Saturday, 24 December 2016

മദ്യത്തെയും പാപിയാക്കിയ മൊബൈൽ ഫോൺ!!!

ഒരിക്കൽ മദ്യം പാപിയായി ദൈവസന്നിധിയിലെത്തി... മദ്യത്തെ ശിക്ഷിക്കാൻ ദൈവം തീരുമാനിച്ചു... മദ്യം ചോദിച്ചു... തമ്പുരാനെ അങ്ങുണ്ടായ കാലം മുതൽ ഞാനുണ്ട്.... പിന്നെ ഇപ്പോൾ മാത്രം ശിക്ഷിക്കാൻ കാരണമെന്ത്?? ദൈവം പറഞ്ഞു; "" ജനങ്ങൾക്ക് ദോഷം ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിലും അതിലും ചില നന്മ പ്രവർത്തികളുണ്ടെങ്കിൽ ഞാൻ ക്ഷമിക്കും"" അതാണ് നിന്നെ ഞാൻ ഇത്രയും കാലം ശിക്ഷിക്കാതിരുന്നത്...

മദ്യം പറഞ്ഞു;; ദൈവമേ,, ഞാൻ പഴയതുപോലെതന്നെ ഗുണവും ദോഷവും ഇപ്പോളും ചെയ്യുന്നു....  

ദൈവം പറഞ്ഞു.... നീപറയുന്ന ഗുണവും ദോഷവും ഒന്നു വിവരിക്കാമോ?? 

ഞാൻ ചെയ്യുന്ന ഗുണവും ദോഷവും അങ്ങേക്ക് അറിവുള്ളതല്ലേ... എന്നെ കുടിക്കുന്നവർക്ക് ഞാൻ റിലാക്സേഷൻ നൽകും,, സൗഹൃദങ്ങളെ കൂട്ടി ഉറപ്പിക്കും,, സുഹൃത്തുക്കൾ തമ്മിൽ മനസുതുറന്നു സംസാരിക്കാനുള്ള അവസ്സരം ഞാൻ ഉണ്ടാക്കും,, എന്നെ ഒന്നിച്ചിരുന്നു സേവിക്കുന്നവർക്കിടയിൽ മാനസ്സിക സംഘർഷങ്ങൾ കുറക്കും... ഇങ്ങനെ ചില ഗുണങ്ങളാണ് ഞാൻ ചെയ്യുന്നത്...

അപ്പോൾ ദോഷങ്ങളോ??

ഞാൻ ലിവറിനെ കാർന്നുതിന്നും... പാൻക്രിയാസിനെ നശിപ്പിക്കും... ഒരുവനെ രോഗിയാക്കും.. അവന്റെ ധനത്തെ നശിപ്പിക്കും,, കുടുംബബന്ധം തകർക്കും,, ചിലപ്പോഴൊക്കെ അവനു മാനഹാനിയും കൊടുക്കും... ഇങ്ങനെ ചില ദോഷങ്ങളാണ് ഞാൻ ചെയ്യുന്നത്...

ശരി,, നീ വരൂ... ദൈവം മദ്യത്തെ വിളിച്ചു ഒരു കാഴ്ച കാണിച്ചു കൊടുത്തു ... നാലു സുഹൃത്തുക്കൾ മദ്യപിക്കാൻ തയാറെടുക്കുന്നു... അവർ മദ്യം ഗ്ലാസ്സുകളിലേക്ക് പകർന്നു... ഒന്നിച്ചു ചേർന്ന് ചിയേർസ് പറഞ്ഞു... ഒന്നു നുണഞ്ഞു താഴെവെച്ചു.. മൊബൈൽ ഫോൺ കൈയ്യിലെടുത്തു... അവർ ആ മദ്യപാന പരിപാടി പൂർത്തീകരിക്കുന്നതുവരെ ദൈവവും, മദ്യവും ആ കാഴ്ച നോക്കി നിന്നു.... ഒരാൾ മറ്റാരോടോ ചാറ്റുകയാണ്... മറ്റൊരാൾ ഗെയിം കളിക്കുന്നു... മൂന്നാമൻ ഫെയിസ് ബുക്കിലാണ്.... നാലാമൻ വാട്ട്സ് ആപ്പിലും... അവർ പിരിയുന്നതിനിടയിൽ ഉണ്ടായ ശബ്ദം എന്നത് "" ഒന്നൂടോഴിക്കടാ"" എന്നത് മാത്രമായിരുന്നു... 

