Monday, 29 October 2012

ഭൂമിയില്‍ ഒരു ദിവസ്സം!!



       ഉണരട്ടെ പ്രഭാതം, കൊഴിയുന്ന ഇലകള്‍ക്ക് മീതേ തളിര്‍ത്തുകൊണ്ടോരു
ദിനം കൂടി ഉദിച്ചുയരട്ടെ

രാത്രിയുടെ കണ്ണുനീര്‍ വറ്റി ബാഷ്പമായുയര്‍ന്നീ ബാല സൂര്യന്‍റെ കുമ്പിളില്‍
തീര്‍ഥം നിരക്കുന്നു.

ഹേ സൂര്യഗോളമേ നീനിന്‍ യാത്രതന്‍ ശംഖൊലി മുഴക്കി, കടിഞ്ഞാണ്‍ മുറുക്കി,
ഈ പൂര്‍വ്വ ദിക്കിനെ വിട്ടകന്നിടുന്നുവോ??

ഇമകള്‍ മടങ്ങാതെ സമയരഥത്തിലേറിയീ പ്രിത്വിതന്‍ നെറുകയും താണ്ടി
സാഗര നീലിമയിലലിയാന്‍ ഒരു ദിനം ബാക്കി!!

               നേരിന്‍റെ വഴികളില്‍ ഒട്ടിവലിയുന്ന വയറുകള്‍
               ഭിക്ഷ യാചിക്കുന്ന പൂര്‍വ്വ സാമ്രാട്ടുകള്‍!!!!!!

അന്നം മുടിച്ചവര്‍ യാചനാ പാത്രങ്ങള്‍
ഭിക്ഷാം ദേഹികള്‍, മര്‍ത്യ മഹാരഥര്‍

               അങ്കം ജയിച്ചവര്‍ പ്രാണനായ് കേഴുന്നു
               ദാനം പഠിച്ചവര്‍ വറ്റിനായ് തേങ്ങുന്നു

ആസ്ഥാന ഗായകര്‍ സ്വരങ്ങള്‍ മറന്നുപോയ്‌
പണ്ഡിത ശ്രേഷ്ടന്മാര്‍ വാക്കിനായ്‌ തെണ്ടുന്നു

               ജീവന്‍ വിതച്ചവര്‍ ഇരുളില്‍ ഒളിക്കുന്നു
               ദേഹം അനാഥമായ് തെരുവില്‍ തളിര്‍ക്കുന്നു

രോദനം ഉയരുന്ന പകലിന്‍റെ ഉച്ചിയില്‍
തിരിച്ചറിയില്ല! അതേതോരച്ചനോ, അമ്മയോ

               പ്രേമം അനാഥമായ് തെരുവിന്‍റെയോരത്ത്
               കാക്കയും പട്ടിയും കാന്തി വലിക്കുന്നു

തലയറ്റ ജടങ്ങളില്‍ നൃത്തമാടുന്നവര്‍
വാളിന്‍റെ മൂര്‍ച്ചക്ക് പാത്രമാകേണ്ടവര്‍

               ഭൂമിക്കു മീതേ കൈവിരല്‍ കോര്‍ത്തുകൊണ്ട-
               മ്മതന്‍ ഹൃദയത്തില്‍ വാളിനാല്‍ വെട്ടുന്നു

ഹേ, പ്രപഞ്ചസാക്ഷി! നീ നിന്‍ മുഖം തിരിക്കുന്നുവോ
പാടില്ല, ഇവ എന്‍ അമ്മതന്‍ കണ്ണീരിന്‍ ഹേതുക്കള്‍!!

               കരളുകളിലെരിയുന്ന കനലുകളണക്കാന്‍
               നിനക്കെനിയുമൊരു സാഗരം ബാക്കി

മക്കളെ വെറുക്കാത്ത തെല്ലുനോവിക്കാത്ത എന്‍---
അമ്മയെ നീ വെറുക്കല്ലെ, ഈ ഭൂമിയെ

               ഇവിടെ വിരിയില്ല വസന്തം, തളിര്‍ക്കില്ല ഹേമന്തം
               എങ്കിലും ....................... എങ്കിലും ......................

