Thursday, 17 May 2018

ക്ഷേത്രദർശനത്തിന് മേൽവസ്ത്രം വേണ്ടയോ?? കാരണമെന്ത് !?????


     ക്ഷേത്ര ദർശനത്തിനു പുരുഷന്മാർ മേൽവസ്ത്രം ഉപേക്ഷിക്കണം എന്നതാണ് കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും നിയമം... കേരളത്തിലേതെന്ന് വ്യക്തമാക്കിത്തന്നെ പറയണം... കാരണം കേരളത്തിനു പുറത്ത് പല മഹാക്ഷേത്രങ്ങളിലും ഈ നിഷ്കർഷ കണ്ടിട്ടില്ല!!?... കേരളത്തിലെതന്നെ പല ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരു നിയമം നില നിൽക്കുന്നില്ല എന്നിരിക്കെ എന്തിനാണ് കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ മാത്രം ഇങ്ങനെ ഒരു നിയമം നിലനിൽക്കുന്നു??

     ഭാരതത്തിൽ ആകമാനം ക്ഷേത്രങ്ങളെ കണക്കാക്കിയാൽ ഇരുപതു ശതമാനത്തിൽ താഴെ മാത്രം ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ഒരു നിയമമാണിത്... അതിന്റെ കാരണം വിശ്വാസ്സപ്രമാണങ്ങളെ അടിസ്ഥാനമാക്കിപ്പോലും ന്യായീകരിക്കാൻ ഈ നിയമത്തെ പിന്തുണക്കുന്നവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം...!! അതിനെക്കുറിച്ചു എനിക്ക് മനസ്സിലാക്കാൻ സാധിച്ച ചില വിശദീകരണങ്ങളിൽ ഊന്നിയാണ് ഈ എഴുത്ത്... വിമർശനാസ്പദമായിത്തന്നെ....

     ക്ഷേത്രത്തിൽ മേൽവസ്ത്രം അഴിക്കണം എന്നുപറയുന്നതിലെ അൽപ്പമെങ്കിലും ലോജിക്കലായിട്ടും, അംഗീകരിക്കാൻ തോന്നിയതുമായ വിശദീകരണം ഇതൊന്ന് മാത്രമാണ്... പണ്ടുകാലത്ത് മേൽവസ്ത്രമായി പുരുഷന്മാർ ധരിച്ചിരുന്നത് കൂട്ടി തൈച്ചിട്ടില്ലാത്ത തരം വസ്ത്രങ്ങൾ ആയിരുന്നു... അതായത് മേൽമുണ്ട്,, ഷാൾ ഇനത്തിൽപ്പെടുന്ന വസ്ത്രങ്ങൾ.. നമ്മൾ ഏതൊരു ബഹുമാന്യ ദേഹത്തെ കാണുമ്പോളും ഈ മേൽവസ്ത്രം അഴിച്ചു അരയിൽ കെട്ടുന്ന ഒരു പരമ്പരാഗത രീതി ഉണ്ടായിരുന്നു... അത് ബഹുമാനത്തിന്റെ ഒരു പ്രകടനം ആയിരുന്നു... എപ്പോഴും ബഹുമാനത്തെയും, സ്നേഹത്തെയും പ്രകടിപ്പിച്ചു മനസ്സിലാക്കിക്കണമെന്നാണല്ലോ!!!? കാരണം പ്രകടിപ്പിക്കാതെ ഈ വികാരങ്ങൾ ആർക്കും മനസ്സിലാക്കാൻ കഴിയില്ല എന്നതു കൊണ്ടാകാം... ഇന്ന് പിതാവിനെയോ, ഗുരുക്കൻമാരേയോ കാണുമ്പോൾ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്നതുപോലെ തന്നെ.. അതൊരു പരമ്പരാഗതമായ ബഹുമാന പ്രദർശനം ആയതിനാലാണ് ആ പ്രവർത്തിയിൽ ആത്മസംപൃപ്തി മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്ന ശിഷ്യനും, അതുകാണുന്ന ഗുരുവിനും ഒരുപോലെ ഉണ്ടായത്.... അപ്രകാരം ഉന്നത ബഹുമാനം അർഹിക്കുന്ന ക്ഷേത്ര വിഗ്രഹത്തിനു മുൻപിലും നമ്മൾ മേൽവസ്ത്രം അഴിച്ചും,, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടും ബഹുമാനം പ്രദർശിപ്പിക്കുന്നു.... കാര്യങ്ങൾ ഇതുവരെ യുക്തി ഭദ്രമാണ്...

