Thursday, 22 November 2012

ശ്വേതാമേനോന്‍ പ്രസ്സവിക്കുമ്പോള്‍ മിന്നുന്ന ക്യാമറാ ഫ്ലാഷുകള്‍!!!!!!.`!!



       ശ്വേതാ മേനോന്‍ പ്രസ്സവിച്ചു; എല്ലാ സ്ത്രീകളും പ്രസ്സവിക്കുന്നത് പോലെയല്ല ഇത്! ഇവിടെ ലേബര്‍ റൂം എന്നത് ഒരു സെറ്റ് ആണ്. ഡോക്ടര്‍ മാരും നേഴ്സുംമ്മാരും മാത്രമല്ല, സംവിധായകന്‍ ഉള്‍പ്പെടെഉള്ള 'ക്രു' സന്നിഹിതമാണ്! ആക്ഷന്‍, റോള്‍ ക്യാമറ!!!! ചിത്രീകരണം മുന്നേറുന്നു, അവസാനം സംവിധായകന്‍ 'കട്ട്‌' പറഞ്ഞു. ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി കലാമൂല്യത്തിന്‍റെ ഒരു പുത്തന്‍ സൃഷ്ടി പിറന്നിരിക്കുന്നു. കുഞ്ഞു പിറന്നതിലും പ്രാധാന്യം അമ്മപോലും കല്‍പ്പിക്കുന്നു എന്ന് തോന്നിപ്പോകുന്ന പിറവി. ഒരു 'നടി'ക്ക് പ്രസ്സവത്തില്‍ എന്ത് അഭിനയവും ആവിഷ്ക്കാരവും ഇതര അമ്മമാര്‍ക്ക് വ്യത്യസ്തമായി പ്രകടിപ്പിക്കാന്‍ കഴിയുമെന്നത് ചോദ്യമായിത്തന്നെ അവശേഷിക്കട്ടെ; കാരണം ആവിഷ്ക്കാര സ്വാതന്ത്രയത്തിന്റെയും, വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും പരിരക്ഷ ആചോദ്യത്തെ തടയുന്നു. എന്തുകൊണ്ട് വ്യത്യസ്തമായ ഒരു മികച്ച പ്രകടനം നടത്താന്‍ തനിക്ക് കഴിയില്ല എന്ന് ശ്വേത മേനോന്‍ ചോദിച്ചാല്‍ ചോദ്യകര്‍ത്താവിന് ഉത്തരം മുട്ടി പോകും.

       ഒരല്‍പ്പം പിന്നോട്ട് നോക്കൂ!! ചിത്രീകരണത്തിന് മുന്‍പുള്ളകാലത്തേക്ക് പോകൂ. ശ്വേത പ്രസവിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതിന് ശേഷമായിരിക്കുമോ ബ്ലെസ്സി അത് ചിത്രീകരിച്ച് സിനിമ നിര്‍മിക്കാം എന്ന് തീരുമാനിച്ചത്?? അതോ തന്‍റെ കഥയ്ക്ക് അനുയോജ്യമായ പ്രസവചിത്രീകരണം  തേടി അദ്ദേഹം നടന്നിരുന്നോ?? അങ്ങനെ എങ്കില്‍ ഒരു സ്ത്രീയോട് "നിങ്ങള്‍ പ്രസവിക്കാന്‍ പോവുകയല്ലേ, ഞാന്‍ അത് ക്യാമറയില്‍ പകര്‍ത്തി സിനിമയില്‍ ചേര്‍ത്ത് നാട്ടുകാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കട്ടെ" എന്ന് അര്‍ഥം വരുന്ന രീതിയില്‍ എത്ര മിനുക്കിയും എങ്ങനെ ചോദിക്കും?? താന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയോട് "താനുമായി ലൈംഗിക വേഴ്ചക്ക് താല്‍പ്പര്യമുണ്ടോ??" എന്ന് ചോദിക്കുന്നതിലും എത്രയോ മടങ്ങ് അസഭ്യം നിറഞ്ഞതാണ്‌ ആദ്യത്തെ ചോദ്യം?? അപ്രകാരം ഒരു ചോദ്യം ശ്വേതയോട് ചോദിക്കാന്‍ ഒരുവന്‍ ധൈര്യപ്പെട്ടെങ്കില്‍ അവര്‍ തന്‍റെ പ്രവര്‍ത്തി രംഗത്തെ നിലവാരം ഒന്നളക്കുന്നത് നന്നായിരിക്കും എന്നെ പറയാനുള്ളൂ!!

       ഓരോ സിനിമ പുറത്തു വരാന്‍ തയ്യാറെടുക്കുമ്പോളും അതിനെക്കുറിച്ച് പൊതുജനത്തിന് ചില ധാരണകള്‍ ഉണ്ടായിരിക്കും. അത്, മെഗാസ്റ്റാറിന്‍റെ ചിത്രം, നായകന്‍ ഇരട്ടവേഷത്തില്‍ വരുന്ന ചിത്രം, കോടികള്‍ മുടക്കിയ ചിത്രം, കലാചിത്രം, വിദേശങ്ങളില്‍ ചിത്രീകരിച്ച ചിത്രം, അന്യഭാഷാ നടീനടന്മാരുടെ സാനിധ്യമുള്ള ചിത്രം, ചരിത്ര പ്രാധാന്യമുള്ള ചിത്രം, ആക്ഷന്‍ ചിത്രം, ഒരു പ്രഗല്‍ഭ സംവിധായകന്‍റെ ചിത്രം അങ്ങനെ നീളുന്നു ആ ധാരണകള്‍..`.. 'കളിമണ്‍' എന്ന ചിത്രത്തെക്കുറിച്ചുള്ള പൊതുജനധാരണ എന്ത്??  'ശ്വേതാ മേനോന്‍റെ പ്രസവം കാണിക്കുന്ന സിനിമ'!! ആ തരത്തില്ലുള്ള പ്രശസ്തി സിനിമാ ലോകത്തിനോ, നടിക്കോ, സംവിധായകനോ ആര്‍ക്കെങ്കിലും ഗുണം ചെയ്യുമെന്ന് ചിന്തിക്കാന്‍ കഴിയുമോ?? ഒരു പക്ഷെ നിര്‍മ്മാതാവിന് അല്ലാതെ??

       തങ്ങള്‍ ചെയ്യുന്ന വിലകുറഞ്ഞ പബ്ലിസ്സിറ്റി മാര്‍ഗ്ഗങ്ങളെ മനസ്സിലാക്കാതെയോ, അപ്രകാരം ഭാവിക്കാതെയോ ഇക്കൂട്ടര്‍ തങ്ങളുടെ ആവിഷ്ക്കാര സ്വാതന്ത്രിയത്തെക്കുറിച്ചാണ് സംസ്സാരിക്കുന്നത്. ഇവിടെ എന്ത് ആവിഷ്ക്കാരസ്വാതന്ത്ര്യമാണ് ഉപയോഗപ്പെടുത്തുന്നത്?? ആയുര്‍വേദത്തില്‍ പ്രസവത്തെ 'ശോധന' എന്ന വിഭാഗത്തിലാണ്പെടുത്തിയിരിക്കുന്നത്. അതിന് 'വിസ്സര്‍ജ്ജിക്കുക' എന്ന അര്‍ഥം കൂടിയുണ്ട്. അങ്ങനെ എങ്കില്‍ എല്ലാത്തരം വിസര്‍ജ്യങ്ങളും ചിത്രീകരിച്ചു വരുംകാല സിനിമകള്‍ പ്രതീക്ഷിക്കാമോ?? അതിനെയൊക്കെ ഏത് കണ്ണുകൊണ്ട് കണ്ടാണ്‌ കലാമൂല്യമായി വിലയിരുത്തേണ്ടത്?? ഇത്തരം പ്രവണതകളെ ആദ്യസംരംഭത്തില്‍ തന്നെ നിരുല്‍സ്സാഹപ്പെടുത്തിയില്ലെങ്കില്‍ സാംസ്ക്കാരികമായ വീക്ഷണം തന്നെ അധ:പ്പതിച്ചു പോകും. സംശയമില്ല!