എങ്കിലും വീണ്ടും ഉദിക്കട്ടെ പ്രഭാതം

എനിക്കും നിനക്കും വേദനിക്കാനും, സ്വപ്നം രചിക്കാനും, കരയാനും, ചിരിക്കാനും, ചതിക്കാനും, ചതിയില്‍ കുടുങ്ങാനും, ചവിട്ടാനും, ചിത്രങ്ങളെഴുതാനും, ഒരു ജീവന്‍ പിറക്കാനും, എനിക്കും നിനക്കും മരിക്കാനും


               ഉണരുക, വീണ്ടും ഉദിച്ചുയരുക

ആഞ്ഞു വെട്ടട്ടെയെന്‍ കഴുത്തിലെന്‍ സോദരന്‍
അതിനും സാക്ഷിയാവുക, അതിനു ശേഷം മറയുക!!




[Rajesh Puliyanethu
 Advocate, Haripad]




Friday, 26 October 2012

വികല്‍പ്പം!!


     മറ്റുള്ളവര്‍ ഒരു മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തികളെയും പ്രകീര്‍ത്തിക്കുകയും, അയാളുമായുള്ള എല്ലാ നിമിഷങ്ങളെക്കുറിച്ചും സ്നേഹത്തോടെ അയവിറക്കുകയും ചെയ്യുന്നത് കേള്‍ക്കാന്‍ കഴിയാതെ പോകുന്നത് അയാള്‍ക്ക്‌ തന്നെ ആയിരിക്കും. കാരണം ആസമയം അയാളുടെ 'ചിത' എരിഞ്ഞു കൊണ്ടിരിക്കുകയായിരിക്കും!!

[Rajesh Puliyanethu
 Advocate, Haripad]




Thursday, 4 October 2012

'ആള്‍ദൈവം' ഒരു അനാദികാല സിദ്ധാന്തം!!

     
       "ആള്‍ദൈവം"!! കേള്‍ക്കുമ്പോള്‍ തന്നെ ഒരു പരിഹാസ്സഭാവം അതില്‍ നിറഞ്ഞു നില്‍ക്കുന്നതായ തോന്നല്‍ ജനിക്കുന്നു. ദൈവം ഒരു ആളിലെക്കോ?? ദൈവത്തിന് ഒരു ആളോളം ചുരുങ്ങാന്‍ കഴിയുമോ?? ഒരു മനുഷ്യന് ദൈവമാകാന്‍ കഴിയുമോ?? അങ്ങനെ ആള്‍ദൈവം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുറെ ചോദ്യങ്ങളും ഒപ്പം പരിഹാസ്സവും, കാപട്യം നിറഞ്ഞ എന്തോ ഒന്ന്! എന്ന ചിന്തയും കൂടികലര്‍ന്ന വികാരമാണ് ജനിക്കുന്നത്. അത് 'ദൈവം' എന്ന് താനും മറ്റുള്ളവരും വിശേഷിപ്പിക്കുന്നവര്‍ക്കും ആള്‍ദൈവം എന്ന് കേള്‍ക്കുമ്പോള്‍ ടി പറഞ്ഞ വികാരങ്ങള്‍ തന്നെയാണ് ജനിക്കുന്നത്. സത്യത്തില്‍ ആരാണ് ആള്‍ദൈവം??

       ഒരു വ്യക്ത്തിയെ ദൈവമായി കാണുക എന്നതാണ് സമൂഹത്തില്‍ നാം കണ്ടു വരുന്ന ആള്‍ദൈവ ആരാധനാ രീതി. ആ വ്യക്ത്തിക്ക് തന്‍റെ മനസ്സില്‍ ദൈവത്തിനുള്ള എല്ലാ പരിവേഷങ്ങളും ചാര്‍ത്തി നല്‍കി ആരാധിക്കുക. അങ്ങനെ ആ വ്യക്ത്തിയോട്, തന്‍റെ സങ്കല്‍പ്പത്തിലെ ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്നാല്‍ എങ്ങനെ പെരുമാറുമോ അങ്ങനെ താന്‍ പെരുമാറുന്നു എന്ന് ഭാവിക്കുക. ഇത്രയുമായാല്‍ ബഹുഭൂരിപക്ഷത്തിന്റെയും ആള്‍ദൈവ സങ്കല്പം പൂര്‍ത്തിയായി. പക്ഷെ താന്‍ ദൈവമായി കാണുന്നു എന്ന് പ്രഖ്യാപിക്കുന്ന ആ വ്യക്തിയെ പരിപൂര്‍ണ്ണമായും ആ തലത്തിലെത്തി  വിശ്വസ്സിക്കുന്നതിനും, ആരാധിക്കുന്നതിനും, അനുസ്സരിക്കുന്നതിനും; ആരാധനാ വൃന്ദം എന്ന് സ്വയം പ്രഖ്യാപിക്കുന്നതിലെ രണ്ടു ശതമാനത്തിലും താഴെ മാത്രമേ ഉണ്ടാകു! എന്ന് വിശ്വസ്സിക്കുന്നതിനു മാത്രമേ എന്‍റെ ബുദ്ധി എന്നെ അനുവദിക്കുന്നുള്ളൂ. അതും ഏതിലും ഒരു എക്സപ്ഷന്‍ എന്നാ വസ്തുത ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് വിശ്വസ്സിക്കുന്നത് കൊണ്ട് മാത്രം.  