ഇപ്പോൾ മനസ്സിലായോ ഞാൻ എന്തുകൊണ്ടാണ് നിന്നെ ശിക്ഷിക്കാൻ പോകുന്നതെന്ന്?? ഈ സുഹൃത്തുക്കൾക്ക് നിന്റെ ഗുണമെന്ന് നീ തന്നെ അവകാശപ്പെടുന്ന എന്തെങ്കിലും ഗുണം ലഭിച്ചോ?? എന്നാൽ നിന്നെ കൊണ്ടുള്ള ദോഷങ്ങൾ ഒന്നൊഴിയാതെ കിട്ടുന്നുമുണ്ടല്ലോ?? ഇതല്ലേ ഇന്നത്തെ നിന്റെ ഉപയോഗത്തിലെ മുഴുവൻ സീൻ??  ""സോഷ്യൽ ലൂബ്രിക്കൻറ്"" എന്ന നിന്റെ ഗുണം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. നിന്റെ ആ മേന്മയെ മൊബൈൽ ഫോൺ നശിപ്പിച്ചു... നീ ഇന്ന് ദോഷങ്ങൾ മാത്രമുള്ളവനാണ്.... 

ഇത്രയും കാലം ഇങ്ങനൊരുപണി തനിക്കു കിട്ടിയിട്ടില്ല... അതിനും ഒരു മൊബൈൽ ഫോൺ വരേണ്ടി വന്നു... മദ്യം വിലപിച്ചു....   

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 13 December 2016

ദേശീയ ഗാനം,, സിനിമ ശാലകളിൽ...!!


     ഏതൊന്നിനെയും കണ്ണുമടച്ചു എതിർത്താൽ വിപ്ലവമാണ് എന്ന് കരുതുന്ന ചിലരുണ്ട്... പ്രത്യേകിച്ചു നാളിതുവരെ നല്ലതെന്നു പറഞ്ഞു കേട്ടതിനെ എല്ലാം... സംസ്ക്കാരം, ദേശീയത, രാജ്യസ്നേഹം ഇവയെയെല്ലാം മനഃപൂർവ്വം എതിർ ചേരിയിൽ നിർത്തി പുലഭ്യം പറയാനുള്ള പ്രവണത... എന്തിനുവേണ്ടിയാണ് ഇപ്രകാരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. വന്ദേമാതരത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തതോടെ ദേശീയമായി കരുതിയിരുന്നതിനെയെല്ലാം എതിർക്കുന്നവർ ഇസ്ളാം ജനതയെ പ്രീണിപ്പിക്കാനാണ് അപ്രകാരം ചെയ്യുന്നതെന്ന് ചിലർ ആരോപിക്കുന്നു... ഈ ആരോപണത്തെ പരസ്യമായി എതിർക്കേണ്ടത് ഇസ്ളാം ജനതയാണ്... ദേശീയതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ തങ്ങളുടെ പിന്തുണ ലഭിക്കില്ല എന്നവർ ഉച്ചത്തിൽ പ്രഖ്യാപിക്കണം..... 

     ഇപ്പോഴത്തെ ചർച്ചാവിഷയം ദേശീയ ഗാനത്തെ ബന്ധപ്പെടുത്തിയാണ്... സുപ്രീം കോടതി സിനിമാ ശാലകളിൽ ദേശീയഗാനം നിര്ബന്ധമാക്കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്... ദേശീയഗാനം ആലപിക്കണം എന്ന ഉത്തരവ് ഉണ്ടായ സ്ഥിതിക്ക് അത് പാലിക്കുക എന്നതാണ് മാന്യത....  സിനിമ ശാലകളിൽ ദേശീയ ഗാനം കേട്ടാൽ എന്ത് ദേശസ്നേഹമാണ് ഉണ്ടാകുന്നതെന്ന ചോദ്യമല്ല പ്രധാനം... ഒരു പാട്ടോ കൊടിയോ ഒന്നും നമ്മിൽ ദേശസ്നേഹം വളർത്തില്ല എന്നുതന്നെ കരുതിക്കോളൂ...! പക്ഷെ അതിനെയെല്ലാം ദേശീയതയുടെ ചിഹ്നങ്ങളായി കാണുമ്പോൾ ബഹുമാനിക്കപ്പെടേണ്ടവയാകുന്നു... ദേശീയതയുടെ ചിഹ്നങ്ങളെ ബഹുമാനിക്കുമ്പോൾ അതുവഴി നാം നമ്മുടെ രാജ്യത്തെയും അതിന്റെ പരമാധികാരത്തെയുമാണ് ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്... പരമാധികാരത്തെ ബലപ്രയോഗത്താൽ പോലും അംഗീകരിപ്പിക്കണം.. രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ നിന്നുമുള്ള സ്വാതന്ത്ര്യം തേടൽ സ്വാതന്ത്യം തേടലല്ല.. മറിച്ചു് ദുഃസ്വാതന്ത്ര്യത്തിനുള്ള ദുർവാശിയാണ്..... 