     പക്ഷെ മേൽമുണ്ട് ധരിച്ചു വരുന്ന ഒരാൾ മേൽമുണ്ട് അഴിച്ചു അരയിൽ ക്കെട്ടി ബഹുമാനം പ്രകരിപ്പിക്കുന്ന അവസ്ഥ ഷർട്ടുകൾ ധരിക്കുന്നവന്റെ മുൻപിൽ പ്രായോഗികമല്ല... അതാണ് "കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന കാലത്തെ ആചാരം" എന്ന് ആദ്യമേ പറഞ്ഞത്... മുണ്ടിന്റെ മടക്ക് അഴിച്ചിട്ടു ബഹുമാനം പ്രകടിപ്പിക്കുന്ന സമ്പ്രദായത്തിനു മുൻപിൽ പാന്റിട്ടു നിൽക്കുന്നവന് അത് പ്രായോഗികമല്ല... അതിനാൽ പാൻറ് ധരിക്കുന്നവനും, ഉടുപ്പു ധരിക്കുന്നവനും ക്ഷേത്രത്തിൽ പ്രവേശിക്കാൻ യോഗ്യനല്ല എന്ന് പറയുന്ന ന്യായ വാദത്തിനോടും,, മുൻപ് കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നവൻ അനുവർത്തിച്ചു വന്നിരുന്ന അതേ രീതികൾ ആധുനീക വസ്ത്രങ്ങൾ ധരിക്കുന്നവർ അനുവർത്തിക്കണം എന്നതിലെ സാങ്കേതികത്വവും ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്നാൽ ബഹുമാന പ്രകടനങ്ങൾ ദൈവത്തിന്റെ മുൻപിൽ എന്തിന് എന്ന വാദത്തെയും അംഗീകരിക്കാൻ കഴിയില്ല;; കാരണം സ്വന്തം അധ്യാപകന്റെ മുൻപിൽ മുണ്ടു മടക്കിക്കുത്തി നിന്നു സംസാരിക്കുന്ന ശിഷ്യന്റെ മനോനിലയിലെ പ്രകടമാകാതെ നിലനിൽക്കുന്ന കുറ്റ ചിന്ത ഇവിടെയും ബാധകമാണ്... അപ്രകാരം ഉള്ളിൽ സൂക്ഷിക്കുന്ന, മനസാക്ഷി അംഗീകരിക്കാത്ത ഒരു പ്രവർത്തി താൻ ബഹുമാനിക്കുന്ന ഒരു വിഗ്രഹത്തിനു മുൻപിലും ബാധകമാണ്... വിശ്വാസത്തിൽ അധിഷ്ഠിതമായ ഈശ്വരചിന്തയിൽ അതിനു പ്രാധാന്യം കൂടുതലുമാണ്...

