Sunday, 24 January 2016

മല്ലികാ സാരാഭായിയുടെ ശവപൂജ...........!!


     ''ശവപൂജ'';; അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ചില പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ഹിന്ദു സന്യാസിമാർ അനുഷ്ട്ടിച്ചു വരുന്ന ഒരു താന്ത്രിക ചര്യയാണ് അതെന്ന് പറയപ്പെടുന്നു... മൃതശരീരത്തിനു മുകളിൽ ഇരുന്നാണ് ഈ കർമ്മം അനുഷ്ട്ടിക്കുന്നതെന്നാണ് സങ്കല്പം... ചില ദേവതകളെ പ്രീതിപ്പെടുത്തി തങ്ങളുടെ ഉദ്ടിഷ്ട്ടകാര്യപൂർത്തീകരണമാണ് ഫലസിദ്ധിയായി പറയപ്പെടുന്നത്...  പക്ഷെ ഇതൊന്നും ആരും നേരിൽ കണ്ടിരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്... എന്നാൽ ഏതാണ്ട് ഈ കർമ്മത്തിനു സമാനമായ ഒരു കർമ്മം ശ്രീമതി മൃണാളിനി സാരാഭായിയുടെ മൃതശരീരത്തിന് മുകളിൽ കാണാൻ കഴിഞ്ഞു... കർമ്മി സ്വന്തം പുത്രി മല്ലികാ സാരാഭായി...

     മരണത്തിനു മുൻപിൽ എല്ലാവരും സമന്മാരാണ് എന്ന സത്യം പലവുരു നാം കേട്ടിട്ടുള്ളതാണ്... മരണം എല്ലാവരിലും നടപ്പിലാവേണ്ട കൃത്യം എന്ന അര്ഥത്തിൽ മാത്രമല്ല അങ്ങനെ പറയുന്നത്.... മറിച്ച് ഏതൊരു മരണത്തിലും സ്ഥായിയായ ചിലഭാവങ്ങളുണ്ട്... അതിൽ പ്രധാനം ദു: ഖമാണ്... അത് പണ്ഡിതന്റെയോ പാമരന്റെയൊ മരണം ആകട്ടെ.... മറിച്ച് ഒരുവന് തോന്നുന്നുവെങ്കിൽ അവൻ വ്യക്തിപരമായി ആ മരണം കൊണ്ട് നേട്ടമുള്ളവനും ആ നേട്ടം ഓർത്ത്‌ സന്തോഷിക്കുന്നതുമാകും... ഒന്ന് ചിന്തിച്ചു നോക്കൂ.... നാം യാത്രാമദ്ധ്യേ ഒരു തെരിവു തെണ്ടിയുടെ മൃതശരീരം കാണുന്നു... തീർച്ചയായും ഒരു മൌനം,, മൂകത,, ദുഃഖം നമ്മിലേക്ക്‌ വന്നുനിറയും... ഒരു നിമിഷത്തിന്റെ എത്ര അർദ്ധങ്ങളിൽ അത് നമ്മിൽ നിലനിൽക്കും എന്നത് മറ്റൊരുകാര്യം...

     മരണത്തിന്റെ ഭാവങ്ങളെ വിവരിക്കാനല്ല ഞാൻ ഉദ്ദേശിച്ചത്... മറിച്ച് മല്ലികാ സാരാഭായി തന്റെ സ്വന്തം മാതാവിന്റെ ശവശരീരത്തിനു മുൻപിൽ ബാഷ് പ്പാഞ്ജലി അർപ്പിക്കൽ എന്നപേരിൽ നടത്തിയ പേക്കൂത്തിനെ പരാമര്ശിച്ചുവെന്നെ ഉള്ളൂ... സ്വന്തം മാതാവിന്റെ മരണത്തെ കേവലം ഒരു ഇവെന്റ് ആയി മാത്രം കാണാൻ കഴിയുന്ന മകൾക്കെ അപ്രകാരം പ്രവർത്തിക്കുവാൻ കഴിയൂ... മാതാവിന്റെ മരണത്തിൽ ദു:ഖമാണുള്ളതെങ്കിൽ പ്രതികരിക്കുന്നത് കണ്ണുകളാകും; മുദ്രകളാകില്ല..... ഒരു അപരിചിതന്റെ മരണത്തോടു കാട്ടേണ്ട ബഹുമാനമോ മര്യാദയോ പോലും മല്ലിക തന്റെ മാതാവിനോട് കാട്ടിയില്ല... അയൽപക്കത്ത് മരണമുണ്ടായാൽ ടി. വി ഓഫ്‌ ചെയ്യുകയോ,, ഉയർന്ന ശബ്ദ്ദത്തിൽ വെയ്ക്കാതിരിക്കുകയോ ചെയ്യുന്ന ഗ്രാമീണ മനസ്സിന്റെ തിരിച്ചറിവുപോലും ഇല്ലാത്ത സ്ത്രീ ആയിപ്പോയി മല്ലിക...