     ബഹുമാനം ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്, അത് പ്രകടിപ്പിക്കേണ്ടതല്ല എന്ന വാദഗതിക്കാരുമുണ്ട്... പക്ഷെ ഭൗതീക തലത്തിൽ അതിനു പരിമിതികളുണ്ട്... ഹൃദയത്തിൽ ബഹുമാനമുണ്ടെങ്കിലും ബഹുമാനത്തിന്റേതെന്നു പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന പ്രവർത്തികളെ ഒഴിവാക്കിയാൽ ബഹുമാനിക്കപ്പെടേണ്ട ഒന്ന് ബഹുമാനിക്കപ്പെടുന്നതായി പൊതുസമൂഹത്തിന് തോന്നില്ല... അത് പ്രകടമായ അനാദരവായി ചിത്രീകരിക്കപ്പെടും...അതനുവദിച്ചുകൂടാ.. അതിനാലാണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുനേറ്റു നിൽക്കണം എന്ന് പറയുന്നത്....

     ബഹുമാനിക്കപ്പെടേണ്ട ചിലതൊക്കെ ഉണ്ട് എന്ന് സമൂഹം പരക്കെപ്പറയുന്നു... നമ്മുടെ രാജ്യത്തെ,, ഭരണഘടനയെ,, നിയമവ്യവസ്ഥിതിയെ,, ദേശീയ പതാകയെ,, ദേശീയഗാനത്തെ,, വിശ്വസ്സിച്ചില്ല എങ്കിൽപ്പോലും മതഗ്രന്ഥങ്ങളെ,, ഗുരുക്കന്മാരെ,, ഭരണാധികാരികളെ,, മുതിർന്നവരെ,, മൃതശരീരത്തെ അങ്ങനെ പലതിനെയും നാം ബഹുമാനത്തിന്റേതായ ചിഹ്നങ്ങൾ കാട്ടിത്തന്നെ ബഹുമാനിക്കണം... അതിന് ഓരോന്നിനോടും അതാതിനർഹമായത് എന്ന് പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന രീതിയിൽത്തന്നെ പ്രകടിപ്പിക്കുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്.... അതാണ് സിനിമാ ശാലകളിൽ സുപ്രീം കോടതി ദേശീയഗാനം നിർബന്ധമായും ആലപിക്കണം എന്ന ഉത്തരവ് വന്ന സ്ഥിതിക്ക് അത് പാലിക്കുകയാണ് മാന്യത എന്ന് പറഞ്ഞത്... കാരണം ഇവിടെ ദേശീയഗാനാലാപനം വേണ്ട എന്ന രീതിയിൽ ദേശീയഗാനത്തെ തിരസ്ക്കരിച്ചാൽ അത് പലവിധത്തിൽ ദേശീയഗാനത്തെ അപമാനിക്കുന്ന ഫലം ഉണ്ടാക്കും.... 

     ഏതെങ്കിലും ഒരു പാർട്ടിയുടെയോ, മതത്തിന്റെയോ, വിഭാഗത്തിന്റെയോ, മാത്രം സ്വന്തമല്ലാത്ത; എല്ലാവരുടെയും സ്വന്തവും, രാജ്യത്തിന്റെ അന്തസ്സിന്റെ പ്രതീകമെന്നു കരുതുകയും ചെയ്യുന്ന ദേശീയഗാനത്തെച്ചൊല്ലി ഇത്രയേറെ വിവാദങ്ങൾക്കു കാരണമുണ്ടോ!?  അവസ്സരമേതും ആകട്ടെ.... അമ്പത്തിരണ്ട് സെക്കൻഡ് സമയം രാജ്യത്തിനു വേണ്ടിയുള്ള പ്രാർഥന ആണന്നുകരുതി നമുക്കു നിൽക്കാം... ദേശീയഗാനം മുഴങ്ങുമ്പോളെല്ലാം.... 

[Rajesh Puliyanethu
 Advocate, Haripad]

Sunday, 11 December 2016

മനുഷ്യന്റെ ശബ്ദം കേൾക്കൂ.......!!


     ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനു വടക്കുവശം ക്ഷേത്ര പരിസ്സരമാണ് സംഭവസ്ഥലം... കഴിഞ്ഞ വർഷത്തെ തൈപൂയ കാവടി കാലം... വൈകിട്ട് ദീപാരാധന തൊഴുത് ഞാൻ ഉൾപ്പടെ ഒരുപാട് സ്വാമിമാരും മറ്റു ഭക്തജനങ്ങളും ക്ഷേത്രത്തിനു പുറത്തേക്കു വരുന്നു.... പുറത്തെ ആനക്കൊട്ടിലിനു വടക്കുവശം ഒരു സുഹൃത്തിനെ കണ്ട് ഞാൻ  അങ്ങോട്ട് നീങ്ങി നിന്നു... അവൻ അവിടെനിന്നും കുറച്ചു വടക്കായി ഒരാളുടെ ചില പ്രവർത്തികൾ/ ചേഷ്ടകൾ എന്നെ കാണിച്ചുതന്നു... ചെറുതായി ഇരുട്ടു വീണു തുടങ്ങിയിരുന്നു എങ്കിലും കുറെ ഏറെ കാഴ്ചക്കാരുടെ നടുവിൽ അദ്ദേഹത്തെ വ്യക്തമായി കാണാമായിരുന്നു....  

     ഒരു സ്കൂട്ടറിന്റെ സമീപത്തായി ഒരു മനുഷ്യൻ നിൽക്കുന്നു.... മദ്യപിച്ചു ലക്കുകെട്ടവനെപ്പോലെ കാലുകൾ ഉറയ്ക്കാത്ത അവസ്ഥ... ഇടക്ക് വീണുപോകാതെ സ്കൂട്ടറിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്... അതിലേറെ ആളുകൾ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ മുണ്ട് കൈയ്യിൽ പിടിച്ചിരിക്കുകയാണ്... അത് ഉടക്കുവാൻ വേണ്ടി സ്വയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പരാജയപ്പെടുകയാണ്... ഈ ആൾക്കൂട്ടം വെറും കാഴ്ചക്കാരായി മാത്രം നിൽക്കുന്നു.. കാര്യം തെരക്കുന്നില്ല എന്ന് മാത്രമല്ല കൂടുതൽ ആൾക്കാരെ ഈ കാഴ്ച വിളിച്ചു കാണിക്കുന്നു മുണ്ട്..എന്റെ സുഹൃത്ത് എന്നെ ഈ രംഗം കാട്ടിത്തന്നതുപോലെ...

     ഈ കാഴ്ചയിൽ എന്തോ പന്തികേട് തോന്നിയ തോന്നിയ ഞാൻ അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു... എനിക്ക് പരിചയമുള്ള മറ്റു ചിലരും എന്റെ സമീപത്തേക്ക് വന്നു... "വെള്ളമാണെന്നു തോന്നുന്നു"... വായ തുറന്നവർ പറഞ്ഞ അഭിപ്രായമാണത്.... എനിക്ക് ആ മനുഷ്യനെ യാതൊരു പരിചയവുമില്ല... എന്നാൽ അവിടെ കൂടിനിന്ന പലരും അദ്ദേഹത്തെയും,, അദ്ദേഹത്തിൻറെ വീടും,, തൊഴിലും എല്ലാം നന്നായി അറിയുന്നവരും!!! അതിലേറെ രസകരമായ കാര്യം ഇതിൽ ഒരുവൻ പോലും അദ്ദേഹത്തെ ഇതിനുമുൻപ് മദ്യപിച്ചു കണ്ടിട്ടില്ല... അദ്ദേഹം മദ്യപിക്കുന്ന ആളായി അവർക്കാർക്കും അറിവുമില്ല..!! 

