ഇന്ന് രാമ ജന്മഭൂമിയിൽ ശ്രീരാമചന്ദ്ര ഭഗവാൻറെ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ രാജ്യം ഒന്നാകെ ഉത്സവാഘോഷത്തിലാണ്...
വിഭിന്നങ്ങളായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ, കായിക, ബിസിനസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ ഒരു രാമനുണ്ടായിരുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു പ്രാണപ്രതിഷ്ഠ... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ ഏറ്റവും അധികം ഉച്ചരിക്കുന്ന നാമം രാമന്റെതാണ്... ചിലർ രാമൻ എന്ന ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമൻറെ പോരായ്മകളെ കണ്ടെത്താൻ തലച്ചോറ് പഴുപ്പിക്കുന്നു... മറ്റു ചിലർ രാമൻറെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു... ഏതു സംസാരവും രാമനിൽ തുടങ്ങി രാമനിൽ അവസാനിക്കുന്നു... അതാണ് ഈ ദിവസങ്ങളിലെ ഭാരതം...
രാജ്യം ഒന്നാകെ ഉത്സവാഘോഷങ്ങളിൽ രമിക്കുമ്പോൾ ഇവിടെ കണ്ണീർ കുടിക്കുന്ന ഒരു വിഭാഗമുള്ളത് കമ്മ്യൂണിസ്റ്റുകൾ ആണ്... അവർ എന്നും അങ്ങനെയാണ്, ഒന്നുകിൽ അവർ രാജ്യം ചിരിക്കുമ്പോൾ മൂക്ക് മുറിച്ചും ശകുനപ്പിഴ കാട്ടും എന്ന പോലെ കരഞ്ഞു കാട്ടും.. അല്ലെങ്കിൽ അവർ ഏതു വിധേനയും രാജ്യം കരഞ്ഞു കാണാൻ വേണ്ട പ്രവർത്തികൾ ചെയ്യും...
രാജ്യത്തിന് പുറത്ത് ഉള്ള ശത്രുക്കളെക്കാളും രാജ്യത്തിൻ്റെ ഉള്ളിൽ നിന്നു കൊണ്ടു തന്നെ ഭാരതത്തിൻറെ വിഘടനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിത നയത്തോടെ പ്രവർത്തിക്കുന്ന സംഘടനകളെക്കാളും അപകടകാരികളാണ് രാജ്യത്തിനുള്ളിലെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോൾ പരസ്യമായി ചൈനയെ അനുകൂലിച്ചവരാണ് ഈ കമ്മ്യൂണിസ്റ്റുകൾ എന്ന് നമ്മൾ മറക്കരുത്... പരിക്കേൽക്കുന്ന ഇന്ത്യൻ സൈനികർക്ക് രക്തം കൊടുക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് ശ്രീ വി എസ് അച്യുതാനന്ദനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപടി സ്വീകരിച്ചത് എന്നും നമ്മൾ മറക്കരുത്... ഭാരതം ഒരു ആണവശക്തിയായപ്പോൾ ആദ്യം വിമർശിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരതത്തിൻറെ പാർലമെൻറിൽ ആക്രമണം നടത്തിയ അഫ്സൽ ഗുരുവിന് വേണ്ടി ശബ്ദമുയർത്തിയത് കമ്മ്യൂണിസ്റ്റുകളാണ്... മുംബൈ ആക്രമണ കേസിലെ അജ്മൽ കസബ് ആയിരുന്നു കമ്മ്യൂണിസ്റ്റുകളുടെ പ്രിയപ്പെട്ടവൻ... കസബിന്റെ മനുഷ്യാവകാശങ്ങളും, കസബിനെ തൂക്കിക്കൊല്ലാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ മുൻഗണന... ഈ വിധം പിന്തുണകൾ നൽകാൻ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചത് യാതൊരുവിധ മനുഷ്യാവകാശ ചിന്തകളുമായിരുന്നില്ല; മറിച്ച് ഇവരെല്ലാം ഭാരതത്തിനെതിരെ പോരാടിയവരായിരുന്നു എന്ന മെറിറ്റ് മാത്രമായിരുന്നു കാരണം... സമീപകാലത്ത് ചൈന ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ, ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായപ്പോൾ ഒരു പ്രസ്താവന കൊണ്ടു പോലും ചൈനയെ എതിർക്കാൻ തയ്യാറാകാത്തവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ വിമർശനവുമായി രംഗത്തു വന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... കാനഡയും ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിച്ചപ്പോൾ കാനഡയുടെ പക്ഷം പിടിച്ച് പരോക്ഷമായി ഇന്ത്യയെ വിമർശിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ... മുൻപ് പറഞ്ഞതുപോലെ കമ്മ്യൂണിസ്റ്റുകൾക്ക് ഭാരതം സന്തോഷിക്കുന്നത് ഇഷ്ടമല്ലാത്തവരാണ്...
നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്, ഏതൊരു വിദേശരാജ്യവും ഇന്ത്യയുടെ തകർച്ചയെക്കുറിച്ചൊ ഇന്ത്യ ഏതെങ്കിലും വിഷയത്തിൽ പിന്നോട്ട് നിൽക്കുന്നു എന്ന വിധമൊ സംസാരിക്കുകയോ, പ്രസ്താവനകൾ നടത്തുകയോ ചെയ്താൽ തീർച്ചയായും ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതും ചർച്ചകൾ നയിക്കുന്നതും ആ വിദേശീയ രാജ്യത്തിനെയോ, ഏജൻസിയെയൊ മാധ്യമത്തിനെയോ പിന്തുണച്ചു കൊണ്ടായിരിക്കും... സോഷ്യൽ മീഡിയയിലെ ഇടതുപക്ഷ വെട്ടുകിളികൾ ഈ അവസരങ്ങൾ എല്ലാം എപ്രകാരം "ഭാരതത്തെ പരിഹസിക്കാം" എന്ന ചിന്തയോടെ ഉപയോഗപ്പെടുത്തുന്നത് കാണാം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം നിരന്തരം തകർത്തു കൊണ്ടിരിക്കാൻ വൈദേശികർ കടത്തിവിട്ട വിഷമാണ് കമ്മ്യൂണിസം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റുകൾ ഏറ്റവും ഫലപ്രദം എന്ന് കണ്ട വഴി ഈ നാട്ടിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും രണ്ട് ചേരികളിൽ നിർത്തി തമ്മിലടിപ്പിക്കുക എന്നതാണ്... മതത്തിൻറെ പേരിൽ വെട്ടി മുറിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്... അതിനാൽ തന്നെ മത സംഘർഷങ്ങൾക്ക് ഈ മഹാരാജ്യത്ത് സാധ്യതകൾ ഏറെയാണ്... വിഭജനത്തിന്റെ മുറിവ് ഒരിക്കലും ഉണങ്ങാത്തതാണെന്ന തിരിച്ചറിവുള്ളവനാണ് കമ്മ്യൂണിസ്റ്റുകൾ.. അതുകൊണ്ടുതന്നെ അവർ ആ മുറിവിലേക്ക് നിരന്തരം ഉപ്പുവാരി പുരട്ടിക്കൊണ്ടിരിക്കും... ഭാരതത്തിൽ മുൻപ് സംഭവിച്ചിട്ടുള്ള മതപരമായ സംഘർഷങ്ങളെ എപ്പോഴും സമൂഹത്തിൽ ഓർമിപ്പിച്ചു നിർത്തി ആ മുറിവുകൾ ചോരയിറ്റ് വീഴുന്ന മുറിവുകളായി നിലനിർത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... ബാബറി മസ്ജിദിന്റെ പതനവും തുടർന്ന് മുൻപോട്ട് സംഭവിച്ച കലഹങ്ങളും, സമാധാന ശ്രമങ്ങളും, നിയമ പോരാട്ടങ്ങളും എല്ലാം കഴിഞ്ഞ് നിയമ പരിഹാരമായി തന്നെ ഉയർന്നുവന്ന രാമക്ഷേത്രവും പ്രാണ പ്രതിഷ്ഠയും; അങ്ങനെ എല്ലാ സംഭവങ്ങളോടും ഇവിടുത്തെ പൊതു സമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനപ്പെട്ടിരിക്കുന്നു... പക്ഷേ സസൂക്ഷ്മം നോക്കിയാൽ മനസ്സിലാകും ഭാരത രാജ്യത്തെ പൊതുസമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനത്തിൽ ആകാതിരിക്കാൻ ഇവിടെ ഏറ്റവും അധികം പ്രയത്നിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന സത്യം... ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ പഴയ തലമുറ വാർധക്യത്തിലെത്തപ്പെട്ടു പോവുകയോ കാലത്തിനു പിന്നിലേക്ക് മറഞ്ഞു പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇവിടെ കമ്മ്യൂണിസ്റ്റുകൾ വൈരം പുതുതലമുറയിലേക്ക് പരമാവധി വളർത്താൻ ശ്രമിക്കുന്നു... ഇന്ത്യ മഹാരാജ്യത്തിൽ ഏറ്റവും അപകടകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... കമ്മ്യൂണിസ്റ്റുകളുടെ ഈ ഗൂഢ ലക്ഷ്യങ്ങളെ മനസ്സിലാക്കാതെ കേരളത്തിൽ മാത്രമെങ്കിലും അനേകം ആൾക്കാർ അവരെ പിന്തുണയ്ക്കുന്നു... മറ്റു ചില വിഭാഗം തങ്ങളുടെ കാര്യസാധ്യങ്ങൾ കേരളത്തിൽ പ്രബലമായ പാർട്ടിയെ പിന്തുണച്ചാൽ സാധിക്കും എന്ന ഉദ്ദേശത്തോടെ കമ്മ്യൂണിസ്റ്റുകളെ പിന്തുണയ്ക്കുന്നു... ഏതുവിധേനയുമുള്ള കമ്മ്യൂണിസ്റ്റ് പിന്തുണയും പ്രത്യക്ഷമായും പരോക്ഷമായും ഭാരതം എന്ന മഹാരാജ്യത്തിന് വിനയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിവസം ബാബറി മസ്ജിദിനെ കുറിച്ച് ഏറ്റവും അധികം സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളാണ്... ബാബറി മസ്ജിദിന്റെ ചിത്രങ്ങൾ അടക്കം ഇസ്ലാം മത വിശ്വാസികളുടെ വിരോധവും, വൈരാഗ്യവും ഹിന്ദു സമൂഹത്തിനുമേൽ പടർന്നുകയറണം എന്ന ഉദ്ദേശത്തോടുകൂടി സോഷ്യൽ മീഡിയ ഹാൻ്റിലുകൾ കൈകാര്യം ചെയ്തത് കമ്മ്യൂണിസ്റ്റ് വെട്ടുകിളി കൂട്ടങ്ങളാണ്... പ്രാണ പ്രതിഷ്ഠാ സമയത്ത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും രാമമന്ത്രങ്ങളുമായി വണങ്ങി നിന്നപ്പോൾ "'പള്ളിപ്പറമ്പിലെ രാമനാണ് അയോധ്യയിലുള്ളത്"' അതാണ് രാമൻ്റെ മേൽവിലാസം എന്നു പറഞ്ഞു പരിഹസിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരത രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളാരും തന്നെ കമ്മ്യൂണിസ്റ്റുകൾക്കൊപ്പം ചേർന്നു കൊണ്ട് രാമനെ പരിഹസിക്കുന്നതിനൊ, കമ്മ്യൂണിസ്റ്റുകൾ ആഗ്രഹിക്കുന്നതുപോലെ ഒരു മത ചേരിതിരിവിന് കല്ലുകൾ പാകുന്നതിന് തയ്യാറാകുന്നില്ല എന്നതാണ് നാടിൻറെ സമാധാനവും, കമ്മ്യൂണിസ്റ്റുകളുടെ ആശങ്കയും... ഭീഷണി ഉയർത്താൽ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കൊപ്പം പോന്ന ചില ഇസ്ലാമിക ഭീകര സംഘടനകൾ മാത്രമാണ്... അവരെ നേരിട്ട് പരാജയപ്പെടുത്തുക എന്നത് നാടിൻറെ ആവശ്യവുമാണ്...
ഹിന്ദു മുസ്ലിം സംഘർഷങ്ങൾ എങ്ങനെയൊക്കെ സാധ്യമാക്കാം എന്ന നിദാന്ത പരിശ്രമത്തിനൊപ്പം തന്നെ ഹിന്ദുവിലെ പല ജാതീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ചു ഹിന്ദുവിന്റെ ഐക്യം ഒരിക്കലും സാധ്യമാകാതിരിക്കാൻ വേണ്ട പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു... പല വിഭാഗങ്ങൾ തമ്മിൽ പലതരത്തിൽ നിൽക്കുന്ന സ്പർധയിൽ മാത്രമാണ് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് എന്നു മാത്രം കരുതി പ്രവർത്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... ആശയ ശുദ്ധി കൊണ്ടോ പ്രവർത്തി ശുദ്ധി കൊണ്ടോ യാതൊരു നിലനിൽപ്പും ഇല്ലാത്ത വിഭാഗമാണ് തങ്ങൾ എന്ന സ്വയം തിരിച്ചറിവോടെ തന്നെയാണ് കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിക്കുന്നത്... അതേ തിരിച്ചറിവോടെ തന്നെ പൊതു സമൂഹവും കമ്മ്യൂണിസ്റ്റുകളെ അകറ്റി നിർത്തേണ്ടതും അവരുടെ പ്രചാരവേലകളിൽ അകപ്പെട്ടു പോകാതിരിക്കേണ്ടതും ഈ രാജ്യത്തിൻറെ നിലനിൽപ്പിനും പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ സൗഹാർദ്ദപരമായ ജീവിതത്തിനും ആവശ്യമാണ്...
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ കർമ്മങ്ങളോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും മതസ്പർദ്ധ വളർത്തുന്നതിന് വിവിധങ്ങളായ രീതികളിൽ കമ്മ്യൂണിസ്റ്റുകൾ പരമാവധി പ്രയത്നിച്ചു... മുസ്ലിം സഹോദരങ്ങളുടെ കണ്ണീരാണ് തങ്ങളുടെ കണ്ണുകളിൽ കൂടി വരുന്നതെന്ന് തോന്നുവിതം അവർ കള്ളക്കണ്ണീർ പൊഴിച്ചു... അവർ ആക്രോശിച്ചു കാണിച്ചു... അവർ പലവിധമായ നാടകങ്ങൾ കളിച്ചു കാണിച്ചു... നമ്മൾ മനസ്സിലാക്കണം കമ്മ്യൂണിസ്റ്റുകൾ ലക്ഷ്യം ജനങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അതിനിടയിൽ സ്വന്തം രാഷ്ട്രീയവും,, ലക്ഷ്യങ്ങളും നടപ്പിലാക്കുകയും മാത്രമാണെന്ന്... മുൻപ് വിവരിച്ചതുപോലെ രാജ്യത്തിൻറെ എല്ലാ നിർണായക ഘട്ടങ്ങളിലും രാജ്യത്തെ തള്ളിപ്പറയുകയും, രാജ്യത്തിനെതിരെ പ്രവർത്തിക്കുകയും, രാജ്യത്തിന് അനുകൂലമായി സംസാരിക്കേണ്ട അവസരങ്ങളിൽ അതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത ഒരു പ്രസ്ഥാനമാണ് രാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയുമായി നിബന്ധിച്ചു മുതലക്കണ്ണീരും, നീതിബോധവുമായി വന്നിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം...
കമ്മ്യൂണിസ്റ്റുകൾ ഈ രാജ്യത്ത് നടത്തിയ സമരങ്ങൾക്ക് എല്ലാം എതിരെ നേടിയ നേട്ടങ്ങളാണ് ഈ രാജ്യത്തിൻറെ വികസനവും നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങളും എന്ന സത്യവും ലഘുവാ യെങ്കിലും നമ്മൾ മനസ്സിലാക്കിയാൽ കമ്യൂണിസ്റ്റ് ആഹ്വാനങ്ങളുടെയും പരിഹാസങ്ങളുടെയുംപൊള്ളത്തരവും വഞ്ചനയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും...
ഒരിക്കലും രാജ്യത്തിനൊപ്പം ചിരിക്കാനോ രാജ്യം സന്തോഷിക്കുന്നത് കണ്ടുനിൽക്കാനോ താല്പര്യം ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ
ആ തിരിച്ചറിവ് നമുക്ക് ഉണ്ടായാൽ നമ്മുടെ രാജ്യം എന്നും തലയുയർത്തി പുഞ്ചിരി തൂകിനിൽക്കും
[Rajesh Puliyanethu
Advocate, Haripad]
State Secratary, Nationalist Kerala Congress (NDA)