✍️Adv. Rajesh Puliyanethu
"കൃഷ്ണഭക്തയായ ജസ്ന എന്ന മുസ്ലിം പെൺകുട്ടി" ഇന്ന് സ്വന്തം മതത്തിൽ നിന്നും ഒപ്പം തന്നെ സംഘികളിൽ നിന്നും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നു എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുകയാണ്... സ്വന്തം മതത്തിൽ നിന്നും വ്യക്തിഹത്യകൾ ഏറ്റുവാങ്ങേണ്ടി വന്നതിൽ കൂടുതൽ ഹിന്ദുമതത്തിൽ നിന്നും കേൾക്കേണ്ടി വന്നു എന്ന് ജസ്നയുടെ അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു... ജസ്നയുടെ പ്രവർത്തികളെ വിമർശനാത്മകമായി കണ്ട ഹിന്ദുമത വിഭാഗത്തിലെ ചിലരിൽ നിന്നും എതിർപ്പുകളെ നേരിടേണ്ടി വന്നത് മഹാപാതകമായി ചിലർ വിവരിക്കുന്നു... ജെസ്ന എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കിയാൽ ജസ്ന അനുകൂലിക്കപ്പെട്ടതിൻ്റേയും എതിർക്കപ്പെട്ടതിൻ്റേയും കാരണങ്ങൾ വെളിവാകുന്നതാണ്...
'കൃഷ്ണ ഭക്തയായ മുസ്ലീം പെൺകുട്ടി' എന്നതിൽ നിന്നും തിരുത്തി 'ശ്രീകൃഷ്ണൻറെ ചിത്രം വരച്ച മുസ്ലിം പെൺകുട്ടി' എന്നു വായിച്ചു തുടങ്ങുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമാകുന്നതാണ്... ആദ്യമായി ജസ്ന ശ്രീകൃഷ്ണൻറെ ചിത്രം വരച്ച് ഗുരുവായൂരമ്പല നടയിൽ സമർപ്പിക്കുകയും പിന്നീട് മറ്റു കൃഷ്ണ ഭക്തരായ ആൾക്കാർക്ക് വേണ്ടി വരച്ച് സമർപ്പിക്കുകയും ചെയ്തു വന്നിരുന്നു... അതിനായി സാധാരണ ഗതിയിൽ നാട്ടിൽ നിലനിൽക്കുന്ന ഭേദപ്പെട്ട പ്രതിഫലവും അവർ കൈപ്പറ്റുന്നുണ്ടായിരുന്നു... ഈ കച്ചവടത്തിൽ വന്ന വർധനവും, നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടിയും മറ്റു ചില മാധ്യമങ്ങളിൽ കൂടിയും ജസ്ന നടത്തിയ ചിത്രത്തിൻറെ പ്രമോഷൻ പരിപാടികളും, ചിത്രം വാങ്ങുവാൻ നടത്തിയ അഹ്വാനങ്ങളും ഹിന്ദു സമൂഹത്തേയും വിശ്വാസികളേയും ചൂഷണം ചെയ്യുന്നതാണോ എന്ന സ്വാഭാവിക സംശയം ഉയരുന്നതിനു കാരണമായി... അവിടെയും അന്തരീക്ഷത്തിൽ നിലനിൽക്കുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്; എന്തിനാണ് ഹിന്ദു സമൂഹത്തിലെ കുറേയേറെ ആൾക്കാരെങ്കിലും ജെസ്നയെ പിന്തുണച്ചത് എന്നത്...!!??