       'കളിമണ്‍' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിമര്‍ശകര്‍ക്ക് നേരെ വ്യക്തി സ്വാതന്ത്യത്തിന്‍റെ പരിചയും ഉപയോഗിക്കുന്നുണ്ട്. അവര്‍ മനസ്സിലാക്കാഞ്ഞിട്ടാവില്ല!! വ്യക്തി സ്വാതന്ത്ര്യത്തിന് അതിര്‍ വരമ്പുകള്‍ ഉണ്ടെന്നത്!! ഒരുവന് തന്‍റെ കിടപ്പു മുറിയില്‍ വിവസ്ത്രനായി കിടക്കാം. പക്ഷെ പൊതുജന മധ്യത്തില്‍ അത് പാടില്ല. അത് വ്യക്തി സ്വാതന്ത്യത്തിന്‍റെ അതിര്‍വരമ്പാണ്. നിയമവും ആ അതിര്‍ വരമ്പുകളെ സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കണം. പ്രസവരംഗം ഉള്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം 'A' സര്‍ട്ടിഫിക്കേറ്റ് ലഭിച്ചുപോലും പ്രദര്‍ശന അനുമതി ലഭിക്കുന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

       വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍ ഒന്ന് മറന്നു പോകുന്നുണ്ട്, ശ്വേതക്ക് പിറന്ന കുട്ടിയുടെ സ്വാതന്ത്ര്യം. അത് അമ്മയുടെ ചൂടേല്‍ക്കണ്ട പ്രായത്തില്‍ ക്യാമറ വെളിച്ചത്തിന്‍റെ ചൂട് ഏല്‍ക്കേണ്ടി വന്നതല്ല. മറിച്ച് താന്‍ ജനിച്ചത്‌ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചത്; ബുദ്ധി ഉറക്കുന്ന കാലത്ത് അപമാനമായി ആ കുട്ടി കണ്ടാല്‍, അന്ന്പ്രായച്ചിത്തം ചെയ്യാന്‍ അമ്മയായ ശ്വേതക്ക് പോലും കഴിയില്ല. ഒരു പക്ഷെ തന്‍റെ സുഹൃത്തുക്കളില്‍ നിന്നോ സഹ പ്രവര്‍ത്തകരില്‍ നിന്നോ നാളെ ഉണ്ടായേക്കാവുന്ന പരാമര്‍ശങ്ങളെ എങ്ങനെ അവള്‍ നേരിടുമെന്നത്!!

       ഇതിലൊക്കെ നമ്മളെന്ത് പറയാനാ?? അതൊക്കെ അവരുടെ കാര്യം എന്ന് പറഞ്ഞ് ആരും പ്രതികരിക്കാന്‍ തയ്യാറാകാതെ ഇരിക്കരുത്.ഇതു തികഞ്ഞ സാമൂഹിക, സാംസ്ക്കാരിക പ്രശ്നമാണ്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരം അവിടുത്തെ കലാരൂപങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. സിനിമ ഈനാട്ടില്‍ വലിയ സ്വാധീനമുള്ള ഒരു മാധ്യമമാണ്. സിനിമയില്‍ കാണുന്ന ഐറ്റം ഡാന്‍സ്സിനും, അര്‍ദ്ധ നഗ്നതാ പ്രദര്‍ശനത്തിനും, ഒക്കെ അപ്പുറത്തുള്ള വഷളത്തരമായേ പ്രസവം ചിത്രീകരിച്ചുപ്രദര്‍ശിപ്പിക്കുന്നതിനെ കാണാന്‍ കഴിയൂ.

       ചിത്രം കാണാതെ അഭിപ്രായം പറയരുത് എന്നാണ് ബ്ലെസ്സിയുടെ പക്ഷം. ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കര്‍ പറഞ്ഞത് പോലെ ഈ ചിത്രം പ്രദര്‍ശനത്തിന് തന്നെ അനുവദിക്കരുത്. ഇതു പ്രദര്‍ശിപ്പിച്ചാല്‍അത് ഒരു ക്രൈം തന്നെ ആയിരിക്കും എന്നതില്‍യാതൊരു സംശയവുമില്ല.

       ഈ ചിത്രീകരണത്തെക്കുറിച്ച് ഉള്ള അസ്വാരസ്യങ്ങള്‍ പൊതു, സാമൂഹിക, സാംസ്ക്കാരിക, മഹിളാ സംഘടനകളില്‍ അധികം പുറത്തേക്ക് ഉയര്‍ന്നു കണ്ടില്ല. കാരണം, ഇത് ശരിക്കും ഒരു മഹത് സൃഷ്ടിയാണോ, താന്‍ എന്തെങ്കിലും എതിരായി പറഞ്ഞാല്‍ തന്നെ ആരെങ്കിലും വിലകുറച്ച് കാണുമോ? തന്‍റെ പ്രസ്ഥാവന സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരായി വ്യാഖ്യാനിക്കുമോ എന്നൊക്കെയുള്ള അവരുടെ ജല്‍പ്പിതസംശയങ്ങളാവാനെ വഴിയുള്ളൂ.

       ഒരു വൈദ്യശാസ്ത്ര ആവശ്യത്തിനോ, പഠന ആവശ്യത്തിനോ സ്വകാര്യശരീര ഭാഗങ്ങള്‍ മറ്റൊരുകൂട്ടര്‍ക്ക് മുന്‍പില്‍ കാണിക്കേണ്ടി വരുന്നതോ, വേണ്ടിവന്നാല്‍ അത് ചിത്രീകരിക്കുന്നതോ ഒന്നും സിനിമക്ക് വേണ്ടി ചിത്രീകരിക്കുന്ന ഒന്നിനോട് താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലന്നു സമൂഹത്തിലെ ചിലരോടെങ്കിലും പറഞ്ഞ് തര്‍ക്കിക്കേണ്ടി വരുന്നതും സാമൂഹികമായ അധ:പതനമാണ്. ഇത്രയും പ്രത്യക്ഷമായ ഒരു നാണക്കേടിനെ ഒറ്റശബ്ദത്തില്‍ എതിര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ആ അധ:പതനം.

       ഒരു മാതാവിന് തോന്നാത്ത മാതൃവികാരങ്ങളെ ആര്‍ക്കും വിമര്‍ശിച്ച് ജനിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ശ്വേതയെ അത് പഠിപ്പിച്ച് സമയം കളയാന്‍ മുതിരാതെ; ഇത്തരം വഷളത്തരങ്ങള്‍ ഇവിടെനടപ്പില്ല എന്ന് പ്രഖ്യാപിച്ച് അവയെ മുളയിലേതന്നെ നുള്ളി എറിയുകയാണ് നാം ചെയ്യേണ്ടത്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സഭ്യത്തിനും, അസഭ്യത്തിനും ഇടയില്‍ ശക്തമായ അതിര്‍വരമ്പുണ്ട്‌.`.. അത് കാണാന്‍ കഴിയാത്തവരെ  മനസ്സിലാക്കിനല്‍കാന്‍ പൊതു സമൂഹത്തിന് ചുമതലയുമുണ്ട്.


[Rajesh Puliyanethu,
 Advocate, Haripad]

     








Please Post Your Comments Through The Link Below....
     
http://www.facebook.com/puliyanz?ref=tn_tnmn

     

     

Monday, 19 November 2012

'അഹങ്കാരം' ഒരു മോശം വികാരമോ??