       ആള്‍ദൈവങ്ങളുടെ തുടക്കം അവതാരങ്ങളിലാണ്. എല്ലാ മതങ്ങളുടെയും തുടക്കമോ വളര്‍ച്ചയോ, അല്ലെങ്കില്‍ ആ മതത്തിന്‍റെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലോ ഒരു അവതാരത്തിന്റെ സാനിദ്ധ്യമുണ്ടായിരിക്കും. ആ അവതാരം ദൈവത്തിന്‍റെ നേരിട്ടുള്ള രൂപമെടുപ്പോ പ്രതിപുരുഷന്‍റെ കര്‍ത്തവ്യനിര്‍വഹണാര്‍ദ്ധമുള്ളതോ ആയിരിക്കും. ആ ദിവ്യ സങ്കല്‍പ്പത്തിന്‍റെ കഥകളുടെയും പ്രവര്‍ത്തനങ്ങളുടെയും വിവരണങ്ങളുടെയും പശ്ചാത്തല മാണ് എല്ലാ മതങ്ങളുടെയും അസ്ഥിത്വം! അങ്ങനെ അവതാരങ്ങള്‍ക്കു സമാനമായ ജനനങ്ങളായി ഭൂമിയിലെ വ്യക്ത്തികളെ കാണാന്‍ തുടങ്ങുന്നതാണ് ആള്‍ദൈവ സങ്കല്പം തളിര്‍ക്കാന്‍ കാരണമാകുന്നത്. മതങ്ങളില്‍ അധിഷ്ടിതമായ അവതാര സങ്കല്പങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ആള്‍ദൈവങ്ങള്‍ എന്ന ചിന്തയും ഉണ്ടാകാതെ പോയേനെ! 

       തീര്‍ച്ചയായും 'ദൈവം' എന്ന സങ്കല്‍പ്പവും വിശ്വാസ്സവും ഉള്ളവനു മാത്രമേ അവതാരങ്ങളിലും ആള്‍ദൈവങ്ങളിലും വിശ്വസിക്കാന്‍ സാധിക്കൂ. അതിനാല്‍ ആള്‍ദൈവങ്ങളെക്കുറിച്ച് നടത്തുന്ന ചര്‍ച്ചകള്‍ക്കും ദൈവീകമായ ചിന്തയുടെ പശ്ചാത്തലം ആവശ്യമാണ്‌...; മറിച്ച് നിശിതമായ കുറ്റപ്പെടുത്തലുകളും പരിഹസ്സിക്കലുകളും പ്രതീക്ഷിക്കാത്തവര്‍ക്ക്!! 

