Monday, 18 June 2018

ജാതിക്കോളം....!!????


     സ്വന്തം കുലം,, മതം,, സമുദായം,, കുടുംബം,, മാതൃ- പിതൃ മഹത്വം,, രാജ്യം ഇങ്ങനെയുള്ള പലതും സ്വന്തം സ്വാധീനത്തിന് അപ്പുറമായി ലഭിച്ചതാണ്... അതിനാൽത്തന്നെ ഇപ്പറഞ്ഞതൊക്കെ ഈശ്വരീയം എന്ന നിലയിൽ സ്വീകരിക്കപ്പെടുന്നു... ബഹുമാനിക്കുന്നു... മറ്റേതൊരു സഹജീവിക്കും ഇതൊക്കെ ലഭിച്ചതിനേയും ഈശ്വരീയമായിത്തന്നെ ഞാൻ കാണുന്നു.. അഭിനവ പുരോഗമന സിംഹങ്ങൾ ചൊടിക്കേണ്ടതില്ല.. സ്വയം നിയന്ത്രണത്തിൽ സംഭവിക്കാതിരുന്നതിനെ ഈശ്വരീയം എന്ന് സംബോധന ചെയ്തു എന്നു മാത്രം കണ്ടാൽ മതി..  അതിനാൽ എന്റെ കൂടെപ്പിറന്ന എല്ലാ ലോക ജീവികളുടേയും ഈ വിധ കല്പനകളെ ഞാൻ ബഹുമാനപൂർവ്വം തന്നെ കാണുന്നു... ഒരുവനും മറ്റൊരുവനെക്കാൾ ഉന്നതനോ മ്ലേച്ചനോ അല്ല... ജന്മകാരണങ്ങൾ കൊണ്ട്..!! മറിച്ച് മ്ലേച്ഛനാകുന്നുവെങ്കിൽ സ്വന്തം ചിന്തകളിലേയും,, അഭിപ്രായങ്ങളിലേയും,, നിലപാടുകളിലേയും അപാകതകൾ കൊണ്ട് മാത്രം...

     ആമുഖമായി ഇത്രയും പറയുവാൻ കാരണം അടുത്ത കാലത്ത് സമൂഹത്തിൽ നടക്കുന്ന ജാതിക്കോള ചർച്ചകളെ കണ്ടു കൊണ്ടാണ്.. സ്വന്തം ജാതി രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കാതെ വിട്ടാൽ താൻ ഏതോ വലിയ വിപ്ലവത്തിന്റെ ഭാഗപാക്കായി എന്നാണ് ഒരു കൂട്ടരുടെ ചിന്ത... ഒന്നു നിസ്സംശയം പറയാം... ഇക്കൂട്ടർ ആ കോളത്തിനു നൽകുന്ന പ്രാധാന്യം ഏറെയാണെന്ന്.... ജീവിച്ചിരിക്കെ ഒരു ശരീരാവയവം ദാനം ചെയ്ത പ്രാധാന്യത്തിലാണ് ജാതിക്കോളം പൂരിപ്പിക്കാതെ വിട്ടു എന്നു പറയുന്നത്.... പലപ്പോഴും സ്വന്തമല്ല,, സന്തതികളുടെ ജാതിക്കോളത്തെ പൂരിപ്പിക്കാതെ വിട്ടാണ് ഇവർ വിപ്ലവ ജീവികളാകുന്നത്...

     മതേതരത്വത്തെ പ്രാവർത്തികമാക്കുന്നത് മതത്തെ ഉപേക്ഷിച്ചു കൊണ്ടല്ല... അത് പ്രായോഗീകവുമല്ല... മറിച്ച് പരസ്പരം മതങ്ങൾ തമ്മിൽ ബഹുമാനിച്ചുകൊണ്ടാണ്... മറ്റൊരുവന്റെ മതത്തിലേക്ക് കുറ്റകരമായ കടന്നുകയറ്റങ്ങൾ ചെയ്യാതിരിക്കുക... തന്റെ വിശ്വാസങ്ങളും, രീതികളും മറ്റു മതസ്ഥനും അനുഷ്ഠിക്കണം എന്ന പിടിവാശി കാണിക്കാതിരിക്കുക... മറ്റുള്ളവരെല്ലാം തെറ്റെന്നും ഞാൻ മാത്രമാണ് അല്ലെങ്കിൽ എന്റെ മതം മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കാതെയുള്ള ജീവിതചര്യ ശീലിക്കുക.. ഇത്രയുമൊക്കെ മാത്രം ചെയ്യാനുള്ള മനോനില സമൂഹത്തിൽ വളർത്തിയെടുക്കാൻ സാധിച്ചാൽ മതം ഉയർത്തുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്നാണ് എന്റെ പക്ഷം... അതിനു പകരം മതത്തെ എന്തോ മോശമായ ഒന്നായി ചിത്രീകരിക്കുകയും എന്നാൽ എന്തും മതത്തിന്റെ കണ്ണടയിൽക്കൂടി മാത്രം നോക്കി മനസ്സിലാക്കുകയും ചെയ്യുന്ന നിലവിലെ വഞ്ചന നിറഞ്ഞ സമീപനം ഉപേക്ഷിക്കുകയുമാണ് വേണ്ടത്..

