Tuesday, 4 June 2024

2024 ഒരു സോൾട്ട് ആന്റ് പെപ്പർ ജനവിധി!

 രാഷ്ട്രീയം വീക്ഷിക്കുന്നത് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ചെറിയ അനിഷ്ഠങ്ങളും വലിയ സന്തോഷങ്ങളും നൽകുന്നു... എൻ ഡി എ സർക്കാർ മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നു എന്നുള്ളതും ശ്രീ നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്നതും സന്തോഷത്തിന് വക നൽകുന്നു... ഒപ്പം തന്നെ ബി ജെ പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താതിരുന്നത് അല്പം വിഷമത്തിനും കാരണമാകുന്നു... എൻ ഡി എ യിലെ ഒരു ഘടകകക്ഷിയുടെ പ്രവർത്തകൻ എന്ന നിലയിൽ ഘടകകക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു മുന്നണി സംവിധാനം ആയിരിക്കും ഇനി ഉണ്ടാകുന്നത് എന്ന നിലയിൽ സന്തോഷമുണ്ട്... ഒരു ജനാധിപത്യ വിശ്വാസി ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ശക്തനായ ഒരു ഭരണാധികാരി നയിക്കുന്ന ഭരണ സംവിധാനവും ഒപ്പം ചോദ്യം ചെയ്യാൻ കെൽപ്പുള്ളതും അതിനാവശ്യമുള്ള അംഗബലവും ഉള്ള ഒരു പ്രതിപക്ഷവും ചേർന്ന പാർളമെൻറ് വിന്യാസത്തെയാണ്...  ഈ തെരഞ്ഞെടുപ്പിൽ അതുണ്ടായിരിക്കുന്നു എന്നത് പോസിറ്റീവായി കാണാവുന്നതാണ്... ചന്ദ്ര ബാബു നായിഡുവിനെ പോലെയും നിതീഷ് കുമാറിനെ പോലെയും രാഷ്ട്രീയ നൈതികതയ്ക്ക് വില കൽപ്പിക്കാത്തതും അഴിമതിക്ക് മടിക്കാത്തതും ഒപ്പം രാഷ്ട്രീയ താപ്പാനകളെന്ന് പേരെടുത്തിട്ടുമുള്ള വ്യക്തിത്വങ്ങൾ എപ്രകാരം ഭരണകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങും എന്നുള്ളതും, സ്വതന്ത്രമായ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകാനുള്ള ഒരു സർക്കാരിൻ്റെ കെൽപ്പിനെ ഏതു വിധത്തിൽ ബാധിക്കും എന്നതും ആശങ്ക ഉളവാക്കുന്നു... ശ്രീ സുരേഷ് ഗോപി മിന്നുന്ന വിജയം കൈവരിച്ചതും അതുവഴി കേരള ജനതയ്ക്ക് എൻഡിഎ സഖ്യത്തിനോട് തൊട്ടുകൂടായ്മ ഇല്ല എന്ന സന്ദേശം നൽകിയതും സന്തോഷകരമായ കാര്യങ്ങളാണ്… കേരള സർക്കാരിൻറെ അങ്ങേയറ്റത്തെ ജനദ്രോഹ നടപടികൾക്കെരെയും, കെടുകാര്യസ്ഥതയുടെയും, അഴിമതിയുടെയും, അഹങ്കാരത്തിന്റെയും , ധാർഷ്ട്യത്തിന്റെയും, പര്യായമായ ഭരണ രീതികൾക്കെതിരെ ജനങ്ങൾ വിധി എഴുതിയത് ഏതു രാഷ്ട്രീയ പാർട്ടികൾക്കും മനസ്സിൽ സൂക്ഷിക്കാവുന്നതാണ്... കനൽ ഒരു തരിയായി തന്നെ ഇടം മാറി അവശേഷിക്കുന്നത് അലോസരപ്പെടുത്തുന്നതുമാണ്... എല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു ""സോൾട്ടാൻ ആൻഡ് പെപ്പർ"" ജനവിധിയായിരുന്നു ഉണ്ടായതെന്ന് മനസ്സിലാക്കുന്നു...


വിജയിച്ച 543 എംപിമാരും രാജ്യത്തിൻറെ താൽപര്യത്തിനും അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കും എന്ന് നമുക്ക് വിശ്വസിക്കാം

...

മൂന്നാം എൻ ഡി എ സർക്കാരിന് എല്ലാവിധ ആശംസകളും...

No comments:

Post a Comment

Note: only a member of this blog may post a comment.