       'അഹങ്കാരം' ഒരിക്കലും നല്ലത് കേട്ടിട്ടില്ലാത്ത ഒരു വികാരമാണ്. അത് ആരിലെങ്കിലും പ്രവര്‍ത്തിക്കുന്നു എന്നുകണ്ടാല്‍ അയാളുടെയും സ്ഥിതിയും  അതുതന്നെ. ആരെങ്കിലും അവന്‍ അഹങ്കാരിയാണെന്ന്തമാശയായി എങ്കിലും പറഞ്ഞാല്‍; അഹങ്കാരി എന്നാ നാമം അയാള്‍ക്ക്‌ ചാര്‍ത്തി നല്‍കി സമൂഹത്തില്‍ ദുഷിപ്പിച്ചു ചിത്രീകരിക്കാന്‍ ഭൂരിപക്ഷത്തിനും ഒരു പ്രത്യേക സാമര്‍ത്യമാണ്. പക്ഷെ എന്താണ് താന്‍ അയാളില്‍ കണ്ട അഹങ്കാരം എന്ന് പലര്‍ക്കും വ്യക്തമായ ചിത്രമില്ല എന്നതാണ് സത്യം.  ഒരുവന്‍ തന്‍റെ കഴിവില്‍ വിശ്വാസ്സമര്‍പ്പിച്ചു സംസാരിച്ചാല്‍, തനിക്ക് സാധ്യമാക്കി എടുക്കാന്‍ കഴിഞ്ഞ വിഷമകരമായ ഒന്നിനെക്കുറിച്ച് സംസാരിച്ചാല്‍, സഹൂഹത്തിലെ നിലവിലുള്ള കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായി സംസ്സാരിച്ചാല്‍, സമൂഹം ഉന്നതനെന്നു അന്ഗീകരിക്കപ്പട്ട ഒരൂ വ്യക്ത്തിയെ വിമര്‍ശിച്ചാല്‍, ഒരു പ്രത്യേക മേഘലയില്‍ 'ഉന്നതന്‍' എന്ന് പൊതുസമൂഹം സ്ഥാപിച്ച ഒരുവ്യക്തിയുടെ; ആ മേഘലയിലെ ഒരു പോരായ്മ ചൂണ്ടിക്കാണിച്ചാല്‍, ഒരു വിഷയത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നാല്‍, ഒരുവനുനേരെ വെച്ചു നീട്ടുന്ന ഒരു ഓഫെര്‍ നിരസ്സിച്ചാല്‍, പണം കൂടുതലായി ചെലവഴിച്ചാല്‍, വിലപിടിച്ച ചില വസ്തുക്കള്‍ വാങ്ങിയാല്‍, മുതിര്‍ന്നവരെയും, ഗുരുജനങ്ങളെയും ബഹുമാനിക്കാതിരുന്നാല്‍, പുരാണത്തെയോ, ഇതിഹാസ്സത്തെയോ വിമര്‍ശിച്ചാല്‍, മതപരമായ വിശ്വാസ്സത്തിന് എതിരുനിന്നാല്‍, ദൈവ വിശ്വാസ്സത്തിന്റെ നിലവിലെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായി സംസാരിച്ചാല്‍ എന്നിവയില്‍ തുടങ്ങി കാണുന്നവന് ബോധ്യമാകാത്ത വസ്ത്രധാരണം നടത്തിയാല്‍ വരെ; ഉടനടി അഹങ്കാരി എന്ന  നാമം ചാര്‍ത്തി ലഭിക്കും!!
     അങ്ങനെ അന്യെഷിച്ചിറങ്ങിയാല്‍ അന്തമില്ലാതെ നീളും ഓരോരുത്തരും അഹങ്കാരി എന്ന വിളി സ്വന്തമാക്കിയതിന് പിന്നിലെ കാരണങ്ങള്‍!!!!`!!
     ജീവിതത്തില്‍ ഒരിക്കലെങ്കിലും 'അഹങ്കാരി' എന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തവര്‍ ഉണ്ടാകില്ല എന്ന് നിസ്സംശയം പറയാം!! ഏറ്റവും നിസ്സാരമായി മാതാപിതാക്കളില്‍ നിന്നോ ഗുരുജനങ്ങളില്‍ നിന്നോ എങ്കിലും ആ വിളിക്ക് പാത്രമായവരാണ് നാമെല്ലാം തന്നെ!!
     ഇന്ന് 'താന്‍ ഒരു അഹങ്കാരി ആണ്' അങ്ങനെ തന്നെ കരുതിക്കോളു! എന്നു പ്രഖ്യാപിച്ചു നടക്കുന്ന ഒരു വിഭാഗതത്തെയും കാണുവാന്‍ സാധിക്കുന്നുണ്ട്! അത് പലപ്പോഴും ധാര്‍ഷ്ട്യത്തോടെ ഉള്ള ഒരു വിചാരമായാണ് പരക്കെ കാണാന്‍ കഴിയുന്നത്‌!!`!
     അഹങ്കാരം എന്നാവികാരത്തെ മറ്റുള്ളവര്‍ കാണുകയും ആ 'വിളി' ചാര്‍ത്തിനല്‍കുകയും ചെയ്യുന്നത് വ്യക്ത്തമായ വേര്‍തിരിവുകളോ, ധാരണയോ ഇല്ലാതെയാണ് എന്നതാണ് അതിലെ കുറവ്! മാതാപിതാക്കളെയോ, ഗുരുജനത്തെയോ അപമാനിക്കുന്നവനെയും,  തനിക്ക് സാധ്യമാക്കി എടുക്കാന്‍ കഴിഞ്ഞ വിഷമകരമായ ഒന്നിനെക്കുറിച്ച് സംസാരിക്കുന്നവനെയും അഹങ്കാരി എന്നുതന്നെ വിളിക്കുന്നു. അവിടെ സന്ദര്‍ഭത്തിന് അനുസൃതമായി അര്‍ഥഭേദം നല്‍കുന്നതിന് ആ വാക്കിന് കഴിയുന്നതുമില്ല!!

       പലപ്പോഴും ഒരുവന്‍റെ ആത്മവിശ്വാസ്സതിന്റെ ഉച്ചസ്ഥായിയെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നു. അത് ഒരു മേഘലയിലുള്ള തന്‍റെ കഴിവിലുള്ള ആത്മവിശ്വാസ്സമായിരിക്കും! അവിടെ ആ അഹങ്കാരത്തിന്‍റെ  നാശം എന്നത് ആ വ്യക്തിയുടെ പരാജയമാണ്. തനിക്ക് അപകടരഹിതമായി ഏറ്റവും നല്ലതുപോലെ വാഹനം ഓടിക്കാന്‍ കഴിയുമെന്നത് ഒരുവന്‍റെ ആത്മവിശ്വാസ്സമാകാം; അതേ സമയം അതിനെ അയാളുടെ അഹങ്കാരമായും വ്യാഖ്യാനിച്ചു എന്നു വരാം. അവിടെ അയാളുടെ അഹങ്കാരത്തിന്‍റെ നാശം എന്നത് ഒരു അപകടവും, അതുവഴിയുള്ള പരാജയവുമാണ്. അയാളുടെ വാഹനം ഓടിക്കുന്നതിലെ ആത്മവിശ്വാസ്സത്തെ മുന്‍പേ ആരും പരാമര്‍ശിച്ചിട്ടില്ല എങ്കില്‍ പോലും ഒരു അപകടത്തിന് ശേഷം " അവനല്ലേലും വല്യ ഡ്രൈവറാനെന്നുള്ള അഹങ്കാരമുണ്ടായിരുന്നു" എന്ന് ജനം പറയും. അങ്ങനെ വരുമ്പോള്‍ പൊതുവേ പറയുന്നതുപോലെ നശിക്കേണ്ട വികാരമല്ല അഹങ്കാരം എന്ന് വരുന്നു. 'എല്ലാ അഹങ്കാരങ്ങളും' എന്ന് വ്യക്തമാക്കി പറയാം!

