ശീർഷകത്തിൽ പറയുന്ന വിഷയത്തെക്കുറിച്ചു് ചില സംസാരങ്ങൾ ആണ് ഉദ്ദേശിക്കുന്നത്.... ആയതിനാൽത്തന്നെ ഒരു പ്രഭാഷണ രൂപത്തിൽ അത് അവതരിപ്പിക്കുന്നതാണ് ഉചിതം എന്ന് ഞാൻ കരുതുന്നു...
ആദിമൂലം ശിവക്ഷേത്രമാണ് വേദി... അവിടെ മധ്യവയസ്സു കടന്നിട്ടില്ലാത്ത ഒരു സ്വാമിയാണ് പ്രഭാഷകൻ... അദ്ദേഹത്തിന്റെ പ്രഭാഷണ വിഷയമാണ് ശീർഷകത്തിൽ പറഞ്ഞിരിക്കുന്നത്... ദീപാരാധന കഴിഞ്ഞ നേരം... അത്രകണ്ട് നിബിഢമായിരുന്നില്ല സദസ്സ്.... സ്വാമി പ്രഭാഷണ വേദിയിൽ ഉപവിഷ്ടനായി.... ആദ്യമായിത്തന്നെ ശ്രീ മഹാദേവനെ സ്തുതിച്ചു കൊണ്ട് ഒരു ശ്ലോകം ആലപിച്ചു.... ആലാപനത്തിനു ശേഷം അദ്ദേഹം ഇരുകൈകളും മുകളിലേക്കുയർത്തി തൊഴുതു പിടിച്ചു... അദ്ദേഹം ഉറക്കെപറഞ്ഞു...
""ഈശ്വരൻ എന്ന സത്യത്തെ ഞാൻ വണങ്ങുന്നു...""
സ്വാമിയുടെ പ്രഭാഷണത്തിലെ ആദ്യ വാചകമായിരുന്നു അത്.....
'ഈശ്വരൻ' എന്നത് സത്യമല്ലേ?? ഞാൻ പറഞ്ഞതിനോട് അർക്കെങ്കിലും എതിരഭിപ്രായമുണ്ടോ?? സദസ്സിനോടായി സ്വാമി ആരാഞ്ഞു... സദസ്സിൽ നിന്നും യാതൊരു മറുപടിയും വന്നില്ല....
ഞാൻ ഉറപ്പിച്ചു പറയുന്നു 'ഈശ്വരൻ' സത്യം തന്നെയെന്ന്...
സത്യം തന്നെ എന്ന് ഉറപ്പിച്ചു പറയുന്നതിനെ എങ്ങനെ തെളിയിക്കും?? ശരിയല്ലേ??
ഒരു വിഷയത്തെക്കുറിച്ച് ഉറപ്പിച്ചൊന്നു പറയുമ്പോൾ അത് സത്യമാണെന്നു തെളിയിക്കാനോ,, അല്ലെങ്കിൽ എന്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞു എന്ന് വിശദീകരിക്കാനോ ഉള്ള ഒരു ബാദ്ധ്യത എനിക്കുണ്ട്... എന്റെ ധാരണകളെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് നിങ്ങളുടെ യുക്തിസ്വാതന്ത്യം... ഞാൻ പറയുന്നത് ശരിയല്ലേ??
തൻറെ ഓരോ പ്രസ്ഥാവനകൾക്കിടയിലും സദസ്സിൽ നിന്നും അഭിപ്രായങ്ങൾ അദ്ദേഹം ആരാഞ്ഞ് കൊണ്ടിരുന്നു... പ്രതികരണങ്ങൾക്ക് ആരും തയ്യാറായിരുന്നില്ല... സ്വാമി തന്റെ വാക്കുകൾ തുടർന്നു...
നിത്യവും ഈ ക്ഷേത്രത്തിൽ വന്നു പോകുന്ന അനേകം ആൾക്കാരുണ്ട്.... അവരാരും തന്നെ ഈശ്വരനെ കാണുന്നില്ല... ആരോടെങ്കിലുമൊക്കെ ചോദിച്ചാലോ;; ചിലർ പറയും ഭഗവാൻ ഒരു അനുഭവമാണ് എന്ന്... മറ്റു ചിലർ പറയും ഭഗവാൻ എന്റെ കൂടെത്തന്നെയുണ്ട് എന്ന്... എന്നെ നടത്തിക്കുന്നതു തന്നെ ഭഗവാനാ എന്ന് മറ്റു ചിലർ.... ഞാൻ ഒരു ഈശ്വരവിശ്വാസിയാണെന്ന് തുറന്നു സമ്മതിക്കുന്നത് തന്റെ ആധുനികതക്ക് കോട്ടമാകുമോ എന്ന് തോന്നലുള്ള ചിലർ പറയും 'എനിക്കങ്ങനൊന്നുമില്ല,, പക്ഷെ എന്തോ ഒരു ശക്തിയുണ്ട്...' അതാണല്ലോ.... എന്ന് പറഞ്ഞു നിർത്തും..
ഏതാണെന്നാ ഇക്കൂട്ടർ പറയുന്നത്... ഞാൻ ഉറപ്പിച്ചു പറയുന്നു,, ബഹുഭൂരിപക്ഷവും സ്വന്തമായി ദൃഢതയുള്ള ധാരണകളില്ലാതെയാണ് ആരാധനാലയങ്ങളിൽ എത്തുന്നത് എന്ന്.... അല്ലെങ്കിൽ ഈശ്വര ചിന്തകൾ വെച്ച് പുലർത്തുന്നത് ... ഒരു ഉദാഹരണം പറയാം.... ദിവസ്സവും രണ്ടു നേരം അമ്പലത്തിൽ വന്നു കുളിച്ചു തൊഴുത് ഭഗവത് കീർത്തനങ്ങൾ ജപിച്ചു മാത്രം കാലം കഴിക്കുന്ന ഒരുവൻ.... ഒരു ദിവസ്സം അയാൾ മരുന്നു വാങ്ങാനായി സാധാരണ ഒരു മെഡിക്കൽ സ്റ്റോറിൽ കയറി... പതിവായി കാരുണ്യ മെഡിക്കൽസ്സിൽ നിന്നും മരുന്നു വാങ്ങുന്ന ആളായിരുന്നു അദ്ദേഹം.... മരുന്നു വിലയിൽ ഭീമമായ കൂടുതൽ.... അദ്ദേഹം കടക്കാരനുമായി വഴക്കായി... ഏറ്റവുമൊടുവിൽ അദ്ദേഹം പറഞ്ഞു
""ഈശ്വരൻ എന്നൊരു ശക്തി ഉണ്ടെങ്കിൽ നീ ഇതിന്റെ ഒക്കെ കണക്കു പറയേണ്ടി വരുമെടാ"" എന്ന്...
നമ്മുടെ ഇവിടുത്തെ പ്രസക്തമായ ഭാഗം അദ്ദേഹത്തിൻറെ അവസ്സാന വാചകമാണ്... ""ഈശ്വരൻ എന്നൊരു ശക്തി ഉണ്ടെങ്കിൽ"".... അതാണ്.... ദിവസ്സവും രണ്ടു നേരം അമ്പലത്തിൽ വന്നു കുളിച്ചു തൊഴുത് ഭഗവത് കീർത്തനങ്ങൾ മാത്രം ജപിച്ചു കാലം കഴിക്കുന്ന ഒരുവനും ഒരു വിഷയം വരുമ്പോൾ ഈശ്വരൻ എന്ന ശക്തി ഉണ്ടോ എന്നത് ഒരു സംശയമാണ്...
അതാണ് സ്ഥിതിവിശേഷം... ഈശ്വര ചിന്തകളിൽ സ്വന്തമായി ദൃഢതയുള്ള ധാരണകളില്ല എന്നു മാത്രമല്ല,, ബഹു ഭൂരിപക്ഷവും സംശയത്തിലാണ് എല്ലാം നോക്കിക്കാണുന്നത്.... പക്ഷെ ഞാൻ മുൻപ് പറഞ്ഞ വാക്കുകൾ ആവർത്തിക്കുന്നു...
''ഈശ്വരൻ' സത്യം തന്നെയാണ്"
'സത്യം' അനുഭവമാണ്.... സത്യത്തെ തൊട്ടറിയാൻ കഴിയില്ല... പക്ഷെ സത്യത്തെ അനുഭവിച്ചറിയാൻ കഴിയും... അനുഭവം രണ്ടുതരത്തിലുണ്ട്... മൊറ്റൊരുപാട് കാര്യങ്ങളിലേതെന്നതുപോലെ ഭൗതികവും,, ആത്മീയവും... അതിൽ ഭൗതീകം എന്നത് അധികം വ്യാഖ്യാനങ്ങളില്ലാതെ മനസ്സിലാക്കാവുന്നതാണ്.. കാരണം അത് യാഥാർഥ്യമായി നമ്മുടെ
ഇന്ദ്രീയങ്ങളാൽ തിരിച്ചറിയുന്നവയാണ്... പക്ഷെ 'ആത്മീയം' വളരെ വ്യത്യസ്ഥമാണ്.... കാരണം ഒരുവന്റെ ചിന്തയുടെ ഇന്ദ്രീയങ്ങളാലാണ് ആത്മീയമായ അനുഭവങ്ങൾ ഉണ്ടാകുന്നത്... അത് ഒരുവനിൽ മാത്രം പ്രക്ഷേളിതമാകുന്നതാണ്... അത്തരം ആത്മീയ അനുഭവങ്ങൾ മറ്റൊരുവനുമായി പങ്കുവെക്കുക എന്നത് എല്ലാവരേക്കൊണ്ടും സാദ്ധ്യമായ കാര്യമല്ല... അങ്ങനെ തന്റെ ആത്മീയ അനുഭവങ്ങളെയും മറ്റുള്ളവരിലേക്ക് അനുഭവവേദ്യമാക്കാൻ കഴിയുന്നവരെയായാണ് ലോകം 'മഹത്തുക്കൾ' എന്ന് വിളിച്ചിരുന്നത്....
'മഹത്തുക്കൾ' എന്ന ശീർഷകത്തിൽ ഞാൻ പറഞ്ഞത് സ്വന്തം ആത്മീയ അനുഭവത്തെ മറ്റൊരുവനുകൂടി അനുഭവവേദ്യമാക്കാൻ കഴിയുന്നവനെയാണ്.... അവിടെ സ്വന്തം ആത്മീയ അനുഭവം എന്ന് പറയുന്നത് ഒരു സ്വകാര്യത ആണെന്ന് കൂടി മനസ്സിലാക്കണം... ആ സ്വകാര്യ അനുഭവത്തെയാണ് മറ്റൊരുവന് പകർന്നു കൊടുക്കാൻ ഒരു മഹത് വ്യക്തിക്ക് കഴിഞ്ഞത്... അവിടെ അദ്ദേഹത്തെ മഹത്വമുള്ളവനാക്കിയത് തന്റെ ആത്മീയമായ അനുഭവത്തെ അതായത് തന്റെ സ്വകാര്യമെന്നു വിശേഷിപ്പിക്കാവുന്ന ആന്തരീകമായ ഒരു അനുഭവത്തെ മറ്റൊരുവനിലേക്ക് അനുഭവയോഗ്യമാക്കാൻ കഴിഞ്ഞ ആ കഴിവാണ്... മറിച്ചു് ആ മഹത് വ്യക്തിക്കുണ്ടായ ആത്മീയമായ അനുഭവം എന്തായിരുന്നു എന്നതുകൊണ്ടല്ല.... ആ അനുഭവത്തിന്റെ മേന്മയോ ച്യുതിയോ അവിടെ ഒരു വിശകലന വിഷയമല്ല....
ഞാൻ മുൻപ് പറഞ്ഞ ''സത്യം" എന്ന വസ്തുതക്കും ഇതുപോലെത്തന്നെ ആത്മീയവും ഭൗതീകവും ആയ അനുഭവങ്ങളുണ്ട്... ഒരു സംഭവം നമ്മളിലേക്ക് എത്തുമ്പോൾ നമുക്ക് സ്വതന്ത്രമായ ചിന്തയുടെ അടിസ്ഥാനത്തിൽ 'ശരി' എന്ന തോന്നൽ ഉളവാക്കുകയും അതുവഴി നമ്മുടെ ചിന്തയിൽ നിന്നും അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോൾ അത് "സത്യം" എന്ന തോന്നൽ നമ്മളിൽ ഉണ്ടാക്കുന്നു... ആ അംഗീകാരമാണ് "സത്യം" എന്ന വസ്തുതയുടെ ആത്മീയമായ അംഗീകാരം... ആ അംഗീകാരത്തെ നമ്മുടെ ഭൗതീകമായ ഇന്ദ്രീയങ്ങൾ കൊണ്ട് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ബോദ്ധ്യമാണ് സത്യത്തിന്റെ ഭൗതീകമായ അനുഭവം... പക്ഷെ ""ഈശ്വരൻ"" എന്ന വിഷയത്തിൽ സത്യത്തിന്റെ ഭൗതീകമായ അനുഭവത്തിന് പ്രാധാന്യം തുലോം കുറവാണ്.... മറിച്ചു് സത്യത്തിന്റെ ആത്മീയമായ അംഗീകാരത്തിന്റെ ആകെത്തുകയാണ് ""ഈശ്വരൻ"" എന്ന വസ്തുത...!!
നമ്മൾ അംഗീകരിക്കുന്ന ഒരു 'സത്യം' ഏതൊക്കെ വീക്ഷണ കോണുകളിൽക്കൂടി നോക്കിയാലും സത്യമായിത്തന്നെ തോന്നണം... ആത്മീയമായും, ഭൗതീകമായും, ശാസ്ത്ര പരമായും ചിന്തിക്കുമ്പോൾ സമാനതകളും നമ്മുടെ ചിന്തയിൽ സാധൂകരിക്കപ്പെടുന്നവയും ആയിരിക്കണം.... അതിന് തികച്ചും ആവശ്യമുള്ളത് ""സ്വതന്ത്രമായ ചിന്തയാണ്""... സ്വതന്ത്രമായ ചിന്ത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "മുൻപ് നമ്മളിൽ ഉണ്ടായിരുന്ന ധാരണകൾ പുതിയ ഒരു ചിന്തക്ക് തടസ്സമായി ഉണ്ടാകാതിരിക്കുക എന്നതാണ്... പുതിയതായ വിഷയത്തെ ആ വിഷയത്തിന്റെ നീതിശാസ്ത്രത്തിൽക്കൂടി മാത്രം വിശകലനം ചെയ്യുക... അതൊരു പുതിയ വീക്ഷണത്തിൽ എത്തിയതിനു ശേഷം നമ്മുടെ മുൻകാല ധാരണകളുമായി വിശകലനം ചെയ്യുക... പുതിയ വിഷയങ്ങൾ ചിന്തയുടെ ഒഴിഞ്ഞ പാത്രങ്ങളിൽ നിറയട്ടെ.... അതിനു ശേഷം മാത്രം നിറഞ്ഞ പാത്രങ്ങൾ എടുത്തളന്നു നോക്കൂ... നമ്മുടെ ആത്മാവിലേക്ക് വ്യക്തത നിറക്കാൻ അതിനു സാധിക്കും...
ഈ സത്യത്തിന്റെ ആത്മീയവും ഭൗതീകവും ആയ വശങ്ങളെ എപ്രകാരം തിരിച്ചറിയണം,, ഉൾക്കൊള്ളണം,, അംഗീകരിക്കണം എന്ന് ഒരു ചെറിയ ഉദാഹരണത്തോടെ വിശദമാക്കാം.... ഈ പറയുന്നത് തികച്ചും സയൻസ് ആണ്.. അതായത് ശാസ്ത്രം.... ""ഒരു വസ്തു ഒരു നേർ രേഖയിൽക്കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭൗതീക ഘടനയിലോ, സാഹചര്യത്തിലോ മാറ്റം വരുത്താതെ ,, ഒരു നിമിഷത്തിന്റെ നൂറിലൊരംശമോ,, എന്തിന് ഒരു നിമിഷത്തിന്റെ കോടാനുകോടി അംശത്തിൽ ഒരു സമയത്തേക്കോ നിശ്ചലാവസ്ഥയിൽ എത്താതെ ആ വസ്തുവിന് അതിന്റെ നേർ വിപരീത ദിശയിലേക്ക് സഞ്ചരിക്കാൻ കഴിയില്ല"... ഇത് സത്യമാണ്,, പരമാർഥമാണ്.... ഇതിനു വിപരീതമായി എത്ര ചെറിയ സമയമെങ്കിലും നിശ്ചലാവസ്ഥയിൽ എത്തിക്കാതെ ആ വസ്തുവിനെ എതിർ ദിശയിൽ ചലിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ല.... അത് ശ്രീ മഹാദേവനോ,, കൃഷ്ണനോ,, ക്രിസ്തുവിനോ,, ന്യൂട്ടോണോ,, ഐൻസ്റ്റീനോ,, ഹിറ്റ്ലർക്കൊ,, ട്രമ്പിനോ,, ആർക്കും സാധ്യമല്ല.... ""ആ സാധ്യമല്ല എന്ന സത്യമായ അവസ്ഥയുണ്ടല്ലോ,, അതാണ് ഈശ്വരൻ""" ഈ ഉദാഹരണത്തിൽ പറഞ്ഞ ആ സത്യത്തെ മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയുന്നതാണ് സത്യത്തിന്റെ ആത്മീയമായ അനുഭവം... ഈ ഉദാഹരണത്തെ പരീക്ഷിച്ചു നോക്കി മനസ്സിലാക്കുന്നത് സത്യത്തിന്റെ ഭൗതീകമായ അനുഭവം... നാം മുൻപ് പഠിച്ചു വെച്ചിരിക്കുന്നത്;; "ഈശ്വരൻ എന്തും സാധ്യമാക്കുന്ന ശക്തി" എന്നതിനെ മാറ്റി നിർത്തി ഈ ഉദാഹരണത്തിലെ സത്യം അംഗീകരിക്കുന്നത് സ്വതന്ത്രമായ ചിന്താഗതി.... ഈ സത്യമാണ് "ഈശ്വരൻ" എന്നിരിക്കെ ഈശ്വരനെ അംഗീകരിക്കാതെ പോകുന്നതിന് എന്ത് യുക്തി ഭദ്രതയാണുള്ളത്??? അതിനാലാണ് ഞാൻ "" നിരീശ്വര വാദികൾ"" എന്ന വിഭാഗത്തെ അംഗീകരിക്കാൻ തയ്യാറാകാത്തത്.... എന്റെ കാഴ്ചപ്പാടിൽ അവർ ""സത്യത്തെ അംഗീകരിക്കാത്തവർ "" ആണ്...!!?? ഈ ഒരു ഉദാഹരണത്തിന്റെ സഹായത്താൽ ഈശ്വരനെ പ്രകടമാക്കാൻ ശ്രമിച്ചപ്പോൾ ഇവിടെ "ഏറ്റവും ഒരു ചെറിയ സമയത്തേക്കെങ്കിലും നിശ്ചലാവസ്ഥയിൽ എത്താതെ എതിർ ദിശയിലേക്ക് സഞ്ചരിക്കാൻ 'കഴിയാതെ' വന്നതിലെ 'അസാധ്യത' എന്ന സത്യമായിരുന്നു ഈശ്വരൻ എങ്കിൽ മറ്റു പല ഉദാഹരണങ്ങളിലെയും അചഞ്ചലമായ "സാധ്യമാക്കൽ" ആണ് ഈശ്വരൻ.... അത് യുക്തിയെ ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ മുൻപിൽ കാണുന്ന പല വിഷയങ്ങളിലേയും 'സാധ്യമാകുന്ന സത്യത്തെയും' 'സാധ്യമാകാതിരിക്കുന്ന സത്യത്തെയും' വേർതിരിച്ച് ഉൾക്കൊള്ളുന്നതാണ് ഉചിതം...
ഞാൻ ഇവിടെ ഉദാഹരണ സഹിതം വിവരിച്ച "ഈശ്വരൻ" സത്യമാണ്... ഈ സത്യത്തെ അംഗീകരിക്കുന്ന യുക്തി അംഗീകരിക്കപ്പെട്ടാൽ 'നിരീശ്വര വാദം' യുക്തി വാദത്തിന് എതിരാകും.... അവിടെ "നിരീശ്വര വാദം" തന്നെ അടിസ്ഥാന രഹിതവും അപ്രത്യക്ഷവുമാകും... ഈ ഈശ്വര ചിന്തക്ക് ക്ഷേത്രങ്ങളുടെയോ, പള്ളിയുടെയോ ആരാധനയുടെയോ, ആവശ്യമില്ല... ആരാധിച്ചതുകൊണ്ട് ഗുണമോ, ദോഷമോ ഇല്ല... എന്തിന് ഈ ഈശ്വരനെ അംഗീകരിച്ചത് കൊണ്ടോ അംഗീകരിക്കാതിരുന്നതു കൊണ്ടോ ഗുണമോ, ദോഷമോ ഇല്ല... ഈ സത്യത്തിന് നിർ- ഗുണാവസ്ഥയായാണുള്ളത്... ഇവിടം പ്രളയം വന്നില്ലാതായാലും ഈ സത്യം നിലനിൽക്കും.. "ഈശ്വരൻ" നിലനിൽക്കും.... എല്ലാവർക്കും തുല്യ അനുഭവമായ "ഈശ്വരൻ" ഇതാണ്... ഈ സത്യത്തിനു വിധേയമായി മാത്രമേ എല്ലാ ചരാചരങ്ങൽക്കും പ്രവർത്തിക്കാൻ സാധിക്കൂ... ആ സത്യമാണ് "ഈശ്വരൻ".. ഈ പരമ സത്യത്തെ വേണമെങ്കിൽ ബഹുമാനിക്കാം...അമൂർത്തമായ ഈ സത്യത്തെ അംഗീകരിക്കാം,, അതും പരിപൂർണ്ണമായും നമ്മുടെ സ്വാതന്ത്ര്യ മാണ്.... നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ സത്യം അതായത് ഈശ്വരൻ നിലനിൽക്കും...
നാം ശക്തി സ്വരൂപങ്ങളായി കാണുന്ന ദൈവങ്ങൾ പോലും ഈ "ഈശ്വരന്" വിധേയമായാണ് പ്രവർത്തിക്കുന്നത്...!!??
നിങ്ങളിൽ പലർക്കും ഇപ്പോൾ ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ടായി അല്ലേ?? ഈ സ്വാമി എന്താ ഇങ്ങനൊക്കെ പറയുന്നത്?? ഈശ്വരന് അനുസൃതമായാണ് ദൈവങ്ങൾ പ്രവർത്തിക്കുന്നതെന്നോ?? അപ്പോൾ ഈശ്വരനും ദൈവവും ഒന്നല്ലേ?? നിങ്ങളിൽ പലരിലും ഈ സംശയം ഉണ്ടായിട്ടുണ്ട്, എനിക്കറിയാം.. ഞാൻ ഇതുവരെ പറഞ്ഞതിന്റെ സാരാംശം ഉൾക്കൊണ്ടവർക്ക് അത്ര കൺഫ്യൂഷൻ ഉണ്ടായിരിക്കാനും വഴിയില്ല... ശരിയല്ലേ?? എന്തുമാകട്ടെ,, ആരാണ് ദൈവം?? ഒന്നുമാത്രം നിങ്ങളുടെ ചിന്തയിൽ നിലനിർത്താനും,, ഈ പ്രഭാഷണം തുടർന്നും കേൾക്കുന്നതിനുമായി ഞാൻ പറയാം.....
""ഈശ്വരനും, ദൈവവും രണ്ടും രണ്ടാണ്""....!!??
ശാസ്ത്രത്തിന്റെ ചില കണ്ടെത്തലുകളെ കടമെടുത്തുകൊണ്ടു ചില നിർവചനങ്ങൾക്കു ശ്രമിക്കാം... നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഒരു ചോദ്യം ഉയരുന്നുണ്ട് എന്ന് എനിക്കറിയാം... സ്വാമി ഇവിടെ ദൈവ കാര്യങ്ങളും,, ഈശ്വര കാര്യങ്ങളും ഒക്കെ പറയാൻ വന്നിട്ട് ഇതെന്തിനാ ഈ ശാസ്ത്രത്തെകുറിച്ചൊക്കെ പറയാൻ നടക്കുന്നത് എന്ന്?? ശരിയല്ലേ?? അതെന്തായാലും നമുക്ക് ശാസ്ത്രത്തെ ആശ്രയിച്ചേ മതിയാകൂ... പലരുടെയും ധാരണയിൽ ശാസ്ത്രമെന്നാൽ കോട്ടിട്ട കുറേ ആൾക്കാർ വലിയ സൗകര്യങ്ങളുള്ള പരീക്ഷണശാലകളിയിൽ നടത്തുന്ന പരീക്ഷണങ്ങളും അതിന്റെ അനുബന്ധ കാര്യങ്ങളുമാണെന്നാണ്... അതുമാത്രമല്ല,, ശാസ്ത്രം എന്നാൽ ഇലക്ട്രോണിക്സും,, വൈദ്യവും,, ബഹിരാകാശവും ഒക്കെയായി ചിലർ പരിമിതപ്പെടുത്തി ചിന്തിക്കുന്നു.. എന്ന് കരുതി എല്ലാവരുടെയും ധാരണ അങ്ങനെ ആണെന്നും ഞാൻ പറയുന്നില്ല കേട്ടോ.... പക്ഷെ എന്റെ കാഴ്ചപ്പാടിൽ "ഒരു വിഷയത്തെ അല്ലെങ്കിൽ സമസ്യയെ ഏറ്റവും അധികം യുക്തിക്കു നിരക്കുന്ന വിധത്തിൽ അപഗ്രഥിക്കുന്നതിന് അല്ലെങ്കിൽ വിശകലനം ചെയ്യുന്നതിന് നടത്തുന്ന ശ്രമമാണ് ശാസ്ത്രം,, ക്രമമായ ചിന്തയിൽക്കൂടി യുക്തി അനുവദിക്കുന്ന രീതിയിൽ ഒരു വിഷയത്തെ വിശദീകരിക്കാൻ കഴിയുന്നതും ശാസ്ത്രമാണ്.. അവിടെ ശാസ്ത്രത്തിന്റെ പരീക്ഷണശാല എന്നത് നമ്മുടെ ബോധവും, ചിന്തയും മാത്രമാണ്".. എന്തിന് ശാസ്ത്രം പരീക്ഷണ ശാലയിൽ തെളിയിക്കുന്നത് പോലും ശാസ്ത്രം പ്രസ്ഥുത വിഷയത്തെക്കുറിച്ചു നൽകുന്ന വിശദീകരണത്തിന്റെ കേവലം ഒരു ഭാഗം മാത്രമാണ്... ഏറിയ ഭാഗം പൂർത്തീകരിക്കുന്നത് ചിന്തകൊണ്ടാണ്... പഠന വിഷയത്തിന്റെ കാമ്പിനെ മനസ്സിലാക്കുന്നതിനും, വിശദീകരിക്കുന്നതിനും മനുഷ്യന്റെ യുക്തി അനുവദിച്ചു നൽകണമെന്ന ശാഠ്യം ശാസ്ത്രം കാണിക്കുന്നു... എന്നു കരുതി ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ പരമാർഥങ്ങളാണെന്ന് അർഥമില്ല...! ഒരിക്കൽ ശാസ്ത്രം നൽകിയ വിശദീകരണങ്ങളിൽ നിന്നും പരിണാമമോ,, പരിവർത്തനമോ,, എന്തിന് പൊളിച്ചെഴുത്തോ വരേയോ പിന്നീട് അതേ ശാസ്ത്രം തന്നെ വരുത്തിയിട്ടുണ്ട്.... മാറിവരുന്ന ചിന്തകൾ,, അനുബന്ധമായ ഏതെങ്കിലും കണ്ടെത്തലുകൾ ശാസ്ത്രത്തിന്റെ പ്രസ്തുത വിഷയവുമായി ചേർത്തു വായിക്കുമ്പോളുള്ള പൊരുത്തക്കേട്,, പുതിയ യന്ത്ര സൗകര്യങ്ങളുടെ കണ്ടു പിടുത്തം ഇവയൊക്കെ ശാസ്ത്രം ഒരു വിഷയത്തിൽ ഒരിക്കൽ നൽകിയ വിശദീകരണത്തെ മാറ്റി വിശദീകരിക്കാൻ കാരണമാകും.. ഒരിക്കൽ ശാസ്ത്രം നല്ലതെന്നു പറഞ്ഞതിനെ പിന്നീട് മോശമെന്ന് ശാസ്ത്രത്തിനു തന്നെ ചിലപ്പോൾ പറയേണ്ടി വരും.. അത്തരം അനുഭവങ്ങൾ പോയകാലങ്ങളിൽ നമ്മൾ കണ്ടിട്ടുമുണ്ട്....
നമ്മുടെ ഈ ചർച്ച എന്തായാലും ശാസ്ത്രത്തെ മോശമാക്കി ചിത്രീകരിക്കാനല്ല... മറിച്ച് ശാസ്ത്രം എത്തിനിൽക്കുന്ന ചില നിഗമനങ്ങളെ അംഗീകരിച്ചു കൊണ്ട് നമ്മുടെ സമസ്യക്ക് ചില വ്യക്തതയും, വിശദീകരണവും തേടുകയാണ് ചെയ്യുന്നത്....
നാം ഇന്ന് കാണുന്ന പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചു് "ഇതാണ് ശരിയായത്" എന്ന് അടിവരയിട്ടു പറയാൻ ആർക്കും സാധിച്ചിട്ടില്ല...! അഥവാ അങ്ങനെ ഒരു വിശദീകരണവുമായി ആരെങ്കിലും എത്തിയായാലും അതിനെതിരെ മറ്റു നൂറു വാദഗതികൾ ഉയരും.... കാരണം പല സഹസ്ര കോടി വർഷങ്ങൾക്കു മുൻപാണ് ആ പ്രതിഭാസങ്ങൾ നടന്നിരിക്കുന്നത്... ഇന്ന് ഈ വിഷയങ്ങളിൽ നടക്കുന്നത് കുറച്ചു പഠനങ്ങളും,, അതിലേറെ ആ പഠനങ്ങളെ മുൻനിർത്തിയുള്ള ചിന്തയുമാണ്.... അതിൽ ശാസ്ത്രം എത്തി നിൽക്കുന്ന ഒരു നിഗമനമുണ്ട്.... "" പ്രപഞ്ചത്തിൽ ഉണ്ടായ ഒരു മഹാ വിസ്ഫോടനത്തിന്റെ പരിണിത ഫലമാണ് ഭൂമി ഉൾപ്പെടുന്ന സൗരയൂഥവും,, മറ്റനേകം സൗരയൂഥങ്ങളും രൂപം കൊള്ളാൻ കാരണമായത്" എന്ന്..!! നമ്മുടെ വിഷയത്തിന്റെ സാധൂകരണത്തിന് ഏറ്റവും അനുയോജ്യമായും, സ്വീകാര്യമായും തോന്നിയത് ഇതേ വിസ്ഫോടന തത്വമാണ്... അവിടെ ശാസ്ത്രത്തിന്റെ നിഗമനവും നമ്മുടെ വിശദീകരണങ്ങളും താതാത്മ്മ്യം പ്രാപിക്കുന്നു എന്ന് ഞാൻ വിശ്വസ്സിക്കുന്നു....
എന്റെ വിശദീകരണങ്ങളിൽ "" സൃഷ്ടി"" എന്നതിനെ ഞാൻ പരിപൂർണ്ണമായും തള്ളിക്കളയുന്നു... പകരം "രൂപം കൊള്ളൽ"" പകരമായി ഉപയോഗിക്കുന്നു... ആരും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതായി കരുതുകയേ വയ്യ... കാരണം പ്രപഞ്ചത്തിന്റെ സൃഷ്ടിക്കു മുൻപത്തെ അവസ്ഥ ശൂന്യതയാണ്... പ്രപഞ്ചം എന്ന ഒരു വാക്ക് ഞാൻ പ്രയോഗിച്ചുവെന്നേ ഉള്ളൂ.. ഇവിടെ സൂര്യനും,, ഗ്രഹങ്ങളും,, നക്ഷത്രങ്ങളും,, ,മറ്റനേകം സൂര്യന്മാരും, മറ്റനേകം ചന്ദ്രന്മാരും എല്ലാം ചേരുന്ന നമ്മുടെ സങ്കൽപ്പത്തിലെ പ്രപഞ്ചത്തെ ഉദ്ദേശിച്ചു പറഞ്ഞതാണ്... യാഥാർത്ഥത്തിൽ ഇതൊന്നും ഇല്ലാത്ത അവസ്ഥ ശൂന്യതയാണ്.. ആ ശൂന്യതയിലും പ്രപഞ്ചമുണ്ട്.... ആ ശൂന്യതയും പ്രപഞ്ചമാണ്... ശൂന്യതയെ ആരെങ്കിലും സൃഷ്ടിക്കേണ്ട ആവശ്യമുണ്ടെന്നു കരുതുകവയ്യ....
"സൃഷ്ടി" എന്ന സങ്കൽപ്പത്തെ മാറ്റി നിർത്തി "രൂപം കൊള്ളൽ" എന്ന സങ്കൽപ്പത്തിലേക്ക് എത്താനും കാരണങ്ങളുണ്ട്... സൃഷ്ടി എന്നതിൽ സമാനതകൾ ദൃശ്യമാകേണ്ടതുണ്ട്... പക്ഷെ ഈ പ്രപഞ്ചത്തിൽ ഒന്നുപോലെ മറ്റൊന്നുമില്ല എന്നതാണ് സത്യം... ഈ വ്യത്യസ്തത വിരൽ ചൂണ്ടുന്നത് ഒരു പൊട്ടിത്തെറിയുടെ ചിന്നിച്ചിതറലാണ്... പ്രപഞ്ചത്തിന്റെ ശൂന്യതയിൽ ഉറഞ്ഞു കൂടിയ അതിഭയങ്കരമായ ഊർജ്ജ രൂപത്തിന്റെ വിസ്ഫോടനവും ആ വിസ്ഫോടനത്തിൽ വേർപെട്ട ഊർജ്ജ രൂപങ്ങളുടെ പരിവർത്തനവും,, പരിണാമവുമാണ് ഇന്ന് ഈ പ്രപഞ്ചത്തിൽ കാണുന്ന സർവ്വതും എന്ന് പറയേണ്ടി വരും...
ഇനി ഞാൻ പറയാൻ ഉദ്ദേശിക്കുന്നതെന്തെന്നു പറഞ്ഞതിനു ശേഷം അതിന്റെ വിശദീകരണങ്ങളിലേക്ക് പോകാം.... ഞാൻ മുൻപ് പറഞ്ഞ പൊട്ടിത്തെറിയിൽ നിന്നും ഛിന്നഭിന്നമായ ഉർജ്ജരൂപങ്ങളാണ് ദൈവങ്ങളുടെയും ഉല്പത്തിക്ക് അടിസ്ഥാനം എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്... ദൈവം എന്നത് ഒറ്റ ഒരു ശക്തി മാത്രം എന്ന് കരുതാനും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല.... കാരണം ഒരു പൊട്ടിത്തെറിയുടെ അനന്തരഫലം ചിന്നിച്ചിതറലാണ്.. ആ ചിന്നിച്ചിതറൽ കാരണമാകുന്നത് അനേകം കണങ്ങളുടെ രൂപീകരണമാണ്.... ആ അനേകം കണങ്ങളിൽ ഒന്നിന് ഒന്നൊട് വ്യത്യസ്തതയും, ശക്തിയിലും, ദൃഢതയിലും, വ്യത്യാസവും സംഭവിച്ചിരിക്കും... അപ്രകാരം ചിന്നിചിതറലിന്റെ ഫലമായി രൂപംകൊണ്ട ഉയർന്ന ശക്തി ചൈതന്യങ്ങളെയാണ് നമ്മൾ "ദൈവം" എന്ന് വിളിക്കുന്നത്... അതേ ദൈവങ്ങൾ രൂപം കൊള്ളാൻ കാരണമായ വിസ്ഫോടനത്തിന്റെ മൂല ഊർജ്ജ സ്വരൂപങ്ങളുടെ തന്നെ ഭാഗമാണ് ഈ പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവജാലങ്ങൾ ഉൾപ്പടെയുള്ള ശക്തി സ്വരൂപങ്ങൾ എന്ന് മനസ്സിലാക്കണം... അതിൽപ്പെടുന്നവരാണ് ഞാനും എന്നെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോരോരുത്തരും, എന്നെ കേൾക്കാതെ ഇരിക്കുന്ന അനേകകോടി ജനങ്ങളും,, ജീവിച്ചിരിക്കുന്നതും, മരിച്ചു പോയതുമായ എല്ലാ ജീവജാലങ്ങളും,, നാം ദൈവീക ശക്തി സ്വരൂപങ്ങളായി വിശ്വസ്സിക്കുന്ന ശിവനും,, കാളിയും,, കൃഷ്ണനും,, ക്രിസ്തുവും,, മാടനും,, മറുതയും എന്നു വേണ്ടാ നമ്മൾ പേരിട്ടു വിളിക്കുന്നതും അതിനു കഴിയാത്തതുമായ മറ്റ നേകകോടി ശക്തി ചൈതന്യങ്ങളും....!!! ഇതെല്ലാം ഒരു ഊർജ്ജ വിസ്ഫോടനത്തിന്റെ അനന്തരഫലമായി രൂപം കൊണ്ടതാണെന്ന് പറയാം... ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് 'നാമെല്ലാം ഒരേ ബ്രഹ്മത്തിന്റെ ഭാഗമാണെന്ന്' നമ്മുടെ ഋഷീശ്വരന്മാർ പറഞ്ഞു വെയ്ക്കാൻ കാരണം... ഇപ്പോൾ നിങ്ങൾക്ക് ഞാൻ ഉദ്ദേശിച്ച 'ഈശ്വരനും',, ദൈവവും തമ്മിലുള്ള വ്യത്യാസ്സം മനസ്സിലായിക്കാണും എന്ന് ഞാൻ കരുതുന്നു... ഞാൻ മുൻപ് നേർരേഖയിൽ ചലിക്കുന്ന ഒരു വസ്തുവിന്റെ ഉദാഹരണത്തോടെ ദൈവത്തെ വിശദീകരിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ?? ഈ ഊർജ്ജവിസ്ഫോടനത്തിനു മുൻപും നേർരേഖയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ഭൗതീക ഘടനയിലോ, സാഹചര്യത്തിലോ മാറ്റം വരുത്താതെ ,, ഒരു നിമിഷത്തിന്റെ നൂറിലൊരംശമോ,, എന്തിന് ഒരു നിമിഷത്തിന്റെ കോടാനുകോടി അംശത്തിൽ ഒരു സമയത്തേക്കോ നിശ്ചലാവസ്ഥയിൽ എത്താതെ ആ വസ്തുവിന് അതിന്റെ നേർ വിപരീത ദിശയിലേക്ക് സഞ്ചരിക്കാൻ കഴിയില്ല"... ആ സത്യം അല്ലെങ്കിൽ ഈശ്വരൻ എന്ന തത്വം അപ്പോഴുമുണ്ട്....
ഞാൻ മുൻപ് പറഞ്ഞ ശക്തി ചൈതന്യത്തെയാണ് ചിലർ "ആത്മാവ്" എന്ന പേരിട്ടു വിളിച്ചത്....
"സൃഷ്ടി" എന്ന സങ്കൽപ്പത്തെ തള്ളിക്കളഞ്ഞു കൊണ്ട് "രൂപം കൊള്ളൽ" എന്ന സങ്കൽപ്പത്തെ സ്വീകരിക്കണം എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു... അങ്ങനെ ഞാൻ പറയാനുള്ളതിനു കാരണം "സൃഷ്ടി" എന്ന സങ്കൽപ്പത്തിന് തന്നെ ഒരു നൈതികമായ കുറവുണ്ട്.... അതിൽ പരമപ്രധാനമായത് സൃഷ്ടിയിലെ വൈരുധ്യങ്ങളാണ്... നമ്മുടെ സങ്കൽപ്പത്തിലെ നീതിമാനായ ദൈവം 'സൃഷ്ടി' നടത്തിയിരുന്നെങ്കിൽ ഈ വൈരുദ്ധ്യങ്ങൾ സാദ്ധ്യമായിരുന്നില്ല എന്നാണ് എന്റെ പക്ഷം.... കാരണം വൈരുദ്ധ്യങ്ങൾ നിറഞ്ഞ സൃഷ്ടി തന്നെ അനീതിയാണ്... സൃഷ്ടിയിൽ പ്രകടമാകേണ്ടത് സമാനതയാണ്... പ്രപഞ്ചത്തിൽ കാണാൻ കഴിയാത്തതും സമാനതയാണ്... ഒരേ ഗർഭപാത്രത്തിൽ ഒന്നിച്ചുകിടന്നു വളർന്നു ജനിക്കുന്ന കുട്ടികളിൽ പോലും കാണുന്നത് വൈരുദ്ധ്യമാണ്... കേവലം കാഴ്ചയിൽ അവർക്കുണ്ടാകുന്ന സമാനതകൾ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാം സമാനതകൾ പുലർത്താത്തവയായിരിക്കും... കാഴ്ചപ്പാടുകൾ,, ചിന്തകൾ,, താൽപ്പര്യങ്ങൾ,, നിലപാടുകൾ,, അനുഭവങ്ങൾ അങ്ങനെ എല്ലാം.... സൂഷ്മമായി പരിശോധിച്ചാൽ സമാനമെന്ന് നമ്മൾ കരുതിയ രൂപ ത്തിൽപ്പോലും വ്യത്യസ്തതകൾ അനേകമായിരിക്കും.... അവിടെയെല്ലാം ഒരു പൊട്ടിത്തെറിയിൽ നിന്നും രൂപം കൊണ്ട വ്യത്യസ്തകകൾ ആണ് നമുക്ക് ദൃശ്യമാകുന്നത്....
സൃഷ്ടിയിലെ അനീതി ഒന്നിനു മറ്റൊന്നിനോടുള്ള വ്യത്യസ്തതയാണെന്നു പറഞ്ഞു... ആ വ്യത്യസ്തതയോടൊപ്പം അനുഭവവും ജീവജാലങ്ങളിൽ വ്യത്യസ്തമായതാണ് സൃഷ്ടിയെ കൂടുതൽ അനീതികരമാക്കുന്നത് എന്നാണ് എന്റെ പക്ഷം... ദൈവത്തിന്റെ രണ്ടു സൃഷ്ട്ടികളാണ് കുതിരയും മനുഷ്യനും.... മനുഷ്യനെ ചുമന്നുകൊണ്ട് ഓടാനുള്ള വിധി കുതിരക്കും,, അതിന്റെ പുറത്തു സവാരി ചെയ്യാനുള്ള വിധി മനുഷ്യനും നൽകിയതിലൂടെ നീതി പങ്കുവെച്ച ദൈവം പക്ഷഭേദം കാട്ടി എന്നല്ലേ മനസ്സിലാക്കേണ്ടത്?? പക്ഷെ നമ്മൾ മനസ്സിൽ കാണുന്ന നീതിമാനായ ദൈവത്തിന് അനീതി കാട്ടാൻ കഴിയുമോ?? ഒരിക്കലുമില്ല.... അപ്പോൾ എന്തുകൊണ്ട് ഇപ്രകാരം സംഭവിച്ചു?? ഈ സംശയത്തിന് ഒരിക്കൽ ഒരാൾ എന്നോട് ഒരു മറുപടി പറഞ്ഞു..... "" ഓരോ വ്യത്യസ്ഥ അനുഭവങ്ങൾ സമ്മാനിക്കുന്നത് അവന്റെ കർമ്മഫലങ്ങളാണത്രെ!!??" ശരി,, ആ വാദഗതിയെയും നമുക്ക് മാനിക്കാം.... പക്ഷെ അവിടെ ചില ചോദ്യങ്ങൾ ഉയർത്താതെ നിവർത്തിയില്ല.... ഒരുവൻ കർമ്മങ്ങൾ ചെയ്യുന്നത് എന്തിന്റെ പ്രേരണയിലാണ്?? അതിനു കിട്ടിയ ഉത്തരം "അവന്റെ ആത്മാവിൻന്റെ മഹത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവൻ കർമ്മങ്ങൾ ചെയുന്നത്.." അതായത് ആതാമാവിന്റെനിയന്ത്രണത്തിൽ ആണ് കർമ്മങ്ങൾ ചെയ്യുന്നു, അതായത് ആത്മാവിന്റെ മഹത്വമാണത്രെ ചിന്തയെയും, പ്രവര്ത്തിയേയും സ്വാധീനിക്കുന്നത്... കർമ്മങ്ങളുടെ മേന്മയും, ച്യുതിയും കർമ്മഫലങ്ങളെ നിശ്ചയിക്കുന്നു... ഈ കർമ്മ ഫലങ്ങൾ അനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു.... അങ്ങനെയെങ്കിൽ ദൈവം ആദ്യമായി സൃഷ്ടി നടത്തിയ അവസ്സരത്തിൽ,, അതായത് ഒരു സൃഷ്ടിക്ക് കർമ്മം ചെയ്യാൻ അവസ്സരം ലഭിക്കുന്നതിനും മുൻപ് തന്റെ കർമ്മ ഫലത്തിന് ദോഷം ഉണ്ടാകുന്ന ഒരു കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലെ ഒരു സൃഷ്ടി എന്തിന് ദൈവം നടത്തി?? വിവിധങ്ങളായ ആത്മ ചൈതന്യങ്ങളെ സൃഷ്ടിച്ചു വിരുദ്ധങ്ങളായ കർമ്മങ്ങളും,, കർമ്മഫലങ്ങളും എന്തിനു വിധിച്ചു?? അങ്ങനെ വരുമ്പോൾ "സൃഷ്ടി" എന്ന സങ്കല്പം തന്നെ ദൈവത്തെ മോശക്കാരനായി ചിത്രീകരിക്കാനുള്ളതാണെന്ന് തോന്നിപ്പോകും.... അവിടെ ഒരു വിസ്ഫോടനത്തിൻറെ ചിന്നി ചിതറലായി രൂപം കൊണ്ടതെന്ന് ഇന്നത്തെ പ്രപഞ്ച പ്രതിഭാസ്സങ്ങളെ ഒന്ന് ആലോചിച്ചു നോക്കൂ... അതിൽ പ്രപഞ്ചത്തിലെ ഒന്നിനൊന്നോടുള്ള വ്യത്യസ്ഥതയുടെ എല്ലാ ന്യായീകരണങ്ങളും അടങ്ങിയിരിക്കുന്നു... സൃഷ്ടിയേക്കാൾ യുക്തിഭദ്രമായതും വിസ്ഫോടനത്തിന്റെ ഫലമായി സംഭവിച്ച രൂപംകൊള്ളലിനാണെന്നതാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്....
പൊട്ടിത്തെറിയുടെ പരണിതഫലമായ ചിന്നിച്ചിതറലുകളാണ് എല്ലാ ശക്തി ചൈതന്യങ്ങളുടെയും ഉത്ഭവത്തിനുകാരണം എന്നിരിക്കെ അതിലെ സ്വോഭാവികത മാത്രമാണ് "വ്യത്യസ്സ്തത"... ശരിയല്ലേ?? ഞാൻ പറയുന്നത് നിങ്ങള്ക്ക് മനസ്സിലാകുന്നുണ്ടല്ലോ, അല്ലെ?? ആരും ഒരു ചോദ്യവും ഉന്നയിക്കുന്നില്ല... അതാണ് ഞാൻ ഇങ്ങനെ നിങ്ങളോടായി ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത്.. ശരി,, വ്യത്യസ്തത സംഭവിക്കുന്നത് ഒരു നിസ്സാര ഉദാഹരണം കൊണ്ട് പറയാം.... ഒരു ഇഷ്ടിക,, ചിലയിടങ്ങളിൽ ചുടു കട്ട എന്ന് പറയുന്ന സാധനം.... നിങ്ങൾ അതിൽ ഒരെണ്ണമെടുത്ത് കൃത്യമായ അളവുകളിൽ മുറിച്ചു വെയ്ക്കുക.. ആ അളവുകൾക്ക് ഏതെങ്കിലും ഒക്കെ കാര്യത്തിൽ സമാനതകൾ ഉണ്ടാകും..... എന്നാൽ ആ ചുടുകട്ടക്ക് ഉള്ളിൽ നിന്നും രൂപം കൊള്ളുന്ന ഒരു അതി സമ്മർദ്ദത്തിൽ ആ ഇഷ്ടിക പൊട്ടിത്തെറിക്കുന്നു എന്ന് ചിന്തിക്കുക... വെറുതേ ഒന്ന് ചിന്തിക്കുക... ആ പൊട്ടിത്തെറിയിൽ രൂപം കൊള്ളുന്നതെന്തും ഒന്നിനൊന്നോട് സാമ്യം ഇല്ലാത്തവ ആയിരിക്കും.... അവിടെ ചുടുകട്ട മുറിച്ചു വെച്ച കർമ്മത്തിൽ സൃഷ്ടി ഉണ്ട്... രണ്ടാമത്തേതിൽ ഇല്ല... ഏതാ രണ്ടാമത്തെ കർമ്മം...ക്‍.. അതേ... വിസ്ഫോടനം.... ഒന്നാമത്തേതിൽ സൃഷ്ടി ഉള്ളതിനാൽ സൃഷ്ട്ടാവ് ആവശ്യമാണ്.... രണ്ടാമത്തേതിൽ സൃഷ്ടിയല്ല...
വിസ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ രൂപം കൊള്ളലാണ്.... ആ രൂപം കൊള്ളലിലാണ് വ്യത്യസ്തത ഉണ്ടായത്.... പ്രപഞ്ചത്തിലെ യാഥാർഥ്യം വ്യത്യസ്തതയാണ്... അപ്പോൾ നമുക്ക് രണ്ടാമത്തെ ചിന്തയെ അല്ലേ അംഗീകരിക്കാൻ കഴിയൂ...!!?? അതല്ലേ യുക്തി ഭദ്രത നൽകുന്നത്?? നിങ്ങൾക്ക് വേഗത്തിൽ ഉൾക്കൊള്ളുന്നതിനാണ് ഞാൻ ഈ ഒരു ഉദാഹരണം പറഞ്ഞത്.... ഞാൻ പറഞ്ഞ അടിസ്ഥാന വിഷയത്തെ ഒരു ഇഷ്ടിക പൊട്ടിത്തെറിക്കുന്ന കഥയുടെ ലാഘവത്തിൽ നിങ്ങൾ എടുക്കുകയും ചെയ്യരുത്... മനസ്സിലായില്ലേ??? നിങ്ങളുടെ ചിന്തയുടെ ഒരു ചാല് എന്റെ വഴിയിലേക്ക് വെട്ടി വെയ്ക്കാൻ വേണ്ടി മാത്രം പറഞ്ഞ ഒരു ഉദാഹരണം എന്ന് കണ്ടാൽ മതി.....
എന്റെ ഈ ഉദാഹരണത്തിൽ വിസ്ഫോടനത്തിനു വിധേയമായത് ചുടുകട്ട ആണെങ്കിൽ പ്രപഞ്ചത്തിൽ അത് സംഭവിച്ചത് ഊർജ്ജജ്ജത്തിലാണ്.... അതിനാൽത്തന്നെ ഊർജ്ജത്തിന്റെ വിവിധ അവസ്ഥകളും,, രൂപങ്ങളുമായി 'ഉൽപ്പന്നങ്ങൾ'...!! അതിൽ വിസ്ഫോടനത്തിന്റെ സ്വോഭാവികതയായ "വ്യത്യാസങ്ങൾ" രൂപം കൊണ്ട ശക്തി ചൈതന്യങ്ങളിൽ ഉണ്ടായപ്പോൾ വ്യത്യസ്തങ്ങളായ ശക്തി ചൈതന്യങ്ങളും അവയുടെ വ്യത്യസ്തങ്ങളായ പ്രകൃതങ്ങളും പ്രപഞ്ചത്തിന്റെ സ്വൊഭാവമായി... നിങ്ങൾക്ക് ഞാൻ പറയുന്നത് ഉൾക്കൊള്ളാൻ കഴിയുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്... എൻ്റെ ഈ ധാരണകളെ തിരുത്താൻ കഴിയുന്ന ഒന്ന് സദസ്സിൽ നിന്നും ഉണ്ടായാൽ ഞാൻ സ്വാഗതം ചെയ്യുന്നു... ഈ ധാരണകളുമായിത്തന്നെ ജീവിച്ചു മരിക്കണമെന്നൊന്നും എനിക്കില്ല... പകരം എന്റെ ചിന്തയെ കൺവിൻസ് ചെയ്യാൻ കഴിയുന്ന ഒന്ന് നിങ്ങൾ അവതരിപ്പിച്ചാൽ അത് പിന്തുടരാനും പ്രചരിപ്പിക്കാനും ഞാൻ റെഡി.... സ്വാമി സദസ്സിനെ ഉണർത്തി നിർത്താനും തന്റെ സംസാരങ്ങൾക്കിടയിൽ ശ്രദ്ധ പുലർത്തുന്നുണ്ട്...
വിസ്ഫോടന ഫലമായി ഉണ്ടാകുന്ന വ്യത്യസ്ത ശക്തി ചൈതന്യങ്ങൾ പ്രപഞ്ചത്തിൽ ശക്തി വ്യത്യാസങ്ങളെയും നിർണ്ണയിച്ചു... ചില ഉയർന്ന ശക്തി ചൈതന്യത്തിന്റെ രൂപം കൊള്ളൽ സാദ്ധ്യമായതുപോലെ ചെറിയശക്തി ചൈതന്യങ്ങളുടെ രൂപം കൊള്ളലും സാദ്ധ്യമായി... ഉയർന്ന ശക്തി ചൈതന്യങ്ങളുടെയും അവിടുന്നു താഴോട്ട് ശക്തി ചൈതന്യം വ്യത്യാസ്സപ്പെടുന്നതിനനുസ്സരിച്ചു ശക്തി ചൈതന്യങ്ങളുടെ പ്രഹര ശേഷിയും,, നിർമ്മാണ,, നശീകരണ,, ക്രമീകരണ-പുനഃ ക്രമീകരണ ശേഷികളും വ്യത്യാസ്സപ്പെടും... നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഞാൻ ഒന്നു വിശദീകരിക്കാം... ഞാൻ ഇപ്പോൾ നിൽക്കുന്നത് മഹാദേവ ക്ഷേത്രത്തിലായാണ്.... അതിനാൽ പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന ശക്തി ചൈതന്യമായി ഞാൻ മഹാദേവനെ നിങ്ങളുടെ മുൻപിൽ ഉദാഹരിക്കുന്നു... അതിനും മുകളിലുള്ള ശക്തി ചൈതന്യം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,, അത് നമ്മുടെ വിഷയത്തിൽ പ്രസക്തമല്ല... പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ശക്തി ചൈതന്യമായി ഒരു കൊതുകിനെ ഉദാഹരിക്കുന്നു.... കൊതുകിലും ചെറിയ ശക്തി ചൈതന്യം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ... അതും നമ്മുടെ വിഷയത്തിൽ പ്രസക്തമല്ല.... പക്ഷെ ഈ രണ്ടു ശക്തി ചൈതന്യങ്ങളും ഒരേ ക്രമത്തിലെ വിവിധ രൂപങ്ങളാണെന്നു കാണണം... ഈ രണ്ടു ശക്തി ചൈതന്യങ്ങളും അതിനിടയിൽ വരുന്ന എല്ലാ ശക്തി ചൈതന്യങ്ങളും,, സർവ്വ ചരാചരങ്ങളും ഒരേ ഊർജ്ജത്തിന്റെ വിവിധ ഭാവങ്ങളായി രൂപം കൊണ്ടാതാണെന്നു മനസ്സിലാക്കണം... ഇതേ മഹാദേവന്റെയും,, കൊതുകിന്റെയും ഇടയിലെ അന്തരം ശക്തി വ്യത്യാസമാണ്... മറിച്ചു് സൃഷ്ടിയും സൃഷ്ട്ടാവും തമ്മിലെ അന്തരമല്ല... സർവ്വതിനേയും ഒരു വിസ്ഫോടനത്തിന്റെ തന്നെ വിവിധ ഉല്പന്നങ്ങളായികാണുവാനുള്ള യുക്തി ചിന്തയും കൂടിയാണ് ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്....
ശക്തി ചൈതന്യം പ്രപഞ്ചത്തിലെ സകലതിലും നിലനിൽക്കുന്നു... ഞാൻ മുൻപ് ഉദാഹരണത്തിൽ പറഞ്ഞ ചുടു കട്ടയിലും വരെ അതുണ്ട് എന്ന് പറയേണ്ടി വരും... അത് പോട്ടെ.... നമുക്ക് കൂടുതൽ 'ഉന്നതി' കൈവരിക്കാൻ നാം എന്തു ചെയ്യണം എന്നാണ് നിങ്ങൾക്ക് എന്റെ പ്രഭാഷണം ഇത്രയും കേട്ടതിൽ നിന്നും മനസ്സിലായത്?? അങ്ങനെ ചോദിച്ചാൽ "ഉന്നതി" എന്ന വാക്കിനൊരു വ്യക്തത വരുത്തണം; അല്ലേ?? ശരി, അത് ഞാൻ നിങ്ങൾക്ക് വിട്ടു തരികയാണ്.... നിങ്ങൾ എന്താണ് 'ഉന്നതി' എന്ന് കരുതുന്നുവോ, അതാണ് 'ഉന്നതി'.... അപ്പോൾ പിന്നെ ഉന്നതിയുടെ വിശദീകരണം ആവശ്യ മാകുന്നില്ലല്ലോ? ചിലർ സാമ്പത്തികമായ ഉന്നതിയെ ഉന്നതിയായി കാണുന്നു... ചിലർ പഠിത്തം,, ചിലർ കുടുംബത്തിലെ മേന്മ,, ചിലർ ആഴത്തിൽ ചിന്തിക്കാനുള്ള കഴിവ്,, ചിലർ കലാ രംഗത്തെ ഉയർച്ച,, ചിലർക്ക് ആഹ്ളാദ- വിനോദങ്ങൾ അങ്ങനെപലതാണ്... ഭൗതീകമായ ഇത്തരം ഉന്നതികളെ ഒഴിച്ച് നിർത്തി ആത്മീയമായ ചിന്തകളിൽ മുഴുകി ജീവിക്കാൻ കഴിയുന്നതാണ് 'ഉന്നതി' എന്ന് കരുതുന്നവരും ഉണ്ട്... ഏതു മായിക്കോട്ടെ, നിങ്ങൾ 'ഉന്നതി' എന്ന് കരുതുന്നത് ലഭ്യമാകാൻ എന്ത് നേടണമെന്നാണ് നിങ്ങൾ കരുതുന്നത് എന്നാണ് എന്റെ ചോദ്യം?? നമ്മുടെ എല്ലാ വ്യത്യാസങ്ങളുടെയും അടിസ്ഥാനം ശക്തി ചൈതന്യത്തിലെ വ്യത്യാസ്സമാണെന്നിരിക്കെ,, കുതിരപ്പുറത്തു കയറാൻ മനുഷ്യനും,, മനുഷ്യനെ ചുമക്കാനുള്ള കർമ്മം കുതിരക്കും ലാഭച്ചതിനു പിന്നിലെ രഹസ്യം ശക്തി ചൈതന്യത്തിലെ വ്യത്യാസ്സമാണെന്നിരിക്കെ നമുക്ക് 'ഉന്നതി' ലഭിക്കാൻ നാം എന്ത് ചെയ്യണം...?? പറയൂ.... അതേ.. നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കണം... നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ കഴിയുന്തോറും നമ്മിലേക്ക് 'ഉന്നതി' വന്നു ചേർന്നുകൊണ്ടിരിക്കും....
ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നത് എങ്ങനെയാണ്?? അതിനെന്താണ് ചെയ്യേണ്ടത്?? നമ്മൾ പണ്ടു മുതലേ ഗുരുക്കന്മാരിൽ നിന്നും,, ആചാര്യൻ മാരിൽ നിന്നും ഒക്കെ കേൾക്കുന്ന ഒന്നുണ്ട്... പുണ്യ കർമ്മങ്ങൾ നമ്മിലെ ചൈതന്യത്തെ വർധിപ്പിക്കും എന്ന്.... സ്വോഭാവികമായ ഒരു ചോദ്യം അതിനുള്ളിൽത്തന്നെയുണ്ട്... എന്താ അത്?? എന്താ ഈ പുണ്യ കർമ്മങ്ങൾ?? ശരിയല്ലേ?? പുണ്യ കർമ്മങ്ങൾക്ക് അങ്ങനെ എഴുതി തയ്യാറാക്കിയ നിയമാവലി ഒന്നും ഇല്ല....ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ കഴിയുന്ന ഏതൊന്നിനേയുമാണ് പുണ്യ കർമ്മങ്ങൾ,, സദ് കർമ്മങ്ങൾ എന്നൊക്കെപറയുന്നത്.... ചില പ്രവർത്തികൾ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നതായും , അതുവഴി സ്വന്തമായി അനുഭവവേദ്യമായ ഉന്നതിയേയും തിരിച്ചറിഞ്ഞു അപ്രകാരം അനേക നാളിലെ തിരിച്ചറിവാണ് മാനവരാശി ചില കർമ്മങ്ങളെ പുണ്യകർമ്മങ്ങൾ എന്ന ശീർഷകത്തിൽ നിരത്തിയത്.... ആ കർമ്മങ്ങൾ സദ് കർമ്മങ്ങൾ എന്ന ശീർഷകത്തിൻ കീഴിൽ വരാൻ കാരണം ആ കർമ്മങ്ങൾ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ സഹായിച്ചതിനാലാണ് എന്നതാണ് ചുരുക്കം...
ശക്തി ചൈതന്യത്തിന്റെ ഈ വർദ്ധനവിനായുള്ള പ്രവർത്തികളെ പ്രപഞ്ചത്തിലെ എല്ലാ ശക്തി ചൈതന്യങ്ങളും ഇഷ്ട്ടപ്പെടുന്നു എന്ന് കാണണം... അതിനായുള്ള വ്യായാമങ്ങൾ എത്രത്തോളം നിറവേറ്റപ്പെടുന്നു എന്നത് മറ്റൊരു ചോദ്യം... ഈ ശക്തി ചൈതന്യത്തെ സ്വന്തം കർമ്മം കൊണ്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ ഏതൊരുവനും ഏറ്റവും ഉന്നതമായ ശക്തിയോളം എത്താൻ കഴിയും എന്ന് നമ്മൾ അംഗീകരിക്കണം... ഞാൻ മുൻപ് പറഞ്ഞില്ലേ,, ഏറ്റവും വലിയ ശക്തി ചൈതന്യമായി മഹാദേവനെ കാണാമെന്ന്.... ഒരുവൻ തന്റെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിച്ചാൽ അവന് മഹാദേവനോളം ശക്തിമാനാകാൻ തടസ്സമൊന്നുമില്ലെന്ന് തത്വത്തിലെങ്കിലും അംഗീകരിക്കാൻ നാം തയ്യാറാകണം.... ഒരു ഉദാഹരണത്തിൽക്കൂടി വിശദീകരിച്ചാൽ;; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് എവറസ്റ്റ്.... അത് കീഴടക്കുക ദുഷ്ക്കരമെങ്കിലും അതിന്റെ നെറുകയിൽ എത്തിയ മനുഷ്യരുണ്ട്.... അതിന്റെ പത്തിരട്ടി ഉയരമുള്ള ഒരു പർവതത്തെ ഒന്ന് ആലോചിക്കൂ... ഒരു എവറസ്റ്റിനെ കീഴടക്കാൻ കഴിഞ്ഞവന്റെ പത്തിരട്ടി ക്ഷമത ഉള്ളവന് പത്തിരട്ടി വലുപ്പമുള്ള പർവ്വതം കീഴടക്കാൻ കഴിയുമെന്ന് നാം തത്വത്തിലെങ്കിലും അംഗീകരിക്കണം... അതിലെ പ്രായോഗീകതകൾ ആ അംഗീകാരത്തിന് തടസ്സമല്ല എന്നും കാണണം.... അത് പോലെ തന്നെയാണ് ഒരുവൻ തന്റെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിച്ചാൽ അവന് മഹാദേവനോളം ശക്തിമാനാകാൻ തടസ്സമൊന്നുമില്ലെന്ന് തത്വത്തിലെങ്കിലും അംഗീകരിക്കാൻ നാം തയ്യാറാകണം എന്ന് പറഞ്ഞത്... അവിടേയും പ്രായോഗീകതയെക്കുറിച്ചുള്ള ചിന്ത ഈ വിധമായ അംഗീകാരത്തിന് തടസ്സമേ അല്ല... ഇവിടെ ഒരു ചെറിയ യുക്തിയുടെ വിഷയം പറയാം.... ഈശ്വരനെ എപ്രകാരം മനസ്സിലാക്കണം എന്ന് ഞാൻ പറഞ്ഞ ഉദാഹരണത്തിൽ ""ഒരു വസ്തു ഒരു നേർ രേഖയിൽക്കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭൗതീക ഘടനയിലോ, സാഹചര്യത്തിലോ മാറ്റം വരുത്താതെ ,, ഒരു നിമിഷത്തിന്റെ നൂറിലൊരംശമോ,, എന്തിന് ഒരു നിമിഷത്തിന്റെ കോടാനുകോടി അംശത്തിൽ ഒരു സമയത്തേക്കോ നിശ്ചലാവസ്ഥയിൽ എത്താതെ ആ വസ്തുവിന് അതിന്റെ നേർ വിപരീത ദിശയിലേക്ക് സഞ്ചരിക്കാൻ കഴിയില്ല"... എന്ന് പറഞ്ഞതിലെ അസംഭവ്യതയെയും,, ഒരു എവറസ്റ്റിന്റെ കീഴടക്കാൻ കഴിഞ്ഞവന്റെ പത്തിരട്ടി ക്ഷമത ഉള്ളവന് പത്തിരട്ടി വലുപ്പമുള്ള പർവ്വതം കീഴടക്കാൻ കഴിയുമെന്ന് പറഞ്ഞതിലെ സംഭവ്യത്തെയും അംഗീകരിക്കാനുള്ള യുക്തി നമുക്കുണ്ടാകണം...
സ്വന്തം ശക്തി ചൈതന്യത്തെ ഉയർത്താൻ ഉതകുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ ചില വ്യായാമങ്ങളാണ് ആരാധനയും,, ഉപാസനയും,, പ്രാർഥനയും,, ധ്യാനവും,, ദാനവും,, തന്ത്ര- മന്ത്രാദികളും,, സദ്- കർമ്മ ആചരണവും എല്ലാം.... സ്വന്തം ശക്തി ചൈതന്യം വർദ്ധിപ്പിക്കാൻ ഉതകുന്ന ഈ വ്യായാമ ക്രമങ്ങൾക്ക് അംഗീകാരവും,, സാധാരണക്കാരിൽ പ്രചാരണവും ലഭിക്കുന്നതിനാണ് ഇവയെല്ലാം ചിട്ടപ്പെടുത്തുകയും,, അനുഷ്ഠിക്കപ്പെടേണ്ടവ എന്ന മേൽ ശബ്ദത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്... സ്വന്തം ശക്തി ചൈതന്യം വർദ്ധിപ്പിക്കാൻ ഉതകുന്ന പ്രവർത്തികൾ ക്രൊദ്ധീകരിച്ചു നിർദ്ദേശിച്ചവയിലെ സമാനതകൾ ഉള്ള കൂട്ടങ്ങൾ ഒത്തുചേർന്നാണ് 'മതങ്ങൾ' രൂപീകൃതമായതെന്ന് നമുക്ക് നിസ്സംശയം പറയാം....
ഇനിയുമാണ് ഈ സമസ്യയിലെ പുരോഗമന ആശയങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതെന്ന ആക്ഷേപം വാങ്ങാൻ സാദ്ധ്യത ഉള്ള മേഘല... അതുകൊണ്ടു തന്നെ ഞാൻ ഈ പ്രഭാഷണത്തിനു തുടക്കത്തിൽ പറഞ്ഞ ഒരു കാര്യം ആവർത്തിക്കുന്നു... നിങ്ങൾ കേൾക്കുന്നതിനെ നിങ്ങൾ അംഗീകരിക്കുന്നത് യുക്തിക്ക് അനുസൃതം ആയിരിക്കണം... പക്ഷെ നിങ്ങളുടെ യുക്തിയെ ഭരിക്കുന്നതിന് ഒരിക്കലും നിങ്ങൾ മുൻകാലത്ത് മനസ്സിൽ ഉണ്ടാക്കി വെച്ച ധാരണകൾ ആകരുത്... നിങ്ങൾ സ്വതന്ത്ര മനസ്സോടെ വിഷയങ്ങളെ സമീപിക്കൂ... അതിനു ശേഷം മുൻകാല ധാരണകളോടും,, അറിവിനോടും ചേർത്തു വായിച്ചു നോക്കൂ... വീണ്ടും വീണ്ടും ആലോചിച്ചാലും യുക്തിയെ വെല്ലുവിളിക്കാത്ത ഒരു ചിന്ത നിങ്ങളിൽ രൂപം കൊള്ളും.....
പിന്നെ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു സ്വഭാവചര്യ ചിലർക്കുണ്ട്....
എന്താണത് എന്നല്ലേ??
അവർ സ്വന്തം യുക്തിക്ക് അനുസൃതമായി ഒരു തത്വം രൂപീകരിക്കുന്നു... ആ തത്വം എന്തുമായി ബന്ധപ്പെട്ടാണോ രൂപീകരിച്ചത് ആ തത്വത്തിനനുസൃതമായി മാത്രമേ പ്രസ്ഥുത വിഷയം സംഭവിക്കൂ അല്ലെങ്കിൽ പ്രവർത്തിക്കൂ എന്ന് ഉറച്ചു വിശ്വസ്സിക്കുന്നു... അത് മാത്രമല്ല ആ തത്വത്തിനനുസൃതമായി മാത്രമേ പ്രവർത്തിക്കാവൂ അല്ലെങ്കിൽ സംഭവിക്കാവൂ എന്ന് വാശി പിടിക്കുകയും ചെയ്യുന്നു... തന്റെ തത്വത്തിനനുസ്സരിച്ചു പ്രവർത്തിക്കാതിരുന്നതെല്ലാം 'തെറ്റ്' എന്നുവരെ പറയുന്നു... അവിടെ യാഥാർഥ്യത്തെ കാണാൻ തയ്യാറാകാതെ അവർ തങ്ങൾ ചമച്ച തത്വത്തെ മുറുകെപ്പിടിക്കുന്നു... ഒരു സംഭവം,, അല്ലെങ്കിൽ നമ്മൾ നേരിട്ടു മനസ്സിലാക്കുന്ന ഒന്ന് എന്തുകൊണ്ട് അത് അപ്രകാരമായി എന്ന് ചിന്തിച്ചു യാഥാർഥ്യത്തെ ഉൾക്കൊണ്ട് ആ യാഥാർഥ്യത്തിന്റെ പ്രവർത്തനചര്യ മനസ്സിലാക്കി ക്രൊധീകരിക്കുന്നതാകണം തത്വം.... അല്ലാതെ തത്വം ആദ്യം നിർമ്മിച്ച് ഇതിനനുസൃതമായാണ് പ്രസ്ഥുത വിഷയത്തിന്റെ എല്ലാം എന്ന് ധരിക്കരുത്... ഒന്നിന്റെ തത്വത്തെ നാം രൂപപ്പെടുത്തുന്നത് ചിന്തയിൽ നിന്നുമാണ്.... അത് ഭാവനക്ക് തുല്യമാണെന്ന് കൂടി കാണാവുന്നതാണ്.... സംഭവിക്കുന്ന യാഥാർഥ്യത്തെ അവഗണിക്കുന്ന തത്വത്തിന് എന്തു നിലനിൽപ്പാണുള്ളത്?? അതിനാൽ ഞാൻ വീണ്ടും വീണ്ടും നിങ്ങളോടു പറയുന്നു സ്വതന്ത്രമായ മനസ്സോടെ കാര്യങ്ങളെ സമീപിക്കൂ... വിഷയങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കൂ......
നമ്മൾ മുൻപ് സംസ്സാരിച്ചുകൊണ്ടിരുന്ന വിഷയത്തിലേക്ക് നമുക്ക് തിരിച്ചു വരാം... പ്രപഞ്ചത്തിലെ സർവ്വതും ഓരോ ശക്തി ചൈതന്യമാണെന്നും,, അതിലെ വ്യത്യാസങ്ങൾ മാത്രമാണ് വ്യത്യസ്തതക്ക് കാരണം എന്നും നാം പറഞ്ഞു കഴിഞ്ഞതാണ്.... നമുക്ക് 'ഉന്നതി' കൈവരിക്കാൻ ശക്തി ചൈതന്യത്തെ പരിഭോഷിപ്പിക്കുകയാണ് വഴി എന്നും നമ്മൾ പറഞ്ഞു... അതിനുള്ള ഏറ്റവും നല്ല ഒരു വഴിയായി നമ്മുടെ പൂർവ്വികർ ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നത് പ്രാർത്ഥനയുടെയും, ധ്യാനത്തിന്റെയും,, യോഗയുടെയും,, മന്ത്ര- തന്ത്രാദികളുടെയും,, ചില ചിട്ടകളുടെയും ഒക്കെ രൂപത്തിലാണ്... ഇവ പല ലക്ഷ്യ ബോധത്തോടെ നിരീക്ഷിച്ചും,, അപഗ്രഥിച്ചും,, പഠിച്ചും,, അനുഷ്ഠിച്ചും രൂപപ്പെടുത്തിയിട്ടുള്ളതാണ്... ഇത്തരം പ്രവർത്തികൾ അനുഷ്ഠിക്കുക വഴി നമ്മുടെ സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുകയും ഒപ്പം നമ്മൾ ദൈവങ്ങൾ എന്ന് വിളിക്കുന്ന ഉയർന്ന ശക്തി ചൈതന്യങ്ങളെ നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നു.... അങ്ങനെ ഒരു പ്രത്യേക ശക്തി ചൈതന്യത്തെ നമ്മുടെ ശക്തി ചൈന്യവുമായി ചേർത്തുനിർത്തി മുൻപ് പറഞ്ഞ വ്യായാമങ്ങൾ അനുഷ്ഠിക്കുമ്പോൾ ആണ് ആ വ്യക്തി ഉപാസകൻ എന്ന നിലയിൽ മാറുന്നത്... അവിടെ നാം ചേർത്തു നിർത്തുന്ന ഉയർന്ന ശക്തി ചൈതന്യത്തെ ദേവത എന്നും പറയുന്നു....
അവിടെ നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ രണ്ടു വിധത്തിലാണ് ഉപാസന സഹായിക്കുന്നത്... ഒന്ന് നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നതിനായുള്ള വ്യായാമങ്ങൾ നമ്മെ സഹായിക്കുന്നു... ഒപ്പം നാം ഉപാസിക്കുന്ന ദേവതയുടെ സഹായവും നമ്മിലേക്ക് വന്നു ചേരുന്നു.... നാം അനുഷ്ഠിക്കുന്ന എല്ലാ വിധ സൽക്കർമ്മങ്ങളും ഇതുപോലെ നമ്മുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു... ശക്തി ചൈതന്യത്തെ വർദ്ധിപിപ്പിക്കാൻ സഹായിക്കുന്ന കർമ്മങ്ങളെ ഒന്നായി വിളിക്കുന്നതാണല്ലോ സദ് കർമ്മങ്ങൾ എന്ന്... അത് നമ്മൾ ഈ പ്രഭാഷണത്തിന്റെ ആദ്യ പകുതിയിൽത്തന്നെ പറഞ്ഞതാണ്... നിങ്ങൾ അത് ഓർക്കുന്നുണ്ടെന്നും, ഉൾക്കൊള്ളുന്നുണ്ടെന്നും ഞാൻ കരുതുന്നു....
'ദൈവങ്ങൾ' എന്ന വാക്കിന് ആത്മീയമായ ഒരർഥത്തെക്കാൾ ഭൗതീകമായ ഒരർഥമാണ് കൂടുതൽ അനുയോജ്യം എന്നാണ് എൻ്റെ പക്ഷം... 'ദൈവം' എന്ന വാക്കിനെ ''സഹായിക്കാൻ കഴിയുന്നവൻ" എന്ന അന്തരാർഥത്തിലാണ് എല്ലാവരും ബഹുമാനിക്കുകയും, പൂജിക്കുകയും ഒക്കെ ചെയ്യുന്നത്... ഞാൻ ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുന്ന ഒന്നാണ് 'ദൈവങ്ങളെ ആരുംതന്നെ ഒരു ഉദ്ദേശ ലക്ഷ്യം മുൻനിർത്തി അല്ലാതെ ചിന്തിക്കുന്നുപോലും ഇല്ല' എന്നത്... നമ്മുടെ ഏതെങ്കിലും ഒരു ആവശ്യം നിവർത്തിച്ചു തരാൻ ശേഷിയുള്ളവൻ എന്ന വിശ്വാസ്സം ഇല്ലായിരുന്നുവെങ്കിൽ ആരെങ്കിലും ദൈവത്തെ മൈൻഡ് ചെയ്യുമായിരുന്നോ എന്നാണ് എൻ്റെ ചോദ്യം... ഇങ്ങനെ ഒരു ചോദ്യം അൽപ്പം ഉറക്കെ ചോദിച്ചു പോയാൽ അപ്പോൾ എത്തും ചില ആത്മീയ വാദികൾ....!? അവർ പറയും ഞങ്ങൾ ഞങ്ങളുടെ ആത്മീയമായ ഉന്നതിക്ക് വേണ്ടിയാണ് ദൈവത്തോട് പ്രാർഥിക്കുന്നത്..... അറ്റ കൈക്ക് അടുത്ത ഡയലോഗും പറഞ്ഞു കളയും.... ഞങ്ങളുടെ ലക്ഷ്യം മോക്ഷമാണ് എന്ന്.... ആത്മീയ ഉന്നതിക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്ന വ്യായാമത്തെയാണ് സ്വന്തം ശക്തി ചൈതന്യത്തെ ഉയർത്തുന്ന പ്രക്രീയ എന്ന് നാം മുൻപിനാലെ പറഞ്ഞത്.... പിന്നെ മോക്ഷം,,, അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പോലും ആർക്കും വ്യക്തമായ ധാരണ ഇല്ല.... എന്തായാലും ഇപ്പറഞ്ഞതൊക്കെ സാധിച്ചു തരാൻ കഴിവുണ്ടെന്നുള്ള വിശ്വാസ്സത്തിലാണല്ലോ ഈ ആത്മീയ വാദികളും ദൈവത്തെ ഭജിക്കുന്നത്... ലളിതമായി ഒന്നു ചിന്തിച്ചു നോക്കൂ... "പ്രാർത്ഥന" എന്ന വാക്കു തന്നെ ഏതോ ഒരു അപേക്ഷ അതിവിനയത്തോടെ അവതരിപ്പിക്കുന്നതിനെയല്ലേ സൂചിപ്പിക്കു ന്നത്....?? അപേക്ഷയിൽ നിവർത്തിക്കേണ്ട എന്തെങ്കിലും ഒന്നുണ്ടാകും; അല്ലേ?? അല്ലെങ്കിൽ അപേക്ഷ എന്നതിന് പ്രസക്തി ഇല്ലല്ലോ?? സഹായിക്കാൻ കഴിയുന്നവൻ തന്നെയാണ് ദൈവം... മറ്റുപല സഹജീവജാലങ്ങൾക്കും മുൻപിൽ നമുക്കും ദൈവങ്ങളാകാൻ കഴിയും... ചില അവസ്സരങ്ങളിൽ...!! ആ അവസ്സരങ്ങളിൽ ആ സഹജീവജാലത്തെ സഹായിക്കാൻ നമുക്ക് മാത്രമേ കഴിയുമായിരിക്കുകയുള്ളു.... ആ സമയം സ്വയം ദൈവമാകാനുള്ള അവസ്സരത്തെ പാഴാക്കാതിരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്...
ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള വ്യായാമങ്ങളിൽ ഏർപ്പെടാൻ എല്ലാ ശക്തി ചൈതന്യങ്ങളും സന്നദ്ധരാണ്... ഞാൻ മുൻപ് പറഞ്ഞ സങ്കൽപ്പത്തിൽ ശ്രീ മഹാദേവനെ ഏറ്റവും ഉന്നതമായ ശക്തി ചൈതന്യമായി കണക്കാക്കുവാൻ പറഞ്ഞു.... നിങ്ങൾ മഹാദേവനെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് ഏതു രൂപത്തിലാണ്?? മഹാ യോഗിയാണ് അദ്ദേഹം... അല്ലേ?? മഹാദേവൻ ധ്യാനവും,, തപസ്സും നിരന്തരം അനുഷ്ഠിച്ചു വരുന്നു... ഏറ്റവും ഉയർന്ന ശക്തി ചൈതന്യമായ മഹാദേവൻ എന്തിനാണ് ധ്യാന- യോഗാദി കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്..!!?? സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കാനുള്ള വ്യായാമങ്ങളിൽ ശ്രീ മഹാദേവൻ പോലും ഏർപ്പെട്ടിരിക്കുന്നു എന്ന് വേണം നമ്മൾ കാണേണ്ടത്... കാരണം ശക്തി ചൈതന്യത്തെ ഉയർത്താൻ കഴിയുന്നതിന് പരിധികളില്ല.... മഹാദേവൻ നടത്തുന്ന തപസ്സ്സും,, നമ്മൾ നടത്തുന്ന തപസ്സും ഉപാസനയും അടിസ്ഥാനപരമായി ഒന്നാണെന്ന് പറയേണ്ടിവരും..! ശക്തി ചൈതന്യത്തെ ഉയർത്താൻ കഴിയുന്നതിൻറെ പരിധി നിർണ്ണയിക്കുന്നതും,, പ്രപഞ്ചത്തിലെ ശൂന്യതക്ക് അഗ്രം കണ്ടെത്താൻ ശ്രമിക്കുന്നത് മൂഢത്വമാണ്... കാരണം ഇതു രണ്ടും അനന്തമാണ്.. അനന്തതയുടെ അർത്ഥമറിയുന്നവർ അതിനു ശ്രമിക്കില്ല...
പ്രപഞ്ചത്തിലെ എല്ലാ ശക്തി ചൈതന്യങ്ങളിലും പലപ്പോഴും ഉൾക്കൊണ്ടിരിക്കുന്നത് ഏകമാനങ്ങളായ സ്വഭാവസവിശേഷതകൾ അല്ല... പല വിധമായ സ്വഭാവ സവിശേഷതകൾ ഒന്നിച്ചു ചേരുന്നതാകാം ഒരു ശക്തി ചൈതന്യം.... ഇപ്രകാരം പ്രകടമാകുന്ന സ്വഭാവങ്ങളെ നമുക്ക് 'കലകൾ' എന്ന് വിളിക്കാം... ഒരു ശക്തി ചൈതന്യത്തിൽ അന്തർലീനമായിരിക്കുന്ന ഈ കലകളുടെ വ്യത്യാസമാണ് ആ ശക്തി ചൈതന്യത്തിന്റെ ആകെ സ്വഭാവത്തിൽ വ്യത്യസ്തതകൾ പ്രകടിപ്പിക്കുന്നത്... അത് മനുഷ്യരിലേക്ക് ചേർത്തു ചിന്തിക്കുമ്പോൾ ഒരു വ്യക്തിയുടെ നേട്ടങ്ങളും,, കോട്ടങ്ങളും,, അനുഭവങ്ങളും എല്ലാം ഈ കലകളുടെ സ്വാധീനത്തിൽ ഉണ്ടാകുന്നതാണെന്ന് മനസ്സിലാക്കണം... വിദ്യാഭ്യാസം,, ധനം,, വികാരങ്ങൾ,, ആരോഗ്യം അങ്ങനെ തുടങ്ങി നമ്മുടെ സമസ്തവും ഈ കലകളുടെ സ്വാധീനത്തിലും,, ബലത്തിലും നിർണ്ണയിക്കപ്പെടുന്നു... ഇതിൽ ഏതൊക്കെ കലകളാണോ ഒരുവനിൽ ഉയർന്ന ഉർജ്ജത്തിൽ നിൽക്കുന്നത്, ആ കലകൾ നൽകുന്ന ഫലങ്ങൾ അവനിൽ പ്രകടമായികാണും...
സദ് കർമ്മങ്ങൾ എല്ലാം തന്നെ നമ്മിലെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുമെങ്കിലും നമ്മിലെ ഒരു പ്രത്യേക 'കല' കൂടുതൽ ശക്തിപ്പെടുത്തണം എന്ന ഉദ്ദേശത്തിൽ ആണെങ്കിൽ 'ഉപാസനകൾ' ഫലം ചെയ്യും... കാരണം ഓരോ ദേവതകളിലും ഉൾക്കൊള്ളുന്ന ശക്തി ചൈതന്യം വ്യത്യാസ്സപ്പെട്ടിരിക്കുന്നു.... അതിൽ നമുക്ക് ആവശ്യമുള്ള 'കല' കൂടുതലായി നമ്മുടെ ശക്തി ചൈതന്യത്തിലേക്ക് പകർന്നുതരാൻ കഴിയുന്ന ശക്തി ചൈതന്യത്തെയാണ് അവിടെ ദേവതയായി നമ്മൾ സ്വീകരിക്കേണ്ടത്... ഹിന്ദു മതം അതിന് പല വിധത്തിൽ വിശദീകരണങ്ങൾ നൽകുന്നുണ്ട്.... നമ്മുടെ ആചാര്യന്മാർ ഓരോ കലയുടെയും സ്വാധീനം ഏറ്റവും കൂടിയ ശക്തി ചൈതന്യങ്ങളെ തിരിച്ചറിഞ്ഞു ഓരോ വസ്തുതകളുടെയും അധിപനായി നിശ്ചയിച്ചിട്ടുണ്ട്.... അപ്രകാരം ആ ശക്തി ചൈതന്യങ്ങളെ ഓരോ വസ്തുതകളുടെയും അധിപനായി നിശ്ചയിച്ചത് നമ്മുടെ ആചാര്യന്മാരാണ്... അവർ അപ്രകാരം നിശ്ചയിച്ചത് ആ പ്രത്യേക വസ്തുതയുടെ "കല" കൂടുതലുള്ളതായി തിരിച്ചറിഞ്ഞ ശക്തി ചൈതന്യത്തെയാണ്... വിദ്യക്ക് അധിപയായി സരസ്വതി ദേവിയെ നിശ്ചയിച്ചു...നമ്മുടെ ആചാര്യന്മാർ നമ്മിൽ വിദ്യ പ്രദാനം ചെയ്യുന്ന കലയെ പരിപോഷിപ്പിക്കത്തക്കവിധത്തിലുള്ള കലകളെ പ്രദാനം ചെയ്യുന്ന ശക്തി ചൈതന്യമായ ഒരു ശക്തി ചൈതന്യത്തെ കണ്ടെത്തി സരസ്വതി ദേവി എന്ന് നാമകരണം ചെയ്യുകയാണ് ഉണ്ടായത്... അതുപോലെ തന്നെ നമ്മുടെ ശക്തി ചൈതന്യത്തിൽ ഉൾക്കൊള്ളുന്ന,, നാം തിരിച്ചറിയുന്നതും, അല്ലാത്തതുമായ എല്ലാ കലകളിലും ഉന്നതി പ്രദാനം ചെയ്യാൻ കഴിയുന്ന ശക്തി ചൈതന്യത്തെ ദേവതയായി കണ്ട് ഉപാസിക്കാവുന്നതാണ്... അവിടെ ഉപാസകന്റെ ഉദ്ദേശവും,, ഉപാസകൻ തെരഞ്ഞെടുക്കുന്ന ശക്തി ചൈതന്യവും ശരിയായ രീതിയിൽ ആകുമ്പോൾ ഫലപ്രാപ്തി എളുപ്പമാകുന്നു.... നമ്മുടെ ആരാധനയിലും,, ഉപാസനയിലും നിറഞ്ഞു നിൽക്കുന്ന ശക്തി ചൈതന്യത്തിന്റെ സ്വഭാവ പ്രത്യേകതകൾ നമ്മുടെ ആകമായ സ്വഭാവത്തിലും,, പ്രകൃതത്തിലും,, താല്പര്യങ്ങളിലും,, അനുഭവങ്ങളിലും പ്രതിഫലിച്ചു നിൽക്കും... ഒരു കൂട്ടം ആൾക്കാർ ഒരു ശക്തി ചൈതന്യത്തെ ആ കൂട്ടത്തിന്റെ ഏക ദേവതയായി ആരാധിക്കാനും,, ഉപാസിക്കാനും തയ്യാറാകുന്നു എന്ന് കരുതുക... തീർച്ചയായും ആ ശക്തി ചൈതന്യത്തിന്റെ പ്രത്യേകതകൾ അക്കൂട്ടർ ആകമാനമായി പ്രകടിപ്പിക്കും... സ്വയം വഹിക്കുന്ന ശക്തി ചൈതന്യത്തിന്റെയും, അതുൾക്കൊള്ളുന്ന കലകളുടെയും, ഉപാസ്സനയുടെ വ്യത്യസ്ഥ ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ചില വ്യത്യസ്തതകൾ ഒഴിച്ച് നിർത്തിയാൽ ഏറിയ കൂറും ഇക്കൂട്ടർ സമാനതകൾ പ്രകടിപ്പിക്കും....
ഇവിടെ 'ഫലപ്രാപ്തി' എന്ന് പറയുന്നത്, ഒരു ഉദ്ദേശത്തോടെ ഉപാസകൻ ഒരു ശക്തി ചൈതന്യത്തെ പ്രാസാദിപ്പിക്കുന്ന രീതിയിലെ ചര്യകളിൽ ഏർപ്പെടുമ്പോൾ അവന് ലഭിക്കുന്ന ഉദ്ദേശ സാക്ഷാത്കാരണമാണ്... ആ ഉയർന്ന ശക്തി ചൈതന്യത്തെ, അല്ലങ്കിൽ ദേവതയെ, അല്ലെങ്കിൽ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള വേലയാണ് ഉപാസന... നമ്മൾ ഇപ്പോൾ ചർച്ച ചെയ്തു വരുന്നത് ഇവയെല്ലാം 'മനുഷ്യനിൽ എപ്രകാരം' എന്ന വിഷയത്തിലേക്ക് ചുരുങ്ങി നിന്നുകൊണ്ടാണ്... ഇവിടെ ചില ചോദ്യങ്ങൾക്ക് സാധ്യത ഉണ്ട്.... ''പ്രീതിപ്പെടുത്തുക'' എന്ന പ്രയോഗം ദൈവങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ എന്നും വിമർശന വിഷയമാണ്.... ഒരുവൻ ചെയ്യുന്ന പ്രവർത്തിക്കു പ്രതിഫലമായി എങ്ങനെയാണ് ദൈവങ്ങൾക്ക് 'പ്രീതിപ്പെടാൻ' കഴിയുന്നത്..!?? ആ വശം വ്യക്തമാക്കാൻ ഞാൻ വേറൊരു ഉദാഹരണം പറയാം.... ദൈവങ്ങൾ കാണിക്ക സമർപ്പണങ്ങളിൽ പ്രീതിപ്പെടുന്നു എന്ന് പറയുന്നു... പ്രീതിപ്പെടുന്നോ, ഇല്ലയോ എന്നത് വിട്ടേക്കൂ.... പക്ഷെ വിമർശകർ ചോദിക്കാറുണ്ട്; ദൈവം കൈക്കൂലി വാങ്ങി പ്രീതിപ്പെടുന്ന ആളാണോ എന്ന്?? അതിലെ അന്തരാർത്ഥം 'പ്രീതിപ്പെടുക', 'കോപിക്കുക', 'പ്രകോപിതയാവുക', അങ്ങനെ തുടരുന്ന മാനുഷികമായ വികാരങ്ങൾ ഉള്ളവരാണോ ദൈവങ്ങൾ?? അവിടെ നമ്മൾ ചില അടിസ്ഥാന വിശ്വാസ്സങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് ആലോചിക്കുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.... നാം മുൻപ് പറഞ്ഞ നമ്മിൽ ഉൾക്കൊള്ളുന്ന ശക്തി ചൈതന്യവും വിസ്ഫോടനത്തിന്റെ ബലമായി വേർതിരിഞ്ഞു രൂപം കൊണ്ടതാണ്... ആ ശക്തി ചൈതന്യത്തിയിൽ ഉൾക്കൊണ്ടിരിക്കുന്ന പല വിധമായ കലകളാണ് നമ്മുടെ സർവ്വതിനും അടിസ്ഥാനം... അതിൽ സകലവിധമായ കഴിവുകളും, വികാരങ്ങളും ഉൾക്കൊണ്ടിരിക്കുന്നു... അങ്ങനെ എങ്കിൽ ഈ കലകളെല്ലാം അതിന്റെ ഉയർന്ന ഊർജ്ജരൂപത്തിൽത്തന്നെ നമ്മൾ ദൈവങ്ങൾ എന്ന് വിളിക്കുന്ന ഉയർന്ന ശക്തി ചൈതന്യത്തിലും ഉണ്ടാകും എന്ന് ചിന്തിക്കുന്നതല്ലേ യുക്തി ഭദ്രത?? കോപം, കാമം, മൽസ്സരം, അനുരാഗം, ശത്രുത, അസ്സൂയ, പ്രേമം തുടങ്ങി നമ്മൾ തിരിച്ചറിയുന്ന വികാരങ്ങളെക്കുറിച്ചു ഒരു വേള ചിന്തിച്ചു നോക്കൂ... ഇവയെല്ലാം എല്ലാ മനുഷ്യരിലും ഉണ്ട്... അളവുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും... അതുണ്ടാകണമല്ലോ? ശരിയല്ലേ?? ഈ വികാരങ്ങൾ എല്ലാവർക്കും അറിയാം... ഈ വികാരങ്ങൾ ഇല്ലാത്തവന് ഈ വികാരങ്ങളെ തിരിച്ചറിയാനേ കഴിയില്ല... പക്ഷെ എല്ലാവർക്കും മനുഷ്യ സഹജമായ വികാരങ്ങളിൽ ഏതൊന്നിന്റെ നാമം കേട്ടാലും ആ വികാരത്തെ തിരിച്ചറിയുന്നു... അത് ഈ കലകൾ എല്ലാവരിലും ഉള്ളതിനാലാണ്... അത് നമ്മുടെ ശക്തി ചൈതന്യത്തിൽ ഉൾക്കൊണ്ടിരിക്കുന്നതുപോലെ ദേവതകളിലും ഉയർന്ന ചൈതന്യത്തിൽത്തന്നെ ഉണ്ടാകും...! വികാരങ്ങളും,, കഴിവുകളും എല്ലാം നാമോരോരുത്തരിലും ഉള്ളതിനാൽ നാം തിരിച്ചറിയുന്നു എന്നതിന്റെ മറുവശമാണ് നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത വികാരങ്ങളും,, കഴിവുകളും എന്താണെന്ന് മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല എന്നതും... നാം ദേവതകൾ എന്ന് വിളിച്ച ഉയർന്ന ശക്തി ചൈതന്യങ്ങൾ നാം തിരിച്ചറിയാത്ത കലകളുടെ ഗുണങ്ങളെയും വഹിക്കുന്നുണ്ട്.... അതിനെയാണ് നമ്മൾ സാധാരണ ഭാഷയിൽ 'ശക്തി' എന്ന് പറയുന്നത്.... മനുഷ്യരിൽത്തന്നെ ശക്തി ചൈതന്യത്തിലെ മൂല്യ വ്യത്യാസങ്ങൾക്കനുസ്സരിച്ചു വലിയ അന്തരങ്ങൾ ദൃശ്യമാകുന്നില്ലേ?? മനുഷ്യനെ ചുമക്കുന്ന കുതിരയും,, കുതിരയുടെ പുറത്തു വിരാചിക്കുന്ന മനുഷ്യനും ഒരേ ശക്തി ചൈതന്യത്തിന്റെ ഉൽപ്പന്നങ്ങൾ ആയിട്ടും ഈ രണ്ട് അനുഭവങ്ങൾക്ക് കാരണം മനുഷ്യനിലെ ശക്തി ചൈതന്യത്തിൽ ഉൾക്കൊള്ളുന്ന അത്രയും ഇനം കലകൾ കുതിരയിൽ ഇല്ലാത്തതിനാലാണ്... മനുഷ്യനേക്കാളും വളരെ വളരെ ഉയർന്ന ശക്തി ചൈതന്യത്തെ വഹിക്കുന്ന ദേവതകൾക്ക് കൂടുതൽ കലകളുടെ സ്വായത്തത കൂടി ഉണ്ടെന്നു ചിന്തിക്കുന്നതാണ് ശരി...
ശക്തി വ്യത്യായാസങ്ങൾ മാത്രമാണ് ജയ പരാജയങ്ങളെ നിശ്ചയിക്കുന്നത്. ദേവീ ദേവന്മാർ ദുഷ്ട നിഗ്രഹം നടത്തുന്നതായാണ് പുരാണകഥകൾ പറയുന്നത്.... ഉയർന്ന ഒരു ശക്തി ചൈതന്യം തന്നിലും കുറഞ്ഞ മറ്റൊരു ശക്തി ചൈതന്യത്തിനു മേലുള്ള വിജയമാണത്.... അല്ലാതെ ഒരു സൃഷ്ട്ടാവ് തന്റെ ഒരു സൃഷ്ടിയുടെ നിഗ്രഹം നടത്തുകയല്ല ചെയ്യുന്നത്.... അവിടെ ക്രൂരമുഖമുള്ള ഒരു ശക്തി ചൈതന്യം ശിഥിലമാകുന്നതിനാൽ ദുഷ്ട നിഗ്രഹം നടക്കുന്നു എന്ന് പറയുന്നു.... എന്തുകൊണ്ട് ശക്തി ചൈതന്യത്തിൽ സ്ഥിരമായി ദുഷ്ട പക്ഷത്തിനു മാത്രം ക്ഷയം സംഭവിക്കുന്നു എന്നു ചോദിച്ചാലും ഉത്തരം ലളിതമാണ്... സ്വന്തം ശക്തി ചൈതന്യത്തെ ക്ഷയിപ്പിക്കുന്ന പ്രവർത്തികളെ ദുഷ്ട്ട പ്രവർത്തികളെന്നും അത് ചെയ്യുന്നവരെ ദുഷ്ടന്മാർ എന്നുമല്ലേ വിളിക്കുന്നത്?? അപ്പോൾ സ്വൊഭാവികമായും സ്വന്തം ശക്തി ചൈതന്യ ക്ഷയിപ്പിക്കുന്ന പ്രവർത്തികളെ ചെയ്യുന്നവർ ക്ഷയിക്കലിനും,, സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്ന പ്രവർത്തികളെ ചെയ്യുന്നവർ വർദ്ധനവിനും കാരണക്കാരാകും.... ഈ തത്വമാണ് പുരാണ കഥകളിൽ ബഹുഭൂരിപക്ഷവും സമർഥിക്കാൻ ശ്രമിക്കുന്നത്....
സാധാരണ സദസ്സിൽ നിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട്.... ഒരു ദൈവത്തെയും വിളിക്കാത്തവന് ജീവിക്കാൻ പറ്റില്ലേ!?? നമുക്ക് ചുറ്റും തന്നെ ഒരു ദൈവത്തെയും വിളിക്കാതെ സുഖിച്ചു നടക്കുന്നവര് എത്രയോ ഉണ്ട്?? അവർക്കൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ?? ചിലർ എല്ലാ സമയവും ഈശ്വര ഭജനവുമായി
നടക്കാറുണ്ട്... അവർക്കില്ലാത്ത പൊല്ലാപ്പുകളുമില്ല ...!!??? ഈ ചോദ്യം കേൾക്കുമ്പോൾ എനിക്ക് മനസ്സിലാകാറുണ്ട് ഞാൻ പറഞ്ഞത് ആർക്കും കാര്യമായി മനസ്സിലായില്ല അല്ലെങ്കിൽ അംഗീകരിക്കുന്നില്ല.... ഇവിടെ അങ്ങനെ ഒരു ചോദ്യം കേൾക്കാതിരുന്നത്,, ഞാൻ പറഞ്ഞത് നിങ്ങൾ മനസ്സിലാക്കി,, അംഗീകരിക്കുന്നു എന്നൊക്കെയാണെന്ന് ഞാൻ കരുതുകയാണ്... നിങ്ങൾ ചോദിച്ചില്ല എങ്കിലും ഞാൻ പറയാം... നമ്മൾ പറഞ്ഞില്ലേ,, ഓരോരുത്തരിലും അന്തർലീനമായിരിക്കുന്ന ശക്തി ചൈതന്യത്തെപ്പറ്റി? ആ ശക്തി ചൈതന്യം നല്ല അനുഭവങ്ങളെ ഉൾക്കൊള്ളുന്ന കലകൾ ഉയർന്ന ഉർജ്ജത്തിൽ നിൽക്കുന്നു വെങ്കിൽ നമ്മൾ നോക്കിക്കാണുന്ന നല്ലതെന്ന അനുഭവങ്ങൾ അക്കൂട്ടർ പ്രകടമാക്കുന്നു... കാലങ്ങൾ കൊണ്ട് മറുപുറമായ ഒരു ച്യുതി ശക്തി ചൈതന്യത്തിന് സംഭവിച്ചില്ലെങ്കിൽ അത് നിലനിൽക്കും... സദാ ഈശ്വര ഭജനംകൊണ്ട് നാം ഉദ്ദേശിച്ച ഫലം ഉണ്ടാകണമെന്നില്ല... കാരണം അവർ ആഗ്രഹിക്കുന്ന ഉന്നതി പ്രദാനം ചെയ്യുന്ന കലകൾ ഉർജ്ജമത്താകുന്ന വിധത്തിൽ അവരുടെ ശക്തി ചൈതന്യത്തെ ഉയർത്താൻ അയാളുടെ ഭജനം പര്യാക്തമാകുന്നില്ല എന്നതാണർത്ഥം.... നമ്മുടെ എപ്പോഴും ഉള്ള പ്രവർത്തികൾ അത് ചിന്ത ഉൾപ്പെടെയാണ് ഞാൻ പറയുന്നത്... നമ്മുടെ ശക്തി ചൈതന്യത്തെ സ്വാധീനിച്ചു കൊണ്ടിരിക്കും... പ്രവർത്തിയുടെ മൂല്യ വ്യത്യാസങ്ങൾ മനുഷ്യരുടെ സകലമായ കാര്യങ്ങളിലും ചെറുതും വലുതുമായ വ്യത്യാസങ്ങൾക്ക് കാരണമാകുന്നു... അവിടെ നമ്മൾ അടിവരയിട്ടു പറയേണ്ട ഒരു കാര്യമുണ്ട്... പ്രവർത്തിയാണ് അനുഭവങ്ങൾക്ക് കാരണം....
'പ്രവർത്തിയാണ് അനുഭവങ്ങൾക്ക് കാരണം'.... ഇങ്ങനെ ഒരു പ്രസ്ഥാവന കേട്ടാൽ ആദ്യം ചൊടിക്കുന്നത് വിധി വിശ്വാസികളാണ്... അവർ പറയും;; 'എല്ലാം നിശ്ചയിക്കപ്പെട്ടതാ...!! അതിനപ്പുറമോ,, ഇപ്പുറമോ ഒന്നും സംഭവിക്കില്ല'.... അവര് പറയുന്നത് കുറേയൊക്കെ ശരിയാ... 'അതിനപ്പുറമോ,, ഇപ്പുറമോ ഒന്നും സംഭവിക്കില്ല'. എന്ന സ്റ്റേറ്റ്മെന്റ് ശരിയാണ്... പക്ഷേ അതിനൊപ്പം ഒരു കൂട്ടിച്ചേര്ക്കല് കൂടി നടത്തണം... '"സംഭവിച്ചതിന് അതിനപ്പുറമോ,, ഇപ്പുറമോ ഒന്നും സംഭവിക്കില്ല'" ഒരു കാര്യം സംഭവിച്ചു പോയാൽ പിന്നെ അതിനപ്പുറമോ ഇപ്പുറമോ ഇല്ല... ഒറ്റവാചകത്തിൽ പറഞ്ഞാൽ "എന്തു സംഭവിക്കുന്നോ അതാണ് വിധി"...! നമ്മൾ പൊടുന്നനെ ഉണ്ടാകുന്ന അവിശ്വസ്സനീയമോ,, ആശ്ചര്യകരമോ,, സന്തോഷകരമോ,, ദുഃഖകരമോ ഒക്കെയായ സംഭവങ്ങളെ,, നമ്മുടെ വികാരവുമായി ചേർത്തുവെച്ചു ചിന്തിക്കുന്നതാണ് വിധിയെ 'എല്ലാം നിശ്ചയിക്കപ്പെട്ടതാണ്' എന്ന നിരൂപണത്തിൽ കൊണ്ടുചെന്നെത്തിക്കുന്നത്.... മേൽപ്പറഞ്ഞ വികാരങ്ങളിൽ ഏതെങ്കിലുമൊക്കെ വളരെ ഉയർന്ന അളവിൽ ആ സംഭവങ്ങളിൽ നമ്മളിൽ ഉണ്ടാവുകയും ചെയ്യും....
"എന്തു സംഭവിക്കുന്നോ അതാണ് വിധി"...! എന്ന് പറയുന്നതിന് യുക്തി ഭദ്രത കൂടുതലാണ്... അവസ്സാന ബിന്ദുവിലെ ആ സംഭവിക്കലോ, സംഭവിക്കാതിരിക്കലോ ആണ് 'വിധി'... ആ വാക്കു കേൾക്കുമ്പോൾ മനസ്സിൽ പറഞ്ഞു വെച്ചിരിക്കുന്ന വിധിയുടെ നിർവചനം പുറത്തെടുക്കാതിരുന്നാൽ മതി.... സംഭവിക്കുന്നതും, സംഭവിക്കാതിരിക്കുന്നതും വിധിയാണ്... അവിടെ സംഭവിക്കാതിരുന്നതിനെ ഒരു സംഭവമായി കാണണം... "വിധി" ഇപ്രകാരം മാത്രം നിർവചിച്ചാൽ യുക്തി വാദികൾ അതിനെ എതിർക്കില്ല എന്ന് ഞാൻ കരുതുന്നു....
'അവസ്സാന ബിന്ദുവിലെ ആ സംഭവിക്കലോ, സംഭവിക്കാതിരിക്കലോ ആണ് വിധി'... എന്നു പറഞ്ഞാൽ മാത്രം വിധിയുടെ വിശകലനം ആകുന്നില്ല... ആ സംഭവത്തിനു കാരണഭൂതമായത് എന്തൊക്കെ എന്നും നമ്മൾ ചിന്തിക്കണ്ടേ?? നമ്മൾ മുൻപ് പറഞ്ഞതൊക്കെ അംഗീകരിക്കുന്നവർക്ക് ഉത്തരം നിസ്സാരമാണ്... ഒരുവന്റെ ശക്തി ചൈതന്യത്തിന്റെ മൂല്യ വ്യത്യാസങ്ങളും, കലകളുടെ സ്വാധീനവും വിധിയെ നിർണ്ണയിക്കുന്നു.... അതായിരിക്കും അടിസ്ഥാനപരമായ ആ 'ആൾ'.... നമ്മുടെ പ്രവർത്തികൾ,, വാക്കുകൾ,, ചിന്തകൾ,, ഉപാസനകൾ,, പ്രാർത്ഥനകൾ,, യോഗ,, സാധന അങ്ങനെ ഉള്ളതെന്തും എന്തും നമ്മുടെ ശക്തി ചൈതന്യത്തെ നിരന്തരം സ്വാധീനിച്ചു കൊണ്ടിരിക്കും... അതാണ് ഞാൻ മുൻപ് പറഞ്ഞത് "പ്രവർത്തിയാണ് വിധിയെ നിശ്ചയിക്കുന്നത്" എന്ന്... മനസ്സിലായില്ലേ?? ഇപ്പറഞ്ഞതെന്തും പ്രവർത്തികളുടെ ഗണത്തിലാണ്... അപ്പോൾ പ്രവർത്തി നമ്മുടെ ശക്തി ചൈതന്യത്തെയും അതുവഴി വിധിയേയും സ്വാധീനിക്കും എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ....
ശക്തി ചൈതന്യത്തിന്റെ അനുഭവമാണ് വിധി എന്ന് പറയുമ്പോൾ ശക്തി ചൈതന്യത്തിന് വളരേ സ്വാധീനം സംഭവിക്കത്തക്ക മറ്റൊരു കാരണം നമ്മൾ കാണാതെ പോകരുത്... നമ്മൾ ദേവത,, ദൈവങ്ങൾ,, തുടങ്ങി മുൻപ് പറഞ്ഞ ശക്തി ചൈതന്യങ്ങളിൽ നിന്നും ഉണ്ടാകുന്ന അനുകൂലമോ,, പ്രതികൂലമോ ആയ ഊർജ്ജപകർച്ച.... നമ്മുടെ ചില കർമ്മങ്ങൾ അത് നാം മുൻപ് പറഞ്ഞ ഉയർന്ന ശക്തി ചൈതന്യങ്ങൾ ആയ ദൈവീക ശക്തികളുടെ ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നവയാണ്.. ചിലവ ച്യുതിക്ക് കാരണമാകുന്നതും.. അതിൽ രണ്ടായാലും അന്യോന്യ വിനിമയം [Reciprocate] ചെയ്യുന്ന ഒരു സ്വാധീനം നമ്മുടെ ശക്തി ചൈതന്യത്തിലും ഉണ്ടാകുന്നു... അത് നമ്മുടെ ശക്തി ചൈതന്യത്തിൽ എപ്രകാരം പ്രവർത്തിക്കുന്നുവോ അത് നമ്മുടെ വിധിയെ നിർണ്ണയിക്കുന്നു...
ഇതിൽ ഏതൊക്കെ കാരണങ്ങളുടെ സ്വാധീനത്തിൽ ശക്തിചൈതന്യം പ്രവർത്തിച്ചാലും അതിലെ അവസ്സാനത്തെ ബിന്ദുവായി സംഭവിക്കുന്നതോ,, സംഭവിക്കാതിരിക്കുന്നതോ ആണ് 'വിധി'...
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ക്ഷേത്രങ്ങളെയും,, ആരാധനാലയങ്ങളെയും കുറിച്ചു രണ്ടു വാക്കു പറയാതെ നിർത്തുന്നത് ശരിയല്ല... എന്താണ് ക്ഷേത്രം??
ക്ഷേത്രം എന്ന വാക്കുതന്നെ ആരാധനയുടെ ഭാഗമെന്നാണ് സൂചിപ്പിക്കുന്നത്... നാം മുൻപ് ദൈവീക ശക്തികൾ എന്ന് വിളിച്ച ഉയർന്ന ശക്തി ചൈതന്യങ്ങളുടെ ഒരു പ്രഭാവ കേന്ദ്രമായാണ് ക്ഷേത്രങ്ങളെ കാണേണ്ടത്... ആ ഉയർന്ന ശക്തി ചൈതന്യങ്ങൾ ശിലയിലേക്കോ, മരത്തിലേക്കോ, അനുയോജ്യമായ മറ്റേതെങ്കിലും വസ്തുവിലേക്കോ കേന്ദ്രീകരിച്ച് കേന്ദ്രീകൃതമായ വസ്തുവിന് ജീവൻ ലഭിച്ച- താണ് വിഗ്രഹം....... അവിടെ കേന്ദ്രീകരിക്കുന്ന ശക്തി ചൈതന്യങ്ങളുടെ ശക്തി ചൈതന്യം വര്ദ്ധിപ്പിക്കുന്നതിന് കാരണമായ കർമ്മങ്ങൾ അനുഷ്ഠിച്ചു അന്യോന്യ വിനിമയത്തിൽക്കൂടി ആർജ്ജിക്കുന്ന ശക്തി ചൈതന്യം നമ്മിലെ ശക്തി ചൈതന്യത്തെയും, കലകളെയും ഊർജ്ജിതമാക്കി ഉന്നതി കൈവരിക്കാൻപ്രയത്‌നിക്കാവുന്ന ഇടം എന്നും ക്ഷേത്രത്തെപ്പറയാം... ഏതു ശക്തി ചൈതന്യമാണോ അവിടെ ഊർജ്ജമായി നിൽക്കുന്നത് ആ ശക്തി ചൈതന്യത്തെയാണ് ആരാധിക്കുന്നത്. അതാണ് അവിടുത്തെ ദൈവം...ആ ദൈവത്തിൽ വർധിച്ചു നിൽക്കുന്ന കലകളെ തിരിച്ചറിഞ്ഞു നമ്മുടെ പൂർവീകർ പല പേരുകളിട്ടു തരം തിരിക്കുകയും ചെയ്തിരിക്കുന്നു... ആ ദൈവത്തിന്റെ ശക്തി ചൈതന്യത്തെ സ്വാധീനിക്കുന്നതിന് അനുഷ്ഠിക്കേണ്ട രീതികളാണ് ''ക്ഷേത്രവിധി''...
ക്ഷേത്രം എന്ന് പറയുന്നതു തന്നെ ഒരു നിയമാവലിയാണ്... അവിടെ ചെല്ലുന്നവർക്കു മാത്രമേ ആ നിയമാവലി പാലിക്കാനുള്ള ബാദ്ധ്യത ഉള്ളൂ... പക്ഷെ അവിടെ ചെല്ലുന്നവർക്ക് അതിനുള്ള ബാദ്ധ്യത ഉണ്ട് താനും... അവിടെ ചെല്ലുന്നത് ചെല്ലുന്നവന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനാണ്... അതിനാൽ രാജാവിനോടുള്ളതുപോലെ ഒരു ഭക്തി പ്രകടിപ്പിച്ചുകൊണ്ട് ക്ഷേത്രങ്ങളിൽ പോകണം... പരസ്പരം ബന്ധങ്ങൾ നിർമ്മിച്ചാൽ മാത്രമേ മനുഷൃരിലോ, ദൈവങ്ങളിലോ ഉള്ള ശക്തി ചൈതന്യങ്ങൾ പരസ്പരം അന്യോന്യ വിനിമയം നടത്താൻ സാധിക്കൂ... വെളിച്ചമുള്ളിടത്ത് ഇരുളിനെ നിലനിർത്താൻ ഒരു ദൈവത്തിനും കഴിയില്ല... ''ഈശ്വരൻ" എന്ന് നാം മുൻപ് വിശദീകരിച്ച ഇത്തരം അലംഘനീയ നിയമങ്ങൾക്ക് വിധേയമാണ് എല്ലാ ഉന്നത ശക്തി ചൈതന്യങ്ങളും അല്ലെങ്കിൽ ദൈവങ്ങളും... "മോക്ഷം" എന്നാൽ ഇതിലൊക്കെ ചെറിയ വിശദീകരണം ആവശ്യമുള്ളതും...!!?? നമ്മുടെ ഉപാസനയിലെ ശക്തിചൈതന്യവുമായി നടത്തുന്ന അന്യോന്യ വിനിമയത്തിന്റെ അന്ത്യത്തിൽ ഈ വിനിമയം നിശ്ചലാവസ്ഥയിൽ എത്തുന്നു... ഉപാസകന് തന്റെ ദേവതയിൽ നിന്നോ തിരിച്ചോ ഒന്നും തന്നെ വിനിമയം ചെയ്യാനില്ലാത്ത തുല്യമായ അവസ്ഥ എത്തിച്ചേരുന്ന അവസ്ഥയാണത്... അത് ഉപാസകൻ സ്വന്തം ശക്തി ചൈതന്യത്തെ വർദ്ധിപ്പിക്കുന്നതുവഴി എത്തിച്ചേരുന്ന അവസ്ഥയാണ്... ആ അവസ്ഥയെ ലക്ഷ്യമാക്കുന്നവർക്ക് അതാണ് ദൈവീക ഉപാസനയുടെ കാരണം... മോക്ഷത്തെ ലക്ഷ്യമാക്കി നിർത്തി നടത്തുന്ന ദൈവീക ഉപാസനകളാണ് ഏറ്റവും ശ്രെഷ്ഠം എന്നാണ് ആത്മീയ ചിന്തകർ എന്ന് അവകാശപ്പെടുന്നവർ പറയുന്നത്... അതിനെക്കുറിച്ചൊന്നും തർക്കങ്ങൾ ഞാൻ ഉയർത്തുന്നില്ല... കാരണം ലക്ഷ്യവും, അതിലേക്കുള്ള പ്രവർത്തിയും വ്യക്തിയുടെ സ്വാതന്ത്ര്യമാണ്....
ഇനിയും ഒരുപാട് ഈ വിഷയങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നില്ല... നമുക്ക് പരസ്പ്പരം സംസാരിക്കാൻ ഇനിയും അവസ്സരങ്ങൾ ഉണ്ടാകട്ടെ.... ഈ വേദിയിൽ ഇനിയും പരിപാടികൾ നടത്തേണ്ടതുണ്ട്... നമുക്ക് തൽക്കാലത്തേക്ക് വിട പറയാം... ഈ ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ ശക്തി ചൈതന്യം നിങ്ങളിൽ നല്ല അനുഭവങ്ങൾക്കായി പകരാൻ ഇടവരട്ടെ എന്ന് ആശംസ്സിച്ചു കൊണ്ട്...
നമസ്ക്കാരം
[Rajesh Puliyanethu
Advocate, Haripad] @ Puliyan