       അവതാരങ്ങളില്‍ അധിഷ്ടിതമായ ചിന്തയില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ആള്‍ദൈവങ്ങളുടെ ചിന്തക്ക് പ്രബലത കൈവന്നതും തീര്‍ത്തും തള്ളിക്കളയാന്‍ കഴിയാതെ വന്നതും. തീര്‍ത്തതും ന്യായീകരണങ്ങള്‍ ഇല്ലാത്തത് എന്ന് പറഞ്ഞു ആള്‍ദൈവസങ്കല്‍പ്പങ്ങളെയും തള്ളിക്കളഞ്ഞാല്‍ അത് ദൈവവിശ്വാസത്തിന്‍റെ കൂടി കാമ്പായ അവതാരസങ്കല്‍പ്പങ്ങളെ കൂടി തള്ളിക്കളയുന്നതിനു തുല്യമാകും. അതിനാലാണ് ദൈവിക സങ്കല്‍പ്പങ്ങളെ ആദരപൂര്‍വ്വവും, വിശ്വാസ്സപൂര്‍വ്വവും, സമീപിക്കുന്നവര്‍ക്ക് മാത്രമേ ആള്‍ദൈവങ്ങള്‍ എന്ന ചിന്തയെ ഉള്‍ക്കൊണ്ട് ചിന്തിക്കാന്‍ സാധിക്കൂ എന്ന് മുന്‍പേ തന്നെ പറയാന്‍ കാരണം. ദൈവം എന്നത്ചിന്തയും, മാംസ്സവും ഉള്ളതെന്നോ, അപ്രകാരമാകാന്‍ കഴിയുന്നതെന്നോ വിശ്വസിക്കാന്‍ തയ്യാറുള്ളവന്‍ എന്ന് കൂടി വിശദീകരിച്ചു പറയേണ്ടി വരും.   

       'ദൈവീകത' എന്ന് മനുഷ്യന്‍ ചിന്തയില്‍ കരുതി വെച്ചിരിക്കുന്ന പലതും അത്ഭുതങ്ങളില്‍ അധിഷ്ട്ടിതമാണ്. മനുഷ്യ ചിന്തക്കും, കഴിവിനും അപ്പുറമായ ഒന്നിന്‍റെ സാക്ഷാത്ക്കാരമാണെല്ലോ അത്ഭുതം ജനിപ്പിക്കുന്നതിന് ഹേതു. അത്തരം അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെയും മറ്റും ദൈവീക പരിവേഷം നല്‍കി ആദരിക്കുക എന്നതാണ് സമൂഹത്തില്‍ കണ്ടു വരുന്നത്. ഒരു മാന്ത്രികന്‍റെ കൈയ്യടക്കത്തോടെ നടത്തുന്ന പ്രദര്‍ശനങ്ങലെയല്ല അത്ഭുതങ്ങള്‍ എന്ന് അര്‍ഥമാക്കിയത്. അത്തരം അത്ഭുതം പ്രദര്‍ശിപ്പിക്കുന്നവരുടെ പ്രീതി തന്‍റെ ജീവിത സുഖങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്നാ ചിന്ത ഒരു കൂട്ടരെ ഭക്തന്‍ എന്ന കുടക്കീഴില്‍ കൊണ്ടുചെന്നെത്തിക്കുന്നു. തന്‍റെ ജീവിത നേട്ടങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആധി, ജീവിത സുഖങ്ങളില്‍ നിന്ന് വിട്ടുപോകുമോ എന്നാ ഭയം, അപ്രകാരമുള്ള ഭയത്തില്‍ നിന്നുമുള്ള മോചനത്തെക്കുറിച്ചുള്ള ചിന്ത എന്നിവ ആരാധനാലയങ്ങളില്‍ ആളെ എത്തിക്കുന്നതുപോലെ ആള്‍ദൈവങ്ങളുടെ ആലയങ്ങളിലും ആള്‍ക്കാരെ എത്തിക്കുന്നു. 

       ഭക്തരുടെ ഗണത്തിലേക്ക് ആളെ എത്തിക്കുന്നത് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മാത്രമല്ല. ബഹുഭൂരിപക്ഷം അതാണെന്നെ ഉള്ളു.  ജീവിതത്തിലെ, നിരാശകള്‍, നിസംഗമായ ചിന്തകള്‍, നഷ്ടങ്ങള്‍, പണം എന്ന വസ്തുവിന് നേടിത്തരാന്‍ കഴിയാതെ പോയവയെക്കുറിച്ചുള്ള വിഷമം, മുന്‍കാല പ്രവര്‍ത്തികളിലെ കുറ്റബോധം, നൈരാശ്യം, അങ്ങനെ പലതും, അത്തരം പലതിലെ ചെറിയ ഒന്നായി 'ഈശ്വരചിന്ത' എന്ന ബോധത്തോടുള്ള അഭിനിവേശവും ആരാധനാലയങ്ങളില്‍ ആളെ നിറക്കുന്നു. താന്‍ വിശ്വസിക്കുന്ന വിഗ്രഹത്തോട്‌ നേരിട്ട് സംവദിക്കാന്‍ കഴിയുന്നു എന്നത് ആള്‍ദൈവങ്ങളുടെ അടുത്ത് മനുഷ്യരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ ഘടകമാണ്. 