     പ്രൊഫ: എം. കൃഷ്ണൻ നായർ ഒരു ലേഖനത്തിൽ തന്റെ ഒരു അനുഭവം പങ്കുവെച്ചത് ഓർക്കുകയാണ്... ഒരു മരണവീട്ടിൽ അദ്ദേഹത്തിന് പോകേണ്ടിവന്നു... മരണപ്പെട്ട സ്ത്രീയുടെ സഹോദരിയാണ് അവിടെ ശവപൂജയിലെ കർമ്മി... അവർ ഉച്ചത്തിൽ വിലപിക്കുന്നതായാണ് അദ്ദേഹം വിവരിക്കുന്നത്...  വിലാപകാവ്യം സാഹിത്യ സമ്പുഷ്ട്ടമാണ്... ആ മരണത്തിൽ വിഷാദകണം പോലും ആസ്ത്രീയിൽ ഉണ്ടെന്നുകരുതുക വയ്യ... ഒരു മരണവീട്ടിൽ ഇതിൽപ്പരം ജുപുൽസ്സാവഹമായ എന്ത് കാഴ്ചയാണ് കാണാനുള്ളത്... അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ അങ്ങനെ തുടരുന്നു...

     വികലമായ പ്രവർത്തിയിൽക്കൂടി വിപ്ലവം കൊണ്ടു വരാൻ ശ്രമിക്കുക എന്നത് സമീപകാലത്തെ ഒരു ഭീഷണിയായി കാണുന്നു.... നായകളെപ്പോലെ തെരുവിൽ നിന്നുകൊണ്ട് രതി വൈകൃതങ്ങൾ കാട്ടി സ്വാതന്ത്ര്യം സൃഷ്ട്ടിക്കുക,, സ്വന്തം പ്രസ്സവം ഷൂട്ടു ചെയ്ത് പ്രദർശിപ്പിച്ച് കാശുണ്ടാക്കുക,, അത് ഉദാത്തമായ കലയായി വിശേഷിപ്പിക്കുക, താലി ചുട്ടുകരിച്ച് സ്ത്രീ സ്വാതന്ത്ര്യം കൊണ്ടുവരിക,, എന്നിവ സമാനമായ ഏതാനും പ്രകടനങ്ങൾ... ജെ. സി. ബി യുടെ കാരിയറിൽ ഇരുന്നു വിവാഹഘോഷയാത്ര നടത്തുക,, ക്ലോസ്സറ്റിന്റ ആകൃതിയിൽ കേക്കും, അതിൽ മലം കിടക്കുന്ന രീതിയിൽ ക്രീമും നിറച്ച് പിറന്നാളിന് മുറിക്കുക എന്നതൊക്കെ സമാന സ്വഭാവവിശേഷങ്ങളിലെ പ്രവർത്തികൾ തന്നെ... 