     എന്നാൽ മേൽവസ്ത്രം അഴിച്ചു അരയിൽക്കെട്ടിയും,, മുണ്ടിന്റെ മടക്കഴിച്ചിട്ടു ബഹുമാന പ്രദർശനം ചെയ്യുന്ന പരമ്പരാഗത ആശയത്തിലേക്ക്  ആധുനിക വസ്ത്രങ്ങളായ ഷർട്ടോ, പാന്റോ ധരിക്കുന്നവരെ ഉൾക്കൊള്ളിക്കരുതെന്നു  മാത്രമാണ് അപേക്ഷ..കാരണം അത് പ്രായോഗികമല്ല ... അതിൽ വലിയ ഒരു തമാശയും അടങ്ങിയിരിക്കുന്നു... മുൻകാല അടിസ്ഥാന പ്രമാണത്തിലെ മേൽമുണ്ട് ധരിച്ചുവരുന്ന ഇക്കാലത്തെ അഭിനവ പ്രമാണിമാർ മേൽ നേരിയത് അഴിച്ചു അരയിൽക്കെട്ടുന്നത് കാണാനേയില്ല.... അവർ ""ഭഗവാനെ അങ്ങയെക്കാണാൻ ഞാൻ എന്ന വലിയ ഒരു പുള്ളി വന്നിരിക്കുന്നു"" എന്നനിലയിലാണ് തിരുനടയിൽ പെരുമാറിക്കാണുന്നത്.... അടിസ്ഥാന സങ്കൽപ്പത്തെ അഭിനവ യാഥാർഥ്യം കളിയാക്കി ചിരിക്കുന്ന അവസ്ഥ....!!?

     മേൽവസ്ത്രം അഴിച്ചു മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന് പറയുന്നതിന് കാരണഭൂതമായി മറ്റൊരു കാരണവും കേട്ടിട്ടുണ്ട്.... അതായത് ക്ഷേത്രത്തിൽ പ്രവേശിക്കുന്നവന് പൂണൂൽ ഉണ്ടോ എന്ന് തിരിച്ചറിയാനാണ് എങ്ങനെ ഒരു രീതി അവലംബിച്ചത് എന്ന്!?....  അങ്ങനെ ഒരു കാരണത്തിലാണ് ഈ നിയമം വന്നതെങ്കിൽ അതിന് ഈ കാലത്ത് നിലനില്പില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷെ അന്വേഷിച്ചിറങ്ങിയാൽ ഇപ്പറയുന്ന അടിസ്ഥാന കാരണം പോലും നിലനില്പില്ലാത്തതാണെന്ന് പറയേണ്ടിവരും... കാരണം അബ്രാഹ്മണർക്കു ക്ഷേത്ര പ്രവേശനം പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല... പ്രക്ഷോഭങ്ങൾക്കൊടുവിൽ അബ്രാഹ്മണ പ്രവേശനം സാദ്ധ്യമായപ്പോൾ പിന്നെയെന്താണ് പൂണൂൽ പരിശോധനക്ക് പ്രാധാന്യം നൽകുന്നത്??

     ഷർട്ട് അഴിച്ചു മാറ്റി ക്ഷേത്ര പ്രവേശനം നടത്തണം എന്ന് നിഷ്കർഷിക്കുന്നവരിൽ ഒരു വിഭാഗം മുൻപോട്ടു വെയ്ക്കുന്ന കാരണം കുറച്ചു ദൈവീകമാണ്... അതായത് ക്ഷേത്ര അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദൈവീക ചൈതന്യത്തെ ശരീരവുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിന് മേൽവസ്ത്രം തടസ്സമാണെന്നാണ് വാദം...! ഈ വാദഗതിയിലെ സാങ്കേതികത്വം പരിശോധിക്കാതെ തന്നെ ഈ വാദത്തെ തള്ളിക്കളയാവുന്നതാണ്... കാരണം ദൈവീക ചൈതന്യത്തെ ഒരു വസ്ത്രത്തിന്റെ ഇഴകൾ തടുത്തുനിർത്തുന്നു എന്ന് പറയുന്നതുതന്നെ അബദ്ധജടിലമാണ്... 