       ദൈവത്തെ ആരാധിക്കുന്നതിന് പിന്നില്‍ 'ലക്ഷ്യം' എന്നൊന്നില്ല; എന്ന് കരുതുകയെ വയ്യ. ഒരുവ്യക്ത്തി ഒരു ലക്ഷ്യത്തോടെ ഒരു പ്രവര്‍ത്തി ചെയ്ത് അത് ഫലപ്രാപ്ത്തിയില്‍ എത്തിക്കുകയാണെങ്കില്‍ അതിനെ 'നേട്ടം' എന്ന് നിസ്സംശയം പറയാം. അങ്ങനെയെങ്കില്‍ നേട്ടമില്ലാത്ത ദൈവാരാധന ഇല്ല എന്നും പറയാം. അത് ഭൌതിക നേട്ടങ്ങള്‍ എന്ന് മാത്രം ചുരുക്കി കാണേണ്ടതില്ല. എല്ലാം ത്യജിച്ച് ഈശ്വരനില്‍ ആത്മാര്‍ഥമായി സമര്‍പ്പിച്ചു ജീവിക്കുന്നവരില്‍ 'മോക്ഷം' എന്ന ലക്ഷ്യവും നേട്ടവും ഉണ്ടാകും. പുരാണ ങ്ങള്ളില്‍ കാണുന്ന 'സന്യാസി' സങ്കല്‍പ്പങ്ങള്‍ക്ക്  വരെ.  'അവദൂദര്‍' എന്നാ എന്ന സങ്കല്‍പ്പ വ്യക്ത്തികള്‍ ഈശ്വര വിശ്വാസ്സികളല്ല. കാരണം അവര്‍ക്ക് മോക്ഷം എന്നാ ലക്‌ഷ്യം പോലും ഇല്ല .

       പരിപൂര്‍ണ്ണമായും  മായവേലകള്‍ കാണിച്ച് ഒരു പ്രസ്ഥാനത്തിനോ, സങ്കല്പ്പത്തിനോ, ആശയത്തിനോ ഒരു ചെറുകാലഘട്ടം എന്നതിനെ അതിജീവിക്കാന്‍ കഴിയില്ല.  കഴമ്പാര്‍ന്ന എന്തെങ്കിലുമുണ്ട് എങ്കിലേ അതിന് കാലത്തെ അതിജീവിക്കാന്‍ കഴിയൂ. അങ്ങനെ എങ്കില്‍ 'ആള്‍ദൈവം' എന്നതിലെ കഴമ്പെന്താണ്??? 

      'ദൈവീകച്ചൈതന്യം' എന്നതിനെ വിശദീകരണങ്ങള്‍ക്കപ്പുറം അന്ധമായി വിശ്വസ്സിക്കുകയാണ് ആദ്യം വേണ്ടത്. ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്നതെന്തോ അതിനെ അപ്രകാരംതന്നെ അതിന്റെ അര്‍ഥവും വ്യാഖ്യാനവും ആയി കാണുക. ആ ചൈതന്യം കൂടുതലായി ഉള്‍ക്കൊണ്ടിരുന്നവ്യക്തികളെയായിരുന്നു 'അവതാരങ്ങള്‍' എന്ന്കാലം വിശേഷിപ്പിച്ചത്‌...../, ആ ചൈതന്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ആണ് സാധാരണ വ്യക്ത്തികളില്‍ നിന്നും അവതാരങ്ങളെ വേര്‍തിരിക്കുന്നത്. അങ്ങനെയെങ്കില്‍ കൃഷ്ണനെയും, രാമനെയും, ക്രിസ്തുവിനെയും മാത്രമല്ല ശ്രീരാമ കൃഷ്ണ പരമ ഹംസ്സരെയും, സ്വാമി വിവേകാനന്ദനെയും ഒക്കെ അവതാരങ്ങള്‍ എന്ന് വിളിക്കാം. തന്‍റെ ബുദ്ധിയില്‍ തെളിയുന്ന 'ദൈവീകച്ചൈതന്യം' എന്ന സങ്കല്‍പ്പത്തിന്‍റെ അളവ് ആരിലോക്കെ കൂടുതലായി കാണുന്നോ അവരെ ഒക്കെ അവതാരങ്ങളായി കാണാം, ആരാധിക്കാം. കൂടുതല്‍ കേഴ്വിക്കാരുടെ മനസ്സില്‍; വിശദീകരണങ്ങള്‍ക്കപ്പുറം ഉണ്ടായ തോന്നലല്ലേ ബീധോവനെ മികച്ച സംഗീതക്ജ്ജന്‍ എന്ന നാമം ചാര്‍ത്തി നല്‍കിയത് ?? അങ്ങനെ കൂടുതല്‍ ജനങ്ങള്‍ 'ദൈവീകച്ചൈതന്യം' കൂടുതലായി തിരിച്ചറിഞ്ഞ വ്യക്ത്തികള്‍ 'ആള്‍ ദൈവങ്ങള്‍' എന്ന് കരുതപ്പെട്ടു. 