ശ്രീകൃഷ്ണൻറെ ചിത്രം നാട്ടിൽ ലഭിക്കാൻ വിരളമായ ഒന്നല്ല... ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന പെൺകുട്ടികളും കുറവല്ല... പക്ഷേ എന്തുകൊണ്ട് ജെസ്ന ശ്രദ്ധിക്കപ്പെട്ടു!? ജസ്ന ഒരു മുസ്ലിം പെൺകുട്ടി ആയത് കൊണ്ടും, ഇസ്ലാമിനെ നയിക്കുന്ന ശരിയത്ത് നിയമങ്ങൾ ഒരു മുസ്ലിം അന്യമത ദൈവത്തിൻറെ ചിത്രം വരയ്ക്കുന്നത് ശക്തമായി എതിർക്കുന്നത് കൊണ്ടും, അത്തരം എതിർപ്പുകളെ ചില മത പ്രഭാഷകർ ശിർക്കുകൾ രൂപത്തിൽ പൊതു ജനമധ്യത്തിൽ വിളിച്ചു പറയാറുള്ളതു കൊണ്ടുമാണ്... അതേ ഇസ്ലാം മതത്തിനുള്ളിൽ നിന്നു തന്നെ ഒരു പെൺകുട്ടിയെ ഈ വിധമായ മത നിയമങ്ങൾക്കും അപരിഷ്കൃതമായ നിയന്ത്രണങ്ങൾക്കും എതിരെ നിർത്താൻ കിട്ടി എന്നതാണ് ജസ്ന നേടിയ പ്രാധാന്യം... ജിസ്നയുടെ ആ പ്രാധാന്യത്തെ മുതലെടുക്കാൻ വേണ്ടിയാണ് ഹിന്ദു മതത്തിലെ പലരും ജസ്നയിൽ നിന്നും ചിത്രങ്ങൾ വാങ്ങിയത്... അവിടെ ഒരു ഹിന്ദുവും ജസ്നയാൽ കമ്പളിപ്പിക്കപെട്ടിട്ടില്ല... ജെസ്നയുടെ ചിത്രങ്ങൾ വിറ്റഴിക്കപ്പെട്ടത് ഗുരുവായൂരപ്പനോടുള്ള ഭക്തി കാരണവുമല്ല... ഇവിടുത്തെ ഹിന്ദു വിഭാഗങ്ങൾക്ക് ഗുരുവായൂരപ്പനോടുള്ള ഭക്തി അനുഷ്ഠിക്കുന്നതിന് ജസ്നയുടെ ചിത്രങ്ങൾ ആവശ്യമില്ല... ജസ്ന ജസ്നയിൽ കണ്ട വിപണന മൂല്യവും ഇതുതന്നെയാണ്... ജെസ്ന ആ വിപണ മൂല്യത്തെ മുതലെടുത്തു എന്ന് മാത്രം... അവിടെ ജിസ്നയും കബളിപ്പിക്കപ്പെട്ടിട്ടില്ല... ജസ്നയുടെ ചിത്രങ്ങൾ വിറ്റതിനും, വാങ്ങിയതിനും പിന്നിൽ ഒറ്റക്കാരണമേയുള്ളൂ... അത് എംഎൽഎ ഷാജിയുടെ ഭാഷയിൽ തന്നെ പറയണം... അതിൻറെ കാരണം മതമാണ് മതമാണ് മതമാണ്... ഇവിടെ ചിത്രങ്ങൾ വിറ്റ ജസ്നയും വാങ്ങിയ ഹിന്ദുക്കളും മണ്ടന്മാരായിട്ടില്ല... ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആറാം നൂറ്റാണ്ടിലെ നിയമങ്ങൾ പറഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെയും ഇരുളടഞ്ഞതാക്കാൻ ശ്രമിക്കുന്ന ചില മത പ്രഭാഷകർ മാത്രമാണ്...
കാര്യങ്ങൾ ഇവിടെ വരെ ഏതാണ്ട് ആരോഗ്യകരമാണ് എന്നാണ് എൻറെ പക്ഷം... ജസ്ന ഇപ്പോൾ നടത്തുന്ന സോഷ്യൽ മീഡിയ വിലാപങ്ങളും ജസ്ന മുതലെടുപ്പ്കാരിയാണ് എന്ന നിലയിൽ ഹിന്ദു വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങളും ഇതു വരെ ജസ്നയും ചിത്രങ്ങൾ വാങ്ങിയവരും ഒരുപോലെ വഹിച്ചിരുന്ന വിജയക്കൊടിയെ താഴെ വെയ്പ്പിക്കുന്നത് ആയിരിക്കും...
പൊതു സമൂഹത്തിന്റെയോ നിയമത്തിന്റെയോ പിന്തുണ ലഭിക്കാതെ ജെസ്നയെ പിച്ചിച്ചീന്തണം എന്ന ആഹ്വാനം മാത്രം നടത്തി കോപം കടിച്ചമർത്തിയ ഒരു വിഭാഗമുണ്ട്... അവർ എനിയും ജസ്നക്കെതിരെ വീശാനുള്ള കത്തിയുടെ മൂർച്ചകൂട്ടും എന്ന കാര്യത്തിൽ സംശയമില്ല... അവിടെയും ജസ്ന സംരക്ഷിക്കപ്പെടണം... മുൻപ് ശ്രീകൃഷ്ണ ചിത്രങ്ങൾ വാങ്ങിയ അതേ മനസ്സോടെ ജസ്നയെ സംരക്ഷിച്ചു പിടിക്കണം... കാരണം ജസ്ന ഒരു പ്രചോദനമാണ്... ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ചരടെങ്കിലും അറുത്തു മാറ്റാൻ ഒരുപാട് പെൺകുട്ടികൾക്ക് ധൈര്യം നൽകേണ്ട പ്രചോദനം...
[Rajesh Puliyanethu
Advocate, Haripad]
No comments:
New comments are not allowed.