     സ്വന്തം മാതാവിന്റെ മൃതശരീരത്തെ എങ്ങനെ ഏറ്റവും സാമർധ്യത്തൊടെ മാർക്കറ്റുചെയ്യാം എന്ന് മല്ലിക കാട്ടിത്തന്നു... മീഡിയ ശ്രദ്ധയും ,, പൊളിറ്റിക്കൽ നേട്ടങ്ങളും ആ മൃതശരീരം കൊണ്ട് അവർ നേടി... ഒരു പ്രഖ്യാപിത ഇടതുപക്ഷ സഹയാത്രികയായ അവർ ശ്രീ നരേന്ദ്രമോഡി അനുശോദിച്ചില്ല എന്ന കള്ളം പറഞ്ഞുകൂടി ആ മരണത്തെ മുതലെടുക്കാൻ ശ്രമിച്ചപ്പോൾ തോന്നുന്നത് മൃണാളിനിയുടെ മരണത്തിനു മുന്പുതന്നെ ഈ അരങ്ങേറിയ തിരക്കഥ തയ്യാറായിരുന്നെന്നാണ്... പിന്നെ ഭാരത സംസ്ക്കാരത്തിൽ പതിവില്ലാത്ത എന്ത് പേക്കൂത്ത് നടത്തിയാലും നിർലോഭം പിന്തുണ പ്രഖ്യാപിക്കുന്ന സി പി എം ഇവിടെയും പതിവ് തെറ്റിച്ചില്ല... മല്ലിക എന്തോ വിപ്ലവം നടത്തിയതായി അവർ ഘോഷിക്കുന്നു... മല്ലികയുടെ അഭ്യാസ്സപ്രകടനങ്ങളിൽ നിന്നും എന്ത് വിപ്ലവമാണ് സംഭവിച്ചതെന്ന് സാമാന്യബുദ്ധി ഉള്ളവർക്ക് മനസ്സിലാവില്ല... മാതാവിന്റെ ചിതയ്ക്ക് തീകൊളുത്തുന്ന കർമ്മത്തിൽ നിന്നും മകനെ അകറ്റിനിർത്തി മകൾ കൈയ്യടക്കിയതിൽ വിപ്ലവ മല്ല "വിപണിക്ക്‌ വേണ്ടത് നൽകണം" എന്ന കച്ചവടതന്ത്രമാണ് നിഴലിക്കുന്നത്... ഈ ശവപൂജയിൽ ഏതു ദേവതയെയാണോ അവർ പ്രസാദിപ്പിക്കാൻ ഉദ്ദേശിച്ചത്!?

     പ്രശസ്തിയുടെ പടവുകൾ കയറാൻ കഴിഞ്ഞില്ലെങ്കിലും കലയെ തീവ്രമായി ഉപാസ്സിച്ചു ജീവിച്ചു മരിച്ചു പോകുന്ന അസ്സംഖ്യം കലാകാരന്മാർ ഉള്ള നാടാണിത്... പലവിധവമായ മേഘലകളിൽ...!! ആരാധകരും,, പണവും,, ഇടതുപക്ഷ സഹയാത്രിക എന്നാ ലേബലും,, അതുവഴി എന്ത് മ്ലേശ്ചതയ്ക്കും കുഴലൂത്തിന് കുറെ അനുചരന്മാരേയും ലഭിക്കുന്ന മല്ലിക അല്ലാതെ മുൻപ് പറഞ്ഞ വിധത്തിലെ ഒരു സാധാരണ കലാകാരൻ തന്റെ മാതാവിന്റെയോ, പിതാവിന്റെയോ മൃതശരീരത്തിനടുത്ത് അവരുടെ കലോപാസ്സനയുടെ ഒരേട്‌ അവതരിപ്പിക്കാൻ തുനിഞ്ഞാൽ, നിശ്ചയം ഭ്രാന്താശുപത്രിയിൽ ഒരു മുറി അവർക്കായി ഒരുങ്ങിയിരിക്കും....

     കൊപ്രായങ്ങളെ മഹത്വവൽക്കരിച്ച് അവതരിപ്പിക്കുന്ന ഒരു കാലഘട്ടമാണിത്... വിപ്ലവം സർവാത്മനാ സ്വാഗതം ചെയ്യപെടും.. പക്ഷെ കോപ്രായങ്ങൾ ഒരുചെറിയ കാലഘട്ടത്തിലെ നേട്ടങ്ങൾക്കുവേണ്ടി മാത്രം ചിലർ മഹത്തരമെന്ന് പാടിനടക്കും... അതിനുശേഷം അത് കൊപ്രായങ്ങളായിത്തന്നെ വിശേഷിപ്പിക്കപ്പെടും... അത് ചരിത്രത്തിൽ അവശേഷിക്കും;; ചില നേട്ടങ്ങൾക്ക്‌ വേണ്ടി കെട്ടിയാടിയ സംഭവിക്കാൻ പാടില്ലാത്ത ഒന്നായി.....!!