     അച്ഛനേയും, അമ്മയേയും അറിഞ്ഞു ജനിക്കുന്ന എല്ലാ പൈതങ്ങൾക്കും മതവും, ജാതിയുമുണ്ട്... എങ്കിൽ അത് അന്തസ്സോടെ പറയുന്നതിന് എന്തിനാണ് മടി കാട്ടുന്നത്... പിതാവ് തൊഴിൽ കൊണ്ട് തെങ്ങു കയറ്റക്കാരനാണ് എന്ന് പറയുന്നതിന് വിമുഖക കാട്ടുന്ന മകനോട് എനിക്ക് യാതൊരു ബഹുമാനവും തോന്നുന്നില്ല.. എങ്കിൽപ്പിന്നെ കുലം പറയുന്നതിനു വിമുഖത കാട്ടുന്നതെന്തിന്!??

     മത- ജാതീയ വ്യവസ്ഥിതിയിലെ അന്തരം ഒഴിവാക്കുകയാണ് പ്രായോഗീകമായ കാര്യം.. മറിച്ച് ജാതിയേയും, മതത്തിനേയും അവഗണിക്കുന്ന ഒന്നും നിലനിൽക്കില്ല.. കാരണം ജാതിക്കും, മതത്തിനും അത്രമേൽ സ്വാധീനം സമൂഹമധ്യത്തിലുണ്ട്... പക്ഷെ സ്വന്തം കുലത്തെക്കുറിച്ച് മനസ്സിൽ നിലനിൽക്കുന്ന അവമതിപ്പിനെ ഒഴിവാക്കണമെന്നു മാത്രം.. അങ്ങനെ വന്നാൽ ഉന്നത കുലജാതർ എന്ന് ധരിക്കുന്ന വിഭാഗം ഇല്ലാതാകും... കാരണം ഉന്നത കുലജാതി എന്നു പറയുന്നത് സ്വന്തം സങ്കൽപ്പം മാത്രമാകും.. എല്ലാ വിഭാഗവും തന്റെ കുലം ശ്രേഷ്ഠമെന്നു കരുതിയാൽ ആര് ആരെയാണ് ഉന്നതൻ എന്ന് അംഗീകരിക്കേണ്ടത്??

    ജാതിക്കോളം പൂരിപ്പിക്കാൻ വിമുഖത കാട്ടുന്നവർ സന്തതിയോട് അവകാശലംഘനം കാട്ടുന്നു എന്നും പറയേണ്ടി വരും.. കാരണം, ഒരു കുട്ടി ജനിക്കുന്നതിനൊപ്പം അവനവകാശപ്പെട്ട എല്ലാത്തിനുമൊപ്പമാണ് അവന്റെ ജാതിയും മതവും.. ഇതു രണ്ടും അവന്റെ മാതാപിതാക്കൾ സമ്പാതിച്ച് അവന് നൽകിയതല്ല... മാതാപിതാക്കൾക്കു പോലും അവരുടെ ഇംഗിതത്തിനന്നുസ്സരിച്ച് ലഭിച്ചതല്ല.. അങ്ങനെയിരിക്കെ തിരിച്ചറിവില്ലാത്ത കുഞ്ഞിന് ഇതൊക്കെ നിരസ്സിക്കുന്നതിന് എന്തവകാശമാണ് മാതാപിതാക്കൾക്കുള്ളത്.. അവൻ വളർന്ന് വലുതായി സ്വയം ചിന്ത ഉറക്കുന്ന അവസ്സരത്തിൽ സ്വീകരിക്കുന്നതും, ഉപേക്ഷിക്കുന്നതുമാണ് ന്യായം....