      ദൈവിക ചൈതന്യം എന്നതിനെ മനുഷ്യനില്‍ അന്തര്‍ലീനമായ കഴിവുകള്‍ പോലെയുള്ള ഒന്ന് എന്ന് മാത്രം കണ്ടാല്‍ മതിയെന്നാണ് എന്റെ പക്ഷം. സംഗീതത്തിലുള്ള ഒരാളുടെ കഴിവുപോലെ, കലാ കായിക, ചിത്ര രചനാ- ശില്പ നിര്‍മാണ ചാരുതപോലെ അങ്ങനെ പലതിലും ജന്മസിദ്ദമായ പാടവം പോലെ അന്തര്‍ലീനമായ ഒന്നായി ദൈവിക ചൈതന്യത്തെയും ഒരു മനുഷ്യനില്‍ കണ്ടാല്‍ മതി. ഒരു വ്യക്ത്തിയെ മികച്ച സംഗീത വിദ്വാന്‍ എന്ന് ആദരിക്കുന്നത് അയാളുടെ സമസ്ത സ്വാഭാവത്തെയും ആദരിക്കുന്നതിന് കാരണമാകുന്നില്ല. അതുപോലെ  ദൈവിക ചൈതന്യം കൂടുതലായി കണ്ട് നാം കാണുന്ന വ്യക്തിയെ സമസ്ത കാര്യത്തിലും ആരാധിക്കേണ്ട ആവശ്യമില്ല!! ലോകം ആരാധിക്കുന്ന അനുഗ്രഹീതനായ ഒരു ഗായകന്‍ കള്ളനോ, വ്യഭിചാരിയോ ആയെന്നു വരാം. ആ സ്വഭാവ മോശത്തെ നമ്മള്‍ വിമര്‍ശിക്കുന്നതിനോ, അയാള്‍ വ്യഭിചാരി ആയതിനാല്‍ അയാളുടെ സംഗീതം മോശമാണെന്ന് പറയേണ്ട ആവശ്യമോ ഇല്ല. അതേപോലെതന്നെ  ദൈവിക ചൈതന്യം നാം കൂടുതലായി നാം കണ്ട് ആരാധിക്കുന്ന വ്യക്തി അതായത് നമ്മുടെയും, ഒരു സമൂഹം അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ ആസമൂഹത്തിന്റെയും മുന്‍പിലെ ആള്‍ ദൈവം എല്ലാത്തരത്തിലെയും തികഞ്ഞവനെന്നോ, പരിശുദ്ധന്മാവെമ്മോ കരുതേണ്ട ആവശ്യമില്ല. വിഖ്യാതമായ അവതാരങ്ങളെയും അങ്ങനെ തന്നെ വിലയിരുത്തണം.