       അഹങ്കാരം മനോഹരമായ വികാരമാകുന്ന അവസ്ഥയുമുണ്ട്. അത് അഹങ്കാരത്തിന് ഹേതുവായ വസ്തു തന്‍റെ ആത്മാഭിമാനത്തിന് കാരണമാകുമ്പോളാണ്. തന്‍റെ മനസ്സില്‍ അഹങ്കാരം ജനിപ്പിക്കുന്ന ഒന്ന് തന്‍റെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നു എങ്കില്‍ അവിടെ അഹങ്കാരം മനോഹരമായ വികാരമായി മാറുന്നു.അവിടെ തന്‍റെ അഹങ്കാരത്തെ ജനിപ്പിക്കുന്ന വസ്തുവിനെയോ, വസ്തുതയെയോകുറിച്ച് അയാള്‍ക്ക്‌ വ്യക്തത ഉണ്ടായിരിക്കണം. അപ്രകാരം അഹങ്കാരം തന്നില്‍ ജനിപ്പിക്കുന്ന വസ്തുത അയാളുടെ വ്യക്തിത്വത്തിന്‍റെ പരിച്ചേദമായിരിക്കും!! മനോഹരങ്ങളായ അഹങ്കാരങ്ങള്‍ നമ്മില്‍ ജനിക്കുകയും അവ എന്നും പരാജയപ്പെടാതെ നിലനില്‍ക്കുകയും ചെയ്യട്ടെ!!



[Rajesh Puliyanethu,
 Advocate, Haripad]




      

Sunday, 11 November 2012

മലയാളം നമുക്ക് മാതൃഭാഷയാണ്, പിന്നെന്താണ്??



       "മര്‍ത്യന് തന്‍റെ പെറ്റമ്മ തന്റെ മാതൃ ഭാഷ. മറ്റു ഭാഷകള്‍ പോറ്റമ്മമാര്‍ മാത്രം". അമ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞ് അമ്മയെന്ന വാക്കിനെ തിരിച്ചറിയുന്നു. ഒരു കുഞ്ഞിനു ലഭിക്കുന്ന ആദ്യത്തെ വിലപ്പെട്ട തിരിച്ചറിവുകള്‍`. അമ്മയെ തിരിച്ചറിയാന്‍ കുഞ്ഞിനെ സഹായിച്ച മാതൃഭാഷ; അമ്മയോളം മൂല്യമുള്ള ഒന്ന്! വ്യക്തിസ്വാതന്ത്രങ്ങളുടെ കടുത്ത പരിരക്ഷയുള്ള വിഷയമാണെങ്കിലും പറയാതെ വയ്യ, ഒരു കുഞ്ഞിനെ സ്വന്തം അമ്മയെ കാണിച്ചു 'ആയ' എന്ന് പരിചയപ്പെടുത്തിക്കോടുക്കുന്നത് പോലെയാണ് അവനെ "മമ്മി" എന്ന് പരിചയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നുന്നു. ആധുനികത, പരിഷ്ക്കാരം എന്നിവ മുണ്ടും നേരിയതുമിട്ട അമ്മക്ക് ബ്രഷ്ട്ടു കല്‍പ്പിച്ച്, ചുരുതാറിടുന്ന അമ്മയെ മാത്രം 'മമ്മി' എന്ന് വിളിച്ച് അന്ഗീകരിക്കാനും പരിചയപ്പെടുത്തുവാനും തുടങ്ങിയപ്പോള്‍ മാതൃഭാഷ രൂപത്തിലും ഭാവത്തിലും അന്യഭാഷയ്ക്ക്‌ ദാസ്സിയായി. സ്വന്തം അമ്മയെക്കൊണ്ട് വിടുവേല ചെയ്യിക്കുന്നതില്‍ അഭിമാനം കൊണ്ട ഭാഷയുടെ സന്തതികള്‍ സ്വയം ചണ്ടാളന്‍മാരായി അധപ്പതിച്ചു!!

       ഭാഷയ്ക്ക്‌ ഉച്ച നീചത്വങ്ങള്‍ ചരിത്രാതീത കാലം മുതല്‍ ഉള്ള പ്രതിഭാസ്സ മാണെന്ന് വേണം മനസ്സിലാക്കാന്‍..........**--............... പുരാണ എതിഹാസ്സങ്ങളില്‍ പോലും ഭാഷയുടെ വലിപ്പ ചെറുപ്പങ്ങളുടെ വ്യക്ത്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അന്ന് സംസ്കൃതം എന്നാ ഭാഷയായിരുന്നു ഏറ്റവും ഉത്തമര്‍ണ്ണന്‍ മാരുടെ ഭാഷയായി കരുതിയിരുന്നത്. അതിനെ ദേവഭാഷയായും ചിത്രീകരിക്കപ്പെട്ടു. അവിടെ എന്തുകൊണ്ട് സംസ്കൃതം ദിവ്യഭാഷയായി കണക്കാക്കപ്പെട്ടു എന്നതിന്റെ ന്യായം തന്നെയാണ് ഇന്ന് ഇംഗ്ലീഷ് ഭാഷ പരിഷ്കൃത ഭാഷയായത്തിന്റെ ഒരു പ്രമുഘകാരണവും. അത്, ഉയര്‍ന്ന വിദ്യാഭ്യാസ്സഭാഷയായി ഈ ഭാഷകള്‍ അതാതു കാലങ്ങളില്‍  കണക്കാക്കി വന്നതാണ്. ഇംഗ്ലീഷ് ഭാഷ എന്തുകൊണ്ട് ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷയായി കണക്കാക്കി എന്നതിന് ബ്രട്ടിഷ് അധിനിവേശവും മറ്റും കാരണമായിരിക്കാം. പക്ഷെ ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷ ആയി എന്നതാണ് അതിനെ ഉയര്‍ന്ന 'സ്റ്റാറ്റസ്സ്'  ഭാഷ എന്ന പരിവേഷം നേടി നല്‍കാന്‍ കാരണം.

        ഇംഗ്ലീഷ് ഭാഷയുടെ പ്രചരണം ബ്രിട്ടന്‍റെ ലോക കോളനിനയത്തിന്‍റെ ഉല്‍പ്പന്നമാണ്‌!!......6~.  വെള്ളക്കാര്‍ എന്ന മദ്ധ്യ-പുരാതന കാലത്തെ ലോകഭരണാധി കാരികള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടത്തിയ വിദ്യാഭ്യാസ്സപരമായ വികസ്സന നടപടികള്‍ അവരുടെ ഭാഷയെ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക്  വഹിച്ചു. വിദേശികളില്‍ നിന്നും ആധുനികമായ അറിവ് ഇവിടുത്തുകാര്‍ സമ്പാദിച്ചത്  ഇംഗ്ലീഷ് ഭാഷയിലായിരുന്നതിനാല്‍  ഇംഗ്ലീഷ് വിദ്യാസമ്പന്നന്‍റെ ഭാഷയായി മാറി. വിദ്യാസമ്പന്നന്‍ സമൂഹത്തില്‍ ഉയര്‍ന്ന  ജീവിത നിലവാരം പുലര്‍ത്തിയപ്പോള്‍ മനുഷ്യ സഹജമായ വികാരമെന്നവണ്ണം അവനോടു തോന്നിയ ആരാധനയും, വികാരവും സാധാരണക്കാരന്റെ മനസ്സിലും ആ ഭാഷയോട് ആരാധനയും അഭിനിവേശവും ജനിപ്പിച്ചു! ! എണ്ണി എടുത്തു പറയാന്‍ കഴിയുന്ന രണ്ട്  ഇംഗ്ലീഷ് വാക്കുകള്‍ തന്‍റെ അന്തസ്സിനെ ഉയര്‍ത്തുമെന്ന്‌ സാധാരണക്കാരന്‍ വൃഥാ ധരിച്ചുപോയി.