     കാലം കൊണ്ടുപോയ അനുഗ്രഹീത നർത്തകി ശ്രീമതി മൃണാളിനി     സാരാഭായിക്ക് അന്ത്യാഞ്ജലി..........


[ Rajesh Puliyanethu
 Advocate, Haripad]

Friday, 15 January 2016

അധികാരി.........!!!


     ഒരു നാട്ടിൽ ഒരു അധികാരി ഉണ്ടായിരുന്നു... അധികാരി ഉഗ്രപ്രതാപിയും,, സമസ്ഥ മേഘലകളിൽ  സ്വാധീനവും ഉള്ളവൻ ആയിരുന്നു... ജന്മം കൊണ്ടുതന്നെ അധികാരം കൈയ്യാളാൻ വിധിക്കപ്പെട്ടവനാണ്‌ താൻ എന്ന നിലയിൽ അദ്ദേഹം വിരാചിച്ചു!!

     അധികാരി ഏകച്ചത്രാധിപതി ആയി കഴിഞ്ഞു വരവേ സ്വന്തം സ്തുതിപാടകരിൽ നിന്നുംതന്നെ ചില സംശയങ്ങൾ ഉയർന്നു... ''അധികാരി അഴിമാതിക്കാരനാണല്ലേ"??   ഏയ്,, അദ്ദേഹത്തിന് അങ്ങനെ ആകാൻ കഴിയില്ല... അഥവാ അദ്ദേഹം എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അതൊക്കെ നമ്മളുടെ നല്ലതിന് വേണ്ടിയാ... സ്തുതിപാടകർക്ക് സമാധാനമായി.... അധികാരിയെ എതിർത്തുകൊണ്ട് മുൻകാലം മുതലേ ചില ചന്തപ്പിള്ളേരു രംഗത്തുണ്ട്... ആയിരം കുടത്തിൻടെ വായ മൂടിക്കെട്ടിയാലും ഒരു മനുഷ്യന്റെ വായമൂടാൻ കഴിയില്ലെന്ന തിരിച്ചറിവുള്ള അധികാരി അവരെ കാര്യമായി പിണക്കാരില്ല... അവരും വഴിപാടു പോലെ അധികാരിയെ പള്ളു പറഞ്ഞു പിരിഞ്ഞു പോകാറുണ്ട്...  

     അധികാരി സ്വന്തം കീശ വീർപ്പിക്കുന്ന അഴിമാതിക്കാരനാണെന്ന് പലരും സംശയം പറഞ്ഞെങ്കിലും 'പൂച്ചക്കാരു മണികെട്ടും' എന്നാ നിലയിൽ ആരും അത് തുറന്നു പറഞ്ഞില്ല... പിന്നെ അദ്ദേഹമുണ്ടെങ്കിലെ നമ്മളുള്ളൂ... നമ്മുടെ ശക്തിയാണദ്ദേഹം... അതുകൊണ്ട് കണ്ണും പൂട്ടി 'ജയ്' വിളിച്ചോളുക.... അത്രതന്നെ..... പാലമരത്തണലിലെ ശീതള ഛായയിൽ സുഗന്ധപൂരിതമായി സ്വന്തം നാട്ടുകാരും കഴിഞ്ഞു..

     പൂച്ചക്ക് മണികെട്ടി... അധികാരി കള്ളനാണെന്ന് തെളിവുസഹിതം ഒരു മദ്യപൻ വിളിച്ചു പറഞ്ഞു.... ആരോ അവനു മദ്യം വാങ്ങിക്കൊടുത്തു പറയിപ്പിച്ചതാണെന്നും ആക്ഷേപം വന്നു... അധികാരിയുടെ ചന്തത്തരങ്ങൾ കണ്ട് ആവേശംമൂത്ത് അദ്ദേഹത്തെ തങ്ങളുടെ നേതാവാക്കണമെന്ന് ആഗ്രഹിച്ച ചന്തപ്പിള്ലെർക്ക് വരെ കാര്യങ്ങൾ കൈയ്യിൽനിന്നും പോയി... മുൻകാല വിദൂഷകൻ വിടുവായൻ പരമു പിണങ്ങി നിൽക്കുന്നതിനാൽ നാട്ടിൽ പാടി നടക്കുന്ന പാണന്മാരുടെ വീട്ടിലെല്ലാം കയറിയിറങ്ങി പരമു അധികാരിയുടെ പരദൂഷണം പറയുകയാണ്‌... പരമുവിനാണേൽ അധികാരിയുടെ അടുക്കളരഹസ്യം പലതും അറിയുകയും ചെയ്യാം... വിവരം രാജാവിന്റെ മുൻപിലെത്തി.... അധികാരിയെ സ്ഥാനപ്രഷ്ട്ടനാക്കാതെ പറ്റില്ലെന്നായി പലരും... അധികാരിയുടെ അധികാരവാഴ്ച്ച അത്രയങ്ങ് പിടിക്കാതിരുന്ന രാജാവും കിട്ടിയ അവസ്സരത്തിൽ പണി പറ്റിച്ചു... അധികാരത്തിൽ നിന്നും അധികാരി ഔട്ട്‌.... 

      അധികാരിയുടെ സ്വന്തം പ്രജകൾക്ക് സഹിക്കുമോ !! അധികാരിഇല്ലെങ്കിൽ പാലമരമുണ്ടോ?? പാലമരമില്ലെങ്കിൽ തണലുണ്ടോ?? ഇതു രണ്ടുമില്ലെങ്കിൽ പാലപ്പൂവുമില്ല,, സുഗന്ധവുമില്ല... അവർ അധികാരിയെ വാഴ്ത്തിപ്പാടി... വളവുകളിലും, തിരിവുകളിലും തടഞ്ഞുനിർത്തി മാലയിട്ടു... ആൾക്കൂട്ടത്തിൽ ചിലർ ഉറക്കെ വിളിച്ചു... കള്ളാ,, കള്ളാ... 
വിളിച്ചവനെ അധികാരി ഇടം കണ്ണിട്ടു നോക്കി.. ഇതുകണ്ട് ബുദ്ധിയുള്ളവർ വിളിച്ചവനെ ഉപദേശിച്ചു... '' അത് അധികാരിയാണ്,,  ഇന്ന് അധികാരം പോയാലും നാളെ വരും,, കാരണം അധികാരി അധികാരം പേറാൻ മാത്രം ജനിച്ചവനാണ്..അന്ന് നീ നിലവിളിക്കുന്നിടത്ത് അധികാരി മാത്രമേ ഉണ്ടാകൂ!!"

     അധികാരി ആണെങ്കിലും താൻ രാജാവല്ലെന്ന സത്യം അധികാരി തിരിച്ചറിഞ്ഞു... രാജാവിന്റെ മനസ്സലിഞ്ഞു... അദ്ദേഹത്തിൽ വർഗ്ഗസ്നേഹം നിറഞ്ഞു .. നീതിപീഠങ്ങളും ഉണർന്നു...  രാജാവും, നീതിപീഠങ്ങളും അധികാരവർഗ്ഗത്തിലെ ഉത്തമർണ്ണരാണല്ലോ!! അവർ അധികാരിക്കെതിരെ ഉയർന്ന കുറ്റകൃത്യങ്ങൾ ഉറക്കെ വായിച്ചു... അതിൽ നിന്നും കുറ്റങ്ങൾ മാഞ്ഞുപോയിരിക്കുന്നു... അവശേഷിക്കുന്നത് കുറച്ചു കൃത്യങ്ങൾ മാത്രം... കൃത്യങ്ങൾ കുറ്റങ്ങൾ ആകുന്നതുമില്ല... അവർ ഒന്നിച്ചു പറഞ്ഞു... ""കൃത്യങ്ങൾ നിർവഹിക്കാൻ ശ്രമിച്ച അധികാരിയെ കുറ്റം ചെയ്തതായി വരുത്തിതീർക്കാൻ ശ്രമിച്ചു"" അധികാരിയുടെ കൃത്യത്തിൽ കുറ്റത്തിന്റെ കണം പോലുമില്ല...!! 