        മഹാഭാരതത്തില്‍ ഒരു കഥയുണ്ട്. 'ജര' എന്ന ഒരു രാക്ഷസ്സിയുടെ കഥ. ജരാസന്ധന്‍ എന്ന രാക്ഷസ്സബാലന്‍റെ മൃതാവസ്ഥയിലുള്ള ശരീര ഭാഗത്തെ കൂടിയോജിപ്പിച്ച് ജീവന്‍ നല്‍കി എന്നതാണ് ആ രാക്ഷസ്സിയുടെ മഹാഭാരത കഥയിലെ വേഷം. അവര്‍ രാക്ഷസ്സിയാണ്, നരഭോജിയാണ്. എല്ലാ ക്രൂരതകളു ടെയും പ്രതീകമായി ചിത്രീകരിച്ചിരിക്കുന്ന ആ രാക്ഷസ്സിയുടെ ചിത്രമോ പ്രതീകമോ ഭവനങ്ങളില്‍ വെച്ച് ആരാധന നടത്തുന്നത് ഐശ്വര്യ ദായകങ്ങളായിരുന്നു എന്നും മഹാഭാരത കഥയില്‍ പറയുന്നു. അതില്‍ 'ജര' എന്ന രാക്ഷസ്സിയുടെ പ്രവര്‍ത്തി മഹാത്മ്യമല്ല മറിച്ച്, ആരാധിക്കുനവന് ഐശ്വര്യങ്ങള്‍ നല്‍കാന്‍ അവര്‍ തന്നെ അറിയാതെ അവരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശക്തിചൈതന്യമാണ് അവരെ ആരാധിക്കുന്നതിന് ഹേതു. ഈ കഥ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരുടെ ലക്ഷ്യത്തിന്‍റെ സാക്ഷാത്ക്കാരം വെളിവാക്കുന്നു. ആള്‍ ദൈവങ്ങളില്‍ അവരറിയാതെതന്നെ തന്നെ പൂജിക്കുന്നവര്‍ക്ക് ഫലപ്രാപ്ത്തി നല്‍കുന്ന ഒരു ശക്ത്തി ചൈതന്യം പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഒരു വിഗ്രഹത്തെ ആരാധിക്കുമ്പോള്‍ ഭാലപ്രാപ്ത്തി ഉണ്ടാകുന്നു എന്ന് വിശ്വസ്സിക്കുന്നത് പോലെ!! കൂടുതല്‍ ആളുകള്‍ അത് തിരിച്ചറിയുന്നതോടെ അവര്‍തന്നെ സ്വയം ദൈവങ്ങളായി അവരോധിക്കുന്ന സ്ഥിതി വിശേഷവും സംജാതമാകുന്നു. തന്നെ പൂജിക്കുന്നവര്‍ക്ക് എന്തൊക്കെയോ നേട്ടങ്ങള്‍  ഉണ്ടാകുന്നു എന്ന തിരിച്ചറിവ് തങ്ങളുടെ സ്വന്തം ഭൗതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി കച്ചവടം ചെയ്യുന്നതിനും അവര്‍ മുതിര്‍ന്നേക്കാം. ഇവയെ എല്ലാം തന്നെ വെവ്വേറെ കാണണമെന്നാണ്‌ എന്‍റെ പക്ഷം!!

       സ്വതന്ത്രമായ ചിന്തയാണ് മനുഷ്യനില്‍ സ്പുടം ചെയ്ത ആശയങ്ങളെ എത്തിക്കുന്നത്. കപടത ഏതിന്റെയും ഭാഗമാക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്. ഒരു ശരിയായ ഒന്ന് ജനശ്രദ്ധയും, നേട്ടങ്ങളും, പണവും എത്തിക്കുന്നുവെന്ന്കണ്ടാല്‍ അതിന്റെ അനുകരണങ്ങള്‍ക്ക് തയ്യാറായി ആയിരങ്ങള്‍ വരും. അത് മൂല്യസമ്പുഷ്ടമായ ഒന്നിന്‍റെ അവമതിപ്പിന് കാരണമാകും!! ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ ആരാധകന്‍റെ മനസ്സിലാണ് ദൈവത്തിന്‍റെ ജനനവും മരണവും എല്ലാം.   ആള്‍ദൈവങ്ങളുടെ പ്രവര്‍ത്തിയാണ് ആരാധകരുടെ മനസ്സില്‍ അവരുടെ ആയുസ്സിന്‍റെ അടിസ്ഥാനം. ദൃഷ്ടിയും, ചിന്തയും തുറന്നു പിടിച്ച വ്യക്തി മഠയന്‍ ആകുന്നതുമില്ല..........



[Rajesh Puliyanethu 
 Advocate, Haripad]