       നമ്മുടെ നാട്ടിലെ അറിവുകളുടെയും, വിഭവങ്ങളുടെയും ആകെ ഉടമയായി മാറിയ വെള്ളക്കാരന്‍ ഇവിടെ നിന്നും പഠിച്ച മേന്മയേറിയ പലതും അവന്റെ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്താണ് പ്രചരിപ്പിച്ചിരുന്നത്. അത് ഇംഗ്ലീഷ് ഭാഷയെ സമ്പന്നമാക്കിയത് എത്രത്തോളമെന്നത് അനിര്‍വചനീയമാണ്.

       ഏതൊക്കെ കാരണങ്ങളാല്‍ ഒരു ഭാഷയ്ക്ക്‌ പ്രാധാന്യവും പ്രശസ്തിയും ഏറി വന്നാലും; മാതൃ ഭാഷയെ തള്ളിക്കളഞ്ഞ് വിദേഷഭാഷയെ മാത്രം തോളിലേറ്റി നടക്കുന്നത് അധമത്വമാണ്. സായിപ്പിന്റെ ഭാഷ അവന്‍റെ രീതിയില്‍ പഠിച്ച്, അവന്‍റെ ഉച്ചാരണത്തില്‍ അഭ്യസിച്ചു, അവനെ പറഞ്ഞ് കേള്പ്പിക്കേണ്ടി വരുന്നത് പൌരാണികമായ ഒരു ഗതികേടിന്റെ ബാക്കി പത്രമാണ്‌.`.. സ്വന്തം നിലനില്‍പ്പിനായി അത് ചെയ്യാം, പക്ഷെ അതില്‍ അഹങ്കരിക്കാതിരിക്കുക. ഇംഗ്ലീഷ് സാഹിത്യത്തോടോ, കൃതികളോടോ ഉള്ള ഭാഷാപരമായ സ്നേഹം കൊണ്ട് ആ ഭാഷ അഭ്യസ്ഥിച്ചവരല്ല ഇവിടുത്തെ അഭിനവസായിപ്പന്‍മാര്‍~. അങ്ങനെ ഉള്ളവര്‍ ഭാഷാ സ്നേഹികളായിരിക്കും; ആ സ്നേഹത്തിന് ഭാഷയുടെ അതിര്‍വരമ്പുകളും ഉണ്ടാവുകയില്ല.

       ആത്മാഭിമാനത്തിന്‍റെ വേലിയേറ്റത്തിന് കാരണം എന്തായാലും, മലയാള ഭാഷക്ക് ചില രോഗശാന്തി ശുശ്രുഷകള്‍ നടന്നു വരുന്ന ഒരു കാലഘട്ടമാണിത്. 'ഞാന്‍ ഭാഷാ സ്നേഹിയാണ്, മറിച്ച് ഭാഷാ ഭ്രാന്തനല്ല' എന്നതാണ് മുദ്രാ വാക്യം. വിദേശ ഭാഷയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവാത്ത മലയാളിയുടെ മനസ്സാണ് അതിനു പിന്നില്‍!!!`!! അത് പറഞ്ഞ്  അയലത്തെ തമിഴനെ പരിഹസിക്കാനും നമ്മള്‍ സമയം കണ്ടെത്തുന്നുണ്ട്. തമിഴന്‍ തന്‍റെ എല്ലാ തമിള്‍ പദങ്ങളിലും കടിച്ചു തൂങ്ങി നില്‍ക്കുന്നു എന്നാണ് ആക്ഷേപം. അവയില്‍ അനായാസ്സ ഉച്ചാരണ ശേഷി ഉള്ള വാക്കുകള്‍ മാത്രം ഉപയോഗിച്ചാല്‍ പോരേ? എന്നാണ് മലയാളിയുടെ സംശയം. കേള്‍ക്കുമ്പോള്‍ സുഖമില്ലാത്ത വാക്കുകള്‍ ഒഴിവാക്കി അവിടെ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കണം! അതാണ്‌ മലയാളിയുടെ പക്ഷം. എന്തായാലും 'മംഗ്ലീഷില്‍' ഉന്നിയ ഭാഷാക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നാം കച്ചമുറുക്കി ക്കഴിഞ്ഞു.

       മലയാളത്തിന് 'ക്ലാസ്സിക്കല്‍' പദവിക്കുവേണ്ടി രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക നായകന്‍മാര്‍ പടനയിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. തന്‍റെ ഭാഷക്ക് സാധ്യമായ അന്ഗീകാരങ്ങള്‍ എല്ലാം ലഭിക്കണം എന്നത് സാധൂകരണമുള്ള ഒന്നാണ്. പക്ഷെ തന്‍റെ  ഭാഷയില്‍ മുഴുവന്‍ വാക്കുകളും നിത്യ സംസ്സാരത്തിനു പോലും കൊള്ളില്ല, അതിന് അത്യാവശ്യം കൊള്ളാവുന്ന വാക്കുകള്‍ ഇംഗ്ലീഷില്‍ നിന്ന് കടമെടുക്കണമെന്ന്  അവര്‍തന്നെ പ്രചരിപ്പിച്ചാല്‍; 'ക്ലാസിക്കല്‍' എന്നാ പദവിക്ക് ഈ ഭാഷക്ക് എന്ത് യോഗ്യത എന്ന് സ്വയം ചോദിക്കുന്നതിന് തുല്യമാവുകയില്ലെ?? ചില പ്രമുഘ ദക്ഷിണേന്ത്യന്‍ ഭാഷകളോടും, ഹിന്ദിയോടും മറ്റും തുലനം ചെയ്യുമ്പോള്‍ സംഗീതത്തിനു പോലും അപര്യാപ്തമായ ഭാഷയാണ്‌ മലയാളം എന്ന ആക്ഷേപം നിലനില്‍ക്കെ??

       മാതൃഭാഷ എന്ന നിലയില്‍ ഭാഷയെ അന്ഗീകരിക്കുന്നതിനും, അതിന്‍റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അതിന്‍റെ സാങ്കേതികമായ ഏറ്റവും വലിയ മേന്മ കണ്ടിട്ടല്ല! മറിച്ച് അത് തന്‍റെ മാതൃഭാഷആണെന്നുള്ള മേന്മ കണ്ടിട്ടാണ്. കാരണം മാതൃഭാഷയെ ഉപമിക്കുന്നത് മാതാവിനോടാണ്. മാതാവിന്‍റെ മഹത്വം മാതാവെന്നതാണ്. മറ്റൊന്നുമല്ല.

       അന്യഭാഷകള്‍ അഭ്യസ്സിക്കാതിരിക്കുന്നതോ, അവയെ നിന്ദിക്കുന്നതോ ഒന്നുമല്ല മാതൃഭാഷാ സ്നേഹത്തിന്‍റെ ലക്ഷണം. സ്വന്തം ഭാഷ ഉപയോഗിക്കുന്നതിലും, ഉപയോഗിക്കുന്നവനോടും ഉള്ള പുച്ഛം ഇല്ലാതിരിക്കുക എന്നത് മാത്രമാണ്. ഈ മണ്ണില്‍ വിരിയുന്ന പുഷ്പ്പങ്ങള്‍ക്കെല്ലാം ഇവിടുത്തെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. മലയാളം നമ്മുടെ മാതൃഭാഷയാണ്. മാതാവിനോളം അത് പ്രിയപ്പെട്ടതാകട്ടെ...


[Rajesh Puliyanethu,
 Advocate, Haripad]

  

Monday, 5 November 2012

തമ്പി അളിയനും, അമ്മാവനും കുറെ യാത്രക്കാരും!!



