിരക്ഷയിലാണ്... സിനിമാ വനിതകൾക്ക് മാത്രമായി ഇവിടെ യാതൊരു പ്രീവിലേജും ഇല്ല... എങ്കിലും നിങ്ങൾ ഒരു പരാതി ഉന്നയിച്ചാൽ അത് വാർത്താമാധ്യമങ്ങൾ ഏറ്റെടുക്കും... സമൂഹം ചർച്ച ചെയ്യും... പൊതു സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരസ്യ പിന്തുണയുമായി രംഗത്തുവരും... ഇത്രയുമൊക്കെ സൗകര്യങ്ങൾ ലഭിക്കുമെന്ന് ഇരിക്കെ പോലും നിങ്ങൾ പരാതികൾക്ക് മുതിരുന്നില്ലെങ്കിൽ നിങ്ങൾക്ക് പരാതിയില്ല,, നിങ്ങൾഈ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തയ്യാറാണ് എന്നാണ് അർത്ഥം... ഇത്രയും പരിഗണനകൾ ഒന്നും ലഭിക്കാത്ത ഇവിടുത്തെ സാധാരണക്കാരായ സ്ത്രീകൾ തങ്ങൾക്കെതിരെ ഉണ്ടാകുന്ന പ്രവർത്തനങ്ങളെ ഇതേ നിയമ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി സ്വന്തം ആർജ്ജവത്താൽ പ്രതിരോധിച്ച് അന്തസ്സോടെ ഇവിടെ ജീവിക്കുന്നു എന്നും കാണാതെ പോകരുത്... സിനിമാ വനിതകൾ പരാതികൾക്ക് മുതിരാതിരിക്കുന്നത് അവർ തന്നെ 'പീഡനങ്ങൾ' എന്ന് വിളിക്കുന്ന ആൺ പ്രവർത്തികളെ വിസ്മരിക്കാൻ പാകത്തിന് അവർ മനസ്സിൽ കൊണ്ടു നടക്കുന്ന സിനിമ മോഹങ്ങളാണ് കാരണം...!! ആ മേഘലയിൽ അവർ കാണുന്ന പ്രശസ്തിയും, പണവും, അംഗീകാരങ്ങളും, സ്വാധീനവും എല്ലാം ചേർന്ന "ക്രീം ലൈഫ്" അവരെ പരാതികൾ Waive ചെയ്യാൻ സ്വയം പ്രേരിപ്പിക്കുന്നു എന്നും മനസ്സിലാക്കാൻ കഴിയും...

WCC എന്ന പെൺപക്ഷ സംഘടനയുടെ ഉദ്ദേശ ശുദ്ധിയും സംശയത്തിൽ തന്നെയാണ്... സിനിമയിലെ മോശം പ്രവണതകൾക്കെതിരെയല്ല മറിച്ച് ചില വ്യക്തികളെ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയാണോ അത് എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്... ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത് കൊണ്ട് ഡബ്ല്യു സി സി ക്ക് എന്ത് അഭിമാനകരമായ നേട്ടം കൈവന്നു എന്ന് മനസ്സിലാകുന്നില്ല..! സിനിമാ രംഗത്തെ തങ്ങളുടെ സഹപ്രവർത്തകർക്ക് എന്ത് അഭിമാനമാണ് WCC നേടിക്കൊടുത്തതെന്നും മനസ്സിലാകുന്നില്ല... WCC യുടെ രൂപീകരണ സമയത്ത് ഉണ്ടായിരുന്ന പ്രവർത്തകരിൽ ആരൊക്കെ ഇന്ന് ആ സംഘടനയുടെ സജീവ പാതയിൽ ഉണ്ട് എന്നു കൂടി പരിശോധിക്കുന്നത് ഈ അവസരത്തിൽ ഉചിതമാകും!!?

സ്ത്രീ ഒരു നോട്ടം കൊണ്ട് അപമാനിത ആയാൽ പോലും ഈ സമൂഹവും നിയമവും അത് ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് വരണം... പക്ഷേ അപമാനിതയായതായി ആദ്യം തോന്നേണ്ടത് ആ സ്ത്രീക്കാണ്... തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്നും അതിനെതിരെ നടപടി വേണമെന്നും മുന്നിൽ നിന്ന് ആവശ്യപ്പെടേണ്ടത് അവൾ തന്നെയാണ്... (അവൾ 18 വയസ്സ് പൂർത്തിയായവൾ ആണെങ്കിൽ)... അവൾ അതിനു തയ്യാറായില്ലെങ്കിൽ നിയമവും, സമൂഹവും നിസ്സഹാരായി നിൽക്കാനെ സാധിക്കുകയുള്ളൂ... അവൾ അതിനു തയ്യാറാകാതെ നിയമത്തെയും സമൂഹത്തെയും പഴിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല... 

പരാതിയുള്ള സ്ത്രീകൾക്ക് പരിഹാരം നൽകാനുള്ള സംവിധാനങ്ങളാണ് കൊണ്ടുവരേണ്ടത്... ആ സംവിധാനങ്ങളുടെ അപര്യാപ്ത സിനിമാരംഗത്ത് നിഴലിച്ചു കാണുന്നുണ്ട് എന്നും സമ്മതിക്കേണ്ടി വരും... അതിന് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുകയും സർക്കാർ/ കോടതി നിയന്ത്രണങ്ങളിലും മേൽനോട്ടങ്ങളിലും ഉള്ള അധികാരമുള്ള സ്ഥിരം സംവിധാനങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്... ഒപ്പം തന്നെ പരാതിയുള്ളവർ മുൻപോട്ടു വന്നാൽ നിയമവും സമൂഹവും അവരെ സംരക്ഷിക്കും എന്ന ഉറപ്പും നൽകേണ്ടതുണ്ട്... അപ്പോഴും പരിഹാരം ലഭിക്കുക അവസരത്തിനനുസരിച്ച് STUNT കൾ പടച്ചു വിടുന്നവർക്ക് ആകില്ല എന്നു മാത്രം...

"ഹേമാ കമ്മിറ്റി റിപ്പോർട്ട് എങ്ങനെയുണ്ട്,

പത്തറുപത്തഞ്ചു പേജ് കൊള്ളാം" 


എന്ന തമാശയ്ക്ക് അപ്പുറം ഒന്നുമില്ല... 


[Rajesh Puliyanethu 

 Advocate, Haripad]

No comments: