കേരളം കഴിഞ്ഞ കുറെ മണിക്കൂറുകൾ ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്ത വിഷയം സന്യാസിയായ ഒരുവൻ ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്തയാണ്... ആ പീഡന ശ്രമത്തിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ട രീതിയായാണ് പൊതു സമൂഹത്തിന് ചർച്ച ചെയ്യാൻ തോന്നിയതും,, ഇഷ്ട്ടപ്പെട്ടതും...! തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ഒരുവന്റെ ലിംഗം ഛേദിച്ചു് ഒരു പെൺകുട്ടി രക്ഷപ്പെടുന്നു... ആ പെൺകുട്ടിയെ കൈയ്യടിക്കുകയും പിന്തുണക്കുകയും ചെയ്യാതെ മറ്റെന്താണ് പൊതു സമൂഹത്തിനു ചെയ്യാൻ കഴിയുന്നത്... നാമെല്ലാവരും ആ പെൺകുട്ടിയെ പിന്തുണച്ചു....
കേരളത്തിന്റെ പൊതു സമൂഹം എന്തുകൊണ്ട് ആ പെൺകുട്ടിയെ പിന്തുണച്ചു എന്നതാണ് ചിന്തനീയമായ കാര്യം... കാരണം സുവ്യക്തമാണ്.. നാം കേട്ട വിലാപങ്ങളെല്ലാം പീഡനത്തിന് ഇരയായ പെൺകുട്ടികളുടേതാണ്... അതിനെ പ്രതിരോധിച്ചു രക്ഷപെട്ട ഒരു പെൺകുട്ടിയെ ഹൃദയം തുറന്നു നമ്മൾ പിന്തുണച്ചു.. "നീ സർവ്വ ധൈര്യവും സംഭരിച്ചു നിന്നെ ആക്രമിക്കാൻ വരുന്നവനെ നേരിട്ടോളൂ.... ഞങ്ങളുണ്ട് കൂടെ...." എന്ന സന്ദേശമായിരുന്നു നമ്മൾ അവർക്കു നൽകിയത്.... ആ സന്ദേശം നൽകാൻ പൊതു സമൂഹത്തിനു പ്രേരകമായത് നമ്മുടെ നാട്ടിൽ കേട്ട ഒരുപാട് പെൺകുട്ടികളുടെതോപ്പം ഡൽഹിയിലെ പെൺകുട്ടിയുടെയും,, സൗമ്യയുടെയും ഒക്കെ തേങ്ങലുകളായിരുന്നു...
നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ഉൾപ്പടെ പല പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും ഇതേ കാഴ്ചപ്പാടോടുതന്നെയാവണം ആ പെൺകുട്ടിക്ക് പിന്തുണ നൽകിയത്... പക്ഷെ കൂടുതൽ വാർത്തകൾ പ്രസ്തുത സംഭവത്തെക്കുറിച്ചു പുറത്തുവരുമ്പോൾ ചില സംശയങ്ങൾ ഉയരുന്നത് സ്വാഭാവികം മാത്രം..
എന്തിനാണ് ആ പെൺകുട്ടി ആ വ്യക്തിയുടെ ലിംഗം ഛേദിച്ചത്??? അതായിരുന്നു ഒന്നാമത്തെ ചോദ്യം.... ഉത്തരം; തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ആ വ്യക്തിയുടെ ലിംഗം ഛേദിച്ചു് അവൾ രക്ഷപ്പെട്ടു... പൊതു സമൂഹം കൈയ്യടിച്ചു....
അപ്പോഴാണ് അടുത്ത ചോദ്യം ഉയരുന്നത്... ?? ആ വ്യക്തി ആദ്യമായാണോ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്??
അല്ല,, അയാൾ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി പീഡിപ്പിക്കുന്നുണ്ട്.....!! അവിടെയാണ് പൊതു സമൂഹത്തിന്റെ ആദ്യ സംശയം ഉയരുന്നത്....
ചോദ്യം വീണ്ടും ഉയർന്നു.... അത് ആർക്കൊക്കെ അറിയാമായിരുന്നു??? മാതാവിനും മറ്റു ചിലർക്കും അറിയാമായിരുന്നു...
ചോദ്യം: ഇപ്പോൾ ഈ പെൺകുട്ടിക്ക് എത്ര വയസ്സുണ്ട്?? ഉത്തരം: 22 കഴിഞ്ഞ വയസ്സ്... ചില പത്രമാധ്യമങ്ങൾ 23 കഴിഞ്ഞ വയസ്സ് എന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്... ( ആ ഒരു വയസ്സ് കേസ്സിൽ നിർണ്ണായകമാണ്))
ആദ്യം കേട്ട വാർത്തയിൽ നിന്നും ഉയർന്ന ചിന്തയിൽ നിന്നും അൽപ്പം വ്യത്യസ്ഥമായും,, നമ്മുടെ നാട്ടിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളിലെ നിസ്സഹായാവസ്ഥയിൽ നിന്നും തോന്നുന്ന വികാരത്തിൽനിന്നും അൽപ്പം അകന്നു നിന്നുകൊണ്ടും ഈ വിഷയത്തെ നോക്കിക്കാണേണ്ടതായിട്ടുണ്ട്....
നമ്മൾ കേട്ട വാർത്തയിൽ നിന്നും പിറകോട്ട് സഞ്ചരിക്കേണ്ടി വരും.... നമ്മൾ കേട്ട വാർത്ത; "പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ ലിംഗം അറുത്തു പീഡന ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു എന്നതാണ്".... ആ വാർത്തയെ അടിസ്ഥാനമാക്കി മാത്രമാണ് നമ്മൾ കൈയ്യടിച്ചത്... "ഒരുവന്റെ പീഡന ശ്രമത്തെ പെൺകുട്ടി അപ്രകാരം പ്രതിരോധിച്ചു".. നല്ല കാര്യം.. പക്ഷെ ഒന്ന് ചിന്തിക്കൂ.... ' അഞ്ചു വർഷമായി ആ പെൺകുട്ടി പീഡനത്തിന് ഇരയാവുകയാണ്... ഈ പെൺകുട്ടി ഒരു തരത്തിലെ ബന്ധനത്തിൽ ആണെന്ന് യാതൊരു കേസ്സുമില്ല... മറിച്ചു് ബിരുദ വിദ്യാർത്ഥി ആണെന്നാണ് പ്രോസിക്യൂഷൻ വിവരണം.....
പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച അവ്യക്തതകൾ നിൽക്കട്ടെ... അത് വരും കാലത്ത് സൂഷ്മമായി കോടതികൾ പരിശോധിക്കട്ടെ.... പക്ഷെ ഇതേ മനുഷ്യനിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷം പീഡനം എറ്റു വാങ്ങിയ പെൺകുട്ടിക്ക് ഈ അവസ്സരത്തിൽ മാത്രം എന്തുകൊണ്ട് ഈ രീതിയിൽ പ്രതികരിക്കാൻ തോന്നി എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം.... കാരണം നിയമത്തിന്റെ മുൻപിൽ വളരെ വിലയുള്ള ഒരു ചോദ്യമാണത്.... കാരണം ഇത്രയും നാൾ പെൺകുട്ടി സ്വന്തം സമ്മതത്തോടെയാണ് ഈ മനുഷ്യനെ ശാരീരിക ബന്ധത്തിന് അനുവദിച്ചിരുന്നത് എന്ന് ഡിഫെൻസ് ഭാഗത്തിന് തെളിയിക്കാൻ പറ്റിയാൽ അവശഷിക്കുന്ന ചോദ്യം പെൺകുട്ടിയുടെ പ്രായത്തെ ക്കുറിച്ചു മാത്രമായിരിക്കും..... ആ പ്രായം തുലാസ്സിൽ ആടുകയാണ്... ഈ പ്രതി പെൺകുട്ടിയുമായി ആദ്യമായും, ശേഷവും ലൈംഗികമായി ബന്ധപ്പെട്ടത് പ്രായപൂർത്തിയായതിനു ശേഷമാണ് എന്ന് തെളിഞ്ഞാൽ എന്താകും ഈ കേസിന്റെ ഭാവി??
ഇത്രയും നാളും നീളുന്ന പീഡനത്തിനു ശേഷം ഇരയിൽനിന്നും ഉണ്ടായ ഇപ്രകാരമായ പ്രതികരണത്തെ ഒരു 'സെൽഫ് ഡിഫൻസ്' ആയോ 'ആക്ട് ഓൺ സഡൻ പ്രൊവൊക്കേഷൻ' ആയോ കോടതികൾക്ക് കാണാൻ കഴിയില്ല.... കാരണം ഒന്നാമതായി ഈ ഡിഫൻസുകൾ സംശയത്തിന്റെ അൽപ്പലേശ്യമെന്യേ തെളിയിക്കപ്പെടേണ്ടതാണ്... ഒന്നാമത്തെ ഡിഫിൻസ് ആയ സെല്ഫ് പ്രൊട്ടക്ഷൻ നോക്കൂ... അത് ആ പേൺകുട്ടിക്കനുകൂലമായി നിലനിൽക്കില്ല.... കാരണം അത് തന്റെ അഭിമാനത്തിനെതിരെ ഒരുവൻ ഉയർത്തിയ വെല്ലുവിളിക്കെതിരെ പെൺകുട്ടി ഒരു നിമിഷം കൊണ്ട് പ്രതികരിച്ചതല്ല.... മറിച്ചു് വർഷങ്ങളായി തുടരുന്ന ഒരു സംഭവത്തനോടുള്ള പ്രതികരണമാണ്.... അതിനെ 'സെൽഫ് ഡിഫൻസ്' ആയോ,, ആക്ട് ഓൺ സഡൻ പ്രൊവൊക്കേഷൻ ആയോ നിയമത്തിന് കാണാൻ കഴിയില്ല.. മറിച്ചു് പ്രതികാര പ്രവർത്തനമായി മാത്രമേ കാണാൻ കഴിയൂ...... ലളിതമായി പറഞ്ഞാൽ തന്നെ ഇത്രനാളും പീഡിപ്പിച്ചവന്റെ ലിംഗം തന്നെ അറുത്തുമാറ്റണമെന്ന ആലോചിച്ചുറച്ചുള്ള പ്രവർത്തി.... അത് നിയമത്തിന്റെ മുൻപിൽ കുറ്റം മാത്രമാണെന്ന് ഏതു പ്രതികരണ തൊഴിലാളിക്കാണ് അറിയാത്തത്??
മുൻപ് സുപ്രീം കോടതി ചില കേസ്സുകളിൽ നടത്തിയനിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.... ഒരുവൻ തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ അവന്റെ ആക്രമണത്തെ ചെറുക്കാൻ എടുക്കുന്ന സമയം മാത്രമേ സെൽഫ് ഡിഫൻസ് ആയി എടുക്കാൻ പാടുള്ളൂ എന്നതാണ്... നമ്മെ ആക്രമിച്ചവനെ പിന്തുടർന്ന് ആക്രമിച്ചാൽ അത് സെൽഫ് ഡിഫൻസ് അല്ല.... പിന്നീടൊരു ദിവസ്സം കരുതിയിരുന്നു തദ്ദവസ്സരത്തിൽ പ്രതികരിക്കുന്നതും സെൽഫ് ഡിഫൻസ് അല്ല.. സെൽഫ് ഡിഫൻസ് അവസ്സരത്തിൽ പോലും തന്നോട് ഏൽപ്പിക്കാൻ എതിരാളി ഉദ്ദേശിക്കുന്ന ഇഞ്ചുറിക്കൊപ്പമായി [Injury] അത്രമാതമേ സെല്ഫ് ഡിഫൻസ്ഉപയോഗിക്കാൻ പാടുള്ളൂ... തല്ലാൻ വരുന്നവനെ കൊന്നു പ്രതിരോധിക്കാൻ നമുക്ക് നിയമം സ്വാതന്ത്ര്യം തരുന്നില്ല എന്ന് സാരം...
അതുപോലെതന്നെയാണ് സഡൻ പ്രൊവൊക്കേഷൻ എന്ന നിയമത്തിലെ പ്രതിരോധവും...!! സഡൺ പ്രൊവൊക്കേഷനിൽ ചെയ്യുന്ന ഒരു കുറ്റകരമായ പ്രവർത്തിയിലെ ന്യായീകരണം... ഒരു കേസ് ഉദാഹരണമായി പറയാം...
"ഒരുവൻ Named A ജോലിക്കു പോയതിനു ശേഷം തിരികെ വീട്ടി ലെത്തിയപ്പോൾ അയാളുടെ ഭാര്യ(B) മറ്റൊരുവനുമായി (C) ലൈംഗിക വേഴചയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.... Mr. A കാത്തിരുന്നു.... Mr C പുറത്തുവന്നപ്പോൾ അയാളെ വെട്ടി കൊലപ്പെടുത്തി... കോടതി നിരീക്ഷിച്ചത് ഈ ക്രൈമിൽ സഡൺ പ്രൊവൊക്കേഷൻ നിലനിൽക്കില്ല എന്നാണ്... കാരണം പ്രതി സംഭവം മനസ്സിലാക്കിയതിനുശഷം എടുത്ത സമയമാണ്.... അത്രയും സമയം എടുത്തുകഴിഞ്ഞാൽ അതിനെ പ്ലാനിങ് ആയെ കാണാൻ കഴിയൂ... മറിച്ചു് സഡൺ പ്രൊവൊക്കേഷൻ ആയി കാണാൻ കഴിയില്ല..
ഇവിടെ ലിംഗഛേദം നടത്തിയ പെൺകുട്ടിക്കുമേൽ നിയമത്തിന്റെ വാൾ നീളില്ല എന്ന് എങ്ങനെ പറയാൻ കഴിയും.... അതോ നിയമസ്ഥിരത ഇല്ലാത്ത,, നാട്ടിലെ, അപ്പോൾ കേൾക്കുന്ന മുദ്രാവാക്യങ്ങൾക്കനുസ്സരിച്ചു പ്രവർത്തിക്കുന്ന ദുർബലമായ നിയമമാണോ ഇവിടെയുള്ളത്!??
കാലമിത്രയായിട്ടും എന്തുകൊണ്ട് പെൺകുട്ടി അധികാരസ്ഥാനങ്ങളെ സമീപിച്ചില്ല എന്ന ശ്രീ ശശി തരൂർ ചോദിച്ച ചോദ്യം പ്രസക്തമാണ്.... ആ ചോദ്യം എന്തുകൊണ്ട് രാഷ്ട്രീയ സമൂഹം ചോദിക്കുന്നില്ല എന്നത് സംശയാസ്പദമാണ്... സമൂഹത്തിൽ സ്ത്രീ പീഡനത്തിനെതിരെ ഒരു വലിയ ജനവികാരം നിലനിൽക്കുന്നുണ്ട്... തന്റെ ശബ്ദം അതിനെതിരെ ആയിപ്പോകുമോ എന്ന അഭയമാണ് പലരെയും നിശ്ശബ്ദരാക്കുന്നത് .....
ഈ അവസ്സരത്തിൽ ലിംഗശ്ചേതം നടത്തിയപെൺകുട്ടിയെ പുകഴ്ത്തിക്കൊണ്ടുള്ള നടപടികൾ രാഷ്ട്രീയ- സാമൂഹിക മേഘലകളിൽ ഉള്ളവർ നിർത്തണം... തന്റെ മകളെ ബലാൽസംഗം ചെയ്തു കൊന്ന പ്രതികളെ വെടിവെച്ചുകൊന്ന മുൻകാല പ്രതിയെ വെറുതെവിട്ടത് അദ്ദേഹത്തിൻറെ പ്രവർത്തിയെ ന്യായീകരിച്ചല്ല,, മറിച്ചു് തെളിവുകളുടെ അഭാവത്തിലാണ്....
""തനിക്കെതിരെയുള്ള ഒരു ആക്രമണത്തെ ചെറുക്കുവാൻ ഒരു കൃത്യം ചെയ്യുന്നതും,, തനിക്കെതിരെ നടന്ന ഒരു കൃത്യത്തിനെതിരെ ഒരു നിയമ വിരുദ്ധമായ കൃത്യം ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ നിയമത്തിന്റെയും സമൂഹത്തിന്റെയും മുൻപിൽ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം""
സ്ത്രീക്കെതിരെയുള്ള ആക്രമണങ്ങളെ ഏതുവിധേനയും ചെറുക്കണം എന്ന ബോധത്തിൽ നിന്നും ഉയർന്ന വികാരമാകാം, യാഥാർഥ്യങ്ങളെ വിലയിരുത്താതെ, ലിംഗ ഛേദം നടത്തിയ പെൺകുട്ടിയെ പിന്തുണച്ച പൊതുസമൂഹത്തിനുണ്ടായത്....!!
"സ്വയരക്ഷ" എന്ന നിയമത്തിലെ പരിരക്ഷ നിലനിൽക്കില്ല എന്നറിഞ്ഞിട്ടുപോലും ഇവിടെ എല്ലാവരും പെൺകുട്ടിക്ക് പിന്തുണയുമായാണ് നിൽക്കുന്നത്... ലിംഗശ്ചേദത്തിനു വിധേയനായ നിലവിലെ പ്രതി മുൻകാലങ്ങളിൽ പ്രായപൂർത്തിയായ പെൺകുട്ടിയുമായി അവളുടെ സമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതെന്നു തെളിയിക്കാൻ കഴിഞ്ഞാൽ ലിംഗം ഛേദിച്ച കേസ്സിൽ പെൺകുട്ടി അഴിയെണ്ണും.... അന്ന് കോടതികളുടെമേൽ കുതിര കയറിയിട്ട് യാതൊരു കാര്യവുമില്ല... വിശകലനം നടത്തിയും, അപഗ്രഥിച്ചും നമ്മൾ കാര്യങ്ങളെ മനസ്സിലാക്കുക... ഭരണകർത്താക്കൾ പൊതുജനവികാരത്തിനൊപ്പമെന്നവണ്ണം നിന്നുകൊണ്ട് യാഥാർഥ്യത്തെയും നിയമത്തെയും മറക്കരുത്.....
നിയമം കയ്യിലെടുക്കാൻ ആരെയും പ്രേരിപ്പിക്കരുത്.... നാട്ടിൽ നിലനിൽക്കുന്ന താൽക്കാലികമായ ഒരു ട്രെനഡിനനുസൃതമാണ് സ്ഥിരമായ നിയമ വ്യവസ്ഥിതി എന്ന് ആരെയും തെറ്റിദ്ധരിപ്പിക്കരുത്.... കുറ്റവാളിലകൾ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും വേണം
[Rajesh Puliyanethu
Advocate, Haripad]