       തമ്പി അളിയന്‍ കായംകുളം ബസ്സ്‌ സ്റ്റാന്റില്‍ നില്‍ക്കുകയാണ്. ആലപ്പുഴ വരെ പോകണം. ഏകദേശം പത്തു പതിനഞ്ചു മിനിട്ടുകള്‍ ആയി അവിടെ നില്‍ക്കുന്നു. ശാപഗ്രസ്ഥമായ KSRTC യുടെ പതിവ് ആവര്‍ത്തിച്ചു. കൊല്ലം, തിരുവനനന്തപുരം ബോര്‍ഡുകള്‍ വെച്ചുകൊണ്ട് രണ്ടു സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും, ഒരു ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്സും പോയിക്കഴിഞ്ഞു.

       ഒരാള്‍ നടന്നു വന്ന് തമ്പി അളിയന്‍റെ അടുത്തുവന്നു നിന്നു. വളരെ എക്സിക്കുട്ടിവായി വേഷം ധരിച്ചിരുന്ന അയാള്‍ തമ്പി അളിയന്‍റെ മുഖത്തെക്ക് ഒരുനിമിഷം നോക്കി. എന്നിട്ടുചോദിച്ചു .....

       സമയമെന്തായി??

       തമ്പി അളിയന്‍ ആളെ ഒന്നുകൂടി ഉഴിഞ്ഞു നോക്കി; എന്നിട്ടുപറഞ്ഞു 10.30

       കുറച്ചു നിമിഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം തമ്പി അളിയന്‍ ചോദിച്ചു,

       എവിടെ പോകാനാ??

       തിരുവനന്തപുരം വരെ, എന്‍റെ കമ്പിനിയുടെ ഒരു മീറ്റിംഗ് ഉണ്ട്. അത് പറഞ്ഞു തീരും മുന്‍പേ അയാള്‍ പറഞ്ഞു!

       ദാ, എന്‍റെ വണ്ടി വന്നല്ലോ

       ഒരു സൂപ്പര്‍ എക്സ്പ്രെസ്സ് സ്റ്റാന്‍ടിനുള്ളിലേക്ക് കടന്നുവരുന്നു.

       തനിക്ക് ബസ്സ് കിട്ടാത്തതിലുള്ള അരിശമാണോ മറ്റേയാള്‍ക്ക് വേഗത്തില്‍ വണ്ടി കിട്ടി പോയതിലെ വിഷമമാണോ! തമ്പി അളിയന്‍ അസ്വസ്ഥനായി ചുറ്റും നോക്കി.

       പ്രത്യേകിച്ച് ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചുനോക്കിയതല്ല എങ്കിലും തന്‍റെ വലതു തോളിനു അല്‍പ്പം പുറകിലായി നിന്ന ഒരാളില്‍ എത്തി തമ്പി അളിയന്റെ നോട്ടം ഉടക്കിനിന്നുപോയി. കാരണം അവിടെനിന്നും തമ്പി അളിയനോടായി ചില വാക്കുകള്‍ ഉണ്ടായിരുന്നു...

     വലിയ കൊട്ടും കളസ്സവുമൊക്കെ ഇട്ടോണ്ടാ വരവ്, സമയമറിയണേ വല്ലോനോടും ചോദിക്കണം!

     ഒരു നിമിഷാര്‍ത്ഥനേരത്തെ അമ്പരപ്പിന് ശേഷം തമ്പി അളിയന് എല്ലാം മനസ്സിലായി; ഈ പറയുന്നത് തന്നോടാണെന്നും, പറയുന്നത് തന്നോട് സമയം ചോദിച്ച്, ബസ്സു കയറി പോയവനെപ്പറ്റിയാണെന്നും!!

       ഇതെല്ലാം ഇങ്ങേരു നോക്കുന്നുണ്ടാരുന്നോ എന്ന് മനസ്സില്‍ ചിന്തിക്കുന്നതിനൊപ്പം തമ്പി അളിയന്‍ ആ മനുഷ്യനെ വിശാലമായി ഒന്നുനോക്കി.

       തൂവെള്ള മുണ്ടും ഷര്‍ട്ടും. അതിലും വെളുത്ത ഒരു വലിയ തോര്‍ത്തു തലയില്‍ കെട്ടിയിരിക്കുന്നു. തീരെ വണ്ണമില്ലാത്ത ശരീര പ്രകൃതം. മുട്ടിനു വളരെ മീതെ മുണ്ട് മടക്കി ഉടുത്തിരിക്കുന്നതിനാല്‍ ശോഷിച്ച കറുത്ത കാലുകള്‍ ആരും ശ്രദ്ദിച്ചു പോകും. കൈ പുറകില്‍ കെട്ടി അല്‍പ്പം മുന്‍പോട്ടുവളഞ്ഞ നില്‍പ്പ്.  പ്രായം 65 ല്‍ താഴേക്കു വരില്ല!!ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിനിറച്ചുവെച്ച ഒരു പേഴ്സും മൊബൈല്‍ ഫോണും. ഇതിനെല്ലാം പുറമേ ആകാരത്തിനു വിരുദ്ധമായി ചെമ്പില്‍ കൂടത്തിനടിക്കുന്ന ശബ്ദവും!!

       രണ്ടു ചെവിടുകള്‍ കൂടി മുന്നോട് വന്ന് ആ അമ്മാവന്‍ ചോദിച്ചു; മോനെങ്ങോട്ടാ??

       ആലപ്പുഴവരെ

       ഞാനും ആവഴിക്കാ, മെഡിക്കല്‍ കോളേജില്‍ വരെ ഒന്നുപോകണം.

       വണ്ടാനത്ത്......

       അറിയാമെന്ന ഭാവത്തില്‍ തമ്പി അളിയന്‍ തലയാട്ടി

       മോനവിടാകുമ്പോ ഒന്നു പറയണം

       ങ്ങ

       ഒറ്റക്കെ ഉള്ളോ?? തമ്പി അളിയന്‍ ആരാഞ്ഞു

       അതൊന്നും പറയണ്ട കുഞ്ഞേ.........

        അമ്മാവന്‍ ഒരു കഥയുടെ ഭാണ്ഡം തുറക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ബസ്സ്‌ എറണാകുളം ബോര്‍ഡ് വെച്ച് സ്ടാന്റിനുള്ളിലേക്ക് കടന്നിരുന്നു.

       തമ്പി അളിയനും അമ്മാവനും ബസ്സിലേക്ക് കയറി, സീറ്റുകള്‍ പലതും ഒഴിഞ്ഞു കിടക്കുന്നു, തമ്പി അളിയനു മുന്‍പേ ബസ്സില്‍ കയറി ഏതാണ്ട് മധ്യ ഭാഗത്തുള്ള ഒരു സീറ്റില്‍ അമ്മാവന്‍ ഇരുപ്പുറപ്പിച്ചു. തമ്പി അളിയന്‍ ബസ്സില്‍ കയറി മുന്‍പോട്ടു നടന്നപാടെ തന്നെ വിളിവന്നു.

     മോനെ, ഇവിടിരിക്കാം !!

       അമ്മാവന്റെ ക്ഷണം അവഗണിക്കണ്ടാ എന്നുകരുതി തമ്പി അളിയന്‍ അവിടെ ചെന്നിരുന്നു.

       കായംകുളത്തുനിന്നും ആള്‍ക്കാര്‍ കയറിയതു കൂടിക്കഴിഞ്ഞപ്പോള്‍ അഞ്ചോ ആറോ പേരേ ബസ്സില്‍ നില്‍ക്കാനുണ്ടായിരുന്നുള്ളൂ.

       കണ്ടക്ടര്‍ ടിക്കറ്റിനായി എത്തി

       പ്രായത്തോടുള്ള പരിഗണന കൊണ്ടാകാം, തമ്പി അളിയാല്‍ ലോഹ്യത്തില്‍ അമ്മാവനോട് ചോദിച്ചു. ടിക്കട്ടെടുക്കണോ??