     ടി വി യിലെ ആരോഗ്യപരിപാടിയിലോ, ഫ് ബി യിലെ ഹെൽത്ത് മെസ്സേജുകളിൽനിന്നോ കിട്ടിയ സൂചനയാണെന്നു തോന്നുന്നു... ഇതിലോക്കെ എന്തോ അപാകത എനിക്ക് തോന്നി... മുണ്ടുടുക്കാൻ കഴിയാത്തതൊക്കെ ഏതോ രോഗത്തിന്റെ സിംടമാണെന്ന് ഒരു കേട്ടറിവ് പോലെ... അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകാം എന്ന ഒരു നിർദ്ദേശം ഞാൻ മുൻപോട്ടു വെച്ചു... ചിലർ അതിന്റെ ആവശ്യമില്ലെന്നു അഭിപ്രായപ്പെട്ടു... എന്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന എന്റെ അഭിപ്രായത്തെ പിന്തുണച്ചപ്പോൾ എതിർപ്പുകൾ കുറഞ്ഞു... അവരിലൊരാൾതന്നെ വിളിച്ചുകൊണ്ടുവന്ന ഓട്ടോയിൽ അദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി... ആശുപത്രിയിൽ നിന്നും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിൻറെ രക്ത സമ്മർദ്ദം വളരെ ഉയർന്ന നിലയിലാണ്... ഉടനെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണം എന്നായിരുന്നു.... ഹോസ്പിറ്റലിൽ നിന്നും ഫസ്റ്റ് എയ്ഡ് നൽകി.. അദ്ദേഹത്തിൻറെ ബന്ധുക്കൾ എത്തി... മറ്റേതോ ആശുപത്രിയിൽ കൊണ്ടുപോയി....

     കുറച്ചു ദിവസത്തിനു ശേഷം അദ്ദേഹത്തിൻറെ അവസ്ഥ അന്യഷിച്ചതിൽ മനസ്സിലായത്; അദ്ദേഹത്തിന് സ്‌ട്രോക്കിന്റെ പ്രാരംഭമായിരുന്നു... ഏകദേശം രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്നു,, ഭേദമായി വീട്ടിലെത്തിയെന്നതാണ്.. 

     ഈ അനുഭവം വിവരിക്കാൻ കാരണം നമ്മുടെ എല്ലാവരുടെയും പൊതുവായ കാഴ്ചപ്പാടിലെ ഒരു അപാകത ചൂണ്ടിക്കാട്ടാനാണ്... മനുഷ്യന് ഉണ്ടാകുന്ന അവശതകളിൽ പലതിനെയും 'മദ്യം' എന്ന് പറഞ്ഞു നമ്മൾ അവഗണിക്കുന്നു... ഒരുവനെ അവശനായിക്കണ്ടാൽ ആദ്യം തന്നെ അയാൾ മദ്യപനാണ് എന്ന നിഗമനത്തിൽ എത്തിച്ചേരാതിരിക്കൂ... ഒരു നിമിഷം നമ്മുടെ ശ്രദ്ധ അയാൾക്കു നൽകുന്നതിൽ നമുക്കൊന്നും നഷ്ട്ടപ്പെടാനില്ല... ടി സംഭവത്തിൽ ആ വ്യക്തി മദ്യപിക്കുന്ന ആളാണെന്ന് അദ്ദേഹത്തെ അറിയുന്നവർക്കുപോലും അറിവില്ല എന്നതാണ് രസം... ഒരുവൻ മദ്യത്തിന്റെ സ്വാധീനത്തിലാണ് അവശനായതെങ്കിൽപോലും അയാൾക്ക് അപത്തുണ്ടാകാതെ വരാൻ എന്തെങ്കിലും ചെയ്തുകൊടുക്കുന്നതിൽ തെറ്റില്ല... 

     വേലായുധസ്വാമിയെ തൊഴുതിറങ്ങിയവരായിരുന്നു അസുഖം ബാധിച്ച ആ മനുഷ്യനും, ഞാനും, സഹായത്തിനെത്തിയ എന്റെ സുഹൃത്തുക്കളും എല്ലാം... ഈശ്വര നിയോഗങ്ങളാണ് എല്ലാം... അദ്ദേഹം സുഖം പ്രാപിച്ചു എന്നത് സുഖമുള്ള ഒരു വാർത്തയും... 

[Rajesh Puliyanethu
 Advocate, Haripad]

Sunday, 4 December 2016

'വിധി' ഒരു സ്വാതന്ത്ര്യവും, വിശ്വാസ്സവുമാണ്....!!

'വിധി' എന്ന് പറയുന്നത് ഒരു വിശ്വാസ്സവും, സ്വാതന്ത്ര്യവുമാണ്.. എന്തു സംഭവിക്കുന്നോ അതാണ് വിധി എന്നും,, സംഭവിക്കുന്നതെല്ലാം മുൻ നിശ്ചയപ്രകാരമാണെന്നും വിശ്വസ്സിക്കാനുള്ള രണ്ടു കൂട്ടരുടെ സ്വാതന്ത്ര്യം.... 

[Rajesh Puliyanethu
 Advocate, Haripad]