     ജാതിക്കോളം പൂരിപ്പിക്കാതെ വിടുന്നതിന് എന്തോ വലിയ പ്രാധാന്യം കാട്ടുന്നത് മിശ്രവിവാഹിതരാണെന്ന് തോന്നുന്നു... അത് ന്യായവുമാണ്.. കാരണം തങ്ങളുടെ കുട്ടിക്ക് നിശ്ചിതമായ ഒന്ന് എഴുതുക ഇക്കൂട്ടരെ സംബദ്ധിച്ചടത്തോളം അസംഭവ്യമാണ്... അതിനാൽത്തന്നെ ജാതിക്കോളകത്തെ നികത്താതെ ആ കോളത്തിനെത്തന്നെ പഴിക്കുകയാണ് അക്കൂട്ടർക്ക് അഭിഗാമ്യം... അവർ തങ്ങൾ നടത്തിയ മിശ്രവിവാഹത്തിന്റെ സാമൂഹിക മേന്മയെക്കുറിച്ചും ഒപ്പം വാചാലരാകും.. ഇതിനെല്ലാം ഒടുക്കം നമുക്കു തോന്നിപ്പോകും ഇവർ വിവാഹം കഴിച്ചതു തന്നെ മിശ്രവിവാഹത്തിന്റെ ബ്രാന്റമ്പാസ്സിഡർമാരായി സമൂഹത്തിൽ പുതു സന്ദേശം നൽകാനായിരുന്നു എന്ന്.. പക്ഷെ നമ്മളെല്ലാവരും ആ വിവാഹത്തെ പിൻതുണച്ചത് അവരുടെ പ്രണയത്തെ മാത്രം വിലകൽപ്പിച്ചും.... അവിടേയും ആരാണ് സുതാര്യ ചിന്തക്ക് ഉടമസ്ഥർ എന്ന ചോദ്യം അവശേഷിക്കുന്നു...

      സമൂഹത്തിൽ നിന്നും ഒരു ചിന്ത ഒഴിവാക്കപ്പെടണമെങ്കിൽ ആ ചിന്തയെക്കുറിച്ചുള്ള നിരന്തര സംവാദം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്... അങ്ങനെയെങ്കിലും ജാതിക്കോളം പൂരിപ്പിക്കാതെ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുന്നവർ പ്രസ്തുത വിഷയത്തെ ചർച്ചകളിൽക്കൂടി സമൂഹത്തിൽ സജീവമായി നിർത്തി ജാതിയെ ഒരു വലിയ സംഭവമാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്... ഒപ്പം സ്വയം വിപ്ലവകാരിയാകാൻ ചെലവു കുറഞ്ഞ ഒരു പ്രയത്നവും...

     ജാതിയും മതവും അവഗണിക്കപ്പെടുന്നവയായാൽ മാത്രമേ അത് ചിന്തയിലെ വിഷയങ്ങൾ ആകാതിരിക്കുകയുള്ളു... മന:പൂർവ്മായ അവഗണനയല്ല,, മറിച്ച് സ്വോഭാവികമായ ഒഴിവാക്കലാണ് സമൂഹത്തിൽ ജാതി ചിന്തകൾ ഒഴിവാക്കാൻ നല്ലത്... 'രോഗത്തെ ഇല്ലാതാക്കാൻ മരുന്ന് നല്കാൻ വന്നവൻ വിഷം വിതരണം ചെയ്തു പോയി' എന്നു പറയുന്നതു പോലെയാണ് ചില പുരോഗമന പ്രവർത്തകർ... 

     സർവ്വജാതി മനുഷ്യരും ഉയർന്ന ജീവിത നിലവാരം പുലർത്തിയാൽ അവിടെ തീരുന്നതേ ഉള്ളൂ ജാതീയ ചിന്ത... അതിനാൽത്തന്നെ നമ്മൾ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കൂകയും പ്രവർത്തിക്കുകയും ചെയ്ത് ഒന്നായ സമൂഹത്തിനെ നിർമ്മിക്കാൻ ശ്രമിക്കുക... ജീവിത നിലവാരം സമസ്ഥ ജനതക്കും ഉന്നതമാവുക എന്നതാണ് പ്രധാനം

[Rajesh Puliyanethu 
Advocate, Haripad]