       രണ്ടു നിമിഷത്തെ ആലോചനക്കുശേഷം മറുപടി എത്തി

       മോനെന്തവായാലും ചോദിച്ചതല്ലിയോ, അമ്മാവന്റെയും കൂടെടുത്തോ!!

       ലോഹ്യം ചോദിച്ചതിന് 30 രൂപ പോയി എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് തമ്പി അളിയന്‍ പണം നല്‍കി.

       വണ്ടി കുറെ ദൂരം പിന്നിട്ടു, അമ്മാവന്‍ തമ്പി അളിയന്‍റെ വിശേഷങ്ങളും ഓരോന്നായി ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. മറുപടി പറഞ്ഞു മടുത്ത തമ്പി അളിയന്‍ ഉറങ്ങുന്നതു പോലെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

       ധും!!!! ഒരു കടുത്ത ശബ്ദത്തില്‍ ബസ്സ് ഒരു ഗട്ടറില്‍ വീണതാണ്!

       'കഴുവരടാ മോനേ!! നടുവോടിക്കാനാണോടാ വണ്ടി ഓടിക്കുന്നത്' വീണ ഗട്ടറില്‍ നിന്ന് വണ്ടി കര കേറുന്നതിനു മുന്‍പുതന്നെ അമ്മാവന്‍റെ പ്രതികരണമെത്തി.

       ഒന്നുതിരിഞ്ഞു നോക്കിയതിന് ശേഷം വണ്ടി സൈഡിലേക്ക് ഒതുക്കി നിര്‍ത്തി ഡ്രൈവര്‍ അമ്മാവന്‍റെ അടുത്തേക്ക് വരുകയാണ്..

       ആരെയാടോ മൂപ്പിലെ തെറി വിളിച്ചത്.

      കൊല്ലാനാണോടാ വണ്ടി ഓടിക്കുന്നത്?? തന്‍റെ തെറിവിളി ഉചിതമായത് തന്നെ ആയിരുന്നു എന്നമട്ടില്‍ അമ്മാവന്‍ കത്തുകയാണ്..

       ഓരോ കെളവനോക്കെ വന്നു കേറിക്കോളും, പ്രായം ഇത്രം ഇല്ലായിരുന്നെ പല്ല് രണ്ടെണ്ണം ഇപ്പം വായിക്കെടന്നെനേം.

       പിന്നെ നിന്‍റെ വീട്ടിലല്ലിയോ വന്നു കേറിയത്‌........!

       അമ്മാവന്‍ വിട്ടു കൊടുക്കുന്ന ലക്ഷണവുമില്ല, രംഗം വഷളാകുന്നു എന്നുകൂടി കണ്ട് തമ്പി അളിയന്‍ ഡ്രൈവറുടെ അടുത്തുചെന്ന് അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ക്ഷമിക്ക് സാറേ, പ്രായമായ ആളല്ലേ!! തമ്പി അളിയനെ പിന്തുണച്ചു രംഗം ശാന്തമാക്കാന്‍ മറ്റു ചില യാത്രക്കാരും കൂടി. അതോടെ ഡ്രൈവര്‍ പിന്തിരിഞ്ഞു പോയി യാത്ര തുടര്‍ന്നു. അമ്മാവനെ ഒന്നും ചെയ്യുവാനും കഴിയില്ല!! രക്ഷപ്പെട്ടാല്‍ മതി എന്നാ ചിന്ത ഡ്രൈവര്‍ക്കും ഉണ്ടായിരുന്നു എന്നു തോന്നുന്നു. 

       ബസ്സ്‌ ഏകദേശം പുറക്കാട് കഴിഞ്ഞു കാണും, അമ്മാവന്‍റെ ഫോണ്‍ ശബ്ദിച്ചു. ഫോണും പേഴ്സും എല്ലാം ചേര്‍ത്ത് വലിച്ച് അമ്മാവന്‍ പുറത്തെടുത്തു. പേഴ്സ് ഉള്‍പ്പടെ കുറെ പേപ്പറുകള്‍ അതാ കിടക്കുന്നു താഴെ...

        ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ഒരു ഹലോ പറഞ്ഞു നിര്‍ത്തി അമ്മാവന്‍ തമ്പി അളിയനോട് തിരിഞ്ഞു, മോനെ അതെല്ലാം ഒന്നെടുത്തേരെ

       സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം എന്നു പറയുന്നതു പോലെ വേറെ നിവര്‍ത്തി ഒന്നുമില്ലാതെ തമ്പി അളിയന്‍ പേപ്പറുകള്‍ വാരി എടുത്തു. നിരസ്സിച്ചാല്‍ അമ്മാവന്‍റെ നാവിലെ സരസ്വതി വീണവായിക്കുന്നതെങ്ങനെയെന്ന ഭയവും തമ്പി അളിയനെ ഭരിച്ചിട്ടുണ്ടാകാം!!

       തമ്പി അളിയന്‍ പേപ്പറെടുത്തു അമ്മാവനു നേരെ നീട്ടിയത് വങ്ങുവാനുള്ള സാവകാശം അമ്മാവനുണ്ടായിരുന്നില്ല!! തന്‍റെ നേരെ പുറകിലെ സീറ്റിലിരുന്ന പയ്യനു നേരെ തിരിഞ്ഞു കൊണ്ട്, നിന്‍റെ പാട്ടു മാത്രം കേട്ടാമതിയോ?? മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് ഓണ്‍ ചെയ്തു വെച്ചിരുന്ന പയ്യനോടുള്ള ആക്രോശം തമ്പി അളിയനും അല്‍പ്പം ബോധിച്ചു. അമ്മാവനെ അതിനോടകം തന്നെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാകാം, അടുത്ത നിമിഷം തന്നെ പയ്യന്‍ ഫോണ്‍ ഓഫ്‌ ചെയ്ത് പോക്കറ്റില്‍ വെച്ചു.

    അമ്മാവന്‍ ഫോണില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ബസ്സില്‍ നിശബ്ദത വ്യാപിച്ചു. ആ ബസ്സു സഞ്ചരിച്ചു വരുന്ന വഴിയില്‍ നില്‍ക്കുന്നവര്‍ക്കു തന്നെ അമ്മാവന്റെ സംസാരം വ്യക്തമായിരുന്നു.

       ക്ഹ, ഞാന്‍ ഒറ്റക്കാ, രാവിലെ ഇറങ്ങിയതാ, അജിത്ത് വരും, എളെവളുടെ രണ്ടാമത്തെവന്‍, അവന് ബസ്സെ കേറാന്‍ കഴിയത്തില്ല. ഇപ്പോ ഒരു വണ്ടിം കൂടി കിട്ടിയതിപ്പിന്നെ അത് ചന്തിക്കീഴീന്ന് മാറ്റത്തില്ല. ഓ പ്രത്യേകിച്ച് പണി ഒന്നുമില്ല, രാവിലെ ഷര്‍ട്ടും തേച്ചിട്ടെറങ്ങും, എവിടെ തെണ്ടാന്‍ പോകുവാണോ എന്തോ??

       യാത്രക്കാര്‍ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്, ഭൂരിപക്ഷത്തിന്റെയും; കണ്ണുകള്‍ അമ്മാവനില്‍ നിന്ന് അകന്നാലും,കാതുകള്‍ അമ്മാവനിലേക്കുതന്നെ തുറന്നു പിടിച്ചിരിക്കുന്നു.