     കുറ്റവിമുക്തനായ അധികാരി വീണ്ടും അധികാരത്തിലേക്ക്... കള്ളാ എന്ന് അധികാരിയെ വിളിച്ചവർ കോപം ഭയന്ന് പാലായനത്തിന് തയ്യാറായി... അവർ ബുദ്ധിയും, അനുഭവപരിചയവും ഉള്ളവർ പറഞ്ഞത് ഓർത്തു.. 

     "''അത് അധികാരിയാണ്,,  ഇന്ന് അധികാരം പോയാലും നാളെ വരും,, കാരണം അധികാരി അധികാരം പേറാൻ മാത്രം ജനിച്ചവനാണ്..അന്ന് നീ നിലവിളിക്കുന്നിടത്ത് അധികാരി മാത്രമേ ഉണ്ടാകൂ!!""

     ഇതെല്ലാം കണ്ടുകൊണ്ട്‌ ഒന്നും മനസ്സിലാകാതെ ഒരു കൂട്ടം അന്തംവിട്ട്‌ കുന്തം വിഴുങ്ങിയപോലെ നിന്നു... അവരാണ് അധികാരിയുടെ അധികാരത്തിന് പാത്രമാകേണ്ടവർ.... "" പ്രജകൾ""

അവർ പരസ്പ്പരം പിറുപിറുത്തു കളം വിട്ടു...

     അധികാരി ശരിക്കും കള്ളനാണോ?? ആയിരിക്കുവോ... ആ,, ആർക്കറിയാം... അല്ലാ,, അതൊക്കെപ്പോട്ടെ; അധികാരി കക്കുന്നത്‌ നീ കണ്ടോ ? ഇല്ലല്ലോ!! ഞാനും കണ്ടില്ല... അപ്പം അധികാരി കട്ടില്ല, അല്ലേ?? ഏയ്,, അങ്ങനേം പറയാൻ പറ്റില്ല... അധികാരി ആരാ മൊതല്...... ആ,, അതൊക്കെ അവരുടെ കാര്യം.... നീ നിന്റെ പണി നോക്ക്.............   

[Rajesh Puliyanethu
 Advocate, Haripad]

Friday, 1 January 2016

പുതുവൽസ്സര ആശംസ്സകൾ.......

   

       ഏറ്റവും ഭയാനകമായ ഒന്നാണ് ഖടികാര സൂചിയിലേക്ക് നോക്കിയിരിക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....... നിമിഷസൂചി പിൻതള്ളുന്ന സമയകണം ഒന്നുപോലും പുനർ സൃഷ്ട്ടിക്കാൻ ആർക്കും കഴിയുന്നില്ല എന്നതിനാലാണത്.... അങ്ങനെ ഒരു വർഷം കൂടി നമ്മിൽനിന്നും വിട പറഞ്ഞു പോയിരിക്കുന്നു.... ആഘോഷത്തോടെ പുതുവർഷത്തെ സ്വീകരിക്കുമ്പോൾ മറഞ്ഞുപോയ കാലത്തെ ഓർത്ത് ഒരു തേങ്ങലും മനസ്സിലുണ്ടാകും....! 




പുത്തൻ പ്രതീക്ഷകളോടെ;; ഐശ്വര്യവും,, സന്തോഷവും,, സമൃദ്ധിയും നിറഞ്ഞ ഒരു വർഷമാകട്ടെ എല്ലാവർക്കും 2016 എന്ന് ആശംസ്സിക്കുന്നു........

പുതുവൽസ്സര ആശംസ്സകൾ.......

[Rajesh Puliyanethu
 Advocate, Haripad]