     കാര്യകാരണങ്ങൾ ദൈവീക- ക്ഷേത്ര ചിന്തകളെ അടിസ്ഥാനമാക്കി വിവരിക്കാൻ പോലും കഴിയാത്ത ഒരു ആചാരം നിലനിർത്തുന്നതിന് എന്തിനു ശഠിക്കണം എന്നതാണ് ചോദ്യം...  കാരണം ഈ ഒരു ആചാരം അനുഷ്ഠിക്കണം എന്ന വാശി ഒരുപാട് ആൾക്കാരെ ക്ഷേത്ര അകത്തളങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിന് കാരണമാകുന്നുണ്ട്... ഒരു ഷർട്ട് അഴിക്കാൻ മടിയുള്ളവൻ അകന്നു പോകട്ടെ എന്ന് ചിന്തിക്കുന്നതും ശരിയല്ല... കാരണം ഈ സമാജത്തിൽ പരമാവധി ആൾക്കാരെ ചേർത്തു നിർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്... അടിസ്ഥാന രഹിതമായ ഒരു ആചാരം പലരെയും ക്ഷേത്ര മതിൽക്കെട്ടിനു പുറത്തു നിർത്തുന്നതിനു കാരണമാകുന്നെങ്കിൽ അത് ഒഴിവാക്കേണ്ടതു തന്നെയാണ്....

     ക്ഷേത്രം എന്നത് ഒരു കൂട്ടം ആചാരങ്ങളുടെയും, നിയമങ്ങളുടെയും, വിശ്വാസങ്ങളുടെയും ആകെത്തുകയാണെന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രവേശിക്കാൻ തയ്യാറാകുന്നവൻ അവയെല്ലാം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഉള്ള വാദഗതിയെ നൂറുശതമാനം അംഗീകരിക്കണം... അതിനാൽത്തന്നെ ക്ഷേത്രത്തിൽ ഷർട്ടു ധരിച്ചു കയറുക എന്ന മാറ്റം കൊണ്ടുവരേണ്ടത് ഒരു മുഷ്ക്കു പ്രകടനത്തിൽക്കൂടി ആകാൻ പാടില്ല... മറിച്ചു് ഒരു സ്വാതന്ത്രത്തിന്റെ അനുവാദനത്തിൽക്കൂടി ആയിരിക്കണം... ഷർട്ടു ധരിച്ചു പ്രവേശിക്കാൻ താല്പര്യപ്പെടുന്നവനെ അപ്രകാരവും, മറിച്ചു താല്പര്യപ്പെടുന്നവനെ അങ്ങനെയും അനുവദിക്കണം... മുൻപോട്ട് ഒരു ദീർഘകാലം 'ഷർട്ട് അഴിച്ചു മാത്രം ക്ഷേത്ര പ്രവേശനം' എന്ന ആചാരം നിലനിൽക്കില്ല എന്നും നമ്മൾ മനസ്സിലാക്കണം...

     നവീന ചിന്താ രീതികൾ ആചാരങ്ങളിലേക്കു കൊണ്ടുവരുന്നതിനെയും, നടപ്പിലാക്കുന്നതിനെയും പിന്തിരിഞ്ഞു നിന്നു നേരിടുകയോ. സ്വീകരിക്കുകയോ ചെയ്യുന്ന സ്വഭാവം ഹിന്ദുവിനില്ല... ഹിന്ദു മതത്തിലേക്ക്  നവീന ആശയങ്ങളെ കൊണ്ടുവരുമ്പോൾ അത് നടപ്പിലാക്കുന്നതിന് ഒരു കൂട്ടരെ പിന്തിരിപ്പിക്കുന്നത്;; 'മറ്റു മതങ്ങളിൽ ഒന്നും തന്നെ ഇപ്രകാരമുള്ള ചിന്തകൾ നടപ്പിലാക്കാൻ ആരും ശ്രമിക്കുന്നില്ലല്ലോ, പിന്നെ നമ്മൾ മാത്രം എന്തിന്!?' എന്ന ചോദ്യമാണ്... അതിനുത്തരം അതാണ് ഹിന്ദു മതം എന്ന് മാത്രമാണ്... ഈ മതത്തിൽ ഇത്രയധികം വെളിച്ചം കടന്നു കൂടിയത് ഈ തുറന്ന ചിന്താഗതിയാണെന്നും പറയേണ്ടിവരും...

     തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.. സനാതനഃ ധർമ്മത്തെ സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുക 

[Rajesh Puliyanethu
 Advocate, Haripad]