       വണ്ടാനത്ത് ബസ്സെറങ്ങുന്നിടത്തു കാണുമെന്നാ പറഞ്ഞത്, ആ ആര്‍ക്കറിയാം, ഇപ്പഴത്തെ ചെരുപ്പക്കാരെന്നോന്നുമില്ല, ദേ, എന്‍റെ അടുത്തൊരു പയ്യനിരുപ്പോണ്ട്, എന്തൊരു നല്ല ചെറുക്കാനാ....തിരിഞ്ഞു നോക്കുന്നവര്‍ അമ്മാവനൊപ്പം തമ്പി അളിയനെയും കാഴ്ച വസ്തുവാക്കി..

       എന്തിനാ അമ്മാവാ നാറ്റിക്കുന്നത്, എന്നമട്ടില്‍ ദയനീയമായി തമ്പി അളിയന്‍ അമ്മാവനെ നോക്കി...

       അമ്മാവന്‍ കൊച്ചുമോനെ പ്രകീര്‍ത്തിക്കുന്നത് തുടരുകയാണ്. എടാ നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞതല്ലിയോ, ബാംബെലോ, പോറത്തോ എവിടേലും അവനെ ഒന്ന് കൊണ്ട് പോകാന്‍, ഇവിടെ നിന്നാ അവന്‍ കോണം പിടിക്കത്തില്ല.
       ഓ, തന്തേം, തള്ളേം ഒന്നും പറഞ്ഞാ അവന്‍ കേക്കത്തില്ല.

       ഇന്നുതന്നെ 500 രൂപാ ഏതാണ്ട് കുന്ത്രാണ്ടത്തിന് കൊടുക്കാമെന്നു തള്ള പറഞ്ഞത് കൊണ്ടാ അവന്‍ ആശുപത്രി വരാമെന്നു സമ്മതിച്ചത്!!

     ക്ഹ, നീ ഫോണ്‍ വെച്ചോ വണ്ടാനത്ത് എറങ്ങിക്കഴിയുമ്പം അവനെക്കൊണ്ട്‌ വിളിപ്പിക്കാം. ഓ എനിക്കീ കുന്ത്രാണ്ടാത്തീന്നു വിളിക്കാനൊന്നും അറിയത്തില്ല!! ഒറ്റയ്ക്ക് പോകുവല്ലിയോന്നു പറഞ്ഞ് അവളെടുത്തു തന്നതാ....
       ക്ഹ, ശരി !!

       ഫോണിലെ അപ്പുറത്തെ ആള്‍ പറയുന്നതെന്തെന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല എങ്കിലും ബസ്സിലുള്ളവര്‍ക്കെല്ലാം എല്ലാം വ്യക്തമായി.

       എന്‍റെ മൂത്തമോടെ കെട്ടിയോന്റെ അനിയനാ, എന്നോട് വലിയ സ്നേഹമാ.....
       അമ്മാവന്‍ തമ്പി അളിയനോടായി പറഞ്ഞു....

       അമ്പലപ്പുഴയില്‍ നിന്നും ബസ്സില്‍ കയറിയ രണ്ടു പേര്‍ക്ക് ടിക്കറ്റ്‌ കൊടുക്കാനായി കണ്ടക്ടര്‍ അവര്‍ക്കടുത്തുകൂടി പോയി.

       സാറെ, 40 രൂപ ബാക്കി കിട്ടാനുണ്ടായിരുന്നു. തമ്പി അളിയന്‍ പറഞ്ഞു.

       തരാം, ആലപ്പുഴയല്ലേ, കണ്ടക്ടര്‍ ആ മറുപടി പറഞ്ഞു തീര്‍ന്നില്ല, അമ്മാവന്‍ ഇടപെട്ടു കഴിഞ്ഞിരുന്നു.

       മേടിക്കാന്‍ മറന്നു പോയാല്‍ കയ്യിലിരിക്കുമല്ലോ!!

       ഇങ്ങേര്‍ക്ക് വേണ്ടാത്തതോന്നുമില്ലേ, എന്നഭാവത്തില്‍ തമ്പി അളിയനും, ഇയാളെ എന്തുചെയ്യാനാ എന്നാ മട്ടില്‍ കണ്ടക്ടറും ഒരു നോട്ടത്തില്‍ എല്ലാം ഒതുക്കി.

       ബസ്സ്‌ വളഞ്ഞ വഴി കഴിഞ്ഞ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നു

       തമ്പി അളിയന്‍ ആരാഞ്ഞു, അമ്മാവന് എന്താ അസുഖം??

       ഓ, ക്യാന്‍സറാണെന്നാ ഡോക്ടര്‍മാര് പറയുന്നത്, ശ്വാസകൊശത്തിലാ...

       തിരുവനന്തപുറത്തേക്ക് പോവാന്‍ ഇന്ന് എഴുതിത്തരും. .....................

       എവിടെപ്പോയിട്ടും കാര്യമൊന്നുമില്ല, പഴകിപ്പോയി ഏറിയാ ആറു മാസ്സം!!

       അതുവരെ ആ മനുഷ്യനെക്കുറിച്ച് മനസ്സില്‍ കരുതിയ അസ്വസ്ഥത കലര്‍ന്ന വികാരം തന്നില്‍ നിന്നും കഴുകിപ്പോയപോലെ അയാള്‍ക്ക് തോന്നി.

       ഈ മനുഷ്യന്‍റെ സ്വഭാവത്തിന്‍റെ സവിഷേതയാണ് തന്‍റെ മാരക രോഗത്തെപ്പറ്റിയും ഇത്ര നിസ്സാരമായി സംസാരിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നത്. അതിന്‍റെ മറ്റൊരു മുഖമാണ് ഈ യാത്രയിലുടനീളം കണ്ടതും!!

       ചിന്തയില്‍ നിന്ന് പെട്ടന്നുണര്‍ന്നത് തമ്പി അളിയന്‍ പറഞ്ഞു.

       വണ്ടാനം അടുക്കാറായി

       അമ്മാവന്‍ എഴുനേറ്റ് നേരെ വാതിലിന് അടുത്തേക്ക് പോയി.

       വണ്ടാനം സ്റ്റോപ്പിനു വാരകള്‍ മാത്രം അകലെ വണ്ടി എത്തിയപ്പോള്‍ അമ്മാവന്‍ തമ്പി അളിയനോടായി വിളിച്ചു പറഞ്ഞു.

       അവന്‍ വന്നുനിപ്പോണ്ട്...

       ഫോണില്‍ക്കൂടി അമ്മാവന്‍ നല്‍കിയ വിവരണങ്ങളുടെ ആകെത്തുക തമ്പി അളിയന്‍ ഉള്‍പ്പടെയുള്ള ആ ബസ്സിലെ എല്ലാ യാത്രക്കാരിലും ഓടിയെത്തി. ആ വിശേഷണങ്ങളുടെ ആള്‍രൂപത്തെ കാണാന്‍ ആ ബസ്സിലെ എല്ലാ കണ്ണുകളും ഒരു നിമിഷം ആ ചെരുപ്പക്കാരനില്‍ കേന്ത്രീകരിച്ചു...

       കുറെരസ്സകരവും ഒപ്പം വേദനയും തന്ന അമ്മാവനോടൊപ്പമുള്ള യാത്ര അയവിറക്കി നില്‍ക്കവേ തമ്പി അളിയനുമായുള്ള ബസ്സില്‍ ഡബിള്‍ ബെല്‍ കേട്ടു.

       വണ്ടി നീങ്ങിത്തുടങ്ങി; തമ്പി അളിയന്‍ താന്‍ ഇരുന്ന സീറ്റില്‍നിന്നും അല്‍പ്പം ഉയര്‍ന്നു നിന്ന് തിരിഞ്ഞു നോക്കി. ആ മനുഷ്യന്‍ മെഡിക്കല്‍ കോളേജ് കവാടത്തിലേക്ക് നടന്നു നീങ്ങികൊണ്ടിരിക്കുന്നു....




[Rajesh Puliyanethu
 Advocate, Haripad]